ഉള്ളിൽ ഉരുകി നിറയുന്ന സങ്കടം കണ്ണിലൂടെ അരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ നന്ദന ആർക്കും മുഖം കൊടുക്കാതെ ബാത്ത്റൂമിലേയ്ക്ക് നടന്നു.

അരുൺ വിവാഹിതനായി മടങ്ങി വന്നിരിക്കുന്നു. താനുമായുള്ള വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാമെന്ന് പറഞ്ഞുപോയ ആൾ… എത്ര വലിയ വിശ്വാസവഞ്ചനയാണ് തന്നോട് ചെയ്തത്. പത്ത് മിനിട്ട് മുമ്പ് ഓഫീസിലുണ്ടയ ആ സംസാരം ഒരു സ്ഫോടനമായി കാതിൽ മുഴങ്ങുന്നുണ്ട്.

അരുണിനെ മനസ്സിലാക്കാൻ തനിക്ക് കഴിയാത്തതാണോ? വെറും അഭിനയമായിരുന്നോ, ആ സ്നേഹവും. മുഖം നന്നായി കുഴുകിത്തുടച്ച് നന്ദന സീറ്റിൽ വന്നിരുന്നു. ഓഫീസിൽ മറ്റാർക്കുമറിയില്ല അവരുടെ ബന്ധം. അതുകൊണ്ട് അപകടകരമായ നോട്ടങ്ങളെ നേരിടേണ്ടി വന്നില്ല നന്ദനയ്ക്ക്. പക്ഷേ അവളുടെ ചേതനാശൂന്യമായ കണ്ണുകളെ നേരിടാൻ കഴിയാതെ അന്നു മുഴുവൻ അരുൺദേവ് ക്യാബിനിൽ തന്നെ കഴിച്ചുകൂട്ടി.

ഈ അവസ്ഥയിൽ നന്ദനയ്ക്കും അയാളെ ഫേസ് ചെയ്യാൻ പ്രയാസം തോന്നി. “ഒരു വാക്ക് എന്നോട് പറഞ്ഞാൽ മതിയായിരുന്നല്ലോ… നിന്നെ വിവാഹം ചെയ്യാൻ കഴിയില്ല എന്ന്…” അത് താൻ അംഗീകരിക്കുമായിരുന്നു. ഇത്രയുമൊക്കെയെത്തിയിട്ട് ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ തീരുമാനിക്കാൻ എന്താണുണ്ടായത്? ആ ചോദ്യം തുടരെത്തുടരെ അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.

വൈകിട്ട് ഒരാഴ്ചത്തെ അവധിയെഴുതിക്കൊടുക്കാൻ ചെന്നപ്പോൾ റോഷൻ സാർ ചോദ്യഭാവത്തിൽ നോക്കി. പെട്ടെന്ന് മനസ്സിൽ തോന്നിയ കള്ളം പറഞ്ഞ് തടിതപ്പി.

“അമ്മയ്ക്ക് സുഖമില്ല.” അവൾക്കപ്പോൾ കള്ളം പറഞ്ഞതിൽ തെല്ലും കുറ്റബോധം തോന്നിയില്ല. മനസ്സിൽ ഒരു വികാരവും തോന്നാത്ത പോലെ.

ഹോസ്റ്റലിലെത്തി മുറിയിൽ വാതിലടച്ച് കിടന്നു. കരയാൻപോലും തോന്നുന്നില്ല. ഒരു ശൂന്യതാബോധം മാത്രം ചിന്തിയിലും നിഴലിട്ടു.

അരുൺ വിവാഹിതനായി. ഇനി അയാൾ മറ്റൊരു പെണ്ണിന്‍റെ സ്വന്തമാണ്. നമുക്ക് സ്വന്തമാക്കാനാവാത്ത ഒരു വസ്തുവിനെക്കുറിച്ചോർത്ത് ദുഖിക്കുന്നതെന്തിന്? എവിടെയോ വായിച്ച ഈ വാചകം അവൾക്കപ്പോൾ ഓർമ്മ വന്നു.

