കുളി കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പോകുവാൻ തയ്യാറാവുകയായിരുന്നു സുമിത്ര.

അദ്ധ്യയന ദിവസങ്ങളിൽ പുറത്തേക്കിറങ്ങാനൊന്നും സമയം കിട്ടാറില്ല. പി ജി ഫൈനലിയറായതുകൊണ്ട് വായനയും നോട്ട്സ് എഴുതലും ഒക്കെയായി ആകെ തിരക്കായിരിക്കും.

അന്ന് അവധിയായതുകൊണ്ട് ക്ഷേത്രത്തിൽ പോകാമെന്ന് കരുതി. മറ്റുചില സ്നേഹിതകളും കൂട്ടിനുണ്ട്.

അടഞ്ഞുകിടക്കുന്ന വാതിലിൽ ആരോ മുട്ടുന്നു. വെള്ളം ഇറ്റുവീണുകൊണ്ടിരുന്ന മുടിയിൽ ചീപ്പ് തിരുകിവെച്ചുകൊണ്ട് സുമിത്ര വാതിൽ തുറന്നു.

ഹോസ്റ്റലിലെ തൊട്ടടുത്തമുറിയിലെ സ്നേഹിത ധന്യ

“അനുശ്രീ എവിടെ സുമീ “നനുത്ത പുഞ്ചിരിയോടെ അവളന്വേഷിച്ചു.

“അനു അവളുടെ വീട്ടിൽ പോയിരക്കയാണല്ലോ”

“ആണോ, അവളുടെ ചേട്ടൻ കാണാൻ വന്നിട്ടുണ്ട്. പുള്ളി റിസപ്ഷനിൽ ഇരിക്കുകയാ. എന്നെ കണ്ടപ്പോൾ അനുവിനെ വിവരമറിയിക്കാൻ പറഞ്ഞു”

“അവളിന്ന് കാലത്തേ വീട്ടിപ്പോയി. ഇനിയിപ്പോള്‍ എന്തുചെയ്യും?”

“എങ്കിൽ നീ ഒരു കാര്യം ചെയ്യ്, ഒന്നുചെന്ന് അയാളെ വിവരമറിയിച്ചേക്ക്. എനിക്ക് തിങ്കളാഴ്ച ഒരു ടെസ്റ്റുള്ളതാ”

അത്രയും പറഞ്ഞ് ധന്യ തിരിഞ്ഞു നടന്നുകളഞ്ഞു.

സുമിത്ര ഒരു നിമിഷം വിഷണ്ണയായിനിന്നു. ആ ചുമതല തന്നെ ഏല്പിച്ചിട്ട് ധന്യ കടന്നുകളഞ്ഞിരിക്കുന്നു.

ഇനിയിപ്പോൾ…. അനുവിന്‍റെ ഏട്ടനെ അഭിമുഖീകരിക്കുന്ന കാര്യമോർത്തപ്പോൾ ആകെ ഒരു വല്ലായ്മ.

അനുവിന്‍റെ സംഭാഷണങ്ങളിൽ പലപ്പോഴും അവളുടെ ഏട്ടൻ പ്രധാന കഥാപാത്രമായി കടന്നുവരാറുണ്ട്. എന്തിലും സ്വന്തമായി ചില പ്രത്യേക അഭിപ്രായങ്ങൾ ഉള്ളവനാണ് അയാളെന്ന് അനു പറയുന്നത് കേൾക്കാം. മോഡേൺ ഗേൾസ് എന്ന വിഭാഗത്തോട് ഒരു തരം കലിപ്പാണത്രെ അയാൾക്ക്.

അനുവിന്‍റെ അച്ഛനുമമ്മയും അയാളെ വിവാഹത്തിന് നിർബ്ബന്ധിക്കുന്നുണ്ടത്രെ. എന്നാൽ അയാൾ വഴങ്ങുന്ന മട്ടില്ലെന്നാണ് അനുവിന്‍റെ പരാതി.

തനിക്ക് എന്തുകൊണ്ടും ഇണങ്ങുന്ന ജീവിതപങ്കാ‍ളിയെ (അത് വല്ല മലമൂട്ടുകാരിയും ആയേക്കുമോ എന്നാണ് അനുവിന്‍റെ ആശങ്ക) കണ്ടെത്തിയാൽ മാത്രമേ അയാൾ വിവാഹിതനാകുകയുള്ളുപോലും.

