മുരളിധരൻ എന്ന ഈ ഞാൻ ഈയിടയായി തീർത്തും ഖിന്നനാണ്. അതിന്‍റെ പ്രധാന കാരണം നല്ലൊരു വിവാഹബന്ധം ഒത്തുവരുന്നില്ല എന്നതാണ്. ഇക്കാലത്തിനിടക്ക് നാട്ടിലും മറുനാട്ടിലുമായി എത്രയോ പെണ്ണുകാണലിനു പോയി. ഇതു വരെ കാണാൻ പോയ പെൺകുട്ടികളുടെ കണക്കെടുത്താൽ തല ചുറ്റും. എന്നാൽ ഒന്നും തന്നെ വിവാഹമെന്ന മംഗളകർമ്മത്തിലേക്കെത്തിയില്ല. വെറുതെ ഒന്നു വീടിനു പുറത്തിറങ്ങിയാൽ മതി സൗന്ദര്യവും കുലീനതയുമുള്ള എത്രയോ പെൺകുട്ടികളെ കാണാറുണ്ട്. എന്നാൽ ഒന്നു പെണ്ണുകാണാൻ പോയാലോ! നിരാശ മാത്രമായിരിക്കും ഫലം.

എന്തു കൊണ്ടു തനിക്കിങ്ങനെ സംഭവിക്കുന്നു എന്ന് മാത്രം പിടി കിട്ടുന്നില്ല. എന്തിനേറെ പറയുന്നു മനസ്സിനു മടുപ്പും നിരാശയും ബാധിച്ചു തുടങ്ങി. ചിലപ്പോൾ ചിന്തിക്കാറുണ്ട് തനിക്ക് ഒരു പെണ്ണു കിട്ടാതിരിക്കാൻ മാത്രം എന്താണ് ഒരു കുറവെന്ന്? ഞാൻ സൽസ്വഭാവിയും നല്ല തറവാട്ടു കാരനുമാണ്. നല്ല സാമ്പത്തിക ശേഷിയുണ്ട്. ഏറെക്കാലം അധ്യാപികയായി, പിന്നീട് പ്രിൻസിപ്പാളായി വിരമിച്ച ഭവാനി ടീച്ചറുടെ ഏകമകൻ എഞ്ചിനീയർ മുരളി തികഞ്ഞ മര്യാദക്കാരനാണെന്ന് നാട്ടുകാർ അംഗീകരിച്ചതാണ്.

നാട്ടിലെ അറിയപ്പെടുന്ന എഞ്ചിനീയറാണ് ഞാൻ. സമയബന്ധിതമായി വൃത്തിയായി സിവിൽ ജോലികൾ ചെയ്തു കൊടുക്കും. ആർക്കും ഇന്നുവരെ ഒരു പരാതി പറയാൻ ഇട നല്കിയിട്ടില്ല. നാട്ടുകാരുടെ പ്രശ്നങ്ങളിലിടപെടാനും പരിഹാരം കാണുവാനും മുന്നിൽ തന്നെ കാണും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. നാട്ടിൽ ജനങ്ങൾക്ക് ഉപകാരമായ എത്രയോ പരിപാടികൾ ഞാൻ മുൻകൈ എടുത്തു നടത്തിയിട്ടുണ്ട്.

പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ സിഗററ്റ് ,മദ്യപാനം തുടങ്ങിയ യാതൊരു വിധ ദുശ്ശീലങ്ങളൊന്നുമില്ല. നല്ല തൂവെള്ള നിറമുണ്ട്. സിനിമാ താരത്തിന്‍റെ ഒരു ഗരിമയും ഗാംഭീര്യവും ഉണ്ട്. സിനിമയിൽ ഒന്ന് ഭാഗ്യം പരീക്ഷിക്കരുതോ? എന്ന് നമ്മുടെ സുഹൃത്തുക്കൾ പറയുന്നത് ചിരിച്ചു കൊണ്ട് ആസ്വദിക്കാറുണ്ട്. എനിക്കും ഒന്നു ശ്രമിച്ചാലെന്തെന്ന് തോന്നാറുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം?

ജാതകത്തിന്‍റെ പ്രശ്നങ്ങളൊന്നുമില്ല. എല്ലാ ഗ്രഹങ്ങളും സർവ്വ ഐശ്വര്യങ്ങളും നല്കിക്കൊണ്ട്, യാതൊരു ദോഷവും കാണിക്കാതെ തനിക്കനുകൂലമായിത്തന്നെ നിൽപ്പുണ്ട് പണ്ട് ഒപ്പം പഠിച്ചവർ മിക്കവരും വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുന്നു. പഠന കാലത്തെ കാമ്പസ് ഹീറോയും പെൺകുട്ടികളുടെ കണ്ണിലുണ്ണിയുമായിരുന്ന താൻ ഇപ്പോഴും ഒരു കുടുംബ ജീവിതമാകാതെ നടക്കുന്നു.

ഇടക്ക് ചിന്തിക്കാറുണ്ട്. പഠിക്കുന്ന കാലത്ത് എന്തുമാത്രം സുന്ദരികൾ കാമ്പസിലുണ്ടായിരുന്നു. അവരുടെ പ്രണയം വഴിഞ്ഞൊഴുകുന്ന മിഴിമുനകൾ എത്രയോ തവണ തന്നെത്തേടി വന്നിരുന്നു! എന്തുകൊണ്ടോ അത്തരം മിഴിമുനകളുടെ മുനയൊടിക്കുകയാണ് താൻ ചെയ്തത്. താൻ വലിയ ആദർശവാനായിരുന്നു.

