എനിക്ക് ചേച്ചിയുടെ ഭർത്താവിനെപ്പോലെ സുന്ദരനും പണക്കാരനും സ്‌മാർട്ടുമായ ഒരാളെ തന്നെ ഭർത്താവായി മതി. എന്‍റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാൻ ശേഷിയുള്ള ഒരാൾ…..”

ഈ കാരണങ്ങൾ പറഞ്ഞാണ് ശിൽപ്പ തനിക്ക് വന്ന വിവാഹാലോചനകൾ എല്ലാം തന്നെ വേണ്ടെന്നു വച്ചത്.

അച്‌ഛൻ പുന്നാരമകൾക്ക് അവസാനം രോഹിതിന്‍റെ ആലോചനയുമായി എത്തി. ചേച്ചിയുടെ ഭർത്താവായ നകുലനെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ലായിരുന്നു പുതിയ ചെറുക്കൻ. ശിൽപ്പ പച്ചക്കൊടി കാണിച്ചതോടെ കല്ല്യാണം നടന്നു. എല്ലാവരും അദ്‌ഭുതം കൂറി. മെയ്‌ഡ് ഫോർ ഈച്ച് അദർ!

രോഹിതിന് ശിൽപ്പയോട് വലിയ സ്‌നേഹമായിരുന്നു. അവളുടെ എല്ലാ കാര്യത്തിലും രോഹിത് ശ്രദ്ധാലുവായിരുന്നു. പക്ഷേ ശിൽപ്പയുടെ സന്തോഷവും പ്രസരിപ്പും കെട്ടമട്ടായിരുന്നു. തന്‍റെ ഭർത്താവിൽ ചേച്ചിയുടെ ഭർത്താവിന്‍റെ കാർബൺ കോപ്പിയാണ് ശിൽപ്പ പ്രതീക്ഷിച്ചിരുന്നത്. മനുഷ്യനെ ഫാക്‌ടറിയിൽ നിർമ്മിക്കുന്നതല്ലല്ലോ ഒരേ പോലെ ആവാൻ. മൗലികമായ വ്യക്‌തിത്വത്തെക്കുറിച്ചൊന്നും ശിൽപ്പ ആലോചിച്ചിരുന്നില്ല.

എല്ലാ കാര്യത്തിലും ഭർത്താവിനെ ചേച്ചിയുടെ ഭർത്താവിനോട് ശിൽപ്പ താരതമ്യപ്പെടുത്തി. പക്ഷേ ശിൽപ്പയുടെ പരീക്ഷയിൽ പാസ്‌മാർക്ക് വാങ്ങാൻ പോലും രോഹിതിനായില്ല! ഇതു കാരണം ശിൽപ്പയുടെ കുറ്റപ്പെടുത്തലുകളും സ്‌നേഹരാഹിത്യവും കൂടിക്കൂടി വന്നു.

“നകുലൻ ചേട്ടനെപ്പോലെ നിങ്ങൾക്കും ക്ലബിൽ മെമ്പർഷിപ്പ് എടുത്താൽ എന്താ? അദ്ദേഹം ചെയ്യുന്ന പോലെ എല്ലാ മാസവും എന്നെ ഏതെങ്കിലും ഹിൽസ്‌റ്റേഷനിൽ നിങ്ങൾക്കു കൊണ്ടു പോയി കൂടെ. ഇതു പോലെ മിണ്ടാതിരിക്കാതെ നകുലേട്ടനെ പോലെ തമാശയൊക്കെ പറഞ്ഞു കൂടെ. നിങ്ങൾക്കും ശമ്പളവും സ്വയം കൈകാര്യം ചെയ്‌തുകൂടെ?”

ശിൽപ്പയുടെ വായിൽ നിന്ന് എപ്പോഴും ഇതുപോലെയുള്ള കാര്യങ്ങളാണു പുറത്തേയ്‌ക്ക് വരിക. ഇതു കേട്ട് കേട്ട് രോഹിതിനും മനം മടുത്തിരുന്നു.

ഉത്തരവാദിത്വമുള്ള ആളായിരുന്നു രോഹിത്. മാതാപിതാക്കളെയും അനിയനെയും അയാൾ നന്നായി നോക്കിയിരുന്നു. അനാവശ്യമായി പണം ചെലവഴിക്കാൻ അയാൾ ഇഷ്‌ടപ്പെട്ടിരുന്നില്ല.

