ഒരു ഡസനിലേറെ സന്ദര്‍ഭങ്ങളുടെ അസ്വാരസ്യം ജോണിച്ചനെ തെല്ലും ബാധിച്ചു കണ്ടില്ല. ഇപ്പോള്‍ അതും കടന്നു പതിനാലിലെത്തി നില്‍ക്കുന്നു!

കെങ്കേമമായിരുന്നു പതിമ്മൂന്നിടങ്ങളിലും. കുണുങ്ങി മുന്നില്‍ വന്നുനിന്നവരുടെ മോഹഭംഗങ്ങള്‍ അയാളുടെ മനസ്സിനെ തപിപ്പിക്കാന്‍ പോന്നവയായിരുന്നില്ല.

‘കച്ചകെട്ടി’യിറങ്ങിയ ‘സുദിനം’ സെന്നിച്ചന്‍റെ ഓര്‍മയിലേക്ക് കടന്നുവന്നു. അന്ന് ജോണിച്ചന്‍ ഇട്ട ഷര്‍ട്ടിന്‍റെയും പാന്‍റ്സിന്‍റെയും നിറം വരെ ഓര്‍മയില്‍നിന്നു മങ്ങിയിട്ടില്ല. ഫുള്‍ക്കൈയില്‍ തീര്‍ത്ത ഇളംനീല ഷര്‍ട്ടു. അതിനു ചേരുന്ന പാന്‍റ്സും. സഹോദരീഭര്‍ത്താവ് എന്ന നിലയ്ക്ക് മേല്‍നോട്ട ചുമതലയോടെ അതേ ഒരുക്കത്തോടെയും ഉല്‍സാഹത്തോടെയും എല്ലാറ്റിനും മുന്‍പിലായി താന്‍.. പിന്നീടു ഒന്നുരണ്ട് സന്ദര്‍ഭങ്ങളില്‍ കൂടിയേ അതേ ഒരുക്കത്തില്‍ പോകാന്‍ മനസ്സ് സന്നദ്ധമായുള്ളു. മൂന്നു മാസം തികച്ചും ആയിട്ടില്ല! അതിനിടയ്ക്ക് പതിമ്മൂന്നിടത്ത്… എന്തെങ്കിലുമാവട്ടെ…

മുല്ലപ്പൂവിന്‍റെ നിറം വേണം. ബിരുദം വേണം. ജോലി വേണം. സമ്പന്ന കുടുംബത്തില്‍ നിന്നാവണം… നിഷ്ക്കര്‍ഷകളുടെ എണ്ണം ഏറുകയാണ്… ബന്ധുമിത്രാധികള്‍ക്ക് അംഗീകരിക്കാനാവാത്ത ജാതിമത ചിന്തകള്‍ക്കതീതമായിരുന്നു ജോണിച്ചന്‍റെ കാഴ്ചപ്പാട് എന്നതു മാത്രമായിരുന്നു ആകെയുള്ള വ്യതിയാനം.

‘എനിക്കു നിര്‍ബന്ധമുള്ള കാര്യത്തിലാണ് നിങ്ങളുടെ പിടിവാശി…’ മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറി തണുത്ത മനസ്സുമായി ജോണിച്ചന്‍ നിന്നു. ഇപ്പോഴത്തെ ആലോചനയില്‍ നിന്നും വഴുതിമാറാനുള്ള ജോണിച്ചന്‍റെ ശ്രമം കാണ്‍കെ സെന്നിച്ചന്‍ പറഞ്ഞു:

‘ഒരു തീരുമാനം പറ ജോണിച്ചാ… ഒന്നുകില്‍ വേണം; അല്ലെങ്കില്‍ വേണ്ട…’

‘നിറത്തിന്‍റെ കാര്യത്തില്‍ നിര്‍ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞു…. വിചാരിച്ചാല്‍ കൂട്ടാന്‍ പറ്റുന്ന ഒന്നല്ലല്ലോ….’ ആ അഭിപ്രായത്തോടു ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല. എങ്കിലും……

‘മുല്ലപ്പൂവിന്‍റെ നിറം ഇല്ല… പക്ഷെ അതിനോടടുത്തുണ്ടല്ലൊ… ഒരു ചെറിയ വിട്ടുവീഴ്ചയൊക്കെ നമ്മുടെ പക്ഷത്തുനിന്നും വേണ്ടിവരും… ജോലിക്കു ജോലി. ബിരുദത്തിനു ബിരുദം. സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ബന്ധം. പോരാത്തതിന് ഉയരത്തിനൊത്ത, ചേലൊത്ത വണ്ണം. അവകാശിയല്ലാത്തതുകൊണ്ടു ആ പ്രശ്നവുമില്ല. ആകെക്കൂടി നോക്കുമ്പോള്‍ ജോണിച്ചന്‍ ഇച്ഛിച്ചതുപോലൊരു ബന്ധമാണ്. അന്യമതസ്ഥയല്ലാത്തതുകൊണ്ടു ആരുടെയും എതിര്‍പ്പും ഉണ്ടാവുകയില്ല… പിന്നെ ഇത്തിരി നിറം കുറവാണെന്നുള്ളത്… അത് നേരാ… ഇത്തിരി കുറവുതന്നെയാ.’ ജോണിച്ചനെ വഴിക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, സെന്നിച്ചന്‍.

