എനിക്ക് ചേച്ചിയുടെ ഭർത്താവിനെപ്പോലെ സുന്ദരനും പണക്കാരനും സ്‌മാർട്ടുമായ ഒരാളെ തന്നെ ഭർത്താവായി മതി. എന്‍റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാൻ ശേഷിയുള്ള ഒരാൾ.....”
ഈ കാരണങ്ങൾ പറഞ്ഞാണ് ശിൽപ്പ തനിക്ക് വന്ന വിവാഹാലോചനകൾ എല്ലാം തന്നെ വേണ്ടെന്നു വച്ചത്.
അച്‌ഛൻ പുന്നാരമകൾക്ക് അവസാനം രോഹിതിന്‍റെ ആലോചനയുമായി എത്തി. ചേച്ചിയുടെ ഭർത്താവായ നകുലനെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ലായിരുന്നു പുതിയ ചെറുക്കൻ. ശിൽപ്പ പച്ചക്കൊടി കാണിച്ചതോടെ കല്ല്യാണം നടന്നു. എല്ലാവരും അദ്‌ഭുതം കൂറി. മെയ്‌ഡ് ഫോർ ഈച്ച് അദർ!
രോഹിതിന് ശിൽപ്പയോട് വലിയ സ്‌നേഹമായിരുന്നു. അവളുടെ എല്ലാ കാര്യത്തിലും രോഹിത് ശ്രദ്ധാലുവായിരുന്നു. പക്ഷേ ശിൽപ്പയുടെ സന്തോഷവും പ്രസരിപ്പും കെട്ടമട്ടായിരുന്നു. തന്‍റെ ഭർത്താവിൽ ചേച്ചിയുടെ ഭർത്താവിന്‍റെ കാർബൺ കോപ്പിയാണ് ശിൽപ്പ പ്രതീക്ഷിച്ചിരുന്നത്. മനുഷ്യനെ ഫാക്‌ടറിയിൽ നിർമ്മിക്കുന്നതല്ലല്ലോ ഒരേ പോലെ ആവാൻ. മൗലികമായ വ്യക്‌തിത്വത്തെക്കുറിച്ചൊന്നും ശിൽപ്പ ആലോചിച്ചിരുന്നില്ല.
എല്ലാ കാര്യത്തിലും ഭർത്താവിനെ ചേച്ചിയുടെ ഭർത്താവിനോട് ശിൽപ്പ താരതമ്യപ്പെടുത്തി. പക്ഷേ ശിൽപ്പയുടെ പരീക്ഷയിൽ പാസ്‌മാർക്ക് വാങ്ങാൻ പോലും രോഹിതിനായില്ല! ഇതു കാരണം ശിൽപ്പയുടെ കുറ്റപ്പെടുത്തലുകളും സ്‌നേഹരാഹിത്യവും കൂടിക്കൂടി വന്നു.
“നകുലൻ ചേട്ടനെപ്പോലെ നിങ്ങൾക്കും ക്ലബിൽ മെമ്പർഷിപ്പ് എടുത്താൽ എന്താ? അദ്ദേഹം ചെയ്യുന്ന പോലെ എല്ലാ മാസവും എന്നെ ഏതെങ്കിലും ഹിൽസ്‌റ്റേഷനിൽ നിങ്ങൾക്കു കൊണ്ടു പോയി കൂടെ. ഇതു പോലെ മിണ്ടാതിരിക്കാതെ നകുലേട്ടനെ പോലെ തമാശയൊക്കെ പറഞ്ഞു കൂടെ. നിങ്ങൾക്കും ശമ്പളവും സ്വയം കൈകാര്യം ചെയ്‌തുകൂടെ?”
ശിൽപ്പയുടെ വായിൽ നിന്ന് എപ്പോഴും ഇതുപോലെയുള്ള കാര്യങ്ങളാണു പുറത്തേയ്‌ക്ക് വരിക. ഇതു കേട്ട് കേട്ട് രോഹിതിനും മനം മടുത്തിരുന്നു.
ഉത്തരവാദിത്വമുള്ള ആളായിരുന്നു രോഹിത്. മാതാപിതാക്കളെയും അനിയനെയും അയാൾ നന്നായി നോക്കിയിരുന്നു. അനാവശ്യമായി പണം ചെലവഴിക്കാൻ അയാൾ ഇഷ്‌ടപ്പെട്ടിരുന്നില്ല.
“ഞാൻ നിന്‍റെ ചേച്ചിയുടെ നകുലേട്ടനെ പോലെ അണുകുടുംബമായല്ല താമസിക്കുന്നത്. എനിക്ക് സ്‌ത്രീകളുടെ കൈയിലെ പാവയാവാനും കഴിയില്ല. നീ ഇരുപത്തിനാലു മണിക്കൂറും അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്‌ത് എന്‍റെ സ്വസ്‌ഥത കെടുത്തരുത്.” ദേഷ്യം അടക്കിപ്പിടിച്ച്, സ്‌നേഹപൂർവ്വമാണ് രോഹിത് ശിൽപ്പയോട് കാര്യം പറഞ്ഞത്. പക്ഷേ അതൊന്നും ശിൽപ്പയുടെ തലയിൽ കയറിയില്ല.
അവൾ വീണ്ടും പഴയ സ്വഭാവം തുടർന്നു. മറ്റൊരാളുടെ മഹത്വം തന്‍റെ ഭർത്താവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനാൽ വൈവാഹിക ജീവിതം അസ്വസ്‌ഥമാകാൻ തുടങ്ങി. പക്ഷേ തന്‍റെ സ്വഭാവം കൊണ്ട് സംഭവിക്കുന്ന ഗുരുതരമായ നഷ്‌ടങ്ങൾ ശിൽപ്പയ്‌ക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല.
രോഹിത് മാറാൻ തയ്യാറല്ലായിരുന്നു. അതിനാൽ ഭർത്താവിന് തന്നോട് യാതൊരു സ്‌നേഹവുമില്ലെന്ന് ശിൽപ്പ കരുതി. ആ യുവമിഥുനങ്ങൾ മാനസികമായി അകലാൻ ഇതിൽ പകരം മറ്റെന്തെങ്കിലും വേണോ?
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു
എല്ലാ പെൺകുട്ടികൾക്കും തങ്ങളുടെ വിവാഹത്തെപ്പറ്റി വലിയ സ്വപ്‌നങ്ങൾ കാണും. തങ്ങൾ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ തന്‍റെ വരനുണ്ടാവുമെന്ന് അവർ സ്വപ്‌നം കാണും. അത് അവരുടെ കാൽപ്പനികമായ ലോകമാണ്. ചേച്ചിയുടെ ഭർത്താവിൽ താൻ നല്ലതെന്നു കരുതുന്ന കാര്യങ്ങൾ തന്‍റെ ജീവിത പങ്കാളിയ്‌ക്കും വേണമെന്ന് അവൾ മനക്കോട്ട കെട്ടുന്നു. ആ കാര്യങ്ങൾ മനസ്സിലിട്ട് വർണ്ണം പിടിപ്പിക്കലാണ് അടുത്തപടി. ചേച്ചിയെപ്പോലെ സുഖ ദാമ്പത്യം നയിക്കാനാവും എന്ന് ഉറപ്പിക്കുന്നു. വിവാഹ ശേഷം മറ്റൊന്ന് സംഭവിക്കുമ്പോൾ അസ്വാരസ്യം ഉടലെടുക്കുന്നു.