അപർണ

അപർണ, അവൾ എനിക്കെന്നും ഒരു അത്ഭുതമായിരുന്നു. വെൺനിലാവുപോലെ സ്നേഹത്തിന്‍റെ പരിശുദ്ധി ചൊരിഞ്ഞവൾ മറ്റുള്ളവരുടെ നന്മ മാത്രമായിരുന്നു അപർണയുടെ നിയോഗം. സ്‌കൂളിൽ എന്‍റെ സഹപ്രവർത്തകയായിരുന്നുവെങ്കലും അപർണ എനിക്ക് ഒരു കൊച്ചനുജത്തിയായിരുന്നു. അവളുടെ ‘ചേച്ചി’യെന്ന വിളി കേൾക്കുമ്പോൾ തന്നെ മനസ്സിൽ മാരിവില്ല് തെളിയുന്ന അനുഭവമായിരുന്നു. ആ വിളിയിൽ അപർണയുടെ സുന്ദരമായ പുഞ്ചിരി പോലെ സ്നേഹത്തിന്‍റെ വിശുദ്ധി നിറഞ്ഞുനിന്നിരുന്നു. എനിക്കൊരു നിസ്സാര പനി വന്നാൽ മതി, അവളുടെ മനസ്സ് പിടയും. ആ ബന്ധത്തിനപ്പുറമുള്ള ഏതോ ഒരു ആത്മബന്ധം ഞങ്ങളെ കൂട്ടിയിണക്കിയിരുന്നു. എന്‍റെ നിസ്സാര ജോലി പോലും ചെയ്യാൻ അവൾക്ക് വലിയ ഉത്സാഹമായിരുന്നു. സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളായിരുന്നു അപർണ. അവൾക്ക് ഇളയതായി രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുണ്ടായിരുന്നത്. അച്‌ഛൻ മരിക്കുമ്പോൾ ഇളയ സഹോദരങ്ങളെല്ലാം ചെറിയ കുട്ടികളായിരുന്നു. അവരെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം മൂത്ത മകളായ അപർണ്ണയ്ക്കായിരുന്നു. അമ്മയ്ക്ക് കിട്ടിയിരുന്ന തുച്ഛമായ പെൻഷനും അപർണ ജോലി ചെയ്‌തുണ്ടാക്കുന്ന വരുമാനവും കൊണ്ടാണ് വീട്ടുകാര്യങ്ങൾ ഒരുവിധം നടന്നിരുന്നത്. മാത്രമല്ല അല്പസ്വല്പം സമ്പാദ്യവുമുണ്ടായിരുന്നു. അപർണയേക്കാൾ രണ്ട് വയസ്സ് ഇളയതായിരുന്നു അവളുടെ അനിയത്തി അനിത. അപർണയുടെ കഠിനാധ്വാനവും കുടുംബസ്നേഹവും കണ്ട് ഒരിക്കൽ ഞാനവളെ ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു. “ങ്ഹാ ഇനി അനിയത്തിക്ക് ജോലി കിട്ടിക്കഴിയുമ്പോഴെങ്കിലും നീ നിന്‍റെ ഭാവിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം.”

“അയ്യോ, അതെങ്ങനെ?” അവളുടെ ആശ്ചര്യം കലർന്ന ചോദ്യം കേട്ട് എനിക്ക് അദ്ഭുതം തോന്നി.

“എടി മണ്ടി, നിനക്കറിയാത്ത കാര്യമൊന്നുമല്ല ഞാൽ പറയുന്നത്. നിനക്കൊരു കല്യാണമൊക്കെ വേണ്ടേ മോളേ? ങ്ഹാ, നിന്‍റെ ബന്ധുവല്ലേ പ്രശാന്ത്, നിന്‍റെ വീട്ടിൽ ഇടയ്ക്ക് വരാറുണ്ടല്ലോ. അവന് നിന്നെ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.”

അവൾ തെല്ല് നാണത്തോടെ എന്നെ നോക്കി സംസാരം മുഴുവനും പ്രശാന്തിനെക്കുറിച്ചായിരുന്നു. പ്രശാന്ത് എഞ്ചിനീയറാണെന്നും പുതിയ ജോലി കിട്ടി ഇവിടെ എത്തിയതാണെന്നും അവധി ദിവസങ്ങളിൽ പ്രശാന്ത് പതിവായി വീട്ടിൽ വരാറുണ്ടെന്നും അവൾ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ വാക്കുകളിൽ അവനോടുള്ള ഇഷ്‌ടവും കരുതലുമൊക്കെ നിറഞ്ഞു നിന്നിരുന്നു. എങ്കിലും അവളത് തുറന്നു സമ്മതിക്കാൻ മടിക്കുന്നതുപോലെ…

അവൻ മിക്കപ്പോഴും സ്‌കൂളിൽ നിന്നും നിന്നെ കൊണ്ടുപോകാൻ ബൈക്കിൽ വരാറുണ്ടല്ലോ.” എന്‍റെ കുസൃതിച്ചോദ്യം അവളെ തെല്ലുനേരം നിശ്ശബ്ദദയാക്കി. പതുക്കെ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ തിരിച്ചറിഞ്ഞിരുന്നു.

പിന്നീട് പ്രശാന്തിനെ കാണുമ്പോഴൊക്കെ ഞാനയാളുടെ വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു. വളരെ മാന്യനായ യുവാവ്. അപർണയ്ക്ക് യോജിച്ചവൻ തന്നെ.

ഒരു ദിവസം ഇന്‍റർവെൽ സമയത്ത് അപർണ ഉത്സാഹത്തോടെ എന്നോട് പറഞ്ഞു, “പ്രശാന്ത് ജർമ്മനിക്കു പോവുകയാ ചേച്ചീ. അവിടെ ഒരു കമ്പനിയിൽ നിന്നും നല്ലൊരു ഓഫർ കിട്ടിയിട്ടുണ്ട്.”

“ഓഹോ, അപ്പോൾ നീയും താമസിയാതെ ജർമ്മനിക്ക് പോകുമെന്നർത്ഥം,” എന്‍റെ മറുപടി കേട്ട് അവൾ പുഞ്ചിരിച്ചു.

വേനലവധിക്ക് സ്‌കൂൾ അടച്ചതിനാൽ ഞാൻ. കുട്ടികളേയും കൂട്ടി എന്‍റെ തറവാട്ടിലേക്ക് മടങ്ങി. ഇനി രണ്ടു മാസക്കാലം അച്ഛനും അമ്മയ്ക്കുമൊപ്പം ചെലവഴിക്കാം. മാത്രമല്ല, അവരെ കാണാൻ കിട്ടുന്ന അപൂർവ്വ സമയവുമാണല്ലോ. അതുകൊണ്ട് അവധിക്കാലമാവുമ്പോഴേക്കും ആർത്തിയോടെയാണ് ഞങ്ങൾ വീട്ടിലേക്ക് ഓടുന്നത്. കുട്ടികൾക്കും അതായിരുന്നു ഏറെയിഷ്ട‌ം. കൂട്ടത്തിൽ കുറച്ചു ദിവസം ഭർത്താവിന്‍റെ വീട്ടിലും തങ്ങും. അതുകൊണ്ട് അവധിക്കാലം എന്നെ സംബന്ധിച്ച് ഒരുത്സവക്കാലം തന്നെയായിരുന്നു. സന്തോഷം നിറഞ്ഞ അവധിക്കാലത്തിന് വിടചൊല്ലി വീണ്ടും തിരക്കുകളിലേക്കുള്ള മടക്കം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു:

അവധിക്കാലം കഴിഞ്ഞ് സ്‌കൂളിൽ മടങ്ങിയെത്തിയപ്പോൾ പതിവുപോലെ പ്രസന്നവദനയായി അപർണ എന്‍റെയരികിലേക്ക് വന്നു. അവളുടെ ഓടിവരവ് കണ്ടാലറിയാം പറയാൻ എന്തോ പുതിയ വിശേഷമുണ്ടെന്ന്…

“ഏയ്, പ്രശാന്തിന്‍റെ വിശേഷം വല്ലതുമുണ്ടോ?” ഞാൻ കുസൃതി കലർന്ന ചിരിയോടെ ചോദിച്ചു. എന്‍റെ ചോദ്യം കേട്ടിട്ടാകണം അവളുടെ മുഖം ഗൗരവം പൂണ്ടു.

“പ്രശാന്തും അനിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. രണ്ടുപേരും ജർമ്മനിയിലാ,” എന്‍റെ ചോദ്യം കേട്ടു നിന്ന മറ്റൊരു അധ്യാപിക പറഞ്ഞു.

“ങ്ഹേ… എന്താ അപർണേ?” ഒരു വെള്ളിടി പോലെ ആ വാർത്ത എന്നെ ഞെട്ടിച്ചു. ഞാൻ അപർണയേയും പിടിച്ചുവലിച്ചു കൊണ്ട് ഒരൊഴിഞ്ഞ മൂലയിലേയ്ക്ക് മാറി നിന്നു. അവളുടെ മുഖത്ത് നിസ്സംഗത…

“ഇത് സത്യമാണോ മോളേ, പ്രശാന്തും… അനിതയും… നക്കിതെന്തു പറ്റി?”

“ചേച്ചീ, അനിത നേഴ്‌സിംഗ് കോഴ്‌സ്‌ പഠിച്ചവളല്ലേ. ജർമ്മനിയിലാണെങ്കിൽ നഴ്‌സുമാർക്ക് വല്യ ഡിമാന്‍റല്ലേ. ഞാനവിടെ പോയിട്ട് എന്ത് ചെയ്യാനാ? രണ്ടുപേരും ചേരുകയും ചെയ്യും. മാത്രമല്ല അവൾക്ക് പ്രശാന്തിനെ ഇഷ്ടവുമാണ്.”

നിനക്കിതെന്തു പറ്റി? പ്രശാന്ത് അത് സമ്മതിച്ചോ?” ആ യാർത്ഥ്യം ഉൾക്കൊള്ളാൻ എന്‍റെ മനസ്സ് വിസ്സമതിച്ചു. അനിയത്തിയുടെ നന്മയ്ക്കുവേണ്ടി സ്വന്തം ഇഷ്ടത്തെ ഞെരിച്ചുകൊല്ലാൻ ഈ പെൺകുട്ടിക്ക് എങ്ങനെ കഴിഞ്ഞു? അളുടെ മനസ്സ് കാരിരുമ്പാണോയെന്നു വരെ ഞാൻ സംയിച്ചു. എന്‍റെ മനസ്സ് വായിച്ചിട്ടോ അതോ സ്വന്തം നഷ്ടബോധത്തെ സമർത്ഥമായി മറയ്ക്കുവാനോ വേണ്ടി അവളതിനെ ന്യായീകരിക്കാൻ ശ്രമിച്ചു.

“ചേച്ചീ, വീട്ടിലെ മൂത്തയാളല്ലേ ഞാൻ. അച്‌ഛൻ എല്ലാ ഉത്തരവാദിത്തങ്ങളും എന്നെയേല്പ്പിച്ചാണ് പോയത്. ഞാനിവിടെ നിന്ന് മാറി നിന്നാൽ വീട്ടിലെ സ്‌ഥിതി എന്താകും? ഇനിയും ഇളയവർ രണ്ടുപേരുണ്ടല്ലോ. അവരുടെ കാര്യവും നോക്കണമല്ലോ.” അവളുടെ മറുപടിക്കു മുന്നിൽ തുടർന്ന് എന്തെങ്കിലും പറയാൻ എനിക്ക് കഴിഞ്ഞില്ല. “എന്‍റെ കുഞ്ഞനുജത്തി, നീ പ്രായത്തിൽ എന്നേക്കാൾ ഇളപ്പമാണെങ്കിലും നിന്‍റെ ഈ മഹാമനസ്‌കതയ്ക്കു മുന്നിൽ ഞാൻ തോറ്റിരിക്കുന്നു.” എന്‍റെ മനസ്സ് മന്ത്രിച്ചു.

എന്നാലും… അപർണയുടെ ഈ ത്യാഗം എന്‍റെ മനസ്സിൽ നീറ്റൽ പടർത്തി. പ്രശാന്തിനോട് കുറച്ചു നാളെങ്കിലും കാത്തിരിക്കാൻ പറയാമായിരുന്നല്ലോ അവൾക്ക്. പിന്നേയും എന്തെല്ലാം വഴികളുണ്ടായിരുന്നു. എന്‍റെ മനസ്സ് പുതിയ പുതിയ ന്യായങ്ങൾ തേടിക്കൊണ്ടിരുന്നു. കുടുംബത്തോടുള്ള വൈകാരികമായ അടുപ്പം കൊണ്ട് സ്വന്തം കാമുകനെ അനിയത്തിക്ക് വിട്ടു കൊടുക്കുക… പക്ഷേ അവൾക്കത് എളുപ്പത്തിൽ മറക്കാനാവുമോ…

അപർണയുടെ രണ്ടാമത്തെ അനുജത്തി റീന എം.ബി.എ കഴിഞ്ഞ ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചു. അവളുടെ പഠനച്ചെലവുകളെല്ലാം വഹിച്ചിരുന്നത് അപർണയായിരുന്നു. കൂടെ പഠിച്ച ഒരു യുവാവുമായി പ്രണയത്തിലായിരുന്ന റീന ഏറെ താമസിയാതെ വിവാഹിതയായി. ഏറ്റവും ഇളയ സഹോദരനും ജോലി കിട്ടിയയുടനെ വിവാഹിതനായി. എല്ലാവരും സ്വന്തം നേട്ടങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിച്ചപ്പോൾ അപർണ സ്വന്തം ജീവിതം അവർക്കുവേണ്ടി ബലി കഴിക്കുകയായിരുന്നില്ലേ എന്ന് എന്‍റെ മനസ്സ് കേണുകൊണ്ടിരുന്നു.

ഒരു ദിവസം അപർണയെ കാണുവാനായി ഞാനവളുടെ വീട്ടിൽ ചെന്നു. എന്നെ കണ്ടപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കുറേ നാളുകൾക്ക് ശേഷമാണ് സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു കണ്ടത്. കാർമേഘം മൂടിക്കെട്ടിയ ആകാശം ഒരു വലിയ മഴയ്ക്കുശേഷം തെളിഞ്ഞതുപോലെ അവളുടെ വാക്കുകളിലും ചലനങ്ങളിലുമെല്ലാം ഒരു പുതുതെളിച്ചം. അവളുടെ അമ്മയും ഏറെ സന്തോഷത്തിലായിരുന്നു.

“ഇനി അപർണയുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കണ്ടേ… അവൾക്ക് പ്രായമൊന്നും അത്രയ്ക്ക് കടന്നു പോയിട്ടില്ലല്ലോ?” ഞാൻ തെല്ലൊരു പരുങ്ങലോടെ അപർണയുടെ അമ്മയോട് ചോദിച്ചു.

അവരുടെ മുഖത്ത് ഒരു നീരസം പടർന്നു, “നല്ല പ്രായത്തിൽ വേണം കല്യാണം ചെയ്യാൻ. ഇനി അതൊക്കെ… വിവാഹത്തിന് യോജിച്ച പ്രായമല്ലല്ലോ അവളുടേത്… അതിന് പറ്റിയ പയ്യന്മാരെ എവിടെ കിട്ടാനാ?”

അവരുടെ നിർദ്ദയമായ വാക്കുകൾ എന്‍റെ കാതുകളെ ചുട്ടുനീറ്റിച്ചു. നെഞ്ചിലേക്ക് എന്തോ ഉരുണ്ടു കയറിയതു പോലെ… എന്ത് പറയണമെന്നറിയാതെ ഞാനൊരു നിമിഷം പകച്ചിരുന്നു. സ്വന്തം മകളെക്കുറിച്ച് ഒരമ്മയ്ക്ക് ഇതൊക്കെ എങ്ങനെ പറയാനാവും… ചുരുങ്ങിയ പക്ഷം അങ്ങനെ ചിന്തിക്കാനെങ്കിലും കഴിയുമോ… മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ച മകളുടെ ജീവിതത്തിന് അമ്മ കല്പ്പിച്ചു കൂട്ടിയ വില ഇത്രയ്ക്ക് തുച്‌ഛമാണോ… എന്‍റെ അറിവിനും അപ്പുറമായിരുന്നു അത്. അവളുടെ അമ്മ ഇളയ മകൻ ദീപുവിനെക്കുറിച്ചും അവന്‍റെ പുതിയ ജീവിത സൗകര്യങ്ങളെക്കുറിച്ചും ആവേശത്തോടെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു, “അവന് നല്ല ജോലിയാ. പൂനയിൽ കമ്പനി വകയായി കിട്ടിയ ഫ്ളാറ്റിലാ അവനും ഭാര്യയും താമസിക്കുന്നത്. പൂന കാണാൻ നല്ല സ്‌ഥലമാണത്രേ.”

“അമ്മ അങ്ങോട്ട് പോകാനിരിക്കുകയാ,” അപർണ ഉള്ളിൽ തികട്ടി വന്ന വേദന മറച്ചു കൊണ്ട് പറഞ്ഞു, “കുറച്ചു നാളായി അമ്മ ആഗ്രഹിക്കുന്ന കാര്യമാ. വീടിന് പുറത്തൊന്നും അമ്മ പോയിട്ടില്ലല്ലോ. ങ്ഹാ, അമ്മയ്ക്കൊരു ചേഞ്ചാവുമല്ലോ.” അവളുടെ വാക്കുകളിൽ വിഷാദം പടരുന്നത്. ഞാനറിഞ്ഞു.

“ശരിയാണ്.” ഞാൻ നിർവികാരയായി തലയാട്ടി. ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ ഒന്നുറപ്പായി. അപർണയുടെ അമ്മ ഇനി ദീപുവിനൊപ്പമേ താമസിക്കൂ. വാടകവീട്ടിൽ അപർണ തനിച്ചായി, എല്ലാ അർത്ഥത്തിലും.

ഇവിടെ അടുത്തായി പണി കഴിഞ്ഞ ഒരു ഫ്ളാറ്റ് വാങ്ങുവാനായി ഞാൻ തീരുമാനിച്ചു. നഗരത്തിൽ സ്വന്തമായി ഒരു വീടു വേണമെന്ന മോഹം തോന്നിയിട്ട് ഏറെ നാളായി. ഭർത്താവും അതിന് സമ്മതം മൂളിയതോടെ എനിക്ക് കൂടുതൽ സന്തോഷം തോന്നി. അതുകൊണ്ട് ഇക്കാര്യം പറഞ്ഞ് അപർണയേയും നിർബന്ധിച്ചു. “നീയും ഫ്ളാറ്റ് ബുക്ക് ചെയ്യ്. ഒരു സിംഗിൾ ബെഡ് അപ്പാർട്ട്‌മെന്‍റെങ്കിലും സ്വന്തമാക്കാമല്ലോ.”

“പക്ഷേ ചേച്ചീ… അതിന് വലിയൊരു തുക വേണ്ടിവരുമല്ലോ…”

“അപർണ, വാടകയിനത്തിൽ കൊടുക്കുന്ന പണം മതി ഫ്ളാറ്റിന്‍റെ ഇൻസ്റ്റോൾമെന്‍റ് അടയ്ക്കാൻ. പക്ഷേ തുടക്കത്തിൽ കുറച്ചു പണം സംഘടിപ്പിക്കേണ്ടി വരും. ലോണൊക്കെ ഞാൻ ശരിയാക്കിത്തരാം. നിനക്ക് സ്വന്തമായി വീടാകുകയും ചെയ്യും.”

അവളെ ഇക്കാര്യം പറഞ്ഞ് സമ്മതിപ്പിക്കാൻ എനിക്ക് ഏറെ സമയം വേണ്ടിവന്നു. അതോടെ അവൾ സമ്മതം മൂളി. പിന്നെ കാര്യങ്ങളെല്ലാം തകൃതിയായി നടന്നു. ഞങ്ങൾ രണ്ടുപേരും ഓരോ ഫ്ളാറ്റ് സ്വന്തമാക്കി.

ഒടുവിൽ തന്‍റേതായ ഒരു ഇടം കണ്ടെത്തിയ ഭാവമായിരുന്നു അവൾക്ക്. ഒരു കൊച്ചു കുഞ്ഞിന്‍റെ ഉത്സാഹത്തോടെ അവൾ ഫ്ളാറ്റിൽ ഓടിനടന്നു. ഒരിക്കലും ഇടമുറിയാത്ത സ്നേഹത്തിന്‍റെ നറുനിലാവ് ഒരു വിരൽത്തുമ്പകലത്തിൽ കിട്ടിയ സന്തോഷമായിരുന്നു എന്‍റെയുള്ളിൽ. കുട്ടികൾ ഹോസ്റ്റലിലും ഭർത്താവ് ബിസിനസ് ടൂറിലുമായതിനാൽ ഫ്ളാറ്റിൽ ഭൂരിഭാഗം സമയം ഞാനും അപർണയും ഒരുമിച്ചായിരുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കലും ഞങ്ങൾ ഒരിടത്താക്കി.

ഇതിനിടെ അപർണയുടെ അമ്മ കുളിമുറിയിൽ തെന്നി വീണ് കാലൊടിഞ്ഞു. കാലിന് പ്ലാസ്‌റ്റർ ഇട്ടിരിക്കുന്നതിനാൽ അവർ കിടപ്പിലുമായി. ഈ വിവരമറിഞ്ഞ് അപർണ സങ്കടപ്പെട്ടു. അനിയനും ഭാര്യയും ജോലിക്കു പോയാൽ അമ്മയെ ആര് പരിചരിക്കുമെന്നോർത്ത് അവൾ വ്യസനിച്ചു. അതുകൊണ്ട് അധികം താമസിയാതെ അപർണ പൂനയിൽ പോയി അമ്മയെ കൂട്ടിക്കൊണ്ടു വന്നു. അപർണയുടെ ഒരിക്കൽക്കൂടിയുള്ള ത്യാഗം എന്നെ ശരിക്കും വിസ്‌മയിപ്പിച്ചു. ഇത്രയും നാളും ഈ നഗരത്തിൽ തനിച്ചു കഴിഞ്ഞിരുന്ന അവളെ ആരും ക്ഷേമമന്വേഷിച്ച് ഒന്നു വിളിക്കുകയോ ഒരു കത്തയയ്ക്കുക. ചെയ്തില്ല.

എന്നിട്ടും… തന്‍റെ സ്വപ്‌നങ്ങളേയും പ്രതീക്ഷകളേയും എങ്ങോ ഉപേക്ഷിച്ച് മനസ്സു നിറയെ സ്നേഹത്തിന്‍റെ കനിവുമായി നില്ക്കുന്ന അപർണ… ജീവിതത്തിന്‍റെ പുതിയ പുതിയ അർത്ഥതലങ്ങളിലേയ്ക്ക് എന്നെ നയിച്ചുകൊണ്ടിരുന്നു. ആർക്കും മനസ്സിലാക്കാനാവാത്ത ഒരു കടങ്കഥ കണക്കേ അവൾ എല്ലാവരേയും സ്നേഹിച്ചു കൊണ്ടിരുന്നു. വറ്റാത്ത സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ ഉറവുമായി…

ഒരു എലിസബീത്തൻ കോമഡി

ഹിസ്റ്റോ മാഷ് എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ചെറുപ്പം സ്ഫുരിക്കുന്ന കോമളനായ ഡേവിസ് സാറ് എല്ലാവർക്കും സ്വീകാര്യനാണ്. സാമാന്യം തടി, ഉയരം, കലാപരമായ മീശ ഇവയൊക്കെയാലും അദ്ദേഹം ശ്രദ്ധേയനാണ്. തമിഴ് ടീച്ചർ കമലത്തിന് സാറിനെ പെരുത്ത ഇഷ്ടമാണ്. അതേ പോലെ തന്നെ ഷേക്മിസ് എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ് ടീച്ചർ ഷാർലറ്റ് വളരെ ഇഷ്ടപ്പെടുന്നു. ഡേവിസ് മാഷിനാകട്ടെ അങ്ങനെ ഇന്നാരെന്നൊന്നുമില്ല. എല്ലാവരോടും സ്നേഹവും എപ്പോഴും ചിരിയുമാണ്. ഞങ്ങൾ ജാക്കികൾക്ക് വെറും ഒരു പാവത്താൻ ആണ് അദ്ദേഹം.

തമിഴ് ഒഴുക്കോടെ സംസാരിക്കും. പ്രസംഗിക്കും. അതിനാൽ മാഷ് മാനേജ്മെന്‍റിനും പ്രിയങ്കരനാണ്. ആരെയും ദുഷിച്ചു സംസാരിക്കില്ല. വഴക്കില്ല. അത്ര വല്യ ദുശീലങ്ങളുമില്ല. പൊതുവെ പറഞ്ഞാൽ ഒരു എലിജിബിൾ ബാച്ചിലർ ആണ് കക്ഷി. ഇതിനൊരപവാദം ചെറിയ ക്‌ളാസിലെ മോളി മിസ്സ്‌ ഇദ്ദേഹം ഒരു ചാഴിയാണെന്ന് ഒരിക്കൽ പറഞ്ഞു കേട്ടതാണ്. വേറൊരിക്കൽ ഡ്രൈവർ വേലു കീച്ചിയ ഒരു ഡയലോഗ് ഉണ്ട്. “സാർ, അവങ്കൾ പോത്തിനെ കാണിച്ച് മാടിനെ വെട്ടുന്നവർ. അതുക്ക് നമുക്കെന്ന സാർ” ഈ വക വിലയിരുത്തലുകൾ തളളിക്കളയാൻ മാത്രം ജാക്കികൾക്ക്‌ വിവരമില്ല.

ഡേവിസ് മാഷ് കമലത്തിനെയും ഷാർലറ്റിനെയും നിരാശപ്പെടുത്തുന്നില്ല. ഇടക്ക് അസാരം രഹസ്യസംഗമങ്ങളൊക്കെ നടക്കാറുണ്ടെന്നും മറ്റും ശ്രുതിയുണ്ട്. ജാക്കികളിലെ ഹിന്ദിവിദ്വാൻ ജോഷി മാഷാണ് എന്നേക്കാൾ കുറച്ചുകൂടെ പപ്പരാസി. മിസ്സുമാരെ ചുറ്റിപ്പറ്റിയുള്ള ഒരുവിധപ്പെട്ട അപവാദങ്ങളെല്ലാം പുള്ളി മണത്തറിയും. ഞങ്ങൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് ഉണ്ടെങ്കിൽ കൂടി ഞാൻ ബോർഡിംഗ് പിള്ളേരുടെ തുണിഅലക്കുന്ന ലീലയുമായി സന്ധ്യാനേരത്ത് ശ്രുംഗാരം കൂടുതലാണെന്ന് കക്ഷി അത്യാവശ്യം വെളിയിൽ എത്തിച്ചു. മറ്റൊന്ന് കൊച്ചുക്‌ളാസിലെ ചിഞ്ചുവിന്‍റെ അമ്മ എപ്പോഴും ജോഗ്രഫി സാറിന്‍റെ പിന്നാലെയുണ്ട് എന്നൊരു പ്രചരണം തുടങ്ങിവച്ചത് അങ്ങേര് തന്നെ. ഇതൊക്കെ ആണെങ്കിലും ഞങ്ങൾ സുഹൃത്തുക്കളായി വർത്തിക്കുന്നു. സീനിയർ അധ്യാപകർ ഞങ്ങൾക്ക് ജാക്കീസ് എന്ന വിളിപ്പേര് കനിഞ്ഞു തന്നിട്ട് കുറച്ചു വർഷങ്ങൾ ആയി.

അധ്യാപകരുടെ ഈ വക അല്ലറചില്ലറ സല്ലാപങ്ങളും വികൃതികളും ഹെഡ്മാസ്റ്റർ അടുപ്പക്കാരിലൂടെ അറിയുന്നുണ്ട്. അതിലും ഒരാൾ ജോഷി മാഷ് തന്നെ. ലെസ്സൺ പ്ലാൻ, സബ്സ്ടിട്യൂഷൻ, ഇന്‍റർവെൽ ഡ്യൂട്ടി, ടെർമിനേഷൻ എന്നീ ക്രിയകൾകൊണ്ട് അത്യാവശ്യം ഡിസിപ്ലിൻ നിലനിർത്തുന്നതിൽ എച്ച്.എം. ബദ്ധശ്രദ്ധനാണ്. വർഷാവർഷം പത്താം ക്ലാസ് വിജയം 100% അദ്ദേഹം ഉറപ്പാക്കുന്നു. എന്നാൽ ഈ കഥയിൽ അദ്ദേഹത്തിന് പറയത്തക്ക റോൾ ഒന്നുമില്ല. അതേപോലെ തന്നെയാണ് കുട്ടികളുടെ കാര്യവും. ഈ കഥയ്ക്കുള്ളിലേക്ക് വിദ്യാർത്ഥികളെ വലിച്ചിഴക്കുന്നില്ല.

അങ്ങനെ ഇരിക്കെ, ഒരു ചിങ്ങമാസത്തിൽ, കമലം മിസ്സിന്‍റെ വിവാഹ നിശ്ചയം നടന്നു. കുറച്ചു പേർ പങ്കെടുത്തു. സ്റ്റാഫ് റൂമിൽ മധുരം വിളമ്പിയത് ഷാർലറ്റ് മിസ് ആയിരുന്നു. ഷണ്മുഖം മാഷ്, വെങ്കി മാഷ്, ഡേവിസ് മാഷ്, ഗീതാ മിസ്സ്‌, ബോർഡിംഗ് മിസ്, ജാക്കീസ് അങ്ങനെ എല്ലാവർക്കും അത് സന്തോഷം നിറഞ്ഞ ദിനമായിരുന്നു.

“ഹിസ്‌റ്റോ മാഷേ, എന്‍റെ വീട്ടിലും ആലോചനക്കാർ വരുന്നുണ്ട്.” ഷേക്ക്‌മിസ് ഒന്ന് രണ്ടു തവണ പരിഭവം പറയുന്നത് കേട്ടവരുണ്ട്. അപ്പോഴൊക്കെ നല്ല സങ്കടം മുഖത്ത് വായിക്കാമായിരുന്നു എന്ന് ഇതേപ്പറ്റി സാക്ഷാൽ ജോഷി ജി പറഞ്ഞിട്ടുണ്ട്. ആ സമയങ്ങളിൽ ഡേവിസ് മാഷിന്‍റെ സ്വതസിദ്ധമായ ചിരി കണ്ടു പഠിക്കേണ്ടതാണ്. താമസിയാതെ അദ്ദേഹത്തിന് സർക്കാർ സ്കൂളിൽ സ്ഥിരം നിയമനം ലഭിക്കുകയാണ്. എന്നാൽ ഈ വിവരം അദ്ദേഹം വെളിയിൽ വിട്ടിട്ടില്ല. അന്നൊരു തിങ്കളാഴ്ച ഡേവിസ് മാഷിന്‍റെ ചെലവുണ്ടായിരുന്നു. തുടർന്ന് ജോഷി ജി വെടി ഉതിർത്തു. കാര്യം വെളിപ്പെടുത്തി.

സീനിയർ ടീച്ചർമാരെല്ലാം ഡേവിസ് മാഷിനെ അടുത്ത് ചെന്ന് അനുമോദിച്ചു. ഞാൻ ഷാർലറ്റ് മാഡത്തെ ശ്രദ്ധിക്കുകയായിരുന്നു. അക്കാലത്ത് തേപ്പ് എന്ന പ്രയോഗം പ്രചാരത്തിലില്ല. പാവം മിസ്, അവർ കണ്ണീർ പൊഴിക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത ദിവസം ഡേവിസ് മാഷ് സ്ഥലം വിടുകയാണ്. ഷാർലറ്റ് സ്റ്റാഫ്‌ റൂമിൽ കുറെനേരം തല കുമ്പിട്ടിരുന്നു.

പാവം ഞങ്ങൾ ജാക്കികൾ എന്താ ചെയ്ക! ഞങ്ങൾ മിസ്സിനെ സമാധാനിപ്പിച്ചു. “നമുക്ക് ഒരു ലെറ്റർ ഇടാം മിസ്സ്‌ ” ജോഷി പറഞ്ഞു. ഷാർലറ്റ് അര സമ്മതം മൂളി.

“എന്‍റെ പ്രിയ ഹിസ്‌റ്റോ മാഷ്, സുഖമാണോ?” ഞാനാണ് കത്ത് തയ്യാറാക്കുന്നത്.

