യോഗയും വായനയുമായി റിയ

ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റെ ആത്മഹത്യക്ക് ശേഷം കാമുകി റിയ ചക്രവർത്തിയുടെ ജീവിതം ദുരിതമയമാണ്. ആത്മഹത്യാകേസിൽ റിയയുടെ പേര് വലിച്ചിഴക്കപ്പെട്ടതോടെ അവരുടെ ജീവിതം കടുത്ത വെല്ലുവിളികൾ നിറഞ്ഞതായി. കേസ് കോടതിയിൽ ആണെങ്കിലും റിയ കുറ്റക്കാരി ആണെന്ന മട്ടിലാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്. ഇതിനിടെ മയക്കു മരുന്ന് കേസിൽ ഒരു മാസം ജയിൽ വാസവും അനുഭവിച്ചു. എന്നാൽ താൻ തോറ്റു കൊടുക്കാൻ തയ്യാറല്ലെന്ന് റിയ പറയാതെ പറയുകയാണ്. സോഷ്യൽ മീഡിയയിൽ അവർ പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങൾ പലതും അതാണ് വെളിപ്പെടുത്തുന്നത്.

ഒഴിവു സമയങ്ങൾ പുസ്തകം വായിച്ചും യോഗ പരിശീലിച്ചും മനസിനെ ശക്തിപ്പെടുത്തുകയാണ് റിയ. ഇതേ കുറിച്ച് അവർ ഒരു ചിത്രം ഇൻസ്റ്റയിൽ പങ്ക് വെച്ചു. കുറച്ചു ദിവസം മുൻപ് നെവർ ഗിവ് അപ്പ് എന്നെഴുതിയ ക്യാപ് ധരിച്ച ചിത്രവും ഇവർ പങ്കു വെയ്ക്കുകയുണ്ടായി. അമിതാബ് ബച്ചനൊപ്പം ചെഹരേ എന്ന ചിത്രത്തിലൂടെ റിയ മടങ്ങിവരവിന് തയ്യാറാകുകയാണ്.

rhea chakraborty

തികച്ചും കഠിനമായ വർഷം ആയിരുന്നു റിയക്ക് 2020. അതിനു ശേഷം റിയ ഈ വർഷം മാർച്ച് മുതൽ ആണ് ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഇടാൻ തുടങ്ങിയത്. സുശാന്ത് മരിച്ച് ഒരു മാസത്തിനുള്ളിൽ പിതാവ് റിയയ്‌ക്കെതിരെ പട്‌നയിൽ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നും ആരോപിച്ചാണ് കേസ് ഫയൽ ചെയ്തത്.

സെപ്റ്റംബറിൽ സുശാന്തിന്‍റെ മരണത്തിൽ മയക്കുമരുന്ന് ബന്ധം ഉണ്ടെന്ന ആരോപണത്തെ ക്കുറിച്ച് നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട് റിയയെ എൻ‌സി‌ബി അറസ്റ്റ് ചെയ്തു. മുംബൈ ജയിലിൽ ഒരു മാസത്തിനു ശേഷം റിയ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യത്തിൽ പുറത്തിറങ്ങി.

തുടർന്നാണ് ഒഴിവുസമയങ്ങളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ പുസ്തകങ്ങൾ വായിക്കാനും യോഗ പരിശീലിക്കാനും തുടങ്ങിയത്.

നിമിഷ ബോളിവുഡിലേക്ക്

ഒരു സിനിമ താരം എന്നാൽ അഭിനയ ശേഷി ആണ് മുഖ്യം എന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന മലയാളി നടിയാണ് നിമിഷ സജയൻ. ഇപ്പോൾ വലിയൊരു സന്തോഷ വാർത്ത കൂടി നിമിഷ പങ്കു വെയ്ക്കുകയാണ്.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ നിമിഷ സജയൻ ഒരുങ്ങുന്നു. ബോളിവുഡ് സംവിധായകൻ ഒനീറിന്‍റെ വിആർ എന്ന ചിത്രത്തിലൂടെ ആണ് ബോളിവുഡ് അരങ്ങേറ്റം. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ ആണ് നിമിഷ അവതരിപ്പിക്കുന്നത്. തന്‍റെ ബോവുഡ് എൻട്രിയെ കുറിച്ച് നിമിഷ ആണ് ട്വിറ്റ്‌റിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഏറെ പ്രശംസ നേടിയ ആന്തോളജി സീരീസിലെ ശക്തമായ കഥയാണ് ഐ ആം. ദേശീയ അവാർഡ് നേടിയ ഐ ആം എന്ന സിനിമയുടെ തുടർച്ചയാണ് വീ ആർ എന്ന ചിത്രം. 2011 ൽ പുറത്തിറങ്ങിയ ഐ ആം നാല് സിനിമകളുടെ ഒരു സമാഹാരമായിരുന്നു, കുട്ടികളെ ദുരുപയോഗം, എൽജിബിടിക്യുഐ അവകാശങ്ങൾ, കശ്മീരി പണ്ഡിറ്റുകൾ, ശുക്ല ദാനം എന്നിങ്ങനെ പ്രസക്തമായ വിഷയങ്ങളെ അഭിസംബോധന ചെയ്ത സിനിമ ആയിരുന്നു അത്..

അതേ സമയം ഫഹദ് ഫാസിലിനൊപ്പം നിമിഷ അഭിനയിച്ച മാലിക്ക് എന്ന ക്രൈം ത്രില്ലർ സിനിമ കഴിഞ്ഞ ദിവസം റിലീസ് ആയി.. അവിസ്മരണീയമായ അഭിനയമാണ് ഇരുവരും കാഴ്ച വെച്ചിരിക്കുന്നത്.

ദിലീഷ് പോത്തന്‍റെ തോണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ആണ് നിമിഷ സജയൻ മലയാള സിനിമയിൽ തുടക്കം കുറിച്ചത്. ഈട, ഒരു കുപ്രസിധ പയ്യൻ, നായാട്ട്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നിവ നിമിഷയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ബിസിനസ്‌ എനിക്ക് ഇഷ്ടമാണ്

ഫിറ്റ്നസ് ഐക്കണായ ശിൽപ ഷെട്ടി തന്‍റെ രണ്ടാം വരവിൽ വിജയിച്ച ഒരു വ്യവസായിയുടെ റോളിലാണ് തിളങ്ങിയത്. വിവാഹം സർഗ്ഗസ്വപ്നങ്ങൾക്ക് തടയിടില്ലെന്ന് ഇവരുടെ ജിവിതം പറയുന്നു. വിജയകിരീടം ചൂടിയ നടിയും ബിസിനസ്സ് കാരിയുമാണ് ശിൽപ. 6 വയസ്സുള്ള വിയാന്‍റെ അമ്മയുമാണ്. തന്‍റെ ഫിറ്റ്നസും ഗ്ലാമറും കൊണ്ട് ഏതൊരു യുവനടികളേക്കാളും മുന്നിലാണിവർ. തന്‍റെ ഫിറ്റ്നസ് ചാനലിലൂടെ ആരോഗ്യ പരിപാലനത്തെപ്പറ്റിയും ഭക്ഷണത്തെപ്പറ്റിയും ശിൽപ നാട്ടുകാരെ ബോധവാന്മാരാക്കുന്നു. മോഡലിംഗിനു ശേഷം 1993 ൽ ബോളിവുഡിലെത്തിയ ശിൽപ ഹിന്ദി കൂടാതെ മറ്റനേകം ഭാഷകളിലും അഭിനയിച്ചു. ബിസിനസ്സുകാരനായ രാജ് കുന്ദ്രയെ വിവാഹം കഴിച്ച ശേഷം സിനിമാ നിർമ്മതാവായും ഐപിഎല്ലിന്‍റെ ഓണറായും വിജയം വരിച്ചു.

