യാതൊരുവിധ വൈകാരിക പ്രകടനങ്ങളും ഉണ്ടാകാതിരിക്കുകയും നിങ്ങളുടെ സങ്കടങ്ങളോടും പ്രശ്നങ്ങളോടും അവർ തികഞ്ഞ തണുപ്പൻ മനോഭാവം കാണിക്കുകയും ചെയ്യുന്ന അവസ്ഥ ഏതൊരു സ്ത്രീയിലും വലിയ മാനസിക സംഘർഷം സൃഷ്ടിക്കാം. പ്രശാന്തിൽ നിന്ന് ഇത്തരം അനുഭവങ്ങൾ നേരിട്ട റിയയുടെ കഥ ഇതിനൊരു ഉദാഹരണമാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ മൗനം പാലിക്കുകയും ബന്ധത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പൂർണ്ണമായി ഉൾവലിയുകയും ചെയ്യുന്ന പങ്കാളിയോട് എത്ര ശ്രമിച്ചിട്ടും സ്വന്തം വികാരങ്ങൾ മനസ്സിലാക്കികൊടുക്കാൻ റിയയ്ക്ക് സാധിച്ചില്ല.
തന്റെ ചിന്തകളും വികാരങ്ങളും വിശദീകരിക്കാൻ നടത്തിയ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിനുശേഷം പ്രശാന്തിന് ഒരിക്കലും തന്നെ മനസ്സിലാകില്ലെന്ന് റിയയ്ക്ക് തോന്നിത്തുടങ്ങി. എത്രകാലം അവൾക്ക് ഒറ്റയ്ക്ക് ബന്ധം നിലനിർത്താൻ കഴിയും പിന്നീട് അവരുടെ ബന്ധം യാതൊരു അർത്ഥവുമില്ലാത്ത ഒന്നായി മാറി. വേർപിരിയൽ അനിവാര്യമാണെന്ന ഘട്ടത്തിലാണ് പ്രശാന്തിന് യഥാർത്ഥത്തിൽ കുറഞ്ഞ ഇക്യൂ ആണെന്ന കാര്യം റിയയ്ക്ക് ബോധ്യപ്പെടുന്നത്. അതുവരെ റിയയ്ക്ക് അക്കാര്യം അറിയില്ലായെന്നതായിരുന്നു സത്യം.
എന്താണ് ഇമോഷണൽ കോഷ്യന്റ്
വൈകാരിക ബുദ്ധിയുടെ അളവുകോലിനെയാണ് ഇക്യൂ എന്ന് പറയുന്നത്. സ്വന്തം വികാരങ്ങളെയും മറ്റുള്ളവരുടെ വികാരങ്ങളേയും മനസ്സിലാക്കുക, അവയെ നിയന്ത്രിക്കുക, ഉചിതമായി പ്രകടിപ്പിക്കുക, നയത്തോടും സമചിത്തതയോടും കൂടി ബന്ധങ്ങൾ കൈകാര്യം ചെയ്യുക എന്നിവയെല്ലാം വൈകാരിക ബുദ്ധിയുടെ വിഭാഗത്തിൽപ്പെടുന്നു. വ്യക്തിപരവും പ്രൊഫഷണലുമായ പുരോഗതിയിലേക്കുള്ള പാത ഒരുങ്ങുന്നത് വൈകാരിക ബുദ്ധിയിലൂടെയാണ്. ജീവിതവിജയത്തിന് ബുദ്ധിശക്തിയുടെ ഗുണങ്ങളേക്കാൾ വൈകാരിക ബുദ്ധി പ്രധാനമാണെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കേംബ്രിഡ്ജ് സർവകലാശാല, ടൊറന്റോ സർവകലാശാല, ലണ്ടൻ സർവകലാശാല എന്നിവ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് വൈകാരിക ബുദ്ധിയുള്ളവർ മറ്റുള്ളവരെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ വിജയിക്കുമെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ ദുർബലരായവർ അവരുടെ പങ്കാളികൾക്ക് കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
കുറഞ്ഞ ഇക്യൂ ഉള്ള പങ്കാളിയെ എങ്ങനെ തിരിച്ചറിയാം?
മനോരോഗ വിദഗ്ധൻ ഡോ.കേദാർ ടിൽവെയുടെ അഭിപ്രായത്തിൽ താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ ഇവരെ തിരിച്ചറിയാം.