“സാർ, ഇത് കേൾക്കണം. എനിക്ക് അതിനുള്ള ഗട്സ് ഇല്ലായിരുന്നു. അങ്ങനെ പറയാനുള്ള ഗട്സ്. അതിനാലിപ്പോൾ ഞാനെഴുതുകയാണ്. ഹിസ്‌റ്റോ മാഷിനെ ഭയങ്കരമായി ഇഷ്ടമുണ്ട്. പറയാൻ അന്ന് ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. നമ്മുടെ വിവാഹം സമ്മതിക്കണം. അല്ലെങ്കിൽ… എനിക്ക് താങ്ങാൻ കഴിയില്ല മാഷേ. നമുക്ക് ഒരുമിച്ചൊരു ജീവിതം ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട മാഷ്, സമ്മതിച്ചു എന്നുള്ള മറുപടി പ്രതീക്ഷിക്കുന്നു.”

ഒരാഴ്ച കഴിഞ്ഞു മറുപടി വന്നിരിക്കുന്നു. വിഷമത്തിലായിരുന്ന ഷാർലറ്റ് മിസ്സിനരികിൽ ചെന്ന് ഒരുപാട് നിർബന്ധിച്ചപ്പോൾ കാണിച്ചതാണ്.

“പ്രിയ ഷാർലറ്റ്,

മിസ്സിന്‍റെ കത്ത് വായിച്ച് എനിക്കാകെ മനോവ്യഥയായി… നോക്കു, ഷേക്ക്‌ മിസ്, നമുക്ക് എന്നെന്നത്തേക്കും ഇഷ്ടത്തോടെ കഴിയാം. എനിക്ക് വിവാഹം ഒന്നും ഉടനെ പറഞ്ഞിട്ടില്ല. ദയവായി മനസിലാക്കൂ… ഉടനെങ്ങും ചിന്തിക്കാൻ കൂടി പറ്റില്ല. അങ്ങനെയാണെന്‍റെ അവസ്ഥ. ധൈര്യമായിരുന്ന് ജീവിതം മുന്നോട്ടു കൊണ്ടു പോകു… ലവ് യു.. മിസ്സ്‌ യൂ!” ഇങ്ങനെ ആയിരുന്നു കത്തിന്‍റെ പോക്ക്.

സ്റ്റാഫ് റൂമിൽ വീണ്ടും ശാന്തമായ ദിനങ്ങൾകടന്നു പോയി.

ഒരു മാസം കഴിഞ്ഞില്ല. ജോഷി മാഷ് കുറച്ചു കുറിയുമായി ആണ് എത്തിയിരിക്കുന്നത്.

“ആദ്യം ഗീത മിസിനിരിക്കട്ടെ!” ടീച്ചർമാർക്കെല്ലാം ജിജ്ഞാസയായി.

“ഹിസ്‌റ്റോ മാഷിന്‍റെ കല്യാണമോ!” ഗീതാ മിസ് ആശ്ചര്യപ്പെട്ടു. സ്റ്റാഫ് റൂം ഒന്നാകെ ഇളകിവശായി.

കുറച്ചു കഴിഞ്ഞു കണ്ണുകൾ കലങ്ങിയാണ് ഷാർലറ്റ് എത്തിയത്. അവർ കൈയിൽ ഇരുന്ന പുസ്തകം ടേബിളിലേക്ക് നീട്ടി എറിഞ്ഞു. മുഖം കുനിച്ചു തലകുമ്പിട്ടിരുന്നു. ജാക്കീസ് പതിവു പോലെ അടുത്ത് കൂടി.

“മിസ്സ്‌, ഷേക്ക്‌ മിസ്! ” ജോഷിയുടെ മൃദുവായ വിളി വന്നാൽ കേൾക്കാത്തവരില്ല. അവർ തല ഉയർത്തി. “വരൂ നമ്മൾക്ക് അപ്പുറത്തെ റൂമിലേക്ക് പോവാം.” ജയയും നിർബന്ധിച്ചു. അവർ പതിയെ എഴുന്നേറ്റു. “ടീച്ചർ ഇങ്ങനെ വിഷമിക്കാതെ. നമക്കെന്ത് ചെയ്യാനാവും. സമാധാനം കിട്ടാൻ പ്രാർഥിക്കാം. ഹായ്, കമോൺ ടീച്ചർ എന്തെങ്കിലുമൊന്നു പറയൂ.”

കുറച്ചു നേരത്തേക്ക് നിശബ്ദത. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

“മാഷേ നമുക്ക് ഒരു കത്തൂടെ എഴുതാം,” ഷാർലറ്റ് തന്നെ ആണ് പറഞ്ഞത്.

“യ്യോ, അതു വേണോ. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞതല്ലേ,” ജയ പേടിച്ചു.

“വേണം. ഞാൻ പറഞ്ഞു തരാം. ജോഗ്രഫി മാഷ് ഒന്നെഴുതിയാൽ മതി,” അവർ കണ്ണീർ തുടച്ചു.

ഞങ്ങൾ വഴങ്ങി.

“പ്രിയ ഹിസ്‌റ്റോ മാഷ്,

എന്‍റെ നില തെറ്റുന്നു. എനിക്കിനി ജീവിക്കണ്ട… എന്‍റെ മാർഗം തീരുമാനിച്ചു കഴിഞ്ഞു. അത് അങ്ങ് കുഴിമാടത്തിലേക്ക്‌ തന്നെ. മാഷ് പറ്റുമെങ്കിൽ എന്നെ ഒന്ന് വന്നു കണ്ടിട്ട് പോകണം.

അന്നത് ഞാൻ ചെയ്യുക തന്നെ ചെയ്യും. എനിക്ക് അങ്ങനെ പറയാൻ ഇപ്പോൾ ധൈര്യം വരുന്നുണ്ട്, സത്യം. അവസാനമായി പറയുന്നു, ഡേവിസ് മാഷ്, ഞാൻ പോകട്ടെ!

ഷാർലറ്റ് ”

എഴുതിയ പേപ്പർ അവർ വാങ്ങി ചുംബിച്ചു. “ഇന്ന് തന്നെ അയയ്ക്കട്ടെ!” അവർ കത്തുമായി ധൃതിയിൽ പുറത്തേക്ക് പോയി. അവരുടെ മുഖഭാവം ഞങ്ങളെ അങ്കലാപ്പിലാക്കി. മിസ് അവിവേകം ഒന്ന് കാട്ടരുതേ!

ആ കത്തിന് മറുപടി വന്നതായി അറിവില്ല. ഏതായാലും ജോഷി ജി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഡേവിസ് ഇതിനകം കക്ഷിയോട് ബന്ധപ്പെട്ടിട്ടുണ്ടോ ആവോ! ഞങ്ങൾ കുറച്ചു പേർ ഹിസ്‌റ്റോ മാഷിന്‍റെ കല്യാണം കൂടി. “സാർ പെണ്ണ് സുന്ദരിക്കുട്ടി,” സോമി മിസ്സ്‌ പറഞ്ഞു. “ഹിസ്‌റ്റോ മാഷ്, ബെസ്റ്റ് ചോയിസ്,” കാതറിൻ കൂട്ടിച്ചേർത്തു. “ഉഗ്രൻ പാർട്ടി, സാർ” ജോഷി ജി അഭിപ്രായപ്പെട്ടു. എച്ച്.എം. ഭാര്യയെയും കൂട്ടി അഭിനന്ദനങ്ങൾ അറിയിച്ചു. വീണ്ടും കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം.

സ്കൂളിൽ തുടർന്നുള്ള വർഷങ്ങളിലും പലരുടെയും കല്യാണം നടന്നു. പലരും പാർട്ടികൾ നടത്തി പുതിയ ജോലി സ്ഥലങ്ങളിലേക്ക് പോയി. ഇപ്പോൾ പലരും തമ്മിൽ കാര്യമായ ബന്ധം ഒന്നുമില്ല. മൊബൈൽ കാലത്തിനും മുമ്പേ നടന്നിട്ടുള്ള കാര്യങ്ങളാണെ!

ജാക്കീസ് പല ദേശങ്ങളിൽ മര്യാദക്കാരായി കഴിയുന്നു. ബാക്കിയുള്ളവരും സന്തുഷ്ടരായി കഴിയുന്നുണ്ടാവും എന്ന് കരുതുന്നു.

ഈ അഭിരാമിയുടെ ഒരു കാര്യം…

അഭിരാമിയ്ക്ക‌് ആകപ്പാടെ ഒരു  വല്ലായ്‌മ പോലെ. ഒരിടത്തിരുന്നി ട്ട് ഒരു സമാധാനവും കിട്ടുന്നില്ല. കാരണം മറ്റൊന്നുമല്ല, പുതിയതായി പണി കഴിപ്പിച്ച കാപ്പുവളയും വജ്ര മോതിരവും കുട്ടുകാരികൾക്കു മുന്നിൽ പ്രദർശിപ്പിക്കാനാവാത്തതിലുള്ള അമർഷമാണ്.

അവൾ അസ്വസ്‌ഥതയോടെ കൈയിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് മുറിയിലൂടെ നാലഞ്ചുവട്ടം നടന്നു. ഇടയ്ക്ക് ഡ്രസ്സിംഗ് റൂമിലെത്തി കണ്ണാടിക്കു മുന്നിൽ നിന്ന് കൈയിലണിഞ്ഞിരിക്കുന്ന മോതിരത്തിന്‍റെയും വളയുടെയും ഭംഗി ആസ്വദിക്കും. അതിനിടയിൽ അലമാര തുറന്ന് ഏതു സാരിയാണ് ഉടുക്കേണ്ടതെന്ന് കാര്യമായി തിരയുവാനും തുടങ്ങി.

“പാർട്ടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ സാരി സെലക്റ്റ് ചെയ്‌തതുകൊണ്ടുമാത്രം എന്തു പ്രയോജനം?’ നിരാശാഭാവത്തോടെ പിറുപിറുത്തുകൊണ്ട് അഭിരാമി അലമാര ആടച്ചു.

“നീയെന്തിനാ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത്. എവിടെയെങ്കിലും ഒരിടത്ത് അടങ്ങിയിരിക്ക്.” അഭിരാമിയുടെ ദേഷ്യവും സങ്കടവും കലർന്ന മുഖഭാവം കണ്ട് ഭർത്താവ് സന്ദീപ് പറഞ്ഞു.

“നിങ്ങളെന്തിനാ കണ്ണുമിഴിച്ച് നോക്കുന്നത്, സുഖമില്ലെങ്കിൽ മിണ്ടാതെ കിടന്ന് ഉറങ്ങിയാൽ പോരേ മനുഷ്യാ” അഭിരാമി പല്ലിറുമ്മി.

“നീ ശബ്ദമുണ്ടാക്കി മുറിയിലൂടെ ഓടി നടന്നാൽ ഞാനെങ്ങനെയാ ഒന്ന് സ്വസ്‌ഥമായി ഉറങ്ങുന്നത്?”

“ജയശ്രീയുടെ വീട്ടിൽ നടത്തുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്ന് ഞാൻ കഴിഞ്ഞ ആഴ്‌ച തന്നെ നിങ്ങളോടു പറഞ്ഞിരുന്നതല്ലേ? ആ ദിവസം തന്നെ പനിപിടിച്ച് കിടപ്പിലുമായി. നിങ്ങൾക്ക് കുറച്ചുശ്രദ്ധിച്ചുകൂടേ, പനി വരാൻ കണ്ട സമയം.” അഭിരാമിയുടെ സ്വരം കുറ്റപ്പെടുത്തുന്നതായിരുന്നു.

“നിന്‍റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ കരുതിക്കൂട്ടി അസുഖം വരുത്തിയതാണെന്ന്. നീയെന്തിനാ വിഷമിക്കുന്നേ, എല്ലാ മാസവും മുറയ്ക്ക് ബർത്ത്‌ഡേ പാർട്ടിയും കിറ്റി പാർട്ടിയുമൊക്കെ നടത്തുന്നുണ്ടല്ലോ. തൽക്കാലം ഇന്നത്തെ പാർട്ടി ഒഴിവാക്കണം, അത്രയല്ലേയുള്ളൂ.”

ഇതുകേട്ട അഭിരാമിയുടെ മുഖത്ത് നിരാശ നിഴലിച്ചു. “ഈ വളയും മോതിരവുമൊക്കെ എല്ലാവരേയും കാണിക്കാൻ ഇനിയും ഒരു മാസം കാത്തിരിക്കണമെന്നോ? എന്തായാലും ഈ വജ്രമോതിരം രമ്യയെ കാണിക്കാതെ പറ്റില്ല. അവൾ കഴിഞ്ഞമാസം ഒരു തുക്കടാ മോതിരവും കൊണ്ട് വന്നിരുന്നു. ഹൊ! അവളുടെ മട്ടുംഭാവവും ഒന്നു കാണേണ്ടതായിരുന്നു.”

“ഇതാണോ ഇത്ര വലിയ കാര്യം, നിനക്ക് അടുത്ത മാസം ഇതൊക്കെ പ്രദർശിപ്പിക്കാമല്ലോ.” സന്ദീപ് ആശ്വസിപ്പിച്ചു.

“ഒഹ്! നിങ്ങളെക്കൊണ്ട് തോറ്റു. അടുത്തമാസം ആരൊക്കെയുണ്ടാവുമെന്നാർക്കറിയാം. അതുവരെ കാത്തിരുന്നാൽ എനിക്ക് വല്ല ഭ്രാന്തും പിടിക്കും.”

“എന്നാ പിന്നെ ഇനി ഒരൊറ്റ ഉപായമേയുള്ളു. നീയെനിക്കൊരു ഉറക്ക ഗുളിക താ. ഞാൻ മിണ്ടാതെ ഇവിടെയെങ്ങാനും കിടന്നുറങ്ങാം. നിനക്ക് സമാധാനമായി പാർട്ടിയ്ക്കും പോകാമല്ലോ.”

“ഒഹ്! നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നും എപ്പോഴും എന്നെക്കുറിച്ചുള്ള വിചാരമാണ് നിങ്ങൾക്കെന്ന്.”

“സാരമില്ല നീ ധൈര്യമായി പൊയ് ക്കോ, ഒരു മണിക്കുറിന്‍റെ കാര്യമല്ലേയുള്ളു. ഞാൻ ഉറങ്ങിയും ടി.വി. കണ്ടു. മൊക്കെ സമയം ചെലവഴിച്ചോളാം. എനിക്ക് ഒരു ഗ്ലാസ്സ് ചായ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അവിടെ വച്ച് ആരെങ്കിലും എന്നെ അന്വേഷിച്ചാൽ സുഖമില്ലെ ഒന്നൊന്നും പറയേണ്ട.”

സന്ദീപിനു ചായയുണ്ടാക്കി കൊടുത്തശേഷം ഡ്രസ് ചേഞ്ച് ചെയ്‌ത് അഭിരാമി പാർട്ടിയിലെത്തിയപ്പോഴേക്കും സമയം മൂന്നുമണിയോടടുത്തിരുന്നു. അയ്യോ! ഇതെന്തു പറ്റി? നമ്മുടെ ‘പങ്ചൽ ക്വീൻ’ ഇന്നെന്താ ലേറ്റായത്?” ചോദ്യങ്ങൾ ഉയർന്നു.

കൈയിലണിഞ്ഞ വളയും മോതിരവും എല്ലാവരേയും കാണിക്കുവാനായി അവൾ നെറ്റിയിൽ വീണ മുടിച്ചുരുൾ വശത്തേയ്ക്ക് വകഞ്ഞു മാറ്റി. “ഇടയ്ക്കൊക്കെ വൈകി വരുന്നതും നല്ലതല്ലേ. ദാ ഇപ്പോ തന്നെ കണ്ടില്ലേ ഞാൻ പങ്‌ചൽ കീൻ ആണെന്ന കാര്യം ഇപ്പോഴാ അറിയുന്നത്.”

നന്ദന പെട്ടെന്ന് അഭിരാമിയുടെ കൈയിലെ വള ശ്രദ്ധിക്കാനിടയായി. ഇതു മനസ്സിലാക്കിയ രമ്യ ഇടയ്ക്കു കയറി അഭിപ്രായം പറഞ്ഞു. “അറിഞ്ഞോ, ഇന്നലെ റോസിയുടെ ഭർത്താവിന് ഒരു ആക്സിഡൻറുണ്ടായി. തലനാരിഴയ്ക്കാ രക്ഷപ്പെട്ടത്” എല്ലാവരേയും നോക്കി രമ്യ തുടർന്നു. എന്‍റെ ഭർത്താവിനും ഒരാക്‌സിഡൻറുണ്ടായി. എന്തു പറയാനാ. ഇപ്പറഞ്ഞതിലും ഭയങ്കരമായിരുന്നു. ചേട്ടൻ രക്ഷപ്പെട്ടത് എങ്ങനെയെന്നോർത്ത് എല്ലാവരും അത്ഭുതപ്പെട്ടു. മരുമകളുടെ ഭക്‌തിയും പാതിവ്രത്യവും കൊണ്ടുമാത്രമാണ് എന്‍റെ മകൻ അപമൃത്യുവിൽ നിന്നും രക്ഷപ്പെട്ടതെന്ന് അമ്മായിയമ്മ പറഞ്ഞതുകേട്ടപ്പോൾ സന്തോഷംകൊണ്ട് എന്‍റെ കണ്ണു നിറഞ്ഞു.

രമ്യയുടെ പൊങ്ങച്ചം കേട്ട് കൂടി നിന്നവർ പുച്‌ഛത്തോടെ പരസ്‌പരം നോക്കി ചിരിച്ചു. അടുത്തത് തന്‍റെ ഊഴമാണെന്ന ഭാവേന ശ്രുതി സംസാരം തുടർന്നു. “വാസ്തവം പറഞ്ഞാൽ രമ്യ പറഞ്ഞതിലും കാര്യമുണ്ട്. കഴിഞ്ഞവർഷം നവംബറിൽ എന്‍റെ ഭർത്താവിനു ബ്ലഡ് പ്രഷർ വല്ലാതെ കുടി. ഡോക്‌ടർ ടെസ്‌റ്റു ചെയ്‌തപ്പോൾ 240. പക്ഷേ ഇതിയാൻ മുഖഭാവം കണ്ടാൽ അസുഖമാണെന്നേ പറയില്ല. ഇത്ര ഹൈ ബി.പി.യിലും ഇങ്ങേരെങ്ങനെ എഴുന്നേറ്റു നടക്കുന്നുവെന്നോർത്ത് ഡോക്ടർക്കുപോലും ആശ്ച്ചര്യംതോന്നി. ഈ അവസ്‌ഥയിൽ എന്തും സംഭവിക്കാം. ബ്രെയിൻ ഹെമറേജ്, ഹാർട്ട് അറ്റാക്ക്… ബി.പി. 240 ആയത് അത്ര നിസ്സാരമാണോ. ശ്രുതിയുടെ പാതിവ്രത്യവും സ്നേഹവും ഒന്നുമാത്രമാണ് സജീവിനെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വന്നതെന്ന് സുഹ്യത്തു ക്കൾ പറഞ്ഞു. അല്ലെങ്കിൽ പിന്നെ ബി.പി. 200 ആവുമ്പോഴേക്കും ആളു തട്ടിപ്പോവേണ്ടതല്ലേ.”

ഒരു വിഷയത്തിനു തുടക്കം കിട്ടിയെന്നതുപോലെ കിറ്റി പാർട്ടിയ്ക്കെത്തിയ ഓരോരുത്തരായി അവരവരുടെ സത്യവാൻ സാവിത്രി ചരിത്രം വിളമ്പുവാൻ തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ ഭർത്താവിനു ചെറിയൊരു ഹാർട്ട് അറ്റാക്ക്, പിന്നെ പക്ഷിപ്പനി… ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം… തക്കാളിപ്പനി…. എലിപ്പനി… ഭൂത പ്രേതബാധയിൽ നിന്നും ഭർത്താവിനെ രക്ഷിച്ച കഥ വേറെയും പൊന്തിവന്നു.

ചുരുക്കത്തിൽ കീറ്റി പാർട്ടിയ്ക്ക് എത്തിയവരെല്ലാം ശീലാവതികളായിരുന്നു. തങ്ങളുടെ ‘നല്ല നടപ്പ്’ ഭർത്താക്കന്മാരെ മരണത്തിൽ നിന്നും രക്ഷിച്ചതായാണ് എല്ലാവരും സ്‌ഥാപിച്ചത്. ചർച്ചയ്ക്കിടയിൽ അഭിരാമിയുടെ വളയും മോതിരവും ആരും ശ്രദ്ധിച്ചില്ല. പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയ കഥകളൊന്നും അഭിരാമിയുടെ പക്കൽ ഇല്ലായിരുന്നു താനും.

ഭക്ഷണം കഴിച്ച് എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങി. അഭിരാമി മാത്രം ആകെ മൂഡോഫായിരുന്നു. പാർട്ടിയിൽ ആക്‌സിഡന്‍റ് വിഷയം എടുത്തിട്ട രമ്യയോട് അവൾക്ക് അടക്കാനാവാത്ത ദേഷ്യം തോന്നി.

വാസ്തവത്തിൽ ‘സെൻറർ ഓഫ് അട്രാക്ഷൻ’ ആകേണ്ടിയിരുന്നത് തന്‍റെ വളയും മോതിരവുമായിരുന്നു. എന്നാൽ ശ്രദ്ധ തിരിച്ചുവിട്ട് എല്ലാം തുലച്ചില്ലേ ആ രമ്യ. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സന്ദീ പ് ടി.വി. പരിപാടികൾ കണ്ടുകൊണ്ടിരിക്കുകയാണ്. “എന്തായി, കൂട്ടുകാരികൾക്ക് നിന്‍റെ വളയും മോതിരവുമൊക്കെ ഇഷ്ടമായോ?” സന്ദീപ് അല്‌പം പരിഹാസത്തോടെ ചോദിച്ചു.

“മണ്ണാങ്കട്ട… മോതിരവും വളയുമൊന്നും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആ ഭയങ്കരി രമ്യയാണ് കാരണം. എന്‍റെ ഇന്നത്തെ ദിവസം തന്നെ പാഴായെന്ന് പറഞ്ഞാൽ മതിയല്ലോ. എന്‍റെ വളയും മോതിരവും അവൾ തീർച്ചയായും കണ്ടു കാണും. എല്ലാവരും അതിൽ ശ്രദ്ധിക്കുമെന്ന അസൂയകൊണ്ട് അവൾ റോസിയൂടെ ഭർത്താവിന്‍റെ ആക്‌സിഡന്‍റ വിഷയം അവതരിപ്പിച്ചതാണ്. സംശയമില്ല.” അഭിരാമിയുടെ ശബ്ദമിടറി.

“ഇതുനല്ല തമാശ, ഒന്നര മണിക്കൂറും റോസിയുടെ ഭർത്താവിന്‍റെ ആക്‌സിഡന്‍റിനെക്കുറിച്ചാണോ അവിടെ സംസാരരമുണ്ടായത്.” സന്ദീപ് തിരക്കി.

“എന്തു പറയാനാ, പിന്നീട് ഓരോരുത്തരായി തുടങ്ങിയില്ലേ പുരാണപാരായണം, ഭർത്താക്കന്മാരെ വലിയ ആപത്തിൽ നിന്നും രക്ഷിച്ച കഥകൾ! എനിക്കൊരുത്തിയ്ക്ക് മാത്രം ഒന്നും പറയാനില്ലാതെ നിൽക്കേണ്ടിവന്നു. അവരുടെയൊക്കെ ഭർത്താക്കന്മാർക്ക് നല്ല ഹൈ ഫൈ രോഗങ്ങളല്ലേ പിടിപെട്ടത്. നിങ്ങൾക്കാകട്ടെ ഒരു നിസ്സാര പനിമാത്രം, എന്തെങ്കിലും ഗുരുതരരോഗമായിരുന്നെങ്കിൽ കൂട്ടുകാരികളോട് അഭിമാനത്തോടെ പറയാമായിരുന്നു!” അഭിരാമി എഴുന്നേറ്റ് ചവിട്ടിത്തുള്ളി അകത്തേയ്ക്ക് പോയി. “ഇനി ഇവളുടെ പ്രാർത്ഥന കാരണം എനിക്കെങ്ങാനും ബ്രെയിൻ ട്യൂമർ വരുമോ… അയ്യോ… എന്നെ രക്ഷിക്കണേ..” തലവേദന സഹിക്കാനാവാതെ സന്ദീപ് നെറ്റി തടവി.

എന്‍റെ പേരാണ് ഭർത്താവ്!

ഭർത്താവിനെ ചൊൽപ്പടിക്ക് നിർത്തുന്നതിൽ ചില ഭാര്യമാർ ബഹുകേമികളാണെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും വിവാഹിതനായതോടെയാണ് യഥാർത്ഥത്തിൽ എനിക്കത് മനസ്സിലായിത്തുടങ്ങിയത്. ഭർത്താവിന്‍റെ തീരുമാനങ്ങളെല്ലാം തകിടം മറിച്ച് തന്‍റെ അധികാരം സ്ഥാപിക്കാനുള്ള വ്യഗ്രത ഭാര്യ കഴിഞ്ഞേ മറ്റാർക്കും ഉണ്ടാകൂ എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ലായിരുന്നു.

ഒരു അവധി ദിവസം ഭാര്യയേയും കൂട്ടി പുറത്തൊന്നു കറങ്ങാമെന്നു ഞാൻ കരുതി. “ഡാർലിംഗ്, നമുക്കിന്നു വൈകു ന്നേരം ‘ജോധാ അക്‌ബർ’ കാണാൻ പോയാലോ?” ഞാൻ സ്നേഹത്തോടെ അവളോടു ചോദിച്ചു.

അവൾ കേട്ടഭാവം പോലും നടിച്ചില്ല. തീരെ സമയമില്ലെന്ന മട്ടിൽ അവളെന്നെ ഗർവ്വോടെ നോക്കി. “എന്തൊക്കെയാ ഈ പറയുന്നത്. സിനിമ കാണാനോ, ഇന്നെനിക്കൊരു കിറ്റി പാർട്ടിയുണ്ട്…” അവൾ തറപ്പിച്ചു പറഞ്ഞു.

കിറ്റി പാർട്ടിയിൽ പങ്കെടുക്കാതിരിക്കുന്നതിനെക്കുറിച്ച് അവൾക്ക് ആലോചിക്കാനേ വയ്യ. ദേഷ്യപ്പെട്ടിരിക്കുന്ന പൂച്ചയുടേതു പോലെ ഞാനൊന്നു മുരണ്ടു. പല്ലിറുമ്മി ദേഷ്യമടക്കി. തൽക്കാലം യാതൊന്നും മിണ്ടാതിരിക്കുന്നതാ ബുദ്ധിയെന്ന് എനിക്ക് തോന്നി. ഊതിവീർപ്പിച്ച ബലൂണിൽ പിൻ കൊണ്ട് കുത്തിയാലെന്നപോലെ നിമിഷ നേരത്തിനകം എന്‍റെ സിനിമാമോഹവും പൊട്ടിപ്പോയി! കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് ഭാവിയ്ക്ക് നല്ലതെന്ന് എനിക്ക് തോന്നിത്തുടങ്ങി…

ഭർത്താവിനെ നിലയ്ക്കു നിർത്തുവാനും മെരുക്കുവാനുമുള്ള മാന്ത്രികവിദ്യ സ്ത്രീകൾ എവിടെനിന്നാണ് അഭ്യസിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഒരുപക്ഷേ അമ്മമാരിൽ നിന്നാവുമോ, അതുമല്ലെങ്കിൽ കൂട്ടുകാരികളിൽ നിന്നോ, അതോ ടിവി സീരിയലിലെ വില്ലത്തികളിൽ നിന്നാവുമോ? കുടുംബ ജീവിതമെന്ന യുദ്ധക്കളത്തിൽ അവരെന്തൊക്കെ യുദ്ധമുറകളാണ് നിരന്തരം പയറ്റുന്നത്! അവസാനം ഒന്നും പണയപ്പെടുത്താനില്ലാത്തവനെപ്പോലെ നിസ്സഹായനായി ഭർത്താവിന് അടിയറവു പറയേണ്ടതായും വരുന്നു.

മുമ്പ് താൻ നിശ്ചയിച്ചുറപ്പിച്ച പരിപാടികളൊക്കെ തകിടം മറിഞ്ഞതിനു പിന്നിൽ അവളുടെ കൈകളാണെന്നറിഞ്ഞതിനാൽ ഞാൻ ഇപ്പോൾ ശ്രദ്ധിച്ചാണ് കളിക്കുന്നത്. ഇവളെനിക്ക് ആപത്ത് വരുന്നരീതിയിലുള്ള കളിയായിരിക്കും പുറത്തെടുക്കുക. ഇല്ലെങ്കിൽ എന്‍റെ ആത്മാഭിമാനവും ആത്മവിശ്വാസവും തകർക്കാനായുള്ള എന്തെങ്കിലും ഗുഢാലോചനയായിരിക്കും.

ഈയിടെയുള്ള അവളുടെ പെരുമാറ്റം എന്നെ ശരിയ്ക്കും കുഴക്കിയിരിക്കുകയാണ്. ഞങ്ങളുടെ വീട്ടിൽ ഇരു പാർട്ടികളിലേതെന്നപോലെ പരസ്‌പരം പഴിചാരലും പോർവിളിയും സാധാരണമായിത്തീർന്നു. സുശക്തയായ നേതാവിനെപ്പോലെയാണ് എന്‍റെ സഹധർമ്മിണിയുടെ ഇടപെടൽ. കിട്ടിയാൽ ഭരണപക്ഷത്തിന്‍റെ കാലുവാരാനുള്ള ശ്രമം. ഒരായിരംവട്ടം അവളോട് ഇതേക്കുറിച്ച്  ചോദിക്കണമെന്നു തോന്നിയതാ. നേരായ ചോദ്യങ്ങൾ വെറുതെ വളച്ചൊടിക്കുന്നത് എന്തിനാണെന്നെനിക്ക് മനസ്സിലായില്ല. ഭർത്താവ് പ്ലാൻ ചെയ്യുന്ന പദ്ധതികളൊക്കെയും നിമിഷനേരത്തിനകം തകർത്ത് കാറ്റിൽ പറത്തുന്നതിനുവേണ്ടിയാണോ ഭാര്യയെ സൃഷ്ടിച്ചിരിക്കുന്നതെന്നു തോന്നും. ഇവളുടെ ഈ പ്രത്യേക സിദ്ധിയ്ക്കുമുന്നിൽ ഭർത്താവായ ഞാൻ നിസ്സ ഹായനായിത്തീരും. സ്വേച്ഛ‌ാധിപതിയെപ്പോലെയാണ് അവളുടെ പെരുമാറ്റം.

“ഞാൻ ഒരു പാർട്ടിക്ക് പോവുകയാണ്, മടങ്ങി വരുമ്പോഴേക്കും നിങ്ങൾ മാർക്കറ്റിൽപ്പോയി ഫ്രൂട്ട്സും പച്ചക്കറിയുമൊക്കെ വാങ്ങി വയ്ക്കൂ. ഞാനെങ്ങാനും വരാൻ വൈകിയാൽ ദാ, ഈ രണ്ടുമൂന്ന് സാരി പ്രസ്സ് ചെയ്തു‌ വയ്ക്കണേ, പിന്നെ വീട്ടിൽ ഒരു പ്രത്യേക ശ്രദ്ധവേണം.” വീട്ടിലെ ബോസായ അവൾ എനിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളെല്ലാം നൽകി അപ്രത്യക്ഷയായി. എനിക്കു നിശ്ശബ്ദനായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. എന്നെ എത്ര നന്നായിട്ടാ ഇവൾ ഭരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞെങ്കിലും മനസ്സിനെ സ്വയം സാന്ത്വനിപ്പിച്ചു. ആജ്‌ഞാനുവർത്തിയായ ഭർത്താവിന്‍റെ ഗുണങ്ങൾ സാവകാശം എന്നിൽ പ്രകടമായിത്തുടങ്ങി. അറബിയുടെ അടിമയെപ്പോലെ ഞാൻ നിശ്ശബ്ദനായി ജോലികൾ ഓരോന്നായി ചെയ്തു തീർത്തു. ഭാര്യയുടെ ചൊൽപ്പടിക്കു തുള്ളുന്ന ഭർത്താക്കന്മാരുടെ സങ്കടം അപ്പോഴാണ് എനിക്ക് മനസ്സിലായത്. തിരിച്ചെത്തിയ അവൾ തന്‍റെ ലക്ഷ്യം സഫലീകരിച്ചതിന്‍റെ ചാരിതാർത്ഥ്യത്തിൽ ഒരു ദീർഘനിശ്വാസംവിട്ട് പുഞ്ചിരിപൊഴി ച്ചു. “റോസാ പുഷ്പം പോലിരുന്ന ചേട്ടൻ മുഖമെന്താ പെട്ടെന്നു വാടിയത്. വെറുതെ ദേഷ്യപ്പെടേണ്ട, ഈവനിംഗ് ഷോയ്ക്ക് പോകാൻ സാധിച്ചില്ലെന്നോർത്ത് സങ്കടപ്പെടണ്ട. നൈറ്റ് ഷോയ്ക്കെങ്കിലും നമുക്ക് ‘ജോധാ അക്ബർ കാണാൻ പോകാം. സിനിമ തുടങ്ങാനിനിയും ഏറെ സമയമുണ്ടല്ലോ” അവൾ അടുത്ത പദ്ധതി പ്ലാൻ ചെയ്യുകയാണ്.