യോഗ ദിനത്തോടനുബന്ധിച്ച് ട്വിറ്ററിൽ യോഗ വ്യായാമങ്ങളെക്കുറിച്ചും എല്ലായ്പ്പോഴും പോസിറ്റീവായി തുടരുന്നതിനെക്കുറിച്ചുമെല്ലാം ശില്പ വാചാലയായി.

എന്താണ് കോവിഡ് കാലത്തെ അനുഭവം?

ഈ കോവിഡ് കാലത്ത് ശാരീരികം മാത്രമല്ല, മാനസികാരോഗ്യവും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.ചിലപ്പോൾ ഒക്കെ വിഷാദം തോന്നുന്നത് ഒരു കുഴപ്പമല്ല, പക്ഷെ  നിരന്തരം ആവാതെ ശ്രദ്ധിക്കണം. കാരണം, പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തിൽ ധാരാളം നെഗറ്റീവ് ചിന്തകൾ  ഉണ്ടാകാം. യോഗ ചെയ്യുന്നതിലൂടെയാണ് ഞാൻ എന്‍റെ പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നത്.”

ഞങളുടെ കുടുംബത്തിലും വൈറസ് ബാധിക്കുകയുണ്ടായി. ലോക്ക് ഡൗൺ സമയത്ത് ഞങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല, എന്നിട്ടും, ഞങ്ങൾ രോഗബാധിതരായി. ഞങ്ങളുടെ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾ രോഗബാധിതനായതിനാലാണ് ഇങ്ങനെ സംഭവിച്ചത്.അവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…

“ബ്രീത്ത്… ഇത് ശരീരം നിർവ്വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ്. ശരിയായ ശ്വസനം അവയവങ്ങൾക്ക് ഓക്സിജൻ നൽകാൻ സഹായിക്കുന്നു, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. “അതിനാൽ, പ്രാണായാമം പരിശീലിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. ‘ഓം’ എന്ന ശബ്ദത്തിന്‍റെ സ്പന്ദനങ്ങളിലൂടെ 15% കൂടുതൽ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ  സഹായിക്കുന്നു. കോവിഡ് -19 വന്നവർ  തീർച്ചയായും ശ്വസന വ്യായാമങ്ങൾ ചെയ്യണം.

വ്യവസായത്തിൽ വിജയിക്കാൻ കഴിഞ്ഞു. ആ യാത്ര കഠിനമായിരുന്നോ?

ഞാൻ  ശില്പ കുന്ദ്രയാവുന്നതിനു മുമ്പ് ഷെട്ടിയായിരുന്നു. ഷെട്ടികളുടെ ചോരയിൽ അലിഞ്ഞു ചേർന്ന കാര്യമാണ് ബിസിനസ്. എന്‍റെ അച്ഛൻ ബിസിനസ്സുകാരനായിരുന്നു. അതിനാൽ ചെറുപ്പം മുതൽ എനിക്ക് കച്ചവടം അറിയാം. ഒരു ബിസിനസ്സുകാരനെ കല്യാണ കഴിച്ചപ്പോൾ അത് എളുപ്പമായി. കാശുണ്ടാക്കാൻ വേണ്ടി മാത്രമല്ല ഞാൻ ബിസിനസ് നടത്തുന്നത്. എത്ര കാശ് കിട്ടുന്ന ഏർപ്പാടായും എനിക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യില്ല.  ഇഷ്ടമുള്ളത് ചെയ്യാനാണ് രാജ് പറഞ്ഞത്. അങ്ങനെയാണ് സിനിമാ നിർമ്മാതാവായത്. പരിചയമുള്ള ഫീൽഡും ആണല്ലോ. ആദ്യചിത്രം വിചാരിച്ചപോലെ ഓടിയില്ല. അതു കഴിഞ്ഞ് ഫിറ്റ്നസ് സിഡി ഇറക്കി. അതിന്‍റെ ചാനലും തുടങ്ങി. ആരോഗ്യത്തെപ്പറ്റിയുള്ള ഒരു പുസ്തകവും ചെയ്തു. ഇപ്പോൾ ഓൺലൈൻ ബിസിനസ്സും ചെയ്യുന്നു. നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്.

അമ്മയുടെ സ്വാധീനം ഉണ്ടോ?

എന്‍റെ അമ്മ എന്‍റെ പ്രാണനാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ അമ്മ പുലർകാലത്ത് ഉണരുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നിട്ട് നേരം വെളുക്കുമ്പോഴേക്കും എല്ലാവർക്കും ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കും. എല്ലാവരെയും ഒരുക്കി, ജോലിയ്‌ക്ക് പോകും. വൈകിട്ട് വീട്ടിൽ  എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കും. ഞങ്ങൾക്കൊപ്പം കളിക്കുമായിരുന്നു.

ഉള്ളിലെ സർഗ്ഗപ്രതിഭയെ മിസ് ചെയ്യുന്നുണ്ടോ?

കലാകാരന്മാർ ഒരിക്കലും നശിക്കുകയില്ല. അതിനാലാണ് ടിവിയ്ക്ക് വേണ്ടി ഞാൻ പരിപാടികൾ ചെയ്യുന്നത്. കുഞ്ഞുണ്ടായപ്പോഴും ബിസിനസ്സിൽ സജീവമായപ്പോഴുമാണ് ഞാൻ സിനിമയിൽ നിന്ന് വിട്ടുനിന്നത്. നല്ല അവസരം വന്നാൽ ഇനിയും സിനിമ ചെയ്യും.

കുടുബകാര്യങ്ങൾ എങ്ങനെ നോക്കുന്നു?

ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത് കുടുംബത്തിനാണ്. വിയാൻ വലുതാവുന്നതുവരെ പൂർണ്ണസമയവും ഞാനവനൊപ്പം നിന്നു. എന്‍റെ കുറവുകൾ മറ്റുള്ളവരറിയാതെ നോക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ബിസിനസും വേണം. അതിലുപരി കുടുംബത്തെയും നന്നായി പോറ്റണം. ഈ കാര്യത്തിൽ ഭർത്താവാണ് സഹായിക്കുന്നത്. എന്നാൽ എന്‍റെ ബിസിനസ്സിൽ ഇടപെടാറുമില്ല. ടിപ്സുകൾ തരും.

