സ്വപ്‌നങ്ങൾക്ക് പിന്നാലേ പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? എങ്കിൽ ഹരിപ്രിയ നമ്പൂതിരിയെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ഹൃദ്യമായ പുഞ്ചിരിയുടെ തൂവൽ സ്‌പർശത്തോടെ ഹരിപ്രിയ സംസാരിക്കുമ്പോൾ അതാണ് ചിന്തിച്ചത്. അധ്യാപിക, ഫാഷൻ ഡിസൈനർ എന്നീ റോളുകൾ ഉപേക്ഷിച്ച് കഥകളിയുടെ വേഷ പകർച്ചയിലേക്ക് ഹരിപ്രിയ ചുട്ടിയണിഞ്ഞെത്തിയത് മനസ്സിലെ സ്വപ്‌നത്തിന് നിറക്കൂട്ട് പകരാനാണ്.
കഴിഞ്ഞ പതിനഞ്ച് വർഷമായി കഥകളിയിൽ സ്‌ത്രീ വേഷങ്ങൾ അതീവ ചാരുതയോടെ അവതരിപ്പിക്കുകയാണ് ഹരിപ്രിയ നമ്പൂതിരി. ഇപ്പോൾ കഥകളിയിലെ സ്‌ത്രീ വേഷങ്ങളെക്കുറിച്ച് പഠനം നടത്തുന്നു. ദേശീയ തലത്തിൽ യുവകലാകാരിക്കുള്ള കേന്ദ്ര ഫെലോഷിപ്പ് വരെ എത്തി നിൽക്കുന്നു ഹരിപ്രിയയുടെ വേഷ പകർച്ച.
ഇരുപത്തിയഞ്ചാം വയസ്സിലാണ് ഹരിപ്രിയ കഥകളി പഠിക്കാൻ തുടങ്ങിയത്. “കഥകളി രംഗത്തേക്ക് എന്‍റേത് ലേറ്റ് എൻട്രിയാണെന്നു പറയാം. ഈ പ്രായത്തിൽ കഥകളി പഠിക്കാൻ പോകുന്നതിനോട് വീട്ടിൽ പോലും അത്ര വിശ്വാസമില്ലായിരുന്നു” ഹരിപ്രിയ പറയുന്നു. എന്നാൽ ഒരു പരമ്പരാഗത നമ്പൂതിരി കുടുംബത്തിൽ ജനിച്ചതുകൊണ്ട് കഥകളി കുട്ടിക്കാലം മുതൽ കണ്ടു ശീലം ഉണ്ട്. കലൂർ പാവക്കുളം ക്ഷേത്രത്തിലെ തന്ത്രി സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ മകളാണ് ഹരിപ്രിയ.
ഒരു കാഴ്‌ചക്കാരി എന്ന നിലയിൽ നിന്ന് കഥകളി ആർട്ടിസ്‌റ്റ് ആവുക എന്ന മോഹം എപ്പോൾ ഉണ്ടായി എന്നൊന്നും ഹരിപ്രിയയ്‌ക്കറിയില്ല. കുട്ടിക്കാലം മുതൽ കഥകളി സംഗീതവും ചമയവും അതിന്‍റെ പ്രൗഢിയുമെല്ലാം ഹരിപ്രിയയ്‌ക്ക് ഹരമായിരുന്നു. എന്തായാലും മുൻ പ്രൊഫഷനുകളിലൊന്നും കിട്ടാത്ത സംതൃപ്‌തിയും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നു. ഇതു തന്നെയാണ് തന്‍റെ വഴിയെന്ന് ഈ കലാകാരി തിരിച്ചറിഞ്ഞിരിക്കുകയാണ്.
കെമിസ്‌ട്രിയിൽ ബിരുദാനന്തരബിരുദമുള്ള ഹരിപ്രിയ വടുതല, തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയങ്ങളിൽ കുറേക്കാലം അധ്യാപികയായി. ഇതിനിടയിൽ ഫാഷൻ ഡിസൈനിംഗിനോട് പ്രിയം തോന്നി. അതും പഠിച്ചു. അങ്ങനെ തൃപ്പൂണിത്തുറയിൽ ഒരു ബൊട്ടിക്ക് തുടങ്ങി. “പിന്നീട് എനിക്ക് കഥകളി പഠിക്കാൻ ആഗ്രഹം തോന്നി. ജോലി ഉപേക്ഷിച്ച് കഥകളി അഭ്യസിക്കാൻ പോയി. ആർ എൽ വി ദാമോദര പിഷാരടിയുടെ ശിഷ്യയായിട്ടാണ് പഠിച്ചത്. എന്‍റെ ആദ്യത്തെ അരങ്ങേറ്റം ദക്ഷയാഗത്തിലെ സതീദേവി ആയിട്ടായിരുന്നു. സ്‌ത്രീ വേഷങ്ങൾ ചെയ്യുന്ന ഫാക്‌ട് പത്മനാഭനിൽ നിന്ന് കുറച്ചുകൂടി അറിവ് സ്വായത്തമാക്കി.” “കൃഷ്‌ണനടക്കം ഏതാനും പുരുഷ വേഷങ്ങൾ തുടക്കത്തിൽ ചെയ്‌തിട്ടുണ്ട്. പക്ഷേ എന്‍റെ ശരീരത്തിനിണങ്ങുന്നത് സ്‌ത്രീ വേഷങ്ങളാണെന്ന് മനസ്സിലായി.”
1997 മുതൽ കഥകളി പഠിക്കാൻ തുടങ്ങിയെങ്കിലും 2004 ൽ കലാമണ്ഡലം വാസു പിഷാരടിയെ കണ്ടുമുട്ടിയതാണ് ഹരിപ്രിയയുടെ കലാജീവിതത്തിൽ പ്രധാന വഴിത്തിരിവ്. ആ സമയത്ത് ഭർത്താവ് മധു നമ്പൂതിരിക്കൊപ്പം കോയമ്പത്തൂരിലായിരുന്നു. പാലക്കാട് പോയി വാസു പിഷാരടിയിൽ നിന്ന് കഥകളി പഠനം ആരംഭിച്ചതോടെ കഥകളിയോടുള്ള തന്‍റെ കാഴ്‌ചപ്പാടു പോലും മാറി. ഇപ്പോൾ സ്വന്തം മേക്കപ്പ് പോലും ഹരിപ്രിയ തന്നെ ചെയ്യും. മുഖത്ത് ചുട്ടി അണിയാൻ ആർട്ടിസ്‌റ്റ് സ്വയം പഠിച്ചിരിക്കണമെന്നാണ് ഹരിപ്രിയയുടെ അഭിപ്രായം.