മനസ്സമ്മതം

“സുഭാഷ് നമുക്കിന്ന് നാടകം കാണാൻ പോകണ്ടേ?” സുമി വളരെ താൽപര്യത്തോടെയാണ് ചോദിച്ചത്.

“ഏത് നാടകം…?” സുഭാഷ് ആകാംഷയോടെ തിരക്കി.

“സാഹിത്യ അക്കാദമി ഹാളിൽ ഒഥല്ലോ കാണണമെന്ന് മുമ്പ് ഞാൻ പറഞ്ഞത് മറന്നുപോയോ?”

“ഓ… അത്…. ഞാൻ….”

“എന്താ പോകമല്ലേ…” സുമി വീണ്ടും ചോദിച്ചു.

“എന്നാൽ ഒരു കാര്യം, നാടകം കഴിഞ്ഞ് നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം. പിന്നെ നിന്നെ വീട്ടിലും കൊണ്ടുവിടാം. എന്താ?” സുഭാഷ് പറഞ്ഞു.

“അയ്യോ വീട്ടിലേക്ക് വരണമെന്നോ…”

“പേടിക്കണ്ട, നിന്‍റെ അമ്മയ്ക്ക് എന്നെ വിശ്വാസമല്ലേ.”

“ശരി, ഇന്ന് ക്ലാസ് കഴിഞ്ഞ് നമുക്ക് പോകാം.” സുമി പെട്ടെന്നുണ്ടായ നാണത്താൽ തല താഴ്ത്തി.

മൂന്നാം വർഷ എംബിബിഎസ് ബിരുദ വിദ്യാർത്ഥികളായ സുഭാഷും സുമിയും ഒന്നിച്ച് ജീവിക്കാൻ സ്വപ്നം കാണുന്നവരായിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ വീട്ടുകാർ ഈ ബന്ധം അംഗീകരിക്കുമോ എന്ന ആശങ്ക ഇരുവർക്കുമുണ്ട്. എങ്കിലും അതൊന്നും അവരുടെ പ്രണയത്തിന് മങ്ങൽ ഏൽപ്പിക്കുന്നില്ല. പഠനശേഷം വിവാഹിതരാകാമെന്ന ഉറച്ച തീരുമാനത്തിലാണ് അവർ.

വളരെ കാൽപനികമായ രീതിയിലാണ് അവരുടെ പ്രണയം മൊട്ടിട്ടത്. ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുകയായിരുന്ന സുമി എതിരെ വരുന്ന ഒരു കുട്ടിയുമായി കൂട്ടിയിടിച്ചു. അവളുടെ കൈയിൽ നിന്നും പുസ്തകങ്ങൾ താഴെ വീണു. അപ്പോൾ അതുവഴി വരുകയായിരുന്ന സുഭാഷ് പുസ്തകങ്ങളെടുത്ത് അവൾക്ക് നൽകി. നന്ദി, ഒറ്റവാക്കിലൊതുക്കി സുമി അവിടെ നിന്ന് നടന്നകന്നു. പിന്നീട് മിക്ക ദിവസവും സുഭാഷ് അവളെ കാണുവാൻ കാത്ത് നിൽക്കുക പതിവായി.

ഒരു മഴക്കാല പകൽനേരത്ത് സുമി സുഭാഷിനോട് ചേർന്ന് നിന്ന് ആശങ്കപ്പെട്ടു. “നീ ഹിന്ദുവും ഞാൻ ക്രിസ്ത്യാനിയുമാണെന്ന് നിനക്കറിയാമല്ലോ. നമ്മുടെ ബന്ധം വീട്ടുകാർ അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിന്‍റെ സമുദായം നമുക്ക് എതിരായിരിക്കും തീർച്ച.”

“എനിക്ക് ജാതിയിലും മതത്തിലും തീരെ വിശ്വാസമില്ല. മൂന്ന് വർഷമായിട്ടും നിനക്കത് മനസ്സിലായില്ലേ?” സുഭാഷ് മഴനാരുകളിലേക്ക് നോക്കി.

“നീ എന്തൊക്കെ പറഞ്ഞാലും നമ്മൾ ഈ സമൂഹത്തില്ലല്ലേ ജീവിക്കേണ്ടത്?” മനസ്സിൽ ആധിപെയ്യുന്ന മുഖമായിരുന്നു സുമിക്കപ്പോൾ.

“ജാതിയും മതവുമൊന്നുമല്ല വലുത്. എനിക്കതിൽ വിശ്വാസവുമില്ല. മനഷ്യത്വമാണ് ഏറ്റവും പ്രധാനം. മനുഷ്യരെല്ലാം തുല്യരാണ്. എന്‍റെ അമ്മയും നിന്‍റെ സമുദായക്കാരി തന്നെയാണ്. നിനക്കറിയാമോ, എന്‍റെ അച്ഛന്‍റെ വിവാഹം തറവാടിത്തമുള്ള ഒരു ഹിന്ദു കുടുംബത്തിലെ പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതാണ്.  എന്നാൽ വിവഹത്തലേന്ന് അവർ മറ്റൊരാളൊടൊപ്പം ഒളിച്ചോടി. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരു സ്ത്രീയെയാണ് പിന്നെ അച്ഛൻ വിവാഹം കഴിച്ചത്. അദ്ദേഹം വീട്ടുകാരുടെയോ സമൂഹത്തിന്‍റെയോ സമ്മതത്തിന് കാത്തുനിന്നില്ല.”

സുഭാഷ് ഇത് പറയുമ്പോൾ സുമി ആകാംഷയോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അവൾക്കെന്തെങ്കിലും മിണ്ടാൻ പോലും കഴിഞ്ഞില്ല.

“എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി, നിനക്കെന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ? നിന്‍റെ അമ്മ എതിരുനിൽക്കില്ലെന്നാണ് എന്‍റെ വിശ്വാസം.” സുഭാഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി.

“സമയം ഏറെയായി. നമുക്ക് പിന്നീട് സംസാരിക്കാം.” സുമി മഴയിലേക്കിറങ്ങി നടന്നു. സുഭാഷ് തന്‍റെ പ്രണയം മഴയിൽ മറയുന്നത് നോക്കി നിന്നു.

സ്വപ്നം കാണാൻ വളരെ എളുപ്പമാണ് എന്നാൽ സ്വന്തമാക്കാനാണ് പാട്. അയാൾ നെടുവീർപ്പിട്ടു.

രണ്ട് ദിവസം സുമിയെ കോളേജിൽ കാണാതിരുന്നപ്പോൾ സുഭാഷിന് ആശങ്കയായി. അവൾക്കെന്തുപറ്റി? ഒരുപക്ഷേ ഞാൻ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ അവളെ വേദനിപ്പിച്ചു കാണുമോ? അന്ന് ക്ലാസിലിരിക്കാൻ സുഭാഷിന് ഒട്ടും മനസ്സുണ്ടായില്ല. അയാൾ ഉച്ചയോടെ കോളേജിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടു. “അമ്മേ, ഞാൻ സുമിയുടെ വീട്ടിലൊന്നുപോയി അന്വേഷിക്കട്ടെ.” സുഭാഷ് തന്‍റെ അമ്മയോട് കാര്യങ്ങളെല്ലാം തുറന്ന് പറയാറുണ്ടായിരുന്നു. അമ്മയ്ക്കും ആ ബന്ധത്തിന് എതിരൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അച്ഛൻ രാജേന്ദ്ര പ്രസാദിന് അതിൽ വലിയ താൽപര്യമില്ല. മകന്‍റെ ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ വച്ചുപുലർത്തുന്ന ആളായിരുന്നു അദ്ദേഹം.

സുമിയുടെ വീട്ടിലെത്തിയ സുഭാഷ് കോളിംഗ്ബെല്ലടിച്ചു. അമ്മയാണ് വാതിൽ തുറന്നത്. “വരൂ, സുമിയോടൊപ്പം പഠിക്കുന്നയാളല്ലേ?”

“അതേ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ്.” സുഭാഷ് പറഞ്ഞു.

സുഭാഷിനെ കണ്ടയുടൻ സുമി കട്ടിലിൽ നിന്നും ചാടിയെണീക്കാൻ ശ്രമിച്ചു.

“വേണ്ട, കിടന്നോളൂ.” അപ്പോഴേക്കും ഇരിക്കാനായി അമ്മ കസേര എടുത്തിട്ടു. സുഭാഷ് തന്നെ കാണാൻ വന്നതിൽ സുമിക്ക് അതിയായ സന്തോഷം തോന്നി.

“കൊള്ളാം, അസുഖം വരുത്തി വച്ചല്ലേ? രോഗികളെ നോക്കേണ്ടവർ തന്നെ കിടപ്പിലായാലോ. മഴ നനയരുതെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ.”

“സാരമില്ല മോനേ, ഞാൻ മരുന്ന് വാങ്ങിക്കൊടുത്തിട്ടുണ്ട്.” അമ്മ പറഞ്ഞു.

“അസുഖം വേഗം മാറട്ടെ. ഇനി അധികം വൈകാൻ ഞാൻ അനുവദിക്കില്ല. ഇവളെ എനിക്കന്‍റെ വീട്ടിലേക്ക് കൊണ്ടുപോകണം. അച്ഛനുമമ്മയ്ക്കും ഇവളെ കാണുവാൻ കൊതിയായി.”

“മോനേ, ഇവളെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താണ്?”

“എന്‍റെ ഭാര്യയാകാനുള്ള എല്ലാ യോഗ്യതകളും ഇവൾക്കുണ്ടെന്നാണെന്‍റെ വിശ്വാസം.” സുഭാഷ് പറഞ്ഞു. ഈ സമയം സുമി അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് കിടക്കുകയായിരുന്നു.

“ഞങ്ങൾക്ക് എത്രയും വേഗം ഇവളുടെ വിവാഹം നടത്തിയാൽ കൊള്ളണമെന്നുണ്ട്.” അമ്മ പറഞ്ഞു.

“ഞാനും അതിന് തയ്യാറാണ്. ക്ലാസ് കഴിഞ്ഞാലുടൻ വിവാഹം നടത്താനാണ് എനിക്കും താൽപര്യം. ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്.”

“ഇവളുടെ സഹോദരൻ ഇക്കാര്യം അറിഞ്ഞപ്പോൾ വലിയ ദേഷ്യത്തിലായിരുന്നു. അൽപം സ്വാതന്ത്ര്യം കൊടുത്തപ്പോഴേക്കും അവൾ സ്വയം തീരുമാനമെടുത്ത് തുടങ്ങിയെന്നും അന്യമതക്കാരനെ വിവാഹം കഴിക്കുന്നതൊന്നു കാണട്ടെ എന്നും പറഞ്ഞ് ബഹളമായിരുന്നു ഇവിടെ.” അമ്മയുടെ കണ്ണ് കലങ്ങി തുടങ്ങിയിരുന്നു.

“നിങ്ങളുടെ വിവാഹം നടക്കണമെന്ന് തന്നെയാണ് എന്‍റെയും ആഗ്രഹം. എന്നാൽ അവന്‍റെ പിടിവാശിയാണ് തടസ്സമായിരിക്കുന്നത്. ഒരു സുഹൃത്തിനെക്കൊണ്ട് സുമിയെ വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവൻ. അച്ഛന്‍റെ മരണശേഷം കുടുംബകാര്യങ്ങളെല്ലാം എറ്റെടുത്തു നടത്തുന്നത് അവനാണ്. അവന്‍റെ തീരുമാനത്തെ എതിർക്കാൻ എനിക്കും കഴിയുന്നില്ല. ഇതേക്കുറിച്ച് തന്നെ ചിന്തിച്ചാണ് ഇവൾക്ക് അസുഖമായത്. മോനേ, നീ തന്നെ മാർഗ്ഗം പറഞ്ഞുതാ. ഒരു ഭാഗത്ത് മകന്‍റെ അഭിമാനപ്രശ്നവും മറ്റൊരിടത്ത് മകളുടെ സന്തോഷവും നോക്കണമെനിക്ക്.” അമ്മമനസ്സ് വിതുമ്പി.

“അമ്മ വിഷമിക്കാതിരിക്കൂ, ചേട്ടനെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം. സമ്മതിക്കുമെന്നാണ് എന്‍റെ വിശ്വാസം.” സുഭാഷ് സമാധാനിപ്പിച്ചു.

അവരിത് പറഞ്ഞിരിക്കുമ്പോൾ സുമിയുടെ സഹോദരൻ സുനിൽ വീട്ടിൽ എത്തി. വന്നയുടൻ സുമിയുടെ അസുഖം കുറവായോ എന്നന്വേഷിച്ചു. സുഭാഷിനെ കണ്ട് ഹലോ എന്നു പറഞ്ഞ് കൈ പിടിച്ചു. സുനിലിന്‍റെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് അമ്മയ്ക്കും സുമിക്കും ആശ്ചര്യം തോന്നി.

“എന്തൊക്കെയുണ്ട് വിശേഷം, ഒരുപാട് നാളായല്ലോ കണ്ടിട്ട്.” സുനിൽ ചോദിച്ചു.

“സുഖം തന്നെ ചേട്ടാ.”

“നിങ്ങൾ വർത്തമാനം പറഞ്ഞിരിക്ക് ഞാൻ ചായ എടുക്കാം.” അമ്മ പറഞ്ഞു.

“വേണ്ടമ്മേ, ഞാൻ ഇറങ്ങുകയാണ്. വീട്ടിൽ അമ്മ കാത്തിരിക്കുന്നുണ്ടാകും.”

“അൽപം കഴിഞ്ഞ് പോകാം. എനിക്ക് പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ട്.” സുനിൽ സുഭാഷിന്‍റെ കൈയിൽ പിടിച്ചിരുത്തി.

ഇതുകണ്ട് സുമിക്ക് സന്തോഷമായി. മുമ്പ് ചേട്ടന്‍റെ ഭാഗത്തു നിന്നും ഇതുപോലെ ഒരു പെരുമാറ്റം ഉണ്ടായിട്ടില്ലല്ലോ. ഇപ്പോഴെന്താ ഇങ്ങനെയൊക്കെ… അവൾ വിചാരിച്ചു.

അമ്മ ചായയും പലഹാരങ്ങളുമായി വന്നു.

“അമ്മേ, ഇതൊന്നും വേണ്ടായിരുന്നില്ല, ബുദ്ധിമുട്ടായില്ലേ?” സുഭാഷ് പറഞ്ഞു.

“എന്ത് ബുദ്ധിമുട്ട്, ഇതൊക്കെ ചെയ്യേണ്ടത് ഒരു മര്യാദയല്ലേ, അതുതന്നെയുമല്ല നീ എന്‍റെ അളിയനാകാൻ പോകുകയല്ലേ?” സുനിൽ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.

“മോനേ, നീ ശരിക്കും തീരുമാനിച്ച് തന്നെയാണോ?” അമ്മ അകത്തേക്ക് വന്ന സുനിലിനോട് ചോദിച്ചു.

സുമിയും ചേട്ടന്‍റെ വാക്കുകൾക്കായി കാതോർത്തു. സുനിൽ മൗനമായിരിക്കുന്നത് കണ്ട് അവൾ പറഞ്ഞു, “ചേട്ടാ, എന്‍റെ നിർബന്ധം കൊണ്ടാണോ ഇതിന് സമ്മതിച്ചത്. ചേട്ടന് ഇഷ്ടമല്ലെങ്കിൽ ഞാൻ തടസ്സം നിൽക്കില്ല. ചേട്ടൻ കണ്ടെത്തുന്നയാളെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്.” സുമിക്ക് സ്വയം നിയന്ത്രിക്കാനായില്ല.

“നീയെന്താണീ പറയുന്നത്. ആദ്യമായി കാണുന്ന ഒരാളെക്കുറിച്ച് നീ എങ്ങനെ മനസ്സിലാക്കും? അയാൾ എങ്ങനെയുള്ള ആളാണ്, സ്വഭാവം നന്നാണോ എന്നൊന്നും അറിയാതെ വിവാഹം കഴിക്കുമോ?” സുനിൽ ചോദിച്ചു.

“ചേട്ടാ, എനിക്ക് ദോഷം വരുന്ന ഒരുകാര്യവും ചേട്ടൻ ചെയ്യില്ലെന്ന് എനിക്കറിയാം. ചേട്ടൻ കണ്ടെത്തുന്ന ആളെ ഞാൻ വിവാഹം കഴിക്കും.” ഇതുപറയുമ്പോൾ സുമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

“സുമി, ഞാൻ കണ്ടെത്തിയിരുന്ന പയ്യൻ എന്നെ വഞ്ചിക്കാൻ ശ്രമിക്കുകയായിരുന്നു. അയാൾ എഞ്ചിനീയറൊന്നുമല്ല, വ്യാജ സർട്ടിഫിക്കറ്റുകളായിരുന്നു കൈവശമുണ്ടായിരുന്നത്. ഇപ്പോൾ അയാളെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പറഞ്ഞ് പറ്റിച്ച് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു പോയിരിക്കുകയാണ്. ഞാൻ എന്‍റെ തെറ്റ് മനസ്സിലാക്കുന്നു.” സുനിൽ കുറ്റബോധത്തോടെയാണ് പറഞ്ഞത്. ഇത് കേട്ടപ്പോൾ എല്ലാവരും അൽപസമയത്തേക്ക് ഒന്നും മിണ്ടിയില്ല.

“മോനേ, വിഷമിക്കാതിരിക്കൂ, ഏതായാലും നമ്മൾ നേരത്തേ വിവരമറിഞ്ഞത് നന്നായി, അല്ലെങ്കിൽ നമ്മുടെ മോളുടെ ജീവിതം…” അമ്മയ്ക്ക് മുഴുവിപ്പിക്കാനായില്ല.

അതുവരെ വല്ലാത്തൊരവസ്ഥയിൽ പുറത്തിരുന്ന സുഭാഷ് മുറിയിലേക്ക് ചെന്നു. അമ്മയും സുമിയും കണ്ണ് തുടച്ചു. സുനിൽ സുഭാഷിന്‍റെ കൈയിൽ മുറികെ പിടിച്ചുകൊണ്ട് പറഞ്ഞു.

“ഇന്ന് എന്തായാലും ഇവിടെനിന്ന് ഊണുകഴിച്ച് പോയാൽ മതി, ഞാൻ നിങ്ങളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. അടുത്ത ദിവസം ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്. അച്ഛനെയും അമ്മയെയും കണ്ട് തീയതി നിശ്ചയിക്കണം.”

“സുമി എഴുന്നേൽക്ക്, നിനക്ക് സന്തോഷമായല്ലോ. അമ്മേ , ഭക്ഷണം വേഗം തയ്യാറായിക്കോളൂ. ഇന്ന് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ഊണ് കഴിക്കും.” സുനിൽ ചിരിയോടെ കോലായിലേക്ക് വന്നു. സുമിയും സുഭാഷും പരസ്പ്രം നോക്കി നിന്നു. സ്നേഹം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരെപ്പോലെ!

തണൽ ചില്ലകൾ

ഏടത്തി, ഇന്നലെ എന്‍റെ കൂട്ടുകാരികൾ ഏട്ടത്തി ഉണ്ടാക്കിയ ഫ്രൈഡ് റൈസ് കഴിച്ച് എന്നെ ഒരുപാട് പ്രശംസിച്ചു. അറിയാമോ, എല്ലാവരും കഴിച്ചു. സ്നേഹ സന്തോഷത്തോടെ ലഞ്ച് ബോക്സ് ബാഗിൽ വയ്ക്കുന്നതിന് ഇടയ്ക്ക് പറഞ്ഞു. ഏടത്തിയെ സോപ്പിട്ട് വീഴ്ത്തല്ലേ മോളെ, സൂരജ് ചിരിച്ചു.

സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്നത് എങ്ങനെ എന്ന് ഏടത്തിയോട് ചോദിച്ചു പഠിക്കുവാൻ പോവുകയാണ് ഞാൻ. അവധി കിട്ടിയിട്ട് വേണം…

എന്നും ഏടത്തി കഷ്ടപ്പെടുന്നതല്ലേ, അവധി ദിവസമെങ്കിലും ഏടത്തിക്ക് അല്പം വിശ്രമം കൊടുത്തുകൂടെ? ഗൗരവത്തോടെ സൂരജ് പറഞ്ഞു.

സാധാരണ ഇത്തരം സംഭാഷണങ്ങൾ തുടങ്ങുമ്പോഴേ അശ്വതി സൂരജിനെയും സ്നേഹയേയും തടയാറുണ്ടായിരുന്നു. പക്ഷേ അന്ന് അവൾ നിശബ്ദയായിരുന്നു. സ്നേഹയുടെയും സൂരജിന്‍റെയും സംഭാഷണം കേട്ടിട്ടേയില്ല എന്ന് തോന്നിപ്പിച്ചു. അവളുടെ മുഖഭാവം. സ്നേഹയും സൂരജും ഓഫീസിൽ പോകുന്നതിന്‍റെ തിരക്കിലായിരുന്നു. അശ്വതിയുടെ മാറ്റം ശ്രദ്ധിച്ചിരുന്നില്ല. അശ്വതിയുടെ ഭാവങ്ങൾ വായിക്കുവാൻ അവരുടെ പക്കൽ തീരെ സമയം ഉണ്ടായിരുന്നില്ല.

അശ്വതി ഒന്നിങ്ങോട്ടു വന്നേ, രാജീവ് ഉറക്കെ വിളിച്ചു.

ഹോ… ഇന്നും ഏട്ടനു സോക്സും ടവലും കിട്ടിയിട്ടുണ്ടാകില്ല. സ്നേഹ കളിയാക്കി. സൂരജ് വീട്ടിൽ നിന്ന് ഇറങ്ങിയതിനു തൊട്ടു പിന്നാലെ സ്നേഹയും പുറത്തേക്ക് വന്നു.

ഭർത്താവിന്‍റെ വിളി കേട്ടിട്ടും അശ്വതി യാതൊരു മറുപടിയും നൽകിയില്ല. പതിവിന് വിപരീതമായി അന്ന് ടവ്വലും സോക്സും എടുത്ത് കൊടുത്തില്ല. ഒന്നും ചോദിച്ചതുമില്ല. സാധാരണ അശ്വതി ഒരു ടവലിൽ കൈ തുടച്ചുകൊണ്ട് മന്ദസ്മിതം തൂകി ചോദിക്കും.

ഇനിയിപ്പോ എന്താ കിട്ടാത്തത്?

അന്നവൾ ഒന്നും പറയാതെ ടവലും സോക്സും എടുത്തു കൊടുത്തു. എന്നിട്ട് ഒരു വശത്തേക്ക് മാറിനിന്നു. രാജീവിന് അതിശയം തോന്നി. അശ്വതിക്ക് എന്തുപറ്റി? എന്നാൽ അശ്വതിയുടെ ഭാവം മാറ്റങ്ങൾക്ക് എന്താണ് കാരണമെന്ന് അന്വേഷിക്കാൻ രാജീവിന് ഒട്ടും സാവകാശം കിട്ടിയില്ല.

ഓഫീസിൽ എത്തിയ ശേഷവും അശ്വതിയുടെ വാടിയ മുഖം അയാളുടെ ഉള്ളിൽ അസ്വസ്ഥതയായി നിന്നു.

മൂന്നുമണിക്ക് പതിവുപോലെ അയാൾ വീട്ടിലേക്ക് ഫോൺ ചെയ്തു. മൂന്നുതവണ ഫോൺ റിങ്ങ് ചെയ്യുമ്പോഴേക്കും റിസീവർ എടുക്കാറുള്ള അശ്വതി ഇന്ന് ഒരുപാട് നേരം കഴിഞ്ഞാണ് ഫോൺ എടുത്തത്. ഒത്തിരി റിങ്ടോണുകൾക്ക് ശേഷം റിസീവർ വയ്ക്കാം എന്ന് രാജീവ് വിചാരിച്ചപ്പോഴേക്കും മറുവശത്ത് നിന്നും ഒരു തകർന്ന സ്വരം, ഹലോ…

അശ്വതി, എന്തുപറ്റി? എന്താ പ്രശ്നം?

ആവോ? എനിക്കറിയില്ല. അശ്വതി അശ്രദ്ധയോടെ പറഞ്ഞു. ഇത്തരത്തിലുള്ള വിരസ സ്വഭാവം അശ്വതിക്കുണ്ടായിരുന്നില്ലല്ലോ അയാൾ ആലോചിച്ചു.

രാജീവ് അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ഞാൻ ഇന്ന് നേരത്തെ വരും. നീ തയ്യാറായിരുന്നോ. നമുക്ക് ഒരിടത്തേക്ക് പോകണം. സിനിമയും കാണാം.

നിങ്ങൾക്ക് എവിടെയാ പോകേണ്ടത് എന്നുവെച്ചാൽ പൊയ്ക്കൊള്ളൂ… ഞാനില്ല. പറഞ്ഞുകഴിഞ്ഞെങ്കിൽ ഫോൺ വയ്ക്കട്ടെ… ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് ഓടി വന്നതാണ്… അശ്വതിയുടെ സ്വരത്തിൽ അമർഷം നിറഞ്ഞു നിന്നു.

അയ്യോ നീ ഇത്ര വൈകിയാണോ ഭക്ഷണം കഴിക്കുന്നത്? എന്താ അശ്വതി നിനക്ക് ആരോടാ ഈ ദേഷ്യം? ശരി, വൈകിട്ട് സംസാരിക്കാം. രാജീവ് പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ അശ്വതി റിസീവർ താഴെ വച്ചു. അശ്വതിയുടെ ഈ പ്രവർത്തി രാജീവിനെ ആശ്ചര്യപ്പെടുത്തി. എന്നാൽ ഓഫീസിൽവച്ച് ഇതിനെക്കുറിച്ച് ചിന്തിക്കുവാൻ അയാളുടെ പക്കൽ തീരെ സമയമില്ലായിരുന്നു.

അശ്വതി മോളെ, ഈ കണ്ണടയുടെ ചില്ല് നന്നായി തുടച്ചു തരാമോ… പുസ്തകത്തിലെ അക്ഷരങ്ങൾക്ക് ഒരു തെളിച്ചവും ഇല്ലാത്തതുപോലെ….

അച്ഛൻ എന്നും ഈ കണ്ണട വച്ചാണല്ലോ വായിക്കാറ് എന്ന് സാധാരണ പറയാറുള്ള അശ്വതി അന്ന് ഒരക്ഷരം പോലും പറയാതെ കണ്ണട വൃത്തിയാക്കി കൊടുത്തു. വൈകുന്നേരം അമിതയും രോഹിത്തും സ്കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. പക്ഷേ, അശ്വതി അതിലൊന്നും ശ്രദ്ധ കൊടുക്കാതെ കിടന്നു. സ്നേഹ ഓഫീസിൽ നടന്ന വിശേഷങ്ങൾ സാധാരണ അശ്വതി ഏടത്തിയോട് പറയുന്ന പതിവുണ്ടായിരുന്നു. എന്നാൽ അന്ന് അശ്വതി കിടക്കുന്നത് കണ്ട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

എന്തുപറ്റി ചേച്ചി? പനിയുണ്ടോ? ചുക്കുകാപ്പി കൊണ്ടു തരട്ടെ…

സ്നേഹ അടുക്കളയിൽ പോയി കാപ്പി കൊണ്ടുവന്നു. അശ്വതി അപ്പോഴും മിണ്ടാതെ ചുമരിന് അഭിമുഖമായി കിടക്കുകയായിരുന്നു.

ഇത് അമ്മയ്ക്കും അച്ഛനും കൊടുത്തിട്ട് വരാം. പിന്നെ എനിക്കും ചേച്ചിക്കും ഒന്നിച്ചിരുന്ന് കുടിക്കാമല്ലോ.

സ്നേഹ മടങ്ങി വന്നപ്പോഴും ട്രേയിൽ കാപ്പി അതേപടി ഇരിക്കുകയായിരുന്നു. അശ്വതിയാവട്ടെ അതേ കിടപ്പും. സ്നേഹയ്ക്ക് അതിശയം തോന്നി. തീരെ സുഖമില്ലാത്തപ്പോൾ പോലും ഏടത്തി ഇതുപോലെ മിണ്ടാതെ കിടന്നിട്ടില്ലല്ലോ. അവൾ ആലോചിച്ചു.

ചേച്ചി, കാപ്പി കുടിച്ച് വിശ്രമിക്കൂ. അവൾ ഇത് പറഞ്ഞപ്പോഴേക്ക് അശ്വതി ഒറ്റവലിക്ക് കുടിച്ചു തീർത്ത് കണ്ണടച്ചു കിടന്നു.

അന്ന് രാത്രി വീട്ടിലെ സകല ജോലികളും സ്നേഹയാണ് ചെയ്തുതീർത്തത്. ജോലികളെല്ലാം സ്വയം ചെയ്യേണ്ടതായ സന്ദർഭങ്ങൾ അവൾക്ക് ഉണ്ടായിട്ടില്ല. അശ്വതി ഏടത്തിയുടെ സഹായമില്ലെങ്കിൽ അവൾക്ക് ഓഫീസിൽ സമയത്ത് പോകാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവൾ അശ്വതിയോട് എപ്പോഴും ആ നന്ദി പുലർത്തി.

എന്നാൽ ഇപ്പോൾ സ്വന്തം കുട്ടികളെ പോലും ശ്രദ്ധിക്കാതെയുള്ള ഈ പെരുമാറ്റം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. അശ്വതിയുടെ ഭര്‍ത്തൃ സഹോദരനായിരുന്നു സൂരജ്. സ്വന്തം അമ്മയോട് എന്നപോലെ അശ്വതി ഏടത്തിയെ ഇഷ്ടമായിരുന്നു അവന്.

ഒരാഴ്ചയായിട്ടും ഏടത്തിയുടെ പെരുമാറ്റത്തിന് ഒരു മാറ്റവും ഉണ്ടാകാതെ വന്നപ്പോൾ സൂരജ് ആകെ അസ്വസ്ഥനായി. ഏടത്തി, എന്താ കാര്യം? എന്തായാലും പറയു ഏടത്തി? ഞങ്ങൾ ആരെങ്കിലും ഏടത്തിയുടെ മനസ്സ് നോവിച്ചോ? അറിയാതെ ആരെങ്കിലും ഏടത്തിയെ വിഷമിപ്പിച്ചോ? എന്തായാലും പറയൂ പ്ലീസ്….

ഒന്നുമില്ല, ആരും ഒന്നും പറഞ്ഞില്ല. ആരും എന്നോട് മോശമായി പെരുമാറിയതും ഇല്ല. അശ്വതി അരിശത്തോടെ സൂരജിനോട് പറഞ്ഞു.

പിന്നെ എന്താ ഏടത്തിയിങ്ങനെയൊക്കെ പെരുമാറുന്നത്? ഏടത്തിയുടെ മുഖത്തെന്നും സന്തോഷം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇത് ആദ്യമായി….

എപ്പോഴും സന്തോഷം മാത്രമല്ലേ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇതും കണ്ടോളൂ. ദയാരഹിതമായി അശ്വതി മറുപടി നൽകി.

ഇത് തന്‍റെ ഏടത്തി അല്ല. മറ്റാരോ ആയിരിക്കും എന്ന് മട്ടിൽ സൂരജ് അശ്വതി ഏടത്തിയെ നോക്കി. അവരോട് എന്തു പറയണം, അത് എങ്ങനെ പറയണം എന്നൊക്കെ സൂരജ് അസ്വസ്ഥനായി. പെട്ടെന്നാണ് അശ്വതിയുടെ നാവിൽ നിന്ന് ഹൃദയം കുത്തിത്തുളയ്ക്കുന്ന വാക്കുകൾ വന്നത്. എന്‍റെ അനിയാ, നിനക്കിവിടെ എന്താ കാര്യം? നിന്‍റെ പരിഭവമൊക്കെ സർവ്വ ഗുണസമ്പന്നയായ നിന്‍റെ ഭാര്യയോട് ചെന്നു പറയൂ. ഞാൻ വെറും നാട്ടിൻപുറത്തുകാരി. അടിച്ചു വാരാനും പാത്രം തേക്കാനും അല്ലാതെ എനിക്ക് എന്ത് അറിയാം?

ഏടത്തി… ഏടത്തി എന്തൊക്കെയാണ് ഈ പറയുന്നത്. ഏടത്തി ഇല്ലെങ്കിൽ പിന്നെ ഈ വീട് ഉറങ്ങിയ പോലെയല്ലേ എന്നൊക്കെ പറയണമെന്ന് സൂരജിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അശ്വതിയുടെ രോഷം നിറഞ്ഞ മറുപടികേട്ട് സൂരജ് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

വീട്ടിൽ ഇത്ര അംഗങ്ങൾ ഉണ്ടായിട്ടും അവിടെ നിശബ്ദത തളം കെട്ടി നിന്നു. രാജീവ് ആകട്ടെ മൂടികെട്ടിയ അന്തരീക്ഷത്തിന്‍റെ നിശബ്ദത അകറ്റുവാനായി എന്തെങ്കിലും ഫലിതങ്ങൾ പറയുകയോ ഓഫീസിൽ നടന്ന ഒന്നുരണ്ട് സംഭവങ്ങൾ പറഞ്ഞ മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുമ്പോഴൊക്കെ ആരും തന്നെ തുറന്നു ചിരിച്ചിരുന്നില്ല. അശ്വതി ഏതെങ്കിലും രീതിയിൽ പ്രതികരിച്ചാൽ മതിയായിരുന്നു എന്നോർത്ത് രാജീവ് ഇടയ്ക്കിടയ്ക്ക് അവളുടെ കണ്ണിൽ നോക്കുമായിരുന്നു. വീട്ടുകാരുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടിലായിരുന്നു അശ്വതിയുടെ ഇരിപ്പ്. രോഹിത്തും അമിതയും അവളിൽ നിന്നും ഒഴിഞ്ഞു മാറിനിന്നു.

വീടിന്‍റെ അവസ്ഥ കണ്ട് അശ്വതി ഉള്ളിന്‍റെയുള്ളിൽ ക്രൂരമായി ആനന്ദിക്കുകയായിരുന്നു. വീട്ടുകാർ തന്‍റെ അവസ്ഥയെക്കുറിച്ച് ഓർത്ത് അസ്വസ്ഥരാകുന്നത് കണ്ട് അവൾ ആനന്ദിച്ചു.

എന്നാൽ വീടുമായി അടുപ്പമുള്ളവരോ പുറത്തുനിന്ന് ആരെങ്കിലുമോ വരികയാണെങ്കിൽ അശ്വതി അവരോട് ഹൃദ്യമായി പെരുമാറിയിരുന്നു.

സ്നേഹക്ക് ഓഫീസിൽ പോകുന്നതിനു മുമ്പും തിരികെ എത്തിയാലും ആകെ ജോലി തിരക്ക് തന്നെ. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും അവൾക്ക് സമയം കിട്ടാറില്ലായിരുന്നു. ചിലപ്പോൾ ലഞ്ച് ബോക്സ് പോലും കൊണ്ടുപോകാൻ മറക്കും.

