2019 ഡിസംബറിൽ ഗൃഹശോഭ ‘വിവാഹ സ്പെഷ്യൽ’ ലക്കത്തിൽ ‘(അ)വിവാഹിതർ’ എന്നൊരു ലേഖനം എഴുതിയിരുന്നത് വായനക്കാർ ഓർക്കുന്നുണ്ടാവുമല്ലോ. ആൺ-പെൺ വിവാഹങ്ങൾക്കപ്പുറം ഭിന്ന ലൈംഗീക താൽപര്യക്കാരും, വിവാഹേതരക്കാരും (ലിവിംഗ് ടുഗെതർ) ഒക്കെ കൂടെ അടങ്ങിയതാണ് നമ്മുടെ ഈ ലോകം എന്ന് ഓർമിപ്പിക്കുന്ന ഒന്നായിരുന്നു ആ ലേഖനം. ഒരു പക്ഷെ ഏറ്റവും കൂടുതൽ ആൾകാർ വായിക്കുകയും സംവദിക്കുകയും ചെയ്ത ‘ആനന്ദം’ പതിപ്പായിരുന്നു അത്. അന്ന് പറയാൻ വിട്ടു പോയ ഒരു ‘സോളോ’ സ്നേഹത്തെ കുറിച്ചാണ് ഈ ലക്കത്തിൽ പറയുന്നത്. അത് പറയുന്നതിന് മുൻപ്, “ഏത് ഒരു സമൂഹത്തിന്‍റെയും നിലനിൽപ്പ് ഒത്തു ചേർന്ന്- ഇണ ചേർന്ന് ജീവിക്കുന്നതിൽ തന്നെയാണെന്നും, ഒറ്റ ജീവിതം നിലനിൽക്കുന്ന വ്യവസ്ഥിതിയോടുള്ള ഒറ്റപ്പെട്ട കലഹം/ കലാപം/ പ്രതിഷേധം മാത്രമാണെന്നും, അഭികാമ്യമോ മഹത്വവത്കരിക്കേണ്ടതോ അല്ലെന്നും” ഉള്ള സ്റ്റീരിയോടിപ്പിക്കൽ മുൻകൂർ ജാമ്യം എടുത്ത് കൊണ്ട് തുടങ്ങുന്നു…
നാർസിസിന്‍റെ കഥ!
പൗലോ കൊയ്‌ലോയുടെ ‘ആൽകമിസ്റ്റ്’ നിങ്ങളിൽ മിക്കവരും വായിച്ചിട്ടുണ്ടാവും. ആ നോവൽ ആരംഭിക്കുന്നത് നാർസിസസിന്‍റെ കഥ ഓർത്തെടുത്തു കൊണ്ടാണ്. ഒരിക്കൽ ഒരു വേനൽ കാലത്തു വേട്ടയാടിത്തളർന്നു നാർസിസസ് ഒരു തടാകത്തിലേക്ക് ആകർഷിക്കപ്പെടുന്നു. തടാകത്തിൽ നിന്നും വെള്ളം കുടിക്കാനായവേ തന്‍റെ തന്നെ പ്രതിഭിംബം കണ്ട നാർസിസസ് അതിൽ ആകൃഷ്ടനാവുന്നു. തന്നെത്തന്നെ നോക്കി നോക്കി അയാൾ ആ തടാകത്തിൽ മുങ്ങി മരിക്കുന്നു. ഇവിടെയാണ് ആൽകമിസ്റ്റ് തുടങ്ങുന്നത്. തടാക കരയിലേക്ക് വന്ന ദേവതമാർ വിതുമ്പികൊണ്ടിരിക്കുന്ന തടാകത്തോട് അസൂയയോടെ ചോദിക്കുന്നു “അല്ലയോ തടാകമേ നിനക്ക് അവന്‍റെ സൗന്ദര്യം ആവോളം ആസ്വദിക്കാനുള്ള ഭാഗ്യം സിദ്ധിച്ചല്ലോ!” അപ്പോൾ തടാകം അവരോട് “അവൻ അത്രയ്ക്ക് സുന്ദരനായിരുന്നോ?” എന്ന് ചോദിക്കുകയും ദേവതമാർ സ്തബ്ധരായി “അത് നിനക്കല്ലാതെ മറ്റാർക്കാണ് ഏറ്റവും നന്നായി അറിയുക!” എന്ന് പറയുകയും ചെയ്യവെ, തടാകം പറയുന്നു: “ഞാൻ കരഞ്ഞത് നാർസിസസിനെ ഓർത്താണ്. പക്ഷെ അവന്‍റെ സൗന്ദര്യം ഒരിക്കലും എന്‍റെ കണ്ണിൽ പെട്ടിട്ടില്ല. ഓരോ പ്രാവശ്യവും ഈ കരയിൽ മുട്ടുകുത്തി അവൻ നോക്കുമ്പോൾ അവന്‍റെ കണ്ണുകളിൽ ആഴത്തിൽ ഞാൻ എന്‍റെ സൗന്ദര്യം നോക്കി നിൽക്കുമായിരുന്നു. അത് കൊണ്ടാണ് ഞാൻ കരഞ്ഞത്!”
