“മീരയ്ക്കിപ്പോളാവശ്യം പൂർണ്ണ വിശ്രമമാണ്. എപ്പോൾ മുതലാണോ മീര പൂർണ്ണ ആരോഗ്യവതിയാകുന്നത് അപ്പോൾ മുതൽ ഞാൻ ഒഴിഞ്ഞു തന്നോളാം. പിന്നെ മീരയെന്ന അന്നപൂർണ്ണേശ്വരിയുടെ ദാസനായി അടിയനിവിടെ കഴിഞ്ഞോളാം.”
അങ്ങനെ ആഹ്ലാദം മാത്രം അലയടിച്ച ആ നാളുകളിലൂടെ മീരയുടെ അവധി ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ കോളേജിലേയ്ക്ക് യാത്ര പുറപ്പെടേണ്ട ദിനവും വന്നെത്തി. അൽപനേരത്തേയ്ക്കെങ്കിലും ഫഹദ് സാറിനെ പിരിയുന്ന കാര്യമോർത്തപ്പോൾ എന്‍റെ കണ്ണുകൾ ബാഷ്പ പൂരിതമായി. എന്‍റെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കിക്കൊണ്ട് ഫഹദ് സാർ സ്നേഹം തുടിക്കുന്ന വാക്കുകൾ ഉരുവിട്ടു.
“വർഷങ്ങൾക്കു മുമ്പ് ലാവണ്യം തുടിയ്ക്കുന്ന ഈ കണ്ണുകളിലെ സ്നേഹമായിരുന്നു എന്നെ ആകർഷിച്ചത്. പിന്നീട് പത്തുമുപ്പതു വർഷക്കാലം ഈ കണ്ണുകൾ ഓരോർമ്മയായി എന്നിൽ നിലനിന്നു. എന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നപ്പോൾ ഈ കണ്ണുകളിലെ നിസ്സഹായതും, വേദനയും എന്‍റേതും കൂടിയായിത്തീർന്നു. ഒടുവിൽ ഇന്നിപ്പോൾ ഈ കണ്ണുകളുടെ ഉടമ പൂർണ്ണമായും എന്‍റെ സ്വന്തമായപ്പോൾ അൽപനേരമെങ്കിലും പിരിഞ്ഞിരിക്കുക, എനിക്കും അസാദ്ധ്യം. എങ്കിലും ഈ ഏകാന്തതയും ഒറ്റപ്പെടലും, വേർപിരിയലിന്‍റെ ശൂന്യതയും എല്ലാം പരിചിതമാണല്ലോ… മീര വിഷമിയ്ക്കാതെ പോയ് വരൂ…”
അദ്ദേഹത്തോട് യാത്രാനുമതി വാങ്ങി കോളേജിലേയ്ക്ക് യാത്ര തിരിയ്ക്കുമ്പോൾ പൂർണ്ണ ജാഗ്രതയോടെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ തിനിക്കിനി കഴിയുമോ എന്നു ഞാൻ ചിന്തിച്ചു. ഒരു പക്ഷെ എന്‍റെ ശരീരം അവിടെയും മനസ്സിവിടെയുമായിരിക്കും. ഓരോ നിമിഷവും ഫഹദ്സാറിനു വേണ്ടി തുടിയ്ക്കുന്ന ഒരു ഹൃദയവുമായി വിദ്യാർത്ഥികൾക്കു മുന്നിൽ… ഓർത്തപ്പോൾ അൽപം ജാള്യത തോന്നി.
കോളേജിൽ വിദ്യാർത്ഥികൾ എന്നെ കണ്ടയുടനെ ഓടി വന്നു. “മാഡം വന്നുവല്ലോ… ഞങ്ങൾക്ക് സന്തോഷമായി ഞങ്ങൾ ഒരുപാട് വേദനിച്ചു. ഞങ്ങൾക്ക് മാഡത്തിന്‍റെ ക്ലാസ്സുകൾ ഒരുപാട് മിസ്സായി.” ആ സ്നേഹ പ്രകടനങ്ങൾക്കു മുമ്പിൽ സ്വയം അലിഞ്ഞില്ലാതെയാവുകയായിരുന്നു. അന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ വിദ്യാർത്ഥികൾ പലരും എന്നെ വാഴ്ത്തിപ്പറഞ്ഞു.
പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കുവാനായി ഞാൻ നടത്തിയ പരിശ്രമങ്ങൾ… അതിനുവേണ്ടി ജീവത്യാഗം പോലും ചെയ്യാൻ തയ്യാറായവൾ…
അവർ പൂമാലകൾ കൊണ്ട് എന്നെ മൂടി. പിന്നെ പുഷ്പാലംകൃതമായ ഒരു ചെറിയ ബോക്സ് തന്നു കൊണ്ടു പറഞ്ഞു.
“ഇതു മാഡത്തിനുള്ളതാണ് ഞങ്ങളുടെ വിവാഹസമ്മാനം…” ഒരു നിമിഷം ഞാൻ അദ്ഭുതം കൂറി നിന്നു. ഈ വിദ്യാർത്ഥികൾ… ഇവരിതെങ്ങനെയറിഞ്ഞു. എന്‍റെ വിവാഹമായിരുന്നുവെന്ന്… ഒരു പക്ഷെ അരുൺ… അതെ… അരുണിന്‍റെ സുഹൃത്തുക്കളായിരുന്നു ആ വിദ്യാർത്ഥികളിൽ പലരും. അരുൺ തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളെ അവരുമായി പങ്കുവച്ചു കാണും എന്ന് എനിക്കുറപ്പായി.
അന്ന് വൈകുന്നേരത്തോടെ കോളേജിൽ നിന്ന് ആർത്തിയോടെ ഞാൻ ഓടിയണയുമ്പോൾ… ഫഹദ് സാർ എന്നെക്കാത്ത് പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു. എന്നെക്കണ്ടയുടനെ ഓടിവന്ന് ഇറുകെപ്പുണർന്നു കൊണ്ടു പറഞ്ഞു.
