ആരാ ഇത്ര വെളുപ്പിന്? രമേഷ് ഒന്ന് നോക്കൂന്നേ, ആരാണെന്ന്? എനിക്ക് ഉറക്കം വന്നിട്ട് വയ്യാ, കോളിംഗ് ബെൽ നിർത്താതെ അടിക്കുന്നതു കേട്ട് മായ ഭർത്താവിനോടു പറഞ്ഞു.
“അയ്യോ ഇതാര് റീനയോ?” വാതിൽ തുറന്ന രമേഷ് പാമ്പിന്‍റെ മേൽ അറിയാതെ ചവിട്ടിയതു പോലെ ഞെട്ടി. റീനയുടെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. “അകത്തേക്കു വരൂ റീനാ, ഞാനിപ്പോൾ മായയെ വിളിക്കാം.” രമേഷ് പരിഭ്രമത്തോടെ പറഞ്ഞു.
“ആരാ രമേഷ്?” എന്നു ചോദിച്ച് മായ തിരിഞ്ഞു കിടന്നു. “നിന്‍റെ ആത്മമിത്രം റീന വന്നിട്ടുണ്ട്. ചെന്നു നോക്ക്, രാവിലെ തന്നെ ഞെട്ടാനുള്ള വകുപ്പ് കിട്ടും.”
“റീനയോ? അതും ഇത്ര രാവിലെ?” മായ ചാടിയെഴുന്നേറ്റു.
“നിനക്കെന്തു പറ്റിയെടീ?”
പൊട്ടിക്കരച്ചിലായിരുന്നു മറുപടി. “നീ ഇതു നോക്ക്. നീ എന്നോടു പറയാറില്ലേ ഭർത്താവിനോടൊപ്പം അഡ്ജസ്റ്റ് ചെയ്ത് പോകണമെന്ന്. അയാളെന്നെ നിർദ്ദയം തല്ലിച്ചതച്ചതു കണ്ടില്ലേ? ഞാനവിടെ നിന്ന് ഓടിപ്പോന്നില്ലായിരുന്നെങ്കിൽ അയാളെന്നെ കൊന്നേനേ. ഇനിയും എനിക്കിത് സഹിക്കാൻ വയ്യ മായേ.” അവൾ കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചു.
മായ രക്തം മുഴുവൻ തുടച്ചു മാറ്റി. മുറിവിന് നല്ല ആഴമുണ്ട്. “ഇങ്ങനെ തല്ലിച്ചതയ്ക്കാനും മാത്രം എന്താ ശരിക്കും സംഭവിച്ചത്?” മായ ചോദിച്ചു.
“ജോണിക്ക് അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ദേഷ്യം വന്നാൽ പിന്നെ എന്തും ചെയ്യും. നീ നോക്കിക്കോ, ഇങ്ങനെ പോയാൽ എന്‍റെ മരണം അയാളുടെ കൈ കൊണ്ടു തന്നെയായിരിക്കും.”
“എന്താ സംഭവിച്ചതെന്നു പറയൂ.”
“ഒന്നുമില്ലെടീ, ഞാൻ രാത്രിയിൽ പാലെടുത്ത് ഫ്രിഡ്ജിൽ വയ്ക്കാൻ മറന്നു. രാവിലെ ജോണിയെഴുന്നേറ്റ് അടുക്കളയിൽ ചെന്നപ്പോൾ അതവിടെ ഇരിക്കുന്നതു കണ്ടു. അങ്ങനെ തുടങ്ങിയ വഴക്കാണ്.”
“ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ, ഇത്തരം സന്ദർഭങ്ങളിൽ മിണ്ടാതിരിക്കണമെന്ന്? രണ്ടും കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദം കേൾക്കൂ.” മായ നിരാശയോടെ പറഞ്ഞു.
“ഞാനും ഒരു മനുഷ്യസ്ത്രീയല്ലേ, സഹിക്കുന്നതിനും ഒരു പരിധിയില്ലേ?”
“ശരി, ശരി നീ വിശ്രമിക്ക്. ഞാൻ വേഗം പ്രാതലിനെന്തെങ്കിലും ഉണ്ടാക്കാം. എനിക്ക് ഓഫീസിൽ പോകാനുള്ളതാ. പിള്ളേർക്കിന്ന് പരീക്ഷ തുടങ്ങുകയാണ്.” ക്ലോക്കിൽ നോക്കിക്കൊണ്ട് മായ എഴുന്നേറ്റു.
“നീ ഇന്നെന്നെ ഇട്ടിട്ടു പോകല്ലേ മായേ, നീ ഇല്ലാത്തപ്പോൾ ജോണി വന്നാലെന്താ ചെയ്ക?”
“ഇന്നെനിക്ക് ലീവ് കിട്ടില്ലടീ. ഒത്തിരി തിരക്കുണ്ട്. തന്നെയുമല്ല, നീ വീട്ടിലേക്ക് തിരിച്ചു പോയേ പറ്റൂ.”
“നീ എല്ലാ പ്രാവശ്യവും എന്നെയിങ്ങനെ സമാധാനിപ്പിച്ച് വീട്ടിൽ വിടും. ഇത്തവണ ഞാൻ പോവില്ല. നീ എന്‍റെ അച്‌ഛനൊന്ന് ഫോൺ ചെയ്താൽ മതി, എന്നെ വന്ന് കൂട്ടീട്ട് പൊയ്ക്കോളും.”
രമേഷിനുള്ള ചായയുമായി മായ ചെന്നപ്പോൾ അയാൾ അർത്ഥം വച്ചു ചിരിച്ചു. “ഞാനെന്തു ചെയ്യാനാണ്, രമേഷ് തന്നെ പറയ്. ഈയൊരവസ്ഥയിൽ അവൾ വീട്ടിൽ കയറി വരുമ്പോൾ ഇറക്കി വിടുന്നതെങ്ങനെയാ?”
“അയ്യോ! നീയങ്ങനെ മഹാപരാധമൊന്നും ചെയ്യേണ്ട. നിന്‍റേം കൂടി വീടാണിത്. നിന്‍റെ പ്രിയ കൂട്ടുകാരിയാണ്. പക്ഷേ അവളുടെ പ്രശ്നങ്ങൾക്കെല്ലാം നീ തന്നെ പരിഹാരമുണ്ടാക്കണമെന്നത് ഇത്തിരി കടന്ന കയ്യല്ലേ? അവളുടെ ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കാൻ നമ്മളെത്ര ശ്രമിച്ചതാ?”