മലാല യൂസഫ്സായ്… കഴിഞ്ഞ കുറേ വർഷങ്ങളായി ലോകമെമ്പാടും മുഴങ്ങികേട്ട പേര്. ശോകത്തിൽ മുങ്ങിയ മനുഷ്യൻ എന്നാണ് മലാലയെന്ന വാക്കിന്‍റെ അർത്ഥം. എന്നാൽ ഈ പെണ്‍കുട്ടി ആ വാക്കിന് തികച്ചും പുതിയൊരർത്ഥം നൽകിയിരിക്കുകയാണ്. താലിബാൻ ക്രൂരതക്കെതിരെയുള്ള ശക്‌തമായ ചെറുത്തു നിൽപ്പിലൂടെ…
1997ൽ സ്വാത് താഴ്വരയിൽ ജനിച്ച മലാലയുടെ ജീവിതം ഇവിടെയുള്ള മറ്റുള്ളവരെ പോലെ തന്നെ അത്ര സുഖകരമല്ലായിരുന്നു. അരക്ഷിതാവസ്ഥ, ദാരിദ്യ്രം, അടിച്ചമർത്തൽ തുടങ്ങിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം. കളിക്കേണ്ട പ്രായത്തിൽ സംഘർഷവും രക്‌തച്ചൊരിച്ചിലുമുള്ള വഴികളിലൂടെ നടക്കേണ്ടി വരിക. പക്ഷേ മലാലയുടെ ജീവിതം മറ്റൊരു രീതിയിൽ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.
അനീതിക്കെതിരെ
കവിയും സാമൂഹ്യ പ്രവർത്തകനുമായ മലാലയുടെ പിതാവ് ഗിയാസുദ്ദീൻ യൂസഫ് സായ് സ്ത്രീ വിദ്യാഭ്യാസത്തെ അങ്ങേയറ്റം പിന്താങ്ങിയിരുന്നു. മിംഗോറയിലും മറ്റുമായി ഒന്നിലധികം സ്ക്കൂളുകളുടെ നടത്തിപ്പുകാരനായിരുന്നു യൂസഫ് സായ്.
ഒരു ഡോക്ടറാകണമെന്നത് കുട്ടിക്കാലം തുടങ്ങിയുള്ള ആഗ്രഹമായിരുന്നു മലാലയ്ക്ക്. എന്നാൽ പിതാവിന്‍റെ ആഗ്രഹത്തിനനുസരിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ മലാല തീരുമാനിക്കുകയാണ് ഉണ്ടായത്. കുഞ്ഞ് സഹോദരന്മാർ ഉറങ്ങിക്കഴിയുമ്പോൾ പിതാവ് മലാലയുമായി രാഷ്ട്രീയത്തെക്കുറിച്ചും പാക്കിസ്ഥാനിലെ വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുക പതിവായിരുന്നു.
പാക്കിസ്ഥാനിൽ വ്യാപിച്ചിരിക്കുന്ന അരാജകത്വത്തെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും മറ്റും മലാലയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുകയാണ് ഉണ്ടായത്.
സ്വാത് താഴ്വരയിൽ താലിബാന്‍റെ അതിക്രമങ്ങൾ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലായിരുന്നുവത്. 2007 മാർച്ച് തുടങ്ങി 2009 ജൂൺ വരെ താലിബാന്‍റെ മർക്കടമുഷ്ടിക്കുള്ളിലായിരുന്നു സ്വാത് താഴ്വര. ഈ സമയത്ത് താലിബാൻ സൈന്യം പെൺകുട്ടികളെ സ്ക്കൂളിൽ പോകുന്നത് തടഞ്ഞിരുന്നു. 400ലധികം പെൺകുട്ടികളുടെ സ്ക്കൂളുകൾ അവർ പൂട്ടിച്ചു. ഇതിനുപുറമേ കാറിൽ സംഗീതം കേൾക്കുന്നതും കുട്ടികൾ റോഡിൽ കളിക്കുന്നതും വരെ താലിബാൻ തീവ്രവാദികൾ കർശനമായി വിലക്കി.