പ്രേമിച്ച് വിവാഹം കഴിക്കലൊന്നും ശരിയല്ല എന്നായിരുന്നു ധാരണ . നാട്ടുനടപ്പനുസരിച്ച് പെണ്ണുകണ്ട് കുടുംബാഗങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിവാഹവുമായി ബന്ധപ്പെട്ട അന്നത്തെ ചിന്തകൾ. ചിലപ്പോൾ പ്രണയ വിവാഹം നമുക്കു വേണ്ടപ്പെട്ടവരുടെ മനസ്സു വേദനിപ്പിക്കും എന്നാണ് ചെറുപ്പം മുതലേ മനസ്സിൽ വേരൂന്നിയ മുൻവിധി. അതു കൊണ്ട് പ്രണയ വിവാഹമേ വേണ്ടെന്നു നിശ്ചയിച്ചു. അതു കൊണ്ട് മനസ്സ് പ്രലോഭനങ്ങളിൽ കൈവിട്ട് പോകാതെ നല്ല പോലെ പഠിച്ചു. ഉന്നത വിജയം നേടി. മികച്ച ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിയും നേടി.

അത്യാവശ്യം പ്രവൃത്തി പരിചയം ആയപ്പൊൾ നാട്ടിൽ വന്ന് സ്വന്തം കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. ഫ്ലാറ്റുകളുടെയും വില്ലകളുടെയും നിർമ്മാണവുമായി കമ്പനി ഒന്നാന്തരമായി മുന്നോട്ടു പോകുന്നു. കുറെ കുടുംബങ്ങൾക്ക് ആശ്രയമാകുന്നു . പിന്നെ ഒരു കുടുംബ ജീവിതത്തെക്കുറിച്ച് വീട്ടുകാർ സംസാരിച്ചു തുടങ്ങിയപ്പോൾ സമ്മതമറിയിച്ചു. പഴയ കാലത്തെ മിഴിമുനകളുടെ ഓർമ്മയിൽ ഏതൊരു പെൺകുട്ടിക്കും തന്നെ ഇഷ്ടപ്പെടും എന്ന് ചിന്തിച്ചിടത്താണ് തനിക്കു പറ്റിയ പിഴവ് മനസ്സിലായിത്തുടങ്ങിയത്. അണ്ടിയോടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്നത് അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ നടപ്പാവുകയായിരുന്നു.

ഒരു വിവാഹം നടക്കാതിരിക്കാൻ ഇത്രയേറെ കാരണങ്ങളോ? തനിക്ക് ഇത്രയേറെ കുറവുകളോ? എന്നത് നീരസമല്ല. വിസ്മയത്തോടെയാണ് ചിന്തിക്കുന്നത്. പഴയ കാലത്തെ ധാരണകൾ തെറ്റായിരുന്നെന്ന അഭിപ്രായം ഇപ്പോഴുമില്ല. അതു കൊണ്ടു തന്നെയാണ് ഇപ്പോഴും പെണ്ണുകാണാൻ പോകുന്നതും വീട്ടുകാർക്കിഷ്ടപ്പെട്ട്, നാട്ടുനടപ്പനുസരിച്ചുള്ള ഒരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതും. ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസം തന്നെയാണ് മനസ്സിലുള്ളതും.

ഈയടുത്ത് പഴയ കോളേജ് സുഹൃത്തുക്കൾ ഗ്രൂപ്പു തുടങ്ങി. ഓരോരുത്തരുടെയും വിവരങ്ങൾ അറിഞ്ഞു വന്നപ്പോൾ അവിവാഹിതൻ ഞാൻ മാത്രം. നാലക്ഷരം കൂട്ടി വായിക്കാനറിയാത്ത തെങ്ങുകയറ്റക്കാരൻ വിജയന്‍റെ മകൻ കരുമാടി ശശി വിവാഹ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നു. അവന്‍റെ വിവേകം പോലും തനിക്കില്ലാതെ പോയി എന്നു തോന്നിയ നിമിഷം. അവൻ കോളേജ് അഡ്മിഷൻ ലഭിച്ചതു മുതൽ സമ്പന്നയും ഐശ്വര്യാറായിയുടെ മുഖശ്രീയും റാങ്ക് ഹോൾഡറുമായ സുസ്മിതയുടെ പുറകെ ആയിരുന്നു. ആ കുട്ടിക്ക് വേണ്ടി ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കലും തുടങ്ങി അവൾക്കു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക മാത്രമായിരുന്നു അവന്‍റെ പരിപാടി.

അവൾക്ക് ബാംഗ്ലൂരിൽ ഇൻഫോസിസിൽ സെലക്ഷൻ കിട്ടിപ്പോയപ്പോൾ എണ്ണിയാൽ തീരാത്ത ബാക്ക് പേപ്പറുകളുള്ള പഠനമുപേക്ഷിച്ച് ശശിയും ബാംഗ്ലൂരിലേക്ക് വണ്ടി കയറി. തുടർന്ന് അവൾക്കായി വീട്ടുകാർ കൊണ്ടുവന്ന യു.എസ്, യു.കെ വിവാഹാലോചനകൾ സുസ്മിതയുടെ എതിർപ്പുമൂലം അലസിപ്പോയി. അങ്ങിനെ കാലം നീങ്ങവെ പെട്ടെന്നൊരു നാൾ അവളുടെ വീട്ടുകാർ ശശിയുടെയും സുസ്മിതയുടേയും വിവാഹം നടത്തിക്കൊടുത്തു. അവളുടെ വീട്ടുകാർ ഇപ്പോഴും പറയുക രണ്ടു പേരും ഇൻഫോസിസിൽ ജോലി ചെയ്യുന്നു എന്നാണ്.