“നമുക്ക് “ടോപ്പ് ആന്‍റ് ടൗണി’ൽ പോയി അടിപൊളി ഡിന്നർ കഴിച്ചാലോ? എനിക്കും സന്തോഷമായി, നിങ്ങൾക്കും സന്തോഷമായില്ലേ?” അവളുടെ അഭിപ്രായത്തിന് എതിരൊന്നും പറയാനാവാതെ അനുസരണയോടെ എനിക്ക് തലകുലുക്കേണ്ടിവന്നു. ഇതുകണ്ട് തന്‍റെ ഭാഗം വിജയിച്ചെന്ന മുഖഭാവത്തോടെ അവൾ അകത്തേക്കു പോയി.

ബിന്ദുവിനെ ഞാൻ ഇന്നും ഇന്നലെയുമൊന്നുമല്ലല്ലോ കാണാൻ തുടങ്ങിയത്. എങ്ങനെയും കാര്യം കാണാൻ ബഹുമിടുക്കിയാണവൾ. “സമയം ഏറെ വൈകിയല്ലോ ചേട്ടാ, ഇനി അത്താഴം പുറത്തുനിന്നാക്കിയാലോ” എന്നെല്ലാം പറഞ്ഞ് അതിന്‍റെ ഭാരം എന്‍റെ ചുമലിൽ വച്ചുതരും. പിക്‌ചർ കാണാൻ പോകാതിരിക്കാനുള്ള ഒരു കാരണവും എനിക്കു കണ്ടെത്താനായില്ല. ഞാൻ തയ്യാറാവാൻ തുടങ്ങി.

ബിന്ദുവിനൊരു പ്രത്യേകത കൂടിയുണ്ട്. മൗനവ്രതം. ഭാര്യ നിശ്ശബ്ദയായിരിക്കുമ്പോൾ ഭർത്താവിന്‍റെ കോപാഗ്നി പതിന്മടങ്ങ് വർദ്ധിക്കും. എന്‍റെ മുഖത്തിന്‍റെ വൈരൂപ്യം കാണിക്കുന്നതിനായി അവൾ എന്‍റെ മുന്നിൽ കണ്ണാടി കൊണ്ടു വന്നു കാണിക്കും. “നോക്കൂ, നിങ്ങളുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തിട്ടുണ്ടല്ലോ, കണ്ടാൽ ആരും ഭയന്നുപോകും കേട്ടോ.” ഇതുകേൾക്കുമ്പോൾ ഇവളോടൊക്കെ കോപിക്കാൻ പോയ എനിക്കു ലജ്ജ തോന്നിപ്പോകും.

വിവാഹിതനാവുന്നതോടെ പുരുഷന് എത്രമാത്രം അഡ്‌ജസ്റ്റ് ചെയ്യേണ്ടതായിവരുമെന്ന വസ്തുത എനിക്ക് മനസ്സിലായി. കോപാകുലയായ ഭാര്യയെ സമാധാനിപ്പിച്ചുതന്നെ ഭർത്താവിന്‍റെ പകുതി ആയസ്സും നഷ്ടമാവും.

“ഭർത്താവിനെ ചൊൽപ്പടിക്കു നിർത്താൻ ഭാര്യയ്ക്കു സാധിക്കും.” അവൾ സുഹ്യത്തിനോട് സംസാരിക്കുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയത് ഇന്നലെയാണ്. എന്തായാലും എന്‍റെ കാര്യത്തിൽ തീരുമാനമായി. ഞാൻ എന്നും എന്‍റെ ഭാര്യയ്ക്ക് വേണ്ടപ്പെട്ട വേലക്കാരനായിരിക്കും!

ട്രീ ഹൗസ്

നമുക്ക് നമ്മുടെ വീട് പങ്കുവയ്ക്കാൻ പറ്റാത്തവിധം എന്ത് നിവൃത്തി കേടാണുള്ളത്. നിന്ന നിൽപ്പിൽ സാധനങ്ങൾ ഓരോന്നായി പങ്കു വയ്ക്കാൻ മാത്രം അവർക്ക് എന്ത് നിവൃത്തികേടാണ്. നോക്കി നിൽക്കേ കെയ്റ്റിന്‍റെയും ജോനാതന്‍റെയും വിവാഹമോചനം കഴിഞ്ഞു.

ഇത് ശോഭയുടെ മകൾ വിഭയുടെ ഒരു ഓസ്ട്രേലിയൻ കുട്ടുകാരിയുടെ കഥയാണ്. വിഭ ഓസ്ട്രേലിയയിലെ മനോഹര നഗരമായ സിഡ്‌നിയിലാണ് താമസിക്കുന്നത്. വിഭയുടെ ആദ്യത്തെ കുഞ്ഞ് ആകാശ് നോയിഡയിലാണ് ജനിച്ചത്. പക്ഷേ രണ്ടാമത്തെ കുഞ്ഞിന്‍റെ വരവ് അമ്മയോട് സൂചിപ്പിച്ച സമയത്ത് അവൾ പറഞ്ഞു. “മമ്മി, ഇത്തവണ കുഞ്ഞ് അവിടെയല്ല ഉണ്ടാവുക. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും വരാൻ തയ്യാറായിക്കോളു.” ഡോക്‌ടർ പറഞ്ഞ ദിവസത്തിന് പതിനഞ്ച് ദിവസം മുമ്പേ മൂന്ന് മാസത്തെ പ്രോഗ്രാം ഉണ്ടാക്കി ശോഭയും ഭർത്താവ് റിട്ടയേർഡ് ബ്രിഗേഡിയർ വിലാസും അവിടെ എത്തിച്ചേർന്നു.

വളരെ മനോഹരമായ നഗരം, നാലു പാടും നീലാകാശം. ചുറ്റും പച്ചപ്പ് മാത്രം. നല്ല വൃത്തി ഭൂമിയിൽ ഇങ്ങനെയും നഗരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റില്ല. വഴിവക്കിലെ വിളക്കുകൾ കത്താതിരിക്കുന്നതോ പൈപ്പിൽ നിന്ന് ഇരുപത്തി നാല് മണിക്കൂറും വെള്ളം വരാതിരിക്കുന്നതോ കാണില്ല,  വൈദ്യുതി പോവില്ല, പൈപ്പിൽ വെള്ളം ഇല്ലാതിരിക്കുകയുമില്ല. എന്തെങ്കിലും കാരണം കൊണ്ട് വെള്ളവും വൈദ്യുതിയും മുടക്കിയാൽ കത്തു വരും. ഒരു ദിവസം കത്ത് വന്നിരുന്നു. വെള്ളിയാഴ്ച‌ തൊട്ട് തിങ്കളാഴ്ച വരെ ദിവസം രണ്ട് മണിക്കൂർ നേരത്തേക്ക് വെള്ളം മുടങ്ങും. ആ കത്ത് കിട്ടിയപ്പോൾ മരുമകൻ രോഹനും മകളും ചൂടായി. രോഹൻ ഫോണിലൂടെ അധികാരികളോട് കയർത്തു. ‘കാൺട് യു ബീ മോർ സ്പെസിഫിക്?’ (ഏതൊക്കെ രണ്ടു മണിക്കൂറാണെന്നു പറഞ്ഞു കൂടേ?)

അവരെ മനസ്സിലാക്കിക്കാനുള്ള ഉദ്ദേശത്തോടെ ശോഭ പറഞ്ഞു. “നമ്മുടെ നാട്ടിൽ എപ്പോഴും ഇങ്ങനെയല്ലേ? എപ്പോൾ വെള്ളം നിൽക്കും. ലൈറ്റ് എപ്പോൾ പോകും. എപ്പോൾ വരും ഒന്നും പറയാൻ പറ്റില്ല. എന്തിനാ ഇത്ര വിഷമിക്കുന്നത്. രണ്ട് മണിക്കൂറിന്‍റെ കാര്യമല്ലേയുള്ളു. കുറച്ച് വെള്ളം പിടിച്ചു വയ്ക്കാം.”

“നിങ്ങൾക്കൊക്കെ എല്ലാം സഹിക്കുന്ന ശീലമായി. ഇവിടെ ഇത് നടക്കില്ല. അവർ രണ്ടു പേരും പിറുപിറുത്തുകൊണ്ടിരുന്നു. ദേഷ്യപ്പെട്ടുകൊണ്ടിരുന്നു.

“സഹിക്കുന്ന ശീലമുണ്ട്. അതു കൊണ്ട്. ഇന്നു വരെ… ശോഭ ആലോചനയിൽ മുഴുകി. സഹിക്കുന്ന ശീലവും സഹിക്കാൻ കഴിയായ്‌കയുമാണ്. ഒരു പക്ഷേ ഈ രണ്ട് രാജ്യങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്‌ഥയിലുള്ള ഏറ്റവും വലിയ വ്യത്യാസം. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ എത്രയോ ഭാര്യാഭർത്താക്കന്മാരുണ്ട്. ജീവിതം മുഴുവൻ സഹിച്ച് സഹിച്ച് കഴിയുന്നവരായിട്ട്.“

എന്തിനാണ് അധികം ദൂരെ പോകു ന്നത്. ശോഭ തന്നെ തന്‍റെ വിവാഹജീവിതത്തിൽ അത്രയധികം സന്തോഷിച്ചിട്ടുണ്ടോ? ഒരു മാസം പഴക്കമുള്ള വിവാഹ ജീവിതത്തിൽ ജീർണ്ണതയുടെ ദുർഗന്ധം വ്യാപിച്ചിരുന്നു. അവൾ എപ്പോഴെങ്കിലും വീട് വിട്ടുപോയോ? പോയിരുന്നു. ഒരു പ്രാവശ്യം.

വിലാസിന്‍റെ പോസ്റ്റിംഗ് പുണെയിൽ ആയിരുന്ന സമയത്തെ കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷമായിരുന്നു. മൂന്നു സഹോദരന്മാരുടെ കുഞ്ഞി പെങ്ങൾ. അച്ഛന്‍റെയും ഓമന. മടിച്ചി, വാശിക്കാരി. വീട്ടിലെ പണിയൊന്നും അറിയില്ലെന്നു മാത്രമല്ല, അതൊന്നും പഠിക്കാൻ താൽപര്യവും ഉണ്ടായിരുന്നില്ല.

പക്ഷേ പെയിന്‍റിംഗ് ചെയ്യാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ പലതും അവൾ ശരിയ്ക്ക് ചെയ്‌തിട്ടു വേണ്ടേ, മനസ്സിൽ തോന്നുന്നത് ചെയ്യും. കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് വീട്ടിൽ നിന്ന് കളിസ്‌ഥലത്ത് സഹോദരന്മാരുടേയോ അല്ലെങ്കിൽ അവരുടെ കൂട്ടുകാരുടെ കുടേയോ ക്രിക്കറ്റ് കളിക്കും. എന്ത് കളിക്കാൻ? വെറുതെ ബാറ്റിംഗ് ചെയ്യും, രണ്ടോ മൂന്നോ ബൗൾ കഴിഞ്ഞാൽ ഔട്ടാവും, എന്നാലും ബാറ്റ് വിടില്ല. ഏറ്റവും മൂത്ത ചേട്ടൻ അവളെ ഇടിക്കാൻ വന്നാൽ അവൾ ബോളെടുത്ത് മൈതാനം വിട്ട് ഓടും, എന്നിട്ട് നേരെ ചെന്ന് വരാന്തയിൽ ഇരിക്കുന്ന അച്ഛന്‍റെ പിന്നിൽ ഒളിക്കും. അവളെ അടിക്കാൻ വരുന്ന ചേട്ടൻ, അച്‌ഛനെ കണ്ട്, വന്ന പോലെ തിരിച്ച് പോകും. അവൾക്ക് വിവാഹാലോചന വന്നപ്പോൾ അച്ഛൻ പറഞ്ഞു. “ഈ കിറുക്കിയ്ക്ക് കല്യാണമോ? ഇവളെങ്ങനെ വീട് പുലർത്താനാണ്.”

വിധിയെ തടുക്കാനാവില്ലല്ലോ. ക്യാപ്റ്റൻ വിലാസുമായി ശോഭയുടെ വിവാഹം നടന്നു. കുറച്ചു കാലം അവൾ തന്‍റെ വീട്ടിൽ തന്നെ നിന്നു. വിലാസ് ദൂരെ നോൺ ഫാമിലി ‌സ്റ്റേഷനിൽ പോസ്‌റ്റഡ് ആയിരുന്നു. വിവാഹവും അതിന്‍റെ കാര്യങ്ങളും ഒക്കെ രസമായിരുന്നുവെങ്കിലും വിലാസിന്‍റെ കൂടെ ജി വിക്കാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് മനസ്സിലായത് കല്യാണം കളിയല്ല എന്ന്.

വിലാസിന് ഡ്രിങ്ക്സ് കഴിക്കുന്ന ശീലമുണ്ടായിരുന്നു. എന്നും വൈകി വീട്ടിൽ വരും ഇടയ്ക്ക് പറയും “മെസ്സിൽ പാർട്ടിയുണ്ട്.” മറ്റു ചിലപ്പോൾ പറയും

“കമാൻഡന്‍റ് കേണലിന്‍റെ വിസിറ്റ് ഉണ്ടായിരുന്നു.” ചിലപ്പോൾ അയാളുടെ എക്സ്പ്ലനേഷൻ ഇങ്ങനെയാവും, “കോർഡേയുടെ തയ്യാറെടുപ്പുകൾ നടക്കുകയാണ്.” ഇങ്ങനെ മാസത്തിൽ ഇരുപത്തിയഞ്ച് ദിവസവും വീട്ടിൽ വൈകിയെത്തും. ചിലപ്പോൾ രാത്രി പന്ത്രണ്ടിന് അല്ലെങ്കിൽ ഒന്നര മണിക്ക്.

ഒരു ദിവസം ശോഭയ്ക്ക് തീരെ വയ്യായിരുന്നു. ആരെങ്കിലും തല തടവിത്തന്നെങ്കിൽ എന്നവൾ മോഹിച്ചു. പക്ഷേ രാത്രി രണ്ടു മണിയ്ക്ക് രാത്രിയിലെ ഇരുട്ടല്ലാതെ ആര് കൂട്ടുകൂടാനാണ്? അന്ന് അവളുടെ ക്ഷമ നശിച്ചു. തന്‍റെ വസ്ത്രങ്ങൾ ബാഗിലാക്കി അവൾ വാതിൽക്കൽ തയ്യാറായി വന്നു. വിലാസ് വന്നതും വില്ലിൽ തൊടുത്തു വിട്ട അമ്പുകൾ പോലെ അവളുടെ വാക്കുകൾ അയാളെ തുളച്ചു. “വീട്ടിൽ വരുന്ന സമയമാണോ ഇത്? ഞാൻ പോവുകയാണ്. ഐ ഡോണ്ട് വാണ്ട് ലിവ് വിത്ത് യു എനി മോർ.”

മദ്യപിച്ച് നിൽക്കുന്ന വിലാസിൽ അവളുടെ വാക്കുകളിലെ കയ്പ്പ് ഉണ്ടാക്കിയ ഫലം അയാൾ കയ്യുയർത്തി അവളുടെ മുഖത്ത് ആഞ്ഞ് പഹരിച്ചതായിരുന്നു. ഇങ്ങനെയൊരു ആക്രമണം. അവൾ പതി ക്ഷിച്ചില്ല. അവൾ ഉരുണ്ടുവിണ് മുഖത്ത് നിന്ന് ചോര വന്നു. അവൾ ഉറക്കെ കരയാനും തുടങ്ങി.

ഗർഭിണിയായ ഭാര്യയുടെ നേരെയാണ് താൻ കയ്യുയർത്തിയത് എന്നു പോലും വിലാസ് ഓർത്തില്ല. ഓർമ്മ വന്നതും അയാൾ അവളുടെ അടുത്തിരുന്ന് മാപ്പ് ചോദിക്കാൻ തുടങ്ങി. രാവിലെയായതോടെ എങ്ങനെയോ അവൾ തന്‍റെ വീട്ടിലേയ്ക്ക് പോയി.

വളരെ ബുദ്ധിമുട്ടിയാണ് അവർ ഒത്തു തീർപ്പിൽ എത്തിയത്. അവൾക്കു നേരെ കയ്യുയർത്തില്ലെന്നും രാത്രി വൈകി വീട്ടിലെത്തില്ലെന്നും വിലാസ് സത്യം ചെയ്തു. പിന്നെ അയാൾ നേരത്തെ വരാൻ തുടങ്ങിയെങ്കിലും വീട്ടിൽ തന്നെ ഇരുന്ന് രാത്രി വൈകുവോളം കുടിക്കും. ടിവി കാണും. ഡിന്നർ ശോഭ ഒറ്റയ്ക്കു തന്നെ കഴിക്കും. കാരണം അവൾക്ക് രാത്രി പത്തു മണിയ്ക്കു ശേഷം ഉണർന്നിരിക്കാൻ പറ്റില്ലായിരുന്നു.

കാര്യം അവർ ഒരു വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നതെങ്കിലും അപരിചിതരെപ്പോലെയായിരുന്നു. വീടും കുടുംബവുമായി ഒതുങ്ങുമ്പോഴേയ്ക്കും വിലാസിന് മറ്റെവിടെയെങ്കിലും പോസ്‌റ്റിംഗ് ആവും. ഭാരതത്തിന്‍റെ നാല് ദിശകളിലും അയാൾ ചുറ്റിയടിക്കും. ചിലപ്പോൾ ദൂരെ അരുണാചൽ പ്രദേശിലാണെങ്കിൽ മറ്റു ചിലപ്പോൾ കാശ്‌മീരിൽ. ചിലപ്പോൾ ലഡാക്കിലാണെങ്കിൽ മറ്റു ചിലപ്പോൾ മരുഭൂമിയിലെ ബാർമർ പ്രദേശത്ത്. അല്ലെങ്കിൽ ഭുജംഖ് ബാദിലെ ഉൾക്കടലിൽ. ഇവിടെയെല്ലാമുള്ള ചുറ്റിക്കറങ്ങലിൽ അവരുടെ ഒറ്റമകൾ വിഭയുടെ പഠനം പ്രശ്‌നമാകാൻ തുടങ്ങി. അപ്പോൾ ശോഭ തീരുമാനിച്ചു ഇനി അവൾ ഒരു സ്‌ഥലത്തു നിന്ന് വിഭയുടെ പഠനം പൂർത്തിയാക്കും എന്ന്. ശോഭ നോയിഡയിൽ വീട് വാങ്ങി. മകളുടെയൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ ശോഭയുടെയും വിലാസിന്‍റെയും ദാമ്പത്യജീവിതം പേരിനു മാത്രമായി.

ശോഭയുടെ ജീവിതം മുഴുവനും വിഭയെ വളർത്തുന്നതിൽ ചെലവഴിച്ചു. അവൾ തന്‍റെ മുടങ്ങിപ്പോയ പഠിപ്പും മുഴുവനാക്കി. വിഭയെ എന്നും തന്‍റെ കുടെ നിർത്തുമെന്നും മനസ്സിൽ തീരുമാനിച്ചു. അവളെ ഒരിക്കലും വിവാഹം കഴിപ്പിക്കില്ല. ശോഭയുടെ ജീവിതത്തിൽ വിഭ ഇല്ലായിരുന്നുവെങ്കിൽ അവൾ വിലാസിൽ നിന്ന് വിവാഹമോചനം നേടിയിട്ടുണ്ടാവുമായിരുന്നു. പക്ഷേ വിഭയ്ക്ക് തന്‍റെ അച്ഛനോടുള്ള അകമഴിഞ്ഞ ഇഷ്‌ടം കണ്ടപ്പോൾ മകൾക്ക് അച്‌ഛന്‍റെ സ്നേഹം നിഷേധിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവരുടെ വിവാഹജീവിതം കെട്ടപ്പെട്ടിരുന്നത് താലിയില്ലല്ല, മറിച്ച് വിലാസ് വരുമ്പോൾ പപ്പ വന്നേ എന്നു പറഞ്ഞ് അയാളുടെ കഴുത്തിൽ ചുറ്റുന്ന വിഭയുടെ കൈകൾ കൊണ്ടാണ്.

രോഹൻ ദേശ്‌പാണ്ഡെ എന്ന യുവാവിൽ വിഭയുടെ പ്രണയം കേന്ദ്രീകരിച്ചത് ശോഭയ്ക്ക് മനസ്സിലായത് ഒരു ദിവസം ഒരു പ്രോജക്റ്റിന്‍റെ ആവശ്യത്തിന് അവൾ മുംബൈയ്ക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ്. അവൾ അമ്മയെ തന്‍റെ തീരുമാനം അറിയിച്ചു.

“മമ്മീ, രോഹൻ എന്‍റെ കൂടെ എംബിഎ ചെയ്യുകയാണ്. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.”

“വിവാഹമോ?” ശോഭ ഞെട്ടലോടെ ചോദിച്ചു. “ഇല്ല മോളേ വിവാഹത്തിൽ ഒന്നുമില്ല. നിനക്ക് അറിയാഞ്ഞിട്ടാണ്.”

വിഭ അമ്മയുടെ വിരസമായ ജീവിതം കണ്ടിരുന്നു. അവരുടെ കണ്ണിലെ ഏകാന്തത അവളിൽ നിന്ന് ഒളിപ്പിക്കാനാവുമായിരുന്നില്ല. അവൾ വാക്കുകൾ സൂക്ഷിച്ച് തെരഞ്ഞെടുത്ത് പറഞ്ഞു “അറിയുകയൊന്നുമില്ല, പക്ഷേ അറിയാൻ ആഗ്രഹമുണ്ട്.”

രോഹൻ വിഭയുടെ ഒപ്പം തന്നെയാണ് എംബിഎ പൂർത്തിയാക്കിയത്. അൽപദിവസങ്ങൾക്കുള്ളിൽ അയാൾക്ക് ജോലിയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയ്ക്ക് പോകാൻ അവസരമൊരുങ്ങി. വിവാഹം തീരുമാനിക്കപ്പെട്ടു.

വിവാഹം കഴിഞ്ഞ് രണ്ടു പേരും ഓസ്ട്രേലിയയ്ക്ക് പോയി. കാരണം രോഹന് അവിടെ ജോലി കിട്ടിയിരുന്നു. വിഭയുടെ വിവാഹജീവിതം ശോഭയുടേതിന് നേരെ വിപരീതമായിരുന്നു. രണ്ടു പേരും കൂട്ടുകാരെ പോലെയാണ് കഴിഞ്ഞിരുന്നത്. ശോഭയ്ക്ക് അവളുടെ വീട്ടിൽ പോയാൽ ശർക്കര ഭരണിയിൽ വീണപോലെയാണ്. ചുറ്റും മധുരം നേർത്ത സുഗന്ധവും. എന്തുകൊണ്ടാണ് കെയ്‌റ്റിന്‍റെ വിവാഹമോചനം നടക്കുന്നതെന്നറിയാൻ ശോഭയ്ക്ക് കൗതുകമുണ്ടായിരുന്നു. പതിനാറ് വർഷത്തെ കുടുംബജീവിതം നശിക്കാൻ കാരണമെന്താണ്. പക്ഷേ അവൾ ചോദിച്ചില്ല. വിഭ അതേപ്പറ്റി ഇത്രമാതമേ പറഞ്ഞുള്ളൂ. കെയ്റ്റിന് മൂന്ന് ആൺ മക്കളാണ്. ഒരാൾക്ക് 14 വയസ്സ്. ഒരാൾക്ക് 10 വയസ്സ്. പിന്നെ ഏറ്റവും ഇളയത് നമ്മുടെ ആകാശിന്‍റെ ഒപ്പം, 3 വയസ്സ്.

ശോഭ കെയ്റ്റിനെ അറിഞ്ഞ് തുടങ്ങിയിരുന്നു. ആകാശും അവളുടെ ജാക്കും ഒരേ ചൈൽഡ് കെയറിലാണ് പോയിക്കൊണ്ടിരുന്നത്. ഇടയ്ക്കൊക്കെ രണ്ടു ചേരും ഒരുമിച്ച് കളിക്കും. വൈകുന്നേരം കെയ്റ്റ് അവനെ കൊണ്ടു പോകാൻ വരും പിന്നീട ഇന്ത്യൻ കറി കഴിക്കാനുള്ള മോഹം പ്രകടിപ്പിക്കും.

ഒരു ദിവസം രാത്രി വിഭ തൻറ ബെഡ്റൂമിൽ പോകുന്നതിനു മുമ്പ് അച്ഛനമ്മമാരുടെ ബെഡ്റൂമിൽ അവരോട് ഗുഡ്നൈറ്റ് പറയാൻ വന്നു. എന്നിട്ട് ഇരുന്ന് പറയാൻ തുടങ്ങി. “മമ്മീ, ഇന്ന് ചൈൽഡ് കെയറിൽ നിന്നാണ് അറിഞ്ഞത് ജാക്കിനെ അവിടെ നിന്ന് മാറ്റുകയാണെന്ന്.”

“അതു ശരി, അപ്പോൾ കെയ്റ്റ് അവനെ തന്‍റെ കൂടെ നിർത്തുകയാണോ?”

“അറിയില്ല, ഓരോരോ സാധനങ്ങളും പങ്കുവെയ്ക്കുമെന്നാണ് കേട്ടത്. കത്തിയും സ്‌പൂണും വരെ.“

“അപ്പോൾ കുട്ടികളോ? അവരുടെ കാര്യം എന്താവും? “ ശോഭയുടെ ചിന്ത കെയ്റ്റിന്‍റെ കുട്ടികളെക്കുറിച്ചായിരുന്നു.

“അറിയില്ല, ഒന്നും വ്യക്‌തമായി അറിഞ്ഞില്ല. ചിലപ്പോൾ ഇനിയും തീരുമാനമായിട്ടുണ്ടാവില്ല.“

മുറിയുടെ കർട്ടൻ നേരെയിട്ടിട്ട് അവൾ പോയി. വിവാഹമോചനം നടക്കുന്നത് ആരുടെയാണെങ്കിലും അതിന്‍റെ ബുദ്ധിമുട്ട് മുഴുവൻ ശോഭയ്ക്കായിരുന്നു. വെള്ളിയാഴ്ചത്തെ പത്രത്തിലെ ഒരു വാർത്ത വായിച്ച് വിഭ പെട്ടെന്ന് രോഹൻ ഓഫീസിൽ വിളിച്ചു. “നാളെ കെയ്റ്റിന്‍റെ വീടിന്‍റെ ഓക്ഷനാണ്.”

ശോഭ അടുക്കളയിൽ ഉള്ളി വാട്ടുകയായിരുന്നു. അവളുടെ കൈ പെട്ടെന്ന് നിന്നു പോയി. മനസ്സിൽ ഇടവിടാതെ ഇതു തന്നെ തോന്നുകയായിരുന്നു. “കാര്യങ്ങൾ ഇവിടം വരെയെത്തി.”

വിഭ ഭർത്താവുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും അവർ ചോദ്യശരമെയ്തു.

“എന്താ അവൾ പാപ്പരായോ? എന്തിനാ വീട് ലേലം ചെയ്യുന്നത്. വീട് എപ്പോഴും ഉണ്ടാക്കുന്നതാണോ? രണ്ടു പേരിൽ ആരെങ്കിലും ഒരാൾ വച്ചിരുന്നാൽ ബാല്യമെങ്കിലും നശിക്കാതിരിക്കും.”

ശോഭയുടെ ഈ ശോചനീയാവസ്‌ഥ കണ്ട് വിഭ ആദ്യം ഗ്യാസ് ഓഫാക്കി. അമ്മയെ അടുത്തുള്ള കസേരയിൽ ഇരുത്തി. എന്നിട്ട് സ്നേഹത്തോടെ ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ തുടങ്ങി

“ആദ്യം തന്നെ, മമ്മി. ഓക്ഷൻ എന്നു വച്ചാൽ പാപ്പരാവുക എന്നല്ല അർത്ഥം. ഈ നാട്ടിൽ വീടു വിൽക്കാൻ രണ്ടു മൂന്നു. മാർഗ്ഗങ്ങളുണ്ട്. ആരെങ്കിലും വീട് വിൽക്കുമ്പോൾ പത്രത്തിൽ അതിന്‍റെ ഫോട്ടോയും മുഴുവൻ വിവരങ്ങളും അതിന്‍റെ വിലയും കൊടുക്കും ചിലപ്പോൾ അതിന് ഓക്ഷൻ എന്നു പറയും. ഏറ്റവും അധികം വില പറയുന്ന ആൾക്ക് വിട്ടുടമയോട് ചോദിച്ചിട്ട് വീട് വിൽക്കും ഇവിടെ മിക്കപ്പോഴും അങ്ങനെ നടക്കാറുണ്ട്. ഓക്ഷനിൽ നല്ല വില കിട്ടും. നാളെ പതിനൊന്ന് മണിയ്ക്കാണ്. മമ്മിയും വന്ന് കാണൂ.”

“പക്ഷേ, നമ്മൾ അവിടെ ചെന്നിട്ട് എന്തു ചെയ്യാനാണ്?” ശോഭ അമ്പരന്ന് ചോദിച്ചു.

വിഭ ഗ്യാസ് കത്തിച്ച് പകുതിയാക്കിയ ഉള്ളി വാട്ടാൻ തുടങ്ങി. എന്നിട്ട് വെട്ടിമുറിച്ച പോലെ ഉത്തരം പറഞ്ഞു. “രണ്ടു കുട്ടികളാവുമ്പോൾ ഈ വീട് ചെറുതാണ്. ഒരു വീട് വാങ്ങാം എന്ന് രോഹൻ പറയുന്നുണ്ട്. അപ്പോൾ പിന്നെ കെയ്റ്റിന്‍റെ വീടൊന്ന് നോക്കിയാലെന്താ?”

ശോഭയ്ക്ക് അവർ രണ്ടു പേരും പറഞ്ഞത് ഒട്ടും ഇഷ്ട്‌ടമായില്ല. സ്വന്തം സുഹൃത്തിന്‍റെ വീട് വാങ്ങാനോ? ഛി, എത്ര മോശം കാര്യമാണ്. വിഭ ഇതിന്‍റെയൊന്നും ഭാഗമാകാൻ പാടില്ല. മുഴുവൻ ദിവസവും ശോഭയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. വിഭ പ്രോപ്പർട്ടിയുടെ പത്രം വായിച്ചുകൊണ്ടിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ അവർ തയ്യാറായി പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ വേറെ കുറച്ചു പേരും ഇൻസ്പെക്ഷൻ നടത്തുന്നുണ്ടായിരുന്നു. വീട് വളരെ മനോഹരമായിരുന്നു. വലിയ ലിവിംഗ് റൂം, കിച്ചൺ, നല്ല തറയും ഫോർമൽ ലിവിംഗ് റൂമും, ഡൈനിംഗ് റൂ മും, നാലു ബെഡ്റൂം, രണ്ട് കാറുകൾക്കുള്ള ഗാരേജ്, ഗാരേജിന്‍റ പുറകിൽ വലിയ ഷെഡ് ഒക്കെ ഉണ്ടായിരുന്നു. ഏറ്റവും മനോഹരമായത് ആ വീടിന്‍റെ പുന്തോട്ടമായിരുന്നു. കെയ്റ്റിനു തന്നെ പൂന്തോട്ടത്തിന്‍റെയൊക്കെ ബിസിനസ്സായിരുന്നു. അതി സുന്ദരമായി ലാൻഡ്സ്കേപിംഗ് ചെയ്ത‌ിരുന്നു. കുട്ടികൾക്ക് കളിക്കാൻ ഒരു ട്രീ ഹൗസും ഉണ്ടാക്കിയിരുന്നു. മരം കൊണ്ടുണ്ടാക്കിയ ഉഗ്രൻ രണ്ടു മുറി കെട്ടിടം. കെയ്റ്റിന്‍റെ അലങ്കരിച്ച വീട് വിൽപനയ്ക്ക് തയ്യാറായിരുന്നു. ബാത്ത്റൂമിലെ ജനാലകൾക്ക് മങ്ങിയ ഗ്ലാസായിരുന്നു.

“ഇതിലേ അകത്തേയ്ക്ക് കാണാം.”