മലാലയുടെ പിതാവ് ഇത്തരം അന്യായങ്ങൾ ശക്‌തമായി എതിർക്കാൻ മകൾക്ക് ശക്‌തി പകർന്നുകൊണ്ടേയിരുന്നു. 2008ൽ അച്ഛനൊപ്പം കുഞ്ഞു മലാല അവിടുത്തെ ലോക്കൽ പ്രസ് ക്ലബിലെത്തി വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെപ്പറ്റി സംസാരിച്ചു.
എല്ലാവർക്കും അവകാശപ്പെട്ട ഒന്നാണ് വിദ്യാഭ്യാസം. പിന്നെങ്ങനെ സ്ത്രീകളുടേയും പെൺകുട്ടികളുടേയും വിദ്യാഭ്യാസം നേടണമെന്ന അടിസ്ഥാന ആവശ്യം തള്ളിക്കളയാനാവും. അവൾ ഉറച്ച ശബ്ദത്തിൽ ചോദിച്ചുകൊണ്ടേയിരുന്നു.
പാക്കിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മലാലയുടെ അഭിപ്രായം ശ്രദ്ധേയമായി. പാക്കിസ്ഥാനിലെ ഭരണഘടന ആർട്ടിക്കിൾ 25എ പ്രകാരം 5 മുതൽ 16 വയസ്സുവരെ എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു തരുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല. പാക്കിസ്ഥാന്‍റെ വരുമാനത്തിൽ 2.7 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുന്നത്. ഇത്രയും കുറഞ്ഞ നിക്ഷേപത്തെ ആശ്രയിച്ച് 18 കോടിയോളം വരുന്ന രാജ്യത്തെ ജനത സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എങ്ങനെയാണ് നേടുക.
ഇന്ന് പാക്കിസ്ഥാനിലെ സാക്ഷരത നിരക്ക് 4.7 ശതമാനം ആണ്. താലിബാന്‍റെ പ്രവർത്തനം മൂലമുള്ള അരക്ഷിതാവസ്ഥയും തുറന്ന അന്തരീക്ഷം ഇല്ലാത്തതും മൊത്തത്തിൽ ആളുകൾക്കിടയിൽ ഭീതിയും നിസ്സഹായതയും നിറച്ചിരിക്കുകയാണ്. അച്ഛനമ്മമാർക്ക് പെൺകുഞ്ഞുങ്ങളെ സ്ക്കൂളിലയക്കുന്നതിനെപ്പറ്റി ചിന്തിക്കാനെ പറ്റില്ല.
2009ൽ ബിബിസി ഉർദ്ദുവിനുവേണ്ടി ഒരു ബ്ലോഗെഴുതിയതോടെയാണ് മലാല ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. “സ്വന്തം അഭിപ്രായം വെളിപ്പെടുത്താനുള്ള അവസരം എനിക്ക് 2009ൽ ബിബിസിയിലൂടെയാണ് ലഭിച്ചത്. താലിബാൻ അതിക്രമങ്ങൾക്കെതിരെ എഴുതാൻ ധൈര്യപ്പെടുന്ന ഏതെങ്കിലും പെൺകുട്ടികളുണ്ടോയെന്ന് ബിബിസി റിപ്പോർട്ടർ അബ്ദുൾ കക്കർ ഒരിക്കൽ എന്‍റെ പിതാവിനോട് ചോദിക്കുകയുണ്ടായി. ആദ്യം ഞങ്ങളുടെ സ്ക്കൂളിലെ ആയിഷയെന്ന പെൺകുട്ടി ബ്ലോഗെഴുതാൻ തയ്യാറായി മുന്നോട്ട് വന്നെങ്കിലും താലിബാനെ ഭയന്ന് അവളുടെ രക്ഷിതാക്കൾ അവളെ അതിൽ നിന്നും വിലക്കി. ഈ സാഹചര്യത്തിൽ അബ്ബു (പിതാവ്)വിന് മുന്നിൽ ഞാനല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.”