“ഞാൻ നിന്‍റെ ചേച്ചിയുടെ നകുലേട്ടനെ പോലെ അണുകുടുംബമായല്ല താമസിക്കുന്നത്. എനിക്ക് സ്‌ത്രീകളുടെ കൈയിലെ പാവയാവാനും കഴിയില്ല. നീ ഇരുപത്തിനാലു മണിക്കൂറും അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്‌ത് എന്‍റെ സ്വസ്‌ഥത കെടുത്തരുത്.” ദേഷ്യം അടക്കിപ്പിടിച്ച്, സ്‌നേഹപൂർവ്വമാണ് രോഹിത് ശിൽപ്പയോട് കാര്യം പറഞ്ഞത്. പക്ഷേ അതൊന്നും ശിൽപ്പയുടെ തലയിൽ കയറിയില്ല.

അവൾ വീണ്ടും പഴയ സ്വഭാവം തുടർന്നു. മറ്റൊരാളുടെ മഹത്വം തന്‍റെ ഭർത്താവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനാൽ വൈവാഹിക ജീവിതം അസ്വസ്‌ഥമാകാൻ തുടങ്ങി. പക്ഷേ തന്‍റെ സ്വഭാവം കൊണ്ട് സംഭവിക്കുന്ന ഗുരുതരമായ നഷ്‌ടങ്ങൾ ശിൽപ്പയ്‌ക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല.

രോഹിത് മാറാൻ തയ്യാറല്ലായിരുന്നു. അതിനാൽ ഭർത്താവിന് തന്നോട് യാതൊരു സ്‌നേഹവുമില്ലെന്ന് ശിൽപ്പ കരുതി. ആ യുവമിഥുനങ്ങൾ മാനസികമായി അകലാൻ ഇതിൽ പകരം മറ്റെന്തെങ്കിലും വേണോ?

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു

എല്ലാ പെൺകുട്ടികൾക്കും തങ്ങളുടെ വിവാഹത്തെപ്പറ്റി വലിയ സ്വപ്‌നങ്ങൾ കാണും. തങ്ങൾ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ തന്‍റെ വരനുണ്ടാവുമെന്ന് അവർ സ്വപ്‌നം കാണും. അത് അവരുടെ കാൽപ്പനികമായ ലോകമാണ്. ചേച്ചിയുടെ ഭർത്താവിൽ താൻ നല്ലതെന്നു കരുതുന്ന കാര്യങ്ങൾ തന്‍റെ ജീവിത പങ്കാളിയ്‌ക്കും വേണമെന്ന് അവൾ മനക്കോട്ട കെട്ടുന്നു. ആ കാര്യങ്ങൾ മനസ്സിലിട്ട് വർണ്ണം പിടിപ്പിക്കലാണ് അടുത്തപടി. ചേച്ചിയെപ്പോലെ സുഖ ദാമ്പത്യം നയിക്കാനാവും എന്ന് ഉറപ്പിക്കുന്നു. വിവാഹ ശേഷം മറ്റൊന്ന് സംഭവിക്കുമ്പോൾ അസ്വാരസ്യം ഉടലെടുക്കുന്നു.

വിവാഹ ശേഷം എല്ലാ പെൺകുട്ടികൾക്കും മറ്റൊരു വീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടേണ്ടി വരുമല്ലോ? ചേച്ചിയുടെ ഭർത്താവിന്‍റെ പ്രതിരൂപം, അല്ലെങ്കിൽ സ്വഭാവസവിശേഷതകൾ തന്‍റെ ഭർത്താവ് പ്രകടിപ്പിക്കാൻ അവൾ അതിയായി ആഗ്രഹിക്കും. പക്ഷേ വേറിട്ട വ്യക്‌തിത്വമുള്ള, ഒരു പക്ഷേ ചേച്ചിയുടെ ഭർത്താവിനെക്കാൾ നല്ല സ്വഭാവഗുണമുള്ള ഒരാൾക്ക് എങ്ങനെയാണ് ഭാര്യയുടെ മനസ്സിലെ ആഗ്രഹം പോലെ സ്വയം മാറാനാവുക. ഇത് ഭർത്താവിന്‍റെ കുറ്റമല്ലല്ലോ. പക്ഷേ മുൻ ധാരണകളുമായി കുടുംബ ജീവിതം തുടങ്ങുന്ന ഇത്തരം പെൺകുട്ടികൾ, അവരെന്താണ് ചെയ്യുന്നതെന്ന് അവരറിയുന്നില്ല.