വ്യർത്ഥമായ പ്രണയത്തെക്കുറിച്ചോർത്ത് ജന്മം പാഴാക്കരുത്. മനസ്സ് കഠിനമായി അവളെ ഉപദേശിക്കാൻ തുടങ്ങി. ഇത്തരം ഒരു പ്രശ്നത്തിൽ തളരാനോ? ഇതിലും വലിയ സങ്കീർണ്ണതകളിലൂടെ ജീവിച്ചവളല്ലേ താൻ. നന്ദന ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു കണ്ണുകൾ തുടച്ചു.

ഒരാഴ്ചത്തെ അവധിക്കു ശേഷം ഓഫീസിലെത്തുമ്പോൾ അവൾക്ക് ആരെയും നേരിടാൻ ഒരു വിഷമവും തോന്നിയില്ല. വർദ്ധിച്ച അതമവിശ്വസത്തടെ ആയിരുന്നു നന്ദനയുടെ പെരുമാറ്റം.

ഒരു ഭീരുവിനെ സ്നേഹിച്ചതിന്  ഇത്രയും വേദനയോക്കെ സഹിച്ചാൽ പോരേ…? അവൾ എപ്പോഴും അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നു. അരുൺദേവ് ക്യാബിനിലുണ്ടായിരുന്നു. ഫയൽ ഒപ്പിടുവിക്കാൻ അവിടെ ചെന്നപ്പോൾ അവൾ അയാളെ ശ്രദ്ധിച്ചു. നാളുകളായി ഏതോ ദീനം ബാധിച്ചപോലെയാണ് ഭാവം. എല്ലാം അഭിനയമാണ്. നന്ദനയ്ക്ക് വെറുപ്പു തോന്നി. അയാൾ അവളുടെ കണ്ണുകളിൽ നോക്കാതെ ഫയൽ വാങ്ങി ഒപ്പിട്ട് തിരിച്ചു കൊടുത്തു.

ഡിപ്പാർട്ടുമെന്‍റൽ പരീക്ഷ ആദ്യ പ്രാവശ്യം തന്നെ ജയിച്ചതിനാൽ ആദ്യത്തെ പ്രമോൻ ലിസ്റ്റിൽ നന്ദനയുടെ പേരും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഓർഡർ വരും. മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ നൽകിയിരുന്നെങ്കിൽ… ഇന്ന് മാനേജരോട് സംസാരിച്ചു നോക്കണം. അവൾ ക്യാബിനിലേയ്ക്ക് കടന്ന് ബാഗ് വയ്ക്കാൻ മേശ വലിപ്പ് തുറന്നു. പരിചയമുള്ള കൈയക്ഷരത്തിലെ ഒരു കുറിപ്പ്. അവൾ അതെടുത്ത് വായിച്ചു.

‘ഞാൻ തെറ്റു ചെയ്തു. എന്നോട് വെറുപ്പാണെന്നറിയാം. എങ്കിലും എന്‍റെ പ്രവൃത്തിയെ ഞാൻ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ല. നീ തരുന്ന എന്തു ശിക്ഷയും ഞാൻ സ്വീകരിക്കും.’ അരുൺ.

കുറിപ്പ് വായിച്ചപ്പോൾ അവൾക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. ദേഷ്യം സങ്കടത്തിലേയ്ക്ക് വഴിമാറാൻ അൽപനേരമേ വേണ്ടൂ… അവൾ ആ കുറിപ്പ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിഞ്ഞു.

അരുണിന്‍റെ കുറ്റസമ്മതം. അതിന് ഞാനെന്തിന് മറുപടി നൽകണം.? തന്‍റെ സാന്നിദ്ധ്യമാണ് ഇപ്പോൾ അരുണിന്‍റെ പ്രശ്നം. അതുകൊണ്ടാണീ കുറ്റസമ്മതം. ഇനി കൂടുതൽ ഇടപെടലിന് അവസരം കൊടുത്തുകൂടാ.

ഓഫീസിൽ വളരെ തിരക്കുണ്ടായിരുന്നു. എന്നിട്ടും അന്യതാബോധം അവളെ വല്ലാതെയലട്ടി. രക്ഷപെടണം, ഉടൻ എങ്ങോട്ടെങ്കിലും.

