അവനവനിലേക്ക് കൂടി കണ്ണുകൾ തുറന്നുവെച്ചു കനമേതുമില്ലാതെ തനിയെ യാത്ര ചെയ്യുന്നതിന്‍റെ സുഖമൊന്നു വേറെയാണ്. കൂട്ടുകൂടിയുള്ള യാത്രകൾ മറ്റൊരു രസം. ഒറ്റയാൾ യാത്രയുടെ രസത്തിനും മേലെയായി അതിന്‍റെ ആശങ്കകളും ആകുലതകളും കാലുനീട്ടിയപ്പോഴാണു രണ്ടാൾയാത്രയെന്നുറപ്പിച്ചത്. അങ്ങനെ രണ്ടു പെണ്ണുങ്ങൾ ഏറെയൊന്നും ചിന്തിക്കാതെ കാഞ്ചീപുരത്തിനു വണ്ടി കയറി. തമ്മിൽ മിണ്ടിയും തങ്ങളിൽ മിണ്ടിയും ഒരു തീവണ്ടിയാത്ര. പട്ടുസാരികളുടെ നാടെത്തുമ്പോഴേക്കും രണ്ടുപേരുടേയും തമ്മിൽ ചേർന്നുപോകാവുന്ന ഭ്രാന്തുകൾ മറനീക്കി പുറത്തെത്തിയിരുന്നു. മിതഭക്ഷണവും മുറിത്തമിഴും ഷെയർ ഓട്ടോയും ബസുകളും നടത്തവുമൊക്കെയായി നാലുദിനങ്ങൾ!! മുല്ലപ്പൂമണവും കനകാംബരപ്പകിട്ടും ഫിൽട്ടർ കോഫിയും എല്ലായിടത്തും കൂട്ടുവന്നു. അറിയാഗ്രാമങ്ങളിലൂടെ പട്ടുസാരി ജനിക്കുന്നത് കാണാൻ പോയി, ക്ഷേത്രഗോപുരങ്ങളുടെ ഗതകാലപ്രതാപങ്ങൾ കണ്ടും കേട്ടും നടന്നു, മരത്തണലിലും വഴിയരികിലും ചുമ്മാ കാപ്പി കുടിച്ചിരുന്നു.

തറികളും പട്ടുകടകളും എണ്ണമറ്റ ക്ഷേത്രങ്ങളുടെ അമ്പരപ്പിക്കുന്ന ശില്പചാരുതയുമല്ലാതെ കാണാനെന്തുണ്ട് കാഞ്ചീപുരത്തെന്നു ഗൂഗിളിനോട് ചോദിച്ചപ്പോഴാണ് മാമണ്ടൂർ ഗുഹാക്ഷേത്രങ്ങളെക്കുറിച്ചറിഞ്ഞത്. ഗതകാലരാജവംശങ്ങളുടെ പ്രതാപവും ഗുഹാക്ഷേത്രങ്ങളുടെ ശില്പഭംഗിയും കുന്നിന്മുകളിൽ നിന്നുള്ള വിശാലമായ കാഴ്ചകളും അക്കമിട്ടു നിരത്തി ഗൂഗിൾ മോഹിപ്പിച്ചു. സ്ഥലം കാഞ്ചീപുരം- വന്തവാസി ഹൈവേയോടു ചേർന്നാണെങ്കിലും കാഞ്ചീപുരംകാർക്ക് സ്ഥലത്തെപ്പറ്റി വലിയ പിടിയില്ല. ഒടുവിൽ ഒരു ഓട്ടോപ്പയ്യനെ കൂട്ടുപിടിച്ച് ഒരുച്ച നേരത്ത് മാമണ്ടൂർ തേടിയിറങ്ങി.

ഗൂഗിൾ നിങ്ങളെ പറ്റിച്ചതാണെന്നും അവിടെയിപ്പോൾ അങ്ങനെയൊരു ക്ഷേത്രമില്ലെന്നും എല്ലായിടവും കുന്നിടിച്ചു നിരത്തി ക്വാറി മാഫിയ കൈയടക്കിയെന്നും ഓട്ടോക്കാരൻ തന്‍റെ പൊതുവിജ്ഞാനം ആവർത്തിച്ചുകൊണ്ടിരുന്നു. കൂട്ടുകാരിയുടെ ഫോണിലെ ഗൂഗിൾമാപ്പാകട്ടെ സ്ഥലത്തെക്കുറിച്ച് സംശയമേതുമില്ലാതെ അറിയിപ്പുകൾ തന്നുകൊണ്ടുമിരുന്നു. ഹൈവേയിൽ സ്ഥലസൂചികയുണ്ടായിരുന്നെങ്കിലും അത് കണ്ണിൽ പെട്ടില്ല.

