മട്ടാഞ്ചേരിയിൽ വച്ചാണ് ഓസ്‌ട്രിയക്കാരിയായ ജാസ്‌മിൻ ജസ്‌ലറെ കണ്ടുമുട്ടിയത്. കഴിഞ്ഞ അഞ്ച് വർഷമായി അവർ എല്ലാ സീസണിലും കൊച്ചി സന്ദർശിക്കാൻ വരുന്നുണ്ട്. സംസാരത്തിനിടയിൽ കൗതുകകരമായൊരു നിരീക്ഷണം അവർ പങ്കു വച്ചു. “ഓരോ വർഷവും ഇവിടെ വരുമ്പോൾ രണ്ടു കാര്യങ്ങൾ പെരുകുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ഒന്ന് കൊച്ചിയിലെ കൊതുകുകളും മറ്റൊന്ന് മൊബൈൽ ഉപയോഗിക്കുന്നവരുടെ എണ്ണവും.” ശരിയാണ്, ഇപ്പോൾ കൊച്ചിയുടെ രാജാക്കന്മാർ കൊതുകുകളാണ്! എറണാകുളത്തെ മോഡേൺ ബ്രഡിന്‍റെ ഫാക്‌ടറിയുടെ മുന്നിലൂടെ പോകുമ്പോൾ ബ്രഡിന്‍റെ മോഹിപ്പിക്കുന്ന മണം അനുഭവിക്കുന്നതു പോലെ കൊച്ചിയിലെത്തിയാൽ കൊതുകിന്‍റെ കടി അനുഭവിക്കാത്തവരും വിരളമായിരിക്കും.
സന്ധ്യയായാൽ കൊച്ചി നിവാസികൾക്ക് പട്ടാളക്കാരന്‍റെ മനസ്സാണ്. എല്ലാവരും ജാഗരൂകരാവും. വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിടും. കൊതുകുതിരി കത്തിക്കും. ബാറ്റ് എടുക്കും. ചിലർ ശരീരത്തിൽ ക്രീം പുരട്ടും, കൊതുകു വല കെട്ടും. റെപ്പലന്‍റ് ലിക്വിഡ് സ്വിച്ച് ഓൺ ചെയ്യും... യുദ്ധം തുടങ്ങുകയായി. കൊതുകുകളെ തുരത്താനുള്ള യുദ്ധം! വർഷങ്ങളായി ഈ യുദ്ധം തുടങ്ങിയിട്ട്. ഇപ്പോഴും പന്ത് കൊതുകുകളുടെ കോർട്ടിലാണ്. മനുഷ്യരെ കടിക്കാൻ കൊതുകുകൾക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ല. പക്ഷേ കൊതുകുകളെ തുരത്താൻ ആളുകൾക്ക് നല്ല പണച്ചെലവുണ്ട്.
“ബാറ്റിന്‍റെയും വലയുടേയും ലിക്വിഡിന്‍റെയും ബില്ല് കൂട്ടി നോക്കിയാൽ നമ്മുടെ കണ്ണ് തള്ളിപ്പോവും. കുട്ടികൾ ഉള്ള വീട്ടിലാണെങ്കിൽ പറയുകയും വേണ്ട. അത്തരം വീടുകളിൽ ഇതൊക്കെ കത്തിച്ചു വയ്‌ക്കുന്നത് കൂടാതെ മുഴുവൻ സമയവും ഫാൻ ഇട്ടുവയ്‌ക്കുന്നതുകൊണ്ട്, കൊതുകിനെ ഓടിക്കാൻ കറന്‍റും ചെലവാകുമല്ലോ! അതിനാൽ കൊച്ചിക്കാർക്ക് കൊതുകിനെ തുരത്താനായി സർക്കാർ സബ്‌സിഡി നൽകേണ്ടതാണ്.” കാര്യവും തമാശയും കലർന്ന സ്വരത്തിൽ വടുതലയിൽ ഓട്ടോ ഡ്രൈവറായ രാജൻ പറയുന്നു.
ഈ നഗരത്തിന്‍റെ മുഖമുദ്രയാണ് കൊതുകുകൾ എന്ന ചിന്താഗതിക്കാരുമുണ്ട്. ഓരോ നഗരത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട്. പക്ഷേ കൊച്ചിയുടെ ശാപമാണ് കൊതുകുകൾ. കൊച്ചിയുടെ പേരിൽ ഒരു കൊതുക് പോലും ഉണ്ടല്ലോ. ഈഡിസ് കൊച്ചി! അസാധാരണവും വളരെ ആകർഷകവുമായ ഒരു ഇനം കൊതുകാണിത്. ആസ്‌ട്രേലിയയിലാണ് ഇവ അധികവും കണ്ടു വരുന്നത്. ഈ ഇനം കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. കൊച്ചിയിലും ഈ ഇനത്തിലുള്ള കൊതുകുകളുടെ സാന്നിദ്ധ്യം ഉണ്ട്.
കൊതുക് മൂളുമ്പോൾ കാശ് പോകുന്നു
ഒരു മാസം വിനോദങ്ങൾക്ക് ചെലവഴിക്കുന്നതിനേക്കാൾ കാശാണ് കൊതുകിനെ തുരത്താൻ കൊച്ചി നിവാസികൾക്ക് വേണ്ടി വരുന്നത്. അതിന്‍റെ ബജറ്റ് ഏകദേശം താഴെ കൊടുക്കുന്നു.
- കൊതുക് ബാറ്റിന്‍റെ വില- 150 രൂപ മുതൽ 1,200 രൂപ വരെ.
- കൊതുക് വലയുടെ വില- 130 രൂപ മുതൽ 1,300 രൂപ വരെ.
- ബ്രാന്‍റഡ് വേപോറൈസർ - 60 രൂപ മുതൽ 110 രൂപ വരെ.
- മോസ്‌കിറ്റോ റെപ്പലന്‍റ് ക്രീം- 150 രൂപ മുതൽ 250 രൂപ വരെ.
ഇതു കൂടാതെ ഒറ്റത്തവണ ദീർഘകാല അടിസ്‌ഥാനത്തിലേയ്‌ക്ക് ചെലവഴിക്കുന്ന തുകയുമുണ്ട്. ഉദാ: ജനലിനും വാതിലിനും നെറ്റ് അടിയ്‌ക്കാനും എയർ ഹോളുകൾക്ക് നെറ്റ് വിൻഡോ പിടിപ്പിക്കുവാനും മറ്റും. മാഗ്നറ്റിക് നെറ്റുകളും റോളർ സ്‌ക്രീനുകളും വാങ്ങുന്നതിനുള്ള ചെലവും ഈ ബജറ്റിന്‍റെ ഭാഗമാണ്. ഇന്ത്യയിലെ റെപ്പലന്‍റ് മാർക്കറ്റ് ഈ വർഷം 30 ബില്യനില്‍ കൂടുതലായിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളേക്കാൾ വളരെ കൂടുതലാണിത്.