സ്ത്രീകളുടെ ഫിറ്റ്നസ്സിനെപ്പറ്റി എന്താണ് പറയാനുള്ളത്?

ഫിറ്റ്നസ്സിലൂടെ സുന്ദരിയാവാൻ തുടങ്ങും! പക്ഷേ സ്കിൻ തിളങ്ങണമെങ്കിൽ നിങ്ങൾ കഴിക്കുന്ന ആഹാരവും ഉള്ളിലെ ആരോഗ്യവും നന്നാവണം. സമയക്കുറവ് പറഞ്ഞ് എന്തെങ്കിലും വാരിവലിച്ചു കഴിക്കരുത്. രാത്രി ഭക്ഷണം 8 മണിയ്ക്ക് മുമ്പ് കഴിക്കുക. ന്യൂട്രീഷനിസ്റ്റിന്‍റെ സഹായം തേടാം. ഇതൊക്കെ കണക്കിലെടുത്താണ് ഞാൻ ഒരു പുസ്തകം എഴുതിയത്. ഞാൻ അത് ശ്രമിക്കാറുണ്ട്.

ഇതുവരെയുള്ള യാത്രയിൽ സംതൃപ്തയാണോ?

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവും. അത് മറികടക്കുമ്പോൾ ആരോഗ്യവും സന്തോഷവും നശിപ്പിക്കരുത്. വിജയം എന്തായാലും തേടിവരും. എന്‍റെ അനുഭവം അതാണ്. വിജയിച്ച ഏതൊരു സ്ത്രീയുടെ കയ്യിലുള്ളത് ഇപ്പോൾ എന്‍റെ പക്കലും ഉണ്ട്.

പ്രൊഫഷണൽ ലൈഫ് എന്‍റെ ഐഡന്‍റിറ്റിയാണ്

2002ൽ കഹ്ത്താ ഹെ ദിൽ എന്ന സീരിയലിലൂടെയാണ് കാമ്യ പഞ്ചാബി കരിയറിന് തുടക്കം കുറിക്കുന്നത്. അതിനു ശേഷം ഒരു പിടി സീരിയലുകൾ. എന്നാൽ ബനു മേം തേരീ ദുൽഹനിൽ സിന്ദൂര എന്ന കഥാപാത്രം അവരുടെ അഭിനയ ജീവിതത്തിൽ വഴിത്തിരവായി. ബിഗ്ബോസിൽ വന്നതോടെ കാമ്യയ്ക്ക് അരാധകരുടെ വൻ നിര തന്നെയുണ്ടായി. കോമഡി ഷോസിൽ സ്റ്റന്‍റ് അപ് കോമഡി ചെയ്തു.  ബിഗ് ബോസിലെ സുഹൃത്ത് പ്രത്യുഷ ബാനർജിയുടെ ആത്മഹത്യയെ തുടർന്ന് കാമ്യ അവരുടെ  ജീവിതം അടിസ്ഥാനമാക്കി എടുത്ത ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടു

2003 ൽ ബണ്ടി നെഗി എന്ന വ്യക്തിയെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ ഒരു മകൾ ഉണ്ടായി. 2013 ൽ ഇവർ വിവാഹ മോചിതരായി. കഴിഞ്ഞ വർഷം കാമ്യ വീണ്ടും വിവാഹിതയായി. 41-ാം വയസ്സിലെ വിവാഹം ചിലരൊക്കെ വിമർശിച്ചെങ്കിലും കാമ്യ അതിനൊന്നും മറുപടി നൽകാൻ മെനക്കെടുന്നില്ല. ഭർത്താവ് ഡോക്ടർ ശലഭ് ഡാംഗ് ഡൽഹിക്കാരൻ ആണ്. അദ്ദേഹത്തിന്‍റെയും രണ്ടാം വിവാഹമാണ്. രണ്ടു പേർക്കും മുൻബന്ധത്തിൽ ഓരോ കുട്ടികൾ ഉണ്ട്. ഈ കുട്ടികൾ ഇവർക്കൊപ്പം ആണ്.

സ്വന്തം ജീവിതത്തിൽ ധാരാളം ഉയർച്ചകളും താഴ്ച്ചകളും കണ്ടിട്ടുണ്ടല്ലോ. അതൊക്കെ എങ്ങനെയാണ് നേരിട്ടത്?

ഞാൻ ധൈര്യശാലിയാണ്. ആരെയും പേടിക്കാറില്ല. ഒരുപേക്ഷ അതുകൊണ്ടാകാം വിഷമതകളെ അതിജീവിക്കാനായതും. എനിക്ക് അമ്മയിൽ നിന്നാണ് ഇത്തരം ഗുണങ്ങൾ കിട്ടയത്. ഞങ്ങൾ ചെറുതായിരുന്നപ്പോൾ ധാരാളം പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ നല്ല രീതിയിലാണ് അമ്മ മാനേജ് ചെയ്തത്. അമ്മയ്ക്ക് തോൽക്കാൻ ഇഷ്മായിരുന്നില്ല എനിക്കും.

മകളെ പരിപാലിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുക?

ഒരമ്മ കുഞ്ഞിനെ വളർത്തുമ്പോൾ കുഞ്ഞിന്‍റെ സന്തോഷം മാത്രമേ ശ്രദ്ധിക്കൂ. ചുറ്റുമുള്ള തിന്മകളിൽ നിന്നും കുഞ്ഞിനെ മാറ്റി നിർത്താനാണ് ആഗ്രഹിക്കുക. ഞാനും അതേ ആഗ്രഹിക്കുന്നത്. എന്‍റെ മകളുടെ നല്ല കൂട്ടുകാരിയാകുന്നതിൽ എനിക്ക് സന്തോഷമാണ്. എന്‍റെ മകളാണ് എന്‍റെ ഏറ്റവും വലിയ നിധി. എന്‍റെ ശക്‌തിയും ദൗർബ്ബല്യവും അവൾ തന്നെ.

വീട്ടുകാര്യങ്ങൾക്കൊപ്പം ജോലി എങ്ങനെ മാനേജ് ചെയ്യുന്നു?

വീട്ടിലെ കാര്യവും പുറത്തെ ജോലിയും ഞാൻ ഭംഗിയായി നിറവേറ്റുന്നു, ഞാൻ സൂപ്പർ വുമണാണ് എന്നൊക്കെ കരുതിയാൽ തീർച്ചയായും സ്വന്തം ജോലി നിങ്ങൾക്ക് ഭാരമായി തോന്നും. യഥാർത്ഥത്തിൽ രണ്ട് ജോലിയും ഒരുമിച്ച് ചെയ്യാൻ ഒട്ടും പ്രയാസമില്ല. പക്ഷേ മികച്ച ടൈം മാനേജ്മെന്‍റ് വേണമെന്ന് മാത്രം. വീടും ജോലിയും മാത്രമല്ല ഞാൻ നോക്കി നടത്തുന്നത് മറ്റ് പല കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നുണ്ട്.