വൈകാരിക പൊട്ടിത്തെറികൾ: നിസ്സാര കാര്യങ്ങൾക്ക് വേഗത്തിൽ ദേഷ്യപ്പെടുകയോ പ്രകോപിതരാവുകയോ ചെയ്യുക.
അവഗണനയും കുറ്റപ്പെടുത്തലും: പങ്കാളിയുടെ വിഷമങ്ങൾ കണ്ടില്ലെന്ന് നടിക്കുക, അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ എല്ലാ കുറ്റവും പങ്കാളിയുടെ മേൽ ചുമത്തുക.
യുക്തിരഹിതമായ വാദങ്ങൾ: തെറ്റുകൾ അംഗീകരിക്കാതിരിക്കുകയും യുക്തിരഹിതമായി ശാഠ്യം പിടിക്കുകയും ചെയ്യുക.
പ്രവൃത്തികളുടെ ആഘാതം തിരിച്ചറിയാതിരിക്കുക: തങ്ങളുടെ വാക്കുകളോ പ്രവൃത്തികളോ പങ്കാളിയെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിയാതിരിക്കുക. അത്തരം വ്യക്തികൾ വേഗത്തിൽ പ്രതികരിക്കുകയും സാമൂഹിക ഇടപെടലുകളിൽ മോശമായിരിക്കുകയും ചെയ്യുമെന്ന് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. അനിത ചന്ദ്ര വിശദീകരിക്കുന്നു. അവരുടെ കോപത്തിന്റെ കാരണങ്ങൾ അവർക്ക് അറിയില്ലായിരിക്കാം. അവർ അൽപ്പം ശാഠ്യക്കാരുമായിരിക്കാം.
സൈക്യാട്രിസ്റ്റായ ഡോ. അഞ്ജലി പറയുന്നത് കുറഞ്ഞ ഇക്യൂ ഉള്ള ആളുകൾക്ക് സ്വന്തം വികാരങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്നും അതിനാൽ അവരുടെ വാക്കുകളുടേയും പ്രവൃത്തികളുടേയും ഫലം മനസ്സിലാക്കാൻ അവർ പരാജയപ്പെടുമെന്നാണ്. പ്രശ്നഭരിതമായ ബാല്യമോ നാർസിസ്റ്റിക് മാതാപിതാക്കളോ താഴ്ന്ന ‘ ഇക്യൂവിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്. കുറഞ്ഞ ഇക്യൂ ജനിതകപരമായും ഉണ്ടാകാം. അത്തരം ആളുകൾക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ കഴിയില്ല. പലപ്പോഴും അവരുടെ പ്രവൃത്തികളിൽ അവർക്ക് പശ്ചാത്താപം തോന്നുകയുമില്ല.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സീമ ചൂണ്ടിക്കാണിക്കുന്നതു പോലെ തർക്കങ്ങളോ വൈകാരിക സംഭാഷണങ്ങളോ ഒഴിവാക്കാൻ ഇത്തരക്കാർ ശ്രദ്ധ തിരിക്കുകയോ (ഉദാഹരണത്തിന് ടിവിയുടെ ശബ്ദം കൂട്ടിവെയ്ക്കുക) മൗനം പാലിക്കുകയോ ചെയ്യാറുണ്ട്. ഇത് പങ്കാളിയിൽ കടുത്ത മാനസിക വ്യഥ ഉണ്ടാക്കുന്നു.
ഇത്തരമൊരു ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും?
ഡോ. സീമയുടെ അഭിപ്രായത്തിൽ ഇത്തരം ബന്ധങ്ങൾ സജീവമായി നിലനിർത്താൻ ഒരേയൊരു മാർഗമേയുള്ളൂ. അതാണ് ആശയവിനിമയം. ആശയവിനിമയമാണ് ഇതിനുള്ള താക്കോൽ.
പങ്കാളി മനഃപൂർവ്വം ചെയ്യുന്നതല്ല ഇതൊന്നും എന്ന് തിരിച്ചറിയുക. അവരുടെ വൈകാരിക ശേഷിയുടെ പരിമിതിയാണ് കാരണമെന്നും ആദ്യം മനസിലാക്കുക. ദേഷ്യപ്പെടുകയോ കരയുകയോ ചെയ്യുന്നതിന് പകരം ശാന്തത കൈവരിക്കുക.
സംഭാഷണങ്ങൾക്കിടയിൽ അവർ പറയുന്നത് ആവർത്തിക്കാൻ നിർദ്ദേശിക്കുക. നിങ്ങൾ അവരെ മനസ്സിലാക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനും അവർ പറയുന്നത് ശരിയായി കേൾക്കുന്നുണ്ടെന്ന ധാരണ അവരിൽ ജനിപ്പിക്കാനും ആശയവിനിമയത്തിൽ ഇവയൊക്കെയും നിർണായകമാണ്.