സ്ഥലം മാറ്റത്തിനുള്ള കത്ത് റെഡിയാക്കി നന്ദന തിരക്കിട്ട് മേലധികാരിക്ക് സമർപ്പിച്ചു. കൂടെ രണ്ടാഴ്ചത്തെ ലീവും. പതിവു കള്ളം വീണ്ടും ആവർത്തിച്ചു. അമ്മയ്ക്ക് സുഖമില്ല. ഇപ്രാവശ്യം അവൾക്ക് തെല്ല് ആത്മനിന്ദ തോന്നാതിരുന്നില്ല.

ഹോസ്റ്റലിൽ ചെന്നപ്പോൾ മേട്രന് എന്നാണ് പോകുന്നതെന്നറിയണം. പുതിയ ആളെ പ്രവേശിപ്പിക്കാനാണ്.

“ലീവെടുത്തിട്ട് കുട്ടി വീട്ടിൽ പോകുന്നില്ലേ…” അവർ ചോദിച്ചു. നന്ദന ഇല്ല എന്നർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.

വീട്….

അവിടേയ്ക്ക് എങ്ങനെ പോകും? അമ്മയുടെ ഭയവിഹ്വലമായ മുഖം കാണാനോ? ആ ചോദ്യങ്ങളെ നേരിടാനോ? അരുണിനെക്കുറിച്ച് ചോദിച്ചാൽ എന്തുപറയും?

അന്ന് അരുൺ വീട്ടിൽ വന്നപ്പോൾ ഇളയപ്പൻ വീട്ടിൽ ഇല്ലായിരുന്നു. ആ സമയം അമ്മ തിരഞ്ഞെടുത്തതാണ്. ഭാര്യയുടെ ആദ്യഭർത്താവിലെ മകളോട് ഒട്ടും ദാക്ഷിണ്യമില്ല അയാൾക്ക്. വിവാഹമോചനും നേടി അച്ഛനും അമ്മയും രണ്ടു ജീവിതം തെരഞ്ഞെടുത്തപ്പോൾ ഒറ്റപ്പെട്ടു പോയത് താനാണ്.

അമ്മ ഓഫീസിലെ സഹപ്രവർത്തകനെ വിവാഹം ചെയ്തു. അദ്ദേഹത്തിന് ആദ്യഭാര്യയിൽ ഒരു മകളുണ്ട്. കവിത. അതുകൊണ്ട് ഇളയപ്പന് തന്നെ ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരു ഭാരം എന്നാണ് എപ്പോഴും തന്നെക്കുറിച്ച് പറയുക. കേട്ടുകേട്ടു മടുത്തപ്പോൾ ഒരിക്കൽ തിരിച്ചു മറുപടി പറഞ്ഞുപോയി. അന്ന് അയാൾ ദേഷ്യത്തിൽ പിടിച്ചു തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ച് മുറിഞ്ഞു. അതു കണ്ടിട്ട് അമ്മ കരഞ്ഞതല്ലാതെ എന്‍റെ പക്ഷം പിടിച്ച് ഒന്നു സംസാരിക്കാൻ പോലും തയ്യാറായില്ല. ആ സംഭവത്തിനു ശേഷം വീട്ടിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.

എങ്ങനെയും വീട്ടിൽ നിന്ന് രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. വാശിയോടെ പഠിച്ചതിനാൽ ബാങ്ക് ടെസ്റ്റ് പാസായി. മനസ്സ് ആശിച്ചതുപോലെ കാര്യങ്ങൾ നടന്നു. ജോലി ശരിയായി ജയ്പൂരിൽ നിന്ന് പോസ്റ്റിംഗ് ഓർഡർ വന്നതിന്‍റെ പിറ്റേന്ന് വീട്ടിൽ നിന്നിറങ്ങിയതാണ്. വല്ലപ്പോഴും അമ്മയെ പോയി കാണുന്നതൊഴിച്ചാൽ ആ വീടുമായി യാതൊരു ബന്ധവുമില്ല. അമ്മയ്ക്ക് തന്‍റെ ഒപ്പം വരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവർക്ക് ഇളയപ്പനെ ഭയമായിരുന്നു. സ്വന്തം അമ്മ മറ്റൊരാളുടെ പത്നിയായാൽ പിന്നെ എന്തു ബന്ധം.

