നാട്ടിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമെന്ന് ഷിജു പ്രതീക്ഷിച്ചതേയില്ല. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് അബുദാബിയിലെ ജയിലിൽ അടയ്ക്കപ്പെട്ടാൽ പിന്നെ പുറംലോകം കാണാൻ കഴിയാറില്ല. അതാണ് പതിവ്. എന്നാൽ തന്‍റേതല്ലാത്ത കുറ്റത്തിനാണ് ഷിജു ജയിലിലായതെന്ന് ബോദ്ധ്യപ്പെട്ടതോടെ മോചനം സാദ്ധ്യമായി. അതിനു വഴിതെളിച്ചത് നാട്ടുകാരുടെ അശ്രാന്ത പരിശ്രമം. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ ദിവസങ്ങൾ എണ്ണിക്കഴിഞ്ഞ ഓർമ്മകൾ ഷിജുവിന് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല.

“മുപ്പത്തിയാറ് ദിവസത്തോളം അവിടെ ജയിലിൽ കഴിയേണ്ടി വന്നു. കൂടാതെ അമ്പത്തിയൊന്നു ദിവസം എംബസിയിലും” മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് അബുദാബി എയർപോർട്ടിൽ വച്ചാണ് കടമക്കുടി പിഴല കണ്ണപ്പാട്ട് ഷിജു മാനുവലിനെ അറസ്റ്റ് ചെയ്തത്.

“മയക്കുമരുന്നുള്ള കവർ എന്നെ ഏൽപ്പിച്ചവരുമായി എനിക്ക് യാതൊരുവിധ ബന്ധവും ഇല്ലായിരുന്നു. എല്ലാം എന്‍റെ സമയ ദോഷമെന്ന് പറയാം. നിരപാരാധിത്വം തെളിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മയക്കുമരുന്നു കേസിൽ പിടിയിലായവർക്കു വേണ്ടിയുള്ള പ്രത്യേക സെല്ലിലാണ് എന്നെ പാർപ്പിച്ചിരുന്നത്. അതിൽ മറ്റ് എട്ടുപേർ കൂടി ഉണ്ടായിരുന്നു. എന്നോടൊപ്പം മറ്റ് രണ്ട് മലയാളികളും. അവരും മയക്കുമരുന്ന് ഉപയോഗിച്ചതിന്‍റെ പേരിൽ പിടിയിലായവരാണ്. പിന്നീട് അവർക്ക് പൊതുമാപ്പ് ലഭിച്ച് മോചിതരായി. നോമ്പുകാലമായതിനാൽ ജയിലിൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഇടയ്‌ക്കിടെ വന്ന് വിവരങ്ങൾ തിരക്കും. എല്ലാവരുടേയും കൂട്ടായ പ്രയത്ന ഫലമായാണ് എനിക്ക് മോചനം ലഭിക്കാനും തിരികെ നാട്ടിലെത്താനും കഴിഞ്ഞത്” നിറകണ്ണുകളോടെ ഷിജു പറയുന്നു.

എയർപോർട്ടിൽ വന്നിറങ്ങിയ ഷിജുവിനെ സ്വീകരിക്കാൻ ജനപ്രതിനിധികളോടൊപ്പം അമ്മയും സഹോദരങ്ങളായ ജോഷിയും ജിഷയുമെല്ലാം കാത്തു നിന്നിരുന്നു. “ഞങ്ങളുടെ ഭാഗ്യം കൊണ്ടു മാത്രമാണ് എന്‍റെ മോനെ തിരികെ ലഭിച്ചത്. അവനെയോർത്ത് ഞാൻ കണ്ണീരൊഴുക്കാത്ത ദിവസങ്ങളില്ല.

മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്‌ഥരെയും കണ്ട് പരാതി കൊടുക്കാനും മറ്റും ഒരു പാട് കഷ്‌ടപ്പെടേണ്ടി വന്നു. ഭയം മൂലം പലപ്പോഴും ഒരു പോള കണ്ണടയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. അവൻ തന്നെ എന്നെ നേരിൽ വിളിച്ചപ്പോഴാണ് അൽപം സമാധാനം ഉണ്ടായത്. എങ്കിലും ജയിൽ മോചിതനായി ഒന്നരമാസം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നപ്പോൾ ഭയവും ആശങ്കയുമൊക്കെ തോന്നിയിരുന്നു” ജാൻസി ഓർമ്മിക്കുന്നു.

ചതിയുടെ പൊതി

അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന ഷിജു, പിതാവ് മാനുവൽ വഞ്ചിമറിഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചതിനെ തുടർന്ന് ചടങ്ങിനായി നാട്ടിൽ എത്തിയതായിരുന്നു. തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഷിജുവിനോടൊപ്പം ജോലി ചെയ്‌തിരുന്ന റിനോയുടെ സുഹൃത്തായ അമൽ ബന്ധപ്പെടാൻ ഇടയായത്. തന്‍റെ അമ്മയുടെ ചേച്ചിയുടെ മകനായ സാരംഗിന് കൊടുക്കാനായി എംബിഎയുടെ കുറച്ച് പുസ്‌തകങ്ങളും രണ്ട് ഷർട്ടുകളും കൂടി കൊണ്ടുപോകാൻ കഴിയുമോ എന്ന് ചോദിച്ചു. ഷിജു ഇതിന് സമ്മതം നൽകി. പോകുന്ന ദിവസം പിഴല ഫെറിയിൽ എത്തിയാണ് ഇയാൾ സാധനങ്ങൾ കൈമാറിയത്. വൈകിട്ടത്തെ വിമാനത്തിൽ ഷിജു അബുദാബിലേക്ക് പോയി. വിമാനത്താവളത്തിൽ ഷിജുവിനെ കൊണ്ടുപോകാനായി സുഹൃത്തുക്കൾ വാഹനവുമായി എത്തി. വിമാനം ഇറങ്ങിയ ഉടൻ തന്നെ അവർ ഷിജുവിനെ വിളിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള താമസം മാത്രമേയുള്ളുവെന്നും കാത്തിരിക്കുവാനും പറഞ്ഞു. ഏറെ നേരമായിട്ടും ഷിജുവിനെക്കുറിച്ച് ഇവർക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വീണ്ടും വിളിച്ചപ്പോൾ താൻ പരിശോധനയിൽ പിടിക്കപ്പെട്ടതായും തനിക്ക് പുറത്തിറങ്ങാൻ കഴിയില്ലെന്നും അവരെ അറിയിച്ചു. അമൽ കൊടുത്തയച്ച പാക്കറ്റിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തിയെന്നാണ് അപ്പോൾ ലഭിച്ച വിവരം. പിന്നീട് ഷിജുവിനെ അബുദാബി ജയിലിലേക്ക് കൊണ്ടുപോയി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...