മാപ്പിലെ സൂചനകൾക്കനുസരിച്ച് ഒരു ഇടറോഡിലേക്ക് വണ്ടി തിരിഞ്ഞു. ചെറിയ റോഡിനിരുവശത്തും കൊച്ചുവീടുകൾ, കൃഷിയിടങ്ങൾ, കന്നുകാലികൾ… കുന്നിന്‍റേയും ഗുഹയുടേയും ക്ഷേത്രത്തിന്‍റേയും ലക്ഷണങ്ങൾ മാത്രമില്ല. ഓട്ടോക്കാരൻ തന്‍റെ വാദങ്ങൾ ജയിച്ച സന്തോഷത്തിൽ തിരികെ വരാൻ തിരക്കുകൂട്ടിക്കൊണ്ടിരുന്നു. ഗൂഗിളാണെങ്കിൽ സ്ഥലമെത്താറായെന്ന സൂചനകൾ തന്നുകൊണ്ടുമിരുന്നു! ഒരൊന്നര കി.മീ കഴിഞ്ഞപ്പോൾ റോഡിന്‍റെ വളവിലതാ അല്പമകലെയായി ചെറുകുന്നുകളും ഗുഹകളിലേക്കുള്ള വഴികാട്ടിയായി ഒന്നുരണ്ടു ബോർഡുകളും. ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണിവിടം. അതിപ്രാധാന്യമുള്ള പൈതൃകശേഷിപ്പുകളെന്നാണു ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്.

നിയതമായ വഴിത്താരയൊന്നുമില്ല ക്ഷേത്രങ്ങളിലേക്ക്. മുകളിലേക്ക് കയറിച്ചെന്നാൽ വലിയ ഗുഹകളൊന്നുമല്ല കാണുക. കുന്ന് തുരന്നുണ്ടാക്കിയ കുറച്ചു വിശാലമായ ഇടങ്ങൾ. നാലു ഗുഹാക്ഷേത്രങ്ങളുണ്ട്. കുന്നിന്‍റെ വിവിധഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലാണവ. ഒരെണ്ണത്തിൽ ഒരു ശിവലിംഗമുണ്ട്. ചുമരുകളിൽ പഴയ ബ്രാഹ്മിഭാഷയിലുള്ള ലിഖിതങ്ങൾ കാണാം. നാശോന്മുഖമായ ചുറ്റുപാടുകൾ. ക്ഷേത്രാവശിഷ്ടങ്ങളെന്നു പറയാൻ മറ്റൊന്നും തന്നെ കണ്ടില്ല.പല്ലവരാജവംശത്തിന്‍റെ ഭരണകാലത്ത് ഏഴാം നൂറ്റാണ്ടിൽ മഹേന്ദ്രവർമൻ ഒന്നാമൻ പണികഴിപ്പിച്ച ഗുഹാക്ഷേത്രങ്ങളെന്നാണു രേഖകൾ പറയുന്നത്. അക്കാലത്ത് അവിടം വിശാലമായ ക്ഷേത്രാങ്കണങ്ങളായിരിക്കണം. കാലപ്പഴക്കം കൊണ്ട് നശിച്ഛുപോയതായിരിക്കാം.

കുന്നുകൾ നിറയെ ഉരുളൻ കല്ലുകളാണ്. പല്ലവൻമാരുടെ ആസ്ഥാനമായിരുന്ന കാഞ്ചീപുരത്തുനിന്ന് 15 കി.മീറ്റർ ദൂരത്തിലാണിവിടം. പാറ വെട്ടിയുണ്ടാക്കിയ ഗുഹാക്ഷേത്രങ്ങളാണ്. തൂണുകളും കമാനങ്ങളുമായി കുന്നുകളുടെ പലയിടങ്ങളിലായി നാലു നിർമിതികൾ. വൃത്തിഹീനമായ ചുറ്റുപാടുകളാണു സന്ദർശകരെ കാത്തിരിക്കുന്നത്. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും വവ്വാൽക്കാഷ്ഠവും. പക്ഷേ മുകളിൽ നിന്നു താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ, പച്ചപ്പ്. അതിനുമപ്പുറം ഏതൊക്കെയൊ നഗരങ്ങളുടെ കെട്ടിടക്കാഴ്ചകൾ.