അനു അങ്ങനെ വാതോരാതെ സംസാരിക്കും. അധികവും അവളുടെ ഏട്ടനെപറ്റി തന്നെ.

മോഡേൺ ഗേൾസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവരെ കുറിച്ച് അയാളുടെ പരിഹാസം കലർന്ന പരാമർശങ്ങൾ അനു വിസ്തരിക്കുന്നത് കേൾക്കുമ്പോൾ സുമിത്ര ക്ഷമയുടെ നെല്ലിപ്പടിവരെ കണ്ടുപോകും. ഇടക്കവൾ കലിമൂത്ത് അനുവിനോട് കയർക്കാറുമുണ്ട്.

“എന്‍റെ സുമീ, നീയെന്തിനാ എന്നോട് ചൂടാകുന്നേ. ഈ പറഞ്ഞതൊക്കെ എന്‍റെ അഭിപ്രായമാണോ? അല്ലല്ലോ. എല്ലാം എന്‍റെ ഏട്ടനവർഹളുടേതല്ലേ? നിന്നെപ്പോലെ ഒരു പാവം പെണ്ണല്ലേ ഈയുള്ളവളും?” അനു ചിരിക്കും കവിളിൽ നുണക്കുഴികൾ വിരിയിച്ചുകൊണ്ട്.

സൗമ്യശീലയായ അനുവിനെങ്ങനെ ഇത്രക്ക് കർക്കശക്കാരനായ ഒരു സഹോദരനെന്ന് അപ്പോഴെല്ലാം ഓർക്കാറുണ്ട്. പക്ഷെ ഇങ്ങനെ ഒരു മുഖാമുഖത്തെകുറിച്ച് അപ്പോഴൊന്നും വിചാരിച്ചിരുന്നതേയില്ല.

അനു തന്നെക്കുറിച്ച് എന്തെങ്കിലും അയാളോടും പറഞ്ഞുകാണുമോ? അയാളുടെ ചില വേറിട്ട സ്വഭാവങ്ങളെക്കുറിച്ച് പരിഹസിക്കാറുള്ളതും മറ്റും…

എങ്കിൽ… ഈശ്വരാ.

വല്ലാത്തൊരു ഊരാക്കുടുക്കിലാണല്ലോ ചെന്നുപെട്ടിരിക്കുന്നത്. ഇനി… എന്തായാലും ആ മനുഷ്യന്‍റെ മുന്നിൽ ചെന്ന് നിന്നല്ലേപറ്റൂ. അനുവിന്‍റെ ഉറ്റസ്നേഹിത എന്ന നിലക്ക് അനു വീട്ടിൽ പോയിരിക്കുന്ന വിവരം അയാളെ അറിയിക്കേണ്ട ചുമതല ഒഴിവാക്കാനും ആവില്ലല്ലല്ലോ.

സുമിത്ര മടുപ്പോടെ കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്നു. മുടിചീകി മെടഞ്ഞിട്ടു. നെറ്റിയിലൊരു പൊട്ടും തൊട്ടു. കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം വേഷം അപ്പാടെ ഒന്ന് ശ്രദ്ധിച്ചു. ഉടുത്തിരിക്കുന്നത് ഓറഞ്ച് നിറത്തിലുള്ള സാരിയാണ്.

അനുവിന്‍റെ വാക്കുകൾ ഓർമ്മ വന്നു അപ്പോൾ. ടെക്സ്റ്റൈൽ ഷോപ്പിൽനിന്ന് കടുംനിറത്തിലുള്ള ചുരിദാറും മറ്റും വാങ്ങുമ്പോൾ അനു പറയുന്നത് കേൾക്കാം. “ഷോപ്പിംഗിന് ഏട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ ചെവിപിടിച്ച് പൊന്നാക്കിയേനെ” എന്ന്.

അനുവിന്‍റെ ഏട്ടനു ഇളം നിറങ്ങളാണ് ഇഷ്ടമത്രെ. സുമിത്ര വീണ്ടും കണ്ണാടിയിലേക്ക് നോക്കി. ഓറഞ്ച് നിറത്തെപറ്റി അനുവിന്‍റെ ഏട്ടന്‍റെ അഭിപ്രായം എന്തായിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചു.