നമുക്ക് നമ്മളോടുള്ള ആത്‌മരതിയളാക്കാൻ ഇതിലും മികച്ച ഒരു കഥ വേറെയില്ല! കാലം മാറി; ആധുനിക യുഗം ഒറ്റപ്പെടൽ എന്ന അനുഭവം, അസ്തിത്വ പ്രതിസന്ധി, ജീവിതോദ്ദേശ്യം എന്ന പ്രഹേളിക എന്നിവയിൽ ആധുനിക മനുഷ്യനെ തളച്ചിടുന്നു. മിക്കപ്പോഴും അതിനൊരു പരിഹാരം എന്ന രീതിയിൽ കൂടി ആണ് അവൻ/ൾ വിവാഹത്തിൽ എത്തിപ്പെടുന്നത് (അഥവാ ‘പെടുന്നത്’!). എന്നാൽ പലപ്പോഴും വിവാഹാനന്തരവും അവനവനെ സ്നേഹിക്കാൻ മറ്റൊരാൾക്കാവുന്നില്ല എന്ന തിരിച്ചറിവിലേക്ക് വ്യക്തികൾ എത്തിപ്പെടുന്നു. അവനവനു അവനവനെ വിശ്വസിക്കാവുന്ന പോലെ മറ്റൊരാളെ വിശ്വസിക്കാനാവുന്നില്ല എന്നത് വിശ്വാസവഞ്ചനയാൽ തകർന്നടിയുബോൾ തിരിച്ചറിയുന്നു. മിക്ക ചെറുപ്പക്കാരും ‘#statussingle’, ‘സിംഗിൾ പശങ്ക’, ‘സൂപ്പ് ബോയ്സ്’ എന്നൊക്കെ സ്റ്റാറ്റസ് ഇട്ട് ഇതിനെ അടയാളപ്പെടുത്തുന്നു.
നിങ്ങൾക്ക് ഏറ്റവും ഇഷ്ടം നിങ്ങളെയാണെന്നിരിക്കെ, നിങ്ങളോളം നിങ്ങൾക് മറ്റാരെയും സ്നേഹിക്കാനാവില്ലെന്നിരിക്കെ, നിങ്ങളോളം നിങ്ങൾക്ക് മറ്റാരെയും വിശ്വസിക്കാനാവില്ലെന്നിരിക്കെ, (നിങ്ങൾക്ക് ഒരു ക്ലോൺ രൂപം നിലവിൽ ഇല്ല എന്നുമിരിക്കെ), നിങ്ങൾക്ക് നിങ്ങളെ തന്നെ കല്യാണം കഴിക്കാനാവുമോ? ചിരിക്കേണ്ട, അത്ഭുതപ്പെടേണ്ട, സത്യമാണ്! നിങ്ങൾക്ക് നിങ്ങളെ തന്നെ വിവാഹം കഴിക്കാൻ പറ്റും. മിക്ക പാശ്ചാത്യ രാജ്യങ്ങളിലും പ്രചാരം ലഭിച്ചു വരുന്ന ഈ പുതിയ പ്രവണതയുടെ പേര് ‘സോളോഗമി’ എന്നാണ്!