താരതമ്യത്തിന്‍റെ നഷ്‌ടങ്ങൾ

ചേച്ചിയുടെ അല്ലെങ്കില്‍ കൂട്ടുകാരിയുടെ ഭർത്താവുമായി സ്വന്തം ഭർത്താവിനെ താരതമ്യം ചെയ്യുന്നത് മര്യാദയല്ല. മാത്രവുമല്ല അത് എല്ലാവരുടെയും മുന്നിൽ ഭർത്താവിനെ ചെറുതാക്കി കാണിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഭർത്താവ് നീരസപ്പെടും. വഴക്കിടും തീർച്ച. രണ്ടാളുടെയും മനസ്സ് ദുഃഖിക്കാനെ ഈവക കാര്യങ്ങൾ ഉപകരിക്കൂ. ഇങ്ങനെ രണ്ടു പേരും മറ്റുള്ളവർക്ക് തമാശ പറഞ്ഞ് ചിരിക്കാനുള്ള കാരണമാകണോ?

ഇനി ഭർത്താവ് ഇതെല്ലാം സഹിച്ച് മിണ്ടാതിരിക്കുകയാണെന്ന് കരുതട്ടെ. അത് ഉള്ളിൽ പകയായി പിന്നീടൊരവസരത്തിൽ വൻ പൊട്ടിത്തെറിയ്‌ക്ക് വഴിയൊരുക്കുകയും ചെയ്യും.

ആത്മാഭിമാനത്തോടെ ജീവിക്കുന്ന ഒരാൾക്കും മറ്റൊരാളുടെ കാർബൺ കോപ്പിയായി കഴിയാനാവില്ല. അതിനായി നിർബന്ധിക്കുന്നത് ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കുന്നതിനു തുല്ല്യമായിരിക്കും.

മുൻ വിധിയോടെ ഭർത്താവിനെ സമീപിക്കുന്ന ഭാര്യയ്‌ക്ക് ആന്തരിക പ്രേമത്തിന്‍റെ വില അറിയാൻ കഴിയുകയില്ലെന്ന് മാത്രമല്ല, ഒരു പക്ഷേ തന്‍റെ ചേച്ചിയുടെ ദാമ്പത്യജീവിതത്തെക്കാൾ നല്ല ദാമ്പത്യം കിട്ടാനുള്ള അവസരവും നഷ്‌ടപ്പെടുന്നു. സ്‌നേഹത്തിനു പകരം വെറുപ്പ് സമ്പാദിക്കാൻ മാത്രം സഹായിക്കുന്നു. ഇത്തരം സ്വഭാവം ദമ്പതികളെ മാത്രമല്ല രണ്ടു കുടുംബങ്ങളെ തന്നെയും ബാധിക്കുന്ന കാര്യമാണ്.

പ്രശ്നം വഷളാവുന്നതോടെ പെൺകുട്ടികളെ കെട്ടിച്ചുവിട്ട വീട്ടുകാർ തമ്മിലും അകലം ഉടലെടുക്കുന്നു. ചേച്ചിയുടെ ഭർത്താവുമായി തന്‍റെ ഭാര്യയ്‌ക്ക് മറ്റ് തരത്തിലുള്ള എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഭർത്താവ് ചിന്തിക്കുന്ന അവസ്‌ഥയും ഉണ്ടാവാം.

തന്‍റെ ഭർത്താവിനെ എപ്പോഴും പുകഴ്‌ത്തുന്ന അനിയത്തിയെക്കുറിച്ച് ചേച്ചിയ്‌ക്ക് സംശയം ഉണ്ടാവാൻ ഇടയാക്കും അങ്ങനെ വല്ലതും സംഭവിച്ചാൽ ബന്ധുവീട്ടുകാർ തമ്മിലും നീരസം ഉണ്ടാകും. കുടുംബങ്ങളുടെ ഐക്യവും സ്‌നേഹവും തകരാൻ ഇതു വഴിയൊരുക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

യഥാർത്ഥ കാരണങ്ങൾ

താരതമ്യം ചെയ്യുന്ന സ്വഭാവം ദാമ്പത്യ ബന്ധത്തെ ബാധിക്കുന്ന തരത്തിൽ വളർത്തിയെടുക്കാൻ ഒരിക്കലും ശ്രമിക്കരുത്. ഭർത്താവിന്‍റെ വ്യക്‌തിത്വത്തിലെ നല്ല വശങ്ങൾ മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും ഭാര്യ ബോധപൂർവ്വമായ ശ്രമം നടത്തണം. നല്ല കാര്യങ്ങൾ ചെയ്താൽ അഭിനന്ദിക്കാൻ മടിക്കരുത്. ഈ സമയത്ത് ചേച്ചിയുടെ ഭർത്താവായിരുന്നെങ്കിൽ ഇതിലും മെച്ചമായി കാര്യങ്ങൾ ചെയ്‌തേനെ എന്നോ മറ്റോ മിണ്ടിപ്പോകരുത്. അത് ഭർത്താവിന്‍റെ വ്യക്‌തിത്വത്തെ അപമാനിക്കുന്നതിനു തുല്യമാണ്.