അടുത്തനിമിഷം അവൾ ചുണ്ടുകോട്ടി, മുഖം കൂർപ്പിച്ചു കൊണ്ടോർത്തു. അയാളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് വെറുതെ എന്തിന് വേവലാതിപ്പെടണം. ക്ഷേത്രത്തിൽ പോകാനുള്ള സമയമാ‍ണ് വെറുതെ പാഴാകുന്നത്. മഴ പൊടിയാനും തുടങ്ങിയിരിക്കുന്നു. സുമിത്ര മുറി വാതിൽ ചാരിയടച്ച ശേഷം റിസപഷനിലേക്ക് നടന്നു.

വാതിൽക്കലെത്തിയപ്പോൾ ശ്രദ്ധിച്ചു, നിമിഷങ്ങളെണ്ണുമ്പോലെ വാച്ചിലേക്ക് നോക്കിയിരിക്കുന്ന അനുവിന്‍റെ ഏട്ടന്‍റെ മുഖത്തെ അക്ഷമ. അനുവിന്‍റെ അതേ മുഖച്ഛായ. ഒരു വ്യത്യാസം മാത്രം അനുവിന്‍റെ മുഖത്തെപ്പോഴും ചിരിയാണെങ്കിൽ ഈ മുഖത്തൊരു ഗൗരവഭാവം.

അയാളിരിക്കുന്നതിന്‍റെ എതിർവശത്തുള്ള സോഫയുടെ പിറകിൽ നിന്നുകൊണ്ട് അവൾ മന്ത്രിച്ചു. “ഗുഡ് ഇവ്നിംഗ്.”

അയാൾ പെട്ടെന്ന് ശിരസ്സുയർത്തി “ഗുഡ് ഇവ്നിംഗ്” അപരിചിതത്വത്തിന്‍റെ അകൽച്ച വ്യക്തമാക്കുന്ന മുഖഭാവം.

“ഞാൻ അനുവിന്‍റെ റൂമേറ്റാണ്. സുമിത്ര”

“ഓ, അപ്പോൾ ആ ഫോട്ടോയിൽ… അനുവിന്‍റെ കൂടെ…”

അയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകാതെ സുമിത്ര ചോദിച്ചു. “എന്താ?”

“ഒന്നുമില്ല… അനു എവിടെ…”

“അനു ഇന്ന് രാവിലെ വീട്ടിലേക്ക് പോയല്ലോ”

“ഞാനിന്ന് അവളെ കാണാൻ വരുമെന്ന് ഞാൻ വിളിച്ച് പറഞ്ഞതാണല്ലോ. അപ്പോൾ അവളിവിടെ ഉണ്ടാകുമെന്നും പറഞ്ഞു. എന്നിട്ടുമിങ്ങനെ പെട്ടെന്ന് വീട്ടിൽ പോകാൻ…. അവൾക്ക് അസുഖമെന്തെങ്കിലും…..?” അയാളുടെ മുഖം ആശങ്കാകുലമായി

“ഹേയ്, അസുഖമൊന്നുമില്ല.”

“പിന്നെയിങ്ങനെ…”

അതാണല്ലൊ തനിക്കും അറിയാത്തത് എന്ന് ചിന്തിച്ചുകൊണ്ട് സുമിത്ര മൗനം പാലിച്ചു.

“വൺ സെക്കെന്‍റ്” മൊബൈലിൽ വിരൽ ചലിപ്പിച്ചു കൊണ്ടയാൾ പറഞ്ഞു.

പിന്നെ നിരാശയോടെ ഇങ്ങനെയും “അനുവിന്‍റെ ഫോൺ സ്വിച്ച്ഡോഫ്”

മൂകമായ നിമിഷങ്ങൾ കടന്നുപോയി. പുറത്ത് ചാറിനിന്ന മഴ കൂടുതൽ ശക്തമായി.

കാറ്റിൽ മഴയുടെ ചെറുകണങ്ങൾ അകത്തേക്ക് പാറിവീണു. ഈ മഴയത്തെങ്ങനെ പുറത്തിറങ്ങും. ക്ഷേത്രത്തിലേക്കിന്ന് പോകാൻ കഴിയുമെന്ന് തോന്നുന്നില്ല. സുമിത്ര നിരാശയോടെ പുറത്തേക്ക് നോക്കിനിന്നു.

