സിനിമാ കുടുംബത്തിൽ ജനിച്ചുവളർന്ന് കാജോൾ ദേവ്ഗൺ ബേഖൂബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങത്ത് വന്നത്. ബാസീഗർ ആയിരുന്നു ആദ്യ ഹിറ്റ് സിനിമ. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ കാജോൾ കവിതകൾ എഴുതുമായിരുന്നു. മാന്ത്രിക നോവലുകളും ഇഷ്ടപ്പെട്ടിരുന്നു. ഇന്നും കവിതയെഴുതുന്ന ശീലം ഉണ്ട്. കജോളിന്‍റെയും ഷാരുഖിന്‍റെയും ജോഡി ഇന്നും പ്രേക്ഷകരുടെ ഹരമാണ്. വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ്. അതിലാണ് അജയ് ദേവ്ഗൺ വീണുപോയതത്രേ! പത്മശ്രീ അവാർഡും കജോളിനെ തേടിയെത്തി. കാജോൾ വിജയിച്ച ഒരു നടിയും ഭാര്യയും അമ്മയുമാണ്. അമ്മയായശേഷം കരിയറിന്‍റെ രണ്ടാം ഘട്ടത്തിനും തുടക്കം കുറിച്ചു. പരസ്യങ്ങളും ചെയ്യുന്നു. കാജോൾ മനസ്സ് തുറക്കുന്നു.
രണ്ടാം വരവിൽ ആരോടാണ് കടപ്പെട്ടിരിക്കുന്നത്?
ഭർത്താവ് അജയ് ദേവ്ഗണിനോടാണ് ആദ്യ കടപ്പാട്. എല്ലാം കാര്യത്തിനും അദ്ദേഹം എനിക്കൊപ്പം നിന്നു. മകൾ ന്യാസ ഉണ്ടായ ശേഷം നീ ജോലി ചെയ്തോളൂ എന്ന് അജയ് പറയാറുണ്ടായിരുന്നു. അതിനാൽ ഞാൻ ഫനാ, യു മി ഓർ ഹം, മൈ നെയിം ഈസ് ഖാൻ, വി ആർ ഫാമിലി തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. വീണ്ടും ഒരു മകൻ കൂടി ഉണ്ടായപ്പോൾ ഉത്തരവാദിത്വം കൂടി. അതിനാൽ കുറച്ച് ബ്രേക്ക് എടുത്തു. എന്നെ സംബന്ധിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് മാത്രമല്ല അവരെ പോറ്റി വളർത്തുന്നതും ഉത്തരവാദിത്വമാണ്. ഞാനത് പൂർണ്ണമായും നിറവേറ്റിയിട്ടുണ്ട് എന്നാണ് എന്‍റെ വിശ്വാസം.
ഈ ജീവിതയാത്ര എങ്ങനെ കാണുന്നു?
ഞാനൊരുപാട് ചിത്രങ്ങൾ ചെയ്തു. കുട്ടികളെയും നന്നായി വളർത്തി. എന്‍റെ കാര്യങ്ങളും ശ്രദ്ധിച്ചു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എന്‍റെ ക്യാൻവാസ് ഇനിയും ഒഴിഞ്ഞു കിടപ്പാണ്.
കുട്ടികൾക്ക് എത്രമാത്രം സ്വാതന്ത്യ്രം കൊടുക്കുന്നു?
ഞാൻ ശക്‌തയായ ഒരു അമ്മയാണ്. അവർക്ക് അമിത സ്വാതന്ത്യ്രം കൊടുക്കാറില്ല. ഞാനെപ്പോഴും ജീവിതത്തിന്‍റെ മുൻഗണനകൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട്. ചെറുപ്പത്തിലെ ഇതു പഠിച്ചാൽ വളരുമ്പോൾ അവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. സ്ക്കൂൾ പരീക്ഷയായാലും ജീവിതത്തിലെ മറ്റ് പ്രശ്നങ്ങൾ ആയാലും അത് നേരിടാതെ വിജയിക്കാനാവില്ലെന്ന് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.
തിരക്കിനിടയിൽ കുടുംബകാര്യങ്ങൾ എങ്ങനെയാണ് മാനേജ് ചെയ്യുന്നത്?
സമയം കണ്ടെത്തും. കുട്ടികൾക്ക് അവധിക്കാലമാവുമ്പോൾ ഞങ്ങൾ കറങ്ങാൻ പോകാറുണ്ട്. അവരുടെ സൗകര്യമനുസരിച്ചാണ് എല്ലാം പ്ലാൻ ചെയ്യുന്നത്. ക്രിസ്മസ്, ദീപാവലി അവധിയ്ക്ക് എല്ലാവരും ഒന്നിച്ചുണ്ടാവണമെന്ന് ഒരു നിയമം ഞങ്ങൾക്കിടയിലുണ്ട്.
പുതുതലമുറയിലെ പെൺകുട്ടികൾ വിവാഹം കഴിക്കാനും അമ്മയാവാനും വിമുഖത യുള്ളവരാണ്. എന്തെങ്കിലും സന്ദേശം?
ഇന്ന് ഒരുപാട് ചോയ്സ് ഉണ്ട്. നിങ്ങൾക്ക് നല്ല മനുഷ്യനെ കിട്ടുകയാണെങ്കിൽ, അയാളെ എങ്ങനെ മാനേജ് ചെയ്യുമെന്നോർക്കരുത്. ആഗ്രഹമാണ് വലുത്. ജീവിതം ആർക്കും വേണ്ടി സാക്രിഫൈസ് ചെയ്യരുത്. കരിയറിലായാലും കാശായാലും ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാതിരുന്നാലാണ് പ്രശ്നം ഉണ്ടാവുക.