ദൈവങ്ങളുടെ കണ്ണീരാണോ അച്ഛാ മഴയായി പെയ്യുന്നത്? പ്രപഞ്ച വിസ്മയങ്ങളിലേക്ക് കണ്ണും കാതും തുറന്നിരിക്കുന്ന അജിതയ്ക്ക് തൃപ്തികരമായ ഉത്തരം പലപ്പോഴും കിട്ടാറില്ല. എങ്കിലും അനുനിമിഷം നിറയുന്ന സംശയങ്ങൾ ചോദിക്കാതിരിക്കാനും ആവില്ലല്ലോ അവൾക്ക്.
എന്നാൽ ഈ ഇടയായി ചോദ്യങ്ങൾ കേട്ട് കേട്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് രാമചന്ദ്രൻ. ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ മാനേജരായ അയാളോട് പ്രൊഡക്ഷൻ മാനേജരും ഫാക്ടറി മാനേജരും എന്തിന് ജനറൽ മാനേജർ വരെ ചൊറിഞ്ഞു വരുന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. എന്തെങ്കിലുമൊക്കെ ചോദിക്കാതിരുന്നാൽ അവർക്ക് മനസമാധാനം കിട്ടാത്ത പോലെ.
ഇക്കഴിഞ്ഞ മൂന്നുനാലു മാസമായി ഇത് രണ്ടാം തവണയാണത്രേ പ്രൊഡക്ഷൻ കോസ്റ്റ് വർദ്ധിക്കുന്നത്. അതിനെ ഞാനെന്ത് ഉത്തരവാദി! പർച്ചേസ് ബുക്ക്, ബിൽ ബുക്ക് തുടങ്ങിയവ മേൽപ്പറഞ്ഞ സാറന്മാർ വരിമുറിച്ച്, കോളം മുറിച്ച് പലകുറി പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴൊക്കെ ഓരോരോ ക്യാബിനയിലേക്കും വിളിപ്പിച്ച്, അവർ ഒരു കുറ്റവാളിയെ എന്നപോലെ വിസ്തരിക്കും. ഇത്തരം കലാപരിപാടികൾ അവർക്കു പലപ്പോഴും പിരിമുറുക്കത്തിന് ഇടയിലെ വിനോദമാണോ എന്ന് സംശയം തോന്നാറുണ്ട്.
സുപ്പീരിയേഴ്സ് ആയതുകൊണ്ട് മറുത്തൊന്നും പറയാനും വയ്യല്ലോ. ഓഫീസിൽ അങ്ങനെയാണെങ്കിൽ, വീട്ടിൽ ഒരു എത്തും പിടിയും കിട്ടാത്ത തരത്തിൽ ആയിരിക്കും ചോദ്യങ്ങൾ ഉയരുക. അധികവും അജിതയിൽ നിന്നുതന്നെ. ആദ്യ ചോദ്യം കേട്ടില്ലെന്ന് നടിച്ചത് കൊണ്ടായിരിക്കാം അവൾ വീണ്ടും മറ്റൊന്ന് കൂടി തൊടുത്തു.
ദൈവങ്ങളുടെ കണ്ണീരാണ് മഴയെങ്കിൽ, ആ പാറക്കുളം നിറയെ ദൈവങ്ങളുടെ കണ്ണീർ ആയിരിക്കും അല്ലേ അച്ഛാ?
തന്‍റെ മേൽ ഉദ്യോഗസ്ഥരുടേത് പോലെ തന്നെയാണോ ഇവളുടെയും ചോദ്യങ്ങൾ എന്നറിയാനാകാത്തതിനാൽ ഇത്തവണ വെറുതെ തലയാട്ടി കൊടുത്തു. ഒപ്പം ഇങ്ങനെയും ഓർത്തു.
നാളെ വൈകിട്ട് ഓഫീസ് വിട്ട് നേരത്തെ ഇറങ്ങാൻ ആയാൽ കറന്‍റ് ബുക്സിലോ ഡിസിയിലോ മറ്റോ കയറി കുട്ടികളുടെ മനശാസ്ത്രം പഠിക്കാൻ പറ്റിയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ വാങ്ങണം. എങ്കിലേ ഇന്നത്തെ നിലയിൽ പിടിച്ചു നിൽക്കാനാവൂ.
ഹോ ആ കുന്തോന്ന് തെറ്റി ഭൂമിയിൽ പതിച്ചിരുന്നെങ്കിൽ നമ്മൾ ചത്തതു തന്നെ. എന്തു നീളോം വണ്ണോ അതിന്. അവൾ ചോദ്യശരങ്ങൾക്ക് വേഗത കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.
ഈ രാമായണവും മഹാഭാരതവും സീരിയലുകളായി വന്നതിനുശേഷം മുപ്പതുമുക്കോടി ദേവകളുടെയും കഥകൾ 365 ദിവസവും നാടിനെ കാവിവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഓം നമശിവായ പുനസംപേക്ഷണം നടക്കുന്നു. അതിലെ ഇന്ദ്രന്‍റെ വാളാണ്, എന്താ അതിന്‍റെ പേര് എന്തു മണ്ണാങ്കട്ടയെങ്കിലും ആകട്ടെ അത് കണ്ടാൽ അജിത തന്‍റെ നേരെ വീണ്ടും…
ചെഗുവേരയേയും മോപ്പസാംഗിനേയും ഇങ്ങനെയും വായിക്കുന്ന, സ്വപ്നം കാണുന്ന തനിക്ക് ഇത്തരം ചവറ് ഐതിഹ്യങ്ങളിൽ ഒന്നും കമ്പം പാടില്ലാത്തതാണ്. എങ്കിലും മകൾക്ക് വേണ്ടി.
ഞാൻ നോക്കുമ്പോൾ പെരുത്തൊരു വാളും കയ്യിലേന്തി കാഴ്ചയിൽ അതിന് വാതിൽ പലകയോളം നീളവും വീതിയും ഉണ്ട്. ഒരു അസുരൻ ദേവേന്ദ്രന്‍റെ പിന്നാലെ പായുകയാണ്. ആദി ദ്രാവിഡർ ആര്യനു നേരെ! പിന്നാലെ പായുക എന്നു പറകവയ്യ. ഗഗന സഞ്ചാരികൾ ഒഴുകുകയാണ്. കുറേ ദേവകൾ ബന്ധിക്കപ്പെടുകയും അതിലും ഏറെ വധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. രണ്ടു പക്ഷത്തും ആൾ നാശമുണ്ട്. പെട്ടെന്ന് ഓർമ്മ വന്നത് ജാനുവും മുത്തങ്ങയുമാണ്. തമാശ അതല്ല, വധിക്കപ്പെടുകയോ മുറിവേൽക്കപ്പെടുകയോ ചെയ്യുന്നവരെല്ലാം വന്ന് പതിക്കുന്നത് ഭൂമിയിലാണ്. അമേരിക്ക അതിന്‍റെ ആണവ അവശിഷ്ടങ്ങളും കമ്പ്യൂട്ടർ പാഴ് വസ്തുക്കളും ഇന്ത്യൻ കടലിൽ തള്ളുന്ന പോലെ.