സ്വയം വേൾക്കൽ- അഥവാ സോളോഗമി!
സ്വയം പ്രതിബദ്ധതയാണ് സോളോഗമി. അതായത്, നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കാനും, പരിപാലിക്കാനും തീരുമാനിക്കുന്നു. അതിനു മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. ഇതിനു, ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണം എന്ന് യാതൊരു നിഷ്കർഷയും ഇല്ല. മറ്റൊരു വേളയിൽ ഒരു പങ്കാളി കൂടിയേ തീരു എന്ന് നിങ്ങൾക്ക് ഒരു മനംമാറ്റം ഉണ്ടായാൽ അതും ആവാം!
‘സെക്സ് ആൻഡ് ദി സിറ്റി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ കാരി ബ്രാഡ്‌ഷാ 2003 ൽ ഇറങ്ങിയ ‘എ വുമൻസ് റൈറ്റ് ടു ഷൂസ്’ എന്ന ആറാം സീസണിലെ ഒൻപതാം എപ്പിസോഡിൽ, ഒരു സുഹൃത്തിനോട് അവിവാഹിതരായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന അപകീർത്തികളെ വെല്ലുവിളിച്ച് സ്വയം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്നു. ഇതാണ് സോളോഗമിക്കു നാന്ദി കുറിച്ച മുഹർത്തം. 2011 ൽ കാലിഫോർണിയകാരിയായ ഡൊമിനിക് സ്വയം വിവാഹം കഴിക്കുകയും അത്തരം ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. 2017 ൽ ലൈംഗീക തൊഴിലാളിയായ എമ്മ ജെയ്ൻ ലവ് സ്വയം വെക്കുകയും 200 പേരുടെ സ്വയം വെൽകം ചടങ്ങു അരിസോണയിൽ വെച്ച് നടത്തുകയും ചെയ്തു. പുരുഷമേധാവിത്വത്തിനും ചൂഷണങ്ങൾക്കും എതിരായ ഒരു ഫെമിനിസ്റ്റ് പ്രതിരോധ മാർഗ്ഗമായും സോളോഗമിയെ സ്വീകരിച്ചു. പിന്നീട് അലക്സ് ക്രിസ്റ്റഫർ സ്ട്രാൻഡിന്‍റെ വരവോടെ സോളോഗമിക്ക് ആൺ പ്രാതിനിധ്യവും കൈവന്നു.
സമീപ വർഷങ്ങളിൽ സോളോഗാമിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി നമ്മുടെ വേഗതയേറിയ ജീവിതത്തിൽ നാം നമ്മെത്തന്നെ നഷ്ടപ്പെടുന്നതുമായി അഥവാ നമ്മെ തിരിച്ചറിയാനാവാതെ പോവുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മിൽ പലർക്കും നമ്മൾ ആരാണെന്നുള്ള ഉൾകാഴ്ച നഷ്ടപ്പെട്ടു, മിക്ക ആളുകളും തങ്ങളോടൊപ്പം ഇരിക്കാൻ ശീലിച്ചിട്ടില്ല. അതിനാൽ, ആന്തരിക അറിവ് നേടുന്നതിന് ആത്മപരിശോധന നടത്തുകയും നമ്മൾ എന്താണെന്നും എങ്ങനെ നമ്മൾ മറ്റുള്ളവരിലേക്ക് നമ്മളെ പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നു തിരിച്ചറിയുന്നതും നിർണായകമാണ്.
എന്ത് കൊണ്ട് സോളോഗമി?