“അവൾക്ക് വരുമാനമുണ്ടല്ലോ, പിന്നെ ഹോസ്റ്റലിൽ നിൽക്കുന്നതിലെന്താ?” ജോലി കിട്ടിയപ്പോൾ ഇളയപ്പന്‍റെ പ്രതികരണം അങ്ങനെയായിരുന്നു. എന്തായാലും ആർക്കും ബാധ്യതയാവാതെ ഹോസ്റ്റലിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. ജയ്പൂരിൽ തരക്കേടില്ലാത്ത അക്കോമഡേഷൻ ലഭിക്കുന്ന ഹോസ്റ്റലുകളുണ്ട്.

ബാങ്ക് ജോലിയോടെ പണവും പോസിഷനും കൈവന്നു. പക്ഷേ സ്നേഹം അനുഭവിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സിലേക്ക് അരുൺ കുടിയേറിപ്പാർത്തത് താൻ പോലുമറിയാതെ. എന്നിട്ടും ജീവിത്തിൽ മറ്റൊരു ഗ്രഹണം കൂടി സമ്മാനിക്കാനേ അരുണിന് കഴിഞ്ഞുള്ളൂ.

ഇത്രയുമോക്കെ സഹിച്ചു. ഇനിയും പരീക്ഷണത്തിനായി ജയ്പൂരിൽ നിൽക്കണോ? ഒരു മാറ്റം ആവശ്യമാണ്. അങ്ങനെയാണ് ഈ നഗരത്തിൽ, കൊച്ചിയിൽ വന്നുപെട്ടത്…

ജയ്പൂരിനെ കുറിച്ചുള്ള ഓർമ്മകൾ പോലും തേടാത്തത്ര അകലത്തേക്ക് ഒരു മാറ്റം. ജനലഴികളിൽ മുഖം ചേർത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി. പുറത്ത് മഴ ശക്തിയായി പെയ്യുന്നു. അവൾ കിടക്കയിലേയ്ക്ക് ചെന്നു വീണു.

മോളേ… എട്ടു മണിയായി. എഴുന്നേൽക്കുന്നില്ലേ… സുമതിയാന്‍റി കുലുക്കി വിളിച്ചപ്പോഴാണ് അവൾ കണ്ണു തുറന്നത്.

രാത്രി ഏറെ വൈകി ഉറങ്ങാൻ. ആലോചിച്ചും കരഞ്ഞും എപ്പോഴോ മയങ്ങി. കരഞ്ഞു വീങ്ങിയ കണ്ണുകളും വീർത്ത മുഖവും കണ്ട് സുമതിയാന്‍റി അമ്പരന്നു.

“എന്താ മോളേ… സുഖമില്ലേ… ?”

അവർ തലമുടിയിൽ തലോടി ചോദിച്ചപ്പോൾ അവൾക്ക് അമ്മയെ ഓർമ്മ വന്നു. വല്ലാത്തൊരു തേങ്ങൽ അവളെയാകെ ഉലച്ചു. സുമതിയമ്മയ്ക്കു പരിഭ്രമമായി. അവർ നിർബന്ധപൂർവ്വം അതിലേറെ സ്നേഹത്തോടെ കാരണം തിരക്കിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോയി.

അമ്മയെപ്പോലെ സ്നേഹിക്കുന്ന സുമയിയാന്‍റിക്കു മിന്നിൽ ഒന്നും ഒളിക്കാൻ നന്ദനയ്ക്കു കഴിഞ്ഞില്ല. അവൾ എല്ലാം തുറന്നു പറഞ്ഞു. അരുണുമായുള്ള പ്രശ്നങ്ങൾ ഒഴികെ.

