ജയ് ഭാരതി ചെറുപ്പം മുതലേ അച്ഛൻ പ്രസാദ് റാവുവിന്‍റെ ചെറിയ ലൂണ മോപ്പഡ് ഓടിക്കാൻ പഠിച്ചിരുന്നു. അക്കാര്യത്തിൽ സഹോദരനും അവളും തമ്മിൽ ഒരു വ്യത്യാസവും അച്ഛന് തോന്നിയിട്ടില്ല. അച്ഛന്‍റെ പ്രോത്സാഹനം കൊണ്ട് അവൾക്ക് ഡ്രൈവിംഗ് ഏറെ ഇഷ്ടമായി, തുടർന്ന് വീട്ടിൽ ഏത് മോട്ടോർ സൈക്കിൾ വന്നാലും അവൾ ഓടിച്ചു നോക്കും...
ജയ് ഭാരതി എന്ന ചെറിയ പെൺകുട്ടിയുടെ കുട്ടിക്കാലത്തെ ഇഷ്ടം കൊണ്ട് അവൾ ഇന്ന് പ്രശസ്തയായ ബൈക്ക് റൈഡർ ആയി മാറി!! ഒപ്പം മോവോ (moving women) എന്ന സ്ഥാപനത്തിന്‍റെ സിഇഒ യും ആർക്കിടെക്ടുമാണ് ഹൈദരാബാദുകാരിയ ജയ് ഭാരതി.
കുട്ടിക്കാലത്തു ഞാൻ ഒരു ഹോബിയായോ പാഷൻ ആയോ ആണ് ബൈക്ക് ഓടിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷമായി ഞാൻ ബൈക്ക് സീരിയസായി ഓടിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ഇന്തോനേഷ്യ, വിയറ്റ്നാം, അമേരിക്ക തുടങ്ങിയ പല സ്ഥലങ്ങളിലും ഒരു പ്രത്യേക ദൗത്യവുമായി ബൈക്കുകൾ ഓടിച്ചിട്ടുണ്ട്. ഒരു പാഷൻ ആയിട്ടാണ് ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചത് എന്നത് ശരിയാണ്. അതുപോലെ പല സ്ത്രീകളും ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നു പക്ഷേ അവരെ പഠിപ്പിക്കാൻ ആരുമില്ല. എന്‍റെ സ്ഥാപനത്തിലൂടെ 1500 താഴ്ന്ന വരുമാനക്കാരായ സ്ത്രീകളെ ഞാൻ സൗജന്യമായി ഡ്രൈവ് ചെയ്യാൻ പഠിപ്പിച്ചു. അവരിൽ ചിലർ സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നു ചിലർ നിത്യോപയോഗ സാധനങ്ങൾ ചന്തയിൽ വാങ്ങി കൊണ്ടുവന്ന് വിൽക്കുന്ന ജോലി ചെയ്യുന്നു. ചിലർ സ്വയം ബൈക്ക് ഓടിച്ചു യാത്രകൾ പോകുന്നു. അവരോട് ഞാൻ ആവശ്യപ്പെട്ട ഒരു കാര്യം സ്വന്തം പണം ഉപയോഗിച്ച് ലൈസൻസ് എടുക്കൂ എന്നാണ്. പലപ്പോഴും പെൺകുട്ടികൾ വീട്ടിൽ അറിയിക്കാതെ ഡ്രൈവിംഗ് പഠിക്കാറുണ്ട്. എന്നാൽ വീട്ടുകാരെ അറിയിക്കാൻ ഞാൻ പറയാറുണ്ട്. എന്‍റെ ഈ ടീമിൽ 10 സംഘടനകളും 10 പേര് ഫ്രീലാൻസായും പ്രവർത്തിക്കുന്നു.
ആത്മവിശ്വാസം കൂടി
ബൈക്ക് റൈഡിംഗ് പഠിച്ചതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് ജയ് ഭാരതി ഇങ്ങനെ പറയുന്നു.
"ബൈക്കിൽ ഇരുന്നാലുടൻ ഒരു ആത്മവിശ്വാസം ഉണ്ടാകുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്. ഏത് വാഹനവും നിയന്ത്രിക്കാൻ അത്ര എളുപ്പമല്ല, അത് നിയന്ത്രിച്ച് കഴിഞ്ഞാൽ ആ വ്യക്തിക്ക് നല്ല ആത്മവിശ്വാസം ലഭിക്കുന്നു, അത് പിന്നീട് അവരുടെ ജീവിതത്തിന്‍റെ ഭാഗമാകും."
"ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് അവരുടെ ചലനവുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് 'മൂവിങ് വുമൺ' എന്ന കാമ്പയിൻ ആരംഭിച്ചത്. പഠനത്തിനോ മറ്റെന്തെങ്കിലും ജോലിയ്‌ക്കോ അവർക്ക് വീട്ടിൽ നിന്ന് ദൂരെ പോകാൻ കഴിയില്ല. കാരണം അവർക്ക് ഡ്രൈവ് ചെയ്യാൻ കഴിയില്ല, സുരക്ഷിതമല്ലാത്ത യാത്ര ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല, അതിനാൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ വളരെ പരിമിതമാണ്.
എല്ലാ ദിവസവും ഞാൻ എന്‍റെ മോട്ടോർ ബൈക്കിലാണ് യാത്ര ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകളെ കാണാനും ശിൽപശാലകൾ നടത്താനും എനിക്ക് അവസരം ലഭിച്ചു. ഡ്രൈവിംഗ് ഒരു ജോലിയായി തിരഞ്ഞെടുക്കാനും കഴിയുന്ന കാര്യം ആണെന്നു എനിക്ക് അവരോട് പറയാൻ കഴിഞ്ഞു. സ്ത്രീകൾക്ക് യാത്ര ചെയ്യാൻ വിശ്വസനീയമായ ഗതാഗത സൗകര്യം മാത്രമല്ല, സ്വന്തമായി വാഹനങ്ങൾ വാങ്ങി ഉപജീവനമാർഗം നേടാനും കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണ്. ഡ്രൈവിംഗ് ഒരു മികച്ച മാർഗമാണ്. അതിൽ തൊഴിലും സുരക്ഷിതത്വവും ഉണ്ട്. സ്ത്രീകൾ പുരുഷന്മാരെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. ഞാന്‍ ഇവിടെ വരെ എത്തിയതിൽ ഏറ്റവും വലിയ പങ്ക് എന്‍റെ അച്ഛനാണ്, അദ്ദേഹം എന്നെ ഒരു ജോലിയും ചെയ്യുന്നതില്‍ നിന്നും നിരസിച്ചിട്ടില്ല, എന്‍റെ രണ്ട് സഹോദരന്മാരും എന്നെ പിന്തുണച്ചു.