വ്യക്‌തിജീവിതമാണോ പ്രൊഫഷണൽ ജീവിതമാണോ കൂടുതൽ പ്രധാനം?

പ്രൊഫഷണൽ ലൈഫ് എന്നെ സംബന്ധിച്ച് എന്‍റെ ഐഡന്‍റിറ്റിയാണ്. എന്‍റെ സന്തോഷമാണത്. ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഞാൻ വെല്ലുവിളികളെ നേരിടുന്നുണ്ട്. പക്ഷേ അപ്പോഴൊന്നും ഞാൻ ജോലി ഉപേക്ഷിച്ചില്ല. എന്നെ സംബന്ധിച്ച് ജോലി ഏറ്റവും പ്രധാനമാണ്. ജോലി ചെയ്തുകൊണ്ടിരിക്കെ മരിക്കാനാണ് ആഗ്രഹം. ക്യാമറയ്ക്ക് മുന്നിൽ സെറ്റിൽ മരിക്കുകയെന്നതാണ് സ്വപ്നം.

അമിതാഭിനും അജയ് ദേവ്ഗണിനും പുതിയ വീട്

കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് സ്വത്ത് വിലയിലുണ്ടായ ഇടിവും മഹാരാഷ്ട്ര സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയതും ആണ് കാരണം. സണ്ണി ലിയോൺ. അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ എന്നിവരുൾപ്പെടെ നിരവധി വൻകിട വ്യക്തികൾ സ്വത്ത് വാങ്ങിക്കൂട്ടിയവരാണ്..

5184 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ വീടാണ് അമിതാഭ് ബച്ചൻ വാങ്ങിയത്.രജിസ്ട്രേഷൻ പേപ്പറുകൾ പ്രകാരം, ഈ പ്രോപ്പർട്ടി ഡ്യുപ്ലെക്സ് ക്രിസ്റ്റൽ ഗ്രൂപ്പ് പ്രോജക്റ്റിലാണ്. വില 31 കോടി രൂപയാണ്, അറുപത്തിരണ്ട് ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട്, അതായത് കൊറോണ മഹാമരി മൂലം മഹാരാഷ്ട്ര സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് നൽകിയ സമയം അമിതാഭ് ബച്ചൻ മുതലെടുത്തു. അമിതാഭ് ബച്ചന് മുംബൈയിലെ ജുഹു പ്രദേശത്ത് അഞ്ച് ബംഗ്ലാവുകളുണ്ട്. സണ്ണി ലിയോൺ മാർച്ച് 16 ന് 16 കോടി രൂപയ്ക്കാണ് ഒരു ഫ്ലാറ്റ് വാങ്ങിയത്.

അജയ് ദേവ്ഗനും ജൂഹുവിൽ പുതിയ ബംഗ്ലാവ് വാങ്ങി

ഒരു സ്വിംഗ് ബംഗ്ലാവ് ആണ് അജയ് ദേവ്ഗാൻ 60 കോടിക്ക് ഇത് വാങ്ങിയത് . എന്നാൽ അതിന്‍റെ വില അജയ് ദേവ്ഗാൻ സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ വക്താവ് ബംഗ്ലാവ് വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഈ ബംഗ്ലാവിന്‍റെ വില എഴുപത് കോടി രൂപയാണെന്നാണ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ കൊറോണ പകർച്ചവ്യാധി മൂലം വില കുറയുകയും അജയ് ദേവ്ഗണിന് 60 കോടി രൂപക്ക് ലഭിക്കുകയും ചെയ്തു. അജയ് ദേവ്ഗൺ ബംഗ്ലാവിനുള്ളിൽ നവീകരണവും ഇന്‍റീരിയർ ഡെക്കറേഷൻ ജോലികളും ആരംഭിച്ചതായും അറിയുന്നു .

സ്റ്റാമ്പ് ഡ്യൂട്ടിയിൽ മഹാരാഷ്ട്ര സർക്കാർ നൽകിയ ഇളവ് മുതലെടുത്ത് 2020  ഡിസംബറിലാണ് അജയ് ഈ ബംഗ്ലാവ് വാങ്ങിയത്. ഈ ബംഗ്ലാവ് പുഷ്പ വാലിയയുടെ ഉടമസ്ഥതയിലായിരുന്നു

വണ്ണം കണ്ട് എന്നെ വിലയിരുത്തണ്ട – സരീൻ ഖാൻ

കോളേജിൽ പഠിക്കുമ്പോൾ എനിക്ക് 100 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു അന്നൊന്നും തടിയുടെ പേരിൽ പരിഹാസം കേട്ടിട്ടില്ല. എന്നാൽ ഞാൻ ചലച്ചിത്ര മേഖലയിൽ എത്തിയപ്പോൾ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നു… പറയുന്നത് ബോളിവുഡ് താരം സരീൻ ഖാൻ..

ലുക്കിൽ കത്രീന കൈഫുമായി സറീനെ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. മുഖം മാത്രമേ കത്രിനയുമായി സാമ്യം ഉള്ളു. തടി അല്പം കൂടുതല്‍ ഉള്ളതിനാൽ ഫത്രിന എന്നാണ് കളിയാക്കി വിളിച്ചു വരുന്നത്.

അഭിനയം ആരംഭിച്ചതിന് ശേഷം തനിക്ക് വണ്ണം ഉണ്ടെന്ന പേരിൽ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരീൻ ഖാൻ വെളിപ്പെടുത്തി. സൽമാൻ ഖാന്‍റെ വീർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സരീൻ അതിനു ശേഷം റെഡി, ഹൗസ്‌ഫുൾ 2, 1921 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

“സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ 100 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു. പക്ഷേ ആരും അന്ന് എന്നോട് ഒന്നും പറയാൻ ധൈര്യം ഉണ്ടായില്ല കാരണം. കളിയാക്കിയവരെ അന്ന് ഞാൻ കായികമായി പോലും നേരിടാൻ തയ്യാറായിട്ടുമുണ്ട്. ഒരാളുടെ ശരീരത്തിന്‍റെ പേരിൽ അയാളെ കളിയാക്കുന്നത് നല്ല പ്രവണത അല്ല.

100 കിലോയിൽ കൂടുതൽ ഭാരം ഉള്ള സമയത്ത് പോലും ഞാൻ ഇതിനെ ഇത്രയും പ്രശ്നം അഭിമുഖീകരിച്ചില്ല, ഇപ്പോൾ എനിക്ക് ഭാരം കുറഞ്ഞു. അപ്പോഴും അവർ എന്നെ ഫാറ്റി എന്ന് വിളിക്കുന്നു!’

“ഇത് വിചിത്രമാണ്… പക്ഷേ ഇതൊന്നും എന്നെ ബാധിക്കുന്നില്ല. ഞാൻ ഒരു നടിയാണ്, എന്‍റെ അഭിനയ ശേഷി നോക്കി എന്നെ വിലയിരുത്തു… എന്‍റെ ഭാരം, നിറം, ഉയരം എന്നിവ പരിഗണിക്കണ്ട. ബോഡി ഷേമിംഗ് ചെയ്യാൻ പാടില്ല എന്ന് പറയുമ്പോഴും ബോളിവുഡിന് സീറോ സൈസ് നായികമാരെ മാത്രമേ ആവശ്യമുള്ളൂ.

