സ്വന്തം

അനുഷയ്ക്ക് വീട് ഇഷ്ടമായി. രണ്ട് വലിയ വിശാലമായ മുറികൾ, ഡ്രോയിംഗ് റൂം, ഓപ്പൺ കിച്ചൺ, പിന്നെ ബാൽക്കണി. അവൾക്ക് ഊഞ്ഞാലിടാനും നിറയെ പൂച്ചട്ടികൾ വയ്ക്കുവാനും സ്ഥലമുണ്ട്.

പുതിയ ബിൽഡിംഗിലെ എട്ടാം നിലയിലെ ഫ്ളാറ്റ് അനുഷ സങ്കല്പ്പിച്ച പോലെ തന്നെയായിരുന്നു. വില മാത്രം കരുതിയതിനേക്കാൾ അല്പം കൂടി അനുഷ മനസ്സു കൊണ്ട് കണക്കുകൂട്ടി. തനിക്കു വേണ്ടി ഇത്രയ്ക്കൊക്കെ ചെയ്യാൻ കഴിയുമായിരുന്നു. തന്‍റെ ബജറ്റിനേക്കാൾ 4 ലക്ഷം രൂപ കൂടിയാലെന്ത്, എല്ലാ മാസവും കൊടുത്തുകൊണ്ടിരുന്ന വാടക ഒഴിവാക്കാമല്ലോ.

ബാൽക്കണിയിൽ നിന്നാൽ മനോഹരമായ കാഴ്ചകൾ കാണാം. റോഡിന്‍റെ മറുവശം പാർക്ക്, പാർക്കിൽ കളിക്കുന്ന കുട്ടികൾ, ഉലാത്തുന്ന പ്രായം ചെന്നവർ. അടുത്തെങ്ങും ഉയരമുള്ള കെട്ടിടങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനുഷയ്ക്ക് സന്തോഷമായി. ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് എത്തി നോക്കിയപ്പോൾ 7-8 വയസ്സുള്ള ഒരു പെൺകുട്ടി കളിക്കുന്നത് അവൾ കണ്ടു. താഴത്തെ വീടിന്‍റെ ബാൽക്കണി വൃത്തിയില്ലാത്തതായിരുന്നു. നിറയെ പൊടി പിടിച്ചിരുന്നു. അനുഷ മുഖം തിരിച്ച് പുറത്ത് വന്നു.

ബാങ്ക് ലോണിന്‍റെ കാര്യങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. അവൾ ബാങ്കിലെ ഉയർന്ന പദവിയിലായതു കൊണ്ട് ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ബിൽഡിംഗ് സൊസൈറ്റിയിലെ ചില പ്രധാന കടലാസുകൾ ഒപ്പിട്ടു കഴിഞ്ഞപ്പോൾ അവൾക്ക് തോന്നി ബിൽഡിംഗ് ഒന്നു ചുറ്റിക്കണ്ടുവരാമെന്ന്. അവൾ ഇനി ഇവിടെ ഒറ്റയ്ക്ക് താമസിക്കേണ്ടതാണ്. ബിൽഡിംഗിൽ എങ്ങനെയുള്ള ആൾക്കാരാണ് താമസിക്കുന്നതെന്ന് ഒന്ന് കാണട്ടെ.

നല്ല വൃത്തിയുള്ള ബിൽഡിംഗാണ്. കുട്ടികൾക്ക് കളിക്കാൻ ധാരാളം സ്ഥലമുണ്ട്. വണ്ടികൾ പാർക്ക് ചെയ്യാൻ പ്രത്യേകം സൗകര്യമുണ്ടായിരുന്നു. ഒരു വശത്ത് സ്വിമ്മിംഗ് പൂളും മറുവശത്ത് ജിമ്മും ഉണ്ട്. മരക്കൂട്ടങ്ങൾക്കിടയിൽ ഇരിക്കുന്നതിനായി സിമന്‍റ് ബഞ്ചുകൾ ഉണ്ടാക്കിയിട്ടിരുന്നു. ഒരു ബഞ്ചിലിരുന്ന് അവൾ മായയിലെന്ന പോലെ ആലോചിച്ചു. അവസാനം തനിക്ക് സ്വന്തമായി വീടുണ്ടാകാൻ പോകുന്നു.

പെട്ടെന്ന് അനുഷയ്ക്ക് തന്നെ ആരോ വിളിച്ച പോലെ തോന്നി അവൾ തിരിഞ്ഞു നോക്കി. അരികെ പല്ലവ് നിൽക്കുന്നു. അനുഷയുടെ ഫ്ളാറ്റിന്‍റെ താഴത്തെ ബാൽക്കണിയിൽ കളിച്ചു കൊണ്ടിരുന്ന ആ പെൺകുട്ടി അയാളുടെ കൈ പിടിച്ച് നിന്നിരുന്നു.

അനുഷ എഴുന്നേറ്റ് നിന്നു, “പല്ലവ്, നിങ്ങൾ ഇവിടെ?”

“ഞാൻ ഇവിടെയാണ് താമസിക്കുന്നത്. നിങ്ങളോ? ആരെയെങ്കിലും കാണാൻ വന്നതാണോ?”

അനുഷ ഒന്ന് നിർത്തിയിട്ട് പറഞ്ഞു. “ഞാനും ഇവിടെ താമസിക്കാൻ വരികയാണ്. എട്ടാമത്തെ നിലയിൽ ഇന്ന് ഞാൻ ഒരു ഫ്ളാറ്റ് ബുക്ക് ചെയ്തതേയുള്ളൂ.”

“ഗ്രേറ്റ്,” പല്ലവ് പറഞ്ഞു. “വെൽകം ടു ഔവർ ബിൽഡിംഗ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം. ഞാൻ ഏഴാം നിലയിലാണ് താമസിക്കുന്നത്. വരൂ, വീട്ടിൽ വന്ന് ഒരു കപ്പ് ചായ കുടിക്കാം. എന്‍റെ ഭാര്യയേയും പരിചയപ്പെടാം.”

ആദ്യം അനുഷ ഒന്ന് സംശയിച്ചു. പിന്നെ കരുതി, എന്തായാലും ഇവിടെ താമസിക്കാനുള്ളതാണ്. കുറച്ചുപേരെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.

പല്ലവ് അവളോടൊപ്പം ബാങ്കിൽ ജോലി ചെയ്യുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അയാൾക്ക് ഈ ബ്രാഞ്ചിലേയ്ക്ക് ട്രാൻസ്ഫർ ആയത്. അവർ ഇടയ്ക്കൊക്കെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ബാങ്കിലെ ജോലിത്തിരക്ക് കാരണം സൗഹൃദത്തിനൊന്നും സമയമുണ്ടായിരുന്നില്ല. അല്ലെങ്കിലും അനുഷ ഓഫീസിലെ ആൾക്കാരുമായി അല്പം അകലം പാലിച്ചിരുന്നു. ഇതിനു മുമ്പ് ഉണ്ടായിരുന്ന ബ്രാഞ്ചിലെ സഹപ്രവർത്തകർ അവൾ അവിവാഹിതയാണെന്നും നഗരത്തിൽ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും അറിഞ്ഞപ്പോൾ ഒന്നും പറയാതെ തന്നെ അവളുടെ വീട്ടിൽ എത്താൻ തുടങ്ങി. അനുഷയ്ക്ക് അത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതം അവൾ സ്വയം തെരഞ്ഞെടുത്തതാണ്. വർഷങ്ങൾക്കു മുമ്പ് അവൾക്കുണ്ടായ ദുരന്തത്തിന്‍റെ മുറിവ് ഇപ്പോഴും ഉള്ളിലെവിടെയോ ഉണ്ട്. ഇനിയവൾക്ക് ഒരു പുരുഷനെ അത്ര എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

പഴയ ഓർമ്മകളെ തട്ടിക്കളഞ്ഞ് അനുഷ പല്ലവിന്‍റെ ഒപ്പം അയാളുടെ വീട്ടിലേയ്ക്ക് നടന്നു. വഴിയിൽ വച്ചു തന്നെ അവൾ പല്ലവിന്‍റെ മകളുമായി ചങ്ങാത്തത്തിലായി. അനന്യ കൗതുകമുള്ള കുട്ടിയായിരുന്നു. മിടുക്കി. പല്ലവ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അനുഷയുടെ കോളേജിലെ കൂട്ടുകാരി സമീറയാണ്.

സമീറ പുറത്തെവിടെയോ പോകാനെന്നവണ്ണം നല്ലപോലെ അണിഞ്ഞൊരുങ്ങിയിരുന്നു. അനുഷയെ കണ്ടപ്പോൾ അവൾ ഉറക്കെ ബഹളം വച്ച് അവളെ കെട്ടിപ്പിടിച്ചു. രണ്ട് പഴയ കൂട്ടുകാരികളുടെ കണ്ടുമുട്ടൽ കണ്ട് പല്ലവ് കുഴങ്ങിപ്പോയി. “നിങ്ങൾക്ക് പരസ്പരം ഇത്രയ്ക്കും അറിയാമെന്ന് ഞാൻ കരുതിയതേയില്ല.” അയാൾ പറഞ്ഞു.

അനുഷ പതുക്കെ പറഞ്ഞു, “സമീറയും ഞാനും കോളേജിൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. ഇവൾ പിന്നെ വിവാഹം കഴിച്ചു. പിന്നെ…”

സമീറ ഇടയ്ക്കു വച്ച് തടഞ്ഞു. “നീ കഴിച്ചതുമില്ല… സത്യം പറഞ്ഞാൽ എന്നേക്കാൾ മുമ്പേ നീ താലിച്ചരടിൽ കുടുങ്ങേണ്ടതായിരുന്നു. ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ…”

അനുഷയുടെ മുഖം ചുവന്നു. അവൾ പെട്ടെന്ന് വിഷയം മാറ്റി.. “അതെല്ലാം വിട്… അതൊക്കെ പഴയ കാര്യങ്ങളായി.”

പല്ലവ് ഞെട്ടി. “അനുഷാ, നിങ്ങൾ അൺ മാരീഡ് ആണോ? എനിക്ക് അറിയില്ലായിരുന്നു. ഞാൻ കരുതിയത്… അല്ലെങ്കിലും വലിയ നഗരങ്ങളിൽ എന്ത് അറിയാനാണ്. വർക്കിംഗ് വിമൻ എല്ലാവരും ഒരേപോലെയിരിക്കും. പക്ഷേ നിങ്ങൾ ഇവിടെ താമസിക്കാൻ വന്നത് നന്നായി. ഞങ്ങൾ രണ്ടുപേർക്കും നിങ്ങളുടെ കമ്പനി കിട്ടും.”

അനുഷ തലയാട്ടി. സമീറ ചായയും പലഹാരങ്ങളും കൊണ്ടു വന്നു. വർത്തമാനം തുടർന്നു. അനുഷ തന്‍റെ സമ്പാദ്യം കൊണ്ടാണ് ഫ്ളാറ്റ് വാങ്ങുന്നതെന്നു കേട്ടപ്പോൾ സമീറയ്ക്ക് അദ്ഭുതമായി.

“നിനക്കറിയാമല്ലോ സമീറാ, എന്‍റെ വിവാഹം മുടങ്ങി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് ഹൃദയാഘാതം വന്ന് ഞങ്ങളെ വിട്ടുപോയി. 2-3 വർഷങ്ങൾ കഴിഞ്ഞപ്പോൾ ചേട്ടൻ കുടുംബസമേതം അമേരിക്കയിലേക്ക് പോയി. അപ്പോഴേയ്ക്കും എനിക്ക് ബാങ്കിൽ ജോലി കിട്ടിയിരുന്നു. ചേട്ടന് ഞാൻ കൂടെ ചെല്ലണം എന്നുണ്ടായിരുന്നു. പക്ഷേ ഞാൻ തടഞ്ഞു. അപ്പോൾ മുതൽ ഒറ്റയ്ക്ക് കഴിയുകയാണ്.” അനുഷ ഒരു ദീർഘനിശ്വാസത്തോടെ തന്‍റെ ജീവിതകഥ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.

സമീറ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ എന്തോ ആലോചിച്ചിട്ട് പറഞ്ഞു, “അനുഷാ, നിനക്കറിയാമോ, സ്ത്രീധനത്തെച്ചൊല്ലി നീ വിവാഹം വേണ്ടെന്നു വച്ചപ്പോൾ എനിക്ക് തോന്നിയത് നീ തെറ്റാണ് ചെയ്യുന്നത് എന്നാണ്.”

അനുഷ ഞെട്ടിത്തെറിച്ച് അവളെ നോക്കി.

“അതെ അനുഷാ. നോക്ക്, എന്‍റെ അച്ഛനും എന്‍റെ വിവാഹത്തിന് സ്ത്രീധനം കൊടുത്തു. ഇന്ന് പല്ലവ് ചുറ്റിക്കറങ്ങുന്ന വണ്ടി എന്‍റെ അച്ഛൻ കൊടുത്തതാണ്. ഈ വീട്ടിലെ എല്ലാ സാധനങ്ങളും അദ്ദേഹം തന്നതാണ്. നോക്ക്, അതുകൊണ്ടു തന്നെ ഞാൻ ഇവിടെ അന്തസ്സായി ജീവിക്കുന്നു. എന്‍റെ വീട്ടുകാർക്ക് നല്ല സ്ഥാനമുണ്ട് ഇവിടെ, എനിക്കെതിരെ എന്തെങ്കിലും പറയാൻ പോലും പല്ലവിന് ധൈര്യമുണ്ടാവില്ല.”

അനുഷ തന്‍റെ കൂട്ടുകാരിയുടെ മുഖം നോക്കിക്കൊണ്ടിരുന്നു. സമീറ ആദ്യം മുതലേ ഇങ്ങനെ തന്നെയായിരുന്നു. സ്വാർത്ഥമതി. പക്ഷേ ഇന്ന് അവൾ സ്ത്രീധനത്തിനെ അനുകൂലിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ തന്‍റേയും സമീറയുടെയും ചിന്തകൾ തമ്മിൽ വലിയ അകലം ഉണ്ടെന്ന് അനുഷയ്ക്ക് തോന്നി.

അനുഷ എഴുന്നേറ്റ് നിന്നു, “എന്നെ വിടൂ സമീറാ, കുറെ പണി ബാക്കിയുണ്ട്.”

അവളെ യാത്രയാക്കാൻ താഴെ വന്ന സമീറ അനുഷയുടെ വലിയ വണ്ടി കണ്ട് ഞെട്ടിപ്പോയി, “ഇത് നിന്‍റെ വണ്ടിയാണോ? നീയാണോ ഓടിക്കുന്നത്?”

അനുഷ പാതി ചിരിച്ച് നിർത്തി. അവൾ ഇത്രമാത്രം പറഞ്ഞു. “എനിക്കാരും സ്ത്രീധനമായി വണ്ടി തന്നിട്ടില്ല.”

സമീറ ഉത്തരം മുട്ടി നിന്നുപോയി.

അനുഷ വണ്ടിയോടിച്ച് പുറത്തേക്കു പോയി. എന്താണെന്നറിയില്ല, വർഷങ്ങൾ കഴിഞ്ഞ് സമീറയെ കണ്ടിട്ടും അവൾക്ക് സന്തോഷമായില്ല. തന്‍റേയും ജയരാജിന്‍റെയും ബന്ധത്തിന്‍റെ സാക്ഷി അവളായിരുന്നല്ലോ.

അനുഷയുടെ അമ്മായിയാണ് ജയരാജിന്‍റെ ബന്ധം കൊണ്ടുവന്നത്. അമ്മ മരിച്ചതിനു ശേഷം അമ്മായി അനുഷയുടെ കുടുംബകാര്യങ്ങൾ നല്ലപോലെ ശ്രദ്ധിച്ചിരുന്നു. ചേട്ടന്‍റെ വിവാഹം കഴിഞ്ഞപ്പോൾ അവർ അനുഷയുടെ വിവാഹത്തിന് നിർബന്ധം പിടിച്ചു. ജയരാജും അനുഷയും പരസ്പരം കണ്ടു. അനുഷയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ ജയരാജിനെ ഇഷ്ടമായി. അവർ പരസ്പരം കാണുന്നത് ആരും തടഞ്ഞിരുന്നില്ല. നിശ്ചയം കഴിഞ്ഞിരുന്നു. ഇനി വിവാഹച്ചടങ്ങേ ബാക്കിയുള്ളു.

ജയരാജിന്‍റെ അടുത്ത് അനുഷ തന്നെത്തന്നെ തുറന്നുവിട്ടിരുന്നു. അയാളോടൊപ്പം ജീവിതം തുടങ്ങുന്നത് സ്വപ്നം കണ്ട് ഇരുപത്തിനാലു മണിക്കൂറും അവൾ ഒരു ഉന്മാദത്തിലെന്ന പോലെയാണ് കഴിഞ്ഞിരുന്നത്. ചിലപ്പോൾ അവർ സിനിമ കാണാൻ പോകും, മറ്റു ചിലപ്പോൾ ലോംഗ് ഡ്രൈവിനും. ജയരാജ് അവളുടെ നഗരത്തിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു തന്നെ അവളുടെ വീട്ടിൽ എത്തും. അവിടെത്തന്നെ ഭക്ഷണം കഴിക്കും. അവൾ എപ്പോൾ ജയരാജുമായി ഇത്ര അടുത്തു എന്ന് അറിയില്ലായിരുന്നു. ജയരാജിന് അവൾ സമീറയെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പിന്നെ പലവട്ടം സമീറയും അവരോടൊപ്പം സിനിമ കാണാൻ പോകുമായിരുന്നു.

ജയരാജിന്‍റേയും അനുഷയുടെയും വിവാഹത്തീയതി ഉറപ്പിക്കുന്ന ദിവസം അനുഷ നിലത്തൊന്നുമായിരുന്നില്ല. അമ്മായി അവളെ പിങ്ക് നിറത്തിലുള്ള പുതിയ സാരി ഉടുപ്പിച്ച വധുവിനെപ്പോലെ ഒരുക്കി. കാതിൽ മാച്ച് ചെയ്യുന്ന കമ്മൽ, കൈയിൽ പച്ച കുപ്പിവളകൾ, കാലിൽ കിലുങ്ങുന്ന വെള്ളിക്കൊലുസ്. ഒരുങ്ങിക്കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോൾ അവൾ നാണിച്ചു പോയി. അവൾ ഇതിനു മുമ്പ് ഒരിക്കലും ഇത്രയധികം ഒരുങ്ങിയിരുന്നില്ല.

വൈകുന്നേരം ജയരാജിന്‍റെ അച്ഛനമ്മമാരും വീട്ടിലെ മറ്റുള്ളവരും വന്നു. വർത്തമാനത്തിനിടയിൽ തന്‍റെ അച്ഛന്‍റെ ഉച്ചത്തിലുള്ള വർത്തമാനം കേട്ട് അനുഷ പരിഭ്രമിച്ച് മുറിയിലേക്ക് ചെന്നു. ജയരാജിന്‍റെ ചെറിയച്ഛൻ അനുഷയുടെ അച്ഛന്‍റെ കൈയിൽ സ്ത്രീധനത്തിന്‍റെ നീണ്ട ഒരു ലിസ്റ്റ് പിടിപ്പിച്ചിരുന്നു. അച്ഛൻ ഉയർന്ന സ്വരത്തിൽ പറഞ്ഞു, “നിങ്ങൾക്ക് മുമ്പേ അറിയാമല്ലോ ഞാൻ സ്ത്രീധന വിരോധിയാണെന്ന്. എനിക്ക് ഒറ്റ മകളേയുള്ളൂ. ഞാൻ അവളുടെ വിവാഹം ആഘോഷപൂർവ്വം നടത്തും. പക്ഷേ സ്ത്രീധനം കൊടുത്ത് ഞാൻ അവളേയോ എന്നേയോ അപമാനിക്കില്ല.”

ജയരാജിന്‍റെ ചെറിയച്ഛൻ അദ്ദേഹത്തിന്‍റെ വാക്കുകളെ തടഞ്ഞു. “നിങ്ങൾ എന്ത് പുതിയ കാര്യമാണ് പറയുന്നത്. പെൺകുട്ടികളുടെ വിവാഹത്തിന് കൊടുക്കാതെ പറ്റില്ലല്ലോ. അത് സ്ത്രീധനത്തിന്‍റെ പേരിലായാലും മറ്റെന്തെങ്കിലും പേരിലായാലും.”

ഉടനെ ജയരാജിന്‍റെ അമ്മയും ഒപ്പം കൂടി, “എനിക്ക് ഒറ്റ മകനേയുള്ളൂ. എനിക്കും ചില ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ട്. ഞാൻ വളർത്തിക്കൊണ്ടു വന്ന മോനെ എങ്ങനെ ഞാൻ വെറുതെ മറ്റുള്ളവർക്ക് കൊടുക്കും.”

അനുഷ കർട്ടനു പിന്നിൽ നിന്ന് എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. ജയരാജ് എവിടെ? അയാൾ എന്താണ് ഒന്നും പറയാത്തത്? അയാളും ഇതാണോ ആഗ്രഹിക്കുന്നത്? അനുഷ തിരിഞ്ഞ് മുറിയിലേക്ക് പോയി. അവൾ തന്‍റെ മുറിയിൽ നിന്ന് ജയരാജിന്‍റെ മൊബൈലിലേയ്ക്ക് വിളിച്ചു. ജയരാജ് ഫോൺ എടുത്തു. അയാൾ അല്പം ദേഷ്യത്തിലാണെന്ന് തോന്നി. അനുഷ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു, “ജയ്, നിങ്ങളുടെ വീട്ടുകാർ എന്‍റെ വീട്ടിൽ വിവാഹത്തീയതി നിശ്ചയിക്കാൻ വന്നിട്ടുണ്ട്. അവർ സ്ത്രീധനം ചോദിക്കുകയാണ്. നിങ്ങൾക്ക് ഇക്കാര്യം അറിവുണ്ടോ?”

ജയരാജിന്‍റെ മറുപടി തണുപ്പനായിരുന്നു. “നീ ഇതിലൊന്നും ഇടപെടണ്ട അനുഷാ, ഇത് മുതിർന്നവർ തമ്മിലുള്ള കാര്യമാണ്. അവർ തീരുമാനിക്കട്ടെ. എന്‍റെ വീട്ടുകാർ എന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ അതിലെന്താണ് തെറ്റ്? വിവാഹസമയത്ത് ആവശ്യങ്ങൾ എല്ലാം നടക്കണ്ടേ?”

അനുഷയുടെ കൈയിൽ നിന്ന് റിസീവർ താഴെ വീണു. അപ്പോൾ ഇതാണ് ജയരാജ്. താൻ ജീവിതപങ്കാളി ആക്കാൻ ആഗ്രഹിച്ച ആൾ, ഭാരിച്ച ചുവടുകളോടെ അവൾ മുറിയിലേക്ക് ചെന്നു. മുറിയിൽ ഇപ്പോഴും തർക്കം തുടരുകയായിരുന്നു. ഇപ്പോൾ ജയരാജിന്‍റെ അകന്ന ബന്ധുക്കൾ പോലും സ്ത്രീധനത്തെ അനുകൂലിച്ച് ഉറക്കെ സംസാരിക്കാൻ തുടങ്ങിയിരുന്നു.

അനുഷയുടെ അച്ഛൻ തളർന്ന മട്ടിൽ അടുത്തുള്ള ചുമർ നോക്കി ഇരിക്കുകയായിരുന്നു. അനുഷ ചെന്ന് അചഛന്‍റെ ചുമലിൽ കൈ വച്ചു. എന്നിട്ട് നിശ്ചയദാർഢ്യത്തോടെ പറഞ്ഞു, “അച്ഛാ, അച്ഛൻ വിശ്വാസങ്ങൾക്കും തത്വങ്ങൾക്കും എതിരായി പ്രവർത്തിക്കേണ്ട കാര്യമില്ല. പെൺകുട്ടികൾക്ക് വില പേശുന്ന ഇത്തരം വീട്ടിൽ പോകാൻ എനിക്കു തന്നെ താല്പര്യമില്ല. ഈ ബന്ധം ഇവിടെ അവസാനിപ്പിക്കൂ അച്ഛാ…. പ്ലീസ്,” പറഞ്ഞു പറഞ്ഞ് അനുഷ കരയാൻ തുടങ്ങി.

അച്ഛൻ അവളുടെ തലയിൽ കൈ വച്ച് ജയരാജിന്‍റെ അച്ഛനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, “താങ്കൾ മകന് മറ്റൊരു ബന്ധം നോക്കിക്കോളു എന്‍റെ മകൾ താങ്കളുടെ വീട്ടിലേയ്ക്ക് വരില്ല.”

ജയരാജിന്‍റെ കഥ അവിടെ തീർന്നു. ജയരാജിന്‍റെ പെരുമാറ്റം അനുഷയെ കുറേ നാളത്തേയ്ക്ക് അലട്ടി. അയാളോട് അവൾ എത്ര അടുത്തിരുന്നു. ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയതല്ല. അനുഷ അച്ഛന്‍റെ മുമ്പിൽ ഒരിക്കലും തന്‍റെ ദുഃഖം കാണിച്ചില്ല. പക്ഷേ അവൾക്കറിയാമായിരുന്നു, അച്ഛൻ ഉള്ളിന്‍റെയുള്ളിൽ വളരെ വിഷമിക്കുന്നുണ്ടെന്ന്. അനുഷ പഴയപോലെ ജോലിക്ക് പോകാൻ തുടങ്ങി. അച്ഛനെ അമ്മായി പരിഹസിക്കാൻ മറന്നില്ല. മകളുടെ വിവാഹത്തിന് വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഇത്ര നല്ല പയ്യനെ കൈവിട്ടു കളഞ്ഞു എന്നൊക്കെ.

അനുഷ അമ്മായിയുടെ വാക്കുകൾ കേട്ടു. അവൾ തിരിഞ്ഞു നിന്നു പറഞ്ഞു, “അമ്മായി, എനിക്ക് വിവാഹം നടക്കാത്തതിൽ ഒട്ടും വിഷമമില്ല. ഞങ്ങളെപ്പോലെ വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ സ്ത്രീധനത്തിന് എതിരായില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഈ കാൻസർ എങ്ങനെ ഇല്ലാതാക്കാൻ പറ്റും?”

അമ്മായി എന്തൊക്കെയോ പിറുപിറുത്തിട്ട് മിണ്ടാതിരുന്നു. അവർക്ക് ഇതൊന്നും മനസ്സിലാവില്ല എന്ന് അനുഷയ്ക്ക് അറിയാമായിരുന്നു. ജീവിതം കടന്നുപോയി. ആ സംഭവം ഒരിക്കലും മറക്കാൻ അനുഷയ്ക്കായില്ല. അവളുടെ ജീവിതത്തിൽ മറ്റൊരു പുരുഷനും വന്നില്ല എന്നല്ല. പക്ഷേ അവൾക്ക് ആരേയും വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഇന്ന് സമീറ അവളുടെ പഴയ മുറിവുകൾ ചുരണ്ടിയെടുത്തു. സമീറയെപ്പോലെയുള്ള സ്ത്രീകൾ എങ്ങനെ സന്താഷമായിരിക്കുന്നു എന്ന് അനുഷ കുറേനേരം ആലോപിച്ചിരുന്നു. പക്ഷേ അവൾക്ക് ഉത്തരം കിട്ടിയില്ല.

ഏതാണ്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അനുഷ തന്‍റെ പുതിയ വീട്ടിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ഒരാഴ്ച്ച മുഴുവൻ അവധിയെടുത്ത് അവൾ തന്‍റെ വീട് ഒരുക്കി. അവളെ സഹായിക്കാനും ഇടയ്ക്ക് പരദൂഷണം പറയാനും സമീറ വരുമായിരുന്നു. ചിലപ്പോൾ സമീറ അവളെ തന്‍റെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കാൻ പിടിച്ചു നിർത്തും പല്ലവും ഇപ്പോൾ അവളോട് തുറന്ന് പെരുമാറാൻ തുടങ്ങിയിരുന്നു. സമീറ ഭക്ഷണം ഉണ്ടാക്കുന്ന സമയം മുഴുവൻ പല്ലവും അനന്യയും അവളെ ചുറ്റിപ്പറ്റി നിൽക്കും.

അനുഷയുടെ വീട് പൂർണ്ണമായും തയ്യാറായി ഇനി ഹൗസ് വാമിംഗ് പാർട്ടിയാണ് ബാക്കിയുള്ളത്. അവൾ ഓഫീസിൽ നിന്ന് കുറച്ചുപേരെ വിളിച്ചിരുന്നു. പാർട്ടി എങ്ങനെ നടത്തണമെന്ന് പല്ലവും വളരെ ഉത്സാഹത്തോടെ അവളെ ഉപദേശിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അയാൾ ഒരു കാര്യം പറഞ്ഞു. “അനുഷാ, നിങ്ങളുടെ വീട്ടിലെ പാർട്ടിയാവുമ്പോൾ വൈനൊക്കെ വേണം.”

അനുഷ പുഞ്ചിരിച്ചു. അതിന്‍റെ കാര്യങ്ങളൊക്കെ നിങ്ങൾ തന്നെ നോക്കണം എന്ന് അവൾ പറയാൻ വരികയായിരുന്നു. പെട്ടെന്ന് സമീറ പൊട്ടിത്തെറിച്ചു, “പല്ലവ്, പാർട്ടിയിൽ മദ്യത്തിന്‍റെ കാര്യം പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? നിങ്ങൾ കുടിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എന്നിട്ട് വീണ്ടും തുടങ്ങി.”

പല്ലവ് അമ്പരന്നു പോയി. അയാൾ തപ്പിത്തടഞ്ഞ് പറഞ്ഞു. “സമീറാ, കുറച്ച് വൈൻ കൊണ്ട് എന്തുണ്ടാവാനാണ്? നമ്മൾ വീട്ടിൽ മദ്യം സൂക്ഷിക്കാറില്ലല്ലോ.”

“നോ….” സമീറയുടെ ശബ്ദം ഉച്ചത്തിലായി.

അനുഷ എങ്ങനെയോ അവരെ രണ്ടുപേരേയും തടഞ്ഞു. പല്ലവ് അവിടെ നിന്ന് എഴുന്നേറ്റ് പോയി. ഭാര്യ ഇങ്ങനെ തടഞ്ഞൽ അയാൾക്ക് ഇഷ്ടമായില്ല എന്നത് വ്യക്തമായിരുന്നു

പാർട്ടിയിൽ അനുഷയുടെ ബോസ് രഘു തന്‍റെ ഭാര്യ ലക്ഷ്മിയോടൊപ്പമാണ് വന്നത്. അനുഷയുടെ വീട് കണ്ട് അയാളുടെ വായിൽ നിന്ന് വീണുപോയി. “കൊള്ളാം അനു ഐ ആം ഇപ്രസ്ഡ്, ഇന്നുവരെ ഞാൻ ഓഫീസിലെ നിങ്ങളുടെ ജോലിയെ കണ്ടിട്ടുള്ളൂ. ഇപ്പോൾ മനസ്സിലായി നിങ്ങൾ ഓഫീസിൽ എന്ന എഫിഷ്യന്റ്റ് ആണോ അതേപോലെ വീടിന്‍റെ മാനേജ്മെൻറും നന്നായി ചെയ്യുന്നു എന്ന് .”