ഗുൽ മക്കായിയിൽ നിന്നും തുടക്കം
മലാലയുടെ ബ്ലോഗ് ലോകം മുഴുവനും ചർച്ച ചെയ്യപ്പെട്ടു. 2010 ഒടുവിൽ സ്വാത് താഴ്വര സർക്കാരിന്‍റെ നിയന്ത്രണത്തിലായതോടെ രാജ്യത്തെയും വിദേശത്തേയും മാധ്യമങ്ങൾ അവിടെയെത്തി താലിബാൻ അതിക്രമങ്ങളെപ്പറ്റി വാർത്തകൾ നൽകാൻ തുടങ്ങി.
കേവലം 14 വയസ്സുകാരിയായ ഒരു പെൺകുട്ടി താലിബാൻ ക്രൗര്യത്തിനെതിരെ പേനയുയർത്തിയതോടെ അവിടുത്തെ ജനത അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അതോടെ അവൾ താലിബാൻകാരുടെ കണ്ണിലെ കരടായി മാറി. അവൾക്കെതിരെ ഭീഷണികൾ ഉയർന്നു.
പിന്നീട് ഒക്ടോബർ 9ന് മലാലയ്ക്കെതിരെ താലിബാൻ തീവ്രവാദികൾ നിറയൊഴിച്ചു. തീവ്രവാദികൾ പായിച്ച വെടിയുണ്ട മലാലയുടെ ശിരസ്സ് തുളച്ച് കഴുത്തിനും ചുമലിനും ഇടയിൽ തറഞ്ഞു നിന്നു. പിന്നീടങ്ങോട്ട് ദൈർഘ്യമേറിയ ചികിത്സാകാലം.
മരണത്തിനും ജീവിതത്തിനുമിടയിൽ നീണ്ട നാല് മാസക്കാലം ഒടുവിൽ ലണ്ടൻ ബർമിംഹാം ക്വീൻ എലിസബത്ത് ആശുപത്രിയിൽ ഫൈനൽ സർജറി. അഞ്ച് മണിക്കൂർ നീണ്ട സർജറിയിൽ ആദ്യം ശിരസ്സിൽ മെറ്റലിന്‍റെ (ടൈറ്റാനിയം) പ്രത്യേക പ്ലെയിറ്റിട്ടു. അടുത്തതായി ചെവിയിൽ ഒരു ചെറിയ ഇലക്ട്രോണിക് ഉപകരണം ഫിറ്റ് ചെയ്തു. കേൾവിശക്‌തി വീണ്ടെടുക്കാനായിരുന്നുവിത്. അടുത്തു നിന്നും വെടിയുണ്ടയേറ്റതിനാൽ ഇടത് ചെവിയുടെ കേൾവിശക്‌തി മലാലയ്ക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.
നിർണ്ണായകമായ സാഹചര്യങ്ങളെ അതിസാഹസികമായി നേരിട്ട ഈ പെൺകുട്ടി ഒടുവിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. പിതാവ് ഗിയാസുദ്ദീൻ യൂസഫ് സായ്ക്ക് ബ്രിട്ടനിൽ വാണിജ്യവിഭാഗം കോൺസുലേറ്റിൽ ഉദ്യോഗവും നൽകി. മലാലയുടെ കുടുംബം പൂർണ്ണമായും ഇപ്പോൾ ബ്രിട്ടനിലാണ്.