“അവളെന്ന് തിരിച്ചെത്തുമെന്നാണ് പറഞ്ഞത്?”

“നാളെ രാവിലെ”

“ശരി, അവളോട് ഞാൻ വന്നിരുന്നെന്ന് പറഞ്ഞേക്കൂ‍. ഞാനും വിളിക്കുന്നുണ്ടാകും” അയാൾ പോകാനായി എഴുന്നേറ്റു.

പുറത്ത് മഴയുടെ താളം കൂടുതൽ മുറുകിയിരിക്കുന്നു. സുമിത്ര ശ്രദ്ധിച്ചു. കാർ പാർക്കു ചെയ്തിരിക്കുന്നത് ഹോസ്റ്റലിന്‍റെ ഗേറ്റിന് പുറത്താണ്.

അനുവിന്‍റെ ഏട്ടൻ പുറത്തേക്കുള്ള വാതിലിന് അടുത്തെത്തി കഴിഞ്ഞിരിക്കുന്നു. കയ്യിൽ കുടയില്ല

“ഈ മഴയത്തെങ്ങനെ പോകും? നിൽക്കൂ, ഞാനിപ്പോൾ കുട കൊണ്ടുവരാം.” സുമിത്ര അറിയാതെ അവളുടെ ചുണ്ടുകളിൽ നിന്നും വാക്കുകൾ അടർന്നുവീണു.

“എന്താ പറഞ്ഞത്”

“ഈ മഴയത്ത് നിങ്ങൾ… ഞാനിപ്പോൾ കുട കൊണ്ടു വന്നുതരാം.”

മറുപടിക്ക് കാത്തുനിൽക്കാതെ സുമിത്ര മുറിയിലേക്ക് നടന്നു. കഴിയുന്നതും വേഗത്തിൽ കുടയുമായെത്തി.

“ഞാനിത് വാച്ചുമാനെ ഏല്പിച്ചേക്കാം… പോരെ.” അയാളുടെ മുഖത്തപ്പോൾ വിടർന്ന പുഞ്ചിരി സുമിത്രയെ അത്ഭുതപ്പെടുത്തി. കവിളിലെ നുണക്കുഴിയുടെ തിരനോട്ടം അനുവിനെ ഓർമ്മിപ്പിക്കുകയും ചെയ്തു.

മഴതോരാതെ നിന്നതുകൊണ്ട് സുമിത്രയുടേയും സ്നേഹിതകളുടേയും ക്ഷേത്രത്തിൽ പോക്കും മുടങ്ങി.

പിറ്റേന്ന് ഞാറാഴ്ച വൈകുന്നേരമായപ്പോഴാണ് അനു തിരിച്ചെത്തിയത്.

അനുവിനെ കണ്ടയുടനെ സുമിത്ര അറിയിച്ചു. “ഇന്നലെ നിന്‍റെ ചേട്ടൻ നിന്നെക്കണാൻ വന്നിരുന്നു. വരുന്ന വിവരം നിന്നെ അറിയിച്ചിരുന്നു എന്നാണല്ലോ പറഞ്ഞത്. എന്നിട്ട് നീയെന്താ മുങ്ങിക്കളഞ്ഞത്?”

അനുവപ്പോൾ മറുപടി നൽകാതെ കുടുകുടെ ചിരിച്ചു.

“നീയക്കാര്യം മറന്നുപോയോ”

“ഇല്ലല്ലോ” അനു അപ്പോഴും നിർത്താതെ ചിരിച്ചു. കുറുമ്പ് നുരകുത്തുന്ന കള്ളച്ചിരി

സുമിത്രയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു “പിന്നെ… നിന്‍റെ ഏട്ടൻ നിന്നെ വിളിക്കാൻ നോക്കിയപ്പോൾ നിന്‍റെ ഫോൺ സ്വിച്ഡോഫിലും…”

ഷോൾഡർ ബാഗിൽ നിന്ന് സുമിത്രയുടെ കുടയെടുത്ത് അവൾക്ക് നീട്ടി അനു “ഇതാ നിന്‍റെ കുട”

“ഇത്…..ഇതെങ്ങനെ….” സുമിത്രക്ക് അത്ഭുതമായി.