ആ കുന്നിറങ്ങി തൊട്ടടുത്ത കുന്നിലേക്ക് കൽക്കെട്ടുകൾ കയറിയെത്തുന്നത് ഒരു കൊച്ചുമുരുകൻ കോവിലിലേക്കാണ്. ചുറ്റുമുള്ള ഗ്രാമീണരുടെ ആരാധനാലയം. വൃത്തിയുള്ള ചുറ്റുപാട്. നല്ല ഇളംകാറ്റ്. വെയിൽ മങ്ങിത്തുടങ്ങിയിട്ടുണ്ട്. കോവിൽ ചുറ്റി പിന്നിലെത്തിയപ്പോഴാണ് സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയത്. അതിവിശാലമായ ഒരു ജലാശയം. ആകാശവും ജലവും പുണർന്നുനിൽക്കുന്ന മനോഹര കാഴ്ച. കണ്ണെത്താദൂരം വരെ പച്ചപ്പു നിറഞ്ഞ ഗ്രാമഭംഗി. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു ദൃശ്യവിസ്മയം. കാഴ്ചക്കാരായി ഞങ്ങൾ രണ്ടുപേർ മാത്രം. ചുറ്റും കാട്ടുമരങ്ങൾ ചെറുപഴങ്ങളേന്തി നിൽക്കുന്നു. അത് കഴിക്കാനെത്തിയ ചെറുകിളികളുടെ സന്തോഷത്തിമിർപ്പ്.

മഹേന്ദ്രവർമ്മന്‍റെ കാലത്ത് നിർമിച്ച ഈ ജലാശയത്തിനു ചിത്രമേഖയെന്നാണു പേര്. ദൂസി- മാമണ്ടൂർ തടാകമെന്നും അറിയപ്പെടുന്നു. അസ്തമയം കണ്ടുമടങ്ങാമെന്ന മോഹത്തിനു തടസമായി ഓട്ടോക്കാരൻ അപ്പോഴേക്കും കുന്നുകയറി ഞങ്ങളെ തേടിയെത്തി. അവിടത്തെ മനോഹരകാഴ്ചകൾ കണ്ടു കക്ഷി അന്തംവിട്ടുനിന്നെങ്കിലും തിരികെപ്പോകാൻ ധൃതികൂട്ടി. ഉടനെ വരാമെന്ന ഞങ്ങളുടെ ഉറപ്പിൽ കക്ഷി കുന്നിറങ്ങിപ്പോയി. ആ സമയത്താണ് സന്ധ്യാപൂജയ്ക്കായി പൂജാരിയും സഹായിയും കോവിലിലെത്തിയത്. പരിചയപ്പെടൽ കഴിഞ്ഞ് തിരികെയിറങ്ങാനൊരുങ്ങിയ ഞങ്ങളോട് അടുത്ത ദിവസം ചിത്രാപൗർണമിയാണെന്നും വൈകുന്നേരം പ്രത്യേക പൂജയുണ്ടെന്നും ദൂരയിടങ്ങളിൽ നിന്നൊക്കെ ആൾക്കാർ വരുമെന്നും നല്ല ആൾക്കൂട്ടമുണ്ടാകുമെന്നും പൂജാരി പറഞ്ഞപ്പോൾ ഞങ്ങൾ അതത്ര വിശ്വസിച്ചില്ല. കാരണം, അവിടെ ചെലവഴിച്ച സമയമത്രയും ആ കുന്നിന്മുകളിൽ നിന്നും കാണാനാവുന്നത്രയും വിശാലതയിൽ ഞങ്ങൾ രണ്ടു പെണ്ണുങ്ങളും മനസ്സില്ലാമനസ്സോടെ കൂടെ വന്ന ഓട്ടോക്കാരനും മാത്രമേ മനുഷ്യരായി ഉണ്ടായിരുന്നുള്ളൂ. അവിടെ നാളെ ആൾക്കൂട്ടം, അന്നദാനം എന്നൊക്കെ കേട്ടാൽ ആരും അത്ര പെട്ടെന്ന് വിശ്വസിക്കില്ല.

