കാലത്തിന്‍റെ ചിലങ്ക കിലുങ്ങുന്നത് എങ്ങനെയാണെന്ന് ആർക്കും പറയാനാവില്ല. 1993ലെ കേരള യുവജനോത്സവത്തിൽ ഭരതനാട്യത്തിന് രണ്ടാം സ്‌ഥാനം നേടിയ ദീപാ കർത്തയ്‌ക്ക് അന്ന് മാറ്റുരയ്‌ക്കേണ്ടി വന്നത് മഞ്‌ജുവാര്യരോടായിരുന്നു. മഞ്‌ജു പിന്നീട് വെള്ളിത്തിരയിലെത്തി. ദീപ വർഷങ്ങൾക്കിപ്പുറം സിനിമയ്‌ക്ക് കൊറിയോഗ്രാഫി ചെയ്‌തു. കാവ്യാ മാധവനേയും അമലാ പോളിനേയും നൃത്തം പഠിപ്പിച്ചു. ഇന്ന് കേരളത്തിലെ ഏക കഥക് നൃത്ത അധ്യാപികയാണ് ദീപാ കർത്ത.
ഗുരുവന്ദനം
മൂന്നാം വയസ്സിൽ കലാക്ഷേത്ര ഉഷാ മേനോന്‍റെ കീഴിലാണ് ഞാൻ ആദ്യമായി ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയത്. പന്ത്രണ്ടു കൊല്ലത്തോളം ടീച്ചറുടെ കൂടെ പഠിച്ചു. പിന്നീട് ചെന്നൈയിൽ കലാക്ഷേത്ര എൻ. എസ്. ജയലക്ഷ്‌മി, കലാക്ഷേത്ര വിജയലക്ഷ്‌മി കൃഷ്‌ണ സ്വാമി എന്നിവരുടെ കീഴിൽ പഠനം തുടർന്നു. എന്നാൽ മോഹിനിയാട്ടത്തിൽ എന്‍റെ ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകൾ കലാ വിജയനായിരുന്നു. കുച്ചിപ്പുടി കലാമണ്ഡലം മോഹന തുളസിയുടെ കീഴിലാണ് അഭ്യസിച്ചിരുന്നത്.
കഥക് നൃത്ത പഠനം
എന്‍റെ നൃത്ത ക്ലാസിൽ കഥക് നൃത്തം പഠിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരു പാട് പേർ അന്വേഷിച്ചെത്തിയിരുന്നു. അങ്ങനെയാണ് കഥക് പഠിക്കണമെന്ന ആഗ്രഹം മനസ്സിലുദിക്കുന്നത്. പലപ്പോഴും നൃത്ത പരിപാടികൾക്കായി ഞാൻ ബാംഗ്ലൂർ പോകാറുണ്ടായിരുന്നു. അവിടെയുള്ള തുഷാർ ഭട്ട് എന്ന കഥക് ആർട്ടിസ്‌റ്റാണ് എന്നെ ആദ്യമായി കഥക് നൃത്തം പഠിപ്പിക്കുന്നത്. ഔറംഗബാദിലുള്ള പാർവ്വതി ദത്തയാണ് എന്‍റെ ഗുരു. കഴിഞ്ഞ കുറേ വർഷമായി കഥക് ചെയ്യുന്നു. ഒരു നോർത്തിന്ത്യൻ കലാ രൂപം പഠിക്കണമെന്ന ആഗ്രഹവും കഥക് പഠിക്കുന്നതിനു പിന്നിലുണ്ടായിരുന്നു.
കഥക് നൃത്തത്തിന്‍റെ പ്രത്യേകത
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ മൂന്ന് നൃത്ത രൂപങ്ങളുടേയും അടിസ്‌ഥാനം ഏകദേശം ഒരു പോലെയാണ്. അര മണ്ഡലം ഫോക്കസ് ചെയ്‌തുള്ള നൃത്ത രൂപങ്ങൾ ആണ്. എന്നാൽ കഥക് ഏറെ വ്യത്യസ്‌തമാണ്. സ്‌റ്റാൻഡിംഗ് പൊസിഷനിലാണ് കഥക് ചെയ്യുന്നത്. അഭിനയം കൂടുതലും ചടുതലയും കഥക് നൃത്തത്തിന്‍റെ പ്രത്യേകതയാണ്. കേരളീയർക്കിഷ്‌ടം ആളുകൾക്ക് വലിയ ബഹുമാനമാണ്. കാരണം ഒരു പാട് കാലമായി അവർ കണ്ടുകൊണ്ടിരിക്കുന്ന നൃത്ത രൂപങ്ങളിൽ നിന്ന് വ്യത്യസ്‌തമാണല്ലോ കഥക് നൃത്തം. സ്‌റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നത് കാണുവാനും പഠിക്കുവാനും ഇപ്പോൾ കൂടുതൽ ആളുകൾ വരുന്നുണ്ട്. കേരളത്തിൽ നിന്നുള്ളവരാണ് പഠിക്കുവാനായി എത്തുന്നവരിൽ കൂടുതലും.