“ഉവ്വ് മമ്മി ഡാർലിംഗ്. ഇതാണ് ലേറ്റസ്‌റ്റ് ഫാഷൻ” വിഭ അമ്മയ്ക്കക്ക് പറഞ്ഞു കൊടുത്തു. വീട് ശരിക്കും വളരെ നന്നായിരുന്നു.

വിഭ ഇപ്പോൾ താമസിക്കുന്ന വീട് ഒരു പാട് ചെറുതാണ്. രണ്ട് ബെഡ്റൂം മാത്രമേയുള്ളൂ. പിന്നിൽ പൂന്തോട്ടം വലുതാക്കാനായി ഒരുപാട് സ്ഥലം ഉണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി അവൾ പൈസ ചെലവാക്കിയിരുന്നില്ല. രണ്ടുപേരും സൂക്ഷിച്ചാണ് ചെലവ് ചെയ്തിരുന്നത്.

കൃത്യം പതിനൊന്നുമണിയ്ക്ക് ഏതാണ്ട് എട്ട് കുടുംബങ്ങൾ പുറകിലെ ലോണിൽ ഒത്തുകൂടി. പ്രോപ്പർട്ടി ഏജന്‍റ് ടേബിളിന്‍റെ പുറകിൽ വന്നു നിന്നു. പ്രഭാവശാലിയായ ഒരാൾ. പ്രൊഫഷണലും പൊളൈറ്റും, കറുത്ത ഷൂസ്, കറുത്ത സ്റ്റോക്കിംഗ്സ്, ഏതാണ്ട് അതേ നിറത്തിലുള്ള തലമുടി ചേരുന്ന വിധത്തിൽ വെട്ടിയൊതുക്കിയിരുന്നു. അയാൾ ആദ്യം വീടിന്‍റെ ചരിത്രം പറഞ്ഞു. പിന്നെ അതിന്‍റെ ഗുണങ്ങൾ നിരത്തി. പിന്നെ കുറവു കൾ പറഞ്ഞു. ആൾക്കാർ വളരെ ശ്രദ്ധയോടെ അയാളുടെ ഓരോ വാക്കും കേട്ടു കൊണ്ടിരുന്നു. ഏതാണ്ട് 25-30 മിനിറ്റ് അയാൾ സംസാരിച്ചു. പിന്നെ വില പറയാൻ തുടങ്ങി. 2-3 ആൾക്കാർ ചില വിലകൾ പറഞ്ഞു. പിന്നെ വിഭയും ആംഗ്യങ്ങൾ കൊണ്ട് എന്തോ പറഞ്ഞു. നാലാമതായി രോഹൻ തന്‍റെ വില പറഞ്ഞു. ഏജന്‍റ് മൂന്നു പ്രാവശ്യം വില ഏറ്റു പറഞ്ഞു. പിന്നെ ഒരു ചുറ്റിക മേശപ്പുറത്തടിച്ച് ആ വില ഉറപ്പിച്ചു. ടപ്പ് ടപ്പ് എന്ന് അയാൾ വീടിന്‍റെ അകത്തേയ്ക്ക് പോയി. അവിടെ ചിലപ്പോൾ വീട്ടുടമസ്‌ഥൻ ഇരിക്കുന്നുണ്ടാവും. വീട് ആരുടെയാണോ അവരെ അവിടെയൊന്നും കാണാത്തതിൽ ശോഭയ്ക്ക് അസ്വാഭാവികത തോന്നി.

“ഇവിടെ അങ്ങനെയാണ്, വാങ്ങിക്കുന്നവന്‍റെയും വിൽക്കുന്നവന്‍റെയും ഇടയിൽ അയേൺ കർട്ടൻ ഉണ്ടാവും’ വിഭ ശോഭയോട് പറഞ്ഞിരുന്നു.

ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഏജന്‍റ് പുറത്തു വന്ന് തന്‍റെ പഴയ സ്‌ഥലത്ത് തന്നെ നിൽപ്പായി. ആ ഓക്ഷന് വന്നതിന് ആൾക്കാർക്ക് അയാൾ താങ്ക്സ് പറഞ്ഞു. ആൾക്കാർ അയാളുടെ പെർഫോർമൻസിന് കയ്യടിച്ചു. അയാൾ സ്‌റ്റേജിൽ എന്തോ ഡ്രാമ കഴിഞ്ഞ് നിൽക്കുകയാണെന്ന പോലെ. അയാൾ പതിഞ്ഞ സ്വരത്തിൽ വിഭയ്ക്കും രോഹനും ആശംസകൾ അറിയിച്ചു. ബാക്കി എല്ലാവരും പോയി. വിഭയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. അവിടെ ഞങ്ങൾ എല്ലാവരുടേയും മുന്നിൽ വച്ച് തന്നെ അവൾ രോഹനെ കെട്ടിപ്പിടിച്ച് അയാൾക്ക് വലിയൊരു കിസ്സ് കൊടുത്തു.

സന്തോഷം കൊണ്ട് ആടിക്കളിച്ച് പറഞ്ഞു. “താങ്ക്‌യൂ രോഹൻ.” അവിടെ നിന്ന് എഴുന്നേറ്റ് എല്ലാ വരും കടൽത്തീരത്തേക്ക് പോയി. ബീച്ചിൽ കാർപ്പെറ്റ് വിരിച്ച് ഇരുന്നിട്ട് തന്‍റെ അച്ഛനോട് എല്ലാം പറഞ്ഞു.

“ഇത്ര നല്ല വലിയ വീട് ഈ വിലയ്ക്ക് സിഡ്‌നിയിൽ എവിടേയും കിട്ടില്ല ഇന്ന് വാങ്ങാൻ കഴിഞ്ഞത് ഭാഗ്യം അവർക്ക് വീട് വിൽക്കാൻ തിരക്കായതുകൊണ്ടാണ് വില കുറച്ച് ഇട്ടത് എന്നാണ് ഏജന്‍റ് പറഞ്ഞത്.”

അവർക്ക് എന്ത് തിരക്കാണുള്ളതെന്ന് രണ്ടുദിവസം മുമ്പേ വിഭയ്ക്ക് പിടികിട്ടിയിരുന്നു, ചൈൽഡ് കെയറിൽ നിന്ന് തിരിച്ചു വരുമ്പോൾ വാർത്തയുടെ ചൂടുകൊണ്ട് വിഭയുടെ മുഖം തുടുത്തിരുന്നു.

“കെയ്റ്റ് ഈ ശനിയാഴ്ച പോവുകയാണ്.”

ശോഭയുടെ ഹൃദയം നുറുങ്ങിപ്പോയി. പാവം കുട്ടികൾ, അവരുടെ കാര്യം എന്താകും? കുഞ്ഞ് ജാക്കിന് സ്‌ഥിരമായി അച്ഛനും അമ്മയുമില്ല, സ്‌ഥിരമായി വീടുമില്ല.

“അമ്മേ, അധികം ആശങ്കപ്പെടേണ്ട. ഇവിടെ ആരും ഇത്ര ആലോചിക്കാറില്ല. ഇന്ന് മാളിൽ വച്ച് കെയ്റ്റിനെ കണ്ടിരു ന്നു. വളരെ സന്തോഷത്തിലാണ്. അവളുടെ പുതിയ ഫ്രണ്ട് വലിയ പണക്കാരാനാണെന്നാണ് പറഞ്ഞത്. ലണ്ടനിൽ അയാൾക്ക് വലിയ ബംഗ്ലാവുണ്ട്. ഓസ്ട്രേലിയയിലെ ഈസ്‌റ്റ് കോസ്‌റ്റിൽ ബീച്ച് ഹൗസുണ്ട്. അവൾ അയാളുടെ കൂടെ യൂറോപ്പ് ചുറ്റിയടിക്കാൻ പോവുകയാണ്.”

ശോഭയ്ക്ക് കെയ്റ്റിനോട് ദേഷ്യം വരുന്നുണ്ടായിരുന്നു. “തുടർന്ന് കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാ ഇത്രയധികം സ്നേഹം ഭാവിച്ചത്?” അവൾക്ക് സ്വന്തം മക്കളോടും ദേഷ്യം വരുന്നുണ്ടായിരുന്നു. മനസ്സിൽ എന്തോ ഒന്ന് അവളോട് പറയുന്നുണ്ടായിരുന്നു. “വിഭയും രോഹനും വീട് വാങ്ങിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നിവൃത്തിയില്ലാതെ കെയ്റ്റ് അവിടെത്തന്നെ താമസിച്ചേനെ.”

ശോഭയുടെ മനസ്സ് ഐസ് വച്ച പോലെ മരവിച്ചു. വിഭയും രോഹനും ആവേശത്തോടെ ഇടയ്ക്ക് ബാങ്കുകളും വക്കീലന്മാരേയും തപ്പി നടക്കുന്നു. പ്രസവത്തിനു മുമ്പ് എല്ലാ പണിയും തീർക്കണം. കെയ്റ്റിന് തിരക്ക്. ഇവർക്കും തിരക്ക്. പക്ഷേ ശോഭയ്ക്ക് മാത്രം ഒന്നിലും താൽപര്യമുണ്ടായിരുന്നില്ല. ഓട്ടത്തിനിടയിൽ വിഭയുടെ പ്രസവവും കഴിഞ്ഞു. ഒരു സുന്ദരിക്കുഞ്ഞിനു ജന്മം കൊടുത്ത് പത്തു പന്ത്രണ്ട് ദിവസം കൊണ്ടു തന്നെ വിഭ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.

“നീയെന്താ ചെയ്യുന്നത് വിഭേ? ഒരു മുപ്പതു ദിവസമെങ്കിലും വിശ്രമിക്ക്.” ശോഭ അവളെ ശകാരിച്ചു.

“മമ്മി എന്‍റെ കയ്യിൽ മുപ്പതു മിനിറ്റു പോലുമില്ല. നിങ്ങൾ ടെൻഷൻ ആവണ്ട. രോഹന് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പറ്റില്ല നിങ്ങൾ വീടും കുട്ടികളേയും നോക്കൂ. വീടിന്‍റെ പേപ്പറുകൾ ഈ മാസം തന്നെ സൈൻ ചെയ്യണം.”

“ഈ മാസമോ?”

“അതെ, വേഗം തന്നെ ഷിഫ്റ്റ് ചെയ്യണം. നിങ്ങളുടെ സഹായം ഉണ്ടാവുമല്ലോ,” വിഭ പല ജോലികളും ഒരു മിച്ച് ചെയ്‌തുകൊണ്ട് പറഞ്ഞു.

ഈ ദിവസങ്ങളിൽ വിഭയ്ക്കും രോഹനും അച്ഛനോടും അമ്മയോടും സംസാരിക്കാനുള്ള നേരം പോലും ഉണ്ടായിരുന്നില്ല. രണ്ടു കുട്ടികൾ, വീട്ടിലെ മുഴു വൻ പണികൾ, പിന്നെ വിലാസിന്‍റെ അതേ പെരുമാറ്റം. ശോഭയുടെ ജീവിതം കുട്ടികളിൽ ലയിച്ചതായിരുന്നു. ആദ്യം മകൾക്കു വേണ്ടി സമർപ്പിച്ചത് പിന്നെ മകളുടെ കുട്ടികൾക്കു വേണ്ടി മാത്രമാണ് ജീവിച്ചത്. പണ്ടും ഇപ്പോഴും, ശനിയാഴ്‌ച എല്ലാവരും വീണ്ടും കെയ്റ്റിന്‍റെ വീട്ടിൽ പോയി. ചിലതൊക്കെ കണ്ട് മനസ്സിലാക്കാൻ. ഇനിയത് നമ്മുടെ ആവാൻ പോവുന്നതല്ലേ. ഇപ്രാവശ്യം ഒന്നുകൂടെ സൂക്ഷ്‌മമായി നോക്കുകയായിരുന്നു.

“കണ്ടോ മമ്മീ, എത്ര അപൂർവ്വമായ ചെടിയാണിത്. ഇതിനെ എൽകോൺ എന്നാണ് പറയുന്നത്. ഇതിന് മണ്ണിൽ വേരുണ്ടാവില്ല. ഇത് വായു കൊണ്ടാണ് ജീവിക്കുന്നത്.” വിഭ ഒരു മരത്തിന്‍റെ അടുത്തു നിന്ന് തന്‍റെ സസ്യശാസ്ത്ര വിജ്‌ഞാനം വിളമ്പുകയായിരുന്നു.

“ഇതിന് പഴത്തൊലി കൊടുക്കാം, മുട്ടത്തോട് കൊടുക്കാം. അത്ഭുത സസ്യം തന്നെ അല്ലേ.” വിഭ അതിന്‍റെ പ്രത്യേകതകളിൽ ആവേശം കൊള്ളുകയായിരുന്നു. പക്ഷേ ശോഭ വ്യാകുലയും. മനസ്സിൽ ഒരു കുഴഞ്ഞു മറിയൽ.

“ആഴമുള്ള വേരുകളില്ലാത്ത ചെടി, മണ്ണില്ലാത്ത ചെടി. ങ്ഹും, അത് വലിയ കാര്യം തന്നെ” അവൾ പരോക്ഷമായി പറഞ്ഞു. “അതേ, വളരെ നല്ലതാണ്.”

വീട്ടിലെത്തിയതും ശോഭ പ്രഖ്യാപിച്ചു. “വിഭേ, നീ ആ വീട്ടിൽ താമസിക്കുന്നത് എനിക്ക് സമ്മതമല്ല. നിങ്ങൾ അത് വാങ്ങരുത്.”

“അമ്മയെന്താണീ പറയുന്നത്? വിഭയും രോഹനും അച്‌ഛന്‍റെ കൂടെ വൈൻ കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു. വിലാസിന്‍റെ വിസ്ക്‌കിയുടേയും സ്കോച്ചിന്‍റെയും ബോട്ടിലുകൾക്ക് രണ്ടു പുതിയ സുഹൃത്തുക്കളെ ലഭിച്ചിരുന്നു. ഓസ്ട്രേലിയൻ ബിയറും വൈനും.. എങ്കിലും വിഭയ്ക്കും രോഹനും അദ്ദേഹം അധികം ഡ്രിങ്ക്സ് കഴിക്കുന്നത് ഇഷ്‌ടമല്ലായിരുന്നു.

ശോഭ എഴുന്നേറ്റ് കുഞ്ഞു രാധയെ കയ്യിലെടുത്ത് തന്‍റെ മുറിയിലേയ്ക്ക് പോകാൻ നിന്നു. പോകവേ അവൾ പറഞ്ഞു. “ഞാൻ പറഞ്ഞു കഴിഞ്ഞു. ആ വീട് ശരിയല്ല.”

എല്ലാവരും സ്‌തബ്‌ധരായി അനങ്ങാതെ നിന്നു. മിനിറ്റുകളോളം ആരും ഒന്നും പറഞ്ഞില്ല. വിഭ പെട്ടെന്നു തന്നെ അവളുടെ പിന്നാലെ ചെന്ന് ദേഷ്യത്തോടെ പറഞ്ഞു. “ഹോ മമ്മാ, നിങ്ങളെക്കൊണ്ട് വയ്യ. ഞങ്ങൾ ഇത്രയധികം പൈസ ഇൻവെസ്‌റ്റ് ചെയ്‌തതാ. ഞങ്ങൾക്ക് ആ വീട് ഭയങ്കര ഇഷ്ടമാണ്.”

പക്ഷേ, ശോഭയെ ഭൂതം ആവേശിച്ച പോലെയായിരുന്നു. അവൾ ആകെ ബഹളമാക്കി. നിരാഹാരം കിടന്നു. വീട്ടിലാകെ ഉത്കണ്ഠ. എല്ലാവരും അവളെ ഉപദേശിക്കും. സമ്മതിപ്പിക്കാൻ നോക്കും. പിന്നെ ദേഷ്യപ്പെടും അവൾ ഇളകിയില്ല. പിന്നെ ഒരു അപ്രതീക്ഷിത തീരുമാനം വിലാസ് അറിയിച്ചു. “നമ്മൾ നാളെത്തന്നെ ഇന്ത്യയ്ക്ക് തിരിച്ചു പോവുകയാണ്.”

“എന്ത്? നാളേയോ, പക്ഷേ നമ്മുടെ ടിക്കറ്റ് അടുത്ത മാസത്തേയ്ക്കല്ലേ. മാത്രമല്ല ഇപ്പോൾ വിഭ ദുർബലയാണ്. ഒറ്റയ്ക്ക് എങ്ങനെ രാധയെ നോക്കും. നിങ്ങൾക്ക് എന്താ പറ്റിയത്?”

“എനിക്കോ?” അയാളുടെ ശബ്ദം കടുത്തതായിരുന്നു. “എനിക്കെന്ത് സംഭവിക്കാൻ, എനിക്കല്ല, നിങ്ങൾക്ക് എന്തുപറ്റി എന്ന് ആലോചിക്കൂ മാഡം.”

“എനിക്കെന്ത് സംഭവിക്കാനാണ്. എന്‍റെ കുട്ടികൾക്ക് നല്ലതു വരുന്നത് മാത്രം ചെയ്യും. ജീവിതകാലം മുഴുവൻ ചെയ്തു കൊണ്ടിരിക്കുന്നത്.” അവൾ പതുക്കെ തളർന്ന ശബ്‌ദത്തിൽ പറഞ്ഞു.

“കണ്ണ് തുറന്ന് നോക്ക്, അവർ കുട്ടികളല്ല.” തന്‍റെ ഭർത്താവിന്‍റെ നിശ്ചയിച്ചുറപ്പിച്ച ഭാവം കണ്ട് ശോഭ സ്‌തംഭിച്ചു പോയി.

“അമ്മമാർക്ക് തന്‍റെ മക്കൾ ഒരിക്കലും വലുതാവില്ല. വിഭയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുന്നത് എനിക്ക് സഹിക്കാനാവില്ല.” ശോഭ പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരുന്നു.

“അവരുടെ ജീവിതത്തിൽ ഇന്‍റർഫിയർ ചെയ്യുന്നത് നിർത്തു.” വിലാസ് അലറുന്ന പോലെ പറഞ്ഞു. “അവരെ ജീവിക്കാൻ വിടു സ്വസ്‌ഥമായി ശ്വാസമെടുക്കാൻ സമ്മതിക്കൂ.”

“ഞാൻ അവരെ ജീവിക്കാൻ സമ്മതിക്കുന്നില്ലന്നോ?” അടികിട്ടിയ പോലെ  ശോഭ ചോദിച്ചു.

കേട്ടിട്ടും കേൾക്കാത്തപോലെ വിലാസ് അലമാരയിൽ നിന്ന് വസ്ത്രങ്ങളെടുത്ത് സ്യൂട്ട്കേയ്സിൽ നിറയ്ക്കാൻ തുടങ്ങി.

ശോഭയും ഉറച്ചു നിന്നു. കുട്ടിക്കാലത്തെ നിർബന്ധബുദ്ധി ഇപ്പോൾ ഉഗ്രരൂപത്തിലായി. പക്ഷേ, വിലാസിന്‍റെ തീരുമാനം മാറിയില്ല. അവളുടെ ഓമന എത്ര കരഞ്ഞു. അവൾ എത്ര മോഹിച്ചു. “മമ്മി പ്ലീസ്, ഒരു വാക്കെങ്കിലും പറയൂ.”

പക്ഷേ ശോഭ പാറ പോലെ ഉറച്ചു നിന്നു. അവളുടെ ഓക്സിജനായിരുന്നു വിഭയുടെ കണ്ണുകളിൽ കണ്ണുനീർ. ശോഭ ഉത്കണ്‌ഠപ്പെട്ടിരുന്നത് വിഭയുടെ ഭാവിയെക്കുറിച്ച് മാത്രമാണ്. ഒരു വിചിത്രമായ ഭ്രമം. ഒരു അന്ധ വിശ്വാസം അവളുടെ ഉള്ളിൽ കടന്നിരുന്നു. അവൾ ഭയപ്പെട്ടു.

വിവാഹമോചിതയായ കെയ്റ്റിന്‍റെ വീട്ടിൽ തന്‍റെ മകൾ താമസിക്കുന്നതോർത്ത് അവൾ ഭയപ്പെട്ടു. അങ്ങനെ സംഭവിച്ച വീട്ടിൽ വിഭ ഒറ്റയ്ക്ക് താമസിക്കാനോ? ഈ ചിന്തയാണ് അവളെ അലട്ടിക്കൊണ്ടിരുന്നത്.

കച്ചവടം കഴിഞ്ഞിരുന്നു. ഇന്ത്യയിൽ എത്തിയ ശോഭ സ്വയം സങ്കടപ്പെട്ട് ജീവിച്ചു. എല്ലാ പണിയും എങ്ങനെ ചെയ്യുന്നുണ്ടായിരുന്നു. രാധയെ ആര് ഉറക്കുന്നുണ്ടാവും. ആകാശിനെ ആര് പുരിയും പനീറും കഴിപ്പിക്കുന്നുണ്ടാവും? വിഭ മരുന്ന് കഴിച്ചിട്ടുണ്ടാവുമോ ആവോ?

വിഭയുടെ ഫോൺ എപ്പോഴും വരുന്നുണ്ടായിരുന്നു. വിഭയ്ക്ക് ശോഭയെപ്പറ്റിയും ശോഭയ്ക്ക് വിഭയെപ്പറ്റിയും ആധിയായിരുന്നു.

രണ്ടു ദിവസം മുമ്പ് വിഭ പറഞ്ഞു “മാമാ ഞങ്ങൾ ഈയാഴ്ച്ച ഷിഫ്റ്റ് ചെയ്യുകയാണ്. അമ്പലത്തിൽ നിന്ന് പൂജാരിയെ വിളിപ്പിച്ച് ഹോമം കഴിപ്പിക്കാം. വേറെ എന്തെങ്കിലും ചെയ്യാനുണ്ടോ?”

“എനിക്കു വേണ്ടി ഒരു കാര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ നിന്‍റെ ഇഷ്ടം പോലെ…”

“പറയുന്നേ, എന്താ വേണ്ടത്?” വിഭ ആവേശത്തോടെ പറഞ്ഞു.

“ആ വീട്ടിൽ നിന്ന് എൽകോണിൻ മരം വെട്ടിക്കളയൂ.”

“ശരി വെട്ടിക്കളയാം.” വിഭ തന്‍റെ അമ്മയുടെ ആഗ്രഹം കേട്ട് വിസ്‌മയിച്ചു. പാവം എൽകോൺ ചെടി കൊണ്ട് അവർക്ക് എന്ത് ബുദ്ധിമുട്ടാണെന്ന് അവൾക്ക് മനസ്സിലായില്ല.

“നല്ല ആഴമുള്ള വേരുകളുള്ള ഒരു ചെടി. അതിന്‍റെ വേരുകൾ മണ്ണിലായിരിക്കണം. ആൽമരം പോലത്തെ, മണ്ണിൽ ഉറച്ചു നിൽക്കുന്ന ശിഖരങ്ങളുള്ള ഒന്ന്, അങ്ങനെ ഒന്ന് വയ്ക്ക്.” ശോഭ ആവശ്യപ്പെട്ടു.

“ഇത്രയേ ഉള്ളൂ കാര്യം? ഇന്നു തന്നെ പോയി നല്ല വേരുള്ള ഒരു ചെടി കൊണ്ടു വരാം, ഐ ലവ് യൂ മാ,” വിഭ ഉത്സാഹത്തോടെ പറഞ്ഞു.

ഉള്ളിന്‍റെയുള്ളിൽ ശോഭയ്ക്ക് അറിയാമായിരുന്നു. തന്‍റെ വിവാഹജീവിതത്തിലെ അനുഭവത്തെ അന്ധവിശ്വാസമാക്കി വിഭയെ അവിവാഹിതയാക്കി നിർത്താൻ ആഗ്രഹിച്ച പോലെ ഈ അന്ധവിശ്വാസവും വേരില്ലാത്ത ചെടി പോലെയാവും എന്ന്.

പക്ഷേ, ഈ അന്ധവിശ്വാസം ഇങ്ങനെ ഒഴിഞ്ഞു പോകുന്നതു കണ്ട് അവൾ ദീർഘ നിശ്വാസം വിട്ടു.

തുറന്നിട്ട ജാലകം

സമയം പത്തു കഴിഞ്ഞു. ഇന്ദിരാദേവി അസ്വസ്‌ഥതയോടെ മുറിയിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു. “അവളിതെവിടെപ്പോയി കാണും. നേരമിത്രയിരുട്ടിയിട്ടും…” മകൾ ദിയ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ചെറുപ്പക്കാരിയായ മകൾ നേരമിരുട്ടിയിട്ടും മടങ്ങിയെത്തിയില്ലെങ്കിൽ ഏതൊരമ്മയുടെ മനസ്സാണ് പിടയ്ക്കാതിരിക്കുന്നത്. ഇന്ദിരാദേവി ഇടയ്ക്കിടയ്ക്ക് മുൻവശത്തെ ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. “ഹായ് മമ്മാ, ഇതുവരെ ഉറങ്ങിയില്ലേ?” വാതിൽ തള്ളിത്തുറന്നു കൊണ്ട് ദിയ അകത്തുകടന്നു. ഇന്ദിരാ ദേവി ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു.

“മമ്മാ,” അമ്മയുടെ തോളിൽ കൈ വച്ച് ദിയ സോഫയിലിരുന്നു.

“മമ്മാ, ടേക്ക് എവരിതിംഗ് ഈസി. ടെൻഷനടിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?”

“നീ കൊച്ചു കുട്ടിയല്ലെന്നതാണ് ഇപ്പോഴെന്‍റെ ടെൻഷൻ, പതിനെട്ടു വയസ്സായി. എന്നിട്ടും കൊച്ചുകുട്ടിയെന്നാ വിചാരം. അല്ലെങ്കിൽ അർദ്ധരാത്രിവരെ ഇങ്ങനെ കറങ്ങി നടക്കുമോ?”

“ഓഹോ മമ്മാ, ഇതൊക്കെയിത്ര സീരിയസ്സായെടുക്കാനുണ്ടോ? ഞാനൊറ്റയ്ക്കല്ലായിരുന്നുവെന്ന് മമ്മയ്ക്ക്ക്കറിയില്ലേ?”

“കൂട്ടുകാരൊക്കെയുണ്ടായിരുന്നോ? അതോ അവൻ മാത്രമായിരുന്നോ?” ഇന്ദിരാദേവിയുടെ സ്വരം കനത്തു.

കള്ളി വെളിച്ചത്തായല്ലോ എന്ന ജാള്യതയോടെ ദിയ തല കുമ്പിട്ടിരുന്നു. കുറച്ചുനേരം അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു.

“എനിക്ക് നിഖിലിനെ ഇഷ്ടമാണ്. നിഖിലിന് എന്നെയും. അതിലെന്താ തെറ്റ്?”

“സ്നേഹം… പ്രേമം… ഇതൊക്കെ പറയാൻ മാത്രം നീ വളർന്നോ? ആദ്യം സ്വന്തം കാലിൽ നിൽക്ക്. പിന്നീട് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. നിനക്ക് നിഖിലിനെക്കുറിച്ച് എന്തറിയാം?”

“എന്തായാലും ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചിട്ടുണ്ട്.”

“വിവാഹമോ? അവന്‍റെ വീട്ടുകാർ സമ്മതിക്കുമോ?”

“സമ്മതിച്ചില്ലെങ്കിൽ… ഞങ്ങളൊരു കൊച്ചുവീടെടുത്ത് മാറിത്താമസിക്കും.”

“സ്വ‌പ്നലോകം എന്നെന്നും മനോഹരമായിരിക്കും. പ്രേമം മൂത്ത് അവൻ നിന്നെ വിവാഹം കഴിച്ചാൽത്തന്നെ നാലഞ്ചു ദിവസം കഴിഞ്ഞ് ജീവിതചെലവിനു പണം തികയാതെ വരുമ്പോൾ… ഈ പ്രണയപ്പനിയൊക്കെ അവസാനിക്കും.” അവർ മകളെ ഉപദേശിച്ചു.

“എങ്കിൽ ഞാനവനെ ഉപേക്ഷിച്ച് വേറെ കെട്ടും.” ദിയ നിസ്സാരമായി പറയുന്നതുകേട്ട് അവർ ദിയയെ ബലമായി പിന്നോട്ടു തള്ളി.

“എന്‍റെ അവസ്‌ഥ കണ്ടിട്ടും നീ പഠിച്ചില്ലല്ലോ. വീണ്ടും ചരിത്രം ആവർത്തിക്കണോ?” ഇന്ദിരാദേവി ഏങ്ങിയേങ്ങിക്കരഞ്ഞു. ദിയയ്ക്ക് കുറ്റബോധം തോന്നി.

“അച്ഛനുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെയൊന്നും ആകില്ലായിരുന്നു.”

“പിന്നെ എന്തിനാണെന്നെ പപ്പയിൽ നിന്നകറ്റിയത്?” പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ദിയയും പൊട്ടിക്കരഞ്ഞു.

മകളുടെ സംസാരംകേട്ട് ഇന്ദിരാദേവി സ്തബ്ധയായി. അവളുടെ ചോദ്യങ്ങൾക്കെന്തു മറുപടി നൽകും? സ്നേഹത്തിനു വേണ്ടിയുള്ള അന്ധമായ വെമ്പൽ തനിക്കെന്തെല്ലാമാണ് നഷ്ടപ്പെടുത്തിയത്. ദിയയ്ക്കോ, അച്ഛഛന്‍റെ സ്നേഹവും…

ഇന്ദിരാദേവി ഉറങ്ങാൻ ശ്രമിച്ചു. നേരമേറെയായിട്ടും ഉറക്കം വന്നില്ല. ചിന്തകൾ ഗതകാലസ്‌മരണകളിലൂടെ അലഞ്ഞു തിരിഞ്ഞു. കഴിഞ്ഞയാഴ്‌ച ടൗൺഹാളിനടുത്തുവച്ച് ഒരകന്നബന്ധു അതുലാണ് ശ്യാമിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

“ശ്യാം ഇന്നും ഏകനാണ്. പുനർ വിവാഹം കഴിച്ചില്ല. ജോലിയിൽ മുഴുകി കഴിയുന്നു.”

അതുൽ നൽകിയ ഈ ചെറിയ സൂചന വലിയൊരു കൊടുങ്കാറ്റായാണ് ഇന്ദിരാദേവിയുടെ മനസ്സിലാഞ്ഞടിച്ചത്. കരിങ്കല്ലുപോലെ ഉറച്ച മനസ്സ് മഞ്ഞുമല പോലെയുരുകി. ശ്യാമിനെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.

ഗൗരവം നിറഞ്ഞ മുഖം, സ്വയം ഒതുങ്ങിക്കൂടുന്ന സ്വഭാവം, അതായിരുന്നു ശ്യാം. പക്ഷേ, ഇന്ദിരയോ നേരെമറിച്ചും. വാചാലയും അടിപൊളി ജീവിതം ഇഷ്ടപ്പെടുന്നവളും. ശ്യാം എപ്പോഴും തന്നോട് റൊമാന്‍റിക്കായി സംസാരിച്ചു കൊണ്ടിരിക്കണമെന്നവളാശിച്ചു. എന്നാൽ അവളുടെ പ്രതീക്ഷകൾക്ക് നേർവിപരീതമായിരുന്നു ശ്യാമിന്‍റെ പെരുമാറ്റം. ആയിടയ്ക്കാണ് സമ്പന്നനായ സജയൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. സ്നേഹത്തിനുവേണ്ടി വെമ്പി നിന്ന മനസ്സ് സജയനോടടുത്തത് അവൾപോലും അറിയാതെയായിരുന്നു.

സജയനാകട്ടെ ഇന്ദിരയേയും മകളേയും സ്വീകരിക്കുവാനും തയ്യാറായിരുന്നു. സ്നേഹത്തിന്‍റെ മാസ്‌മരലോകം തേടി ആറുവയസ്സുകാരി മകൾ ദിയയെയുമെടുത്തുകൊണ്ട് സജയനൊപ്പം വീടുവിട്ടിറങ്ങി. മാസങ്ങളും വർഷങ്ങളും പിന്നിട്ടത് അവൾ അറിഞ്ഞില്ല.

സജയന് മിക്കവാറും ഔദ്യോഗികാവശ്യങ്ങൾക്കായി പുറത്തു പോകേണ്ടിവരുമായിരുന്നു. ഒരിക്കൽ സജയൻ വീട്ടിലിലില്ലാത്ത സമയത്ത് തടിച്ച ഒരു സ്ത്രീ ഗേയ്റ്റ് തള്ളിത്തുറന്നുകൊണ്ട് അകത്തേയ്ക്കുവന്നു. “നീയാണോ സജയന്‍റെ വെപ്പാട്ടി. മൂന്നുകുട്ടികളുടെ അച്ഛനെ പ്രണയിച്ചു വീഴ്ത്താൻ നിനക്ക് നാണമില്ലേ?” വന്നയുടനെ അവർ ആക്രോശിച്ചു.

