ആഢംബര ജീവിതം നയിക്കാൻ ആഗ്രഹിച്ച യുവാവ് കുറുക്കു വഴിയിലൂടെയാണ് പണം സമ്പാദിക്കാൻ ശ്രമിച്ചത്. അതിനായി അയാൾ മോഷ്‌ടിക്കാൻ ഇറങ്ങി. വലിയ മോഷണങ്ങൾക്കായി കൊലപാതകങ്ങൾ വരെ ചെയ്‌തു...അടുത്ത ബന്ധുക്കളും നാട്ടുകാരും വീട്ടുകാരും അയാളുടെ ഇരകളായി. ഇയാളുടെ ക്രൂരതകൾ വായിച്ച് ഞെട്ടരുതേ...
നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരനായിരുന്നു അരുൺ ശശി (30). എല്ലാ കാര്യങ്ങൾക്കും മുൻനിരയിൽ നിൽക്കുന്ന ചെറുപ്പക്കാരൻ, സുമുഖൻ... ഈ യുവാവിന്‍റെ മനസ്സിൽ ചെറുപ്പം മുതലേ ചില ആഗ്രഹങ്ങൾ മുള പൊട്ടിയിരുന്നു. പിന്നെ പതിയെ പതിയെ അയാൾ സുഖലോലുപതയുടെ മടിത്തട്ടിലേക്ക് വഴുതി വീണു. എങ്ങനേയും തന്‍റെ ആഗ്രഹം സാക്ഷാത്ക്കരിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ ചെറിയ ജോലികളിലൂടെയൊന്നും അത് സഫലീകരിക്കാൻ കഴിയുകയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. പിന്നെ ചെറിയ മോഷണത്തിലൂടെയും പിടിച്ചുപറിയിലൂടെയും അരുൺ പണ സമ്പാദനമാർഗ്ഗം കണ്ടെത്തുകയായിരുന്നു.
നാടിനെ നടുക്കിയ സംഭവം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ പഴയിടം ഷാപ്പുപടിക്ക് സമീപത്തെ തീമ്പനാൽ ഭാസ്‌ക്കരൻ നായരേയും ഭാര്യ തങ്കമ്മയേയും ഒരുനാൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അരുണിന്‍റെ ചിറ്റപ്പനും ചിറ്റയുമാണ് ഇവർ. വാർത്തകേട്ട് ഒരു നാടുമുഴുവൻ വിറങ്ങലിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. എന്നാൽ പ്രതികളെക്കുറിച്ച് അപ്പോഴൊന്നും യാതൊരുവിധ സൂചനകളും ലഭിച്ചിരുന്നില്ല. പെൺമക്കൾ വിവാഹിതരായി പോയതിനാൽ ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. സൗമ്യപ്രകൃതക്കാരും മറ്റു ഇടപാടുകളിലൊന്നും ഉൾപ്പെടാത്തവരുമായ ദമ്പതികളുടെ മരണത്തിനു പിന്നിൽ കവർച്ച തന്നെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്‌തമായിരുന്നു.
കാർ വാങ്ങാനുള്ള ആഗ്രഹം
ഒരു പിടിച്ചുപറി കേസിലാണ് അരുൺ ശശിയെ കോട്ടയം പോലീസ് കസ്‌റ്റഡിയിലെടുത്തത്. കഞ്ഞിക്കുഴിയിൽ വഴിയാത്രക്കാരിയായ ഒരു യുവതിയുടെ മാല പൊട്ടിച്ചെടുത്തു കടന്നു കളയാൻ ശ്രമിക്കവേ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സി.ഐ റിജോ പി. ജോസഫ്, എസ്.ഐ കെ. പി തോംസൺ എന്നിവരുടെ നേതൃത്വത്തിൽ അരുണിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. പരസ്‌പരവിരുദ്ധമായ വിവരങ്ങളാണ് ഈ സമയമെല്ലാം ഇയാൾ നൽകിയിരുന്നത്. ഒടുവിൽ താൻ ചെയ്‌ത തെറ്റുകൾ എല്ലാം അരുൺ ഏറ്റു പറയുകയായിരുന്നു.
കാർ വാങ്ങുന്നതിനുള്ള ആഗ്രഹം കൊണ്ടാണ് ഈ പ്രവൃത്തികളൊക്കെ ചെയ്യാൻ തയ്യാറായതെന്നു പറഞ്ഞ അരുൺ കൊലപാതകം നടത്തിയ കാര്യവും വെളിപ്പെടുത്തി. മുമ്പുണ്ടായിരുന്ന കാർ ഒരപകടത്തിൽ പെട്ടതിനാൽ പുതിയതൊരെണ്ണം വാങ്ങുകയായിരുന്നു ലക്ഷ്യം. ഇതിനായി കിട്ടിയ പണത്തിൽ മൂന്നു ലക്ഷം രൂപ കാഞ്ഞിരപ്പിള്ളിയിലെ ഒരു ഷോറൂമിൽ അഡ്വാൻസായി നൽകിയിരുന്നു. അയൽവീട്ടിൽ നിന്നാരംഭിച്ച മോഷണവും പിടിച്ചുപറിയും ഒടുവിൽ കൊലപാതകത്തിലാണ് കലാശിച്ചത്.
ഭാസ്‌ക്കരൻ നായരോട് അരുൺ മുമ്പ് പണം ആവശ്യപ്പെട്ടിരുന്നു. പണം ലഭിക്കാതെ വന്നതിനാൽ അരുണിന് ഇവരോട് വൈരാഗ്യമനോഭാവം ഉടലെടുത്തു. ആരുമറിയാതെ ഇവരെ കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു അരുൺ. ഇതിലൂടെ രണ്ടുലക്ഷത്തോളം രൂപ ഈ യുവാവ് സ്വരൂപിക്കുകയും ചെയ്‌തു.
നിരവധി കേസുകൾ
മാല പിടിച്ചുപറികേസിൽ പിടിയിലായ അരുണിനെ ചോദ്യം ചെയ്‌തപ്പോൾ കൊലപാതകമുൾപ്പെടെ ഏഴോളം കേസുകളാണ് വെളിച്ചത്തായത്. കോട്ടയം കഞ്ഞിക്കുഴിയിൽ വച്ച് വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച കേസിലാണ് പിടിയിലായത്. അയൽവാസിയായ ശശിയുടെ വീട്ടിൽ നിന്ന് 20,000 രൂപ ഇയാൾ അപഹരിച്ചിരുന്നു. കൂടാതെ ചെറുവള്ളിയിൽ പ്രായമായ ഒരു സ്‌ത്രീയുടെ മാലയും പൊട്ടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലെ ഒരു വീടിന്‍റെ സിറ്റൗട്ടിലിരുന്ന സ്‌ത്രീയുടെ മാലയും പറിച്ചെടുത്തു. ചെറുവള്ളി പള്ളിക്കു സമീപത്തെ വീടിന്‍റെ ഭിത്തി തുരന്ന് അകത്തു കയറി നാല് ജോഡി കമ്മൽ മോഷ്‌ടിച്ചു. അയൽവാസിയായ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് 69000 രൂപയും തട്ടിയെടുത്ത വിവരം ഇയാൾ വെളിപ്പെടുത്തി.