പ്രായപൂർത്തിയായ ഉടനെ മക്കളെ എങ്ങനെയെങ്കിലും കെട്ടിച്ചുവിടാൻ കാത്തു നിൽക്കുന്ന രക്ഷിതാക്കളും, ബാങ്ക് ലോണെടുത്തും കടം വാങ്ങിയും സ്ത്രീധനം നൽകി മക്കളെ എങ്ങനെയെങ്കിലും കെട്ടിച്ചു വിട്ട് ബാധ്യത തീർക്കാൻ കാത്തുനിൽക്കുന്ന രക്ഷിതാക്കളും ഉള്ള രാജ്യത്ത്, അതിനുപകരം തങ്ങളുടെ പെണ്‍‍മക്കൾ പഠിച്ചു ഉന്നതമായ സ്‌ഥാനങ്ങൾ അലങ്കരിക്കുന്നതിൽ അഹങ്കരിക്കുന്ന രക്ഷിതാക്കളാണ് നമുക്ക് വേണ്ടത്.

രാജ്യത്തെ മികവുറ്റ യൂണിവേഴ്സിറ്റികളിൽ ഒന്നായ കാസർകോട് കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ഇത്തവണ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് കൂടുതലും പെൺകുട്ടികളാണ്. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഗൃഹശോഭയോട് പങ്കു വയ്ക്കുകയാണ് അവർ…

ഫാത്തിമത്ത് നൗഫീറ. എം.എ

എം.എ മലയാളം, സ്ക്കൂൾ ഓഫ് ലാംഗ്വേജ് ആന്‍റ് കംപാരറ്റീവ് ലിറ്റ്റേച്ചർ

പഠനം

പ്രൈമറി പഠനം ജിയുപിഎസ് ഹിദായത്ത് നഗർ സ്ക്കൂളിലായിരുന്നു. ഹൈസ്ക്കൂൾ പഠനം ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂലയിലായിരുന്നു. കാസർകോട് ഗവൺമെന്‍റ് കോളേജിലായിരുന്നു ഡിഗ്രി പഠനം.

മറ്റേതെങ്കിലും പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിച്ചിട്ടുണ്ടോ?

യുജിസി നെറ്റ് പരീക്ഷയിൽ ക്വാളിഫൈഡ് ആണ്. ജെആർഎഫ് യോഗ്യത നേടിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കഥ, കവിത, ലേഖനങ്ങളൊക്കെ എഴുതാറുണ്ട്.

കുടുംബം

അച്‌ഛൻ നാട്ടിൽ തന്നെയാണ്. ചെറിയ കൃഷിയൊക്കെയായി മുന്നോട്ട് പോകുന്നു. അമ്മ ഹൗസ് വൈഫ് ആണ്. ഞാൻ മൂത്ത മകളാണ്. എനിക്ക് താഴെ മൂന്ന് അനിയത്തിമാർ ഒരാൾ പ്ലസ് ടുവിലും പിന്നൊരാൾ ഒമ്പതാം ക്ലാസിലും ചെറിയ അനിയത്തി നാലാം ക്ലാസിലും പഠിക്കുന്നു.

ഭാവി പരിപാടികൾ എന്തൊക്കെ?

ഇനി പിഎച്ച്ഡി ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു കോളേജ് അധ്യാപിക ആവുക എന്നതാണ് എന്‍റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഇനി വരുന്ന കോളേജ് ലക്ചർ പിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കണം.

നിങ്ങളുടെ പിന്മുറക്കാരോട് എന്താണ് പറയാനുള്ളത്?