‘തപസ്സിരുന്നാല്‍ കിട്ടുമോ ഇതുപോലൊരൊത്ത പെണ്ണിനെ… തൊലിപ്പുറത്തെന്നാടാ കാര്യം?’ സംഘത്തിലെ മുതിര്‍ന്ന അംഗം അങ്ങനെ ഒരഭിപ്രായം രേഖപ്പെടുത്തിയതോടെ ജോണിച്ചന്‍ ഒറ്റതിരിഞ്ഞു.

അനുനയത്തിന് വഴങ്ങാതെനിന്ന ജോണിച്ചനോടു ഒടുവില്‍ സെന്നിച്ചന്‍ വായ് തുറന്നു:

‘മുല്ലപ്പൂ പോലത്തെ നിറം വേണമെന്ന് പറഞ്ഞിരുന്നാല്‍ പൂവു തന്നെ പറിച്ചു വയ്ക്കേണ്ടി വരും…’

‘പൂവൊന്നും പറിച്ചുവയ്ക്കാനാരും പറഞ്ഞില്ല.. അങ്ങനെയുള്ളവരങ്ങു കെട്ടിക്കൊ…’

അതിരുവിട്ട പ്രയോഗമായിപ്പോയി എന്നു ജോണിച്ചനു തോന്നിയ നിമിഷം തന്നെ, വാവിട്ടുപോയ വാക്ക് തിരിച്ചെടുക്കാനാവാതെ കുഴങ്ങിയ സെന്നിച്ചന്‍ കസേരയില്‍നിന്ന് എഴുന്നേറ്റു.

‘അവന്‍റെയൊരു നെഗളിപ്പേ… ഇവനിതെന്തുകണ്ടിട്ടാണോ ആവോ?’

ബന്ധുക്കള്‍ തടസ്സത്തിനെത്തുന്നതിനു മുന്‍പു വീണ്ടുവിചാരത്താല്‍ സെന്നിച്ചന്‍ മയപ്പെട്ടു കഴിഞ്ഞിരുന്നു. ഒന്നാമതായി, ജോണിച്ചനേക്കാള്‍ പ്രായത്തില്‍ മുതിര്‍ന്നത് എന്ന പരിഗണന. അപ്പോള്‍ പെരുമാറ്റ മാന്യത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത. രണ്ടാമതായി, സഹോദരിയുടെ വീര്‍ത്തുകെട്ടിയ മുഖം കാണാന്‍ അവസരം ഉണ്ടാക്കാതിരിക്കുക. ഉപരി, ആലോചനയ്ക്ക് മുടക്കം വന്നെന്ന പേരുദോഷത്തില്‍നിന്ന് മുക്തി നേടുക.

അന്നത്തെ മഞ്ഞില്‍ കിനിഞ്ഞ പ്രഭാതത്തില്‍ നനുനനുത്ത തണുപ്പു മേലാകെ പടര്‍ന്ന് കയറവെ, ഒഴുകിയെത്തുന്ന ഇളംകാറ്റിന്‍റെ തഴുകലും പേറി ആന്‍സി പള്ളിയിലേക്ക് നടന്നു.

എത്ര വലിഞ്ഞു നടന്നാലും ഇനി പള്ളിയിലെത്താന്‍ വൈകും. ഒന്നും മനപ്പൂര്‍വമല്ലെന്ന് ഈശ്വരന് അറിയാമല്ലോ. ആന്‍സിക്കുണ്ടായിരുന്ന സമാധാനവും അതായിരുന്നു. മുട്ടിപ്പായി പ്രാര്‍ഥിക്കണം. ചെയ്യാന്‍ കഴിയുന്ന ഒരേയൊരുകാര്യം അതേയുള്ളു.

ഇടവഴിയില്‍നിന്ന് പൊടുന്നനെ കയറിവന്ന സോജ ചോദിച്ചു:

‘ആന്‍സിയെന്നാ പതിവില്ലാതെ…?’

