ഇങ്ങനെ ഒരമ്മ നിങ്ങളുടെ വീട്ടിലും ചിലപ്പോൾ കാണും! എന്ത് പറഞ്ഞാലും ദേഷ്യപ്പെടുന്ന, ആകെ മൊത്തം നെഗറ്റീവ് ആയി പ്രതികരിക്കുന്ന ഒരു അമ്മ. അവർക്ക് മിക്കവാറും 60 വയസിനു മുകളിൽ പ്രായം കണ്ടേക്കാം. അമ്മയെന്താ ഇങ്ങനെ... ആരോടും യാതൊരു സ്നേഹവുമില്ലാതെ, ദക്ഷിണ്യമില്ലാതെ പെരുമാറുന്നത് എന്ന് നിങ്ങൾ സങ്കടപ്പെട്ടേക്കാം. ചിലപ്പോൾ ആ അമ്മ മൗനമായി ആലോചിരിക്കുന്നുണ്ടാകാം. ചിലപ്പോൾ അവർ ചെറിയ കാര്യത്തിന് പോലും വഴക്ക് ഉണ്ടാക്കുന്നുണ്ടാക്കാം. മക്കൾ മടുത്തു ഇവർക്കെന്താ പ്രാന്താണോ എന്ന് ചോദിക്കുന്നുണ്ടാകാം....
ഉദാത്ത സ്നേഹത്തിന്‍റെ മാതൃകയാവേണ്ട മാതൃത്വം വീട്ടിൽ അസഹ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിന്‍റെ കാരണം തീർച്ചയായും തിരയണം. എന്നാൽ ആ കാരണം അവരോട് നേരിട്ടു ചോദിച്ചാൽ പോലും പറഞ്ഞെന്നു വരില്ല.
ഈ അമ്മമാരിൽ ഭൂരിഭാഗവും മുൻപ് ഉദ്യോഗസ്ഥരായിരുന്നവർ ആകാം, അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരും ആകാം. ജീവിതത്തിൽ അവർ ഇങ്ങനെ ഒക്കെ ആയി മാറിയിട്ടുണ്ടെങ്കിൽ അതിന് പല കാരണങ്ങൾ ഉണ്ടാകാം. ഒന്നാമത്തെ കാര്യം ഡിപ്രഷൻ തന്നെ ആകാം. മറ്റൊരു കാരണം ആർത്തവ വിരാമം ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആകാം. മറ്റൊന്ന് ജീവിതത്തിൽ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാത്തത് കൊണ്ടുള്ള ആധിയും ഒപ്പം. ജീവിതം തീരാൻ കുറച്ചു കാലം കൂടിയേ ഉള്ളു എന്ന ചിന്തയും ആകാം. ചിലർക്ക് അൽഷിമേഴ്‌സ് എന്ന രോഗത്തിന്‍റെ തുടക്കം ആകാം... ഇതല്ലാതെ മറ്റു ചിലർക്ക് അവരുടേതായ കാര്യങ്ങൾ വേറെയും ഉണ്ടാകാം.. എന്തു തന്നെ ആയാലും അവസാനം എത്തിനിൽക്കുന്നത് അസംതൃപ്തമായ സായാഹ്നകാലം ആണ്.
സമൂഹത്തിൽ മാതൃത്വം പലപ്പോഴും മഹത്വവത്കരിക്കപ്പെടുന്നു, എന്നാൽ ഈ മഹത്വവൽക്കരണത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുകയോ പരിഗണന വിഷയമായി മാറാതെ പോകുകയോ ചെയ്യുന്നത് അത്ഭുതമുളവാക്കുന്ന വസ്തുതയാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു?
ജീവിതം
പ്രസവം, ഗർഭധാരണം പോലെയുള്ള ഘട്ടങ്ങളിൽ മിക്കവാറും സ്ത്രീകൾക്ക് കുടുംബാംഗങ്ങളുടെ മൊത്തത്തിലുള്ള പരിഗണനയും സംരക്ഷണവു൦ ലഭിക്കുന്നു. എന്നാൽ 50 പിന്നിട്ട ആർത്തവവിരാമ സമയത്ത് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സ്ത്രീയ്ക്ക് അവശ്യമായ പരിഗണനയും അനുഭാവപൂർവമായ സമീപനവും നിഷേധിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്? അല്ലെങ്കിൽ അത്തരം യാഥാർഥ്യങ്ങൾക്കു നേരെ കുടുംബാംഗങ്ങളും സമൂഹവും ഒരുപോലെ അജ്ഞരാവുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിലുള്ള ശരിയായ ബോധവൽക്കരണമില്ലായ്‌മ ഉള്ളതുകൊണ്ടല്ലേ. വലിയൊരു ശതമാനം ആളുകൾ സ്ത്രീകൾ നേരിടുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചു അജ്ഞരാണെന്നതാണ് കാരണം.
ആർത്തവവിരാമ കാലത്തിൽ
സ്ത്രീകളുടെ പെരുമാറ്റത്തിൽ വലിയൊരു മാറ്റം സംഭവിക്കുന്ന കാലം ആണ് ആർത്തവവിരാമകാലം. ആർത്തവം പോലെ ആർത്തവവിരാമവും ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്, ഇത് ഒരു സ്ത്രീയുടെ ആർത്തവ ചക്രങ്ങളുടെയും പ്രത്യുത്പാദന കാലഘട്ടത്തിന്‍റെയും അവസാനത്തെ അടയാളപ്പെടുത്തുന്നു. സാധാരണയായി ഇത് 45 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നത്, എന്നിരുന്നാലും ഈ പ്രക്രിയ ഓരോരുത്തരിലും വ്യത്യാസപ്പെടാം. പെരിമെനോപോസ് എന്നറിയപ്പെടുന്ന ആർത്തവവിരാമത്തിലേക്കുള്ള പരിവർത്തനം ശാരീരികവും വൈകാരികവുമായ പല മാറ്റങ്ങൾ കൊണ്ടുവരും, ആർത്തവവിരാമത്തിന് മുമ്പും ശേഷവും വൈകാരികവും ശാരീരികവുമായ ധാരാളം വെല്ലുവിളികളെയും സ്ത്രീകൾക്ക് നേരിടേണ്ടി വരാം. വൈകാരികമായ വെല്ലുവിളികൾ നല്ലൊരളവ് വരെ സ്വന്തം കുടുംബാംഗങ്ങളിൽ നിന്നോ ഇടപഴകുന്ന ഇടങ്ങളിൽ നിന്നോ അവൾ നേരിടുന്നുണ്ട്. ഈയൊരു അവസ്ഥ മിക്കവാറും എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്.