രശ്മി തന്‍റെ മുഖം കണ്ണാടിയിൽ നോക്കി കൊണ്ട് ഒരു നീണ്ട ശ്വാസമെടുത്ത് പതിയെ ഹാളിലേക്ക് ചെന്നിരുന്നു. തന്‍റെ മുടി ഒതുക്കി കെട്ടാനുള്ള ശ്രമവും ഇതിനിടയിൽ തുടർന്നു കൊണ്ട് പത്രം വായിക്കുകയായിരുന്ന വന്ദനയെ നോക്കി.
“ഞാനൊറ്റയ്ക്ക് ഒരാളെ പോയി കാണുക. അതും തീരെ പരിചയമില്ലാത്ത ഒരാളെ, എന്തോ എനിക്കിത് ശരിയാകുമെന്നു തോന്നുന്നില്ല. നീ കൂടെ ഉണ്ടായിരുന്നെങ്കിൽ...”
രശ്മി ഏറെ മടുപ്പോടെ വന്ദനയെ നോക്കി.
“പക്ഷേ വിവേക് അപരിചിതനൊന്നുമല്ലല്ലോ...”
വന്ദന ഏറെ ആത്മവിശ്വാസത്തോടെ പറഞ്ഞു. “നിനക്ക് വിവേകിനെ അടുത്തറിയുന്നതു പോലെ എനിക്കറിയില്ലല്ലോ.”
രശ്മി താൽപര്യമില്ലാത്തതു പോലെ പറഞ്ഞു.
“വിവേകുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടല്ലോ. അതു ധാരാളം മതിയാകും” വന്ദന പറഞ്ഞു.
“ഫോണിലൂടെയുള്ള രണ്ടോ മൂന്നോ പ്രാവിശ്യത്തെ സംസാരം കൊണ്ട് എനിക്കൊരാളെ മനസ്സിലാക്കാൻ പറ്റില്ല.”
രശ്മിക്ക് വന്ദന പറഞ്ഞത് ബോധിച്ചില്ല. “വിവേകിനെ എന്തുകൊണ്ട് വീട്ടിലേക്ക് വിളിച്ചു കൂടാ. ഇതൊരുമാതിരി റെസ്റ്റോറന്‍റിലെ ടേബിളൊക്കെ ബുക്ക് ചെയ്ത്. അതും ഞാനൊറ്റയ്ക്ക് പോയി കാണണമെന്നൊക്കെ പറഞ്ഞാൽ ഇത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല.” രശ്മി പോകാനില്ലെന്ന പോലെ മടി പിടിക്കുന്നു.
“അതു പറ്റില്ല. ഞാനീ ചെറിയ കാര്യമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇതിനു വേണ്ടി എനിക്ക് ലീവ് എടുത്ത് കൂടെ വരാനും പറ്റില്ല. ആകെ ഒരു മാസമേ ആയിട്ടുള്ളൂ ഈ പുതിയ ജോലിക്ക് ചേർന്നിട്ടെന്ന് അറിയാമല്ലോ?”
വന്ദന രശ്മിയെ എങ്ങിനെയെങ്കിലും പറഞ്ഞു വിടാനുള്ള ഒരുക്കത്തിൽ തന്നെ.
“ശരി... സമ്മതിച്ചു. അങ്ങിനെയാണെങ്കിൽ ഇത് മറ്റൊരു ദിവസത്തേക്ക് ആക്കിക്കൂടെ” രശ്മി സംശയം പ്രകടിപ്പിച്ചു.
“വിവേകിന്‍റെ തിരക്ക് അറിയാതെ പോകരുത്. ഇങ്ങനെയൊരു കോഫി ഡേറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ സമയവും സാമ്പത്തികവുമായ കാര്യങ്ങൾ മനസ്സിലാക്കണ്ടേ. അങ്ങിനെയാണെങ്കിൽ ഇന്നലെ പറയണമായിരുന്നു. ഇതിപ്പോൾ പോകാൻ നേരത്ത് മാറ്റി വയ്ക്കണം എന്നു പറയാമോ. വേറൊരു എമർജൻസിയും ഇപ്പോഴില്ല. അതു മാത്രമല്ല ഫൈസ്റ്റാർ ഹോട്ടലിലെ ബുക്കിംഗ് ചാർജ് വെറുതെ കളയാൻ ഞാനൊരുക്കമല്ല.” വന്ദന വിടാൻ ഭാവമില്ലായിരുന്നു.
“എന്നെപ്പോലൊരു സാധാരണ വ്യക്‌തി ഫൈസ്റ്റാർ ഹോട്ടലിലോട്ട് വെറുതെയങ്ങ് കയറിച്ചെല്ലുക എന്ന് വച്ചാൽ” രശ്മിക്ക് ആകെയൊരു മുഷിപ്പ്.
“അതിനെന്താ നമുക്ക് ഒരു നല്ല ഡ്രസ്സൊക്കെ വാങ്ങി വരാം. ഓഫീസിൽ പോകുവാൻ എനിക്കിനിയും രണ്ട് മണിക്കൂറുണ്ട്.” വന്ദന രശ്മിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
“പിന്നെ നമ്മുടെ മുറ്റത്ത് പണം കായ്ക്കുന്ന മരമാണല്ലോ പോകുന്ന വഴി കുറച്ച് പൊട്ടിച്ചൊണ്ടു പോകാം.” രശ്മി തർക്കത്തിനെന്ന പോലെ തമാശ കലർത്തി പറഞ്ഞു.
“ഇത്തിരി ഒരുങ്ങിപ്പോയാൽ ഒന്നും വരാനില്ല. നമുക്ക് നമ്മളോടു തന്നെ ഒരു സ്നേഹമുണ്ടാകണം. അതുപോലെ ആളുകളോട് സംസാരിക്കുന്നത് മാത്രമല്ല പുതിയ രീതികൾ ഉൾക്കൊണ്ട് വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കുന്നതും പ്രധാനപ്പെട്ടതാണ്.” വന്ദന പിടിച്ച പിടിയാലെ രശ്മിയെയും കൊണ്ട് ഷോപ്പിംഗിനായി ഇറങ്ങി.
അഞ്ച് വർഷം മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം അതിൽ നിന്നൊക്കെ കരകയറി ഒരു പരിധി വരെ ജീവിതത്തിലെ മറ്റു കാര്യങ്ങളിലേക്ക് ഇടപെടാൻ കഴിഞ്ഞതും ഒരു ജോലിയൊക്ക ചെയ്യാൻ തുടങ്ങിയതും വന്ദന കാരണമാണ്. അവളുടെ സന്തോഷത്തിന് കൂട്ടു നിൽക്കുക മാത്രമാണ് രശ്മി ചെയ്യുന്നത്.