‘ഈശ്വരനെ കാണുന്നതിന് സമയോം കാലോം വല്ലതുമുണ്ടോ, ആന്‍റി? കുഞ്ഞാടുകള്‍ക്കുവേണ്ടി സദാസമയവും കൈനീട്ടി നില്‍ക്കുവല്ലേ, അവിടൊരാള്…’

കടന്നുവരാന്‍ ഇഷ്ടപ്പെടാത്ത ചിന്തകള്‍ മനസ്സിലേക്ക് ചേക്കേറുമ്പോള്‍ ആന്‍സിയുടെ നടപ്പിന്‍റെ വേഗത കുറയും. ആ വക ചിന്തയില്‍നിന്ന് മോചനം നേടുമ്പോള്‍ ആന്‍സി നടപ്പിന്‍റെ വേഗത കൂട്ടി സോജയ്ക്കൊപ്പമെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ഇന്നാണ് പെണ്ണുകാണല്‍. ഏത് തരക്കാരനായാലും വേണ്ടില്ല, ഇഷ്ടപ്പെട്ടു എന്ന വാക്ക് കേള്‍ക്കണം; അത്രയേ വേണ്ടൂ. ആഗ്രഹിച്ച രണ്ടു തവണയും കേള്‍ക്കാന്‍ കഴിയാതെ പോയ വാക്ക്.

അതിനാണ് പള്ളിയിലേക്കുള്ള ഈ യാത്ര. രണ്ടു തവണ ഉടുത്തൊരുങ്ങിയതും ആര്‍ക്കുവേണ്ടിയായിരുന്നു എന്ന ചോദ്യം ആന്‍സി ഇടയ്ക്കിടെ തന്നോടുതന്നെ ചോദിക്കും. ആദ്യ തവണ ഈശ്വരനെ കൂട്ടുപിടിച്ചില്ലെന്നത് സത്യമാണ്. പക്ഷേ രണ്ടാമതു അവസരത്തില്‍? വേണമെങ്കില്‍ ഈശ്വരന് കടാക്ഷിക്കാമായിരുന്നു. തീക്ഷ്ണതയുടെ പാരമ്യം ഉള്‍ക്കൊണ്ട് പ്രാര്‍ഥിച്ചതാണ്…

പള്ളിമുറ്റത്തേയ്ക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ സോജ പറഞ്ഞു:

‘ഹൃദയം നുറുങ്ങി പ്രാര്‍ഥിച്ചോണേ… ഇത്തവണയെങ്കിലും കടന്നു കൂടണം.’

‘കടന്നു കൂടാനെന്നാ മല്‍സരപ്പരീക്ഷയാണോ, ആന്‍റീ.’

സോജയുടെ ആന്‍റിനയുടെ ശക്തിയും വ്യാപ്തിയും ആന്‍സിയ്ക്കറിയാം. ഏത് രഹസ്യവും ‘വലി’ച്ചെടുക്കും. തന്‍റെ വീട്ടുകാര്യങ്ങള്‍ കൂടുതല്‍ അറിയാവുന്നത് സോജയ്ക്കാണ്.

ഈശ്വരനെ കൂട്ടുപിടിച്ചിട്ടും നടക്കാതെപോയപ്പോള്‍ ആന്‍സി ഓര്‍ത്തു: ഈ ആണുങ്ങള്‍ എന്നു പറയുന്ന വര്‍ഗ്ഗമേ ചതിയന്‍മാരാണ്. പെണ്ണുകാണല്‍ സമയത്തെ രഹസ്യസംഭാഷണ സമയം അയാള്‍ ചോദിക്കുകയാണ്:

‘ആന്‍സിക്ക് ആരുമായെങ്കിലും അടുപ്പം….?’

ഉത്തരം നല്‍കുമ്പോള്‍ കണ്ണുകള്‍ കൂമ്പിയിരുന്നു..  ‘ഉണ്ടായിരുന്നെങ്കില്‍തന്നെ അതിന്നപ്പുറമൊരു?’

ഒരുവക അളിഞ്ഞ ചോദ്യം! എന്നിട്ട് പറയുകയാണ്: ‘വിവാഹം ഉറപ്പിക്കലിന്‍റെ നേര്‍സാക്ഷ്യമായി ഒരു സ്നേഹചുംബനം തന്നൂടെ’ എന്നു. രണ്ടു തവണ പരാജയം രുചിച്ചറിഞ്ഞതിന്‍റെ തിക്ത്താനുഭവം…….വശംവദയായിപ്പോയി. പിന്നീട് കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത് ‘അയാള്‍ക്ക് പെണ്ണ് കണ്ടു നടക്കുകയാണ് പണി’ യെന്ന്. ആസ്വദിക്കാവല്ലോ ആവോളം… നിറം ഉണ്ട്. സമ്പത്തു ഉണ്ട്. എല്ലാം ഉണ്ട്…. പക്ഷെ…

ജോണിച്ചന്‍റെ അഞ്ചാമത്തെ പെണ്ണുകാണലും കഴിഞ്ഞിരിക്കുന്നു.

