ജോലിയിലെ സ്‌ട്രെസ്സും ലൈംഗികതയും ഇത്രയും കേൾക്കേണ്ട താമസം സകലമാന സാക്ഷരമലയാളിയും പെടലി വെട്ടിച്ച് ഐടിക്കാരെ ഒന്നു നോക്കും. (ഇപ്പറഞ്ഞതൊക്കെ നിങ്ങളെക്കുറിച്ചാ പഹയന്മാരേ എന്ന മട്ടിൽ)! ആരോഗ്യ മാസികക്കാരുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട, ഐടിക്കാരുടെ ദാമ്പത്യമെല്ലാം കംപ്ലീറ്റ് നശിച്ച് നാറാണക്കല്ലായിരിക്കുവാണെന്ന രീതിയിലാണ് എഴുതിപ്പിടിപ്പിക്കുന്നത്. (ഇനി കേരള ഗവൺമെന്‍റിന്‍റെ ഐറ്റി ആക്‌ടിൽ ഇതിനെതിരെയും നിയമങ്ങൾ എഴുതിച്ചേർക്കേണ്ടി വരുമോ ആവോ?)

സ്‌ട്രെസ്സ് ഒരു സോഷ്യലിസ്‌റ്റാണ്…

സത്യം! മനുഷ്യർക്കിടയിൽ ഇപ്പോൾ തീരെ കണി കാണാൻ കിട്ടാത്ത ആ സാധനം (സോഷ്യലിസം) സ്‌ട്രെസ്സിന്‍റെ കാര്യത്തിൽ ഒരു യാഥാർത്ഥ്യമാണ്!

പതിനേഴ് വർഷമായി കുരിശിൽ തറയ്‌ക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര നേതാവും കഴിഞ്ഞയാഴ്‌ച മുഞ്ഞ വീണ് പാടത്ത് കൃഷി നശിച്ച കുട്ടപ്പൻ ചേട്ടനും അനുഭവിക്കുന്നത് സ്‌ട്രെസ്സ് തന്നെയാണ്!

നാരങ്ങാവെള്ളത്തിൽ ഏതോ വിദേശ ബാക്‌ടീരിയ കണ്ടെത്തിയ കുറ്റം ചുമത്തി ഫുഡ് ഇൻസ്‌പെക്‌ടറുടെ കൽപന പ്രകാരം ഏക വരുമാനമാർഗ്ഗമായ മാടക്കട അടച്ചുപൂട്ടേണ്ടി വന്ന ദിവാകരന്‍റെ മാനസിക പിരിമുറുക്കം തൊഴിൽ സംബന്ധമാണ് (തൊഴിലില്ലായ്‌മ സംബന്ധം).

വിമാനക്കമ്പനി പൊട്ടിപ്പൊളിഞ്ഞ് കുത്തുപാളയെടുത്ത കോടീശ്വരൻ വിജയ് മല്യ അനുഭവിച്ചതും ഇതേ മാനസിക സംഘർഷം തന്നെയല്ലേ?

അനിത (35) ഹയർ സെക്കന്‍ററി സ്‌ക്കൂൾ അധ്യാപിക. ഭർത്താവ് രാജീവ് സൗമ്യനായ ഹോമിയോ ഡോക്‌ടർ. മക്കൾ നിതിൻ, നീതു. ചെറിയ കുടുംബം. പക്ഷേ അസന്തുഷ്‌ട കുടുംബം. കാരണം തേടി ഏതെങ്കിലും മനഃശാസ്‌ത്രജ്‌ഞന് കാശുകൊടുത്ത് വാചകമടി സഹിക്കേണ്ടതില്ല. റെക്കോർഡുണ്ടാക്കലും നോട്ട്‌സ് തയ്യാറാക്കലും അസൈൻമെന്‍റ്സ് പരിശോധനകളും ഉത്തര പേപ്പർ നോക്കലും പ്രിൻസിപ്പാളിന്‍റെ വെരട്ടലും, എല്ലാം കൂടി ഒത്തുവന്നപ്പോൾ അനിതയ്‌ക്ക് വട്ടായി.

റെഡിമെയ്‌ഡ് ഷോപ്പുകളുടെ കുത്തൊഴുക്കിൽ വേലയും കൂലിയുമില്ലാതെ കൊതുകുമടിച്ചിരിക്കുന്ന ടെയ്‌ലർ ശശാങ്കനും പണിയുടെ (പണികിട്ടിയതിന്‍റെ) പിരിമുറുക്കത്തിൽ തന്നെ!