കുറഞ്ഞ ഇക്യൂ ഉള്ളവരുടെ പങ്കാളികൾ സ്വന്തം വികാരങ്ങൾ ആഗ്രഹങ്ങൾ, ചിന്തകൾ എന്നിവ വ്യക്തമായി പ്രകടിപ്പിക്കണമെന്ന് ഡോ. അഞ്ജലി ഉപദേശിക്കുന്നു.
എന്ത്, എങ്ങനെ ചെയ്യണം
സമ്മർദ്ദം ഒഴിവാക്കുക: കുറഞ്ഞ ഇക്യൂ ഉള്ള പങ്കാളിയുമായി ഇടപെടുമ്പോൾ ബന്ധം നിലനിർത്തുന്നതിനും അനാവശ്യ സമ്മർദ്ദം ഒഴിവാക്കുന്നതിനും എന്തു ചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഒരു രേഖ നിശ്ചയിക്കുക. അത്താഴ സമയത്ത് സമ്മർദ്ദമുണ്ടാക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യരുതെന്നോ ജോലി സ്ഥലത്താണെങ്കിൽ അനാവശ്യ തർക്കങ്ങൾ നടത്തി ശല്യപ്പെടുത്തരുതെന്നോ ഒരു നിയമം ഉണ്ടാക്കുക.
സമയപരിധി: സംഭാഷണം വഴക്കിലേക്ക് നീങ്ങുകയോ ഒരാൾക്ക് ദേഷ്യം വരാൻ തുടങ്ങുകയോ ചെയ്താൽ സംഭാഷണം ഉടനടി നിർത്തുന്നത് നിങ്ങൾക്കും നിങ്ങളുടെ ബന്ധത്തിനും ഗുണം ചെയ്യും.
മൂന്നാം കക്ഷിയിൽ നിന്നുള്ള ഉപദേശം: ചിലപ്പോൾ കുടുംബത്തിന് പുറത്ത് നിന്നോ അല്ലെങ്കിൽ കൗൺസിലറുടെയോ മാർഗ്ഗനിർദ്ദേശം സഹായകരമാകും.
വ്യക്തമായി പറയുക: ബന്ധങ്ങളിലെ ആശയവിനിമയത്തിൽ പലപ്പോഴും സംസാരത്തിന് അതീതമായി പ്രതീകാത്മകമായ ആശയവിനിമയവും ഉൾപ്പെടുന്നു. എന്നാൽ പങ്കാളിയ്ക്ക് കുറഞ്ഞ ഇക്യൂ ആണെങ്കിൽ വികാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്നതാണ് നല്ലത്. കാരണം അവർക്ക് അത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രയാസമാകും.
തർക്കം ഒഴിവാക്കുക: നിങ്ങൾ എത്ര ശരിയാണെങ്കിലും കുറഞ്ഞ ഇക്യൂ ഉള്ള പങ്കാളിയുമായി വാദിക്കുക, അവരുടെ മുന്നിൽ കരയുക, യുക്തിസഹമായി അവരുമായി വാദിക്കുക, അല്ലെങ്കിൽ അവരുടെ ചിന്താഗതികൾ മാറ്റാൻ ശ്രമിക്കുക എന്നിവ തികച്ചും വ്യർത്ഥമായ കാര്യങ്ങളാണ്. ഇതൊക്കെയും അവരെ പ്രകോപിക്കുകയോ നിങ്ങളെ അപമാനിക്കുന്നതിലേക്കോ അല്ലെങ്കിൽ നിങ്ങളുടെ വികാരങ്ങളെ മനസിലാക്കുന്നതിൽ നിന്ന് പൂർണ്ണമായും അവരെ അകറ്റുന്നതിലേക്കോ നയിച്ചേക്കാം. അതിനാൽ നിങ്ങളുടെ അഭിപ്രായം ശാന്തമായി പറയുക. തുടർന്ന് നിശബ്ദത പാലിക്കുക. ഒരു ബന്ധത്തിന്റെ താക്കോൽ പരസ്പരം വികാരങ്ങൾ മനസ്സിലാക്കുന്നതിലാണ്. ഈ മേഖലയിൽ പങ്കാളി ദുർബലനാണെങ്കിൽ മറ്റേ പങ്കാളി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടി വരും.