തടസ്സവാദങ്ങളില്‍ മുങ്ങി പിന്നേയും ആലോചനകള്‍ ഒഴിവായപ്പോള്‍ മാറിമാറിവന്ന സംഘാംഗങ്ങള്‍ രഹസ്യമായും പിന്നെ പരസ്യമായും പറഞ്ഞുതുടങ്ങി:

‘ഇവനെന്തോ കാര്യമായ കൊഴപ്പമുണ്ട്. ചെറിയ തോതിലെങ്കിലും ഒരന്വേഷണം നടത്തിയിട്ടു വേണ്ടായിരുന്നോ ഇറങ്ങിപുറപ്പെടാന്‍? എന്നിട്ടിപ്പഴാണ് അതേക്കുറിച്ചാലോചിക്കുന്നത്!’ മുതിര്‍ന്ന അംഗത്തിന്‍റെ വാക്കുകള്‍ക്കും ജോണിച്ചന്‍റെ നിസ്സംഗതയെ മാറ്റിമറിക്കാനായില്ല.

അപ്പന്‍ ഉണ്ടായിരുന്നെങ്കില്‍… ആദ്യം നോക്കുക കുടുംബപാരമ്പര്യമാവും. തൊലിവെളുപ്പൊക്കെ അതുകഴിഞ്ഞേ ഉള്ളു. ഉണ്ടെങ്കില്‍ ഉണ്ട്… ഇല്ലെങ്കില്‍ ഇല്ല… അത്രതന്നെ. എങ്കില്‍ ഈ പിടിവാശിയൊന്നും നടക്കുകയേയില്ലായിരുന്നു.

‘അറിയാത്ത പിള്ളയും ചൊറിയുമ്പോള്‍ അറിയും.’ സംഘാംഗത്തിലൊരാളുടെ വായിന്‍ തുമ്പത്തുവരെ എത്തിയ വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്നു.

ബന്ധുക്കള്‍ പ്രകടമായി മടുപ്പ് പ്രകടിപ്പിച്ചെങ്കിലും ജോണിച്ചനു കൂസലേതുമുണ്ടായില്ല. എത്രയിടത്ത് പോയി ‘വിഴുങ്ങി’ പോന്നു! എന്നിട്ട് തിരിച്ചു വന്നു ഒരു ചളിപ്പുമില്ലാതെ വേണ്ടെന്ന് വിളിച്ചറിയിക്കുക! കാണാന്‍ കൊള്ളാവുന്ന പെണ്ണാണെങ്കില്‍ വേറെ എന്തെങ്കിലും കാരണമാണെന്നെങ്കിലും വിചാരിച്ചുകൊള്ളും. തൊലിവെളുപ്പ് കുറഞ്ഞവരാണെങ്കിലോ? അവരുടെ ഒരു മാനസികാവസ്ഥ… കാണിക്കുന്നതിലെ ഔചിത്യമില്ലായ്മ എല്ലാവര്‍ക്കും ഒരേസമയം അനുഭവപ്പെട്ടു.

പെണ്ണുകാണല്‍ സംഘത്തിലേയ്ക്ക് അംഗങ്ങള്‍ മാറിമാറി വന്നുകൊണ്ടിരുന്നു.

തുടര്‍ന്നുള്ള ഒരു പെണ്ണുകാണല്‍ ചടങ്ങിനിടയിലാണ് ജോണിച്ചന് ആദ്യമായി തിരിച്ചടി നേരിടുന്നത്. തുല്യതയുടെ നാളുകളാണെന്നും ആണ്‍-പെണ്‍ വിവേചനമില്ലെന്നുമുള്ള പെണ്‍കുട്ടിയുടെ വാക്കുകള്‍ ജോണിച്ചനെ ചൊടിപ്പിച്ചു.

ചോദ്യങ്ങളുടെ ഒരു പെരുമഴയായിരുന്നു, പിന്നീട്. ‘എക്സ്പീരിയന്‍സ്?’

വിയര്‍ത്തുപോയി. എക്സ്പീരിയന്‍സ്…. സമനിലവീണ്ടെടുക്കാന്‍ ശ്രമിക്കവെ ജോണിച്ചന്‍ പറഞ്ഞു:

‘അഞ്ചു വര്‍ഷം’

‘വയസ്സ്….?’

ജോണിച്ചന്‍ കൂടുതല്‍ വിയര്‍ത്തു. അടച്ചിട്ട മുറിയിലാണ് സംസാരം എന്നതിനാല്‍ സ്വന്തക്കാരുടെ മുന്‍പില്‍ ആക്ഷേപിക്കപ്പെട്ടില്ലെന്നത് ആശ്വാസമായി.