സുസ്മിതയുടെ ശുപാർശയിൽ കരുമാടിക്ക് ഇൻഫോസിസിൽ ഒരു ഡ്രൈവർ ജോലി തരപ്പെടുത്തിയിരുന്നു. രണ്ടു പേരും ബാംഗ്ലൂരിൽ അടിച്ചു പൊളിച്ച് ജീവിതം നയിക്കുന്നു. അവരുടെ വിവാഹ ഫോട്ടോക്കു താഴെ made for each other എന്ന് ആശംസിച്ച കഥാകാരി ദീപക്ക് നല്ല നമസ്കാരം. എന്തുകൊണ്ടൊ ഞാൻ ആ ഗ്രൂപ്പിൽ നിന്നും ഒഴിവായി… ഗ്രൂപ്പ് ലീഡർ ദീപ വിളിച്ചു. ഞാൻ പറഞ്ഞു ജോലിത്തിരക്ക് ഒരുപാടുണ്ട്, നമ്മളുമായി ബന്ധപ്പെട്ട മെസേജുകൾക്ക് നേരെ മറുപടി കൊടുക്കാൻ കഴിയുന്നില്ല… അങ്ങിനെ ഓരോന്നു പറഞ്ഞ് ഒഴിവായി…..

പൂമുഖത്ത് അങ്ങിനെ ഓരോന്നു ചിന്തിച്ച് ഇരുന്നതായിരുന്നു. അമ്മ മുൻപിൽ വന്നു നിന്നത് കണ്ടില്ല. കയ്യിൽ ഒരു ഫോട്ടോയും ഉണ്ട്. കാര്യം ഗ്രഹിച്ച ഞാൻ പെട്ടെന്നു പറഞ്ഞു.

അമ്മേ എനിക്കിനി കല്യാണം വേണ്ട. ഇനിയീ നാട്ടിൽ എനിക്ക് പെണ്ണുകാണാനായി ആരും തന്നെ ബാക്കിയില്ല.

അമ്മ വിഷമത്തോടെ പറഞ്ഞു.

ഇനി ഞാൻ ഒരാലോചനയും കൊണ്ടു വരില്ല. ഇതു മാത്രം നീ ഒന്നു പോയിക്കാണണം. നല്ല കുട്ടിയാണ് കഴിഞ്ഞാഴ്ച ഞാൻ അമ്പലത്തിൽ നിന്നൊന്നു കണ്ടു. നല്ല മുഖശ്രീ. ഇന്നത്തെ കാലത്ത് പോലൊരു കുട്ടിയെ കാണാൻ കിട്ടില്ല.

കഴിഞ്ഞ പെണ്ണുകാണലിനും ഏതാണ്ടിതു പോലെയാണ് അമ്മ പറഞ്ഞതെന്ന് ഞാൻ ഓർത്തു. ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണുകാണലായിരുന്നു അത്. അതി സുന്ദരിയായ ഒരു കുട്ടി. ഇലക്ടിസിറ്റിബോർഡിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ. പത്തിൽ പത്തു പൊരുത്തം ഇത്തരത്തിൽ വിശേഷപ്പെട്ട ഒരു ചേർച്ച അപൂർവ്വമായേ ലഭിക്കൂ എന്ന് പണിക്കരു ചേട്ടൻ പറഞ്ഞപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. കുടുംബപരമായും എല്ലാത്തരത്തിലും യോജിച്ച നല്ല ഒരു ബന്ധം. തനിക്കും വലിയ ഉത്സാഹമായി…

മുൻ കാല ചില അനുഭവങ്ങൾ കൊണ്ട് ജാതകവും മറ്റെല്ലാ കാര്യങ്ങളും യോജിക്കുമെന്ന് ഉറപ്പു വരുത്തിയിട്ടേ പെണ്ണുകാണാൻ വരുന്ന ദിവസം ആ കുട്ടിയുടെ വീട്ടുകാരെ അറിയിച്ചുള്ളൂ. എന്തുകൊണ്ടോ ഇതു നടക്കും എന്നുള്ള ഒരു വിശ്വാസമായിരുന്നു മനസ്സിൽ. പുലർകാലത്ത് അമ്പലത്തിൽ പോയി ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ചു. വഴിപാടുകളൊക്കെ കഴിച്ചു.പിന്നെ നമ്മുടെ സ്ഥിരം അകളെ കൂട്ടി പുറപ്പെട്ടു.

ആ കുട്ടിയുടെ വീട്ടുകാർ നിറഞ്ഞ മനസ്സോടെത്തന്നെ സ്വീകരിച്ചു. നല്ല പോലെ സംസാരിക്കുന്ന സഹൃദയനായ അച്ഛൻ. അദ്ദേഹത്തിന്‍റെ വാതോരാ സംസാരത്തിനിടക്ക് എപ്പോഴോ കുട്ടിയോട് വരാൻ പറഞ്ഞു. അപ്പോൾ വാതിൽ വലിയ ശബ്ദത്തിൽ അടക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദങ്ങൾ കേട്ടു. പിന്നെ അടക്കിപ്പിടിച്ച സംസാരങ്ങളും. അത് അസ്വഭാവികമായി തോന്നിയെങ്കിലും ഞാനത് ഗൗനിച്ചില്ല.

അല്പസമയത്തിനുള്ളിൽ കുട്ടി വന്നു. ചായ തന്നു. കുട്ടിയെ നോക്കി. നിഷ്കളങ്കമായ, അരുമയുള്ള മുഖം. വല്ലാതെ ഇഷ്ടം തോന്നി. പക്ഷേ ഒറ്റനോട്ടത്തിൽത്തന്നെ ഒരു പെണ്ണുകാണലിനായുള്ള ഒരുക്കങ്ങളൊന്നും ആ കുട്ടി ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഉലഞ്ഞ വേഷവും വെറുതെ വാരിക്കെട്ടിയ മുടിയും. ഒരു പൊട്ടു പോലും ഇല്ല. കരഞ്ഞു കലങ്ങിയ പോലുള്ള മുഖഭാവവും. മുഖത്തൊന്നു നോക്കുക പോലും ചെയ്യാതെ അവൾ വേഗം അകത്തേക്കു പൊയ്ക്കളഞ്ഞു.

പൊതുവെ അന്തരീക്ഷം മൂകമായി. കുട്ടിക്ക് പെയിന്‍റിംഗിനോടുള്ള താത്പര്യവും ഒരു എക്സിബിഷൻ നടത്തിയ കഥയൊക്കെ പറഞ്ഞ് രംഗം കൊഴുപ്പിച്ച് ആഹ്ളാദകരമാക്കാൻ അവളുടെ അച്ഛൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞങ്ങൾ എല്ലാം കേട്ടിരുന്നു. ഒടുവിൽ അവരോട് യാത്ര പറഞ്ഞ് വിവരം അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി.അതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് ആ കുട്ടിയുടെ വിവാഹം പള്ളിയിലും അമ്പലത്തിലുമായി നടന്നു.

വരൻ -പെണ്ണുങ്ങളെ പോലെ മുടി നീട്ടിവളർത്തി നടക്കുന്ന, പുക ചുറ്റിയ കണ്ണുകളുള്ള ആർട്ടിസ്റ്റ് തോമസുകുട്ടി. അപ്പോൾ അവരൊരു അവസാന ശ്രമം നടത്തി നോക്കിയതാണ്. അറിഞ്ഞു കൊണ്ടാണ് ഇങ്ങിനെയൊരു നാടകം. അതിന് കരുവാക്കപ്പെട്ടത് താനും. ശരി, പലർക്കും കരുവാക്കപ്പെടാൻ വേണ്ടി മാത്രം ഈയൊരു ജൻമം…

ബീച്ചിലെ പഞ്ചസാര പോലത്തെ വെള്ളമണലിൽ മലർന്നു കിടക്കുമ്പോൾ ആകാശത്ത് വലിയ പഞ്ഞിക്കെട്ടു പോലെ മേഘങ്ങൾ പറന്നലയുന്നത് കണ്ടു. ഒപ്പം കൂട്ടം തെറ്റിയ ഒരു കിളിയുടെ കാറിക്കരച്ചിലും… അല്ലെങ്കിൽത്തന്നെ ഇത്രക്ക് വിഷമിക്കുന്നതെന്തിനാണ്. സർവ്വേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തനിക്ക് അകമഴിഞ്ഞ് തന്നിട്ടുണ്ട്.

വിവാഹം കഴിക്കാതെത്തന്നെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. തനിക്കും അതുപോലെയായിക്കൂടെ? ഈയടുത്ത് ഒരു സിനിമ കണ്ടതോർക്കുന്നു. ഒരമ്മയും മധ്യവയസ്സിനോടടുത്ത് പ്രായമായ മകനും. പിന്നീട് ഒരു പയ്യൻ മകനാണെന്ന് പറഞ്ഞ് വരുന്ന സിനിമ. ആ ഒരു ഭാഗം ഒഴിവാക്കിയാൽ എന്തു മനോഹരമായ ജീവിതം! പക്ഷേ സമൂഹം ഒരു അവിവാഹിതനെ ഉൾക്കൊളളാൻ പൊതുവെ മടിക്കും.

പിന്നെ വിവാഹം കഴിക്കാതിരുന്നാൽ നേരിടേണ്ടി വരുന്ന പല പല പ്രശ്നങ്ങൾ ചിന്തയിലുയർന്നു വന്നു. ശരി. ഇനി ഒരു പ്രാവശ്യം കൂടി. ഒരവസാന ശ്രമം. അമ്മ ഇന്നൊരു കുട്ടിയുടെ കാര്യം പറഞ്ഞിരുന്നല്ലോ? താൻ വിസമ്മതം അറിയിച്ചിരുന്നതാണ്. അമ്മ അതൊന്നും സാരമാക്കില്ല. അങ്ങിനെയെങ്കിൽ നാളെത്തന്നെ പോകണ്ടതായി വരും. ഇതൊന്നു കൂടെ. ഇനി ഒരു പെണ്ണുകാണലിനില്ല. തീർച്ച…..

വേണ്ടപ്പെട്ടവരൊടൊപ്പം പുതുതായി വാങ്ങിയ കാറിൽ പോകുമ്പോൾ അറിയാവുന്ന ദൈവങ്ങളെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അങ്ങിനെ പുതുതായി ടാറിട്ട വഴിയിലൂടെ പുത്തൻ കാറിലിലെ സുഖകരമായ സവാരിക്കൊടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി. തൊണ്ണൂറുകളിലെ സിനിമകളെ ഓർമ്മിപ്പിക്കുന്ന പച്ച പിടിച്ച പറമ്പുകൾക്കു നടുവിലെ ഒരു ഓട്ടു വീട്.

വീട്ടിലേക്കുള്ള നടപ്പാതക്കിരുവശവും തെങ്ങും കവുങ്ങും പച്ച തഴച്ച മരങ്ങളും സമൃദ്ധമായുണ്ട്. തുളസിത്തറയും കറുപ്പു മെഴുകിയ തിണ്ണയും ദൂരെ നിന്നു തന്നെ കാണാം. രണ്ടു കാരണവൻമാർ തങ്ങളെ പ്രതീക്ഷിച്ച് അക്ഷമരായി മുറ്റത്ത് ഉലാത്തുന്നു. പടി കടന്ന് വീട്ടിൽ പ്രവേശിച്ചതും എങ്ങോ പെയ്‌ത മഴയുടെ തണവുപേറിയ തണുത്ത കാറ്റ് വീശി. യാത്രയുടെ ക്ഷീണം എങ്ങൊ പൊയ്മറഞ്ഞു.

കാരണവൻമാർ പരസ്പരം പരിചയപ്പെടുത്തിക്കൊണ്ട് ധൃതിയിൽ സംസാരമാരംഭിച്ചു. ഒരാൾ കുട്ടിയുടെ അമ്മയുടെ അച്ഛനാണ് അടുത്തയാൾ അമ്മാവനും. ആ വീടിരിക്കുന്ന പറമ്പിലുള്ള, അറ്റ വേനൽക്കാലത്തുപോലും വറ്റാത്ത കിണറിനെപ്പറ്റി കാരണവരു കഥ പറഞ്ഞു. അതിന്‍റെ മറ്റൊരു പുതുമ കിണറ്റിനടിയിൽ നെല്ലിപ്പടി പാകിയിട്ടുണ്ടത്ര? ആ വെള്ളത്തിന്‍റെ മാധുര്യവും കുളിർമ്മയും കുടിച്ചു തന്നെ അറിയണം പോലും. ഓഹോ അപ്പോൾ അതാണ് നെല്ലിപ്പടി.

നെല്ലിപ്പടി ഞാനെത്ര കണ്ടിരിക്കുന്നു! കിണറിന്‍റെ അഗാധതയിലുള്ളതല്ല, ക്ഷമയുടെ! ആ കാരണവർ പറഞ്ഞത് ശരിയാണ്. പ്രത്യേക രുചിയുള്ള വെള്ളം. പൊതുവെ നല്ല അന്തരീക്ഷം. ഈശ്വരാ കാണാൻ ഭേദപ്പെട്ട കുട്ടിയാവണം, ഒപ്പം നടക്കുമ്പോൾ ചേർച്ചക്കുറവ് തോന്നരുത്. പിന്നെ വിദ്യഭ്യാസം വേണം. മറ്റൊന്നും തന്നെ വിഷയമല്ല.

അമ്മയുടെ കൈയ്യിൽ ഫോട്ടോയുണ്ട്. പക്ഷേ നീരസപ്പെട്ട് അതൊന്നു നോക്കിയിരുന്നില്ല. പാദസരത്തിന്‍റെ കിലുക്കം അടുത്തു വരുന്നു. കുട്ടി വന്നു. വല്ലാത്തൊരു നാണം പോലെ. നേരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ശർക്കര അട, ശർക്കരയുപ്പേരി, വറുത്ത കായ… നാടൻ പലഹാരങ്ങൾ രുചിച്ച കൊണ്ടിരുന്നപ്പോഴാണ് കുട്ടിയോട് സംസാരിക്കേണ്ടതായ വിഷയം കാരണവരിലൊരാൾ എടുത്തിട്ടത്.

സന്തോഷം. ആ കാരണവർക്ക് മനസ്സിൽ ആയുരാരോഗ്യം നേർന്നു കൊണ്ട്, തന്നെ ചൂഴ്ന്നു നോക്കുന്ന കണ്ണുകൾക്കിടയിലൂടെ അകത്തളത്തേക്കു നടന്നു. പഴമയുടെ സുഖകരമായ ഗന്ധം പേറുന്ന മരത്തിന്‍റെ പലകതട്ട് തണുപ്പു പകരുന്ന മുറിയിൽ ജനലിനോട് ചേർന്ന് പെൺകുട്ടി നിൽപ്പുണ്ട്.

ഇളം കറുപ്പ് നിറം. കാച്ചെണ്ണ തേച്ച സമൃദ്ധമായ മുടി, അതിൽ തുളസിക്കതിര്, നെറ്റിയിൽ നേർത്ത ചന്ദനക്കുറി. അപാര സൗന്ദര്യമെന്നൊന്നും പറയാനാകില്ല എങ്കിലും നല്ല മുഖശ്രീ. പഴയ കാല ബ്ലാക്ക് & വൈറ്റ് സിനിമയിലെ നായികയുടെ ഒരു ഛായ. നസീറിനെ അടുത്തു കണ്ട ജയഭാരതിയുടെ ഒരു ശരീര ഭാഷ. ആ ഒരു പരിഭ്രമം.

പേരൊക്കെ ചോദിച്ചു. നാണവും പേടിയും കലർന്ന മറുപടി. പിന്നെ പേടിയൊക്കെ കുറെശെ മാറി. വലിയ കുഴപ്പൊന്നുമില്ല. ആലോചിക്കാവുന്നതാണ്. ഇനി ഇതും ഒഴിവായിപ്പോയാൽ പിന്നെ ചിന്തിക്കാൻ വയ്യ. ഫോൺ നമ്പർ ഒന്നു വാങ്ങണം. നിഷ്കളങ്കതയോടെ പറഞ്ഞു

“എന്‍റെ ചേച്ചി സ്റ്റേസ്റ്റിലാ’ണ്.കുട്ടിയുടെ ഫോട്ടോ ചേച്ചിക്ക് കണ്ടാൽ കൊള്ളാമെന്നുണ്ട്. വാട്ട്സപ്പിൽ ഒന്ന് അയച്ചുതരുമോ?”

ഞാൻ എന്‍റെ വാട്ട്സപ്പ് നമ്പർ പറഞ്ഞു കൊടുത്തു. അവൾ ആകെ സംശയത്തിലായി. ഞാൻ അപ്പോൾ ഒന്നുകൂടെ വിശദീകരിച്ചു “അല്ല ഫോട്ടോ വാട്ട്സപ്പിൽ അയച്ചാൽ ഇപ്പോൾത്തന്നെ ചേച്ചിക്ക് ഫോർവേഡ് ചെയ്യാമല്ലോ” അവളുടെ സംശയം മാറിയില്ല… അവൾ നിഷ്കളങ്കയായി മെല്ലെ പറഞ്ഞു

“അതെനിക്കറിയില്ല അത്”

ഇപ്പോൾ എനിക്കായി സംശയം. അല്പനേരത്തിനു ശേഷം എന്‍റെ സംശയം മാറി. അവൾക്ക് വാട്ട്സപ്പ് എന്ന സംഭവത്തെക്കുറിച്ച് യാതൊന്നും അറിയില്ല. എന്‍റെ മനസ്സിൽ കനത്ത നിരാശ പടർന്നു. ഇക്കാലത്ത് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കു പോലും അറിയുന്ന വാട്ട്സപ്പ്. ഇതറിയാത്ത ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇരുപത്തഞ്ചു വയസ്സുള്ള ഈ പെൺകുട്ടിക്ക് അറിയില്ല പോലും. ഈ കുട്ടി സ്കൂളിൽ പോലും പോയിക്കാണില്ല എന്നു വേണം കരുതാൻ. പിന്നെ ഒന്നും പറഞ്ഞില്ല.

വിളറിയ ചിരിയോടെ അവളോട് യാത്ര പറഞ്ഞ് എഴുന്നേറ്റു. എന്‍റെ മുഖഭാവം കണ്ട് എന്‍റെ കൂടെ വന്നവരും തെല്ലിട കഴിഞ്ഞ് ചർച്ച മതിയാക്കി എഴുന്നേറ്റു. പുറത്തിറങ്ങി കാറിൽ കയറി. വന്നവരെയെല്ലാം അവരവരുടെ വീട്ടിൽ കൊണ്ടാക്കി. അരോടും ഒരക്ഷരം മിണ്ടാതെ കാറുമെടുത്ത് ഒരു ലക്ഷ്യവുമില്ലാതെ ഡ്രൈവ് ചെയ്തു. ഒന്നും പറയാനില്ല. യാതൊരു വിവരമോ വിദ്യഭ്യാസമോ ഇല്ലാത്ത ഒരുവളുടെ കൂടെ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടു പോകും.

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിയുടെ കുട്ടി അല്പസമയം മുന്നേ തന്നെ വീഡിയോ കാൾ ചെയ്തതേ ഉള്ളു. ഇത്രക്ക് വിവരദോഷികളായ പെൺകുട്ടികൾ ഇക്കാലത്ത് കാണുമോ? എന്തിനേറെ പറയുന്നു താൻ കണ്ടു കഴിഞ്ഞല്ലോ! അമ്മ തന്നിൽ നിന്ന് കുട്ടിയെക്കുറിച്ചുള്ള പലതും ഒളിച്ചു വച്ചു. അമ്മയെ കുറ്റം പറയാനാകില്ല. എങ്കിലും.

കാർ ബീച്ച് റോഡിലേക്ക് ഒഴുകി നീങ്ങി. കാറിനകത്തെ ശീതളിമയിൽ ഇരുന്നിട്ടും വിയർപ്പിന്‍റെ ചാലുകൾ നെറ്റിത്തടത്തിൽ നിന്നും കിനിഞ്ഞിറങ്ങി. കാറിന്‍റെ ഗ്ലാസ്സ് തുറന്നു. ഉപ്പു മണത്തിന്‍റെ ചുവയുള്ള കാറ്റ് കാറിലേക്ക് തിരതല്ലി. അപ്പോഴാണ് വഴിയിൽ ഒരാൾ കാറിന് കൈകാണിച്ചത്. ഒറ്റ നോട്ടത്തിൽ ആളെ മനസ്സിലായി. പുക ചുറ്റിയ ആ കണ്ണുകൾ.. ആർട്ടിസ്റ്റ് തോമസ് കുട്ടി. അടുത്തു തന്നെ അയാളുടെ ജാംബവാന്‍റെ കാലത്തെ ബുള്ളറ്റുമുണ്ട്.

കാറിന്‍റെ ആക്സിലേറ്റർ അമർത്തിച്ചവിട്ടാനായിരുന്നു തോന്നിയത്. പിന്നെ വേണ്ടെന്നു വച്ചു വണ്ടി നിർത്തി. ആർട്ടിസ്റ്റിനെ നേരിട്ടു പരിചയമില്ല. പലയിടത്തായി കണ്ടിട്ടുണ്ട് എന്നുമാത്രം. ആർട്ടിസ്റ്റാകട്ടെ ചിരപരിചിതനെ പോലെ മുരളിയേട്ടൻ എന്നൊക്കെ പറഞ്ഞ് കാറിൽ കയറിയിരുന്നു. അദ്ദേഹത്തിന്‍റെ ബുള്ളറ്റിന് ഒരു സ്റ്റാർട്ടിങ്ങ് പ്രോബ്ളം. കുറെ സമയമായി പുള്ളി ബുള്ളറ്റിൽ പണിയെടുക്കുന്നു. പലരേയും വിളിച്ചു. ഒടുവിൽ സഹികെട്ട് സർവ്വീസുകാരെ നേരിട്ട് കാണാൻ പോകാൻ ഒരുങ്ങുമ്പോഴാണ് തന്‍റെ കാറു കണ്ടത്. വിവരം അറിഞ്ഞ ഞാൻ എന്‍റെ പരിചയത്തിലുള്ള ബുള്ളറ്റ് മെക്കാനിക്കിനെ വിളിച്ച് ആർട്ടിസ്റ്റിന്‍റെ വിഷമാവസ്ഥ പരിഹരിച്ചു കൊടുത്തു. പണി തീർത്ത ശേഷം ബുള്ളറ്റ് അയാളുടെ വീട്ടിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്തു. അല്ലെങ്കിലും ആരുടെയെങ്കിലും പ്രയാസം കാണുന്നത് എനിക്കിഷ്ടമല്ല ആർട്ടിസ്റ്റിന് വലിയ സന്തോഷമായി. പുള്ളി സ്വല്പം മദ്യപിച്ചിട്ടുണ്ടെന്നെനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് പറഞ്ഞു. നല്ല മൂഡ് അല്പം മദ്യപിച്ചാലോ?

ജീവിതത്തിൽ ആദ്യമായുള്ള ഒരു തോന്നൽ, ഒരാഗ്രഹം… ആർട്ടിസ്റ്റിന് പെരുത്ത സന്തോഷം… തല പലയാവർത്തി കുലുക്കി ഒപ്പം അത്ഭുതത്തോടെ അയാളെന്നെ നോക്കിക്കൊണ്ടിരുന്നു. അങ്ങിനെ അയാൾ പറഞ്ഞ വഴികളിലൂടെ കാർ മുന്നോട്ടു നീങ്ങി. ആ വഴികളിൽ ചിരപരിചിതനാണ് ആർട്ടിസ്റ്റ്. കണ്ണുകെട്ടി വിട്ടാൽ പോലും അയാൾ അണുവിട തെറ്റാതെ സ്ഥലത്തെത്തിയിരിക്കും എന്നു തോന്നി……

അരണ്ട വെളിച്ചത്തിൽ ആദ്യത്തെ മധുപാത്രം മെല്ലെ കുടിച്ചു തീർത്തപ്പോൾ ആദ്യമായാണ് കഴിക്കുന്നതെന്ന ഫീലിങ്ങ് തോന്നിയില്ല. ആദ്യത്തെ ഗ്ലാസ്സോടെ ആർട്ടിസ്റ്റ് പെട്ടെന്ന് ഉഷാറായി. ഓരോ കഥകൾ പൊലിപ്പിച്ച് പറയാനാരംഭിച്ചു. കുഴഞ്ഞ നാക്കിലൂടെ കഥകൾ ഉതിർന്നു വീണു കൊണ്ടിരുന്നു.

വിവാഹശേഷം കലാരംഗത്ത് തനിക്ക് സ്വാതന്ത്ര്യവും സപ്പോർട്ടും കൈവന്നുവെന്ന് പറഞ്ഞു. മുൻപ് വീട്ടുകാരിൽ കലാപ്രവർത്തനമൊക്കെ അവസാനിപ്പിച്ച് മറ്റെന്തെങ്കിലും ജോലിക്ക് പോകണമെന്ന സമ്മർദ്ദം വളരെയുണ്ടായിരുന്നെന്ന് അയാൾ ഓർത്തു . ഒരു വേള വീട്ടിൽ നിന്നും ഇറങ്ങി പോരേണ്ട അവസ്ഥ പോലും ഉണ്ടായിയത്രേ. എല്ലാ പ്രശ്നങ്ങളും അവസാനിച്ചത് വിവാഹത്തോടെയെന്നയാൾ തീർത്തുപറഞ്ഞു.

അപ്പോഴാണ് അമ്മയുടെ ഫോൺ. ഒന്നും പറയാതെ എങ്ങോട്ടു പോയതെന്ന് പറഞ്ഞ് പരിഭവം. പിന്നെ പെണ്ണുകാണാൻ പോയ വീട്ടുകാർക്ക് തന്നെ വലിയ താത്പര്യമായത്ര… നമ്മുടെ തീരുമാനം അറിയിച്ചാൽ ഈ മാസം തന്നെ കല്യാണത്തിന് തയ്യാറെന്ന്. ഒന്നും മിണ്ടിയില്ല. ഫോൺ കട്ടു ചെയ്തു… അടുത്ത നിമിഷം ചേച്ചിയുടെ കുട്ടിയുടെ വാട്ട്സ് അപ്പ് വീഡിയോ കോൾ. അതും കട്ടു ചെയ്ത് ഫോൺ ഓഫ് ചെയ്തു……

ആർട്ടിസ്റ്റിനേയും കൂട്ടി ബാറിൽ നിന്നിറങ്ങുമ്പോൾ ചുമപ്പു നിറം പോയ സന്ധ്യ കറുക്കാൻ തുടങ്ങിയിരുന്നു. കാറിലിരിക്കുമ്പോൾ ചൂളം കുത്തുന്ന തണുത്ത കാറ്റ് വീശി. ആർട്ടിസ്റ്റ് പറഞ്ഞു

മുരളിയേട്ടനറിയുമോ ഞാൻ ഭാഗ്യവാനാണ്. ഭാര്യക്കെന്നോട് വലിയ സ്നേഹമാണ്. ഇപ്പൊ നോക്കിക്കോ ആഹാരം കഴിക്കാതെ എന്നെക്കാത്ത് ഇരിക്കുന്നുണ്ടാവും… എന്നെ ജീവനാണവൾക്ക്

ആർട്ടിസ്റ്റ് അതും പറഞ്ഞ് വിതുമ്പാൻ തുടങ്ങി. അയാളെ അയാളുടേതായ വൈകാരിക പ്രകടനങ്ങൾക്ക് വിട്ട് ഞാൻ നിശ്ശബ്ദമായി കാറോടിച്ചു. അയാളെ വീട്ടിലെ ഗേറ്റു വരെ കൊണ്ടാക്കി തിരിച്ചുപോരാൻ നേരം ഞാൻ പറഞ്ഞു..

“തോമസ് എനിക്ക് ഒരു വാക്ക് തരണം. ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് .

അയാൾ ഒന്നു പകച്ചു. അത്ഭുതത്തോടെ എന്നെ നോക്കി. പിന്നെ പൊടുന്നനെ എന്‍റെ കയ്യിലടിച്ചു എന്നിട്ട് പറഞ്ഞു. സത്യം. ഞാൻ ഈ ശീലം നിർത്തും.. ശീലിച്ചുപോയി… ഇപ്പോൾ കൺട്രോൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വൈഫിന് ഇത് തീരെ ഇഷ്ടമില്ല. ഞാനിത് നിർത്തും നൊ ഡൗട്ട്.

അയാൾ നിർത്തി നിർത്തി പറഞ്ഞു. ആശ്വാസത്തോടെ അയാളെ യാത്രയാക്കി

വീട്ടിലേക്ക് കാറോടിക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു. കാലുഷ്യവും നീരസവുമെല്ലാം എങ്ങോ പോയ് മറഞ്ഞപോലെ.. അല്ലെങ്കിൽത്തന്നെ വിദ്യഭ്യാസത്തിൽ എന്താണുള്ളത്? മികച്ച വിദ്യഭ്യാസം നേടിയവരെല്ലാം ജീവിത വിജയം നേടുന്നുണ്ടോ? സ്കൂളിന്‍റെ പടി പോലും ചവിട്ടാത്ത ഒരു പാട് പേരെ നേരിട്ടറിയാം. ജീവിത വിജയം നേടുന്നവർ, നേടിക്കൊണ്ടിരിക്കുന്നവർ..

ജീവിത വിജയം നേടുന്നത് അവനവന്‍റെ കഴിവും മിടുക്കും കൊണ്ടു തന്നെയാണ്. വിദ്യഭ്യാസം ജീവിത വിജയത്തിലേക്കുള്ള ഒരു ഘടകം മാത്രമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ വാട്സപ്പും ഫേസ് ബുക്കും. ഇന്നത്തെ കാലത്ത് ഇത്തരം സമയം കൊല്ലി സംഭവങ്ങളിൽ അധികം താത്പര്യം കാട്ടാതിരിക്കുന്നതാണ് നല്ലത്. എന്തൊക്കെ മോശമായ വാർത്തകൾ ഇതുമായി ബന്ധപ്പെട്ടു ദിവസവും കേൾക്കുന്നു. ഇത്തരം സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് അറിവില്ല എന്നത് ക്വാളിറ്റി ആയാണ് കാണേണ്ടത്… ശരി. അമ്മയോട് നേരിട്ട് തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം അറിയിക്കണം. പുതുതായി ടാറിട്ട റോഡിലൂടെ വേഗതയിൽ കാറോടിക്കുമ്പോൾ മനസ്സിൽ ആഹ്ലാദം തിരതല്ലുകയായിരുന്നു…..

എന്‍റെ എല്ലാമെല്ലാമല്ലെ എന്‍റെ ചേലൊത്ത കൺമണിയല്ലെ… കുയിൽ നാദം കേട്ടപ്പോഴാണ് ചെറുമയക്കത്തിൽ നിന്നുണർന്നത്. ഉച്ചക്ക് ആഹാരം കഴിഞ്ഞാൽ ഓഫീസിലെ സുഖശീതളിമയിൽ അല്പനേരം മയങ്ങാറുണ്ട്. ഇന്നെന്തോ ഒരു പാട് മയങ്ങിപ്പോയി. ഫോൺ സൈലന്‍റിൽ ആക്കുവാൻ മറന്നും പോയി. ഭാര്യയുടെ വീഡിയോ കോൾ ആണ്. ഫോൺ എടുത്തു. അവൾ വളരെ സന്തോഷത്തിലാണ്.

കാര്യമെന്തെന്നാൽ അവളുടെ യുടൂബ് ചാനലിന് ഒരു മില്യൺ ഉപഭോക്താക്കൾ ആയി പോലും. നാടൻ പലഹാരങ്ങളും നാടൻ കറികളും ഉൾക്കൊള്ളുന്ന പാചകവിധികളാണ് ‘അമ്മൂസ് കിച്ചൻ’ എന്ന് അറിയപ്പെടുന്ന അവളുടെ ചാനലിനുള്ളത്. നല്ലൊരു തുക വരുമാനവുമുണ്ട്. ലോകമെമ്പാടും ആരാധകരും. ഞാൻ അഭിനന്ദനം അറിയിച്ചു. ഉടനെ അവളുടെ ചോദ്യം

‘ഇന്നത്തെ നാലു മണി ഡിഷ് എന്താണെന്നറിയാമോ? ഇടിയപ്പവും കുമ്പളങ്ങയിട്ട ചിക്കൻ കറിയും പത്തു മിനിറ്റിനുള്ളിൽ ഒക്കെയാവും.

പിന്നെ എനിക്ക് ഓഫീസിൽ ഇരിപ്പുറച്ചില്ല…..

और कहानियां पढ़ने के लिए क्लिक करें...