ആദ്യം അവനവനെ സ്നേഹിക്കുന്നത് വരെ നിങ്ങൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറയപ്പെടുന്നു. ആത്മസ്നേഹത്തിന്‍റെ പ്രാധാന്യം, ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നതിനും ജീവിതത്തെ തൃപ്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ഘടകമാണ്. ‘വൈൽഡ് ലവ്’ എന്ന പുസ്തകത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗിൽ എഡ്വേർഡ്സ് അഭിപ്രായപ്പെടുന്നത് നമ്മുടെ ആത്മസ്നേഹത്തിന്‍റെ അഭാവമാണ് “വിരുന്നിലേക്ക് നമ്മെത്തന്നെ ക്ഷണിക്കുന്നതിനുപകരം കിട്ടുന്നത് കൊണ്ട് സംതൃപ്തി അടയുന്നതിന്‍റെ അടിസ്ഥാനം.” ഡെറിക് വാൽക്കോട്ട് എന്ന കവിയും പ്രണയാനന്തര പ്രണയം എന്ന തന്‍റെ കവിതയിൽ സമാനാശയം മുന്നോട്ട് വെക്കുന്നു- “ഇരിക്കൂ. ജീവിത വിരുന്നൂട്ടൂ. അഭിരമിക്കൂ.”
സോളോഗാമി എന്നത് സ്വയം അനുകമ്പയുടെ ഒരു വിചിത്രമായ പ്രഖ്യാപനവും മറ്റുള്ളവരിൽ നിന്ന് നിങ്ങൾ പലപ്പോഴും തേടുന്നത് നിങ്ങൾക്ക് നൽകാമെന്ന വാഗ്ദാനവുമാണ്. നിങ്ങളുടെ സ്വന്തം ഹൃദയത്തെ ചേർത്ത് പിടിക്കുക, മറ്റൊരാളുടെ ഹൃദയം പോലെ അതിനെ പരിപാലിക്കുക എന്നതാണ് ആശയം. സ്വയം പരിചരണം സ്വാർത്ഥമല്ല. സ്വയം വിവാഹം എന്നത് ബാഹ്യസ്നേഹത്തിൽ നിന്ന് ഒഴിഞ്ഞുമാറലുമല്ല. മറിച്ച് അത് നമ്മുടെ സ്വഭാവത്തിന്‍റെ എല്ലാ വശങ്ങളേയും സ്വീകരിക്കുകയും സ്വയം പരിചരണത്തിന് മുൻഗണന നൽകുകയും ചെയ്യുന്നതാണ്.
സോളോഗമി- ചടങ്ങുകൾ, ആഘോഷങ്ങൾ
സ്വയം വിവാഹങ്ങൾ പലപ്പോഴും പരമ്പരാഗത, രണ്ട് വ്യക്തികളുടെ, വിവാഹങ്ങൾക്ക് സമാനമാണെങ്കിലും അവ സാമ്പ്രദായിക രീതികൾക്ക് എതിരായത് കൊണ്ട് തന്നെ പലപ്പോഴും ചടങ്ങുകൾ ഉൾപ്പെടുത്താറില്ല. സോളോ വിവാഹങ്ങൾ പല രൂപങ്ങൾ എടുക്കാം അതിനു നിശ്ചയമായ നിയമങ്ങളൊന്നുമില്ല. നിങ്ങളുടെ സോളോ വിവാഹത്തിൽ പങ്കെടുക്കുന്ന ഒരേയൊരു അതിഥി നിങ്ങളായിരിക്കാം അല്ലെങ്കിൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാം. നിങ്ങളുടെ പ്രതിജ്ഞകൾ ഉറക്കെ പറയുക അല്ലെങ്കിൽ നിങ്ങൾ സ്വയം എഴുതിയുണ്ടാക്കിയ വാക്കുകൾ നിശബ്ദമായി ഉച്ചരിക്കുക. ഒരു കണ്ണാടിക്ക് മുന്നിൽ സ്ഥിരീകരണങ്ങൾ ആവർത്തിക്കുകയും അതിൽ ഒരു ചുംബനം നൽകി കരാർ മുദ്രവെക്കുകയും അല്ലെങ്കിൽ ആരെയെങ്കിലും വെച്ച് ചടങ്ങ് നിയന്ത്രിക്കുകയും ചെയ്യാം. അത് ഒരു റിലേഷൻഷിപ്പ് കോച്ച് കൗൺസിലർ അല്ലെങ്കിൽ സുഹൃത്ത് ആരുമാകാം.