“മൂന്നു കുട്ടികൾ…?”

“അതെയതെ… മൂന്നുകൂട്ടികൾ. ഞാനയാളുടെ ഭാര്യയാണ്. ഞാൻ ഡിവോഴ്സ് ചെയ്യുമെന്നാണോ നീ കരുതിയത്? ഒരിക്കലുമില്ല. സജയനെന്‍റെ ഭർത്താവാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്.”

ഇന്ദിരാദേവി ശരിക്കും ഞെട്ടിത്തരിച്ചു. ഇത്രയും വലിയ നുണയോ? സജയനിതുവരെ ഇതൊന്നും തന്നോടു പറഞ്ഞിരുന്നില്ലല്ലോ. ഭാര്യ മരിച്ചു. ബന്ധുമിത്രാദികളെന്നു പറയാൻ ഈ ലോകത്തിനി ആരുമില്ല. എന്നൊക്കെ… മനസ്സ് വല്ലാതെ വേദനിച്ചു. ചതിയല്ലേ ഇത്? അവളുടെ മനസ്സ് മന്ത്രിച്ചു.

ടൂർ കഴിഞ്ഞ് മടങ്ങിയെത്തിയ സജയനിതൊക്കെ കേട്ട് ആർത്തുചിരിച്ചു.

“ഓഹോ അതാണോ കാര്യം? ഇതൊക്കെ ചോദിക്കാനും മാത്രം നീയത്ര ശീലാവതിയൊന്നുമല്ലല്ലോ?”

ഇന്ദിരാദേവിക്ക് ശരീരം പൊള്ളുന്നതു പോലെ തോന്നി. “ഞാനാരാണെന്ന് നിങ്ങളോട് വ്യക്ത്‌തമായി പറഞ്ഞിരുന്നല്ലോ? ഞാനൊരിക്കലും നുണ പറയാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, നിങ്ങൾ… നിങ്ങൾ… ചതിയനാണ്. ഞാൻ ശ്യാമിന് ഡിവോഴ്സ‌് നോട്ടീസയച്ചിട്ടുണ്ട്. പക്ഷേ, നിങ്ങൾക്ക് ഭാര്യയെ ഉപേക്ഷിക്കാനാകുമോ? നിങ്ങൾ എത്ര വലിയ വഞ്ചകനാണ്. എനിക്കും എന്‍റെ മകൾക്കും നിങ്ങളുടെ ജീവിതത്തിലെന്തു സ്‌ഥാനമാണുള്ളത്?”

“നീയെന്തൊക്കെ അനാവശ്യമാണ് ചിന്തിച്ചുകൂട്ടുന്നത്? എന്‍റെ മനസ്സും ഹൃദയവും നിനക്കുള്ളത്. അവളെ ആ അഹങ്കാരിയെ… ഞാനൊരിക്കൽപ്പോലും സ്നേഹിച്ചിട്ടില്ല. പക്ഷേ, നീ എന്‍റെ…” സജയന്‍റെ വാക്കുകൾ ഇന്ദിരാദേവിയെ കൂടുതൽ രോഷാകുലയാക്കി.

“മതി മതി…. ഇനിയെനിക്കൊന്നും കേൾക്കേണ്ട.”

“പിന്നെ നീയെന്തിനാണിങ്ങനെ ബഹളം വയ്ക്കുന്നത്. എന്‍റെയീ വീട്ടിലിപ്പോൾ നീയല്ലേ താമസിക്കുന്നത്. വാരിക്കോരിയല്ലേ ഞാൻ നിനക്കുവേണ്ടി ചെലവഴിക്കുന്നത്. നിന്‍റെ മകളെയും പൊന്നുപോലെ നോക്കുന്നില്ലേ? നീ പ്രതീക്ഷിച്ചതൊന്നും ശ്യാമിൽ നിന്നും ലഭിക്കാതെ വന്നതുകൊണ്ടല്ലേ നീ എന്നെ തേടി വന്നത്?” എന്തെല്ലാമോ പിറുപിറുത്തു കൊണ്ട് സജയനിറങ്ങിപ്പോയി.

ഇന്ദിരാദേവി സ്വയം ശപിച്ചുകൊണ്ട് ഏങ്ങിക്കരഞ്ഞു. ഇഷ്‌ടമുണ്ടായിട്ടല്ലെങ്കിലും ഈ വീട്ടിൽത്തന്നെ തുടരേണ്ടി വന്നിരിക്കുന്നു. ശ്യാമിനെ എങ്ങനെ അഭിമുഖീകരിക്കും? മകളെയോർത്ത് എല്ലാം സഹിച്ച് ദിവസങ്ങൾ തള്ളിനീക്കി. സജയനെ അവൾ മനസ്സാലെ വെറുത്തുകഴിഞ്ഞിരുന്നു. പണ്ടൊക്കെ ഒഫീഷ്യൽ ടൂർ എന്നു പറഞ്ഞ് പോകാറുള്ള സജയൻ ഇപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സധൈര്യം മാസത്തിലധികസമയവും ചെലവഴിക്കാൻ തുടങ്ങി.

ഇപ്പോൾ ദിയയെക്കുറിച്ചോർത്താണ് ഇന്ദിരാദേവിക്ക് വിഷമം. മകളോടുള്ള സജയന്‍റെ പെരുമാറ്റം ശരിയല്ലായിരുന്നു. ശ്യാമിൽ നിന്നും മകളെ അകറ്റിയത് താൻ ചെയ്‌ത ഏറ്റവും വലിയ തെറ്റാണെന്ന് മനസ്സിടയ്ക്കിടയ്ക്ക് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എന്നെങ്കിലുമൊരിക്കൽ സജയന്‍റെയുള്ളിലെ കാമമുണർന്നാലോ, തനിക്ക് മകളെ രക്ഷിക്കാൻ സാധിക്കാതെ വന്നാലോ? ആശങ്കയുടെ ദിനങ്ങൾ.

ഇതിനിടയിലാണ് അതു സംഭവിച്ചത്. റോഡപകടത്തിൽ സജയൻ… അതോടെ ഇന്ദിര തീർത്തും ഒറ്റപ്പെട്ടു. സജയൻ സ്വത്തിൽ ഒരു പങ്കുപോലും അവൾക്കു ലഭിച്ചതുമില്ല. തല ചായ്ക്കാനൊരു കൊച്ചുവീട് ലഭിച്ചുവെന്നു മാത്രം.

അവളുടെ കഷ്‌ടപ്പാടുകണ്ട് സജയന്‍റെ സുഹൃത്താണ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തത്. ഉദ്യോഗത്തിന്‍റെ ബലത്തിൽ ജീവിതമൊരു കണക്കിന് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയ്ക്കാണ് മകൾ ദിയയിൽ അപ്രതീക്ഷിതമായൊരു മാറ്റം.

മകളുടെ വൈകിയെത്തുന്ന ശീലം, മണിക്കൂറുകളോളം ഫോണിലൂടെയുള്ള സംസാരം, ബോയ്ഫ്രണ്ടിനൊപ്പം ചുറ്റിക്കറങ്ങൽ… താൻ ഒരു യാന്ത്രികലോകത്തിൽ ജീവിക്കുകയാണോ… എന്തെല്ലാമോ ആലോചിച്ചുകൂട്ടുന്നതിനിടയ്ക്ക് പെട്ടെന്നെന്തോ തീരുമാനിച്ചുറപ്പിച്ചെന്നതുപോലെ മൊബൈൽ ഫോണെടുത്തു. ആ പഴയ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ ഇന്ദിരയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

“ഹലോ, ശ്യാമല്ലേ?” അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ശ്യാം മറുപടി നൽകി.

“അതെ.”

“സുഖമല്ലേ…” ഇടർച്ചയോടെ അവൾ ചോദിച്ചു.

“നിനക്കും ദിയമോൾക്കും സുഖം തന്നെയല്ലേ?” ശ്യാമിന്‍റെ ശബ്ദം പ്രതിധ്വനിയായി അവളുടെ കാതുകളിൽ മുഴങ്ങി.

“ഇതുവരെ മകളെ കാണണമെന്നു തോന്നിയില്ലേ. ഒരു ഫോണെങ്കിലും…?”

“ആഗ്രഹങ്ങളടക്കാൻ ഞാൻ നേരത്തേ പഠിച്ചിരുന്നു. നീ സ്വയം നിഷേധിച്ച അധികാരങ്ങൾക്ക് പിന്നാലെ പായുന്നതിലെന്തർത്ഥം?”

“മറ്റൊരു വിവാഹം കഴിക്കാമായിരുന്നില്ലേ?” അവൾ ദുഃഖമടക്കി ചോദിച്ചു.

“ഒരിക്കൽ മുറിവേറ്റ ഞാൻ മറ്റൊരു വിവാഹത്തിന് തയ്യാറാകുമോ? ഈ മുറിവുണ്ടാക്കിയ വേദന…”

ഇന്ദിരാദേവിക്ക് ഹൃദയം വിങ്ങിപ്പൊട്ടുമെന്നു തോന്നി. അവൾ ഫോൺ കട്ട് ചെയ്തു. കൂടുതൽ കേൾക്കാനുള്ള ശക്തി അവൾക്കില്ലായിരുന്നു. ശ്യാമിന്‍റെ മനസ്സിൽ താനേൽപ്പിച്ച ആഴത്തിലുള്ള മുറിവിന് പ്രതിവിധി കണ്ടെത്തണം.

വീണ്ടും ഫോൺ റിംഗ് ചെയ്യുന്നു. അങ്ങേത്തലയ്ക്കൽ ശ്യാം ആയിരുന്നു.

“ഹലോ… എന്തിനാ ഫോൺ കട്ട് ചെയ്തത്? ഞാൻ പറഞ്ഞതുവല്ലതും…?”

“ഇല്ല ശ്യാം. ശ്യാമിന്‍റെ ഭാഗത്തൊരു തെറ്റുമില്ല. ഞാനാണ് തെറ്റുകാരി. അതിന്‍റെ ഫലവും ഞാനിന്നനുഭവിക്കുകയാണ്. ഇനിയെങ്കിലും അച്‌ഛന്‍റെ സ്നേഹവും ലാളനയും മോൾക്ക് ലഭിക്കണം. ശ്യാം നിങ്ങളെന്നെ സ്വീകരിക്കുമോ?”

“അതിനു ഞാൻ നിന്നെയെന്നാ ഉപേക്ഷിച്ചത്?”

അതുകേട്ടപ്പോൾ ഇന്ദിരാദേവിയുടെ കണ്ണുനിറഞ്ഞു. ഈ സ്നേഹം തിരിച്ചറിയാൻ ഞാൻ എന്താണിത്ര വൈകിയത്? ചുറുചുറുക്കോടെ മകളുടെ അടുത്തേക്ക് ഓടിയെത്തുമ്പോൾ ഇന്ദിരയുടെ മുഖത്ത് ആയിരം സൂര്യ ചന്ദ്രന്മാർ തെളിഞ്ഞുനിന്നു.

പെപ്പർ സ്പ്രേ

സന്തോഷത്തിൽ തുള്ളൽപ്പനി വന്ന പോലെ തുള്ളുകയാണ് സംപദ… പ്രിയക്ക് അങ്ങനെയാണ് തോന്നിയത്. ആഹ്ളാദം മൂത്താലും ചിലർക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്‌ഥയിലാവുമല്ലോ.

“പ്രിയാ… അവൻ ഇന്ന് എന്നെ കാണാൻ വരും…” മുറിയിലെ ബുക്ക് ഷെൽഫ് അടുക്കിപ്പെറുക്കി വയ്ക്കുന്ന പ്രിയയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു സംപദ. പ്രിയ അവളെ തിരിഞ്ഞു നിന്ന് സൂക്ഷിച്ചു നോക്കി. ഇപ്പോൾ പ്രിയയുടെ മനസ്സിലെന്താണെന്നു പോലും അറിയാൻ ശ്രമിക്കാതെ സംപദ തുടർന്നു കൊണ്ടേയിരുന്നു.

“യൂ, നോ… പ്രിയ… എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് വരാൻ പോകുന്നത്. രാഹുൽ എന്നെ അവന്‍റെ പേരന്‍റ്സിന്‍റെ അടുത്തു കൊണ്ടു പോകുമത്രേ… എല്ലാം എത്ര വേഗമാണ് സംഭവിച്ചത്. പ്രിയാ, ആം ത്രിൽഡ്… ഹൊ… ഞാനിപ്പോൾ ഏഴാം സ്വർഗ്ഗത്തിലാണോ…” അതുകേട്ടപ്പോൾ പ്രിയ അല്പ‌ം ധൈര്യം വീണ്ടെടുത്ത് ഇത്രയും പറഞ്ഞു.

“സംപദ… അതു തന്നെയാണ് എന്‍റെ ഭയം. ഇതെല്ലാം സംഭവിച്ചത് വളരെ പെട്ടെന്നാണ്. രണ്ട് മാസം മുമ്പ് നിനക്ക് അവനെ അറിയുക പോലുമില്ലായിരുന്നു. അത്തരമൊരാളെ നീ ഇപ്പോൾ വിവാഹം ചെയ്യാൻ പോകുന്നു. എനിക്ക് പേടി തോന്നുന്നു.” സംപദ അവളെ ഈർഷ്യയോടെ നോക്കി.

“പ്രിയാ… നിനക്ക് സന്തോഷമില്ല അല്ലേ… നിനക്ക് എന്നോട് അസൂയ ആണ്.”

അത് കേട്ട് പ്രിയ നിഷേധാർത്ഥത്തിൽ തലയാട്ടി. രണ്ടുപേരും പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർത്ഥിനികൾ, ഒരു മുറി പങ്കിടുന്നവർ അതിലുപരി നല്ല സുഹൃത്തുക്കൾ. പ്രിയയ്ക്ക് സംപദയുടെ ഈ ബന്ധം അത്ര ഇഷ്ടമല്ല. രാഹുലിനെ അവൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ്. നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു വ്യക്തി. പരോക്ഷമായി ചില താക്കീതുകളൊക്കെ പ്രിയ, സംപദയ്ക്ക് നൽകിയിരുന്നു. പക്ഷേ ഈ ബന്ധം, അതൊന്നും വേണ്ടെന്ന് ഉപദേശിക്കാൻ നിർവ്വാഹമില്ലല്ലോ. അവൾ 21 വയസു തികഞ്ഞ ഒരു പെൺകുട്ടിയല്ലേ… പക്ഷേ, ഈ വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്ന് പ്രിയയുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു.

കണ്ടില്ലേ പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഉറ്റസുഹൃത്തിന് അസൂയ ആണെന്നു പോലും അവൾ വച്ച് കാച്ചിയിരിക്കുന്നു. പ്രിയയ്ക്ക് ചിരിയാണ് വന്നത്. അവൾ സംപദയെ ചേർത്തു പിടിച്ചിട്ടു ചോദിച്ചു.

“നിനക്കെങ്ങനെ പറയാൻ തോന്നി എനിക്ക് അസൂയ ആണെന്ന്. എനിക്ക് സന്തോഷമേയുള്ളൂ നിന്‍റെ രാഹുൽ വരുന്നതിൽ… പക്ഷേ നിങ്ങൾ എവിടെയാണ് മീറ്റ് ചെയ്യുന്നതെന്ന് എന്നോട് പറയണം. നീ ആദ്യമായിട്ടല്ലേ അയാളെ കാണുന്നത്?”

“എനിക്കവനെ നന്നായിട്ടറിയാം… ഇനി നീ കൂടുതലൊന്നും പറഞ്ഞ് എന്‍റെ മൂഡ് കളയരുത്.”

“ഓ. കെ. ഇനി ഞാനൊന്നും പറയുന്നില്ല. നീ എവിടെ വച്ചാണ് രാഹുലിനെ കാണുന്നത്? എന്‍റെ ഭാവി ബ്രദർ ഇൻ ലോയെ കാണാൻ എനിക്കും അവസരം കിട്ടുമോ ആവോ?”

പ്രിയ വിഷയം മാറ്റി. ഇപ്പോൾ സംപദയുടെ മുഖത്ത് ഊറിക്കൂടിയ പുഞ്ചിരിയിൽ നാണത്തിന്‍റെ ചോരത്തുടിപ്പ്. “ഞങ്ങൾ ബീച്ചിൽ കാണാമെന്നാ വിചാരിക്കുന്നേ.”

“ഓ. കെ, അങ്ങനെയെങ്കിൽ ബീച്ചിൽ നിന്ന് ഒരു കി. മീ അപ്പുറമുള്ള കോഫീ ഹൗസിൽ ഞാൻ കാത്തിരിക്കാം. നിങ്ങൾ ബീച്ചിൽ കണ്ടശേഷം എന്‍റെ അടുത്തേക്കു വന്നാൽ മതി. എനിക്കും രാഹുലിനെ പരിചയപ്പെടാമല്ലോ..” പ്രിയയുടെ ആശയം സംപദയ്ക്ക് ഇഷ്ടപ്പെട്ടു. ഒരു പക്ഷേ തന്‍റെ ആകാംക്ഷയ്ക്കപ്പുറമൊന്നും ഉണ്ടാവില്ല. എങ്കിലും… സംപദ രാഹുലിനെ കാണാൻ പോകുന്ന സമയവും പ്രശ്നമാണ്. വൈകിട്ട് 6 മണി. മഴക്കാലമാണ്. പെട്ടെന്ന് ഇരുൾവീഴും…. എന്തായാലും സമയത്തിന്‍റെ പേരിൽ ഒരു തർക്കത്തിനു മുതിരാൻ പ്രിയയ്ക്കു മനസ്സു വന്നില്ല. പ്രിയ ആലോചിച്ചിരിക്കേ സംപദയുടെ ചോദ്യം വന്നു.

“പ്രിയാ, ഞാൻ ഏതു ഡ്രസ് ആണ് ധരിക്കേണ്ടത്… ആ റെഡ് ഗൗൺ ആയാലോ?”

“വേണ്ട, സിംപിൾ ഡ്രസ് മതി. ആദ്യമായി കാണുന്നതല്ലേ, റെഡ് ഗൗൺ കുറച്ചു സെക്സിയാണ്. എന്തായാലും അതുവേണ്ട.” ഇത്തവണ സംപദ പ്രിയയുടെ ഉപദേശം ചെവിക്കൊണ്ടു. അവൾ ജീൻസും ടോപ്പും ധരിക്കാൻ തീരുമാനിച്ചു.

ബീച്ചിലേക്കുള്ള യാത്ര…

സംപദ പറഞ്ഞറിയിക്കാനാവാത്ത ആവേശത്തിലാണ്. പ്രിയയുടെ മനസ്സിൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നത് അവൾ അറിഞ്ഞതേയില്ല.

ബീച്ച് എത്താറായപ്പോൾ പ്രിയ ബാഗ് തുറന്ന് ഒരു പൊതി സംപദയുടെ കയ്യിൽ വച്ചുകൊടുത്തു. ‘ഒരു പെപ്പർ സ്‌പ്രേ!’ “ഇതു വച്ചോ, ആവശ്യം വന്നാൽ ഉപകരിക്കും, എന്നെ വിളിക്കാനും മറക്കരുത്.”

പെപ്പർ സ്‌പ്രേ കണ്ടപ്പോൾ സംപദ ഉറക്കെ ചിരിച്ചു. “കണ്ടോ… നിനക്ക് രാഹുലിനെ ഇപ്പോഴും വിശ്വാസമായിട്ടില്ല…”

അതുകേട്ട് പ്രിയയ്ക്ക് ചിരിക്കാതിരി ക്കാനായില്ല. സംപദയെ മെല്ലെ നുള്ളിക്കൊണ്ട് പ്രിയ അവളുടെ കാതിൽ പറഞ്ഞു. “എനിക്ക് വിശ്വാസമാണെടോ… പക്ഷേ രാഹുൽ എത്താൻ വൈകി യാലോ? ആ സമയത്ത് നിന്നെ അലോസരപ്പെടുത്താൻ ഏതെങ്കിലും മണ്ടന്മാർ വന്നുകൂടെന്നില്ലല്ലോ? അവരെ കൈകാര്യം ചെയ്യാനാണിത്.”

ആ വിശദീകരണം സംപദയ്ക്ക് ഇഷ്‌ടപ്പെട്ടു. അവൾ മടി കൂടാതെ പെപ്പർ പ്രേ ബാഗിൽ വച്ചു.

രാഹുൽ പറഞ്ഞ സ്ഥലത്തേക്ക് സംപദ വേഗത്തിൽ നടന്നു. പക്ഷേ അവിടെ അവൾ ആരേയും കണ്ടില്ല. എന്നാൽ അതവളിൽ ഒരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല. രാഹുൽ കുറച്ചു മുമ്പും കൂടി വിളിച്ചതാണല്ലോ. സൂര്യൻ അസ്‌തമിച്ചു തുടങ്ങി. മഴക്കാറ് നിറഞ്ഞ മാനത്ത് സൂര്യൻറ സ്വർണ്ണപ്രഭ അല്പ‌ം കാണാമെന്നു മാത്രമേയുള്ളൂ. കിളികൾ അങ്ങുദൂരേയ്ക്ക് കൂടണയാൻ പറന്നു പോകുന്നു. അവൾ കടലിലേയ്ക്ക് നോക്കിയിരുന്നു. തിരമാലകൾക്കു പതിവിൽ കൂടുതൽ രൗദ്രഭാവം. കാത്തിരിപ്പ് 10 മിനിട്ട് കൂടി നീണ്ടപ്പോൾ അവൾ രാഹുലിനെ ഒന്നു കൂടി വിളിച്ചു.

“ഹായ്… ഞാൻ അഞ്ചു മിനിട്ടിനുള്ളിൽ അവിടെയെത്താം.” ആ മറുപടി അവൾക്ക് ആശ്വാസം പകർന്നു. ഒരു വലിയ പാറക്കല്ലിനു മുകളിൽ സംപദ ഇരുന്നു. തിരമാലകൾ ഇടയ്ക്കിടെ തല്ലിയാർത്തു വരുന്നുണ്ട്. അവ കല്ലിൽ തട്ടി തിരിച്ചു പോകുന്നതും നോക്കി സംപദ നേരം പോക്കി. മുഖം വ്യക്തമാവാത്തത്ര ഇരുട്ട് അന്തരീക്ഷത്തിലുണ്ട്.. മൂടിത്തുടങ്ങിയ ആ ഇരുട്ടിലൂടെ ദൂരെ നിന്ന് ഒരാൾ നടന്ന് വരുന്നത് സംപദ ശ്രദ്ധിച്ചു. അവൾ ആഹ്ളാദത്തോടെ നോക്കി. ഇതാ തന്‍റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു.

രാഹുൽ വരുന്നുണ്ട്. ദൂരെ കണ്ട രൂപം അടുത്തേക്കു വന്ന പ്പോൾ സംപദയ്ക്ക് മനസ്സിലായി അത് രാഹുൽ അല്ലെന്ന്. ഇന്‍റർനെറ്റിൽ കണ്ട ഫോട്ടോയിൽ രാഹുലിന് നല്ല ഉയരമുണ്ട്. സമാന്യം വണ്ണവും. പക്ഷേ ഇയാൾ മെലിഞ്ഞിട്ടാണ്. ഒട്ടിയ കവിൾത്തടം. എന്തായാലും ഇത് രാഹുൽ അല്ല.

സംപദ അയാളെ ശ്രദ്ധിച്ചതേയില്ല. പക്ഷേ ആ രൂപം തന്‍റെ നേർക്കാണ് വരുന്നതെന്ന് അവൾ കണ്ടു. അവൾക്ക് ഭയം തോന്നി. കാലിൽ നിന്നൊരു തരിപ്പ് ഉയർന്നു വരുന്നു. അവൾ ബാഗിൽ നിന്ന് പെപ്പർ സ്പ്രേ എടുത്ത് ഇടതു കയ്യിൽ പിടിച്ചു. അടുത്ത നിമിഷത്തെ കാഴ്‌ചയിൽ അവൾ കൂടുതൽ വിവശയായി. അല്പം ദൂരെ നിന്ന് നാലുപേർ കൂടി വരുന്നു. അവരും തന്‍റെ നേർക്കു തന്നെയാണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.

താൻ ചതിക്കപ്പെട്ടിരിക്കുന്നു.!

സംപദ പെട്ടെന്ന് മൊബൈൽ എടുത്ത് പ്രിയയ്ക്ക് മെസേജ് അയച്ചു.

“എന്തോ കുഴപ്പമുണ്ട്, വേഗം വരൂ.”

മെലിഞ്ഞ യുവാവ് അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

“ഹായ്, സംപദ നൈസ് ടു മീറ്റ് യു…”

ആ ശബ്‌ദം, അതു രാഹുലിന്‍റേതാണെന്ന് സംപദയ്ക്കു മനസ്സിലായി. എങ്കിലും അവൾ പരിചയം ഭാവിച്ചില്ല. സോഷ്യൽ നെറ്റ്‍വർക്കിൽ രാഹുൽ എന്ന പേരിൽ കണ്ട ചിത്രം വേറെയാണ്. അപ്പോൾ ഇയാൾ തന്നെ വഞ്ചിക്കുകയായിരുന്നു.

“ഹു.. ആർ യു…?” സംപദ ദേഷ്യത്തോടെ പ്രതികരിച്ചു. “കുട്ടി, ഞാൻ രാഹുൽ… ഇത്രയും നേരം സംസാരിച്ചത് എന്നോടല്ലേ… എന്നിട്ടിപ്പോൾ എന്നെ അറിയുക പോലുമില്ലെന്നോ?”

സംപദയ്ക്ക് എല്ലാം മനസ്സിലായി. താൻ വൻ ചതിയിൽ പെട്ടിരിക്കുന്നു. അവൾ വേഗം എഴുന്നേറ്റ് റോഡ് ലക്ഷ്യമാക്കി നടന്നു. വൈകിട്ട് 6 മണിക്കു കാണാമെന്ന് രാഹുൽ നിർബന്ധം പിടിച്ചത് എന്തിനാണെന്ന് അവൾക്കു ബോധ്യമായി. അയാൾ തന്നെ പിന്തുടരുന്നുണ്ടെന്ന് കണ്ടപ്പോൾ സംപദ ഓടാൻ തുടങ്ങി. പിന്നാലേ ആ ചെറുപ്പക്കാരൻ വളരെ വേഗത്തിൽ നടക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“ഏയ്… ബേബ്… നീ എങ്ങോട്ടാ… ഇവിടെ നോക്ക്… ഞങ്ങൾ എത്രപേരാണെന്ന്…” അവൾ തിരിഞ്ഞു നോക്കി.

മറ്റ് നാലു യുവാക്കളും അയാൾക്കൊപ്പം തന്നെ പിന്തുടരുന്നു! കഴിയുന്നത്ര ശക്തി യിൽ അവൾ ഓടി. പക്ഷേ, ആ മെലിഞ്ഞ യുവാവ് അവളുടെ പിന്നാലെ എത്തി ഒറ്റക്കുതിപ്പിന് അവളുടെ ഉടുപ്പിൽ പിടികൂടി. ഏതാനും നിമിഷത്തേയ്ക്ക് സംപദ മരവിച്ച പോലെയായി. പക്ഷേ പെട്ടെന്നു തന്നെ അവൾ സമനില വീണ്ടെടുത്തു. കയ്യിലെ പെപ്പർ സ്പ്രേ അവൾ ശക്തിയോടെ പ്രയോഗിച്ചു. അപ്രതീക്ഷിതമായി പെപ്പർ സ്പ്രേയുടെ പ്രഹരമേറ്റപ്പോൾ അയാൾ പിടിവിട്ടു. കണ്ണുകൾ നീറിയപ്പോൾ അയാൾ വെപ്രാളത്തോടെ നിലവിളിച്ചു. ഈ നിമിഷം മതിയായിരുന്നു സംപദയ്ക്ക്. അവൾ മുന്നോട്ട് കുതിച്ചോടി.

പെട്ടെന്ന്, നാലു പോലീസുകാർ ആ ഭാഗത്തേക്കു വരുന്നത് സംപദ കണ്ടു. അവർക്ക് പിന്നിൽ പ്രിയയും. സംപദ ആശ്വാസത്തോടെ നിലത്തിരുന്നു. അവൾക്ക് ഒരടി നടക്കാൻ വയ്യ. പോലീസുകാരെ കണ്ടപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ പോലീസ് അവരെ ഓടിച്ചിട്ട് പിടികൂടി. സംപദ ശാരീരികമായും മാനസികമായും വളരെ ക്ഷീണിതയായിരുന്നു. അവൾ നിലത്തു കിടന്നുപോയി. പ്രിയ അവളെ മടിയിലേക്കു ചായ്ച്ചു കിടത്തി. കൂട്ടത്തിൽ പ്രായക്കൂടുതൽ തോന്നിച്ച പോലീസുകാരൻ പറയുന്നതു കേട്ട് പ്രിയ തലകുനിച്ചിരുന്നു.

“എനിക്ക് വിശ്വാസം വരുന്നില്ല. നിങ്ങൾ ഇത്രേം പഠിച്ച കുട്ടികളല്ലേ… എങ്ങനെ തോന്നി ഇവരെ വിശ്വസിക്കാൻ… നെറ്റിൽ തെറ്റായ ചിത്രങ്ങളും വിവരങ്ങളും പോസ്‌റ്റ് ചെയ്ത് പെൺകുട്ടികളെ വല വീശി ഇരിക്കുന്ന സംഘങ്ങളുണ്ടെന്ന് എത്രയോ തവണ പത്രങ്ങളിൽ വന്നിട്ടുണ്ട്.”

“സർ, ക്ഷമിക്കണം, ഇനി ഈ തെറ്റ് ഒരിക്കലും ഞങ്ങൾക്ക് സംഭവിക്കില്ല.” പ്രിയ പോലീസുകാരനോട് ക്ഷമ പറഞ്ഞു.

പോലീസ് ‌സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്ത് മടങ്ങുമ്പോൾ, സംപദ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പ്രിയയുടെ തോളത്ത് അവൾ ചാഞ്ഞുകിടന്നു. അവൾ മെല്ലെ പറഞ്ഞുകൊണ്ടിരുന്നു.

“സോറി പ്രിയ… എനിക്കു പറ്റിയ ചതി ഓർത്തിട്ടല്ല സങ്കടം…നീ എന്നെ എത്രമാത്രം കെയർ ചെയ്തു എന്നാലോചിക്കുമ്പോൾ എന്‍റെ നെഞ്ച് പിടഞ്ഞു പോകുന്നു. കേവലം ഒരു നന്ദി വക്കിൽ ഒതുങ്ങുമോ നിന്‍റെ സ്നേഹം… നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തായേനെ!!” സംപദ പ്രിയയെ ഇറുക്കെ പിടിച്ചു..

സംപദയെ ചേർത്തു പിടിച്ച് പ്രിയ കലങ്ങിത്തെളിഞ്ഞ മനസോടെ പുറത്തേക്ക് നോക്കി. അപ്പോൾ പുറത്തു ഇരുട്ട് മാത്രമായിരുന്നു.

ചാരുലത

ഒരാഴ്ച കൊണ്ട് ബ്രോക്കറുടെ സഹായത്തോടെ നല്ലൊരു ഷെയറിംഗ് അപ്പാർട്ട്മെന്‍റ് കണ്ടുപിടിക്കാൻ കഴിഞ്ഞു. പുതിയ ജോലി,  പുതിയ നഗരം കാത്തിരിക്കുന്നത് ഒരുപാട് പുത്തൻ അനുഭവങ്ങൾ. എന്നെക്കൂടാതെ രണ്ടു  പേരാണ് ആ അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നത്. പ്രീതിയും, ഷർമിളയും ഞാനും നല്ല റൂംമേറ്റുകളായി മാറി. പ്രീതി ഒരു പ്രൈവറ്റ് സ്‌ഥാപനത്തിൽ കണ്ടന്‍റ് റൈറ്ററായി ജോലി നോക്കുന്നു. ഷർമിള ഒരു ഫാഷൻ ഹൗസിൽ ഡിസൈനറാണ്. പോസ്മാസ്റ്റർ ജനറൽ ഓഫീസിൽ ക്ലർക്കായി ജോലി കിട്ടിയപ്പോൾ അതുവരെ കേട്ടു പരിചയം മാത്രമുള്ള മുംബൈ നഗരത്തിൽ എങ്ങനെ പിടിച്ച് നിൽക്കുമെന്നോർത്ത് ആകെയൊരു പങ്കപ്പാടായിരുന്നു.

ധൈര്യം തന്നത് അമ്മയായിരുന്നു. “ശാലുവേ നീ എന്തിനാ ടെൻഷനാകുന്നേ. നിന്‍റെ അച്ഛൻ മരിച്ചതിനു ശേഷം നമ്മളിത്രയൊക്കെ പിടിച്ചു നിന്നില്ലേ. അത്രയൊന്നുമില്ലല്ലോ ഇത്. പിന്നെ ഒരു പുതിയ സ്‌ഥലത്തൊക്കെ പോയി ആളുകളോട് ഇടപഴകി ജീവിക്കുന്നത് നല്ലതാ. ജീവിതത്തിൽ കുറേ കാഴ്‌ചപ്പാടുകൾ ഉണ്ടായി വരുന്നത് ഇങ്ങനെയുള്ള മാറ്റങ്ങളീന്നാണ്.” ഒരു അധ്യാപികയായ അമ്മയ്ക്ക് ഈ ലോകത്തോടുള്ള വിശാല കാഴ്‌ചപ്പാടുകൾ എനിക്കൊരുപാട് ഗുണം ചെയ്ത‌ിട്ടുണ്ട്. പിന്നെ ഒന്നുമാലോചിക്കാതെ ഇങ്ങോട്ടേക്ക് വണ്ടി പിടിച്ചു.

ഉത്തരേന്ത്യക്കാർ പൊതുവെ തെക്ക് നിന്നും വരുന്നവരെ മദിരാശികൾ എന്ന് വിളിച്ച് കളിയാക്കാറുണ്ട്. പക്ഷേ എന്നോടിതുവരെ അങ്ങനെയാരും സംസാരിച്ചിട്ടില്ല. ഞങ്ങളുടെ അപ്പാർട്ട്മെന്‍റിൽ ഇന്ത്യയിലെ വ്യത്യസ്‌ത തരത്തിലുള്ള മൂന്ന് സാംസ്കാരികതകൾ ഒന്നിച്ചു ചേർന്നു. പ്രീതി ഡൽഹിയിൽ നിന്നാണ് ഒരു വർഷം മുമ്പ് മുംബൈയിലെത്തിയത്. പ്രീതി പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽ തന്നെ.

ഷർമിളയുടെ സ്വദേശം കൊൽക്കത്തയാണ്. ഷർമിളയ്ക്ക് ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നിങ്ങനെ പത്തോളം ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ട്. ഷർമിളയുടെ ഈ ഭാഷാ പാണ്ഡിത്യം പലപ്പോഴായി ഞങ്ങൾക്ക് ഗുണം ചെയ്തു. വ്യത്യസ്‌ത ദേശക്കാരായിരുന്നു ഞങ്ങളെങ്കിലും അതിന്‍റെ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. കൂട്ടത്തിലേറ്റവും സ്‌മാർട്ട്നസ് പ്രീതിക്കായിരുന്നു. പ്രീതിയുടെ പുഞ്ചിരി ആരെയും  ആകർഷിക്കും.

ഷർമിളയുടെ ഇടയ്ക്കിടയ്ക്കുള്ള ആജ്‌ഞാപിക്കലുകളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ ഇടപെട്ട് വളരെ ബുദ്ധിപൂർവ്വം പരിഹാരം നിർദ്ദേശിക്കുന്നത് പ്രീതിയാണ്. ഇതുകൊണ്ടല്ലാം പ്രീതി ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു. ജോലി കഴിഞ്ഞ് ഒന്നിച്ചു കൂടുന്ന സമയമെല്ലാം കൂടുതൽ സന്തോഷകരമായ നിമിഷങ്ങളായി മാറി. ദിവസം ചെല്ലുന്തോറും പരസ്‌പരം വിട്ടുപിരിയാനാകാത്ത ആത്മ‌സുഹൃത്തുക്കളുടേതായി ഞങ്ങളുടെ ബന്ധം. പിന്നീടെപ്പോഴും ജോലി സമയം പെട്ടെന്ന് തീർന്നു കിട്ടിയാൽ മതിയെന്നായി ഞങ്ങൾ മൂവർക്കും. ഒരു ഞായറാഴ്‌ച ദിവസം അവധി ദിവസത്തിന്‍റെ ആലസ്യങ്ങൾക്കൊപ്പം ഞങ്ങൾ പരസ്‌പരം അവരവരുടെ കോളേജ് വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടിരുന്നു. അന്നത്തെ ഗോസിപ്പുകളും തമാശകളും ഓർമ്മകളും കലാലയ ജീവിതത്തെ ആ അപ്പാർട്ട്മെന്‍റിലേക്ക് പറിച്ചു നട്ടതുപോലെ തോന്നി. ഇതിനിടയ്ക്കാണ് ഷർമിള താൻ പ്രീതിയെ പരിചയപ്പെടുന്ന സമയത്ത് മണ്ടത്തരങ്ങളും വൈകാരികതകളും എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന പെൺകുട്ടിയായിരുന്നെന്നും പിന്നീട് പ്രീതിയുടെ കൂടെ ഇടപഴകിയതിനു  ശേഷമാണ് ഇപ്പോൾ കാണുന്ന പക്വതയിലേക്ക് എത്തിയതെന്നും എടുത്തു പറഞ്ഞു. പ്രീതി ആളുകളോട് എത്ര മനോഹരമായാണ് സംസാരിക്കുന്നതെന്നും ഇത്രയൊന്നും കാര്യഗൗരവത്തോടെ ആശയവിനിമയം നടത്താൻ തനിക്കാകില്ലെന്ന് ഷർമിള വീണ്ടും ഒരു സത്യം പറയുന്ന ഭാവത്തിൽ വെളിപ്പെടുത്തി. ഞാൻ ഷർമിള പറഞ്ഞതിനോട് യോജിച്ചു.

“അല്ലെങ്കിലും നമ്മുടെ ഗ്രൂപ്പിലെ സൂപ്പർ സ്‌റ്റാർ പ്രീതി തന്നെയാ.” ഇതൊക്കെ കേട്ട് പ്രീതിയൊന്നു മന്ദഹസിച്ചു. പിന്നെ എപ്പോഴത്തേയും പോലെ ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു

“ജീവിതം എനിക്കു തന്ന വലി യൊരു പാഠമുണ്ട്. ഞാനതെപ്പോഴും കൂടെ കൊണ്ടു നടക്കുന്നു.” ഞങ്ങൾ ചെറിയൊരു ആകാംക്ഷയോടെ പ്രീതി പറയുന്നത് ശ്രദ്ധിച്ചു.

“എന്തായിരുന്നു അത്” ഷർമിള ചോദിച്ചു.

“എന്‍റെ ഇപ്പോഴുള്ള പക്വതയ്ക്കും ബുദ്ധിപൂർവ്വമുള്ള പെരുമാറ്റത്തിനും പിന്നിൽ ഒരു കഥയുണ്ട്. ഞാൻ ഡിഗ്രി ചെയ്‌തു കൊണ്ടിരുന്ന ആദ്യവർഷങ്ങളിൽ കോളേജിൽ വച്ചാണ് ആ സംഭവം നടക്കുന്നത്.”

“എന്താ സംഭവിച്ചത് ”

പ്രീതിയുടെ മുഖഭാവം മാറി.. എന്നാൽ ആ കഥ കേൾക്കാനെന്നോണം ഞാൻ  വീണ്ടും ചോദിച്ചു.

പ്രീതി വീണ്ടും മൗനത്തി ലായി. പിന്നെ പതിയെ ഞങ്ങൾക്കരികിലുള്ള ജനാലയുടെ സമീപത്തേക്ക് നീങ്ങി നിന്നു കൊണ്ട് ആ കഥ വിവരിച്ചു.

“നിങ്ങൾക്കറിയാമോ ഞാനൊരു വലിയ കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. എനിക്കു ചുറ്റും എപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും. സഹോദരങ്ങളും എന്താവശ്യത്തിനും ഓടിയെത്തുമായിരുന്നു. ചണ്ഡീഗഡിലെ യൂണിവേഴ്സിറ്റിയിൽ വിചാരിച്ച പോലെ എനിക്ക് അഡ്മിഷൻ ശരിയായപ്പോൾ എല്ലാവർക്കും സന്തോഷമായി. പക്ഷേ വീട്ടിൽ നിന്ന് മാറി നിൽക്കണമെന്നോർത്തപ്പോൾ അതും ഒരു സങ്കടമായിരുന്നു. എനിക്ക് അവരിൽ നിന്നൊക്കെ അകന്ന് നിൽക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാതായി. എന്നാലും ഞാൻ യൂണിവേഴ്‌സിറ്റിയിലെ ഗേൾസ് ഹോസ്‌റ്റലിൽ അഡ്‌മിഷൻ എടുത്തു. ബംഗാളിൽ നിന്ന് വരുന്ന ചാരുലതയായിരുന്നു എന്‍റെ റൂമേറ്റ്. ചാരുവും ഞാനും ഒരേ ക്ലാസ്സിലായിരുന്നു.”

സംസാരത്തിനിടെ ഷർമിളയ്ക്കിട്ട് ഒന്നു ആക്കി പറയാൻ വേണ്ടി ഞാനാ സന്ദർഭം ഉപയോഗിച്ചു.

“അതു ശരി, അപ്പോ ഈ ബംഗാളികളെ എങ്ങനെ മാനേജ് ചെയ്യാമെന്ന് പ്രീതി ചാരുവിൽ നിന്നാണ് പഠിച്ചതല്ലേ!”

ഷർമിള എന്നെ കൊഞ്ഞനം കുത്തുന്നു. ഞങ്ങൾ ഇരുവരും ഷർമിളയുടെ ആംഗ്യം കണ്ട് ചിരിക്കുന്നു. ഒന്നു നിർത്തിയതിനു ശേഷം പ്രീതി വീണ്ടും പറഞ്ഞു തുടങ്ങി.

“യഥാർത്ഥത്തിൽ അന്ന് ചാരുവിനെപ്പോലെ ബംഗാളിൽ നിന്നൊരാളുമായി ഞാനെങ്ങനെ യോജിച്ചു പോകുമെന്ന് കുറേ ആലോചിച്ചിരുന്നു. എന്‍റെ സഹോദരങ്ങൾ എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നത് ബംഗാളികൾ മറ്റുള്ളവരുമായി അത്ര എളുപ്പത്തിൽ കൂടുന്ന ആളുകളല്ല, പരമാവധി അവരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ല തെന്നാണ്. അവർ പറഞ്ഞു തന്ന പല മാനറിസങ്ങൾക്കും ചാരു അനുയോജ്യയായിരുന്നു. പതിയെ ചാരുവുമായി അധികമടുത്ത് പെരുമാറണ്ട എന്ന തോന്നൽ എന്‍റെയുള്ളിൽ വളർന്നു വന്നു. ഒരേ റൂമിലായിരുന്നുവെങ്കിലും വളരെ അപൂർവ്വമായാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നത്. സിലബസ്സുമായി ബന്ധപ്പെട്ട പലവിധ കാര്യങ്ങൾ ചെയ്ത് അവരവരുടെ തിരക്കുകളിലേക്ക് സമയം നീക്കി. ക്ലാസ്സിൽ ചാരുവും ഞാനും വേറെവേറെ സ്‌ഥലത്താണ് ഇരുന്നത്. ഞാൻ ക്ലാസ്സിലുള്ള വേറൊരു ഗ്രൂപ്പിന്‍റെ കൂടെ കൂട്ടായി. ഞങ്ങൾ ആൺകുട്ടികളെയും കോളേജിനെ ചുറ്റിപ്പറ്റിയുള്ള എല്ലാത്തിനേയും പറ്റി ഗോസിപ്പുകൾ പറഞ്ഞ് രസിച്ചു. പക്ഷേ ചാരുലത ഞങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്‌തയായിരുന്നു. അവൾ അത്യാവശ്യത്തിനു മാത്രം സംസാരിക്കും. ആൺപെൺ ഭേദമില്ലാതെ എല്ലാവരോടും നന്നായി പെരുമാറാനുള്ള ഒരു പ്രത്യേക കഴിവ് ചാരുവിനുണ്ടായിരുന്നു. എല്ലാവർക്കും കൈകൊടുത്ത് അഭിവാദ്യം ചെയ്യാനും ഗൗരവത്തോടെ കാര്യങ്ങൾ ചർച്ച ചെയ്യാനും ചാരു ശ്രമിച്ചിരുന്നു. ചാരുവിനോട് എന്തെങ്കിലും ചോദിച്ചാൽ അളന്നു മുറിച്ച് വളരെ കൃത്യമായുള്ള മറുപടിയാണ് പറയുക. ഇത്തരം സ്വഭാവ സവിശേഷതകൾ കൊണ്ട് ആൺകുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി ചാരു മാറി.

ഇതൊക്കെ കണ്ട് ഞങ്ങളെപ്പോലുള്ളവരുടെ കൂട്ടത്തിൽ ഒരു ഗോസിപ്പിനുള്ള വിഷയമായി ചാരുവിന്‍റെ വ്യക്തിത്വം. ഞാനുൾപ്പെടെ എല്ലാവരോടും യാതൊരു പ്രത്യേക പരിഗണനയും തോന്നിപ്പിക്കാതെ ഒരു പോലെയാണ് ചാരു പെരുമാറിയിരുന്നത്. ഞാനും ചാരുവും വലപ്പോഴുമേ റൂമിനുള്ളിൽ സംസാരിച്ചിരുന്നുള്ളൂ. ചാരുവിന്‍റെ ആശയവിനിമയത്തിലുള്ള പ്രാഗത്ഭ്യം എന്നെ അസൂയാലുവാക്കിയിരുന്നു. ചാരുവിന്‍റെ പക്വതയാർന്ന വീക്ഷണവും സ്വന്തം അഭിപ്രായങ്ങളും എന്നെ അത്ഭുതപ്പെടുത്തി.

ഒന്നിനേയും പറ്റി ചാരു ഗോസിപ്പ് പറയാറില്ല. കോളേജിലെ ആരേയും ചാരു കുറ്റം പറഞ്ഞ് കേട്ടതില്ല. ചാരുവിന് ബംഗാളിൽ തന്നെയുള്ള ആൺസുഹ്യത്തുമായി അടുപ്പമുണ്ടായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ ചാരു വ്യക്‌തമായി എന്നോട് പറഞ്ഞു. കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യവും വ്യക്തിത്വത്തിലെ ഊർജ്ജസ്വലതയും എന്‍റെയുള്ളിൽ ചാരുവിനോട് കുശുമ്പ് വളർത്തി.”

ഇത്രയൊക്കെ കേട്ടിരുന്ന ഞാനും ഷർമിളയും വിശ്വസിക്കാനാവാതെ പരസ്പരം നോക്കി. പ്രീതി തന്നെക്കുറിച്ച് തന്നെയാണോ ഈ പറയുന്നതെന്ന സംശയവും ഇടയ്ക്കുണ്ടായി. തങ്ങൾക്ക് അറിയാവുന്ന പ്രീതിയുമായി ഒരു സാമ്യവുമില്ലല്ലോ എന്നോർത്തപ്പോൾ വലിയ അത്ഭുതമാണ് തോന്നിയത്. കഥ മുഴുവൻ കേൾക്കാൻ പ്രീതി പറയുന്നത് തന്നെ വീണ്ടും ശ്രദ്ധിച്ചിരുന്നു.

പ്രീതി വീണ്ടും പറഞ്ഞു തുടങ്ങി.

“എനിക്കിത് പറയാൻ തന്നെ നാണമാകുന്നു. ഞാൻ ചാരുവിന്‍റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് ചില സംശയങ്ങൾ ഊഹിച്ച് വളർത്തിയെടുത്തു. എന്‍റെ അസൂയയും കുശുമ്പും നാൾക്കുനാൾ വർദ്ധിച്ചു വന്നു. ഒരു ദിവസം ചാരുവിന്‍റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. എന്‍റെ ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് വാക്കുകളായി വന്നു. ചാരുവിന്‍റെ ഫോൺ എന്‍റെ പഠനത്തിന് തടസ്സമാകുന്നുവെന്ന് പറഞ്ഞു തുടങ്ങിയത് വലിയൊരു സംവാദത്തിലേക്ക് എത്തിച്ചേർന്നു.

ചാരുവിനോട് തല്ലു കൂടുന്നതിനിടയിൽ എന്‍റെ ദുഷ്‌ടചിന്തയിൽ തോന്നിയ ചീത്തകാര്യങ്ങളൊക്കെ ഞാൻ വിളിച്ച് പറഞ്ഞു. അവസാനം ഹോസ്‌റ്റൽ വാർഡന്‍റെ അടുത്തെത്തി. ഞങ്ങൾക്ക് ഇരുവർക്കും റൂം മാറണമെന്ന് പറഞ്ഞു. പക്ഷേ ഒരു വർഷം അവസാനിക്കാതെ അത് പറ്റില്ലെന്നു മനസ്സിലാക്കിയതോടെ ആശ്രമം ഉപേക്ഷിച്ചു. അതിനുശേഷം ഞങ്ങൾ പരസ്‌പരം മിണ്ടാതെയായി. ചാരുവിനെ കാണുന്നതു തന്നെ എനിക്ക് ദൃഷ്‌ടി ദോഷമായി തോന്നി. അവളോടുള്ള ദേഷ്യത്തിന് ഗ്രൂപ്പിലെ കൂട്ടുകാരെയൊക്കെ പലപ്പോഴായി റൂമിലേക്ക് വിളിച്ചു വരുത്തി അവൾക്ക് ശല്യമാകുന്ന രീതിയിൽ പെരുമാറി. പതിയെ ചാരുവിന് ഹോസ്‌റ്റലിലെ കോമൺ ഹാളിൽ സമയം ചെലവഴിക്കാതെ നിവൃത്തിയില്ലെന്നായി. രാത്രി ഏറെ വൈകി മാത്രം റൂമിൽ ഞങ്ങൾ കഴിച്ചു കൂട്ടി.”

ഇതിനിടയിൽ പെട്ടെന്ന് ഇടയ്ക്ക കയറിയ ഷർമിള “എന്‍റെ പ്രീതി, നീ ഒരു കാന്താരി തന്നെയായിരുന്നല്ലേ.” പ്രീതി പുഞ്ചിരിച്ചു കൊണ്ട് ഇതുവരെ പറഞ്ഞ  ഓളത്തിൽ തന്നെ  തുടർന്നു.

“പിന്നീട് ഞങ്ങൾ ചാരുവിനെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്തി. ചാരുവിന് ബയോടെക്ക് ഡിപ്പാർട്ട്മെന്‍റിലെ വിക്രം സാറുമായി നല്ല സൗഹൃദമായിരുന്നു. ഈ അവസരം ഉപയോഗിച്ച് സാറിനേയും ചാരുവിനേയും ബന്ധപ്പെടുത്തി പുതിയ സംഭവങ്ങൾ മെനഞ്ഞെടുത്തു. ഒരിക്കൽ ഇതിനെ ഊട്ടിയുറപ്പിക്കുവാൻ തക്കവണ്ണം ചാരുവിനെ ഉച്ചസമയത്ത് വിക്രം സാറിന്‍റെ കൂടെ കാറിനുള്ളിൽ തോളിൽ തല വച്ചിരിക്കുന്നതായി കണ്ടുവെന്ന് ഒരു സുഹൃത്ത് വന്ന് പറഞ്ഞു. എനിക്ക് ചാരുവിനോടുള്ള ദേഷ്യം നാൾക്കുനാൾ വർദ്ധിച്ചു വന്നു. ലൈബ്രറിയിൽ കൂടുതൽ സമയം ചെലവഴിച്ച് വൈകി റൂമിലെത്തുന്ന ചാരുവിനെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങി.

ഇരുട്ടിയ നേരത്ത് ലൈബ്രറിക്കുള്ളിലെ കോർണറിൽ വിക്രം സാറുമൊത്ത് ചാരുവിനെ കണ്ടു. ഗോസിപ്പ് വാർത്തകൾ അതിവേഗം കോളേജിലാകെ പരന്നു. ക്ലാസ്സിൽ പലരും ചാരുവിനോട് മിണ്ടാൻ മടി കാണിച്ചു തുടങ്ങി. ചാരുവിന്‍റെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ അവളെ പല അവസരത്തിലും ഒഴിവാക്കി. ചാരുലത ക്ലാസ്സിലെ ഒറ്റപ്പെട്ട കുട്ടിയായി മാറി. അവളുടെ അടുത്ത് പോയി ഇരിക്കാൻ എല്ലാവർക്കും മടിയായി. പതിയെ ചാരുവിന്‍റെ അക്കാദമിക്ക് നിലവാരവും താഴ്ന്ന് തുടങ്ങി. ചാരുവിന്‍റെ റൂം മേറ്റാവേണ്ടി വന്നതിന്‍റെ നിർഭാഗ്യമോർത്ത് ഞാൻ എന്നെ തന്നെ പഴിചാരി. എനിക്ക് ചുറ്റും സുഹൃത്തുക്കൾ ധാരാളം ഉണ്ടായിരുന്നതു കൊണ്ട് ഞാൻ അവരോടൊത്ത് കോളേജിലെ ദിവസങ്ങൾ ആസ്വദിച്ചു.”

അപ്പോഴത്തെ  ആ പെൺകുട്ടിയുടെ അവസ്ഥയെ സങ്കൽപിച്ച് “പാവം ചാരുലത” എന്ന് പറഞ്ഞു കൊണ്ട് പിന്നീട് അവൾക്കെന്താ സംഭവിച്ചതെന്ന ചോദ്യ രൂപേണ ഞാൻ പ്രീതിയുടെ മുഖത്ത് നോക്കി. പ്രീതി ഒരു ബ്ലാക്ക് കോഫിയിട്ട് ഞങ്ങൾക്ക് നൽകിയതിനു ശേഷം സംഭവകഥയുടെ ബാക്കി പറഞ്ഞു തുടങ്ങി.

“ചാരുവിന്‍റെ അച്ഛനേയും അമ്മയേയും ഞാൻ അഡ്‌മിഷന്‍റെ സമയത്ത് കണ്ടിരുന്നു. അന്ന് അവരെനോട് വളരെ നന്നായാണ് പെരുമാറിയത്. എനിക്ക് അവരെ വിളിച്ച് ചാരു ഒരു ദുർനടപ്പുകാരിയാണ് എന്ന് പറയുവാൻ തോന്നി. മകളെ ശ്രദ്ധിച്ചില്ലെങ്കിൽ വഴി തെറ്റിപോകുമെന്ന മുന്നറിയിപ്പ് കൊടുത്ത് അവരെ ഭയപ്പെടുത്തിയാലോ എന്നൊക്കെ ചിന്തിച്ചു. പിന്നെ എന്തോ കാരണത്താൽ അതൊക്കെ വേണ്ടെന്നു വെച്ചു.

അങ്ങനെ കൊല്ലപ്പരീക്ഷ ആകാറായി. പരീക്ഷ കഴിഞ്ഞാൽ ഉടനെ തന്നെ റൂം മാറണമെന്ന ചിന്തയാണ് എന്‍റെയുള്ളിലുണ്ടായിരുന്നത്. പരീക്ഷ അടുക്കാറായ ഒരു ദിവസം രാത്രി ഞാൻ ബുക്കെടുത്ത് വച്ച് വളരെ ശ്രദ്ധയോടെ പഠിക്കാനിരിക്കുകയായിരുന്നു. ചാരു ലൈബ്രറിയിൽ നിന്ന് അപ്പോഴും എത്തിയിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ എന്‍റെ ഉറക്കം തൂങ്ങലിനിടയിൽ റൂമിനുള്ളിൽ ചാരുവിന്‍റെ സാന്നിദ്ധ്യം അറിഞ്ഞു. ഞാൻ അലാറം വച്ച് ബുക്കിൽ കമിഴ്ന്നു കിടന്നു. ഇടയ്ക്ക് അലാറമടിച്ചെഴുന്നേറ്റപ്പോൾ ചാരു ഫോണിൽ എന്തൊക്കെയോ വിഷമത്തോടെ സംസാരിക്കുന്നു.”

“അയ്യേ പരീക്ഷാ അടുത്ത സമയത്ത് ഇവൾ ബോയ്ഫ്രണ്ടുമായി തല്ലു കൂടുകയാണോ! ഇവൾക്ക് വെറേ പണിയൊന്നുമില്ലേ” അപ്പോഴെനിക്ക് തോന്നി. ഞാൻ അലാറം ഓഫ് ചെയ്‌ത്‌ കുറച്ചു നേരം ഉറങ്ങാൻ കിടന്നു. വീണ്ടും ചാരൂലതയുടെ ഫോണിലെ മുറുമുറുപ്പ് കേട്ടാണ് ഉണർന്നത്. എനിക്ക് ദേഷ്യം  വന്നു ഉടനെ എഴുന്നേറ്റ് റൂമിലെ ലൈറ്റിട്ടു. ചാരു ഞാൻ എഴുന്നേറ്റത് കണ്ടെങ്കിലും എന്‍റെ മുഖത്ത് നിന്നും കണ്ണ് മാറ്റി. മുഖം ഞാൻ കാണാതെയിരിക്കാൻ അവൾ ഫോൺ മാറ്റി വച്ച് തിരിഞ്ഞിരുന്നു.

പെട്ടെന്ന് എന്തോ അപാകത തോന്നി അവളുടെ മുഖം ഒരു നിമിഷം എന്‍റെയുള്ളിലൂടെ കടന്നുപോയി. ആകെ വാടിപ്പോയി കണ്ണുകളൊക്കെ നിറഞ്ഞ്. കരഞ്ഞു തളർന്നd വാടിയ മുഖഭാവം അഴിഞ്ഞു വീണ മുടിയിഴകളും ആകെയൊരു മന്ദത. ഞാൻ അവളെ തന്നെ നോക്കുന്നു എന്ന് തോന്നി ഇടയ്‌ക്കെപ്പോഴോ ചാരു മുഖം തിരിച്ച് എന്നെ നോക്കി.

കവിളകൾ  ഇത്രയും ഒട്ടിയപോലെ ചാരുലതയെ ഇതിനു മുമ്പ് അങ്ങനെ കണ്ടിട്ടില്ല. ഞങ്ങളുണ്ടാക്കിയ ഗോസിപ്പുകൾ പോലും ചാരുവിൽ ഇത്രയധികം മാറ്റമുണ്ടാക്കിയിട്ടില്ല. എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. അവളുടെ ബോയ്ഫ്രണ്ടുമായും വികം സാറുമായും പ്രശ്നം ഉണ്ടോ? ചാരുവിന്‍റെ ചത്ത പോലെയുളള ഇരിപ്പ് കണ്ടിട്ട് എനിക്ക് വിഷമമായി. എന്നിട്ടും ഞാൻ ഉറച്ച ശബ്ദത്തിൽ ചാരുവിനോട് എന്താ പറ്റിയതെന്ന് ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ മുഖം പൊത്തി കരഞ്ഞു.

ഒരുപാട് നാളായി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്. തേങ്ങിക്കൊണ്ട് അവൾ തലചായ്ച്ചിരുന്നു. അവളുടെ കണ്ണുകളിൽ നൊമ്പരം നിറഞ്ഞു നിന്നിരുന്നു. പതിയെ സാവധാനത്തിൽ അടുത്തിരുന്ന് ചാരുവിനോട് വീണ്ടും കാരണമെന്താണെന്ന് അന്വേഷിച്ചു. ഇത്രയും അനുകമ്പയോടെ ഞാൻ ആദ്യമായിട്ടാണ് ചാരുവിനോട് ഇങ്ങനെ സംസാരിക്കുന്നത്. അവളുടെ തോളിൽ സമാധാനിപ്പിക്കാൻ ഞാൻ കൈ വച്ചു.

ചാരു ഒരുനിമിഷം എന്നെ നോക്കി പറഞ്ഞു. “എന്‍റെ അച്‌ഛൻ ഇന്നലെ മരിച്ചു പോയി. കാൻസർ ആയിരുന്നു.” ഞാൻ ഞെട്ടിത്തരിച്ചു പോയി. അവളടെ കണ്ണുകളിലേക്ക് സഹതാപത്തോടെ നോക്കി. എനിക്കെന്ത് ചെയ്യണമെന്നറിയാതെ ഞാനൊരു കുട്ടിയെപ്പോലെ ചാരുവിനെ കെട്ടിപ്പിടിച്ചു. അവൾ എന്‍റെ തോളിൽ കിടന്ന് കരഞ്ഞു.

ഇടയ്ക്ക് വിക്രം സാറിന്‍റെ ഫോൺ വന്നു. മറുതലയ്ക്കൽ നിന്ന് വിക്രം സാറ് പറയുന്നത് അവൾ കേട്ടിരുന്നു. കോൾ കട്ട് ചെയ്യുന്നതിനു മുമ്പ് എച്ച്‌ഒഡിയോട് പറഞ്ഞ് എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് കൊണ്ടു പോകാമോ ഭയ്യാ  എന്ന് പറഞ്ഞു.

ചാരു ഇത് പറഞ്ഞതും എന്‍റെ മനസ്സിലൂടെ പെട്ടെന്നൊരു കൊള്ളിയാൻ പാഞ്ഞു പോയി. എന്തൊക്കെയാണ് ഞാൻ വിക്രം സാറിനെയും ചാരുവിനെയും പറ്റി പറഞ്ഞുണ്ടാക്കിയത്. ചാരുവിന്‍റെ അച്ഛന് സംഭവിച്ചതിന്‍റെ വിശദാംശങ്ങൾ ഞാൻ ചോദിച്ചു മനസ്സിലാക്കി. അവളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളിൽ നിന്നും എത്രത്തോളം ഒറ്റപ്പെട്ടാണ് ചാരുലത കഴിയുന്നതെന്ന് അന്ന് ഞാൻ മനസ്സിലാക്കി.

ചാരുവിന് സംഭവിച്ചതെന്താണെന്ന് എനിക്ക് വ്യക്ത‌മായി. ചാരുവിന്‍റെ ക്ലാസ്സിലെ ശ്രദ്ധ കുറഞ്ഞു പോയതും വിക്രം സാറുമായി അടുപ്പത്തിലായതും എന്തുകൊണ്ടാണെന്ന് പെട്ടെന്നു തന്നെ ഒരുത്തരം ലഭിച്ചു. എത്ര നീചമായാണ് ഞാൻ ചാരുവിനോട് പെരുമാറിയത്. ഒരു നല്ല സഹപാഠിയോ റൂം മേറ്റോ ഒക്കെ ആകുവാൻ എനിക്കു സാധിക്കുമായിരുന്നു. പക്ഷേ ഞാനതിനു മുതിർന്നില്ല.

ഒരു നിമിഷം ഒന്നു നിർത്തിയതിനു ശേഷം പ്രീതി നെടുവീർപ്പിട്ടു. അന്നത്തെ ഓർമ്മകൾ പ്രീതിക്ക് ഒരുപാട് നൊമ്പരങ്ങൾ സമ്മാനിക്കുന്നതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.

എന്‍റെയും ഷർമിളയുടേയും മുഖത്ത് പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള താൽപര്യം കണ്ട് പ്രീതി വീണ്ടും തുടർന്നു.

“ചാരു എക്സ‌ാമൊന്നും എഴുതിയില്ല. കോളേജീന്ന് ആ ആഴ്ച്‌ച തന്നെ പോയ ചാരു കുറച്ച് നാളുകൾക്ക് ശേഷം ബംഗാളിലുള്ള മറ്റൊരു കോളേജിൽ ചെന്ന് അഡ്‌മിഷനെടുത്തു. വിക്രം ചാരുവിന്‍റെ ബന്ധുവാണെന്നും 6 മാസത്തോളമായി ചാരുവിന്‍റെ അച്ഛ‌ൻ കാൻസറിന് ചികിത്സയിൽ ആയിരുന്നുവെന്നും മനസ്സിലായി. യൂണിവേഴ്‌സിറ്റിയിൽ നിന്നും ചാരു സർട്ടിഫിക്കറ്റ് വാങ്ങി പോകുന്നതിന് മുമ്പ് ഒരു തവണ നേരിൽ കണ്ടിരുന്നു. അന്ന് കണ്ടപ്പോൾ ചാരു കുറേക്കൂടി നന്നായി എന്നു തോന്നി.

