2019 ഡിസംബറിൽ ഗൃഹശോഭ 'വിവാഹ സ്പെഷ്യൽ' ലക്കത്തിൽ '(അ)വിവാഹിതർ' എന്നൊരു ലേഖനം എഴുതിയിരുന്നത് വായനക്കാർ ഓർക്കുന്നുണ്ടാവുമല്ലോ. ആൺ-പെൺ വിവാഹങ്ങൾക്കപ്പുറം ഭിന്ന ലൈംഗീക താൽപര്യക്കാരും, വിവാഹേതരക്കാരും (ലിവിംഗ് ടുഗെതർ) ഒക്കെ കൂടെ അടങ്ങിയതാണ് നമ്മുടെ ഈ ലോകം എന്ന് ഓർമിപ്പിക്കുന്ന ഒന്നായിരുന്നു ആ ലേഖനം. ഒരു പക്ഷെ ഏറ്റവും കൂടുതൽ ആൾകാർ വായിക്കുകയും സംവദിക്കുകയും ചെയ്ത 'ആനന്ദം' പതിപ്പായിരുന്നു അത്. അന്ന് പറയാൻ വിട്ടു പോയ ഒരു 'സോളോ' സ്നേഹത്തെ കുറിച്ചാണ് ഈ ലക്കത്തിൽ പറയുന്നത്. അത് പറയുന്നതിന് മുൻപ്, "ഏത് ഒരു സമൂഹത്തിന്‍റെയും നിലനിൽപ്പ് ഒത്തു ചേർന്ന്- ഇണ ചേർന്ന് ജീവിക്കുന്നതിൽ തന്നെയാണെന്നും, ഒറ്റ ജീവിതം നിലനിൽക്കുന്ന വ്യവസ്ഥിതിയോടുള്ള ഒറ്റപ്പെട്ട കലഹം/ കലാപം/ പ്രതിഷേധം മാത്രമാണെന്നും, അഭികാമ്യമോ മഹത്വവത്കരിക്കേണ്ടതോ അല്ലെന്നും" ഉള്ള സ്റ്റീരിയോടിപ്പിക്കൽ മുൻകൂർ ജാമ്യം എടുത്ത് കൊണ്ട് തുടങ്ങുന്നു...
നാർസിസിന്‍റെ കഥ!
പൗലോ കൊയ്‌ലോയുടെ 'ആൽകമിസ്റ്റ്' നിങ്ങളിൽ മിക്കവരും വായിച്ചിട്ടുണ്ടാവും. ആ നോവൽ ആരംഭിക്കുന്നത് നാർസിസസിന്‍റെ കഥ ഓർത്തെടുത്തു കൊണ്ടാണ്. ഒരിക്കൽ ഒരു വേനൽ കാലത്തു വേട്ടയാടിത്തളർന്നു നാർസിസസ് ഒരു തടാകത്തിലേക്ക് ആകർഷിക്കപ്പെടുന്നു. തടാകത്തിൽ നിന്നും വെള്ളം കുടിക്കാനായവേ തന്‍റെ തന്നെ പ്രതിഭിംബം കണ്ട നാർസിസസ് അതിൽ ആകൃഷ്ടനാവുന്നു. തന്നെത്തന്നെ നോക്കി നോക്കി അയാൾ ആ തടാകത്തിൽ മുങ്ങി മരിക്കുന്നു. ഇവിടെയാണ് ആൽകമിസ്റ്റ് തുടങ്ങുന്നത്. തടാക കരയിലേക്ക് വന്ന ദേവതമാർ വിതുമ്പികൊണ്ടിരിക്കുന്ന തടാകത്തോട് അസൂയയോടെ ചോദിക്കുന്നു "അല്ലയോ തടാകമേ നിനക്ക് അവന്‍റെ സൗന്ദര്യം ആവോളം ആസ്വദിക്കാനുള്ള ഭാഗ്യം സിദ്ധിച്ചല്ലോ!" അപ്പോൾ തടാകം അവരോട് "അവൻ അത്രയ്ക്ക് സുന്ദരനായിരുന്നോ?" എന്ന് ചോദിക്കുകയും ദേവതമാർ സ്തബ്ധരായി "അത് നിനക്കല്ലാതെ മറ്റാർക്കാണ് ഏറ്റവും നന്നായി അറിയുക!" എന്ന് പറയുകയും ചെയ്യവെ, തടാകം പറയുന്നു: "ഞാൻ കരഞ്ഞത് നാർസിസസിനെ ഓർത്താണ്. പക്ഷെ അവന്‍റെ സൗന്ദര്യം ഒരിക്കലും എന്‍റെ കണ്ണിൽ പെട്ടിട്ടില്ല. ഓരോ പ്രാവശ്യവും ഈ കരയിൽ മുട്ടുകുത്തി അവൻ നോക്കുമ്പോൾ അവന്‍റെ കണ്ണുകളിൽ ആഴത്തിൽ ഞാൻ എന്‍റെ സൗന്ദര്യം നോക്കി നിൽക്കുമായിരുന്നു. അത് കൊണ്ടാണ് ഞാൻ കരഞ്ഞത്!"
നമുക്ക് നമ്മളോടുള്ള ആത്‌മരതിയളാക്കാൻ ഇതിലും മികച്ച ഒരു കഥ വേറെയില്ല! കാലം മാറി; ആധുനിക യുഗം ഒറ്റപ്പെടൽ എന്ന അനുഭവം, അസ്തിത്വ പ്രതിസന്ധി, ജീവിതോദ്ദേശ്യം എന്ന പ്രഹേളിക എന്നിവയിൽ ആധുനിക മനുഷ്യനെ തളച്ചിടുന്നു. മിക്കപ്പോഴും അതിനൊരു പരിഹാരം എന്ന രീതിയിൽ കൂടി ആണ് അവൻ/ൾ വിവാഹത്തിൽ എത്തിപ്പെടുന്നത് (അഥവാ 'പെടുന്നത്'!). എന്നാൽ പലപ്പോഴും വിവാഹാനന്തരവും അവനവനെ സ്നേഹിക്കാൻ മറ്റൊരാൾക്കാവുന്നില്ല എന്ന തിരിച്ചറിവിലേക്ക് വ്യക്തികൾ എത്തിപ്പെടുന്നു. അവനവനു അവനവനെ വിശ്വസിക്കാവുന്ന പോലെ മറ്റൊരാളെ വിശ്വസിക്കാനാവുന്നില്ല എന്നത് വിശ്വാസവഞ്ചനയാൽ തകർന്നടിയുബോൾ തിരിച്ചറിയുന്നു. മിക്ക ചെറുപ്പക്കാരും '#statussingle', 'സിംഗിൾ പശങ്ക', 'സൂപ്പ് ബോയ്സ്' എന്നൊക്കെ സ്റ്റാറ്റസ് ഇട്ട് ഇതിനെ അടയാളപ്പെടുത്തുന്നു.