അതൊരു കറുത്ത ദിനമായിരുന്നു ഒരു ഞായറാഴ്‌ച... ഭീതി ജനകമായിരുന്നു ആ അന്തരീക്ഷം... ആഴത്തിൽ മുറിവുകളേറ്റ് രക്‌തം വാർന്ന് മരണത്തോട് മല്ലടിക്കുന്ന രണ്ടു കുരുന്നുകൾ. തകർന്ന മനസ്സോടെ അവർക്കരികിൽ അലമുറയിടുന്ന അമ്മ. സംഭവമറിഞ്ഞ് പാഞ്ഞടുത്ത അയൽക്കാരും ഹൃദയഭേദകമായ ആ കാഴ്‌ച കണ്ട് വാവിട്ട് കരഞ്ഞു. സിനിമാക്കഥകളെപ്പോലും വെല്ലുന്ന വിധമുള്ള നാടകീയ സംഭവങ്ങൾ അരങ്ങേറിയത് പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂർ പ്രദേശത്താണ്. കുടുംബപ്പോര് മൂത്ത് രണ്ടുപിഞ്ചുകുട്ടികളെ ദാരുണമായി വകവരുത്തിയത് അവരുടെ പിതൃസഹോദരൻ തന്നെയായിരുന്നു.
കറുത്ത ഞായർ
കീക്കൊഴൂർ മലർവാടിപടി മാടത്തേത്ത് വീട്ടിൽ വല്ല്യമ്മച്ചിക്കും വല്ല്യപ്പച്ചനും അമ്മയ്ക്കുമൊപ്പം ഉത്സാഹത്തോടെയാണ് മെൽബിനും മെബിനും ഉറക്കമുണർന്നത്. പുലർച്ചെ ഏഴരയോടടുത്ത സമയം. വല്യപ്പച്ചനായ ജെയിംസ് (ചാക്കോ) പള്ളിയിൽ പോയതായിരുന്നു. ഇദ്ദേഹത്തിന്‍റെ ഒരു മകനായ ഷിബുവാണ് വീട്ടിൽ അതിക്രമിച്ചു കയറി ഈ ക്രൂരകൃത്യം നടത്തിയത്. ഇയാൾ കൈയിൽ കരുതിയിരുന്ന കന്നാസിൽ നിന്ന് പെട്രോൾ പകർന്ന് രണ്ട് ബെഡ്‌റൂമുകളിലെ മെത്തകൾക്കും തലയിണകൾക്കുമെല്ലാം തീ കൊടുത്തു. അകത്ത് തീ പുകയുന്നതും കൂടി കണ്ടതോടെ അയൽക്കാർ കൂടുതൽ പരിഭ്രാന്തിയിലായി. ഇതിനിടയിൽ പുറത്തേക്ക് ഇറങ്ങി വന്നശേഷം മുകളിലേയ്‌ക്ക് കയറിപ്പോയ ഷിബു അവിടുത്തെ ബെഡ്‌റൂമിനും തീ വച്ചു. ഇതേ സമയം വിവരമറിഞ്ഞ് പള്ളിയിലായിരുന്ന ജെയിംസും ഓടിയെത്തി. പിന്നീട് അവിടെയുണ്ടായിരുന്നവർ ചേർന്ന് കുട്ടികളെ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും രണ്ടു ബെഡ്‌റൂമുകളിലും തീ പടർന്നു കഴിഞ്ഞിരുന്നു. നാട്ടുകാർ തീയണക്കാൻ നന്നേ പാടുപെട്ടു. വൈകാതെ ഫയർഫോഴ്‌സും സ്‌ഥലത്തെത്തി. സ്‌ഥിതി നിയന്ത്രണാതീതമാക്കി. ഈ സമയം ഷിബു നിർവികാരനായി തറയിൽ ഇരിക്കുകയായിരുന്നു. പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. മുമ്പ് ഗൾഫിലായിരുന്ന ഷിബു മടങ്ങി വന്നതിനുശേഷം ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണം
അന്ന് അവധി ദിനമായിരുന്നതിനാൽ കുട്ടികളായ മെൽബിനും മെബിനും കളിക്കുകയായിരുന്നു. ചാരുകസേരയിൽ കിടന്ന് മെബിൻ മുന്തിരി കഴിക്കുകയാണ്. മെൽബിൻ വീടിന് വെളിയിലും. യാദൃച്ഛികമായ കാൽപെരുമാറ്റം കേട്ട് മെൽബിൻ തിരിഞ്ഞുനോക്കിയപ്പോൾ പപ്പയുടെ സഹോദരനായ ഷിബു പിന്നിൽ നിൽക്കുന്നതാണ് കണ്ടത്. മനസ്സിൽ ആസൂത്രണം ചെയ്‌ത പദ്ധതി നടപ്പിലാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. പെട്ടെന്നാണ് അത് സംഭവിച്ചത്. അയാൾ മെൽബിനെ കടന്നുപിടിച്ചു. പിന്നെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആ കുട്ടിയുടെ കഴുത്ത് അറുത്തുതുടങ്ങി... കരച്ചിൽ കേട്ട് അമ്മ ബിന്ദു ഓടിയെത്തി. ഭയാനകമായ ദൃശ്യം കണ്ട് വാവിട്ടുനിലവിളിച്ചു. തടയാൻ ശ്രമിക്കുന്നതിനിടയിൽ ഷിബു കൈയിൽ കരുതിയിരുന്ന മുളകുപൊടി അവരുടെ മുഖത്തേക്കെറിഞ്ഞു. പിന്നെ ഞൊടിയിടയിൽ വീടിനുള്ളിലേയ്‌ക്ക് പാഞ്ഞുകയറി. ചാരുകസേരയിൽ കിടന്നിരുന്ന മെബിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവുകളേറ്റ് രണ്ടുകുട്ടികളും പിടഞ്ഞു. 20 മിനിറ്റോളം ഇവർ രക്‌തം വാർന്ന് അവിടെ കിടന്നു. പിന്നീടാണ് ഓടിയെത്തിയ നാട്ടുകാർ കുട്ടികളേയും അമ്മയേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രതികാര ദാഹം
പിതാവായ ജെയിംസിനോടു പിണങ്ങി ഷിബുവും കുടുംബവും ഒരു വർഷമായി ചെറുവള്ളിക്കാവിൽ വാടകയ്‌ക്കു കഴിയുകയായിരുന്നു. കുടുംബവീടും സ്‌ഥലവും ഷിബുവിന്‍റെ പേരിൽ ജെയിംസ് എഴുതി നൽകിയിരുന്നതാണ്. ഇയാളുടെ സഹോദരനായ ഷൈബു വിദേശത്താണ്. ഇദ്ദേഹത്തിന്‍റെ ഭാര്യയായ ബിന്ദുവും മക്കളായ മെൽബിനും മെബിനും വല്യപ്പച്ചനായ ജെയിംസിനോടൊപ്പമായിരുന്നു. പിണങ്ങിക്കഴിഞ്ഞിരുന്ന ഷിബുവിനോട് കുടുംബവീട്ടിലേയ്‌ക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ട് ജെയിംസ് കത്ത് അയച്ചിരുന്നു. പിതാവ് അയച്ച കത്തുമായിട്ടാണ് ഷിബു ഞായറാഴ്‌ച രാവിലെ കീക്കൊഴൂർ വീട്ടിലെത്തിയത്. ഷിബു തിരിച്ചു വന്നില്ലെങ്കിൽ എഴുതിക്കൊടുത്ത കുടുംബ വീട് തിരികെ നൽകണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതാണ് ഷിബുവിനെ പ്രകോപിപ്പിക്കാൻ ഇടയാക്കിയതെന്നു കരുതുന്നു.