അതേസമയം വീർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സിനിമയ്ക്ക് വണ്ണം ഉള്ള നായിക വേണമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ രാജ്ഞി എന്ന ആധികാരികത നിലനിർത്താൻ അവർ ആഗ്രഹിച്ചതിനാൽ നിർമ്മാതാക്കൾ എന്നോട് ഭാരം കൂട്ടാൻ ആവശ്യപ്പെട്ടതാണ്, ആ സമയം ആളുകൾ എന്നെ ‘ഫത്രീന’ എന്നാണ് വിളിച്ചിരുന്നത്, .

തന്നെ ബോഡിയുടെ പേരിൽ പരിഹസിക്കുന്ന ആളുകളെ അവഗണിക്കാൻ താൻ പഠിച്ചുവെന്നും കരിയറിലെ പ്രാരംഭ പരാജയം തന്നെ ശക്തയാക്കിയെന്നും സരീൻ ഖാൻ പറയുന്നു

“ഇപ്പോൾ ചെയ്യുന്ന ജോലികളിൽ ഞാൻ വളരെ സന്തുഷ്ടയാണ്, മാത്രമല്ല ഹിന്ദി സിനിമയിൽ മാത്രം ഞാന്‍ എന്നെ പരിമിതപ്പെടുത്തുന്നില്ല. എനിക്ക് പഞ്ചാബി, തമിഴ്, തെലുങ്ക് ചലച്ചിത്ര രംഗത്ത് നിന്ന് കൂടുതൽ ഓഫറുകൾ ലഭിക്കുന്നുണ്ട്. അവിടെ വണ്ണം വലിയ പ്രശ്നം ആകാറില്ല.. താരം പറയുന്നു.

ജൂഹി ചൗള

1984ലെ മിസ് ഇന്ത്യയായ ജൂഹി ചൗള ഇന്ന് രണ്ട് മക്കളുടെ അമ്മയാണ്. സൗന്ദര്യവും യൗവ്വനവും നിലനിർത്തുന്നതിന്‍റെ രഹസ്യം പുഞ്ചരിയാണെന്ന് ജൂഹി പറയുന്നു. ഈ പുഞ്ചിരി കൊണ്ടാണ് അവർ വെള്ളിത്തരിയിലും വിജയക്കൊടി പാറിച്ചത്. മോഡലിംഗിൽ നിന്ന് അഭിനേത്രിയായ ശേഷം നിർമ്മാതാവിന്‍റെ റോളിലും തിളങ്ങി. ഈ പ്രായത്തിലും സ്റ്റാർഡം നിലനിർത്തുന്ന താരം പേഴ്സണൽ ലൈഫിലെ സന്തോഷങ്ങളും പങ്കിടുന്നു.

വ്യക്‌തിജീവിതവും കരിയറും എങ്ങനെയാണ് ബാലൻസ് ചെയ്തു കൊണ്ടുപോകുന്നത്?

അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്‍റെ കുടുംബത്തോടാണ്. അവരുടെ സഹകരണമില്ലായിരുന്നെങ്കിൽ പ്രോഫഷണൽ ലൈഫിൽ എനിക്കൊരിക്കലും വിജയിക്കാനാവുമായിരുന്നില്ല. കുട്ടികൾ ചെറുതായിരുന്ന സമയത്ത് വരെ നോക്കിയിരുന്നത് എന്‍റെ ഇൻലോസ് ആയിരുന്നു. ഞാൻ ഷൂട്ടിംഗിന് പോകുമ്പോൾ അവരാണ് കുട്ടികളെ നോക്കി വളർത്തിയത്. എനിക്ക് അസുഖം വരുമ്പോഴും എന്‍റെ കൂടെ നിൽക്കും. ഞാനെപ്പോഴും കുടുംബത്തെയാണ് ആശ്രയിച്ചിരുന്നത്. ഏതൊരാൾക്കും തങ്ങളുടെ സ്വന്തക്കാരുടെ സഹകരണമില്ലാതെ ജീവിതത്തിൽ എന്തെങ്കിലും ആകാൻ കഴിയുകയില്ല. എനിക്ക്  ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യാനാവില്ല, കുടുംബമാണ് എന്നെ സഹായിച്ചത്. ഞാനവരോട് കടപ്പെട്ടിരിക്കുന്നു. അവരെന്നും എന്‍റെ ഒപ്പമുണ്ട്.

കുട്ടികളെ വളർത്തുന്നതിൽ എന്ത് പേരന്‍റിംഗ് റൂൾസാണ് നിങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നത്?

കുട്ടികളെ സൽസ്വഭാവികളായി വളർത്തിക്കൊണ്ടുവരാൻ കുറേയധികം പേരന്‍റിംഗ് റൂൾസ് ആവശ്യമാണ്. പക്ഷേ എനിക്കെന്തെങ്കിലും ആവശ്യമായി വരുമ്പോൾ അത് താനെ എന്‍റെ തലയിൽ ഉദിക്കാറുണ്ട്. ഞാനൊരിക്കലും എന്‍റെ വിചാരങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. അതവരെ സമ്മർദ്ദത്തിലാക്കും. അവർക്ക് ഇഷ്ടമുള്ള കരിയർ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം നൽകിയിട്ടുണ്ട്. നമ്മുടെ ഇഷ്ടങ്ങൾ അല്ലല്ലോ അവരിലൂടെ പുറത്തുവരേണ്ടത്. അവരുടെ ഇഷ്ടത്തിന് ഞാനൊരിക്കലും എതിരല്ല. നല്ലത് ഞാനവരെ പഠിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അമ്മയുടെ എന്ത് നന്മയാണ് നിങ്ങളുടെ ജീവിതത്തിലും കിട്ടിയിരിക്കുന്നത്?

എന്‍റെ അമ്മ വർക്കിംഗ് വുമൺ ആയിരുന്നു. അമ്മയുടെ ഡ്രസ്സിംഗ് സെൻസ് അപാരമായിരുന്നു. അമ്മ അതിസുന്ദരിയായിരുന്നു. വീടും ജോലിയും കൂൾ ആയി മാനേജ് ചെയ്തു. വലുതാവുമ്പോൾ  ഞാനും അമ്മയെപ്പോലെയാകാൻ ആഗ്രഹിച്ചു. അമ്മ ഇന്ന് ഞങ്ങൾക്കൊപ്പമില്ല. അമ്മ എന്നും എന്‍റെ പ്രചോദനമായിരുന്നു. എന്നെ എന്‍റെ ജീവിതം ജീവിക്കാൻ അമ്മ അനുവദിച്ചിരുന്നു. എന്‍റെ കല്യാണം കഴിഞ്ഞ ശേഷവും അമ്മ എന്നോട് പറയാറുണ്ടായിരുന്നത് നിന്‍റെ ആഗ്രഹങ്ങളിൽ നിന്ന് ഒളിച്ചോടരുത് എന്നായിരുന്നു. അമ്മയെപ്പോലെ ഒരു നല്ല അമ്മായിഅമ്മ ആവണം എനിക്ക്.