‘ആകെ ഒരു പരുങ്ങലാണല്ലൊ… വയസ്സെത്രയാണെന്നല്ലേ ചോദിച്ചുള്ളു… അവനവന്‍റെ വയസ്സറിയില്ലേ?’

‘ഉവ്വ്… ഇല്ല.’

ഉവ്വ് ഇല്ലന്നോ. അതെന്തുത്തരമാ?

‘ …………. ‘

‘എന്നാല്‍ പോട്ടെ, ശമ്പളം? കഞ്ഞി കുടിച്ചു കഴിയണല്ലോന്നു കരുതി ചോദിച്ചതാ?’

ജോണിച്ചന്‍റെ അടിവസ്ത്രത്തില്‍ മൂത്രത്തുള്ളികള്‍ നനവ് പടര്‍ത്തി.

ശമ്പളം എത്രയെന്ന്… ആരും ചോദിക്കാത്ത ചോദ്യത്തിന് ഒരു പെണ്ണിന്‍റെ മുന്പില്‍ അടിയറവ് പറയേണ്ടി വരികയെന്ന് വന്നാല്‍… അതും പെണ്ണുകാണലിന് ചെന്ന പെണ്ണിന്‍റെ മുന്പില്‍!

‘ഈ ബന്ധം ഏതായാലും നമ്മുക്ക് വേണ്ട… എന്തോ ഒരു പന്തികേട് മണക്കുന്നു.’ പടിയിറങ്ങുമ്പോള്‍ മുതിര്‍ന്നവരില്‍ ഒരാള്‍ പറഞ്ഞു. എന്നിട്ട് തുടരുന്നുണ്ടായിരുന്നു: ‘ചെന്ന് കയറിയപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു: ഒരടുക്കും ചിട്ടയുമില്ലാത്ത കൂട്ടര്‍…’

ഹൊ… ആശ്വാസമായി. ദൈവമുണ്ടെന്നതിന് ഇതില്‍പരം തെളിവില്ല. അല്ലെങ്കില്‍ രഹസ്യ സംഭാഷണങ്ങള്‍ വരുത്തിവച്ച കുടുക്കുകളില്‍നിന്ന് വിടുതല്‍ നേടാന്‍ അമ്പേ പണിപ്പെടേണ്ടി വരുമായിരുന്നു! ദീര്‍ഘശ്വാസം വിടുമ്പോള്‍ ജോണിച്ചന്‍ ഓര്‍ത്തു: ഒന്നൊക്കുമ്പോള്‍ ഒന്നൊക്കില്ല… നിബന്ധനകളുടെ എണ്ണത്തിനും ഒട്ടും കുറവില്ലല്ലൊ!

പതിനാലാം സ്ഥലം. ഇനിയൊരു മുഖത്തടി ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. തിരിച്ചടി കിട്ടിത്തുടങ്ങിയിരിക്കുന്നു. ഈശോമിശിഹാ ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ് ജോണിച്ചനുള്ള ധൈര്യം. മൂന്നു പ്രാവശ്യം വീണിടത്തുനിന്നു എഴുന്നേല്‍ക്കുകയും ചെയ്തു… അപ്പോള്‍ ഒരു പ്രാവശ്യം ഒന്നുമല്ല…

കാല്‍വരിയിലേക്കുള്ള യാത്രാവഴിയിലാണ് ഇപ്പോള്‍! കരുക്കള്‍ ശ്രദ്ധാപൂര്‍വം നീക്കണം.

‘നീ ഇന്നെങ്കിലും ഒന്നു പള്ളീ പോയിട്ടു പോയെന്‍റെ ജോണിച്ചാ…’ അമ്മയുടെ ശബ്ദം ചെവികളിലേയ്ക്ക് അരിച്ചെത്തി.

‘അമ്മ പറഞ്ഞാല്‍ അച്ചട്ടമാ… പള്ളീ പോയിട്ടു തന്നെ കാര്യം. ഇനി അതിന്‍റെ കുറവാണെന്ന് പറയില്ലല്ലോ’

‘ഇതുവരെ പറയാത്തതുകൊണ്ടാ!’

‘എന്‍റെ ഗീവര്‍ഗീസ് പുണ്യാളാ, ഇത്തവണയെങ്കിലും…’

പോര്‍ട്ടിക്കോവില്‍ സമ്പന്നതയുടെ നേര്‍സാക്ഷ്യം വിളിച്ചോതി പുതുപുത്തന്‍ ‘ബെന്‍സ്’. സീലിംഗ് ഫാനിന്‍റെ ആവാഹിച്ചെടുക്കലില്‍ വിതറിവീശുന്ന എയര്‍ കണ്ടീഷന്‍ണ്ട് മുറിയിലെ സുഖശീതളിമയില്‍ ലയിച്ചിരുന്നു പോകവെ….

