മഞ്ഞ് പുരണ്ട് നനവൂറിയ പുലർകാലം. ഇന്ന് നേരത്തെ ഓഫീസിലെത്തണം തോമാച്ചനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് രണ്ടു ദിവസം കഴിഞ്ഞു. പ്രധാനമായും ജില്ലയിലെ വൻകിട പലഹാര നിർമ്മാണ യൂണിറ്റിന്‍റെ ലിസ്റ്റ്. ആ യൂണിറ്റ് നടത്തുന്നവരെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾ. അതിൽ നിന്നും ഏതെങ്കിലും ഒന്നിലേക്ക് ദുഷ്കർമ്മ പരമ്പരയുടെ പ്രയോക്താവിന്‍റെ അല്ലെങ്കിൽ പ്രയോക്താക്കളിലേക്കുള്ള വാതിലുകൾ തുറക്കപ്പെടും എന്നു തന്നെയാണ് വിശ്വാസം.

ശബ്ദിക്കുന്ന ചുറ്റുഗോവണി കയറി ഓഫീസിലെത്തി. അവിടം അലങ്കോലപ്പെട്ടിരിക്കുന്നതായി കണ്ടു. താഴെ വർക്‌ഷോപ്പിലെ ബംഗാളി പയ്യനെ വിളിച്ചെങ്കിലും അവൻ തിരക്കു ഭാവിച്ച് ഒഴിവായി. ഒടുവിൽ ആരാന്‍റെ പല്ലിനെക്കാൾ നല്ലത് സ്വന്തം തൊണ്ണാണെന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കി സ്വയം വൃത്തിയാക്കൽ ആരംഭിച്ചു. ഇടയ്ക്കു പോയി പോർച്ചുഗീസ് കഫേയിൽ കയറി ബിഫാനയും കടും കാപ്പിയും കഴിച്ച് തിരിച്ച് ഓഫീസിലേക്ക് കയറാനൊരുക്കുമ്പോൾ അവിടെ തോമാച്ചൻ നിൽക്കുന്നു. മുഖത്ത് ക്ഷീണഭാവം.

ഉടൻ തന്നെ കഫേയിലെ മണിപ്പൂരിപ്പയ്യന് സന്ദേശമയച്ച് സാൻവിച്ചും ബർഗറുമടങ്ങിയ കോമ്പോ പാക്ക് ബുക്ക് ചെയ്തു. എന്‍റെ നിർദേശ്ശങ്ങൾ നടപ്പിലാക്കാൻ തോമാച്ചൻ ഏറെ അലഞ്ഞതായി എനിക്കു മനസ്സിലായി. ഏറെ സമയമെടുക്കാതെ കോമ്പോ എത്തിച്ചേർന്നു. ഒപ്പം ചുവന്ന വൈനും. ആ ഒരു ഐറ്റം ഞാൻ ഓർഡർ നല്കിയില്ലെന്ന് ഞാൻ ഓർത്തു. കോമ്പോയൊടൊപ്പമുള്ള കോംപ്ലിമെന്‍റാകാൻ സാധ്യത ഉണ്ട്. ഗ്ലാസ്സിലേക്ക് പകർന്ന ഇളം ചുവപ്പു നിറമാർന്ന നേർത്ത മധുരമുള്ള വൈൻ മൊത്തിക്കുടിക്കുന്നതിനിടയിൽ തോമാച്ചൻ അയാൾ നടത്തിയ അന്വോഷണത്തെക്കുറിച്ച് വിവരിച്ചു.

ബേക്കറി അസോസിയേഷനിൽ തോമാച്ചന്‍റെ സുഹൃത്തുണ്ട്. ഒന്നു രണ്ടു സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അങ്ങനെയാണ് തോമാച്ചനുമായി പരിചയം. അയാൾ വഴി അസോസിയേഷനിൽ അംഗത്വം എടുത്തവരുടെ ലിസ്റ്റ് എടുത്തു. പതിനഞ്ചോളം പേർ. ഇതു കൂടാതെ വ്യക്തിപരമായ കാരണങ്ങളാൽ അംഗത്വം ഉപേക്ഷിച്ചവർ മൂന്നു പേർ. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും മറ്റു വ്യക്തിഗത വിവരങ്ങളും പരിമിതമായ തോതിലേ തോമാച്ചനു ലഭിച്ചുള്ളൂ. അവയൊന്നു കണ്ണോടിച്ചു നോക്കി. നമ്മുടെ വിഷയത്തിലേക്കു വെളിച്ചം വീശുന്ന യാതൊരു സൂചനകളുമില്ല.

ഇനി ഈ അസോസിയേഷനിൽ അംഗത്വം എടുക്കാത്തവരുണ്ടെങ്കിലോ? എന്തിനേറെ ഈ പഞ്ചസാര ചാക്ക് ആർക്കും ലഭ്യവുമാണല്ലോ? ബേക്കറി നടത്തിപ്പുകാരെന്നു മുൻ‌കൂർ തന്നെ തീരുമാനിച്ചുറപ്പിക്കുന്നതു എത്ര കണ്ടു ഫലപ്രദമാകും എന്ന് സംശയമുണ്ട്.  ആ ഒരു നിഗമനം വച്ചു ബേക്കറി നടത്തിപ്പുകാരെത്തന്നെ പിൻതുടരുന്നതിലെന്തർത്ഥം? സ്വല്പം നിരാശ വന്നുഭവിച്ച ഞാൻ തോമാച്ചനെ ആഹാരം കഴിക്കാൻ വിട്ട് ജനലിനരികിലേക്കു നീങ്ങി.

മഞ്ഞ വിരിയിട്ട ജാലകം തുറന്നിട്ടു സൂര്യന്‍റെ ഉഷ്ണ തരംഗങ്ങൾ ഏറ്റിട്ടും തണുപ്പു ശമിക്കാത്ത അന്തരീക്ഷം. കുളിരു പുരണ്ട ഇളങ്കാറ്റ് മുറിക്കുള്ളിലേക്ക് അനസ്യൂതം പ്രവഹിച്ചു. ശരീരം കുളിരു കോരി.

റോഡിലൂടെ വാഹനങ്ങൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. ഈ ചെറിയ ടൗണിൽ പോലും ഇത്രയധികം വാഹനങ്ങൾ. ഈ വാഹനങ്ങളിലെല്ലാം നിയമവിധേയമായ വസ്തുക്കൾ മാത്രമാണെന്ന് എങ്ങനെ പറയാൻ കഴിയും. ആരാണ് ഇതെല്ലാം പരിശോധിക്കാനുള്ളത്. അല്ലെങ്കിൽത്തന്നെ അതൊട്ടും പ്രായോഗികവുമല്ല. ഏതാനും നാൾക്കു മുൻപ് ഈ വഴികളിലേതോ ഒന്നിലാണ് ഒമ്നിയിൽ വികൃതമായ മനുഷ്യ ഭാഗങ്ങൾ ചാക്കിൽ കുത്തിനിറച്ചു ഒരു സ്ത്രീയും പുരുഷനും കടന്നു പോയിട്ടുണ്ടായിരിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...