അശ്വതി ഇതൊക്കെ വെറുതെ നോക്കിയിരിക്കും. എന്നല്ലാതെ സ്നേഹയെ സഹായിച്ചിരുന്നില്ല. എന്നാൽ രാജീവിനായിരുന്നു ഏറ്റവും വിഷമം. അശ്വതിയുടെ സഹായമില്ലാതെ അയാൾക്ക് ഒരു തീരുമാനമെടുക്കുക എന്നത് ഏറെ പ്രയാസമായിരുന്നു.

എന്താ മോളെ, നിനക്ക് സുഖമില്ലേ? ഒരു ദിവസം അശ്വതിയോട് അമ്മായിയമ്മ ചോദിച്ചു.

അല്പം ആലോചിച്ചശേഷം അശ്വതി മനസ്സില്ലാ മനസ്സോടെ പറഞ്ഞു, ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. എനിക്കൊരു കുഴപ്പവുമില്ല.

മോളെ, മനസ്സിന്‍റെ സ്ഥിതി നന്നായാൽ ആരോഗ്യനില മെച്ചമാവും. മനസ്സ് നന്നായാൽ എല്ലാം ശരിയാവും. അമ്മായി അച്ഛൻ എന്നത്തേയും പോലെ വാത്സല്യത്തോടെ പറഞ്ഞു. അമ്മായി അച്ഛന് അശ്വതിയോട് പ്രത്യേക വാത്സല്യം തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകൾ അവൾ ശ്രദ്ധയോടെ കേൾക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇന്ന് അദ്ദേഹത്തിന്‍റെ സംസാരം കേട്ട് അവൾക്ക് പുച്ഛമാണ് തോന്നിയത്.

ഒരു ദിവസം സ്നേഹയും സൂരജും തർക്കത്തിനിടയ്ക്ക് പതുക്കെ ഏടത്തി എന്നു പറയുന്നത് അശ്വതി കേൾക്കാനിട വന്നു.

ഏടത്തിയോട് പറയൂ. സ്നേഹ പതുക്കെ പറഞ്ഞു.

നമ്മുടെ സുഖദുഃഖത്തെ കുറിച്ച് ഓർത്ത് ഏടത്തി എന്തിനു വേവലാതിപ്പെടണം. നിന്നോട് ആദ്യമേ പറഞ്ഞതല്ലേ മൂന്നുനാലു വർഷത്തേക്ക് കുട്ടികളൊന്നും വേണ്ടെന്ന്. ഭയങ്കര ചെലവല്ലേ ഇപ്പോൾ. അടുത്തവർഷം സെലക്ഷൻ ഗ്രേഡിൽ എത്തുകയാണെങ്കിൽ ശമ്പളത്തിൽ കാര്യമായ വ്യത്യാസമുണ്ടാവും. പിന്നെ നമുക്ക് ഒരു മേഡിനെ നിയമിക്കാമല്ലോ? സൂരജ് പറഞ്ഞു.

അപ്പോൾ ഇതുവരെ നടന്നതൊക്കെ മറന്നോ നിങ്ങൾ? സ്നേഹയുടെ അസ്വസ്ഥത നിറഞ്ഞ ചോദ്യം കേട്ട് അശ്വതി അമ്പരന്നു നിന്നു.

നിനക്ക് എന്തുപറ്റി സ്നേഹേ? എന്നെ വിശ്വാസമില്ലേ? വീടും വീട്ടിലെ സ്ഥിതികൾക്കും അനുസരിച്ച് ആയിരിക്കണം നമ്മുടെ ബജറ്റ് തയ്യാറാക്കൽ ഒക്കെ. ദയവായി നീ ഒരു വർഷം കൂടി ക്ഷമിക്കൂ. അതിനുശേഷം മതി കുട്ടികൾ.

എനിക്ക് പേടി ഇനി ഒരിക്കലും…. സ്നേഹ പരിഭ്രമത്തോടെ പറഞ്ഞു.

എന്നുവെച്ചാൽ…

നിങ്ങളൊരിക്കൽ നിർബന്ധിച്ചിട്ട് ഞാൻ അബോഷൻ ചെയ്തതല്ലേ… ഇപ്പോൾ വീണ്ടും… ഞാനും ഒരു സാധാരണ സ്ത്രീയെ പോലെ സുഖവും ശാന്തിയും ഒക്കെ ആഗ്രഹിക്കുന്നു. അല്ലാതെ ഞാൻ കൊലപാതകിയല്ല. എന്‍റെ സ്വന്തം അംശത്തെ അല്ലേ ഞാൻ കൊന്നത്. എന്‍റെ മനസ്സിൽ കല്ലെടുത്തു വച്ചാണ് അന്ന് ഞാൻ അത് ചെയ്തത്. ഇതിന് പ്രകൃതി എന്നാണോ തിരിച്ചടി നൽകാൻ പോകുന്നത്.

സ്നേഹേ! എന്‍റെ ഹൃദയവും കല്ലുകൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. ഇതുവരെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാൻ ഉള്ള ശ്രമത്തിലായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ഏടത്തിയുടെ പുതിയ പെരുമാറ്റം കണ്ട് എനിക്ക് ഭയം തോന്നുന്നു. വീടും ഓഫീസും എല്ലാം നോക്കി നടത്തുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. നിന്നോട് ജോലി ഉപേക്ഷിക്കുവാൻ പറയാനും പറ്റില്ല. കാരണം ഞാൻ ഒറ്റയ്ക്ക് ഇതൊക്കെ….

ഇതെല്ലാം കേട്ട് അശ്വതിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി.

സ്നേഹയെ വിവാഹം ചെയ്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ സൂരജ് പറഞ്ഞ വാക്ക് അക്ഷരംപ്രതി അവൾ ഓർമിച്ചു. എന്‍റെ ഏടത്തിയമ്മ എല്ലാവരെയും എപ്പോഴും സഹായിച്ചിട്ടുണ്ട്, സഹായിക്കുന്നുണ്ട്. നീ ഏടത്തിക്ക് എപ്പോഴും ഒരു സഹായം ആകണം.

പഴയ കാര്യങ്ങൾ ഓർത്ത് അശ്വതി ഏങ്ങിക്കരയുവാൻ തുടങ്ങി. എന്തുകൊണ്ടാണ് തന്‍റെ മനസ്സിൽ ഇത്തരം കലുഷതകൾ നിറഞ്ഞത്. വീടിനകത്ത് ഇരുന്ന് ഓരോന്ന് ആലോചിച്ച് തന്‍റെ മനസ്സാകെ ദുഷിച്ചുവല്ലോ? വീട്ടുകാരെല്ലാം തന്‍റെ ഇഷ്ടത്തിന് അനുസരിച്ചാണ് പെരുമാറിയിരുന്നത്. സ്നേഹയുടെയും സൂരജിന്‍റെയും ത്യാഗത്തിന് മുന്നിൽ താൻ എത്ര നിസ്സാരയാണെന്ന് അശ്വതി ഓർത്തു.

സൂരജ്, സ്നേഹ നിങ്ങൾ ഇങ്ങോട്ട് വരൂ, കണ്ണു തുടച്ചുകൊണ്ട് അവരെ രണ്ടുപേരെയും അവൾ അടുക്കൽ വിളിച്ചു.

ഏടത്തിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് സൂരജ് പൂർവ്വാധികം സന്തോഷത്തോടെയും ഉത്സാഹത്തോടെയും അവരെ നോക്കി.

അശ്വതി സ്നേഹയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, നീ ഒരു പ്രശ്നവുമുണ്ടാക്കല്ലേ? നീ അമ്മയാകണം, ഞാനില്ലേ നിന്‍റെ കുഞ്ഞിനെ നോക്കാൻ… നമുക്ക് ഈ വിവരം അമ്മയെയും അച്ഛനെയും അറിയിക്കാം.

ഏടത്തിയുടെ പഴയതു പോലെയുള്ള സ്നേഹപ്രകടനം കണ്ട് സ്നേഹ ആശ്ചര്യപ്പെട്ടു. തന്‍റെ മനസ്സിലെ ഭാരം കുറഞ്ഞതുപോലെ അവൾക്ക് തോന്നി.

പിന്നീട് ആ വീട്ടിൽ എല്ലാം പഴയതുപോലെ സ്നേഹ നിർഭരമായി.

ഏടത്തി, ഏടത്തിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുമായുള്ള അഭിമുഖം തുടങ്ങാൻ പോകുന്നു. വേഗം വരൂ…

അശ്വതി ഓടിവന്ന് ടിവിക്ക് മുന്നിലിരുന്നു. എഴുത്തുകാരിയുടെ എല്ലാ നോവലുകളും ചെറുകഥാസമാഹാരങ്ങളും അവൾ വായിച്ചിട്ടുണ്ടായിരുന്നു. അഭിമുഖത്തിലെ ചില ഭാഗങ്ങൾ അശ്വതിയുടെ മനസ്സിൽ പതിഞ്ഞു നിന്നു.

നല്ല പരിപാടിയായിരുന്നു അല്ലേ ഏട്ടത്തി. എത്ര ഉജ്ജ്വലമായാണവർ ഉത്തരം തന്നത്. സ്നേഹ സന്തോഷത്തോടെ പറഞ്ഞു.

അതെ, ഈ ഇന്‍റർവ്യൂവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് അറിയേണ്ടേ? സ്ത്രീയെ നദിയോട് ഉപമിച്ചത്. ഒഴുകുന്ന നദിയുടെ തടങ്ങളിൽ അല്ലേ സംസ്കാരങ്ങൾ ഉടലെടുത്തത്. സ്ത്രീയുടെ ഹൃദയത്തിൽ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ധാര ഒഴുകുമ്പോഴാണ് വീട്, സമൂഹം, സംസ്കാരം ഇതൊക്കെ വികസിക്കുന്നത്.

അതിനുശേഷം സ്നേഹയും അശ്വതിയും അവരവരുടെ ഉത്തരവാദിത്തങ്ങളിൽ വ്യാപൃതരായിരുന്നു. അശ്വതിയുടെ മനസ്സിൽ ഒഴുകുന്ന വാൽസല്യത്തിന്‍റെ ധാര ആ വീടിനെ സ്നേഹസമ്പന്നമാക്കി. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന വറ്റാത്ത നദി പോലെ…

സ്നേഹമർമ്മരം

അതൊരു ഞായറാഴ്ചയായിരുന്നു. പക്ഷേ പതിവുപോലെ രാഹുൽ അന്നും ഫാക്ടറിയിലേക്ക് പോയി. ഫാക്ടറിയിൽ പണിയൊന്നും ഉണ്ടായിരുന്നില്ല. പണിക്കാരും മറ്റു സ്റ്റാഫുകളും എല്ലാം അവധിയിലാണ്. വീട്ടിൽ ചടഞ്ഞു കൂടിയിരിക്കാൻ രാഹുലിന് ഇഷ്ടമല്ല. ഗോഡൗണിലെ സാധനങ്ങളുടെ ലിസ്റ്റ് നോക്കുന്നതിലും ഓഫീസ് ഫയലുകൾ പരിശോധിക്കുന്നതിലും അയാൾ മുഴുകി.

പകലന്തിയോളം പണിയെടുത്ത് വീട്ടിലുള്ളവരെ തന്നാലാവുന്ന വിധം സംരക്ഷിക്കുക. അവരുടെ സുഖസൗകര്യങ്ങൾക്ക് ആവശ്യമായതെല്ലാം ഒരുക്കിയെടുക്കുക. ഇതൊക്കെയാണ് ഒരു ഗൃഹനാഥന്‍റെ ചുമതല എന്ന് അദ്ദേഹം കരുതി. കർത്തവ്യ നിർവഹണത്തിൽ അദ്ദേഹം തൃപ്തനുമായിരുന്നു.

പത്തിരുപത് പേരുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയുടെ പിൻനിരയിൽ പാതി മാത്രം കാണാവുന്ന ഒരു മങ്ങിയ മുഖത്തിനപ്പുറം പ്രാധാന്യം രാഹുലേട്ടൻ എനിക്ക് കൽപ്പിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ഭർത്തൃ ഗൃഹത്തിൽ എത്തിയ നാൾ മുതൽ എന്‍റെ അനുഭവം ഇതാണ്. ഒന്ന് ടൗണിൽ ചുറ്റി കറങ്ങാൻ പോയാൽ പോലും അദ്ദേഹം സ്വന്തം കുടുംബത്തെ കൂടെ കൂട്ടും. എല്ലാവർക്കും വേണ്ടി ഷോപ്പിംഗ് നടത്തുന്ന കൂട്ടത്തിൽ എന്തെങ്കിലുമൊന്ന് എനിക്കായി വാങ്ങി എങ്കിൽ ആയി.

രാഹുലേട്ടന്‍റെ ഇത്തരം പ്രവർത്തികൾ ആദ്യമാദ്യം എനിക്ക് അസഹനീയമായിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സിൽ എനിക്ക് യാതൊരു സ്ഥാനവും ഇല്ലാത്തതുപോലെ. പിന്നീട് ഞാൻ സ്വയം സമാധാനിച്ചു. വർഷങ്ങൾ കടന്നുപോകുമ്പോൾ ഞങ്ങൾക്ക് കുട്ടികളൊക്കെയായി കഴിയുമ്പോൾ ഞങ്ങളുടേതായ ഒരു കുടുംബം ഉണ്ടാകും. അപ്പോൾ എനിക്ക് കുടുംബത്തിൽ ഒരു സ്ഥാനവും ഉണ്ടാകും. എന്നാൽ മോഹങ്ങൾ വ്യർത്ഥമാണെന്ന് വൈകാതെ എനിക്ക് മനസ്സിലായി.

മൂത്തമകൾ രേഖയ്ക്ക് ഇരുപത്തിനാല് തികഞ്ഞു. രഞ്ജിത്തിന് 22 രോഹിത്തിന് 19 വയസ്സായി. പണ്ട് എനിക്കെന്തിനും അമ്മായിഅമ്മയോട് പണം ചോദിക്കണം ആയിരുന്നു. എങ്കിൽ ഇന്ന് രേഖയോടാണ് ചോദിക്കേണ്ടത്. എന്നൊരു വ്യത്യാസമേയുള്ളൂ. രാഹുലേട്ടന്‍റെ നിർദ്ദേശമാണ് ഇത്. പണം കുട്ടികളുടെ കയ്യിൽ കൈകാര്യം ചെയ്യാൻ നൽകിയാലേ അവർ സ്വയം പര്യാപ്തരായി ഗൃഹഭരണം ശീലിക്കുകയുള്ളൂ അത്രേ. പണത്തിന്‍റെ മഹത്വം കുട്ടികളെ അറിയിക്കാനും ഇതാണ് നല്ല മാർഗ്ഗം എന്നാണ് അദ്ദേഹം കരുതുന്നത്. ഇന്നലെയും കൂടി അദ്ദേഹം പറഞ്ഞു രേഖ വളരെ സമർത്ഥയാണെന്ന്.

ബാങ്കിലെ സകല ഇടപാടിനും അവളെയാണ് അയക്കുന്നത്. മമ്മിക്ക് എന്തെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ ഉറച്ചു പറയാത്തത് എന്താ? കഴിഞ്ഞ തവണ കുറേ സാധനങ്ങൾ വാങ്ങിയതല്ലേ? വെറുതെ കളയാൻ ഇവിടെ പൈസ ഇല്ലെന്നറിയില്ലേ? ഞാൻ മമ്മിയെ കുറ്റപ്പെടുത്തുകയല്ല. അടുത്ത ആഴ്ച പൈസ തരാം. അതുവരെ അഡ്ജസ്റ്റ് ചെയ്യ്! ഇങ്ങനെ പോകുന്നു അവളുടെ ഭരണം.

രാഹുലേട്ടൻ രേഖ പറഞ്ഞത് കേട്ടിട്ട് ഒന്നും മിണ്ടിയില്ലെങ്കിലും ഭൂമി പിളർന്ന് അതിലേക്ക് പോയാൽ മതി എന്നു പോലും ഞാൻ ചിന്തിച്ചു പോയി.

ബിഎസ്സി നേഴ്സിംഗ് കഴിഞ്ഞ് സർക്കാർ ആശുപത്രിയിൽ നേഴ്സ് ആയിരുന്നു ഞാൻ. സൗന്ദര്യം കൊണ്ടും സ്മാർട്നസ് കൊണ്ടും എല്ലാവരുടെയും പ്രീതി സമ്പാദിച്ചു.

ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടർ മോഹനുമായി ഞാൻ അടുത്തത് പെട്ടെന്നാണ്. ആ ആകാരഭംഗിക്ക് മുന്നിൽ ഞാൻ അടിപ്പെട്ടു എന്ന് പറയുന്നതാവും ശരി. ഒരു ദിവസം മോഹൻ തന്‍റെ പ്രണയം എന്നോട് വെളിപ്പെടുത്തിയപ്പോൾ 7 ആകാശത്തിനും മേലെയാണ് ഞാൻ എന്ന് എനിക്ക് തോന്നി.

ഒരേ സ്ഥലത്തെ ജോലിയും കൂടി കാഴ്ചകളും ഞങ്ങളുടെ പ്രണയത്തിന് നിറം പകർന്നു. അവസാനം ഞങ്ങൾ ഒന്നാകാൻ തീരുമാനിച്ചു. എന്‍റെ അച്ഛനമ്മമാർക്കും മോഹനെ ഒരുപാട് ഇഷ്ടമായി. തങ്ങളുടെ സമുദായത്തിൽ നിന്നു തന്നെ ഒരു ഡോക്ടർ പയ്യൻ ജാമാതാവായി എത്തുന്നതിൽ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

ഇത്രയും ഒക്കെയാണെങ്കിലും ഞാൻ പ്രേമാന്ധയൊന്നും ആയിരുന്നില്ല. മോഹന് വെറുമൊരു എംബിബിഎസ് ഡിഗ്രി മാത്രമേയുള്ളൂ. ഒരു സർക്കാർ ഡോക്ടർക്ക് ഏറിയാൽ എന്തു കിട്ടാനാണ്. സ്വന്തമായി ഒരു ആശുപത്രി തുടങ്ങാൻ മാത്രം ധനികനായിരുന്നില്ല മോഹൻ. തുടർന്ന് പഠിക്കുവാൻ എന്തുകൊണ്ട് മോഹനെ പ്രോത്സാഹിപ്പിച്ചു കൂടാ. എംഎസും കഴിഞ്ഞ ശേഷം മോഹനെ വിവാഹം കഴിക്കുകയാണെങ്കിൽ എന്‍റെ അന്തസ്സും വർദ്ധിക്കില്ലേ?

ഞാൻ മനസ്സിലുള്ളത് മോഹനോട് പറഞ്ഞു. വിവാഹശേഷം ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ സ്വന്തം ഡിസ്പെൻസറി തുടങ്ങണം എന്ന ലക്ഷ്യമായിരുന്നു മോഹന്. തുടർന്ന് പഠിക്കണമെന്നുള്ള ആഗ്രഹത്തിന് മോഹൻ ഒടുവിലത്തെ സ്ഥാനമേ നൽകിയുള്ളൂ.

വിവാഹത്തിനു മുമ്പ് എംഎസ് ചെയ്യാം എന്ന് അദ്ദേഹം ഒടുവിൽ സമ്മതിച്ചു. മോഹൻ അതിനായി മുംബൈയ്ക്ക് പോയി. ഞാൻ കൊച്ചിയിൽ തന്നെ തുടർന്നു. എന്നെ കാണാൻ ഇടയ്ക്കിടെ മോഹൻ കൊച്ചിയിൽ എത്തണമെന്നും അദ്ദേഹത്തെ കാണാൻ ഞാൻ ഇടയ്ക്കിടെ മുംബൈയിലേക്ക് ചെല്ലണമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു.

ഞങ്ങളുടെ വിവാഹ നിശ്ചയത്തിനു ശേഷമാണ് മോഹൻ പോയത്. എല്ലാ മാസവും ഒരു ദിവസം മോഹൻ മുടങ്ങാതെ കൊച്ചിയിൽ എത്തുമായിരുന്നു. കത്തുകളിലൂടെ ഞങ്ങൾ ബാക്കി പ്രണയം പങ്കിട്ടു. ഓണ അവധിക്ക് നാല് ദിവസത്തേക്ക് നാട്ടിലെത്തിയ മോഹൻ ഒരു തവണ മാത്രമാണ് എന്നെ കാണാൻ വന്നത്. ഒരു മാസത്തിനു ശേഷം ഞാൻ മുംബൈയ്ക്ക് തിരിച്ചു. അവിടെ എന്‍റെ അമ്മായിയുടെ വീട്ടിലെത്തിയശേഷം ഞാൻ മോഹനെ ഫോണിൽ വിളിച്ചു.

കാണാൻ എത്തിയപ്പോൾ മോഹൻ തനിച്ചായിരുന്നില്ല. സഹപാഠിയായ ഡോക്ടർ സ്നേഹയും ഒപ്പമുണ്ടായിരുന്നു. അവൾ മോഹന്‍റെ ഒപ്പം എംഡി ചെയ്യുകയാണ്. മോഹൻ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നതിനുപകരം കൊച്ചിയിലെ ഒരു നേഴ്സ് ആണെന്നും മോഹന്‍റെ നല്ല സുഹൃത്താണെന്നും ആണ് പറഞ്ഞത്.

എരിയുന്ന ഹൃദയവുമായി ഞാൻ തിരിച്ചെത്തി. ഞങ്ങളുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയതായി ഇരുവീട്ടുകാരും മനസ്സിലാക്കി. ഇത്രയൊക്കെ സംഭവങ്ങളും നടന്നിട്ടും ഞാൻ നിരാശയ്ക്ക് അടിമപ്പെടാത്ത ഭാവം നടിച്ചു. എന്‍റെ പ്രസന്ന ഭാവത്തിന് യാതൊരു മാറ്റവും വരുത്തിയില്ല. ആറു മാസങ്ങൾക്ക് ശേഷം മോഹന്‍റെ വിവാഹവാർത്ത അറിഞ്ഞ ദിവസം ഞാൻ തളർന്നുപോയി. മുറിയടച്ചിരുന്ന് നിയന്ത്രണം വിട്ട് ഞാൻ കരഞ്ഞു.

അടുത്ത ദിവസമായപ്പോഴേക്കും യാഥാർത്ഥ്യവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു. ഞാൻ ആലോചിച്ചു തെറ്റ് എന്റേതാണ്. മോഹൻ കല്യാണത്തിന് എപ്പോഴേ തയ്യാറായതാണ്. അപ്പോൾ മോഹന് എംഎസ് ബിരുദം ഇല്ലാത്തതിൽ എനിക്ക് കുറച്ചിലായിരുന്നു. ഇപ്പോൾ എംഎസ് നേടി വലിയ സർജനായി കഴിയുമ്പോൾ എന്നെപ്പോലെയുള്ള സാധാരണ നഴ്സിനെ എങ്ങനെ ഉൾക്കൊള്ളും?

അതുകഴിഞ്ഞ് രണ്ടു വർഷങ്ങൾക്കുശേഷമാണ് ഞാൻ രാഹുലേട്ടനെ പരിചയപ്പെടുന്നത്. വണ്ടിയിടിച്ച് ശരീരം മുഴുവൻ പരിക്കുകളുമായി റോഡ് അരികിൽ കിടന്നിരുന്ന ഒരു മനുഷ്യനെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു രാഹുലേട്ടൻ. മെഷീനുകളുടെ സ്പെയർപാർട്സുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ മെക്കാനിക്കായി ജോലി നോക്കുന്ന അദ്ദേഹത്തിന് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു.

അച്ഛനമ്മമാർ, ചേട്ടൻ, ചേട്ടത്തിയമ്മ, അനിയൻ, പെങ്ങന്മാർ എന്നിങ്ങനെ ഒരുപാട് അംഗങ്ങൾ ഉള്ള വലിയ കുടുംബത്തിൽ അംഗമായിരുന്നു അദ്ദേഹം. രാഹുലേട്ടൻ ഒരു കാര്യം കൂടി പറഞ്ഞു. വിവാഹശേഷം സ്ത്രീകളെ ജോലിക്ക് അയക്കുന്ന പതിവ് തന്‍റെ കുടുംബത്തിൽ ഇല്ലെന്ന്. ജോലി തുടരാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ആ അഭിപ്രായത്തെ ഞാൻ അനുകൂലിച്ചു. അദ്ദേഹത്തിന്‍റെ നിഷ്കളങ്കതയും സഹൃദയത്വവും തുറന്ന പെരുമാറ്റവും എന്നെ വല്ലാതെ ആകർഷിച്ചു. തുടർന്ന് രാഹുലേട്ടൻ എന്‍റെ മാതാപിതാക്കളെ കണ്ടു. അങ്ങനെ ഞങ്ങളുടെ വിവാഹം ഗംഭീരമായി നടന്നു.

രാഹുലേട്ടൻ കഠിനാധ്വാനി ആയിരുന്നതുകൊണ്ട് ജീവിതത്തിൽ പുരോഗതി ഏറി കൊണ്ടിരുന്നു. ഇന്ന് അദ്ദേഹം സ്പെയർ പാർട്സുകൾ നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ്.

ഡോർബെൽ ശബ്ദിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. ക്ലോക്കിലേക്ക് നോക്കി മണി അഞ്ചാവാറായിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് വാതിൽ തുറന്നു. രേഖ അകത്തു കയറി അവളോടൊപ്പം സുഹൃത്ത് മനീഷും ഉണ്ടായിരുന്നു. രേഖയ്ക്ക് ഈയിടെയായി അവനോട് അല്പം സൗഹൃദം കൂടുതലാണ്.

ഒരു സ്വകാര്യ കൺസഷൻ കമ്പനിയിൽ എൻജിനീയറാണ് അവൻ. രാഹുലേട്ടന്‍റെ കമ്പനിയുടെ തൊട്ടടുത്തുള്ള ബിൽഡിംഗ് പണിത മനീഷിന്‍റെ കമ്പനിയാണ്. അവിടെ സൂപ്പർവൈസർ ആയിരുന്നപ്പോൾ രാഹുലേട്ടൻ പരിചയപ്പെട്ടതാണ്. ഒരിക്കൽ അവൻ അദ്ദേഹത്തോടൊപ്പം വീട്ടിലെത്തി. രേഖയും അപ്പോഴാണ് അവനെ കാണുന്നത്. പിന്നെ എപ്പോഴോണോ ഇവർ സുഹൃത്തുക്കൾ ആയത്?

അവൻ പോയശേഷം തന്‍റെ റൂമിലേക്ക് നീങ്ങിയ രേഖയെ ഞാൻ സോഫയിൽ ഒപ്പം പിടിച്ചിരുത്തി. അല്പനേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു, മോളെ മമ്മി കുറെ നാളായി ശ്രദ്ധിക്കുന്നു മനീഷുമായുള്ള നിന്‍റെ അടുപ്പം കൂടുന്നില്ലേ എന്ന് മമ്മിക്ക് ഒരു സംശയം നിനക്ക് അവനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ അവന്‍റെ മാതാപിതാക്കളോട് സംസാരിക്കാം എന്തുപറയുന്നു?

രേഖ ചിരിച്ചുകൊണ്ട് പറഞ്ഞു, മമ്മിക്ക് അറിയാമോ മനീഷിന്‍റെ അച്ഛൻ ഹാർട്ട് സ്പെഷലിസ്റ്റ് ഡോക്ടർ മേനോൻ എത്ര വലിയ പേര് കേട്ട മനുഷ്യനാണെന്ന്? അവന്‍റെ അമ്മയാണെങ്കിൽ…

അറിയാം ഞാൻ സംഭാഷണം ദീർഘിപ്പിക്കാൻ ആഗ്രഹിച്ചില്ല.

അതല്ല മമ്മി കാര്യം! മനീഷ് അച്ഛന്‍റെയും അമ്മയുടെയും മുന്നിൽ ഒന്നുമല്ല. എൻജിനീയറാണെങ്കിലും അവന്‍റെ വരുമാനം തുച്ഛമാണ്. അവൻ എംബിഎ ചെയ്യുകയാണെങ്കിൽ ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനിയിൽ ജോലി കിട്ടാൻ സാധ്യതയുണ്ട്. നല്ല ശമ്പളവും കിട്ടും. അവൻ ഒത്തിരി ഉയരത്തിൽ എത്തണമെന്നാണ് എനിക്ക്.

അപ്പോൾ അവനെ മുംബൈയിലേക്ക് പറഞ്ഞുവിടാൻ ആണോ നിന്‍റെ ഉദ്ദേശം? ഞാൻ തിരക്കി.

അതെ മമ്മി, പക്ഷേ അവൻ പോകുന്നതിനു മുമ്പ് നമുക്ക് എൻഗേജ്മെന്‍റ് നടത്താം.

ഞാൻ ആലോചിക്കുകയായിരുന്നു ഇനിയും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഞാൻ എന്‍റെ ജീവിതത്തിലെ ഏടുകൾ രേഖയ്ക്ക് മുന്നിൽ തുറന്നു. അവളെല്ലാം ശ്രദ്ധയോടെ കേട്ടു.

എന്‍റെ കഥ മുഴുവൻ വിവരിച്ച ശേഷം ഞാൻ അവളോട് പറഞ്ഞു. ഭർത്താവിന്‍റെ ഉന്നതി ആഗ്രഹിക്കുന്ന ഭാര്യ ഉയർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്തും ഒപ്പം ഉണ്ടാവും. കാമുകന്‍റെ ഉയർച്ച ആഗ്രഹിക്കുന്ന കാമുകിക്ക് ഒരു പരിധിവരെ മാത്രമേ അവനെ അനുഗമിക്കാൻ സാധിക്കൂ. അതിനുശേഷം കാമുകന്‍റെ ഒപ്പം എത്താൻ കഴിയാതെ അവൾക്ക് പിൻവലിയേണ്ടി വരും. ജീവിതത്തിന്‍റെ പാതയിൽ അവർക്ക് വഴി പിരിയേണ്ടതായും വരും.

രേഖ കർച്ചീഫ് കൊണ്ട് കണ്ണുകൾ ഒപ്പി.

മമ്മി പറയുന്നതിന് അപ്പുറം ഒന്നും ഞാൻ ചെയ്യില്ല. മമ്മി പറഞ്ഞത് സത്യമാണ്. എംബിഎ കഴിയുമ്പോൾ എന്നെപ്പോലെ ബിഎ മാത്രം പഠിച്ച പെൺകുട്ടിയെ മനീഷിനൊരു പക്ഷേ ഉൾക്കൊള്ളാൻ പറ്റില്ല. മമ്മി ഡോക്ടറെ സ്നേഹിച്ചത് പോലെയാവും എന്‍റെ ഗതി.

പിന്നെ അവൾ അല്പം സങ്കോചത്തോടെ ആരാഞ്ഞു, മമ്മി ആ ഡോക്ടറുടെ പേര് പറഞ്ഞില്ലല്ലോ? പ്ലീസ് മമ്മി, ഒന്നു പറയൂ! ഇക്കാര്യം നമ്മൾ രണ്ടാളും മാത്രമേ അറിയൂ.

ഡോക്ടർ മേനോൻ! മോഹൻലാൽ മേനോൻ. മനേഷിന്‍റെ അച്ഛൻ. താൽപര്യമില്ലാതെ ഞാൻ പറഞ്ഞു.

പിന്നിൽ രാഹുലേട്ടൻ മുരടനക്കുന്ന ശബ്ദം. അദ്ദേഹം എത്തിയിട്ട് കുറച്ചധികം സമയം കഴിഞ്ഞിരുന്നു. ഇനി എന്താ സംഭവിക്കുക എന്‍റെ ഈശ്വര, എനിക്കാ ഇരിപ്പിൽ നിന്നും ഒന്ന് ചലിക്കാൻ കൂടി കഴിഞ്ഞില്ല. രാഹുലേട്ടൻ എന്‍റെ സമീപം സോഫയിൽ ഇരുന്നു. നിറ കണ്ണുകളോടെ എന്‍റെ കൈയെടുത്ത സ്വന്തം കൈകളിൽ അമർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ലക്ഷ്മി, നമുക്കൊന്ന് പുറത്തുപോകാം. ഭക്ഷണവും ഇന്ന് പുറത്തുനിന്നാക്കാം.

എനിക്കെന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. ഇത്രയും വർഷങ്ങൾക്കുശേഷം ഇന്ന് എന്‍റെ വ്യക്തിത്വത്തിന്, അസ്തിത്വത്തിന്, ജന്മത്തിനു തന്നെ അർത്ഥം ഉണ്ടായിരിക്കുന്നു. മങ്ങിയിരുന്ന എന്‍റെ മുഖത്ത് തിളക്കമുള്ള പ്രകാശം വന്നുനിറയുന്നതായി എനിക്ക് തന്നെ അനുഭവപ്പെട്ടു. പടത്തിലെ, പിൻനിരയിലെ അവ്യക്തമായ മുഖമായിരുന്നില്ല അപ്പോൾ ഞാൻ. ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ ആകാശം നിറഞ്ഞുനിന്ന ഒരു മഴവില്ല്.

കനവുകളിൽ കാണാത്തത്

ദൈവങ്ങളുടെ കണ്ണീരാണോ അച്ഛാ മഴയായി പെയ്യുന്നത്? പ്രപഞ്ച വിസ്മയങ്ങളിലേക്ക് കണ്ണും കാതും തുറന്നിരിക്കുന്ന അജിതയ്ക്ക് തൃപ്തികരമായ ഉത്തരം പലപ്പോഴും കിട്ടാറില്ല. എങ്കിലും അനുനിമിഷം നിറയുന്ന സംശയങ്ങൾ ചോദിക്കാതിരിക്കാനും ആവില്ലല്ലോ അവൾക്ക്.

എന്നാൽ ഈ ഇടയായി ചോദ്യങ്ങൾ കേട്ട് കേട്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് രാമചന്ദ്രൻ. ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ മാനേജരായ അയാളോട് പ്രൊഡക്ഷൻ മാനേജരും ഫാക്ടറി മാനേജരും എന്തിന് ജനറൽ മാനേജർ വരെ ചൊറിഞ്ഞു വരുന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. എന്തെങ്കിലുമൊക്കെ ചോദിക്കാതിരുന്നാൽ അവർക്ക് മനസമാധാനം കിട്ടാത്ത പോലെ.

ഇക്കഴിഞ്ഞ മൂന്നുനാലു മാസമായി ഇത് രണ്ടാം തവണയാണത്രേ പ്രൊഡക്ഷൻ കോസ്റ്റ് വർദ്ധിക്കുന്നത്. അതിനെ ഞാനെന്ത് ഉത്തരവാദി! പർച്ചേസ് ബുക്ക്, ബിൽ ബുക്ക് തുടങ്ങിയവ മേൽപ്പറഞ്ഞ സാറന്മാർ വരിമുറിച്ച്, കോളം മുറിച്ച് പലകുറി പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴൊക്കെ ഓരോരോ ക്യാബിനയിലേക്കും വിളിപ്പിച്ച്, അവർ ഒരു കുറ്റവാളിയെ എന്നപോലെ വിസ്തരിക്കും. ഇത്തരം കലാപരിപാടികൾ അവർക്കു പലപ്പോഴും പിരിമുറുക്കത്തിന് ഇടയിലെ വിനോദമാണോ എന്ന് സംശയം തോന്നാറുണ്ട്.

