സാഗരസംഗമം – ഭാഗം 5

അതു കണ്ടില്ലെന്നു നടിക്കുവാൻ ഒരു മനുഷ്യനുമാവുകയില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വാശിപിടിച്ച് അതു പിടഞ്ഞു കൊണ്ടേയിരിക്കും, തനിക്ക് അർഹമായതു ലഭിക്കുന്നതു വരെ… ആ പിടച്ചിലിന്‍റെ അന്ത്യമാണ് ഇന്ന് നരേട്ടനിൽ ഞാൻ കാണുന്നത്. തനിക്കർഹതപ്പെട്ട സ്നേഹം ലഭിച്ചതോടെ ആ മനസ്സ് ശാന്തമായി. ഒരു കൊച്ചുകുട്ടിയെപ്പോലെ ശാന്തനായി ഉറങ്ങുന്ന നരേട്ടന്‍റെ അടുത്ത് ഞാനിരുന്നു. ഈ ലോകത്തിലെ എല്ലാ നിഷ്ക്കളങ്കതയും ആ മുഖത്ത് സന്നിവേശിച്ചതു പോലെ എനിക്കു തോന്നി. ആ ശരീരത്തിൽ, മെല്ലെ ഒരു കുഞ്ഞിനെ എന്നപോലെ ഞാൻ തലോടിക്കൊണ്ടിരുന്നു. ഉണർന്നപ്പോൾ അടുത്തിരിക്കുന്ന എന്നെക്കണ്ട് അദ്ദേഹം പുഞ്ചിരിതൂകി ചോദിച്ചു.

”മീരാ… നീയിങ്ങനെ എന്‍റടുത്തു തന്നെയിരിക്കുമ്പോൾ എനിക്കെന്തു സന്തോഷമാണെന്നോ? ഇപ്പോഴാണ് നീയൊരു യഥാർത്ഥ ഭാര്യയായത്…”

അദ്ദേഹത്തിന്‍റെ ഹൃദയത്തിൽ നിന്നും അടർന്നു വീണ വാക്കുകൾ ധന്യതയുടെ ഒരു നിമിഷം. കൈക്കുമ്പിളിൽ വാർന്നു വീണ തീർത്ഥജലം പോലെ ആ വാക്കുകൾ കോരിയെടുത്തു കുടിക്കുമ്പോഴും അറിയാതെ മനസ്സൊന്നു പിടഞ്ഞുവോ?…

ഉള്ളിന്‍റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ. ഹൃദയത്തിൽ എവിടെയോ ഒരു കളങ്കം ഒളിഞ്ഞു കിടപ്പുണ്ടോ? നിലക്കണ്ണാടിയിൽ പതിയുന്ന എന്‍റെ പ്രതിബിംബം എന്നെ നോക്കി ചിരിക്കുന്നുവോ?

മീരാ… നീ എത്രയൊക്കെ ശ്രമിച്ചാലും പരിപൂർണ്ണമായും ഒരു നല്ല ഭാര്യയാകുവാൻ ഈ ജന്മം നിനക്കു കഴിയുമോ? നിന്‍റെ മനസ്സിലെ കളങ്കത്തെ അദ്ദേഹത്തിന്‍റെ ഗംഗാജലം പോലെ പവിത്രമായ ഹൃദയത്തിൽ നിന്നടർന്നു വീണ വാക്കുകൾക്ക് കഴുകിക്കളയാനാകുമോ?

മനസ്സിൽ നടക്കുന്ന സംഘട്ടനം അറിഞ്ഞിട്ടെന്ന പോലെ നരേട്ടൻ പറഞ്ഞു.

“മീരാ… നിന്നെ എനിക്കു മനസ്സിലാകും. നിന്‍റെ മനസ്സിൽ നിന്ന് ഫഹദിനെ പൂർണ്ണമായും മായിച്ചു കളയാനാവില്ലെന്നും എനിക്കറിയാം. എങ്കിലും നീ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എന്‍റെ അടുത്തിരിക്കുന്ന ഈ ധന്യ നിമിഷം. ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയാലും ഞാൻ ഒരു ഭാഗ്യവാനാണ്. നിന്‍റെ പരിലാളനകൾക്കായി എന്‍റെ മനസ്സ് അത്രയേറെ കൊതിച്ചിരുന്നു.”

ശരിയാണ്… കഴിഞ്ഞ ഏതാനും വർഷങ്ങൾ ഞാൻ നരേട്ടനോട് അസുഖമൊന്നും കാണിച്ചിരുന്നില്ലെങ്കിലും ഫഹദ്സാറിനു നൽകിയതു പോലെ പ്രേമം നിറഞ്ഞൊരു മനസ്സ് അദ്ദേഹത്തിനു നൽകാൻ എനിക്കു കഴിഞ്ഞിരുന്നില്ല.

രാഹുലിന്‍റേയും, കൃഷ്ണമോളുടേയും മുമ്പിൽ നല്ലൊരു അമ്മയാകുവാൻ ശ്രമിച്ചപ്പോഴും നരേട്ടന്‍റെ മുമ്പിൽ ഒരു നല്ല ഭാര്യയാകുവാൻ എനിക്കു കഴിഞ്ഞിരുന്നില്ലല്ലോ? അതിനു ശ്രമിക്കുമ്പോഴെല്ലാം ഫഹദ്സാർ മുമ്പിൽ വന്നു നിന്നു ചോദിക്കുന്നതു പോലെ തോന്നുമായിരുന്നു.

“എന്നെ മറന്നുവോ നീ…”

“ഇല്ല ഫഹദ് സാർ… കല്പാന്ത കാലത്തോളം അങ്ങയെ മറക്കുവാൻ എനിക്കാവുകയില്ല.”

അങ്ങിനെ മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇന്നിപ്പോൾ നരേട്ടനോട് എന്‍റെ മനസ്സിലെ സഹതാപമാണ് സ്നേഹത്തെക്കാൾ മുമ്പിൽ നിൽക്കുന്നത്. പിന്നെ ഒരു ഭാര്യയുടെ കടമ ഓർമ്മിപ്പിക്കുന്ന മനസ്സ്. അതുപലപ്പോഴും എന്‍റെ കർത്തവ്യം നിർവ്വഹിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നു.

പിന്നീടുള്ള ദിനങ്ങൾ ആ കർത്തവ്യ നിർവ്വഹണത്തിനു മാത്രമായി എനിക്കു മാറ്റി വയ്ക്കേണ്ടി വന്നു.

കോളേജിൽ നിന്ന് അവധിയെടുത്ത് നരേട്ടനൊടൊപ്പം കുറെ ദിനങ്ങൾ ഞാൻ കഴിച്ചു കൂട്ടി. ആ ദിനങ്ങളൊന്നിൽ.

“മീരാ നീയെവിടെയാണ്? ഒന്നിങ്ങോട്ടു വരുമോ?”

അടുക്കളയിൽ പാചകത്തിലേർപ്പെട്ടിരുന്ന ഞാൻ നരേട്ടന്‍റെ ശബ്ദം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്. വേഗം സ്റ്റൗ ഓഫാക്കി അദ്ദേഹത്തിന്‍റെ അടുത്ത് നടന്നെത്തി.

“വരൂ മീരാ… നീയെന്‍റെ കൂടെ ഒന്നു വരൂ… നമുക്ക് അൽപനേരം പുറത്തെ കാറ്റേറ്റ് മുറ്റത്തു കൂടി നടക്കാം.”

ആ കൈകളിൽ പിടിച്ച് പുറത്തേയ്ക്കു നയിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.

“വേണ്ട മീരാ… ഞാൻ കൈപിടിയ്ക്കാതെ നടന്നോളം ഒറ്റയ്ക്കിരുന്ന് വല്ലാതെ ബോറടിയ്ക്കുന്നു. നീയുമായി കൊച്ചു വർത്തമാനം പറഞ്ഞ് അൽപനേരം നടക്കുമ്പോൾ മനസ്സിന്‍റെ വൈക്ലബ്യമെല്ലാം മാറും. അത്രമാത്രമേ ഞാനാഗ്രഹിച്ചുള്ളൂ”

പക്ഷേ ഒന്നുമറിയാത്ത പോലെ ആ കൈകളിൽ കൈകോർത്ത് മുറ്റത്തേയ്ക്കു നടക്കുമ്പോൾ മറ്റൊരു മീരയാവാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കളിതമാശകൾ പറഞ്ഞ് നരേട്ടനെ പൊട്ടിച്ചിരിപ്പിക്കുന്ന മീര. ഒരു നല്ല ഭാര്യയായി നരേട്ടന്‍റെ മുന്നിൽ ജീവിയ്ക്കുവാൻ, കഴിഞ്ഞതെല്ലാം മറക്കുവാൻ ഒരിയ്ക്കൽ കൂടി ഞാൻ തയ്യാറെടുത്തു.

മുറ്റത്തിന്‍റെ അതിരിലേയ്ക്ക് എന്‍റെ കൈപിടിച്ചു നടന്നു കൊണ്ട് നരേട്ടൻ പറഞ്ഞു.

“നോക്കൂ മീരാ… ആ ലൗ ബേഡ്സ് എത്ര ആഹ്ലാദത്തോടു കൂടി ആകാശത്തിൽ അവ പറന്നു നടക്കാറുണ്ട്. ഇപ്പോൾ നോക്കൂ അവയുടെ മുഖത്ത് തങ്ങി നിൽക്കുന്നത് ഒരു ദുഃഖഭാവമല്ലേ? ഇണക്കിളി അടുത്തുണ്ടെങ്കിലും അവയ്ക്കു നിഷേധിക്കപ്പെട്ട സ്വാതന്ത്യ്രം അവയെ ദുഃഖിപ്പിക്കുന്നില്ലേ? ഞാനിപ്പോൾ അവയെ തുറന്നു വിടാൻ പോവുകയാണ്. അവ ഇഷ്ടമുള്ള ഇണക്കിളിയോടൊത്ത് ആകാശത്തിൽ യഥേഷ്ടം പറന്നു നടക്കട്ടെ. മരക്കൊമ്പിൽ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കട്ടെ… അതല്ലേ… ശരി മീരാ…” അങ്ങനെ പറഞ്ഞു കൊണ്ട് നരേട്ടൻ ആ കിളികളെ കൂട്ടിൽ നിന്നും തുറന്നു വിട്ടു. തടവിൽ നിന്നും സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ആ പ്രയാണത്തിൽ ആഹ്ലാദരവങ്ങളോടെ അവ പറന്നു പൊങ്ങി.

ആകാശത്തിൽ ഒരു പൊട്ടു പോലെ അപ്രത്യക്ഷമാകുന്നതു നോക്കി ഞാനും, നരേട്ടനും നിന്നു. അവ കണ്മുന്നിൽ നിന്നും മറഞ്ഞു കഴിഞ്ഞപ്പോൾ നരേട്ടൻ പറഞ്ഞു.

“ഇനിയും ഇതുപോലെ കൂട്ടിലിട്ടിരിക്കുന്നവയെയെല്ലാം തുറന്നു വിടണം. മരിയ്ക്കുന്നതിനു മുമ്പ് എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്. പരിശുദ്ധമായ മനസ്സോടെയും, ശുദ്ധമായ കൈകളോടെയുമായിരിക്കും ഞാൻ സ്വർഗ്ഗത്തിലേയ്ക്കു പോകുന്നത്. എന്‍റെ ഹൃദയത്തിലും കരങ്ങളിലുമുള്ള എല്ലാ പാപക്കറകളും ഞാൻ ഇവിടെത്തന്നെ കഴുകിക്കളയട്ടെ അതല്ലേ മീര… അതിന്‍റെ ശരി…” അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം മുയൽക്കൂട്ടിനരികിലെത്തി അതിലുള്ള ഒരു ജോഡി മുയലുകളേയും തുറന്നു വിട്ടു.

“പൊയ്ക്കോ… പോയി സ്വതന്ത്യ്രമായി ജീവിയ്ക്ക്…” അദ്ദേഹം അരുമയായി അവയെ തലോടി. എന്നാലാ മുയലുകളാകട്ടെ ലോണിൽ അവിടെവിടെയായി ചെന്നിരിയ്ക്കുകയും തുള്ളിക്കളിയ്ക്കുകയും ചെയ്‌തു കൊണ്ടിരുന്നു. അവ നരേട്ടനെ നന്ദിയോടെ നോക്കി. പിന്നെ അദ്ദേഹത്തെ പിരിയാനാവാത്തതു പോലെ സമീപം വന്നിരുന്നു.

“അസുഖത്തിന്‍റെ തടവറയിൽ കിടക്കുമ്പോഴാണ് കൂട്ടിലടച്ച എല്ലാ ജീവജാലങ്ങളുടേയും അസ്വാതന്ത്യ്രത്തെക്കുറിച്ച് ഞാൻ ചിന്തിച്ചത്. അതിൽ മനുഷ്യനും ഉൾപ്പെടും കേട്ടോ” അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഗൂഢസ്മിതത്തോടെ അദ്ദേഹം എന്നെ നോക്കി. ഒരു പക്ഷേ എന്നെ ഉദ്ദേശിച്ചാണോ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് സംശയം തോന്നുകയും ചെയ്തു.

ഇണക്കിളിയിൽ നിന്ന് വേർപ്പെടുത്തി അദ്ദേഹം മെരുക്കി കൂട്ടിലടച്ച ഒരു കിളിയാണല്ലോ ഞാനും എന്ന് ഓർത്തു പോയി. സ്വാതന്ത്യ്രത്തിന്‍റെ ഉഛ്വാസ വായുവിനായുള്ള ആത്മപീഡ എന്‍റെ ഉള്ളിലും പലപ്പോഴും ഉടലെടുക്കാറുള്ളതിനെക്കുറിച്ചും ചിന്തിച്ചു. ഉപബോധ മനസ്സിന്‍റെ ഗതിവിഗതികൾ നമുക്ക് പലപ്പോഴും ആജ്ഞാതമാണല്ലോ എന്നും.

ഒരാഴ്ച കൂടി പിന്നിട്ടപ്പോൾ നരേട്ടന്‍റെ ബൈപ്പാസ് ഓപ്പറേഷൻ നടന്നു. ഓപ്പറേഷനു ശേഷം അദ്ദേഹത്തിന് ഓർമ്മ തിരിച്ചു കിട്ടാൻ ഏതാണ്ട് ഒന്നര ദിവസമെടുത്തു. അത്രയും സമയം ഞാനൊറ്റയ്ക്ക് ഹോസ്പിറ്റലിൽ നിരാശ്രയയായിരുന്നു. കൃഷ്ണമോളെ വിവരമറിച്ചിരുന്നുവെങ്കിലും അവൾക്ക് എത്തിച്ചേരുവാൻ കഴിയില്ല എന്നറിയിച്ചിരുന്നു. അപ്പോഴേയ്ക്കും അവൾ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു കഴിഞ്ഞിരുന്നു.

പ്രസവത്തിന് ഇനി ഏതാണ്ട് രണ്ടുമാസം കൂടി മാത്രം. അവളുടെ ഭർത്താവ് ദേവാനന്ദിനാകട്ടെ അവളെ ഞങ്ങളുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുന്നതിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. ഗർഭിണിയായിരിക്കുന്ന ഈ സമയത്ത് ഹോസ്പിറ്റലിൽ വന്നു നിന്ന് അവൾ കഷ്ടപ്പെടുന്നതിനോട് അയാൾക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ വിവാഹത്തിന് ആദ്യം ഞങ്ങൾക്കുണ്ടായിരുന്ന എതിർപ്പ് കൃഷ്ണമോൾ പറഞ്ഞ് അയാളറിഞ്ഞിരുന്നു. ഒരു നോർത്ത് ഇന്ത്യൻ ആണെന്നതിന്‍റെ പേരിൽ തന്നെ സ്വീകരിക്കാൻ മടിച്ചവരോട് അയാളെപ്പോഴും ഒരു അകൽച്ച സൂക്ഷിച്ചിരുന്നു. വിവാഹശേഷം ഒരിയ്ക്കൽ പോലും അവരൊരുമിച്ച് വീട്ടിൽ വന്നു നിൽക്കുകയുണ്ടായില്ല. ഏകമകളുടെ ആ അകൽച്ചയും നരേട്ടനെ വേദനിപ്പിച്ചിരുന്നു.

ഒടുവിൽ നരേട്ടന് ബോധം തിരിച്ചു കിട്ടി. അദ്ദേഹം ആദ്യം തിരിച്ചറിഞ്ഞത് എന്നെയാണ്. ചുണ്ടിൽ വിരിഞ്ഞ ഒരു വിജയ സ്മിതത്തോടെ അദ്ദേഹം പറഞ്ഞു.

“ഞാൻ തിരിച്ചെത്തി മീരാ… നിനക്കു വേണ്ടി ഞാൻ തിരിച്ചെത്തി.”

“നരേട്ടന് ഒന്നും സംഭവിക്കുകയില്ല” ഞാനാ കൈകവർന്നു കൊണ്ടു പറഞ്ഞു.

ബോധം വന്ന ശേഷം അദ്ദേഹത്തെ ഐസിയുവിൽ ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിൽ കിടത്തി. അപ്പോഴെല്ലാം ഞാൻ ഐസിയുവിനു മുമ്പിൽ അദ്ദേഹത്തിനു വേണ്ടി കാവലിരുന്നു. എല്ലാ ദിവസവും വിദ്യാർത്ഥികളും, അദ്ധ്യാപകരും അദ്ദേഹത്തെ അന്വേഷിച്ചെത്തി. ആരുമില്ലാതെ ഒറ്റയ്ക്കിരിയ്ക്കുന്ന എന്നെ ക്കണ്ട് അവരിൽ ചിലർ സഹായിക്കാനെത്തി.

“മാഡം… ആപ് കുഛ് ഖായാ ക്യാ? മൈം ആപ് കേലിയേ കുഛ് ഖരീദ് കർലാവും ക്യൈ?” കോളേജിൽ എന്‍റേയും നരേട്ടന്‍റെയും ശിഷ്യരിലൊരാളായ അനൂപ് എന്ന വിദ്യാർത്ഥി അന്വേഷിച്ചു. അവൻ എന്‍റെ വാടിയ മുഖം കണ്ട് ഞാൻ ആഹാരമൊന്നും കഴിക്കാതെയാണിരിക്കുന്നതെന്ന് മനസ്സിലാക്കി. അവന്‍റെ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ. അൽപം കഴിഞ്ഞ് അവൻ കാന്‍റീനിൽ നിന്നും ചപ്പാത്തിയും കറികളും വാങ്ങിക്കൊണ്ടു വന്നു.

“മാഡം… ആപ് ഖാനാ ഖായിയേ…” അഗർ നഹിം തോ ആപ് ബഹുത് ധക് ജാ യേം ഗേ…”

മക്കളെപ്പോലെ എന്‍റെ കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന വിദ്യാർത്ഥികളെക്കണ്ട് മനം നിറഞ്ഞു. രാഹുൽമോന്‍റെ അഭാവം അവർ നികത്തുകയായിരുന്നു. പിന്നീടുള്ള ദിനങ്ങളിൽ ചില അദ്ധ്യാപകരും അദ്ദേഹത്തെ കാണാനെത്തി. ഇൻഫെക്ഷൻ പേടിച്ച് ആരേയും അകത്തേയ്ക്ക് കടത്തിവിട്ടില്ല. എല്ലാവരും എന്നെ കണ്ട് വിവരങ്ങൾ അന്വേഷിച്ച് മടങ്ങി. ദിനങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ അകന്നു നീങ്ങി. നരേട്ടനെ വാർഡിലേയ്ക്കു കൊണ്ടു വന്നു. വാർഡിലെത്തുമ്പോൾ അദ്ദേഹം ആഹ്ലാദവാനായിരുന്നു.

“മരണത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടെത്തി മീരാ… ഇനി ഞാൻ മരണമില്ലാത്തവനായി നിന്‍റെ കൂടെ ജീവിയ്ക്കും.” അദ്ദേഹം എന്നോടു പറഞ്ഞു.

“ഈ പ്രപഞ്ചത്തിലെ മരങ്ങളും പൂക്കളും, പുൽക്കൊടികളും എല്ലാം കണ്ട് ഇനിയും നമുക്ക് ആഹ്ലാദത്തോടെ ജീവിയ്ക്കാം. ഓപ്പറേഷൻ തീയേറ്ററിലേയ്ക്കു പോകുമ്പോൾ ഞാൻ വിചാരിച്ചത് ഞാനിനി തിരിച്ചു വരില്ലെന്നാണ്. ഈ ഭൂമിയിലെ ജീവിതം എനിക്കു നഷ്ടപ്പെട്ടുവെന്നും. എന്നാൽ ഈശ്വരൻ എനിക്ക് പുനർ ജന്മമേകിയിരിക്കുന്നു. എന്‍റെ മീരയോടൊത്ത് ഈ ജന്മം മുഴുവൻ പങ്കിടാൻ.”

അദ്ദേഹം സ്വയം മറന്ന് സന്തോഷിച്ചു കൊണ്ട് പറഞ്ഞു. എന്‍റെ സ്നേഹം തിരികെ ലഭിച്ചപ്പോൾ മകന്‍റെ വേർപാടിന്‍റെ വേദന അദ്ദേഹത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു. പതുക്കെ പതുക്കെ അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്‌ജായി വീട്ടിലെത്തി.

അന്നൊരിയ്ക്കൽ കോളിംഗ് ബെൽ തുടരെ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ ചെന്നു നോക്കുമ്പോൾ കൃഷ്ണമോളായിരുന്നു. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“മമ്മിയെന്താ അദ്ഭുതത്തോടെ മിഴിച്ചു നോക്കുന്നത്.ഞാൻ മമ്മിയുടെ മോളാ മമ്മീ കൃഷ്ണ… മമ്മിയെന്താ വിചാരിച്ചത്. ഞാൻ ഇനി ഇങ്ങോട്ട് വരില്ലെന്നോ. ദേവേട്ടനോട് ഞാൻ നിർബന്ധം പറഞ്ഞപ്പോൾ ദേവേട്ടൻ സമ്മതിച്ചു മമ്മീ. എവിടെ പപ്പ? എനിക്ക് പപ്പയെ കാണണം.”

അവൾ തുടരെ സംസാരിച്ചു കൊണ്ട് ചുറുചുറുക്കോടെ അകത്തേയ്ക്കു കയറി വന്നു. സത്യത്തിൽ ഞാനൽപം അമ്പരന്നു പോയി. കഴിഞ്ഞ ദിവസവും നരേട്ടൻ എന്നോടു പറഞ്ഞതേ ഉള്ളൂ.

“ഒരു മാസം കഴിഞ്ഞ് കൃഷ്ണമോളെ നമുക്കു പോയി വിളിച്ചു കൊണ്ടു വരണം ഓപ്പറേഷനും കാര്യങ്ങളുമായി നമ്മളവളെ മറന്നുവല്ലോ എന്ന്…” ആദ്യത്തെ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണല്ലോ…” എന്നും പറഞ്ഞു. “നരേട്ടന്‍റെ ക്ഷീണമൊക്കെ മാറട്ടെ… എന്നിട്ടു നമുക്കു പോയി അവളെ വിളിച്ചു കൊണ്ടു വരാമെന്നും ഞാൻ പറഞ്ഞു. അപ്പോൾ നരേട്ടൻ ആകുലതയോടെ പറയുകയും ചെയ്‌തു.

“എനിക്കവളെ കാണാൻ ധൃതിയായി മീരാ… എത്ര നാളായി ഞാനെന്‍റെ മോളെ കണ്ടിട്ട് എന്ന്. രാഹുൽ മോൻ പോയശേഷം നരേട്ടന് കൃഷ്ണമോളോടുള്ള സ്നേഹം കൂടി കൂടി വരികയാണ്.”

“ആരാ മീരാ… കൃഷ്ണമോളാണോ… അവളെവിടെ… അവളോടിങ്ങോട്ട് വേഗം വരാൻ പറയൂ”

കൃഷ്ണമോളുടെ ശബ്ദം കേട്ട് നരേട്ടൻ അകത്തു നിന്നും വിളിച്ചു ചോദിച്ചു.