ഫോട്ടോഗ്രാഫി, ബാൻഡുമേളം, പൂക്കൾ എന്നിവ ഉൾപ്പെടുന്ന സോളോ വെഡ്ഡിംഗ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ചില സേവനങ്ങൾ ലോകമെമ്പാടും ഉയർന്നു വരുന്നുണ്ട്. നിങ്ങളുടെ സോളോഗാമി പാക്കേജ് വാങ്ങാൻ കഴിയുന്ന ഒരു സ്ഥലം പോലും ഉണ്ട്- IMarriedme.com -ൽ നിങ്ങൾക്ക് ഒരു ‘മാരിഡ് മി സെൽഫ് വെഡ്ഡിംഗ് ഇൻ-എ-ബോക്‌സ്’ കിറ്റ് വാങ്ങാം. അതിൽ ഏകദേശം $100-ന് ഒരു സ്റ്റെർലിംഗ് സിൽവർ മോതിരം, പ്രതിജ്ഞകൾ, കമ്പനി വഴി സംഘടിപ്പിക്കുന്ന നിങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ രണ്ട് ഡസനിലധികം ‘സ്ഥിരീകരണ’ കാർഡുകളും. നിങ്ങളുടെ അനുഭവം അപ്‌ഗ്രേഡ് ചെയ്യണമെങ്കിൽ 14 കാരറ്റ് സ്വർണ്ണ മോതിരത്തിനൊപ്പം $200-ലധികം വിലയുള്ള ഒരു പാക്കേജുണ്ട്. കൂടുതൽ ആളുകൾ സ്വയം വിവാഹം കഴിച്ചു ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ ഈ തിരഞ്ഞെടുപ്പിന്‍റെ നിയമസാധുത ശക്തിപ്പെടുത്തുന്നതിനുള്ള ചടങ്ങുകളും ആചാരങ്ങളും ഭാവിയിൽ ഉയർന്നുവന്നേക്കാം.
ആത്മരതിയുടെ സ്വയംഭോഗ ഇടനാഴികൾ
സ്വയം വിവാഹം കഴിക്കുക എന്നത് നിങ്ങൾ മതിയെന്ന് പറയുന്ന ധീരമായ പ്രസ്താവനയും നിങ്ങളുടെ സമ്പൂർണ്ണതയുടെ ആഘോഷവുമാണ്. നിങ്ങളുടെ ജീവിതം മറ്റൊരു വ്യക്തിയുമായി പങ്കിടാൻ നിങ്ങൾ തയ്യാറായിരിക്കാം. പക്ഷേ നിങ്ങൾക്ക് ഒരു നല്ല പകുതി “ആവശ്യമില്ല”. ആത്മാഭിമാനത്തിന്‍റെ ശക്തമായ ബോധം കെട്ടിപ്പടുക്കുന്നത് മുരടിപ്പിക്കുന്ന സാഹചര്യങ്ങളെയോ ബന്ധങ്ങളെയോ അംഗീകരിക്കാനുള്ള പ്രവണത കുറയ്ക്കുകയും ഒരു ബന്ധത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിന്‍റെ നിലവാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങൾ സ്വയം തിരഞ്ഞെടുക്കുകയും നിങ്ങൾ സന്തുഷ്ടരായിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ സ്വയം അറിയുന്നതും സ്നേഹിക്കുന്നതും മറ്റൊരു വ്യക്തിയെ ബഹുമാനിക്കാനും വിലമതിക്കാനും ഉള്ള തുറന്ന മനസ്സ് നൽകുന്നു. ഇത് പ്രണയ ബന്ധങ്ങൾക്ക് മാത്രമല്ല, കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ ലോകത്തിനു മൊത്തവും ബാധകമാണ്.