‘ഇനിയുള്ള കാര്യങ്ങള്‍ കാപ്പി കുടിച്ചിട്ടായാലോ…’ ഭവ്യതയുടെ ചെപ്പ് തുറന്നുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

‘ആവാം… ഇയാളെന്തു ചെയ്യുന്നു?’ സംഘത്തിലൊരാള്‍ മുറിയാകെ പരന്ന നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് ആരാഞ്ഞു.

‘ഡിഗ്രി കഴിഞ്ഞു. എംബിഎ യ്ക്കു ചേരണമെന്ന് കരുതിയിരിക്കുന്നു…’ പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ പറഞ്ഞു.

നിരത്തിവച്ചിരിക്കുന്ന പലഹാര ഇനങ്ങളില്‍ കണ്ണുകള്‍ പതിയവെ ജോണിച്ചന്‍ കശുവണ്ടി ഒരെണ്ണം എടുത്തു. ഒരെണ്ണം കൂടി… പിന്നെ ഒരെണ്ണം കൂടി… അത് തുടരുന്നതിലെ അഭംഗി ജോണിച്ചനെ ഒരു കേക്കു കഷണമെടുക്കാന്‍ നിര്‍ബന്ധിതനാക്കി.

‘ഇതെടുത്തില്ലല്ലോ… ഹോം മേഡാ. മോളുണ്ടാക്കിയതാ…’

സ്നേഹവായ്പ്പ് അതിര് കടന്നപ്പോള്‍ അരിയുണ്ട ഒരെണ്ണമെടുത്തു. വായിലും കൊള്ളില്ല കയ്യിലും കൊള്ളില്ല എന്ന അവസ്ഥ. അത് തിരികെ വയ്ക്കാന്‍ ശ്രമിക്കുമ്പോഴുണ്ടായ ജാള്യത അളക്കാവുന്നതിലേറെയായിരുന്നു. മറ്റുള്ളവരിലെ ഭാവപ്രകടനങ്ങള്‍ ജോണിച്ചന്‍റെ മുഖത്ത് ചമ്മലിന്‍റെ ചായം പടര്‍ത്തി.

‘ഹൊ… എന്തൊരാശ്വാസം!’ ജോണിച്ചന്‍ അറിയാതെ ഉള്ളില്‍ പറഞ്ഞുപോയി.

‘കുറച്ചൊരു കടുപ്പം കൂടിപ്പോയെന്ന് മോള് പറയുന്നുണ്ടായിരുന്നു… കഴിക്കാന്‍ ബുദ്ധിമുട്ടായി അല്ലേ? വയ്ക്കേണ്ടെന്ന് മോളോട് പറഞ്ഞതാ… അപ്പോ അവള്‍ക്കൊരേയൊരു നിര്‍ബന്ധം… പണിപ്പെട്ടൊണ്ടാക്കിയിട്ട് വച്ചില്ലെങ്കില്‍ വിഷമമാകുമെന്ന്!’ അത് പറയുമ്പോള്‍ ഒളിച്ചുവച്ച എന്തോ ഒന്നു പുറത്തുപറയാന്‍ വൈമനസ്യപ്പെടുന്നതുപോലെ.

‘ഞങ്ങള്‍ക്കു സംസാരിക്കാന്‍ ഇനിയും അവസരം തന്നില്ലല്ലോ. ഇനിയങ്ങോട്ട് ഒരുമിച്ച് ജീവിക്കേണ്ടവരല്ലേ ഞങ്ങള്‍…’

പെണ്‍കുട്ടിയുടെ വാക്കുകള്‍ ജോണിച്ചനെ ആശ്ചര്യപ്പെടുത്തി. എങ്കിലും ഓര്‍ത്തു… കാലത്തിനു ചേര്‍ന്ന, തന്‍റേടിത്തം കൈമുതലായുള്ള പെണ്ണ്. ഇമ്മാതിരി ചുറുചുറുക്കൊക്കെ വേണം പെണ്ണുങ്ങളായാല്‍ ഇക്കാലത്ത്… അല്ലാതെ പമ്മിക്കൂടിയിരിക്കുകയല്ല വേണ്ടത്.

‘അങ്ങനെ വേണമല്ലോ. അതാണതിന്‍റെ നടപടിക്രമം.’ സംഘത്തിലെ മുതിര്‍ന്ന അംഗം പിന്താങ്ങി.