ഒരച്‌ഛന്‍റെ ആഹ്ലാദവും, ഉൽക്കണ്ഠയും ആ വാക്കുകളിൽ നിറഞ്ഞു നിന്നു. അതെ പപ്പാ… പപ്പായുടെ കൃഷ്ണമോളാണ്.

“പപ്പായെ ഹോസ്പിറ്റലിൽ വന്നു കാണാൻ എനിക്കു പറ്റിയില്ല. ദേവേട്ടന് ഈ സ്‌ഥിതിയിൽ എന്നെ വിടാൻ മടിയായിരുന്നു. പിന്നെ പപ്പയ്ക്കും എന്നെ ഓർക്കാൻ സമയമില്ലായിരുന്നുവല്ലോ…”

പരിഭവം നിറഞ്ഞ അവളുടെ വാക്കുകൾ കേട്ടപ്പോഴാണ് താനാവയറ്റിലേയ്ക്കു സൂക്ഷിച്ചു നോക്കിയത്. അവൾ പൂർണ്ണ ഗർഭിണിയാണെന്ന കാര്യം തന്നെ ഞാൻ ഏതാനും നാൾ മറന്നു പോയിരുന്നു. നരേട്ടന്‍റെ ഹോസ്പിറ്റൽ പ്രവേശനവും, അതിനെ തുടർന്നുള്ള കാര്യങ്ങളും എന്‍റെ ഓർമ്മശക്‌തിയെപ്പോലും ബാധിച്ചിരുന്നു. അതിനുമുമ്പ് ഞാനും നരേട്ടനും എട്ടാം മാസത്തിൽ അവളെ കൂട്ടിക്കൊണ്ടു വരുന്ന കാര്യവും മറ്റും ഗൗരവമായി ആലോചിച്ചിരുന്നുവെങ്കിലും അത്തരം ചടങ്ങുകളെക്കുറിച്ചൊന്നും പിന്നീട് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല.

നരേട്ടന്‍റെ ഓപ്പറേഷനായിരുന്നുവല്ലോ അതിനെക്കാളൊക്കെ ഞാൻ പ്രാധാന്യം കൽപ്പിച്ചത്. വീർത്തവയറുമായി അവൾ പപ്പയുടെ അടുത്ത് നടന്നെത്തി. ആ തോളിൽ കൈവച്ച് ആഹ്ലാദം നടിച്ച് പറഞ്ഞു.

“എന്‍റെ പപ്പായൊരു സുന്ദരക്കുട്ടനായല്ലോ. ബൈപ്പാസ് ഓപ്പറേഷനൊക്കെ കഴിഞ്ഞപ്പോ പപ്പ ഒന്നു കൂടി ചെറുപ്പമായതു പോലെ… മമ്മിയെന്താ പപ്പയ്ക്കു വല്ല മൃതസഞ്ജീവനിയും നൽകുന്നുണ്ടോ?”

അവളുടെ ചോദ്യം കേട്ട് ഞാനും നരേട്ടനും, അവൾ തികച്ചും ആഹ്ലാദവതിയായ കൊച്ചു കുട്ടിയെപ്പോലെ ആണല്ലോ പെരുമാറുന്നത് എന്നോർത്തു പോയി.

“കൃഷ്ണമോളെ നീ വന്നുവല്ലോ. പപ്പയ്ക്കു സന്തോഷമായി. നിന്നെക്കാണാതെ പപ്പ വിഷമിച്ചിരിക്കുകയായിരുന്നു.”

“ഇപ്പോൾ കണ്ടില്ലേ പപ്പയുടെ പൊന്നുമോൾ പപ്പയെ അന്വേഷിച്ച് വന്നത്” ഇന്നിപ്പോൾ ഞാൻ മാത്രമല്ല എന്‍റെ കൂടെ മറ്റൊരാളും കൂടി എത്തിയിട്ടുണ്ടെന്നു മാത്രം.

“ആരാ കൃഷ്ണമോളെ അത്, ദേവാനന്ദാണോ?”

ഞാനും നരേട്ടനും ഒന്നിച്ചു ചോദിച്ചു പോയി.

“അല്ല… ദേവേട്ടനല്ല. പപ്പായുടെ പേരക്കുട്ടി. ജൂനിയർ ദേവാനന്ദ് അവൻ ചോദിക്കുന്നു. മുത്തച്ഛനു സുഖമാണോ എന്ന്.”

“ഓഹോ… അതാണോ അപ്പോൾ നീ തീരുമാനിച്ചു കഴിഞ്ഞോ അതൊരാൺ കുട്ടിയായിരിക്കുമെന്ന്.”

നരേട്ടൻ ചിരിച്ചു കൊണ്ടു ചോദിച്ചു.

“അതെ പപ്പാ. അവന്‍റെ ചവിട്ടും തൊഴിയുമൊക്കെ ഏൽക്കുമ്പോൾ അറിയില്ലെ അതൊരാൺകുട്ടിയാണെന്ന്. പപ്പ നോക്കിക്കോളൂ. അവൻ വന്നാൽ പപ്പായുടെ അടുത്ത് നിന്ന് മാറുകയില്ല. മുത്തച്ഛാ… മുത്തച്‌ഛാ എന്ന് വിളിച്ച് എപ്പോഴും അടുത്തുണ്ടാകും.”

അവളുടെ കളിതമാശകൾ നരേട്ടന് ഒരു എനർജി ടാബ്‍ലെറ്റ് തന്നെയായിരുന്നു. അദ്ദേഹം തന്‍റെ ശാരീരികവും മാനസികവുമായ എല്ലാ വിഷമതകളും മറന്ന് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. ഒരു പുതു ജീവിതത്തിലേയ്ക്കുള്ള കാൽ വയ്പുകളോടെ.

കൃഷ്ണമോളങ്ങിനെയാണ്. ഒരു പ്രത്യേക സ്വഭാവക്കാരി. പെട്ടെന്ന് ആൾക്കാരെ കൈയ്യിലെടുക്കാനും അതുപോലെ കൈയ്യൊഴിയാനും അവൾക്കു കഴിയും. രാഹുൽ മോനെപ്പോലെയല്ല കൃഷ്ണ. സ്വാർത്ഥയാണ് തൻകാര്യങ്ങൾക്ക് മുൻഗണന നൽകുന്നവൾ.

ഏതായാലും അവളുടെ കളിതമാശകൾക്കിടയ്ക്ക് അൽപം ദിവസത്തേയ്ക്ക് ഞാനും, നരേട്ടനും വിഷമതകളെല്ലാം മറന്നു. ഞങ്ങളോടുള്ള  കളിതമാശകൾ ഇത്തവണ അവളുടെ അഭിനയമാണോ എന്നും എനിക്കൽപം സംശയം തോന്നാതിരുന്നില്ല. കാരണം സ്ത്രീധനപണം കിട്ടാത്തതിൽ അവൾക്ക് ഞങ്ങളോട് നീരസമുണ്ടായിരുന്നുവല്ലോ. എന്നാൽ നരേട്ടൻ മകൾ കാരണം വളരെ വേഗം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരുന്നു. അൽപം ക്ഷീണം മാത്രം ബാക്കിയായി. പക്ഷേ എല്ലാക്കാര്യങ്ങൾക്കും ഞാനടുത്തു വേണമെന്ന സ്‌ഥിതിയായിരുന്നു. മരുന്നു സമയത്തിനു നൽകാനും, സമയത്തിന് ആഹാരം നൽകാനുമൊക്കെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓപ്പറേഷനു ശേഷം ദിനകൃത്യങ്ങൾ നടത്താനും അദ്ദേഹത്തിന് എന്‍റെ സഹായം ആവശ്യമായിരുന്നു.

എന്നാൽ അതിനെക്കാളൊക്കെ എന്നെ വിഷമിപ്പിച്ചത് കോളേജിലെ ലീവിന്‍റെ പ്രശ്നമായിരുന്നു.

ലീവ് വളരെ വേഗം തീർന്നു കൊണ്ടിരുന്നു. എക്സാം ടൈം ആയതിനാൽ ഡിഗ്രി വിദ്യാർത്ഥികളുടെ പോർഷൻസ് വളരെ വേഗം തീരക്കേണ്ടതുണ്ടായിരുന്നു. അതിനിടയിൽ ഇടയ്ക്കൊക്കെ കൃഷ്ണമോളുടെ പരാതികളും ഞാൻ കേൾക്കേണ്ടി വന്നിരുന്നു.

“മമ്മിയ്ക്ക് എന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഞാൻ പൂർണ്ണ ഗർഭിണിയാണെന്ന കാര്യം തന്നെ മമ്മി പലപ്പോഴും മറന്നു പോകുന്നു.”

സ്വാർത്ഥമതിയായ അവൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവൾക്ക് നരേട്ടന്‍റെ കാര്യങ്ങൾക്ക് ഞാൻ കൂടുതൽ സമയം ചെലവിടുന്നതിൽ അതൃപ്തിയുണ്ടായിരുന്നു. അത് തന്‍റെ പ്രിയപ്പെട്ട സ്വന്തം അച്‌ഛനാണെങ്കിൽ പോലും. അവളുടെ സ്വന്തം കാര്യങ്ങളായിരുന്നു അവൾക്കു വലുത്. അതുകൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും കൂടി പലപ്പോഴും ഞാൻ ശ്രദ്ധിക്കേണ്ടി വന്നു.

അവൾക്കിഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കുക. അവളുടെ നല്ല ഡ്രസ്സുകൾ നനച്ച് കൊടുക്കുക. അവളേയും കൊണ്ട് പുറത്തു പോവുക. ഇതെല്ലാം മറ്റു ജോലികൾക്കു പുറമേ ഞാൻ തന്നെ ചെയ്യേണ്ടി വന്നു. അതെല്ലാം മകളെന്ന നിലയിൽ സന്തോഷപൂർവ്വം ഞാൻ ചെയ്‌തു കൊടുത്തു. അങ്ങിനെ ഒരു മാസത്തോളം കടന്നു പോയി. ഡേറ്റ് അടുത്തതു കൊണ്ട് കൃഷ്ണ ഇനി പ്രസവശേഷമേ മടങ്ങി പോകുന്നുള്ളൂ എന്നു ഞാൻ കരുതി. ആദ്യത്തെ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണല്ലോ എന്നും. എന്നാൽ ഇതിനിടയിൽ ഒരിയ്ക്കൽ പോലും ദേവാനന്ദ് അവളെ കാണാനെത്തിയില്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ട് എന്‍റെ മനസ്സിൽ ചില സംശയങ്ങൾ രൂപം കൊണ്ടു. മനസ്സിൽ രൂപം കൊണ്ട സംശയം അറിയാതെ ചില ചോദ്യശരങ്ങളായി പുറത്തു വന്നു. ഒരു സ്വകാര്യ സല്ലാപത്തിനിടയിൽ ഞാൻ ചോദിച്ചു.

“ദേവാനന്ദിനെ ഇതുവരെ കണ്ടില്ലല്ലോ മോളെ… ഇവിടേയ്ക്കു വരാത്തത് ഞങ്ങളോടുള്ള പിണക്കം മൂലമാണെന്ന് വിചാരിയ്ക്കാം. എന്നാൽ നീ ഇവിടെ വന്നശേഷം ദേവാനന്ദിന്‍റെ ഒരു ഫോൺ കോൾ പോലും വന്നിട്ടില്ല. നിങ്ങൾ തമ്മിൽ എന്തെങ്കിലും കലഹങ്ങളുണ്ടായോ?

അതാണോ നീയിങ്ങോട്ട് തനിയെ വന്നത്?

എന്‍റെ ചോദ്യങ്ങളും സംശയങ്ങളും കേട്ട് കൃഷ്ണ വല്ലാതെ പൊട്ടിത്തെറിച്ചു.

“മമ്മീ… മമ്മീയെന്താണ് കരുതിയത്? മമ്മീയേയും പപ്പയേയും പോലെ ഞങ്ങൾ തമ്മിലും വഴക്കുണ്ടാക്കുമെന്നോ? ഞങ്ങൾ അത്തരക്കാരല്ല മമ്മീ… ദേവേട്ടൻ ആവശ്യമില്ലാതെ എന്നോട് വഴക്കടിക്കാറില്ല. പിന്നെ മറ്റൊരാളെ മനസ്സിലിട്ട് നിങ്ങൾ, പപ്പയോട് വഴക്കടിക്കുന്നതു പോലെ ഞാൻ ദേവേട്ടനോട് വഴക്കടിക്കാറുമില്ല.”