നൃത്തം ഒരഭിനിവേശം
ഞാൻ ബി. എസി. മാത്തമാറ്റിക്‌സ് പഠിച്ചത് എറണാകുളം മഹാരാജാസ് കോളേജിലാണ്. അതിനു ശേഷം ഡി. എയ്‌ക്കു പോയെങ്കിലും ഇന്‍റർ വരെ പോകാൻ പറ്റിയുള്ളൂ. നൃത്തത്തോടുള്ള ഇഷ്‌ടം കൊണ്ട് അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിഞ്ഞില്ല. അതിനു ശേഷം ട്രിച്ചി ഭാരതി ദാസൻ യൂണിവേഴ്‌സിറ്റിയിൽ ഭരതനാട്യം എം. എയ്‌ക്കു ചേർന്നു. പഠിക്കുന്ന സമയത്ത് ഏതു പ്രൊഫഷനിലേക്ക് ഞാൻ പോയാലും നൃത്തം ഒപ്പമുണ്ടാവണമെന്നുണ്ടായിരുന്നു. എന്നാൽ കഥക് നൃത്തം പഠിക്കണമെന്ന മോഹം പഠന കാലയളവിൽ ഉണ്ടായിരുന്നില്ല. കാരണം അതിനുള്ള അവസരം കേരളത്തിൽ കുറവായിരുന്നു. അന്ന് സ്‌റ്റേജ് ഷോയ്‌ക്കു വേണ്ടി ഞാൻ കൊറിയോഗ്രാഫി ചെയ്യുമായിരുന്നു. അതിനു നല്ല റെസ്‌പോൺസ് ആണ് കിട്ടിയത്. അങ്ങനെയാണ് കൂടുതൽ ആളുകൾ നൃത്തം പഠിക്കുവാനായി വന്നു തുടങ്ങിയത്.
നൃത്തവും സ്വഭാവവും
നൃത്ത പരിശീലനത്തിലെ അച്ചടക്കവും പെർഫെക്ഷനുമൊക്കെ എന്‍റെ ജീവിതത്തിലും സ്വാധീനിച്ചിട്ടുണ്ട്. നൃത്തമല്ലാതെ മറ്റെന്തു കാര്യം ചെയ്യുമ്പോഴും മികച്ചതായിരിക്കണമെന്ന് ചിന്തിക്കാറുണ്ട്. എന്‍റെ അഭിപ്രായത്തിൽ എന്തു കാര്യവും മികച്ചതാവണമെങ്കിൽ നമ്മൾ അതിനു വേണ്ടി നന്നായി ശ്രമിക്കണം. അതിപ്പോൾ കുടുംബ ജീവിതമായാലും സൗഹൃദമായാലും അങ്ങനെ തന്നെയാണ്. അത്തരം ചിന്ത പോലും എനിക്കു കിട്ടിയത് നൃത്തത്തിൽ നിന്നാണ്.
കാണികളുടെ പ്രോത്സാഹനം
ഞാൻ പ്രധാനമായും നൃത്ത അധ്യാപനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം കൊറിയോഗ്രാഫിയും ചെയ്യാറുണ്ട്. കമൽ സാറിന്‍റെ നടൻ എന്ന സിനിമയ്‌ക്കു വേണ്ടി കൊറിയോഗ്രാഫി ചെയ്‌തിരുന്നു. കഥക് നൃത്തവുമായി ബന്ധപ്പെട്ട പാട്ടു സീനായിരുന്നു. അങ്ങനെ ഒരാളെ തേടിയുള്ള അവരുടെ അന്വേഷണമാണ് എന്നിലെത്തിയത്. ആ നൃത്ത രംഗത്തിൽ അഭിനയിച്ചത് രജിത് മേനോനും മാളവിക എന്ന കുട്ടിയുമാണ്.