തമ്മില്‍തമ്മില്‍ സംസാരിച്ചിരിക്കവേ പെണ്‍കുട്ടി ആരാഞ്ഞു:

‘ഏത് കോളേജീന്നായിരുന്നു ബി ടെക്?’

ജോണിച്ചന്‍ കോളേജിന്‍റെ പേര് പറഞ്ഞു.

‘അങ്ങനൊരു കോളേജോ? അതെവിടെയാ?’

സ്ഥലപ്പേര് പറയുമ്പോള്‍ ജോണിച്ചനു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു.

‘അപ്പോള്‍ എന്‍ട്രന്‍സില്‍ നല്ല റാങ്കൊന്നും കിട്ടിയില്ല?’

കിട്ടിയെന്നോ ഇല്ലെന്നോ പറയാതെ ജോണിച്ചന്‍ ചോദ്യാവലിയിലേക്ക് കടന്നപ്പോള്‍ അവള്‍ പറഞ്ഞു:

‘ഹയര്‍ സ്റ്റുഡീസിന് പോകണം… ബാംഗ്ലൂരില്‍. അവിടെ പി ഏച്ച് ഡിയ്ക്കു അഡ്മിഷന്‍ കിട്ടി.’

‘അപ്പോള്‍…!’

‘അപ്പോളെന്നാ, ഒന്നുമില്ല… ഇവിടടുത്തൊരു കുട്ടിയെ പെണ്ണുകാണാന്‍ വന്നിരുന്നു, അല്ലേ… ആന്‍സി? അവളെന്‍റെ ഒന്നാം ക്ലാസ്സ് തൊട്ടുള്ള കൂട്ടുകാരിയാ.’

‘ഉവ്വ് വന്നിരുന്നു.’

‘എന്താ പിന്നെ വേണ്ടെന്ന് വച്ചത്? നല്ല നിറമൊക്കെ ഉണ്ടായിരുന്നല്ലോ… മയങ്ങിവീഴാന്‍ പോന്നത്ര! ഞങ്ങളൊക്കെ വിളിച്ചിരുന്നത് സുന്ദരിക്കോതേന്നാ’

അവളുടെ ഇടത്കണ്ണില്‍ തിരയിളകിയ കണ്ണടയല്‍ സ്നേഹത്തിന്‍റെ പ്രതീകമായി ജോണിച്ചനു തോന്നി. അങ്ങനെയൊന്ന് തിരിച്ചു നല്കാന്‍ കാലം തെറ്റി വരുന്ന തന്‍റെ കണ്ണടയലിന് കഴിയാതെ പോയതിന്‍റെ വ്യസനത്തില്‍ ജോണിച്ചന്‍ കിടന്നുലഞ്ഞു.

‘കഴിഞ്ഞില്ലേ സംസാരം? കൊറച്ചെങ്കിലും ബാക്കിവെച്ചേക്കണം. മുന്നോട്ടും സംസാരിക്കേണ്ടവരാ!’ പാതി ചാരിയ വാതില്‍പ്പാളികള്‍ക്കിടയിലൂടെ കടന്നെത്തിയ പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ വീര്‍പ്പുമുട്ടലില്‍നിന്ന് അവര്‍ക്ക് വിടുതല്‍ നല്കി.

‘ഇനിയുള്ള കാര്യങ്ങള്‍?’ ജോണിച്ചന്‍റെ അമ്മയുടെ ചോദ്യം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകുന്നത് ആരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.

ഒരു നിഗൂഢത അവിടമാകെ വ്യാപരിക്കുന്നതായി ജോണിച്ചനു തോന്നി. ആ വിചാരത്തോടെ നോക്കിക്കണ്ടതുകൊണ്ടുമാവാം എന്നു അടുത്ത നിമിഷത്തില്‍ തോന്നുകയും ചെയ്തു.

‘വിവരത്തിന് ഫോണ്‍ ചെയ്യാം.’ പെണ്ണിന്‍റെ അമ്മ പറഞ്ഞു.

‘കുറച്ചുകൂടി ഒരു സൂചന കിട്ടിയിരുന്നെങ്കില്‍.’ ജോണിച്ചന്‍ ആശിച്ചു.

പെണ്‍കരുത്തില്‍ വിളറിപ്പോയതോര്‍ക്കവെ, വിവാഹാലോചന അലസിപ്പോയാലും തരക്കേടില്ലെന്നുവരെ ഒരു നിമിഷം ജോണിച്ചനു വെറുതെ തോന്നി.

