“ഒരു തീപ്പെട്ടി വേണമല്ലോ മക്കളെ, ഒരു ബീഡികത്തിക്കാൻ.” അയാൾ ഒരു ഇളിഭ്യച്ചിരിയോടെ അവരോട് ചോദിച്ചു.

“ഹും... തീപ്പെട്ടി വേണമത്രെ. അച്ഛൻ എവിടാരുന്നു ഇത്രേം നേരം? അമ്മ വയ്യാതെ കിടക്കുന്ന കാര്യം അച്ഛൻ മറന്നു പോയോ?” അതു ചോദിച്ചത് കിങ്ങിണിയാണ്.

ഇളയമകളുടെ ചോദ്യം കേട്ട് ദിവാകരൻ ശാന്തനായി പറഞ്ഞു, “എത്ര നേരമെന്നുവച്ചാ ഇവിടെ കുത്തിയിരിക്കുന്നത്. അതുകൊണ്ടാ കവലയിലേക്കു പോയത്.”

“കവലയിൽ പോയിട്ട് അച്ഛൻ ഉടനെ മടങ്ങിവന്നല്ലോ അല്ലേ? ഞങ്ങളെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട...” അങ്ങനെ പറഞ്ഞ് നീലാംബിക അച്ഛനെ ദേഷ്യത്തോടെ നോക്കി.

മക്കളുടെ ഭാവമാറ്റം കണ്ട് ഒരു കുറ്റവാളിയെപ്പോലെ അയാൾ തലകുനിച്ചു. ഹേമാംബിക അച്ഛനെ ചോദ്യം ചെയ്യുന്ന അനുജത്തിമാരെ അതിശയപൂർവ്വം നോക്കി. തനിക്കില്ലാത്ത ധൈര്യം അവർക്കു രണ്ടു പേർക്കുമുണ്ടായതിൽ അവൾ സന്തോഷിച്ചു.

“വയസ്സുകാലത്ത് ഇവിടെ അമ്മയെ നോക്കി അച്ഛനിരുന്നാലെന്താ? ഇടയ്ക്ക് ബോറടിക്കുമ്പോൾ പറമ്പിലിറങ്ങി വല്ല കൃഷിപ്പണിയും ചെയ്യണം.” കിങ്ങിണിയാണ് അത് പറഞ്ഞത്. പെട്ടെന്ന് ദിവാകരന്‍റെ ഭാവം മാറി. അയാൾ ഇളയ സന്താനത്തെ ദേഷ്യത്തോടെ നോക്കിക്കൊണ്ടു പറഞ്ഞു. “തലയിരിക്കുമ്പോൾ വാലാടുന്നോ കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്താൻ തുടങ്ങിയൊ? എന്നെ ചോദ്യം ചെയ്യാൻ മാത്രം നിങ്ങളു വളർന്നോ?” എന്ന് ചോദിച്ച് അയാൾ തല്ലാൻ ചെല്ലുകയാണ് ഉണ്ടായത്. അതിനെത്തുടർന്ന് നീലാംബരിയും കിങ്ങിണി മോളും കണ്ണുനിറച്ച് അവിടെ നിന്നും പോയി.

പോകുമ്പോൾ “എല്ലാം ഞങ്ങളുടെ തലയിലെഴുത്താണ്. ഇങ്ങനത്തെ വീട്ടിൽ നിന്നും ഞങ്ങളെ കല്യാണം കഴിക്കാൻ ആരാ വരിക? ഹേമച്ചേച്ചിക്ക് ഒരു ജോലിയുള്ളതുകൊണ്ട് ഇപ്പോൾ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കിൽ കാണാമായിരുന്നു.” എന്നു പരിഭവിച്ച് അവർ രണ്ടുപേരും തങ്ങളുടെ ഉറക്കറയിൽ കടന്ന് വാതിലടച്ചു.

രാത്രിയിൽ ഏറെ വൈകി കിടന്ന ഹേമാംബികയുടെ തലയിണ മുഴുവൻ കണ്ണീരാൽ നനഞ്ഞു കുതിർന്നു. വാക്കുകൾക്കതീതമായ ഏതോ വിഷമം അവളെ അലട്ടി. പങ്കായം പിടിക്കാൻ ആളില്ലാതെ നിലയില്ലാക്കയത്തിൽ അലയുന്നതോണി പോലെയാണ് തങ്ങളുടെ ജീവിതം എന്നവൾക്കു തോന്നി. എപ്പോൾ വേണമെങ്കിലും ഈ തോണി മുങ്ങിപ്പോകാം. കൈപിടിച്ചു കരേറ്റാൻ ആരാണുണ്ടാവുക? ഓർക്കുംതോറും അവളുടെ വിഷമം കൂടിവന്നു. നന്ദൻമാഷുമായുള്ള വിവാഹം നടന്നിരുന്നെങ്കിൽ എന്നവൾ ആദ്യമായി ആശിച്ചു. ഒരുപക്ഷെ അദ്ദേഹത്തിനു കഴിഞ്ഞേക്കും തങ്ങളെ കരകയറ്റാൻ. പക്ഷെ വിലയേറിയ ഒരു രത്നത്തെപ്പോലെ കൈയിലെടുക്കാൻ കഴിയാതെ അറച്ചു നില്ക്കുക മാത്രമാണോ തന്‍റെ വിധി എന്നും അവൾ ഒരു വേള ശങ്കിക്കാതിരുന്നില്ല.

പിറ്റേന്ന് സ്കൂളിലേക്കു പുറപ്പെടും മുമ്പ് അവൾ അമ്മയെ പല്ലുതേപ്പിച്ച് കുളിപ്പിച്ച് അമ്മയ്ക്ക് കാപ്പിയും പലഹാരങ്ങളും നൽകി. സഹോദരങ്ങൾക്ക് ഉച്ചക്കുള്ള ആഹാരം പാകം ചെയ്ത് ഓരോരുത്തർക്കായി ബാഗിൽ വച്ചു കൊടുത്തു.

പിന്നീട് അച്ഛനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചുവച്ച് അവൾ സ്ക്കൂളിലേക്ക് ഇറങ്ങിനടന്നു പോകുന്നതിനു മുമ്പ് അവൾ യാചനയുടെ സ്വരത്തിൽ അച്ഛനോടു പറഞ്ഞു. “ദയവു ചെയ്ത് ഇന്നെങ്കിലും അച്ഛൻ, അമ്മയുടെ അടുത്തിരിക്കണം. നിങ്ങൾക്ക് രണ്ടു പേർക്കും ഓർക്കാൻ രസകരമായ എന്തെല്ലാം കൊച്ചു വർത്തമാനങ്ങൾ ഉണ്ടാകും. രണ്ടു പേരും കൂടി അതും പറഞ്ഞിരുന്നാൽത്തന്നെ സമയം പോകുന്നതറിയില്ല.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...