“മീരാ… ഇന്ന് നീയെന്നെ തോൽപ്പിച്ചു കളഞ്ഞു. പ്രേമവും വിരഹവും അതിനെത്തുടർന്നുള്ള ഏകാന്തതയും ഒറ്റപ്പെടലും അതിന്‍റെ വേദനയുമെല്ലാം എനിക്ക് പരിചിതമായിക്കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇന്ന് അവയെല്ലാം അസഹനീയമായ വിധത്തിൽ ഞാനനുഭവിച്ചു തീർത്തു. ഓരോ നിമിഷവും എന്നിലെ ഓരോ അണുവും നിനക്കു വേണ്ടി തുടിക്കുകയായിരുന്നു. ഒരു സമയം കോളേജിലേയ്ക്ക് നിന്നെത്തേടി വന്നാലോ എന്ന് ഞാനാലോചിച്ചു. എന്നാൽ സ്വയം നിയന്ത്രിച്ച് ആ ആഗ്രഹത്തെ പിടിച്ചു നിർത്തി. ഇനി വയ്യാ മീരാ… നിന്നെക്കാണാതെ ഒരു നിമിഷം പോലും എനിക്ക് ജീവിയ്ക്കാൻ ആവുകയില്ല…” ഫഹദ് സാർ പ്രേമത്താൽ വിവശനായി മന്ത്രിച്ചു.
“ശരിയാണ് ഫഹദ്സാർ… ഞാനുമിന്ന് അതുതന്നെ അനുഭവിച്ചു. ഇതോടെ എനിക്ക് ഒന്നുറപ്പായി ഇനിയും ഒരു നിമിഷം പോലും തമ്മിൽ കാണാതിരിയ്ക്കാൻ നമുക്കാവില്ല. ഞാൻ ഒരു കാര്യം ചെയ്യാം. റിട്ടയർ ചെയ്യാൻ എനിക്കിനിയും ഏതാനും കൊല്ലം കൂടി ഉണ്ട്. ഞാൻ വോളന്‍ററി റിട്ടയർമെന്‍റ് എടുക്കാം. അതായിരിക്കും നല്ലത്…”
പെട്ടെന്ന് ഫഹദ് സാർ എന്നെ തടഞ്ഞു കൊണ്ടു പറഞ്ഞു. “അതു വേണ്ട മീരാ… ഞാനും നിങ്ങളുടെ കോളേജിൽ ഒരു ജോലിയ്ക്ക് ശ്രമിക്കാം. റിട്ടയർ ചെയ്‌തിട്ടിപ്പോൾ നാലഞ്ചു വർഷമായെങ്കിലും ഒരു ഗസ്റ്റ് ലക്ചറർ തസ്തികയെങ്കിലും എനിക്ക് കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ…”
അന്നുതന്നെ അദ്ദേഹം അതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി. രാത്രിയിൽ ഞങ്ങൾ അരുണും സുഹൃത്തുക്കളും നൽകിയ വിവാഹ സമ്മാനം തുറന്നു നോക്കി… മനോഹരമായ ഒരാൽബമായിരുന്നു അത്. ഹോസ്പിറ്റലിൽ വച്ച് വിവാഹ ദിനത്തിൽ അരുൺ എടുത്ത ഞങ്ങളുടെ വിവിധ പോസിലുള്ള ഫോട്ടോകൾ… ഡോ. ഹേമാംബികയും അരുണും സുഹൃത്തുക്കളുമായും എടുത്ത നിരവധി ഫോട്ടോകൾ അടങ്ങിയ ആ ആൽബത്തിൽ ഇങ്ങനെ കുറിച്ചിരുന്നു.
“വിവാഹ മംഗളാശംസകളോടെ ആ വയറ്റിൽ പിറക്കാതെ പോയ മകൻ അരുൺ.”
ഒടുവിൽ ഒരു കൊല്ലത്തേയ്ക്ക് ആ കോളേജിൽ അദ്ദേഹത്തിന് ഗസ്റ്റ് ലക്ചററായി നിയമനം ലഭിച്ചു. നാലഞ്ചു വർഷമായി റിട്ടയർ ചെയ്തിട്ടെങ്കിലും പ്രഗത്ഭനായ അദ്ധ്യാപകനെന്ന കഴിഞ്ഞകാല റെക്കോഡുകളാണ് അതിന് അദ്ദേഹത്തെ സഹായിച്ചത്. മാത്രമല്ല പല വിദേശ യൂണിവേഴ്സിറ്റികളിലും റിട്ടയർമെന്‍റിനു ശേഷം അദ്ദേഹം ഗസ്റ്റ് ലക്ചററായി വർക്കു ചെയ്‌തിട്ടുണ്ട്. ആ എക്സ്പീരിയൻസും പിന്നെ മാനേജ്മെൻറിലുള്ള എന്‍റെ സ്വാധീനവും അതിനു സഹായകരമായി. അതോടെ കോളേജിൽ വച്ച് പലപ്പോഴും തമ്മിൽ കാണാമെന്നായി. അങ്ങിനെ ഒരു ദിനാന്ത്യത്തോളമുള്ള കാത്തിരിപ്പിന്‍റെ വീർപ്പുമുട്ടലിനു പരിഹാരമായി.
ദിനങ്ങൾ ചിറകുവച്ച് പറന്നകന്നു. ഒരു ദിനം അരുന്ധതിയും ചരണും ഞങ്ങളെ കാണാനെത്തി. വെറുമൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നില്ല അത്. അരുണിന് ഡോക്ടറേറ്റ് ലഭിക്കുകയും അതിനുശേഷം ആ കോളേജിൽ തന്നെ നല്ല ഒരു ജോലി ലഭിക്കുകയും ചെയ്തതിലുള്ള?ആഹ്ലാദം പങ്കിടുക കൂടിയായിരുന്നു അവരുടെ ലക്ഷ്യം.
ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ നാലുപേരും ഫ്ളാറ്റിനു മുന്നിലെ ലോണിൽ വട്ടമിരുന്നു.
“അരുണിനെ ഇത്രയും നല്ല നിലയിൽ എത്തിച്ചത് മാഡത്തിന്‍റേയും കൂടി പരിശ്രമവും പിന്തുണയുമാണ്. അതിനുള്ള നന്ദി അറിയിക്കാൻ കൂടിയാണ് ഞങ്ങൾ വന്നത്.”