“നമ്മൾ രണ്ടുപേരും തുല്യദുഖിതരാണ് മോളേ… നിനക്ക് അമ്മയുടെ സ്നേഹം നിഷേധിക്കപ്പെട്ടിരിക്കുന്നു. എനിക്ക് എന്‍റെ മകളെയും നഷ്ടമായി. അപ്പോൾ ഇനി മുതൽ നീ എന്‍റെ മോളും ഞാൻ നിന്‍റെ അമ്മയുമാകും. ആവില്ലേ…?”

നന്ദനയുടെ കണ്ണ് നിറഞ്ഞു. അവൾ സുമതിയാന്‍റിയുടെ മടിയിൽ തലവച്ച് കരച്ചിലടക്കി. സുമതിയമ്മ അവളെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ച് ചായ നൽകി. ഓഫീസിൽ പോകാൻ നേരം ലഞ്ച്ബോക്സ് എടുത്ത് പൊതിഞ്ഞ് ബാഗിൽ വച്ചുകൊടുത്തു.

സുമതിയമ്മയ്ക്ക് സ്വന്തം മകളെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു. ബന്ധങ്ങളുടെ ദിശ മാറാൻ നിമിഷങ്ങൾ മതി. അതോർത്തപ്പോൾ അവൾക്ക് കൗതുകം തോന്നി. സന്തോഷങ്ങളുടെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഓഫീസിലും വീട്ടിലും അവൾക്ക് ജീവിതം സുഖകരമായി തോന്നി. ഇതിനിടയിലും അരുണിനെക്കുറിച്ചുള്ള ഓർമ്മകൾ അവളെ ഇടയ്ക്കിടെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. സുമതിയാന്‍റിയ്ക്ക് അക്കാര്യം അറിയില്ലാത്തതിനാൽ അവൾ ആ വേദന ഒളിച്ചുവയ്ക്കാൻ പാടുപെട്ടു.

ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. കുങ്കുമസൂര്യന്‍റെ തുടുപ്പ് സന്ദർശകരുടെ മുഖങ്ങളിലും തിളക്കമേറ്റുന്നു. സന്ധ്യാസമയത്ത് മറൈൻഡ്രൈവിൽ എന്തു തിരക്കാണ്. സുമതിയാന്‍റിക്കൊപ്പം. ഷോപ്പിങ്ങിനിറങ്ങിയതാണ്. അൽപനേരം മറൈൻഡ്രൈവിലിരുന്ന് കാറ്റു കൊള്ളുന്നത്. അവർക്ക് വലിയ ഇഷ്ടമാണ്. അതറിയാവുന്നതിനാൽ അവൾ അവരെ അങ്ങോട്ടു കൂട്ടികൊണ്ടുപോയി. പ്രണയ ജോഡികൾ നിറഞ്ഞ മറൈൻഡ്രൈവിലെ സായാഹ്നം ജയ്പൂരിലെ സന്ധ്യകളെ ഓർമ്മിപ്പിച്ചു. അരുണുമൊരുമിച്ച് ചെലവിട്ട നിമിഷങ്ങളും സൂര്യന്‍റെ ചുവപ്പുരാശി പടർന്ന മുഖത്തേക്ക് വീണ ചുരുളൻ മുടിയിഴകൾ ഒതുക്കി ലേശം ലജ്ജയോടെ ചിരിക്കുന്ന അരുണിന്‍റെ രൂപവും എല്ലാം അവളുടെ ഹൃദയത്തെ തപിപ്പിച്ചു. അതോടൊപ്പം അമ്മയെക്കുറിച്ചുള്ള വേവലാതികളും.

ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു മഹാദ്ഭുതം കാത്തിരിപ്പുണ്ടായിരുന്നു. ജയ്പൂരിൽ നിന്ന് ഇളയപ്പൻ വിളിച്ചിരുന്നത്രേ… കവിതയുടെ കല്യാണമാണ്, അക്കാര്യം പറയാൻ കൂടിയായിരിക്കും. ഫോണെടുത്തത് ശേഖരൻമാഷാണ്. അദ്ദേഹവുമായി ഇളയപ്പൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

“നന്ദൂ… ഇവിടെവാ…” ശേഖരൻമാഷ് വിളിച്ചപ്പോൾ മാത്രം അവൾ ഫോൺ അറ്റൻഡ് ചെയ്തു. അങ്ങേത്തലയ്ക്കൽ ഇളയപ്പന്‍റെ ശബ്ദം.