അനുഷ പുഞ്ചിരിച്ച് “താങ്ക് യൂ സർ” എന്നു മാത്രം പറഞ്ഞു. ലക്ഷ്മി ചുറ്റി നടന്ന് വീടിന്‍റെ ഓരോ മൂലയും നോക്കി. ബാൽക്കണിയിൽ നിരനിരയായി വച്ചിട്ടുള്ള പൂച്ചട്ടികളിൽ വിരിഞ്ഞു നിൽക്കുന്ന ബഹുവർണ്ണ പുഷ്പങ്ങൾ, മുള കൂട്ടിക്കെട്ടിയുണ്ടാക്കിയ മണ്ഡപം. അതിൽ അനുഷ വച്ചിട്ടുള്ള ചൂരലിന്‍റെ ഊഞ്ഞാൽ, അടുത്ത് തൂക്കിയിട്ടിരിക്കുന്ന ക്രോട്ടണിന്‍റെയും പൂക്കളുടേയും ബാസ്കറ്റുകൾ. ആ സമയത്ത് അനുഷ എല്ലാവർക്കും സർബ്ബത്ത് കൊടുക്കുകയായിരുന്നു. ലക്ഷ്മി സർബ്ബത്തിനെ ഗ്ലാസ് കൈയിലെടുത്ത് അല്പം ഉച്ചത്തിൽ പറഞ്ഞു, “നമ്മളെല്ലാം അനുഷയെക്കുറിച്ച് അഭിമാനിക്കണം. ഈ വീട്ടിലെ എല്ലാ സാധനങ്ങളും അവർ ഒരുക്കിയതാണ്. തന്‍റെ പൈസയുടെ ബലത്തിൽ അവർ ഇത്ര നല്ല വീടുണ്ടാക്കി. ഞാൻ എന്‍റെ മകൾ സൗമ്യയോടും പറയും അവൾ അനുഷയെപ്പോലെ സെൽഫ് സഫിഷ്യന്‍റ് ആകണമെന്ന്.”

ഇതുകേട്ട് എല്ലാ അതിഥികളും കൈയടിക്കാൻ തുടങ്ങി. അനുഷ നാണിച്ചുപോയി പെട്ടെന്ന് അവളുടെ കാതിൽ സമീറയുടെ വാക്കുകൾ വന്നുവീണു. “ലക്ഷ്മി മാഡം, ഇതിലെന്താണ് ഇത വലിയ കാര്യം? അനുഷയുടെ പോലെ എന്‍റെ വീട്ടിലും എല്ലാ സാധനങ്ങളും എന്‍റെയാണ്. പക്ഷേ എന്‍റെ ഭർത്താവ് വാങ്ങിയതല്ല. അതെല്ലാം എന്‍റെ അച്ഛൻ തന്നതാണ്.”

സമീറ പറഞ്ഞതു കേട്ട് കുറച്ചുപേർ ചിരിച്ചു. അനുഷ അവളുടെ മുഖം നോക്കി നിന്നുപോയി. അപ്പോൾ സമീറയ്ക്ക് അവളുടെ നേട്ടങ്ങളിൽ അസൂയയുണ്ടോ? അവൾ ചിന്തിക്കും മുമ്പ് പല്ലവ് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുന്നതു കണ്ടു. അയാളുടെ മുഖം ചുട്ടു പഴുത്തിരുന്നു.

ഇതിനു ശേഷം മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. സമീറയുടെ വാക്കുകളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആർക്കും അറിയില്ലായിരുന്നു. ലക്ഷ്മി മാത്രം തന്‍റെ അടുത്തു നിന്ന കുറച്ചു പേരോട് പറഞ്ഞു, “അച്ഛനമ്മമാരുടെ പണം കൊണ്ട് സ്വന്തം വീടൊരുക്കാൻ എളുപ്പമാണ്. പക്ഷേ ഞാൻ അതിന് എതിരാണ്. അച്ഛനമ്മമാർക്കും അവരുടെ വയസ്സുകാലത്ത് പണം വേണം. ആ സമയത്ത് അവർക്ക് ആര് കൊടുക്കും? ഇന്നത്തെ തലമുറ അവരെ നോക്കിയതു തന്നെ.”

അനുഷ പലതും ഉണ്ടാക്കിയിരുന്നു. കുറച്ചു സാധനങ്ങൾ പുറത്തു നിന്നും വാങ്ങിയിരുന്നു. അവളുടെ ഓഫീസിലെ കൂട്ടുകാരി മൈത്രി കേക്ക് കൊണ്ടുവന്നിരുന്നു. കേക്ക് മുറിച്ച ശേഷം എല്ലാവരും ആഹാരം കഴിച്ചു. പാർട്ടി രാത്രി 11 മണി വരെ നീണ്ടു. സമീറ ബാക്കി അതിഥികളോടൊപ്പം പോയി. മൈത്രി കൂടെ നിന്ന് അടുക്കളയിൽ അനുഷയെ സഹായിച്ചു. മണിക്കൂറുകൾ കഴിഞ്ഞ് അവളും തന്‍റെ ഭർത്താവ് ഗൗരവിന്‍റെ ഒപ്പം പോയി.

അനുഷയ്ക്ക് ക്ഷീണം തോന്നുന്നുണ്ടായിരുന്നു. കടുപ്പത്തിൽ ഒരു കപ്പ് ചായയുണ്ടാക്കി അവൾ ബാൽക്കണിയിൽ ചെന്നു. പട്ടെന്ന് അവൾ താഴെ നിന്ന് ബഹളം കേട്ടു. പല്ലവിന്‍റെ ശബ്ദം ആയിരുന്നു. “നീയിന്ന് എല്ലാവരുടേയും മുന്നിൽ വച്ച് എന്നെ അപമാനിച്ചു. ഇനി ഈ വീട്ടിൽ നിന്‍റെ അച്ഛൻ തന്ന ഒരു സാധനവും ഉണ്ടാവില്ല.”

പിന്നെ താഴെ നിന്ന് എന്തൊക്കെയോ പൊട്ടുന്ന ശബ്ദം കേട്ടു. സമീറ അലറി, “എന്‍റെ സാധനങ്ങൾ തൊടാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു?”

പല്ലവിന്‍റെ ശബ്ദ‌ം മുമ്പത്തേതിലും ഉറക്കെ ആയിരുന്നു, “നീ നിന്‍റെ എല്ലാ സാധനങ്ങളും ഇവിടെ നിന്ന് കൊണ്ടുപോ. നിന്‍റെ അച്‌ഛൻ തന്ന ഒന്നും എനിക്കു വേണ്ട. നീ എന്നെ നിന്‍റെ വേലക്കാരനാക്കി വച്ചിരിക്കുകയാണ്. ഞാൻ സമ്പാദിക്കുന്നു, വീട് നോക്കുന്നു. പക്ഷേ എനിക്കൊരു വിലയുമില്ല. പോ ഇവിടുന്ന്, എനിക്ക് നിന്‍റെ മുഖം പോലും കാണണ്ട.”

അതു കഴിഞ്ഞും പിന്നേയും ഉറക്കെ കുറേ ശബ്ദ‌ങ്ങൾ കേട്ടു. പിന്നെ എല്ലാം ശാന്തമായി.

അനുഷ ദീർഘശ്വാസം വിട്ടു. ഈ ബിൽഡിംഗിൽ വീട് വാങ്ങിയത് ശരിയായില്ലേ ആവോ. രാത്രി ഏറെനേരം അവൾക്ക് ഉറക്കം വന്നില്ല. വർഷങ്ങൾക്ക് ശേഷം അവൾക്ക് അച്ഛനെ വളരെയധികം ഓർമ്മ വന്നു. അച്‌ഛൻ എപ്പോഴും പറയുമായിരുന്നു. “മോളേ, ഞാൻ നിനക്ക് മറ്റൊന്നും തന്നില്ലെങ്കിലും തലയുയർത്തി ജീവിക്കാനുള്ള ധൈര്യം എന്തായാലും തരും.” അച്‌ഛന്‍റെ ഓർമ്മകളിൽ മനസ്സ് വേദനിച്ചു. ശരിക്കും അച്ഛൻ അവൾക്ക് അപാര ധൈര്യം തന്നെയാണ് തന്നത്.

രാവിലെ നേരത്തേ എഴുന്നേറ്റ് അനുഷ ഓഫീസിൽ പോയി. പല്ലവ് വന്നിട്ടുണ്ടായിരുന്നില്ല. ജോലിയിൽ മുഴുകിയ കാരണം അനുഷ വൈകുന്നേരം വരെ മറ്റുള്ളവരെ ശ്രദ്ധിച്ചതേയില്ല. വീട്ടിൽ എത്തിയപ്പോൾ വൈകി. റൈസ് കുക്കറിൽ ചോറും പ്രഷർ കുക്കറിൽ പരിപ്പും വച്ച് അവൾ ടിവി കാണാൻ തുടങ്ങി.

പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു മുന്നിൽ സമീറ പരിഭ്രമിച്ച് നിൽക്കുന്നു. അവളുടെ പിന്നിൽ അനന്യ ഉണ്ടായിരുന്നു. അനുഷ രണ്ടുപേരേയും അകത്തേയ്ക്ക് കൊണ്ടുവന്നു. അനന്യ അനുഷയുടെ കൈ പിടിച്ച് പറഞ്ഞു, “ആന്‍റീ, എന്തെങ്കിലും തിന്നാൻ തരാമോ, ഭയങ്കര വിശപ്പ്. രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല.”

അനുഷയ്ക്ക് കരച്ചിൽ വന്നു. അവൾ അനന്യയെ കെട്ടിപ്പിടിച്ചു എന്നിട്ട് സമീറയെ ശകാരിച്ചുകൊണ്ട് പറഞ്ഞു, നിന്‍റെ മോൾ രാവിലെ തൊട്ട് വിശന്നിരിക്കുകയാണ്. എന്നിട്ട് നിനക്കത് അറിയില്ലേ?”

അനുഷയുടെ മടിയിൽ തലവെച്ച് സമീറ ഏങ്ങലടിക്കാൻ തുടങ്ങി. “ഞാൻ എന്തു പറയാനാണ് അനുഷാ, ഇന്നലെ മുതൽ എനിക്കൊരു കാര്യത്തെക്കുറിച്ചും ഓർമ്മയില്ല. പല്ലവ് വീട് വിട്ടുപോയി. പിന്നെ ഞാൻ…”

അനുഷ അവളുടെ തല തഴുകിക്കൊണ്ട് പറഞ്ഞു, “സമീറാ, ഞാൻ നിങ്ങൾക്ക് രണ്ടുപേർക്കും കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, നീ സ്വയം ഒന്ന് അടങ്ങ്.”

അടുക്കളയിൽ പോയി അനുഷ പെട്ടെന്ന് പരിപ്പ് താളിച്ചു. രാത്രിയിലെ കടലയും കോഫ്‌തയും ഉണ്ടായിരുന്നു. പെട്ടെന്ന് മൈക്രോ വേവിൽ വച്ച് ചൂടാക്കി. പിന്നെ രണ്ട് പ്ലേറ്റിൽ ചോറും പരിപ്പും പച്ചക്കറികളും എടുത്ത് അനന്യയുടേയും സമീറയുടേയും കൈകളിൽ പിടിപ്പിച്ചു. അനന്യ ടേബിളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.

സമീറ ഒരു വായ് മാത്രം കഴിച്ച് പ്ലേറ്റ് ദൂരെ വച്ച് വീണ്ടും വിലപിക്കാൻ തുടങ്ങി. “നീ തന്നെ പറ എന്തു ചെയ്യുമെന്ന്? പല്ലവ് പറഞ്ഞിരിക്കുന്നത് അച്‌ഛൻ തന്ന സാധനങ്ങൾ ഞാൻ വീട്ടിൽ നിന്ന് കളയാതെ തിരിച്ചു വരില്ല എന്നാണ്. ഫോൺ ചെയ്ത് നോക്കി. എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും?”

സമീറയുടെ കരച്ചിൽ കൂടിക്കൊണ്ടിരുന്നു. പല്ലവ് ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് അവൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. അച്ഛന്‍റെ വീട്ടിൽ തിരിച്ച് ചെല്ലാൻ പറ്റില്ല. എന്ത് അവകാശത്തിൽ പോകാനാണ്. ഇനി എല്ലാം പഴയതുപോലെ ആകുമോ എന്നറിയില്ല.

അനുഷ കണ്ണുകൾ അടച്ചു. പല്ലവിന്‍റെ സ്ഥാനത്ത് അവൾ ജയരാജിന്‍റെ മുഖവും സമീറയുടെ സ്‌ഥാനത്ത് സ്വന്ത മുഖവും കണ്ടു. വർഷങ്ങൾക്കു മുമ്പ് അവൾ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവളുടെ ജീവിതവും സമീറയുടേയും പല്ലവിന്‍റെയും പോലെയൊക്കെ ആകുമായിരുന്നു. പല്ലവിന് കുറേ കഴിഞ്ഞപ്പോൾ സ്ത്രീധനം കുത്താൻ തുടങ്ങി. സമീറയോ? അച്‌ഛന്‍റെ സ്വത്തിനെപ്പറ്റി പറഞ്ഞ് പരിഹസിക്കാതെ എങ്ങനെ അവൾക്കിനി ഭർത്താവിനെ ഭരിക്കാൻ പറ്റും? ഈ ചോദ്യത്തിന്‍റെ ഉത്തരം അനുഷയ്ക്ക് അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.

ഒരു പൈങ്കിളിക്കഥ

 

“നിങ്ങൾ എന്നെ ഓർമ്മിക്കാറുണ്ടോ എപ്പോഴെങ്കിലും?” ആ ചോദ്യം അപ്രതീക്ഷിതമായി അവൾ ചോദിച്ചു.

“അതിന് ഓർക്കുവാനായ് എന്താണ് നീ തന്നത്?”

“എന്ത് തരാൻ?”

“അങ്ങനെയൊരു പൂക്കാലം നമുക്കിടയിലുണ്ടോ? നീണ്ട ബോഗയ്ൻവില്ലയുടെ ചുവട്ടിൽ അക്ഷമനായി നിന്നെ കാത്ത് ഞാൻ നിന്നിട്ടില്ല. പൊതിയിലച്ചോറിന്‍റെ ഒരരകിൽ നിന്ന് ഉപ്പുമാങ്ങ ഞെക്കിയെടുത്ത് വലിച്ചുറ്റി ക്ലാസ് കട്ട് ചെയ്ത‌് തിയേറ്ററിലെ എസിയിൽ കുനിഞ്ഞിരുന്ന് കപ്പലണ്ടി കൊറിച്ചിട്ടില്ല.

നിന്‍റെ നെറ്റിയിൽ ചുംബനമഴ എന്തിന്? നേരിട്ട് കണ്ടിട്ട് പേലുമില്ല. പിന്നെ എന്തോർക്കാൻ? വാട്‌സാപ്പിൽ കുത്തിയിരുന്ന് തുടിക്കുന്ന ഹൃദയം അയച്ചാൽ പ്രണയമാകുമെന്ന് ആരാണ് പറഞ്ഞത്?

അത് അലഞ്ഞ് തിരിയുന്ന മോഹഭംഗിതരായ ആത്മാക്കളുടെ ഒരിടം. അവിടെ താൽക്കാലിക കാമനകൾക്ക് സ്വാസ്ഥ്യം.

ഉപാധിയില്ലാത്ത സെക്സ്, വിരേചനം മറ്റൊന്നുമില്ല അതിനപ്പുറത്തേക്ക് ഭാവനയുടെ വല നെയ്യാൻ നിനക്ക് ലജ്‌ജയില്ലേ? മണ്ടി.”

അവന്‍റെ ശബ്ദത്തിലെ രോഷം പതഞ്ഞു പൊങ്ങുന്നത് അറിഞ്ഞപ്പോൾ ചോദിക്കണ്ടായിരുന്നു എന്ന് തോന്നി. പലപ്പോഴും അങ്ങനെയാണ്. പറഞ്ഞ് തുടങ്ങിയതിൽ നിന്നും ഏറെ ദൂരേയ്ക്ക് സഞ്ചരിച്ച് ചില്ലകൾ പടർന്ന് ഒരു വാഗ്വാദം. തണുപ്പിക്കാനായ് വിഷയം മാറ്റാൻ ശ്രമിച്ചു.

“നീ വിഷയം മാറ്റുന്നു.”

കനത്ത ശബ്ദം ഫോണിലൂടെ അലച്ച് കയറുന്നു. “വല്ലപ്പോഴും ഓർത്താൽ എന്താണിത്ര കുറച്ചിൽ.”

“വാട്‌സാപ്പ് സ്വൈരിണികളുടെ പരിഭവം.”

“രാത്രി സഞ്ചാരിണികൾ പകൽ വെട്ടത്തിൽ നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ എന്ന് ചോദിക്കില്ല.

അതുപോലെയാണോ ഞാൻ? ഇങ്ങനെ സ്ത്രീകളെ പരിഹസിക്കുന്നത് എന്തിനാണ്? അന്തസ്സുള്ള സ്ത്രീകളുണ്ട്. എഴുത്തും വായനയും പ്രണയിക്കുന്നവർ. ആരാണവർക്ക് കയ്യടി നൽകാത്തത്?”

സ്നേഹം ഇത്ര മോശമോ? ആർത്തവവിരാമം അടുക്കുന്ന മധ്യ വയസ്കകളുടെ കടൽ ചൊരുക്കിന് പറയുന്ന പേര് സ്നേഹമോ? തിളച്ചു മറിയുന്ന ക്യാമ്പസുകളിലേക്ക് ചെല്ല്. അവിടെ പോലും കുട്ടികൾ മാറിയിരിക്കുന്നു. പരാജയപ്പെടുമ്പോൾ ഉള്ള നീണ്ട മൗനം. പക്ഷേ അതൊട്ടും ആശ്വാസം നൽകുന്നുണ്ടായിരുന്നില്ല. മനസ്സ് കിതയ്ക്കുന്നുണ്ട് വല്ലാതെ.

ആശുപത്രിയിൽ നേർത്ത തണുപ്പിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ നേഴ്സ് ചോദിച്ചു.

“കൂടെയാരുമില്ലേ? പ്രത്യേകിച്ചും ഇങ്ങനെയൊരു ടെസ്‌റ്റ്.”

കാൻസർ ആണോ അല്ലയോ എന്നറിയാനായി ഒരു മണിക്കൂർ ലാബിന് മുന്നിൽ കണ്ണടച്ചിരുന്നപ്പോൾ ആദ്യം അവന്‍റെ മുഖം ഓർമ്മ വന്നു. കീമോ ചെയ്‌ത്‌ നീണ്ട മുടി പോയാൽ അവനെന്നെ തിരിച്ചറിയുമോ? പഴയതുപോലെ സ്നേഹം?

പെട്ടെന്ന് കുനുകുനാ ടൈപ്പ് ചെയ്തു.

“നീ എന്നെ ഓർക്കാറുണ്ടോ?” അപ്പോഴാണ് മറുപടി കിട്ടിയത് സത്യസന്ധമായ മറുപടി.

“കള്ളങ്ങൾ പറയാറില്ല. ഒന്നാശ്വാസിപ്പിക്കാൻ പോലും. ഇത്തരം ബന്ധങ്ങൾക്കിടയിൽ ഈമാതിരി ചോദ്യങ്ങൾക്ക് പ്രസക്‌തി ഉണ്ടോ? “നിന്‍റെ ഭർത്താവ് നിന്നെ തന്നെയാണോ ഓർക്കുന്നത്? അത് ആദ്യം ഓർത്ത് നോക്ക്. ബാലിശമായ ചോദ്യങ്ങൾക്ക് ഉപാധികളില്ലാത്ത ബന്ധത്തിന് സ്നേഹത്തിന്‍റെ പലിശക്കണക്ക് വേണ്ട. എപ്പോൾ വേണമെങ്കിലും തീരാവുന്ന ഒരു ലഹരി, ഒരു ച്യൂയിംഗം നുണയും പോലെ. കണ്ടാൽ നുണയും എന്നല്ലാതെ ആരെങ്കിലും ഓർത്തിരിക്കുമോ. ജസ്‌റ്റ് ഫോർ റിലാക്സ് അതിനപ്പുറം സെന്‍റിമെൻസ് ചേർത്ത് വിഷാദം അഭിനയിക്കരുത്.” ഉപദേശം ഉള്ളിൽ ആഴ്ന്നിറങ്ങി. ഉള്ളിൽ ഒരു വലിച്ചിൽ പിടച്ചിൽ പോലെ ഒന്ന് പിന്നെ ശാന്തം. പുറത്ത് തട്ടി സിസ്‌റ്റർ ചുമ്മാ പേടിപ്പിച്ചില്ലേ. തൊണ്ടയിൽ ചെറിയ നൊസ്യൂൾ. വോയ്‌സ് റെസ്‌റ്റ് വേണം. ഒരാഴ്ച്‌ച ആന്‍റിബയോട്ടിക്ക് മുടക്കരുത്.

“എന്താടോ പേടി മാറിയില്ലേ?” സിസ്‌റ്റർ കൃപ ചിരിച്ചു. മുഖത്ത് തെളിച്ചമില്ലല്ലോ. ചിരി വരുത്താൻ ശ്രമിച്ചു.

“സിസ്‌റ്റർ ഞാൻ ഹെയർ ഡൊണേറ്റ് ചെയ്യാൻ തയ്യാർ.”

“അതിന് തനിക്ക് പ്രശ്ന‌ം ഇല്ലല്ലോ… പിന്നെ ഈ നീളൻ മുടി ഭംഗിയല്ലേ.”

“എന്ത് ഭംഗി? ആര് ഓർക്കാൻ ആരെങ്കിലും നമ്മളെ ഓർക്കണമെങ്കിൽ എന്തെങ്കിലും വേണ്ടേ? ഞാൻ വരാം. അടുത്ത് തന്നെ.” ആത്മവിശ്വാസം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നു. കൂർത്തയുടെ അറ്റം വലിച്ചിറക്കി ജീൻസിനുള്ളിലാക്കി നടക്കുമ്പോൾ വെട്ടം കണ്ണിലേക്ക്. സുഖത്തിന്‍റെ പേരോ സ്വാസ്ഥ്യം.

പെട്ടെന്ന് ഓക്കാനിക്കാൻ വന്നു. സെഡേഷന്‍റെ പ്രശ്‌നം ആയിരിക്കും. അല്ലാ ചങ്കിൽ നിന്ന് പൈങ്കിളി ചിറകടിക്കുന്നു. പുറത്തേക്ക് പറത്താം. നീല വാനിലേക്ക്.. ഒരൊറ്റ ചിറകടിയിൽ അത് പുറത്തേക്ക് തെറിച്ചു… ചിറക് അരിഞ്ഞിട്ടിരിക്കുന്നു. കുഞ്ഞു തലയിൽ രക്ത തുള്ളികൾ… പിടയുന്നു. ഞാനാ പിടച്ചിൽ നോക്കി നിന്നു അവസാനത്തെ ശ്വാസവും നിലക്കും വരെ. നിലാവിൽ ചിറകിട്ടടിക്കുന്ന എന്‍റെ മനസ്സ്. ഞാനതിനെ കൊന്നു കുഴിച്ചുമൂടി.

വാട്‌സാപ്പ് പ്രണയിനികളേ ഇതിനേക്കാൾ മനോഹരമായി നിങ്ങൾക്ക് അന്ത്യരംഗം ഉണ്ടാകിനിടയില്ല. കാരണം നിങ്ങൾ അപഥ സഞ്ചാരിണികളാണ്. പച്ച വെളിച്ചത്തിൽ ഇറങ്ങുന്ന ജാരത്തികൾ. പിന്നെ മനസ്സിനെക്കുറിച്ചും വ്യഥകളെക്കുറിച്ചും വിലപിക്കാതിരിക്കുക. നിങ്ങൾ പരിഹാസ്യരാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ…!

സർവ്വം സമ്മതം

ബൈക്ക് ആക്‌സിഡന്‍റിൽ പെട്ടുള്ള രാഹുലിന്‍റെ ആകസ്‌മികമായ മരണം സ്വപ്നയെ തീർത്തും തകർത്തു കളഞ്ഞിരുന്നു. ഏഴു വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ടുകൊണ്ട് മരണത്തിലേയ്ക്ക് നടന്നു കയറിയ പ്രിയതമനെയോർത്ത് അവൾ ദിവസങ്ങളോളം കരഞ്ഞു. പലപ്പോഴും ആരും കാണാതെ. മുമ്പോട്ടുള്ള ജീവിതം ഇനി എന്താവും എന്ന ആധിയും അവളെ അലട്ടിയിരുന്നു. ഒന്നും ഒരു ദുഃസ്വ‌പ്നമായി എഴുതി തള്ളാൻ മാത്രം കഴിയുന്നതല്ലല്ലോ കഴിഞ്ഞകാല ജീവിതം.

താൻ കരയുന്നത് കുട്ടികൾ കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. അവർക്കിഷ്‌ടമുള്ള കളിപ്പാട്ടങ്ങളും പലഹാരങ്ങളുമായി വൈകുന്നേരം പടികടന്നെത്തുന്ന അച്‌ഛന്‍റെ അഭാവം അവരുടെ മനസ്സിൽ വലിയ ശൂന്യത സ്യഷ്ടിച്ചിരുന്നു.

ആ കുറവ് അറിയാതിരിക്കാൻ രാഹുലിന്‍റെ അനുജൻ ഹരികൃഷ്‌ണൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഹുലിന്‍റെ വീട്ടുകാർക്ക് സ്വ‌പ്നയെക്കുറിച്ചോർത്തായിരുന്നു ഏറെ വിഷമം. ചെറുപ്പം. ജീവിച്ച് കൊതിതീരാത്തവൾ. ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയപ്പോഴേ വൈധവ്യത്തിന്‍റെ കറുത്ത കമ്പളം വാരിപ്പുതയ്‌ക്കേണ്ടി വന്നല്ലോ ആ കുട്ടിക്ക് എന്ന് രാഹുലിന്‍റെ അമ്മ പരിതപിച്ചുകൊണ്ടിരുന്നു. ആരും കാണാതെയുള്ള അവരുടെ തേങ്ങൽ കണ്ട് രാഹുലിന്‍റെ അച്ഛന്‍റെയും കണ്ണു നിറഞ്ഞു.

ഒരു ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ വെച്ചാണ് സ്വപ്പ്നയെ രാഹുലിന്‍റെ അമ്മ കണ്ടിഷ്‌ടപ്പെടുന്നത്. അന്ന് ബിഎ ഫൈനൽ പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു സ്വപ്ന. ഒറ്റ നോട്ടത്തിലേ തന്നെ അവർക്ക് സ്വപ്നയെ ഇഷ്ട‌മായി. പക്ഷേ ബിഎ കഴിഞ്ഞ് ലിറ്ററേച്ചറെടുത്ത് പോസ്റ്റ്ഗ്രാജുവേഷൻ പഠിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു അവൾ. അവളുടെ വീട്ടുകാർക്കും അതായിരുന്നു താല്പ‌ര്യം. നല്ലൊരു ആലോചന അവളുടെ ഭാഗ്യം തന്നെയാണെന്ന് പറഞ്ഞ് ബന്ധുക്കളും അവരെ നിർബന്ധിച്ചു.

സ്വപ്ന തുടർന്ന് പഠിക്കുന്നതിനോട് രാഹുലിന്‍റെ അമ്മയ്ക്ക് ഒട്ടും താലപര്യമുണ്ടായിരുന്നില്ല. “എന്‍റെ മരുമകൾ സമ്പാദിച്ച് വീട് കഴിയേണ്ട അവസ്‌ഥയല്ല ഞങ്ങൾക്ക്. സർക്കാർ വകുപ്പിൽ എൻജിനീയറാ രാഹുൽ. നല്ല ശമ്പളം അവന് കിട്ടുന്നുമുണ്ട്. അത്യാവശ്യം സ്വത്തുക്കളുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ല. മാത്രമല്ല, എനിക്ക് പെൺമക്കളില്ല. അവളെനിക്ക് സ്വന്തം മോളായി കൂടെ ഉണ്ടായാൽ മതി.”

അവർ പറഞ്ഞതിൽ തെറ്റില്ലായിരുന്നു. രാഹുലിനൊപ്പം അവൾ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങൾക്കു ശേഷം സ്വപ്നയേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് രാഹുൽ കടന്നു പോകുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ. ജീവിതത്തിൽ സന്തോഷം വിതറി നിറഞ്ഞു നിന്ന സ്നേഹനിധിയായ ഒരാളുടെ പെട്ടെന്നുള്ള അസാന്നിധ്യം ആ കുടുംബത്തെ മൊത്തം പിടിച്ചു കുലുക്കിയിരുന്നു.

രാഹുലിന്‍റെ അച്‌ഛനുമമ്മയും സ്വപ്‌നയെ രാഹുലിന്‍റെ സ്ഥാനത്താണ് കണ്ടിരുന്നത്. അവൾക്ക് വിഷമമുണ്ടാകുന്ന രീതിയിൽ അവർ ഒരിക്കലും പെരുമാറിയിരുന്നില്ല. സ്വപ്‌നയും കുഞ്ഞുങ്ങളും അവർക്ക് അത്രയ്ക്ക് ജീവനായിരുന്നു.

പക്ഷേ സ്വപ്നയുടെ ഇളയമ്മ അതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. സ്വപ്‌നയെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഇളയമ്മ അവളുടെ ഭാവിജീവിതത്തെക്കുറിച്ചോർത്ത് വിഷമിച്ചു. അവളെ എത്രയും പെട്ടെന്ന് വീട്ടിൽ മടക്കിക്കൊണ്ടു വരണമെന്ന് അവർ സ്വപ്‌നയുടെ അമ്മയോട് പറഞ്ഞു.

“അവൾ ഞങ്ങൾക്കൊപ്പമല്ലേ കഴിയേണ്ടത്. അതാണ് ശരി.. ഇത് അവളുടെ വീടാ, ഇടയ്ക്ക് അവൾക്ക് ഇഷ്ടമുള്ളപ്പോൾ അവിടെയും വന്ന് താമസിക്കാം. കുറച്ചുനാൾ കഴിയട്ടെ അവൾക്ക് നല്ലൊരു ഭർത്താവിനെ കണ്ടുപിടിക്കണം.” രാഹുലിന്‍റെ അമ്മയുടെ കണ്ഠമിടറി.