ചാരുവിന്‍റെ ബോയ്‌ഫ്രണ്ടുമായി അടുത്തു തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. കുടുംബം വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ബോയ്ഫ്രണ്ട് നല്ല പോലെ സപ്പോർട്ട് ചെയ്‌തിരുന്നുവെന്ന് വിശേഷം പറയുന്ന കൂട്ടത്തിൽ ചാരു അന്ന് സൂചിപ്പിച്ചു. എന്നോട് സംസാരിക്കാൻ പറ്റിയതിൽ ചാരു വളരെയധികം സന്തോഷം അറിയി ച്ചു. അതോടൊപ്പം മുമ്പ് തല്ലു കൂടേണ്ടി വന്നതിൽ ഖേദം പറഞ്ഞു. ചാരുവിന്‍റെയടുത്ത് മാപ്പ് ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അതെങ്ങനെ പറയുമെന്നോർത്ത് ആശയക്കുഴപ്പത്തിലായി.

എല്ലാത്തിനും മറുപടിയെന്നോണമായി ചെറിയൊരു പുഞ്ചിരി കൊണ്ട് ചാരുവിനെ നേരിട്ടു. അന്ന് ചാരുവിന് നൽകിയ തന്‍റെ സാമീപ്യം അവൾ തിരിച്ച് തനിക്ക് സ്നേഹത്തിന്‍റെ  ഭാഷയിൽ പകരമായി തരുന്നതു പോലെ തോന്നി. ചാരു യാത്ര പറയുന്നതിന് മുമ്പ് എന്നെ കെട്ടിപ്പിടിച്ചു. പിന്നീട് ഞാൻ ചാരുവിനെ കണ്ടിട്ടില്ല. എന്‍റെ പ്രാർത്ഥനകളിൽ അവൾക്ക് നല്ലതുവരുത്തണമെന്നും ചാരുവിനോട് ഞാൻ ചെയ്തിട്ടുള്ള എല്ലാത്തിനും മാപ്പ് തരണമെന്നും ദൈവത്തോട് ഇപ്പോഴും അപേക്ഷിക്കാറുണ്ട്.”

പ്രീതി തന്‍റെ അനുഭവകഥ പറഞ്ഞവസാനിപ്പിച്ചു. ഞങ്ങളുടെ കണ്ണുകളിൽ ചെറിയ മഞ്ഞുതുള്ളികൾ പോലെ കണ്ണുനീർ പറ്റിപ്പിടിച്ചിരുന്നു. പ്രീതി ഞങ്ങൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സന്ധ്യയിലേക്ക് സഞ്ചരിക്കുന്ന സൂര്യനെ നോക്കി ജനാലയ്ക്കരികിൽ നിന്നു.

വാകപ്പൂ മണമുള്ള വരാന്ത

ഗായത്രി ടീച്ചറും രഞ്ജൻ മാഷും പിണങ്ങി? കോളേജിൽ വാർത്ത കാട്ടുതീപോലെ പടർന്നു. മരത്തണലുകൾക്ക് കീഴെ ചെറുസംഘങ്ങളുടെ അടക്കിപ്പിടിച്ച ചിരികൾ. സ്റ്റാഫ് റൂമിൽ ഒരു അപസർപ്പക കഥയുടെ ചുരുളഴിക്കാനുള്ള ത്വരയോടെ അധ്യാപകർ.

“രഞ്ജൻ മാഷിനും ഗായത്രി ടീച്ചർക്കും എന്താണ് സംഭവിച്ചത്?” കഥകൾ മെനയുന്ന കൗമാരത്തിന്‍റെ ലഹരിയിൽ കുട്ടികൾ ടീമുകളായി തിരിഞ്ഞ് ഡിബേറ്റ് തുടങ്ങി.

ഒന്നാമത്തെ പീരിയഡ് തുടങ്ങുന്നതിനുമുമ്പാണ് ആ സംഭവം. കോളേജിന്‍റെ മുഖ്യകവാടത്തിന് സമീപം കുട്ടികൾ നോക്കിനിൽക്കെ ആയിരുന്നല്ലോ അവരുടെ ശണ്ഠ…

രണ്ടുവർഷം മുമ്പാണ് രഞ്ജൻ മാഷ് കോഴിക്കോട്ടെ പ്രശസ്തമായ കോളേജിൽ രസതന്ത്രാധ്യാപകനായി എത്തുന്നത്. അധ്യാപകർക്കിടയിലെ ജൂനിയർ. വിദ്യാർത്ഥികളുടെ റോമിയോ, കാണാൻ സുമുഖനും അവിവാഹിതനുമാണ്. ഗായത്രി ടീച്ചറും സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല, വിവാഹിതയാണെന്ന് ആരും പറയുകയില്ല. ഏറിയാൽ വയസ്സ് 25 വയസ്സ് തോന്നും. അധ്യാപനത്തിലും ബഹുമിടുക്കി.

ബയോളജി അധ്യാപികയായ ഗായത്രിയും രസതന്ത്രാധ്യാപകനായ രഞ്ജനുമിടയിൽ സൗഹൃദത്തിന്‍റെ പാത വിരിച്ചത് ജീവിതത്തിലെ ഏകാന്തതയാണെന്ന് പറയാം. കമ്പ്യൂട്ടർ എൻജിനീയറാണ് ഗായത്രിയുടെ ഭർത്താവ്. മൂന്നുവർഷമായി അമേരിക്കയിലാണ്. വീട്ടിൽ തനിച്ചായതിനാൽ ഗായത്രി കൂടുതൽ സമയവും കോളേജിൽത്തന്നെ. മംഗലാപുരത്തുകാരനായ രഞ്ജൻ കോളേജിനടുത്തുള്ള ഫ്ളാറ്റിലാണ് താമസം.

സ്റ്റാഫ് റൂമിൽ നിന്ന് കോളേജ് ക്യാന്‍റീനിലേക്കുള്ള സൗഹൃദത്തിന്‍റെ വളർച്ച അവർപോലുമറിയാതെ സംഭവിക്കുകയായിരുന്നു.

മൂന്നുമണിക്കുള്ള അവരുടെ പതിവ് ചായ സൗഹൃദത്തിൽ എന്തോ ഒന്ന് മണക്കുന്നുവെന്ന് പറഞ്ഞുപരത്തിയത് ക്യാമ്പസിൽ ആകാശവാണിയെന്ന് ഇരട്ടപ്പേരുള്ള കെമിസ്ട്രിയിലെ ജിനുവാണ്. അങ്ങനെ രഞ്ജൻ മാഷും ഗായത്രി ടീച്ചറും ക്യാമ്പസിലെ ഹോട്ട് ടോക്കായി.

ഗോസിപ്പുകൾ അതിരുവിടുന്നത് അവരറിയുന്നുണ്ടായിരുന്നു. സംസ്കൃതാധ്യാപികയായ സുഹാസിനിയെ കൂട്ടപിടിച്ച് ചായസൗഹൃദത്തിന് മറയിടാൻ ശ്രമിച്ചെങ്കിലും എല്ലില്ലാത്ത നാവുകൾക്കുണ്ടോ വിശ്രമം?

സുഹാസിനിടീച്ചർ അൽപം മോഡേണാണ്. സാരിയോടത്ര പ്രിയമില്ല ടീച്ചർക്ക്. ലൈറ്റ്കളർ ചുരുദാറിൽ ഒരുങ്ങിയെത്തുന്ന ടീച്ചറോട് കുട്ടികൾക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. കർക്കശക്കാരിയാണെങ്കിലും സുഹാസിനിടീച്ചറുടെ ക്ലാസ് കട്ട് ചെയ്യാൻ ഒരുത്തനും തയ്യാറല്ല.

രഞ്ജനും ഗായത്രിയും ഉച്ചഭക്ഷണ ഇടവേളകളിലും സുഹാസിനി ടീച്ചറെ നിർബന്ധിച്ച് കൂടെ കൊണ്ടുപോകും. എന്നാൽ ചില വൈകുന്നേരങ്ങളിൽ സുഹാസിനിയില്ലാതെ ഇരുവരും സിനിമയ്ക്ക് പോയെന്ന കഥയും കാമ്പസിലെ ചൂടുവാർത്തയായി. ഇതിനിടയിലാണ് അത് സംഭവിച്ചത്.

ഗായത്രിടീച്ചറുടെ ഭർത്താവ് നികേഷ് അമേരിക്കാവാസം മതിയാക്കി മടങ്ങിയെത്തിയിരിക്കുന്നു. നാട്ടിൽ സ്വന്തമായി കമ്പനി തുടങ്ങാനാണ് വരവ്. നികേഷ് കോളേജിനടുത്ത് ബംഗ്ലാവ് വാങ്ങിയതോടെ കോളേജ് വക ഫ്ളാറ്റ് ടീച്ചർ ഒഴിഞ്ഞു. വരവും പോക്കും പുതുപുത്തൻ നീല സാൻട്രോ കാറിൽ.

നികേഷ് ഇപ്പോൾ ഒരു പക്കാ ബിസിനസ്സുകാരനാണ്. തിരക്കേറിയ ജീവിതം. കോളേജിലെ ഗോസിപ്പുകൾക്ക് ചെവികൊടുക്കാൻ അയാൾക്ക് എവിടെ സമയം? എങ്കിലും ഗായത്രി രഞ്ജനുമായുള്ള സൗഹൃദത്തിന് അതിർവരമ്പിടണമെന്ന് ആഗ്രഹിച്ചു. മൂന്നാമതൊരാളുടെ സാന്നിധ്യം ദാമ്പത്യത്തിലുണ്ടാക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് അവളോർത്തു. രഞ്ജനെ കാണരുത്, സംസാരിക്കരുത് ഓരോ ദിവസവും അവൾ രഞ്ജനിൽ നിന്നൊഴിഞ്ഞുമാറാൻ പണിപ്പെടുകയായിരുന്നു. പക്ഷേ, രഞ്ജൻ നീറിപ്പുകഞ്ഞു. ഗായത്രി തന്നെ അവഗണിക്കുന്നതെന്തേ, ഇത്രയധികം സ്നേഹിച്ചിട്ടും. അവളെ ഇത്തിരിനേരം തനിച്ച് കിട്ടിയിരുന്നെങ്കിൽ… ഓരോ നിമിഷവും അയാൾ ആഗ്രഹിച്ചു.

കാന്‍റീനിലും വരാന്തയിലുമെല്ലാം ഇണക്കിളികളായി ഉല്ലസിച്ചാടുന്നവർ. ഗായത്രി ടീച്ചറുടെ മാറ്റം കുട്ടികളും മനസ്സിലാക്കുന്നുണ്ടായിരുന്നു.

“അറിഞ്ഞില്ലേ… ഗായത്രി ടീച്ചറും രഞ്ജൻ മാഷും തെറ്റിയെന്നാ തോന്നുന്നേ…” പൂത്തുനിൽക്കുന്ന വാകമരങ്ങളെ തലോടിയ കാറ്റിൽപ്പോലും ആ പിണക്കത്തിന്‍റെ കഥ പാറിപ്പറന്നു.

ഓടകൾക്കു മീതെയുള്ള കമ്പിവലകളിലൂടെ ചാടിയെത്തിയ നീല സാൻട്രോ കാർ വല്ലാത്തൊരു ശബ്ദത്തോടെ കുലുങ്ങി നിന്നു.

ഗായത്രി പതിവുപോലെ ബയോളജി ഡിപ്പാർട്ടുമെന്‍റിലേക്ക് നടന്നു. അവൾ  വരുന്നതും കാത്ത് കെമിസ്ട്രി ലാബിനോട് ചേർന്ന വരാന്തയിൽ രഞ്ജൻ നിൽക്കുന്നുണ്ടായിരുന്നു. തന്നെ ഒഴിവാക്കി ഗായത്രി നടന്നകലാൻ ശ്രമിക്കുന്നത് രഞ്ജനറിഞ്ഞു.

“എന്താ ഗായത്രി ഇത്? ഇപ്പോൾ ഒന്ന് മിണ്ടാൻ പോലും കൂട്ടാക്കുന്നില്ല നീ… ഞാനെന്ത് തെറ്റ് ചെയ്തു?” ഖിന്നതയോടെയുള്ള രഞ്ജന്‍റെ ചോദ്യവും അസഹനീയതയോടെയുള്ള ഗായത്രിയുടെ നിൽപ്പും വിദ്യാർത്ഥികൾക്ക് കൗതുകക്കാഴ്ചയായി.

“പ്ലീസ് രഞ്ജൻ, ലെറ്റ് മി ഗോ… എന്നെ വെറുതെ വിട്…”

“ഇല്ല, നീ മറുപടി പറയാതെ ഞാൻ വിടില്ല. എന്തുപറ്റി നിനക്ക്?” കൈ നീട്ടി വഴി തടഞ്ഞു അയാൾ.

“വഴി മാറൂ രഞ്ജൻ.” ഗായത്രിയുടെ സ്വരത്തിലെ മൂർച്ച രഞ്ജനെ അതിശയപ്പിച്ചു.

അയാൾ കോപാവേശിതനായി ഗായത്രിയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ഉച്ചത്തിൽ ചോദിക്കാൻ തുടങ്ങി. ആ മുഖം വികാരക്ഷോഭത്തിൽ ചുവന്നുതുടുത്തു.

“നീ എന്താ നിന്നെക്കുറിച്ച് കരുതിയത്? അപ്സരസെന്നോ? ഞാൻ നിന്‍റെ വാലാട്ടിപ്പട്ടിയോ? ഒരാഴ്ച മുമ്പ് വരെ എന്തിനും ഞാൻ വേണമായിരുന്നു. എന്നിട്ടിപ്പോൾ? എല്ലാം എന്‍റെ തെറ്റ്… പക്ഷ, ഞാൻ നിന്നെ വെറുതെ വിടില്ല.” രഞ്ജന്‍റെ ക്രോധഭാവം അവളിൽ നടുക്കമുണ്ടാക്കി.

സംഗതി വഷളാവുകയാണ്. അങ്ങിങ്ങ് മാറിനിന്ന് ഒളിഞ്ഞുനോക്കിയ കുട്ടികൾ രംഗപ്രവേശം തുടങ്ങിയിരിക്കുന്നു. ഒരു സംഘം കുട്ടികൾ ഓടിവന്ന് രഞ്ജനിൽ നിന്ന് ടീച്ചറെ രക്ഷപ്പെടുത്തി. “എന്താ സാർ… ഇത് ഒരു കോളേജാണ്. നിങ്ങളെപ്പോലെ ബഹുമാന്യരായ അധ്യാപകർ ഇങ്ങനെയൊക്കെയാണോ പെരുമാറുന്നത്?”

കൂവിവിളിക്കുന്ന കുട്ടികളുടെ മുന്നിലൂടെ ഇരുവരും തലകുമ്പിട്ട് നടന്നു. രഞ്ജൻ ദേഷ്യമടക്കാനാകാതെ ഫ്ളാറ്റ് ലക്ഷ്യമാക്കി നടന്നു. അപമാനഭാരത്തോടെ ഗായത്രി ധൃതിയിൽ പ്രിൻസിപ്പാളിന്‍റെ മുറിയിലേക്കും.

രാവിലെ നടന്ന സംഭവം കാമ്പസിൽ കാട്ടുതീപ്പോലെ പടരാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ… “ഗായത്രി ടീച്ചർ പ്രിൻസിപ്പാളിന് പരാതി നൽകിയിരിക്കുന്നു. അതും രഞ്ജൻ മാഷിനെതിരെ.”

പിറ്റേന്ന് നോട്ടീസ് ബോർഡിൽ രഞ്ജനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പ്, “ചില കാരണങ്ങളാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ രസതന്ത്രാധ്യാപകൻ രഞ്ജനെ സസ്പെൻഡ് ചെയ്തിരിക്കുന്നു.” അറിയിപ്പിനടിയിൽ പ്രിൻസിപ്പാൾ മഹേന്ദ്രന്‍റെ കിടിലൻ ഒപ്പ്.

രഞ്ജൻ ഫ്ളാറ്റിൽ തന്നെയിരുന്നു. പുറത്തേക്കിറങ്ങാൻ മടിയായിരുന്നു. അയാൾക്ക് 10 ദിവസത്തിനകം പ്രിൻസിപ്പാളിന് വിശദീകരണം നൽകാനാണ് നിർദ്ദേശം.

അരോപണം ഗുരുതരമാണ്. ക്ലാസ് സമയത്ത്, കോളേജ് പരിസരത്ത്, കുട്ടികളുടെ മുന്നിൽ വെച്ച് ഉണ്ടായ സംഭവം. മറ്റ് അധ്യാപകരൊന്നും രഞ്ജനെ പിന്തുണച്ചില്ല. ഗായത്രിയുമായി രഞ്ജനുള്ള അടുപ്പം മിക്ക അധ്യാപകർക്കും ഉൾക്കൊള്ളാനാകാത്തതായിരുന്നു.

സുന്ദരിയും തന്‍റേടിയുമായ ടിച്ചറെ രഞ്ജൻ എങ്ങനെ വലയിലാക്കി? സഹാധ്യാപകർ ഒളിഞ്ഞും തെളിഞ്ഞും പലതവണ ചർച്ച ചെയ്തകാര്യം. എന്തായാലും ഈ അവസരം മുതലാക്കി കോളേജ് ട്രസ്റ്റ് അംഗത്തിന്‍റെ കാത്തിരിപ്പ്. കുട്ടി നേതാവായ ജോൺ സാമുവലിന്‍റെ അനുജൻ എംഎ, എംഫിൽ കഴിഞ്ഞ് നിൽപ്പാണ്. പ്രതിസന്ധി മുതലാക്കി അയാളെ തിരുകികയറ്റാൻ നേതാവ് ശ്രമം തുടങ്ങിയതോടെ എല്ലാവരും ആശങ്കയിലായി. രഞ്ജന്‍റെ പണി പോകുമോ? ഒരാഴ്ച ഒന്നും സംഭവിക്കാതെ കടന്നുപോയി. രഞ്ജൻ ഫ്ളാറ്റിൽനിന്നും പുറത്തിറങ്ങിയതേയില്ല. സ്വയം തടവറ തീർത്ത് കഴിയുകയായിരുന്നു അയാൾ. സഹപ്രവർത്തകരാരും അയാളെ തേടിയെത്തിയില്ല. രഞ്ജൻ അതാഗ്രഹിച്ചുമില്ല.

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് രഞ്ജൻ ഞെട്ടിയെഴുന്നേറ്റു. ആരാകും ഈ നേരത്ത്? വാതിൽ തുറന്നപ്പോൾ രഞ്ജൻ ആശ്ചര്യപ്പെട്ടുപോയി, സുഹാസിനി…

“ഞാൻ കരുതി ഇയാളെന്നെ ഉപേക്ഷിച്ചെന്ന്…”

“എനിക്കെങ്ങനെ കഴിയും? പൊട്ട ബുദ്ധിക്ക് ഓരോന്ന് ചെയ്തുവെച്ചിട്ട്… നിന്നെ എങ്ങനെ രക്ഷിക്കുമെന്നാ എന്‍റെ ചിന്ത…”

“എനിക്കെന്താകാൻ… അപമാനം… തൊഴിൽ നാശം… എന്‍റെ തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടട്ടെ… അതുകൊണ്ടാണ് ഞാൻ സാറിന് ലെറ്റർ നൽകാത്തത്.”

“രഞ്ജൻ, നിങ്ങൾക്ക് എങ്ങനെയാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചത്? കുട്ടികൾ നോക്കിനിൽക്കേ ഗായത്രിയുടെ കൈപിടിച്ച് കയർക്കാൻ ചില്ലറ ധൈര്യം പോരാ…”

രഞ്ജൻ മൗനിയായി. “മറ്റാരെങ്കിലുമാണിത് ചോദിക്കുന്നതെങ്കിൽ ഞാൻ മറുപടി നൽകില്ലായിരുന്നു. പക്ഷേ, സുഹാസിനിയോട് എനിക്കങ്ങനെ പെരുമാറാനാകില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ മനസ്സിലാക്കിയത് സുഹാസിനിയാണല്ലോ.” രഞ്ജൻ തുടർന്നു.

“ഗായത്രിയെ എന്നിലേക്കാകർഷിച്ചത് ആ സൗന്ദര്യവും വ്യക്തിത്വവും തന്നെയാണ്. ഞാൻ പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നറിയാമല്ലോ. ഗായത്രിയോട് അടുത്തുപെരുമാറാൻ മറ്റ് അധ്യാപകർക്കുള്ള സങ്കോചംകൂടി കണ്ടപ്പോൾ അവരോടുള്ള ആരാധന വർദ്ധിച്ചു.”

“ഗായത്രി എന്നോട് പരിഗണന കാണിച്ചപ്പോൾ ഞാൻ അതിരുവിട്ട് സ്നേഹിച്ചുപോയി. അഹങ്കാരമായിരുന്നു മനസ്സിൽ. അവളെന്നെ എന്തിനു സ്നേഹിച്ചു എന്നെനിക്കറിയില്ല. ഒരുപക്ഷേ, ഏകാന്തതയിൽനിന്ന് അവൾ അൽപം മോചനം ആഗ്രഹിച്ചിട്ടുണ്ടാകും. സുഹാസിനിയെ കൂട്ടുപിടിച്ച് ഞങ്ങൾ രഹസ്യമായി ഇഷ്ടം കൂടുകയായിരുന്നു.”

“അതെനിക്ക് മനസ്സിലായിരുന്നു…” സുഹാസിനി ചിരിച്ചു. “എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത ദിവസങ്ങളായിരുന്നു അവ. വിവാഹിതയായ സ്ത്രീയോട് രഞ്ജന് നല്ല സൗഹൃദമെന്നേ ഞാൻ ആദ്യമൊക്കെ കരുതിയുള്ളു. കൂടെക്കൂടെ മെസേജ് അയയ്ക്കുന്നതും ഗിഫ്റ്റുകൾ കൈമാറുന്നതും ഗോസിപ്പുകളും ഞാൻ കൂട്ടിവായിച്ചിരുന്നു രഞ്ജൻ.”

“സുഹാസിനിയെ ഒഴിവാക്കി ഞങ്ങൾ പുറത്തുപോകാറുണ്ടായിരുന്നു. ഒരുപക്ഷേ, ടീച്ചർ തടഞ്ഞാലും ആ ബന്ധം വിടാൻ ഞാൻ ഒരുക്കമായിരുന്നില്ല.”

“നിങ്ങളിരുവരും സിനിമയ്ക്ക് പോകുന്നതും മൂന്നാർ കറങ്ങിയതുമൊക്കെ ഗോസിപ്പായി ഞാനും കേട്ടിരുന്നു. പക്ഷേ, അത് സത്യമാകരുതേ എന്നായിരുന്നു എന്‍റെ പ്രാർത്ഥന. നിങ്ങൾ തമ്മിൽ മറ്റുവല്ലതും….”

“ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. അവളെ വിവാഹം ചെയ്യണമെന്നായിരുന്നു എന്‍റെ മോഹം.”

“ഗായത്രി വിവാഹിതയാണെന്ന് രഞ്ജനറിയില്ലായിരുന്നോ?”

“ആദ്യമറിയില്ലായിരുന്നു. പക്ഷേ, ഞങ്ങളുടെ ബന്ധം മറ്റൊരാളുടെ വരവോടെ ഉലയുമെന്ന് ഞാനറിഞ്ഞില്ല.”

“ഗായത്രിയുടെ ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.”

“ശരിയാണ്. നടന്നതെല്ലാം ഇത്രവേഗം ഒരു സ്വപ്നമായി കരുതേണ്ടി വന്നാൽ…”

“അവൾ ഭയന്നിട്ടുണ്ടാകും രഞ്ജൻ. യാഥാർത്ഥ്യമെന്തെന്ന് അവൾക്കും മനസ്സിലായി.” സുഹാസിനി പറഞ്ഞു.

“ഇനി പഴയ കാര്യങ്ങൾ പറഞ്ഞിട്ടെന്താ? രണ്ടുപേരും തെറ്റ് തന്നെയാണ് ചെയ്തത്.”

“ഞാൻ നിയന്ത്രണം വിട്ട് പെരുമാറി. ശരിയാണ്. എന്നെ അവൾ ഒരു കളിപ്പാട്ടമാക്കിയെന്ന ചിന്ത എന്‍റെ മനോനില തെറ്റിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പുവരെ എന്‍റെ സ്വന്തം കൂട്ടുകാരിയായിരുന്ന അവൾ പെട്ടെന്ന് മിസിസ് നികേഷ് ആയി മാറിയാൽ…”

“ഓകെ രഞ്ജൻ. ഇനി എതെല്ലാം മറന്നേക്കൂ… ഇയാളെ ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ കരകയറ്റാമെന്നാണ് എന്‍റെ ചിന്ത…”

“ബോർഡ് മീറ്റിംഗിൽ എന്നെ പുറത്താക്കും. തീർച്ച.”

“രഞ്ജൻ, നിങ്ങൾ മാപ്പപേക്ഷിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു കത്തെഴുതി തരൂ…”

“ഞാൻ മാപ്പപേക്ഷിക്കാം. പക്ഷേ, പ്രിൻസിപ്പാളോ ഗായത്രിയോ അംഗീകരിക്കുമോ?”

“ധൈര്യമായിരിക്ക്. ഞാൻ ഗായത്രിയുമായി സംസാരിക്കാം. അവൾ പരാതി പിൻവലിച്ചാൽ പ്രശ്നം തീരുമല്ലോ?”

“എന്തോ എനിക്ക് വിശ്വാസം വരുന്നില്ല. അവൾ സമ്മതിക്കുമോ?” രഞ്ജന്‍റെ ശബ്ദത്തിൽ കടുത്ത നിരാശ.

“നമുക്ക് ശ്രമിക്കാം. രഞ്ജൻ ഒരു മാപ്പപേക്ഷ ഉടൻ എഴുത്.”

“ശരി. ഇത് പ്രിൻസിപ്പാളിന് കൊടുത്തേക്കുമല്ലോ?”

“രഞ്ജൻ, നിങ്ങൾ വിഷമിക്കേണ്ട, ഈ പ്രശ്നം ഞാൻ തീർത്തോളാം. ഇതെന്‍റെ വാഗ്ദാനമല്ല പക്ഷേ, രഞ്ജനെന്നെ വിശ്വസിക്കാം.”

രഞ്ജന്‍റെ ഹൃദയം കൃതജ്ഞതാഭരിതമായി. ഇടറിയ വാക്കുകളാൽ അയാൾ സുഹാസിനിയോട് പറഞ്ഞു, “ടീച്ചർ, ഇത്രയും നന്മയുള്ള ഒരു മനസ്സ് തിരിച്ചറിയാൻ ഞാൻ വൈകി.”

“ഹാ… എന്തു ചെയ്യാൻ. സുഹൃത്തിന്‍റെ തെറ്റ് തിരുത്താൻ എന്തൊക്കെ ചെയ്താലാണ്?” സുഹാസിനി പുഞ്ചിരിയോടെ കത്ത് വാങ്ങി.

ഗായത്രിയെ തനിച്ചുകിട്ടാൻ കാത്തിരിക്കുകയായിരുന്നു സുഹാസിനി. ഇപ്പോൾ അവൾ തന്നെയും ഒഴിവാക്കുന്നുണ്ടെന്ന് സുഹാസിനിക്ക് തോന്നി. മറ്റ് അധ്യാപകരാരും സ്റ്റാഫ് റൂമിൽ ഇല്ലാത്ത സമയത്ത് സുഹാസിനി ഗായത്രിയോട് രഞ്ജന്‍റെ കാര്യം സൂചിപ്പിച്ചു.

“ഗായത്രീ, ഞാൻ ഇന്നലെ രഞ്ജനെ കണ്ടിരുന്നു. പാവം… വളരെ വിഷമത്തിലാണ്.”

“അതിനെനിക്കെന്താണ്?” ഗായത്രിയുടെ സ്വരത്തിൽ ഈർഷ്യ.

“നീ അൽപം ക്ഷമയോടെ കേൾക്കണം.” സുഹാസിനി പറഞ്ഞു.

“രഞ്ജൻ സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലെ അംഗമാണ്. അയാളെ ആശ്രയിച്ചാണ് ഒരു കുടുംബത്തിന്‍റെ നിലനിൽപ്പ്. നിന്‍റെ പരാതിയുടെ പേരിൽ രഞ്ജന്‍റെ ജോലി നഷ്ടപ്പെടാനിടവന്നാൽ ഒരുപക്ഷേ, അയാൾ ജീവിതം അവസാനിപ്പിച്ചേക്കുമൊയെന്ന് എനിക്ക് ഭയമുണ്ട്.”

“ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് അയാൾ ആദ്യമേ ചിന്തിക്കേണ്ടതായിരുന്നു.” ഗായത്രി നിർദാക്ഷിണ്യം പറഞ്ഞു.

“അതുശരി, എങ്കിൽ പറയൂ, നിനക്കീ സംഭവത്തിൽ ഒരു ചുക്കുമില്ലെന്ന്. തീക്കളിയാണ് കളിക്കുന്നതെന്ന് ആദ്യമേ കരുതണമായിരുന്നു. രഞ്ജൻ തെറ്റ് ചെയ്തെങ്കിൽ അതിന്‍റെ കാരണക്കാരി നീ തന്നെയാണ് ഗായത്രി.” സുഹാസിനിയുടെ സ്വരം കടുത്തു.

“സുഹാസിനി നീ എന്താണ് പറഞ്ഞുവരുന്നത്?”

“അതെ, അതുതന്നെ. നീ വിവാഹിതയാണ് രഞ്ജൻ അവിവാഹിതനും.”

“നീ എന്‍റെ സുഹൃത്തായിട്ടും എന്നെ കുറ്റപ്പെടുത്തുകയാണല്ലോ?”

“നീ മാത്രമല്ല രഞ്ജനും എന്‍റെ സുഹൃത്താണ്. രഞ്ജൻ മാപ്പുപറയാൻ ആഗ്രഹിക്കുന്നുണ്ട്. നോക്ക്, ഈ കത്ത് മാപ്പപേക്ഷയാണ്.” സുഹാസിനി രഞ്ജന്‍റെ കത്ത് ഗായത്രിക്ക് കൈമാറി.

“ഈ കത്ത് ഞാനെന്ത് ചെയ്യണം?”

“രഞ്ജൻ മാപ്പ് പറഞ്ഞ സ്ഥിതിയ്ക്ക്, നീ പരാതി പിൻവലിക്കണം. അതാണ് ശരി.”

“ഇല്ല. അന്ന് എത്രയോ കുട്ടികൾക്ക് മുന്നിൽ വെച്ച്… ഞാനതെങ്ങനെ മറക്കും…?”

“ശരി. പക്ഷേ, ഒന്ന് മറക്കണ്ട… കഴിഞ്ഞ രണ്ട് വർഷമായി നിങ്ങളുടെ ബന്ധം കുട്ടികൾക്കിടയിൽ പാട്ടായിരുന്നു. നിങ്ങളുടേത് വഴിവിട്ട പോക്കാണെന്നറിഞ്ഞപ്പോഴെങ്കിലും ഞാൻ കറക്ട് ചെയ്യണമായിരുന്നു. അതെന്‍റെ തെറ്റ്. രഞ്ജനെ പിരിച്ചുവിട്ടാൽ അയാൾ കോടതിയിൽ പോകുമെന്നുറപ്പാണ്. അതോടെ കോളേജ് മാത്രമല്ല നാട് മുഴുവനറിയും നിങ്ങളുടെ പൂർവ്വബന്ധം.”

ഗായത്രിയുടെ ഉള്ളൊന്ന് കിടുങ്ങി. “ഞാൻ പരാതി പിൻവലിച്ചാൽ നികേഷിനോടെന്ത് പറയും?”

“ഒരാളുടെ ജീവിതപ്രശ്നമല്ലേ, നികേഷതിന് എതിര് നിൽക്കുമെന്ന് തോന്നുന്നില്ല.”

“പക്ഷേ… പ്രിൻസിപ്പാൾ…”

“അദ്ദേഹത്തിന്‍റെ കാര്യം എനിക്ക് വിട്ടേക്കു. ആദ്യം പരാതി പിൻവലിച്ചുകൊണ്ടുള്ള കത്ത് തരൂ.” ഗായത്രിയുടെ പിരിമുറുക്കം കുറയുന്നത് മുഖത്ത് പ്രകടമായിരുന്നു. അവൾ ചിരിയോടെ സുഹാസിനിയെ നോക്കി. സംഗതിയേറ്റു. സുഹാസിനിക്ക് ആശ്വാസമായി.

“എന്താണാവോ ഈ നിറഞ്ഞ ചിരിയുടെ കാരണം?” തന്‍റെ സംശയം സുഹാസിനി ഒളിച്ചുവെച്ചില്ല.

“നിന്‍റെ ചിരി കണ്ടിട്ട് ഞാൻ പോലും വീണു, പിന്നല്ലേ ആ രഞ്ജൻ…” ഇത് കേട്ടപ്പോൾ ഗായത്രി പൊട്ടിച്ചിരിച്ചു.