സുപ്പീരിയേഴ്സ് ആയതുകൊണ്ട് മറുത്തൊന്നും പറയാനും വയ്യല്ലോ. ഓഫീസിൽ അങ്ങനെയാണെങ്കിൽ, വീട്ടിൽ ഒരു എത്തും പിടിയും കിട്ടാത്ത തരത്തിൽ ആയിരിക്കും ചോദ്യങ്ങൾ ഉയരുക. അധികവും അജിതയിൽ നിന്നുതന്നെ. ആദ്യ ചോദ്യം കേട്ടില്ലെന്ന് നടിച്ചത് കൊണ്ടായിരിക്കാം അവൾ വീണ്ടും മറ്റൊന്ന് കൂടി തൊടുത്തു.

ദൈവങ്ങളുടെ കണ്ണീരാണ് മഴയെങ്കിൽ, ആ പാറക്കുളം നിറയെ ദൈവങ്ങളുടെ കണ്ണീർ ആയിരിക്കും അല്ലേ അച്ഛാ?

തന്‍റെ മേൽ ഉദ്യോഗസ്ഥരുടേത് പോലെ തന്നെയാണോ ഇവളുടെയും ചോദ്യങ്ങൾ എന്നറിയാനാകാത്തതിനാൽ ഇത്തവണ വെറുതെ തലയാട്ടി കൊടുത്തു. ഒപ്പം ഇങ്ങനെയും ഓർത്തു.

നാളെ വൈകിട്ട് ഓഫീസ് വിട്ട് നേരത്തെ ഇറങ്ങാൻ ആയാൽ കറന്‍റ് ബുക്സിലോ ഡിസിയിലോ മറ്റോ കയറി കുട്ടികളുടെ മനശാസ്ത്രം പഠിക്കാൻ പറ്റിയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ വാങ്ങണം. എങ്കിലേ ഇന്നത്തെ നിലയിൽ പിടിച്ചു നിൽക്കാനാവൂ.

ഹോ ആ കുന്തോന്ന് തെറ്റി ഭൂമിയിൽ പതിച്ചിരുന്നെങ്കിൽ നമ്മൾ ചത്തതു തന്നെ. എന്തു നീളോം വണ്ണോ അതിന്. അവൾ ചോദ്യശരങ്ങൾക്ക് വേഗത കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.

ഈ രാമായണവും മഹാഭാരതവും സീരിയലുകളായി വന്നതിനുശേഷം മുപ്പതുമുക്കോടി ദേവകളുടെയും കഥകൾ 365 ദിവസവും നാടിനെ കാവിവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഓം നമശിവായ പുനസംപേക്ഷണം നടക്കുന്നു. അതിലെ ഇന്ദ്രന്‍റെ വാളാണ്, എന്താ അതിന്‍റെ പേര് എന്തു മണ്ണാങ്കട്ടയെങ്കിലും ആകട്ടെ അത് കണ്ടാൽ അജിത തന്‍റെ നേരെ വീണ്ടും…

ചെഗുവേരയേയും മോപ്പസാംഗിനേയും ഇങ്ങനെയും വായിക്കുന്ന, സ്വപ്നം കാണുന്ന തനിക്ക് ഇത്തരം ചവറ് ഐതിഹ്യങ്ങളിൽ ഒന്നും കമ്പം പാടില്ലാത്തതാണ്. എങ്കിലും മകൾക്ക് വേണ്ടി.

ഞാൻ നോക്കുമ്പോൾ പെരുത്തൊരു വാളും കയ്യിലേന്തി കാഴ്ചയിൽ അതിന് വാതിൽ പലകയോളം നീളവും വീതിയും ഉണ്ട്. ഒരു അസുരൻ ദേവേന്ദ്രന്‍റെ പിന്നാലെ പായുകയാണ്. ആദി ദ്രാവിഡർ ആര്യനു നേരെ! പിന്നാലെ പായുക എന്നു പറകവയ്യ. ഗഗന സഞ്ചാരികൾ ഒഴുകുകയാണ്. കുറേ ദേവകൾ ബന്ധിക്കപ്പെടുകയും അതിലും ഏറെ വധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. രണ്ടു പക്ഷത്തും ആൾ നാശമുണ്ട്. പെട്ടെന്ന് ഓർമ്മ വന്നത് ജാനുവും മുത്തങ്ങയുമാണ്. തമാശ അതല്ല, വധിക്കപ്പെടുകയോ മുറിവേൽക്കപ്പെടുകയോ ചെയ്യുന്നവരെല്ലാം വന്ന് പതിക്കുന്നത് ഭൂമിയിലാണ്. അമേരിക്ക അതിന്‍റെ ആണവ അവശിഷ്ടങ്ങളും കമ്പ്യൂട്ടർ പാഴ് വസ്തുക്കളും ഇന്ത്യൻ കടലിൽ തള്ളുന്ന പോലെ.

ഭാഗ്യം! അവരെങ്ങാനും നമ്മുടെ തലയിലോ ടെറസിലോ പാവൽ വലയിലോ പതിച്ചിരുന്നെങ്കിലോ എന്നായി അജിത.

എങ്കിൽ സ്വർണ്ണ കടക്കാർക്ക് ചുളുവിലിക്കാൻ കിലോ കണക്കിന് ആഭരണങ്ങൾ കിട്ടുമായിരുന്നു അങ്ങനെയാണ് അറിയാതെ പ്രതികരിച്ചു പോയത്. മോൾക്ക് മാത്രമല്ല ശ്രീമതിക്കും ആ പ്രതികരണം തീരെ പിടിച്ച മട്ടില്ല.

എന്തുമാത്രം കണ്ണീരാണ് ദേവകൾ, പാവങ്ങൾ കുടിക്കുന്നത്. മോളെ പോലെ താനും ഒന്ന് ചോദിച്ചു. ആ കണ്ണീർ മുഴുവൻ മഴയായി പെയ്തിരുന്നെങ്കിൽ ഡാമെല്ലാം നിറഞ്ഞ് കറന്‍റ് കട്ടെങ്കിലും ഒഴിവാക്കാമായിരുന്നു.

എവിടെ അതിനും സന്തുഷ്ട കുടുംബത്തിൽ നിന്നും പ്രതികരണം ഉണ്ടായില്ല. കീശ വെളുപ്പിക്കുന്ന ഡിറ്റർജെന്‍റിന്‍റെ പരസ്യം വന്നപ്പോൾ അപ്രതീക്ഷിതമായി അജിത തന്‍റെ നേരെ തിരിഞ്ഞു. സത്യത്തിൽ ഒന്ന് പതറി. ഇനിയും എന്ത് ചോദ്യമാണാവോ അവൾ?

ആ ഇന്ദ്രന്‍റെ വജ്രായുധം ഒന്നു രണ്ടെണ്ണം നമുക്കും കിട്ടിയിരുന്നുവെങ്കിൽ ആ സദ്ദാമിനെ തൂക്കിക്കൊന്ന ബുഷിനെ കൊല്ലാമായിരുന്നു. അല്ലേ അച്ഛാ!

തന്‍റെ വിചാര വിസ്ഫോടനങ്ങൾ….

അല്പമൊന്ന് കളിയാക്കി കൊണ്ടാണ് അവൾ പറഞ്ഞതെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. എങ്കിലും പ്രതിരോധമാണ് സമാധാന കുടുംബ ജീവിതത്തിന്‍റെ ആണിക്കല്ലെന്ന് പലപ്പോഴും ബോധ്യമായിട്ടുള്ളത് കൊണ്ട് മൗനം മാലയായി ഇട്ട് ചാരി ഇരുന്നു.

കഴിഞ്ഞ ഞായറാഴ്ച വജ്ര ആയുധം അവൾക്ക് ഇടിമിന്നൽ ആയിരുന്നു. ഗദ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ വാട്ടർ ടാങ്കും. മേഘങ്ങളെല്ലാം പൊട്ടിത്തൂകിയ പഞ്ഞിക്കായയും.

പഠിക്കുകയാണെങ്കിലും കളിക്കുകയാണെങ്കിലും അതിൽ പകുതി സമയവും അവൾ ദിവാസ്വപ്നം കാണാനാണ് ഉപയോഗിക്കുന്നത് എന്നും അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്നും തന്നെക്കാൾ നേരത്തെ ജോലിക്ക് ഇറങ്ങുകയും തന്നെക്കാൾ വൈകി വീട്ടിൽ എത്തുകയും ചെയ്യാറുള്ള ശ്രീമതിയുടെ ഓർമ്മപ്പെടുത്തൽ അല്പം കടന്ന പെൺകുട്ടിയല്ലേ എന്നും തോന്നാറുണ്ട്.

ശ്രീമതിക്കാണെങ്കിൽ അജിതയുടെ സ്വപ്നാടനം കാണേണ്ട താമസം എങ്ങു നിന്ന് അറിയാതെ കലി വരും. പിന്നെ എന്ത് ചെയ്യാനാ? എന്ത് പറയാനാ…

എന്താ ഇങ്ങനെ? കൊച്ചു കുട്ടികളായാൽ ഇങ്ങനെയൊക്കെയാണ്. തന്നത്താൻ ഇരുന്ന് സംസാരിക്കും. പൂക്കളോടും തുമ്പികളോടും കിളികളോടും വരെ വീട്ടുകാര്യങ്ങൾ പറഞ്ഞെന്നും ഇരിക്കും.

ഈ അച്ഛൻ എന്താ കളിക്കുടുക്കേം ചംപകിലെ കഥേയും വായിച്ചാ? എപ്പ നോക്ക്യാലും  വാളിൽ നിന്ന് ചോര ചീറ്റുന്നതും കണ്ണിൽ നിന്നും ചോര വീഴുന്നതുമായ ചിത്രങ്ങളുള്ള പുസ്തകങ്ങളാ വായിക്കണേ… അതോണ്ടാ ഒന്നു താടി വടിക്കാൻ പോലും മറക്കണെ… പൂച്ചക്കുട്ട്യേ പിടിച്ചിരുത്തിയാണ് അജിതയുടെ പരാതികൾ അത്രയും.

എന്നിട്ടും താൻ എന്തെങ്കിലും പറഞ്ഞോ? ഒന്ന് തിരുത്താൻ ഹേയ് കുട്ടികൾ അതും ഇതും പറയുമെന്ന് കരുതി നമുക്ക്, മുതിർന്നവർക്ക് അങ്ങനെയൊക്കെ ആകാൻ ഒക്കുമോ? പെൺകുട്ടികൾ ഇപ്പോഴേ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത് അത്ര നന്നല്ല എന്ന ശ്രീമതി.

നിനക്ക് ഇന്നും ഈ യാതൊരു ചിന്തയും ഇല്ലാത്തതിന്‍റെ കൊഴപ്പാ അതൊക്കെ എന്ന് പറയാൻ തോന്നിയെങ്കിലും വെറുതെ ദേഷ്യം പിടിപ്പിച്ച് ഒരു ദിവസം പാഴാണെന്ന് കരുതി നിശബ്ദത പാലിച്ചു.

ബയോളജി ബുക്കിൽ കാണുന്ന ഇല, പഠനമുറിയുടെ ജനൽ ചതുരത്തിൽ ഒതുങ്ങി നിൽക്കുന്ന തൊടിയിലെ പ്ലാവിൽ നിന്നും അടർന്നു വീഴുന്നതും വായുവിലൂടെ തെന്നിതെന്നി പരിക്കു കൂടാതെ നിലത്തു വീഴുന്നതും അവൾ കൗതുകത്തോടെ നോക്കിയിരിക്കും. അതിനുശേഷം തന്നോട് അത് വിവരിക്കും. പഠന സഹായിയായി ഒപ്പം ഇരിക്കുന്ന താൻ അറിയാതെ അതിൽ ലയിക്കും. അവളുടെ വിവരണ ചാരുതയിൽ അഭിമാനം കൊള്ളും.

ഞൊടി നേരം കൊണ്ട് ആ മനസ്സ് ഗുരുതാകർഷണ സിദ്ധാന്തത്തിലേക്ക് പരകായം ചെയ്യും. ഭാരം കൂടുന്തോറും വീഴ്ചയുടെ ടീച്ചർ വ്യത്യസ്ത കനമുള്ള വസ്തുക്കൾ മേൽപ്പോട്ട് കാട്ടി കൊടുത്തിട്ടുള്ളതാവും അവൾ അപ്പോൾ ഓർത്തു പോവുക.

അപ്പോൾ ദൈവങ്ങൾക്ക് ഒട്ടും ഭാരം ഇല്ലേ അച്ഛാ?

ഭാരമൊക്കെയുണ്ട്. എങ്കിലും അവരെല്ലാം ശൂന്യാകാശത്ത് അല്ലേ. അവിടെ ഒന്നിനും ഭാരം അനുഭവപ്പെടില്ലല്ലോ. അതുകൊണ്ടല്ലേ സാറ്റ്ലൈറ്റുകളും മറ്റും ശൂന്യ ആകാശത്ത് ഒഴുകി നടക്കുന്നത്.

പക്ഷേ, അതൊന്നും അവൾക്ക് തൃപ്തികരമായ ഉത്തരമല്ലായിരുന്നു. ഏതെങ്കിലും മിത്തുമായി കൂട്ടിയിണക്കി പറഞ്ഞു കേൾക്കുന്നതിനോടാണ് അവൾക്ക് എന്നും ഇഷ്ടം.

അച്ചുതണ്ടിൽ അല്ല ഹെർക്കുലീസിന്‍റെ തോളത്താണ് ഭൂഗോളം ഇരിക്കുന്നത്. മരങ്ങളെല്ലാം ഭൂമിയുടെ മുടിയാണ്. മഴ ദൈവത്തിന്‍റെ കണ്ണീരാണ്. അതിന് വകഭേദങ്ങൾ ഉണ്ട്. സന്തോഷവും സന്താപവും ഉണ്ട്. അവൾ കണ്ടെത്തുന്നു.

അന്തർഭാഗം തിളച്ചു മറിയുന്ന ഭൂമിയെ തണുപ്പിക്കാൻ, അതിനെ സമുദ്രത്തിൽ ഇട്ടു വച്ചിരിക്കുകയാണെന്നും ഒരിക്കൽ ഓഫീസിൽ നിന്ന് വളരെ ക്ഷീണിച്ചെത്തിയ തന്നോട് ആയി, ഒരു പുതിയ കണ്ടുപിടുത്തം നടത്തിയ പോലെ അവൾ പറഞ്ഞു. ഇനി തനിക്കതു മനസ്സിലായില്ലെങ്കിലോ എന്ന് കരുതി ഉപ്പിലിട്ട നെല്ലിക്ക പോലെ എന്നും ഉപമിച്ചു.

അങ്ങനെ അങ്ങനെ പോകുന്നു അജിതയുടെ കൗമാര കൽപ്പനകൾ. ഉച്ചയൂണ്കഴിഞ്ഞ് സ്കൂൾ തൊടിയിലെ ആളൊഴിഞ്ഞ കോണിൽ ചെന്നിരിക്കുക എന്നും അവളുടെ പതിവാണ്. കൂട്ടായി ഞാവലിന്‍റെ താഴ്ന്ന  കൊമ്പത്ത് ഒരു അണ്ണാറക്കണ്ണനും. ഉച്ചഭക്ഷണത്തിന്‍റെ ഒരു ഉരുള അവൾ അണ്ണാരക്കണ്ണന് നീക്കി വയ്ക്കും. ആദ്യമൊക്കെ വല്ല കല്ലിലോ ഇലയിലോ വെച്ചുകൊടുത്ത് മാറി നിന്നാലേ അവൻ അത് വന്നു ഭക്ഷിക്കുമായിരുന്നുള്ളൂ. പിന്നെ പിന്നെ കയ്യെത്തും ദൂരം വരെ എന്നായി.

നീ ശ്രീരാമനെ കണ്ടിട്ടുണ്ടോ?

ഏതു രാമനെ? എന്‍റെ കൂട്ടിൽ കെണി വയ്ക്കാൻ കയറി പുള്ളി ഉറുമ്പിന്‍റെ കടിയേറ്റ് താഴെ വീണ എന്ന് ചോദിക്കും പോലെ തലയുയർത്തി അത് അജിതയെ നോക്കി.

ഓർക്കുന്നില്ലേ… സാക്ഷാൽ ശ്രീരാമൻ രാമായണത്തിലെ?

ഓ മറന്നുപോയി. ചിൽ… ചിൽ…

ആ ശബ്ദം അതാണ് സൂചിപ്പിക്കുന്നത് എന്ന് അജിതക്കറിയാം. ഇതുപോലെ എത്രയെത്ര പേരുടെ ഭാഷയാണെന്ന് അജിതയ്ക്ക് ഹൃദ്യസ്ഥമായിട്ടുള്ളത്. കുയിലിന്‍റെ, വിരുന്നു വിളിക്കുന്ന കാക്കയുടെ, കാടൻ പൂച്ചയുടെ, തൊഴുത്തിലെ പശുവിന്‍റെ…

അതെന്നെ… നിന്‍റെ പൂർവികന്‍റെ മുതുകത്ത് അങ്ങേര് തലോടി വരച്ചതല്ലേ ആ മൂന്നു വര.

അതിൽ അഭിമാനം കൊള്ളുമ്പോൾ വാൽ പൂക്കാവടി പോലെ വാനിലേക്ക് വിടർത്തി ആഹ്ളാദിച്ചു. ഒന്നുരണ്ടുവട്ടം മരത്തിലേക്ക് ഓടി കയറുകയും അതേ വേഗത്തിൽ തന്നെ ഇറങ്ങുകയും ചെയ്തു. ഓട്ടത്തിൽ നിയന്ത്രണം കിട്ടാതെ അവളുടെ പാവാടത്തുമ്പിലൂടെയും ഓടി. അജിതയും ആ സന്തോഷത്തിൽ പങ്കുചേർന്നു. തികഞ്ഞ അഭ്യാസിയെ പോലെ മരത്തിന്‍റെ എത്താതുമ്പത്തൂടെ ഓടിയിറങ്ങുകയും  കയറിയും ചാടിയും  തന്നെ അത്ഭുതപ്പെടുത്താറുള്ള അവന് അമളി പറ്റിയതിൽ അവൾ ആർത്തു ചിരിച്ചു.

എന്താ കുട്ടി… ബെല്ലടിച്ചു നേരം എത്രയായി… ഇവിടെ ഇരുന്ന് സ്വപ്നം കാണാ?

ചോരക്കണ്ണൻ ഡ്രിൽ മാസ്റ്റർ തൊട്ടുപിന്നിൽ ഭസ്മാസുരനെ പോലെ നിൽക്കുന്നു. ചെമ്പോത്ത് സ്കൂളിൽ എല്ലാവർക്കും അയാളെ എളുപ്പം തിരിച്ചറിയാവുന്ന വിശേഷണം ആണത്.

അവൾ പിടഞ്ഞ് എഴുന്നേറ്റ് ഓടി. ക്ലാസ്സിനെ ലക്ഷ്യമാക്കി. അപകടം മണത്ത് അണ്ണാരക്കണ്ണനും പ്രതിഷേധം പുറപ്പെടുവിച്ച് ഞാവലിന്‍റെ എത്താക്കൊമ്പിലേക്കും.

ഒരിക്കൽ മലമ്പുഴ കാണാൻ പോയി മടങ്ങിയത് മുതൽ അജിതയുടെ മനസ്സ് നിറയെ ആ യക്ഷിയായി. കറുത്ത വാവിൽ, കൊടും രാത്രികളിൽ ആ രാക്ഷസീയ മനസ്സ് എങ്ങനെയായിരിക്കും പെരുമാറുക? ശങ്കരം കുളങ്ങരയിലെ ഏഴിലം പാലപോലെ, അതിന്‍റെ ഭീകരരൂപം ആയിരിക്കുമോ? നാലാൾ വട്ടം പിടിച്ചാൽ എത്താത്ത വണ്ണവും ആകാശം തുളച്ചു നിൽക്കുന്ന ഉയരവും. നാലുപാടും ചിതറി പരത്തിയിട്ട് ചില്ലുകളും പാലപ്പൂമണവും.

എല്ലാം ഓർത്തു കിടന്ന് പല രാത്രികളിലും അവൾ ഞെട്ടി ഉണർന്നു. പലപ്പോഴും ഉറക്കെ നിലവിളിച്ചു. സ്വന്തം തലമുടി വശങ്ങളിൽ ഉരഞ്ഞ് ഭയം കൊള്ളിച്ചു. സ്വന്തം നിഴലിനും അപ്പോൾ യക്ഷിയുടെ രൂപമായിരുന്നു.

ഒരു സന്ധ്യക്ക് ഒരു ബുദ്ധി തോന്നി. മേൽ കഴുകി വന്ന വസ്ത്രം മാറുമ്പോഴായിരുന്നു ആ തോന്നൽ.

തന്‍റെ ശരീരവും യക്ഷിയുടെ പോലെയാണോ? തടിച്ച പ്രകൃതമുള്ള അവൾ അലമാരയുടെ വലിയ കണ്ണാടി കട്ടിലിന് അഭിമുഖമായി തിരിച്ചിട്ടു കട്ടിലിൽ  വിവസ്ത്രയായി മലമ്പുഴ യക്ഷിയെപ്പോലെ ഇരുന്നു.

അയ്യോ എന്തു വൃത്തികേടാണ്. അവൾ പുതപ്പ് എടുത്ത് ദേഹം മറച്ചു. എന്തുകൊണ്ടോ പിന്നീടൊരിക്കലും യക്ഷിയെ കുറിച്ച് ഓർക്കാൻ അവൾ ഇഷ്ടപ്പെട്ടതേ ഇല്ല.

നോക്കടീ… ആ യക്ഷി നമ്മുടെ ആന്‍റമ്മ ചേട്ടത്തിയെ പോലുണ്ട്. സ്കൂളിലെ ആയയെ കുറിച്ചുള്ള ആ കമന്‍റും കേട്ടതായി ഭാവിച്ചില്ല.

ആ സംസാരത്തിൽ നിന്നും പിൻവാങ്ങി മറ്റു കാഴ്ചയിലേക്ക് കണ്ണ് അയച്ചു. നഗരത്തിന്‍റെ തിരക്കിലേക്ക് ഓടുന്ന വാഹനങ്ങൾ കണ്ടു. ഗതാഗതക്കുരുക്കിൽ നിന്നും ഒഴിഞ്ഞുമാറാൻ ഓടുന്നവരെയും കണ്ടു.

ഗീവർഗീസ് പുണ്യാളാ… ഇവിടെ അങ്ങനെ ചില്ലുമേടേല് കുന്തോം പിടിച്ച് അങ്ങനെ നിന്നോ. വല്ല വഴിപോക്കരും എറിഞ്ഞു തരുന്ന ചില്ലി കാശും എണ്ണി. അവിടെ ആ കാട്ടിലെ ആമ്പിള്ളേര് കാശുണ്ടാക്കുന്നത് കണ്ടോ? മൂന്നുമാസം കൊണ്ട് കോടികളാണ് ആ അയ്യപ്പൻ വാരണേ… അതാ ആണുങ്ങള്…

ഈയിടെ കേട്ട മിമിക്രികാരന്‍റെ പ്രകടനം സ്കൂൾ കവാടത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന രൂപക്കൂട്ടിലെ പുണ്യാളനെ കണ്ടപ്പോൾ അജിത ഓർത്തു.

പരീക്ഷാ സമയത്തും മറ്റും, അച്ഛൻ അറിയാതെ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാറുള്ള ആളാ അയലക്കത്തെ ശങ്കരം കുളങ്ങര അമ്മയെക്കാളും എന്നും കാണുന്ന ദൈവം.

അമ്പലത്തിൽ പോകാനോ ദൈവങ്ങളുടെ കഥ പറയാനോ ഇഷ്ടപ്പെടാത്ത അച്ഛനെയും ഇതുപോലെ കുന്തത്തിന് പകരം പേനയും കാൽക്കുലേറ്ററും കയ്യിൽ പിടിച്ച് ചില്ലുകൂട്ടിൽ നിർത്തണമെന്നും ഒപ്പം കുസൃതി തോന്നി.

കുതിരപ്പുറത്തിരുന്ന് കുന്തം കൊണ്ട്, താഴെ വാ പിളർന്നു വരുന്ന പെരുമ്പാമ്പിനെ കുത്തുന്ന പുണ്യാളന്‍റെ മഹത്വങ്ങൾ സന്മാർഗം പഠിപ്പിക്കുന്ന അൽഫോൻസാമ്മ പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത പോലെയാണ് വിവരിക്കുക.

പിന്നെ പിന്നെ അണ്ണാറക്കണ്ണനെ പോലെ വർഗീസ് പുണ്യാളനും അവളെ കേൾക്കാൻ നിന്നു കൊടുക്കുമായിരുന്നു.

പടിയ്ക്കലിങ്ങനെ നിക്കാണ്ട് ഒന്നിറങ്ങി വന്ന് ഈ സ്കൂൾ ഒന്ന് ചുറ്റി കണ്ടൂടെ? എന്ത് വൃത്തികേടാ ഞങ്ങളുടെ മൂത്രപ്പുര. ആ ചെമ്പോത്തിന്‍റെ ചൂരല്! ശിവ ശിവ! സഹിക്കാൻ പറ്റുന്നില്ല കേട്ടോ. ചന്തീലേ അടിയ്ക്കൂ ആ അസത്ത്. കനള്ള ചന്തി കണ്ടാ വെറുതെ കാരണങ്ങൾ ഉണ്ടാക്കിയ വെറും കൈകൊണ്ട് അടിക്കും.

സിസിലി സിസ്റ്റർ പാവാ.. അതിനെ പോത്ത് പോലെ പണീയിപ്പിക്കുക ആ മൂസേട്ട എച്ച് എമ്മ്.

ആ കുന്തോന്നു തരോ? അവര് ഇരിക്കുന്ന കസേരയുടെ അടീല് ആരും കാണാതെ…. പിന്നെ അവരതിൽ ഇരിക്കുന്നതും. ആസനത്തിൽ കൂടി കുന്തം തുളഞ്ഞു കയറുന്നതും ഡാഗിനി അമ്മൂമ്മയെ പോലെ സ്കൂൾ മുഴുവൻ കുന്തവും പിടിച്ച ഓടുന്നതും ഭാവനയിൽ കണ്ട അവൾ പരിസരം മറന്ന് ഉറക്കെ തന്നെ ചിരിച്ചു പോയി.

പെണ്ണിന് വീണ്ടും കിറുക്ക് മൂത്തിരിക്കുന്നു. സ്കൂൾ ബസിന്‍റെ വരവും കാത്തുനിന്ന സഹപാഠികൾ ആർത്തു വിളിച്ചപ്പോഴാണ് പരിസരത്തവൾ വന്നു വീണത്.

തന്‍റെ സങ്കടങ്ങളും പറ്റിപ്പോയ മണ്ടത്തരങ്ങളും തന്‍റെ സംശയങ്ങൾക്ക് ഉത്തരം തരാൻ ആകാത്ത അച്ഛന്‍റെ പൊതുവിജ്ഞാനക്കുറവും മറ്റൊരു കുട്ടിക്ക് കൂടുതൽ മാർക്ക് കിട്ടാൻ തന്‍റെ ഉത്തരം ശരിയായിരുന്നിടു കൂടി ആ സയൻസ് ടീച്ചർ മനപ്പൂർവ്വം മാർക്ക് കുറച്ചതും അത് ചോദിച്ചപ്പോൾ തന്‍റെ ഉത്തരകടലാസ്, മുഖത്തേക്ക് വലിച്ചെറിഞ്ഞതും എല്ലാം മറ്റാരും കേൾക്കാതെ അവൾ പുണ്യാളനോട് പറയും. സന്ദർഭം പോലെ.

അച്ഛന്‍റെ നിരീശ്വരവാദവും അച്ഛന്‍റെ ആൾക്കാർ പണ്ടെങ്ങോ നടത്തിയ വിപ്ലവത്തിന്‍റെ വീമ്പ് പറച്ചിലും പാഠപുസ്തക വിവാദത്തെക്കുറിച്ച് പള്ളികൾക്കെതിരെ നടത്തുന്ന പ്രസംഗവും അമ്മയുടെ സൗന്ദര്യം ഒളി കണ്ണിട്ട് നോക്കുന്ന അച്ഛന്‍റെ കൂട്ടുകാരന്‍റെ  തോന്നിയാസവും അച്ഛന്‍റെ മദ്യപാനവും അങ്ങനെ വിഷയങ്ങൾക്ക് അല്ല. അതു പറയാൻ തികയാതെ വരുന്ന നേരത്തെ കുറിച്ച് ഓർക്കുമ്പോൾ ആണ് സങ്കടം ആവുക.

ഇന്നലെ ഞാനൊരു സിനിമ കണ്ടുട്ടോ. മുഴുവനായല്ല ഒരിത്തിരി. അപ്പോഴേക്കും അച്ഛനതു മാറ്റി. അതില് കോട്ട വാതിൽ കാക്കുന്ന മൂന്ന് ഭടന്മാരെ കണ്ടു. പുണ്യാളന്‍റെ തൽസ്വരൂപമാ  ഒരാൾക്ക്. അവരുടെ കണ്ണുവെട്ടിച്ച് കോട്ടയ്ക്കുള്ളിൽ കടക്കാൻ ശ്രമിക്കുന്ന ഒരു മദാമ്മയും ഉണ്ടായിരുന്നു. മഹാ ബോറായിരുന്നു അവരുടെ വേഷം. അയ്യോ നാണം ഇല്ലാത്ത പെണ്ണുങ്ങളാ ഈ ഇംഗ്ലീഷുകാര്.. പുണ്യാളന്‍റെ നാട്ടിലെ പെണ്ണുങ്ങളും ഇത്തരക്കാരാ?

തലയിൽ മിന്നുന്ന കസവുള്ള നേർത്ത വസ്ത്രം. അതിലും നേരിയതും നിറയെ ഞൊറികളും ഉള്ള നെടുനീളൻ ഉടുപ്പ്. കരിഞ്ചുവപ്പ് ലിപ്സ്റ്റികും. ഹൈഹീൽ ചെരിപ്പും. നിവർത്താനും മടക്കാനും പറ്റുന്ന വിശറിയും. എനിക്ക് ഒരു അസൂയയും… അങ്ങനത്തെ വേഷം ഉണ്ടാക്കണം. അച്ഛൻ ഇല്ലാത്തപ്പോഴേ പറ്റൂ. അതാ സങ്കടം. മുമ്പ് എപ്പോഴോ കണ്ട മലയാള സിനിമയിലെ നായികയ്ക്കും പാട്ട്  സീനിൽ ഇതുപോലെത്തെ വേഷം ആയിരുന്നു നന്ന്  അതിനിടയിൽ ഓർത്തുപോയി.

അതു കാൺകെ കണ്ണുകൾ ചീമ്പി പോയി. എത്രനേരം അതിൽ ലയിച്ച് അങ്ങനെ നിന്നു എന്ന് അറിഞ്ഞുകൂടാ. അദൃശ്യമായതെന്തോ ഒന്ന് ഉടലിലൂടെ അരിക്കുന്നതായും വസ്ത്രത്തിന്‍റെ അടിയിലൂടെ ഇഴഞ്ഞു കയറുന്നതായും നനുത്ത ചൂടുകാറ്റ് കവിളിൽ തട്ടുന്നതായും നായകൻ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്ന ഞെട്ടിപ്പോയി. അത് ദിവാ സ്വപ്നമല്ല. സിനിമാരംഗവും അല്ല. ചുവന്ന കണ്ണുള്ള ഡ്രിൽ മാഷ്. ചെമ്പോത്ത്. തന്നെ അയാൾ ഞരങ്ങുന്ന ഡെസ്കിൽ അമർത്തി കിടത്തിയിരിക്കുകയാണ്. തന്‍റെ മേലേക്ക് കമിഴ്ന്ന് വികൃതമായി ചിരിക്കുകയാണ്. പുണ്യാളന്‍റെ അടുത്ത് സ്കൂൾ ബസ് കാത്തുനിന്ന് താൻ എങ്ങനെ വീണ്ടും ക്ലാസിൽ എത്തി?

പക്ഷേ, ആലോചിക്കാനുള്ള സമയമല്ലിത്. എഴുന്നേൽക്കാൻ ശ്രമിച്ചു. അലറി വിളിക്കാൻ ശ്രമിച്ചു. നടന്നില്ല. മൽപ്പിടുത്തത്തിൽ വിജയം അയാൾക്ക് തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ ശരീരം തളരുന്ന ഒരു ഘട്ടത്തിൽ ജീവന്‍റെ പിടച്ചിലിൽ മുറുകുന്ന ഘട്ടത്തിൽ…

ആശ അറ്റു നോക്കുമ്പോൾ അതാ അരികിൽ എല്ലാം കണ്ട് ഒരു കാഴ്ചക്കാരനെ പോലെ നിൽക്കുന്നു പുണ്യാളൻ.

ചെമ്പോത്തിനോടുള്ള അതിനേക്കാൾ അരിശം അപ്പോൾ പുണ്യാളനോടാണ് ഉണ്ടായത്.

കാഴ്ച കണ്ട നിൽക്കാ, കണ്ണിൽ ചോര ഇല്ലാണ്ട്, കുന്തവും പിടിച്ച്…അവൾക്ക് സങ്കടം തിങ്ങി വന്നു.

അവളുടെ ശുണ്ഠി കണ്ടിട്ടും പുണ്യാളൻ ചിരിച്ചതേയുള്ളൂ. എങ്കിലും കയ്യിലെ കുന്തം അവൾക്കു നേരെ സാവകാശം നീണ്ടു വന്നു. വാങ്ങിക്കോളൂ എന്ന ആംഗ്യവും.

പിന്നെ ഒട്ടും അമ്മാന്തിച്ചില്ല കുന്തം വാങ്ങി.

പുണ്യാളൻ പറയുന്നു അതിന്‍റെ മൂർച്ച അവന്‍റെ ചങ്കിൽ പരീക്ഷിക്കാൻ.

കിടന്നു പിടഞ്ഞില്ല. പ്രതിഷേധിച്ചില്ല. ആർത്തു കരയാൻ ശ്രമിച്ചില്ല. അത് കാൺകെ അയാൾ കരുതി അനുസരണയുള്ള കുട്ടിയാണ് ഇവൾ എന്ന്.

എന്നാൽ തെറ്റി. പുണ്യാളൻ കൊടുത്ത കുന്തം ചെമ്പോത്തിന്‍റെ ചങ്കിൽ തുളയുകയായിരുന്നു. പിന്നെ കേട്ടത് വിസിൽ അണ്ണാക്കിൽ കുടുങ്ങിയ ശബ്ദമായിരുന്നു. ഒപ്പം മരം വെട്ടിയിട്ടപോലെ ഒരു വീഴ്ചയും. തന്‍റെ ദേഹത്തമർന്ന ചെമ്പോത്ത് പിടഞ്ഞു വീണപ്പോൾ തപ്പി തടഞ്ഞ് എഴുന്നേറ്റു. തന്നെ ഇരുന്ന് താഴേക്ക് എത്തിനോക്കി.

അയാൾ രണ്ട് കൈ കൊണ്ട് ചങ്കിൽ പൊത്തിപ്പിടിച്ച് പുളയുകയാണ്.

ചാവട്ടെ ചെമ്പോത്ത് അവൾ ശപിച്ചു. ഒട്ടും ധൃതി കൂട്ടാതെ ഡെസ്കിൽ തന്നെ ഇരുന്ന് മുടി ശരിയാക്കി. സ്ഥാനം തെറ്റിയ യൂണിഫോം ശരിയാക്കി. ഊരിപോയ ഷൂ കണ്ടെടുത്തിട്ട് അലസമായി വലിച്ചെറിയപ്പെട്ടിരുന്ന സ്കൂൾ ബാഗ് എടുത്ത് തോളിൽ ഇട്ടു. ഒന്നും സംഭവിക്കാത്ത പോലെ പുറത്തേക്ക് നടന്നു.

വിജനമായ മുറ്റം കടന്ന് പടിക്കലെത്തി ഒന്ന് നിന്നു. ഗേറ്റിൽ അപ്പോഴും തന്നെ കാത്തുനിന്ന പുണ്യാളനെ നന്ദിപൂർവ്വം നോക്കി തല കുമ്പിട്ടു.

അതിശയം ആ കുന്തം പുണ്യാളന്‍റെ കയ്യിൽ തന്നെ.

അല്ല അതെങ്ങനെ തിരിച്ചു കിട്ടി?

അത് വിദ്യ. അജിതയുടെ കണ്ണുവെട്ടിച്ച് ചെയ്തത്. അയാളുടെ പോക്കറ്റിലെ പേന ഞാൻ തൽക്കാലം കുന്തമാക്കുകയായിരുന്നു അത്രയേ ഉള്ളൂ.

അയാൾ ചാവോ?

ഹേയ് ഇല്ലാ. രണ്ട് ദിവസം ആശുപത്രിയിൽ ആവും. പിന്നെ സുഖമാവും. എന്നാലും എന്നും ഓർക്കാൻ ശബ്ദം ഒന്നു മാറും. ഞാൻ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. സാരില്ല ഒന്നും പറ്റിയില്ലല്ലോ എന്‍റെ മോൾക്ക്.

സ്തുതി മെഴുകുതിരി നാലെണ്ണം അധികം കത്തിക്കുന്നുണ്ട് ഞാൻ നാളെ.

അവൾ വേഗം നടന്നു അന്ന് ആദ്യമായി സ്കൂളിൽനിന്ന് മൂന്നു മൂന്നര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ഏകയായി. അല്ല തന്‍റെ ശരീരവും കൊണ്ട് നടന്നു. ഇതുവരെ ശരീരം കൂടെയില്ലാത്ത യാത്രയായിരുന്നു ഒട്ടും ഭാരം ഇല്ലാത്ത യാത്ര ഇന്ന് അങ്ങനെയല്ല. ആരോ ഒപ്പമുള്ളത് പോലെ അല്പം ഉരുണ്ട പ്രകൃതമുള്ള ഒരാൾ ഒരു പെൺകുട്ടി അതുകൊണ്ട് തന്നെ അപരിചിതയായ അവളെ ശ്രദ്ധിച്ചു നടന്നു.

ഇന്ന് ഒഴിഞ്ഞുപോയ ഒരു അപകടം. അത്, ക്ലാസിൽ പഠിപ്പിക്കാത്ത ഒരു പാഠം തുറന്നു തരുന്നു. ദിവാ സ്വപ്നങ്ങളിൽ മുഴുകി ഇങ്ങനെ ഒഴുകി നടന്നു കൂടാ. ഏതു ഉണർവിലും ഉറക്കത്തിലും മനസ്സ് ശരീരം വിട്ടെങ്ങും പോയിക്കൂടാ. മനസ്സിൽ പാതി ശരീരത്തിന് മറുപാതി പഠനത്തിനും അവൾ മനപാഠമാക്കാൻ ശ്രമിച്ചു.

വീടിന്‍റെ പടി കടക്കുമ്പോൾ തുളസിത്തറയുടെ നിഴലിൽ കിടക്കുന്ന പൂച്ചയെ കണ്ടു. അതു തന്നെ കണ്ടതും ഉത്സാഹപ്പെട്ട് ഓടിവന്നു.

സൂക്ഷിക്കണം. നീയും കരുതി വേണം നടക്കാൻ. രാത്രി സഞ്ചാരം ഉണ്ടല്ലോ അത് നിർത്തുകയും വേണം. ഇപ്പോൾ കൂടെ നടക്കുന്നത് മകനാണ്. എങ്കിലും ഒരു കണ്ണ് വേണം. നീയും പെണ്ണാ ഓർത്തോ…

വീണ്ടും സൂര്യോദയം

ഞങ്ങൾ നല്ല സ്നേഹിതകളായിരുന്നു. ഞാൻ സാധാരണക്കാരിയും അവൾ അതിസുന്ദരിയും. ബുദ്ധിയുടെ കാര്യത്തിൽ ആവട്ടെ, ഞാൻ മുന്നിലും അവൾ സാധാരണക്കാരിയും ആയിരുന്നു. ഞാൻ തന്നിഷ്ടകാരിയും കുറുമ്പിയും ആണ്. അവൾ ആകട്ടെ അല്പം ലജ്ജാശീലം ഉള്ളവളും. ഞങ്ങളുടെ കൂട്ടുകെട്ട് സ്കൂളിൽ വളരെ പ്രശസ്തവുമായിരുന്നു. ഞങ്ങളുടെ സംസ്കാരം, കുടുംബത്തിലെ ആചാരവിചാരങ്ങൾ, ആദർശങ്ങളെല്ലാം ഒരുപോലെ തന്നെ. ഉയർന്ന സാമ്പത്തിക നിലവാരമുള്ളവരുടെ മക്കളാണ് അന്ന് കോൺവെന്‍റ് സ്കൂളിൽ പഠിച്ചിരുന്നത്. ഞങ്ങൾ ഇടത്തരക്കാരും അല്പം യാഥാസ്ഥിതികരും ആണ്. ഞങ്ങൾക്ക് സ്കൂളിൽ അല്ലാതെ മറ്റൊരിടത്തും സ്കേർട്ട് ധരിച്ച് പോകുവാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് പുറത്തു പോകുവാനും സാധിക്കുമായിരുന്നില്ല.

അവളുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു. അഞ്ച് സഹോദരി സഹോദരന്മാരിൽ അവളായിരുന്നു മൂന്നാമത്തേത്. വളർന്നുവരുന്നതോടൊപ്പം തന്നെ അവളുടെ രൂപലാവണ്യവും വർദ്ധിച്ചുവന്നു.

ഞങ്ങളുടെ വീട്ടിലും സ്കൂളിലും അല്ലാതെ അവൾ മറ്റൊരിടത്തും പോകാറില്ലായിരുന്നു. ഞാനായിരുന്നു ഉറ്റ സ്നേഹിത. എന്‍റെ വീട്ടിലെ അന്തരീക്ഷം അവളുടെ വീട്ടിലേതുപോലെ ആയതിനാൽ  ഞങ്ങളുടെ വീട്ടിൽ വരുവാനുള്ള അനുവാദം അവൾക്ക് കിട്ടിയിരുന്നു.

അവൾ കൗമാര പ്രായമായപ്പോഴേക്കും ചന്ദ്രനെ പോലും വെല്ലുന്ന സൗന്ദര്യത്തിന് ഉടമയായി തീർന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പോലും വിരളം. അവൾക്ക് സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള ആലോചനകൾ വന്നു തുടങ്ങി. വീടിന് പുറത്ത് ആൺകുട്ടികൾ ചുറ്റിക്കറങ്ങുന്നത് പതിവായി. ഇത് ഭയന്ന് വീട്ടുകാർ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ നഗരത്തിലെ ധനികരും പ്രശസ്തരുമായ കുടുംബവുമായി അവളുടെ വിവാഹം ഉറപ്പിച്ചു. പയ്യൻ ബിസിനസ്സുകാരൻ ആയിരുന്നു. പയ്യന് മൂന്നു നാല് സഹോദരങ്ങൾ ഉണ്ടായിരുന്നു. അവളുടെ ഭാവി വരൻ മൂത്തമകൻ ആയിരുന്നു. അതുകൊണ്ട് അയാളാണ് സ്വത്തും കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. വീട്ടുകാരെ അപേക്ഷിച്ച് പയ്യനായിരുന്നു ഈ കല്യാണം നടത്താൻ കൂടുതൽ താല്പര്യം.

അവളുടെ വിവാഹനിശ്ചയം വിവാഹത്തോളം തന്നെ ആർഭാടമായി നടന്നു. വൈരമാലയുടെ സെറ്റ്, സ്വർണാഭരണങ്ങൾ… വിവാഹനിശ്ചയം ഇങ്ങനെയായാൽ വിവാഹം എങ്ങനെ ആയിരിക്കും എന്നോർത്ത് ഞങ്ങളെല്ലാം ആശ്ചര്യചകിതരായി.

സത്യത്തിൽ ഇതുപോലൊരു കല്യാണം ഇതിനു മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. അത്ര ആർഭാട പൂർവ്വമായിരുന്നു വിവാഹ ആഘോഷങ്ങൾ. അക്കാലത്ത് വീഡിയോ ഇല്ലായിരുന്നു. അതുകൊണ്ട് മൂവി ക്യാമറ ഉപയോഗിച്ചാണ് വിവാഹ ആഘോഷചടങ്ങുകൾ പകർത്തിയത്. ഞാൻ വധുവിനെ ഒരുക്കുന്നതു മുതൽ യാത്ര അയക്കുന്നത് വരെ ഓരോ ചടങ്ങിലും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. അവൾ യാത്ര ചോദിച്ചപ്പോൾ ഞാൻ വളരെയേറെ കരഞ്ഞു.

അവൾ മാതൃഗൃഹത്തിൽ വരുമ്പോഴൊക്കെ എന്നെ കാണുവാൻ വരുമായിരുന്നു. താൻ വലിയൊരു ബംഗ്ലാവിലാണ് താമസിക്കുന്നത് എന്ന് തുടങ്ങി ഭർത്തൃ വീട്ടിലെ സകല വിശേഷങ്ങളും എന്നെ പറഞ്ഞു കേൾപ്പിക്കും. അമ്മായിയമ്മ മറ്റു കുട്ടികളുമായി വേറൊരു നഗരത്തിലാണ് താമസിക്കുന്നത്. അവർക്ക് അവളെ ഇഷ്ടമല്ലെങ്കിലും അമ്മായി അച്ഛന് അവളെ വലിയ കാര്യമാണ്. ചോദിക്കാതെയും പറയാതെയും മരുമകൾക്ക് അത്രയും വലിയ ബംഗ്ലാവ് എഴുതിക്കൊടുത്തത് അമ്മായി അമ്മയ്ക്ക് ഇഷ്ടമായില്ല. അവർ വിദ്യാഭ്യാസം ഇല്ലാത്ത വീട്ടമ്മയായിരുന്നു.

ഒരു വർഷത്തിനുള്ളിൽ അവൾ അമ്മയായി. പിന്നീട് സ്വഗൃഹത്തിൽ വരുന്നതും കുറഞ്ഞു. കുട്ടി ജനിച്ചതിനുശേഷം അവളെ കാണാൻ ആശുപത്രിയിൽ പോയപ്പോൾ അവൾ ഉദാസീനയായി കാണപ്പെട്ടു. ഭർത്തൃ വീട്ടുകാർ അവളെ പാവപ്പെട്ട വീട്ടിലെ അംഗമായി കാണുന്നതാണ് ദുഃഖത്തിന് കാരണമെന്ന് അല്പനേരം സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി. മാത്രമല്ല, ഭർത്താവ് അവളെ ഇടുങ്ങിയ ചിന്താഗതിക്കാരിയെന്ന് കരുതുന്നു.

അവൾ ജനിച്ചു വളർന്ന പരിതസ്ഥിതിയിൽ പരപുരുഷന്മാർക്ക് ഹസ്തദാനം നൽകുന്നതും അവരുമായി ഡാൻസ് ചെയ്യുന്നതും തെറ്റായിരുന്നു. പക്ഷേ മറ്റുള്ള സ്ത്രീകൾ ക്ലബ്ബിൽ എങ്ങനെയാണോ പെരുമാറുന്നത് അവളും അതുപോലെ ആവണമെന്നാണ് ഭർത്താവിന്‍റെ നിഷ്കർഷ. അദ്ദേഹത്തെ അനുസരിക്കണം എന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി.

ഭർത്താവ് സന്തുഷ്ടനായാൽ ഭർത്തൃ വീട്ടുകാരും ശരിയാകും. അവരുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് നീയും ജീവിക്കണം. ഇതിനുശേഷം ഞങ്ങൾ വിരളമായേ കാണാറുണ്ടായിരുന്നുള്ളൂ. ഞാൻ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റൊരു പട്ടണത്തിലേക്ക് പോയി. അവൾ വരുമ്പോഴൊന്നും ഞാനും ഞാൻ വരുമ്പോഴൊന്നും അവളും വീട്ടിലുണ്ടാവാറില്ല.

വളരെ നാളുകൾക്കു ശേഷം കണ്ടപ്പോൾ അവൾ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു. ശരിക്കും ഒരു ഹീറോയിനെ പോലെ. അവളുടെ നടത്തം, നോട്ടം, അണിഞ്ഞൊരുങ്ങുന്ന വിധം എല്ലാത്തിലും മാറ്റം ഉണ്ടായിരുന്നു. അവൾ നാണം കുടുങ്ങി ആണെന്നു തോന്നുമായിരുന്നില്ല. അവളപ്പോഴേക്കും രണ്ടു കുട്ടികളുടെ അമ്മയായി കഴിഞ്ഞിരുന്നു. മകൾ ഹോസ്റ്റലിലും മകൻ ആയയുടെ പരിചരണത്തിലും.

ഇപ്രാവശ്യം കണ്ടപ്പോൾ അവൾ ഭർത്താവിനെ ഏറെ പ്രശംസിച്ചു. ഇപ്പോൾ അവൾ ക്ലബ്ബിൽ പോകാറുണ്ട്. ഭർത്താവിന്‍റെ കൂടെ പാർട്ടികളിൽ പങ്കെടുക്കാറുണ്ട്. ഭർത്താവും സന്തുഷ്ടനാണ്. ഭർത്തൃ വീട്ടുകാരെക്കൊണ്ട് പ്രശ്നങ്ങൾ ഒന്നുമില്ല. ഇതെല്ലാം എന്‍റെ ഉപദേശം കൊണ്ട് ശരിയായത് ആണെന്ന് അവൾ പറഞ്ഞു.

പക്ഷേ ഇതെനിക്കൊട്ടും ഇഷ്ടമായില്ല. അവൾ തെരഞ്ഞെടുത്ത മാർഗ്ഗം എനിക്ക് അപരിചിതമായിരുന്നു. പിന്നീട് പഠനം പൂർത്തിയായ ഉടൻ എന്‍റെ വിവാഹവും നടന്നു. അവൾ എന്‍റെ വിവാഹത്തിൽ പങ്കെടുത്തില്ല. വിദേശത്തുനിന്നും നല്ലൊരു സമ്മാനവും അയച്ചുതന്നു.

ഒരു മധ്യ വർഗ്ഗ കുടുംബത്തിലേക്കാണ് എന്നെ വിവാഹം കഴിച്ച് അയച്ചത്. എനിക്ക് പറയത്തക്ക കഷ്ടപ്പാട് ഒന്നും ഉണ്ടായിരുന്നില്ല. ഓരോ ഇടത്തരക്കാരെയും പോലെ സുന്ദരമായ ജീവിതം സ്വപ്നം കാണുക, അത് സാക്ഷാത്കരിക്കുന്നതിന് ശ്രമിക്കുക. അത്രമാത്രം. ഞങ്ങൾ ചെറിയ ചെറിയ ആഗ്രഹങ്ങൾ പൂർത്തീകരിച്ച് സന്തോഷിക്കും. ഒരു മാസത്തേക്കുള്ള ബജറ്റ് തയ്യാറാക്കും. പലപ്പോഴും അത് താളം തെറ്റും. ഒരു ദിവസം അവളും ഭർത്താവും വിദേശത്ത് പോയി എന്ന് കേട്ടു. അവിടെവച്ച് അവളുടെ ഭർത്താവ് മരണമടഞ്ഞു എന്നും. കേവലം 10 വർഷത്തെ ദാമ്പത്യം രണ്ടു കുട്ടികളുടെ അമ്മയും 26കാരിയുമായ വിധവ.

എനിക്ക് അവളെ കാണാൻ പോകണമെന്നുണ്ടായിരുന്നുവെങ്കിലും ചെറിയ കുട്ടികളെയും കൊണ്ട് രണ്ടുദിവസം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും മോശമായ സാമ്പത്തിക സ്ഥിതിയും മൂലം പോകാൻ സാധിച്ചില്ല. എന്‍റെ ജന്മ വീട്ടിൽ നിന്നും അമ്മയും സഹോദരനും വേറെ സ്ഥലത്തേക്ക് മാറിയിരുന്നു. ഏട്ടന്‍റെ ജോലിക്ക് അനുസരിച്ച് അവരും താമസിക്കുന്നതിനാൽ മനസ്സ് ആഗ്രഹിച്ചിരുന്നു എങ്കിലും എനിക്ക് ജന്മനാട്ടിലേക്ക് പോകാൻ സാധിച്ചില്ല.

എന്‍റെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഇന്നലെ പെയ്ത മഴ പോലെ തോന്നുന്നു. പെൺകുട്ടികളുടെ ജീവിതം… നെല്ലുമുളയ്ക്കുന്നത് ഒരിടത്ത് പറിച്ചു നടുന്നത് മറ്റൊരിടത്തും. വർഷങ്ങളുടെ സ്വന്തബന്ധം എല്ലാം എത്ര വേഗമാണ് നഷ്ടമാകുന്നത്. ഇഷ്ടമില്ലാതിരുന്നിട്ടും കൂടി പ്രിയപ്പെട്ടതെല്ലാം മറക്കേണ്ടതായി വരുന്നു.

കുറച്ചു വർഷങ്ങൾക്കുശേഷം എന്‍റെ ഏട്ടന് ജന്മനാട്ടിലേക്ക് സ്ഥലം മാറ്റമായി. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ സാധിക്കുമല്ലോ എന്നോർത്ത് ഞാൻ വളരെ സന്തോഷിച്ചു. അവളെ കാണാനുള്ള ആഗ്രഹത്തെപ്പറ്റി ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടൻ അസന്തുഷ്ടിയോടെ പറഞ്ഞു, നീ വേണമെങ്കിൽ പൊയ്ക്കോളൂ. പക്ഷേ, മറ്റാരെയും ഇവിടുന്ന് വിടില്ല.

ഏട്ടന്‍റെ പെരുമാറ്റം വിചിത്രമായി തോന്നി. എന്നാലും ഞാൻ പോയി. വരുമെന്ന് ഞാൻ അവൾക്ക് ഫോൺ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവൾ എന്നെ കാത്തിരുന്നു.

അവളുടെ വിവാഹസമയത്ത് നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിന്നിരുന്ന ഈ വീട് ആകെ പൊടിപിടിച്ച് നിറം മങ്ങി കാണപ്പെട്ടു. അകത്ത് കടക്കുമ്പോഴേക്കും അവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കും എന്ന് ഞാൻ വിചാരിച്ചു. എന്നാൽ അതുണ്ടായില്ല. അവളിൽ പറയത്തക്ക മാറ്റമൊന്നും കാണാൻ കഴിഞ്ഞില്ല. അവളുടെ സൗന്ദര്യം ഇപ്പോഴും കത്തിജ്വലിക്കുന്നുണ്ടായിരുന്നു. ഞാനവളിൽ കുട്ടിക്കാലത്തെ തോഴിയെ അന്വേഷിക്കുവാൻ ശ്രമിച്ചു. അവൾ പതുക്കെ സംസാരിക്കുവാൻ തുടങ്ങി. ഇത്രയും വർഷങ്ങൾക്കുശേഷം അവളുടെ ഭർത്താവിന്‍റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ട് കുട്ടികളെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. മകളുടെ പഠിത്തം കഴിഞ്ഞു അവൾ മാനേജ്മെന്‍റ് കോഴ്സ് ആണ് ചെയ്തിരിക്കുന്നത്. മകൻ ബിഎ ഫൈനലാണ്. രണ്ടു കുട്ടികളും അവധിക്കായി അവിടെ വന്നിട്ടുണ്ടായിരുന്നു.

അപ്പോഴേക്കും അവളുടെ മകളും വന്നു. അമ്മയെപ്പോലെ സുന്ദരിയായിരുന്നു അവളും. രണ്ടുപേരെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ. അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു, ആന്‍റിയുടെ കാര്യം മമ്മി എപ്പോഴും പറയാറുണ്ട് നിങ്ങൾ രണ്ടുപേരുംകൂടി കാണിക്കുന്ന കുസൃതികളും ഒക്കെ.

നന്നായി, നീ എന്നെ പറ്റി കുട്ടികളോട് പറഞ്ഞത്. ഞാൻ പറഞ്ഞു. രാത്രി അവൾ എന്നെ പോകുവാൻ അനുവദിച്ചില്ല. അവൾ പറഞ്ഞു രാവിലെ പോയാൽ മതി. രാത്രി വളരെ നേരം ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. അവൾ തന്‍റെ മനസ്സിലടക്കിയിരുന്ന ദുഃഖങ്ങൾ എന്നോട് പറയുവാനായി വർഷങ്ങളോളം കാത്തിരിക്കുകയായിരുന്നോ? അവൾ പറഞ്ഞു തുടങ്ങി.

ഭർത്താവിന്‍റെ മരണശേഷം നാട്ടിലേക്ക് മടങ്ങിയപ്പോൾ എന്‍റെ ഭർത്തൃ വീട്ടുകാർ വളരെയേറെ മാറിയിരുന്നു. അമ്മായി അച്ഛനും മരിച്ചു. ഭർത്താവിന്‍റെ സഹോദരനും വളർന്നു വലുതായി. ഭർത്താവിന്‍റെ മരണശേഷം അവനാണ് കാര്യങ്ങൾ നോക്കി നടത്തുന്നത്.

എനിക്ക് വ്യാപാരത്തിലോ വീട്ടിലെ മറ്റു കാര്യങ്ങളിലോ സംസാരിക്കാനുള്ള അധികാരമില്ലായിരുന്നു. ഈ ബംഗ്ലാവ് നിന്‍റേതല്ല, ഇനി കുട്ടികളെ വളർത്തേണ്ട ചുമതലയും നിനക്കില്ല. അവരെ ഞങ്ങൾ പഠിപ്പിക്കും നീ നിന്‍റെ വീട്ടിൽ തന്നെ താമസിച്ചാൽ മതി. ചെലവിനുള്ളത് ഞങ്ങൾ അയച്ചു തരാം. ഇങ്ങനെ പറഞ്ഞു അമ്മായിഅമ്മ  തന്‍റെ പക തീർത്തു.

എന്‍റെ അച്ഛനും വിചാരിച്ചു, മകൾ യുവതിയല്ലേ. കുട്ടികളെക്കുറിച്ച് ഭാരിച്ച ചിന്തയും വേണ്ട. അവളെ മറ്റാർക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കാം എന്ന്. കൂടാതെ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് ഇത്രയും വലിയ ആളുകളുമായി ഇടയേണ്ടി വരില്ലേ എന്നും അച്ഛൻ കരുതി.

മകൻ മരിച്ചതോർത്ത് ദുഃഖിക്കുന്നതിന് പകരം സ്വത്ത്, ബംഗ്ലാവ് എന്നു മുറവിളി കൂട്ടുന്ന അമ്മയുള്ള ഈ ലോകത്തെക്കുറിച്ച് ഓർത്തപ്പോൾ എനിക്ക് പുച്ഛം തോന്നി. എന്‍റെ കുട്ടികൾ അച്ഛന് ഒരു ഭാരമായി. എന്നെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു കൊടുത്ത് പ്രശ്നം തീർക്കാൻ ആയിരുന്നു അച്ഛന്‍റെ പരിപാടി. ഇതെല്ലാം ഭർത്താവ് മരിച്ച 10 -12 ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു.

20 ലക്ഷത്തിന്‍റെ ഫ്ലാറ്റ് ഭർത്താവ് നാത്തൂന് വാങ്ങി കൊടുത്തിരുന്നു. പക്ഷേ, ഞാൻ ആ ബംഗ്ലാവിൽ താമസിക്കുന്ന അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവൾ വിതുമ്പി ഞാൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

ഈ ബിസിനസ് എന്‍റെ ഭർത്താവിന്‍റെ അധ്വാനമാണ്. അദ്ദേഹത്തിന്‍റെ ചോരയും നീരും കൊണ്ട് തഴച്ചു വളർന്നതാണ്. അതിൽ ഭാര്യക്കും മക്കൾക്കും പങ്കില്ലേ. അവർ വെറും ആശ്രിതരെ പോലെ ജീവിക്കണോ? അവിടെയുള്ള ഓരോ വസ്തുവിലും എന്‍റെ കുഞ്ഞുങ്ങൾക്കും  അവകാശവും അധികാരവും ഉണ്ട്. അതിനുവേണ്ടി പോരാടാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ എന്‍റെ കൂടെ നിൽക്കുവാൻ ആരുമില്ലായിരുന്നു. ഭർത്താവിന്‍റെ വീട്ടുകാരുടെ സാമ്പത്തിക സ്വാധീനത്തെ എല്ലാവരും ഭയപ്പെട്ടു.

എന്‍റെ ഭർത്താവിന്‍റെ കൂട്ടുകാർ ധൈര്യം നൽകി. ആ നഗരത്തിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥരും വളരെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായി എനിക്ക് ക്ലബ്ബിൽ വച്ച് പരിചയമുണ്ടായിരുന്നു. ക്രമേണ ഭർത്താവിന്‍റെ വീട്ടിൽ നിന്നും പണം അയക്കുന്നതും നിലച്ചു. അവിടെ നിന്നും കൂടുതൽ ദ്രോഹപരമായ നടപടികൾ വരാൻ തുടങ്ങി. പക്ഷേ എനിക്ക് പുറത്തുള്ളവരുടെ സഹതാപം ലഭിച്ചു.

മറ്റുള്ളവരുടെ സമ്മർദ്ദം സഹിക്കാൻ ആവാതെ ഞാൻ മറ്റൊരു വിവാഹം കഴിച്ചു. അദ്ദേഹം എന്നെ ഏറെ സഹായിച്ചിട്ടുള്ള ഒരു വ്യക്തിയായിരുന്നു. അതോടെ സമൂഹവും എന്നെ  കാർക്കിച്ചു തുപ്പി.  പക്ഷേ എന്‍റെ പുതിയ ഭർത്താവും ഭർത്തൃ വീട്ടുകാരുടെ കയ്യിലെ കളിപ്പാവയാണെന്ന് താമസിയാതെ മനസ്സിലായി. വിവാഹം കഴിക്കാനുള്ള തീരുമാനത്തെ കുറിച്ച് ഓർത്ത് ദുഃഖിച്ച നാളുകൾ ആയിരുന്നു അത്. തെറ്റുകളിൽ നിന്നാണ് മനുഷ്യർ പാഠം പഠിക്കുന്നത്. ഞാൻ വേഗം തന്നെ ആ തെറ്റ് തിരുത്തി. ഇത്ര ചെറുപ്പത്തിലെ വിവാഹം, വൈധവ്യം, പുനർവിവാഹം, വിവാഹമോചനം തുടങ്ങിയ എല്ലാ കാര്യങ്ങളും കണ്ട മറ്റൊരു സ്ത്രീ എന്നെ പോലെ ഉണ്ടാകുമോ? അവളുടെ ചുവന്ന തുടുത്ത കവിളുകളിൽ കണ്ണുനീർ ഒഴുകി.

പിന്നീട് സ്വന്തം കാലിൽ നിൽക്കുവാനുള്ള ശ്രമങ്ങൾ ആയിരുന്നു. ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ചു. അതോടൊപ്പം മക്കളുടെ അവകാശത്തിനായുള്ള കേസുകളും നടത്തി. പക്ഷേ ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന കാര്യത്തിൽ ഭർത്തൃ ഗൃഹത്തിൽ ഉള്ളവർ തടസ്സം സൃഷ്ടിക്കുവാൻ തുടങ്ങി. ആശ്രയത്തിനായി ആരുമില്ലാതായപ്പോൾ പിന്നെ എനിക്ക് മറ്റൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല. ചിലർക്ക് ഭക്ഷണം നൽകേണ്ടിവന്നു. ചിലർക്ക് മദ്യവും. അങ്ങനെ സാവധാനം നഗരത്തിലെ പ്രധാന അധികാരികൾ എന്‍റെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വന്നു പോയിക്കൊണ്ടിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ എന്‍റെ അടുക്കൽ എത്തുമായിരുന്നു. എനിക്കും മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്നു. അവൾ നിർത്തി. അവളുടെ വാക്കുകളിൽ ആത്മവിശ്വാസം തുടിക്കുന്നതായി എനിക്ക് തോന്നി. സുഹൃത്തിന്‍റെ ഉയർത്തെഴുന്നേൽപ്പിൽ എനിക്കും അഭിമാനം തോന്നി.

രാത്രി വളരെ വൈകിയിരുന്നു. അവളുടെ കഥ എനിക്ക് ശുഭപര്യവസാനിയായി തോന്നി. പക്ഷേ പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത്. അവളുടെ സ്വരം പെട്ടെന്ന് മധുരതരമായി. മൊബൈലിലേക്ക് മെസ്സേജ് അയച്ചിരുന്നല്ലോ. ഇന്നെനിക്ക് വരാൻ പറ്റില്ല. അസുഖം ഒന്നും ഇല്ല. എന്‍റെ ഒരു കൂട്ടുകാരി… മറുഭാഗത്തുനിന്നുള്ള മറുപടിക്ക് കാക്കാതെ അവൾ റിസീവർ വച്ചു. ഞാൻ സ്തംഭിച്ചു പോയി.

എന്താ നീ രാത്രിയിൽ… എന്‍റെ ചോദ്യം  മുഴുമിപ്പിക്കുന്നതിനു മുമ്പേ യാതൊരു മടിയും കൂടാതെ  അതെ എന്നവൾ തല കുലുക്കിക്കൊണ്ട് പറഞ്ഞു. എന്നെ സഹായിക്കാം എന്ന വാഗ്ദാനവുമായി ആരെങ്കിലും മുന്നോട്ടു വരുമ്പോൾ അവരുടെ പേരിനൊപ്പം എന്‍റെ പേരും കൂടിച്ചേരും. എന്നെ എന്‍റെ ഭർത്തൃ വീട്ടുകാർ ഒരു ദുർനടപ്പുകാരിയായി ചിത്രീകരിച്ചു. ഭർത്തൃ സഹോദരൻ കോടതിയിൽ വച്ച് എന്നെ പല അപവാദങ്ങളിലെയും നായികയാക്കി. അവരുടെ മുന്നിൽ എനിക്ക് ജയിക്കണം ആയിരുന്നു. അതിനായി ഞാൻ ഒരു ദുർ നടപ്പുകാരിയായി. അവനോട് അതേപോലെ ഞാനും പറഞ്ഞു. നിങ്ങളെന്‍റെ കുട്ടികളുടെ അധികാര അവകാശങ്ങൾ തട്ടിയെടുത്തത് കൊണ്ടാണ് ഞാൻ ദുർ നടപ്പുകാരി ആയതെന്ന്.

തന്‍റെ ശരീരം, മനസ്സ്, ധനം എല്ലാം പണയം വെച്ച് കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വീരാംഗനയാണോ ഇവൾ എന്ന് എനിക്ക് തോന്നി. കേവലം സുഖസൗകര്യങ്ങൾക്കായി അസ്തിത്വത്തെ തന്നെ ബലിയർപ്പിക്കുന്നത് ശരിയാണോ? എന്ന് വിചാരവും ഉണ്ടായി. ഇഷ്ടമില്ലാഞ്ഞിട്ട് കൂടി ഞാൻ ചോദിച്ചു പോയി.

ഇങ്ങനെ ജീവിക്കുന്നതിൽ നീ സന്തുഷ്ടയാണോ? കുറച്ചുനേരം അവൾ ഇരുട്ടിലേക്ക് നോക്കിയിരുന്നു. പിന്നെ ഇടറിയ സ്വരത്തിൽ പറഞ്ഞു. സന്തോഷം എന്നിൽ നിന്നും അകന്നുപോയി. ആദ്യം അധികാരങ്ങൾ നേടുവാനുള്ള പോരാട്ടം ആയിരുന്നു. അതിനായി തുറന്നു കിട്ടിയ വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചു. എന്നാൽ  ഞാനിന്നു കുടുങ്ങിയിരിക്കുന്ന ചക്രവ്യൂഹത്തിൽ നിന്ന് പുറത്തേക്ക് വരിക ശ്രമകരമായ കാര്യമാണ്. എന്‍റെ ദുഷ്പേര് കുട്ടികളുടെ ജീവിതത്തിന് തടസ്സമാകുമോ എന്ന ചിന്തയാണ് എന്നെ ഇപ്പോൾ അലട്ടുന്നത്.

ഞാൻ കുട്ടികളെ നന്മയ്ക്കായി ചെയ്തതെല്ലാം ഇപ്പോൾ തടസ്സങ്ങളായി മാറിയിരിക്കുകയാണ്. കുറച്ചു പണം കൂടി മുടക്കി ബിസിനസിൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും എങ്കിലും അവരെ അഭിമാനത്തോടെ വളർത്താമായിരുന്നു. അവർക്ക് സുഖ സൗകര്യങ്ങൾ നൽകാനായി എനിക്ക് അഭിമാനം പണയപ്പെടുത്തേണ്ടി വന്നു.

സമൂഹം നന്മകൾ വേഗം മറക്കും. തിന്മകൾ മറക്കുകയേയില്ല. സമൂഹത്തിന്‍റെ ഓർമ്മശക്തി ദുർബലമാണ്. മകൾ പഠിപ്പുള്ളവളാണ് സുന്ദരിയും. അവൾ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കട്ടെ. നിനക്ക് ഇഷ്ടമാണെങ്കിൽ അമേരിക്കയിൽ കമ്പ്യൂട്ടർ എൻജിനീയർ ആയ എന്‍റെ ഭർത്തൃ സഹോദരനെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാം. പിന്നെ മോനോട് എല്ലാം പറഞ്ഞു മനസ്സിലാക്കാവുന്നതേയുള്ളൂ. അവൻ നിന്നോടൊപ്പം തന്നെ നിൽക്കും. വേണമെങ്കിൽ ഞാൻ അവനോട് സംസാരിക്കാം.

അവൾ മെല്ലെ പറഞ്ഞു, ഞാൻ വളരെയേറെ നഷ്ടപ്പെടുത്തി. കൂട്ടിയും കുറച്ചും നോക്കിയാൽ നഷ്ടം എനിക്കുതന്നെ. മക്കളുടെ ഭാവി സുരക്ഷിതമായാൽ പിന്നെ എനിക്കെന്തു വേണം? ഈ സമൂഹത്തിൽ തന്നെ അന്തസ്സോടെ ഞാൻ ജീവിക്കും. എന്‍റെ പേരിൽ വീണ കളങ്കം ഞാൻ തന്നെ മായിക്കും. അതിനുവേണ്ടി ശ്രമിക്കുകയെങ്കിലും ചെയ്യാമല്ലോ? അവളുടെ സ്വരം ഉറച്ചതായിരുന്നു ആ കണ്ണുകളിൽ ആത്മവിശ്വാസം അലയടിച്ചു.

കൂടപ്പിറപ്പ്

ഇന്ന് വീട്ടിലെത്താൻ ഞാൻ കുറച്ച് വൈകും. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ. പിന്നെ വീണ്ടും വീണ്ടും ഫോൺ ചെയ്യുന്നത് എന്തിനാണ് ചേച്ചി. ഇനി എന്നെ വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കരുത്. പ്രിയയ്ക്ക് അനിയത്തി പറഞ്ഞത് കേട്ട് കലി വന്നു.

സ്വപ്നേ, നീ എന്തൊക്കെയാണ് ഈ പറയുന്നത്. എനിക്ക് നിന്‍റെ കാര്യത്തിൽ ടെൻഷൻ ഉണ്ട്. അതുകൊണ്ടാണ് വിളിക്കുന്നത്. മാത്രമല്ല, ഇത്രയും രാത്രിയായും വീട്ടിലെത്താതിരിക്കുന്നത് ശരിയല്ല. എന്തെങ്കിലും പറ്റിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ഓഹോ…. അപ്പോൾ സകല നന്മകളും ചേച്ചിയുടെ കയ്യിലാണെന്നാണോ വിചാരം. മറ്റുള്ളവരെല്ലാം ബോറന്മാരാണോ? സ്വപ്ന ചേച്ചിയോട് തർക്കുത്തരം പറഞ്ഞു.

മോളെ, നീ ഞാൻ പറഞ്ഞത് തെറ്റിദ്ധരിച്ചിരിക്കുകയാണ്. അമ്മയും അച്ഛനും നഷ്ടപ്പെട്ടതിൽ പിന്നെ നിന്നെ നോക്കേണ്ട ഉത്തരവാദിത്വം എന്‍റേതല്ലേ. മാത്രമല്ല തൊട്ടാൽ പൊട്ടുന്ന പ്രായമാണ് നിന്‍റേത്. പ്രിയ അനിയത്തിയെ ഉപദേശിക്കാൻ ശ്രമിച്ചു.

സ്വപ്നയ്ക്ക് പക്ഷേ അതൊന്നും ഒട്ടും ഇഷ്ടപ്പെട്ടില്ല.

എനിക്ക് മടുത്തു. എപ്പോൾ നോക്കിയാലും അത് ചെയ്യരുത് ഇത് ചെയ്യരുത്. ഞാൻ കൊച്ചുകുട്ടി ഒന്നുമല്ല. എന്‍റെ കാര്യം നോക്കാൻ എനിക്കറിയാം. എന്‍റെ ജീവിതം ഞാൻ ആസ്വദിച്ചോട്ടെ. വെറുതെ ഇടപെട്ട് നശിപ്പിക്കല്ലേ എന്‍റെ സ്വസ്ഥത.

അവൾ പറഞ്ഞത് കേട്ട് പ്രിയയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. സ്നേഹം കൊണ്ട് പറയുന്നതെല്ലാം ദേഷ്യം കൊണ്ട് ചെയ്യുന്നതാണെന്ന് പോലെയാണ് സ്വപ്ന കരുതുന്നത്. ചേച്ചി അവൾക്ക് ഫ്രീഡം നൽകുന്നില്ലെന്ന തോന്നൽ. അവർക്കിടയിൽ നാൾക്കുംനാൾ അകലം വർദ്ധിച്ചുകൊണ്ടിരുന്നു. പ്രിയക്ക് അനിയത്തിയെ ജീവനായിരുന്നു. പക്ഷേ ആ സ്നേഹം തെറ്റിദ്ധരിക്കപ്പെട്ടു. ബന്ധങ്ങൾ ചിലപ്പോൾ അങ്ങനെയാണ് അളന്നും തൂക്കി കണക്കെടുത്തു കളയും.

രണ്ടുവർഷം മുമ്പ് ഒരു റോഡ് അപകടത്തിലാണ് പ്രിയയ്ക്കും സ്വപ്നയ്ക്കും അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. പ്രിയയ്ക്ക് ജോലി കിട്ടിയ സമയത്തായിരുന്നു അത്. അവളുടെ കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു. അമ്മയ്ക്ക് അത് വളരെ കേമമായി നടത്തണമെന്നുണ്ടായിരുന്നു. അച്ഛന്‍റെയും സ്വപ്നമായിരുന്നു പ്രിയയുടെ കല്യാണം. പക്ഷേ വിധി എഴുതിവച്ചത് മറ്റൊന്നായിരുന്നു. സന്തോഷം നിറയേണ്ട വീട്ടിൽ രണ്ടു ജീവിതങ്ങൾ പൊലിഞ്ഞു.

സ്വപ്ന കോളേജിൽ ഒന്നാം വർഷമായിരുന്നു. പക്ഷേ പ്രിയ തളർന്നില്ല. അവൾ സ്വപ്നയ്ക്ക് അമ്മയുടെ സ്നേഹം കൊടുത്തു. അച്ഛന്‍റെ സംരക്ഷണം നൽകി. പ്രിയ എപ്പോഴും സ്വപ്നയുടെ കാര്യത്തിൽ ശ്രദ്ധ നൽകി പോന്നു. അനിയത്തിയുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് അവൾക്കുണ്ടായിരുന്നു. ഈ ഉത്തരവാദിത്വത്തിനിടയിൽ പ്രിയ സ്വന്തം ജീവിതം മറന്നു. സ്വപ്നങ്ങൾ മാറ്റിവച്ചു. പക്ഷേ സ്വപ്നയുടെ പെരുമാറ്റം കാണുമ്പോൾ അതെല്ലാം വെറുതെയായോ എന്ന തോന്നൽ.

എന്‍റെ അനിയത്തിക്ക് എന്താണ് പറ്റിയത്? പ്രിയയുടെ ഹൃദയത്തിൽ മറ്റൊരു സങ്കടം കൂടി തളം കെട്ടി. എല്ലാം നഷ്ടപ്പെടാനാണോ എന്‍റെ ജന്മം. ചില നേരങ്ങളിൽ പ്രിയക്ക് പിടി വിട്ടുപോകും.

അച്ഛനും അമ്മയ്ക്കും സ്വപ്നയെ എൻജിനീയർ ആക്കാൻ ആയിരുന്നു താല്പര്യം. അവരുടെ സ്വപ്നം പൂർത്തിയായി കാണാൻ പ്രിയയും ആഗ്രഹിച്ചു. അമ്മാവൻ വിവാഹ കാര്യം ആലോചിച്ചു തുടങ്ങിയപ്പോഴും പ്രിയ അതെല്ലാം വേണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ ഭാവിക്കു വേണ്ടിയായിരുന്നു. പ്രിയ തന്‍റെ മോഹങ്ങൾ മറ്റുള്ളവരുടെ സുഖത്തിനായി ബലിയർപ്പിച്ചു. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുന്നതും ഒരു സുഖമുള്ള ഏർപ്പാടാണ്.

ഗുൽമോഹർ മരത്തിന്‍റെ തണലിലൂടെ ഒരിക്കൽ സ്വപ്നയുമൊത്ത് അകന്ന ബന്ധുവിന്‍റെ കല്യാണത്തിന് പോയപ്പോൾ പഴയ കോളേജ് കാലം ഓർത്തെടുത്ത് പ്രിയ മനസ്സിൽ കുറിച്ചിരുന്നു. എന്നും ഞാൻ അങ്ങനെയാണ്. മുമ്പ് അച്ഛനും അമ്മയ്ക്കും വേണ്ടി പ്രണയം പോലും ത്യജിച്ചു കൊണ്ട്… ഇപ്പോൾ അനിയത്തിക്ക് വേണ്ടി….

ദുരന്തങ്ങൾ സ്നേഹത്തിന് അതിർവരമ്പിടുമോ? തന്‍റെ കൊച്ചനിയത്തി തർക്കിക്കുമ്പോൾ പ്രിയ പ്രയാസപ്പെടാറുണ്ട്.

സ്വപ്നയുടെ സ്വഭാവം അനുദിനം വഷളായി കൊണ്ടിരുന്നു. പ്രിയയെ അത് വല്ലാതെ വേദനിപ്പിച്ചു. പഠനത്തിൽ അവൾക്ക് തീരെ ശ്രദ്ധയില്ലാതായി. ചേച്ചിയെ അപമാനിക്കലാണ് സ്വപ്നയുടെ സ്ഥിരം പരിപാടി. തോന്നിയപോലെ വീട്ടിൽ വരലും പോകലും പതിവായി. അവളെ എങ്ങനെ നിയന്ത്രിക്കണമെന്ന് പ്രിയയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. അവൾ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിതിരിഞ്ഞ് കളിച്ചു.

വീടിനെക്കുറിച്ചോ, തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന ചേച്ചിയെ കുറിച്ചോ സ്വപ്ന ആലോചിച്ചില്ല. അവളുടെ പുരുഷ സുഹൃത്തുക്കളുടെ ഫോൺ കോളുകൾ നിരന്തരം വന്നുകൊണ്ടിരുന്നു. വീട്ടിലുള്ളപ്പോൾ സ്വപ്നയ്ക്ക് പ്രിയയോട് സംസാരിക്കാൻ തന്നെ നേരം കിട്ടാതായി. അവൾ എപ്പോഴും ബോയ്ഫ്രണ്ട്സിനോട് കിന്നരിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ ഇതേ ചൊല്ലി പ്രിയയുമായി സ്വപ്ന കലഹിച്ചു.

നിങ്ങൾ എന്‍റെ അമ്മയാവുകയെന്നും വേണ്ട. എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം. നിങ്ങൾ എന്നെ പഠിപ്പിക്കുന്നുണ്ടാവാം. പക്ഷേ സ്വത്തിൽ എനിക്കും അവകാശമുണ്ട്. അത് ഓർത്താൽ നന്ന്.

സ്വപ്നയുടെ സംസാരം കേട്ട് പ്രിയയുടെ കണ്ണ് നിറഞ്ഞു പോയി.

കുറച്ചു കഴിഞ്ഞാൽ എനിക്കും വരുമാനമാകും. അന്ന് കടങ്ങളെല്ലാം ഞാൻ വീട്ടിയേക്കാം. അതുംപറഞ്ഞ് എന്നെ ഭരിക്കാൻ വരരുത്. സ്വപ്ന വാതിൽ ഉറക്കെ വലിച്ചടച്ച് പുറത്തേക്ക് ഇറങ്ങിപ്പോയി.

വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനു പുറമേ സ്വപ്നയുടെ അനാവശ്യ ചിലവുകളും കൂടി പ്രിയക്ക് വഹിക്കേണ്ടിവന്നു. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കലും സിനിമയ്ക്ക് പോക്കും എല്ലാം പ്രിയയുടെ ചെലവിൽ തന്നെ.

ഇവളിത് എവിടെ ചെന്ന് അവസാനിക്കും? ഇങ്ങനെ പോയാൽ വഴിമാറി പോകുമല്ലോ. പ്രിയയുടെ ആധി വർദ്ധിച്ചുവന്നു.

പക്ഷേ സ്വപ്നയ്ക്ക് ഭാവിയെ കുറിച്ചുള്ള ചിന്തയേ ഇല്ലായിരുന്നു. അവൾ പ്രിയയെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നുണ്ടെങ്കിലും സാമ്പത്തിക ആവശ്യങ്ങളെല്ലാം പ്രിയയെ ആശ്രയിച്ചാണ് നടന്നിരുന്നത്.

എന്തുചെയ്യണമെന്ന് പ്രിയയ്ക്ക് യാതൊരു നിശ്ചയവും ഇല്ലായിരുന്നു. അടുത്ത ബന്ധുക്കളോട് കാര്യം പറഞ്ഞ സ്വയം ചെറുതാവാനും അവൾക്ക് താൽപര്യമില്ലായിരുന്നു. ഇനി സുഹൃത്തുക്കളോട് പറഞ്ഞാലോ… സാഗർ മാത്രമാണ് ആശ്രയം. അവൻ എന്നും സപ്പോർട്ട് തന്നിരുന്നു. അമ്മ മരിച്ചപ്പോഴും ആശ്വസിപ്പിക്കാൻ കൂടെ നിന്നവൻ. അവനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് തീരുമാനിച്ചു. എപ്പോഴും പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ അവനും മടുക്കും. പ്രശ്നങ്ങൾ അല്ലാതെ സന്തോഷിക്കാൻ തന്‍റെ ജീവിതത്തിൽ മറ്റെന്താണ് ഉള്ളത്. അവൾ ആ ആലോചനയെ വിട്ടു. എല്ലാം സ്വയം അനുഭവിക്കുക തന്നെ.

സ്വപ്ന പഠനത്തിൽ പതിവിലധികം ഉഴപ്പി. ഫൈനൽ ഇയർ റിസൾട്ട് വന്നപ്പോൾ ഒരു ഗ്രൂപ്പിൽ അവൾ തോറ്റു. ഇതറിഞ്ഞപ്പോൾ പ്രിയ പൊട്ടിത്തെറിച്ചു.

അമ്മയുടെ സ്വപ്നം… നീ തകർത്തല്ലോടി…

ഞാൻ എൻജിനീയർ ആവണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എല്ലാവരും അതെന്നെ അടിച്ചേൽപ്പിച്ചതല്ലേ. അമ്മയുടെ സ്വപ്നം പോലും.

സ്വപ്നയുടെ നിലപാട് ഇതായിരുന്നു. ഞാനെന്‍റെ ഇഷ്ടത്തിന് ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്. ഒരു പുസ്തക കുട്ടി ആവാൻ ഒന്നും എനിക്കറിയില്ല. ഞാൻ ഒരു മോഡൽ ആവാൻ ആഗ്രഹിക്കുന്നു. പേരെടുക്കാൻ ആഗ്രഹിക്കുന്നു. പണം, പ്രശസ്തി…. ചേച്ചി ദയവുചെയ്ത് എന്നെ എന്‍റെ വഴിക്ക് വിടണം.

ഒരു ജോലിയും മോശമല്ല സ്വപ്ന… വലിയവൻ ആവാൻ കഠിനപ്രയത്നം തന്നെ വേണം. കുറുക്കുവഴിയിലൂടെ എളുപ്പം വിജയം നേടാൻ നോക്കുന്നത് വിഡ്ഢിത്തരം ആണ് മോളെ പ്രിയ ഉപദേശിച്ചു.

തന്‍റെ തീരുമാനം മാറ്റാൻ സ്വപ്ന ഒരുക്കമല്ലായിരുന്നു. പിടിവാശി അവളുടെ കൂടപ്പിറപ്പാണ്.

എനിക്ക് ഇനി കൂടുതൽ ഉപദേശം വേണ്ട. ഒരു 10000 രൂപ തന്നാൽ മതി. പേടിക്കേണ്ട കണക്കിൽ എഴുതാം. ഞാൻ തിരിച്ചു തന്നേക്കാം. മോഡലിംഗ് അത്ര മോശം കാര്യമൊന്നുമല്ലല്ലോ.

ഇവൾക്ക് ഇത്ര സ്വാർത്ഥത എവിടുന്നു കിട്ടി? അച്ഛനും അമ്മയും എത്ര ദയയുള്ളവരായിരുന്നു… പ്രിയ ഓർത്തു. ചെറുപ്പത്തിൽ തന്നെ എല്ലാവരും അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ അവൾക്ക് സങ്കടമായിരുന്നു. ദേഷ്യമായിരുന്നു. ആ അനാവശ്യ ചിന്തകൾ അവളിൽ ഉറച്ചു പോയോ?

നിനക്ക് നിന്‍റെ ചേച്ചിയെ കണ്ടു പഠിച്ചു കൂടെ? അവളുടെ സുഹൃത്തുക്കൾ പോലും ചോദിക്കാറുണ്ടായിരുന്നു സ്വപ്നയോട്. അതുകൊണ്ട് തന്നെ പ്രിയയെ അപമാനിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും സ്വപ്ന പാഴാക്കാറില്ല.

മിന്നുന്നതെല്ലാം പൊന്നാണെന്ന് വിചാരിച്ച കുട്ടിയായിരുന്നു സ്വപ്ന. പ്രിയ ജീവിതത്തിന്‍റെ യാഥാർത്ഥ്യത്തിലും സ്വപ്ന അതിന്‍റെ പുറം പൂച്ചിലും ജീവിച്ചു. അതുകൊണ്ടുതന്നെ പ്രിയ പറയുന്നതൊന്നും സ്വപ്ന വിശ്വസിച്ചില്ല. സ്വീകരിച്ചില്ല. അവൾ അപകടകരമാംവിധം ജീവിച്ചു. എടുത്തുചാട്ടം ആയിരുന്നു അവളുടെ വലിയ സമ്പാദ്യം.

ഞാൻ കൂട്ടുകാരോടൊത്ത് ഗോവയിൽ പോകുന്നു. ഒരാഴ്ച കഴിഞ്ഞേ വരൂ. സ്വപ്നം പറഞ്ഞു.

പ്രിയ എതിർത്തില്ല. പോയി വരട്ടെ. കൂട്ടുകാരോടൊപ്പം അല്ലേ. ഇനി ഈ വീട്ടിൽ ഒന്നിനും സ്വാതന്ത്ര്യമില്ലെന്ന് പറയിപ്പിക്കരുതല്ലോ. പ്രിയ പണവും നൽകി. ടൂറിനുള്ളതും മോഡലിംഗിനുള്ളതും.

സത്യത്തിൽ സ്വപ്ന പോയത് തന്‍റെ ബോയ്ഫ്രണ്ട് അരുണിന് ഒപ്പം ആയിരുന്നു. അവർ ഗോവയിൽ പോയി ഒരു റൂമെടുത്തു. വലിയ മോഡൽ ആവുന്നത് സ്വപ്നം കണ്ട് തുടങ്ങിയ സ്വപ്നയെ പ്രലോഭിപ്പിക്കാൻ അരുണിന് എളുപ്പമായിരുന്നു. അയാൾ അവളെ പറഞ്ഞ മോഹിപ്പിച്ചു. അന്ന് രാത്രി സ്വപ്നയ്ക്ക് അരുണിന്‍റെ ഇംഗിതത്തിന് വഴങ്ങേണ്ടിവന്നു. യാതൊരു മടിയും ഇല്ലാതെയാണ് സ്വപ്ന അയാളുടെ കിടക്ക പങ്കിട്ടത്.

വലിയ മോഡലായാൽ ആളുകൾ നിന്നെയേ ഓർക്കൂ. ഈ വഴി ആരറിയാൻ? അരുൺ അവളെ ആശ്വസിപ്പിച്ചിരുന്നു. ഒരു കുത്തക കമ്പനിയുടെ പ്രോഡക്റ്റിന്‍റെ മോഡൽ ആവാൻ അവസരം ലഭിക്കും എന്ന് പറഞ്ഞാണ് അരുൺ അവളെ ഗോവയിൽ കൊണ്ടുവന്നത്. കുറച്ചുദിവസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അവർ അവിടെ പരസ്പരം ശരീരം ആഘോഷിച്ചു. പണം തീർന്നപ്പോൾ അരുണിന് സ്വപ്നയെ മടുത്തു തുടങ്ങി. അയാൾ പറഞ്ഞു, പരസ്യം ചെയ്യുന്ന കരാർ ഒപ്പിടണം. എന്നിട്ടേ ഷൂട്ടുള്ളൂ. നമുക്ക് പോയിട്ട് പിന്നീട് വരാം.

സ്വപ്ന അരുണിനെ വിശ്വസിച്ചു. മാസങ്ങൾ കടന്നുപോയി. സ്വപ്ന ഛർദ്ദിക്കുന്നതു കണ്ട് പ്രിയയ്ക്ക് പേടി തോന്നി. അതും സംഭവിച്ചിരിക്കുന്നു. പ്രിയയ്ക്ക് ഭൂമി പൊട്ടിത്തെറിക്കുന്നത് പോലെ അനുഭവപ്പെട്ടു. ഇനി ഈ ലോകത്തെ എങ്ങനെ അഭിമുഖീകരിക്കും?

പക്ഷേ, സ്വപ്നയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു. ആരാണ് ഉത്തരവാദി എന്നറിഞ്ഞപ്പോൾ പ്രിയ അരുണിന്‍റെ ഫോൺ നമ്പർ സ്വപ്നയുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തു. വിളിച്ചപ്പോൾ അരുൺ സമർത്ഥമായി ഒഴിഞ്ഞുമാറി.

നീ അവളെ വിവാഹം കഴിക്കണം പ്രിയ പറഞ്ഞു.

അങ്ങനെയാണെങ്കിൽ എന്‍റെ വീട് നിറയെ ഭാര്യമാരുണ്ടാവുമല്ലോ. അരുൺ പൊട്ടിച്ചിരിച്ചു. മാത്രമല്ല അവൻ ഭീഷണിയും മുഴക്കി. എന്‍റെ കയ്യിൽ അവൾ എന്‍റെ കൂടെ കിടക്കുന്നതിന്‍റെ ചിത്രമുണ്ട്. അധികം കളിച്ചാൽ ഞാനത് നെറ്റിൽ ഇടും. അരുണിന്‍റെ നിലപാട് അറിഞ്ഞിട്ടും സ്വപ്നയ്ക്ക് കുലുക്കം ഉണ്ടായിരുന്നില്ല.

ഞാനത് എബോട്ട് ചെയ്തു. ഒരു രാത്രി വന്നു കയറിയ ഉടൻ സ്വപ്ന മുഖത്തടിച്ചത് പോലെ പ്രിയയോട് പറഞ്ഞു.

ഇവൾ എന്‍റെ അനിയത്തി തന്നെയാണോ? കൊടുങ്കാറ്റിനു ശേഷം ഭൂമിയിൽ തനിച്ചായി പോയ അർദ്ധ പ്രാണനെ പോലെ പ്രിയ നിസ്സഹായയായി.

അരുണിന്‍റെ കൈയിൽ നിന്ന് ആ ചിത്രങ്ങൾ ഒരു ലക്ഷം രൂപ നൽകി തിരിച്ചെടുത്ത കാര്യമൊന്നും പ്രിയ സ്വപ്നയോട് പറഞ്ഞില്ല. വെറുതെ എന്തിന് കൊടുങ്കാറ്റ് ഉണ്ടാക്കണം.

പ്രിയ സ്വപ്നങ്ങൾ കാണരുതെന്ന പ്രാർത്ഥനയോടെ ഉറങ്ങാൻ കിടന്നു.

നിയന്ത്രണരേഖ

ഡോർ ബെൽ രണ്ടാമതും മുഴങ്ങുന്നത് കേട്ടപ്പോൾ നനഞ്ഞ ദേഹം ഒരുവിധം തുടച്ചെന്ന് വരുത്തി ശാലിനി ബാത്റൂമിൽ നിന്ന് പുറത്തിറങ്ങി. സ്റ്റഡി റൂമിൽ ആനന്ദ് ഉണ്ട്. “ഹേയ്, നിങ്ങൾ ഇവിടെയിരിക്കുകയാണോ? ആരോ ബെല്ലടിക്കുന്നത് കേട്ടില്ലേ, ഞാൻ ഡ്രസ് ചെയ്ഞ്ച് ചെയ്യട്ടെ.”

ശാലിനിയുടെ പരിഭവച്ചുവയുള്ള ചോദ്യത്തിന് ആനന്ദിന്‍റെ മറുപടി ഉടനെയെത്തി.

“ഞാൻ ഇന്‍റർനെറ്റിലാണ് ഡിയർ…”  ഇരിക്കുന്നിടത്തു നിന്ന് അനങ്ങാതെയുള്ള മറുപടി കേട്ടപ്പോൾ ശാലിനിക്ക് ദേഷ്യം വന്നു. ഒന്ന് എഴുന്നേറ്റാൽ രസച്ചരട് പൊട്ടുന്ന എന്താണ് ഇന്‍റർനെറ്റിൽ…? വിദേശത്ത് താമസിക്കുന്ന മകളോട് ചാറ്റ് ചെയ്യാനല്ലാതെ കമ്പ്യൂട്ടർ തൊടുന്ന ശീലം ശാലിനിക്കില്ല. കുഞ്ഞുമക്കളുടെ ചിത്രം മാസംതോറും എടുത്ത് മെയിൽ അയച്ചുതരും. അത് കാണാനും ഇടയ്ക്ക് കമ്പ്യൂട്ടർ നോക്കും. ആ സന്തോഷങ്ങൾക്കപ്പുറം ശാലിനിക്ക് കമ്പൂട്ടർ കൊണ്ട് ഒരു പ്രയോജനവുമില്ല.

വാതിലിൽ പിടിപ്പിച്ച ചെറിയ കണ്ണാടിച്ചില്ലിലൂടെ ശാലിനി പുറത്തേക്ക് നോക്കി. പത്രവാർത്തകൾ ഭയപ്പെടുത്തുന്നതാണല്ലോ… ആരാണ് പുറത്തെന്ന് അറിയാതെ വാതിൽ തുറക്കാറില്ല.

അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടി ജ്യോതിയാണ്. ശാലിനി വാതിൽ തുറന്നു.

“ആന്‍റി എന്താ വൈകിയത്… വാതിൽ തുറക്കാൻ.” മറുപടിക്ക് കാത്തുനിൽക്കാതെ അവൾ അകത്തേക്ക് കടന്നു.

“എനിക്കൽപ്പം പഞ്ചസാര വേണം. രാവിലെ ചായ ഇട്ടപ്പോഴാ പഞ്ചസാര തീർന്നെന്ന് കണ്ടത്…” ശാലിനി ഒന്നും മിണ്ടാതെ ജ്യോതിയുടെ കൈയിലെ പാത്രം വാങ്ങി. ജ്യോതി അപ്പോഴും നൈറ്റ് ഡ്രസാണ് ഇട്ടിരുന്നത്. നിറയെ ടെഡിയുടെ ചിത്രങ്ങളുള്ള ബേബി പിങ്ക് പൈജാമയും ടോപ്പും. ജ്യോതിയെ കണ്ടപ്പോൾ ശാലിനിക്ക് സ്വന്തം മകളെ ഓർമ്മവന്നു. ഇവളേക്കാൾ 5 വയസ് മൂപ്പ് കാണും. പക്ഷേ, നൈറ്റ് ഡ്രസിൽ വീടിന് പുറത്തിറങ്ങാറില്ല ജീവ. അയൽപക്കത്തുപോലും ആ വേഷത്തിൽ പോകാൻ മടിയാണ് ജീവയ്ക്ക്. എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾ എത്രയോ മാറി…

“ഹായ് ജ്യോതി… സുപ്രഭാതം. നിന്‍റെ മധുരമായ ശബ്ദം കേട്ടപ്പോൾ വന്നതാണേ…” ആനന്ദ് ചിരിച്ചുകൊണ്ട് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിവന്നു.

“ഗുഡ്മോർണിംഗ് അങ്കിൾ…” ജ്യോതി കുസൃതിച്ചിരിയോടെ പറഞ്ഞു. “ഞാൻ അൽപം പഞ്ചസാര കടം വാങ്ങാൻ വന്നതാണ്.”

“എന്നാലിരിക്ക്, നീ ചായ കുടിച്ചിട്ടില്ലല്ലോ, ഒരു ചായ കുടിച്ചിട്ട് പോകാം. ശാലൂ, ഞങ്ങൾക്ക് ചായ തന്നാലും…”

ആനന്ദിന്‍റെ സംസാരം കേട്ടപ്പോൾ ശാലിനിക്ക് നേരിയ അനിഷ്ടം തോന്നി. “ഓ… നിങ്ങൾ ഭയങ്കര ബിസിയാണെന്നാ ഞാൻ കരുതിയത്. ഇപ്പോഴെന്തിനാണ് ഓടി വന്നത്?” വാതിൽ തുറക്കാൻ പോലും സമയമില്ലാതെ കമ്പ്യൂട്ടർ നോക്കിക്കൊണ്ടിരുന്ന ആളാണ് ജ്യോതിയുടെ ശബ്ദം കേട്ടപ്പോഴേ ഓടിവന്നിരിക്കുന്നത്.

“ഒരു സുന്ദരിക്കുട്ടി നേരിട്ട് വന്ന് ചാറ്റ് ചെയ്യുമ്പോൾ തിരക്കൊക്കെ ഒഴിവാക്കണമല്ലോ…”

“കഴിഞ്ഞയാഴ്ച പറയുന്നത് കേട്ടു, ചായകുടി ശീലം കുറയ്ക്കണമെന്ന്.” ശാലിനി വിടാനുള്ള മട്ടില്ല.

“താങ്ക്സ്, നീ അത് ഓർമ്മിച്ചല്ലോ… വൈകിട്ട് എനിക്ക് ചായ തരണ്ട. ഇപ്പോൾ പോയി എടുക്ക്.”

“അതേയാന്‍റി, എന്താ ടേസ്റ്റ് ആന്‍റിയുണ്ടാക്കുന്ന ചായയ്ക്ക്.” ജ്യോതി പറഞ്ഞു.

ശാലിനി അവൾ പറയുന്നത് മുഴുവൻ കേട്ട് നിൽക്കാതെ അടുക്കളയിലേക്ക് നടന്നു. അടുപ്പത്ത് വെള്ളം തിളയ്ക്കുന്നത് നോക്കി നിൽക്കുമ്പോൾ ചിന്ത ജ്യോതിയെക്കുറിച്ച് തന്നെയായിരുന്നു. തൊട്ടടുത്ത് വാടകവീട്ടിൽ താമസിക്കുകയാണ് ജ്യോതിയും റാണിയും.

ജ്യോതിയുടെ മാതാപിതാക്കൾ നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണ്. ജ്യോതിയുടെ അച്ഛൻ അവളോട് കുടുംബബിസിനസ്സ് നോക്കി നടത്താനാണ് പറഞ്ഞത്. പക്ഷേ, ജ്യോതിക്ക് സ്വന്തം ഇഷ്ടങ്ങളുണ്ട്, അവൾക്ക് സിനിമാതാരമാകാനാണ് ഇഷ്ടം. അതുകൊണ്ടാണ് അവൾ മുംബൈ നഗരത്തിൽ എത്തിയത്. പക്ഷേ, അച്ഛനമ്മമാർക്ക് അവൾ തെരഞ്ഞെടുത്ത പാത താൽപര്യമായിരുന്നില്ല. അടിയൊഴുക്കുകൾ ധാരളമുള്ള ഈ രംഗത്ത് എങ്ങനെ പിടിച്ചുകയറാനാണ്? അവളിവിടെ പാർട്ടികൾക്ക് പോകും, ആളുകളെ കാണും ഒരു ബ്രേക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ… പണം ചെലവാക്കാൻ അച്ഛനുള്ളതുകൊണ്ട് അവൾക്ക് പ്രശ്നമില്ല.

ശാലിനി ഇഞ്ചിച്ചായ ഉണ്ടാക്കാമെന്ന് കരുതി. തിളച്ച വെള്ളത്തിലേക്ക് രണ്ട് സ്പൂൺ തേയിലയിട്ടപ്പോൾ വെള്ളത്തിലേക്ക് മെറൂൺ നിറം പടരുന്നത് നോക്കിനിന്നു. രണ്ട് ഇഞ്ചിക്കഷ്ണങ്ങളും നേരത്തേ ചേർത്തിരുന്നു. അയൽപക്കത്തുള്ള കുട്ടി എന്ന പരിഗണനയല്ലാതെ ജ്യോതിയോട് ഒരു സ്നേഹവും തനിക്ക് തോന്നിയിട്ടില്ലല്ലോ എന്ന് ശാലിനി ആലോചിച്ചു. ആനന്ദ് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് താനിപ്പോൾ ചായയിട്ട് കൊടുക്കാൻ പോലും തയ്യാറായത്. അതും ആനന്ദിന്‍റെ പ്രിയപ്പെട്ട ജിഞ്ചർ ടീ.

ഈയിടെയായി അവൾക്ക് എപ്പോഴും ഇങ്ങോട്ടൊരു വരവുണ്ട്. അത് തനിക്ക് വലിയ താൽപര്യമില്ല. ചിലപ്പോൾ പെൻ മടക്കി നൽകനാകും, പേപ്പറിൽ വന്ന നല്ലൊരു ലേഖനം കാട്ടിത്തരനാകും. എന്തായാലും അവളുടെ ആ വരവിലൊന്നും വലിയ താൽപര്യം തോന്നിയില്ല ശാലിനിക്ക്. ശാലിനിയുടെ ഭാഷയിൽ ചിന്തിച്ചാൽ ദിവസവും ചായ തിളപ്പിക്കുന്നതിലുള്ള താൽപര്യം പോലും…

അവളെ കാണുമ്പോഴേ തനിക്കെന്താണൊരു മൂഡ് ചെയ്ഞ്ച്? ആ സംശയം സ്വയം ചോദിച്ചു നോക്കി. ഇക്കാലത്ത് കാണുന്ന ഒരു മോഡേൺ പെൺകുട്ടി എന്നതിൽ കവിഞ്ഞ് ഒരു പ്രത്യേകതയുമില്ല അവൾക്ക്. എല്ലാ പെൺകുട്ടികളെയും പോലെ കളർഫുൾ (കളർഫുൾ എന്നുപറഞ്ഞാൽ ഇറുകിയ വസ്ത്രം ധരിക്കുന്നത്) വസ്ത്രം ധരിക്കുകയും മേക്കപ്പിനും വിലയേറിയ ആഭരണങ്ങൾ വാങ്ങാനും വാരിക്കോരി പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്.

സത്യം പറഞ്ഞാൽ ഇക്കാലത്ത് എല്ലാ പെൺകുട്ടികളും ഒരുപോലെയിരിക്കുന്നു. എങ്കിലും തനിക്ക് ജ്യോതിയോട് എന്തോ ഒരനിഷ്ടം മനസ്സിലുണ്ട്. ബ്രൗൺ നിറമുള്ള ചായയിലേക്ക് പാൽ ചേർത്തുകൊണ്ട് അതെന്താണെന്ന് ഓർമ്മിക്കാൻ ഒരിക്കൽക്കൂടി ശ്രമിച്ചു. പക്ഷേ, ലിവിംഗ് റൂമിൽ ഉയർന്നുകേട്ട പൊട്ടിച്ചിരി, ശലിനിയുടെ ചിന്തകളെ മുറിച്ചു.

“ഓ… അങ്കിൾ സ്റ്റോപ്… ചിരിച്ചിട്ട് വയറുവേദനിക്കുന്നു.”

ശാലിനി എത്തിനോക്കുമ്പോൾ സോഫയിൽ കമിഴ്ന്ന് കിടന്ന് ചിരിക്കുകയാണ് ജ്യോതി. ആനന്ദും വളരെയധികം സന്തോഷവാനായിരിക്കുന്നു.

ഇവർക്ക് എന്താണിത്ര ചിരിക്കാൻ. ആനന്ദ് വലിയ തമാശക്കാരനാണ് എന്നറിയാം. ജ്യോതിയും ആനന്ദും തമ്മിലുള്ള സൗഹൃദത്തിന്‍റെ കാരണവും അതാണ്. യൗവനകാലങ്ങളിൽ ആനന്ദിന്‍റെ തമാശകൾ കേട്ട് ചിരിക്കാനേ തനിക്കും നേരമുണ്ടായിരുന്നുള്ളൂ. ആനന്ദ് ദൂരെയായിരിക്കുമ്പോൾ പോലും ആ ഓർമ്മകളിൽ താനറിയാതെ ചിരിച്ചുപോകാറുണ്ട്.

അതൊക്കെ എത്രയോ കാലമായി. ഇപ്പോൾ മനസ്സ് തുറന്ന് ഒരുമിച്ച് ചിരിച്ചിട്ട് എത്ര കാലമായി. അപ്പോൾ തമാശ പറയാനുള്ള കഴിവ് ആനന്ദിന് നഷ്ടപ്പെട്ടിട്ടില്ല. ശാലിനി അൽപം കുശുമ്പോടെ ആലോചിച്ചു. ജ്യോതി ഇവിടെ വരുമ്പോഴൊക്കെ ആനന്ദ് ആ കഴിവ് പൊടിതട്ടി പുറത്തെടുക്കും. ചായ തിളച്ചുമറിഞ്ഞ് പുറത്തുപോകാറായി എന്ന് കണ്ട് ശാലിനി പെട്ടെന്ന് സ്റ്റൗ ഓഫ് ചെയ്തു.

അങ്ങനെയൊക്കെ സംഭവിക്കുമോ? പെട്ടെന്ന് ഒരു ചിന്ത മനസ്സിലൂടെ മിന്നൽപോലെ പാഞ്ഞുപോയി. കൂടിക്കുഴഞ്ഞ ചിന്ത, അവൾ ചായ കപ്പുകളിലേക്ക് ഒഴിക്കാൻ തുടങ്ങി. അവളുടെ കൈകൾ എന്തെന്നില്ലാതെ ശക്തിയോടെ വിറച്ചു. നിരത്തിവെച്ചിരിക്കുന്ന ചായക്കപ്പുകൾക്ക് മേലേക്ക് പാത്രം മറിഞ്ഞുവീണു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പേ എല്ലാം കഴിഞ്ഞു… പാത്രം മറിഞ്ഞുടയുന്ന ശബ്ദത്തിനിടയിലും ശാലിനിയുടെ മനസ്സിൽ ആ സംശയം കൂടിക്കുഴഞ്ഞു. ജ്യോതിയും അദ്ദേഹവും തമ്മിൽ…?

“എന്താ ഒരു ശബ്ദം?” ആനന്ദ് അടുക്കളയിലേക്ക് വന്നു. തൊട്ടുപിന്നാലെ ജ്യോതിയും.

“എവിടെ ചായ?” ആനന്ദ് ചോദിച്ചു.

“അയ്യോ..” ജ്യോതി താഴേക്ക് നോക്കി. ചിതറികിടക്കുന്ന കപ്പുകൾ…

“സാരമില്ല ആന്‍റി… ചായ പിന്നെയാകാം. ഓകെ, ബൈ അങ്കിൾ…” ജ്യോതി തെല്ലൊരു വൈഷമ്യത്തോടെ വേഗം പോയി.

“ജ്യോതി ഭയന്നെന്നു തോന്നുന്നു, അല്ലെങ്കിൽ അവൾ സഹായിച്ചേനെ…” പൊട്ടിയ കപ്പുകൾ പെറുക്കിക്കൊണ്ട് ആനന്ദ് പറഞ്ഞു.

“എന്തായിത് പെണ്ണേ, ആ നല്ല ചായ കളഞ്ഞല്ലോ. എന്താ നിനക്ക് എന്തെങ്കിലും അസുഖമുണ്ടോ? ഇവിടം ഞാൻ ക്ലീൻ ചെയ്തോളാം.”

“ജ്യോതിയോട് സംസാരിച്ചിരിക്കാൻ വളരെ സന്തോഷമാണെന്ന് തോന്നുന്നല്ലോ…”

“നമ്മുടെ അതിഥികളെക്കുറിച്ച് മോശം സംസാരം വേണ്ട ശാലൂ… ഞാനവളെ വിളിച്ചുവരുത്തിയതല്ലല്ലോ… എന്നാലവൾ സ്വയം ക്ഷണിച്ച് വന്നതായിരിക്കും. അതിനെന്താ കുഴപ്പം? അവളൊരു പാവം കുട്ടി. സംസാരിച്ചിരിക്കാനും കൊള്ളാം.”

“അതേയതേ… അവളുമായി സംസാരിക്കാൻ നിങ്ങൾക്ക് ടോപ്പിക് തികയുന്നില്ല എന്നു തോന്നുന്നു. ആട്ടെ… എന്തായിരുന്നു വലിയ ചിരി…”

“ഓ… എന്തോ… പറഞ്ഞു… ഞാനതോർക്കുന്നില്ല, വയസ്സായില്ലേ ഡിയർ… ഭയങ്കര മറവി.”

“അതോർമ്മയുണ്ടായാൽ നന്ന്…” ശലിനി തണുപ്പൻ മട്ടിൽ പറഞ്ഞ് പുറത്തേക്ക് പോയി. ആനന്ദ് തല കുടഞ്ഞു.

“എന്തോ പ്രശ്നമുണ്ടല്ലോ… ഉച്ചയ്ക്ക് അന്നം മുടങ്ങുമോ ആവോ…?” പുഞ്ചിരിയോടെ അയാൾ ആലോചിച്ചു. ശാലിനി ഉഗ്രൻ പാചകക്കാരിയാണ്. അവളുണ്ടാക്കിയ ഭക്ഷണം കഴിക്കാനൊത്തില്ലെങ്കിൽ അന്നത്തെ ദിവസം പോയെന്ന് കരുതിയാൽ മതി.

“ശാലൂ…” അയാൾ വിളിച്ചു. വസ്ത്രങ്ങൾ വളരെ അടുക്കും ചിട്ടയോടും വച്ചിരിക്കുന്ന വാർഡ്രോബ് വീണ്ടും അടുക്കിപ്പെറുക്കി വയ്ക്കുകയാണ് ശാലു. അവൾക്ക് ദേഷ്യം വന്നാലങ്ങനെയാണ്. ആനന്ദിനെ ഒഴിവാക്കണമെന്ന് തോന്നുമ്പോഴും ഇങ്ങനെയൊക്കെ ചെയ്യും.

ആ ജ്യോതിയാണ് കുഴപ്പക്കാരി. ഇപ്പോഴത്തെ പെൺകുട്ടികൾ എന്ത് ബഹളമാണ്. എങ്ങനെ പെരുമാറണം, സംസാരത്തിൽ നിയന്ത്രണം വേണം, ഈ വക കാര്യങ്ങളൊന്നും അവരെ ബാധിക്കുന്ന മട്ടില്ല.

“ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം…” ശാലിനി ആത്മഗതമായി പറഞ്ഞു. “അടുത്ത പ്രാവശ്യം ചായ കുടിക്കാൻ ജ്യോതി എത്തുമ്പോൾ അവളോടും അടുക്കളയിലേക്ക് വരാൻ പറയണം. ആനന്ദിനു സമീപം കൊഞ്ചിക്കുഴയുവാൻ ഇനി അനുവദിക്കാതിരുന്നാൽ മതിയല്ലോ…”

അതാലോചിച്ചപ്പോൾ ശാലിനിയുടെ മുഖത്ത് ആശ്വാസത്തിന്‍റെ ചിരി വിടർന്നു. ചായപാത്രം വീണത് തുടച്ചുകളായതെ അടുക്കളയിൽ അങ്ങനെതന്നെ കിടക്കുകയാണല്ലോ എന്ന ഓർമ്മ അപ്പോഴാണ് ശാലിനിക്കുണ്ടായത്.

ചായക്കറ ഉണങ്ങിയാൽ പോകാൻ പ്രയാസമാണ്. അവർ വേവലാതിയോടെ അടുക്കളയിലേക്ക് ഓടാൻ തുടങ്ങി. ലിവിംഗ് റൂം കടന്നുവേണം അടുക്കളയിലെത്താൻ. അങ്ങോട്ട് തിരക്കുപിടിച്ച് നടക്കുന്നതിനിടയിൽ ആണ് ആനന്ദ് എതിരെ നിന്ന് വരുന്നത്. കൂട്ടിയിടിച്ച് രണ്ടുപേരുടെയും ബാലൻസ് തെറ്റി. ആനന്ദ് പിന്നോക്കം സോഫയിലേക്ക് വീണു. ഒരു സപ്പോർട്ടിനായി അയാൾ ശാലിനിയുടെ കൈയിൽ പിടിച്ചപ്പോൾ, ആനന്ദിന്‍റെ മേലേക്ക് ശാലിനിയും മറിഞ്ഞുവീണു. രണ്ടുപേരും ഒരുനിമിഷം സ്തബ്ധരായി. പിന്നെയത് പൊട്ടിച്ചിരിയായി.

“കുറേ നാളായി നമ്മൾ ഇങ്ങനൊരു പോസിഷൻ ശ്രമിച്ചിട്ട്… അല്ലേ?” ആനന്ദ് ചോദിച്ചു. ശാലിനിയുടെ മുഖത്ത് നാണം പടർന്നു.

“ഓ… എനിക്കിപ്പോൾ കിന്നാരത്തിന് നേരമില്ല. അടുക്കള വൃത്തിയാക്കാനുണ്ട്.”

“അതു വെറുതേ, അടുക്കള ഞാൻ ക്ലീൻ ചെയ്തല്ലോ മാഡം…”

“ഓ താങ്ക്സ്. അപ്പോ ലഞ്ച് വേണ്ടേ?”

“നമുക്ക് പുറത്തുനിന്ന് കഴിക്കാം. കുറേ നാളായില്ലേ, ശർമ്മ പറഞ്ഞ പുതിയ ഹോട്ടലിൽ നിന്നായാലോ?”

“ഹും… കൊള്ളാം. യൂ ആർ സോ സ്വീറ്റ്…”ശാലിനി അയാളുടെ ദേഹത്തേക്ക് ചാരി ചെവിയിൽ ചുംബിച്ചു.

“യ്യൊ എന്‍റെ പുറം…” ശാലിനി പെട്ടെന്ന് എഴുന്നേറ്റു.

“ആനന്ദ്…? ആർ യു ഓക്കെ?”

“ഒരു കുഴപ്പവുമില്ല ഡിയർ, പഴയ പ്രയമല്ലല്ലോ സാഹസം കാട്ടാൻ വാ നമുക്ക് ബെഡ്റൂമിലേക്ക് പോകാം.”

ആ ദിവസം ശാലിനിയെ സംബന്ധിച്ച് ഒരു മാന്ത്രികക്കഥയിലെ അനുഭവങ്ങൾ ആയി തോന്നി. ഉച്ചയ്ക്ക് ലഞ്ച് പുറത്തുനിന്ന് കഴിച്ചശേഷം അവർ ഒരു സിനിമ കണ്ടു. പിന്നെ അവർ ബീച്ചിലൂടെ അൽപനേരം നടന്നു. രാത്രി വീട്ടിൽ തിരിച്ചെത്തുമ്പോൾ കൗമാരക്കാരായ കമിതാക്കളെപ്പോലെ ചെറുപ്പം കൈവന്നതായി അവർക്ക് തോന്നി. പഴയകാലങ്ങളെ അനുസ്മരിപ്പിച്ച ആ ദിനത്തിന്‍റെ ലഹരിയിൽ ശാലിനി പറഞ്ഞു “നമുക്ക് ഇനിയും ഇങ്ങനെ പോകണം.”

രാവിലെ നടന്ന സംഭവത്തിന്‍റെ നേർത്ത അസ്വസ്ഥത പോലും ശാലിനിയെ അലട്ടിയില്ല. ആനന്ദിന്‍റെ ശരീരത്തോട് ചേർന്ന് കിടന്ന് ഉറങ്ങുമ്പോൾ ശാലിനിയുടെ മനസ്സ് ഒരു കൊച്ച് കുഞ്ഞിന്‍റെതുപോലെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞു.

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ മുറിയിൽ ലൈറ്റ് ഓൺ ചെയ്തു കിടക്കുന്നത് കണ്ട് ശാലിനി അത്ഭുതപ്പെട്ടു. ആനന്ദ് എങ്ങോട്ടോ പോകാൻ യാത്രയായി നിൽക്കുന്നു.

“ഹേയ്.. എന്തായിത്, ഇത്ര നേരത്തേ എവിടെപ്പോകുന്നു?”

“ഗുഡ് മോർണിംഗ് പോലും പറയാതെ ഇത്രയും ചോദ്യങ്ങളോ? എന്താ മോളേ ഇത്..?” ആനന്ദ് ചിരിയോടെ ബാഗിന്‍റെ സിബ് പൂട്ടി.

“ശരി കാര്യം പറയാം. എനിക്ക് അത്യാവശ്യമായി ഗോവ വരെ പോകണം. രാത്രി നീ ഉറങ്ങിയ ശേഷം എന്‍റെ ഫ്രണ്ട് വിളിച്ചിരുന്നു. എന്‍റെ സഹായം വേണം ഉടനെ ഞാനവിടെയെത്തണമെന്ന്..”

“ഏത് സുഹൃത്താണ്? എന്താ കാര്യം…?”

“ശാലൂ… നീ അറിയില്ല അവനെ. ഇപ്പോൾ വിശദീകരിച്ച് നിൽക്കാൻ നേരമില്ല. അറുമണിക്ക് ദാദറിൽ നിന്നുള്ള ബസ് പിടിക്കണം. ടേക് കെയർ, ബൈ.”

“പക്ഷേ…”

“ഗുഡ്ബൈ ഡിയർ… സീ യു ലേറ്റർ…” ശാലിനി എന്തെങ്കിലും പറയും മുമ്പേ ആനന്ദ് പോയിക്കഴിഞ്ഞിരുന്നു. ഒന്നും ചെയ്യാനില്ലാത്തതിനാൽ അവർ ഉറങ്ങാൻ കിടന്നു. അഞ്ച് മണിയല്ലേ ആയുള്ളൂ. കുറച്ച് നേരം കൂടി കിടന്നശേഷം എഴുന്നേൽക്കാമെന്ന് കരുതിയതാണ്. പക്ഷേ, എഴുന്നേറ്റപ്പോൾ ഒമ്പതു മണി.

വീട്ടുജോലികളൊക്കെ ഒതുക്കി ഫ്രഷ് ആയി എത്തിയപ്പോഴേക്കും ഉച്ചയൂണ് കഴിക്കാറായി. ശാലിനി അടുക്കളിയിൽ ചെന്നപ്പോൾ കിച്ചൻ ടേബിളിൽ ഒരു പാത്രം ഇരിക്കുന്നു. ഇന്നലെ ജ്യോതി പഞ്ചസാരക്കു വേണ്ടി കൊണ്ടുവന്ന പാത്രമാണ്.

“ഇന്ന് വൈകിട്ട് ഈ പാത്രം അവൾക്ക് തിരിച്ചു കൊടുക്കണം.” ശാലിനി ചിന്തിച്ചു.

പെട്ടെന്ന് ഇന്നലെ രാവിലെ നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. കാൽത്തുമ്പിൽ തരിച്ചു കയറിയ ഒരു മിന്നൽ വയറിനുള്ളിലൂടെ നെഞ്ചിലേക്ക് പാഞ്ഞതുപോലെ.

“ഏയ്, അങ്ങനെയൊന്നും ഇല്ല… വൈകിട്ട് എന്തായാലും അവളെ കാണണം.” ശാലിനി സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പാത്രം വാങ്ങാനെന്ന പേരിൽ ജ്യോതിയെ ഇവിടേക്ക് വരുത്തരുത്. വേഗം കൊണ്ടുപോയി കൊടുക്ക്… മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ തോന്നിയിട്ടും ശാലിനി പിടിച്ചുനിന്നു എട്ടു മണിവരെ. അവൾ പാത്രമടുത്ത് ജ്യോതിയുടെ വീട്ടിലെത്തി ഡോർബെല്ലടിച്ചു.

“ഹായ് ആന്‍റി” വാതിൽ തുറന്നത് റാണിയാണ്, ജ്യോതിക്കൊപ്പം താമസിക്കുന്ന പെൺകുട്ടി, ഒരു ഗാർമെന്‍റ് എക്സ്പോർട്ട് കമ്പനിയിൽ ജോലിയുണ്ട്. എന്താണെന്നറിയില്ല ശാലിനിക്ക് റാണിയോട് അൽപം സ്നേഹമൊക്കെ തോന്നിയിട്ടുണ്ട്.

“റാണീ, ഞാൻ വന്നത് ഇന്നലെ ജ്യോതി വീട്ടിൽ വച്ച പാത്രം മടക്കിത്തരാനാണ്.”

“അകത്തേക്ക് വരൂ ആന്‍റി, ഒരു കപ്പ് ചായ കുടിക്കാം…”

റാണി നീട്ടിയ ചായ വാങ്ങി കുടിച്ചുകൊണ്ട് ശാലിനി “നല്ല ചായ, നിനക്ക് കുക്കിംഗ് ഒക്കെ അറിയാമല്ലേ…”

“വയറ്റിപ്പിഴപ്പിനുള്ളതൊക്കെ അറിയാം. ചായ ഞാനുണ്ടാക്കും, പക്ഷേ, പാചകം എനിക്കത്ര ഈസിയല്ല. ഞങ്ങൾ രണ്ടുപേരിൽ ജ്യോതിയാണ് ഭേദം.”

“സത്യം…” ശാലിനക്കത്ഭുതമായി.

“അതേയാന്‍റി. ഇന്ന് പക്ഷേ ഭാഗ്യമില്ലാതായി. ഞാനാണിന്ന് കുക്ക്.”

“എന്താ കാര്യം?”

“ജ്യോതി ഇവിടില്ല ആന്‍റി. അവൾ ഗോവയ്ക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞേ വരൂ.”

പിന്നെ റാണി പറഞ്ഞതൊന്നും ശാലിനി കേൾക്കുന്നുണ്ടായിരുന്നില്ല. ശരീരമാകെ ഉയർന്ന ചൂടിൽ അവൾ വിയർത്തു. ഭാവമാറ്റം റാണി അറിയാതിരിക്കാൻ ശാലിനി മിണ്ടാതിരുന്നു. ശബ്ദത്തിൽ ആവുന്നത്ര ശാന്തത വരുത്തി അവൾ ചോദിച്ചു, “ജ്യോതി എപ്പോൾ വരും?”

“രാവിലെ ആറിന്‍റെ ദാദറിനാണ് പോയത്. രാത്രിയിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു.” ശാലിനിയുടെ വിളറിയ മുഖഭാവം കണ്ട് റാണി പെട്ടെന്ന് ചോദിച്ചു, “എന്താ ആന്‍റീ, സുഖമില്ലേ?”

“ഇല്ല കുട്ടീ, ഞാൻ പോകട്ടെ…”

“ബൈ ആന്‍റീ…”

ശാലിനി വീട്ടിലേക്ക് ഒരുവിധത്തിൽ നടന്നെത്തി സോഫയിലേക്ക് വീണു. അപ്പോൾ ഇവളാണ് ആനന്ദിനെ വിളിച്ചത്. ഇവളാണ് ഗോവയിൽ കണ്ടുമുട്ടുന്ന സുഹൃത്ത്. ശാലിനിക്ക് അതിഭീകരമായ നടുക്കം അനുഭവപ്പെട്ടു.

ഇന്നലെ എന്ത് നല്ല ദിവസമായിരുന്നു. ഒരുപക്ഷേ, തെറ്റ് ചെയ്യുന്ന ഭർത്താക്കന്മാർ ഭാര്യമാരോട് വലിയ സ്നേഹം കാട്ടുമെന്ന് പറയുന്നത് ഇതാണോ? സ്വന്തം അനുഭവം കൊണ്ട് ഇത് സത്യമാണെന്ന് തിരിച്ചറിയുകയാണോ താൻ…

ആനന്ദ് രാവിലെ പോയിട്ട് ഇതുവരെ വിളിച്ചതുമില്ല. അസ്വസ്ഥതയോടെ ശാലിനി തിരിഞ്ഞുംമറിഞ്ഞും കിടന്നു. കുറേ നേരം കരഞ്ഞു. എപ്പോഴോ ഉറങ്ങി, ഉഴുന്നേൽക്കുമ്പോൾ പുലർച്ചേ മൂന്ന് മണി.

കടുത്ത നിരാശ തളർത്തിയ ദേഹത്തോടെ ശാലിനി ചാഞ്ഞിരുന്നു. ഇനി എന്തുചെയ്യണമെന്ന് തനിക്കറിയാം. ആനന്ദ് വന്നാലുടൻ ഇവിടെ നിന്നിറങ്ങണം. ഒന്നും പറയില്ല ഞാൻ… ചോദ്യം ചെയ്യാനുമില്ല. എല്ലാം സ്വയം മനസ്സിലാക്കട്ടെ. പ്രായമിത്രയായിട്ടും…

ശാലിനി കുറച്ച് വസ്ത്രങ്ങൾ ഒരു ബാഗിൽ നിറച്ചുവെച്ചു. ഗുഡ്ബൈ പറയുമ്പോൾ ആനന്ദിന്‍റെ മുഖത്തെ ഭാവമെന്തെന്ന് എനിക്കറിയണം. എന്നെ വഞ്ചിക്കാൻ എളുപ്പമാണെന്നാവും ധാരണ.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനിടെ അവൾ അക്കാര്യം ഇടയ്ക്കിടെ ഓർമ്മിച്ചു. ഇത്രയും കാലം അടുക്കും ചിട്ടയോടെ താൻ കൊണ്ടുനടന്ന ഈ വീട്ടിൽ നിന്ന് മണിക്കൂറുകൾക്കകം താൻ പോകും… പിന്നീടൊരിക്കലും… ആറുമണിയായി. ആനന്ദ് വരാറായിട്ടുണ്ട്. രണ്ട് മണിക്കൂർ മുമ്പ് വിളിച്ചിട്ട് ഇത്രയും പറഞ്ഞല്ലോ “ഞാൻ ഇവിടെ നിന്നും തിരിക്കുകയാണ്..” ഫോൺ പെട്ടെന്ന് കട്ടായി. അയാൾ വീണ്ടും വിളിക്കുമെന്ന് ശാലിനി പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല.

അവൾ റീഡിംഗ് റൂമിൽ ചെന്ന് പുസ്തകം നിവർത്തി അക്ഷരങ്ങളെ നോക്കിയിരുന്നു. പക്ഷേ, മനസ്സിലെ ദുഃഖമല്ലാതെ ആ അക്ഷരങ്ങളിൽ അവൾ ഒന്നും തെളിഞ്ഞ് കണ്ടില്ല. ചിന്തകളുടെ ലോകത്തിരിക്കുമ്പോൾ വാതിലിന്‍റെ ലോക്ക് തിരിയുന്ന ശബ്ദമൊന്നും ശാലിനി കേട്ടില്ല.

“ഹലോ ശാലൂ…” ആനന്ദിന്‍റെ ശബ്ദം കേട്ട് അവൾ ഞെട്ടി. അയാൾ നിറഞ്ഞ നിഷ്കളങ്കതയോടെ അപ്രതീക്ഷിതമായി ഓടിവന്ന് ശാലിനിയെ കെട്ടിപ്പിടിച്ചപ്പോൾ അവൾ ആകെ ആശയക്കുഴപ്പത്തിലായി. ആനന്ദ് വളരെ ക്ഷീണിതനായി കാണപ്പെടുന്നു. കാമുകിക്കൊപ്പം ഉല്ലാസയാത്ര കഴിഞ്ഞ ഒരു വ്യക്തിയുടെ ഉന്മേഷമൊന്നുമില്ല.

“ഞാൻ ചായയെടുക്കാം, നിങ്ങൾ വിശ്രമിക്ക്…”

സാഹചര്യത്തെ എങ്ങനെ മറികടക്കണമെന്ന ചിന്തയോടെ അവൾ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആനന്ദ് തടഞ്ഞു, “പോകല്ലെടോ… ഒരു വാർത്ത പറയാനുണ്ടെനിക്ക്.”

അവൾ അത് കണക്കിലെടുക്കാതെ തിരക്കിട്ട് നടക്കാൻ തുടങ്ങിയപ്പോൾ പരിചയമുള്ള മറ്റൊരു ശബ്ദം അവളെ തടഞ്ഞു നിറുത്തി, “ആന്‍റീ… എനിക്കാണ് പറയാനുള്ളത്…”

വാതലിന് പുറത്ത് ജ്യോതി.

ശാലിനി തന്‍റെ അമർഷവും സങ്കടവും കടിച്ചമർത്തി സോഫയിലിരുന്നു. രണ്ടുപേരും ഒരുമിച്ച് വന്ന്… ശാലിനിക്ക് ജ്യോതി പറയുന്നത് എന്താണെന്ന് പോലും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ആനന്ദ് ചിരിച്ചുകൊണ്ട്, “നിനക്ക് ആളെ കാണണ്ടേ?”

“എന്ത്…?” ശാലിനി അമ്പരപ്പോടെ നോക്കുമ്പോൾ ജ്യോതിയുടെ പിന്നിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ.

“ആന്‍റീ, ഇതാണ് നിഖിൽ, എന്‍റെ വുഡ്ബീ…”

“നൈസ് ടു മീറ്റ് യൂ ആന്‍റീ, എല്ലാ സഹായങ്ങൾക്കും നന്ദിയുണ്ട്.”

അയാൾ നീട്ടിയ കൈകളിൽ യാന്ത്രികമായി സ്പർശിച്ചുകൊണ്ട് അവൾ അമ്പരന്നുനോക്കി. ആനന്ദ് അവളുടെ അടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു, “ഞാൻ പറഞ്ഞ ആ വാർത്ത ഇതാണ്. നിഖിലും ജ്യോതിയും വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. പക്ഷേ, ജ്യോതിയുടെ അച്ഛനമ്മമാർക്ക് താൽപര്യമില്ല. നിഖിൽ വേറെ ജാതിയിൽപ്പെട്ടയാളായതാണ് കാരണം. ഈ പ്രശ്നത്തെക്കുറിച്ച് ജ്യോതി എന്നോട് പറഞ്ഞു. അവളുടെ സങ്കടം കണ്ടപ്പോ ഒന്നു ശ്രമിച്ചലോ എന്നുതോന്നി.”

അതുകേട്ടപ്പോൾ ജ്യോതി ഇടയ്ക്ക് കയറി പറഞ്ഞു, “പപ്പയോട് സംസാരിക്കാമെന്ന് അങ്കിൾ പറഞ്ഞു. അതിനുമുമ്പ് നിഖിലിനെ കാണമെന്നാണ് അങ്കിൾ ആവശ്യപ്പെട്ടത്. ഞാൻ എത്തരക്കാരനെയാണ് കണ്ടുപിടിച്ചത് എന്നറിയണമല്ലോ…” ജ്യോതി പ്രേമഭാവത്തിൽ നിഖിലിനെ നോക്കുന്നത് ശാലിനി കണ്ടു.

“അതെ ശാലൂ, നിന്നോട് ഒന്നും പറയാൻ കഴിഞ്ഞില്ല. എനിക്ക് ഇതൊക്കെ നടക്കുമെന്ന് ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും നിഖിൽ മിടുക്കനാണെന്ന് മനസ്സിലായപ്പോൾ അവളുടെ പപ്പയുടെ സ്വഭാവരീതികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പിന്നെ എങ്ങനെ ഇക്കര്യം പരിഹരിക്കാമെന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിച്ചു. ജ്യോതിയുടെ പപ്പയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ മനസ്സിലാക്കി പ്രവർത്തിക്കാമെന്ന് കരുതി. അങ്ങനെയിരിക്കെയാണ് ഇവളുടെ പപ്പയുടെ ഫോട്ടോ കാണാനിടയായത്. വർഷങ്ങൾക്കു മുമ്പ് എന്‍റെ സഹപ്രവർത്തകനായിരുന്നു അദ്ദേഹം. പിന്നെ എനിക്ക് ധൈര്യമായി. അങ്ങനെയാണ് ഞങ്ങൾ ഒരുമിച്ച് കൂടാമെന്ന് തീരുമാനിച്ചത്.”

“ഇതിനിടെ ജ്യോതിയുടെ പപ്പ കഴിഞ്ഞദിവസം വിളിച്ച് പിറ്റേന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഏതോ വിവാഹക്കാര്യം പറയാനായിരുന്നു. ജ്യോതി രാത്രി എന്നെ വിളിച്ച് ഗോവയ്ക്ക് പോകുന്ന കാര്യം പറഞ്ഞപ്പോഴാണ് ഞങ്ങളിങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് പ്ലാൻ ചെയ്തത്. അതുകൊണ്ടാണ് നിന്നോട് പറയാൻ പറ്റാതിരുന്നത്.”

“ഞങ്ങൾ മൂന്നുപേരും രാവിലെ 6 മണിക്കുള്ള ബസിന് പപ്പയുടെ ഫാംഹൗസിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോൾ എന്തായിരുന്നു അങ്കിളിന്‍റെ പെർഫോർമൻസ്… പപ്പ അതിൽ വീണു ആന്‍റീ. ഞങ്ങൾക്ക് ഗ്രീൻ സിഗ്നലും കിട്ടി.” ജ്യോതി ആവേശത്തോടെ പറഞ്ഞു. ഒപ്പം നിഖിലിന്‍റെ അരയിലൂടെ കൈയിട്ട് കെട്ടിപിടിക്കുകയും ചെയ്തു.

“ഇതൊന്നും നിന്നോട് പറഞ്ഞില്ലല്ലോ എന്ന പരിഭവമാകും നിനക്ക്… ശാലൂ.. ദൗത്യം വിജയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നടോ. താൻ ക്ഷമിക്ക്…” ആനന്ദ് പറഞ്ഞു.

ക്ഷമിക്കാനെന്തിരിക്കുന്നു. താൻ വെറും മണ്ടിയാണല്ലോ എന്നു മാത്രമേ അവൾ അപ്പോൾ ഓർത്തുള്ളൂ. നിഖിലും ജ്യോതിയും സന്തോഷത്തോടെ കൈ കോർത്തിരിക്കുന്നു. ആനന്ദിന്‍റെ കണ്ണുകളിൽ സാഫല്യത്തിളക്കം. ആനന്ദിനെക്കുറിച്ച് ഓർത്തപ്പോൾ ശാലിനിയുടെ ഹൃദയം സ്നേഹം കൊണ്ട് വിങ്ങിത്തുടിച്ചു. താനെന്തൊക്കെയാണ് ചിന്തിച്ചുകൂട്ടിയത്.. ആനന്ദിനോട് മോശമായി പെരുമാറാതിരുന്നത് എത്ര നന്നായി.

“കൺഗ്രചുലേഷൻസ്” ശാലിനി രണ്ടുപേരോടുമായി പറഞ്ഞു. “വിവാഹത്തീയതി നിശ്ചയിച്ചോ?”

“വിവാഹം പിന്നീട്. ഞങ്ങൾക്ക് കരിയറിൽ ഒന്ന് നന്നായി സെറ്റിലാകണം. എന്നിട്ട്…” നിഖിൽ പറഞ്ഞു.

“കൊള്ളാം… അപ്പോ നമുക്ക് ഒരു ചായയാകാം. സന്തോഷവാർത്ത ചായ കുടിച്ചല്ലേ ആഘോഷിക്കേണ്ടത്…”

“അതേ ആന്‍റീ… ഞാനും വരുന്നു.”

ജ്യോതി ശാലിനിക്കൊപ്പം നടന്നു. ശാലിനി പുതിയൊരാളെ കാണുമ്പോലെ ജ്യോതിയെ നോക്കി. അവളാണോ മാറിയത്… അതോ താനോ… ഏതാനും മിനിട്ടുകൾ മതി ഒരാളോട് ഇഷ്ടം തോന്നാൻ, ഇഷ്ടം നഷ്ടമാകാനും. ഇപ്പോൾ താൻ ജ്യോതിയെ ഇഷ്ടപ്പെടുന്നുണ്ട്. ഈ ചായ ഉണ്ടാക്കലും…

ഏകാന്ത തീരങ്ങൾ

രാവിലെ ചായ കുടിക്കുന്നതിനിടയിൽ ഫേസ്ബുക്ക് അപ്ഡേറ്റ് പരിശോധിക്കവേ ആദ്യം കണ്ണിൽ പെട്ടത് സുമിയുടെ പോസ്റ്റായിരുന്നു. ഇന്ന് എന്‍റെ പിറന്നാൾ ആണെന്ന് മാത്രം ആണ് അവൾ കുറിച്ചത്. ഇത്തരമൊരു കാര്യം ആരാണ് എഴുതി എല്ലാവരെയും അറിയിക്കുക ആ പോസ്റ്റ് എന്നിൽ അദ്ഭുതം ഉളവാക്കി അതേ ചുറ്റിപ്പറ്റി മനസിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.

തന്‍റെ ജീവിതത്തിലെ ഓരോ മൂഹൂർത്തങ്ങളെയും പറ്റി വിചിത്രമായ ഈ ലോകത്തോട് പങ്കുവയ്ക്കാൻ അവൾ നിർബന്ധിതയായിരിക്കുന്നത് ജീവിതത്തിൽ ഏകാന്തത വളർന്നു വരുന്നതു കൊണ്ടാകുമോ. തന്‍റെ സുഖദുഃഖങ്ങളെപ്പറ്റി പങ്കുവയ്ക്കാൻ അവനെ കേൾക്കാൻ ചുറ്റും ആളില്ലാതാവുകയാണോ? ചുറ്റും ആരുണ്ടായിട്ടും കാര്യമില്ല, അവരെല്ലാം തങ്ങളുടെ മുന്നിൽ ഇരിക്കുന്ന ആളെ അവഗണിച്ചും അവൻ പറയുന്ന കാര്യങ്ങൾ കേൾക്കാതെയും ദൂരെ ഏതോ ലോകത്തുള്ളവരുമായി ഫോണിലൂടെ ബന്ധം പുലർത്തുന്നതിൽ സന്തോഷം കണ്ടെത്തുകയല്ലേ.

സുമിയെ കണ്ടിട്ട് ഒരുപാട് നാളായി. കൊറോണ കാലം ആളുകളെ പരസ്പരം അകറ്റിയതു കൊണ്ട് എല്ലാവരും ഒറ്റയ്ക്ക് ജീവിക്കാൻ ശീലിച്ചിരിക്കുന്നു. ഈ സമയത്ത് ഒഴിവു സമയങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചാണ് ആളുകൾ മഹാമാരി കാലത്തെ അതിജീവിച്ചത്. എന്നാൽ ജീവിതം ഇപ്പോൾ സാധാരണ നിലയിലായെങ്കിലും സോഷ്യൽ മീഡിയയിൽ ജീവിതം തള്ളിനീക്കുന്നവരാണ് മിക്കവരും.

സുമിയെ കാണുകയെന്നത് അത്ര എളുപ്പമല്ല. അവൾ തിരക്കുപിടിച്ച മുംബൈ നഗരത്തിലെ ഏതോ ഒരു കോണിലാണ് താമസിക്കുന്നത്. ഞാനാണെങ്കിൽ മറ്റൊരു കോണിലും. എന്നാൽ ഇന്ന് ഞാൻ അവളെ അദ്ഭുതപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ഞാൻ ഉടൻ തന്നെ അവളെ ഫോണിൽ വിളിച്ച് പിറന്നാൾ ഗാനം ആലപിച്ചു കൊണ്ട് അവൾക്ക് ആശംസകൾ നേർന്നു. മറുതലയ്ക്കൽ അവളുടെ കിലുകിലാ എന്നുള്ള ചിരി ഉയർന്നു കേൾക്കാമായിരുന്നു.

“ഇന്ന് തിരക്കിലാണെങ്കിൽ കുഴപ്പമില്ല, തിരക്കില്ലാത്ത ദിവസം നമുക്ക് എവിടെയെങ്കിലും പോയി ഉച്ചഭക്ഷണം കഴിക്കാം.” ഞാൻ പറഞ്ഞു.

“ങ്ഹാ കുടുംബവുമൊത്തു ഡിന്നർ കഴിച്ചോളാം. പക്ഷേ പകൽ ഞാൻ ഫ്രീയാണ്. നമുക്ക് പല്ലാഡിയത്തിൽ വച്ച് മീറ്റ് ചെയ്യാം.“ സുമിയുടെ മറുപടിയിൽ സന്തോഷം കലർന്നിരുന്നു. വർഷങ്ങളായി ആരെയോ കാത്തിരുന്നതുപോലെയായിരുന്നു അവളുടെ മറുപടി.

പല്ലാഡിയം മാൾ നഗരത്തിന്‍റെ രണ്ടറ്റങ്ങളായി ഉള്ള ഞങ്ങളുടെ വീടിന്‍റെ ഏറെക്കുറെ മധ്യഭാഗത്തായാണ് സ്‌ഥിതി ചെയ്യുന്നത്. ഞങ്ങൾ മുമ്പും അവിടെ വച്ച് കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടുപേർക്കും വരാനും പോകാനും വലിയ അസൗകര്യമില്ലാത്ത ഇടം, വലിയ ദൂരവുമില്ല.

അന്ന് സുമിയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു മനസിൽ. ദിവസവും 3- 4 പോസ്റ്ററുകൾ ഇടാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ നിന്നും കടന്നു പോകുമായിരുന്നില്ല. ചിലപ്പോൾ അവൾ കഴിച്ച ഭക്ഷണത്തെക്കുറിച്ചോ വസ്ത്രത്തെക്കുറിച്ചോ അതുമല്ലെങ്കിൽ ചിലപ്പോൾ തന്നെ പറ്റിയോ മറ്റൊരാളെക്കുറിച്ചോ ഒക്കെ ആയിരുന്നു അവളുടെ പോസ്റ്ററുകൾ.

സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായിരുന്നത് സുമി മാത്രമാണ്. അക്കാര്യത്തിൽ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. അവളുടെ ഭർത്താവ് സഞ്ജയ്നെ പലപ്പോഴും കണ്ടിട്ടുമുണ്ട്. വളരെ മാന്യമായി ഇടപഴകിയിരുന്ന ഒരു വ്യക്തി.

സുമി വളരെ മനോഹരമായി വസ്ത്രം ധരിച്ച് പഞ്ചാബ് ഗ്രില്ലിന് പുറത്ത് എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. മോഡേൺ സ്റ്റൈലിഷ് വൺ പീസ് ഡ്രസ് ആയിരുന്നു അവളുടെ വേഷം. കണ്ടയുടനെ ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ആശംസകൾ നേരുകയും അവൾക്കായി കരുതിയ സമ്മാനം നൽകുകയും ചെയ്തു.

“നീ സുന്ദരിയായിരിക്കുന്നു. ബർത്ത് ഡേ ആയതുകൊണ്ടാണോ?”

അവളുടെ മുഖത്ത് സന്തോഷം പടർന്നു. ഞങ്ങൾ റെസ്റ്റോറന്‍റിൽ കയറി മൂലയിലായി അധികം ബഹളമൊന്നുമില്ലാത്ത ഇടത്ത് ഇരുന്നു. തുടർന്ന് ഞാൻ ഭക്ഷണം ഓർഡർ ചെയ്‌തു. അവൾ ഭക്ഷണം കഴിക്കുന്നതിനിടെ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു ഞങ്ങൾ കൂട്ടുകാരുടെ ചില തമാശകൾ പറഞ്ഞു ചിരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെ അലട്ടികൊണ്ടിരുന്ന ആ ചോദ്യം ഞാൻ അവളോട് ചോദിച്ചു. “സുമീ, നീ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമായത്. പക്ഷേ ഒരു കാര്യം ഉണ്ട്. നീ നിന്‍റെ ജന്മദിനത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് നന്നായി. അല്ലായിരുന്നുവെങ്കിൽ ഞാൻ ശരിക്കും മറന്നു പോയേനെ.”

“അതെ ദിയാ, എനിക്കറിയാം. ആരാണ് ഇപ്പോൾ ഇതൊക്കെ ഓർത്തു വയ്ക്കുന്നത്? അതുകൊണ്ടാ ഞാൻ പോസ്റ്റ് ഇട്ടത്. നോക്കൂ, ഉപകാരമുണ്ടായി. ഇത്രയും നാളുകൾക്ക് ശേഷം ഇന്ന് നമ്മൾ മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്നു ഇങ്ങനെ സംസാരിക്കുന്നു. നീ ഓർത്തില്ലായിരുന്നുവെങ്കിലോ. പിന്നെ ഞാനത് പോസ്റ്റ് ചെയ്തില്ലെങ്കിലോ? ഈ വിശേഷ ദിവസത്തിൽ എനിക്ക് എന്‍റെ കൂട്ടുകാരിയെ കാണാൻ കഴിയുമായിരുന്നോ?” സുമിയുടെ വാക്കുകളിൽ സന്തോഷം പ്രകടമായിരുന്നു.

നീണ്ട 10 വർഷമായി സുമി എന്‍റെ കൂട്ടുകാരിയായിട്ട്. വർഷങ്ങളോളം അടുത്തടുത്ത ഫ്ളാറ്റുകളിൽ താമസിച്ചിരുന്നവരാണ്. പിന്നീട് അവളും കുടുംബവും ദൂരെ മാറിത്താമസിക്കാൻ തുടങ്ങിയതോടെ, പരസ്പരമുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു. പിന്നീട് വല്ലപ്പോഴും ഒന്ന് കണ്ടാലായി അത്ര തന്നെ. എന്തിനേറെ കോളുകൾ പോലും വിരളമായി. ഒരു നിമിഷം ഞാൻ കഴിഞ്ഞ കാലത്തെക്കുറിച്ചോർത്തു കുറച്ചു നേരം നിശബ്ദയായി.

അവൾ ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു. “നമ്മൾ വിചാരിക്കുമ്പോലെയല്ലല്ലോ ജീവിതം നീങ്ങുക. അത് അതിന്‍റെ വഴിക്ക് പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”

“എന്ത് പറ്റി സുമി?”

“എന്തോ അജ്ഞാതമായ കാരണത്താൽ എല്ലാവരും അവരിലേക്ക് തന്നെ ചുരുങ്ങുന്നതായി നിനക്ക് തോന്നിയിട്ടില്ലേ? ആരും ആരെയും കാണുന്നില്ല, ആരോടും സംസാരിക്കുന്നില്ല, ആരേയും ശ്രദ്ധിക്കുന്നില്ല.”

“അതെ സുമി, ഇപ്പോൾ എല്ലാവരും തിരക്കുകളിലൂടെ സഞ്ചരിക്കുകയാണ്.”

“പക്ഷേ എന്തിന്? നേരത്തെയും തിരക്കില്ലായിരുന്നോ? ഇപ്പോൾ എവിടെ നിന്നാ ഇത്ര തിരക്ക് വന്നത്?” ഇതു പറയുമ്പോൾ അവളുടെ ശബ്ദം കനക്കുന്നതായി ഞാൻ തിരിച്ചറിഞ്ഞു.

അൽപം അസ്വസ്ഥതയോടെ ഞാൻ അവളുടെ കൈകളിൽ പിടിച്ചു ചോദിച്ചു. “സുമി എന്താ പറ്റിയത്? എനിതിംഗ് റോങ്ങ്? നീ ഓകെ അല്ലെ?”

“ദിയാ, ഞാൻ ഡിപ്രഷനിനുള്ള ചികിത്സയിലാണ്” അവൾ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.

“എന്താ പറഞ്ഞത്?” പാതിവഴിയിൽ ഭക്ഷണം കഴിക്കുന്നത് നിർത്തികൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് ഉത്കണ്ഠയോടെ നോക്കിയിരുന്നു. അവൾ വളരെ പ്രസന്നവതിയായിരുന്നു. അവൾക്ക് എങ്ങനെ വിഷാദം ഉണ്ടായി? എനിക്ക് അതിൽ വല്ലാത്ത സങ്കടം തോന്നി. “സുമീ, എന്താ പറ്റിയത്?”

“അറിയില്ല ദിയ, പെട്ടെന്ന് ഒരു ദിവസം ശരീരം തളരുന്നതു പോലെ തോന്നി, എന്തുകൊണ്ടെന്നറിയില്ല. വളരെ ഏകാന്തത അനുഭവപ്പെട്ടു തുടങ്ങി. സഞ്ജയനും മോഹിത്തും അവരവരുടെ ലോകത്തിലാണ്. ഒരു ചെറിയ പട്ടണത്തിൽ നിന്ന് മുംബൈയിൽ എത്തിയപ്പോൾ എനിക്ക് ധാരാളം സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം കെട്ടുപോയിരിക്കുന്നു. എനിക്ക് ഒരു ജോലി ഉണ്ടായിരുന്നുവെങ്കിൽ, എന്‍റെ ജീവിതത്തിൽ കുറച്ചുപേരെങ്കിലും ഉണ്ടാകുമായിരുന്നു. ഒരു സോഷ്യൽ സർക്കിൾ ഉണ്ടാകുമായിരുന്നു. എന്നൊക്കെ ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.”

“ഇല്ല സുമി അങ്ങനെയല്ല. അപ്പോൾ വേറെ എന്തെങ്കിലും കാര്യങ്ങളിൽ സ്ട്രെസ് ഉണ്ടാകുമായിരുന്നു. പിന്നെ കുറേക്കൂടി ഉത്തരവാദിത്തങ്ങൾ ഉണ്ടാകുമായിരുന്നു.” ഞാൻ അവളെ ആശ്വ സിപ്പിക്കാനെനോണം പറഞ്ഞു.

“അപ്പോൾ ഈ ഏകാന്തത ഉണ്ടാകുമായിരുന്നില്ല, അല്ലേ?” അവളുടെ ശബ്ദം തണുത്ത മരവിച്ചതു പോലെ എന്‍റെ കാതുകളിൽ മുഴങ്ങി.

“ഇത്തരത്തിൽ ഏകാന്തതയുടെ ഇരകളായി ജീവിക്കുന്ന അനേകം ആളുകൾ ഉണ്ട്. അവരെല്ലാം വീട്ടിൽ ഇരിക്കുന്നവർക്ക് മാത്രമല്ല, അവരിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നുണ്ട്. ഇത് നിന്‍റെ മാത്രം പ്രശ്നമല്ല.”

“മാനസികമായി ക്ഷീണിതയാണെങ്കിലും സോഷ്യൽ മീഡിയയിൽ ഇങ്ങനെ എന്തെങ്കിലും പോസ്റ്റ് ഇടുന്നത് അതുകൊണ്ടാണ്. ആളുകൾ അപ്പോൾ അവിടെയെങ്കിലും ഒത്തുകൂടും. കുറച്ചു തമാശ പറച്ചിലും ചിരിയും ഒക്കെ ആകുമ്പോൾ മനസിനു ഒരു നേരിയ ആശ്വാസം. എന്തെങ്കിലും ഫണ്ണി പോസ്റ്റിനു കുറഞ്ഞ പക്ഷം ഒരു സ്മൈലി എങ്കിലും വരുമല്ലോ. അങ്ങനെ അല്ലാതെ വരുമ്പോൾ ചിരിച്ചിട്ട് എത്ര നാളായെന്ന് തോന്നി പോകും. നിന്‍റെ വിശേഷം പറയൂ. വിശ്വാസും തരുണിയും സുഖമായിരിക്കുന്നോ?”

“വിശ്വാസിന്‍റെ കാര്യം പറയാതിരിക്കുന്നതാ ഭേദം. ഓഫീസിൽ ടൂർ ഒക്കെയായി വിശ്വാസ് തിരക്കിലാണ്. തരുണിയ്ക്ക് ആഴ്ചയിൽ 3 ദിവസം വർക്ക് ഫ്രം ഹോമാണ്. ദിവസം മുഴുവൻ അവൾ വാതിലും അടച്ചു മുറിയിലായിരിക്കും. അവൾക്കും വളരെയധികം സമ്മർദ്ദമുണ്ട്. ചിലപ്പോൾ അവൾ വാഷ്റൂമിലേക്ക് പോകാനും എന്തെങ്കിലും കഴിക്കാനും മാത്രമാണ് മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത്. വീക്കെൻഡിൽ പിന്നെ അവളെ കാണാനേ കിട്ടില്ല. കൂട്ടുകാർക്കൊപ്പം ഔട്ടിംഗിലായിരിക്കും.”

“നിനക്ക് ബോറടിക്കാറില്ലേ? ഒഴിവ് സമയത്ത് നീ എങ്ങനെയാണ് ചെലവഴിക്കുന്നത്?”

“നിന്നെ പോലെ എനിക്കും ബോറടിക്കാറുണ്ടായിരുന്നു. അങ്ങനെ ആയപ്പോൾ ഞാൻ ചില ക്ലാസുകളിൽ ചേർന്നു, കൂടാതെ വീട്ടിലിരുന്ന് കൊച്ചു കുട്ടികൾക്ക് ഡാൻസ് ക്ലാസുകൾ എടുക്കാൻ തുടങ്ങി. എന്തു ചെയ്യാനാണ് സുമി. നമ്മുടെ മനസിനെയും സന്തോഷിപ്പിക്കേണ്ടേ?”

“മിടുക്കി തന്നെ നീ കഥക് പഠിപ്പിക്കുന്നുണ്ടോ? നല്ലൊരു ഡാൻസർ ആണല്ലോ നീ. പക്ഷെ നീ എന്ത് ക്ലാസിനാണ് ജോയിൻ ചെയ്തത്?”

“ഞാൻ ഗിറ്റാർ വായിക്കാൻ പരിശീലിക്കുന്നുണ്ട്. ഗിറ്റാർ പഠിക്കണമെന്നത് എന്‍റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. അവിടെ നല്ലൊരു മ്യൂസിക് ഗ്രൂപ്പും രൂപപ്പെട്ടിട്ടുണ്ട്. പണ്ടത്തെ പോലെ അയൽപക്കത്ത് ഇരുന്ന് കുശുകുശുപ്പ് പറയുന്ന നമ്മുടെ അമ്മമാരുടെയും അമ്മൂമ്മമാരുടെയും കാലമല്ല ഇപ്പോൾ. ഇനി ഏകാന്തതയെ നേരിടാനുള്ള വഴികൾ കണ്ടെത്തണം. സോഷ്യൽ മീഡിയ ആവശ്യമില്ലെന്ന് പലപ്പോഴും അമ്മയോട് പറയാറുണ്ട്. എന്‍റെ കൂടെ വരാൻ ഞാൻ അമ്മയോട് പലവട്ടം ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ പിന്നെ ഫോണിൽ കൂടി പഠിപ്പിക്കാം എന്ന് ഞാൻ അമ്മയോട് പറയാറുമുണ്ട്. പക്ഷെ അമ്മ എവിടെ കേൾക്കാൻ. എന്നെ പഠിപ്പിക്കണ്ട നീ വരുമ്പോൾ ഞാനും ഇതിൽ മുഴുകിയിരുന്നു പോകുമെന്നാ അമ്മ പറയുന്നത്.”

ഇത് കേട്ട് സുമി വളരെ മധുരമായി ചിരിച്ചു. ഞാൻ വീണ്ടും പറഞ്ഞു, “ങാ സുമി, ഒരു കാര്യം ചോദിക്കട്ടെ നീ പോസ്റ്റ് ഇടുമ്പോഴെല്ലാം ധാരാളം കമൻറുകൾ വരാറുണ്ടല്ലോ. ചിലതൊക്കെ ഞാൻ വായിച്ച് ചിരിക്കാറുണ്ട്. ഒരിക്കൽ നിന്‍റെ ചുവന്ന വസ്ത്രം ധരിച്ചുള്ള നിന്‍റെ ഫോട്ടോയ്ക്ക് ആരോ ഒരു കവിത എഴുതിയിരുന്നല്ലോ.”

“അതോ… ഞാൻ ആ ഡ്രസ്സ് ധരിച്ചിട്ട് സഞ്ജയനെ കാണിക്കാൻ ചെന്നപ്പോൾ സഞ്ജയ് ഫോണിൽ മുഴുകിയിരിക്കുന്നു. അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ ഇതൊന്ന് ചെയ്യട്ടെ എന്ന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ നേരത്തെ കണ്ടിട്ടുണ്ടല്ലോ നല്ലതാണെന്ന്.”

ഇതുകേട്ട് ഞങ്ങൾ രണ്ടുപേരും ചിരിച്ചു. അപ്പോൾ അവൾ പറഞ്ഞു, “ഇപ്പോൾ ഞാൻ ഇത് പറഞ്ഞു ചിരിക്കുന്നു. അന്ന് എനിക്ക് ദേഷ്യം വന്നു. പിന്നീട് ആ ഡ്രസ്സും ഇട്ടുള്ള പിക് പോസ്റ്റ് ചെയ്‌തപ്പോൾ ആളുകളുടെ തമാശകൾ കേട്ട് ഞാൻ ശരിക്കും ചിരിച്ചു. ഫേസ്ബുക്കിനെ നമ്മൾ ഫേക്ബുക്ക് എന്ന് വിളിച്ചാലും ഏകാന്തതയുടെ ചില നിമിഷങ്ങൾക്ക് അത് തീർച്ചയായും അയവു വരുത്തുന്നുണ്ട്.”

“ബന്ധുക്കളെ കാണാറുണ്ടോ?”

“ഇല്ല ദിയ, ആരെങ്കിലും മുംബൈ സന്ദർശിക്കാനോ മറ്റ് എന്തെങ്കിലും ആവശ്യത്തിനോ മാത്രമാണ് ബന്ധുക്കൾ വീട്ടിൽ വരിക. ഞങ്ങളെ കാണണോ നമ്മൾക്കൊപ്പം താമസിക്കാനോ വളരെക്കുറച്ചുപേർ മാത്രമേ വരാറുള്ളൂ. ഇപ്പോൾ ഒന്നും പഴയതു പോലെയല്ല. എല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുടെ മേലാപ്പുണ്ട്. നിസ്വാർത്ഥമായ സ്നേഹം അതെവിടെ ആണുള്ളത്. നമ്മൾ എല്ലാം ബാലൻസ് ചെയ്തു ജീവിതം ജീവിക്കുകയല്ലേ. ഒക്കെയും ഒരു നാടകം പോലെ. അവസാനം വരെയും അങ്ങനെ തന്നെ“ സുമി നിർവാകാരതയോടെ പറഞ്ഞു കൊണ്ടിരുന്നു.

“പക്ഷെ ഇങ്ങനെ അസുഖം പിടിച്ചിരുന്നിട്ട് കാര്യമില്ല സുമി, ഡിപ്രഷൻ ഉണ്ടാകാതെ നോക്കണം. എനിക്ക് വല്ലാത്ത സങ്കടം ഉണ്ട്. ഇടയ്ക്ക് വല്ലപ്പോഴും സോഷ്യൽ മീഡിയയിൽ സമയം കളയുന്നത് കൊണ്ട് കുഴപ്പമില്ല. വേറെ എന്തെങ്കിലും ചെയ്യാനും പഠിക്കാനും ശ്രമിക്കുകയാണെങ്കിൽ ജീവിതത്തെക്കുറിച്ചുള്ള പരാതികൾ പറയും. ജീവിതം കുറച്ചു കൂടി എളുപ്പമാവുകയും ചെയ്യും സുമി. ഇപ്പോൾ ആർക്കും ആരേയും ആവശ്യമില്ലാത്ത സമയമാണ്. ഓരോ വ്യക്‌തിയും അവനവന്‍റെ തിരക്കുകളിലാണ്. ഏകാന്തത കൂടിക്കൂടി വരികയാണ്. പക്ഷേ രോഗങ്ങൾക്ക് മുന്നിൽ നമ്മുടെ ജീവിതത്തെ ബലിയർപ്പിക്കരുത്, നീ നിന്‍റെ ആരോഗ്യം ശ്രദ്ധിക്കണം. കൂടാതെ ചില ജോലികളിലോ ഹോബികളിലോ ഏർപ്പെടുന്നത് നല്ലതായിരിക്കും മോളെ. മനസിന് സന്തോഷം ഉണ്ടാകും. കാലവും മനുഷ്യരും ഇനിയൊരിക്കലും മാറാൻ പോകുന്നില്ല. അത് എല്ലാം അങ്ങനെ തന്നെ തുടരും.”

സുമി ഏറെ ആശ്വാസത്തോടെ എന്‍റെ കൈയ്യിൽ ഇറുക്കിപ്പിടിച്ചു. “നമുക്ക് ഇങ്ങനെ ഇടയ്ക്ക് ഇങ്ങനെ ഒത്തുചേരണം.” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്താ ഇത് സുമി, നിനക്ക് തോന്നുമ്പോൾ പറഞ്ഞാൽ മതി നമുക്ക് കാണാലോ. എനിക്കും അത് സന്തോഷമുള്ള കാര്യമല്ലേ ഞാൻ റെഡി.”

ഞങ്ങൾ ഭക്ഷണം അപ്പോഴേക്കും കഴിച്ചു കഴിഞ്ഞിരുന്നു. ഞാൻ ബില്ലടക്കാൻ മുതിർന്നയുടനെ അവൾ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു, ”ഇന്നെന്‍റെ ബർത്ത് ഡേ പാർട്ടിയാണ്” എന്ന് പറഞ്ഞുകൊണ്ട് അവൾ ബിൽ അടച്ചു.

പിന്നീട് ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഞങ്ങളുടെ വഴികളിലേക്ക് പിരിഞ്ഞു. ഞങ്ങൾ രണ്ടുപേരും ഇന്ന് ഏകദേശം 4 മണിക്കൂർ നേരം ഒരുമിച്ചായിരുന്നു, വാട്സാപ്പിലെ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ വീട്ടിൽ എത്തി എന്ന സന്ദേശം പോസ്റ്റ് ചെയ്‌തിട്ടും ഞങ്ങൾ രണ്ടുപേരും ഒരിക്കൽ പോലും ഞങ്ങളുടെ ഫോണിലേക്ക് നോക്കിയില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തി.

ഞാൻ സുമിയെ കളിയാക്കികൊണ്ട് മെസ്സേജ് അയച്ചു, “സുമി, നമ്മൾ ഫോട്ടോ എടുക്കാൻ മറന്നു പോയല്ലോ, ഒരു ഫോട്ടോ പോലും എടുത്തില്ലല്ലോ.”

കരയുന്ന ഇമോജിയോടെ അവൾ ഇപ്രകാരം മറുപടി അയച്ചു, “കുറച്ച് സമയത്തേക്ക് ഫോണും സോഷ്യൽ മീഡിയയും മറക്കുന്ന ചില നിമിഷങ്ങൾ എന്‍റെ ജീവിതത്തിൽ എനിക്ക് ശരിക്കും വേണം. പക്ഷേ എനിക്ക് അത്തരം നിമിഷങ്ങൾ ലഭിക്കാറില്ലായിരുന്നു.”

ഞാൻ അവൾക്ക് ഒരു ചുംബന ഇമോജി അയച്ചു. പിന്നെ കുറച്ചു നേരം കഴിഞ്ഞ അവളുടെ മറുപടി എത്തി. “ഞാൻ പാട്ടു ക്ലാസ്സിൽ ചേരാൻ തീരുമാനിച്ചു. ഗൂഗിളിൽ തിരയുകയാണ്. ഇനി കാണുമ്പോൾ നിനക്കുവേണ്ടി ഞാൻ ഒരു പാട് പാടും.”

സന്തോഷം സഹിക്കവയ്യാതെ ഞാൻ അവൾക്ക് ഒരു ഹാർട്ട് ഇമോജി അയച്ചു.

story- പൂട്ട്

കാലത്ത് എണീറ്റ് വാട്സാപ്പ് ചികഞ്ഞപ്പോൾ ആദ്യം തുറന്നത് മീരയുടെ വോയ്സ് മെസേജാണ്. ‘നിന്നെ എപ്പോഴാണ് ഒന്നു കാണാൻ കിട്ടുക? ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടായിരുന്നു.’

രാത്രി പതിനൊന്ന് നാൽപ്പത്തഞ്ചിനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഗൗരവമുള്ളതു തന്നെ. അക്കാര്യം ഇന്നലെ അവളുടെ ഉറക്കം അപഹരിച്ചിട്ടുണ്ടെന്നു വ്യക്തം. മുമ്പും പല കാര്യങ്ങളുടെയും ഗൗരവം മീര പറയുമ്പോഴായിരുന്നു ശരിക്കും മനസ്സിലാക്കിയിരുന്നത്.

ഞായറാഴ്ചയാണെങ്കിലും തിരക്കുള്ള ദിവസമാണ്. രാത്രി വരെ ചെയ്തു തീർക്കാനുള്ള പണികൾ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു. ഇന്ന് അവളെ കാണൽ നടക്കില്ലെന്നുറപ്പാണ്. എങ്കിലും ടെക്സ്റ്റ് ചെയ്തു, ‘എന്താ കാര്യം?’

കുളിക്കാൻ പോവാനായി മൊബൈൽ താഴെ വെക്കുമ്പോഴേക്കും മീരയുടെ മറുപടി വന്നു കഴിഞ്ഞിരുന്നു.

‘അന്ന് നീ സ്ക്കൂളിൽ വന്നപ്പോൾ കണ്ട, കൂട്ടുകാരിയെ ടോയ്ലറ്റിലിട്ടു പൂട്ടിയ ആ കുട്ടിയില്ലേ, രജിത, അവളുടെ ജീവിതം വലിയൊരു പ്രശ്നത്തിലാണ്. എനിക്കെന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷെ എങ്ങനെ? കുട്ടികളുടെ മനസ്സ് നന്നായി അറിയുന്ന ആളല്ലേ, നിനക്കെന്തായാലും നല്ലൊരു പോംവഴി നിർദ്ദേശിക്കാൻ കഴിയും.’

‘ഫ്രീയാവുമ്പോൾ ഞാൻ അറിയിക്കാം,’ എന്ന് ടെക്സ്റ്റ് ചെയ്ത് തിരക്കിട്ട് കുളിക്കാൻ കയറി.

മീര ഡിഗ്രിക്കു പഠിക്കുമ്പോൾ ക്ലാസ്സ്മേറ്റായിരുന്നു. ഇപ്പോൾ ഒരു പ്രൈമറി സ്ക്കൂൾ അധ്യാപിക. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കാര്യമാണ് അവൾ പറയുന്നത്. എല്ലാ അധ്യാപകരെയും പോലെ നാലു മണിക്ക് കൂട്ടമണിയടിക്കുമ്പോൾ കുട്ടികളുടെ കാര്യം മനസ്സിൽ നിന്നു കളയുന്നവളല്ല മീര. അവൾ അവരെയും കൂടെ കൊണ്ടുനടക്കും. സ്വന്തമായി രണ്ട് കുട്ടികൾ ഉണ്ടായിട്ടും!

ഭാര്യയെയും മക്കളെയും പള്ളിയിൽ കൊണ്ടുപോയി വിട്ട് ഏരിയ കമ്മിറ്റി മീറ്റിംഗിനെത്തുമ്പോൾ അവിടെ മാധവൻ മാഷും നാസറും മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. യോഗം തുടങ്ങാൻ അര മണിക്കൂറെങ്കിലും വൈകും. മീരയെ കാണാൻ സമയമുണ്ട്. ഹാജർ ബുക്കിൽ മൂന്നാമനായി ഒപ്പുവെച്ച് ‘ഉടനെ വരാം’ എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങി.

“നീയിപ്പോൾ എവിടെയാണ്?” മീരയെ ഫോണിൽ വിളിച്ചു ചോദിച്ചു.

“ഞങ്ങൾ ടാഗോർ പാർക്കിലുണ്ട്.”

“ശരി, ഇപ്പോൾ എത്താം.”

മീരയുടെ മാസങ്ങളായുള്ള നിർബന്ധത്തിനൊടുവിലാണ് രണ്ടാഴ്ച മുമ്പ് അവളുടെ സ്ക്കൂളിൽ പോയത്. അവളുടെ കുട്ടികൾക്ക് ഞാൻ ഒരു കഥ പറഞ്ഞു കൊടുക്കണം പോലും!

“കഥ പറയുന്നതിൽ ഞാനൊരു പരാജയമാണ്. എന്നാലും കുട്ടികൾക്ക് നല്ല കഥകൾ കേൾക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതല്ലല്ലോ. നീ എത്ര നന്നായാണ് പറയുന്നത്” എന്ന് അവൾ പറഞ്ഞപ്പോൾ സുഖിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും ‘നോ’ പറയാൻ തോന്നിയില്ല.

രണ്ടു മണിക്കൂർ വരെ നീട്ടിക്കൊണ്ടു പോകാവുന്ന ഒരു സെഷൻ പ്ലാൻ ചെയ്ത് ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് അവളുടെ സ്ക്കൂളിലെത്തിയത്. കാറിൽ നിന്നിറങ്ങിയതും അധികമാരെയും പരിചയപ്പെടുത്താതെ, ഓഫീസിലേക്കോ സ്റ്റാഫ്റൂമിലേക്കോ കൊണ്ടുപോവാതെ മീര വന്ന് എന്നെ അവളുടെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“കുട്ടികളേ, ഒരു വിശിഷ്ടാതിഥിയാണ് ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇദ്ദേഹമാണ് സുബിൻ ചേട്ടൻ. കുട്ടികൾക്കു വേണ്ടി ധാരാളം കഥകൾ എഴുതിയിട്ടുള്ള ആളാണ്. നന്നായി കഥ പറയുകയും ചെയ്യും. ഇന്ന് സുബിൻ ചേട്ടൻ നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരും.” മീര പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾ ആവേശത്തോടെ കൈയടിച്ചു.

ആകെ ഇരുപത്തി മൂന്ന് കുട്ടികളേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. പതിനഞ്ച് പെൺകുട്ടികളും എട്ട് ആൺകുട്ടികളും. എല്ലാവരും ചുണക്കുട്ടികളായിരുന്നു. പെൺകുട്ടികളായിരുന്നു കൂടുതൽ ഉത്സാഹവതികൾ.

കുട്ടികളെ പരിചയപ്പെട്ട ശേഷം ഞാൻ കഥ തുടങ്ങി. ചപ്പാത്തി ഇഷ്ടമില്ലാത്ത ‘ദ്യുതി’ എന്ന കുട്ടിയുടെ കഥയാണ് പറഞ്ഞു തുടങ്ങിയത്. അവളുടെ വീട്ടിൽ എല്ലാ ദിവസവും രാത്രി ചപ്പാത്തിയാണ് ഭക്ഷണം. ആഴ്ചയിൽ ഏഴു ദിവസവും ഏഴു തരം കറികളായിരിക്കുമെന്നു മാത്രം. അവൾ എങ്ങനെയാണ് ചപ്പാത്തി ഇഷ്ടപ്പെടാൻ തുടങ്ങിയതെന്നും എങ്ങനെയാണ് സംസാരിക്കാതെ ഭക്ഷണം കഴിക്കാൻ പഠിച്ചതെന്നുമൊക്കെയാണ് കഥയിൽ പറയുന്നത്. കഥയിൽ ദ്യുതിയും അവളുടെ അച്ഛനും അമ്മയും മാത്രമല്ല ഒരു കുറുക്കനും ഉണ്ടായിരുന്നു. ദ്യുതി കണ്ടിട്ടില്ലാത്ത ഒരു കുറുക്കൻ!

നല്ല ആഹാര ശീലങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഈ കഥ തന്നെ തിരഞ്ഞെടുത്തത്. കഥയ്ക്കിടയിൽ പാട്ടു പാടാനുള്ള അഞ്ച് സന്ദർഭങ്ങളും ഒരുക്കിയിരുന്നു. കുട്ടികൾ ആവേശത്തോടെ ഞാൻ ചൊല്ലിക്കൊടുത്ത വരികൾ ഏറ്റു പാടി, ശ്രദ്ധയോടെ കഥ കേട്ടു, ചോദ്യങ്ങൾക്ക് ഉത്തരം അലറിക്കൊണ്ട് വിളിച്ചു പറഞ്ഞു!

മുക്കാൽ മണിക്കൂറോളം യാതൊരു തടസ്സവുമില്ലാതെ കഥ പറച്ചിൽ തുടർന്നു. എന്നാൽ അപ്പോൾ രോഷ്നി എന്ന കുട്ടി എഴുന്നേറ്റു. പിൻ ബെഞ്ചിലിരുന്ന് കഥ ആസ്വദിച്ചു കൊണ്ടിരുന്ന മീര അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.

രോഷ്നിക്ക് ടോയ്ലറ്റിൽ പോവണം. ‘ഒറ്റയ്ക്കു പോവേണ്ട, വേറൊരാളേക്കൂടി കൂടെ കൂട്ടിക്കോ,’ എന്ന് മീര പറഞ്ഞു. ‘രജിത’ എന്ന കുട്ടി ‘ഞാൻ പോവാം’ എന്നു പറഞ്ഞ് ചാടിയെഴുന്നേറ്റു.

“സുബിൻ ചേട്ടാ, ഞാൻ വന്നിട്ടേ കഥയുടെ ബാക്കി പറയാവൂ,” എന്നു പറഞ്ഞിട്ടാണ് രോഷ്നി പോയത്.

കുട്ടികൾ പുറത്തേക്കു പൊയ്ക്കഴിഞ്ഞപ്പോൾ സ്ക്കൂളിലെ ഹെഡ്മാസ്റ്റർ വേണുഗോപാൽ സാർ വാതിൽക്കലെത്തി.

“മൂന്നരയ്ക്ക് കുട്ടികളെയെല്ലാം ഹാളിൽ ഒരുമിച്ചു കൂട്ടാം, അവരോട് പത്തു മിനിറ്റ് സംസാരിക്കാമോ?” എന്നാണ് അദ്ദേഹം ചോദിച്ചത്.

“അത് വേറൊരു ദിവസമാകാം, എന്നു വേണമെന്ന് മീര ടീച്ചറോട് പറഞ്ഞാൽ മതി.” എന്ന് ഞാൻ മറുപടി പറഞ്ഞു.

അതു സമ്മതിച്ച്, അദ്ദേഹത്തിന്‍റെ മകൻ, ഞാൻ ‘ബാലലോകം’ വാരികയിൽ എഴുതുന്ന നോവലിന്‍റെ സ്ഥിരം വായനക്കാരനാണ് എന്നൊക്കെ പറഞ്ഞ് എന്നെ പുകഴ്ത്തി ഹെഡ്മാസ്റ്റർ മടങ്ങി.

പുറത്തേക്കു പോയ കുട്ടികൾ മടങ്ങി വന്നിരുന്നില്ല. അവർ വരുന്നതുവരെ ഒരു പാട്ടു പാടാമെന്നു കരുതി തുടങ്ങാനൊരുങ്ങുമ്പോൾ രജിത മാത്രം മടങ്ങി വന്നു.

“രോഷ്നി എവിടെ?” മീര ചോദിച്ചു.

“അവൾ ടോയ്ലറ്റിലുണ്ട്, കുറച്ചു കാത്തു നിന്നിട്ട് ഞാനിങ്ങു പോന്നു.” കൂസലില്ലാതെ രജിത പറഞ്ഞു.

“രേഷ്മ, നീ പോയി അവളെ കൂട്ടിക്കൊണ്ടു വാ.” മീര മറ്റൊരു കുട്ടിയെ പറഞ്ഞയച്ചു.

കഥ കേൾക്കാനുള്ള ആവേശത്തിൽ രജിത വേഗം വന്നതാണെന്നാണ് ഞാൻ കരുതിയത്.

ഇപ്പോഴും രണ്ട് കുട്ടികൾ പുറത്താണ്. ഞാൻ ‘എന്നോട് കളിക്കേണ്ട ഒണക്കച്ചപ്പാത്തീ…’ എന്ന പാട്ട് കുട്ടികൾക്ക് പാടിക്കൊടുത്തു.

പാട്ട് തകർക്കുന്നതിനിടയിൽ രോഷ്നിയും രേഷ്മയും മടങ്ങി വന്നു. രോഷ്നി എങ്ങലടിച്ചു കരഞ്ഞുകൊണ്ടാണ് വരുന്നത്. എന്‍റെ കഥ പറച്ചിൽ തടസ്സപ്പെട്ടു.

മീര കുട്ടിയെ സമാധാനിപ്പിച്ച് കാര്യമെന്തെന്ന് ചോദിച്ചറിഞ്ഞു. രോഷ്നി ടോയ്ലറ്റിനുള്ളിലായിരിക്കുമ്പോൾ ടോയ്ലറ്റിന്‍റെ ഡോർ പുറത്തു നിന്ന് ലോക്ക് ചെയ്തിട്ടാണത്രേ രജിത വന്നത്. മീര രജിതയെ നോക്കി.

“ഞാൻ വാതിൽ പൂട്ടിയിട്ടില്ല.” രജിത ഉറപ്പിച്ചു പറഞ്ഞു.

മീര രോഷ്നിയെ മടിയിൽ കിടത്തി പുറത്തു തട്ടി സമാധാനിപ്പിച്ചു. അവളുടെ തേങ്ങലിന്‍റെ ശക്തി കുറഞ്ഞപ്പോൾ ഞാൻ കഥ പറച്ചിൽ പുനരാരംഭിച്ചു.

കുട്ടികളെ പഴയ മൂഡിലേക്കു കൊണ്ടുവരാൻ ഏറെ പാടുപെടേണ്ടി വന്നു. കഥ കേൾക്കുന്നതിനിടയിലും കുട്ടികൾ ഇടയ്ക്കിടെ രോഷ്നിയെയും രജിതയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു.

എന്‍റെയും ഒഴുക്കു നഷ്ടപ്പെട്ടിരുന്നു. ഇടയ്ക്കു ചോദിക്കാൻ കരുതി വെച്ചിരുന്ന പല ചോദ്യങ്ങളും ഞാൻ മറന്നു പോയി. എങ്കിലും ഒരുവിധം കഥ പറഞ്ഞൊപ്പിച്ച് മുന്നേമുക്കാലോടെ ഞാൻ അവിടെ നിന്ന് തടിയൂരി. നല്ലൊരു കഥ കേട്ട സംതൃപ്തി കുട്ടികളുടെ മുഖത്തും കാണാൻ കഴിഞ്ഞില്ല. പ്രൈമറി ക്ലാസ്സുകളിലെ അധ്യാപകർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഞാൻ മടക്കയാത്രയിൽ ചിന്തിച്ചത്.

രാത്രി മീര വിളിച്ച് കഥ പറച്ചിൽ കുളമായിപ്പോയതിന് ‘സോറി’ പറഞ്ഞു. “നീയെന്തു തെറ്റാണു ചെയ്തത്? കുട്ടികളാവുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കും.” എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ആ രാത്രിക്കു ശേഷം അക്കാര്യം മറന്നതായിരുന്നു.

ടാഗോർ പാർക്കിലെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി അകത്തു കടന്നു. മീരയുടെ രണ്ട് ആൺകുട്ടികളും ഊഞ്ഞാലാടി രസിക്കുകയാണ്. ഒരു സിമന്‍റ് ബെഞ്ചിന്‍റെ നടുവിൽ, രണ്ടറ്റത്തും ഓരോ ആൾക്ക് ഇരിക്കാനുള്ള സ്ഥലം അവശേഷിപ്പിച്ച് മീരയും ഭർത്താവും നാട്ടുവിശേഷങ്ങൾ പറഞ്ഞ് ഇരിക്കുന്നു.

“ഹായ്, രാജീവൻ സാർ,” ഞാൻ അവളുടെ ഭർത്താവിനെ വിഷ് ചെയ്തു.

“ഹായ് സുബിൻ, നിനക്കു മാത്രം പരിഹരിക്കാൻ കഴിയുന്ന എന്തോ പ്രശ്നവുമായി എന്‍റെ ഭാര്യ കുറച്ചു ദിവസമായി നടക്കുകയാണ്.”

“എന്നെക്കൊണ്ട് കഴിയുന്നതാണോ, ഏതായാലും ഒന്ന് ശ്രമിച്ചു നോക്കാം.”

“നിന്നെ ഇന്നു തന്നെ കാണാൻ കഴിഞ്ഞതു നന്നായി.” മീര പറഞ്ഞു.

“എന്താണ് രജിത മോളുടെ പ്രശ്നം?” ഞാൻ ചോദിച്ചു.

മീര പറഞ്ഞു തുടങ്ങി. “അത് പറയാനാണെങ്കിൽ വലിയൊരു കഥയാണ്. ഏതായാലും നിന്‍റെ സമയം അധികം നഷ്ടപ്പെടുത്താതെ ചുരുക്കി പറയാം. രജിത ഇതിനു മുമ്പ് ‘റെയ്ച്ചൽ’ എന്ന മറ്റൊരു കുട്ടിയേയും ടോയ്ലറ്റിനകത്തിട്ട് പൂട്ടിയിരുന്നു. ആ കുട്ടി കുറച്ച് ധൈര്യമുള്ള കുട്ടിയായിരുന്നു. അവൾ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന ബ്രഷിന്‍റെ കമ്പി വാതിലിനിടയിലൂടെ കടത്തി പുറത്തു നിന്നിട്ട കൊളുത്ത് ഉയർത്തി മാറ്റി പുറത്തു കടന്നു. അവൾ എന്നോട് പരാതി പറഞ്ഞതുമില്ല. മറ്റു കുട്ടികൾ പറഞ്ഞാണ് ഞാൻ ഈ സംഭവം അറിയുന്നത്.”

“ആട്ടെ, നീ രജിതയുമായി സംസാരിച്ചില്ലേ?”

“സംസാരിച്ചു, പക്ഷേ ആദ്യമൊക്കെ അവൾ ചെയ്ത കാര്യം നിഷേധിക്കുകയാണുണ്ടായത്. ഞാൻ അൽപ്പം സ്വരം കടുപ്പിച്ചപ്പോൾ അവൾ പറയുകയാണ്, ‘ഒരു ദിവസം ഞാൻ മിസ്സിനെയും ടോയ്ലറ്റിലിട്ട് പൂട്ടും, പെട്ടെന്നൊന്നും മിസ്സിന് പുറത്തിറങ്ങാൻ കഴിയില്ല,’ എന്ന്.”

ഇങ്ങനെ മറ്റുള്ളവരെ വേദനിപ്പിച്ചാൽ നിനക്ക് എന്ത് സന്തോഷമാണ് കിട്ടുന്നതെന്ന്, ഞാൻ ചോദിച്ചു. ‘എന്‍റെ അമ്മയും എന്നെ ടോയ്ലറ്റിലിട്ട് പൂട്ടാറുണ്ടല്ലോ,’ എന്നാണ് അവൾ മറുപടി പറഞ്ഞത്.”

ഞാനങ്ങ് വല്ലാതായിപ്പോയി. കുറച്ചു സമയം മിണ്ടാതിരുന്നിട്ട് സ്വരം മയപ്പെടുത്തി വീണ്ടും അവളോട് ‘എന്തിനാണ് നിന്നെ അമ്മ അങ്ങനെ ചെയ്യുന്നതെന്ന്’ ചോദിച്ചു. അപ്പോൾ രജിത പറയുകയാണ്, ‘അവരുടെ ബോയ്ഫ്രണ്ട് വരുമ്പോഴാണ് അമ്മ അങ്ങനെ ചെയ്യുന്നത്,’ എന്ന്.”

കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏതാണ്ട് പിടികിട്ടി.

“രജിതയുടെ അച്ഛൻ എവിടെയാണ്?” ഞാൻ ചോദിച്ചു.

“ഗൾഫിലാണെന്നാണ് പറയുന്നത്. പക്ഷെ അയാൾ മകളെ വിളിക്കാറൊന്നുമില്ല.”

അതു പറഞ്ഞ് ഒരു പരിഹാരം പ്രതീക്ഷിച്ചു കൊണ്ട് മീര എന്നെ നോക്കി. എന്തു മറുപടി പറയുമെന്നറിയാൻ രാജീവൻ സാറിനുമുണ്ടായിരുന്നു ആകാംക്ഷ. ഞാൻ നിശ്ശബ്ദനായി നിൽക്കുന്നതു കണ്ട് അദ്ദേഹം പറഞ്ഞു.

“ചൈൽഡ് ലൈനിൽ വിവരം അറിയിക്കാൻ ഞാൻ ഇവളോടു പറഞ്ഞതാ. ഇവളാകട്ടെ സ്ക്കൂളിലെ ഹെഡ്മാസ്റ്ററോടു പോലും വിവരം പറഞ്ഞിട്ടില്ല.”

“തൽക്കാലം അതു വേണ്ട സർ. കുട്ടികളുടെ കാര്യം വലിയ കഷ്ടമാണ്. ഒരുപാട് അരക്ഷിതത്വങ്ങൾക്കു നടുവിൽ വലിയ ഭയത്തിൽ ആണ് മിക്ക കുട്ടികളുടെയും ജീവിതം. അതിൽ നിന്നൊക്കെ പുറത്തു കടക്കാൻ അവർ വിചിത്രമായ രീതികളിൽ പ്രതികരിച്ചെന്നിരിക്കും. രണ്ടാം ക്ലാസ്സിലെ ഈ കുട്ടിയെ നമുക്ക് പൂർണമായി അങ്ങ് വിശ്വസിക്കാനും കഴിയില്ല.”

“പിന്നെ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്?” മീര ചോദിച്ചു.

“തൽക്കാലം ഇനി ഇക്കാര്യങ്ങളെക്കുറിച്ചൊന്നും രജിതയോട് സംസാരിക്കേണ്ട. എന്നാൽ എല്ലാ ദിവസവും അവളെ വിളിച്ച് സ്നേഹത്തോടെ സംസാരിക്കണം. അവൾക്ക് ഒരു അമ്മയുടെ സ്നേഹം നൽകണം. അവളുടെ ഏതു പ്രശ്നത്തിനും ടീച്ചറായ നീ ഒപ്പമുണ്ടെന്ന് അവളെ ബോധ്യപ്പെടുത്തണം. പതിയെ പതിയെ ചോദിക്കാതെ തന്നെ അവൾ പല കാര്യങ്ങളും നിന്നോട് പറയും. അതുകൂടി മനസ്സിലാക്കിയ ശേഷം, രണ്ടാഴ്ചയെങ്കിലും കഴിഞ്ഞ് നമുക്ക് ഒരു തീരുമാനമെടുക്കാം. മിക്കവാറും പരിഗണന കിട്ടുമ്പോൾ തീരുന്ന പ്രശ്നമേ രജിതയ്ക്കുണ്ടാവുകയുള്ളൂ.”

മീരയുടെയോ ഭർത്താവിന്‍റെയോ പ്രതികരണത്തിനു കാത്തു നിൽക്കാതെ, ‘തിരക്കിലാണ്’ എന്ന് ആംഗ്യം കാട്ടി തിരിഞ്ഞു നടന്നു.

തിരികെ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ ചൂടുപിടിച്ച ചർച്ച നടക്കുകയാണ്‌. ‘കേരളീയം’ പരിപാടി സർക്കാരിന്‍റെ ധൂർത്താണെന്ന പ്രചാരണത്തിനു നേതൃത്വം നൽകുന്ന മുസ്തഫയ്ക്കെതിരെയാണ് എല്ലാവരുടെയും രോഷപ്രകടനം. “അവനെ നമുക്ക് ടോയ്ലറ്റിലിട്ട് പൂട്ടാം.” പിന്നിലെ കസേരയിലിരുന്ന് സാന്നിദ്ധ്യം അറിയിക്കാൻ പെട്ടെന്ന് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു. അതുകേട്ട് ആദ്യം കൂട്ടച്ചിരിയാണുണ്ടായതെങ്കിലും പിന്നീട് ചിലരൊക്കെ കൈയടിച്ചു.

കള്ളിച്ചെടികൾക്കും അപ്പുറം

ഇരുപത് വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി മത്തായിച്ചന്‍റെ മകൻ അലക്സ് ഗൾഫിൽ നിന്ന് വന്നതിന്‍റെ പിറ്റേന്ന് തന്നെ ഈ പ്രവാസിയെ സന്ദർശിക്കാൻ അയൽവാസിയും ഹൈസ്കൂളിൽ ക്ലാസ്മേറ്റുമായിരുന്ന അജയൻ എത്തി. അല്പ നേരത്തെ കുശലത്തിനു ശേഷം ഭാവി പരിപാടികളെപ്പറ്റി അജയൻ ചോദിച്ചപ്പോൾ ഒന്നും തീരുമാനിച്ചില്ല എന്ന ചുരുങ്ങിയ വാക്കിൽ അലക്സ് മറുപടിയൊതുക്കി. ഒരാഴ്ചയ്ക്കു ശേഷം അവർ തമ്മിൽ വീണ്ടും കണ്ടപ്പോൾ അലക്സിന്‍റെ ഭാവി പരിപാടികൾ സംസാര വിഷയമായെങ്കിലും ‘എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നുണ്ട് ‘എന്ന് മാത്രം പറഞ്ഞ് അലക്സ് തൽക്കാലം ഒഴിഞ്ഞുമാറി.

വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞ് ഒരു സഞ്ചയന ചടങ്ങിൽ വച്ച് വീണ്ടും കണ്ടപ്പോഴാണ് അജയൻ കള്ളിച്ചെടിയിൽ നിന്ന് കാൻസറിനുള്ള മരുന്ന് നിർമ്മിക്കുന്ന ബിസിനസ്സിന്‍റെ ആശയം അലക്സിന്‍റെ മുമ്പാകെ വിശദമായി അവതരിപ്പിച്ചത്. അച്ഛൻ നാട്ടുവൈദ്യനായതിനാൽ ഔഷധത്തിന്‍റെ ലോകവുമായി അജയന് കുട്ടിക്കാലം മുതലേ നല്ല ബന്ധവുമുണ്ടായിരുന്നു. ഇപ്പോഴും അച്ഛന്‍റെ വലം കയ്യായി അജയൻ വൈദ്യശാലയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഈ മരുന്ന് നിർമ്മാണം ഇതുവരെ നടന്നില്ല എന്ന് മാത്രം. അച്ഛനുമായി ഇക്കാര്യം വിശദമായി സംസാരിച്ചിട്ട് ബാക്കി തീരുമാനിയ്ക്കാമെന്ന് പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.

മൂന്നാം നാൾ രാവിലെ തന്നെ അലക്സ് അജയന്‍റെ അച്ഛൻ ചന്ദ്രൻ വൈദ്യരുടെ വീട്ടിലെത്തി. ആ സമയം രോഗികൾ ആരും ഇല്ലാതിരുന്നതിനാൽ അജയനടക്കം മൂവരും ചേർന്ന് പരിശോധനാ മുറിയിൽ ഇരുന്ന് തുടങ്ങാൻ പോകുന്ന ബിസിനസ്സിന്‍റെ നാനാവശങ്ങൾ ചിന്തിച്ചു. എത്ര രൂപ മുതൽ മുടക്കേണ്ടിവരുമെന്നും എത്ര നാളെടുക്കും ബിസിനസ് പച്ചപിടിക്കുവാനെന്നും എന്നു മുതൽ ലാഭം കിട്ടിത്തുടങ്ങുമെന്നും ലാഭ വിഹിതം എത്ര വച്ച് വീതം വയ്ക്കണമെന്നും എല്ലാമെല്ലാം ചർച്ചയിൽ ഏറെക്കുറെ തീരുമാനമായി.

അസംസ്കൃത വസ്തുവായ കള്ളിച്ചെടി എല്ലാ വീടുകളിലും സാമ്പിൾ എത്തിച്ച് കൊടുത്ത് ആ വീട്ടുകാരെക്കൊണ്ട് തന്നെ കൃഷി ചെയ്യിച്ച് വൻതോതിൽ അവരിൽ നിന്ന് തിരിച്ച് വാങ്ങുന്നതും മരുന്നായി മാറ്റുന്നതും ചന്ദ്രൻ വൈദ്യരുടെ ചുമതലയിലായി. വിപണനവും പ്രചരണവും അജയന്‍റെ ചുമതലയിലും, സാമ്പത്തികം കണ്ടെത്തി കമ്പനിയെ മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന കാര്യം അലക്സിനും ആയി തീരുമാനിച്ചു. ബാങ്കിംഗ് കാര്യങ്ങളെല്ലാം ഇന്നുതന്നെ ശരിയാക്കി ആദ്യ ഗഡുവായ അഞ്ച് ലക്ഷം നിക്ഷേപിയ്ക്കുന്നത് നാളെ ചെയ്യാമെന്ന് പറഞ്ഞ് പടിയിറങ്ങുന്ന അലക്സിനോട് അയൽവാസിയും പഴയ സഹപാഠിയുമായ മത്തായിച്ചന്‍റെ അസുഖ വിവരങ്ങൾ അന്വേഷിക്കാൻ വൈദ്യർ മറന്നില്ല.

നിശ്ചയിക്കപ്പെട്ട പോലെ മൂവരും അവരവരുടെ ജോലികളിൽ വ്യാപൃതരായി. രണ്ടാഴ്ച കൊണ്ട് ജില്ലയിലെ നൂറിൽപരം ആയുർവേദ വൈദ്യശാലകളിലെത്തി അജയൻ ഓർഡറും എടുത്തു. വൻ തോതിൽ മരുന്ന് നിർമ്മിക്കുവാനുള്ള പ്ലാന്‍റിന്‍റെ കൂടാര നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു. അലക്സാകട്ടെ ആദ്യം അക്കൗണ്ടിൽ നിക്ഷേപിച്ച അഞ്ചു ലക്ഷത്തിനു പുറമെ കസ്റ്റംസിനെ വെട്ടിച്ച് കൊണ്ടുവന്ന പത്ത് പവന്‍റെ സ്വർണ്ണമാല ജ്വല്ലറിയിൽ വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ കൂടി പ്ലാന്‍റിന്‍റെ ബിസിനസ്സ് അക്കൗണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞു.

ദൈവാനുഗ്രഹത്താൽ ഒരു മുടക്കവും തടസ്സവുമില്ലാതെ കാര്യങ്ങൾ എല്ലാം ഒരു വിധം ഭംഗിയായി മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കവെയാണ് അലക്സിന്‍റെ അപ്പൻ മത്തായിച്ചനെ അസുഖം കൂടുതലായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നത്. തറവാട് പറമ്പിന്‍റെ ഒരറ്റത്ത് തന്നെ പണിത പുതിയ വീട്ടിലേയ്ക്ക് അലക്സും ഭാര്യയും മക്കളും താമസം മാറിയിട്ട് വെറും രണ്ട് കൊല്ലമേ കഴിഞ്ഞിട്ടുള്ളു. അതിനു ശേഷമാണ് അലക്സിന്‍റെ ഏക പെങ്ങളുടെ ഭർത്താവ് ബൈക്കപകടത്തിൽ മരണപ്പെട്ട് പെങ്ങളും പത്താം തരം പഠിക്കുന്ന മകനും കുടുംബ വീട്ടിൽ ഒരു ഗതിയുമില്ലാത്ത മത്തായിച്ചനൊപ്പം താമസമായത്. വാർദ്ധക്യ കാല പെൻഷനും വിധവാ പെൻഷനും കൊണ്ട് കുറെ നാളായി മത്തായിച്ചനും മകളും കൊച്ചുമോനും വളരെ ഞെരുങ്ങിയാണ് കഴിഞ്ഞു വരുന്നത്. അലക്സിന്‍റെ ഒരു വിധ സഹായവും ഇല്ലാതായിട്ട് നാളേറെയായെന്ന് ചുരുക്കം.

സ്വന്തക്കാരിൽ ചിലർ പള്ളി മുഖാന്തിരം അലക്സിനെ കഴിഞ്ഞ വർഷം അവധിക്ക് വന്നിരുന്നപ്പോൾ തന്നെ അപ്പനെ വേണ്ടുംവണ്ണം ചികിത്സിക്കാനും ജീവിതച്ചെലവിനായിട്ടും സഹായം ചെയ്യണമെന്ന് ഉപദേശിച്ചു നോക്കിയിരുന്നു എങ്കിലും അതൊന്നും വേണ്ടത്ര ഫലം കണ്ടില്ലായിരുന്നു. ആരോഗ്യമുണ്ടായിരുന്ന നാളിൽ കൂലിപ്പണി ചെയ്ത് കഷ്ടപ്പെട്ട് തന്നെയാണ് മത്തായിച്ചൻ രണ്ട് മക്കളെയും വളർത്തിയതും അലക്സിനെ പഠിപ്പിച്ച് ഗൾഫിലയച്ചതും. അതിൽ കുറച്ച് കടവുമുണ്ടായിരുന്നു. പക്ഷെ അലക്സാകട്ടെ ആ കടം പോലും വീട്ടിയതുമില്ല, കുടുംബത്തെയൊട്ട് സഹായിച്ചതുമില്ല. തന്‍റെ കണക്കു കൂട്ടലുകൾ തെറ്റിപ്പോയി എന്ന് മത്തായിച്ചൻ പലപ്പോഴും വിലപിച്ചിരുന്നു. ഇതൊന്നും കാണാൻ നിൽക്കാതെ ഇവരുടെ അമ്മച്ചി നേരത്തെ പോയത് നന്നായെന്ന് മത്തായിച്ചൻ പലരോടും പറയാറുണ്ടായിരുന്നുവത്രെ.

കഷ്ടപ്പാട് കൂട്ടത്തോടെ എന്ന ചൊല്ല് അന്വർത്ഥമാകുംവണ്ണം അപ്പൻ ആശുപത്രിയിലായതിന്‍റെ മൂന്നാം നാൾ ഒരു പോലീസ്കാരൻ വന്ന് അലക്സിനോട് സ്റ്റേഷനിലെത്താൻ പറഞ്ഞു. കഴിഞ്ഞ വർഷം അവധിക്കുവന്നപ്പോൾ അലക്സിനെതിരെ മത്തായിച്ചൻ ‘വാർദ്ധക്യത്തിൽ അവശനായ തന്നെ, തന്‍റെ മകൻ വേണ്ടും വണ്ണം പരിചരിക്കുന്നില്ല’ എന്ന് ഒരു പരാതി പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. പക്ഷെ അന്ന് സ്റ്റേഷനിൽ ചെന്ന് ചിലർക്ക് രഹസ്യമായി പൈസ കൊടുത്ത് പരാതി ഒതുക്കിയിട്ടായിരുന്നു അലക്സ് ഗൾഫിലേക്ക് അവധി കഴിഞ്ഞ് തിരിച്ച് പോയത്.

സ്റ്റേഷനിൽ ചെന്ന് ഹൗസ് ഓഫീസറെ കാത്ത് ഉച്ചവരെ നിന്ന ശേഷം പുള്ളി വന്നപ്പോഴാണ് ഒന്ന് കാണാൻ സാധിച്ചത്. ഓഫീസർ കാര്യം മാന്യമായി ചുരുക്കിപ്പറഞ്ഞു. കഴിഞ്ഞ തവണ കേസ് എടുത്ത് മുന്നോട്ട് പോകാത്തത് കോടതിയുടെ ശ്രദ്ധയിൽ പെട്ടതിനാൽ ഇത്തവണ കോടതി നിർദ്ദേശപ്രകാരമാണ് വിളിപ്പിച്ചത് എന്നും ചാർജ് തയ്യാറാക്കി കോടതിയിൽ കൊടുക്കാൻ തയ്യാറെടുക്കുകയാണെന്നും അഴിയെണ്ണാൻ തയ്യാറായിക്കൊള്ളാനും പറഞ്ഞ് എസ് ഐ ഒന്ന് വിരട്ടി. ജാമ്യക്കാരെ തയ്യാറാക്കിക്കൊള്ളാൻ എസ്ഐ നിർദ്ദേശിച്ചതനുസരിച്ച് അലക്സ് ഫോണിലൂടെ അജയനെ വിളിച്ചു വരുത്തിച്ചു.

അജയൻ ഹൗസ് ഓഫീസറെക്കണ്ട് സംസാരിച്ച് ഒരു ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി. അപ്പന്‍റെ ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി പത്ത് ലക്ഷം രൂപ ഇപ്പോൾ വൈകുന്നേരത്തിനകം തന്നെ നൽകണമെന്നതായിരുന്നു അതിൽ മുഖ്യമായ കാര്യം. എങ്കിൽ ജാമ്യം നിൽക്കാമെന്നും കോടതിയിൽ അപ്പൻ കൊടുത്ത പരാതി അപ്പനെക്കൊണ്ട് പിൻവലിപ്പിച്ച് ഒത്തുതീർപ്പാക്കാമെന്നും അജയൻ ഏറ്റു. പക്ഷെ പൈസ ഇന്ന് കൈമാറിയില്ലെങ്കിൽ ഗൾഫിൽ നിന്ന് കസ്റ്റംസിനെ പറ്റിച്ച് കണക്കിൽ പെടാതെ കൊണ്ടുവന്നിട്ടുള്ള സ്വർണ്ണം പരിശോധിക്കാൻ വരുന്നത് പോലീസ് ആകില്ല മറിച്ച് ചിലപ്പോൾ കേന്ദ്രത്തിന്‍റെ എൻഫോഴ്സ് ഡിറക്ടറേറ്റ് ആയിരിക്കുമെന്ന് കൂടി അജയൻ ഓർമ്മിപ്പിച്ചു.

അലക്സിന്, താൻ ശരിയ്ക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ടതുപോലെ തോന്നി. ബിസിനസ്സിന്‍റെ ആവശ്യത്തിനായി ബാങ്കിൽ അക്കൗണ്ടിലിട്ട പത്ത് ലക്ഷം തൽക്കാലം എടുത്ത് ഈ പ്രശ്നം പരിഹരിയ്ക്കാമെന്ന് അജയൻ ഒരു പോം വഴി മുന്നോട്ട് വച്ചതിൽ നിവൃത്തിയില്ലാതെ അലക്സ് സമ്മതിച്ചു. തൽക്കാലം മരുന്ന് നിർമ്മാണ ബിസിനസ്സിൽ നിന്ന് അലക്സ് സ്വമേധയാ പിൻമാറുന്നതായും മേലാൽ ഒരു വിധ അവകാശവും ഈ ബിസിനസ്സിൽ ഉന്നയിക്കുകയില്ല എന്നും അപ്പൻ ആവശ്യപ്പെട്ട തുക വൈകീട്ട് ആറുമണിയ്ക്കകം നൽകുന്നതാണെന്നും ഹൗസ് ഓഫീസറുടെ മുമ്പാകെ വച്ച് വ്യവസ്ഥകൾ ഒന്നൊന്നായി എഴുതി രണ്ടു പേരും ഒപ്പിട്ട് പുറത്തിറങ്ങിയപ്പോൾ വൈകീട്ട് നാലു മണിയായിരുന്നു.

പിറ്റേന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് കുടുംബ വീട്ടിലെത്തിയ മത്തായിച്ചനെ കാണുവാൻ അയൽവാസികളായ ചന്ദ്രൻ വൈദ്യരും അജയനും ചെന്നിരുന്നു. കുശലത്തിനിടയിൽ, ഞാൻ അവനോട് ആവശ്യപ്പെട്ട തുക ഇത്ര പെട്ടെന്ന് തന്നെ എങ്ങിനെ സ്വരൂപിയ്ക്കാൻ അവനു കഴിഞ്ഞുവെന്ന് മത്തായിച്ചൻ അജയനോട് ചോദിച്ചു.

കള്ളിച്ചെടിയിൽ നിന്ന് കാൻസറിനുള്ള മരുന്ന് എന്ന പുതിയ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന ധാരണയിൽ രണ്ട് പ്രാവശ്യമായി വൈദ്യശാലയുടെ അക്കൗണ്ടിൽ പുള്ളിയെക്കൊണ്ട് അഞ്ച് ലക്ഷം രൂപ വീതം ഇടുവിച്ചിരുന്നത് അജയൻ വെളിപ്പെടുത്തി.

ഒന്ന് നിറുത്തിയിട്ട് അജയൻ കൂട്ടിച്ചേർത്തു. “ചില അസുഖങ്ങൾക്ക് വൈദ്യശാസ്ത്രത്തിൽ കടുത്ത പ്രയോഗങ്ങൾ ഉള്ളതു പോലെ ഇവിടെ അലക്സിനെ വരുതിയിലാക്കുവാനും ഞങ്ങൾക്ക് ഒരു തിരക്കഥ തയ്യാറാക്കേണ്ടി വന്നു എന്ന് മാത്രം.” അജയൻ ശബ്ദം താഴ്ത്തി മത്തായിച്ചനോട് പറഞ്ഞു.

അപ്പോൾ മരുന്ന് നിർമ്മാണം വേണ്ടെന്ന് വച്ചോ? മത്തായിച്ചൻ അല്പം വിഷമത്തോടെ മൂക്കിൽ വിരൽ വച്ചു കൊണ്ട് വൈദ്യരോട് തന്‍റെ സംശയം ചോദിച്ചു.

വൈദ്യർ പതിഞ്ഞ സ്വരത്തിൽ വിശദമാക്കി. “ഞാനും അജയനും അലക്സിന്‍റെ പൈസ മനസ്സിൽ കണ്ടിട്ടല്ലായിരുന്നു മരുന്ന് നിർമ്മാണത്തിന് ഇറങ്ങിത്തിരിച്ചത്. അതിന് ഞങ്ങൾ വൈദ്യശാല നടത്തി സമ്പാദിച്ച പൈസ തന്നെ മതിയാകും. മത്തായിച്ചന്‍റെ വിഷമങ്ങൾ കണ്ട് അതിനൊരറുതിയ്ക്കായി ഞങ്ങൾ തയ്യാറാക്കിയ ഈ തിരക്കഥ പൊളിയാതെ ഭംഗിയായി നടന്നു എന്നതിനാൽ അപ്പനും മോൾക്കും ചെറുമകനും ഇനിയങ്ങോട്ട് അല്പം സമാധാനത്തോടെ ജീവിയ്ക്കാമല്ലോ എന്നതിലാണ് ഞങ്ങൾക്കും സന്തോഷം.”

അച്ഛനു പിറകെ അജയൻ കൂട്ടിച്ചേർത്തു. “ഞങ്ങളുടെ ഇപ്പോഴുള്ള മരുന്ന് നിർമ്മാണ യൂണിറ്റ് ഒന്ന് വിപുലമാക്കണമെന്ന് കുറച്ചു നാളായി വിചാരിക്കുന്നു. അത് പതിയെ നടന്നുകൊള്ളും. നിങ്ങളുടെ ഈ കഷ്ടപ്പാടിൽ ഇത്രയുമെങ്കിലും സഹായിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ അയൽപക്കം എന്ന് പറയുന്നതിൽ എന്തർത്ഥം എന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്.” അജയനും വൈദ്യരും മടങ്ങുവാനായി എഴുന്നേറ്റ് മത്തായിച്ചനെ വണങ്ങി.

എന്നിട്ടും സംശയം തീരാതെ മത്തായിച്ചൻ അവരെ യാത്രയാക്കവേ ചോദിച്ചു “അപ്പോൾ കള്ളിച്ചെടിയും കാൻസർ മരുന്നും……?”

വൈദ്യർ മകന്‍റെ തോളിൽ താങ്ങിക്കൊണ്ട് വീടിന്‍റെ പുറത്തേയ്ക്കുള്ള പടികൾ ഇറങ്ങവേ മത്തായിച്ചന്‍റെ സംശയം തീർത്തു കൊടുത്തു.

“കള്ളിച്ചെടിയിൽ നിന്ന് ആരും ഇതുവരെ കാൻസർ മരുന്ന് ഉണ്ടാക്കിയിട്ടില്ല. അതെല്ലാം ഞങ്ങൾ നിങ്ങളുടെ മോനെ വിശ്വസിപ്പിക്കാൻ മെനഞ്ഞ തന്ത്രങ്ങൾ മാത്രമായിരുന്നില്ലേ എന്‍റെ മത്തായിച്ചാ. അപ്പോൾ ശരി, പിന്നെ കാണാം.” വൈദ്യരും മകനും കൈകൾ ഉയർത്തി വീശി യാത്രയായി.

അച്ഛനും മകനും ഒരേ പദവിന്യാസത്തോടെ പറമ്പ് കടന്ന് മറയുന്നത് മത്തായിച്ചൻ നിറകണ്ണുകളാൽ നോക്കി നിന്നു. ആയുസ്സിന്‍റെ അന്ത്യ യാമത്തിൽ പോലും തനിക്ക് സ്വന്തം മകനിൽ നിന്ന് അർഹതപ്പെട്ട കരുതൽ ലഭിക്കാതെ പോകുന്നത് ഓർത്തിട്ടോ അതോ അയൽ വീട്ടിലെ അച്ഛന്‍റെയും മകന്‍റെയും പക്കൽ നിന്നും ഒരു ദൈവകാരുണ്യം പോലെ തനിക്ക് ഇടയ്ക്ക് ലഭിച്ചു കൊണ്ടിരിയ്ക്കുന്ന കരുതലിനെപ്പറ്റി ഓർത്തതുകൊണ്ടോ എന്നറിയില്ല മത്തായിച്ചന്‍റെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें