മഞ്ഞുമൂടിയ പർവ്വതങ്ങളുടെ വിദൂര ദൃശ്യങ്ങൾ അവയിൽ ബാലസൂര്യൻ ഇളംവെയിലും അസ്തമയ സൂര്യന്‍റെ പോക്കുവെയിലും സൃഷ്ടിക്കുന്ന രക്തച്ഛവി കലർന്ന അഗ്നി തിളക്കം. ഉച്ചനേരങ്ങളിൽ വെള്ളിയുരുക്കി ഒഴിച്ചതുപോലെ കാണപ്പെടുന്ന വൻഹിമാനികളുടെ ഭീതിദമായ നിർജ്ജനത. ഇതെല്ലാം കുട്ടിക്കാലത്ത് തന്നെ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ജവഹർലാൽ നെഹ്റുവിന്‍റെ നൈനി ജയിൽവാസകാലത്ത് തന്‍റെ കുടുസ്സുമുറിയുടെ ചെറിയ ജനലിൽ കൂടി അദ്ദേഹം ഈ ദൃശ്യങ്ങൾ ആസ്വദിച്ചിരുന്നതിന്‍റെ വിവരണം വായിച്ചതു മുതൽ. അതിനാൽ ഹിമാലയത്തിലേക്കുള്ള യാത്രകൾ എനിക്കെന്നും ഹരമായിരുന്നു. കൊടും തണുപ്പും നാവിന് തീരെ പിടിക്കാത്ത ഭക്ഷണവും ഒക്കെ സഹിക്കേണ്ടി വന്നിരുന്നു എങ്കിലും. അങ്ങനെ ഹിമാലയ പ്രാന്ത പ്രദേശങ്ങളിലേക്കുള്ള എന്‍റെ നാലാമത്തെ (കുളു -മണാലി) യാത്രയിലേക്ക്. മണാലിയിലേക്ക് പോകാൻ വളരെ മുമ്പേ ഒരു തവണ ശ്രമിച്ചു എങ്കിലും നടന്നില്ല. ഒന്നിൽ പിഴച്ചാൽ 3 എന്ന ചൊല്ല് അനർത്ഥമായി. മൂന്നാം തവണ ഇക്കഴിഞ്ഞ മെയ് 29ന് കൊച്ചിയിലെ 31 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഡൽഹിയിലെ 40 ഡിഗ്രി സെൽഷ്യസിലേക്കും, പിന്നെ അവിടെ നിന്ന് അമൃത്സർ വഴി മണാലിക്കും.

അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന്‍റെ രാത്രി കാഴ്ച കണ്ണിന് സ്വർഗീയ വിരുന്നായിരുന്നു. അവിടുത്തെ അച്ചടക്കവും ശുദ്ധിയും ആരെയും ആകർഷിക്കും. ഭക്തി മൂത്ത് ഭ്രാന്തായ ആരെയും ഞാൻ അവിടെ കണ്ടില്ല. ബ്ലൂസ്റ്റാർ ഓപ്പറേഷന്‍റെ ബാക്കിപത്രങ്ങളായ, വെടിയുണ്ട തറച്ച പാടുകൾ കുറേയെണ്ണം ഇപ്പോഴും അവിടെ നിലനിർത്തിയിട്ടുണ്ട്. ചരിത്രം അത്രവേഗം മറക്കരുതല്ലോ.

അടുത്തു തന്നെയുള്ള ജാലിയൻവാലാബാഗ് സായാഹ്നങ്ങളിൽ ആളുകൾക്ക് ചെന്നിരുന്ന് സമയം കൊല്ലാനുള്ള ഒരു പാർക്ക് ആണ് ഇപ്പോൾ. പക്ഷേ ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഭിത്തിയിലെ വെടിയുണ്ട പാടുകളും അസംഖ്യം പേർ ചാടി (രക്ഷ നേടാൻ) മരിച്ച കിണറും ഒക്കെ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. അന്നവിടെ നിരായുധരായ ഇന്ത്യക്കാരുടെ നേർക്ക് നിറയൊഴിച്ച പട്ടാളക്കാരിൽ ജന.ഡയർ ഒഴികെ മുഴുവൻ പേരും ഇന്ത്യക്കാർ ആയിരുന്നു എന്നത് ലജ്ജാകരമായ മറ്റൊരു വേദന. (അവരിൽ ഒരാൾ തിരിഞ്ഞു നിന്ന് ഡയറെ വെടിവെച്ച് വീഴ്ത്തിയിരുന്നെങ്കിലോ എന്ന ചിന്ത അപ്രസക്തം) പഞ്ചാബിലെ മറ്റൊരു കാഴ്ച പഞ്ചാബ് വാർ മ്യൂസിയം ആണ്. പഞ്ചാബികളുടെ പാരമ്പര്യവും സമരവീര്യവും ഇന്നവർ രാജ്യരക്ഷയ്ക്ക് നൽകുന്ന നിസ്വാർത്ഥ സേവനവും ഒക്കെ പ്രദർശിപ്പിക്കുന്ന ഒരു ശാല.

പഞ്ചാബിൽ പോയാൽ വാഗ - അട്ടാരി അതിർത്തിയിലെ ബീറ്റിംഗ് ദ റിട്രീറ്റ് സെറിമണി കാണാതെ ആരും മടങ്ങാറില്ല. അതിർത്തിയിലെ നോ മാൻസ് ലാന്‍റിൽ സൂര്യോദയത്തിന് ഇരുവശത്തെയും സൈനികർ അവരവരുടെ കൊടി ഉയർത്തുന്നു. ആ ചടങ്ങിൽ ജനങ്ങൾക്ക് പ്രവേശനമില്ല. വൈകുന്നേരം സൂര്യാസ്തമയ വേളയിൽ ഇരുകൂട്ടരും ഒരു ഗംഭീര ആഘോഷത്തോടെ പതാകകൾ താഴ്ത്തി അഴിച്ചെടുത്ത് മടക്കി, ബഹുമാനപൂർവ്വം ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. അത്യന്തം ഉത്സാഹപൂർവ്വം വർണ്ണശബളിമയോടെ എല്ലാ ദിവസവും ഇത് നടത്തുന്നു. ഇതുപോലൊരു ചടങ്ങ് ലോകത്ത് മറ്റൊരിടത്തും ഇല്ല. ഇരു കൂട്ടരും ഇരുവശത്തും വളരെ വാശിയോടെ പരേഡ് ചെയ്യുന്നു. ദേഹത്തുനിന്നും കൈകാലുകൾ പറിഞ്ഞു പോകുമോ എന്ന് നാം ഭയന്നു പോകും എന്ന വിധമാണ് മാർച്ച്. ഒരു സൈനികൻ ഗാലറിയിൽ ഇരിക്കുന്ന നമ്മെയൊക്കെ ആവേശഭരിതരാക്കാൻ വേണ്ടതെല്ലാം ചെയ്യുന്നു. സത്യം പറഞ്ഞാൽ എല്ലാവർക്കും നല്ല ആവേശവും ദേശസ്നേഹവും ഒക്കെ മനസ്സിൽ അധികരിക്കും. അപ്പോൾ ഒരു കാര്യം എന്‍റെ മനസ്സിൽ പൊന്തിവന്നു. ശത്രു രാജ്യങ്ങളിലെ ഈ സൈനികർ എത്ര ഒരുമയോടെ, ഒരേപോലെ അണുവിട തെറ്റാതെ, അതിർത്തിയുടെ ഇരുവശത്തുനിന്നും ഈ പരേഡും മറ്റും ചെയ്യുന്നു. ഒരു മനസ്സും ഇരുമെയ്യും പോലെ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...