“നിങ്ങളെപ്പോലെ അരുൺ എനിക്കും ഒരു മകൻ തന്നെയാണ്. ഒരമ്മ മകനു വേണ്ടി ചെയ്യുന്നതൊക്കെയെ ഞാനും അരുണിനു വേണ്ടി ചെയ്തിട്ടുള്ളൂ… പിന്നെ ഒരദ്ധ്യാപികയെന്ന നിലയിലും ഞാൻ ചില പിന്തുണകൾ നല്കിയിട്ടുണ്ട്. അതിലപ്പുറം ഒന്നുമില്ല…” തനിക്കു നല്കിയ അഭിനന്ദനത്തെ നിസ്സാരവല്ക്കരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“അതല്ല മാഡം… ഒരിയ്ക്കൽ അരുൺ ആ പെൺകുട്ടിയുടെ പുറകേ നടന്ന് ജീവിതം തുലയ്ക്കുമെന്ന് ഞങ്ങൾ ഭയന്നിരുന്നു. അവൻ അത്രത്തോളം നിരാശനും ദുഃഖിതനുമായിരുന്നു എന്നാൽ മാഡമാണ് അവനെ ആ വേദനയിൽ നിന്നും കരകയറ്റിയത്. ഇന്നവൻ സന്തോഷവാനാണ് മാഡം…”
അപ്പോഴാണ് അരുണിനെ സംബന്ധിച്ച് ചില നല്ല തീരുമാനങ്ങളെടുക്കാൻ ഇതുതന്നെയാണ് പറ്റിയ സമയം എന്ന് എനിക്കു തോന്നിയത്. അരുന്ധതിയെയും ചരണിനേയും നോക്കി പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“അരുണിന് ആവശ്യം ഒരു നല്ല ജോലിയായിരുന്നു. അതു ലഭിച്ചു കഴിഞ്ഞു. ഇനി അവൻ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിലുടനീളമുള്ള സാന്നിദ്ധ്യം അതുറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ പ്രിയ പുത്രനു വേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കടമ അതായിരിക്കും.
മീരയുടെ വാക്കുകൾ ഉൾക്കൊണ്ടു കൊണ്ട് അരുന്ധതിയും ചരണും പരസ്പരം പറഞ്ഞു. “ശരിയാണ്… ഇനിയും നമ്മുടെ ഏറ്റവും വലിയ കടമ അതാണ്… സാരംഗിയെ അരുണിനു നൽകുക. അതിനുവേണ്ടി സാരംഗിയുടെ വീട്ടിലേയ്ക്ക് ഇന്നു തന്നെ നമുക്ക് പോകണം. മാഡവും ഫഹദ് സാറും ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ വളരെ സന്തോഷം…”
അങ്ങിനെ അടുത്തു തന്നെ ആ ഒഴിവു ദിനവും വന്നെത്തി. ഞങ്ങളെല്ലാവരും സാരംഗിയുടെ വീട്ടിലേയ്ക്ക് യാത്രയായി… ഒരു മഹദ്കർമ്മത്തിനു സാക്ഷിയാവാൻ…
സാരംഗിയുടെ വീട്ടുകാർ അത്യാഹ്ലാദത്തോടെ ഞങ്ങളെ വരവേറ്റു. മധുര പലഹാരങ്ങളും പൂക്കളും പഴങ്ങളും താലങ്ങളിൽ നിറച്ചും വിളക്കുകൾ കൊളുത്തി വച്ചും അവർ ചടങ്ങിനു മോടിക്കൂട്ടി. അരുണിനെ തിലകക്കുറി അണിയിച്ച് അവർ സ്വീകരിച്ചു. പിന്നീട് നോർത്തിന്ത്യൻ രീതിയിലുള്ള ചടങ്ങുകളോടെ വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് സാരംഗിയുടെ പിതാവ് ഞങ്ങളുടെ സമീപമെത്തി പറഞ്ഞു.
“സാരംഗിയെ ഈ നിലയിൽ ഞങ്ങൾക്ക് തിരികെ ലഭിച്ചത് നിങ്ങളുടെ പരിശ്രമം മൂലമാണ്. ചീത്ത കൂട്ടുകെട്ടുകളിൽ പെട്ട് നശിച്ചു പോകുമായിരുന്ന അവളെ രക്ഷിച്ചത് മാഡവും അരുണുമാണ്. അതിന് നിങ്ങളോട് രണ്ടുപേരോടും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല…” ആ പിതാവിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതുകണ്ട് അരുൺ അദ്ദേഹത്തിന്‍റെ സമീപമെത്തി പറഞ്ഞു.
“അങ്കിൾ… അങ്കിൾ വിഷമിക്കരുത്… സാരംഗിയെ രക്ഷിക്കേണ്ടത് എന്‍റെ കടമയായിരുന്നു. അവളെ ഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നു. മാഡത്തിനും അതറിയാമായിരുന്നു. അതുകൊണ്ടാണ് സാരംഗിയെ രക്ഷിക്കാൻ മാഡം എന്നോടൊപ്പം നിന്നത്…”
ആ വാക്കുകൾക്കു മുന്നിൽ ആ പിതാവ് വീണ്ടും കൃതജ്ഞതയോടെ കൈകൾ കൂപ്പി. പിന്നീട് വിവാഹത്തിനുള്ള തീയതി നിശ്ചയിക്കപ്പെട്ടു. ഒടുവിൽ ഏറ്റവുമടുത്ത ശുഭമുഹൂർത്തത്തിൽ ആ വിവാഹം അത്യാഢംബരപൂർവ്വം നടന്നു. കുതിരപ്പുറത്തേറി വന്ന വരനെ പൂക്കൾ വർഷിച്ചും, പടക്കങ്ങൾ പൊട്ടിച്ചുമാണ് അവർ വരവേറ്റത്.
മൂടുപടമിട്ട് അണിഞ്ഞൊരുങ്ങി വന്ന സാരംഗിയാകട്ടെ ഏറെ സുന്ദരിയായ വധുവായി കാണപ്പെട്ടു. അരുണിനെ ആശീർവദിച്ചു കൊണ്ട് അവന്‍റെ മാതാപിതാക്കളോടൊപ്പം ഞങ്ങളും നിന്നു.
