90 കളിലെ സൂപ്പർ ഹീറോയിൻ ആയിരുന്ന രവീണയ്ക്ക് അഭിനയം ജന്മസിദ്ധമായി ലഭിച്ച കഴിവാണ്. ഹിന്ദിയ്ക്ക് പുറമേ തിമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ രവീണ അഭിനയിച്ചു. അക്ഷയ്കുമാർ, ഗോവിന്ദ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ഹിറ്റുകൾ സമ്മാനിച്ചത്. ഗോവിന്ദ- രവീണ ജോഡിയുടെ കോമഡി ചിത്രങ്ങൾ എപ്പോഴും വൻ ഹിറ്റായിരുന്നു. എന്തു കാര്യവും വ്യക്‌തമായി സംസാരിക്കുക എന്ന ശീലമുണ്ട് രവീണയ്ക്ക്. വിവാഹത്തിനു മുമ്പ് തന്നെ രണ്ട് പെൺകുട്ടികളെ രവീണ ദത്തെടുത്തിരുന്നു.
സ്റ്റംപ്ഡ് എന്ന ചിത്രത്തിന്‍റെ ഫിലിം ഡിസ്ട്രിബ്യൂട്ടർ ആയിരുന്ന അനിൽ രുഡാനിയെ പരിചയപ്പെടുകയും പിന്നീട് അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. രവീണ ഇന്ന് ഒരു മികച്ച അഭിനേത്രി മാത്രമല്ല, ഭാര്യയും അമ്മയും കൂടിയാണ്. ഈ കടമകളെല്ലാം വളരെ ഭംഗിയായി നിറവേറ്റുകയും ചെയ്യുന്നു. സോണി ടിവിയിൽ സബ് സേ ബഡാ കലാകാർ റിയാലിറ്റി ഷോയിൽ വിധികർത്താവായും വന്നിരുന്നു. രവീണയ്ക്കൊപ്പം അൽപനേരം.
സബ് സേ ബഡാ കലാകാർ എന്ന റിയാലിറ്റി ഷോയിൽ ഭാഗമാകാൻ എന്താണ് കാരണം?
ഈ ഷോയിൽ കഴിവുള്ള ധാരാളം കുട്ടികളുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ എനിക്ക് ഇഷ്ടമാണ്. എത്ര നിഷ്കളങ്കമായാണ് അവരുടെ പെരുമാറ്റം. വലിയ ആളുകൾക്കൊപ്പം ജോലി ചെയ്യാൻ പ്രയാസമാണ്..
കുട്ടിക്കാലം ഓർമ്മയുണ്ടോ?
എന്‍റെ കുട്ടിക്കാലത്ത് ഞാൻ നാണം കുണുങ്ങിയായിരുന്നു. ഇപ്പോഴത്തെ കുട്ടികളെ പോലെയല്ല. 4 വയസ്സിൽ എനിക്ക് എന്‍റെ പേര് എഴുതാൻ മാത്രമേ അറിയാമായിരുന്നുള്ളൂ. പക്ഷേ ഇന്നത്തെ കുട്ടികളോ! എന്തെല്ലാം കാര്യങ്ങളാണ് അവർ ചെയ്യുന്നത്. ഇതൊക്കെ കാണുമ്പോൾ അതിശയം തോന്നും.
സ്വന്തം കുട്ടികളിൽ എന്താണ് പ്രത്യേകത കാണുന്നത്?
എന്‍റെ മകൻ പൂർണ്ണമായും ഒരു സ്പോർട്സ് പേഴ്സൺ ആണ്. മകള്‍ക്ക് നൃത്തവും പാട്ടുമൊക്കെ ഇഷ്ടമാണ്.
കുടുംബവും കരിയറും
എന്‍റെ ജീവിതത്തിൽ ഞാൻ കുടുംബത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അതിനാൽ കുട്ടികളുടെ സൗകര്യമനുസരിച്ച് ഓരോ ജോലിയും ചെയ്തുകൊണ്ടിരിക്കുന്നു. കുട്ടികളുടെ ഓരോ വികാസവും നേരിട്ടുകണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമാ ജീവിതം എന്‍റെ മൊത്തം ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. സിനിമകൾ ഇനിയും ചെയ്യാം. പക്ഷേ കുഞ്ഞുങ്ങളുടെ ബാല്യകാലം തിരിച്ചുകൊണ്ടുവരാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് അവർക്കനുസരിച്ച് ഞാൻ എന്‍റെ ഷെഡ്യൂൾ കൊണ്ടുപോകുന്നത്. കുട്ടികളുടെ അവധി ദിനങ്ങളിൽ ഞാൻ ജോലികള്‍ അധികം ചെയ്യാറില്ല. ടിവി ഷോ തെരഞ്ഞെടുത്തതിന്‍റെ ഒരു കാരണവും അതു തന്നെയാണ്.
കുഞ്ഞുങ്ങൾക്ക് സ്വാതന്ത്യ്രം കൊടുക്കുന്ന അമ്മയാണോ?
ഒരു സാധാരണ അമ്മയാണ് ഞാൻ. അവർക്ക് സ്വാതന്ത്യ്രം കൊടുക്കാറുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാൻ ആവശ്യപ്പെടാറുണ്ട്. അതിലൂടെ അവരുടെ ചിന്തകളും ജീവിതവും എനിക്ക് കൂടതൽ മനസ്സിലാക്കാൻ കഴിയും.
കുട്ടികളുടെ വളർച്ചയിൽ ഏറ്റവും ശ്രദ്ധിക്കുന്ന കാര്യം?
അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ പ്രയത്നിക്കുന്നു. ആ സ്വപ്നങ്ങൾ നമ്മുടേതു കൂടിയാവുമ്പോൾ വിജയം ഉറപ്പാണ്. കുട്ടികൾ എല്ലാവരെയും ബഹുമാനിക്കണമെന്ന നിഷ്കർഷ എനിക്കുണ്ട്.