“ഇക്കാലത്ത് ഒരു പെണ്ണിന് യോജിച്ച ചെറുക്കനെ കണ്ടുപിടിക്കുന്നത് തന്നെ വല്യപാടാ, അപ്പോഴാ രണ്ട് കുട്ടികളുള്ള അവൾക്ക്…” ഇളയമ്മ ദയനീയമായി പറഞ്ഞു.

“നമ്മൾ ആത്മാർത്ഥമായി മനസ്സു വെച്ചാൽ നടക്കാത്തതെന്താ, എന്തെങ്കിലും ഒരു പോംവഴിയുണ്ടാവും. അവളുടെ സന്തോഷമല്ലേ വലുത്. അല്ലാതെ എന്നും വേദനിച്ച് ജീവിതകാലം കഴിച്ചുകൂട്ടണോ…” രാഹുലിന്‍റെ അമ്മയുടെ വാക്കുകൾ ദൃഢമായിരുന്നു.

എല്ലാവരുടേയും തീരുമാനപ്രകാരം കുറച്ചു ദിവസം സ്വപ്നയുടെ അമ്മയും കൂടി വീട്ടിൽ താമസിച്ചു. രാഹുലിന്‍റെ അനുജൻ ഹരികൃഷ്‌ണൻ യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകനും ഗവേഷണ വിദ്യാർത്ഥിയുമായിരുന്നു. ഹരികൃഷ്ണൻ രണ്ടാഴ്‌ച കൂടുമ്പോൾ വീട്ടിൽ വന്ന് കുട്ടികളെ കാണും. അവർക്കായി എന്തെങ്കിലും കൈയിലുണ്ടാവും. കുട്ടികൾക്ക് അത് വളരെ ആശ്വാസം പകർന്നു.

ഇളയച്ഛ‌നെന്നതിലുപരി ഒരച്‌ഛന് മക്കളോടുള്ള വാത്സല്യമായിരുന്നു ഹരികൃഷ്ണ‌ന് അവരോട് ഉണ്ടായിരുന്നത്. അവർക്ക് ഒരു കുറവും വരാതെ അയാൾ ആ കുടുംബത്തിന് കാവൽ നിന്നു. സ്വപ്‌ന പതിയെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. അവൾ അടുക്കളയിൽ കയറി രാഹുലിന്‍റെ അമ്മയെ സഹായിച്ചു തുടങ്ങി. അവളിലുണ്ടായ മാറ്റത്തിൽ കുട്ടികൾക്കായിരുന്നു ഏറെ സന്തോഷം.

“മോനേ, നീ വന്നു കഴിഞ്ഞാൽ പിള്ളേർക്കെന്ത് സന്തോഷമാ” ഒരിക്കൽ സ്വപ്‌നയുടെ അമ്മ ഹരികൃഷ്ണനോടായി പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയാ, അവിടെ അവധി ദിവസങ്ങളിൽ ഉറക്കവും വായനയും എഴുത്തുമായി കഴിച്ചു കൂട്ടുകയല്ലേ, അതിലെന്ത് രസം.”

“റിസർച്ച് കഴിഞ്ഞല്ലോ… ഇനി ഫ്രീ ആയല്ലോ.”

“ശരിയാ” ഹരികൃഷ്‌ണൻ തലയാട്ടി.

കുട്ടികളുടെ പരീക്ഷ കഴിഞ്ഞതോടെ സ്വനയ്ക്ക് തിരക്ക് കുറഞ്ഞു. സ്വപ്നയുടെ അമ്മ തിരികെ വീട്ടിലേയ്ക്ക് മടങ്ങിപ്പേയി. സ്വപ്നയ്ക്കും കുട്ടികൾക്കും ആ വീട്ടിൽ യാതൊരു കുറവുമുണ്ടാവുകയില്ല. അതോർത്ത് അവർ സമാധാനപ്പെട്ടു.

“രാഹുലിന്‍റെ അഭാവം ഒട്ടും അറിയിക്കാതെയാ അവർ അവളേയും കുഞ്ഞുങ്ങളേയും നോക്കുന്നത്. രാഹുലിന്‍റെ അച്‌ഛനും അമ്മയും വളരെ നല്ലവരാ.”

“അനിയൻ കല്യാണം കഴിയും വരെയേ ഇതൊക്കെ ഉണ്ടാവൂ. സ്വന്തം കുടുംബമായാൽ ചേട്ടന്‍റെ വിധവയേയും മക്കളേയും നോക്കാൻ മെനക്കെടുമോ? അവരുടെ ഇപ്പോഴത്തെ പെരുമാറ്റം കണക്കാക്കണ്ട. അവൾക്ക് സ്വന്തം കാലിൽ നില്ക്കാനുള്ള കാര്യപ്രാപ്‌തിക്ക് വേണ്ടിയാ,” ഇളയമ്മ സ്വപ്‌നയുടെ വീട്ടുകാരെ കുറ്റപ്പെടുത്തുന്ന മട്ടിൽ പറഞ്ഞു കൊണ്ടിരുന്നു.

ഒരിക്കൽ ഇളയമ്മ സ്വപ്‌നയുടെ വീട്ടിലെത്തി. ഹരികൃഷ്‌ണൻ വീട്ടിലുണ്ടായിരുന്നതിനാൽ കുട്ടികൾ വലിയ ഉത്സാഹത്തിലായിരുന്നു.

“അച്‌ഛന്‍റെ കുറവ് അറിയിക്കാതെയാ അവൻ കുഞ്ഞുങ്ങളെ നോക്കുന്നത്,” രാഹുലിന്‍റെ അച്‌ഛൻ സ്വപ്നയുടെ ഇളയമ്മയോടായി പറഞ്ഞു.

“നമുക്ക് അടുത്ത ബന്ധത്തിൽപെട്ട ഏതെങ്കിലും പെണ്ണിനെ ഹരിക്കുട്ടനു വേണ്ടി ആലോചിച്ചാലോ, അങ്ങനെയാവുമ്പോൾ വരുന്ന പെണ്ണിനും കുട്ടികളെ ഇഷ്‌ടമാവുകയും ചെയ്യും.” ഇളയമ്മ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു.

“പക്ഷേ അങ്ങനെയൊരു പെണ്ണിനെ…”

“അതൊക്കെ നമുക്ക് കണ്ടുപിടിക്കാം.” ഇളയമ്മ ഉത്സാഹത്തോടെ പറഞ്ഞു.

“ഈ വീട്ടിൽ സന്തോഷത്തിന്‍റെ നാളുകളുണ്ടാവണം.”

“തീർച്ചയായും വേണം, പക്ഷേ അതാദ്യം സ്വപ്നയുടെ ജീവിതത്തിലാ വേണ്ടത്.” രാഹുലിന്‍റെ അമ്മ പറഞ്ഞു.

“അവളെ ഒന്ന് സെറ്റിലാക്കിയ ശേഷം മതി ഹരിക്കൂട്ടാ കല്യാണം.” അമ്മ തറപ്പിച്ചു പറഞ്ഞു

“ങ്ഹാ, നിങ്ങൾ പറഞ്ഞത് ശരിയാണ്. സ്വപ്നയ്ക്കു വേണ്ടി എന്തെങ്കിലും ബിസിനസ് തുടങ്ങിക്കൊടുത്താലോ.” ഇളയമ്മ ഉത്സാഹം കൊണ്ടു.

“പക്ഷേ ജീവിക്കാൻ അതുമാത്രം പോരല്ലോ. അവൾക്ക് നല്ലൊരു ഭർത്താവിനെ കണ്ടുപിടിക്കണം.” രാഹുലിന്‍റെ അമ്മയുടെ കണ്ഠമിടറി.

“പക്ഷേ കുട്ടികൾ.. അവൾക്ക് അവരെ ഒരിക്കലും വിട്ടു പിരിയാനാവില്ലല്ലോ… അവരുടെ സംരക്ഷണം” ഇളയമ്മ സംശയം പ്രകടിപ്പിച്ചു.

“നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട്, പക്ഷേ അവളുടെ വിഷമമൊക്കെ മാറണം. എന്തെങ്കിലും പരിഹാരം കണ്ടെത്തിയേ തീരൂ. അവൾ ചെറുപ്പമല്ലേ.” അവരുടെ വാക്കുകൾ ഉറച്ചതായിരുന്നു.

ഒരു ഞായറാഴ്‌ച ദിവസം രാഹുലിന്‍റെ അച്‌ഛൻ ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും ഉടനെ വീട്ടിലെത്തണമെന്നും പറഞ്ഞ് സ്വപ്‌നയുടെ അച്‌ഛന് ഫോൺ ചെയ്തു.

“അവർ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം,” ഫോൺ വന്ന വിവരമറിഞ്ഞ് ഇളയമ്മ പറഞ്ഞു.

“സ്വ‌പ്ന കല്യാണത്തിന് സമ്മതിക്കാത്തതു കൊണ്ട് നമ്മളെല്ലാവരും ചെന്ന് അവളെ കൂട്ടിക്കൊണ്ടു വന്ന് വീട്ടിൽ നിർത്തണമെന്നാവും അവർ പറയാൻ പോകുന്നത്.”

“അവർ അങ്ങനെയുള്ളവരല്ല, അവരെന്താണ് പറയാൻ പോകുന്നതെന്ന് കേട്ടിട്ടു പോരേ കാര്യങ്ങൾ തീരുമാനിക്കാൻ.” സ്വപ്‌നയുടെ അച്‌ഛൻ പറഞ്ഞു.

എല്ലാവരും കൂടി തിടുക്കപ്പെട്ട് രാഹുലിന്‍റെ വീട്ടിലെത്തി. അവിടെ സമാധാനപൂർണ്ണമായ അന്തരീക്ഷം. ഹരികൃഷ്‌ണനും അച്‌ഛനും അമ്മയുമൊക്കെ പതിവിലും കവിഞ്ഞ സന്തോഷത്തിലായിരുന്നു. എന്നാൽ സ്വപ്‌നയാകെ അസ്വസ്‌ഥയായിരുന്നു. അവളുടെ മുഖം അത് വിളിച്ചു പറയുന്നുമുണ്ടായിരുന്നു.

“ഞാൻ നേരത്തേ സൂചിപ്പിച്ചതു പോലെ സ്വപനയുടെ വിവാഹം ഉടൻ നടത്തണം.” രാഹുലിന്‍റെ അമ്മ സംസാരത്തിന് തുടക്കമിട്ടു.

“സ്വ‌പ്ന കുട്ടികൾക്കു മാത്രമായാണ് ജീവിക്കുന്നത്. അതുകൊണ്ട് ആ ഉത്തരവാദിത്തം അവൾ മറ്റാരുമായി പങ്കു വയ്ക്കാൻ തയ്യാറല്ല. സ്വപ്‌നയ്ക്ക് മാത്രമല്ല ഹരിക്കുട്ടനും ഇക്കാര്യത്തിൽ വാശിയുള്ള കൂട്ടത്തിലാ. അവൻ ആ കുഞ്ഞുങ്ങളെ ആർക്കും വിട്ടുകൊടുക്കുകയില്ല. അതുകൊണ്ട് അവരുടെ സംരക്ഷണം ഏറ്റെടുക്കാൻ അവൻ തയ്യാറാ, അതിനായി ജീവിതകാലം മുഴുവനും അവിവാഹിതനായി കഴിയാനും തയ്യാറാണ്.

രാഹുലിന്‍റെ അച്‌ഛൻ ഇടയ്ക്കു കയറി പറഞ്ഞു. “എനിക്കും അവന്‍റെ അഭിപ്രായത്തോട് യോജിപ്പേയുള്ളൂ. ഹരിക്കുട്ടന് പെണ്ണു കാണലിനോടോ, വിവാഹത്തോടോ താല്‌പര്യമേയില്ല.”

“എന്നാൽ സ്വപ്‌നയുമായിട്ടുള്ള വിവാഹത്തിന് അവനൊട്ട് എതിർപ്പുമില്ല.” രാഹുലിന്‍റെ അമ്മ പറഞ്ഞു.

“കുട്ടികളെ മറ്റൊരാളെ ഏല്‌പിക്കുന്നതിൽ രണ്ടുപേർക്കും താല്‌പര്യമില്ല. കുട്ടികൾക്ക് വേണ്ടിയാ രണ്ടുപേരും ജീവിക്കുന്നതും. കുട്ടികൾ ചെറുതാണല്ലോ, ആ സ്‌ഥിതിക്ക് അതിൽ യാതൊരു തെറ്റുമില്ല. പക്ഷേ അവർ മുതിർന്നു കഴിഞ്ഞാൽ ആളുകൾ അമ്മയേയും ഇളയച്‌ഛനേയും ചേർത്ത് ഓരോന്ന് പറഞ്ഞു നടക്കും. ആ അവസ്‌ഥയെ നേരിടാൻ അവർക്കാവുമോ? അങ്ങനെയൊരു സാഹചര്യമുണ്ടാകാതിരിക്കാൻ ഹരിക്കുട്ടനും സ്വപ്‌നയും തമ്മിൽ വിവാഹം ചെയ്യുകയാണ് വേണ്ടത്. പക്ഷേ സ്വപ്ന അതിന് സമ്മതിക്കുന്നില്ല.”

“മറ്റൊന്നുമല്ല അമ്മേ, എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ ഹരിക്ക് എന്തായാലും കിട്ടും. മാത്രമല്ല ഇനിയൊരു വിവാഹ ജീവിതത്തോട്…” സ്വപ്‌ന സങ്കടത്തോടെ പറഞ്ഞു.

“കുട്ടികൾ എന്‍റെയും കൂടി ജീവിതത്തിലെ ഭാഗമാണ്. അവരെ കൂടാതെ ചിന്തിക്കാൻ എനിക്കാവില്ല.” മറ്റാരെങ്കിലും എന്തെങ്കിലും പറയും മുമ്പേ ഹരികൃഷ്ണൻ പറഞ്ഞു.

*സ്വപ്ന, ഒരു കാര്യവും കൂടിയുണ്ട്. ഇക്കാര്യത്തിൽ ദയയോ മഹാമനസ്കതയോ വിചാരിച്ചിട്ടല്ല ഞാൻ വിവാഹത്തിന് മുതിരുന്നത്. അറിയാത്ത പെണ്ണിനെ കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലതല്ലേ പരിചയമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്. സ്വ‌പ്നയെ കുറിച്ച് ഞാനങ്ങനെ സ്വപ്‌നം കണ്ട് നടന്നിട്ടൊന്നുമില്ല. ചേട്ടത്തിയുടെ സ്ഥാനത്തായിരുന്നുവെങ്കിലും ഞാനെപ്പോഴും ഒരു സുഹൃത്തിന്‍റെ സ്ഥാനത്താണ് സ്വപ്നയെ കണ്ടിരുന്നത്. ഈ തീരുമാനം എന്തുകൊണ്ടും ഉചിതമാണെന്നാണ് എന്‍റെ മനസ്സ് പറയുന്നത്.”

“വിവാഹം ചെയ്യുന്നത് രാഹുലിന്‍റെ ഓർമ്മകളോട് ചെയ്യുന്ന നീതികേടാണെന്നാ അവൾ കരുതുന്നത്. ഭാര്യയും കുഞ്ഞുങ്ങളും എന്നും സന്തോഷത്തോടെ കഴിയുന്നത് കാണാനാവും രാഹുൽ ആഗ്രഹിക്കുക. മരണം എല്ലാ സന്തോഷത്തിന്‍റെയും അവസാനമല്ലല്ലോ… കുട്ടികൾക്കും അത് വിഷമമാകില്ലേ… അച്‌ഛനെപ്പോലെ സ്നേഹിക്കുന്ന ഒരാൾ… ഹരിക്കുട്ടൻ അതിന് തയ്യാറായ സ്‌ഥിതിക്ക്… കുട്ടികൾക്ക് നീ കൊടുക്കുന്ന ഏറ്റവും വലിയ സന്തോഷമാവുമത്. നീ ആ സന്തോഷത്തെ അവരുടെ ജീവിതത്തിൽ നിന്നും മനഃപൂർവ്വം അടർത്തി മാറ്റരുത്.”

തന്നെ ജീവനു തുല്യം സ്നേഹിക്കുന്നവരോട് എന്തെങ്കിലും എതിർപ്പ് പ്രകടിപ്പിക്കാനോ അവരെ ധിക്കരിക്കാനോ സ്വപ്നയ്ക്ക് കഴിഞ്ഞില്ല.

സ്വപ്‌നയുടെ കണ്ണുകളിൽ ഈറൻ പടർന്നു. ചുവന്നു തുടുത്ത കവിളിണകളിലൂടെ കണ്ണീർ ഒഴുകിയിറങ്ങി. അവൾ കുട്ടികളെ ചേർത്തു പിടിച്ചുകൊണ്ട് എല്ലാവരോടും നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇടിവെട്ടി പെയ്‌ത മഴയ്ക്കു ശേഷം പരന്ന ഇളംവെയിലുപോലെ അവളുടെ പുഞ്ചിരി മുറിക്കുള്ളിൽ പ്രകാശം പരത്തി.

എന്‍റെ പിഴ എന്‍റെ വലിയ പിഴ

പള്ളി വികാരി ജോൺ വട്ടപ്പാറയിൽ എന്തിന് വൈദികവൃത്തി അവസാനിപ്പിക്കുന്നു എന്നത് ഇടവകയാകെ മുഴങ്ങിയ ചോദ്യമായിരുന്നു. ചോദ്യം ഒന്നും ഉത്തരങ്ങൾ പലതും ഇടവകയിൽ ആകെ അലയടിച്ചു.

ഏറെ മാന്യതയും പക്വതയും പുലർത്തി വന്ന പാതിരി എങ്ങനെ നസ്രാണികൾക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കുന്ന തീരുമാനത്തിലെത്തി എന്ന് ചോദ്യം ഇടവക കവിഞ്ഞ് നാട്ടിലാകെ പരന്നു.

മാന്യതയുടെ മൂടുപടമണിഞ്ഞ വികൃത മുഖമെന്നും അതല്ല മറ്റ് പലതുമാണെന്നും പ്രത്യക്ഷത്തിൽ ഒന്നും കാണാനാകാതെ വിശ്വാസികളും നാട്ടുകാരും പല ചിത്രങ്ങൾ വരച്ചും മായ്ച്ചും കൊണ്ടിരുന്നു.

സൂര്യൻ കത്തിക്കാളുന്ന ആ പകലിൽ പള്ളി മൈതാനത്ത് പോലീസ് ജീപ്പ് കണ്ട ഏതോ ഒരു വിശ്വാസിയിൽ നിന്നും അച്ഛനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയിരിക്കുന്നു എന്ന ശ്രുതി വിശ്വാസികളുടെ വികാരത്തിലേക്ക് കൊളുത്തപ്പെട്ട അഗ്നി പോലെ പടർന്നുകയറി.

പ്രമാണികളായ പള്ളിക്കമറ്റിക്കാരും കടുത്ത വിശ്വാസികളും ആവിശ്വാസികളും ആൾക്കൂട്ടമായി പള്ളിയിലേക്ക് കുതിച്ചു. റോഡിൽ നിന്നും ഉയർന്നുനിൽക്കുന്ന പള്ളിയുടെ എണ്ണിയാലോടുങ്ങാത്ത പടികൾ പാഞ്ഞു കയറി കിതാപ്പോടെ അവർ പള്ളിമുറ്റത്തു കൂട്ടം കൂടി.

എല്ലാ വേളകളിലും ശുഭ്രവസ്ത്രധാരിയായി മാത്രം കണ്ടിരുന്ന തങ്ങളുടെ പാതിരിയെ കറുത്ത ജീൻസും നൂൽ ചെളിയിൽ മുക്കി പതിപ്പിച്ച വർണ്ണാഭമായ ഉടുപ്പുമണിഞ്ഞു നിൽക്കുന്ന അച്ഛനെ കണ്ട വിശ്വാസികൾ അമ്പരന്നു.

ജോണച്ഛനോട് ബഹുമാനത്തോടെ ഇടപഴകി പിരിയുന്ന പോലീസിനെ നോക്കി അന്ധാളിപ്പോടെ വിശ്വാസ സമൂഹം പരസ്പരം സംശയങ്ങൾ ഉയർത്തുകയും ആശ്വസിക്കുകയും ചെയ്തു.

“അച്ഛൻ വല്ല കല്യാണം കഴിക്കാൻ പോവാണോ, അത് വല്ല കൊലേം നടത്തിയാ?” പ്രായമുള്ള മുന്തിയ കാരണവർ ഈപ്പാൻ ചേട്ടൻ അച്ഛന്‍റെ നേരെ ചോദ്യമെറിഞ്ഞു.

അതിനു മറുപടിയെന്നോണം യേശുവിനെ പോലെ നിഷ്കളങ്കമായി ചിരിക്കുകയും വേശ്യയെ കല്ലെറിഞ്ഞവരെ ശാസിച്ചവനെ പോലെ ചില ചോദ്യങ്ങളിലൂടെ വിശ്വാസികളെ അനുനയിപ്പിച്ച് തിരിച്ചുവിടുകയും ചെയ്തെങ്കിലും മടങ്ങുമ്പോൾവിശ്വാസത്തിന്‍റെയും വെറുപ്പിന്‍റെയും മനസുകളിൽ മിഥ്യാഭിമാനത്തിന്‍റെ വ്രണങ്ങളിലെ ഈച്ചകൾ ഉച്ചത്തിൽ ആർത്തുകൊണ്ടെയിരുന്നു.

പിറ്റേന്ന് നടുക്കത്തോടെയാണ് ആ നാടും ഇടവകയും ഉറക്കമുണർന്നത് ഒറ്റയും പെട്ടയും മുഴങ്ങുന്നതിനു മുന്നേ മുൻ കപ്യാർ തങ്കായി എന്ന തങ്കച്ചൻ സെമിത്തേരിക്കരികിലെ കാലപ്പഴക്കമുള്ള നാടൻ മാവിന്‍റെ നീണ്ട കൈകളിൽ തൂങ്ങിയാടുന്ന ചിത്രം സോഷ്യൽ മീഡിയ വഴി ദൃശ്യ ചിത്രങ്ങളായി ഇംഗ്ലീഷ് പ്രേത ചിത്രങ്ങളുടെ പോസ്റ്ററുകൾ പോലെ പ്രചരിച്ചു കഴിഞ്ഞിരുന്നു.

ഇടവകാംഗങ്ങളും നാട്ടുകാരാലും നിറഞ്ഞു കഴിഞ്ഞിരുന്ന സെമിത്തെരിയിൽ, ബോഡി വെട്ടിയിറക്കാൻ കുശനിയിൽ നിന്നും സ്റ്റീൽ കത്തിയുമായി പാഞ്ഞ കമ്മറ്റിയംഗം ജോർജിനെ ജോണച്ഛൻ തടഞ്ഞു. പോലീസ് വരുന്നതു വരെ ബോഡിയിൽ സ്പർശിക്കരുതെന്ന് സിഐയുടെ നിർദ്ദേശത്തെ പോലീസിന്‍റെ അഭാവത്തിൽ പലരും ചോദ്യം ചെയ്യുകയും മറ്റു പുതിയ കഥകളുമായി ജനക്കൂട്ടം അപ്രാപ്യമായ ഇരയുടെ മുന്നിലെ വേട്ട മൃഗത്തെ പോലെ വട്ടം കറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

ഏറെ താമസിയാതെ പോലീസ് എത്തുകയും സിഐ രമേഷ് ബാബുവുമായി ഒരു മണിക്കൂറോളം അച്ഛനും തങ്കച്ചന്‍റെ കുടുംബവും അടച്ചിട്ട മുറിയിൽ ചർച്ച നടത്തുകയും ചെയ്ത ശേഷം ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ എടുക്കുകയും ചെയ്തതോടെ ജനക്കൂട്ടം നിരാശയോടെ പിരിഞ്ഞു പോയി.

തങ്കച്ചന്‍റെ ഭാര്യയും ഇളയ മകൾ ജാൻസിയും ജോൺ അച്ഛന്‍റെ മുറിയിൽ കുറച്ചുനേരം തങ്ങുകയും ശേഷം നിറകണ്ണുകളോടെ ഓട്ടോയിൽ കയറിപ്പോവുകയും ചെയ്തതോടെ ചെവി വട്ടം പിടിച്ച് ആകാംഷയോടെ നിരീക്ഷണ ഭാവത്തിൽ ആ കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേർന്നെന്ന വണ്ണം ഒട്ടും തൃപ്തിയില്ലാതെ, ആശ്വാസത്തിനായി സ്വയം കഥകൾ മെനഞ്ഞ് ആൾക്കൂട്ടവും പതിയെ മടങ്ങി. അങ്ങനെ ആ അധ്യായം അവിടെ അവസാനിക്കുകയും വെറുപ്പിന്‍റെ ബലൂണുകൾ ആൾക്കൂട്ടം മനസ്സിലൂതി വീർപ്പിക്കുകയും അത് മെല്ലെ പൊട്ടിതെറിച്ചു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടെയിരുന്നു.

ബിഷപ്പ് ഹൗസിലെ വിശാലമായ മുറിയിൽ മെഴുകുതിരി കാലുകൾക്ക് കീഴെ മുഖാമുഖമായിരുന്ന പിതാവിന്‍റെയും ജോണച്ഛന്‍റെയും മുഖം ശാന്തമായിരുന്നു. നിശബ്ദത ഇടയ്ക്കിടെ തടം കെട്ടുകയും ഒഴിഞ്ഞു പോവുകയും ചെയ്തുകൊണ്ടിരുന്നു.

“കാനൻ വ്യവസ്ഥയിലെ 1388 ഒന്നിലെ കുമ്പസാര രഹസ്യത്തിന്‍റെ ലംഘനമെന്നത് പുരോഹിതന്‍റെ സ്ഥാനഭ്രഷ്ട് നിശ്ചയമായും നീതീകരിക്കപ്പെടെണ്ടതാണ്. പക്ഷെ… സ്വയം ഒരു സ്ഥാനത്യാഗത്തിന് മുതിരെണ്ടതുണ്ടോ?”

പിതാവിന്‍റെ ഗൗരവമേറിയ അടക്കം പറച്ചിലിൽ ജോൺ അച്ഛൻ സൗമ്യമായി പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്നാൽ തന്നിൽ നിന്നും ഒരു മറുപടി പിതാവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് അച്ഛന് തോന്നി.

“പിതാവേ ലഭിക്കണ്ട സ്നേഹമോ ലാളനയോ ലഭിക്കാതെ വളരാൻ വിധിക്കപ്പെട്ട ഓർഫണേജിലെ എത്രയോ കുഞ്ഞുങ്ങളിൽ ഒരുവളാണ് 12 വയസ്സുള്ള മരിയയും. ആ കുഞ്ഞിനെയാണ് അയാൾ ക്രൂരമായി നശിപ്പിക്കാൻ ശ്രമിച്ചത്. ദൈവ നിശ്ചയം പോലെ ആണ്ടു പ്രാർത്ഥനയോടെ മുന്നോടിയായി സെമിത്തേരി വരെ പോയതുകൊണ്ട് മാത്രമാണ് ആ കുഞ്ഞിനെയും ഒരു കുടുംബത്തെയും നമ്മുടെ സഭയെയും രക്ഷിക്കാൻ എനിക്ക് സാധിച്ചത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു പിതാവേ, അല്ലെങ്കിൽ…”

ഒന്ന് ആലോചനയോടെ നിർത്തിയ ശേഷം ജോണച്ഛൻ തുടർന്നു…

“എന്നാൽ ആ നരാധമൻ ആരാണെന്ന് മനസ്സിലാക്കാൻ കഴിയുന്നതിനു മുന്നേ ആ രാത്രിയുടെ മറവിൽ നിന്നും അപ്രതീക്ഷിതമായി എന്നെ തട്ടിത്തെറിപ്പിച്ച് അയാൾ ഇരുളിലേക്ക് ഓടി മറഞ്ഞു.” പിതാവിന്‍റെ മുഖത്ത് സംശയത്തിന്‍റെ നിഴലുകൾ വീണ്ടും പടർന്നു കയറി.

“ആ സമയത്ത് എങ്ങനെ ആ കുഞ്ഞ് അവിടെയെത്തി?”

“ആണ്ട് പ്രാർത്ഥനയുടെ ഒരുക്കങ്ങൾക്കായി എത്തിയതായിരുന്നു സിസ്റ്റെഴ്‌സും കുട്ടികളും. എല്ലാവരും തിരികെ പോയെങ്കിലും ആ കുഞ്ഞുമാത്രം എന്തോ അവളുടെ അപ്പന്‍റെ ശവാക്കല്ലറയ്ക്കു മുന്നിൽ തിരികെ മടങ്ങാതെ കുറച്ചു സമയമിരുന്നു. ആ സമയത്ത് മദ്യപിക്കാനോ മറ്റോ എത്തിയതായിരിക്കണം അയാളവിടെ.”

കുറച്ചുനേരം ജോണച്ചൻ നിശബ്ദനായി ഓർമ്മകളിലൂടെ വീണ്ടും സഞ്ചരിക്കുന്നതായി തോന്നി.

“അത്യാഹിതം ഒന്നും സംഭവിക്കാത്തതിനാലും എല്ലാവരുടെയും നന്മയെ കരുതിയും അത് അവിടെ അവസാനിക്കട്ടെ എന്ന് ഞാൻ കരുതി. എന്നാൽ ആ ചിന്ത എന്നെ വല്ലാതെ വേട്ടയാടി. ഏതാനും ദിവസത്തിനകം എനിക്ക് മുന്നിലെ കുമ്പസാരക്കൂട്ടിൽ ഞാൻ അയാളെ തിരിച്ചറിഞ്ഞു. പിതാവേ… എന്നെങ്കിലും അയാളെ ദൈവം എനിക്ക് മുന്നിലെത്തിക്കുമെന്ന എന്‍റെ വിശ്വാസം. ആ നീതിമാൻ സാധിച്ചു തരുകയായിരുന്നു.”

സഭയെ എങ്ങനെ പ്രതിരോധിക്കാം എന്ന സ്പഷ്ടമായ ബോധ്യമുളള പിതാവ് തന്‍റെ മുന്നിലിരിക്കുന്ന സഭാ നിയമങ്ങളുടെ ലംഘകനെന്ന മുദ്ര ചാർത്താൻ പോകുന്ന ജോൺച്ഛനെ ആർദ്രമായി നോക്കി മനുഷ്യത്വത്തിന്‍റെ വലിയ ഇടനാഴിയിൽ നിയമങ്ങളെന്ന സാങ്കേതികതയെ നീക്കിനിർത്തിയ ദൈവിക സ്പർശമാണ് അദ്ദേഹമെന്നു പിതാവിന് അറിയാമായിരുന്നു.

“ജോൺ അച്ഛനെ ഏതായാലും കുടുംബ വീട്ടിലൊക്കെ ഒന്ന് പോയി റിലാക്സ് ആയി വരൂ. ഞാൻ റോമിലേക്ക് എഴുതുന്നുണ്ട്. എല്ലാം നന്നായി വരും.”

സ്തുതി ചൊല്ലി കൈ മുത്തി ആത്മസംതൃപ്തിയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴേക്കും പിതാവിനെ ശബ്ദം ആകാംക്ഷയോടെ വീണ്ടും ഉയർന്നു…

“അപ്പോൾ അയാൾ…”

“ഇന്നലെ പള്ളിസെമിത്തെരിക്കരികിലെ മാവിൽതൂങ്ങി…” ഒന്ന് നിർത്തി പുതിയ ഖണ്ഡിക കൂട്ടി ചേർക്കുന്ന പോലെ ജോണച്ഛൻ തുടർന്നു.

“ഇതാണ് പിതാവേ ലോകം. കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ദുഷിച്ച വ്യക്തിയെ പോലെ മലിനമായ ഉൾപ്രാരണകളെ അത്‌ വെളിപ്പെടുത്തില്ല. എന്നാൽ ഇരുൾ പടരുമ്പോൾ ആ മൃഗം സധൈര്യം പുറത്തേക്കു കുതിക്കുക തന്നെ ചെയ്യും. എന്നാൽ ദൈവികമായ വെളിച്ചം അവനെ വേട്ടയാടികൊണ്ടിരിക്കുക തന്നെ ചെയ്യും.”

പിന്നിൽ ദൈവ സോസ്ത്രം ഉയരുന്നത് കേട്ട് ജോൺ അച്ഛൻ പുറത്തേക്ക് നടന്നു. ക്രൂശിതരൂപങ്ങളിലും അലേഖനം ചെയ്ത വിശുദ്ധരുടെ മുഖങ്ങളിലും ആ സമയം പീഡയുടെ വേദനകൾ ഇല്ലായിരുന്നു. പുത്രനെയോർത്തഭിമാനിക്കുന്ന പിതാവിന്‍റെ സംതൃപ്തിയായിരുന്നു ആ മുഖങ്ങളിലെല്ലാം…

ഒച്ച്- അവസാന ഭാഗം

ചിന്തകളിൽ മുഴുകി ഫ്ലാറ്റെത്തിയത് അറിഞ്ഞില്ല. തണുത്ത വെള്ളത്തിലെ കുളി കഴിഞ്ഞ് നേർത്തു മൃദുലമായ നാരുകളുള്ള നൂലപ്പത്തിൻമേൽ വെജിറ്റബിൾ കറിയൊഴിച്ച് കഴിച്ചപ്പോൾ മനസ്സും വയറും നിറഞ്ഞു. നാരങ്ങാ ചേർത്ത ഒരു കടും കാപ്പിയെടുത്ത് ബാൽക്കണിയിൽ വന്നു നിന്നു. സന്ധ്യ ഇരുണ്ടു തുടങ്ങിയിരുന്നു. മുനിഞ്ഞു കത്തുന്ന വഴിവിളക്കുകളെ നൊടിയിടയിൽ പ്രകാശാനമാക്കിക്കൊണ്ട് വഴിയിലൂടെ ഇടക്കിടക്ക് വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഇടക്ക് കാൽനടയാത്രക്കാരും യാത്ര തുടരുന്നതു കണ്ടു.

ഞാൻ നിരത്തിൽ നിന്നും കണ്ണു പിൻവലിച്ച് കൈയ്യിലിരുന്ന ഡയറിയിലെ പേജുകൾ മറിച്ചു. ഏതാനും പേജുകൾ മറിച്ച ശേഷം എന്‍റെ ശ്രദ്ധ ഒരു പേജിൽ എഴുതിയിരുന്ന പേരിലേക്കും ആ പേരുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്കും ഏറെ നേരം ഉടക്കി നിന്നു. വീണ്ടും യാത്ര.

ചെങ്കുത്തായ മലയടിവാരത്തിലൂടെ വഴിത്താരക്കു വലതുവശം റബർ മരങ്ങൾ നിരന്നു നിൽക്കുന്നതു കൺ പായ്ച്ചുള്ള യാത്ര. അപരിചിതമായ വഴിത്താരയും മനുഷ്യരും. സാധാരണ യാത്രക്കൊടുവിൽ അപരിചിതരായ എങ്കിലും എനിക്ക് ചില പ്രത്യേകതകൾ തോന്നുന്ന മനുഷ്യർ പരിചിതരായി എനിക്കു മുന്നിൽ വല്ലപ്പോഴും മിഴിവാർന്ന് തെളിഞ്ഞു നിൽക്കാറാണ് പതിവ്. എനിക്ക് ബാക്കി ചില്ലറ തരാനുള്ള കട്ടി ക്കണ്ണടക്കാരൻ അത്തരത്തിലുള്ള ഒരാളാണ്.

മൂക്കിലേക്കിറങ്ങിയ കട്ടി ഗ്ലാസ്സിനു മുകളിലൂടെയുള്ള അയാളുടെ നോട്ടം ഓർമ്മ വരുന്നു. അയാളുടെ പേരു പോലും ചോദിച്ചു മനസ്സിലാക്കിയില്ലെന്ന ഖേദമുണ്ട്. ജീവിതയാത്രയിൽ ഏതെങ്കിലും വഴിത്താരയിൽ വച്ച് ചിലപ്പോൾ അയാളെ കണ്ടുമുട്ടാം അല്ലെങ്കിൽ ജീവിതാന്ത്യം വരെ കണ്ടുമുട്ടാത്തെയുമിരിക്കാം.

തുടർച്ചയായ യാത്രകൾക്കു ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി. എന്നിരുന്നാലും ഒന്നു രണ്ടു ദിവസത്തിനു ശേഷമേ ഓഫീസിൽ പോകു എന്നു തീരുമാനിച്ചു. രണ്ടു ദിവസത്തെ യാത്രയുടെ ക്ഷീണം മനസ്സിനെയും ശരീരത്തെയും ബാധിച്ചു. റബർ മരങ്ങൾക്കിടയിൽ വട്ടം ചുറ്റുന്ന കാറ്റ് ഇപ്പോഴും ചെവിക്കുള്ളിൽ ചൂളമടിക്കുന്ന പോലെ തോന്നി. ആ മരങ്ങൾക്കിടയിലെ തണുത്ത വിജനത നേരിയ ഭയപ്പാടായി ഭ്രൂണത്തെ പോലെ മനസ്സിൽ പറ്റി നിന്നു. ഇനി ഇതു വച്ചു താമസിപ്പിക്കരുത് തോമാച്ചനെ വിളിച്ച് ഈ അദ്ധ്യായം അവസാനിപ്പിക്കണം!

സംശയത്തിന്‍റെ നിഴലുകൾ സംഗമിക്കുന്നത് ഒരാളിലേക്കാണ്. മറ്റാരിലേക്കും ആ ഇരുണ്ട നിഴലുകൾ വന്നു പതിക്കുന്നില്ല. എന്‍റെ നിഗമനങ്ങൾ തോമാച്ചനെ അറിയിക്കണം. ഈ കദന കഥയിൽ നിന്നും എനിക്ക് ഉടനെ വിടുതൽ വേണം.

തോമാച്ചൻ പതിവുപോലെ തിരക്കിലാണ് ഇക്കൂറി കാട്ടിൽ നിന്നും സിനിമാ ലൊക്കേഷൻ മാറിയിരിക്കുന്നു. അല്പം അകലെയുള്ള ഒരു ഗ്രാമപ്രദേശത്താണ്! സിനിമാ ഷൂട്ടിംഗ്, അവിടെ ഏകദേശം പത്തിരുപതു ദിവസത്തോളം ഷൂട്ടിംഗ് കാണുമെന്ന് പറഞ്ഞ് തോമാച്ചൻ എന്നെ അവിടേക്ക് ക്ഷണിച്ചു. ഷൂട്ടിംഗ് തീരും വരെ കൂടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടു.

ഏൽപ്പിച്ച ജോലി കൃതാർത്ഥതയോടെ നിർവഹിച്ച് എന്നോട് യാത്ര പറഞ്ഞു പോയ ജോണി അവിടെ ഷൂട്ടിംഗുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും തോമാച്ചൻ പറഞ്ഞു. വാഹനം ഏർപ്പാടാക്കി തരാമെന്നു പറഞ്ഞതോടെ ഞാൻ പോകാൻ തീരുമാനിച്ചു.

പുലർകാലത്തെ നേരിയ തണുപ്പു ശമിക്കാത്ത ഒരുച്ചക്കു മുമ്പ് കാറു വന്നു. തലേന്ന് ഒരുക്കി വച്ചതെല്ലാം തുണി സഞ്ചിയിലാക്കി ഞാൻ. ട്രീസയോടും അമ്മയോടും യാത്ര പറഞ്ഞ് ഞാൻ വീടുവിട്ട് പുറത്തിറങ്ങി.

സൂര്യശകലങ്ങൾ ഏറ്റിട്ടും തണുപ്പു വിട്ടു പോകാത്ത പ്രകൃതിയും പരിസരങ്ങളും. രസികനായ ഡ്രൈവർ സാനു തുടക്കത്തിലെ പരിചയക്കുറവ് മാറിയപ്പോൾ മനസ്സു തുറന്ന് സംസാരിക്കാൻ തുടങ്ങി. പാഥേർ പാഞ്ചാലിയും ഗോഡ‌്ഫാദറും കണ്ട് ഹരം കയറിയ സാനു സംവിധായകനാകാൻ മോഹിച്ച് വീടുവിട്ടതാണ്. തുടക്കത്തിൽ വീട്ടുകാരിൽ നിന്നും ലഭിച്ച പിന്തുന്ന പിന്നീട് ലഭിക്കാതെയായി. എന്നാൽ സംവിധാനം പോയിട്ട് സഹസംവിധാനം പോലും എളുപ്പമല്ലെന്ന തിരിച്ചറിവിൽ ഏറെ വൈകാതെ സാനു എത്തിച്ചേർന്നു.

അങ്ങനെ ഏറെ പണിപ്പെട്ട് ഒരു ഷൂട്ടിംഗ് സൈറ്റിൽ സംവിധായകനെ കാണാൻ അനുവാദം ലഭിച്ച് ചെന്നപ്പോൾ ദേഷ്യം വന്ന് വിറച്ച് നിൽക്കുന്ന സംവിധായകനെയാണ് കണ്ടത്. എങ്ങോ തിടുക്കപ്പെട്ട് പോകാന റെഡിയായി നിന്ന അദ്ദേഹത്തിന്‍റെ ഡ്രൈവർ സമയത്തിന് എത്തിച്ചേർന്നിരുന്നില്ല. അങ്ങനെ പ്രൊഡക്ഷൻ കൺട്രോളർ ഇടപെട്ടു. അങ്ങനെ ഒടുവിൽ സാനു ആ യൂണിറ്റിലെ ഡ്രൈവർ ആയി നിയമിക്കപ്പെട്ടു.

സെറ്റിൽ എതെങ്കിലും പോസ്റ്റിൽ കയറിപ്പറ്റുക പിന്നീട് ഒരവസരം വന്നാൽ സഹസംവിധായകനാകാം എന്ന ഉദാഹരണങ്ങൾ നിരത്തിയുള്ള സുഹൃത്തിന്‍റെ ഉപദേശം നടപ്പിൽ വരുത്തുക മാത്രമായിരുന്നു സാനു ചെയ്തത്. എന്നാൽ സാനു പിന്നീടേറെ പരിശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും ഫലവത്തായില്ല. സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ ഇപ്പോഴും അവശേഷിക്കുന്നു.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ ഡ്രൈവറായി പോകുന്നത് മനസ്സു തകർക്കുന്ന കാര്യമെങ്കിലും പിന്നെ പിന്നെ യാഥാർത്ഥ്യങ്ങളോട് മനസ്സ് പൊരുത്തപ്പെട്ടു. കുണ്ടിലും കുഴിയിലും ചാടിക്കാതെ മികച്ച രീതിയിൽ കാറോടിക്കുന്ന സാനുവിനെ സവാരിക്കാർ പൊതുവെ ഇഷ്ടപ്പെട്ടു തുടങ്ങി. പൊതുവെ സെറ്റിൽ പ്രിയങ്കരനായി സാനു മാറി. സംവിധായകനാകാനുള്ള സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുന്നെങ്കിലും ജീവിതം മുന്നോട്ടു പോകുന്നു. എങ്കിലും ഒരു നാൾ സംവിധായകനാകുമെന്ന പ്രതീക്ഷ സാനു പങ്കുവച്ചു.

എന്തുകൊണ്ടോ ആ പ്രതീക്ഷ സഫലമാകില്ലെന്ന് എനിക്കു തോന്നി. കാരണം സാനു ഡ്രൈവർ എന്ന തസ്തികയിൽ അവരോധിക്കപ്പെട്ടിരിക്കുന്നു. സിനിമാവൃത്തങ്ങളിൽ സാനു ഡ്രൈവർ സാനുവാണ്. ഇനിയവന് സ്വപ്നം സഫലീകരിക്കാനുള്ള കടമ്പകൾ ഏറെയാണ്. ഒരാൾ ഏതെങ്കിലും ഒരു കാറ്റഗറിയിൽ സ്റ്റാമ്പു ചെയ്യപ്പെട്ടു കഴിഞ്ഞാൽ അവന് അതിൽ നിന്നൊരു മോചനം എളുപ്പമല്ല. ഇപ്പറഞ്ഞതിന് അപവാദം ഇല്ലെന്നല്ല. എങ്കിലും അത് തീർത്തും അപൂർവ്വതയായിട്ടാണ് അനുഭവപ്പെടുന്നത്. ഓരോരുത്തരും ചെയ്യുന്ന തൊഴിലിനെ ആസ്പദമായി പേരിനോടൊപ്പം തൊഴിൽ പേരു ചേർത്തു വിളിക്കുന്ന പ്രവണത സമൂഹത്തിൽ ഉണ്ട്.

എളുപ്പത്തിൽ തിരിച്ചറിയുക മാത്രമല്ല അതിനു പിന്നിലെ ലക്ഷ്യം എന്നു കരുതുന്നതിൽ തെറ്റുണ്ടെന്നു പറയാനാകില്ല. അങ്ങാടിയിൽ മുട്ടക്കച്ചവടം നടത്തി സമ്പന്നനായ ജോയി, സ്വർണ്ണപ്പീടിക തുടങ്ങി ജോയി മുതലാളിയായപ്പോഴും പഴയ മുട്ട ജോയി എന്ന വിളിപ്പേര് ജോയിക്ക് കൈമോശം വന്നില്ല. ഏതായാലും സാനുവിന്‍റെ ജീവിതം മുന്നോട്ടു പോകുന്നു.

ഈയിടെ വിവാഹവും കഴിച്ചു. വിവാഹത്തിന് ആശംസകൾ നേരാനെത്തിയ പ്രശസ്തനായ കോമഡി താരത്തെക്കുറിച്ചും അയാളുമായുള്ള ആത്മബന്ധത്തെക്കുറിച്ചും സാനു വാചാലനായി.

അപ്പോഴേക്കും നഗരപ്രദേശം കടന്ന് നാട്ടിൻ പുറത്തേക്ക് കടന്നിരുന്നു. ഇരുവശത്തും പച്ചപ്പ് പടർന്ന പാടം. അവയെ കീറി മുറിച്ചെന്ന പോലെ അകലങ്ങളിലേക്കു നീളുന്ന കറുത്ത പാത. വിൻഡോ തുറന്നപ്പോൾ ടാറിന്‍റെ മുഷിപ്പൻ ഗന്ധം മൂക്കിലേക്കു തിരതള്ളി

വലിയൊരു അരയാൽ മരത്തിന്‍റെ തണലിൽ കണ്ട തട്ടുകടക്കു മുന്നിൽ കാറു നിന്നു. സാനുവും ഞാനും പുറത്തിറങ്ങി. ടാറിന്‍റെ ഗന്ധം രൂക്ഷമായി മുഖത്തേക്കടിച്ചു. ഞാൻ തൂവാല കൊണ്ടു മൂക്കുപൊത്തിയ ശേഷം തട്ടുകടക്കു മുന്നിൽ കണ്ട മര ബഞ്ചിൽ പോയിരുന്നു.

കടക്കു പുറകെ പച്ച തഴച്ച പാടം. ചേറിനെ തഴുകിയ ഇളങ്കാറ്റ് പുതുതായി പണിത റോഡിലെ ടാറിന്‍റെ ഗന്ധത്തെ തെല്ല ശമിപ്പിച്ചെന്നു തോന്നി. തട്ടുകടക്ക് മുന്നിൽ ഞാത്തിയിട്ടിരിക്കുന്ന കാർഡ് ബോഡ് വില വിവരപ്പട്ടിക പരിശോധിക്കുകയായിരുന്നു സാനു. എന്താണ് ആവശ്യമുള്ളത് അത് വാങ്ങിക്കാൻ മൗനാനുവാദം നല്ലി ഞാൻ ഭീമാകാരനായ ആൽമരത്തേക്ക് കൺ പായിച്ചു. ആൽമരത്തിലെ പരശ്ശതം ഇലയടരുകളിൽ കാറ്റു നിരന്തരം പിടിച്ചു.

കാറിനകത്തിരുന്നപ്പോൾ എന്നെ ബാധിച്ച മുഷിവും മടുപ്പും ആലിലപ്പടർപ്പിൽ താളം തല്ലിയ കാറ്റ് കുടഞ്ഞു കളഞ്ഞു. തെല്ലിട കഴിഞ്ഞ് മര്യാദക്കാരനായ സാനു പരന്ന പാത്രത്തിൽ വെന്ത കൊള്ളി കൊണ്ടു വച്ചു വാഴയിലയുടെ ജൈവ സാന്ദ്രതയിൽ തിടം കൊണ്ട നേർത്ത ജീവസൂലിഴകൾ വിലയിച്ച പാഥേയം. അതിൻമേൽ വിരലൊന്നമർത്തിയപ്പോഴേക്കും പാഥേയമുടഞ്ഞു. പാഥേയത്തിനു കൂട്ടെന്തെന്ന എന്‍റെ മുഖമുയർത്തലിന് മറുപടിയായി തിള വന്നതിനു ശേഷം അടച്ചു വച്ച ചരുവത്തിൽ നിന്നും ചിരട്ടകയിലിൽ തെള്ളിയെടുത്ത മീൻ കറിയുമായി സാനു വന്നു. പരന്ന പിഞ്ഞാണത്തിനു നടുക്ക് അലങ്കാരമായി മീൻ നട്ടു. കൊള്ളി കുഴച്ച് ചാറിൽ മുക്കി ഒന്നു കുഴച്ച് ആദ്യത്തെ കൊള്ളിയുരുള ഞാൻ അൽപ്പാൽപ്പമായി കഴിച്ചു. നാവിലെ രസമുകുളങ്ങൾ ഉണർന്നു. ആ രുചിക്കൂട്ടിനെ സഹർഷം വരവേറ്റു. പിഞ്ഞാണങ്ങൾ നിറഞ്ഞു ഒഴിഞ്ഞു.

വയറും മനസ്സും നിറച്ച ആ പരിസ‌രത്ത് അല്പനേരം കൂടെ ഇരിക്കാൻ മനസ്സു ആഗ്രഹിച്ചെങ്കിലും വേഗം സങ്കേതമണയണമെന്നുള്ള ബോധം എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. വീണ്ടും സാനുവിന്‍റെ വിദഗ്ദ കരങ്ങളെ ആശ്രയിച്ചുള്ള യാത്ര തുറന്നിട്ട ഗ്ലാസ്സുകളുടെ പരിസരവും പ്രകൃതിയും മാറി. പ്രധാന പാത വിട്ട് നാട്ടുവഴിയിലേക്ക് വാഹനം കടന്നു. ഇടക്ക് വാഹനം ഒന്നു നിറുത്തി പുതുമഴച്ചുവയോടെ ഒരു ചായ കഴിച്ചതൊഴിച്ചാൽ വാഹനം അനസുതപ്രവാഹത്തിലലിഞ്ഞു. ഒറ്റപ്പെട്ട കരിമ്പനകളും പാടങ്ങളും വാഴത്തോപ്പുകളും താണ്ടി വാഹനം ഒരിടത്തരം രണ്ടുനില കെട്ടിടത്തിനു മുൻപിൽ കിതപ്പോടെ വന്നു നിന്നു.

പുറത്ത് സന്ധ്യ ഇരുണ്ടു തുടങ്ങിയിരുന്നു. സാമാന്യം ഭേദപ്പെട്ട ഒരു വഴിയമ്പലം ആയിരുന്നു അത്. സാനു എന്നെ അതിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി റിസപ്ഷനിലിരിക്കുന്ന മധ്യവയസ്കന് എന്നെ പരിചയപ്പെടുത്തി പരിചയപ്പെടുത്തലിനു ശേഷം ചിരപരിചിതനായ സതീർത്ഥ്യനെ പോലെ അയാൾ റൂമിന്‍റെ ചാവി എടുത്തു തന്നു. പിറ്റേന്ന് പുലർകാലേ വരാമെന്ന് യാത്ര പറഞ്ഞ് സാനു പോയി.

ചെറിയ മുറി. നല്ല വൃത്തിയും വെടിപ്പുമുള്ള മുറി. ഇളം നിറത്തിനുള്ള കിടക്ക വിരിയും കർട്ടനുകളും മുറിയിൽ കയറിയ പാടേ കണ്ണിലുടക്കി. കിടക്ക കണ്ടതും അതുവരെ പുറം കാണാതിരുന്ന ക്ഷീണം സർവ്വപ്രതാപത്തോടെ എന്നെ ചുറ്റി വരിഞ്ഞു. ഒപ്പം വിശപ്പും റിസപ്ഷനിൽ വിളിച്ചു വിവരം പറഞ്ഞ് അഞ്ചു മിനിറ്റിനുള്ളിൽ പരിചാരകനെത്തി. അയാൾ പറഞ്ഞ അത്താഴ വിഭവങ്ങളിൽ മനസ്സിലുടക്കിയത് റൊട്ടിയും സബ്ജിയുമാണ്. മറ്റെന്തോ ചിന്തയിലാണ്ട ഞാൻ റൊട്ടിക്കും സബ്ജിക്കുമായി സമ്മതം നല്കി. റൊട്ടിയും സബ്ജിയും വന്നു.

തട്ടുകടയിലെ രൂചിയോർമ്മയിൽ റൊട്ടി സബ്ജിയിൽ മുക്കിക്കഴിച്ച ഞാൻ നിരാശനായി. യാതൊരു രുചിയുമില്ലാത്ത പദാർത്ഥം. ഉണങ്ങിയ റൊട്ടിക്കു മുകളിൽ പൊള്ളത്തിനു മേൽ കരിഞ്ഞ് അടർന്ന മേലാപ്പ്. ഉരുളക്കിഴങ്ങും വഴുതനങ്ങയും കുഴഞ്ഞ കുണ്ടു പിഞ്ഞാണത്തിലെ സബ്ജി. അരുചികരമായ ഒരു ചിന്ത് റൊട്ടിയുടേയും കറിയുടേയും മിശ്രിതം. ഏറെ പണിപ്പെട്ട് ഞാൻ ചവച്ചിറക്കി നീരാസത്തോടെ രണ്ടു പ്ലേറ്റുകളും മുറിയുടെ മൂലയിലേക്ക് നീക്കി വച്ചു. വേണമെങ്കിൽ റിസപ്ഷനിലെ ചിരപരിചിതനായ സതീർത്ഥ്യനോട് വിവരം പറഞ്ഞ് മറ്റെന്തിലും ആഹാരം ആവശ്യപ്പെടാം. വേണ്ട. ശരീരവും മനസ്സും ഉടനെ വിശ്രമം ആഗ്രഹിക്കുന്നു. പിന്നെ അത്താഴം അത്തിപ്പഴത്തോളം എന്നല്ലേ ചൊല്ല്. അത്തിപ്പഴത്തോളം അത്താഴം ഭുജിച്ചു കഴിഞ്ഞു. നേരിയ ചൂടുള്ള ജീരകവെള്ളം രണ്ടു ഗ്ലാസ്സ് നിറയെ മൊത്തികുടിച്ചു വന്നു കിടന്നു.

നിരത്തിലെ ഏതൊ വഴിവിളക്കിൽ നിന്നും ശക്തിയേറിയ പ്രകാശം ജനലഴിയിലൂടെ പ്രസരിച്ചു കൊണ്ടിരുന്നു. ടാറിന്‍റെ ഗന്ധം മൂക്കിനെന്ന പോലെ കണ്ണിമക്ക് ആ പ്രകാശം അലോസരമായിത്തോന്നി കണ്ണിമ ചിമ്മിയാലും കൺപോളകളെ തുരന്ന് പ്രകാശം വമിച്ചു കൊണ്ടിരുന്നു എഴുന്നേറ്റ് ജനലിലെ കർട്ടൻ ശരിയായി വലിച്ചിട്ടപ്പോൾ പ്രകാശത്തിന്‍റെ സാന്ദ്രതക്ക് അല്പം കുറവു വന്നു. പെട്ടെന്ന് ഉറങ്ങുമെന്ന് നിനച്ചെങ്കിലും ആ നിനവ് തെറ്റെന്ന് ബോധ്യമായി. ശബ്ദമുയർത്തിക്കൊണ്ടിരുന്ന ഫാനിന്‍റെ വേഗത കുറച്ചു. ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.

നാളെ സാനു വരും സാനുവിന്‍റെ കൂടെ തോമാച്ചന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകണം. തോമാച്ചനെ കാണണം. കഥയുടെ ചുരുളഴിക്കണം. സാധ്യമെങ്കിൽ ഇന്നു തന്നെ മടങ്ങി പോകണം. ഇനിയിവിടെ ഇതു മാത്രമേ ബാക്കിയുള്ളൂ. അപരിചിതത്വത്തിന്‍റെ മേലാപ്പ് അണിഞ്ഞതിനാലാകാം ഈ വാസസ്ഥലത്തോടും പരിസരത്തോടും അകൽച്ച തോന്നുന്നത്. ഉറക്കം വന്നനുഗ്രഹിക്കാത്തതിന്‍റെ കാരണം തേടി മറ്റൊന്നിലേക്കും പോകേണ്ടതില്ല.

നിരത്തിലെ വാഹനങ്ങളുടെ മുരൾച്ച നേർത്തു. പിന്നെ വല്ലപ്പോഴുമായി ശമിച്ചു. മുനിഞ്ഞു പ്രസരിച്ചു കൊണ്ടിരുന്ന പ്രകാശ ധാരയും തെല്ലു ശമനം പൂണ്ടു. ജീവബിന്ദുക്കളിൽ മിക്കവരും സങ്കേതമണഞ്ഞു കഴിഞ്ഞിരുന്നു. നാളെ ഞാനും എന്‍റെ സങ്കേതമണയും. അതിനു മുൻപ് കഥയുടെ കെട്ടഴിക്കണം. അതെവിടെ നിന്നു തുടങ്ങണം?

കഥ തുടങ്ങുന്നത് ആൻറണി പൈലോക്കാരനിൽ നിന്നാണ്. നാട്ടിലെ സാമാന്യം ഭേദപ്പെട്ട സമ്പന്നനും പൊതുകാര്യ പ്രസക്തനുമായിരുന്ന ആന്‍റണി പൈലോക്കാരൻ. അല്പസ്വല്പം സാമൂഹിക സേവനത്തിലും താത്പര്യം കാണിച്ചിരുന്ന പൈലോക്കാരന്‍റെ തൊഴിൽ പരമ്പരാഗതമാറിക്കിട്ടിയ മില്ലു നടത്തിപ്പായിരുന്നു. കുലീന കുടുംബത്തിലെ അംഗമായിരുന്ന ക്ലാരയെ വിവാഹം ചെയ്ത പൈലോക്കാരന്‍റെ ആഗ്രഹം കടപ്പുറത്തെ മണൽത്തരികളുടെ അത്രയും എണ്ണം സന്താനങ്ങളുണ്ടാകുക എന്നതായിരുന്നു. മൂന്ന് സന്താനങ്ങളെ നല്കി ക്ലാര പൈലോക്കാരന്‍റെ ആഗ്രഹത്തെ തന്നാലാവും വിധം സഫലീകരിച്ചു.

സന്തോഷഭരിതമായ കുടുംബത്തിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടത് പെട്ടന്നായിരുന്നു. ആ അസ്വാരസ്യങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു അമൽ എന്ന പാവം പയ്യൻ. അരി മില്ലിൽ ജോലിക്കു വന്നിരുന്ന സ്ത്രീയിൽ പൈലോക്കാരന് ജനിച്ച അമൽ. ഈ വിവരം പലരും പറഞ്ഞ് ക്ലാര അറിഞ്ഞെങ്കിലും തന്നെയും കുടുംബത്തെയും ഒരു തരത്തിലും ബാധിക്കാത്ത ഒരു വിഷയമായിക്കണ്ട് അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ സാധുവായ അമലിന്‍റെ അമ്മ അസുഖബാധിതയായി മരിച്ചതിനു ശേഷം ഉണ്ടായ സംഭവങ്ങൾ ക്ലാരുടെ മനസ്സിൽ അസ്വസ്ഥത പടർത്തി. പൈലോക്കാരൻ രണ്ടും കല്പിച്ച് അനാഥനായ അമലിനെ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു. ക്ലാരക്ക് ഒരിക്കലും ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല ഈയൊരു തീരുമാനം. പൈലോക്കാരനും വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല.

അമലിനെ അനാഥാലയത്തിൽ ചേർക്കണമെന്നായിരുന്നു ക്ലാരയുടെ ആവശ്യം. അമലിനെ കുടുബാംഗമായി കാണാനോ ആ നിലക്കുള്ള അവകാശങ്ങളോ ആനുകൂല്യങ്ങളോ അമലിന് ലഭിക്കുവാനോ ഉള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ക്ലാരയുടെ ലക്ഷ്യം. ഈയൊരു നിർബന്ധബുദ്ധി അംഗീകരിക്കാൻ പൈലോക്കാരൻ ദരിക്കലും തയ്യാറായിരുന്നില്ല. അങ്ങനെ ആ കുടുംബത്തിൽ നടന്ന നിരന്തരമായ സംഘർഷങ്ങൾക്കൊടുവിൽ പൈലോക്കാരൻ ഹൃദയാഘാതം മൂലം അന്തരിച്ചു. ഇതിനെല്ലാം ദ്യക്സാക്ഷിയായി വ്രണിത ഹൃദയനായി ആന്‍റപ്പൻ ഉണ്ടായിരുന്നു. പൈലോക്കാരൻ അന്തരിച്ച് ഏറെ താമസിയാതെ ക്ലാര തന്‍റെ പദ്ധതി നടപ്പിലാക്കി.