“മോളേ…” പതിവില്ലാത്ത സ്നേഹമുണ്ട് ആ ശബ്ദത്തിൽ “കവിതയുടെ കല്യാണം ക്ഷണിക്കാൻ ഞങ്ങളങ്ങോട്ട് വരുന്നുണ്ട്.” ഇളയപ്പൻ അൽപനേരം സംസാരിച്ച ശേഷം ഫോൺ അമ്മയ്ക്ക് കൊടുത്തു.

“നീ വരില്ലേ..”

“ഞാൻ വരുന്നില്ല അമ്മേ. പക്ഷേ എന്‍റെ എല്ലാ അഭിനന്ദനങ്ങളും അവൾക്കുണ്ടാവും.”

അമ്മ നിർബന്ധിച്ചില്ല. പകരം സുമതിയാന്‍റിക്ക് കൊടുക്കാൻ മാത്രം പറഞ്ഞു. അവർ തമ്മിൽ ഒത്തിരി നേരം സംസാരിച്ചു.

എന്തായിരിക്കും ഇത്രയേറെ സംസാരിക്കാൻ… സംശയം തോന്നിയെങ്കിലും ചോദിച്ചില്ല. ആന്‍റി ഒന്നും പറഞ്ഞുമില്ല.

എന്തായാലും ഇളയപ്പന് വലിയ മാറ്റം വന്നിട്ടുണ്ട്. അമ്മയുടെ കാര്യമോർത്തപ്പോൾ ആശ്വാസം തോന്നി. ഇപ്പോൾ എന്നെക്കുറിച്ചുള്ള സങ്കടങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമായിക്കാണും.

“മോളേ… അമ്മ ഞായറാഴ്ച വരും. ഞങ്ങളെ കല്യാണം നേരിട്ടു ക്ഷണിക്കാൻ….” ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ സുമതിയാന്‍റി പറഞ്ഞു.

നന്ദനയ്ക്ക് അദ്ഭുതം തോന്നി. അവരുടെ ബന്ധങ്ങൾക്ക് സൗഹൃദത്തിന്‍റെ നിറം വയ്ക്കുന്നുണ്ടെന്ന് നന്ദനയ്ക്ക് മനസ്സിലായി.

ഞായറാഴ്ചയാവാൻ കാത്തിരിക്കുകയായിരുന്നു ശേഖരൻമാഷും സുമതിയാന്‍റിയും. അതിഥികളെ സ്വികരിക്കാൻ അവർ വളരെയധികം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

നാല് വർഷങ്ങളായി നന്ദന കൊച്ചിയിൽ വന്നിട്ട്. ജയ്പൂരിൽ നിന്ന് ഇതാദ്യമായാണ് ഇളയപ്പനും അമ്മയും തന്നെ കാണാനെത്തിയത്. നന്ദനയ്ക്ക് ആഹ്ളാദവും പിരിമുറുക്കവും തോന്നി.

“നിനക്ക് ജയ്പൂരിലേയ്ക്ക് വരാൻ ഒട്ടും ആഗ്രഹമില്ലേ…” അമ്മ അവളെ തനിച്ചു കിട്ടിയപ്പോൾ ചോദിച്ചു.

സുന്ദരമായ ആ നാട് കാണാൻ തനിക്ക് മോഹമുണ്ടെന്ന് അവൾ പറഞ്ഞില്ല. നിശ്ശബ്ദമായി പുസ്തകങ്ങൾ അടുക്കി വച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ ജയ്പൂരിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അരുണിന്‍റെ പേര് പരാമർശിച്ചപ്പോൾ നന്ദന ഞെട്ടി. അവൾ അതിയായ ദേഷ്യത്തോടെ മുറിയിൽ നിന്ന് പുറത്തേക്ക് കടക്കാനൊരുങ്ങി. അപ്പോൾ വാതിൽക്കൽ സുമതിയാന്‍റി ചായയുമായി നിൽപ്പുണ്ടായിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...