ജൂഹിയുടെ കുട്ടികൾ സ്റ്റാർ കിഡ്സ് ആണ്. അവരിൽ എന്തുതരം തോന്നൽ ആണ് നിങ്ങൾ സൃഷ്ടിക്കുന്നത്?

അവരുടെ ഹൃദയം ശുദ്ധമാണ്. എനിക്ക് പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യവും അവർ ചെയ്യില്ല. പക്ഷേ തിരുത്തേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഞാനവരെ വഴക്ക് പറയാറുണ്ട്. ചെറുതും വലുതുമായ കാര്യങ്ങൾ വളരെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. അവർ ഉറങ്ങി എഴുന്നേറ്റ ഉടനെ ഭക്ഷണം റെഡിയായിരിക്കും, എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കിൽ കാർ റെഡിയായിരിക്കും. അതിനാൽ അവർക്ക് ഈ വക കാര്യങ്ങളുടെ മഹത്വം അറിയില്ലായിരിക്കാം. പക്ഷേ ഈ സൗകര്യങ്ങൾ ലഭിക്കുന്നതിന് എത്രമാത്രം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെന്ന് ഞാനവരെ പഠിപ്പിച്ചിട്ടുണ്ട്. എന്‍റെ ബാല്യകാലത്ത് അത്യാവശ്യം വേണ്ട ചില കാര്യങ്ങൾ പോലും എളുപ്പത്തിൽ കിട്ടിയിരുന്നില്ല. അതിനാൽ അതിന്‍റെയൊക്കെ മൂല്യം എനിക്കറിയാം.

കുടുംബത്തിനൊപ്പം സമയം എങ്ങനെയാണ് ചെലവിടുന്നത്?

സമയം കിട്ടുമ്പോഴെല്ലാം ഞാൻ കുടുംബത്തിനൊപ്പം ചെലവിടാറുണ്ട്. കുട്ടികൾക്കൊപ്പമാവും ഏറെ നേരവും. വീട്ടിൽ കുട്ടികൾക്കൊപ്പം ഇരിക്കുന്നതാണ് ഏറെ സന്തോഷം. എന്‍റെ സാന്നിദ്ധ്യം അവരെയും സന്തോഷിപ്പിക്കാറുണ്ട്. ഞാൻ വീട്ടിൽ ഒരു റൂൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരും ഒന്നിച്ചുള്ളപ്പോൾ ഭക്ഷണം കഴിക്കുന്ന നേരത്ത് ഡൈനിംഗ് ടേബിളിൽ മൊബൈലോ പുസ്തകമോ ഉണ്ടാവാൻ പാടില്ല. ഇനി എന്‍റെയോ ഭർത്താവിന്‍റെയോ ഫോൺ അടുത്തെങ്ങാനും ഉണ്ടെങ്കിൽ കുട്ടികൾ വിലക്കും! അതു എനിക്ക് സന്തോഷം തരുന്ന കാര്യമാണ്.

അമ്മയായ ശേഷം പ്രൊഫഷൻ ഉപേക്ഷിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?

അങ്ങനെ തീരുമാനമെടുത്ത അവരുടെ ധൈര്യത്തെ ഞാൻ മാനിക്കുന്നു. ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക് അതിന് സാധിച്ചിട്ടില്ല. ഞാൻ എപ്പോഴും ജോലിയിൽ മുഴുകിയിരിക്കും. ഞാൻ ഫീൽഡ് വിടാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മനസ്സതിന് വഴങ്ങിയില്ലെന്നതാണ് സത്യം.

കവിതയെഴുതാന്‍ ഇഷ്ടം- കാജോൾ

സിനിമാ കുടുംബത്തിൽ ജനിച്ചുവളർന്ന് കാജോൾ ദേവ്ഗൺ ബേഖൂബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങത്ത് വന്നത്. ബാസീഗർ ആയിരുന്നു ആദ്യ ഹിറ്റ് സിനിമ. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ കാജോൾ കവിതകൾ എഴുതുമായിരുന്നു. മാന്ത്രിക നോവലുകളും ഇഷ്ടപ്പെട്ടിരുന്നു. ഇന്നും കവിതയെഴുതുന്ന ശീലം ഉണ്ട്. കജോളിന്‍റെയും ഷാരുഖിന്‍റെയും ജോഡി ഇന്നും പ്രേക്ഷകരുടെ ഹരമാണ്. വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ്. അതിലാണ് അജയ് ദേവ്ഗൺ വീണുപോയതത്രേ! പത്മശ്രീ അവാർഡും കജോളിനെ തേടിയെത്തി. കാജോൾ വിജയിച്ച ഒരു നടിയും ഭാര്യയും അമ്മയുമാണ്. അമ്മയായശേഷം കരിയറിന്‍റെ രണ്ടാം ഘട്ടത്തിനും തുടക്കം കുറിച്ചു. പരസ്യങ്ങളും ചെയ്യുന്നു. കാജോൾ മനസ്സ് തുറക്കുന്നു.

രണ്ടാം വരവിൽ ആരോടാണ് കടപ്പെട്ടിരിക്കുന്നത്?

ഭർത്താവ് അജയ് ദേവ്ഗണിനോടാണ് ആദ്യ കടപ്പാട്. എല്ലാം കാര്യത്തിനും അദ്ദേഹം എനിക്കൊപ്പം നിന്നു. മകൾ ന്യാസ ഉണ്ടായ ശേഷം നീ ജോലി ചെയ്തോളൂ എന്ന് അജയ് പറയാറുണ്ടായിരുന്നു. അതിനാൽ ഞാൻ ഫനാ, യു മി ഓർ ഹം, മൈ നെയിം ഈസ് ഖാൻ, വി ആർ ഫാമിലി തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. വീണ്ടും ഒരു മകൻ കൂടി ഉണ്ടായപ്പോൾ ഉത്തരവാദിത്വം കൂടി. അതിനാൽ കുറച്ച് ബ്രേക്ക് എടുത്തു. എന്നെ സംബന്ധിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് മാത്രമല്ല അവരെ പോറ്റി വളർത്തുന്നതും ഉത്തരവാദിത്വമാണ്. ഞാനത് പൂർണ്ണമായും നിറവേറ്റിയിട്ടുണ്ട് എന്നാണ് എന്‍റെ വിശ്വാസം.

ഈ ജീവിതയാത്ര എങ്ങനെ കാണുന്നു?

ഞാനൊരുപാട് ചിത്രങ്ങൾ ചെയ്തു. കുട്ടികളെയും നന്നായി വളർത്തി. എന്‍റെ കാര്യങ്ങളും ശ്രദ്ധിച്ചു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എന്‍റെ ക്യാൻവാസ് ഇനിയും ഒഴിഞ്ഞു കിടപ്പാണ്.

