പിരമിഡുകളുടെ നാടാണ് ഈജിപ്ത്. തനാതനമായ പുരാതന ശില്പചാരുതയുടെ പേരിൽ ലോകപ്രശസ്തം. കല്ലിൽ കൊത്തിയ കലാവിരുതിന്‍റെ മകുടോദാഹരണമാണ് ഈജിപ്തിലെ അബു സിംബൽ ക്ഷേത്രം. മനോഹരമായ ഈ ദേവാലയം സന്ദർശിക്കാൻ ആയിരക്കണക്കിന് സന്ദർശകരാണ് ദിനംപ്രതി ഇവിടെ എത്തിക്കൊണ്ടിരുന്നത്. കൊറോണ കാരണം ടൂറിസംമേഖല പ്രതിസന്ധിയിലാണ് എന്ന കാര്യം വിസ്മരിച്ചുകൂടാ.
ഈജിപ്തിനെക്കുറിച്ച് പരാമർശിക്കുമ്പോൾ ഗിസാ പിരമിഡുകൾക്കു ശേഷം അബു സിംബൽ ക്ഷേത്രത്തെക്കുറിച്ചറിയാനാവും യാത്രക്കാർക്കും വായനക്കാർക്കും ആകാംഷ.
അസ്വാൻ അണക്കെട്ടു നിർമ്മാണം ആലോചനയിലിരിക്കുന്ന കാലത്തുതന്നെ ക്ഷേത്ര സംരക്ഷണത്തിനായി പലതരത്തിലുള്ള ഉപായങ്ങൾ കൈക്കൊണ്ടു. 1960ൽ അണക്കെട്ടിലെ വെള്ളം ഉയർന്നപ്പോൾ ക്ഷേത്രം തകർന്നു പോകുമെന്നും പുരാവസ്തു ശാസ്ത്ര പ്രാധാന്യമേറിയ ഇതിലെ അമൂല്യ ശില്പങ്ങൾ നഷ്ടമായിപ്പോകുമെന്നുള്ള ആശങ്ക കാരണം ക്ഷേത്രം ഒരു പർവ്വതത്തിനു മുകളിലേക്കു മാറ്റുകയായിരുന്നു. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പൈതൃകസമ്പത്ത് മുങ്ങിത്താഴാതിരിക്കാനായി ഓരോ കല്ലും സശ്രദ്ധം മുറിച്ചെടുത്ത് പർവ്വതത്തിനു മീതെ കൊണ്ടു വച്ച് അതേപടി ക്ഷേത്രം പടുത്തുയർത്തുകയായിരുന്നു.
ഈജിപ്ത്- സുഡാൻ അതിർത്തിയിൽ പണി തീർത്തിരിക്കുന്ന രണ്ടു ക്ഷേത്രസമുച്ചയങ്ങൾ ചേർന്നതാണ് അബു സിംബൽ. നൈൽ നദിയുടെ പടിഞ്ഞാറെ തീരത്ത് നിർമ്മിച്ചിരിക്കുന്ന അസ്വാൻ അണക്കെട്ടിന്‍റെ തെക്കായാണ് പ്രശസ്തമായ അബു സിംബൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 180 മൈൽ തെക്കായി ന്യൂബിയ എന്ന സ്ഥലമാണ്. ഇത് ഏയി (Ay), ഹോറംഹെബ് (Horemheb) പർവ്വതങ്ങൾ തുരന്നുണ്ടാക്കിയതാണ്.
ദ ഗ്രേറ്റ് എന്ന പേരിൽ പ്രശസ്തനായ റാംസസ് രണ്ടാമന്‍റെ കാലത്ത് പാറക്കെട്ടുകളിൽ കൊത്തിയെടുത്തതാണ് ഏഴു ക്ഷേത്രങ്ങളും. 1813 ൽ ജെ.ജെ ബർക്ഹാർട്ട് എന്ന പുരാവസ്തു ശാസ്ത്രജ്ഞാനാണ് ഈ ക്ഷേത്ര സങ്കേതങ്ങൾ ആദ്യമായി കണ്ടെത്തിയത്. റാംസസ് രണ്ടാമൻ സേത്തി രാജാവിന്‍റെ പുത്രനായിരുന്നു.
ആറിലധികം ഭാര്യമാരും നൂറിലധികം പുത്രന്മാരും സേത്തി രാജാവിനുണ്ടായിരുന്നു പോലും. 67 വർഷത്തെ ഭരണകാലയളവിൽ അനേകം സമാരകങ്ങളും അദ്ദേഹം പണികഴിപ്പിച്ചു. അബു സിംബലിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഇക്കാലയളവിൽ നിർമ്മിതമായവയാണ്.
പ്രണയിനിയുടെ സ്മരണാർത്ഥം പണി തീർത്ത റാംസസ് മേരിയാമുൻ ക്ഷേത്ര കവാടത്തിൽ റാംസസ് രണ്ടാമന്‍റെ ഭീമാകാര പ്രതിമകൾ കാണാം. ഇരട്ട മകുടം ധരിച്ചതും 67 അടി ഉയരമുള്ളതുമായ ഈ പ്രതിമകൾ ഒരു സിംഹാസനത്തിലിരിക്കുന്ന പ്രതീതിയുളവാക്കുന്നു. ഇവയെല്ലാം തന്നെ പാറക്കെട്ടുകളും പർവ്വതങ്ങളും തുരന്നുണ്ടാക്കിയവയാണ്. സിംഹാസനം ദേവതകളുടെ പ്രതീകങ്ങളാൽ അലംകൃതവുമാണ്. പ്രതിമകൾ ഗ്രീക്ക് ശൈലിയിൽ നിർമ്മിതമായവയും അതിമനോഹരവും ഹൃദയഹാരിയമാണ്.
യുദ്ധങ്ങളുടെ നേർക്കാഴ്ച
ക്ഷേത്രാങ്കണത്തിൽ സന്ദർശകർക്ക് കൈകാലുകൾ കഴുകുവാനായി രണ്ട് വലിയ ടാങ്കുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിന്‍റെ വടക്കു ഭാഗത്തായി ചെറിയൊരു സൂര്യക്ഷേത്രവുമുണ്ട്. തെക്കുഭാഗത്ത് ഥോട്ട് ദേവതയുടെ ക്ഷേത്രമാണ്. പ്രവേശനകവാടത്തിന്‍റെ മുകൾഭാഗത്തായി പരുന്തിന്‍റെ ആകാരത്തോടുകൂടിയ സൂര്യപ്രതിമയുണ്ട്. ഇതിനു മുന്നിലായി തല കുമ്പിട്ടു പൂജ ചെയ്യുന്ന റാംസസ് പ്രതിമയും കാണാം. റാംസസ് രണ്ടാമൻ വഞ്ചനയിലൂടെ നേടിയെടുത്ത വിജയഗാഥകൾ പ്രതിപാദിക്കുന്നവയാണ് ക്ഷേത്രത്തിനു പുറത്തുള്ള മാര്യേജ് സ്റ്റെല്ലാ പ്രതിമ. ഇതിൽ ഹത്തൂലിസിന്‍റെ മകളെ റാംസസ് വിവാഹം കഴിച്ചതായും വിവരിക്കുന്നുണ്ട്.