ഭർത്താവിന്‍റെ വളരെ കാലത്തെ ശീലങ്ങൾ, സ്വഭാവ സവിശേഷതകൾ ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാമെന്നത് വ്യാമോഹമാണ്. ഭർത്താവിന്‍റെ ഉറച്ച മനോഭാവത്തെ മടക്കിയൊതുക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കുകയില്ല. നിങ്ങൾ അദ്ദേഹത്തെ മാറാൻ പ്രേരിപ്പിക്കുന്നതു പോലും വലിയ മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഭർത്താവിന്‍റെ മനസ്സ് മടുക്കാൻ നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഇത്തരം ചെറിയ നീക്കം തന്നെ ധാരാളം. ഇങ്ങനെയുള്ള ഭാര്യമാർ തങ്ങളുടെ ഭർത്താവിനെ അർഹമായി ബഹുമാനിക്കുകയോ, സ്‌നേഹിക്കുകയോ ചെയ്യാത്തവരായി തീരാനും സാധ്യത ഏറെയാണ്.

ഭർത്താവിന്‍റെ തെറ്റുകുറ്റങ്ങളെ പെരുപ്പിച്ചു കാണുന്ന ശീലമുള്ളവരായിരിക്കും താരതമ്യ സ്വഭാവമുള്ള സ്‌ത്രീകൾ. സ്‌നേഹത്തിന്‍റെ കണക്ക് പുസ്‌തകത്തിൽ തെറ്റു കുറ്റങ്ങൾ മാത്രം കൂട്ടി വയ്‌ക്കുന്നത് എന്തിനാണ്. അവിടെ നല്ല കാര്യങ്ങൾ എഴുതി കണക്ക് വച്ചു കൂടെ!

പ്രശ്ന പരിഹാരം

തന്‍റെ പെരുമാറ്റം ഭർത്താവിനെ ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഭാര്യ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ പ്രശ്നം പരിഹരിക്കാൻ എളുപ്പമാണ്.

ശിൽപ്പയ്‌ക്ക് ഈ കാര്യം ബോധ്യമായത് പക്ഷേ വളരെ വൈകിയാണ്. അപ്പോഴെക്കും ഭർതൃവീട്ടുകാരെയും ചേച്ചിയേയും ശിൽപ്പ വെറുപ്പിച്ചിരുന്നു. മാത്രമല്ല രണ്ടു മാസം തന്‍റെ വീട്ടിലും വന്നു താമസിച്ചു. കാര്യങ്ങൾ ബോധ്യമായതോടെ തന്‍റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ ശിൽപ്പ തയ്യാറായി. കുടുംബമാണ്, തന്‍റെ ഭർത്താവാണ് വലുത് എന്ന തോന്നലുണ്ടായി. പ്രശ്നത്തിന്‍റെ 50 ശതമാനം പരിഹരിക്കാൻ ഈ നിലപാടു മാറ്റം തന്നെ ധാരാളമായിരുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും തുടങ്ങുന്നതോടെ വ്യക്‌തികളുടെ സൽഗുണങ്ങളെ നമ്മുടെ മനസ്സ് പിടിച്ചെടുക്കാൻ തുടങ്ങുന്നു.

ഭർത്താവിനെ മാറ്റിയെടുക്കുകയല്ല സഹകരിപ്പിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പ വഴി തുറന്നിടുന്നു. പ്രിയപ്പെട്ടവരെ എല്ലാം കുറവുകളോടും കൂടി അംഗീകരിക്കാൻ തുടങ്ങുന്നതോടെ എല്ലാ അകൽച്ചകളും ഇല്ലാതാവും. മൗലികമായ വ്യക്‌തിത്വത്തെ അംഗീകരിക്കാനുള്ള മനസ്സാണ് എല്ലാവർക്കും വേണ്ടത്. പിന്നെ സ്‌നേഹ നിർഭരമായ ജീവിതമാണ് പൂത്തുലയുക. അത് ആഘോഷിക്കാം.

और कहानियां पढ़ने के लिए क्लिक करें...