ഇച്ഛാശക്‌തിയുടെ പര്യായം
പാക്കിസ്ഥാനിലേയും ബ്രിട്ടനിലേയും സ്ക്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് മലാലയ്ക്ക് നല്ലതേ പറയാനുള്ളൂ. “സ്വാതിലെ എന്‍റെ സ്ക്കൂളിനേയും കൂട്ടുകാരികളേയും കുറിച്ച് ഞാനെപ്പോഴും ഓർക്കാറുണ്ട്. വളരെ മനോഹരമായിരുന്നു എന്‍റെ സ്ക്കൂൾ. എന്‍റെ അബ്ബുവാണ് അറിവിനോടുള്ള തീവ്ര ആഗ്രഹം എന്നിൽ വളർത്തിയത്. സ്ക്കൂളിലൂടെയാണ് അദ്ദേഹം അത് സാദ്ധ്യമാക്കിയത്. എന്‍റെ കൂട്ടുകാർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ഞാൻ ബ്രിട്ടനിലെ സ്ക്കൂളിൽ അഡ്മിഷൻ നേടിയത് തന്നെ. ഇവിടുത്തെ തുറന്ന അന്തരീക്ഷവും സ്വതന്ത്രമായ കാഴ്ചപ്പാടും എല്ലാറ്റിനുമുപരിയായി സ്വതന്ത്രമായ ചുറ്റുപാടും. ഇതെല്ലാം പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലും എത്തിക്കേണ്ടതുണ്ട്.
സ്ത്രീകൾ സ്വതന്ത്രരല്ല
ആയിരക്കണക്കിന് സ്ക്കൂളുകളാണ് താലിബാൻ അടച്ചു പൂട്ടിയത്. മാനുഷിക മൂല്യങ്ങളുടെ കഴുത്ത് ഞെരിക്കുകയാണവർ. അവർക്കെതിരെയുള്ള നിയമ നടപടികൾക്ക് കാലതാമസമെടുക്കുന്നു. സാഹചര്യങ്ങളാണ് മനുഷ്യനെ പഠിപ്പിക്കുന്നത്. പലതരം അവസ്ഥകളെ നേരിട്ട് മനുഷ്യർ ഓരോന്ന് പഠിക്കുകയാണ്. മൂടുപടം അണിയുന്നതിലൂടെ ആരുമൊന്നും പഠിക്കുന്നില്ല. എല്ലാത്തിനും അടിസ്ഥാനം വിദ്യാഭ്യാസം തന്നെയാണ്. എന്നാൽ അതേ വിദ്യാഭ്യാസത്തിൽ നിന്നാണ് മന:പൂർവ്വം നമ്മെ മാറ്റി നർത്തുന്നത്. അതായത് നാം ഒരു വിധത്തിലും മുന്നേറരുത് എന്ന ചിന്തയോടെ. പക്ഷേ ഈ അവസ്ഥയെ മാറ്റേണ്ടതുണ്ട്.
മലാല ഇന്ത്യയെക്കുറിച്ച് പറയുന്നതും ശ്രദ്ധേയമാണ്. “ഹിന്ദുസ്ഥാൻ എനിക്കെന്നും ജിജ്‌ഞാസയുളവാക്കുന്ന രാജ്യമാണ്. അവിടുത്തെ സ്ത്രീകളുടെ സ്വാതന്ത്യ്രവും കാഴ്ചപ്പാടും ജീവിതരീതിയുമൊക്കെ എന്നെ എപ്പോഴും മോഹിപ്പിച്ചിട്ടുണ്ട്. എന്‍റെ അയൽക്കാരായ പെൺകുട്ടികൾ ആകാശത്ത് സ്വതന്ത്രരായി പറക്കുകയാണ്. എന്നാൽ സ്വന്തം രാജ്യത്താകട്ടെ അടിസ്ഥാനപരമായ അവകാശങ്ങൾക്കായി ഇപ്പോഴും പോരാടുകയാണ്. ഇക്കാര്യത്തിൽ ഞാൻ അതീവ ദു:ഖിതയാണ്. എന്നാൽ അതിലുമധികം ഇന്ത്യയിലെ ജീവിതം എന്നെ ആകർഷിക്കുന്നു. മഹാത്മജിയുടെ അഹിംസാവാദം എന്‍റെ ആദർശമാണ്. പാക്കിസ്ഥാനിലും ഇപ്രകാരം മാറ്റമുണ്ടാകണം” മലാല പറയുന്നു.