‘ഈ നാറ്റക്കേസു കൊണ്ടുവന്നതാരാണോ എന്‍റെ പൊന്നുംകുരിശ് മുത്തപ്പാ… കണ്ടല്ലൊ ജോണിമോനെ, എല്ലാം തെകഞ്ഞതിന്‍റെ കേമം! ചേരുന്നതേ ചേര്‍ക്കാവൂ.  എന്നു പറയുന്നതിതുകൊണ്ടാ… പെണ്ണിന്‍റെ പെടപെടപ്പ് കണ്ടില്ലേ..പഠിപ്പിന്‍റെ കൂടുതല്. അല്ലാണ്ടെന്നാ… അവന്‍റെ ഒരു പൂവും പൂ പോലത്തെ നിറവും!’ സംഘത്തിലെ മുതിര്‍ന്ന അംഗം പറഞ്ഞ വാക്കുകളുടെ മാറ്റൊലി അന്തരീക്ഷത്തില്‍ മുഴങ്ങിനിന്നു.

‘ഇതെങ്കിലും നടന്നാല്‍ മതിയായിരുന്നെന്‍റെ വേളാങ്കണ്ണി മാതാവേ… പ്രതീക്ഷ കൈവെടിയാതെയുള്ള വിലാപം ജോണിച്ചന്‍റെ ഉള്ളില്‍ അലയടിച്ചുകൊണ്ടിരുന്നു.

ബന്ധുമിത്രാധികള്‍ ആശ്ചര്യപൂര്‍വം ചോദിക്കുന്നതു ജോണിച്ചന്‍ ഭാവനയില്‍ കാണുകയായിരുന്നു, അപ്പോള്‍:

‘എല്ലാം പ്ലാന്‍ഡു ആയിരുന്നു. ഞങ്ങളെയൊക്കെ നോക്കുകുത്തികളാക്കിക്കൊണ്ടു അല്ലേ?’

‘ഇതുപോലുള്ള നിബന്ധനകള്‍ പെണ്‍വീട്ടുകാര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഇവന്‍ ഈ നില്‍പ്പിവിടെ നിന്നുപോകുവല്ലേയുള്ളായിരുന്നു’ എന്നു ഇതിനിടയ്ക്ക് സെന്നിച്ചന് തോന്നുകയും ചെയ്തു.

ബെംഗ്ലൂരുവിലേക്ക് കുടിയേറണം. അവളുടെ പഠനത്തിന്‍റെ ആദ്യനാളുകളില്‍ത്തന്നെ ഒരു ജോലി കണ്ടെത്തണം. ബെംഗ്ലൂരുവിലാകുമ്പോള്‍ അതൊന്നും ഒരു പ്രശ്നമേയല്ല. ബി ടെക് അത്ര കുറഞ്ഞ യോഗ്യതയുമല്ല. ഓഫ് കാമ്പസ് ആയി എംബിഎയ്ക്കു ചേരണം… പിന്നെ കേമിയാകാന്‍ ഒരു ശ്രമം നടത്തിയത്… അത് കാലത്തിന്‍റെ ഒഴുക്കില്‍ തേഞ്ഞ്മാഞ്ഞില്ലാതായിക്കൊള്ളും.

സെന്നിച്ചന്‍റെ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടു ജോണിച്ചനില്‍ ആവേശത്തിരയിളകി.

‘സെന്നിച്ചനല്ലെ… പെണ്ണ് കാണാന്‍ വന്ന?’

‘അതെ…’

‘ആ ആലോചന ഞങ്ങള്‍ വേണ്ടെന്ന് വെക്കുവാ… പെണ്ണിന്‍റത്ര പഠിത്തം പോലുമില്ലാത്ത ഒരാളുമായി…പിന്നെ ആറടി പൊക്കമുണ്ടെന്നല്ലാതെ എന്തു മേന്മയാ, ചെറുക്കനു?’

മോഹിച്ച വാക്കുകള്‍ കേള്‍ക്കാന്‍ കഴിയാത്തതിന്‍റെ വ്യസനത്തില്‍ തൊട്ടടുത്തായി നിന്നിരുന്ന ജോണിച്ചന്‍ തുടര്‍ സംസാരത്തിന് ചെവികൊടുക്കാതെ അകലങ്ങളിലേയ്ക്ക് നടന്നു. വ്യക്തതയോടെയല്ലെങ്കിലും മുറിഞ്ഞുമുറിഞ്ഞെത്തുന്ന വാക്കുകള്‍ക്ക് സ്വരച്ചേര്‍ച്ചയില്ലായ്മയുടെ സ്വരമായിരുന്നു.

‘കൊറേ പെണ്ണുങ്ങളെ കണ്ടു നടന്ന സുന്ദരനല്ലെ…! ആ സുന്ദരനെ ഒന്നു കാണണമെന്നേ ഞങ്ങള്‍ക്കുമുണ്ടായിരുന്നുള്ളു.’

और कहानियां पढ़ने के लिए क्लिक करें...