“നികേഷും ഇതുതന്നെയാ പറഞ്ഞത്. അതോർത്ത് ചിരിച്ചതാ…”

സുഹാസിക്കത് കേട്ടപ്പോൾ ആശ്വാസം തോന്നി. നികേഷ് എത്രമാത്രം പൊരുത്തപ്പെടുന്ന വ്യക്തിയാണ്.

“സുഹാസിനി, ഒരു കാര്യം പറയട്ടെ. നീ ഒത്തിരി  മാറിയിരിക്കുന്നു.” ഗായത്രിയുടെ കമന്‍റ് കേട്ടപ്പോൾ അവൾ ചിരിയോടെ പറഞ്ഞു.

“മറ്റൊരാളും എന്നോടിത് പറഞ്ഞു. ഹാ… കൂട്ടുകാർക്കായി എന്തൊക്കെ വേഷങ്ങൾ കെട്ടിയാലാണ്…”

വാതിൽ തുറന്ന് അകത്തേക്ക് വരുന്നയാളെ കണ്ടപ്പോൾ പ്രിൻസിപ്പാൾ മഹേന്ദ്രവർമ്മ തെല്ല് അത്ഭുതപ്പെടാതിരുന്നില്ല.

മൂന്ന് വർഷമായി സുഹാസിനി ടീച്ചർ കോളേജിൽ ചേർന്നിട്ട്. സ്റ്റാഫ് മീറ്റിംഗിനല്ലാതെ അവർ ഈ മുറിയിലേക്ക് കടക്കാറില്ല. കോളേജിലെ ഏറ്റവും മികച്ച അധ്യാപിക കൂടിയാണ് സുഹാസിനി.

“വരൂ… വരൂ… ഇന്നെന്താണ് പതിവില്ലാതെ…?” മഹേന്ദ്രവർമ്മ ചിരിയോടെ അവരെ സ്വാഗതം ചെയ്തു.

“സാർ, ഞാൻ രഞ്ജന്‍റെ കാര്യം സംസാരിക്കാനാണ് വന്നത്?”

“രഞ്ജനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ വന്നിരുന്നു. പക്ഷേ, അയാൾ മിടുക്കനായ അധ്യാപകനാണെന്നായിരുന്നു എന്‍റെ ധാരണ.”

“അതെ സാർ. പക്ഷേ, ഞാൻ വന്നത് അദ്ദേഹത്തിന്‍റെ മാപ്പപേക്ഷയുമായിട്ടാണ്. ഗായത്രിക്കും രഞ്ജൻ കത്ത് നൽകിയിട്ടുണ്ട്.”

“അത് നന്നായി. അങ്ങനെയാണ് വേണ്ടത്.”

“രഞ്ജന്‍റെ മാപ്പപേക്ഷ കണ്ട് ഗായത്രി പരാതി പിൻവലിക്കാൻ തയ്യാറായിട്ടുണ്ട് സാർ.”

“അങ്ങനെയോ… പക്ഷേ കേവലം ഒരു അപേക്ഷയുടെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കുന്നതെങ്ങനെ? ശരിയാകില്ല. എനിക്ക് അവരെ കണ്ട് സംസാരിക്കണം. എന്നിട്ടേ തീരുമാനമെടുക്കാനാകൂ.” മഹേന്ദ്രവർമ്മ ആലോചനയോടെ പറഞ്ഞു.

“സാർ, രഞ്ജന്‍റെ കരിയർ തുടങ്ങിയതല്ലേയുള്ളൂ, ഇങ്ങനെ ഒരു കേസിൽ അയാളെ പുറത്താക്കിയാൽ മറ്റൊരു ജോലി കിട്ടുക എളുപ്പമല്ല.” പ്രിൻസിപ്പാളിൽ സമർദ്ദം ചെലുത്തേണ്ടി വരുമെന്ന് സുഹാസിനിക്ക് മനസ്സിലായി. അവൾ തുടർന്നു,

“മാത്രമല്ല സാർ, കോളേജിന്‍റെ റെപ്യൂട്ടേഷന്‍റെ പ്രശ്നം കൂടിയല്ലേയിത്?”

“സാർ, ഇതിപ്പോ നമ്മുടെ കോളേജിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമാണ്. അയാളെ പിരിച്ചുവിട്ടാൽ കോടതിയിൽ പോകില്ലെന്നാരു കണ്ടു? അങ്ങനെയുണ്ടായാൽ സാറും പ്രതിസ്ഥാനത്താകും. മാത്രമല്ല, നാട്ടുകാർ മുഴുവനറിയും. അതൊക്കെ ഒഴിവാക്കുകയല്ലേ നല്ലത്?”

“ടീച്ചർ പറയുന്നത് ശരിയാണ്. പക്ഷേ…”

“മറ്റൊന്നു കൂടിയുണ്ട്. ആ നേതാവ് ജോൺ സാമുവൽ തന്‍റെ അനുജനെ തിരുകിക്കയറ്റാനുള്ള ശ്രമത്തിലാണെന്ന് അറിയാമല്ലോ. അയാളുടെ അനുജൻ ഒരു ഗുണ്ടാനേതാവാണ്. സാർ, അതിലൊക്കെ എത്രയോ നല്ലവനാണ് രഞ്ജൻ. പെട്ടെന്നുള്ള വികാരാവേശത്തിൽ ഒരു തെറ്റ് സംഭവിച്ചുവെന്നത് ശരിതന്നെ. പക്ഷേ, അയാൾ നല്ല അധ്യാപകനാണ്.”

സ്വതവേ സംസാരം കുറഞ്ഞ സുഹാസിനി രഞ്ജന്‍റെ കാര്യത്തിൽ വാചാലയാകുന്നത് കണ്ടപ്പോൾ മഹേന്ദ്രവർമ്മയ്ക്ക് അത്ഭുതം ഇരട്ടിച്ചു. അവർ പറയുന്നതിൽ കാര്യമുണ്ട്. രഞ്ജന് ഒരവസരം കൊടുക്കുന്നതാണ് ശരി.

“ഓകെ. ടീച്ചർ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ, നാളെ ബോർഡ് മീറ്റിംഗ് തുടങ്ങുമ്പോൾ ഞാനത് പറയും?”

“ഗായത്രിയോട് നേരിട്ട് മീറ്റിംഗിൽ പങ്കെടുക്കാൻ പറയാം സാർ.”

പിറ്റേന്ന് ബോർഡ് മീറ്റിംഗിൽ രഞ്ജനെ പുറത്താക്കാനുള്ള ആഗ്രഹവുമായി എത്തിയവർ ഗായത്രിയെ കണ്ട് അമ്പരന്നു.

രഞ്ജൻ മാപ്പ് പറയുകയും ഗായത്രി പരാതി പിൻവലിക്കുകയും ചെയ്തതായി മഹേന്ദവർമ്മ മീറ്റിംഗിൽ അറിയിച്ചു. ചില്ലറ എതിർവാദങ്ങളുണ്ടായെങ്കിലും രഞ്ജന്‍റെ സസ്പെഷൻ പിൻവലിക്കാൻ തന്നെയായിരുന്നു തീരുമാനം.

“സന്തോഷവാർത്ത സുഹാസിനി രഞ്ജനെ അറിയിക്കൂ.” മഹേന്ദ്രവർമ്മ പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് സുഹാസിനി രഞ്ജനെ കാണാനെത്തി.

“ഹായ് രഞ്ജൻ… ഗുഡ് ന്യൂസുണ്ട്. എനിക്ക് ചെലവ് ചെയ്യണം കേട്ടോ. എത്ര നാവടിച്ചിട്ടാണ് ഈ ഓർഡർ കൈയിൽ കിട്ടിയതെന്നോ? നാളത്തന്നെ കോളേജിലെത്തണം.”

രഞ്ജൻ ഓർഡർ വാങ്ങി വായിച്ചു. സസ്പെഷൻ പിൻവലിച്ചുകൊണ്ടുള്ള കത്ത് അറിയിപ്പ്. നിറയുന്ന കണ്ണുകളോടെ അയാൾ സുഹാസിനിയെ നോക്കി.

“സുഹാസിനി… നിങ്ങൾ ചെയ്തത് എത്ര വലിയ കാര്യമാണ്. കേവലം നന്ദി വാക്കിലെങ്ങനെ ഒതുക്കാനാകും?”

“അതൊക്കെ ശരി. നാളെ കോളേജിലെത്തിയേക്കണം. ജോലി ഉപേക്ഷിക്കണമെന്ന് ചിന്തിക്കണ്ട.”

രഞ്ജൻ അതിശയിച്ചു. തന്‍റെ മനസ്സിലെ ചിന്ത ഇവളെങ്ങനെയറിഞ്ഞു?

“ഹാ… രഞ്ജൻ… ഞാനെങ്ങനെയറിഞ്ഞുവെന്നല്ലേ… നിങ്ങളുടെ വിഷമം എങ്ങനെ കുട്ടികളെ നേരിടുമെന്നല്ലേ? അതൊന്നും കാര്യമാക്കണ്ട. രണ്ട് ദിവസംകൊണ്ട് എല്ലാം ശരിയാകും. ഈ കുട്ടികൾ സ്ഥിരമായിട്ടുള്ളവരല്ല എന്നോർക്കുക. സ്ഥിരമായിട്ടുള്ളവർ നമ്മൾ അധ്യാപകരാണ്.”

പിറ്റേന്ന് രഞ്ജൻ കോളേജിലെത്തിയത് ചില തീരുമാനങ്ങളോടെയാണ്. സുഹാസിനിയെ കണ്ടപ്പോൾ അയാൾ നിറഞ്ഞ ചിരി സമ്മാനിച്ചു.

“ആമുഖമൊന്നുമില്ല സുഹാസിനി. എനിക്ക് ചിലത് പറയാനുണ്ട്.” അവൾ അത്ഭുതത്തോടെ അയാളെ നോക്കി.

“സുഹാസിനി തനെന്നുമെന്നും എന്‍റെ കൂടെയുണ്ടാകണം.”

“ഓകെ. അതിനെന്താ? ഞാൻ ഈ കോളേജ് വിട്ടുപോകുന്നില്ലല്ലോ…”

“അതല്ല ഞാനുദ്ദേശിച്ചത്. എന്‍റെ ജീവിതത്തിൽ ഒരുമിച്ചുണ്ടാകണമെന്നാണ്.” രഞ്ജൻ മനസ്സ് തുറന്നു. അതുകേട്ട് സുഹാസിനി ചിരിച്ചു.

“നിങ്ങൾ വളരെ സെൻസിറ്റീവാണ് രഞ്ജൻ. കോളേജിലെ ഏറ്റവും സുന്ദരിയായ അധ്യാപികയോടായിരുന്നില്ലേ ഇന്നലെ വരെ പ്രണയം. നാളെ സുന്ദരിയായ വിദ്യാർത്ഥിനിയോട് പ്രേമം തോന്നില്ലെന്നാര് കണ്ടു? കേവലം നന്ദിയുടെ പേരിൽ ഇത്തരമൊരു തീരുമാനം എടുക്കണ്ട.”

അവളുടെ സ്വരത്തിലെ പരിഹാസം അയാൾ തിരിച്ചറിഞ്ഞു. പക്ഷേ, അതയാളെ നിരാശനാക്കിയില്ല.

“ഞാൻ പ്രത്യുപകാരം ചെയ്യാനല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. സുഹാസിനിക്കുവേണ്ടി ഞാൻ കാത്തിരിക്കാം, വിശ്വാസമാകുന്നതുവരെ. വർഷങ്ങൾ നീണ്ടാലുമത് തുടരും.”

രഞ്ജന്‍റെ വാക്കുകളിൽ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം സുഹാസിനി നേരിട്ടറിഞ്ഞു. അവൾ മറുപടി പറയാതെ മനോഹരമായ ഒരു ചിരി സമ്മാനിച്ച് ക്ലാസ്സ് റൂമിലേക്ക് നടന്നു.

തത്വമസി

കമ്പനി കണ്ടുപിടിച്ച് മാനേജരുടെ അനുവാദത്തോട മുതലാളിയുടെ ക്യാബിനിലേയ്ക്ക് നേരിയ വിറയലോടെ ഉസ്മാൻ കടന്നു ചെന്നു. തിരക്കിട്ട് ഫയലുകൾ നോക്കിക്കൊണ്ടിരുന്ന മുതലാളിയുടെ ഇരിക്കുവാനുള്ള ക്ഷണം കൈക്കൊണ്ട് വിനയത്തോടെ കസേരയിൽ ഇരുന്നപ്പോൾ തന്നെ അദ്ദേഹം വീണ്ടും ഫയലുകളിലേയ്ക്ക് തിരിഞ്ഞു. ഒപ്പം ഉസ്മാന്‍റെ ചിന്തകൾ പഴയ സംഭവങ്ങളിലേക്കും.

രണ്ടു മാസം മുൻപ് ഒരു ദിവസം രാവിലെയാണ് സംഭവം. ടാക്സി കാർ സ്വന്തമായിട്ടുള്ള അയൽ വീട്ടിലെ രാമൻകുട്ടി വേലിപ്പടി കവച്ചു വച്ച് തന്‍റെ വീട്ടിലേക്ക് വരുന്നത് താൻ ഉമ്മറത്ത് ഇരുന്ന് കാണുന്നുണ്ടായിരുന്നു. അവന് കിട്ടുന്ന ഓട്ടങ്ങളിൽ ചിലത് അവൻ തന്നെയാണ് ഏൽപ്പിക്കാറുള്ളത്. ഓട്ടം പോയിട്ട് കിട്ടിയ കാശ് മുഴുവനായും അവനെ ഏൽപ്പിക്കുമ്പോൾ മാന്യമായ പ്രതിഫലവും അവൻ തരാറുണ്ട്.

രണ്ട് കുടുംബങ്ങളും തമ്മിലുള്ള നിരവധി വർഷങ്ങളുടെ ബന്ധം എല്ലാ ആഘോഷങ്ങളിലും തെളിഞ്ഞു കാണാറുണ്ട്. ഇന്നത്തെ അവന്‍റെ വരവും ഏതെങ്കിലും ഓട്ടം അവന് പകരമായി തന്നെ വിടാൻ വേണ്ടിയിട്ടാകും. ഒരു പക്ഷേ, ഒരു സ്ഥിര വരുമാനമില്ലാത്ത തന്‍റെ അവസ്ഥ കണ്ട് തനിക്ക് ഒരു സഹായമാകട്ടെ എന്ന ചിന്തയും അതിന്‍റെ പുറകിൽ ഉണ്ടാകുമായിരിക്കും.

പക്ഷേ, പതിവിന് വിപരീതമായി രാമൻകുട്ടി തന്നെ തീരെ ഗൗനിക്കാതെ നേരെ അടുക്കളയിലേക്കാണ് പോയത്. അടുക്കളയിൽ ഉമ്മയോട് എന്തോ കുശുകുശുത്ത ശേഷമാണ് അവൻ ഉമ്മറത്ത് വന്ന് തന്നോട് കാര്യം പറഞ്ഞത്. പുറകെ ഉമ്മയുമെത്തി. ശബരിമലയിൽ സീസൺ തുടങ്ങുകയാണത്രെ. വൃശ്ചികം, ധനു രണ്ട് മാസം തീർത്ഥാടകരുടെ പ്രവാഹമായിരിക്കും. ഈ അറുപത് ദിവസവും മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സുരക്ഷാ ഡ്രൈവുകൾക്ക് വേണ്ടി താൽക്കാലികമായി ഡ്രൈവർമാരെ എടുക്കുന്നുണ്ടത്രെ.

അതിന് വേണ്ടി വകുപ്പ് നടത്തുന്ന ടെസ്റ്റിൽ പങ്കെടുക്കാൻ രാമൻകുട്ടി പോകുന്നുണ്ട്. താൻ കൂടെ വരുന്നോ എന്നറിയാനാണ് അവൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ഉമ്മയുടെ അഭിപ്രായവും രാമൻകുട്ടി സൂചിപ്പിച്ച പോലെ ഒന്ന് പങ്കെടുത്ത് നോക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ്. ഉസ്മാൻ സമ്മതം മൂളിയപ്പോൾ, എങ്കിൽ രാവിലത്തെ കഞ്ഞി കുടിച്ച് ഉടനെ പുറപ്പെടാമെന്ന് പറഞ്ഞ് രാമൻകുട്ടി എഴുന്നേറ്റു.

ഇലവുങ്കലിൽ താൽക്കാലികമായി തയ്യാറാക്കിയ സേഫ് സോൺ ക്യാമ്പ് ഓഫീസിൽ വച്ച്, ഒരു മണിക്കൂർ കൊണ്ട് മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന്, എത്തിച്ചേർന്ന മുപ്പത് പേരുടെയും ലൈസൻസ് പരിശോധന പൂർത്തിയാക്കി. തുടർന്ന് ഡ്രൈവിംഗ് മികവ് അറിയുവാനുള്ള പ്രായോഗിക പരീക്ഷ തീർന്നപ്പോഴേക്കും ഉച്ചക്ക് ഒരു മണിയായി. ആൽകോമീറ്റർ ടെസ്റ്റിൽ രണ്ടു പേർ മദ്യപിച്ചതായി കണ്ടതിനാൽ അവരെ ഉടനെ പറഞ്ഞു വിട്ടു. പിന്നെ ഒരാളെപ്പോലും ഒഴിവാക്കാതെ ബാക്കിയുള്ള എല്ലാവരെയും സെലക്ട് ചെയ്തു.

എല്ലാവർക്കും ആഹാരം തന്ന ശേഷം ഒരു മണിക്കൂർ നീണ്ട ക്ലാസ് ഉണ്ടായിരുന്നു. കൊടുംവളവുകളിൽ ശ്രദ്ധിക്കേണ്ടത്, രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ടത്, അപകടത്തിൽ പെടുന്ന തീർത്ഥാടകരെ രക്ഷിക്കേണ്ടുന്ന വിധം, ഫസ്റ്റ് എയിഡ് നൽകേണ്ടുന്ന വിധം, വിവരങ്ങൾ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അറിയിക്കുന്ന രീതികൾ, വന്യമൃഗങ്ങളുടെ സാമീപ്യം ഉണ്ടായാൽ പ്രതികരിക്കേണ്ട രീതികൾ, തീർത്ഥാടകരോട് ഇടപഴകേണ്ട രീതികളും മര്യാദകളും അവർക്ക് ചെയ്തു കൊടുക്കേണ്ടതായ സേവനങ്ങൾ തുടങ്ങി പല വിഷയങ്ങളായി ഒരു മണിക്കൂർ പോയതറിഞ്ഞില്ല.

ഉദ്യോഗസ്ഥർ തുടർന്ന് എല്ലാവരുടെയും അഡ്രസ്സും വാട്സ് ആപ് നമ്പറും വാങ്ങി വൃശ്ചികം ഒന്നിന് ഡ്യൂട്ടി തുടങ്ങുവാൻ തയ്യാറായി തലേദിവസം തന്നെ എത്തിചേരുമ്പോൾ കരുതേണ്ടതായ കാര്യങ്ങളും പറഞ്ഞ് തന്ന് ചായയും കഴിപ്പിച്ചാണ് ടെസ്റ്റിന് വന്നവരെ എല്ലാവരെയും യാത്രയാക്കിയത്. അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഒരു സർക്കാർ വകുപ്പിൽ നിന്ന് ഇത്തരം ഹൃദ്യമായ ഒരു ഇടപഴകൽ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരുമായി സംസാരിച്ചപ്പോൾ മനസ്സിലായത്.

വൃശ്ചികം ഒന്നിന് തീർത്ഥാടകരുടെ തിരക്ക് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. ഒരു ദിവസം എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായിരുന്നു പട്രോളിംഗ് ഡ്രൈവ് . പത്ത് റൂട്ടുകളിൽ ഒരു ഷിഫ്റ്റിൽത്തന്നെ പത്ത് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നിയന്ത്രണത്തിൽ പത്ത് വണ്ടികൾ. മൂന്ന് ഷിഫ്റ്റിലുമായി ഒരു ദിവസം മുപ്പത് ഇൻസ്പെക്ടറും മുപ്പത് ഡ്രൈവറും. എല്ലാ വണ്ടിയിലും സെർച്ച് ലൈറ്റും കപ്പിയും വടവും പോലീസിന്‍റെ കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാവുന്ന വയർലെസ് സെറ്റും കൂടാതെ ഫസ്റ്റ് എയിഡ് സാമഗ്രികളും. ചില റൂട്ടുകളിൽ വനം വകുപ്പിന്‍റെ ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു.

ആദ്യത്തെ നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ചുറ്റുപാടുമായി ഉസ്മാൻ നന്നെ ഇണങ്ങിക്കഴിഞ്ഞു. തൽക്കാലത്തേക്കാണെങ്കിലും വലിയൊരു സേനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉസ്മാന് അഭിമാനം തോന്നി. ഒരു സർക്കാർ ജീപ്പ്, അതും ടോപ്പ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് അഞ്ച് വ്യത്യസ്ഥ അലാറം മുഴക്കുന്ന, എയർ കണ്ടിഷൻ ഫിറ്റ് ചെയ്തിട്ടുള്ള എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനം. ഇതിൽ പരം ഒരു അഭിമാനം മറ്റെന്തുണ്ട്. ദിവസം ചെല്ലുന്തോറും തിരക്ക് വർദ്ധിച്ചു വരുകയാണ്.

എല്ലാ ദിവസവും ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവേഴ്സ് ഡോർമെട്രിയിൽ പോയി വിശ്രമിക്കുമ്പോൾ ഓരോരുത്തരും അന്നത്തെ അവരുടെ അനുഭവങ്ങൾ വിവരിക്കാറുണ്ട്. ചെറുതും വലുതുമായ അപകടങ്ങൾ, തീർത്ഥാടകർക്ക് പറ്റിയ പരിക്കുകൾ, അവരുടെ വാഹനത്തിന് പറ്റിയ കേടുപാടുകൾ, ‘സേഫ് സോണ്‍’ ടീം ഇടപെട്ട് അവിടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ, ടീം നൽകിയ സഹായങ്ങൾ, അങ്ങനെ എല്ലാം കൂടെയുള്ള ഡ്രൈവർമാർ പറയുമ്പോൾ ഉസ്മാൻ മനസ്സുരുകി , അങ്ങനെ ഒരപകടവും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാറാണ് പതിവ്.

മൂന്ന് ദിവസത്തെ ഡ്യൂട്ടിയെടുത്താൽ ഒരു ദിവസം ഓഫ് കിട്ടും. രാമൻകുട്ടി ആ ഓഫ് ദിവസം നോക്കി നാട്ടിലുള്ള ഒരു ഓട്ടം തരപ്പെടുത്തി വീട്ടിലേക്ക് പോയി. ഉസ്മാൻ കഴിഞ്ഞ ആറ് ഡ്യൂട്ടികളിൽ കിട്ടിയ പൈസ മുഴുവനുമായി ഉമ്മയ്ക്കു കൊടുക്കുവാൻ രാമൻകുട്ടിയെ ഏൽപ്പിച്ചിരുന്നു. ഇവിടെ താമസവും അഹാരവും എല്ലാം ഫ്രീ ആയതിനാൽ അതാണ് നല്ലത് എന്ന് കരുതി. മാത്രവുമല്ല വീട്ടിൽ ഉമ്മയ്ക്ക് ചിലവും ഉണ്ടല്ലോ.

രണ്ടാമത്തെ ഓഫ് ദിവസം ഉസ്മാൻ വെറുതെ കളഞ്ഞില്ല. പമ്പ വരെ ഡ്യൂട്ടിയ്ക്കു പോകുന്ന ഒരു ജീപ്പിൽ കയറി അവിടെയിറങ്ങി. പമ്പയിൽ കുളിച്ച് ശരണം വിളിച്ച് മല കയറുന്ന ഭക്തരുടെ തിരക്കും ഉത്സാഹവും ആവേശവും എല്ലാം വീക്ഷിച്ച് ഒതുങ്ങിയിരുന്നപ്പോഴാണ് നിര നിരയായി കിടക്കുന്ന ട്രാക്റ്ററിൽ സന്നിധാനത്തേക്ക് എത്തിക്കുവാനായി അരിയും പച്ചക്കറികളും അരവണയ്ക്കും അപ്പത്തിനുമുള്ള ശർക്കരയും മറ്റ് സാമഗ്രികളും കയറ്റുന്നത് കണ്ടത്.

അതിൽ നന്നെ പ്രായം തോന്നിക്കുന്ന ഒരു ഡ്രൈവർ വിഷമിച്ച് സാധനങ്ങൾ കയറ്റുന്നത് കണ്ട ഉസ്മാൻ അയാളുടെ അടുത്തെത്തി സഹായിച്ചു. അര മണിക്കൂർ കൊണ്ട് എല്ലാം കയറ്റിക്കഴിഞ്ഞപ്പോൾ വൃദ്ധൻ ഒരു നൂറ് രൂപ നോട്ട് എടുത്ത് ഉസ്മാന് നേരെ നീട്ടി. താൽക്കാലികമായിട്ടാണെങ്കിലും തനിക്ക് സർക്കാർ ശമ്പളം തരുന്നുണ്ട് എന്ന് പറഞ്ഞ് ഉസ്മാൻ ആ നോട്ട് വൃദ്ധന്‍റെ കയ്യിൽ തന്നെ തിരികെ വച്ച് കൊടുത്തു. നീ മുകളിലേക്ക് വരുന്നെങ്കിൽ വാ, ഇതിൽ തന്നെ തിരിച്ചും വരാം; അവിടെ ഇതെല്ലാം ഇറക്കാൻ എനിക്കൊരു സഹായവും ആകും, എന്ന് പറഞ്ഞ് ക്ഷണിച്ചപ്പോൾ, സന്തോഷത്തോടെ ഇപ്പോഴില്ല, പിന്നെയാകട്ടെ എന്ന് പറഞ്ഞ് ഉസ്മാൻ ഇലവുങ്കലിലെ ക്യാമ്പിലേക്ക് തിരിച്ചു.

ക്യാമ്പിലെത്തി ഊണ് കഴിഞ്ഞ് ഒന്ന് വിശ്രമിച്ച ശേഷം എരുമേലിയിൽ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു ജീപ്പിൽ കയറി വൈകീട്ട് വരെ അവിടമാകെ നടന്നു കണ്ട് തിരിച്ച് ക്യാമ്പിലെത്തി. നിലയ്ക്കൽ ബേസ് ക്യാമ്പ് കാണുന്നത് അടുത്ത ഓഫ് ദിവസം ആയിക്കളയാമെന്ന് തീരുമാനിച്ചു.

പിറ്റേന്ന് രാവിലത്തെ ഡ്യൂട്ടിയിലാണ് ഉസ്മാന്‍റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. രാവിലെ ആറു മണിയ്ക്ക് ഡ്യൂട്ടി തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞതേയുള്ളു. അപ്പോഴാണ് തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു തീർത്ഥാടകനും ഭാര്യയും മകനും ചെറുമകനും അടങ്ങിയ കുടുംബം ദർശനം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെടുന്നത് ഉസ്മാനും ഇൻസ്പെക്ടറും അടങ്ങുന്ന ടീം നേരിട്ട് കാണുന്നത്.

ഡ്രൈവർ മയങ്ങിപ്പോയതിനാൽ കാർ ഇടതു വശത്തുള്ള താഴ്ചയിലേക്ക് മറിയുകയും ഇരുപത് അടി താഴ്ചയിലുള്ള രണ്ട് മരങ്ങളുടെ ഇടയിൽ തങ്ങി വീണ്ടും താഴ്ചയിലേക്ക് മറിയാതെ നിന്നതിനാൽ ആർക്കും ജീവാപായം ഉണ്ടായില്ല.

ഇൻസ്പെക്ടർ അറിയിക്കേണ്ട കേന്ദ്രങ്ങളെ വയർലസ് മുഖേന അറിയിച്ചതിനാൽ പത്ത് മിനിറ്റികം റിക്കവറി വാഹനവും റെസ്ക്യൂ ടീമും എത്തിയപ്പോഴേക്കും ഉസ്മാനും ഇൻസ്പെക്ടറും താഴേയ്ക്ക് ഇറങ്ങി, വടം കൊണ്ട് കെട്ടി വണ്ടിയെ ഭദ്രമാക്കി, കപ്പി ബന്ധിപ്പിച്ച് ആളുകളെ ഓരോരുത്തരെയായി മുകളിൽ എത്തിച്ചു കഴിഞ്ഞിരുന്നു. അവിടെയെത്തിയ ആമ്പുലൻസിൽ കയറ്റി എല്ലാവർക്കും പ്രാഥമിക ശുശ്രൂഷയും ടീം കൊടുത്ത ശേഷം വണ്ടി മുകളിലെത്തിക്കാൻ ശ്രമം തുടങ്ങി.

ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ നാലു ദിവസത്തെ ആശുപത്രി ചികിത്സ കഴിഞ്ഞപ്പോഴേയ്ക്കും റിക്കവർ ചെയ്ത കാറിന്‍റെ റിപ്പയറിംഗും പൂർത്തിയാക്കി അവർക്ക് തിരിച്ച് പോകുവാൻ പറ്റുന്ന വിധത്തിലാക്കി കൊടുക്കാനും പറ്റി. ഈ നാലു ദിവസങ്ങളിലും ഉസ്മാൻ ഡ്യൂട്ടി കഴിഞ്ഞ സമയത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട് വേണ്ടതായ കാര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു.

ശബരിമലയിൽ തീർഥാടകരുടെ സീസൺ ആയതിനാൽ താൽക്കാലിക ജോലിയാണ് ഉസ്മാന് എന്ന് മനസ്സിലാക്കിയ കുടുംബനാഥൻ, യാത്ര പറഞ്ഞ് പിരിയുന്ന നേരം അദ്ദേഹത്തിന്‍റെ വിസിറ്റിംഗ് കാർഡ് നൽകിയിട്ട് സ്വന്തം ശരീരത്തോട് ചേർത്ത് നിറുത്തി പറഞ്ഞു, “ഉങ്കളെ എൻ അയ്യപ്പ സ്വാമി താൻ അന്ത സമയത്തുക്ക് എൻ മുമ്പാകെ എത്തിച്ചത്. സ്വല്പം കൂടി സരിയായി ശൊല്ലിയാൽ ഉങ്കൾ താൻ അയ്യപ്പ സ്വാമി… അതാവത്… തത്വമസി…! തെരിഞ്ചിതാ? ആനാൽ ഇങ്ക പക്കത്തെ ഡ്യൂട്ടികളെല്ലാം മുടിഞ്ചാൽ നെക്സ്റ്റ് ഡേ തന്നെ എന്നുടെ കമ്പനിയിൽ വന്തിട്ട് ഡ്രൈവർ ജോലിക്ക് കയറണം. എന്താ വരില്ലേ?”

ഉസ്മാൻ ഇത് കേട്ടതും ഒന്ന് ഞെട്ടി. പിന്നെ കുനിഞ്ഞ് അദ്ദേഹത്തിന്‍റെ കാൽ തൊട്ടു വണങ്ങിയിട്ട് എഴുന്നേറ്റ് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു. “അങ്ങാണ് സർ എന്‍റെ അയ്യപ്പ സ്വാമി. ഞാൻ അവിടെയെത്തും സർ.”

“മിസ്റ്റർ ഉസ്മാൻ, വാട്ട് അർ യൂ തിങ്കിംഗ്?”

മുതലാളിയുടെ ചോദ്യമാണ് ഉസ്മാനെ കഴിഞ്ഞ കാല ചിന്തകളിൽ നിന്ന് ഉണർത്തിയത്. അദ്ദേഹം ഫയൽ തിരക്കിൽ നിന്നും മോചിതനായിരിക്കുന്നു.

“കഴിത്ത കാല സംഭവങ്ങൾ അറിയാതെ ഓർത്തു പോയതാണ് സർ” ഉസ്മാൻ ഒറ്റവാക്കിൽ ഒതുക്കി.

“ഓക്കെ, ദെൻ ഗോ ആന്‍റ് ജോയിൻ ഡ്യൂട്ടി” എന്ന് പറഞ്ഞ് മുതലാളി അദ്ദേഹത്തിന്‍റെ പേഴ്സണൽ മാനേജരെ വിളിച്ച് ബാക്കി കാര്യങ്ങൾ മാനേജരെ ഏൽപ്പിച്ചു. സ്ഥിര വരുമാനമുള്ള ജോലി കിട്ടി, ജീവിതത്തിന്‍റെ നില തന്നെ മാറിയതിലുള്ള സമാധാനത്തോടെ പുതിയ ജോലിയിൽ ചേരുവാനായി ഉസ്മാൻ ഉമ്മയെ ഓർത്തു കൊണ്ട് മാനേജർക്കൊപ്പം പുറത്തുകടന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें