നമുക്ക് നമ്മുടെ വീട് പങ്കുവയ്ക്കാൻ പറ്റാത്തവിധം എന്ത് നിവൃത്തി കേടാണുള്ളത്. നിന്ന നിൽപ്പിൽ സാധനങ്ങൾ ഓരോന്നായി പങ്കു വയ്ക്കാൻ മാത്രം അവർക്ക് എന്ത് നിവൃത്തികേടാണ്. നോക്കി നിൽക്കേ കെയ്റ്റിന്‍റെയും ജോനാതന്‍റെയും വിവാഹമോചനം കഴിഞ്ഞു.
ഇത് ശോഭയുടെ മകൾ വിഭയുടെ ഒരു ഓസ്ട്രേലിയൻ കുട്ടുകാരിയുടെ കഥയാണ്. വിഭ ഓസ്ട്രേലിയയിലെ മനോഹര നഗരമായ സിഡ്‌നിയിലാണ് താമസിക്കുന്നത്. വിഭയുടെ ആദ്യത്തെ കുഞ്ഞ് ആകാശ് നോയിഡയിലാണ് ജനിച്ചത്. പക്ഷേ രണ്ടാമത്തെ കുഞ്ഞിന്‍റെ വരവ് അമ്മയോട് സൂചിപ്പിച്ച സമയത്ത് അവൾ പറഞ്ഞു. “മമ്മി, ഇത്തവണ കുഞ്ഞ് അവിടെയല്ല ഉണ്ടാവുക. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും വരാൻ തയ്യാറായിക്കോളു.” ഡോക്‌ടർ പറഞ്ഞ ദിവസത്തിന് പതിനഞ്ച് ദിവസം മുമ്പേ മൂന്ന് മാസത്തെ പ്രോഗ്രാം ഉണ്ടാക്കി ശോഭയും ഭർത്താവ് റിട്ടയേർഡ് ബ്രിഗേഡിയർ വിലാസും അവിടെ എത്തിച്ചേർന്നു.
വളരെ മനോഹരമായ നഗരം, നാലു പാടും നീലാകാശം. ചുറ്റും പച്ചപ്പ് മാത്രം. നല്ല വൃത്തി ഭൂമിയിൽ ഇങ്ങനെയും നഗരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റില്ല. വഴിവക്കിലെ വിളക്കുകൾ കത്താതിരിക്കുന്നതോ പൈപ്പിൽ നിന്ന് ഇരുപത്തി നാല് മണിക്കൂറും വെള്ളം വരാതിരിക്കുന്നതോ കാണില്ല, വൈദ്യുതി പോവില്ല, പൈപ്പിൽ വെള്ളം ഇല്ലാതിരിക്കുകയുമില്ല. എന്തെങ്കിലും കാരണം കൊണ്ട് വെള്ളവും വൈദ്യുതിയും മുടക്കിയാൽ കത്തു വരും. ഒരു ദിവസം കത്ത് വന്നിരുന്നു. വെള്ളിയാഴ്ച തൊട്ട് തിങ്കളാഴ്ച വരെ ദിവസം രണ്ട് മണിക്കൂർ നേരത്തേക്ക് വെള്ളം മുടങ്ങും. ആ കത്ത് കിട്ടിയപ്പോൾ മരുമകൻ രോഹനും മകളും ചൂടായി. രോഹൻ ഫോണിലൂടെ അധികാരികളോട് കയർത്തു. 'കാൺട് യു ബീ മോർ സ്പെസിഫിക്?' (ഏതൊക്കെ രണ്ടു മണിക്കൂറാണെന്നു പറഞ്ഞു കൂടേ?)
അവരെ മനസ്സിലാക്കിക്കാനുള്ള ഉദ്ദേശത്തോടെ ശോഭ പറഞ്ഞു. “നമ്മുടെ നാട്ടിൽ എപ്പോഴും ഇങ്ങനെയല്ലേ? എപ്പോൾ വെള്ളം നിൽക്കും. ലൈറ്റ് എപ്പോൾ പോകും. എപ്പോൾ വരും ഒന്നും പറയാൻ പറ്റില്ല. എന്തിനാ ഇത്ര വിഷമിക്കുന്നത്. രണ്ട് മണിക്കൂറിന്‍റെ കാര്യമല്ലേയുള്ളു. കുറച്ച് വെള്ളം പിടിച്ചു വയ്ക്കാം."
“നിങ്ങൾക്കൊക്കെ എല്ലാം സഹിക്കുന്ന ശീലമായി. ഇവിടെ ഇത് നടക്കില്ല. അവർ രണ്ടു പേരും പിറുപിറുത്തുകൊണ്ടിരുന്നു. ദേഷ്യപ്പെട്ടുകൊണ്ടിരുന്നു.
“സഹിക്കുന്ന ശീലമുണ്ട്. അതു കൊണ്ട്. ഇന്നു വരെ... ശോഭ ആലോചനയിൽ മുഴുകി. സഹിക്കുന്ന ശീലവും സഹിക്കാൻ കഴിയായ്‌കയുമാണ്. ഒരു പക്ഷേ ഈ രണ്ട് രാജ്യങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്‌ഥയിലുള്ള ഏറ്റവും വലിയ വ്യത്യാസം. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ എത്രയോ ഭാര്യാഭർത്താക്കന്മാരുണ്ട്. ജീവിതം മുഴുവൻ സഹിച്ച് സഹിച്ച് കഴിയുന്നവരായിട്ട്.“
എന്തിനാണ് അധികം ദൂരെ പോകു ന്നത്. ശോഭ തന്നെ തന്‍റെ വിവാഹജീവിതത്തിൽ അത്രയധികം സന്തോഷിച്ചിട്ടുണ്ടോ? ഒരു മാസം പഴക്കമുള്ള വിവാഹ ജീവിതത്തിൽ ജീർണ്ണതയുടെ ദുർഗന്ധം വ്യാപിച്ചിരുന്നു. അവൾ എപ്പോഴെങ്കിലും വീട് വിട്ടുപോയോ? പോയിരുന്നു. ഒരു പ്രാവശ്യം.