പ്രായപൂർത്തിയായ ഉടനെ മക്കളെ എങ്ങനെയെങ്കിലും കെട്ടിച്ചുവിടാൻ കാത്തു നിൽക്കുന്ന രക്ഷിതാക്കളും, ബാങ്ക് ലോണെടുത്തും കടം വാങ്ങിയും സ്ത്രീധനം നൽകി മക്കളെ എങ്ങനെയെങ്കിലും കെട്ടിച്ചു വിട്ട് ബാധ്യത തീർക്കാൻ കാത്തുനിൽക്കുന്ന രക്ഷിതാക്കളും ഉള്ള രാജ്യത്ത്, അതിനുപകരം തങ്ങളുടെ പെണ്‍മക്കൾ പഠിച്ചു ഉന്നതമായ സ്‌ഥാനങ്ങൾ അലങ്കരിക്കുന്നതിൽ അഹങ്കരിക്കുന്ന രക്ഷിതാക്കളാണ് നമുക്ക് വേണ്ടത്.
രാജ്യത്തെ മികവുറ്റ യൂണിവേഴ്സിറ്റികളിൽ ഒന്നായ കാസർകോട് കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ഇത്തവണ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് കൂടുതലും പെൺകുട്ടികളാണ്. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഗൃഹശോഭയോട് പങ്കു വയ്ക്കുകയാണ് അവർ...
ഫാത്തിമത്ത് നൗഫീറ. എം.എ
എം.എ മലയാളം, സ്ക്കൂൾ ഓഫ് ലാംഗ്വേജ് ആന്‍റ് കംപാരറ്റീവ് ലിറ്റ്റേച്ചർ
പഠനം
പ്രൈമറി പഠനം ജിയുപിഎസ് ഹിദായത്ത് നഗർ സ്ക്കൂളിലായിരുന്നു. ഹൈസ്ക്കൂൾ പഠനം ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂലയിലായിരുന്നു. കാസർകോട് ഗവൺമെന്‍റ് കോളേജിലായിരുന്നു ഡിഗ്രി പഠനം.
മറ്റേതെങ്കിലും പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിച്ചിട്ടുണ്ടോ?
യുജിസി നെറ്റ് പരീക്ഷയിൽ ക്വാളിഫൈഡ് ആണ്. ജെആർഎഫ് യോഗ്യത നേടിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കഥ, കവിത, ലേഖനങ്ങളൊക്കെ എഴുതാറുണ്ട്.
കുടുംബം
അച്‌ഛൻ നാട്ടിൽ തന്നെയാണ്. ചെറിയ കൃഷിയൊക്കെയായി മുന്നോട്ട് പോകുന്നു. അമ്മ ഹൗസ് വൈഫ് ആണ്. ഞാൻ മൂത്ത മകളാണ്. എനിക്ക് താഴെ മൂന്ന് അനിയത്തിമാർ ഒരാൾ പ്ലസ് ടുവിലും പിന്നൊരാൾ ഒമ്പതാം ക്ലാസിലും ചെറിയ അനിയത്തി നാലാം ക്ലാസിലും പഠിക്കുന്നു.
ഭാവി പരിപാടികൾ എന്തൊക്കെ?
ഇനി പിഎച്ച്ഡി ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു കോളേജ് അധ്യാപിക ആവുക എന്നതാണ് എന്‍റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഇനി വരുന്ന കോളേജ് ലക്ചർ പിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കണം.
നിങ്ങളുടെ പിന്മുറക്കാരോട് എന്താണ് പറയാനുള്ളത്?
പെൺകുട്ടികൾ നന്നായി പഠിക്കുകയും മാർക്ക് വാങ്ങുന്നവരുമാണെങ്കിൽ പോലും ജോലി എന്ന ലക്ഷ്യത്തിലേക്ക് എത്തിപ്പെടും മുമ്പ് പഠനം നിർത്തിക്കളയുന്നവരാണ് പലരും. ഡിഗ്രിയോ മറ്റോ കഴിഞ്ഞാൽ പലരും പഠനം ഉപേക്ഷിക്കുന്നു. കല്യാണം കഴിഞ്ഞ് വീട്ടമ്മയായി ജീവിച്ചു പോകുന്നു. ഈ രീതിക്ക് മാറ്റം ഉണ്ടാവണം. സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഒരു ഉപാധിയായും കൂടി പഠനത്തെ മുന്നോട്ട് കൊണ്ട് പോവാനാവണം. വലിയ വലിയ സ്വപ്നങ്ങൾ കാണണം. സ്വപ്നങ്ങളെ പ്രണയിക്കണം. അവ നേടിയെടുക്കാൻ വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കണം. സാമ്പത്തികമായി ഒരുപാട് പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് എന്‍റേത്. പക്ഷെ അവയൊക്കെയും എന്‍റെ സ്വപ്നങ്ങളെ, പഠനത്തെ ബാധിക്കാതിരിക്കാൻ കഷ്ടപ്പെട്ടിട്ടുണ്ട്. ജീവിതത്തിൽ എത്ര വലിയ കഷ്ടപ്പാടുകളും പ്രതിസന്ധികളും ഉണ്ടായാൽ പോലും തളരരുത്. സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. പലപ്പോഴും പ്രതിസന്ധികളാണ് നമ്മെ വിജയത്തിനായുള്ള വാശിയിലേക്കും ലക്ഷ്യത്തിലേക്കും നയിക്കുന്നത്. പ്രയാസങ്ങളെയും പ്രതിസന്ധികളെയും ലക്ഷ്യത്തിലേക്കുള്ള വഴികളായി മെരുക്കിയെടുക്കുക. ഇതൊക്കെയാണ് എന്‍റെ അനുഭവപാഠങ്ങളിൽ നിന്നും എനിക്ക് പകരാനുള്ളത്.
പ്ലസ് ടുവിലോ ഡിഗ്രിയിലോ മാത്രമായി പഠനം ഒതുക്കിത്തീർക്കേണ്ടി വന്ന പെൺകുട്ടികളുള്ള ഒരു ചുറ്റുപാടിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ട് തന്നെ വരുന്ന പെൺകുട്ടികൾക്ക് പ്രചോദനമായിക്കൊണ്ട്, ഒരു മാറ്റം സൃഷ്ടിക്കാനാവും എന്ന് നല്ല പ്രതീക്ഷയുണ്ട്.