“അതൊരു നീണ്ട കഥയാ മോളേ” അനുവിനപ്പോഴും ചിരി.

“ചോദിച്ചതിന് മറുപടി പറയെന്‍റെ അനൂ. വെറുതെ കിടന്ന് ചിരിക്കാതെ…”

“ശരി, ഞാനിവിടെ നിന്ന് കടന്നുകളഞ്ഞതേയ് ഏട്ടൻ നിന്നെ ശരിക്കൊന്ന് കണ്ടോട്ടെ എന്ന് കരുതിയാ”

“എന്നെയോ. എന്തിനാ എന്നെ കാണുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല. ഒന്ന് തെളിച്ചു പറയെന്‍റെ അനൂ”

“എന്നാൽ ശ്രദ്ധിച്ച് കേട്ടോ.” അനു അല്പം ഗൗരവം അഭിനയിച്ചുകൊണ്ട് തുടർന്നു.” ഞാൻ നിന്‍റെ കാര്യം കുറച്ചു തവണയായി ഏട്ടനോട് റെക്കമെന്‍റ് ചെയ്യുന്നു. ഏട്ടന് മാത്രം എന്തോ ഒരു മടി. കഴിഞ്ഞ വർഷം എസ്കേർഷന് പോയപ്പോൾ നമ്മളൊരുമിച്ചെടുത്ത ഒരു ഫോട്ടോ കണ്ടതിന്‍റെ റിയാക്ഷൻ. നീ ഫാഷനബിൾ ആണെന്ന് മൂപ്പരങ്ങ് ധരിച്ചുവശായി.”

“എന്തിനുള്ള റെക്കമെന്‍റേഷൻ? എനിക്കൊന്നും മനസ്സിലാകുന്നില്ല” സുമിത്ര പരിഭവിച്ചു.

“ഞാനൊന്ന് പറഞ്ഞ് തീർക്കട്ടെ എന്‍റെ സുമീ. എന്തെല്ലാം പറഞ്ഞിട്ടും ഏട്ടന്‍റെ അഭിപ്രായം മാറുന്നില്ല. അങ്ങനെയങ്ങ് തോറ്റു കൊടുക്കില്ലെന്ന് ഈ ഞാനും. നിന്‍റെ മനസ്സൊരു കൊച്ചുമാലാഖയുടേതാണെന്ന് തെളിയിപ്പിച്ചേ അടങ്ങൂ എന്ന് എനിക്കും വാശി.”

“എന്തിനാ അനൂ… വെറുതെ…”

“വെറുതെയല്ല മോളേ, നിന്നെ എനിക്ക് അത്രക്കിഷ്ടമാ, എന്‍റെ അച്ഛനമ്മമാരുടെ ആഗ്രഹോം നീ അവരുടെ മരുമകളായി വരണമെന്നാ. നിന്‍റെ വീട്ടിലും എല്ലാവർക്കും ഈ ബന്ധം സമ്മതമാണ്.”

“ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ”

ഏട്ടന്‍റെ സമ്മതോം കൂടി കിട്ടിയിട്ട് നിന്നോട് ചോദിക്കാമെന്നും കരുതി ഇരിക്കുകയായിരുന്നു ഞങ്ങൾ. ഇന്നലെ ഏട്ടൻ ഇവിടെ വന്ന് നിന്നെ കണ്ടില്ലേ? നേരെ വീട്ടിലേക്കും വന്നു. എന്നോട് സമസ്താപരാധവും പറഞ്ഞ് നിരുപാധികം കീഴടങ്ങുകയും ചെയ്തു. ഏട്ടന് നിന്നെ കെട്ടാൻ നൂറുവട്ടം സമ്മതമാണത്രെ.”

സുമിത്രയുടെ മുഖം പെട്ടെന്ന് അരുണാഭമായി.

“സുമീ, പറയ്, നിനക്കെന്‍റെ ഏട്ടത്തിയമ്മയാകാൻ സമ്മതമല്ലേ.” അനു സുമിത്രയുടെ കുനിഞ്ഞുപോയ മുഖം പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു.

അവളുടെ ചുണ്ടുകളിൽ മെല്ലെ ഇതൾവിരിയാൻ തുടങ്ങിയ തൂമന്ദഹാസം അനുവിന്‍റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...