“എനിക്കെന്‍റെ മാതാപിതാക്കളെപ്പോലെയോ, ഒരുപക്ഷെ അതിൽ കൂടുതലോ ആണ് ഇവർ രണ്ടുപേരും…” അരുൺ എല്ലാവരോടും പറഞ്ഞു. അരുണിന്‍റെ സ്‌ഥാനത്ത് ഞാനപ്പോൾ കണ്ടത് എന്‍റെ രാഹുലിനെത്തന്നെയായിരുന്നു. അവന്‍റെ വിവാഹം കഴിഞ്ഞതു പോലെയുള്ള ആഹ്ലാദമാണ് മനസ്സിൽ അപ്പോൾ നാമ്പെടുത്തത്. വധൂവരന്മാരെ യാത്രയയച്ച ശേഷം എല്ലാവരും മടങ്ങിയപ്പോൾ പന്തലിൽ ഞങ്ങൾ മാത്രമായി. അപ്പോൾ ഫഹദ് സാർ എന്‍റെ കൈപിടിച്ചു കൊണ്ട് ഫലിതരൂപേണ പറഞ്ഞു. “നമുക്കും വേണ്ടെ ഒരു ഹണിമൂൺ ട്രിപ്പ് എവിടേയ്ക്കെങ്കിലും. നമ്മുടെ വിവാഹവും ഇപ്പോൾ കഴിഞ്ഞതല്ലെ ഉള്ളൂ.”
അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ കളിയായി പറഞ്ഞു. “ഹണിമൂൺ ട്രിപ്പോ… അതിന് അവരെപ്പോലെ ചെറുപ്പമാണോ നമ്മൾ… തലനരച്ച ഒരു കിഴവനും കിഴവിയുമല്ലേ നമ്മൾ…”
“അങ്ങിനെയൊന്നുമില്ല മീരാ… ഭാര്യാഭർത്താക്കന്മാർക്ക് ഏതു പ്രായത്തിലും ഹണിമൂൺ ട്രിപ്പു പോകാം. ഇക്കാലത്തെ ആവർത്തന വിരസമായ ജീവിതത്തിൽ നിന്നുള്ള ഒരു മോചനം കൂടിയാകുമത്…”
“സാർ സീരിയസായിട്ടാണോ ഇത് പറയുന്നത്….”
“അതെ മീരാ… നമുക്ക് പഴയ കാലങ്ങളുടെ സ്മരണ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകാം. അതിന് ഏറ്റവും ഉചിതമായ സ്‌ഥലം കേരളം തന്നെയാണെന്ന് എനിക്കു തോന്നുന്നു. നമുക്ക് നമ്മുടെ പഴയ കോളേജും പരിസരവും, പിന്നെ സ്വപ്നങ്ങൾ പങ്കുവച്ച് നടന്ന സുഭാഷ്പാർക്ക്, അങ്ങിനെ ചില സ്‌ഥലങ്ങളിലേയ്ക്ക് ഒരു യാത്ര പോകാം…. മീര എന്തു പറയുന്നു?
“പഴയ സ്മരണകൾ അയവിറക്കിക്കൊണ്ട് ഒരു യാത്ര. അല്ലെ സാർ… ഞാനതിന് ഒരുക്കമാണ്.” ഞാൻ സമ്മതമറിയിച്ച ഉടനെ ഫഹദ് സാർ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അങ്ങിനെ കേരളത്തിലേയ്ക്കുള്ള ആ ട്രിപ്പ് തീരുമാനിക്കപ്പെട്ടു. കോളേജിൽ നിന്ന് അല്പ ദിവസങ്ങൾ നീണ്ട അവധി ലഭിക്കുവാൻ ഞങ്ങൾക്കു രണ്ടുപേർക്കും പ്രയാസമുണ്ടായില്ല. കേരളത്തിലേയ്ക്ക് യാത്ര പുറപ്പെടുന്നതിന്‍റെ തലേദിവസം നരേട്ടന്‍റെ ഓർമ്മ ദിവസം കൂടിയായിരുന്നു. അദ്ദേഹം മരണമടഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ആ ഓർമ്മകൾക്കു മുന്നിൽ. അദ്ദേഹത്തിന്‍റെ ഛായാ ചിത്രത്തിനു മുന്നിൽ വിളക്കു കൊളുത്തി വച്ച് ഞാൻ നിശബ്ദയായി നിന്നു. കണ്ണുകളിൽ നിന്നും അറിയാതെ ബാഷ്പധാരയൊഴുകി. അല്പനേരം കഴിഞ്ഞ് ഫോട്ടേയിലേയ്ക്കു നോക്കി മന്ത്രോച്ചാരണം പോലെ ഉരുവിട്ടു.
നരേട്ടാ… ജീവിച്ചിരുന്നപ്പോൾ അങ്ങയെപ്പോലെ നല്ലവൻ ഈ ലോകത്തിൽ മറ്റാരുമില്ലെന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ അങ്ങ് എന്നെ വിശ്വസിപ്പിച്ചു. എന്തിനായിരുന്നു നരേട്ടാ ഈ ഒളിച്ചു കളി. അങ്ങേയ്ക്കെന്നോട് എല്ലാം തുറന്നു പറഞ്ഞ് മാപ്പപേക്ഷിയ്ക്കാമായിരുന്നു. എങ്കിൽ ജീവിതകാലം മുഴുവൻ അങ്ങ് മനസ്സിൽ കൊണ്ടു നടന്ന കുറ്റബോധവും അതു മൂലമുണ്ടായ മാനസിക പീഡയും ഒഴിവാക്കാമായിരുന്നു. മരണ സമയത്തെങ്കിലും തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഇന്നിപ്പോൾ അങ്ങയോട് എന്‍റെ മനസ്സിന്‍റെ കോണിൽ ഉടലെടുത്തിരിക്കുന്ന വിദ്വേഷം ഉണ്ടാകുമായിരുന്നില്ല.
ഇന്നിപ്പോൾ ഫഹദ് സാർ എന്നോടു പറഞ്ഞ കാര്യങ്ങളോർക്കുമ്പോൾ, അങ്ങയോടുള്ള വെറുപ്പ് എനിക്ക് കൂടിയിട്ടേ ഉള്ളൂ. എങ്കിലും ഒരർത്ഥത്തിൽ ഞാനും അങ്ങയോട് തെറ്റു ചെയ്‌തിട്ടുള്ളവളാണ്. കാരണം ജീവിച്ചിരുന്നപ്പോൾ പൂർണ്ണമനസ്സോടെ അങ്ങയെ സ്നേഹിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. അതങ്ങയ്ക്കും അറിയാമായിരുന്നു. എന്നാൽ ജീവിതകാലം മുഴുവൻ എന്നോടുള്ള അങ്ങയുടെ സ്നേഹം ആത്മാർത്ഥമായിരുന്നു. ആ ഒറ്റ കാരണം കൊണ്ടു തന്നെ അങ്ങയെ സ്നേഹിക്കാൻ ഞാൻ കടപ്പെട്ടവളാണ്.
അങ്ങ് സ്വപ്നത്തിൽ എന്നോടു വന്ന് പറഞ്ഞതു പോലെ ഞാനെല്ലാം പ്രവർത്തിച്ചു. കാശിയിൽ പോയി ബലിതർപ്പം ചെയ്ത് ഗംഗയിൽ മുങ്ങിക്കുളിച്ചു. അങ്ങയുടേയും രാഹുൽമോന്‍റേയും അമ്മയുടേയും ആത്മശാന്തിയ്ക്കായി പ്രാർത്ഥിച്ചു. ഇന്നിപ്പോൾ അങ്ങയുടെ ആത്മാവിനു മുക്‌തി ലഭിച്ചു കാണും. അല്ലേ നരേട്ടാ… അങ്ങയുടെ ആഗ്രഹം പോലെ ഫഹദ്സാറിനെത്തന്നെ ഞാൻ വിവാഹം കഴിച്ചു. ഇന്നിപ്പോൾ അങ്ങയെപ്പോലെ തന്നെ പാപമുക്തി എനിക്കും ലഭിച്ചിരിക്കുന്നു. ഫഹദ് സാറിനെ മാനസികമായി പീഡിപ്പിച്ചു, എന്നുള്ള പാപബോധം മൂലമുള്ള ആത്മപീഡയിൽ നിന്ന് മോചനവും…”
“മീരാ…” ഫഹദ് സാർ പുറകിൽ നിന്നു വിളിച്ചപ്പോൾ നിറമിഴികളോടെ തിരിഞ്ഞു നോക്കി.
“പ്രൊഫ. വിഷ്ണു നാരായണൻ നല്ലവനായിരുന്നു അല്ലേ മീരാ… അദ്ദേഹം നിന്നെ ഒരുപാടു സ്നേഹിച്ചിരുന്നു അല്ലേ?” ഫഹദ് സാർ എന്നെ ഉറ്റുനോക്കി ചോദിച്ചു. ചുണ്ടുകളിൽ വിരിഞ്ഞ വിളറിയ ഒരു മന്ദഹാസത്തോടെ ഞാൻ പ്രതിവചിച്ചു.
“ഇന്നിപ്പോൾ പൂർണ്ണ മനസ്സോടെ അദ്ദേഹത്തെപ്പറ്റി എനിക്കങ്ങനെ പറയുവാൻ കഴിയുകയില്ല ഫഹദ് സാർ. പക്ഷെ എല്ലാ മനുഷ്യരിലും നന്മയും തിന്മയും കുടികൊള്ളുന്നുണ്ട്. ചിലരിൽ നന്മ ഏറിയിരിക്കും. മറ്റു ചിലരിൽ തിന്മയും. ആ ഒരു വ്യത്യാസം മാത്രമാണുണ്ടാവുക. ഇക്കൂട്ടത്തിൽ നരേട്ടനെ ഏതു ഗണത്തിൽപ്പെടുത്തണമെന്ന് എനിക്കറിയില്ല. കാരണം നരേട്ടൻ ചെറുപ്പത്തിൽ അങ്ങയോടു ചെയ്തത് ഒരു മഹാപാതകമാണ്. എന്നാൽ അത് എന്നോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ടായിരുന്നു. അദ്ദേഹം ജീവിതത്തിലുടനീളം എന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും ഒരു ഘട്ടത്തിൽ അദ്ദേഹത്തോടുള്ള എന്‍റെ മാനസികമായ അകൽച്ചയിൽ എന്നോടു ക്ഷമിക്കുകയും ചെയ്തിട്ടുണ്ട്.
“പിന്നെ എന്തുകൊണ്ടാണ് മീര അദ്ദേഹത്തെ ഇപ്പോൾ ഇഷ്ടപ്പെടാതിരിക്കുന്നത്?”
“അതിനു കാരണം അങ്ങാണ് ഫഹദ് സാർ. സാറിനറിയില്ല അദ്ദേഹം അങ്ങയോടു ചെയ്‌ത തെറ്റിന്‍റെ കാഠിന്യം. കാരണം നരേട്ടന്‍റെ രഹസ്യ പ്രേരണമൂലമാണ് എന്‍റെ അച്ഛൻ എന്നെ അങ്ങയിൽ നിന്നും ബലമായി വേർപെടുത്തിയതും, അങ്ങയെ ജയിലിലടച്ച് മരണതുല്യനാക്കി പീഡിപ്പിച്ചതും. അങ്ങ് മരിയ്ക്കണമെന്ന ആഗ്രഹമായിരുന്നു നരേട്ടനും എന്‍റെ അച്ഛനുമുണ്ടായിരുന്നത്. എന്നാൽ പിന്നീട് ജീവിതത്തിൽ അവരിരുവരും അതോർത്ത് പശ്ചാത്തപിച്ചിരുന്നു. മാത്രമല്ല കുറ്റബോധം നരേട്ടനെ മാനസികമായി തകർക്കുകയും ചെയ്‌തു. ആ കാലങ്ങളിൽ അദ്ദേഹത്തിന്‍റെ മനഃസാക്ഷിയുടെ കോടിതിയിൽ അദ്ദേഹം വിചാരണ ചെയ്യപ്പെട്ടു കൊണ്ടിരുന്നു.”
ഫഹദ് സാർ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഒന്നു ഞെട്ടി എന്നു തോന്നി. അദ്ദേഹം ചോദിച്ചു. “നരനാണ് ഇതൊക്കെ ചെയ്തതെന്ന് മീരയ്ക്കെങ്ങിനെ അറിയാം?”
“അദ്ദേഹത്തിന്‍റെ മരണശേഷം അദ്ദേഹം ഞങ്ങളുടെ വിവാഹ ആൽബത്തിൽ സൂക്ഷിച്ചിരുന്ന ഒരു കത്തിൽ നിന്നുമാണ് ഞാനിതെല്ലാം അറിഞ്ഞത്. അദ്ദേഹം ജീവിതകാലം മുഴുവൻ എന്നോടിതെല്ലാം ഒളിച്ചു വച്ചു. എല്ലാം അറിഞ്ഞാൽ ഞാൻ അദ്ദേഹത്തെ വെറുക്കുമോ എന്നായിരുന്നു പേടി. എന്നാൽ കുറ്റബോധം മരണം വരെ അദ്ദേഹത്തിൽ നീറി നിന്നു. മരിയ്ക്കുന്നതിനു മുമ്പ് എന്നോടും അങ്ങയോടും അദ്ദേഹം മാപ്പു ചോദിച്ചു. അങ്ങയെ വിവാഹം ചെയ്‌ത് ആ പാപബോധത്തിൽ നിന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് മുക്തി നൽകണമെന്നഭ്യർത്ഥിച്ചു. എങ്കിൽ മാത്രമേ അദ്ദേഹത്തിന്‍റെ ആത്മാവിന് മോക്ഷം ലഭിക്കുകയുള്ളൂ എന്നും പറഞ്ഞു. ഇതുതന്നെ മരണശേഷം ഒരു സ്വപ്ന ദർശനത്തിലൂടെ അദ്ദേഹം എന്നോടു വന്നു പറഞ്ഞു.”
എല്ലാം കേട്ടു കഴിഞ്ഞ ഫഹദ് സാർ എന്നോടു ചോദിച്ചു “അദ്ദേഹം ചെയ്‌ത തെറ്റിന്‍റെ ആഴമറിയാതെ മീര ജീവിതത്തിലുടനീളം അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവോ…?” ആ ചോദ്യം ഒരു ഞെട്ടലോടെയാണ് ഞാൻ ശ്രവിച്ചത്.
“ഫഹദ് സാർ… അങ്ങയെ ഞാൻ മറന്നിരുന്നുവോ എന്നാണോ ഈ ചോദ്യത്തിനർത്ഥം? ഇതിനെന്താണ് ഞാൻ മറുപടി പറയേണ്ടത്? ഞാനും ഒരു പെണ്ണല്ലേ ഫഹദ് സാർ… അങ്ങ് മുമ്പ് പറഞ്ഞതു പോലെ സാഹചര്യങ്ങൾക്കടിമയായ പെണ്ണ്. എന്‍റെ ഭർത്താവെന്ന നിലയ്ക്കും എന്‍റെ മക്കളുടെ അച്‌ഛനെന്ന നിലയ്ക്കും ഞാൻ അദ്ദേഹത്തെ കഴിയുന്നത്ര സ്നേഹിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അതിൽ എത്രത്തോളം പൂർണ്ണത ഉണ്ടായിരുന്നുവെന്ന് എനിക്കു പറയാനാവുകയില്ല. കാരണം എന്‍റെ മനസ്സിന്‍റെ കോണിൽ എന്നും അങ്ങുണ്ടായിരുന്നു.”
ആ വാക്കുകൾ കേട്ട് ഫഹദ് സാർ നിശബ്ദനായിരുന്നു. ഒരു യോഗിയുടെ പ്രശാന്തത ആമുഖത്തു നിറയുന്നതും ഒരു പുഞ്ചിരി വിരിയുന്നതും ഞാൻ കണ്ടു. അൽപം കഴിഞ്ഞ് എല്ലാറ്റിനും സാക്ഷിയായ ഈശ്വരനെ നന്ദിപൂർവ്വം വണങ്ങുന്നതു പോലെ ആ കൈകൾ മുകളിലേയ്ക്കുയർന്നു.
“ദൈവമേ അങ്ങ് എല്ലാം അറിയുന്നവൻ” എന്ന് അദ്ദേഹം മെല്ലെ പറയുന്നതു പോലെ തോന്നി. അതുകണ്ട് ആ മാറിലേയ്ക്കു വീണ് ഒന്നു പൊട്ടിക്കരയണമെന്നെനിക്കു തോന്നി. ഏങ്ങലടികളോടെ ആ മാറിലേയ്ക്കു വീണ എന്നെ അദ്ദേഹം തഴുകി ആശ്വസിപ്പിച്ചു. ഉള്ളിൽ ഉറഞ്ഞു നിന്ന എല്ലാ ദുഃഖങ്ങളും ആ തലോടലിൽ അലിഞ്ഞു ചേർന്നു.
പിറ്റേന്നു തന്നെ ഞങ്ങൾ കേരളത്തിലേയ്ക്കു യാത്ര പുറപ്പെട്ടു. ജീവിതത്തിന്‍റെ നഷ്ടമായ ആ ദിനങ്ങളിലേയ്ക്കുള്ള ഒരു മടക്കയാത്ര… പഴയ ആവേശവും, ആനന്ദവും ഞങ്ങൾക്കപ്പോൾ തിരികെ ലഭിച്ചിരുന്നു. ചെറുപ്പത്തിലേതു പോലെ ഹൃദയത്തിൽ നിറഞ്ഞു നിന്ന പ്രേമവായ്പ് ഞങ്ങളെ ആനന്ദതുന്ദിലരാക്കി. എയ്റോഡ്രോമിൽ ഞങ്ങളെ യാത്രയയ്ക്കാൻ അരുണും, സാരംഗിയും എത്തിയിരുന്നു. അവർ രണ്ടാഴ്ച കഴിഞ്ഞ് യൂറോപ്പിലേയ്ക്ക് ഹണിമൂണിന് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്വന്തം മക്കൾ അച്‌ഛനമ്മമാരെയെന്ന പോലെ അവർ ഞങ്ങളെ ഇറുകെപ്പുണർന്ന് യാത്രായയപ്പു നൽകി.
“ഈ യാത്രയിൽ നിങ്ങളുടെ യൗവ്വനകാലം സ്മരണകളിലൂടെ പുനർജ്ജനിയ്ക്കട്ടെ…” അരുൺ യാത്രാമംഗളമോതി.
വിമാനത്തിനോടൊപ്പം ഞങ്ങളുടെ സ്വപ്നങ്ങളും വായു വേഗത്തിൽ പറന്നു പൊങ്ങി. ഒടുവിൽ ഒരിക്കൽ ശാപഭൂമിയായി മാറിയ ആ നാട്ടിലേയ്ക്ക് ശാപമുക്തി നേടിയ ഗന്ധർവ്വരെപ്പോലെ ഞങ്ങളും ചെന്നിറങ്ങി.
കണ്ണുനീരിന്‍റെ കയ്പുനീർ മാത്രം നൽകി ഞങ്ങളെ വീർപ്പുമുട്ടിച്ചിരുന്ന ആ മണ്ണിന്ന് അലൗകികമായ ആനന്ദത്തിന്‍റെ പരിവേഷത്താൽ ഞങ്ങൾക്ക് സ്വാഗതമോതി… ആ മണ്ണിലേയ്ക്കുള്ള ഓരോ കാൽവയ്പിലും ഞങ്ങൾ ഹർഷപുളകിതരായി… അവിടുത്തെ ഓരോ മൺതരിയിലും പണ്ട് ഞങ്ങൾ പങ്കുവച്ചിരുന്ന സ്വപ്നങ്ങൾ ഉറങ്ങിക്കിടന്നിരുന്നു.
കലാലയത്തിലേയ്ക്ക് നയിക്കുന്ന പാതയോരത്തും, ഇടവഴിയിലും കാറ്റ് പതുങ്ങിയിരുന്ന് ഞങ്ങളുടെ പഴയകാലം അയവിറക്കി. ഒടുവിൽ ഞങ്ങളുടെ സ്വപ്നങ്ങളുറങ്ങിയിരുന്ന ആ പഴയ കലാലയ മുറ്റത്തേയ്ക്ക് ഞങ്ങളുടെ കാർ ചെന്നു നിന്നു.
അനിയന്ത്രിതമായ വികാരത്തള്ളിച്ചയാൽ ഞങ്ങൾ പരസ്പരം നോക്കി. വാക്കുകൾക്കതീതമായ വികാല വിക്ഷോഭത്തോടെ ഞങ്ങൾ കാറിൽ നിന്നുമിറങ്ങി. ഒരുമിച്ച് കൈകോർത്ത് ആ കലാലയാങ്കണത്തിൽ കാൽ ചവിട്ടുമ്പോൾ, ഒരു സ്വപ്നം വീണ്ടെടുത്തതിലുള്ള ഹർഷോന്മാദം മനസ്സുകളിൽ അലയടിച്ചിരുന്നു.
ആ കലാലയമുറ്റത്തു കൂടി ഇടനാഴികളിൽ കൂടി ഞങ്ങൾ കൈക്കോർത്തു നടന്നു. ക്ലാസ്സുകളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും ഞങ്ങളെ എത്തിനോക്കി. അതൊന്നുമറിയാതെ ഏതോ സ്വപ്നനാടകരെപ്പോലെ ഞങ്ങൾ നടന്നു. ഒടുവിൽ ഞങ്ങൾ അഞ്ചു വർഷക്കാലം പരസ്പരം കണ്ണുകളിൽ കൂടി ചലനങ്ങളിൽക്കൂടി ഹൃദയം പങ്കുവച്ച ആ ക്ലാസ്സുമുറികളിലൊന്നിന്‍റെ വാതിൽക്കലോളം ചെന്ന് ഞങ്ങളുടെ യാത്ര അവസാനിച്ചു…
പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ തലനരച്ച രണ്ടുപേർ ഞങ്ങളുടെ സമീപമെത്തി നിന്നു. അവരെ തിരിച്ചറിഞ്ഞ നിമിഷത്തിൽ ഞങ്ങളും ഞങ്ങളെ തിരിച്ചറിഞ്ഞ അവരും പരസ്പരം അദ്ഭുത പരതതന്ത്രരായി നോക്കി നിന്നു. ആനന്ദും, നിമിഷയുമായിരുന്നു അവർ.
“നിങ്ങൾ… നിങ്ങൾ രണ്ടുപേരേയും ഈ നിലയിൽ കാണുവാനാണ് കാലങ്ങളായി ഞങ്ങൾ ആഗ്രഹിച്ചു കൊണ്ടിരുന്നത്. ഇന്നിപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ല… ഇത്രകാലവും നിങ്ങൾ രണ്ടുപേരും എവിടെയായിരുന്നു? നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി?
ചോദ്യശരങ്ങളാൽ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്ന അവരെ നേരിടുന്നതെങ്ങിനെയെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു. ഒടുവിൽ ഫഹദ്സാർ തന്നെ ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടു പറഞ്ഞു.
“ഞങ്ങൾ വിവാഹിതരായത് അടുത്ത കാലത്താണ്… ഏതാണ്ട് മൂന്നുമാസമേ ആയിട്ടുള്ളു ഞങ്ങളുടെ വിവാഹം നടന്നിട്ട്. വിവാഹം എന്നതിനെ പറയാമോ എന്നറിയില്ല. ഒരു ചെറിയ ചടങ്ങ് അത്രയേയുണ്ടായിരുന്നുള്ളൂ… അല്ലെങ്കിൽ തന്നെ ഒരിക്കൽ ഞങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞതാണല്ലോ. നിങ്ങളായിരുന്നല്ലോ അതിന് ദൃക്സാക്ഷികൾ…”
“അതെ സാർ… അതിനുശേഷം പലതിനും ഞങ്ങൾക്ക് ദൃക്സാക്ഷികളാവേണ്ടി വന്നു. ഞങ്ങളെ ഏറ്റവുമധികം വിഷമിപ്പിച്ചതും ആ കാഴ്ചകളായിരുന്നു…” ആനന്ദ് പറഞ്ഞു.
ഞാൻ കുറ്റബോധത്തോടെ തലകുനിച്ചപ്പോൾ ഫഹദ് സാർ എന്നെ ചേർത്തു പിടിച്ച് പറഞ്ഞു.