അവൾ ക്രുദ്ധയായി പറഞ്ഞു നിർത്തി. അവളുടെ വാക്കുകളിൽ വല്ലാത്ത പരിഹാസ്യത നിറഞ്ഞു നിന്നു. അവൾ ചെറുപ്പത്തിൽ അനുഭവിച്ചതിനെല്ലാം എന്നോട് പകരം വീട്ടുകയാണെന്നു തോന്നി. അവളുടെ ചാട്ടവാറടിയേറ്റ് ഞാൻ വല്ലാതെ പുളഞ്ഞു പോയി. പണ്ടേ അവൾക്ക് അക്കാര്യത്തിൽ എന്നോട് വെറുപ്പുണ്ട്. ഓർമ്മവച്ച നാൾ മുതൽ അവൾ കേൾക്കാറുണ്ടായിരുന്ന ഞാനും, നരേട്ടനും തമ്മിലുണ്ടായിട്ടുള്ള ഏതാനും നാളത്തെ വഴക്ക് എന്തിന്‍റെ പേരിലായിരുന്നെന്നും അവൾക്കറിയാം. എന്നാൽ പിന്നീട് ഞങ്ങൾ ഒത്തുതീർപ്പിലെത്തിയപ്പോൾ അവളും രാഹുലും അതെല്ലാം മറക്കുകയായിരുന്നു. എന്നാലിന് മനസ്സിന്‍റെ അടിത്തട്ടിൽ അവൾ ഇത്രകാലം ഒളിപ്പിച്ചു വച്ച എന്നോടുള്ള വിദ്വേഷം പുറത്തു ചാടുകയായിരുന്നു.

അവൾക്ക് എല്ലായ്പ്പോഴും നരേട്ടനോടായിരുന്നു കൂടുതൽ അടുപ്പം. എന്നാൽ രാഹുലിന് അച്‌ഛനുമമ്മയും ഒരുപോലെയായിരുന്നു. മറ്റുള്ളവരുടെ വിഷമതകൾ മുതിർന്നപ്പോൾ അവനേയും വേദനിപ്പിക്കുമായിരുന്നു. അതുകൊണ്ടു തന്നെ എന്‍റെ ധർമ്മ സങ്കടം അവനു മനസ്സിലാകുമായിരുന്നു. എന്നാൽ കൃഷ്ണയുടെ വാക്കുകൾ എന്‍റെ ഹൃദയത്തിൽ എവിടെയൊക്കെയോ തട്ടി പരിക്കേൽപ്പിച്ചു. കൂർത്തു മൂർത്ത വാൾമുന കൊണ്ടെന്ന പോലെ ഞാൻ പിടഞ്ഞു. അതിനിടയിൽ അവളെ മറ്റു ചിലതു ബോദ്ധ്യപ്പെടുത്തുവാൻ മനസ്സു ദാഹിച്ചു.

“മോളെ ഒരുപക്ഷേ മോഹിച്ചത് കൈയ്യിൽ കിട്ടിയില്ലായിരുന്നുവെങ്കിൽ നീയും എന്നെപ്പോലെയാകുമായിരുന്നു. നിനക്ക് ദേവാനന്ദിനെ വിവാഹം കഴിച്ചു തരാൻ ഞാനാണ് നിന്‍റെ പപ്പയോട് യാചിച്ചത്.” ഞാൻ അവളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിച്ചു. എന്നാൽ അതിനും അവൾ തക്ക മറുപടി പറഞ്ഞു.

“എങ്കിൽ ഞാൻ പപ്പയേയും മമ്മിയേയുമുപേക്ഷിച്ച് ദേവേട്ടന്‍റെ കൂടെപ്പോയെനേ. ഞാൻ സ്നേഹിച്ചത് അദ്ദേഹത്തെയാണ്. അദ്ദേഹത്തെ മാത്രമേ ഞാൻ വിവാഹം കഴിക്കുമായിരുന്നുള്ളൂ. അല്ലാതെ മമ്മിയെപ്പോലെ ഒരാളെ മനസ്സിലിട്ട് വേറൊരാളെ വിവാഹം കഴിക്കുമായിരുന്നില്ല.”

കൂർത്ത മൂർത്ത കല്ലുകൾ പോലെ എന്‍റെ നേരെ എറിയപ്പെട്ട വാക്കുകളായിരുന്നു അവയും. മുല്ലശേരി മാധവമേനോൻ എന്ന എന്‍റെ അച്‌ഛൻ എന്നെ തടവിലിട്ടതും ഫഹദ്സാറിനെ വിവാഹം കഴിച്ച എന്നെ നിർബന്ധപൂർവ്വം അദ്ദേഹത്തിൽ നിന്നും അകറ്റി നരേട്ടന് വിവാഹം കഴിച്ചു കൊടുത്തതുമായ കഥകളൊന്നും അവൾക്കറിയില്ലല്ലോ എന്ന് ഞാനോർത്തു.

ഒരിയ്ക്കൽ കൂടി അതെല്ലാം പൊടി തട്ടിയെടുത്ത് എന്‍റെ ശവക്കുഴി തോണ്ടുവാൻ ഞാനപ്പോൾ ആഗ്രഹിച്ചില്ല. അതെല്ലാം മനസ്സിനുള്ളിലെ ശവക്കല്ലറയിൽ മൂടപ്പെട്ടു കിടക്കട്ടെ. പപ്പയെ വഞ്ചിച്ച അപരാധിയായ ഭാര്യയായി ഞാനെന്നും അവളുടെ മനസ്സിലുണ്ടാകും സാരമില്ല. എന്‍റെ നരേട്ടന് എന്നെ അറിയാമല്ലോ. അങ്ങിനെയാണ് ഞാനപ്പോൾ കരുതിയത്. എന്‍റെ നിശബ്ദത പണ്ടേ അവൾ മനസ്സിൽ സൂക്ഷിച്ചിരുന്ന എന്നോടുള്ള വെറുപ്പിനെ കൂടുതൽ ആഴമുള്ളതാക്കി.

“മമ്മിയ്ക്കിപ്പോൾ എന്താണ് വേണ്ടത്? ഞാൻ തിരിച്ചു പോകണമെന്നാണോ? അതോ ദേവേട്ടൻ ഇങ്ങോട്ടു വരണമെന്നാണോ? അദ്ദേഹം വരില്ല മമ്മി. അദ്ദേഹമൊരു ട്രെയിനിംഗിന് ജബൽപൂരിൽ പോയിരിക്കയാണ്. ഞാനീ അവസ്‌ഥയിൽ ബാംഗ്ലൂരിലെ ഫ്ളാറ്റിൽ ഒറ്റയ്ക്കു നിൽക്കേണ്ട എന്നു കരുതി ഞാനാണ് പറഞ്ഞത് ഇങ്ങോട്ടു പോരാമെന്ന്. അങ്ങിനെ കമ്പനിയിൽ നിന്നും ലീവെടുത്തു പോന്നതാണ്. ഏഴാം മാസത്തിൽ ചടങ്ങനുസരിച്ച് എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അതിനു നിങ്ങൾക്ക് കഴിഞ്ഞില്ല. അതിന്‍റെ പേരിൽ ദേവേട്ടന്‍റെ വീട്ടുകാരുടെ പഴിയും ഞാൻ കേട്ടു. എങ്കിൽപ്പിന്നെ അവരെ തൃപ്തിപ്പെടുത്താൻ പപ്പയുടേയും മമ്മിയുടേയും അടുത്തു വന്ന് അൽപ ദിവസം സന്തോഷമായി കഴിയാമെന്നു കരുതി ഞാനിങ്ങോട്ടു വന്നതാണ്. അൽപ നേരത്തെ ഇടവേളയ്ക്കു ശേഷം അവൾ തുടർന്നു.

“സോറി മമ്മി… മമ്മിയുടെ മനസ്സിലിരുപ്പ് ഇതായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങോട്ടു വരുമായിരുന്നില്ല. ഞാൻ വന്നത് മമ്മിയ്ക്ക് ബുദ്ധിമുട്ടായിക്കാണും. ഞാൻ നാളെത്തന്നെ മടങ്ങിക്കോളാം.”

കൃഷ്ണമോൾ പിണങ്ങിക്കഴഞ്ഞു. ഇനി ദേവേന്ദ്രൻ വിചാരിച്ചാൽ പോലും അവളെ ഇണക്കാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. അവളോടങ്ങിനെ ചോദിച്ചത് അവൾ ഇവിടെ കൂടുതൽ ദിവസം നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടാണെന്നവൾ കരുതി. അവളുടെ തെറ്റിദ്ധാരണ മാറ്റാനായി ഞാൻ പറഞ്ഞു.

“ഞാൻ നിന്നോടങ്ങിനെ ചോദിച്ചത് ദേവാനന്ദ് ഒറ്റയ്ക്കാണവിടെയെങ്കിൽ ഇങ്ങോട്ട് വരാൻ പറയാൻ വേണ്ടിയായിരുന്നു. വിവാഹശേം ഇതുവരെ ദേവാനന്ദ് ഇങ്ങോട്ട് വന്നിട്ടേയില്ല. ശരിയ്ക്കു പറഞ്ഞാൽ ഞങ്ങളവനെ ശരിയ്ക്കു കണ്ടതു കൂടിയില്ല. പിന്നെ ഗർഭിണിയായിരിക്കുമ്പോൾ അവരുടെ ചടങ്ങുകൾ എന്തൊക്കെയാണെന്നും ഞങ്ങൾക്കറിയില്ല.” എന്‍റെ വാക്കുകൾ അവളെ കൂടുതൽ ചൊടിപ്പിച്ചതേയുള്ളൂ.”

“ദേവേട്ടൻ ഇങ്ങോട്ടൊന്നും വരികയില്ല മമ്മീ. നോർത്തിന്ത്യനായ ദേവേട്ടനെ വിവാഹം കഴിയ്ക്കുന്നതിൽ ആദ്യം നിങ്ങൾക്കുണ്ടായിരുന്ന എതിർപ്പ് ദേവേട്ടനറിയാം. അതുകൊണ്ടു തന്നെ ദേവേട്ടനും നിങ്ങളെയൊന്നും അംഗീകരിക്കാൻ കഴിയുകയില്ല. എന്നോട് വേഗം മടങ്ങിചെല്ലാൻ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ജബൽപൂരിൽ നിന്ന് ദേവേട്ടന്‍റെ മെസ്സേജ് എനിക്കു കിട്ടിയിരുന്നു. ദേവേട്ടൻ അടുത്തു തന്നെ മടങ്ങി വരുമെന്നറിയിച്ച്.”

ഞങ്ങൾക്കവനെ ഇഷ്ടമല്ലായിരുന്നുവെന്ന് നീ തന്നെ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതല്ലെ മകളെ എന്ന് ചോദിക്കണമെന്നെനിക്കു തോന്നി. എങ്കിലും അവളോട് ഈ അവസ്‌ഥയിൽ ഞാനങ്ങനെയൊന്നും ചോദിക്കരുതെന്ന് മനസ്സു ശാസിച്ചു. ഒടുവിൽ മാപ്പപേക്ഷിക്കുന്ന മട്ടിൽ നയപൂർവ്വം അവളോടു പറഞ്ഞു.

“ഈ അമ്മ തെറ്റായിട്ടന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മോളു ക്ഷമിക്കണം. എന്‍റേയും ലീവ് തീരാറായി. ഒരാഴ്ച കഴിയുമ്പോൾ എനിക്കു കോളേജിൽ പോയി തുടങ്ങണം. അപ്പോൾ നരേട്ടനിവിടെ ഒറ്റയ്ക്കാവുമല്ലോ എന്നു കരുതി വിഷമിച്ചിരിയ്ക്കുയായിരുന്നു ഞാൻ. ഏതായാലും നീയുള്ളതു കൊണ്ട് എനിക്ക് മനഃസമാധാനമായിട്ട് കോളേജിൽ പോയി വരാമല്ലോ, മോളൂ… കുറച്ചു ദിവസം കൂടി നീയിവിടെ താമസിയ്ക്ക്. ഇനി പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം തിരിച്ചു പോയാൽ മതി.” അവളുടെ മുന്നിൽ ചെന്ന് ആ താടിയിൽ പിടിച്ച് വാത്സല്യപൂർവ്വം പറയുമ്പോൾ അവൾ അൽപം ശാന്തയായതു പോലെ തോന്നി. എങ്കിലും അവൾ പിടിവാശിയിലായിരുന്നു.

