അപ്പോഴേക്കും നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു. “നീയെന്താടി ഹേമേ സന്ധ്യക്ക് മേൽ കഴുകി വിളക്കുകൊളുത്താതെയാണോ എന്റടുത്തേക്ക് ആഹാരവും കൊണ്ടുവരുന്നത്.”

"അമ്മേ... അമ്മയ്ക്ക് ദോശ എടുത്തു തന്നിട്ട് വിളക്കു കൊളുത്താം എന്നു വിചാരിച്ചു. അമ്മ ഉച്ച മുതൽ കാര്യമായിട്ട് ഒന്നും കഴിക്കാതിരിക്കുന്നതല്ലെ? ഈ ദോശ വേഗം കഴിച്ചിട്ട് കിടന്നോ.” അവൾ ദോശ ഓരോന്നായി പൊട്ടിച്ച് അമ്മയുടെ വായിൽ വച്ചു കൊടുത്തു. അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു

“നീയിങ്ങനെ എന്നെയും ശുശ്രൂഷിച്ച് കാലം കഴിച്ചാൽ മതിയൊ ഹേമേ? നിനക്ക് വയസ്സ് ഇരുപത്തിനാലു കഴിഞ്ഞു. ഇനിയും ഒരു വിവാഹം കഴിച്ചില്ലേൽ നിനക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. അവരുടെയും വിവാഹം താമസിക്കും.”

“എനിക്കിപ്പോ വിവാഹം വേണ്ട അമ്മേ. നീലാംബരിയുടെയും കാദംബരിയുടേയും, മണിക്കുട്ടന്‍റേയും പഠിത്തം കഴിയട്ടെ. അതിനു മുമ്പ് ഞാൻ വിവാഹം കഴിച്ചാൽ അവരുടെ പഠനം മുടങ്ങിപ്പോകുകയില്ലേ?”

“പിന്നെ നീ പറയും അവർക്കൊരു നല്ല ജോലി കൂടി കിട്ടട്ടെ എന്ന്. അങ്ങനെ നിന്‍റെ കല്യാണം നീണ്ടു പോകും. ഞാൻ മരിക്കുന്നതിനു മുമ്പ് നിങ്ങളെല്ലാം വിവാഹിതരായി കാണണമെന്നാണ് എന്‍റെ ആഗ്രഹം.”

“ഒരു കൊല്ലം കൂടികഴിഞ്ഞാൽ നീലാംബരി എം.എ.ക്കാരിയാകും. പിന്നെ അവളുടെ വിവാഹം വേണമെങ്കിൽ നടത്താം. അല്ലെങ്കിൽ ഒരു കൊല്ലം കൂടി കാത്തിരുന്നാൽ അവൾക്കെവിടെയെങ്കിലും നല്ല ജോലിയാകും... പിന്നെ മണിക്കുട്ടൻ, മര്യാദയ്ക്കു പഠിക്കുകയാണെങ്കിൽ ഒരു കൊല്ലം കഴിഞ്ഞ് പോളിടെക്നിക്ക് കഴിഞ്ഞയുടനെ അവന് ജോലിക്കു കേറാം. അവരെ രണ്ടു പേരേയും ഒരു കരക്കെത്തിച്ചാൽ പിന്നെ കിങ്ങിണിമോൾകൂടി അല്ലേ ഉള്ളു അമ്മേ. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതു കൊണ്ട് രണ്ടു കൊല്ലം കൂടി കഴിഞ്ഞാൽ അവൾക്കും എൻജിനീയറിങ്ങിനോ മറ്റോ പോകാം. നീലാംബരിക്കും മണിക്കുട്ടനും ജോലിയായാൽ അവരും കൂടി കുടുംബം നോക്കുകയില്ലേ അമ്മേ. പിന്നെ എനിക്ക് വേണമെങ്കിൽ വിവാഹം കഴിക്കാമല്ലോ.”

“ങാ... പ്രാരബ്ധങ്ങളൊക്കെ ഒതുക്കിയിട്ടു വിവാഹം കഴിക്കാനിരുന്നാ നീ മൂത്തു നരയ്ക്കും. പറഞ്ഞില്ലെന്നു വേണ്ടാ...”

അമ്മ അതുപറയുമ്പോൾ”അമ്മേ ഞാൻ ഒരു വിവാഹം കഴിക്കുകയാണെങ്കിൽ അത് നന്ദൻമാഷിനെ മാത്രം ആയിരിക്കും” എന്ന് പറയണമെന്നു ഹേമക്കുതോന്നി. പക്ഷെ ഒന്നും പറയാനാവാതെ ദൂരേയ്ക്ക് മിഴിനട്ടിരുന്നു.

അതു കണ്ട് അമ്മ പറഞ്ഞു, “നീ ഇനി പോയി മേൽ കഴുകീട്ടു വാ ഹേമേ. എനിക്ക് മതി ആഹാരം. ഇനി വേണേൽ പിന്നെ കഴിക്കാം.”

അമ്മയുടെ വാക്കുകൾ കേട്ട് ഹേമ പറഞ്ഞു. “അമ്മ ഒരു ദോശയേ കഴിച്ചുള്ളു.”

“എനിക്കതുമതി ഹേമേ. വയറ്റിനകത്ത് ഒരു ഗ്യാസ് പോലെ.”

“എന്നാൽ ശരി.ഞാനിതു കൊണ്ടു പോയി അടച്ചു വക്കാം. രാത്രിയിൽ അമ്മയ്ക്ക് കഞ്ഞി തരാം.”

“ങാ... അതു മതി. നീ മണിക്കുട്ടനും അച്ഛനും വരും മുമ്പ് മേൽക്കഴുകിവന്ന് വിളക്കുകൊളുത്ത്...”

ഹേമ ബാക്കി വന്ന ദോശ അടുക്കളയിൽ അടച്ചു വച്ചു. പിന്നീട് സോപ്പും തോർത്തുമെടുത്ത് മേൽക്കഴുകാനായി കുളിമുറിയിലേക്കു നടന്നു. വടക്കുപുറത്തെ കുളത്തിൽ മുങ്ങിക്കുളിച്ചാലോ എന്നാലോചിച്ചെങ്കിലും സന്ധ്യയായതിനാൽ അത് വേണ്ടെന്നു വച്ചു.കിണറിൽ നിന്നു കുളിമുറിയിൽ പിടിച്ചു വച്ചിരുന്ന നല്ല തണുത്തവെള്ളം തലയിൽ വീണപ്പോൾ നല്ല സുഖം തോന്നി. വേഗം കുളി കഴിഞ്ഞ് വന്ന് പൂജാമുറിയിൽ വിളക്കു കൊളുത്തി പ്രാർത്ഥിച്ചു. അപ്പോൾ കാലും മുഖവും കഴുകി അനുജത്തിമാരും എത്തി. മൂന്നുപേരും കൂടി അല്പസമയം ഭഗവാന്‍റെ മുമ്പിലിരുന്ന് നാമം ചൊല്ലി. അപ്പോഴേക്കും പൂമുഖത്ത് മണിക്കുട്ടനെ അമ്മ ഉറക്കെ വഴക്കു പറയുന്ന ശബ്ദം കേട്ടു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...