“ഒരു അദ്ധ്യാപകനും വിദ്യാർത്ഥിക്കും ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റിമറിക്കാനാവും” മലാല പറയുന്നു.
കുറേ മാസത്തെ ശ്രമത്തിനൊടുവിലാണ് എനിക്ക് മലാലയുമായി ഫോണിലൂടെ സംസാരിക്കാനുള്ള അവസരം വീണ്ടുകിട്ടിയത്. നിഷ്കളങ്കവും ഓമനയുമായ പെൺകുട്ടി. പക്ഷേ വാക്കുകളിലാകട്ടെ എന്തെങ്കിലും ചെയ്ത് കാട്ടാനുള്ള നിശ്ചയദാർഢ്യം. അതുവരെ കാണാതെ, ആ വാക്കുകളിലൂടെ ഞാൻ കേട്ടറിയുകയായിരുന്നു. കാരിരുമ്പ് പോലെ കരുത്തയായ പെൺകുട്ടിയുടെ പോരാട്ടവീര്യം. ഈ പെൺകുട്ടി മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങളുടെ ഒരംശമെങ്കിലും പാക്കിസ്ഥാനിലെ യാഥാസ്ഥിതികർ മനസ്സിലാക്കിയിരുന്നെങ്കിൽ…
സ്വാർത്ഥചിന്തകളെ ഒരുവേള മാറ്റി നിർത്തി നേരായ രീതിയിലൂടെ ചിന്തിച്ചിരുന്നുവെങ്കിൽ മുസ്ലീം സ്ത്രീകളും ആകാശത്തിലെ ഉയരങ്ങൾ കീഴടക്കുമായിരുന്നില്ലേ.. മലാല ഒരു പ്രതീകമാണ്. ലോകത്തിനു മുന്നിൽ പിന്തിരിപ്പന്മാർക്കെതിരെ പോരടാൻ മലാലയുടെ ജീവിതം ഏവർക്കും പ്രചോദനമാണ്. പ്രത്യേകിച്ചും അവഗണന അനുഭവിക്കുന്ന സ്ത്രീ സമൂഹത്തിന്.
മാലാല എക്കാലവും വാർത്തകളിൽ ഇടം തേടിയിരുന്നു.. അടുത്തയിടെ ഇവർ വാർത്തകളിൽ ഇടം പിടിച്ചത് സ്വന്തം വിവാഹത്തിലൂടെ ആണ്. പാക്കിസ്ഥാൻ ക്രിക്കറ്റർ അസർ മാലിക്കിനെ ആണ് മാലാല വിവാഹം ചെയ്തത്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് മലാലയ്ക്ക് ഉണ്ടായിരുന്ന ചില വേറിട്ട നിലപാടുകളാണ് അവരുടെ വിവാഹം ചർച്ചാ വിഷയം ആകാൻ കാരണമായത്. നേരത്തെ വിവാഹം ഒരു പുരുഷാധിപത്യ വ്യവസ്ഥ മാത്രമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു ഇവർ. എന്നാൽ ഇതിനെ കുറിച്ച് വിവാഹം ശേഷം മലാ പറഞ്ഞത് ഇങ്ങനെ ആണ്. ഞാൻ വിവാഹത്തിന് ഒരിക്കലും എതിരായിരുന്നില്ല പക്ഷേ അതിലെ വ്യവസ്ഥാപിത രീതികളോട് ആയിരുന്നു എതിർപ്പ്. എന്നാൽ അസറുമായുള്ള സ്വഹൃദം തന്‍റെ ചിന്താഗതികളെ മാറ്റി മാറിച്ചു എന്ന് മാലാല സമ്മതിക്കുന്നുമുണ്ട്.