പെൺകുട്ടികൾ നന്നായി പഠിക്കുകയും മാർക്ക് വാങ്ങുന്നവരുമാണെങ്കിൽ പോലും ജോലി എന്ന ലക്ഷ്യത്തിലേക്ക് എത്തിപ്പെടും മുമ്പ് പഠനം നിർത്തിക്കളയുന്നവരാണ് പലരും. ഡിഗ്രിയോ മറ്റോ കഴിഞ്ഞാൽ പലരും പഠനം ഉപേക്ഷിക്കുന്നു. കല്യാണം കഴിഞ്ഞ് വീട്ടമ്മയായി ജീവിച്ചു പോകുന്നു. ഈ രീതിക്ക് മാറ്റം ഉണ്ടാവണം. സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഒരു ഉപാധിയായും കൂടി പഠനത്തെ മുന്നോട്ട് കൊണ്ട് പോവാനാവണം. വലിയ വലിയ സ്വപ്നങ്ങൾ കാണണം. സ്വപ്നങ്ങളെ പ്രണയിക്കണം. അവ നേടിയെടുക്കാൻ വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കണം. സാമ്പത്തികമായി ഒരുപാട് പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് എന്‍റേത്. പക്ഷെ അവയൊക്കെയും എന്‍റെ സ്വപ്നങ്ങളെ, പഠനത്തെ ബാധിക്കാതിരിക്കാൻ കഷ്ടപ്പെട്ടിട്ടുണ്ട്. ജീവിതത്തിൽ എത്ര വലിയ കഷ്ടപ്പാടുകളും പ്രതിസന്ധികളും ഉണ്ടായാൽ പോലും തളരരുത്. സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. പലപ്പോഴും പ്രതിസന്ധികളാണ് നമ്മെ വിജയത്തിനായുള്ള വാശിയിലേക്കും ലക്ഷ്യത്തിലേക്കും നയിക്കുന്നത്. പ്രയാസങ്ങളെയും പ്രതിസന്ധികളെയും ലക്ഷ്യത്തിലേക്കുള്ള വഴികളായി മെരുക്കിയെടുക്കുക. ഇതൊക്കെയാണ് എന്‍റെ അനുഭവപാഠങ്ങളിൽ നിന്നും എനിക്ക് പകരാനുള്ളത്.

പ്ലസ് ടുവിലോ ഡിഗ്രിയിലോ മാത്രമായി പഠനം ഒതുക്കിത്തീർക്കേണ്ടി വന്ന പെൺകുട്ടികളുള്ള ഒരു ചുറ്റുപാടിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ട് തന്നെ വരുന്ന പെൺകുട്ടികൾക്ക് പ്രചോദനമായിക്കൊണ്ട്, ഒരു മാറ്റം സൃഷ്ടിക്കാനാവും എന്ന് നല്ല പ്രതീക്ഷയുണ്ട്.

കേരള കേന്ദ്ര സർവ്വകലാശാലയിലെ പഠനവും അവിടത്തെ അന്തരീക്ഷവും എങ്ങനെയുണ്ടായിരുന്നു?

കുഴപ്പമില്ലായിരുന്നു. രണ്ടാമത്തെ വർഷം കൊറോണ കാരണം പഠനം വീട്ടിലായതോടെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

അശ്വിനി ശ്രീധരൻ

എംബിഎ ടൂറിസം ആന്‍റ് ട്രാവൽ മാനേജ്മെന്‍റ്, സ്ക്കൂൾ ഓഫ് ബിസിനസ്സ് സ്റ്റഡീസ്

കാസർകോട് ജില്ലയിലെ കളനാട് വാണിയാർ മൂലയിൽ ദുബായിൽ ജോലി ചെയ്യുന്ന പി.എം. ശ്രീധരന്‍റെയും അനിതയുടെയും മകളാണ്. ചട്ടഞ്ചാൽ ഹയർസെക്കൻഡറി പന്ത്രണ്ടാം തരം കൊമേഴ്സ് വിദ്യാർത്ഥി അശ്വിൻ ഏക സഹോദരനാണ്.

പന്ത്രണ്ടാം ക്ലാസ് വരെ ദുബായ് ദേരയിലെ ദി എലീറ്റ് ഇംഗ്ലീഷ് സ്ക്കൂളിലും തുടർന്ന് നാട്ടിൽ വന്നു. കാസർകോട് ജില്ലയിലെ ചട്ടഞ്ചാലിലെ എം.ഐ.സി ആർട്സ് ആന്‍റ് സയൻസ് കോളേജിൽ ബിബിഎയ്ക്ക് ചേർന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ?