കുന്നിറങ്ങുമ്പോഴും ചിത്രാപൗർണമിയും നിറനിലാവും പൂജയും ആൾക്കൂട്ടവും മനസ്സിലിരുന്നു ചാഞ്ചാടി. “നമുക്ക് നാളെ വൈകുന്നേരം വന്നാലോ? അസ്തമയവും കണ്ട്, പറ്റിയാൽ കുന്നിന്മുകളിലിരുന്ന് നിറനിലാവാസ്വദിച്ച്……” ഒരാൾ ചോദിച്ചു കഴിഞ്ഞില്ല മറ്റേയാൾക്ക് പൂർണസമ്മതം!! എങ്ങനെ വരുമെന്നായി അടുത്ത ആലോചന. ഓട്ടോക്കാരനോട് പറഞ്ഞ് ധാരണയാകാമെന്നു തീരുമാനമായി. താഴെ അക്ഷമനായി കാത്തുനിന്ന കക്ഷിയെ അവിടം മുതൽ കാഞ്ചീപുരമെത്തുന്നത് വരെയുള്ള സമയം മുഴുവൻ ഞങ്ങൾ അടുത്ത ദിവസത്തെ ഓട്ടത്തിന്‍റെ കാര്യം പറഞ്ഞ് നിർബന്ധിച്ചെങ്കിലും അത്ര ദൂരം രാത്രിയാത്രയ്ക്കു തയ്യാറല്ലെന്നു പയ്യൻ ഉറച്ചുനിന്നു.

അടുത്ത ദിവസം അതിരാവിലെ പട്ടുസാരി നെയ്ത്തു കാണാൻ ആറണി ഗ്രാമത്തിലേക്കായിരുന്നു യാത്ര. വൈകുന്നേരത്തോടെ തിരികെയെത്തി മാമണ്ടൂർ പൗർണമിക്കു പോകാനൊരുങ്ങിയിറങ്ങി. ദീർഘദൂരബസ്സുകളൊന്നും അവിടെ നിർത്തില്ല. ദൂരം കാരണം പണം അധികം കൊടുക്കാമെന്നു പരഞ്ഞാലും ഓട്ടോക്കാർ വരില്ല. ടാക്സികൾ കാണാനേയില്ല. രണ്ട്മൂന്നുദിവസത്തെ കാഞ്ചീപുരം വാസം കൊണ്ട് ചങ്ങാത്തത്തിലായ ഒരു ജ്യൂസുകടക്കാരിയുണ്ട്- ചെമ്പകം. അവരോട് പരിചയത്തിലുള്ള വല്ല ഓട്ടോയും കിട്ടുമോയെന്ന ചോദ്യത്തിനു രാത്രി അത്ര ദൂരേയ്ക്കു പോകുന്നത് ബുദ്ധിമോശമാകുമെന്ന മറുപടിയാണു കിട്ടിയത്.

വീണുകിട്ടിയ പൗർണമീപൂജയെ അങ്ങനെയങ്ങു കൈവിടാൻ ഞങ്ങൾക്കൊരു മടി. അപ്പോഴേക്ക് സമയം അഞ്ചു കഴിഞ്ഞു. അസ്തമയം കാണാനാവില്ലെന്നു തീരുമാനമായി. നിലാവ് കാണാമല്ലൊ. ഒടുവിൽ തൊട്ടടുത്ത ഒരു ചായക്കടക്കാരന്‍റെ സഹായത്തോടെ ഒരു ഓട്ടോ കിട്ടി. ക്ഷേത്രത്തിൽ കൊണ്ടുപോയി തിരികെ റൂമിൽ വിടാൻ 600 രൂപ. അങ്ങനെ യാത്രയായി. വഴിയിൽ പലയിടത്തും ക്ഷേത്രങ്ങളോടു ചേർന്നും പുഴക്കരയിലുമൊക്കെ ആൾക്കൂട്ടവും വെളിച്ചവും വഴിവാണിഭക്കാരും. ചിത്രാപൗർണമി അവിടങ്ങളിൽ വലിയ ആഘോഷമാണ്. വഴിയിൽനിന്ന് എട്ടുപത്തുപേരടങ്ങുന്ന ഒരു കുടുംബം ഓട്ടോയിൽ കയറി. എങ്ങനെ ഇരുന്നെന്നറിയില്ല. മുത്തശ്ശി മുതൽ കൈക്കുഞ്ഞു വരെയുള്ള ഒരു സംഘം. കുറേ ദൂരം അവരുടെ തമിഴ് പേച്ചുകൾക്ക് നടുവിൽ ഞങ്ങൾ രണ്ടുപേർ. വഴിയിലൊരു ക്ഷേത്രപരിസരത്ത് അവരിറങ്ങിപ്പോയി.