മുക്കിന് മുക്കിന് ജെന്‍റ്സ് ബ്യൂട്ടി പാർലറുകൾ വന്നപ്പോൾ നമ്മുടെ വ്യത്യസ്‌തനായൊരു ബാർബറാം ബാലന് ഇപ്പോ ഒരു തല പോലും കിട്ടാറില്ലെന്ന സത്യം നമ്മൾ മറക്കരുത്! എത്ര കവിത ചൊല്ലി കേൾപ്പിച്ചാലും ബാലന്‍റെ സ്‌ട്രെസ്സിന് ഒരു കുറവുമില്ല!

അപ്പോൾ ചുരുക്കമിത്രേയുള്ളൂ. എല്ലാവർക്കും പിരിമുറുക്കമുണ്ട്. എല്ലുമുറിയെ പണിയെടുക്കുന്ന നമ്മുടെ നാട്ടിലെ ബീഹാർ, ഒറീസ, ബംഗാൾ ഭായിമാർ മുതൽ കുടവയർ തടവി വെറുതെ വഴിയിൽ കുത്തിയിരിക്കുന്ന നോക്കുകൂലി വീരനായ മലയാളിയ്‌ക്ക് വരെ സ്‌ട്രെസ്സുണ്ട്. നമ്മള് ഒരു കൂട്ടരെ എന്നിട്ടും മറന്നു! ഏറ്റവും മാനസിക സമ്മർദ്ദമുള്ളവർ!

പാവങ്ങൾ അവർക്ക് വേലയുണ്ട് (ആവശ്യത്തിലധികം) പക്ഷേ കൂലിയുമില്ല! കാര്യങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ വഴക്ക്, തെറി, ചെലപ്പോൾ മർദ്ദനമുറ ഇതൊക്കെ സഹിക്കേണ്ടിയും വരും. മറ്റാരുമല്ല, നമ്മുടെ വീട്ടമ്മമാർ! 24 മണിക്കൂറും അവർക്ക് വർക്കിംഗ് അവേഴ്‌സ്‌ അല്ലേ? കുളി, നന, പല്ലുതേയ്‌പ് ഒക്കെ അതിന്‍റെ കൂട്ടത്തിൽ നടക്കുന്നുന്ന് മാത്രം. പെടാപ്പാട് പെട്ട് ഓടി നടക്കുന്നവർക്കിടയിൽ ഈ ഹൗസ് മേക്കർമാരുടെ ലൈംഗികതയൊക്കെ ആരന്വേഷിക്കുന്നു?

ചായ, കാപ്പി, പലഹാരം, ഊണ്, പിള്ളാരെ സ്‌ക്കൂളിൽ വിടൽ, ചന്തേൽ പോക്ക് (ഷോപ്പിംഗ് മാളിലെ എസിയിൽ ഉലാത്തുന്നതല്ല) എന്നു വേണ്ട വീട് തുടച്ച് തുണിയലക്കി തേച്ച് മടക്കിവെയ്‌ക്കൽ തൊട്ട് അഡ്രസ്സില്ലാത്ത ജോലികളുടെ കുമ്പാരമാണവൾക്ക്! അതിനിടയിൽ എന്തു സ്വകാര്യത? എന്തു ദാമ്പത്യം? അല്ലെങ്കിൽത്തന്നെ ഇതൊക്കെ ആരു ഗൗനിക്കുന്നു? ഭർത്താവൊരുത്തനുള്ളത് ഉടുത്തൊരുങ്ങി കാലുമ്മേൽ കാലും വച്ച് പത്രോം വായിച്ചോണ്ടിരിയ്‌ക്കും!

എന്താണപ്പാ ഈ മുടിഞ്ഞ സ്‌ട്രെസ്സ്?

Stress എന്ന കുട്ടി വാക്ക് പലതും അടിച്ചുമാറ്റുന്ന കൂട്ടത്തീന്ന് ഫിസിക്‌സിന്ന് പണ്ട് മനഃശാസ്‌ത്രജ്‌ഞന്മാർ കട്ടെടുത്തതാണ്! സ്‌പ്രിംഗ് പോലെയുള്ള സംഗതികളുടെ സമ്മർദ്ദമായിരുന്നു ഊർജ്‌ജതന്ത്രത്തിൽ ആ പദം കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. നമ്മളതിനെ മനുഷ്യന്‍റെ മനസ്സുമായിട്ട് ചേർത്തുവച്ചു. മനുഷ്യന് മനസ്സിലാവണ രീതിയിൽ പറഞ്ഞാൽ സ്‌ട്രെസ്സ് എന്നാൽ അടിച്ചമർത്തപ്പെട്ട അമർഷം തന്നെയല്ലേ?

ഓർത്തു നോക്കൂ! മേൽ സൂചിപ്പിച്ച കഥാപാത്രങ്ങളൊക്കെ ഒരാളോട് അല്ലെങ്കിൽ പലരോട്, അതുമല്ലെങ്കിൽ ഗതികെട്ട അവസ്‌ഥയോട് അടിച്ചമർത്തിയ കോപം ഉള്ളിൽ വഹിക്കുന്നവരല്ലേ?

അടക്കിയ അരിശം അഥവാ അന്തരംഗത്തിലെ ആറ്റം ബോംബ്

ഉച്ചയ്‌ക്ക് ഊണിന് വിളമ്പിയ സാമ്പാറിന് നല്ല രുചിയുണ്ടായിരുന്നു. പക്ഷേ ശാസ്‌ത്രം തലയ്‌ക്ക് പിടിച്ച് മംഗ്ലീഷും പറഞ്ഞ് സകലരെയും പുച്‌ഛിച്ചു നടക്കുന്ന നമ്മൾ സ്വാദ് പോലും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടാലേ അംഗീകരിക്കൂ എന്നു വന്നാൽ എന്തു ചെയ്യും? ഒരു പരിധി വരെ ഇത്തരം ദുഃശാഠ്യങ്ങളും ഒടുക്കത്തെ അഹന്തയും അനാവശ്യമായി കൊണ്ടു നടക്കുന്ന നമ്മുടെയൊക്കെ തലച്ചോറുകൾ പൊട്ടിത്തെറിച്ചു പോയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ.

കോപത്തിന്‍റെ ഓരോ അനുരണനങ്ങളും നമ്മുടെ മസ്‌തിഷ്‌ക്കത്തിലെ ഒക്‌സിപ്പിറ്റൽ ലോബ് ( optical lobe ) ൽ നോർഎപിനർഫിന്‍ (norepinerphine) എന്ന ന്യൂറോ കെമിക്കല്‍ വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്.

ഇനി കേൾക്ക, എവൻ ആള് പുലിയാണ്, ഈ നോർഎപിനെർഫിനേയ്…! ലൈംഗികത മാത്രമല്ല വേണ്ടി വന്നാൽ മനുഷ്യന്മാരുടെ ആത്മീയത വരെ അത് തകർത്തുകളയും ലൈംഗിക തൃഷ്ണതൊട്ട് മൊത്തം സമാധാനവും ഏകാഗ്രതയും സ്വസ്‌ഥചിന്തകളും വരെ കോപം തകർത്തെറിയുമെന്നർത്ഥം!

തല നേരെ നിന്നിട്ടുവേണ്ടേ സെക്‌സ്?

  • സംഗതി കറക്‌ടല്ലേ? അതി ഭീകര സമ്മർദ്ദങ്ങളിൽ പെട്ടുപോകുമ്പോൾ സുഖശീതിളിമയുടെ സെക്‌സും ഒരു മാതിരിപ്പെട്ട ഒരു മനുഷ്യനേക്കൊണ്ടും പറ്റില്ല! പക്ഷേ ജീവിത പങ്കാളി (അത് ഭാര്യയോ ഭർത്താവോ ആകാം) സംഭവം ഊതിപ്പെരുപ്പിച്ച് ചികിത്സകരെ തേടിയിറങ്ങിയാൽ എന്തുചെയ്യും? ചികിത്സയേക്കാൾ ഉപരി സമചിത്തതയാർന്ന ചിന്തയാണ് ഇത്തരം സന്ദർഭങ്ങളിൽ വേണ്ടതെന്ന് സാമാന്യ ബുദ്ധിയുള്ളവർക്കു പോലും ഊഹിയ്‌ക്കാവുന്നതേയുള്ളൂ!
  • മൂക്കിപ്പനി വന്നാലും മുട്ടേലേ തൊലിയൊന്നു പോയാലും സ്‌കാൻ ചെയ്‌തു മാത്രം വിദഗ്‌ദ്ധ ചികിത്സ ആഘോഷപൂർവ്വം നടത്തുന്ന ഡോക്‌ടർമാർക്ക് ഇത്തരം ഇരകൾ (രോഗികൾ) ഒരു മൊതല് തന്നെയാണ്.

സ്വയം ചികിത്സിയ്‌ക്കൂ

  • ജോലിയായാലും കച്ചവടമായാലും കാര്യങ്ങൾക്ക് ഒരു ഓർഡർ വേണം! അതായത് അടുക്കും ചിട്ടേം.
  • പറ്റുമെങ്കിൽ ചെറിയൊരു പോക്കറ്റ് ഡയറി കയ്യിൽ കരുതുക. ചെയ്യേണ്ട പണികൾ അതില് ക്രമമായി കുറിച്ചിടുക.
  • നേരേ ചൊവ്വേ ഭക്ഷണം സമയത്തിന് കഴിയ്‌ക്കുക. ആവശ്യത്തിന് വെള്ളം കുടിയ്‌ക്കുക. ഡെയ്‌ലി പന്ത്രണ്ട് ഗ്ലാസ്സെന്ന് ശാസ്‌ത്രം!
  • എത്ര ബിസിയാണേലും ഭാര്യയെ അഥവാ ഭർത്താവിനെ ഇടയ്‌ക്കെങ്കിലും ഓർക്കുക. സമയമുണ്ടാക്കി വിളിയ്‌ക്കുക.
  • പണി സ്‌ഥലത്തെ (ഓഫീസ്, കട, പറമ്പ്, റോഡ് എന്തുമാവട്ടെ) ടെൻഷനുമായി വീടിന്‍റെ പടി ചവിട്ടരുത്. ചെരിപ്പ് വയ്‌ക്കുന്ന പുറത്തെ സ്‌റ്റെപ്പിൽ നിങ്ങടെ ഒടുക്കത്തെ സ്‌ട്രെസ്സും ഊരിവയ്‌ക്കുക.
  • ലാപ്‌ടോപ്പ് അഥവാ ഫയൽ അഥവാ കണക്കുപുസ്‌തകം ബെഡ്‌റൂമിൽ കൊണ്ടു വന്ന് കണ്ണും മിഴിച്ച് നോക്കിയിരിക്കരുത്. (അധികം താമസിയാതെ നിങ്ങടെ ഭാര്യ/ഭർത്താവ് ബോറടി മാറ്റാൻ അന്യരുടെ വായിൽ നോക്കി തുടങ്ങും)
  • ജോലി സ്‌ഥലത്തെ ദേഷ്യം തലേച്ചൊമന്ന് വീട്ടിലേക്ക് എഴുന്നെള്ളിയ്‌ക്കാതിരിയ്‌ക്കുക (അങ്ങാടിയിൽ തോറ്റതിന് അമ്മായിയമ്മ എന്തു പിഴച്ചു?)
  • 365 ദിവസോം സെക്‌സ് ഇല്ലേലും അതിന്‍റെയൊരു രൂ… രൂ… മൂഡൊണ്ടല്ലോ അത് നിലനിർത്താൻ നോക്കണം.
  • കുളിയ്‌ക്കാതെ കെടക്കരുത്! നാറ്റമുള്ളതിനെ വെറുക്കാനുള്ള ടെൻഡൻസി എല്ലാവർക്കുമുണ്ട്. അത് നിങ്ങളുടെ ഭാര്യ/ഭർത്താവിനും ഉണ്ടെന്നത് ഓർത്താൽ നന്ന്.
  • ബെഡ്‌റൂമിലിരുന്ന് കമ്പ്യൂട്ടറേൽ ഫേയ്‌സ്‌ബുക്കന്മാരുവമായും ഫേയ്‌സ്‌ബുക്കികളുവമായും ചുമ്മാ കുണു കുണാ ചാറ്റ് ചെയ്‌തോണ്ടിരിയ്‌ക്കരുത്! കഷ്‌ടമാണത്!
  • വീടിനു വെളിയിൽ നിങ്ങളെന്തു വല്യപുള്ളിയാണേലും അതിന്‍റെ ജാഡ അവിടെത്തന്നെ വച്ചാ മതി, കുടുംബത്തും കിടപ്പുമുറിലും കാട്ടരുത്.
  • തമാശ പറയുകയോ, പറയാതിരിക്കുകയോ, അത് ഓരോരുത്തരുടെ സ്വഭാവമാണ്. പക്ഷേ ഹാസ്യബോധമുള്ള പങ്കാളിയെ നിങ്ങൾ പുച്‌ഛിയ്‌ക്കരുത്! നിങ്ങടെ ഈഗോവയാണ് അങ്ങനെ ചെയ്യിയ്‌ക്കുന്നത്. (തലക്കനമില്ലാതെ മറ്റുള്ളവരോട് നർമ്മബോധത്തോടെ ഈസിയായ് ഇടപെടുന്നവർ വെറും നിസ്സാരന്മാരാണെന്ന് ഒരു ധാരണ മലയാളിയ്‌ക്ക് പണ്ടേയുണ്ട്. പക്കാ വിവരക്കേടാണത്)

ഔപചാരിക ചികിത്സ

സംഗതി എന്തുതന്നെയായാലും കോപമുണ്ടാക്കുന്ന ഗുലുമാലാണല്ലോ നമ്മുടെ വിഷയം! അങ്ങനെ നിങ്ങടെ ജീവിതത്തിൽ അരിശമുണ്ടാക്കിയ അനുഭവങ്ങളുടെ സ്വാധീനമാണ് സ്‌ട്രെസ്സ് ആയി മാറി നിങ്ങളുടെ ദാമ്പത്യ ജീവിതം കൊളമാക്കാൻ സഹായിച്ചത്! അപ്പോ എന്താ ചെയ്‌ക? പ്രശ്നക്കാരനെ ഇല്ലായ്‌മ ചെയ്യുക, അത്രതന്നെ!

 

और कहानियां पढ़ने के लिए क्लिक करें...