സ്ക്കൂൾ കാലഘട്ടത്തിൽ കലാകായിക രംഗത്ത് സജീവമായിരുന്നു. ബോൾ, ത്രോ ബോൾ, ഷോർട്ട് പുട്ട്, റിലേ തുടങ്ങിയ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ചെസ്സ് പോലുള്ള ഇൻഡോർ മത്സരങ്ങളിലും ഡാൻസ് തുടങ്ങി നിരവധി കലാപരിപാടികളിലും സജീവമായിരുന്നു. സിബിഎസ്ഇ ക്ലസ്റ്ററിൽ പങ്കെടുത്തിട്ടുണ്ട്.

കേരള കേന്ദ്ര സർവ്വകലാശാലയിലുള്ള പഠനം

ഉന്നത വിദ്യാഭ്യാസം നേടാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് പഠന രംഗത്തും കലാകായിക രംഗത്തും മികവ് പുലർത്താനുള്ള ഒരു വിദ്യാഭ്യാസ സ്‌ഥാപനമാണ് കേരള കേന്ദ്ര സർവ്വകലാശാല. സാധാരണ ഒരു കോളേജിലെ പഠനാന്തരീക്ഷവും ഒരു യൂണിവേഴ്സിറ്റി ക്യാമ്പസിലെ പഠനാന്തരീക്ഷവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അധ്യാപകർ ആയാലും പഠനാന്തരീക്ഷമായാലും കേരള കേന്ദ്ര സർവ്വകലാശാല ഒരു നല്ല അവസരമാണ് തുറന്നു തരുന്നത്.

വരും തലമുറയോട് എന്താണ് പറയാനുള്ളത്?

മനസ്സിന് ഇഷ്ടപ്പെട്ടതും ഇണങ്ങുന്നതുമായ മേഖല തെരഞ്ഞെടുത്തത് അതിൽ ശോഭിക്കുക. നമ്മളാൽ കഴിയുന്ന സംഭാവനകൾ ആ മേഖലയിൽ ചെയ്യുക. നൂറ് ശതമാനം ആത്മാർത്ഥ നൽകുക, സ്വയം പ്രചോദനമാവുക, ശുഭാപ്തി വിശ്വാസം കൈവിടാതെ നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചേരുക. സ്വയം പര്യാപ്തമാവുക.

നയന സി.കെ

എം.കോം, കൊമേഴ്സ് ആന്‍റ് ഇൻറർനാഷണൽ ബിസിനസ്സ്

സ്ക്കൂൾ ഓഫ് ബിസിനസ്സ് സ്റ്റഡീസ്

കുടുംബം

അച്‌ഛൻ കുമാരൻ 37 വർഷത്തോളം ദുബായിൽ ആയിരുന്നു. ഇപ്പോൾ നാട്ടിലേക്ക് വന്നു. അമ്മ സരോജിനി മൂത്ത ചേച്ചി ജിനു കല്യാണം കഴിഞ്ഞു. ബാംഗ്ലൂർ വിപ്രോയിൽ പ്രോജക്ട് എഞ്ചിനീയർ ആയിരുന്നു. ഭർത്താവ് സന്ദീപ് യുകെയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആണ്. മകൾ സപ്തർഷി പാർവ്വതി. മറ്റൊരു ചേച്ചി സഞ്ചന യുകെയിൽ എംബിഎക്ക് പഠിക്കുന്നു.

വിദ്യാഭ്യാസം

ചെമ്പരിക്ക യുപിസ്ക്കൂളിലും ചന്ദ്രഗിരി ഹൈസ്ക്കൂളിലും ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്ക്കൂളിലും പഠിച്ചു പന്ത്രണ്ടാംതരം കഴിഞ്ഞു ബികോമിന് കാസർകോട് ഗവൺമെന്‍റ് കോളേജിൽ ചേർന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ?

8 വർഷത്തോളം അംബിക കലാകേന്ദ്രത്തിൽ ഭരതനാട്യം പഠിച്ചിരുന്നു. സംസ്ഥാനതല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നാടൻ പാട്ട് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.

കേരള കേന്ദ്ര സർവ്വകലാശാലയിലെ പഠനവും അവിടത്തെ അന്തരീക്ഷവും എങ്ങനെയുണ്ടായിരുന്നു?

വിദ്യാഭ്യാസപരമായും കലാപരമായും ഏറ്റവും മികച്ച ഒരു പഠന കേന്ദ്രമാണ് കേരള കേന്ദ്ര സർവ്വകലാശാല. നല്ല അധ്യാപകരും അതിനനുസരിച്ചുള്ള പഠനാന്തരീക്ഷവുമാണ് അവിടെ. കേവലം ക്ലാസ്സ് റൂമുകളിൽ മാത്രം ഒതുങ്ങി പോകാതെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്താൻ ഉതകുന്ന ഒരു പഠനാന്തരീക്ഷം ആയിരുന്നു കേരള കേന്ദ്ര സർവ്വകലാശാല.

വരും തലമുറയോട് പറയാനുള്ളത്.

ജോലി എന്നത് ഏതൊരു വ്യക്‌തിക്കും അത് സ്ത്രീയായാലും പുരുഷനായാലും അത്യാവശ്യമാണ്. ഒരു ജോലി അത് വഴി സ്വയം പര്യാപ്തത, അത് നേടുന്നത് വരെ പരിശ്രമിക്കുക.

അനഘ അനിൽ

എംഎ ലിഗ്വിംസ്റ്റിക്ക് ആന്‍റ് ലാംഗ്വേജ് ടെക്നോളജി

പഠനം

കണ്ണൂർ തളാപ്പിലെ എസ്എൻ വിദ്യാമന്ദിർ സ്ക്കൂളിലും തുടർന്ന് ഗവ.ബ്രണ്ണൻ കോളേജിലുമായിരുന്നു.

കുടുംബം

അച്‌ഛൻ അനിൽ കുമാർ ഫോട്ടോഗ്രാഫർ, അമ്മ നിഷിത.

ഭാവി പരിപാടികൾ എന്തൊക്കെ?

ലക്ചറർ ആവണം എന്നുണ്ട്.

നിങ്ങളുടെ പിന്മുറക്കാരോട് പറയാനുള്ളത്?

പരിശ്രമിച്ചാൽ വിജയം ഉറപ്പായും കിട്ടും. പഠിക്കാൻ ഇഷ്ടമുള്ള വിഷയം എടുത്താൽ അത് പഠിക്കാൻ എളുപ്പമാണ്. ഇഷ്ടമുള്ള വിഷയം ആണെങ്കിൽ ക്ലാസ്സുകൾ കിട്ടിയില്ലെങ്കിലും നമുക്ക് അത് പഠിച്ചെടുക്കാൻ കഴിയും. ബിരുദം കഴിഞ്ഞപ്പോൾ പിജിക്ക് ലിഗ്വിംസ്റ്റിക്ക് പഠിക്കാൻ ഇഷ്ടം തോന്നി. നാട്ടിൽ അധികം കാണാത്ത കോഴ്സ് ആയതിനാൽ കഴിഞ്ഞ വർഷം എവിടെയും അഡ്മിഷൻ കിട്ടിയില്ല. കൂടെ പഠിച്ചവർ എല്ലാം ലിറ്ററേച്ചർ എടുത്ത് പഠിക്കാൻ തുടങ്ങി. കുറേപ്പേർ എന്നോട് പറഞ്ഞു വെറുതെ 1 വർഷം വേസ്റ്റ് ആക്കിയല്ലേ, അത് വേണ്ടായിരുന്നെന്ന്. പക്ഷേ അച്‌ഛനും അമ്മയും എന്നെ പിന്തുണച്ചു. പിന്നെ അടുത്ത വർഷം അഡ്മിഷൻ കിട്ടി, ഒന്നാം റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞു, ഒരു വർഷം പോയാൽ എന്തേ ഇപ്പോൾ നല്ല വിജയം കിട്ടിയില്ലേ.

കേരള കേന്ദ്ര സർവ്വകലാശാലയിലെ പഠനവും അവിടത്തെ അന്തരീക്ഷവും?

8 മാസങ്ങൾ മാത്രമേ എനിക്ക് ആ ക്യാമ്പസിൽ നിൽക്കാൻ സാധിച്ചുള്ളൂ. കോവിഡ് വന്നു വീട്ടിലേക്ക് തിരിച്ചു വന്നു. ആ കുറച്ച് സമയം കൊണ്ട് ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി, ഒരുപാട് ഓർമ്മകൾ ഉണ്ടാക്കി തന്നു. അത് ഞങ്ങളുടെ ഒരു ചെറിയ ലോകമായിരുന്നു. കേരള കേന്ദ്ര സർവ്വകലാശാലയിലെ ലൈബ്രറി വളരെ നല്ലതാണ്. ഒരുപാട് നല്ല പുസ്തകങ്ങൾ ഉണ്ട്. വെറുതെ വായിക്കാനും റഫറൻസ് ആയി ഉപയോഗിക്കാനും പറ്റും.

ഡോ.ആയിഷത്ത് നാസിയ സി.ഐ

ഇ.എസ്.സി. യോഗ തെറാപ്പി, സ്ക്കൂൾ ഓഫ് മെഡിസിൻ ആന്‍റ് പബ്ലിക്ക് ഹെൽത്ത്

പഠനം

ആറാം ക്ലാസ്സ് വരെ കാസർകോട് വീടിനടുത്തുള്ള ടാഗോർ ബാലാനികേതനിലും പത്താം ക്ലാസ്സ് വരെ എൻ.എ മോഡൽ സ്ക്കൂളിലും അതുകഴിഞ്ഞ് നായന്മാർമൂല തൻബീ ഹയർസെക്കൻഡറി സ്ക്കൂളിൽ നിന്ന് പ്ലസ്ടു കഴിഞ്ഞു. തുടർന്ന് കാഞ്ഞങ്ങാട് പിഎൻ പണിക്കർ സൗഹൃദ ആയുവേദ കോളേജിൽ നിന്നും ബിഎഎംഎസ് പൂർത്തീകരിച്ചു. പ്രൈവറ്റ് ക്ലിനിക്കിൽ ആയുർവേദ ഫിസിഷ്യൻ ആയും ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ താത്കാലിക മെഡിക്കൽ ഓഫീസറായും പ്രവർത്തിച്ചു.

കുടുംബം

ഉപ്പ ഇബ്രാഹിം എ.എച്ച് 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ഉണ്ട്. ഉമ്മ ബീഫാത്തിമ ഇബ്രാഹിം കാസർകോട് നഗരസഭ മുൻ ചെയർപേഴ്സൻ ആയിരുന്നു. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയും ഉണ്ട്. എല്ലാവരും വിവാഹിതരാണ്. ഞാനും ഈയടുത്താണ് വിവാഹം കഴിഞ്ഞത്. ഭർത്താവ് എസ്ബിഐ ഡപ്യൂട്ടി മാനേജർ അഹമ്മദ് മഷ്ഹൂർ.

മുസ്ലീം കമ്മ്യൂണിറ്റി അധികം തെരഞ്ഞെടുക്കാത്ത യോഗ തെരഞ്ഞെടുക്കാൻ കാരണം?

വീട്ടുകാരുടെ മികച്ച പിന്തുണ തന്നെയായിരുന്നു. പിന്നെ ഇന്നത്തെ കാലഘട്ടത്തിൽ മാനസിക സംഘർഷം കൂടുതലായി അനുഭവപ്പെടുന്ന അവസ്ഥയിലൂടെയാണ് നാമോരോരുത്തരും കടന്ന് പോകുന്നത്. ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് യോഗ ഒരുത്തമ പരിഹാരമാണ്. സ്ട്രെസ്സ് ലെവലുകൾ കുറച്ചു കൊണ്ട് മാനസികാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിന് ഗുണകരമായ മാറ്റങ്ങൾ കൊണ്ടു വരാനും യോഗ ശീലം സഹായിക്കും. എല്ലാവരും യോഗ പരിശീലിക്കണമെന്നാണ് എന്‍റെ അഭിപ്രായം.