ബാലനായ അമലിനെ ഇരുചെവിയറിയാതെ അനാഥമന്ദിരത്തിൽ പ്രവേശിപ്പിച്ചു. അങ്ങനെ അവർ എന്നന്നേക്കുമായി അമലിനെ ഉപേക്ഷിച്ചു. പിന്നീടവർ ഒരിക്കൽ പോലും അമലിനെ കാണുകയുണ്ടായില്ല. അരക്ഷിതമായ അനുഭവം കൊണ്ട് അമലിനും കാര്യമായ ഒരടുപ്പം ക്ലാരയോടോ അവരുടെ കുടുംബാംഗങ്ങളോടോ ഉണ്ടായിരുന്നില്ല അതോടെ ആ അദ്ധ്യായം അവസാനിച്ചു.

അനാഥാലയത്തിലെ ജീവിതം പൊതുവെ സമാധാനപരമായിരുന്നെങ്കിലും ദുര്യോഗം അമലിനെ പിൻതുടർന്നുകൊണ്ടിരുന്നു. അതിനു കാരണമായിത്തീർന്നത് പുതുതായി ചാർജെടുത്ത അനാഥാലയത്തിലെ മേട്രനായിരുന്നു. അങ്ങനെ കഥയുടെ മറ്റൊരദ്ധ്യായം ചുരുളഴിഞ്ഞു വരുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെ മേട്രന്‍റെ ശ്രദ്ധയിൽ അമൽ അകപ്പെട്ടതോടെ  ആ പയ്യന്‍റെ ദുര്യോഗം ആരംഭിക്കുകയായിരുന്നു.

ശരി! ഇതുവരെ പറഞ്ഞ അധ്യായത്തിൽ നിന്നും എന്ത് ചോദ്യമായിരിക്കും തോമാച്ചന് ചോദിക്കാനുണ്ടാവുക? തീർത്തും വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണിവ. ഒന്നിലേറെ ആളുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്ത് വസ്തുതകളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച വിവരങ്ങളാണിവ. തെളിവു ചോദിച്ചാൽ ഷർട്ടിലെ പോക്കറ്റിൽ എപ്പോഴും കൊണ്ടു നടക്കുന്ന പേനയുടെ ഓർമ്മയറയിൽ ഒളിപ്പിച്ച സംഭാഷണശകലങ്ങളുണ്ട്.

മേട്രൻ! പുതുതായി അനാഥാലയത്തിൽ ജോയിൻ ചെയ്ത സ്റ്റാഫുകളെക്കുറിച്ചുള്ള അന്വേഷണമാണ് മേട്രനിലേക്ക് എന്‍റെ ശ്രദ്ധ കൊണ്ടെത്തിച്ചത്. അവിടുത്തെ സ്റ്റാഫുകളെക്കുറിച്ചുള്ള വിവരങ്ങളും അവിടുത്തെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും ഭൂമിശാസ്ത്രപരമായ കിടപ്പിനെക്കുറിച്ചുള്ള വിവരങ്ങളും പിന്നെ അവിടെയുള്ള ജീവനക്കാരുടെ പശ്ചാത്തലവും എന്നെ അറിയിച്ചത് ജോണിയാണ്. തുടക്കത്തിൽ പുറമെ നിന്നുള്ള ഒരു ഗൂഢാലോചന ഞാൻ സംശയിച്ചിരുന്നു. ക്ലാരയുടെ ഇടപെടലുകൾ തന്നെയായിരുന്നു സംശയാസ്പദമായി തോന്നിയിരുന്നത്. എന്നാൽ അമലിനെ അനാഥാലയത്തിൽ എത്തിച്ചതോടെ പ്രശ്നങ്ങളെല്ലാം തീർന്നെന്ന ധാരണയിൽ അവർ അവരുടേതായ ജീവിതവുമായി മുമ്പോട്ട് പോകുകയാണ് ഉണ്ടായത്.

അതോടെ അമലിന്‍റെ ദൗർഭാഗ്യകരമായ മരണത്തിനു പിന്നിൽ അനാഥാലയത്തിനുള്ളിൽ തന്നെയുള്ളവരുടെ പങ്ക് ഞാൻ സംശയിച്ചു. അവിടുത്തെ എല്ലാ ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അമലിന്‍റെ കൂടെ താമസിക്കുന്നവരുടെ കൂട്ടുകാരുടെ. ആർക്കും അമലിലോട് വിരോധമില്ല. വാത്സല്യം മാത്രം. എന്നാൽ ആ ആശ്രയ കേന്ദ്രത്തിലെ ഒരാൾക്ക് അമലിനോട് അതിരു കടന്ന വാത്സല്യമായിരുന്നു.

ആ അതിരു കടന്ന വാത്സല്യം തന്നെയായിരുന്നു അമലിന്‍റെ ജീവനെടുത്തതെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയാൻ കഴിയും. വാത്സല്യം എന്നൊന്നും ആ വികാരത്തെ പറയാൻ കഴിയുകയില്ല. പല തരം വ്യഖ്യാനങ്ങളും നാനാർത്ഥങ്ങളും ആ ജൈവവികാരത്തിന് പറയേണ്ടി വരും. ടൂർ യാത്രയിലും മറ്റു പല സന്ദർഭങ്ങളിലും അമലിന് ആ ഒരു അതിരു കടക്കൽ അനുഭവിക്കേണ്ടി വന്നു. പിന്നെ പിന്നെ ആ അനുഭവങ്ങൾക്ക് തീവ്രത ഏറി വന്നു. എന്തെങ്കിലും ഒക്കെ കുറ്റങ്ങൾ ആരോപിച്ച് മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്ന മേട്രന്‍റെ സ്നേഹപ്രകടനങ്ങൾ. കർശനമായ അച്ചടക്ക സംവിധാനങ്ങൾ പിൻതുടരുന്ന ആ ആശ്രയ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ അമൽ ആവതു ശ്രമിച്ചെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല.

ഒടുവിൽ എങ്ങനെയോ പൈലോക്കാരന്‍റെ വീട്ടുവിലാസം കണ്ടുപിടിച്ച് താൻ നേരിടുന്ന വിഷമതകൾ വിവരിച്ച് കത്തു തയ്യാറാക്കി ടൂറിനു പോയ വേളയിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ അയക്കുകയും ചെയ്തു. കർശനമായ പരിശോധനയില്ലാതെ കത്തുകളൊന്നും ആശ്രയ കേന്ദ്രത്തിന്‍റെ പുറത്ത് പോകുമായിരുന്നില്ല.

ആ കത്ത് കൃത്യമായിത്തന്നെ പൈലോക്കാരന്‍റെ മേൽവിലാസത്തിൽ ലഭിക്കുകയും ചെയ്തു. എന്നാൽ ആന്‍റപ്പനാണ് ആ കത്തുലഭിച്ചത്. ആ കുടുംബത്തിൽ നിന്നും ഉപേക്ഷിതനായ ഒരാൾക്കു വേണ്ടി എന്തിന് ‘ഇടപെടണം എന്ന തോന്നലിൽ ആ കത്ത് നശിപ്പിച്ചു കളഞ്ഞു. കത്ത് ആ വീട്ടില ആരുടെ കൈയ്യിൽ എത്തിച്ചേരുമായിരുന്നെങ്കിലും ആരും വേണ്ട നടപടിയൊന്നും എടുക്കാൻ പോകുമായിരുന്നില്ലെന്നത് തർക്കമറ്റ വസ്തുതയാണ്.

പല വഴിക്ക് ചിതറിയ അന്വേഷണത്തിന് ഒരു ലക്ഷ്യം കൈവന്നത് ആ കത്തിലെ ഉള്ളടക്കമാണ്. ഏറെ പണിപ്പെടേണ്ടി വന്നു കത്തിലെ വിവരങ്ങൾ ആന്‍റപ്പനിൽ നിന്നും ലഭിക്കുവാൻ. ആ കത്തു ലഭിച്ച തീയതി ആന്‍റപ്പൻ കൃത്യമായി ഓർക്കുന്നുണ്ട്. ആ കത്തു ലഭിച്ച് മൂന്നാഴ്ചക്കു ശേഷം അമൽ കൊല്ലപ്പെട്ടു. ആ മൂന്നാഴ്ചക്കുള്ളിൽ കാര്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്‍റെ സംശയം അമലിന്‍റെ കത്ത് ആന്‍റപ്പൻ നശിപ്പിച്ചിട്ടില്ല. എത്തിക്കേണ്ടിടത്ത് എത്തിയിരിക്കാൻ സാധ്യതയുണ്ട്എന്നാണ് എന്‍റെ നിഗമനം.

ഒറ്റപ്പെട്ട ഒരിരയോട് പരിഷ്കൃത സമൂഹത്തിന്‍റെ പ്രതിബദ്ധത. നീതി തേടി താൻ നേരിടുന്ന പീഢനങ്ങൾ പോലീസിൽ അറിയിക്കാൻ അമൽ ഒരു ശ്രമം നടത്തി. അതും വിഫലമായി അമൽ പോലീസിന് എഴുതിയ പരാതിക്കത്ത് കൃത്യമായിത്തന്നെ സെക്യൂരിറ്റിക്കാരൻ എത്തേണ്ടിടത്ത് എത്തിച്ചു. സ്വന്തം നിലനിൽപ്പുതന്നെ അപകടത്തിലാക്കാവുന്ന പ്രവർത്തിയിലാണ് അമൽ എന്ന് മേട്രൻ തിരിച്ചറിഞ്ഞു. അവരുടെ അനുനയനശ്രമങ്ങളൊന്നും ഫലവത്തായില്ല. താൻ നേരിട്ട പീഢനങ്ങൾ പുറം ലോകത്തെ അറിയിക്കുമെന്ന നിലപാടിൽ അമൽ ഉറച്ചു നിന്നു. വലിയൊരു വിപത്താണ് ആശ്രയ കേന്ദ്രത്തേയും തന്നെയും കാത്തിരിക്കുന്നതെന്ന് മേട്രൻ ഭീതിയോടെ മനസ്സിലാക്കി. ആ വിപത്തിന്‍റെ കേന്ദ്ര ബിന്ദുവായ അമലിനെ വല്ലവിധവും ഇല്ലായ്മ ചെയ്യണമെന്ന ദുഷ്ടബുദ്ധി അവരുടെ ചിന്തയിൽ വേരുന്നി. അതിനായുള്ള കരുക്കൾ തന്‍റെ ആജ്ഞാനുവർത്തിയായ സെക്യൂരിറ്റിക്കാരനുമായി ചേർന്ന് അവർ തന്ത്രപൂർവ്വം നീക്കി. അവരുടെ നിർദേശപ്രകാരം സെക്യൂരിറ്റിക്കാരൻ അമലിനെ അയാൾ താമസിക്കുന്ന അനാഥമന്ദിരത്തിന്‍റെ കിഴക്കുവശത്തുള്ള ക്വാർടേഴ്സിൽ വിളിച്ചു വരുത്തി.

പ്രശ്നപരിഹാരത്തിനെന്ന മട്ടിലായിരുന്നു അമലിനെ വിളിച്ചു വരുത്തിയത്. പലവിധ പ്രലോഭനങ്ങൾ അമലിനോടയാൾ വാഗ്ദാനം ചെയ്തെങ്കിലും യാതൊരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന ശക്തമായ നിലപാടായിരുന്നു അമലിന്‍റേത്. ഒടുവിൽ വാക്കുതർക്കങ്ങൾക്കൊടുവിൽ ക്വാർട്ടേഴ്സിൽ നിന്നും പുറത്തിറങ്ങിയ അമലിനെ പുറകിൽ നിന്നും ഇരുമ്പുവടി കൊണ്ട് അയാൾ അടിച്ചുവീഴ്ത്തി.ആ കോംപൗണ്ടിനകത്ത് എന്ത് വിഷയമുണ്ടായാലും പുറംലോകം അറിയില്ലെന്ന ഉറപ്പും ശമ്പള വർദ്ധനയും കാര്യമായ ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന മകന് മാനേജർ ജോലിയും ആ പരിസരത്ത് പറമ്പ് വളച്ചുകെട്ടിയെടുക്കാനുള്ള സമ്മതവുമായിരുന്നു അയാളുടെ പാടത്തെ പണിക്കുള്ള മേട്രൺ വാഗ്ദാനം ചെയ്ത വരമ്പത്തെ കൂലി.

അടി കൊണ്ട് അമൽ അർദ്ധബോധാവസ്ഥയിൽ അല്പദൂരം മുന്നോട്ടാഞ്ഞ ശേഷം ചതുപ്പിൽ മുഖമടച്ച് വീണു. താമസിയാതെ മരിച്ചു. അമലിനെ വധിച്ചതിനു ശേഷം സെക്യൂരിറ്റിക്കാരനു കൈവന്ന നേട്ടങ്ങൾ ഞാൻ കൃത്യമായി അറിഞ്ഞിട്ടുണ്ട്. അതിന്‍റെ തെളിവുകൾ ഞാൻ ശേഖരിച്ചിട്ടുണ്ട്. സെക്യുരിറ്റിക്കാരന്‍റെ ഒന്നിനും കൊള്ളാത്ത മകൻ ആശ്രയ കേന്ദ്രത്തിലെ മാനേജരായ വിവരം ജോണി എന്നെ അറിയിച്ചിട്ടുണ്ട്. അമലിന്‍റെ കൊലപാതകി സെക്യൂരിറ്റിക്കാരനാണ്. എന്നാൽ അയാൾ ചട്ടുകം മാത്രമാണ്. മകനാകാൻ മാത്രം പ്രായമുള്ള ഒരുവനോട് ക്രൂരമായി ഇടപ്പെട്ട് ഒടുവിൽ അവനെ കൊല്ലാൻ വേണ്ട പദ്ധതി തയ്യാറാക്കിയ സ്ത്രീ.

തോമാച്ചാ ആ സ്ത്രീ തന്നെയാണ് നിങ്ങളെ അമലിന്‍റെ ദുരൂഹ മരണത്തിന്‍റെ ദുരൂഹത നീക്കാൻ നിങ്ങളെ ചട്ടം കെട്ടിയത്! അവരും നിങ്ങളും തമ്മിലുള്ള ബന്ധമെന്തെന്ന് എനിക്കറിയില്ല. ഈയൊരു വിഷയം നിങ്ങളെ ഏൽപ്പിച്ചതിന്‍റെ ചേതോവികാരം എന്തെന്ന് എനിക്ക് വ്യക്തമല്ല. ഒരു പക്ഷേ തന്നെ സംശയിക്കാനുള്ള കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കലാവാം.

വിചിത്ര ചിന്തകളുടെ സങ്കലനമായ ആ സ്ത്രീയാണ് ഞാൻ തേടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം. ഇനി വിചിത്രമായ കോഡുകളടങ്ങിയ കടലാസു ചുരുൾ അമലിന്‍റെ മൃതശരീരത്തിനരികെ നിന്ന് കണ്ടെടുത്തതിനെപ്പറ്റി, താൻ നേരിടുന്ന പീഢനങ്ങളും അതിന്‍റെ ഉത്തരവാദികളെയും കുറിച്ച് പ്രത്യേകതരം ഭാഷയിൽ അമൽ രേഖപ്പെടുത്തിപ്പോന്നു. താൻ അനുഭവിച്ച വിഷമതകൾ ഒരുനാൾ ഉത്തരവാദിത്വപ്പെട്ട അധികാരികൾ അറിയുമെന്നും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ച് തനിക്ക് നീതി ലഭിക്കുമെന്നും അവൻ ആഗ്രഹിച്ചു.

സ്വന്തം ഭാഷയിൽ വിവരങ്ങൾ രേഖപ്പെടുത്തി അധികാരികളിലേക്കെത്തിക്കാൻ അവന് പരിമിതികൾ ഉണ്ടായിരുന്നു.

കണ്ണുനീറുന്നു. എരിയുന്നു. ക്ഷീണം അതിന്‍റെ സുരതാ വേഗം പൂണ്ടു. വല്ല വിധവും ഒന്നു കണ്ണടച്ചാൽ മതി. ചെറിയ മയക്കം പോലും ശരീരത്തിനും മനസ്സിനും നല്കുന്ന ആശ്വാസം ചെറുതല്ല. എഴുന്നേറ്റു. വാഷ്‌ബേസിനിൽ മുഖമമർത്തി കഴുകി. കണ്ണുകടച്ചിലിന് തെല്ലു ശമനം കിട്ടിയ പോലെ തോന്നി. ഫാനിന് വേഗത പോര. റെഗുലേറ്റർ കറക്കി അല്പം വേഗത കൂട്ടി വന്നു കിടന്നു. മഴ പെയ്തൊഴിഞ്ഞ ആകാശം പോലെ മനസ്സ്. നേർത്ത വെളിച്ചം ജനലഴിയുടെ അരിച്ചിറങ്ങുന്നു. വെളിച്ചത്തൊടൊപ്പം നേർത്ത തണുപ്പ് എന്നെ വന്നു പൊതിയുന്നു.

ജനലഴിക്കപ്പുറം ചെറുപട്ടണം പകലിന്‍റെ ക്ഷീണം തീർത്തു മയങ്ങുന്നു. വഴിത്താര നേരിയ വെളിച്ചത്തിൽ ദൃശ്യമാണ്. വഴിത്താരക്കിടതുവശത്തെ സിമന്‍റ് ബഞ്ചിൽ ചടഞ്ഞിരിക്കുന്ന രൂപത്തെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ സമയം നോക്കി. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കർട്ടൻ വലിച്ചിടാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ പാഞ്ഞു വന്ന വാഹനത്തിൽ നിന്നും പ്രസരിച്ച തീഷ്ണപ്രകാശം ആ ചടഞ്ഞിരിക്കുന്നവന്‍റെ മുഖത്ത് പതിച്ചത്. ആ വിദൂരതയിലും ബൈനാക്കുലർ കാഴ്ച പോലെ ആ കവിളൊട്ടിയ മുഖം ഒരു മിന്നായം പോലെ ഞാൻ കണ്ടു. പൊടുന്നനെ ഒരു തണുപ്പ് എന്‍റെ പെരുവിരലിൽ നിന്നും മുകളിലേക്ക് അരിച്ചരിച്ചു കയറി. അതേ… ആ മുഖം… ക്ലാരയുടെ വീടിനകത്ത് അകത്തളത്തിൽ മുനിഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ദീപ വിതാനത്തിനു പുറകിൽ കണ്ട മുഖം. ആന്‍റണി പൈലോക്കാരൻ!

ഉൾഭയത്തോടെ ഞാൻ കർട്ടൻ താഴ്ത്തി. കട്ടിലിൽ വന്നു കിടന്നു. നേരിയ വിയർപ്പ് ശരീരത്തിൽ പൊടിയുന്നത് ഞാനറിഞ്ഞു. പിന്നീടവ തിടം വച്ച് പെരുകി വിയർപ്പു ചാലുകളായി താഴേക്കിറങ്ങി. പൊടുന്നനെയാണ് മുറിക്കകത്തെ ലൈറ്റുകൾ ഒരേ സമയം കെട്ടത്. പിന്നീടവ കത്തലും കെടലുമായി അല്പനേരം നീണ്ടു. പിന്നെ പൂർണ്ണമായും കെട്ടു. കനത്ത അന്ധകാരം മുറിയിൽ വന്നു നിറഞ്ഞു. വഴിത്താരയിലെ നേർത്ത പ്രകാശം പോലും തമോഗർത്തത്തിലേക്കെന്ന പോലെ ഉൾവലിഞ്ഞെന്നു തോന്നി.

തെല്ലിട കഴിഞ്ഞ് മുറിക്കകത്തെ ലൈറ്റുകൾ ആകമാനം മുനിഞ്ഞു കത്തി മുറിക്കകം പ്രകാശ സാന്ദ്രമായി. തെല്ലാശ്വാസത്തോടെ ഞാൻ എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോഴാണ് ഞെട്ടിത്തരിക്കുന്ന ആ കാഴ്ച കണ്ടത്. മുറിയുടെ കോണിൽ എന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കവിളൊട്ടിയ രൂപം ആന്‍റണി പൈലോക്കാരൻ! എന്‍റെ സപ്തനാഡികളും തകർന്നു. നിലവിളിക്കാനാഞ്ഞ എന്‍റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. കൈയ്യും കാലും ബന്ധിക്കപ്പെട്ട പോലെ ഞാൻ നിസ്സഹായനായി നിന്നു. പെട്ടെന്ന് കിണറിന്‍റെ അഗാധതയിലെന്ന പോലെ മുഴക്കമുള്ള ശബ്ദവീചികൾ പൈലോക്കാരനിൽ നിന്ന് പുറപ്പെട്ടു.

“എന്നെ അറിയില്ലേ?”

“ഞാൻ ആന്‍റണി പൈലോക്കാരൻ.”

ഞാൻ ബദ്ധപ്പെട്ട് തല കുലുക്കി. പഴമയുടെ ഉൾക്കിണറിൽ നിന്നും ചോദ്യമുയർന്നു. “ഹ്യദയാഘാതം മൂലമാണ് ഞാൻ മരിച്ചത് അല്ലേ? അതാണ് നിന്‍റെ കണ്ടെത്തൽ?”

എനിക്ക് ശബ്ദം പുറത്തു വന്നില്ല. നിസ്സഹായനായി ഞാൻ തല കുലുക്കി. ഇരമ്പം പോലെ ശബ്ദം മുഴങ്ങി.

“അല്ല. എന്നെ കൊന്നതാണ്. കൊല്ലിച്ചതാണ്. എനിക്ക് നീതി വേണം എനിക്ക് നീതി വേണം…”

ശബ്ദം ചിലമ്പിച്ച് ചിതറി ഒപ്പം അകലെയെവിടെ നിന്നോ ഒരു മുഴക്കം കേട്ടു പൊടുന്നനെ ലൈറ്റുകൾ കെട്ടു. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്. ആ ഇരുട്ടിൽ ഞാൻ തപ്പിത്തടഞ്ഞു. കൈത്തട്ടി ചില്ലു ഗ്ലാസ്സ് സ്കൂളിൽ നിന്നും വീണ് ഉടഞ്ഞു ചിതറി. വല്ല വിധവും കിടക്ക തപ്പിക്കണ്ടുപിടിച്ച് അതിൻമേൽ കയറിക്കിടന്നു.

പഴമയുടെ ഗന്ധം അകന്ന് ശമിക്കുന്നത് ഞാനറിഞ്ഞു. കണ്ണു തുറന്നതും ഞാൻ ചാടിയെഴുന്നേറ്റു. സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാനാകാത്ത തലേന്നത്തെ ഭീതിജനമായ സംഭവം എന്നെ വല്ലാതുലച്ചിരുന്നു. എത്രയും വേഗം ഇവിടം വിട്ടു പോകണമെന്ന ആഗ്രഹത്താൽ ഞാൻ വേഗം കുളിച്ചൊരുങ്ങി തയ്യാറായി. എന്‍റെ ബാഗ് എടുത്ത് വാതിലു പൂട്ടി പുറത്തിറങ്ങാനൊരുങ്ങുമ്പോൾ സ്കൂളിനു താഴെ ചില്ലു ഗ്ലാസ്സ് ചിതറിക്കിടക്കുന്നതു കണ്ടു. ഗ്ലാസ്സ് ഉടഞ്ഞ വിവരം റിസപ്ഷനിൽ പറയാമെന്ന് നിശ്ചയിച്ച് ഞാൻ വാതിലടച്ചു താഴിട്ടു. ബ്രേക്ക്ഫാസ്റ്റ് മെനുവുമായി നിന്നിരുന്ന റൂം ബോയിയെ അവഗണിച്ച് റിസപ്ഷനിൽ വിവരം പറഞ്ഞ് ചാവി കൈമാറി ഞാൻ പുറത്തിറങ്ങി.

ഇവിടുത്തെ ഭക്ഷണം വേണ്ട. വഴിയരികിൽ നല്ല നാടൻ തട്ടുകടകൾ കാണും. ചുമന്ന ചട്ടിയിൽ മുങ്ങി അരികത്ത് ഉള്ളിച്ചമ്മന്തി പടർന്ന പതുപതുത്ത ഇഢലിയും വലിച്ചാറ്റിയ ചായയുമാണ് ലക്ഷ്യം. അല്ല പ്രതീക്ഷ. വഴിത്താരയിൽ പ്രഭാതനടത്തക്കാരേ ഉള്ളൂ. വല്ലപ്പോഴുമേ വാഹനം കടന്നു പോകുന്നുള്ളു സാനുവുമൊന്നിച്ച് യാത്ര ചെയ്യണം. തോമാച്ചനെ കാണണം. അല്പകാലമായി തലയിൽ കൊണ്ടു നടക്കുന്ന ഭാരം തോമാച്ചന്‍റെ തലയിലേക്ക് കൈമാറണം. ഒന്നു രണ്ടു ദിവസം ഷൂട്ടിംഗ് കണ്ട് ചുറ്റിത്തിരിയണം. പിന്നെ മടക്കം.

വഴിത്താരക്കപ്പുറമുള്ള മരങ്ങളിൽ ഇളങ്കാറ്റ് പതിഞ്ഞു. വഴിത്താരക്കപ്പുറം ഒറ്റപ്പെട്ട് പടർന്നു പന്തലിച്ച വലിയ ഒരു ഞാവൽ മരം ഞാൻ കണ്ടു. അതിനു താഴെ പ്രഭാതനടത്തക്കാരുടെ വിശ്രമകേന്ദ്രമായ സിമന്‍റ് ബഞ്ച്. ആ ബഞ്ചിൽ ഞാവൽ പഴം വീണ് ചിതറി നിറം മാറിയതായി ഞാൻ കണ്ടു. അവിടെയാണല്ലോ ഇന്നലെ രാത്രി പൈലോക്കാരൻ ഇരുന്നത്.

സാനു വിളിക്കുന്നു. അഞ്ചു മിനിറ്റിനകം എത്തിച്ചേരുമെന്ന് അറിയിച്ചു. ഞാനാ സിമന്‍റുബഞ്ചിൽ ദൃഷ്ടിയൂന്നി സാനുവിനെ കാത്തു നിന്നു. അതെ! പൈലോക്കാരന് നീതി ലഭിക്കണം…

ഒച്ച്- 9

നടന് മുന്നിൽ കഥ പറയാൻ വന്ന തിരക്കഥാകാരന്‍റെ ശരീരഭാഷയോടെ ജോണി പറഞ്ഞു, “ഞാൻ കഴിഞ്ഞാഴ്ച കൃത്യമായി പറഞ്ഞാൽ ഒൻപതാം തീയതി ഉച്ചക്ക് ഓർഫനേജിൽ എത്തിച്ചേർന്നു. ടൗണിൽ നിന്നും നാലഞ്ചു കിലോമീറ്റർ ഉള്ളിലായി ഏറെയൊന്നും ആൾപ്പാർപ്പില്ലാത്ത ഒരിടത്താണ് ഓർഫനേജ്. പോകുന്ന വഴിയിൽ പഴയ മട്ടിലുള്ള പലചരക്കുകടയും ഒരു സോഡ, സർബത്ത് കടയും മാത്രമേ എന്‍റെ കണ്ണിൽ പെട്ടുള്ളൂ. റോഡിന്‍റെ ഇരുവശവും റബർ കൃഷിയാണ്. വഴിക്കിരുവശത്തും ഒറ്റപ്പെട്ട ഓടു വീടുകൾ കണ്ടതല്ലാതെ വലിയ പുരോഗതിയൊന്നും കാണാനാകാത്ത ഒരു പ്രദേശം. ബസ്സിറങ്ങി അല്പം പണിപ്പെടേണ്ടി വന്നു ലൊക്കേഷനിലെത്താൻ.

മുമ്പും സിനിമാ ലൊക്കേഷനുകളിലെത്തിച്ചേരാൻ ജോണി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നി. ഞാൻ പ്രോത്സാഹന സൂചകമായി തല കുലുക്കി ജോണി തുടർന്നു.

“അല്പം ഉള്ളിലേക്കു ചെന്ന് ഒരിടവഴിയിലൂടെ മുമ്പോട്ട് ചെന്നാൽ അനാഥമന്ദിരമായി. കട്ടിയിരുമ്പു കൊണ്ട് താഴിട്ടുപൂട്ടിയ കനത്ത ഗേറ്റ് മുൻവശമായുള്ള ഒരു ഇരുനില കെട്ടിടം. അവിടുത്തെ സെക്യൂരിറ്റി സംവിധാനം മികച്ചതാണെന്ന് ഞാൻ ഉറപ്പിച്ചുപറയും. സന്ദർശകരുടെ വ്യക്തമായ വിവരങ്ങളും തിരിച്ചറിയൽ രേഖകളും നൽകിയാലേ പ്രവേശനമുള്ളു. നമ്മൾ കൊടുക്കുന്ന ഫോൺ നമ്പറിൽ അപ്പോൾ തന്നെ വിളിച്ച് ഉറപ്പു വരുത്തുന്ന രീതിയുമുണ്ട്.”

“ഏകദേശം എത്ര വിസിറ്റേഴ്സ് സന്ദർശിക്കുന്നുണ്ട്?” ഞാൻ ആരാഞ്ഞു.

“ഞാൻ പോയ ദിവസം ആകെ രണ്ടു പേർ മാത്രം.”

“അയാളിലെന്തെങ്കിലും പ്രത്യേകത?”

“കർക്കശക്കാരനായ ഒരാൾ. തെല്ലു പോലും വിട്ടുവീഴ്ച മനോഭാവമില്ല.” ജോണി പറഞ്ഞുതുടങ്ങി.

ഞാൻ മേശവലിപ്പു തുറന്ന് തുകൽ ബയന്‍റിട്ട ഡയറി എടുത്തു. ആദ്യത്തെ പേജിൽ സെക്യൂരിറ്റിക്കാരന്‍റെ പേരെഴുതി. തുടർന്ന് ജോണി പറഞ്ഞ ചില വിവരങ്ങളും കൂട്ടിച്ചേർത്തു. അക്ഷരങ്ങൾ നിറഞ്ഞ പേജുകൾ മറിഞ്ഞു,  പേജുകളിൽ കഥാപാത്രങ്ങൾ നിറഞ്ഞു. അവരുടെ വ്യക്തിഗത വിവരങ്ങൾ നിറഞ്ഞു. ആ സ്ഥാപന നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും ഞാൻ ആഗ്രഹിച്ച വിവരങ്ങൾ ജോണി കൈമാറി.

പേനയിലെ ക്യാമറക്കണ്ണുകൾ തെളിവുകളായി. ഞാനവ ലാപ് ടോപ്പിലേക്ക് മാറ്റി വിശദമായി പരിശോധിച്ചു. വിവരങ്ങൾ മിഴിവാർന്ന കാഴ്ചകളായി പരിണമിച്ചു. ജോണിയുടെ കാര്യഗ്രഹണ ശേഷിയിൽ എനിക്ക് മതിപ്പു തോന്നി. എങ്കിലും ചില കണ്ണികൾ യോജിക്കുന്നില്ല. വിട്ടുപോയവ വിളക്കിച്ചേർത്താൽ മാത്രമേ സംഭവങ്ങളുടെ യഥാർത്ഥ ചിത്രം ലഭിക്കു. അതിനായി വീണ്ടും ഒരു യാത്രക്ക് തയ്യാറാകേണ്ടിയിരിക്കുന്നു. ഡയറിത്താളിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള യാത്ര.

ക്യാമറക്കാഴ്ചയിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള യാത്ര. വികാരങ്ങൾ മുഖത്ത് പ്രകടമാകാത്ത ഒരാളെ തേടിയുള്ള യാത്ര. അവന്‍റെ ജീവിത സാഹചര്യങ്ങൾ കണ്ടെത്താനുള്ള യാത്ര. ഒരു പക്ഷേ ഒരനാഥ ബാലന്‍റെ കൊലപാതകത്തിലേക്ക് വെളിച്ചം വീശിയേക്കാവുന്ന യാത്ര! റബ്ബർ മരങ്ങൾക്കു നടുവിൽ കാറ്റു പറ്റികിടക്കുന്ന വീട്ടിലേക്കുള്ള യാത്ര.

മുനിഞ്ഞ് മഞ്ഞച്ചു കത്തുന്ന വഴിവിളക്കുകൾ കണ്ട് ഫൂട്ട്പാത്തിലൂടെ മെല്ലെ നടക്കുമ്പോൾ മനസ്സു മുഴുവൻ അനാഥാലയത്തിലെ കഥാപാത്രങ്ങളായിരുന്നു. ഡയറിത്താളിലെ കുറിപ്പുകളിലെ പ്രത്യേകതകൾ തേടലായിരുന്നു. സാഹചര്യങ്ങൾ ഒരാളുടെ ഉപബോധമനസ്സിനെ സ്വാധീനിച്ച് തെറ്റുകളിലേക്ക് വലിച്ചടുപ്പിക്കുന്നു. ആ തെറ്റിന്‍റെ ഫലം ഉൾക്കൊള്ളാനും പ്രാപ്തമായ വിവേകം നഷ്ടപ്പെടുന്നതോടെ തെറ്റിലേക്ക് മുങ്ങിത്താഴുന്ന വ്യക്തികൾ. തെറ്റു മറക്കാൻ തെറ്റിന്‍റെ ശൃംഖലകൾ തീർക്കപ്പെടുന്നു. ഒടുവിൽ ആ ശൃംഖലകളുടെ പരിണാമത്തെക്കുറിച്ചുള്ള അല്ലെങ്കിൽ അനന്തരഫലത്തെക്കുറിച്ചുള്ള ചിന്തകൾ. അവനവന്‍റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്തേക്കാവുന്ന അനന്തര ഫലങ്ങളെ പ്രതിരോധിക്കാൻ തെറ്റിൽ നിന്നും തെറ്റിലേക്കുള്ള മനുഷ്യന്‍റെ പടു യാത്രകൾ. അറിയപ്പെടാത്ത ദ്വീപു തേടിയുള്ള  മനുഷ്യ മനസ്സിന്‍റെ സഞ്ചാരം ചിലയവസരങ്ങളിൽ ഭീതിദമാണ്… വരുംവരായ്കകളെ തെല്ലു പോലും ഗൗനിക്കാതെയുള്ള മനസ്സിന്‍റെ അപഥ സഞ്ചാരങ്ങൾ.

ഒച്ച്- 8

ഉണർന്നപ്പോൾ ഞാൻ ഓഫീസിലെ സോഫമേൽ കിടക്കുകയായിരുന്നു. ജനലഴികളിലൂടെ നേർത്ത സൂര്യപ്രകാശം അകത്തളത്തേക്ക് പ്രസരിച്ചു കൊണ്ടിരുന്നു. തലേന്ന് എന്താണ് സംഭവിച്ചതെന്ന് ഞാൻ ഓർക്കാൻ ശ്രമിച്ചു. മദ്യഷാപ്പിൽ നിന്ന് ഇറങ്ങി ചാരനിറം പൂണ്ട ആകാശം നോക്കി നിന്നത് ഓർക്കുന്നു. മുനിഞ്ഞു കത്തുന്ന വഴിവിളക്കുകൾ.ഓഫീസിന്‍റെ ചുറ്റു ഗോവണിയിൽ കണ്ട ജോണിയുടെ നിഴലനക്കം. കടുത്ത പ്രകാശം മുഖത്തടിച്ചപ്പോൾ പെട്ടെന്ന് അർദ്ധ ബോധം നഷ്ടപ്പെട്ടു. ജോണിയെക്കൂട്ടി ചുറ്റു ഗോവണി ബദ്ധപ്പെട്ട് കയറി സോഫയിൽ ഇരുന്നത് ഓർമ്മയുണ്ട്.

പരിക്ഷീണനായി തോന്നിച്ച ജോണി എന്തോ പറയാനാഞ്ഞപ്പോൾ ഞാൻ വിലക്കി. ഒന്നും തന്നെ കേൾക്കാനോ ശ്രദ്ധിക്കാനോ ഉള്ള മനോനിലയിലായിരുന്നില്ല ഞാൻ. നാളെ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞ് അവനോട് ശുഭരാത്രി പറഞ്ഞ് സോഫയിലേക്ക് ചാഞ്ഞത് ഓർക്കുന്നു. പിന്നെ സ്വപ്നമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാകാത്ത മനസ്സിൽ വന്നലച്ച ദൃശ്യങ്ങൾ. ഇടുങ്ങിയ ഏതോ വഴിയിലൂടെ ആഹാരം കഴിക്കണമെന്ന ഉദ്ദേശത്തോടെ നടക്കുന്നു. ഇരുണ്ട വഴിത്താരക്കരുകിൽ കണ്ട ടീ ഷോപ്പിൽ കയറിയിരുന്നപ്പോൾ മെല്ലിച്ച ഒരാൾ എനിക്കു മുന്നിൽ ഒരു ചെറിയ ഇല കൊണ്ടു വച്ചു. തുടർന്ന് വലിയ ഒരു പാത്രത്തിൽ നിന്നും ബിരിയാണി ഇലയിലേക്ക് വിളമ്പാൻ തുടങ്ങി. ഇലയുടെ അരികുകളെ ഭേദിച്ച് ബിരിയാണി ഇല വച്ചിരുന്ന മേശയിലേക്ക് പടരാൻ തുടങ്ങി. കോപത്തോടെ വിളമ്പുന്നത് നിറുത്താൻ ഞാൻ പറഞ്ഞെങ്കിലും മെല്ലിച്ച് കവിളൊട്ടിയ വിളമ്പുകാരൻ കേൾക്കുന്ന മട്ടില്ല.

ദേഷ്യവും സങ്കടവും നിയന്ത്രിക്കാനാവാതെ ഞാൻ ചാടിയെഴുന്നേറ്റ് വിളമ്പുകാരനെ തടയാൻ ശ്രമിക്കുമ്പോഴാണ് അയാളുടെ ഇരുളിച്ച എങ്കോണിച്ച മുഖം വ്യക്തമായിക്കണ്ടത്. ക്ലാരയാന്‍റിയുടെ സ്വീകരണമുറിയിൽ തൂക്കിയിട്ടിരുന്ന ചിത്രത്തിലെ ആൾ ശവക്കല്ലറയിലെ പേരുകാരൻ ആന്‍റണി പുല്ലോക്കാരൻ അയാളെ തള്ളിമാറ്റി ടീ ഷോപ്പിൽ നിന്നും ഇറങ്ങിയോടിയത് ഓർമ്മയുണ്ട്. പിന്നെയാ സ്വപ്നത്തിന് തുടർച്ചയില്ല. പിന്നെ നിറമടിക്കാത്ത ജീർണിച്ച വലിയൊരു കെട്ടിടത്തിനു മുകളിൽ നിന്നും താഴെക്ക് എത്തിച്ചേരാനുള്ള ഓട്ടം വലിയ ഉയരത്തിൽ നിന്നും നൂലറ്റ പട്ടം പോലെ എങ്ങോട്ടോ പതിക്കുന്ന ഞാൻ… പണിതീരാത്ത കെട്ടിടത്തിലെ നിയന്ത്രണം ഇല്ലാത്ത ലിഫ്റ്റിൽ കയറി താഴോട്ട് പതിക്കുന്ന രംഗം… ഇങ്ങനെ പല പല വഴികളിലൂടെയുള്ള ആ ഓട്ടത്തിനൊടുവിലാണ് കണ്ണു തുറന്നത്, ആന്‍റണി പുല്ലാക്കാരനും ബിരിയാണിയും ഞാനും… വല്ലാത്തൊരു ബന്ധം തന്നെ!

സ്വപ്നങ്ങളുടെ വ്യാഖ്യാനമെഴുതിയ സിഗ്മണ്ട് ഫ്രോയിനു പോലും എന്‍റെ സ്വപ്നദർശനത്തിന് വ്യാഖ്യാനമെഴുതാൻ ഏറെ പണിപ്പെടേണ്ടി വരും. വല്ലാത്തൊരു ഉൻമേഷക്കുറവും മൗഢ്യവും എന്നെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒരു ബാധിച്ചു. സ്വപ്നത്തിന്‍റെ വിടുതൽ എനിക്കപ്പോഴും ലഭിച്ചിരുന്നില്ല. ജോണിയെ അവിടെയെങ്ങും കണ്ടില്ല. ഞാൻ എഴുന്നേറ്റ് കുളിമുറിയിൽ കയറി. തലേ ദിവസത്തെ മഞ്ഞ് തണുപ്പിച്ച പൈപ്പിൻ കുഴലിലൂടെ ഊർന്നിറങ്ങിയ വെള്ളം ശരീരത്തെ ആറ്റിത്തണുപ്പിച്ചു. ശരീരത്തെയും മനസ്സിനും ബാധിച്ച മൗഢ്യവും ആലസ്യവും എങ്ങോ പോയൊഴിഞ്ഞതായി എനിക്കനുഭവപ്പെട്ടു. വസത്രം മാറി വന്നപ്പോഴേക്കും വാതിൽ തുറന്ന് വരുന്ന ജോണി. കൈയ്യിൽ ഫ്ലാസ്ക്കും വൃത്തിയായി പൊതിഞ്ഞെടുത്ത പൊതിക്കെട്ടും. കസേരയിൽ ഇരുന്ന എന്‍റെ മുന്നിലുള്ള മേശയിൽ പൊതി വച്ച് ഫ്ലാസ്കിൽ നിന്നും ചായ ഓട്ടു ഗ്ലാസിലേക്ക് പകർന്ന് ജോണി സോഫമേൽ പോയിരുന്നു.വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ഇഡലി, ചുവന്ന ചൂട്ടി തേങ്ങാ ചടണി. ആവിയപ്പോഴും ശമിച്ചിട്ടില്ലാത്ത ആ മൃദുലമായ ഇഡലി ചൂട്ടി ചേർത്ത് കുഴച്ച് ഞാൻ അല്ലാൽപ്പം കഴിക്കാനാരംഭിച്ചു. ഇലയുടെ ഹരിതകത്തിന്‍റെ ജൈവരാശി പടർന്ന ആ കൂട്ട് വളരെ രുചികരമായിത്തോന്നി ഇവിടെ അടുത്ത് പോർത്തുഗീസ് കഫേയല്ലാതെ മറ്റൊരു ടീ ഷോപ്പ് ഇല്ല. ഇവിടെ സമീപ പ്രദേശങ്ങളിൽ എനിക്കറിയാത്ത ടീ ഷോപ്പുമില്ല. ഇപ്രദേശത്ത് അപരിചിതനായ ഇയാൾ എവിടെ നിന്ന് ഇത് കൊണ്ടുവന്നതെന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. ഏതായാലും ജോണിയുടെ ഈ നടപടി എനിക്ക് ഇഷ്ടപ്പെട്ടു. ഇഡലി കഴിച്ചു തീർന്ന് അതിനു മുകളിൽ ചായ കൂടി കുടിച്ചതോടെ നിരുന്മേഷം വിട്ടകന്നു വകതിരിവും വിവേകവുമുള്ള ജോണി തികച്ചും പോസിറ്റീവായ വിവരങ്ങൾ തന്ന് എന്നെ സഹായിക്കുമെന്ന് എനിക്കു തോന്നി.

എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ജോണിയെ ഞാൻ അരികിൽ വിളിച്ച് ഇരിക്കാൻ ആവശ്യപ്പെട്ടു ഒരു ഗ്ലാസ്സെടുത്ത് ഫ്ലാസ്ക്കിൽ നിന്നും ചായ പകർന്ന് ജോണിയെ ഏൽപ്പിച്ചു തോമാച്ചൻ സിനിമാഭിനയ മോഹിയായ ഇയാൾക്ക് എന്തെങ്കിലും അവസരം വാഗ്ദാനം ചെയ്തിട്ടുണ്ടാകാം. ചിലപ്പോൾ ആ അവസരം എന്‍റെ ഫീഡ്‌ബാക്കിനെ ആശ്രയിക്കുന്നതാവാം. അല്ലെങ്കിൽ ഇയാൾക്ക് ഈ ചുമതല ഏറ്റെടുക്കുവാൻ തക്ക കാരണമൊന്നും കാണുന്നില്ല ശരി ഇനി ഇയാൾക്ക് പറയാനുള്ളതു കേൾക്കാം ചായ കുടിച്ചു തീർത്ത് ചിറി തുടച്ച് അയാൾ പോക്കറ്റിൽ നിന്ന് ഒരു കൈപ്പുസ്തകം എടുത്തു….

ഒച്ച്- 7

കാറ്റു വീശി പോകും പോലെ പൊയ്‌പോയ ഒരാഴ്ച. ഇടക്ക് ജോണിയെ വിളിച്ചു. വിവരശേഖരണം തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു മറുപടി. തോമാച്ചന്‍റെ അന്വേഷണങ്ങൾക്ക് ‘പുരോഗതിയുണ്ട്’ എന്ന ഒറ്റവാക്കിൽ മറുപടിയൊതുക്കി. നേരിയ പുരോഗതി ദൃശ്യമാകാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും എന്നതാണ് സത്യം.

തോമാച്ചനോട് അങ്ങനെയൊരു മറുപടി പറയാൻ എന്നെ പ്രേരിപ്പിച്ചതിനു പിന്നിൽ ക്ലാരയാന്‍റിയുടെ വീട്ടിലെ ചുവന്ന കണ്ണുകാരന്‍റെ ഫോൺ വിളിയായിരുന്നു. ആന്‍റപ്പൻ എന്ന ആ ചുവന്ന കണ്ണുകാരൻ ഫോൺ വിളിച്ചപ്പോൾ നേരിൽ കണ്ട് സംസാരിക്കാനുള്ള ആഗ്രഹമാണ് ഞാൻ പ്രകടിപ്പിച്ചത്. അയാൾക്ക് എന്നിൽ നിന്നും എനിക്ക് അയാളിൽ നിന്നും വിവരങ്ങൾ വേണം. അതുകൊണ്ട് നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം.

ആന്‍റപ്പന്‍റെ ചുവന്ന കണ്ണുകളും വിളർത്തു തൂങ്ങിയ മുഖവും കണ്ടപ്പോൾ ഒരു തികഞ്ഞ മദ്യപാനിയെന്ന് തോന്നിയെങ്കിലും ആ ധാരണ തികഞ്ഞ അബദ്ധമെന്ന് എനിക്ക് ബോധ്യമായി. മുഖാമുഖം ഒരു ബാറിൽ വച്ചായാലോ എന്ന എന്‍റെ നിർദേശം അയാൾ സൗഹാർദ്ദപൂർവ്വം നിരസിച്ചു. എങ്കിലും ഒരു ചായ കുടിക്കാമെന്നുള്ള എന്‍റെ അഭിപ്രായം അയാൾ മാനിച്ചു.

ഞായറാഴ്ച ദിവസം ഉച്ചതിരിഞ്ഞ് പോർച്ചുഗീസ് കഫേയിൽ ആന്‍റപ്പനെ കാത്തിരിക്കുകയായിരുന്നു. ഞാൻ മുഖം മനസ്സിന്‍റെ കണ്ണാടിയെന്ന് ഞാൻ ധരിച്ചിരുന്നു. എന്നാൽ ആന്‍റപ്പൻ ആ ധാരണ തിരുത്തി. മുഖം നോക്കി ആരേയും വിലയിരുത്താൻ പാടില്ല. എങ്കിലും ആശയ വിനിമയത്തിനിടയിൽ പറയുന്ന കാര്യങ്ങൾ കേൾക്കുന്നവന് സ്വീകാര്യമാണോ അല്ലയോ എന്ന് മുഖത്ത് ദൃശ്യമാകുന്ന ഭാവവ്യത്യാസങ്ങൾ നിരീക്ഷിച്ച് ഏറെക്കൂറെ മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാൽ എത്ര തന്നെ പ്രതാപനപരമായ വാക്കുകൾ പ്രയോഗിച്ചാലും യാതൊരു ഭാവവ്യത്യാസവും മുഖത്ത് പ്രകടമാകാത്ത ആളുകളെയും കണ്ടിട്ടുണ്ട്. അതവരിൽ അന്തർലീനമായ നിഗൂഢമായ കഴിവെന്നെ വിശേഷിപ്പിക്കാനാവൂ.

ഏതായാലും ആന്‍റപ്പൻ വരട്ടെ. ചുവന്ന കണ്ണുകളുടെ ആന്‍റപ്പന് സ്വാഗതം. ക്ലാരയാന്‍റിയുടെ വീട്ടിലേക്കുള്ള യാത്ര ഒരു അന്വേഷണ പുരോഗതിയും നേടിത്തരാത്ത ഒരടഞ്ഞ അദ്ധ്യായമായി മാറി എന്ന് തീരുമാനിച്ചിടത്താണ് ആന്‍റപ്പന്‍റെ ഫോൺ കോൾ വന്നത്. അതൊരു ശുഭസൂചകമായി എനിക്കു തോന്നി. ഫോൺ നമ്പർ കൈമാറിയെങ്കിലും അയാൾ വിളിക്കില്ല എന്നായിരുന്നു എനിക്ക് തോന്നിയത്.

ആന്‍റപ്പൻ വന്നു. വീട്ടിൽ വച്ച് കണ്ട ഗൗരവഭാവമില്ല. പരിക്ഷീണഭാവം. പക്ഷേ ചുവന്ന കണ്ണിന് മാറ്റമൊന്നുമില്ല. മുഖത്താകെ പരവേശം അയാൾ ഇരുന്നതും ഞാൻ തണുപ്പിച്ച ഇളനീർ ലസ്സി ഓർഡർ ചെയ്തു. ലസ്സി അൽപ്പാൽപമായി മൊത്തിക്കുടിച്ചുകൊണ്ടിരിക്കെ അയാൾ എന്നോട് പറയാനുള്ളതെന്തെന്ന് ഞാൻ തിരക്കി. ലസ്സി താഴെ വച്ച് അയാൾ ഭവ്യതയോടെ പറഞ്ഞു തുടങ്ങി.

“സാർ ഞാൻ കൊറെക്കാലായി റോസ് ഗാർഡനിലെ ജോലിക്കാരനാണ്. റോസ്മാർഡനെന്നു പറഞ്ഞാൽ ക്ലാരമ്മേടെ വീട്. അത് നിങ്ങൾ വാങ്ങാൻ പോവുന്നറിഞ്ഞു. എന്‍റെ മനസ്സു പറയുന്നു. ആ വീട് നിങ്ങൾക്കുള്ളതാണെന്ന്. പലരും ആ സ്ഥലവും വീടും കാണാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു തോന്നൽ എനിക്കാദ്യമായാ. എനിക്ക് ഉറപ്പാണ് ഈ കച്ചോടം നടക്കും.”

“ആ… വാങ്ങാൻ ആഗ്രഹമുണ്ട്. നല്ല ഒന്നാന്തരം പ്രോപ്പർട്ടി എനിക്കങ്ങു വല്ലാതെ പിടിച്ചു.” ഞാൻ തെല്ലിട മൗനം പൂണ്ടു.

“വിലയൊക്കെ ഒത്തുവന്നാൽ നിങ്ങൾ പറഞ്ഞപോലെ കച്ചോടം അങ്ങ് നടക്കും.” ഞാൻ ഗൗരവം നടിച്ചു കൊണ്ടു ഉറപ്പിച്ചു പറഞ്ഞു.

“വാങ്ങുന്നെങ്കി എന്നെ ജോലിന്ന് ഒഴിവാക്കരുതുന്ന് പറയാൻ നേരിട്ട് വന്നതാ.”

“ശരി”

“ആന്‍റപ്പന്‍റെ വീടെവിടാ?”

“വീട്ടിലാരൊക്കെയുണ്ട്?”

ഞാൻ പതുക്കെ വിവര സമാഹരണത്തിന് തുടക്കമിട്ടു. ആദ്യം കണ്ടപ്പോളുള്ള ഗൗരവഭാവം അഴിഞ്ഞ് ആന്‍റപ്പൻ പറഞ്ഞു തുടങ്ങി. കഷ്ടതയിലാണ് അയാളുടെ ജീവിതം. ക്ലാരമ്മയുടെ വീട്ടിലെ ജോലിയല്ലാതെ മറ്റൊരു വരുമാനമാർഗ്ഗമില്ല. ഭാര്യ ഹൃദയ സംബന്ധമായ അസുഖക്കാരിയാണ്, പെൺമക്കളാകട്ടെ അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു കരക്കെത്തിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അയാൾ പരിവേദനങ്ങളുടെ കെട്ടഴിച്ചു. സ്ഥലം നോക്കാൻ വരുകയും വാങ്ങുമെന്ന് തോന്നുന്നവരുടെ നമ്പർ കരസ്ഥമാക്കി ഇയാൾ തന്‍റെ ആവശ്യം പറയാറുണ്ട്. എന്നാൽ സ്ഥലക്കച്ചവടം നടക്കുന്നുമില്ല.

ആ അവസരം ലാക്കാക്കി സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശത്തിൽ എന്തെങ്കിലും തർക്കങ്ങളുണ്ടോ എന്ന് ഞാൻ അയാളോട് ചോദിച്ചു. അത്തരത്തിൽ യാതൊരു പ്രശ്നങ്ങളില്ലെന്നും വീടിന്‍റെയും പറമ്പിനേയും ഉടമസ്ഥത ക്ലാരയാന്‍റിയിൽ മാത്രമാണെന്നും അയാൾ അറിയിച്ചു. ഇടക്ക് ആന്‍റണി പൈലോക്കാരൻ എന്ന നല്ല മനുഷ്യനെപ്പറ്റിയും പരാമർശിച്ചു. ഒരു പാട് സഹായങ്ങൾ ചെയ്യു തന്നിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം വല്ലാതെ തളർത്തുന്നതായിരുന്നെന്ന് അയാൾ ഇടർച്ചയോടെ പറഞ്ഞു. ഇതിനിടയിൽ ചായ വന്നു മൊരിഞ്ഞ കട്ലറ്റും ചുകന്ന സോസും വന്നു. അയാൾ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ക്ലാരയാന്‍റിയെക്കുറിച്ചും ആന്‍റണി പുല്ലോക്കാരനെക്കുറിച്ചും. എന്‍റെ മനസ്സിൽ വേരൂന്നിയ ഒരു പാട് ധാരണകൾ തിരുത്തിയ ചുവന്ന കണ്ണുകളുള്ള ആന്‍റപ്പനെ ഞാൻ ആശ്വസിപ്പിച്ചു.

ബസ്സുകൂലിയും വീട്ടിലേക്ക് പോർച്ചൂഗീസ് കഫെയിൽ നിന്നും വാങ്ങിയ പലഹാരങ്ങളും നല്കി യാത്രയാക്കി. എന്‍റെ ലക്ഷ്യമെന്തെന്ന് അയാൾക്ക് അറിയില്ല. എന്നിട്ടും എന്നെ വിശ്വസിച്ച് ഒട്ടേറെ വിവരങ്ങൾ എനിക്കയാൾ നല്കി. അതിലയാൾ എനിക്കു മുന്നിൽ അനാവരണം ചെയ്ത ഒരു സംഭവം! അതു മതി കുറ്റവാളിയിലെക്കെത്തിച്ചേരാൻ. ഒപ്പം ആ സംഭവത്തിലേക്കെത്തിച്ചേരാൻ വേണ്ട മറ്റു സാഹചര്യങ്ങളുടെ വിവരങ്ങൾ കൂടി ലഭ്യമാകേണ്ടതുണ്ട്.

എങ്കിലും എനിക്കൽപ്പം സങ്കോചം തോന്നി. ഞാൻ ആ സ്ഥലവും വീടും വാങ്ങുവാൻ പോകുന്ന ആളല്ല. ആ വിവരം ആന്‍റപ്പൻ അറിയുമ്പോൾ താൻ കബളിപ്പിക്കപ്പെട്ടതായി അയാൾക്കു തോന്നും. ഒരു സാമൂഹിക സേവനത്തിനാണിതെല്ലാം എന്ന ചിന്തയിൽ ആശ്വാസം തേടാമെങ്കിലും ആന്‍റപ്പന്‍റെ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യുന്നതിലൂടെ മാത്രമേ എന്‍റെ കടം വീടുകയുള്ളൂ. സിനിമാ മുതലാളിയായ തോമാച്ചനോട് ഒന്നു സംസാരിച്ചു നോക്കാം. സാമൂഹികപ്രതിബദ്ധത ഒരു വിഷയമാണെങ്കിലും ആത്യന്തികമായി അയാൾക്കു വേണ്ടിയാണല്ലോ എന്‍റെ പ്രവർത്തനങ്ങൾ.

ചാരനിറം പൂണ്ട ആകാശത്തിനു താഴെ വഴിവിളക്കുകൾ അപ്പോഴും മുനിഞ്ഞു കത്തിക്കൊണ്ടിരുന്നു.

ആന്‍റപ്പൻ പോയതിനു ശേഷം സന്ധ്യാനേരത്ത് ഞാൻ മദ്യഷാപ്പിലായിരുന്നു. എന്നെ ആ ഇടത്തേക്ക് എത്തിച്ചതിനു പിന്നിലെ ചേതോവികാരം അറിയില്ല. വീട്ടിലേക്കു പോകുന്ന വഴിയിൽ ചുവന്ന ബോർഡ് കണ്ടു. അങ്ങോട്ടു കയറി തണുത്ത ബിയർ അല്ലാൽപ്പമായി കഴിച്ചു കൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോഴും വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നതു കണ്ടു. തല കനം തൂങ്ങുന്നു. കാൽവയ്പുകൾ ഇടറുന്നു.

ബിയർ ഇത്രയേറെ ബാധിക്കുമെന്ന് കരുതിയില്ല. ഈയവസ്ഥയിൽ വീട്ടിൽ പോകുന്നത് ശരിയല്ല. അതു കൊണ്ട് ഇന്ന് രാത്രി ഓഫീസിൽ തന്നെ കൂടി പുലർച്ചെ വീടു പറ്റാം എന്ന് നിശ്ചയിച്ചു. അപ്പോൾ തന്നെ ട്രീസക്ക് വിവരം അറിയിച്ചുള്ള സന്ദേശമയച്ചു. കൈ കാണിച്ച ഓട്ടോക്കാരൊന്നും തന്നെ ശ്രദ്ധിക്കാതെ കടന്നു പോയി. ഒടുവിൽ ആപ്പിനെത്തന്നെ ശരണം പ്രാപിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ ആപ്പുകാരും എന്‍റെ യാത്രയെ റദ്ദാക്കിക്കൊണ്ടിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വന്ന ആപ്പിനാൽ നിയന്ത്രിക്കപ്പെടുന്ന ഓട്ടോയിൽ കയറിപ്പറ്റി. നാലും കൂടിയ വഴിത്താരയിൽ ഇറങ്ങി ഓഫീസിലേക്ക് ഇടറിയ കാൽവയ്പോടെ നടക്കുമ്പോൾ ഓഫീസിലേക്ക് കയറുന്ന ചുറ്റു ഗോവണിക്കരികിൽ ഒരു നിഴലനങ്ങുന്നതു പോലെ തോന്നി. ആ ഭാഗത്തേക്ക് പ്രകാശം പകരുന്ന വഴി വിളക്കുകൾ കത്താതെയായിട്ട് കാലമേറെയായെന്ന് ഞാനോർത്തു. അക്കാര്യം പരാമർശിച്ച് നഗരസഭക്ക് ഒരു കത്തയച്ചതായും ഞാനോർത്തു. പൊടുന്നനെ വഴിയിലൂടെ കടന്നു പോയ വാഹനത്തിന്‍റെ പ്രകാശം നിഴലനങ്ങിയ ഭാഗത്തേക്ക് പ്രസരിച്ചു. ആ വെട്ടത്തിൽ അവിടെ ഇരുന്നിരുന്ന ആളുടെ മുഖം ഞാൻ കണ്ടു. ജോണി…

ഒച്ച്- 6

ബസ് റ്റോപ്പിൽ എത്തിയതോടെ തിരക്കും ചൂടുമേറി അവിടെ കണ്ട ഒരു കടയിൽ കയറി നീട്ടിയടിച്ച ചായ കുടിച്ചു. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നാണല്ലോ ആപ്തവാക്യം. ചായ കുടിച്ചപ്പോൾ ദേഹം വിയർത്തു, ഒരിളം കാറ്റ് തഴുകിക്കടന്നപ്പോൾ ഉഷ്ണത്തിനൽപ്പം ശമനം കിട്ടി. ആ കടയിലെ കണ്ണാടിക്കൂട്ടിൽ ചെറു ഉഴുന്നുവടയും മറ്റു ലഘുഭക്ഷണ പദാർത്ഥങ്ങളും നിരത്തി വച്ചിരിക്കുന്നതു കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നിയെങ്കിലും അവിടെ മൂലയിൽ വച്ചിരിക്കുന്ന തിള ശമിക്കാത്ത എണ്ണ കണ്ടപ്പോൾ മനസ്സിൽ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു.

ബസ്സിൽ ഏറെ തിരക്കില്ല. ദൂരയാത്ര പോകുന്ന ബസ്റ്റാണ് വിരലിലെണ്ണാവുന്നവരെ ബസ്സിലുള്ളൂ. ബസ്സിന്‍റെ കുലുക്കം ദേഹത്തെ ബാധിക്കാതിരിക്കാനായി മുൻവശത്തെ ഇരിപ്പിടത്തിൽ പോയിരുന്നു. ഏറെ താമസിയാതെ വിയർത്തു കുളിച്ച് കണ്ടക്ടറും വന്നു ചേർന്നു. ബസ്സ് സ്റ്റാന്‍റു വിട്ട് യാത്രയാരംഭിച്ചു. നഗരപ്രാന്തത്തിലൂടെ തിരക്കിലൂടെ ബസ്സ് ഇര വിഴുങ്ങിയ പാമ്പായി ഇഴഞ്ഞു നീങ്ങി.

എന്‍റെ മനസ്സ് അമലിനെക്കുറിച്ചുള്ള ചിന്തകളിൽ ചുറ്റിപ്പിണഞ്ഞു കഴുത്തിനു പിറകിൽ ശക്തമായ അടിയേറ്റ് കഴുത്തൊടിത്താണ് ഹതഭാഗ്യനായ ആ കുട്ടി മരണപ്പെട്ടത്. അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അനാഥാലയത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്ത് ആൾ സഞ്ചാരം അത്രയില്ലാത്ത ഒരിടത്താണ് മൃതദേഹം കണ്ടത്.

ആ കുട്ടി അവിടെയെത്താനുള്ള സാഹചര്യം എന്താണ്? മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയതിനു ശേഷം അവിടെ ഉപേക്ഷിച്ചതാവാം. ഏതായാലും ക്രൂരനായ ഒരാൾക്കേ ഇത്രക്കു നീചമായ ഒരു കൊലപാതകം ചെയ്യാനാകു. കൊലപാതകം നടത്താനുപയോഗിച്ച ആയുധം? പോസ്റ്റുമോർട്ടം റിപ്പോർട്ട്…? അന്വേഷണം നടക്കുന്നുണ്ടാകും. നടക്കട്ടെ എതായാലും മാധ്യമങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ല. അതിനു പിന്നിൽ കാരണങ്ങൾ പലതുണ്ടാകാം. ഏതായാലും അതൊന്നും എനിക്കറിയേണ്ടതല്ല. എനിക്ക് തോമാച്ചനോടു മാത്രമേ ഉത്തരവാദിത്വമുള്ളൂ.

ഇത്ര സങ്കുചിതമായി ചിന്തിച്ചതിൽ എനിക്ക് എന്നോടു നീരസം തോന്നി. എനിക്കു തോമാച്ചനോടു മാത്രമല്ല ഉത്തരവാദിത്വം! എനിക്ക് ഈ സമൂഹത്തോടും ഉത്തരവാദിത്വമുണ്ട്. ഒരു ബാലനെ മൃഗീയമായി കൊലപ്പെടുത്താൻ തക്ക മാനസികനിലയുള്ള ഒരുവൻ നമുക്കിടയിലുണ്ട്. ഒരു അനാഥ ബാലനോട് പക വച്ചു പുലർത്തേണ്ട ആവശ്യം ആർക്കുമില്ല. അപ്പോൾ പണത്തിനു വേണ്ടി കുടില കൃത്യം ചെയ്യാൻ തയ്യാറുള്ള ഒരുവനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു കൊണ്ടുവരുന്നതിന്‍റെ വലിയൊരു സാമൂഹിക ഉത്തരവാദിത്വം എനിക്കു നിർവഹിക്കാനുണ്ട്. ഇനിയും പണം നല്കാൻ ആളുണ്ടെങ്കിൽ ഇനിയും ഇത്തരം പ്രവൃത്തികൾ ആ സാമൂഹികദ്രോഹി ആവർത്തിക്കും. ഇനിയും ആളുകൾ കൊല്ലപ്പെടാം. അതു തടയണം!

മരണപ്പെട്ടു കിടന്ന അമലിന്‍റെ വസ്ത്രത്തിൽ നിന്നും ഒരു കടലാസു ചുരുൾ ലഭിച്ചെന്നറിഞ്ഞു. വിചിത്രങ്ങളായ കോഡുകൾ നിറഞ്ഞ കടലാസുചുരുൾ. എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആ വിചിത്രമായ ഭാഷയിലൂടെ അമൽ എന്തോ രഹസ്യം പറയാൻ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ കൊലപാതകി ആരെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കും അത്. അങ്ങനെയെങ്കിൽ പരിചിതനായ ഒരാളായിരിക്കില്ലേ ഇതിനു പിന്നിൽ. അതല്ല എങ്കിൽ പല തവണ മർഡർ അറ്റംപ് അമലിന് നേരിടേണ്ടി വന്നിരിക്കാം. ആ വിവരങ്ങൾ പുറംലോകം അറിയണമെന്ന് അവൻ ആഗ്രഹിച്ചിരുന്നിരിക്കാം. നേരായ വഴിയിൽ അവനത് സാധ്യമല്ലാതിരിക്കാം. അതിനു കാരണം ആ പരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യമാകണം.

എല്ലാം ഊഹാപോഹം മാത്രം ഒന്നും തന്നെ ഉറപ്പിച്ചു പറയാൻ കഴിയാത്ത അവസ്ഥയാണ്.

വിചിത്രമായ കോഡുകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ലോകത്തിലെ ഏറ്റവും ദുരൂഹമായ ഒരു പുസ്തകത്തെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു. വിചിത്രങ്ങളായ ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങിയ വോയ്നിച്ച് മാനു സ്ക്രിപ്റ്റ്. പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതിയത് എന്നു കാർബൺ ഡേറ്റിംഗ് പരിശോധനയിൽ തെളിയിക്കപ്പെട്ട വോയ്നിച്ച് മാനു സ്ക്രിപ്റ്റിൽ എഴുതപ്പെട്ടിരിക്കുന്ന വിചിത്രഭാഷ ഇന്നുവരെ ലോകത്തിന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

എന്തിനേറെ ആധുനിക സാങ്കേതിക വിദ്യയായ എ.ഐ ഉപയോഗിച്ചു പോലും ഡീകോഡ് ചെയ്യാനാകാതെ ക്രിപ്റ്റോഗ്രാഫർമാർക്ക് വെല്ലുവിളിയായി വോയ്നിച്ച് നില നിൽക്കുന്നു. ഇടത്തു നിന്നും വലത്തോട്ട് എഴുതിയ ഒരു ചെറിയ അക്ഷരത്തെറ്റു പോലും കാണാൻ കഴിയാത്ത ഇരുനൂറ്റി നാൽപ്പതോളം പേജുകളുള്ള അതിമനോഹര ചിത്രങ്ങളുള്ള വോയ്നിച്ച് കയ്യെഴുത്തുപ്രതി നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച് പലരുടെയും കൈകളിലൂടെ കൈമാറി ഭാഷാപണ്ഡിതൻമാർക്കു മുന്നിൽ ഒരു പ്രഹേളികയായി തുടരുന്നു.

ഇരുപതാം നൂറ്റാണ്ടു കണ്ട എക്കാലത്തെയും മികച്ച ഗണിത ശാസ്ത്രജ്ഞനും നിർമ്മിത ബുദ്ധിയുടെ ഉപജ്ഞാതാവെന്ന ബഹുമതി നേടിയിട്ടുള്ള അലൻ ടൂറിംഗ് ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ ശത്രുക്കളുടെ സന്ദേശങ്ങൾ ഡീകോഡ് ചെയ്തെടുക്കുന്നതിൽ അസാമാന്യ കഴിവ് തെളിയിച്ചയാളായിരുന്നു ടൂറിംഗ്. നിർമ്മിത ബുദ്ധിയുടെ പിതാവായ ടൂറിംഗ് പോലും ആ വിചിത്രഭാഷക്കു മുന്നിൽ തോൽവി സമ്മതിച്ചു. അജ്ഞാതനായ ഒരാളെഴുതിയ നിഗൂഢമായ വോയ്നിച്ച് കൈയെഴുത്തുപ്രതിയിലെ ദുർഗ്രഹമായ ഭാഷ ഇന്നും അഭേദ്യമായിത്തന്നെ തുടരുന്നു.

ഒരു വലിയ വളവ് ചുറ്റി ബസ്സ് നിരങ്ങി നിന്നു. ഇറങ്ങേണ്ട ഇടം ഞാൻ ധ്യതിയിൽ ബസ്സിൽ നിന്നും എഴുന്നേറ്റു പുറത്തിറങ്ങി. നേരിയ മഴ പൊടിയുന്നുണ്ട്. അതെന്നെ തെല്ല് വിസ്മയിപ്പിച്ചു. ഏതാനും കിലോമീറ്റർക്കപ്പുറം പൊള്ളുന്ന വെയിൽ ഇവിടെ മഴയുടെ പെരുക്കം. ചില്ലു പൊടിഞ്ഞു ചിതറുന്നതു പോലെ തോന്നിച്ച പൊടിമഴയിൽ സൂര്യൻ പലതായി പ്രതിഫലിച്ചു. ആ മഴയുടെ കുളിർ പുരണ്ട ഇളങ്കാറ്റ് വഴിത്ത‌ാരയിലെ മരങ്ങളിൽ പതിഞ്ഞു. ഇലകൾ അതുൾക്കൊണ്ടു. പരിസരം നല്കിയ ഉന്മേഷത്തോടെ ഞാൻ വാഴിത്താരയിലൂടെ നടന്നു. ചെറിയ ടൗൺപ്രദേശം പിന്നിട്ട് നടപ്പാത വിദൂരതയിലേക്ക് നീണ്ടു. സ്ഥലം എത്താറായിരിക്കുന്നു.

വഴിയോരത്തു കണ്ട ഏറെ തിരക്കില്ലാത്ത ഒരു ടീ ഷോപ്പിലേക്ക് കയറി. പഴമയിൽ നിന്നും വിട്ടുപോരാൻ മടിക്കുന്ന ടീ ഷോപ്പ്. പുറമെ നിന്ന് ജനലിലൂടെ നോക്കിയാൽ ഒരാൾ സമോവർ തിളപ്പിക്കുന്നതു കാണാമായിരുന്നു. ആദ്യം ചായ കുടിക്കാം. ചായക്ക് ഓർഡർ ചെയ്ത് ഞാൻ അവിടെക്കണ്ട കസേരയിൽ ഇരുന്നു കൊണ്ട് ചുറ്റുപാടുകൾ ഉൾക്കൊള്ളുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കട്ടിക്കണ്ണട വച്ച് മൊബൈൽ ഫോണിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന കാഷ്യർ. മൂന്നു നാലു പേരിരുന്ന് ചായ കുടിക്കുന്നു. നാടൻ പലഹാരം കഴിക്കുന്നു. ചൂടാറ്റിയ ചായ അൽപ്പാൽപ്പം കുടിച്ചു കൊണ്ട് ഞാൻ മെനു ബോഡിൽ കണ്ട ഇടിയപ്പവും മുട്ടക്കറിയും ഓർഡർ ചെയ്തു. മിനിറ്റുകൾക്കും എത്തിയ ആവി പറക്കുന്ന മൃദുലമായ ഇടിയപ്പത്തിനു മുകളിൽ മുട്ടക്കറിയൊഴിച്ച് ഞാൻ കഴിക്കാനാരംഭിച്ചു. നല്ലവണ്ണം വെന്ത ഇടിയപ്പത്തിൽ കുറുകിയ ചാറ് കുഴച്ചത് നാവിൽ രുചിയുടെ മേളം തീർക്കുമ്പോൾ എന്‍റെ മനസ്സ് ആശങ്കയിലായിരുന്നു.

വീട് എങ്ങനെയെങ്കിലും കണ്ടുപിടിക്കാം. എന്നാൽ എന്ത് മുഖം മൂടിയണിഞ്ഞാണ് അവിടെ കയറിച്ചെല്ലുക? അന്വേഷണത്തിന്‍റെ കാര്യം പറയുന്നത് ഒരിക്കലും സത്യമായ വിവരം പുറത്തു കൊണ്ടുവരാൻ സഹായിക്കില്ല. പിന്നെ അന്വേഷണത്തിന്‍റെ പേരും പറഞ്ഞ് ഭയപ്പെടുത്തിയാൽ തന്നെ വഴങ്ങിക്കൊള്ളുമെന്ന് ഒരു നിബന്ധനയുമില്ല. ഇവിടെ ആവശ്യം എന്‍റേതാണ് അവരുടേതല്ല. ഭയപ്പെടുത്തി കാര്യം സാധിക്കുന്നത് ഇത്തരം ആളുകളിൽ എത്ര കണ്ട് പ്രവർത്തികമാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഒരു ബാലനെ അനാഥാലയത്തിൽ കൊണ്ടാക്കാനും പിന്നെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താനും ആലോചിച്ച ക്രിമിനൽ മനസ്സ് എനിക്കു തന്നെ അപകടകരമായേക്കാവുന്ന തീരുമാനങ്ങൾ കൈകൊള്ളില്ലെന്ന് എന്താണുറപ്പ്?

പെരുവിരലിൽ നിന്നാരംഭിച്ച വിറയൽ ശരീരമാസകലം പടരുന്ന പോലെ എനിക്കു തോന്നി. വ്യക്തമായ പദ്ധതിയോ ധാരണയോ ഇല്ലാതെ ഇങ്ങിനെയൊരു യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ടതിൽ എനിക്ക് ഖേദം തോന്നി. ഒരു വേള തിരിച്ചു പോയിമാ എന്നാലോചിച്ചു. ഒടുവിൽ ഏതായാലും വന്ന സ്ഥിതിക്ക് വീടും പരിസരവും കണ്ട് തിരിച്ചു പോകാമെന്ന് നിശ്ചയിച്ച ശേഷം ക്ലാസ്സിൽ അവശേഷിച്ചിരുന്ന ചായ കാലിയാക്കിയ ശേഷം ഞാൻ എഴുന്നേറ്റു കൈ കഴുകി.

പണം നല്കാനായി ചെന്നപ്പോൾ കട്ടിക്കണ്ണടക്കാരൻ മൊബൈൽ ഫോണിൽ നിന്ന് മുഖം ഉയർത്തി എന്നെ ഒന്നുഴിഞ്ഞു നോക്കി. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു. പണം വാങ്ങി ബാക്കി ചില്ലറ തരാനായി പരതുന്നതിനിടയിൽ ഞാൻ സൗഹാർദ്ദപൂർവ്വം ചോദിച്ചു.

“ഒരു ആന്‍റണി പൈലോക്കാരനെ അറിയാമോ? അദ്ദേഹത്തിന്‍റെ വീട്ടിലൊന്നു പോകണമായിരുന്നു.”

കട്ടിക്കണ്ണടക്കാരൻ ചോദ്യം കേട്ടതും ചില്ലറ പരതുന്നതു നിർത്തി.

“ആ.. സ്ഥലക്കച്ചവടം അല്ലേ.”

അയാളുടെ ആ എതിർ ചോദ്യത്തിൽ ഞാനൊരു സാധ്യത കണ്ടു. പൊടുന്നനെ ഞാൻ പറഞ്ഞു.

“അതെ സ്ഥലത്തിന്‍റെ ആവശ്യം തന്നെ. സ്ഥലമൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.”

“ആ കുറെ പാർട്ടികളായി വന്നു നോക്കിപ്പോകുന്നു. ഒന്നും നടക്കുന്നില്ല വായിൽ തോന്നിയ വിലയൊക്കെ പറഞ്ഞാൽ ആർക്കാണ് കൊടുക്കാൻ കഴിയുക. എല്ലാത്തിനും ഒരു സാമാന്യ മര്യാദയൊക്കെയില്ലേ? ആ അമ്മച്ചിക്കാകട്ടെ വിട്ടുവീഴ്ച എന്നൊന്നില്ല. ഇങ്ങയെങ്കിൽ സ്ഥലവും വീടും ഈ ജന്മത്ത് വിറ്റുപോകില്ല.”

മൊബെലിൽ മുഖം പുഴ്‌ത്തിയുള്ള ഇരിപ്പും കട്ടിക്കണ്ണടയും കണ്ടപ്പോൾ ഈ ലോകത്തൊന്നുമല്ല ആളെന്ന് തോന്നിച്ചെങ്കിലും കാഷ്യർ അന്തർമുഖനല്ല സംസാരപ്രിയനാണെന്ന് എനിക്ക് മനസ്സിലായി. അതെനിക്ക് ഉത്സാഹം നല്കി.

“ചില്ലറ ഇല്ലെങ്കിൽ വേണ്ട. ഞാൻ തിരിച്ചു വരുമ്പോൾ ഇവിടെ കയറാം.” അപ്പറഞ്ഞത് അയാൾക്ക് സ്വീകാര്യമായി തോന്നി.

“സ്ഥലത്തിനെന്തെങ്കിലും അവകാശത്തർക്കമോ? പ്രശ്നമുണ്ടോ? വല്ല കേസോ കൂട്ടമോ അവകാശത്തർക്കമോ?”

കട്ടിക്കണ്ണടക്കാരൻ മുഖമുയർത്തി നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഇല്ല അങ്ങനെയൊന്നുമില്ല. നല്ല പറമ്പാണ്. ഇരുപത് ഇരുപത്തഞ്ച് സെന്‍റ് കാണും. നല്ല ഒത്ത സ്ക്വയർ പ്ലോട്ട്. പക്ഷേ വീട് പഴയതാ.”

“അതെന്താ ഇപ്പോൾ പെട്ടെന്ന് വിൽക്കാൻ കാരണം?”

“ആ അമ്മച്ചീടെ മകൻ വിദേശത്താ മകന്‍റെ കൂടെ സെറ്റിൽ ചെയ്യാനാണെന്ന് തോന്നുന്നു… ശരിക്കറിയില്ല…”

തൊട്ടടുത്ത് ബില്ലടക്കാനായി ഒരാൾ തിടുക്കം കൂട്ടുന്നതു കണ്ട് അയാൾ എന്നോട് പെട്ടന്ന് പറഞ്ഞു.

“ഇവിടെ നിന്ന് നേരെ പോകുക. ഇടതും വലതും ഒന്നും തിരിയണ്ട റൈറ്റ് സൈഡിൽ ഒരു പള്ളി കാണാം. അവിടെ നിന്നും ഫസ്റ്റ് റൈറ്റ് മൂന്നാമത്തെ വീട്.”

“ശരി.” ഞാൻ അയാളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ഇനി ഒരമ്പത് വർഷം കഴിഞ്ഞു തിരിച്ചു പോന്നാലും ആ കട്ടികണ്ണടക്കാരൻ അതേ ഇടത്തു അതേകസേരയിൽ പണമെണ്ണിത്തിട്ടപ്പെടുത്തികൊണ്ടു ഇരുപ്പുണ്ടാവുമെന്നു എനിക്ക് തോന്നി.

പൊടിമഴ അപ്പോഴേക്കും ശമിച്ചിരുന്നു. ടാറിട്ട റോഡായിരുന്നിട്ടു കൂടി മണ്ണിൽ മഴ വീണതിന്‍റെ ഗന്ധം. വഴിത്താരക്കിരുവശവും വലിയ മരങ്ങൾ ഒറ്റപ്പെട്ടു നിന്നു. വഴിത്താരക്കു വലതുവശത്തെ പള്ളി ലക്ഷ്യം വച്ച് ഞാൻ നടന്നു. വഴിക്കിരുവശവും ഒറ്റപ്പെട്ട കടകളുണ്ട്. മല്ലി, മുളക് പൊടിക്കുന്ന ഒന്ന്, ഒരു ബാർബർ ഷോപ്പ്, പഴയ രീതിയിലുള്ള ഒരു പലചരക്കുകട അങ്ങനെ. ആ പ്രദേശത്ത് ഞാൻ അപരിചിതനായതിലാവണം എന്നെ ആളുകൾ തുറിച്ചു നോക്കുന്നതായി ഞാൻ കണ്ടു. എനിക്ക് വല്ലായ്മ തോന്നി.

കട്ടിക്കണ്ണടക്കാരൻ വഴി പറഞ്ഞു തന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ ദൂരം നടക്കേണ്ടി വന്നു. ഇതറിഞ്ഞിരുന്നെങ്കിൽ ഒരോട്ടോ പിടിക്കാമായിരുന്നു എന്നു തോന്നി. അങ്ങനെ പള്ളിക്കടുത്തെത്തി. പള്ളിക്കു മുന്നിൽ വഴിത്താരക്കപ്പുറം വിശാലമായ സെമിത്തേരിയാണ്. കറുത്തതും നിറം മങ്ങിയതുമായ ഫലകങ്ങൾ സെമിത്തേരിയിൽ എഴുന്നു നിന്നു. അതിനു പിന്നിൽ ഒറ്റപ്പെട്ട് ഉണങ്ങി ഇല പോയ മരങ്ങളും. എല്ലാത്തിനും പുറകെ നിറം പോയി ചാരച്ച ആകാശവും. ആകാശം അനന്തതയിലേക്ക് വളഞ്ഞു നിന്നു.

വേർതിരിച്ചറിയാനാകാത്ത കാരണത്താൽ ഒരു ഉൾഭയം എന്നെ പിടികൂടി. സഹായി ജോണിയെ കൂടെ കൂട്ടാമായിരുന്നെന്ന് എനിക്ക് തോന്നി. ഒറ്റക്കു യാത്ര തിരിച്ചത് അബദ്ധമായി. അതല്ലെങ്കിലും അപരിചിതമായ യാത്രാപഥങ്ങൾ ഭയാശങ്കകൾ തീർക്കുന്നതാണ്. പള്ളിക്കു വലതു വശത്തെ വഴി തിരിഞ്ഞ് ഞാൻ പ്രയാസപ്പെട്ടു നടന്നു. പിന്നീട് ഏറെ പണിപ്പെടേണ്ടി വന്നില്ല ആന്‍റണി പുല്ലോക്കാരന്‍റെ വീടെത്താൻ.

കട്ടിക്കണ്ണടക്കാരൻ പറഞ്ഞതുപോലെ മതിലു കെട്ടിത്തിരിച്ച സ്ക്വയർ പ്ലോട്ട്. അതിനു നടുക്കായി പഴയ വീട്. കട്ടിയിരുമ്പു കൊണ്ടു നിർമിച്ച ഇരുമ്പു ഗേറ്റു തുറക്കാനാഞ്ഞതും ചാരനിറമുള്ള പരുക്കൻ ഷർട്ടിട്ട ഒരു സെക്യൂരിറ്റിക്കാരൻ എവിടെ നിന്നോ ഓടി വന്നു. കപ്പടാ മീശയും ചുവന്ന ഉണ്ടക്കണ്ണുകളുള്ള അയാളോട് മാഡത്തെ കാണണം എന്നു മാത്രം പറഞ്ഞു. യാതൊരു സഹകരണവുമില്ലാത്തയാൾ എന്നു തോന്നിപ്പിച്ച അയാളുടെ ചോദ്യാവലിക്കെല്ലാം യുക്തിസഹജമായ ഉത്തരം നല്കിയ ശേഷം ഞാൻ ഗേറ്റു തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

വെളുത്ത പൂക്കള്ള ബോഗൻ വില്ല പടർത്തിയ കമാനം പിന്നിട്ട് വെട്ടുകല്ല് പാകിയ നടപ്പാത കടന്ന് ഞാൻ സിറ്റൗട്ടിൽ പ്രവേശിച്ചു. വീടിനിടതുവശത്തെ പുൽത്തകിടിയിൽ ഒരു വെളുത്ത പെയിന്‍റടിച്ച അഴികളുള്ള മരയൂഞ്ഞാൽ ആടുന്നത് ഞാൻ കണ്ടു.

പൊടുന്നനെ മുൻവാതിൽ തുറന്ന് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. തടിച്ചു വെളുത്ത് ഉയരം കുറഞ്ഞ ഒരു സ്ത്രീ. കറുത്ത മിഡിയും ടോപ്പും ധരിച്ചിരിക്കുന്നു. കഴുത്തറ്റം താഴ്ത്തി ആണുങ്ങളെപ്പോലെ മുടി മുറിച്ചിരിക്കുന്നു. നിശ്ചയദാർഢ്യത്തിന്‍റെയും താൻപോരിമയുടേയും ആൾരൂപമെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താം. സംശയാസ്പദമായി എന്നെ ആകെയൊന്നുഴിഞ്ഞു നോക്കിയ ശേഷം അവർ സിറ്റൗട്ടിൽ ഇട്ടിരുന്ന മരക്കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ഒരു വീടും പറമ്പും അടിയന്തിരമായി വാങ്ങാൻ ഉദ്ദേശിക്കുന്നതിനു പിന്നിലെ ആവശ്യകത വിശ്വസനീയമായ രീതിയിൽ ഞാൻ അവതരിപ്പിച്ചു. ഈ സ്ഥലം ഇഷ്ടമാകാൻ ഉള്ള കാരണങ്ങളും അവരെ ധരിപ്പിച്ചു. ഞാൻ പറഞ്ഞത് അവർ പൂർണ്ണമായും വിശ്വസിച്ചതായി ആ മുഖഭാവത്തിൽ നിന്നും വ്യക്തമായി. അവരുടനെ അകത്തേക്ക് പോയി ആരോടോ ചായ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫാമിലിയെക്കൂട്ടി ഒന്നു കൂടെ വരാനും പദ്ധതിയുണ്ടെന്ന് ഞാൻ അവരെ അറിയിച്ചു. വീടും പറമ്പും ചുറ്റിക്കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അവർ എന്‍റെ ആവശ്യം ഉത്സാഹപൂർവ്വം സമ്മതിച്ചു. മനോഹരവും വൃത്തിയുമായി പരിപാലിച്ചിട്ടുള്ള വീടും പരിസരവും. വെളുപ്പും റോസും നിറുള്ള നേർത്ത ബോഗൻ വില്ല ചെടികൾ പടർത്തിയ കമാനാകൃതിയായ ഗേറ്റ്. ഗേറ്റിനിരുവശത്തും വെട്ടിയൊതുക്കിയ ബുഷ് ചെടികൾ അതിരു തീർത്ത പൂന്തോട്ടം. പല ജാതി പൂക്കൾ അവിടെ പൂത്തു നിന്നു. വീടിനു തൊട്ടു മുമ്പിൽ വലിയൊരു നാട്ടുമാവ് മുറ്റമെമ്പാടും ശിഖരങ്ങൾ പടർത്തി ദീർഘകായനായി എഴുന്നു നിന്നു. അതിനെതിർവശത്ത് കനത്തു വീർത്ത തായ്തടിയുള്ള പന പോലുള്ള വൃക്ഷങ്ങൾ തുഞ്ചത്ത് ഇല പടർത്തി തണലുവിരിച്ചു നിന്നു. ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്ന വീടും പരിസരവും. എന്നോട് വിശ്വാസം വന്ന പോലെ ആ സ്ത്രീ ഇടതടവില്ലാതെ സംസാരിക്കാൻ തുടങ്ങി. അവരുടെ പേര് ക്ലാര എന്നായിരുന്നു. കാര്യങ്ങളെല്ലാം സവിസ്തരം എന്നെ അറിയിച്ചു കൊണ്ടിരുന്നു. വീടിനു പിറകിൽ പല നിറത്തിലുള്ള പഴവർഗ്ഗങ്ങളും പച്ചക്കറിയും നട്ടുവളർത്തിയിരുന്നു. അതെല്ലാം കണ്ടു കൊണ്ടു നടക്കുമ്പോൾ രണ്ടു ചുവന്ന കണ്ണുകൾ എന്നെ പിന്തുടരുന്നതായി എനിക്കു തോന്നി.

അടുത്ത പത്തു മിനിറ്റിനുള്ളിൽ വീടിനകം കണ്ട് ചായ കുടിച്ച് ക്ലാരയാന്‍റിയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ആ പത്തു മിനിറ്റിനുള്ളിൽ വീടിനകം സശ്രദ്ധം നിരീക്ഷിച്ചെങ്കിലും എനിക്കറിയേണ്ടുന്ന വിവരങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ക്ലാരയാന്‍റിയാകട്ടെ സ്ഥലക്കച്ചവടത്തിനപ്പുറം ഒന്നും തന്നെ വിട്ടു പറയാൻ തയ്യാറായുമില്ല. അതിനപ്പുറം കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നത് എന്നെ സംശയത്തിന്‍റെ നിഴലിൽ നിർത്തുമെന്ന് തോന്നിയതിനാൽ ഞാൻ നിരാശനായി. വീട്ടിൽ നിന്നും പുറത്തിറങ്ങിയ എന്നെ വീണ്ടും ചുവന്ന കണ്ണുകൾ പിൻതുടരുന്നതായി എനിക്കു തോന്നി. അത് സെകൂരിറ്റിക്കാരൻ തന്നെ. അയാൾക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ തിരിച്ച് അയാൾക്കടുത്തേക്ക് നടന്നു. പരിചയപ്പെട്ടു. ഫോൺ നമ്പർ വാങ്ങി.

നേരം വൈകിയതിനാൽ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞത് ഞാൻ വെട്ടുവഴിയിലേക്കിറങ്ങി. വെട്ടുവഴി കടന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഒരു ശവഘോഷയാത്ര പോകുന്നതു കണ്ടു. പണ്ടുമുതലേ ഇത്തരം കാഴ്ച കാണുമ്പോൾ മനസ്സിലൊരു ആന്തലാണ്. എത്രയോ തവണ ഇത്തരം കാഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും പ്രായം ഇത്രയായിട്ടും ഇക്കാഴ്ചകൾ നല്കുന്ന ഭയാശങ്കകൾ എന്നെ വിട്ടു പോയിട്ടില്ലെന്നത് ദുഃഖകരമാണ്.

ഇല്ല എനിക്ക് യാതൊരു ഭയവുമില്ല. ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതിനായി ഞാനും മെല്ലെ ആ ശവമടക്ക് ആൾക്കൂട്ടത്തിൽ ചേർന്നു നടന്നു തുടങ്ങി. യാതൊരു പരിചയവും ഇല്ലാത്ത ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏതോ സ്ഥലത്തെ ഒരാൾ. അയാളുടെ ശവമടക്കിന് കൗതുകത്തോടെ ഞാൻ തെല്ലിട കഴിഞ്ഞ് സെമിത്തേരിപ്പറമ്പിലേക്ക് നടന്നു കയറി. ചെന്നു കയറിയതും വരണ്ട കാറ്റ് വീശിയടിച്ചു. ദൂരെ നിൽക്കുന്ന ഉണങ്ങി ശോഷിച്ച മരത്തിന്‍റെ ചില്ലകൾ പൊട്ടിവീഴുന്നതു കണ്ടു. ശുശ്രൂഷകൾ ആരംഭിക്കുമ്പോൾ ഞാൻ നിസ്സംഗനായി ചുറ്റുപാടും പരിസരവും വീക്ഷിച്ച് നിന്നു. അപ്പോഴാണ് സമീപത്തുള്ള ഒരു ശവക്കല്ലറ ശ്രദ്ധിച്ചത്. ഉണങ്ങിയ പൂക്കൾ മേലാപ്പ് തീർത്ത ശവക്കല്ലറ. അൻപത് വർഷം ഈ ഭൂമിയിൽ ജീവിച്ച് വേർപെട്ടു പോയ അയാളുടെ പേര് ഞാൻ ശ്രമപ്പെട്ട് വായിച്ചു. അതിപ്രകാരമായിരുന്നു. “ആന്‍റണി പുല്ലോക്കാരൻ.”

ഒച്ച്- 5

ഒരു സ്ത്രീ നാലഞ്ചു വയസ്സു പ്രായത്തിൽ അനാഥാലയത്തിൽ കൊണ്ടാക്കിയതാണ് അമലിനെ. അത്തരമൊരു പ്രവൃത്തിക്ക് ആ സ്ത്രീയെ പ്രേരിപ്പിച്ചതെന്താണ്? വിശദമായ ഒരന്വേഷണം ആവശ്യപ്പെടുന്ന ഒന്നാണിത്. ഒരു പക്ഷേ അമലിന്‍റെ ദാരുണമായ മരണത്തിന്‍റെ ഉത്തരവും ആ അന്വേഷണത്തിൽ നിന്നും ലഭ്യമായേക്കാം.

ആരാണവർ? തീർച്ചയായും അനാഥാലയത്തിലെ രേഖകളിൽ അവരുടെ പേരും വിലാസവും ഉണ്ടാകും. അതു ലഭിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. ഒരു തുമ്പ് എന്നു പറയാൻ ഇതു മാത്രമേ എന്‍റെ മനസ്സിൽ തോന്നുന്നുള്ളൂ. തോമാച്ചന് ഇക്കാര്യത്തിൽ എന്നെ സഹായിക്കാൻ കഴിയില്ലെന്നത് തീർച്ചയാണ്. കാരണം അത്തരമൊരു പ്രശ്നങ്ങൾക്കു നടുവിലാണ് അയാളുള്ളത്. ഒന്നും തന്നെ വിട്ടു പറയാൻ അയാൾക്ക് പരിമിതികളുണ്ട്. ആദ്യമേ തന്നെ അയാളത് വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ കാരണം തേടി പോകുന്നത് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

അയാളുടെ സംസാരരീതി ഈയൊരു വസ്തുത അടിവരയിടുന്നതാണ് ഓർഫനേജ് അധിക്യതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന സാഹചര്യമല്ല തോമാച്ചനുള്ളത്. മാത്രമല്ല പോലീസ് അന്വേഷണം തുടങ്ങിയിരിക്കാൻ സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ ഒരുറപ്പ് പറയാൻ എനിക്ക് കഴിയില്ല എങ്കിലും. ആർക്കും പരാതികൾ ഒന്നുമില്ല എങ്കിൽ തന്നെയും ഒരു അനാഥാലയവുമായി ബന്ധപ്പെട്ട ഗൗരവതരമായ സംഭവം ഉത്തരവാദിത്വപ്പെട്ടവരുടെ അന്വേഷണ പരിധിയിൽ വരാതിരിക്കാൻ മതിയായ കാരണമൊന്നുമില്ല.

ചിലപ്പോൾ അമൽ ആ സ്ത്രീയുടെ മകനല്ലായിരിക്കാം. വലിയൊരു സമ്പത്തിന്‍റെ അനന്തരാവകാശി ഒരു പക്ഷേ അമലായിരുന്നിരിക്കണം. ആ സ്ത്രീയുടെ ഭർത്താവിന്‍റെ അവിഹിത ബന്ധത്തിലെ മകനായിരിക്കാം അമൽ. ഒരു കുട്ടിയെ അനാഥാലയത്തിൽ എൽപ്പിക്കാൻ മാത്രം കഠിനഹൃദയയായ ആ സ്ത്രീ  പിന്നീട് എന്തു ദുഷ്കർമ്മം ചെയ്യാനാണ് സാധ്യത ഇല്ലാത്തത്? തന്‍റെ മക്കൾക്ക് ലഭിക്കേണ്ടുന്ന വമ്പിച്ച സമ്പത്ത് മറ്റൊരു സ്ത്രീയുടെ മകന് ഭാവിയിൽ വന്നു ഭവിക്കാനുള്ള സാഹചര്യം ആ സ്ത്രീ മുളയിലേ നുള്ളിക്കളഞ്ഞു എന്ന പ്രഥമദൃഷ്ടിയാൽ മനസ്സിലാകുന്ന സാധ്യത തള്ളിക്കളയാൻ സാധ്യമല്ല.

നിർഭാഗ്യവശാൽ ആ കുട്ടിയുടെ അപ്പൻ നിലവിൽ ജീവിച്ചിരിക്കാനുള്ള സാധ്യത ഇല്ല എന്നു തന്നെ അനുമാനിക്കാം. ജീവിച്ചിരിപ്പുണ്ടെങ്കിൽ മകനെ അനാഥാലയത്തിൽ വളർത്തേണ്ടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ആ സ്ത്രീ തന്നെയാണ് സംശയമുനയിൽ നിൽക്കുന്നത്. അച്ചടക്കത്തോടെ നടത്തപ്പെടുന്ന ഒരു സ്ഥാപനത്തിൽ ആ സ്ഥാപനത്തിൽ ഉള്ളവരിൽ നിന്നും ഇത്തരമൊരു നിഷ്ഠൂര കൃത്യത്തിന് സാധ്യത കുറവാണ്.

എന്തിനു വേണ്ടി എന്ന ചോദ്യം ആ ഒരു സാധ്യതക്കുറവിനെ സാധുകരിക്കുന്നു. അപ്പോൾ ആ സ്ത്രീ! അമലിനെ അനാഥാലയത്തിൽ ഏൽപ്പിച്ചു പോയ സ്ത്രീ. ആ  സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ തേടണം. അതെങ്ങനെ എന്ന ചോദ്യം വലിയൊരു ചോദ്യചിഹ്നമായി മനസ്സിൽ ഉയർന്നു വരുന്നു. സമയമുണ്ട്.

മനോഹരമായ വെളുത്ത തളികയിൽ ഗ്രിൽ ചെയ്തെടുത്ത മീൻ വിഭവം ബംഗാളിപ്പയ്യൻ കൊണ്ടുവന്നു. അലങ്കാരത്തിന് നേർമ്മയായി അരിഞ്ഞ സവാളയും ചെറുനാരങ്ങാ മുറിച്ചതും പിന്നെ വട്ടത്തിൽ കുക്കുംബർ അരിഞ്ഞതും ഏറെ മസാല ചേർക്കാതെ ഗ്രിൽ ചെയ്തെടുത്ത മീൻ വിഭവം ഏറെ രുചികരമായി തോന്നി. നേർത്ത എരിവുള്ള സോസിൽ മുക്കിക്കഴിച്ചത് നാവിലെ രസമുകുളങ്ങളെ ഉണർത്തുന്നതായി. ഒരു ക്ലിയർ മഷ്റും സൂപ്പുകൂടി കഴിച്ച് കൈ കഴുകി പുറത്തിറങ്ങാനൊരുമ്പെടുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.

എന്‍റെ അന്വേഷണങ്ങൾക്ക് കൂട്ടായി ഒരു സഹായിയെ എന്‍റെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട് എന്നറിയിക്കാനായിരുന്നു തോമാച്ചൻ വിളിച്ചത്. തോമാച്ചനാകട്ടെ തിരക്കിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നു തിരിയാൻ സമയമില്ല.

ശരി. ഞാനതു കണ്ടതാണ്. അന്തരീക്ഷം ചൂടുപിടിച്ചു വരുന്നതേ ഉള്ളൂ. ഞാൻ ഒരു ഓട്ടോ പിടിച്ച് ഓഫീസിലേക്ക് പോകാൻ തീരുമാനിച്ചു. വഴിത്താരയെ പിന്നോട്ടാക്കി മുന്നോട്ടു പോകുമ്പോൾ തൊട്ടു മുമ്പേ തോമാച്ചൻ പറഞ്ഞ ഒരു പേര് എന്‍റെ മനസ്സിലുടക്കി. അമലിന്‍റെ പേര്. അമലിന്‍റെ പൂർണ്ണമായ പേര്. മുൻപ് അയാൾ ഒരു തവണ അമലിന്‍റെ പൂർണ്ണമായ പേര് പറഞ്ഞിട്ടുണ്ടെങ്കിലും ഞാനതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടായിരുന്നില്ല. ഇത്രമാത്രം അശ്രദ്ധയും ഉദാസീനതയും പുലർത്തിയതിൽ എനിക്ക് ഖേദം തോന്നി. ഒരു ചെറിയ പിടിവള്ളി അത്രമാത്രം. ആ പിടിവള്ളി ദുർബലമായ ചിതലുകയറിയ ഒന്നു തന്നെയാണ്. എങ്കിലും ചിലപ്പോൾ ആ പിടിവള്ളിയിൽ കയറി കരപറ്റിക്കൂടെന്നില്ല. ഏതായാലും ഏതു ദിശയിലേക്കാണ് പോകേണ്ടതെന്നറിയാതെ ഉഴറി നടന്ന എനിക്കു മുന്നിൽ യാദൃശ്ചികമായി വന്നു പെട്ട ദിശാ സൂചകമായി അമലിന്‍റെ പൂർണമായ നാമം.

പോർച്ചുഗീസ് കഫേക്കു മുന്നിലാണ് ഓട്ടോ ഇറങ്ങിയത്. നേരിയ ചൂടുണ്ട്. ശരീരത്ത് വിയർപ്പു പൊടിയുന്നു. പോർച്ചുഗീസ് കഫേയിൽ നിന്നും ഉള്ളു തണുപ്പിക്കാൻ എന്തെങ്കിലും കഴിക്കാമെന്നു കരുതി ഞാൻ കഫേയിലേക്കു കടന്നു. പലതരം പഴങ്ങൾ സമചതുരാകൃതിയിൽ മുറിച്ച് അടരുകൾ തീർത്ത കപ്പിൽ മേലാപ്പായി ഐസ്ക്രീമും അതിനു മുകളിൽ ചെറിപ്പഴം തൊങ്ങൽ ചാർത്തിയ ഷേക്ക് ഉള്ളം തണുപ്പിച്ചു കൊണ്ടിരിക്കെ സേവ് ചെയ്യാത്ത ഒരു നമ്പർ ഫോണിൽ തെളിഞ്ഞു. അതെ ഇതു തോമാച്ചൻ പറഞ്ഞ സഹായി തന്നെ. ഹോണെടുത്തു.

മറുതലക്കൽ ഒരു പരുക്കൻ ശബ്ദം ഇവിടെ നിന്നും ഏറെ ദൂരെയല്ലാത്ത ഒരിടത്തു നിന്നും വിളിക്കുകയാണ്. അയാൾക്ക് ഈ സ്ഥലം അത്ര പരിചിതമല്ല. തോമാച്ചന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് വരുന്നത്. ഞാനുടനെ എന്‍റെ ഓഫീസ് ഇരിക്കുന്നിടത്തെ ലൊക്കേഷൻ അയാൾക്ക് അയച്ചുകൊടുത്ത് കഫേയിൽ പണം നല്കി പുറത്തിറങ്ങി.

ഉച്ചനേരം വഴിത്താരയിൽ ഏറെ ആളുകളില്ല, ചൂടിൽ മയങ്ങിക്കിടക്കുന്ന പ്രദേശം റോഡ് മുറിച്ചുകടന്ന് ചുറ്റു ഗോവണി കയറി ഓഫീസു തുറന്നു ഫ്രിഡ്ജ് തുറന്ന് അല്പം തണുത്ത വെള്ളം കുടിച്ചു. ഓഫീസിനു താഴെ തട്ടുകട നടത്തുന്ന ബംഗാളിപ്പയ്യനെ വിളിച്ച് മസാലച്ചായയും കോക്കനട്ട് ബിസ്ക്കറ്റും ഏർപ്പാടാക്കി. തെല്ലിട കഴിഞ്ഞപ്പോൾ ചുറ്റു ഗോവണി മുരളുന്ന ശബ്ദം കേട്ടു. സഹായി വരുന്നുണ്ടെന്നു തോന്നുന്നു. ഞാൻ വാതിൽക്കലേക്കു നോക്കി. തടിച്ചു കുറുകിയ ഒരാൾ വെളുത്ത ഷർട്ടും വെളുത്ത പാന്‍റും ധരിച്ചിട്ടുണ്ട്. തോളിൽ ഒരു ബുദ്ധിജീവി സഞ്ചി തൂക്കിയിട്ടുണ്ട്. നാല്ലതിലേറെ പ്രായം തോന്നിക്കില്ല. എങ്കിലും ജീവിത അനുഭവങ്ങളുടെ ഒരു സാഗരം ആ മുഖത്തു പ്രകടമായിരുന്നു.

വാതിൽക്കൽ അപരിചിതത്വം കൊണ്ട് പരുങ്ങി നിന്ന അയാളെ ഞാൻ അകത്തേക്കു വിളിച്ചു. ഇരിക്കാനാവശ്യപ്പെട്ടു. മുഖം വീർത്തു നിൽക്കുന്ന ഫാനിനു കീഴെ അയാൾ ആശ്വാസത്തോടെ ഇരിപ്പുറപ്പിച്ചു. അയാളുടെ വെളുത്ത വസ്ത്രം വിയർപ്പിൽ കുളിച്ചിരുന്നു. അപ്പോഴേക്കും ബംഗാളിപ്പയ്യൻ മസാല ചായയും ബിസ്ക്കറ്റും കൊണ്ടുവന്നു. ഒപ്പും ചെറിയ രണ്ടു പ്ലേറ്റുകളിൽ കേക്ക് കഷണങ്ങളും. അയാളെ അല്പനേരം വിശ്രമിക്കാനനുവദിച്ച് ഞാൻ പരിചയപ്പെടാൻ വേണ്ടി സംസാരിക്കാൻ തീരുമാനിച്ചു.

തോമാച്ചന്‍റെ ജൂനിയർ ആർട്ടിസ്റ്റ് ബാച്ചിലെ ഒരംഗമാണ് . പേര് ജോണി. സിനിമാ മോഹം തലക്കുപിടിച്ച് പഠനമുപേക്ഷിച്ച് അഭിനയിക്കാൻ അവസരം തേടിയിറങ്ങിയതാണ്. പല പ്രമുഖ നടന്മാരുടേയും കൂടെ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ ഞാൻ ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്. ഡയലോഗുള്ള ഒരു സിനിമാ അവസരം ലഭിക്കുന്നതു വരെ മാത്രമേ ഇദ്ദേഹത്തിന്‍റെ സേവനം എനിക്ക് ലഭിക്കൂ. ഞാൻ തലകുലുക്കി സമ്മതിച്ചെങ്കിലും എനിക്കതു പെട്ടന്നു മനസ്സിലായില്ല.

പിന്നീടയാൾ വിവരിച്ചപ്പോൾ കാര്യം മനസ്സിലായി. സംഭാഷണമുള്ള ഒരു കഥാപാത്രത്തെ ലഭിച്ചാൽ ഉടൻ ജോണി സ്ഥലം വിടും. സിനിമാ ഷൂട്ടിംഗിൽ ആൾക്കൂട്ടത്തിൽ നിൽക്കാൻ ജോണിയെക്കിട്ടില്ല. അത്യാവശ്യം സംസാരമൊക്കെയുള്ള വേഷം ചെയ്യാൻ മാത്രമേ ജോണിയുള്ളൂ. ജോണിയുടെ ആ ഒരു ആവശ്യം പ്രശ്നമുള്ളതായി എനിക്കു തോന്നിയില്ല. കാരണം ഡയലോഗുള്ള വേഷം ജോണിയെ ഏൽപ്പിക്കുന്നത് തോമാച്ചനാണല്ലേ? ഇനി എന്‍റെ അന്വേഷണ കാലയളവിൽ ഡയലോഗുള്ള വേഷം ലഭ്യമായാൽ തന്നെ ജോണിയെ ഏൽപ്പിക്കണോ എന്നത് തീരുമാനിക്കുന്നത് തോമാച്ചനും പിന്നെ ഞാനും ആയിരിക്കും. ഏതായാലും എന്‍റെ അന്വേഷണം തീരും വരെ ജോണി ഇവിടെത്തന്നെ കാണും

സത്യത്തിൽ ഇത്തരത്തിലുള്ള ആളുകളെ കാണുന്നത് സങ്കടകരമാണ്. ഇത്തരം ആളുകളെ ഒരു പാട് കണ്ടിട്ടുമുണ്ട്. സിനിമയിലേക്കും ക്രിക്കറ്റിലേയും അതിപ്രശസ്തരും അതിസമ്പന്നരുമായ സെലിബ്രിറ്റികളെ കണ്ട് അതു പോലെയാകാൻ കൊതിച്ച് തുനിഞ്ഞിറങ്ങുന്നവർ. അവർ മനസ്സിലാക്കുന്നില്ല കോടിക്കണക്കിന് ആളുകളിൽ നിന്ന് എത്ര പേർ അതിപ്രശസ്തരും സമ്പന്നതയും കൈവരിക്കുന്നുണ്ടെന്ന്. ഒടുവിൽ ഒരു നാൾ തിരിഞ്ഞു നോക്കുമ്പോൾ നഷ്ടപ്പെട്ട ജീവിതം മാത്രമാകും അവശേഷിക്കുന്നത്. അന്ന് ചിന്തിക്കും സാമാന്യരീതിയിൽ ജീവിച്ചുപോകുവാൻ എന്തെങ്കിലും ജീവിതമാർഗത്തിനുവേണ്ടി ശ്രമിക്കാമായിരുന്നു എന്ന്. യാതൊരു കഴിവുമില്ലെന്ന് സമൂഹം വിധിച്ചവർ ജീവിതവിജയം നേടുന്നത് കണ്മുൻപിൽ കാണേണ്ടിവരും. സുഹ്യത്തുകൾക്ക് ഉറ്റ ബന്ധുക്കൾക്ക് എന്തിനേറെ മാതാപിതാക്കൾക്ക് വരെ നമ്മൾ ഒരു പുകഞ്ഞ കൊള്ളിയായിരിക്കും

ബംഗാളിപ്പയ്യൻ കൊണ്ടുവന്ന മസാല ചായയും ബിസ്കറ്റും കൊണ്ട് ജോണിയെ സൽക്കരിച്ച ശേഷം ഓഫീസിനോടു ചേർന്നുള്ള മുറി ജോണിയെ ഏൽപ്പിച്ചു. ഞാൻ എന്‍റെ ഡയറി തുറന്ന് അവശ്യം അറിയേണ്ട വിവരങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചു. ജോണിയെക്കൊണ്ട് ആദ്യമായി ചെയ്യിക്കേണ്ട ജോലി ഞാൻ മുന്നേ നിശ്ചയിച്ചിരുന്നു.

അറിയേണ്ട വിവരങ്ങൾ

അനാഥാലയത്തിൽ എത്ര ജോലിക്കാർ ഉണ്ട്?

അവരുടെ വിശദാംശങ്ങൾ?

പുതുതായി വന്ന സ്റ്റാഫുകൾ?

ആ സ്ഥാപനത്തിലെ ദൈനം ദിന പ്രവർത്തനങ്ങളുടെ ലഘു വിവരണം?

അവിടെ പഠിപ്പിക്കുന്നതെന്താണ്?

പഠനശേഷമുള്ള കുട്ടികൾക്കായി ഉള്ള തുടർ പദ്ധതികൾ?

അങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കി വിവരങ്ങൾ ലഭിക്കാൻ എന്തു ചെയ്യേണ്ടു എന്ന് ആലോചിച്ചപ്പോഴാണ് സഹായിയെത്തന്നെ ഇക്കാര്യത്തിലേക്ക് നിയോഗിച്ചു കൂടെന്ന് ചിന്തിച്ചത്.

വീട്ടുകാരെ ധിക്കരിച്ച് പ്രണയ വിവാഹം ചെയ്ത ജോണിക്ക് ദൗർഭാഗ്യവശാൽ ഭാര്യ മരണപ്പെട്ടതിനാൽ മകനെ ഒരനാഥ മന്ദിരത്തിൽ ചേർക്കേണ്ടതായ ആവശ്യം വന്നു ചേരുന്നു. ദൂരസ്ഥലത്ത് ജോലി നോക്കുന്ന ജോണിക്ക് മകനെ കൂടെക്കൂട്ടാൻ പറ്റാത്ത അവസ്ഥയാണ്. ഒരു മികച്ച നടൻ കൂടിയായ ജോണി ഈയൊരു കഥാപാത്രത്തെയും നിസ്സഹായാവസ്ഥയേയും ഒന്നാന്തരമായി അഭിനയിച്ചു ഫലിപ്പിക്കുമെന്നുറപ്പ്.

രണ്ടു മൂന്നു ദിവസത്തിനകം ജോണിയെ അനാഥാലയത്തിലേക്ക് അയക്കണം. പിന്നീടുള്ളത് അവിചാരിതമായി കിട്ടിയ പിടിവള്ളിയിൽ തൂങ്ങലാണ് അമലിന്‍റെ പൂർണ്ണമായ പേര്. അതിലൊളിഞ്ഞിരിക്കുന്ന ചെറിയ സാധ്യതകൾ ആ സാധ്യതകൾ കണ്ടെത്താനായി ഞാൻ തന്നെ പുറപ്പെടുന്നതാണ് നല്ലത്. അതിനായി സമയം ഏറെ വൈകിക്കണ്ട. ഏതായാലും സഹായി ജോണി ഇന്ന് വിശ്രമിക്കട്ടെ ചെയ്യേണ്ട കാര്യങ്ങൾ നാളെ വിശദമായി അയാളെ ഏൽപ്പിക്കാം.

കുളിച്ച് പ്രസന്നനായി വന്ന ജോണിയെക്കൂട്ടി ഞാൻ ചുറ്റു ഗോവണിയിറങ്ങി റോഡിലേക്കിറങ്ങി. ഓഫീസിലൊരാളായല്ലോ എന്നു വിചാരിച്ച് ഓഫീസിലെ ചാവി ഞാൻ ജോണിക്ക് കൈമാറി. വൃത്തിക്ക് ആഹാരം തയ്യാറാക്കുന്ന ബംഗാളിപ്പയ്യൻന്‍റെ ചെറു റസ്റ്ററന്‍റ് ജോണിക്ക് പരിചയപ്പെടുത്തിയതിനു ശേഷം ഞാൻ വീട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി. ഓട്ടോയിൽ കയറുമ്പോൾ വീട്ടിലെവിടെയോ സൂക്ഷിച്ചു വച്ചിട്ടുള്ള തടിച്ച ടെലഫോൺ ഡയറക്ടറിയായിരുന്നു എന്‍റെ മനസ്സിൽ. അതു കണ്ടെത്താനായാൽ എനിക്ക് ഒരു ചെറു പ്രതീക്ഷയുണ്ട്.

വിരസമായ ദിവസം വാരിവലിച്ചിട്ട പുസ്തകക്കുമ്പാരത്തിനരികിൽ ഞാൻ ആകാംക്ഷയോടെ ഡയറക്ടറി തേടിക്കൊണ്ടിരുന്നു. അത്യാവശ്യം പഴക്കമുള്ളതാണ്. പണ്ടെങ്ങോ തൂക്കി വിറ്റിരിക്കാമെന്ന നിർഭാഗ്യകരമായ ചിന്ത എന്നെ വന്നു കൂടി. അങ്ങനെ ഒരു ദിവസം മുഴുവൻ വീടരിച്ചു പെറുക്കി അരികുകൾ ചിതലരിച്ച ഡയറക്ടറി കണ്ടെത്തി. ഭാഗ്യത്തിന് അരികേ ചിതലുകൾ കരണ്ടിട്ടുള്ളു. തെല്ലാശ്വാസത്തോടെ ആ തടിയൻ പുസ്തകം വൃത്തിയാക്കി ഞാൻ സൂക്ഷ്മതയോടെ പരതാനാരംഭിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആ പേരു ഞാൻ കണ്ടെത്തി…

തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞതിനാൽ പിറ്റേന്ന് ഏറെ വൈകിയാണ് ഉണർന്നത്. ജനലഴിയിലൂടെ പ്രസരിക്കുന്ന സൂര്യകിരണങ്ങൾ ഇളം തണുപ്പിൽ സുഖകരവും ഉന്മേഷദായകവുമായി തോന്നി. ഉണർന്നെങ്കിലും അല്പനേരം കൂടി കിടക്കാൻ തോന്നി എങ്കിലും എന്‍റെ അന്വേഷണത്തിന് നേരിയ വെളിച്ചം വീശുന്ന തലേന്നത്തെ കണ്ടുപിടുത്തം സുഖാലസ്യത്തിനായി കൊതിച്ച എന്‍റെ പ്രജ്ഞയേയും ശരീരത്തേയും ഉണർത്തി ഞാൻ ധൃതിയിൽ എഴുന്നേറ്റു. ഏറെ വൈകാതെ വീട്ടിൽ വിവരം പറഞ്ഞ് ഞാൻ യാത്ര തിരിച്ചു. ഓഫീസാണ് പ്രഥമ ലക്ഷ്യം ആദ്യം സഹായി ജോണിനെ ഞാൻ എഴുതിത്തയ്യാറാക്കിയ ചോദ്യാവലി എൽപ്പിക്കണം. അനാഥാലയത്തിലേക്ക് അയക്കണം. അതിനുശേഷം എന്‍റെ യാത്ര.

വഴിയരികിൽ നിന്നും നാരായണേട്ടന്‍റെ കടയിൽ നിന്നും സമോവറിൽ തിളച്ചു കിടന്ന ചായ കുടിച്ചു. ഓഫീസിലെത്തുമ്പോൾ ജോണി പ്രസന്നവദനനായി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറക്കം ആഹാരം തുടങ്ങി പതിവു കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ കാര്യത്തിലേക്കു കടന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ഉത്സാഹത്തോടെയും അതിലുപരി ഉദ്യോഗത്തോടെയും കേട്ടിരിക്കുന്ന ജോണിയെ ഞാൻ സാകൂതം ഉറ്റുനോക്കി. ദൃഷ്ടി പതറാതെ കണ്ണിമയനക്കാതെ ഞാൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന ജോണിയിൽ എനിക്ക് വിശ്വാസം തോന്നി. ഒരു സംവിധായകൻ കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊടുക്കുമ്പോൾ അത് അഭിനയിച്ചു ഫലിപ്പിക്കാൻ തയ്യാറെടുക്കുന്ന അഭിനേതാവിന്‍റെ ഉത്സാഹത്തിളക്കം ഞാൻ ജോണിയുടെ കണ്ണുകളിൽ കണ്ടു.

ഞാൻ അറിയാനാഗ്രഹിച്ച വിവരങ്ങൾ ഇയാൾ ഒന്നും തന്നെ വിട്ടു പോകാതെ, അതല്ല എങ്കിൽ ഞാൻ അറിയാൻ ആഗ്രഹിച്ചതിലേറെ വിവരങ്ങൾ ഇയാൾ എനിക്കായി എത്തിച്ചു തരുമെന്ന് എന്‍റെ മനസ്സു പറഞ്ഞു. ഒരു നല്ല കഥാപാത്രത്തെ ജീവിതത്തിൽ അഭിനയിക്കാനായി ലഭിച്ച സന്തോഷത്താൽ ഉത്സാഹഭരിതനായ ജോണിയെ യാത്രയാക്കിയതിനു ശേഷം ഞാൻ എന്‍റെ യാത്രക്കായി പുറപ്പെടാനൊരുങ്ങി.

കൃത്യമായ സ്ഥലം എന്‍റെ ഓഫീസിലിരിക്കുന ലാൻഡ് ലൈൻ നമ്പറിൽ നിന്നും വിളിച്ച് ഉറപ്പു വരുത്തി. ഓഫീസ് താഴിട്ട് പൂട്ടി ഗോവണിയിറങ്ങി ഞാൻ വഴിത്താരയിലേക്കിറങ്ങി. പെട്ടന്നാണ് ജോണിക്ക് നല്കാനായി കൊണ്ടുവന്ന പേന അയാൾക്ക് നല്കിയില്ല എന്ന കാര്യം ഓർമ്മ വന്നത്. ഉടനെത്തന്നെ ഞാൻ ജോണിയെ വിളിച്ചു ഭാഗ്യവശാൽ അയാൾ സമീപത്തുള്ള ഒരു ഷേക്ക് ഷോപ്പിൽ ഉണ്ടായിരുന്നു. ഓടിക്കിതച്ച് എന്‍റെ അടുത്തെത്തിയ ജോണിക്ക് ഞാൻ പേന നല്കി അതിന്‍റെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു. വിദേശത്തുള്ള എന്‍റെ പഴയ സുഹൃത്ത് ഗബ്രി എനിക്കു സമ്മാനിച്ചതായിരുന്നു ആ പേന. അത്തരം രണ്ടു പേനകൾ എന്‍റെ കൈവശം ഉണ്ടായിരുന്നു. അതു രണ്ടും ഗബ്രി സമ്മാനിച്ചതായിരുന്നു. അതു കൂടാതെ ക്യാമറാക്കണ്ണു പിടിപ്പിച്ച ഷർട്ടിലെ ബട്ടൻ സൂക്ഷ്മമായ ദൃശ്യങ്ങൾ ഒപ്പിയെടുക്കാനുതകുന്ന മോതിരം എന്നിവ കുടി എനിക്കായി അയച്ച വിവരത്തിന് ഗബ്രിയുടെ കത്ത് എനിക്കു ലഭിച്ചിരുന്നു.

വെയിലിന് ചൂടു പിടിക്കുന്നു. ആ തീഷ്ണത ഒഴിവാക്കാനായി. ഞാനുടനെ ഓട്ടോയിൽ കയറി. ബസ് സ്റ്റോപ്പാണ് എന്‍റെ ലക്ഷ്യം അവിടുന് ബസ്സു പിടിക്കണം. ഏകദേശം പത്തിരുപത് കിലോമീറ്റർ ദൂരമുണ്ട് പ്രധാന ലക്ഷ്യസ്ഥാനത്തിന്…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें