നാട്ടിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമെന്ന് ഷിജു പ്രതീക്ഷിച്ചതേയില്ല. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് അബുദാബിയിലെ ജയിലിൽ അടയ്ക്കപ്പെട്ടാൽ പിന്നെ പുറംലോകം കാണാൻ കഴിയാറില്ല. അതാണ് പതിവ്. എന്നാൽ തന്‍റേതല്ലാത്ത കുറ്റത്തിനാണ് ഷിജു ജയിലിലായതെന്ന് ബോദ്ധ്യപ്പെട്ടതോടെ മോചനം സാദ്ധ്യമായി. അതിനു വഴിതെളിച്ചത് നാട്ടുകാരുടെ അശ്രാന്ത പരിശ്രമം. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ ദിവസങ്ങൾ എണ്ണിക്കഴിഞ്ഞ ഓർമ്മകൾ ഷിജുവിന് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല.
“മുപ്പത്തിയാറ് ദിവസത്തോളം അവിടെ ജയിലിൽ കഴിയേണ്ടി വന്നു. കൂടാതെ അമ്പത്തിയൊന്നു ദിവസം എംബസിയിലും” മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് അബുദാബി എയർപോർട്ടിൽ വച്ചാണ് കടമക്കുടി പിഴല കണ്ണപ്പാട്ട് ഷിജു മാനുവലിനെ അറസ്റ്റ് ചെയ്തത്.
“മയക്കുമരുന്നുള്ള കവർ എന്നെ ഏൽപ്പിച്ചവരുമായി എനിക്ക് യാതൊരുവിധ ബന്ധവും ഇല്ലായിരുന്നു. എല്ലാം എന്‍റെ സമയ ദോഷമെന്ന് പറയാം. നിരപാരാധിത്വം തെളിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മയക്കുമരുന്നു കേസിൽ പിടിയിലായവർക്കു വേണ്ടിയുള്ള പ്രത്യേക സെല്ലിലാണ് എന്നെ പാർപ്പിച്ചിരുന്നത്. അതിൽ മറ്റ് എട്ടുപേർ കൂടി ഉണ്ടായിരുന്നു. എന്നോടൊപ്പം മറ്റ് രണ്ട് മലയാളികളും. അവരും മയക്കുമരുന്ന് ഉപയോഗിച്ചതിന്‍റെ പേരിൽ പിടിയിലായവരാണ്. പിന്നീട് അവർക്ക് പൊതുമാപ്പ് ലഭിച്ച് മോചിതരായി. നോമ്പുകാലമായതിനാൽ ജയിലിൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഇടയ്‌ക്കിടെ വന്ന് വിവരങ്ങൾ തിരക്കും. എല്ലാവരുടേയും കൂട്ടായ പ്രയത്ന ഫലമായാണ് എനിക്ക് മോചനം ലഭിക്കാനും തിരികെ നാട്ടിലെത്താനും കഴിഞ്ഞത്” നിറകണ്ണുകളോടെ ഷിജു പറയുന്നു.
എയർപോർട്ടിൽ വന്നിറങ്ങിയ ഷിജുവിനെ സ്വീകരിക്കാൻ ജനപ്രതിനിധികളോടൊപ്പം അമ്മയും സഹോദരങ്ങളായ ജോഷിയും ജിഷയുമെല്ലാം കാത്തു നിന്നിരുന്നു. “ഞങ്ങളുടെ ഭാഗ്യം കൊണ്ടു മാത്രമാണ് എന്‍റെ മോനെ തിരികെ ലഭിച്ചത്. അവനെയോർത്ത് ഞാൻ കണ്ണീരൊഴുക്കാത്ത ദിവസങ്ങളില്ല.
മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്‌ഥരെയും കണ്ട് പരാതി കൊടുക്കാനും മറ്റും ഒരു പാട് കഷ്‌ടപ്പെടേണ്ടി വന്നു. ഭയം മൂലം പലപ്പോഴും ഒരു പോള കണ്ണടയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. അവൻ തന്നെ എന്നെ നേരിൽ വിളിച്ചപ്പോഴാണ് അൽപം സമാധാനം ഉണ്ടായത്. എങ്കിലും ജയിൽ മോചിതനായി ഒന്നരമാസം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നപ്പോൾ ഭയവും ആശങ്കയുമൊക്കെ തോന്നിയിരുന്നു” ജാൻസി ഓർമ്മിക്കുന്നു.
ചതിയുടെ പൊതി
അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന ഷിജു, പിതാവ് മാനുവൽ വഞ്ചിമറിഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചതിനെ തുടർന്ന് ചടങ്ങിനായി നാട്ടിൽ എത്തിയതായിരുന്നു. തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഷിജുവിനോടൊപ്പം ജോലി ചെയ്‌തിരുന്ന റിനോയുടെ സുഹൃത്തായ അമൽ ബന്ധപ്പെടാൻ ഇടയായത്. തന്‍റെ അമ്മയുടെ ചേച്ചിയുടെ മകനായ സാരംഗിന് കൊടുക്കാനായി എംബിഎയുടെ കുറച്ച് പുസ്‌തകങ്ങളും രണ്ട് ഷർട്ടുകളും കൂടി കൊണ്ടുപോകാൻ കഴിയുമോ എന്ന് ചോദിച്ചു. ഷിജു ഇതിന് സമ്മതം നൽകി. പോകുന്ന ദിവസം പിഴല ഫെറിയിൽ എത്തിയാണ് ഇയാൾ സാധനങ്ങൾ കൈമാറിയത്. വൈകിട്ടത്തെ വിമാനത്തിൽ ഷിജു അബുദാബിലേക്ക് പോയി. വിമാനത്താവളത്തിൽ ഷിജുവിനെ കൊണ്ടുപോകാനായി സുഹൃത്തുക്കൾ വാഹനവുമായി എത്തി. വിമാനം ഇറങ്ങിയ ഉടൻ തന്നെ അവർ ഷിജുവിനെ വിളിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള താമസം മാത്രമേയുള്ളുവെന്നും കാത്തിരിക്കുവാനും പറഞ്ഞു. ഏറെ നേരമായിട്ടും ഷിജുവിനെക്കുറിച്ച് ഇവർക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വീണ്ടും വിളിച്ചപ്പോൾ താൻ പരിശോധനയിൽ പിടിക്കപ്പെട്ടതായും തനിക്ക് പുറത്തിറങ്ങാൻ കഴിയില്ലെന്നും അവരെ അറിയിച്ചു. അമൽ കൊടുത്തയച്ച പാക്കറ്റിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തിയെന്നാണ് അപ്പോൾ ലഭിച്ച വിവരം. പിന്നീട് ഷിജുവിനെ അബുദാബി ജയിലിലേക്ക് കൊണ്ടുപോയി.
ജന്മനാടിന്‍റെ ശ്രമം
ഈ വാർത്ത നാട്ടുകാർക്കും വീട്ടുകാർക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. സത്യാവസ്‌ഥ അറിയുന്നതിനും ഷിജുവിനെ മോചിപ്പിക്കുന്നതിനുമുള്ള നടപടികളെക്കുറിച്ച് ജനപ്രതിനിധികളുമായി അവർ ചർച്ച ചെയ്‌തു. ഇതോടൊപ്പം പോലീസിനും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കും പരാതിയും നൽകി. ഷിജു ജോലി ചെയ്യുന്ന കമ്പനിയിൽ വിവരം അറിയിച്ചെങ്കിലും അവിടെ നിന്ന് വേണ്ടത്ര അന്വേഷണമൊന്നും ഉണ്ടായതുമില്ല. അതോടൊപ്പം തന്നെ ഷിജുവിന്‍റെ മറ്റ് സുഹൃത്തുക്കളായ റിനോയി, ടോണി എന്നിവർക്ക് നാട്ടിലേക്ക് തിരിച്ചു പോരേണ്ടതായും വന്നു. ഇവർ വഴിയാണ് ഷിജുവിന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വീട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.
സുഹൃത്തുക്കളുടെ കേസന്വേഷണം
ഷിജു കുറ്റക്കാരനല്ലെന്നും പായ്‌ക്കറ്റ് കൊടുത്തുവിട്ടവരാണ് ഇതിനുപിന്നിലുള്ളതെന്നും മനസ്സിലാക്കിയ സുഹൃത്തുക്കൾ ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. അവർ അമലിനെ റിനോയുടെ ചിറ്റൂരിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കി. അമൽ പറയുന്ന കാര്യങ്ങളൊക്കെ ഇവർ റിക്കോർഡ് ചെയ്‌തിരുന്നു. പായ്‌ക്കറ്റിൽ ലഹരി മരുന്ന് വച്ചിരുന്നതിന്‍റെ സൂചന അമൽ നൽകിയതിനെ തുടർന്ന് ഷിജുവിന്‍റെ ജ്യേഷ്‌ഠൻ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകി. അമലിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. അന്വേഷണത്തിൽ പാനായിക്കുളം മുഹമ്മദ് സാദ്, തോട്ടുമുഖം അൻസാർ എന്നിവരേയും പോലീസ് പിടികൂടി.
ഡ്രഗ് പാർട്ടിക്കു വേണ്ടി
അബുദാബിയിലെ മ്യൂസിക്കൽ ഡ്രഗ് പാർട്ടിക്കു വേണ്ടിയാണ് ഗോവയിൽ നിന്നും എത്തിച്ച മയക്കുമരുന്ന് കടത്തിയതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. സാരംഗ് എന്ന ഇവരുടെ ഒരു സുഹൃത്താണ് ഇത് ആവശ്യപ്പെട്ടതെന്ന് വ്യക്‌തമായി. ഇതിനായി മുഹമ്മദ് സാദിന്‍റെ ബാങ്ക് അക്കൗണ്ടിൽ 16,000 രൂപാ നിക്ഷേപിക്കുകയും ചെയ്‌തിരുന്നു. ഷിജുവിനെ പരിചയമുണ്ടായിരുന്ന ഇവർ, തിരികെ മടങ്ങുമ്പോഴാണ് പായ്‌ക്കറ്റ് കൊടുത്തു വിടാൻ പദ്ധതിയിട്ടത്. ഇത് അബുദാബിയിൽ എത്തുമ്പോൾ സാരംഗ് കൈപ്പറ്റുമെന്നായിരുന്നു അറിയിച്ചിരുന്നത്.
കൊച്ചിയെ മയക്കുന്ന മരുന്ന്
കൊച്ചി കേന്ദ്രീകരിച്ച് ലഹരി മരുന്നു കൈമാറ്റം നടത്തുന്നതിനെക്കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ പിന്നീട് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കളമശ്ശേരിയിലെ ഒരു ഹോട്ടലാണ് ഇതിനായി പ്രതികൾ താവളമാക്കിയിരുന്നത്. ഈ ഹോട്ടലിന് നഗരസഭയുടെ അംഗീകൃത ലൈസൻസ് ഇല്ലായിരുന്നുവെന്നും സംഭവത്തിനു ശേഷമാണ് ഹോട്ടൽ അധികൃതർ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയതെന്നും അറിവായി. പുലർച്ചെ രണ്ടു മണി വരെ ഭക്ഷണം നൽകുന്ന ഹോട്ടലിൽ ലഹരി മരുന്നിന്‍റെ കൈമാറ്റവും നടന്നിരുന്നതായി സൂചന ലഭിച്ചു. എന്നാൽ സംഭവത്തിനു ശേഷം പോലീസ് റെയ്‌ഡ് ഉണ്ടാകുമെന്ന് ഭയന്നു ഹോട്ടൽ അധികൃതരും പ്രതികളും ചേർന്ന് എല്ലാവിധ തെളിവുകളും നശിപ്പിക്കുകയും ചെയ്‌തിരുന്നു.
ഷിജുവിന് കൈമാറിയ പായ്‌ക്കറ്റിൽ വച്ചിരുന്ന എൽഎസ്‌ഡി ലഹരി സ്‌റ്റാംപുകൾ വച്ചതും ഇവിടെ വച്ചാണ് എന്ന് അന്വേഷണത്തിൽ അറിഞ്ഞു. വൻതുക വാടക നൽകിയാണ് യുവാക്കൾ ചേർന്ന് ഈ പ്രദേശത്ത് ഹോട്ടൽ നടത്തി വന്നിരുന്നതെന്നും തെളിവായി. ഗോവയിലെ കെറി ബീച്ചിൽ വെച്ച് ജർമൻകാരൻ അലക്‌സിയാണു എൽഎസ്‌ഡി സ്‌റ്റാംപുകൾ കൈമാറിയതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് അൻസാറുമായി പോലീസ് ഗോവയിൽ പോയി. എന്നാൽ അവിടത്തെ മുഴുവൻ ഹോട്ടലുകളും ഹോംസ്‌റ്റേകളും കയറിയിറങ്ങി പരിശോധിച്ചെങ്കിലും അലക്‌സി എന്നൊരാൾ താമസിച്ചിരുന്നുവെന്നതിനുള്ള വിവരം ലഭിച്ചില്ല.
കീഴടങ്ങിയ പ്രതി
അബുദാബിയിൽ കഴിഞ്ഞ മുഖ്യപ്രതി സാരംഗ് തോമസിനോട് കീഴടങ്ങാൻ കേരളാ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതോടൊപ്പം അബുദാബി പോലീസിന്‍റെ സഹകരണവും ആവശ്യപ്പെട്ടു. എന്നാൽ ഇതിനോടകം തന്നെ സാരംഗ് മുംബൈയിലേക്ക് കടന്നുകളഞ്ഞു. നാട്ടിൽ എത്തിച്ച് നിയമ നടപടികൾ പൂർത്തിയാക്കാനാണ് കേരള പോലീസ് ശ്രമിച്ചത്. വിവരം സാരംഗിന്‍റെ ബന്ധുക്കളേയും അറിയിച്ചിരുന്നു. എന്നാൽ അത് ഫലപ്രദമായില്ല. തുടർന്ന് സാരംഗിന്‍റെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് നീങ്ങി. ഇതേ സമയം സാരംഗ് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് മുഖേന ജാമ്യാപേക്ഷ നൽകിയിരുന്നുന്നെങ്കിലും അത് തള്ളിപ്പോയി. ഇയാൾ നേരിട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
നയതന്ത്രം വിജയം
ഷിജുവിന്‍റെ കുടുബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ബന്ധപ്പെട്ട മന്ത്രിമാർക്കും വകുപ്പ് ഉദ്യോഗസ്‌ഥർക്കും നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദേശ കാര്യമന്ത്രി യെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു. അന്വേഷണത്തിൽ ഷിജു കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതോടെ മോചനത്തിനായുള്ള വഴികൾ തുറക്കപ്പെട്ടു.. വൈകാതെ ഷിജുവിന്‍റെ ഫോൺ അമ്മ ജാൻസിയെ തേടിയെത്തി.ഷിജുവിന്‍റെ മോചന വാർത്തയറിഞ്ഞ് പിഴല ദ്വീപിലുള്ള നൂറുകണക്കിന് കുടുംബങ്ങൾ ആണ് അന്ന് ആ വീട്ടിലേക്ക് ഒഴുകി എത്തിയത്.
അവസാനത്തെ ടെൻഷൻ
ജയിൽ മോചിതനായെങ്കിലും നാട്ടിലേക്ക് തിരികെയെത്താൻ ഷിജുവിന് വീണ്ടും ഒന്നരമാസം കൂടി കഴിയേണ്ടതായി വന്നു. പാസ്‌പോർട്ട് മടക്കി ലഭിക്കാനുണ്ടായ കാലതാമസമാണ് അതിനു കാരണമായത്. ഇതേതുടർന്ന് ഷിജു എംബസി ഏർപ്പെടുത്തിയ സ്‌ഥലത്ത് താമസിച്ചു. നാട്ടിലേയ്‌ക്ക് മടങ്ങി വരാൻ സംസ്‌ഥാന സർക്കാർ നോർക്ക വഴി ടിക്കറ്റ് ഉൾപ്പെടെയുള്ള സഹായങ്ങളും ഏർപ്പെടുത്തിക്കൊടുക്കുകയായിരുന്നു.