രോഗത്തിലും ആരോഗ്യത്തിലും, നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങൾ സ്ഥിരതയോടെ നിങ്ങളെ പരിപാലിക്കാൻ പഠിക്കുന്നു. മാത്രമല്ല, സ്വയം കെട്ടിപ്പടുക്കുന്നത് ആദ്യന്തികമായി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഇടം സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുന്നു.
നേരത്തെ ഇതിന്‍റെ ഫെമിനിസ്റ്റ് വശങ്ങൾ സൂചിപ്പിച്ചുവല്ലോ. കാനേഡിയൻ വംശജയും ‘മാരി യൂവർസെൽഫ്’ സ്ഥാപകയുമായ അലക്‌സാന്ദ്ര ഗിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ന് ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് സ്വന്തമായി ജീവിക്കാനും കരിയർ കെട്ടിപ്പടുക്കാനും വീട് വാങ്ങാനും സ്വന്തം ജീവിതം സൃഷ്ടിക്കാനും അവർ തിരഞ്ഞെടുക്കുകയാണെങ്കിൽ കുട്ടികളുണ്ടാകാനും കഴിയും. ഞങ്ങളുടെ അമ്മമാർക്കും മുത്തശ്ശിമാർക്കും ഈ ഓപ്ഷൻ ഇല്ലായിരുന്നു. അല്ലെങ്കിൽ കുറഞ്ഞത് അവർക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുമായിരുന്നില്ല,” അവർ കൂട്ടിച്ചേർക്കുന്നു. “ഏകവിവാഹം എന്ന ആശയത്തിൽ വിവാഹത്തിന്‍റെ സമ്പ്രദായം വൃണപ്പെടാം പക്ഷേ ഇത് ദുഃഖിതരുടെ കളങ്കം മാറ്റുന്നു. ‘കെട്ടാച്ചരക്ക്’ എന്ന അവഹേളിക്കലിൽ നിന്നും മോചനം നൽകുന്നു.” ഗിൽ പറയുന്നു. “ഒരു നിശ്ചിത കാലയളവിനുള്ളിൽ വിവാഹം കഴിച്ചില്ലെങ്കിൽ തങ്ങൾ പരാജയമാണെന്ന് കേട്ട് കേട്ട് സ്ത്രീകൾ മടുത്തു.”
സോളോഗമിയെക്കുറിച്ച് പറയുമ്പോൾ ചിലരെങ്കിലും വഷളത്തരമായി തിരിച്ചു ചോദിക്കുന്നത് അപ്പോൾ “മറ്റേതിന്” എന്ത് ചെയ്യും എന്നാണു. നേരത്തെ സൂചിപ്പിച്ചത് പോലെ സോളോഗാമി ബ്രഹ്മചര്യം നിഷ്കര്ഷിക്കുന്നില്ല. പിന്നെ വഷളൻ ചോദ്യങ്ങൾക്ക് അതെ നാണയത്തിൽ മറുപടി കൊടുത്താൽ ‘അപ്നേ ഹാഥ് കാ ഖിലാഡി’ ആണെല്ലോ നാമെല്ലാവരും. മിക്ക മനുഷ്യരും താന്താങ്ങളുടെ ലൈംഗീകതയെ ആദ്യമായ് അറിയുന്നതും ആസ്വദിക്കുന്നതും സ്വയംഭോഗത്തിലൂടെ തന്നെയാണല്ലോ! അപ്പൊ, അങ്ങനെയും സ്വയം ആനന്ദിപ്പിക്കാം.
കെ ജി ശങ്കരപ്പിള്ള മാഷിന്‍റെ കവിതയിലെ വരികൾ കടമെടുത്തുകൊണ്ടു അവസാനിപ്പിക്കാം:
“ആരെയാണേറ്റവും ഇഷ്ട്ടം?
എന്നെത്തന്നെ!
അത് കഴിഞ്ഞാലോ?
അത്…
അത് കഴിയുന്നില്ലല്ലോ!!”
ഗോ സോളോ, സെലിബ്രേറ്റ് യുവർ സോൾ! സ്വയാനന്ദം ഭവിക്കട്ടെ!