“മീര അക്കാര്യത്തിൽ കുറ്റക്കാരിയല്ലെന്ന് എന്നെപ്പോലെ നിങ്ങൾക്കും അറിവുള്ളതല്ലേ… പിന്നെ നിങ്ങളെന്തിനാണ് വെറുതെ മീരയെ കുറ്റം പറയുന്നത്?”
“ഞങ്ങൾ മീരയെ കുറ്റപ്പെടുത്തിയത് മനഃപൂർവ്വമാണ് സാർ. കാരണം അന്ന് നല്ല ചങ്കൂറ്റമുള്ള ഒരു പെൺകുട്ടിയായിരുന്നു മീര. ഇവൾക്ക് വേണമെങ്കിൽ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാമായിരുന്നു. സാറിനെ മാത്രമേ ഭർത്താവായി കാണുകയുള്ളൂ എന്നു പറയാമായിരുന്നു. അതിനുപകരം മറ്റൊരാളുടെ മുന്നിൽ താലികെട്ടാൻ നിന്നു കൊടുത്തു.
പെട്ടെന്ന് നിയന്ത്രണം വിട്ടതു പോലെ എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു…
കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. “അന്നത്തെ കാര്യത്തിൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തരുത്. കാരണം എന്‍റെ അച്ഛൻ എന്നെ ഭീഷണിപ്പെടുത്തിയത് ഫഹദ്സാറിന്‍റെ പേരു പറഞ്ഞാണ്. ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ സാറിനെ ലോക്കപ്പിലിട്ടു പോലീസിനെക്കൊണ്ടു മർദ്ദിച്ചു കൊല്ലും എന്നു പറഞ്ഞു…. സാറിന്‍റെ ജീവൻ രക്ഷിയ്ക്കുവാൻ വേണ്ടിയാണ് ഞാൻ… മുഴുവൻ പറയാതെ വികാര വിക്ഷോഭത്താൽ വിങ്ങിപ്പൊട്ടിയ ഞാൻ സാരിത്തലപ്പു കൊണ്ടു മുഖം മറച്ചു. അപ്പോൾ ക്ലാസ്സുമുറികളിൽ നിന്നും ചില കുട്ടികൾ എത്തിനോക്കുന്നതു കണ്ടു. അതു കണ്ട് ആനന്ദ് പറഞ്ഞു.
“വരൂ… നമുക്കിവിടെ നിന്നു പോകാം. കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്…. നിങ്ങൾ രണ്ടുപേരും ഒരു കാലത്ത് ഈ കോളേജിന്‍റെ ഭാഗമായിരുന്നു എന്ന് അവർക്കറിയില്ലല്ലോ…”
അങ്ങനെ പറഞ്ഞ് ആനന്ദ് മുന്നേ നടന്നു. ആനന്ദിന്‍റെ പുറകേ നടന്നു നീങ്ങുമ്പോൾ നിമിഷ അടുത്തെത്തി എന്‍റെ കൈപിടിച്ചു. “മീര… നീ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾ ഒന്നുമറിയാതെയാണ് നിന്നെ കുറ്റപ്പെടുത്തിയത്. നിന്‍റെ അന്നത്തെ അവസ്‌ഥ ഞങ്ങൾക്കറിയില്ലായിരുന്നു….”
“സാരമില്ല നിമിഷ… എല്ലാം എന്‍റെ തലേവിധിയായിരുന്നു. ഞാനതു മുഴുവനും അനുഭവിച്ചു തീർക്കണമായിരുന്നു…”
“ഞങ്ങളിനി നിന്നെ അതുമിതും പറഞ്ഞ് വേദനിപ്പിക്കുന്നില്ല. ഒടുവിൽ നിങ്ങളിരുവരും ഒരുമിച്ചല്ലോ… ഞങ്ങൾ കാണാൻ കാത്തിരുന്നത് ഈ കാഴ്ചയായിരുന്നു.”
ഞങ്ങൾ നടന്നു ചെന്നത് അവിടെ ഞങ്ങൾ പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്ന ആ ആൽമരത്തണലിലേയ്ക്കാണ്. ആ വയസ്സൻ മരം അപ്പോൾ തന്‍റെ ചില്ലകളാൽ ഞങ്ങൾക്ക് സ്വാഗതമോതിക്കൊണ്ട് നേരിയ മർമ്മരമുതിർത്തു.
പഴയ കാല കഥകൾ അയവിറക്കിക്കൊണ്ട് ഞങ്ങൾ നാലുപേരും ആ മരത്തണലിൽ ഏറെ നേരമിരുന്നു. ഞങ്ങളുടെ കഥകൾ കേട്ട് നിമിഷയുടേയും ആനന്ദിന്‍റെയും കണ്ണു നിറഞ്ഞു.
“നിങ്ങൾ രണ്ടുപേരും സഹനത്തിന്‍റെ ആത്മ സമർപ്പണത്തിന്‍റെ പര്യായമായിത്തീർന്നിരിക്കുന്നു. വെറുതെയല്ല ദൈവം നിങ്ങൾക്കു മുന്നിൽ കണ്ണു തുറന്നത്… ആത്മസംയമനം കൊണ്ട് നിങ്ങൾ ആ ദൈവത്തെപ്പോലും തോൽപ്പിച്ചിരിയ്ക്കുന്നു.”
ആനന്ദ് ഞങ്ങൾക്കിരുവർക്കും കൈതന്നു കൊണ്ടു പറഞ്ഞു. പിന്നീട് കാലം ഞങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചായി സംസാരം. ആനന്ദിന്‍റേയും നിമിഷയുടേയും തലമുടിയിലെ നര കണ്ട് ഞാൻ വയസ്സനും വയസ്സിയുമായെന്നു പറഞ്ഞ് കളിയാക്കിയപ്പോൾ നിമിഷ എന്നെ നോക്കി പറഞ്ഞു.
“നീയിപ്പോൾ പണ്ടത്തെപ്പോലെത്തന്നെയിരിക്കുന്നു മീരാ… ഇപ്പോൾ പണ്ടത്തെക്കാളും ചെറുപ്പമായതു പോലെ… ഫഹദ് സാറിനെ കിട്ടിയതു കൊണ്ടാകും അല്ലേ…”
(തുടരും)