സാധാരണ സിനിമ ഡാൻസിനു വേണ്ടി കൊറിയോഗ്രാഫി ചെയ്യാൻ എനിക്ക് താത്‌പര്യമില്ല. മറിച്ച് ക്ലാസിക്കൽ നൃത്തത്തോട് അനുബന്ധമായ സെമിക്ലാസിക്കൽ നൃത്തമാണെങ്കിൽ കുഴപ്പമില്ല. വിദേശ വേദികളിൽ നൃത്തം അവതരിപ്പിക്കാനായി പോകുമ്പോൾ കേരളത്തിലുള്ളവരേക്കാൾ പോസിറ്റീവ് റെസ്‌പോൺസ് കൂടുതലാണ്. പരിപാടി കഴിയുന്നതുവരെ ക്ഷമയോടെ കാണുവാനുള്ള താൽപര്യം അവർ കാണിക്കും.
അധ്യാപകരുടെ സ്വാധീനം
എന്നെ ഏറ്റവും സ്വാധീനിച്ചത് എന്‍റെ അധ്യാപകരാണ്. ഓരോ നൃത്ത പരിപാടി കഴിയുമ്പോഴും ആളുകൾ നേരിട്ട് അഭിനന്ദിക്കാറുണ്ട്. അതിൽ പ്രശസ്‌തരും അപ്രശസ്‌തരും ഉണ്ട്. അതൊക്കെ ഒരു പാട് സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യാറുണ്ട്.
കുടുംബ വിശേഷങ്ങൾ
ഭർത്താവ് റെജി ഭാസ്‌കർ ഫാഷൻ ഫോട്ടോഗ്രാഫർ ആണ്. അദ്ദേഹം എന്‍റെ നൃത്തത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്നു. ഭർത്താവിന്‍റെ കുടുംബവും വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് എന്‍റെ അമ്മയാണ്. അമ്മ നൃത്തം പഠിച്ചിട്ടില്ലെങ്കിലും നൃത്തത്തോട് ഇഷ്‌ടമുണ്ടായിരുന്നു. കൂടുതൽ പഠിക്കാനും പ്രാക്‌ടീസു ചെയ്യാനുമൊക്കെയുള്ള പിന്തുണ നൽകിയത് അമ്മയാണ്.
സെലിബ്രിറ്റികളും ഞാനും
സിനിമയിലുള്ള ഒരു പാട് പേർ എന്‍റെ കൂടെ നൃത്തം പഠിക്കുന്നുണ്ട്. സ്‌റ്റേജ് പ്രോഗ്രാമിനായി കാവ്യ മാധവനു വേണ്ടി കൊറിയോഗ്രാഫി ചെയ്‌തിട്ടുണ്ട്. അമല കഥക് പഠിക്കാനായി എത്തിയിരുന്നു. കാവ്യ വളരെ ഡൗൺ ടു എർത്ത് ആണ്. തെറ്റുകൾ പറഞ്ഞു കൊടുത്താൽ അടുത്ത ദിവസം ക്ലാസിനു വരുമ്പോൾ അതെല്ലാം കൃത്യമായി ഓർമ്മിച്ച് തിരുത്തിയിട്ടുണ്ടാകും. അമലയെ സംബന്ധിച്ച് നൃത്തത്തോട് ഡെഡിക്കേഷൻ ഉണ്ട്. കൃത്യമായി ക്ലാസിൽ വരും.
അവാർഡുകൾ / ബഹുമതികൾ
93ൽ കേരള സ്‌റ്റേറ്റ് യൂത്ത് ഫെസ്‌റ്റിവലിൽ ഭരതനാട്യത്തിന് സെക്കന്‍റുണ്ടായിരുന്നു. അന്ന് മഞ്‌ജു വാര്യർക്കായിരുന്നു ഒന്നാം സ്‌ഥാനം. എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ എംജി യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്‌റ്റിവലിനു പോകുമായിരുന്നു. അന്ന് ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും ഒന്നാം സ്‌ഥാനം കിട്ടിയിരുന്നു. കേന്ദ്ര ഗവൺമെന്‍റിന്‍റെ മോഹിനിയാട്ടം സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. ചെന്നൈ കൃഷ്‌ണ ഗാനസഭയുടെ ബെസ്‌റ്റ് ഡാൻസർക്കുള്ള അവാർഡ് ലഭിച്ചു.