സ്ക്കൂൾ തലം മുതൽ യോഗ ഒരു വിഷയമാക്കി കൊണ്ടുവരണം. യുജിസി ക്വാളിഫൈഡ് ആയിട്ടും കേരളത്തിലെ കോളേജുകളിൽ യോഗ അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവുകൾ ഇല്ലാത്തത് വിഷമമുള്ള കാര്യമാണ്. ഈയൊരു വിഷയം ഗൗരവമായി എടുക്കണമെന്നാണ് സർക്കാരിനോടുള്ള എന്‍റെ അഭ്യർത്ഥന.

കേരള കേന്ദ്ര സർവ്വകലാശാലയിലെ പഠനവും അവിടത്തെ അന്തരീക്ഷവും?

പൊതുവെ കാസർകോട് ജില്ലയിലെ കുട്ടികൾ ഉപരിപഠനം പൂർത്തീകരിക്കുന്നത് വളരെ കുറവാണ്. പഠിക്കുന്നവർ മംഗലാപുരത്തുള്ള കോളേജുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. കേരള കേന്ദ്ര സർവ്വകലാശാല കാസർകോട് ജില്ലയിൽ സ്‌ഥാപിതമായതാണ് ഏറ്റവും വലിയ സന്തോഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കുട്ടികൾ പോലും ഇവിടെ ധാരാളമായി പഠിക്കുന്നുണ്ട്. കൂടാതെ രാജ്യത്തിന് പുറത്തു നിന്നും ഇത്തവണ 27 രാജ്യങ്ങളിൽ നിന്ന് അപേക്ഷകൾ ലഭിച്ചു എന്നറിയുമ്പോൾ വലിയ സന്തോഷമാണ് നൽകുന്നത്. ഇരുപതിലധികം ഡിപ്പാർട്ട്മെന്‍റുകൾ ഉള്ള ക്യാമ്പസിൽ മികച്ച സൗകര്യങ്ങളും ഉണ്ട്. മികച്ച അധ്യാപകരാണ് യൂണിവേഴ്സിറ്റിയുടെ മുഖമുദ്ര. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പിന്തുണ നൽകുന്ന കൂട്ടുകാരാണ് എന്‍റെ ബലം.

കേരള കേന്ദ്ര സർവ്വകലാശാല

കേന്ദ്ര സർവകലാശാല ആക്റ്റ് 2009 (2009 ലെ പാർലമെന്‍റ്) ആക്ട് പ്രകാരം കാസർകോടിൽ കേരള കേന്ദ്ര സർവ്വകലാശാല നിലവിൽ വന്നു. വിദ്യാഭ്യാസ ഉന്നമനം അത്യാവശ്യമുള്ള ഒരു പ്രദേശവുമായിരുന്നു ഇവിടെ. 2009 ഒക്ടോബറിൽ യൂണിവേഴ്സിറ്റി അതിന്‍റെ അക്കാദമിക്ക് പോർട്ടലുകൾ തുറന്നു. 17 വിദ്യാർത്ഥികൾ രണ്ട് പിജി പ്രോഗ്രാമുകളിൽ ചേർന്നു. നായന്മാർമൂലയിലെ വാടക കെട്ടിടത്തിൽ നിന്ന് പ്രവർത്തനം ആരംഭിച്ച കേരള കേന്ദ്ര സർവ്വകലാശാല 2012 ൽ പെരിയ തേജസ്വിനി ഹില്ലിലെ 310 ഏക്കർ സ്‌ഥലത്തിലെ സ്വന്തം ക്യാമ്പസിലേക്ക് മാറി.

ശ്രദ്ധേയമായ ഒരു നേട്ടമെന്ന നിലയിൽ കേരള കേന്ദ്ര സർവ്വകലാശാല അതിന്‍റെ ശൈശവ ഘട്ടത്തിൽ തന്നെ ബി++ ഗ്രേഡിനൊപ്പം എൻ.എ.എ.സി അംഗീകാരവും നേടി.

और कहानियां पढ़ने के लिए क्लिक करें...