ഏതായാലും കുന്നിൻചെരിവിലെത്തിയപ്പോഴേക്കും സമയം നന്നായി ഇരുട്ടിയിരുന്നു. എന്നാൽ കുന്നും താഴ്വാരവും വൈദ്യുതവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. കളിപ്പാട്ടങ്ങളും പലഹാരങ്ങളും വിൽക്കുന്നവർ, ആൾക്കൂട്ടം, വാഹനങ്ങൾ… വലിയ ചെമ്പുകളിൽ നിന്ന് ഭക്ഷണം വിളമ്പി വിതരണം ചെയ്യുന്ന തിരക്ക്… താഴ്വരയാകെ ആഘോഷത്തിമിർപ്പിലാണ്. ഞങ്ങൾ പതിയെ മുകളിലേക്ക് കയറി. കോവിലിലേക്ക് കയറുന്നവരുടേയും തൊഴുതിറങ്ങുന്നവരുടേയും തിരക്കുണ്ടായിരുന്നെങ്കിലും അനായാസമായി പടവുകൾ കയറി മുകളിലെത്തി. അവിടെ പൂജയുടെ തിരക്കാണ്. പ്രാർത്ഥനാനിർഭരമായ അന്തരീക്ഷം. ഞങ്ങൾ തൊഴുത് പതിയെ കോവിലിന് പിന്നിലേക്ക് നീങ്ങി.

നിലാവുദിച്ചു വരുന്നേയുള്ളൂ. വേഗം തൊഴുതു മടങ്ങണമെന്ന ഓട്ടോക്കാരന്‍റെ നിർദേശം സൗകര്യപൂർവം മറന്ന് ഒരു പാറപ്പുറത്ത് നിലാപ്പൂരം കാണാൻ ഇരിപ്പുറപ്പിച്ചു. ആ ഇരുപ്പിന്‍റെ സന്തോഷം വിവരണാതീതമായിരുന്നു. ചുറ്റും ശാന്തമായ, ഭക്തിസാന്ദ്രമായ അന്തരീക്ഷം. കുളിർക്കാറ്റ്. മുന്നിൽ മിന്നിത്തിളങ്ങുന്ന തടാകം. ചന്ദ്രൻ ഉയരുന്തോറും ചുറ്റും നിലാവെളിച്ചം കൂടിവന്നു. കുറേനേരം ഞങ്ങളവിടെ മൗനമായിരുന്നു. ചുറ്റുപാടുകൾ നിലാവിലലിയും വരെ അങ്ങനെയിരിക്കണം എന്നുണ്ടായിരുന്നെങ്കിലും അതെത്രത്തോളം സുരക്ഷിതമായിരിക്കും എന്നറിയാത്തതിനാൽ മനസ്സില്ലാമനസ്സോടെ കുന്നിറങ്ങി. അപ്പോഴും ആളുകൾ തൊഴാൻ കയറുന്നുണ്ടായിരുന്നു.

ഞങ്ങളുടെ നെറ്റിയിലെ ചന്ദനവും സിന്ദൂരവുമൊക്കെ കണ്ട് ഭക്തശിരോമണികളെന്നു ധരിച്ചാവണം ഓട്ടോക്കാരൻ സ്നേഹത്തോടെ ഞങ്ങളെ താമസസ്ഥലത്തെത്തിച്ചത്. തിരികെ വരുമ്പോൾ അയാൾ വാ തോരാതെ വീട്ടുവിശേഷങ്ങൾ പറഞ്ഞു. നേരത്തെ മരിച്ചുപോയ അമ്മയെക്കുറിച്ച്, വീട്ടിൽ ഭക്ഷണമൊരുക്കി കാത്തിരിക്കുന്ന അച്ഛനെക്കുറിച്ച്, കല്യാണം കഴിച്ചാൽ ജീവിതത്തിലെ സന്തോഷം പോകുമെന്നു കരുതി ഓട്ടോയോടിച്ചും അച്ഛനെ സംരക്ഷിച്ചും ഒഴിവുദിനങ്ങൾ കൂട്ടുകാർക്കൊപ്പം യാത്രകൾ നടത്തിയും സന്തോഷമായിരിക്കുന്ന സ്വജീവിതത്തെക്കുറിച്ച്…

എന്നാലും ഇത്രയടുത്ത് ഇങ്ങനെയൊരു മനോഹരസ്ഥലമുണ്ടെന്ന് അറിയാതെ പോയതിൽ അയാൾ ഇടയ്ക്കിടെ സ്വയം അത്ഭുതപ്പെടുന്നുണ്ടായിരുന്നു. അതങ്ങനെയാണ്. എന്തൊക്കെ കാഴ്ചകളാണു നമ്മുടെ കാണാമറയത്ത് ഒളിച്ചിരിക്കുന്നത്!! പറ്റിയാൽ ഒരുവട്ടം കൂടി അവിടെ പോകണം. ഉദയാസ്തമയങ്ങൾ കാണണം. നിറനിലാവിൽ ആകാശവും തടാകവും കെട്ടിപ്പുണർന്ന് കിടക്കുന്നത് കാണണം.

और कहानियां पढ़ने के लिए क्लिक करें...