കുട്ടികൾക്ക് എത്രമാത്രം സ്വാതന്ത്യ്രം കൊടുക്കുന്നു?

ഞാൻ ശക്‌തയായ ഒരു അമ്മയാണ്. അവർക്ക് അമിത സ്വാതന്ത്യ്രം കൊടുക്കാറില്ല. ഞാനെപ്പോഴും ജീവിതത്തിന്‍റെ മുൻഗണനകൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട്. ചെറുപ്പത്തിലെ ഇതു പഠിച്ചാൽ വളരുമ്പോൾ അവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. സ്ക്കൂൾ പരീക്ഷയായാലും ജീവിതത്തിലെ മറ്റ് പ്രശ്നങ്ങൾ ആയാലും അത് നേരിടാതെ വിജയിക്കാനാവില്ലെന്ന് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.

തിരക്കിനിടയിൽ കുടുംബകാര്യങ്ങൾ എങ്ങനെയാണ് മാനേജ് ചെയ്യുന്നത്?

സമയം കണ്ടെത്തും. കുട്ടികൾക്ക് അവധിക്കാലമാവുമ്പോൾ ഞങ്ങൾ കറങ്ങാൻ പോകാറുണ്ട്. അവരുടെ സൗകര്യമനുസരിച്ചാണ് എല്ലാം പ്ലാൻ ചെയ്യുന്നത്. ക്രിസ്മസ്, ദീപാവലി അവധിയ്ക്ക് എല്ലാവരും ഒന്നിച്ചുണ്ടാവണമെന്ന് ഒരു നിയമം ഞങ്ങൾക്കിടയിലുണ്ട്.

പുതുതലമുറയിലെ പെൺകുട്ടികൾ വിവാഹം കഴിക്കാനും അമ്മയാവാനും വിമുഖത യുള്ളവരാണ്. എന്തെങ്കിലും സന്ദേശം?

ഇന്ന് ഒരുപാട് ചോയ്സ് ഉണ്ട്. നിങ്ങൾക്ക് നല്ല മനുഷ്യനെ കിട്ടുകയാണെങ്കിൽ, അയാളെ എങ്ങനെ മാനേജ് ചെയ്യുമെന്നോർക്കരുത്. ആഗ്രഹമാണ് വലുത്. ജീവിതം ആർക്കും വേണ്ടി സാക്രിഫൈസ് ചെയ്യരുത്. കരിയറിലായാലും കാശായാലും ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാതിരുന്നാലാണ് പ്രശ്നം ഉണ്ടാവുക.

ആരോഗ്യമാണ് സന്തോഷം- ടീന അംബാനി

പരേദേശ്, റോക്കി, സൗതൻ, കർജ് തുടങ്ങി ഒരുപിടി സിനിമകളിലെ സൂപ്പർ നായികയായിരുന്നു ടീന അംബാനി. വ്യവസായി അനിൽ അംബാനിയെ വിവാഹം കഴിച്ച ശേഷം സന്തുഷ്ടി നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനൊപ്പം സാമൂഹികപ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഹാർമണി ഫോർ സിൽവർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ ശാക്തീകരിക്കാൻ മുംബൈയിൽ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലും നിർമ്മിച്ചു. ടീനയുമായുള്ള അഭിമുഖത്തിൽ നിന്നും…

ആരോഗ്യരംഗത്ത് എന്തൊക്കെ പരിമിതികളാണ് ഉള്ളത്?

ഇന്ത്യയിൽ ദരിദ്ര വിഭാഗങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണം അത്ര കാര്യക്ഷമമല്ല. അവരെ കുറ്റപ്പെടുത്താനാവില്ല. അവർക്ക് പണമോ വിദ്യാഭ്യാസമോ ഇല്ല. അതുകൊണ്ട് ശരിയായ ചികിത്സ തേടാൻ തടസ്സങ്ങളുമുണ്ടാക്കുന്നു. മധ്യവർഗ്ഗക്കാർക്കാണെങ്കിൽ ഹെൽത്ത് കെയർ അൽപം ചെലവേറിയതാണ്. ഉയർന്ന വിഭാഗക്കാർക്ക് ഇത്തരം തടസ്സങ്ങളില്ല. പക്ഷേ വൈദഗ്ദ്ധ്യം നേടിയ ഡോക്ടർമാരുമില്ല. സർക്കാർ ആശുപത്രികളിലാകട്ടെ വളരെ തിരക്കേറിയതുമായിരിക്കും. ഒന്നും സിസ്റ്റമാറ്റിക്കായിരിക്കില്ല. വേണ്ടത്ര സൗകര്യങ്ങളുമില്ല. ഇത്തരം ചില ന്യൂനതകളെ പരിഹരിക്കാൻ പ്രവർത്തിക്കേണ്ടതുണ്ട്. ക്രമേണ എല്ലാം ശരിയാകും.

കുടുംബവും സാമൂഹികപ്രവർത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു?

കുടുംബജീവിതത്തിനൊപ്പം ജോലിയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് രണ്ട് ആൺ മക്കളാണ്. അൻമോൽ, അംശുൽ. അവർ വലുതായി. പക്ഷേ അവർക്കാവശ്യമുള്ളപ്പോൾ ഞാനോ ഭർത്താവോ അവർക്കൊപ്പം ഉണ്ടാകും. ഹോസ്പിറ്റലിലാണെങ്കിലും ഫൗണ്ടേഷൻ പ്രവർത്തനങ്ങളിലാണെങ്കിലും എന്‍റെ ടീം നന്നായി പ്രവർത്തിക്കുന്നുണ്ട്.

ഫിറ്റ്നസ്സിന്‍റെ രഹസ്യം?

ഹെൽത്തി തിങ്കിംഗ്, ഹെൽത്തി ഈറ്റിംഗ്, ഹാർഡ് വർക്ക്, പോസിറ്റീവ് ചിന്ത എന്നിവയാണ്. സിനിമകൾ ചെയ്തിരുന്ന സമയത്തും ഞാൻ ഇങ്ങനെ തന്നെയാണ് ജീവിച്ചിട്ടുള്ളത്. ഇതിനെല്ലാമുപരി മനസ്സിനിഷ്ടപ്പെട്ട ജോലി ചെയ്യാൻ എനിക്ക് സാധിക്കുന്നു.

സ്ത്രീകൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ഉപദേശം…

സ്ത്രീകൾ ആരോഗ്യത്തെ അവഗണിക്കരുത്. റൂട്ടീൻ ചെക്കപ്പുകൾ നടത്തുക. ബ്രസ്റ്റ് കാൻസറിൽ നിന്നും മോചനം നേടാൻ എല്ലാ വർഷവും മാമോഗ്രാഫി പരിശോധന നടത്തുക. രോഗമുണ്ടെങ്കിൽ ചികിത്സ ചെയ്യുക. പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുക.

സ്റ്റാർഡം മിസ് ചെയ്യുന്നുണ്ടോ? അഭിനയ രംഗത്ത് തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?

ഒരു വ്യക്‌തിയുടെ ജീവിതത്തിൽ 4 ഘട്ടങ്ങളുണ്ട്. ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം. ഒരു ഘട്ടത്തിൽ നിന്നും മറ്റൊരു ഘട്ടത്തിലേക്കുള്ള യാത്രയാണ് ജീവിതം. ഞാനെപ്പോഴും അടുത്ത അവസ്ഥയിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നത്. ഒരിക്കലും പിന്നോട്ട് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം ആ അവസ്ഥയിലെല്ലാം തന്നെ ഞാൻ വളരെയധികം ആഹ്ലാദിച്ച് കടന്നുവന്നവളാണ്. സിനിമയിലുണ്ടായിരുന്ന കാലഘട്ടവും ഞാൻ ആസ്വദിച്ചു കഴിഞ്ഞു. ഇപ്പോഴുള്ള എന്നെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.

അഭിനേത്രി രവീണ ടണ്ടൻ

90 കളിലെ സൂപ്പർ ഹീറോയിൻ ആയിരുന്ന രവീണയ്ക്ക് അഭിനയം ജന്മസിദ്ധമായി ലഭിച്ച കഴിവാണ്. ഹിന്ദിയ്ക്ക് പുറമേ തിമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ രവീണ അഭിനയിച്ചു. അക്ഷയ്കുമാർ, ഗോവിന്ദ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ഹിറ്റുകൾ സമ്മാനിച്ചത്. ഗോവിന്ദ- രവീണ ജോഡിയുടെ കോമഡി ചിത്രങ്ങൾ എപ്പോഴും വൻ ഹിറ്റായിരുന്നു. എന്തു കാര്യവും വ്യക്‌തമായി സംസാരിക്കുക എന്ന ശീലമുണ്ട് രവീണയ്ക്ക്. വിവാഹത്തിനു മുമ്പ് തന്നെ രണ്ട് പെൺകുട്ടികളെ രവീണ ദത്തെടുത്തിരുന്നു.

സ്റ്റംപ്ഡ് എന്ന ചിത്രത്തിന്‍റെ ഫിലിം ഡിസ്ട്രിബ്യൂട്ടർ ആയിരുന്ന അനിൽ രുഡാനിയെ പരിചയപ്പെടുകയും പിന്നീട് അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. രവീണ ഇന്ന് ഒരു മികച്ച അഭിനേത്രി മാത്രമല്ല, ഭാര്യയും അമ്മയും കൂടിയാണ്. ഈ കടമകളെല്ലാം വളരെ ഭംഗിയായി നിറവേറ്റുകയും ചെയ്യുന്നു. സോണി ടിവിയിൽ സബ് സേ ബഡാ കലാകാർ റിയാലിറ്റി ഷോയിൽ വിധികർത്താവായും വന്നിരുന്നു. രവീണയ്ക്കൊപ്പം അൽപനേരം.

സബ് സേ ബഡാ കലാകാർ എന്ന റിയാലിറ്റി ഷോയിൽ ഭാഗമാകാൻ എന്താണ് കാരണം?

ഈ ഷോയിൽ കഴിവുള്ള ധാരാളം കുട്ടികളുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ എനിക്ക് ഇഷ്ടമാണ്. എത്ര നിഷ്കളങ്കമായാണ് അവരുടെ പെരുമാറ്റം. വലിയ ആളുകൾക്കൊപ്പം ജോലി ചെയ്യാൻ പ്രയാസമാണ്..

കുട്ടിക്കാലം ഓർമ്മയുണ്ടോ?

എന്‍റെ കുട്ടിക്കാലത്ത് ഞാൻ നാണം കുണുങ്ങിയായിരുന്നു. ഇപ്പോഴത്തെ കുട്ടികളെ പോലെയല്ല. 4 വയസ്സിൽ എനിക്ക് എന്‍റെ പേര് എഴുതാൻ മാത്രമേ അറിയാമായിരുന്നുള്ളൂ. പക്ഷേ ഇന്നത്തെ കുട്ടികളോ! എന്തെല്ലാം കാര്യങ്ങളാണ് അവർ ചെയ്യുന്നത്. ഇതൊക്കെ കാണുമ്പോൾ അതിശയം തോന്നും.

സ്വന്തം കുട്ടികളിൽ എന്താണ് പ്രത്യേകത കാണുന്നത്?

എന്‍റെ മകൻ പൂർണ്ണമായും ഒരു സ്പോർട്സ് പേഴ്സൺ ആണ്. മകള്‍ക്ക് നൃത്തവും പാട്ടുമൊക്കെ ഇഷ്ടമാണ്.

കുടുംബവും കരിയറും

എന്‍റെ ജീവിതത്തിൽ ഞാൻ കുടുംബത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അതിനാൽ കുട്ടികളുടെ സൗകര്യമനുസരിച്ച് ഓരോ ജോലിയും ചെയ്തുകൊണ്ടിരിക്കുന്നു. കുട്ടികളുടെ ഓരോ വികാസവും നേരിട്ടുകണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമാ ജീവിതം എന്‍റെ മൊത്തം ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. സിനിമകൾ ഇനിയും ചെയ്യാം. പക്ഷേ കുഞ്ഞുങ്ങളുടെ ബാല്യകാലം തിരിച്ചുകൊണ്ടുവരാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് അവർക്കനുസരിച്ച് ഞാൻ എന്‍റെ ഷെഡ്യൂൾ കൊണ്ടുപോകുന്നത്. കുട്ടികളുടെ അവധി ദിനങ്ങളിൽ ഞാൻ ജോലികള്‍ അധികം ചെയ്യാറില്ല. ടിവി ഷോ തെരഞ്ഞെടുത്തതിന്‍റെ ഒരു കാരണവും അതു തന്നെയാണ്.

കുഞ്ഞുങ്ങൾക്ക് സ്വാതന്ത്യ്രം കൊടുക്കുന്ന അമ്മയാണോ?

ഒരു സാധാരണ അമ്മയാണ് ഞാൻ. അവർക്ക് സ്വാതന്ത്യ്രം കൊടുക്കാറുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാൻ ആവശ്യപ്പെടാറുണ്ട്. അതിലൂടെ അവരുടെ ചിന്തകളും ജീവിതവും എനിക്ക് കൂടതൽ മനസ്സിലാക്കാൻ കഴിയും.

കുട്ടികളുടെ വളർച്ചയിൽ ഏറ്റവും ശ്രദ്ധിക്കുന്ന കാര്യം?

അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ പ്രയത്നിക്കുന്നു. ആ സ്വപ്നങ്ങൾ നമ്മുടേതു കൂടിയാവുമ്പോൾ വിജയം ഉറപ്പാണ്. കുട്ടികൾ എല്ലാവരെയും ബഹുമാനിക്കണമെന്ന നിഷ്കർഷ എനിക്കുണ്ട്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें