ഫാഷൻ ഷോ കാണുമ്പോൾ അങ്ങനാ... എനിക്ക് നമ്മുടെ പൂർവ്വികരെ ഓർമ്മ വരും. അതൊരു രോഗമാണോ എന്തോ? ആദിമ മനുഷ്യൻ നടന്നു വരുന്ന പോലെയല്ലേ അർദ്ധനഗ്നരായ സുന്ദരികളുടെയും സുന്ദരന്മാരുടെയും വരവ്! കുറേ നേരം ആ പൂച്ച നടത്തം നോക്കിയിരുന്നപ്പോൾ ഇലകൾ കൊണ്ട് നാണം മറച്ച് നടന്നിട്ടുള്ള എന്‍റെ പൂർവ്വികരെ ഓർമ്മ വന്നു പോയി. സത്യം! ചരിത്രം ആവർത്തിക്കുകയാണോ എന്നൊരാശങ്ക. ആദിമ മനുഷ്യന്‍റെ അവസ്‌ഥ ആധുനിക മാനവും ഉണ്ടാകുമോ?
യൂറോപ്പിൽ സ്ത്രീ പുരുഷന്മാർ ബീച്ചിൽ സൂര്യസ്നാനം ചെയ്യുന്നതു കാണുമ്പോഴും ഇതേ ആശങ്ക എന്‍റെ മനസ്സിൽ ഉണരാറുണ്ട്. നഗ്നരായി ജീവിക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹത്തിന് കാലപ്പഴക്കവും ദേശഭേദവുമില്ല.
ബോളിവുഡ് സിനിമയിലെ പാട്ടു സീനുകളിൽ ഏറ്റവും അനിവാര്യമായ ഒരു കാര്യമാണല്ലോ ഐറ്റം ഡാൻസ്! അതിൽ നായികയാവട്ടെ, എക്സ്ട്രാ ആവട്ടെ നൃത്തം ചെയ്യുന്നത് ഒട്ടുമുക്കാലും നഗ്നമേനിയോടെയായിരിക്കും. പഴയ ജനറേഷനോട് സിൽക്ക് സ്മിതയുടെ ഗാനരംഗങ്ങൾ ഓർമ്മയുണ്ടോ ചോദിച്ചു നോക്കൂ. അവർ പാടിത്തരും!
ദേശീയ, അന്തർ ദേശീയ ചലച്ചിത്രോത്സവങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? അതിൽ പങ്കെടുക്കാനെത്തുന്ന നടിമാരുടെ വസ്‌ത്രധാരണം ബഹുവിചിത്രമാണ്. കാണേണ്ടതെല്ലാം മറച്ചും, കാണേണ്ടാത്തതെല്ലാം കാണിച്ചും അവർ നടന്നു വരുന്ന കാഴ്ച! അമ്പോ ഓർമ്മിക്കാനേ വയ്യ.
കൈകൾ, പുറം, മാറിടം, തുടകൾ ഇതൊക്കെ അനാവൃതമാക്കിയുള്ള ഫാഷൻ ഡ്രസുകൾ. ഇതിനെ ഡ്രസ് എന്നു വിളിക്കാമോ എന്തോ. ബാക്കി ഭാഗങ്ങളൊക്കെ സുതാര്യമായ എന്തോ ഒരു തുണി കൊണ്ട് മറച്ചപോലെ ഉണ്ടാകും. ചിലതു കണ്ടാൽ തോന്നും, ഇപ്പോൾ താഴെ വീഴും എന്ന്. ദേ വന്നു ദാ പോയി എന്ന് പറയേണ്ടി വരുന്ന അവസ്‌ഥ. സിനിമ ഭാഷയിൽ ഇതിനെ ഗ്ലാമർ ഷോ എന്നൊക്കെ പറയും. പക്ഷേ ഗ്ലാമർ ഷോ പെണ്ണുങ്ങളുടെ കുത്തകയാണോ?
ടിവി ചാനലുകളിൽ വരുന്ന പരസ്യങ്ങൾ കണ്ടിട്ടില്ലേ. സ്ത്രീ ശരീരമാണ് ഫാഷൻ പരേഡ് നടത്താനുള്ള ഏറ്റവും നല്ല സാമഗ്രി. മിഠായി മുതൽ കോഫി വരെ, ഷൂ പോളിഷ് മുതൽ മദ്യം വരെ. എല്ലാത്തിനും പെണ്ണുങ്ങൾ മതിയല്ലോ. ആണുങ്ങളുടെ ഷേവിംഗ് ക്രീമിനു പോലും പെണ്ണിനെ മോഡലാക്കുന്നതിന്‍റെ തന്ത്രം എന്താ? താടി വടിക്കുന്നത് പുരുഷൻ... മോഡലിംഗ് ചെയ്യാൻ സ്ത്രീ!
ഇനി ഇതൊക്കെ കേട്ടിട്ട് എല്ലാം കാലത്തിന്‍റെ കുഴപ്പം എന്നു പറയാമോ? അതു പറ്റില്ല. പണ്ടും ഉണ്ടായിരുന്നുവല്ലോ സ്ത്രീ സൗന്ദര്യം വച്ചുള്ള കളികൾ. ഇന്ദ്രസദസ്സിൽ നിന്നു തുടങ്ങിയതല്ലേ ഈ വേലത്തരങ്ങൾ. വിശ്വമിത്രനെ പോലൊരു മഹാമുനിയെ വെട്ടിലാക്കാൻ മേനകയുടെ അപ്സര സൗന്ദര്യമാണ് ഇന്ദ്രൻ വിനിയോഗിച്ചത്.
സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ 72 ഹൂറികളെ കിട്ടാൻ വേണ്ടി തീവ്രവാദികൾ ഇപ്പോൾ എത്ര പേരെയാണ് ഇല്ലായ്മ ചെയ്യുന്നത്. സ്ത്രീകൾക്ക് 72 സുന്ദരന്മാരെ കിട്ടും എന്ന വ്യവസ്‌ഥ കൂടി ഉണ്ടായിരുന്നെങ്കിലോ? ഓർക്കാനേ വയ്യ!
സ്വർഗ്ഗത്തിൽ പോലുമുണ്ട് സ്ത്രീകളോട് അനീതി. തനിക്കായി 72 ഹൂറികളെ തെരയുന്ന സഹോദരൻ, സ്വന്തം സഹോദരിക്കായും 72 സുന്ദരന്മാരെ കണ്ടെത്തേണ്ടി വന്നേനെ!