“ഞാൻ നാളെത്തന്നെ മടങ്ങുകയാണ്. ദേവേട്ടൻ ഇപ്പോൾ ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്. ഞാനിപ്പോൾ ചെന്നില്ലെങ്കിൽ ദേവേട്ടനതു വലിയ വിഷമമാകും.”

എന്‍റെ വാക്കുകളും, അവളെ പ്രസവത്തിനു വിളിച്ചു കൊണ്ടു വരാത്തതുമെല്ലാം കൂടിച്ചേർത്ത് അവൾ പരിഭവത്തിലാണെന്നു മനസ്സിലായി. പെട്ടെന്ന് കലഹിക്കുന്ന പ്രകൃതമാണ് കൃഷ്ണയുടേത്. നിസ്സാര കാര്യങ്ങൾ മതി അവൾക്ക് ഇണങ്ങാനും പിണങ്ങാനും. അവളുടെ കാര്യങ്ങൾക്ക് എന്തെങ്കിലും കോട്ടം തട്ടുമെന്ന് കണ്ടാൽ പിന്നെ അവൾ പിണങ്ങിയതു തന്നെ.

കൃഷ്ണ പിറ്റേന്നു തന്നെ പെട്ടിയുമായി പടിയിറങ്ങി. കൃഷ്ണമോൾ പിണങ്ങിപ്പോയതിൽ മനസ്സ് ഏറെ വേദനിച്ചു. തന്നെക്കാളേറെ നരേട്ടനായിരുന്നു വേദന കൂടുതൽ. അവളോട് അങ്ങിനെയൊക്കെ ചോദിച്ചതിൽ നരേട്ടൻ എന്നെ ശാസിക്കുകയും ചെയ്‌തു.

ആവശ്യമില്ലാതെ കുട്ടികളോട് അതുമിതും ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന് ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ കുട്ടികളാണ്. അവർ നമ്മെക്കാൾ എല്ലാക്കാര്യത്തിലും വ്യത്യസ്തരാണ്. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരും.”

“സോറി… നരേട്ടാ… ദേവാനന്ദിനെ ഇതുവരെ ഇങ്ങോട്ടു കാണാതിരുന്നപ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോയതാണ്.”

നരേട്ടനോട് ഞാൻ ക്ഷമ യാചിച്ചു. വീണ്ടും വീണ്ടും ക്ഷമ യാചിച്ചു കൊണ്ട് ഞാൻ കൃഷ്ണമോൾക്ക് മെസ്സേജുകളയച്ചു. പക്ഷേ അവളുടെ മറുപടി ഉണ്ടായില്ല. ഞാൻ ഫോൺ വിളിച്ചാൽ അവൾ എടുക്കുമായിരുന്നില്ല. അതുകൊണ്ടാണ് മെസ്സേജ് അയച്ചത്. എന്നാൽ ഒന്നിനു പോലും മറുപടി ഇല്ലാതെ വന്നപ്പോൾ നരേട്ടൻ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു.

“സാരമില്ല… നമുക്ക് നേരിട്ട് ചെന്ന് അവളുടെ പിണക്കം മാറ്റിക്കളയാം. ഏതെങ്കിലും ഒഴിവു ദിനം നമുക്ക് ചെന്ന് അവളെ കൂട്ടിക്കൊണ്ടിങ്ങു പോരാം.”

അങ്ങനെ പ്ലാൻ ചെയ്‌ത് ഞങ്ങൾ സ്വയം സമാധാനിച്ചു.

(തുടരും)

ഇരുട്ടിലെ മാലാഖ

സച്ചിന് അഞ്ചു വയസ്സുള്ളപ്പോഴാണ് ഹരികൃഷ്ണനും മായയും കോട്ടയത്ത് താമസിക്കാനെത്തുന്നത്. അന്ന് സച്ചിന്‍റെ ഏക കൂട്ടുകാരിയായിരുന്നു അയൽപക്കത്തെ ഒമ്പത് വയസ്സുകാരി സ്വപ്ന. ഹരികൃഷ്ണനും മായക്കും സ്വപ്ന സ്വന്തം മകളെപ്പോലെയായിരുന്നു.

“നീ സച്ചിന്‍റെ ചേച്ചിയാ, ഇനി മോള് വേണം അവന്‍റെ കാര്യങ്ങൾ നോക്കാൻ” അവർ എപ്പോഴും സ്വപ്നയെ ഓർമ്മിപ്പിക്കുമായിരുന്നു.

അൽപം തടിച്ചുരുണ്ട വികൃതിയായ സച്ചിനെ സ്വപ്നയ്‌ക്കും വലിയ ഇഷ്‌ടമായിരുന്നു. സ്നേഹം കൂടുമ്പോൾ അവൾ സച്ചിനെ പൊക്കിയടുത്ത് വാത്സല്യം ചൊരിയും. അപ്പോഴൊക്കെ രണ്ടുപേരും വീണുപോകുമെന്ന ഭയത്തിൽ മായ സ്വപ്നയെ വിലക്കും.

കാലം അതിന്‍റെ യാത്ര തുടർന്നു കൊണ്ടിരുന്നു. ഇരു കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും ഗാഡമായി. കുട്ടികൾ വളർന്നു. സച്ചിനും സ്വപ്നയും തമ്മിലുള്ള സ്നേഹവും അടുപ്പവും അതേപ്പടി നിലനിന്നു. സച്ചിൻ എഞ്ചിനീയറിംഗ് പഠനത്തിനായി മണിപ്പാലിലേക്ക് പോയി. സ്വപ്നയാകട്ടെ നാട്ടിൽ തന്നെയുള്ള മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനമാരംഭിച്ചു. കൂടെ പഠിച്ച കൂട്ടുകാരനെ തന്നെ അവൾ വിവാഹം ചെയ്‌തു അടുത്തുള്ള ആശുപത്രിയിൽ പ്രാക്ടീസും തുടങ്ങി. ഇതിനിടയിൽ സച്ചിന്‍റെ അച്‌ഛന് മറ്റൊരു സ്‌ഥലത്തേക്ക് ട്രാൻസ്ഫർ കിട്ടിയിരുന്നു. എന്നാലും അവസരം കിട്ടുമ്പോഴൊക്കെ അവൻ സ്വപ്നയെ കാണാൻ ഓടിയെത്തിയിരുന്നു. ജോലി കിട്ടി ദുബായിയിൽ എത്തിയിട്ടും അവൻ സ്വപ്നയെ മുടങ്ങാതെ വിളിച്ചു. പറയാൻ വിശേഷങ്ങൾ ഏറെയുണ്ടെങ്കിൽ അവൻ വാട്സാപ്പിലൂടെ അവയൊക്കെയും സ്വപ്നയുമായി പങ്കു വച്ചു. ഇതിനിടെ സ്വപ്നയുടെ ഭർത്താവ് ഡോ. സജിത്തിനും ദുബായിലെ ഒരു ആശുപത്രിയിൽ ജോലി കിട്ടി. കുറച്ചു നാൾ അവിടെ ജോലി ചെയ്‌ത ശേഷം അവർ രണ്ടുപേരും നാട്ടിൽ മടങ്ങിയെത്തി. ആയിടെയാണ് സച്ചിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയത്. സജിത്താകട്ടെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ സീനിയർ ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയിരുന്നു.

“ഇങ്ങോട്ടേക്ക് മടങ്ങിയെത്താനുള്ള തിടുക്കമായിരുന്നു എനിക്ക്. ചേച്ചിയെ കാണാനുള്ള കൊതി. പപ്പയും മമ്മിയും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്‌തു. ചേച്ചിയാണെങ്കിൽ കല്യാണമൊക്കെ കഴിഞ്ഞ് കൊച്ചിയിലും. ഞാനാണെങ്കിൽ അങ്ങ് ദുബായിയിൽ ഒറ്റക്കും. ആരോരുമില്ലാതെ ഈ ഏകാന്തത മടുത്തു ചേച്ചി.” സച്ചിൻ സ്വപ്നയ്‌ക്ക് മുന്നിൽ പരാതികളം പരിഭവങ്ങളും നിരത്തി കൊണ്ടിരുന്നു.

“എടാ മണ്ടാ ബാച്ചിലർമാർക്ക് ഗേൾഫ്രണ്ട്സ് ഉള്ളതാ ഏറ്റവും സങ്കടം?”

ഡോ. സജിത്ത് ഒരു പൊട്ടി ചിരിയോടെ പറഞ്ഞു. “ങ്ഹും, വിവാഹ പ്രായം കഴിഞ്ഞാൽ ഏകാന്തതയൊക്കെ തോന്നും. അതിനുള്ള മരുന്ന് വിവാഹമാണ്.”

“സജി… പറഞ്ഞത് ശരിയാ നീയെന്താ കല്യാണത്തെപ്പറ്റി ചിന്തിക്കാത്തത്?” സ്വപ്നയും ചർച്ചയ്‌ക്ക് തിരി കൊളുത്തി.

“ദുബായിയിൽ ഇരുന്നു കൊണ്ട് കല്യാണത്തെപ്പറ്റി എങ്ങനെ ചിന്താക്കാനാ? ങ്ഹാ, ഇനിയിപ്പോൾ ഈ ട്യൂട്ടി ചേച്ചിക്ക് വിട്ടു തന്നിരിക്കുകയാ.

“ഓകെ ഞാനേറ്റു. നീ വിഷമിക്കണ്ടാ.”

“എന്‍റെ പ്രായം കൂടിയത് കാരണം പപ്പയ്ക്കും മമ്മിക്കും ഒരു പെണ്ണിനേയും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. എന്‍റെ ഇഷ്‌ടമെന്താണെന്ന് അവർക്ക് അറിയുകയുമില്ല.” സച്ചിൻ നിരാശമട്ടിൽ പറഞ്ഞു.

“മമ്മിയേയും പപ്പയേയും ചേച്ചി പറഞ്ഞ് മനസ്സിലാക്കണം. അല്ലെങ്കിൽ എന്‍റെ മൂത്ത ചേച്ചിയെന്ന നിലയിൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം.”

“പക്ഷേ ആന്‍റിയും അങ്കിളുമെന്തിനാ എതിർക്കുന്നത്? ഇന്‍റർകാസ്‌റ്റ് മാര്യേജ് അല്ലെങ്കിൽ കുട്ടികളുള്ള വിവാഹമോചിതരെയല്ലേ നിനക്കിഷ്ടം” സ്വപ്ന അതിശയ ഭാവത്തിൽ ചോദിച്ചു.

പക്ഷേ, സച്ചിന് എന്തു കൊണ്ടാണ് വിവാഹം കഴിഞ്ഞാൽ സ്വന്തം കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്‌ക്കുന്നത്? എന്തു കൊണ്ടാണ് അവൻ അവിവാഹിതനായി തുടരുന്നത്? സ്വപ്നയുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു.

“ചേച്ചി ദീപ്തി വീട്ടിലെ ഒറ്റക്കുട്ടിയാണ്. അവൾ പഠനം പൂർത്തിയാക്കി വരുമ്പോഴാണ് അച്‌ഛന് കാൻസർ പിടിപ്പെട്ടത്. പിന്നാലെ അമ്മയ്‌ക്ക് ലുക്കിമിയയും. ഒത്തിരി ചികിത്സകൾ നടത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. അവൾ മണിപ്പാലിൽ എനിക്കൊപ്പമാണ് പഠിച്ചത്. ഇപ്പോൾ ഞങ്ങൾ ഒരേ കമ്പനിയിലാ ജോലി ചെയ്യുന്നത്. എന്നെ കല്യാണം കഴിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ കുട്ടികൾ വേണ്ട എന്ന നിബന്ധന അവൾക്കുണ്ട്.”

“പക്ഷേ അങ്ങനെയൊരു നിബന്ധന എന്തിനാ?”

“അത് ഞാൻ അവളോട് ചോദിച്ചിട്ടില്ല. അവൾ പറയാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അവളുടെ കഴിഞ്ഞ ജീവിതത്തെപ്പറ്റിയൊന്നും അറിയാൻ ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങൾ ഒരുമിച്ചുള്ള നല്ലൊരു ജീവിതമേ ആഗ്രഹിക്കുന്നുള്ളൂ. അച്ഛന്‍റേയും അമ്മയുടെയും ചികിത്സാ നടത്താനുള്ള പണം കണ്ടെത്താൻ അവൾ കുറേയേറെ കഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഒരിക്കലും അതിനായി തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല. എന്തിന് സ്വന്തം വീടു പോലും നഷ്‌ടപ്പെടുത്തിയില്ല. പിന്നെ നിബന്ധനയുടെ കാര്യത്തിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എനിക്ക് കുഞ്ഞുണ്ടായാലും ഇല്ലെങ്കിലും അത് അച്‌ഛനേയും അമ്മയേയും ബാധിക്കുകയേയില്ലല്ലോ. സ്വപ്നചേച്ചിയുടെ മക്കൾ ജിതിനും ശ്രേയയും പപ്പയ്‌ക്കും മമ്മിക്കും കൊച്ചു മക്കളായി ഉണ്ടല്ലോ.”

ഒരു നിമിഷം നിന്ന ശേഷം സച്ചിൻ തുടർന്നു. “ഇനി കുഞ്ഞ് വേണമെന്നുണ്ടെങ്കിൽ ദത്തെടുക്കാമല്ലോ അല്ലെങ്കിൽ വാടക ഗർഭത്തിലൂടെ…”

“ഇക്കാര്യത്തെപ്പറ്റി നീ ദീപ്തിയോട് സംസാരിച്ചോ?

“അവളാണ് ഈ വഴികളെപ്പറ്റി പറഞ്ഞത്. എനിക്ക് അതിൽ എതിർപ്പൊന്നുമില്ല. ഇനി ചേച്ചിയാണ് എല്ലാം നടത്തിതരേണ്ടത്” സച്ചിൻ പറഞ്ഞു.

“ചേച്ചിക്ക് അറിയാമോ പ്രണയം അന്ധമാണ്. എന്നാലും മുതിർന്ന പ്രായത്തിലുള്ള പ്രണയം അനശ്വരമായിരിക്കും.”

“ദീപ്തിയുടേയും ആദ്യ പ്രണയമാണോ?” സ്വപ്ന ചോദിച്ചു.

സച്ചിൻ അതെയെന്നർത്ഥത്തിൽ തലയാട്ടി. “അതെ ചേച്ചി, ഞങ്ങൾ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്‌ടപ്പെട്ടിരുന്നു. പക്ഷേ അതിന് മുമ്പോ തന്നെ അവളുടെ അച്‌ഛന് സുഖമില്ലാതായി. അതോടെ എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത് അവൾ നിർത്തി. പക്ഷേ… ഇവിടെ നിന്നാൽ ഒന്നും സാധിക്കില്ല. അതാ ഞാൻ ദുബായിലേക്ക് പോയത്. ഒരു കൂട്ടുകാരൻ പറഞ്ഞാണ് അവളുടെ അച്‌ഛനും അമ്മയും മരിച്ച വിവരം ഞാനറിയുന്നത്. അങ്ങനെയാ ഞാനവളുടെ കമ്പനിയിൽ ജോലി നോക്കിയത്. പിന്നെ എല്ലാം ഓക്കെ ആയതിനാൽ ഞാൻ തിരിച്ചു വരികയായിരുന്നു.”

“കാര്യങ്ങൾ ഇങ്ങനെയൊക്കെയായതു കൊണ്ട് സ്വപ്നേ നീ സഹായിച്ചേ പറ്റൂ.” സജിത് സച്ചിനെ പിന്തുണച്ചു കൊണ്ട് പറഞ്ഞു.

“ഓകെ, ഇന്ന് തന്നെ ഞാൻ ഫോൺ ചെയ്യും. വേണമെങ്കിൽ തിരുവനന്തപുരത്തു പോയി ആന്‍റിയേയും അങ്കിളിനേയും കാണാം. പക്ഷേ അതിന് മുമ്പ് എനിക്ക് ദീപ്തിയെ കണ്ട് ഒന്ന് സംസാരിക്കണം.” സ്വപ്ന ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഇന്ന് വേണ്ട നാളെ കൊണ്ടു പോകാം. പക്ഷേ? അതിനു മുമ്പ് മമ്മിയോട് സംസാരിക്കണം.” എന്ന് പറഞ്ഞു കൊണ്ട് സച്ചിൻ അവിടെ നിന്നുപോയി. സ്വപ്ന ഉടനടി ഹരികൃഷ്ണനേയും മായയേയും വിളിച്ചു.

“അദ്ഭുതമായിരിക്കുന്നു സ്വപ്ന നീയൊരു ഡോക്ടറായിട്ടും ഈ വിവാഹ ബന്ധത്തെ പിന്തുണയ്‌ക്കുകയാണോ? ഇങ്ങനെയൊരു നിബന്ധന വച്ച് വിവാഹത്തിനൊരുങ്ങുന്ന പെണ്ണിന് ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഊഹിച്ചു കൂടെ?” മായ ആന്‍റിയുടെ ചോദ്യത്തിന് മുന്നിൽ സ്വപ്ന ഒന്ന് പതറിപ്പോയി.

“ആന്‍റി അങ്ങനെയുമാകാം… നാളെ ഞാനവളെ കണ്ട് കാര്യങ്ങൾ സംസാരിക്കാം. അപ്പോളറിയാമല്ലോ യഥാർത്ഥ കാരണം.” സ്വപ്ന പതറിയ ശബ്ദത്തോടെ സംസാരിച്ച ശേഷം ഫോൺ വച്ചു.

“നമ്മൾ ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചതു പോലുമില്ലല്ലോ,” എല്ലാം കേട്ട ശേഷം ഡോ. സജിത് പറഞ്ഞു.

“അഥവാ അങ്ങനെ വല്ല പ്രശ്നവുമുണ്ടെങ്കിൽ നമുക്കത് ചികിത്സിക്കാമല്ലോ. ഇന്ന് ചികിത്സയില്ലാത്ത എന്ത് അസുഖമാണുള്ളത്. പക്ഷേ ഇക്കാര്യമൊന്നും സച്ചിനോട് പറയരുത്.”

“അവരുടെ എതിർപ്പും ന്യായമാണല്ലോ. എന്തെങ്കിലും അസുഖം ഉള്ളതോ അല്ലെങ്കിൽ മുൻധാരണ വച്ച് പുലർത്തുന്നതോ ആയ പെൺകുട്ടിയെ ഏത് രക്ഷാകർത്താവാണ് മകന് വധുവായി തെരഞ്ഞെടുക്കുക? സച്ചിനേയും ദീപ്തിയേയും ഒന്നും അറിയിക്കാതെ വളരെ സമർത്ഥമായി വേണം യഥാർത്ഥ സത്യം കണ്ടുപിടിക്കാൻ.” സ്വപ്ന പറഞ്ഞു.

“ദീപ്തിയുടെ വീട്ടിൽ പോകുന്നതിന് മുമ്പായി അവളെ പുറത്ത് എവിടെ വച്ചെങ്കിലും കാണുന്നതായിരിക്കും നല്ലത്. നീയൊരു കാര്യം ചെയ്യ് ലഞ്ച് ബ്രേക്ക് ടൈമിൽ സച്ചിന്‍റെ ഓഫീസിൽ പോകണം. മറ്റെതോ ആവശ്യത്തിന് പോയ കൂട്ടത്തിൽ വന്നതാണെന്ന് പറയണം. കൂട്ടത്തിൽ ഒരുമിച്ച് ലഞ്ച് കഴിക്കണമെന്ന് പറയണം. ഈ സാഹചര്യത്തിൽ അവന് ദീപ്തിയേയും വിളിക്കും. വിളിച്ചില്ലെങ്കിൽ അവളെ കാണണമെന്ന ആഗ്രഹം നീ അറിയിക്കണം.” സജിത് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. പിറ്റേ ദിവസം സ്വപ്ന സച്ചിന്‍റെ ഓഫീസിൽ ചെന്നു. സച്ചിൻ ലിഫ്റ്റിൽ നിന്നും ഇരുണ്ട ആകർഷകയായ പെൺകുട്ടിക്കൊപ്പം ഇറങ്ങി വരുനന്ത് സ്വപ്ന കൗതുകത്തോടെ നോക്കി. ഒറ്റക്കാഴ്ചയിൽ തന്നെ അത് ദീപ്തിയാണെന്ന് അവൾ ഊഹിച്ചെടുത്തു.

“ചേച്ചീ… സർപ്രൈസിംഗ്? ഇവിടെ എങ്ങനെ?” സച്ചിൻ അമ്പരപ്പോടെ ചോദിച്ചു.

“പ്രത്യേകിച്ചൊന്നുമില്ല… ഇവിടെയടുത്ത് ഒരു അത്യാവശ്യ കാര്യത്തിന് വരേണ്ടതുണ്ടായിരുന്നു. കൂട്ടത്തിൽ നിന്നേയും കാണാമെന്ന് വിചാരിച്ചു. എവിടേക്കെങ്കിലും പോവുകയാണോ?”

“ദീപ്തി ഇതാണ് എന്‍റെ ചേച്ചി സ്വപ്ന… ഞങ്ങൾ ലഞ്ച് കഴിക്കാൻ പോകുകയായിരുന്നു. ചേച്ചിയും കൂടി വാ ഞങ്ങൾക്ക് സന്തോഷമാകും.” സച്ചിൻ ആവേശത്തോടെ പറഞ്ഞു.

“ങ്ഹാ, വരാമല്ലേ. പക്ഷേ സ്വസ്ഥമായി ഇരുന്ന് സംസാരിക്കാൻ പറ്റിയ ഇടമായിരിക്കണം.” സ്വപ്ന ദീപ്തിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അപ്പോൾ നമുക്ക് ശ്രീ കൃഷ്ണയിൽ പോകാം. അവിടെ നല്ല ഫാമിലി റൂം ഉണ്ട്.” ദീപ്തി നിർദ്ദേശിച്ചു. അവർ മൂവരും കൂടി കാറിൽ കയറി ശ്രീകൃഷ്ണയിൽ ചെന്നു.

“ഇത് നല്ല പ്ലേസാണ്. പാർക്കിംഗ് പ്രശ്നവുമില്ല” സ്വപ്ന പറഞ്ഞു.

“ദീപ്തിയുടെ സജഷൻസ് എപ്പോഴും കറക്റ്റാണ് ചേച്ചി” സച്ചിനും പിന്താങ്ങി.

“അങ്ങനെയാണെങ്കിൽ സച്ചിൻ നീ ഉടനടി തന്നെ ദീപ്തിയെ വീട്ടിൽ കൂട്ടി കൊണ്ടുവരണം.” സച്ചിൻ പുഞ്ചിരിച്ചു കൊണ്ട് ദീപ്തിയെ നോക്കി. സച്ചിന്‍റെ പുഞ്ചിരിയിൽ വിഷാദത്തിന്‍റെ നിഴൽ പടർന്നിരിക്കുന്നത് ദീപ്തി ശ്രദ്ധിച്ചു. അത് മറച്ചു പിടിച്ചു കൊണ്ട് ദീപ്തി സ്വപ്നയോട് വീട്ടു വിശേഷങ്ങൾ ചോദിച്ചു.

“അതൊക്കെ ഇരിക്കട്ടെ… നിങ്ങളെപ്പറ്റി പറയൂ.”

“എന്നെപ്പറ്റി പറയാനുള്ളത് സച്ചു ചേച്ചിയോട് പറഞ്ഞു കാണുമല്ലോ. പ്രത്യേകിച്ചൊന്നും പറയാനില്ല. സച്ചുവിന്‍റെ ക്ലാസ്മേറ്റായിരുന്നു. ഇപ്പോൾ കൊളിഗാണ്. ഇവിടെ അടുത്ത് ഗിരിനഗറിലാണ് താമസം.”

“ചേച്ചി, ദീപ്തി പപ്പയുണ്ടാക്കിയ വീട്ടിലാ താമസം” സച്ചിൻ എടുത്ത് പറഞ്ഞു. “അവിടെ അവൾ ഒറ്റക്കാ. കൂട്ടിന് ഒരു വല്യമ്മയുണ്ട്.”

“പേടിയില്ലേ ദീപ്തി?”

“ഇല്ല ചേച്ചി. പേടി എന്‍റെ കൂടപിറപ്പാ.” ദീപിതി പൊട്ടി ചിരിച്ചു.

“ഓഹോ… കുട്ടിയായിരുന്നപ്പോൾ സച്ചുവും ഒരു പേടിത്തൊണ്ടനായിരുന്നു.”

ദീപ്തി ഊറി ചിരിച്ചു.

“അയ്യോ സച്ചു അതൊന്നും പറഞ്ഞിട്ടില്ല. സച്ചുവിന് ആരെയായിരുന്നു പേടി?” ദീപ്തി ഉൽസാഹത്തോടെ ചോദിച്ചു.

“അതവൻ പറയുമോ? ഇപ്പോഴും കാണും ആ പേടി. നിങ്ങൾ ഒരുമിച്ച് താമസിക്കുമ്പോൾ മനസ്സിലാകും.” സച്ചിൻ തെല്ലൊരു ലജ്‌ജയോടെ ചിരിച്ചു.

“അതിനുള്ള സാധ്യത കുറവാണ് ചേച്ചി. സച്ചുവിന്‍റെ അമ്മയെ വേദനിപ്പിച്ചു കൊണ്ട് സച്ചുവിനെ കല്യാണം കഴിക്കാൻ എനിക്കാവില്ല.” ദീപ്തിയുടെ കണ്ണുകളിൽ സങ്കടം ഉറഞ്ഞു കൂടിയെങ്കിലും അവളുടെ ശബ്‌ദം ഉറച്ചതായിരുന്നു.

സ്വപ്ന പതിയെ വാച്ചിലേക്ക് നോക്കി. “അതൊക്കെ സംസാരിക്കാനുള്ള സമയവും സ്‌ഥലവും അല്ല ഇത്. ഞാനാണെങ്കിൽ നേഴ്സിംഗ് ഹോം പണിയുന്നതിന്‍റെ തിരക്കിലാ. ദീപ്തിക്ക് എപ്പോഴാണ് ടൈം കിട്ടുക. ഞാൻ വരാം. അന്ന് നമുക്ക് സ്വസ്ഥമായി സംസാരിക്കാം.”

“ഇന്ന് വൈകുന്നേരം ചേച്ചിയും ചേട്ടനും ദീപ്തിയുടെ വീട്ടിൽ പോകുന്നുണ്ടോ?” സച്ചിൻ ആകാംക്ഷയോടെ ചോദിച്ചു.

“ഇപ്പോൾ ഞാൻ നേഴ്സിംഗ് ഹോമിലേക്ക് ചെല്ലട്ടെ. ഇനി വീട്ടിൽ പോയിട്ട് പോകാമെന്ന് വച്ചാൽ നടക്കില്ല. ങ്ഹാ… ഇന്ന് ഞാൻ ആളിനെ കണ്ടില്ലേ.”

“ഇന്ന് ചേച്ചി കണ്ടല്ലേ, ചേട്ടൻ കൂടി ദീപ്തിയെ കാണണം.” സച്ചിൻ പറഞ്ഞു. “ചേച്ചി വീട്ടിൽ ഇരുന്നാൽ മതി. ഞാൻ ദീപ്തിയെയും കൂട്ടി വീട്ടിൽ വരാം.”

“ഹായ് നല്ല ഐഡിയ, അതായിരിക്കും നല്ലത്.”

സ്വപ്ന പുഞ്ചിരിയോടെ ക്ഷണിച്ചു. “ഇന്ന് നമുക്കെല്ലാവർക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാം.”

വൈകുന്നേരമായപ്പോൾ സച്ചിൻ ദീപ്തിയേയും കൂട്ടി സ്വപ്നയുടെ വീട്ടിലെത്തി. ഡോ. സജിത്തിന്‍റെ ഹൃദ്യമായ പെരുമാറ്റവും തമാശ കലർന്ന സംസാരവുമൊക്കെ അന്തരീക്ഷത്തിന് അയവു വരുത്തി. വീട്ടു സഹായത്തിനെത്തുന്ന രേഖമ്മ അടുക്കളയിൽ അതിഥികൾക്കായി ഭക്ഷണമൊരുക്കുന്നുണ്ടായിരുന്നു. സ്വപ്ന പാചകത്തിന്‍റെ മേൽനോട്ടവുമായി ഓടി നടന്നു. അടുക്കളയിൽ എന്തോ ആവശ്യത്തിനായി സ്വപ്ന പോയ പുറകെ സച്ചിനും അവരെ പിന്തുടർന്നു ചെന്നു.

“ചേച്ചി അമ്മയുമായി ഇക്കാര്യം സംസാരിച്ചോ?” സച്ചിൻ പതിഞ്ഞ ശബ്ദത്തിൽ കാര്യം തിരക്കി.

“കാര്യങ്ങളൊക്കെ ചോദിച്ചു.” അത്രയുള്ളോ? ചേച്ചി കാര്യം പറഞ്ഞില്ലേ? ചേച്ചിക്ക് ഇതെന്താ പറ്റിയത്?” സച്ചിൻ അസ്വസ്ഥതയോടെ ചോദിച്ചു.

“എല്ലാം ശരിയായ സമയത്ത് ശരിയായ രീതിയിൽ വേണം പറയാൻ. ദീപ്തി എങ്ങോട്ടും ഓടി പോകുന്നില്ലല്ലോ. നിന്നെയല്ലേ അവൾ കല്യാണം കഴിക്കൂ. ഇത്രയും വർഷം കാത്തിരുന്നില്ലേ ഒരൽപം കൂടി ക്ഷമിക്കൂ.”

“അതല്ലാതെ പിന്നെന്താ ചെയ്യുക,” സച്ചിൻ ഉദാസീനനായി പറയുന്നത് കേട്ട് സ്വപ്നയ്‌ക്ക് ഉള്ളിൽ സങ്കടം തോന്നി. എല്ലാവരും സംസാരിക്കുന്നതിനിടെ സ്വപ്ന ദീപ്തിയുമായി ഏറെ അടുത്തിടപഴകി. ദീപ്തിയുമായി നല്ലൊരു അടുപ്പം ഉണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ ലക്ഷ്യം. ദീപ്തിയും സ്വപ്നയും തമ്മിൽ ഇതിനോടകം നല്ല കൂട്ടായി കഴിഞ്ഞിരുന്നു. അതിനു ശേഷം അവർ മിക്കപ്പോഴും ഫോണിൽ സംസാരിക്കുന്നത് പതിവായി.

സച്ചിൻ എന്തോ ഔദ്യോഗികാവശ്യവുമായി ബന്ധപ്പെട്ട് മുംബൈയിൽ പോകുന്നതറിഞ്ഞ് സ്വപ്ന ദീപ്തിയെ കാണാൻ അവളുടെ വീട്ടിൽ ചെന്നു. വളരെ മനോഹപമായിരുന്നു ദീപ്തിയുടെ വീട്. ആ വീട് കണ്ടാൽ ഏറെ ഇഷ്‌ടപ്പെട്ട് ആഗ്രഹിച്ച് ഉണ്ടാക്കിയതാണെന്നേ തോന്നൂ. അത്രയ്‌ക്കായിരുന്നു വീടിനകത്തെ സൗകര്യങ്ങളും സജ്‌ജീകരണങ്ങളും.

“ദീപ്തി, നീ ഈ വീട് വിൽക്കാത്തത് നന്നായി. നല്ല വീടാണ് കേട്ടോ. വിവാഹശേഷവും നിങ്ങൾക്കിവിടെ താമസിക്കാമല്ലോ. സച്ചിൻ അതിന് തയ്യാറാകുമോ?”

“സച്ചിന് അങ്ങനെ പിടിവാശിയൊന്നുമില്ല. ഞാൻ പറയുന്നതൊക്കെയും സച്ചുവിന് സമ്മതമാ. പക്ഷേ സച്ചുന്‍റെ പപ്പയുടെയും മമ്മിയുടെയും സമ്മതമില്ലാതെ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല. ഒരിക്കലും ഞാൻ മകനെ അവരുടെ ശത്രുവാക്കില്ല. പ്രണയമെന്നത് ചിലപ്പോൾ വിവേകമില്ലായ്മയും മര്യാദകേടുമാകും. പക്ഷേ അതിന്‍റെ പേരിൽ സച്ചുവിന് പപ്പയേയും മമ്മിയേയും നഷ്‌ടപ്പെട്ടുകൂടാ.”

“അത് ശരിയാണ് ദീപ്തി. സച്ചുവിന്‍റെ മമ്മിയും പപ്പയും വളരെ നല്ലവരാണ്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണെങ്കിൽ അവർ സന്തോഷത്തോടെ സമ്മതിക്കും. പക്ഷ സച്ചു കാരണമെന്താണെന്ന് അവരോട് പറയുന്നില്ലല്ലോ.”

“അതിന് കാരണമെന്താണെന്ന് സച്ചു അറിഞ്ഞാലല്ലേ സച്ചുവിന് പറയാൻ പറ്റൂ. ഞാനിതു വരെ സച്ചിനിനോട് ഒന്നും പറഞ്ഞിട്ടില്ല. സച്ചുവത് കേൾക്കാൻപ്പോലും ആഗ്രഹിക്കുന്നുമില്ല. എന്‍റെ കൂടെ ജീവിക്കുമ്പോൾ സുന്ദരമായ ഭാവി മാത്രം സ്വപ്നം കണ്ടാൽ മതിയെന്നാ സച്ചു പറയുന്നത്. കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർക്കണ്ടായെന്നാ സച്ചു പറയുന്നത്. ഞാനും കഴിഞ്ഞക്കാലത്തെ ഓർക്കാൻ ഇഷ്ടപ്പെടാറില്ല. പക്ഷേ ചേച്ചി കഴിഞ്ഞ കാലവുമായി ബന്ധപ്പെട്ട ചില യാഥാർത്ഥ്യങ്ങൾ ഉണ്ടല്ലോ… അത് നമ്മൾ ആഗ്രഹിച്ചാലും അവഗണിക്കാനുമല്ല മറക്കാനും കഴിയില്ല. ആ ഓർമ്മകൾ സദാ അലട്ടി കൊണ്ടിരിക്കും.”

“പറ്റുമെങ്കിൽ ആ സത്യാവസ്‌ഥ എന്നോട് ഷെയർ ചെയ്യാം ദീപ്തി” സ്വപ്ന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഞാനും അത് തന്നെ ആലോചിക്കുകയായിരുന്നു ചേച്ചി.” ദീപ്തി ദീർഘനിശ്വാസമുതിർത്തു കൊണ്ട് പറഞ്ഞു.

“മിക്കപ്പോഴും ലേറ്റാകുന്നതു കൊണ്ടും അടിക്കടി ലീവ് എടുക്കുന്നതു കൊണ്ടും എനിക്ക് ജോലിയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാനോ പപ്പയുടെ ചികിത്സാ കാര്യങ്ങൾ ശ്രദ്ധിക്കാനോ കഴിഞ്ഞിരുന്നില്ല. അങ്ങനെ വന്നപ്പോഴാ ഞാൻ ജോലി റിസൈൻ ചെയ്‌ത് പപ്പയെയും കൊണ്ട് ചികിത്സയ്‌ക്കായി മുംബൈയിൽ പോകുന്നത്.

ഒരു റിലേറ്റീവ് പറഞ്ഞിട്ടാണ് അവിടെ പോകുന്നത്. ചികിത്സയ്‌ക്ക് പണം വേണമല്ലോ. അതിന് ഞാൻ സെയിൽസ് ഗേളായി ജോലി ചെയ്‌തു. അന്ന് ഏത് ജോലിയും ചെയ്യാൻ തയ്യാറായിരുന്നു. മമ്മിയും പപ്പയും എതിർത്തിട്ടും ഞാൻ പണത്തിനു വേണ്ടി രണ്ട് തവണ സറോഗേറ്റ് മദറുമായി.

ഒരു യന്ത്രം കണക്കെ ഞാൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രതിഫലമായി ആവശ്യത്തിന് പണവും കൈപ്പറ്റി. പക്ഷേ ആ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടുകയാണ് ചേച്ചി. എനിക്ക് സ്വന്തമായി കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അവരെ വളർത്തുമ്പോൾ ആ കുഞ്ഞുങ്ങളുടെ ഓർമ്മ വരില്ലേ…

10 മാസം ഗർഭം ധരിച്ച് പ്രസവിച്ച എന്‍റെ കുഞ്ഞുങ്ങൾ അല്ലേ അവരും എന്നിട്ട് ഞാൻ നിർദ്ദയം ആ കുഞ്ഞുങ്ങളെ ഏതോ അപരിചിതർക്ക് കൈമാറി. ആ വേദന എന്നെ എപ്പോഴും അലട്ടി കൊണ്ടിരിക്കും. അത് സച്ചുവിനോടും ഞങ്ങൾക്കുണ്ടാകുന്ന കുഞ്ഞിനോടും ചെയ്യുന്ന അനീതിയായിരിക്കും. അതിലും ഭേദമല്ലേ ഒരു കുഞ്ഞ് ഉണ്ടാകാതെ നോക്കുകയെന്നത്. മാത്രവുമല്ല എന്‍റെ പ്രായവും കടന്നു പോയിരിക്കുന്നു. ചേച്ചിക്ക് പറ്റുമെങ്കിൽ ഇക്കാര്യം സച്ചുവിനോടും സച്ചുവിന്‍റെ മമ്മിയോടും പപ്പയോടും പറയണം. അവരുടെ ഏത് തീരുമാനവും എനിക്ക് സ്വീകാര്യമാണ്.

“ശരിയാണ് ദീപ്തി ഞാൻ ഇക്കാര്യം ശരിയായ അവസരം നോക്കി പറയാം.” സ്വപ്നയ്ക്ക് ദീപ്തിയോടുള്ള മതിപ്പ് ഒന്ന് കൂടി വർദ്ധിച്ചു.

സ്വന്തം കുടുംബത്തിനു വേണ്ടി ദീപ്തി സഹിച്ച ത്യാഗത്തെക്കുറിച്ചോർത്ത് സ്വപ്നയുടെ മനസ്സിൽ ഒരു തേങ്ങൽ ഉയർന്നു. മറ്റുള്ളവർക്ക് വേണ്ടി സ്വയം ഉരുകിത്തീർന്ന പെണകുട്ടിയാണവൾ. ഉള്ളിൽ സ്വന്തം രക്‌തത്തിൽ പിറന്ന കുഞ്ഞുങ്ങളോടുള്ള വാത്സല്യം കാത്തു സൂക്ഷിക്കുന്ന അപൂർവ്വമായ ഒരമ്മ. സ്വപ്ന ദീപ്തിയെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.

ദീപ്തി പറഞ്ഞ കാര്യങ്ങളെ അവഗണിക്കാനാവില്ല. അവളടെ വികാരങ്ങളെ മാനിക്കേണ്ടതുണ്ട്. സച്ചുവിനെ സംബന്ധിച്ചാണെങ്കിൽ യാതൊരു തടസ്സവും ഉണ്ടാകില്ല. അവന് ഏത് സാഹചര്യത്തിലും ദീപ്തിയെ ഇഷ്‌ടമാണ്.

പക്ഷേ സച്ചിന്‍റെ മമ്മിയും പപ്പയും സറോഗേറ്റ് മദർ ആയ ഒരു പെൺകുട്ടിയെ സ്വീകരിക്കുക എന്നത് ആത്ര എളുപ്പമുള്ള കാര്യമല്ല. മാത്രവുമല്ല ദീപ്തിയുടെ പ്രായവും അവരുടെ തീരുമാനത്തെ സ്വാധീനിക്കാം. പക്ഷേ സച്ചുവിന്‍റെ പ്രണയത്തെ സഹായിക്കാൻ എന്തെങ്കിലും ത്യാഗം സഹിക്കേണ്ടതാവശ്യമല്ലേ. അത് എത്ര വില കൊടുത്തായാലും. സ്വപ്ന ഉറച്ച ഒരു തീരുമാനത്തിലെത്തി. അവൾ ജനാലക്കപ്പുറത്തെ പച്ചപ്പിലേക്ക് നോക്കി പുഞ്ചിരി പൊഴിച്ചു.

മീനാക്ഷി… മധുരൈയിലെ മീനാക്ഷി

അയാൾ ഓടി വരുന്നത് കണ്ടിട്ടായിരിക്കണം, സെക്യൂരിറ്റിക്കാരൻ മുരുഗൻ രണ്ടു വിരലുകളും വായിൽ തിരുകി വിസിലടിച്ചു…. നീട്ടിയടിച്ചു.

അതിന് ഫലമുണ്ടായില്ല, അരമിനിറ്റ് വ്യതാസത്തിൽ 5.40 നുള്ള ബസ്സ് അയാളെ കൂട്ടാതെ പുക തുപ്പി കടന്ന് പോയി.

ബസ്സ് കിട്ടാത്തതിൽ മുരുഗനും നിരാശനായിരിക്കണം.

“ഇങ്കെ ഉക്കാര്… സർ…” നിറം മങ്ങിയ ഒരു പഴയ കസേര ചൂണ്ടിക്കാട്ടി മുരുഗൻ പറഞ്ഞു.

“നമ്മ പേസിക്കിട്ടെയിരിക്കലാം”.

“വേണ മുരുഗാ… തല വലിക്ക്ത്… സീക്രം പോണം.”

“ഓട്ടോ യെഥാവത് കിടയ്ക്കുമാ..?”

“ചാൻസേ കെടയാത്… സർ…”

“പക്കത്തിലെ മെയിൻ റോഡിലെ യിരുന്ത് ബസ്സ് കെടയ്ക്കും, ആനാൽ നടന്ത്താൻ പോണം… ഓക്കെയാ.”

“ഓക്കെ മുരുഗാ… നാളൈ കാല യിലെ പാക്കലാം.”

മുരുഗനോട് ബൈ പറഞ്ഞു നടന്ന് തുടങ്ങി.

ബസ്സിന്‍റെ ഹോൺ അടി കേട്ട്, ബാഗ് എടുത്ത് ഒന്നാം നിലയിൽ നിന്നും ധൃതിപ്പെട്ട് സ്റ്റൈയർകേസ് വഴി ഓടി ഇറങ്ങിയതാണ്. എന്നും പതിവുള്ളതുമാണ്. ആ ഡ്രൈവർക്ക് വേറെന്തോ തിരക്ക് ഉണ്ടായിരുന്നിരിക്കണം. നാളെ ഒരു പത്തു മിനിറ്റ് നേരത്തെ ഇറങ്ങാം. അതെ ഉള്ളൂ ഒരു പരിഹാരം.

തമിഴ്നാട്ടിലെ ക്ഷേത്ര നഗരമായ മധുരൈക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് അയാളിപ്പോൾ. അഞ്ഞൂറോളം തൊഴിലാളികൾ പണിയെടുക്കുന്ന വെങ്കിടേശ്വര ടെക്സ്റ്റ്സ്റ്റൈൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനത്തിന്‍റെ, കോർപ്പറേറ്റ് ഓഫീസിന്‍റെ ഇന്‍റീരിയർ പ്രോജക്ടിന്‍റെ മുഴുവൻ ചുമതലയും അയാൾക്കായിരുന്നു. കൊച്ചിയിലെ പ്രശസ്തമായ ഒരു ഇന്‍റീരിയർ സ്‌ഥാപനത്തിനായിരുന്നു കോൺട്രാക്ട്.

രണ്ടുമാസം മുന്നെയാണ് കൊച്ചിയിലെ ഓഫീസിൽ നിന്നും അയാൾ ഇവിടേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടത്. ആജ്ഞകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്ന ഉത്തർപ്രദേശുകാരായ പന്ത്രണ്ടോളം തൊഴിലാളികളും അയാളും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്.

നേരിയ ചൂട് കാറ്റ് ഉണ്ടായിരുന്നു. റോഡിനിരുവശവും വിശാലമായ സ്‌ഥലങ്ങൾ. സർക്കാർ പദ്ധതി പ്രകാരം ഒരേ അകലത്തിലും ഒരേ നിരയിലും നട്ട് പിടിപ്പിച്ച പുളിമരങ്ങൾ കാണുന്നതാണ് ഏക ആശ്വാസം. പുളി മരങ്ങളിൽ തട്ടി വരുന്ന കാറ്റിന് ഇളം തണുപ്പ് അനുഭവപ്പെട്ടു.

വിറകുകൾ ശേഖരിച്ചു തലച്ചുമടായി കൊണ്ടു പോകുന്ന യുവതികൾ. കുറ്റിച്ചെടികളും മറ്റും ഉണങ്ങിക്കരിയാറായ നിലയിലാണ്.

പശുക്കളുടെ കൂട്ടം… തവിട്ട് നിറത്തിലുള്ള മൺപൊടി പറത്തിക്കൊണ്ട് വരുന്നു. കൈയിൽ നീളമുള്ള വടി പിടിച്ച ഒരു പയ്യനെ അനുസരിച്ച് വീട്ടിൽ എത്താനുള്ള തത്രപ്പാടിലാണ്. പശുക്കളെ പോലെ തന്നെ പ്രകൃതിക്കും തവിട്ട് നിറമായിരുന്നു.

തണ്ണിത്തൊട്ടിക്കരികിൽ സ്ത്രീകളും, കുട്ടികളും, ആണുങ്ങളും അടക്കം നിരവധി പേർ ഉണ്ടായിരുന്നു. ചിലർ കുടങ്ങളിലും പാത്രങ്ങളിലും വെള്ളം നിറച്ചു തലച്ചുമടായും കൈകളിൽ എടുത്തും വീടുകളിലേക്ക് നടക്കുന്നു.

ചിലർ വസ്ത്രങ്ങൾ നനയ്ക്കുന്നു, ചില അമ്മമാർ കുട്ടികളെ കുളിപ്പിക്കുന്നു. ആകെ ഒരു ബഹളം.

ശരീരം മുഴുവൻ എണ്ണ തേച്ച ഒരു കുട്ടിക്കുറുമ്പൻ, അവന്‍റെ അമ്മക്ക് പിടികൊടുക്കാതെ വട്ടം ചുറ്റി ഓടുന്നു. കൂട്ടത്തിൽ ഒരു മുതിർന്ന കുട്ടി അവനെ കോരി എടുത്ത്, മുത്തം കൊടുത്ത് അവന്‍റെ അമ്മയെ ഏൽപ്പിക്കുന്നു. അവനെ പിടിച്ചു നിർത്തി വെള്ളം ഒഴിച്ച് സോപ്പ് തേച്ചു കുളിപ്പിക്കുന്നു.

ആണുങ്ങളിൽ പലരും ചെറിയ പാത്രങ്ങളിൽ വെള്ളം കോരിയെടുത്തു അൽപം മാറി നിന്ന് കുളിക്കുന്നു. സംസാരിച്ചു കൊണ്ട് സോപ്പ് തേക്കുന്നു. ഒരു സോപ്പ് തന്നെ പലരും മാറി മാറി ഉപയോഗിക്കുന്നു.

കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി നോക്കുന്ന പളനി ചാമിയും ആ കൂട്ടത്തിൽ ഉണ്ട്.

അരയോളം ഉയരത്തിൽ ഇഷ്ടിക കെട്ടി, സിമന്‍റ് പൂശി വൃത്തിയാക്കി അതിൽ വെള്ളം നിറച്ചു ജനങ്ങളുടെ ഉപയോഗത്തിനായി വിട്ടു കൊടുക്കുന്ന ഒരു സംവിധാനമാണ് തണ്ണിതൊട്ടി.

ആ നാട്ടുകാരുടെ ജലസ്രോതസ്, ജനാധിപത്യത്തിന്‍റെ, സോഷ്യലിസത്തിന്‍റെ മറ്റൊരു മുഖം. എത്ര സന്തോഷവാന്മാരായാണ് അവർ ആ സംവിധാനങ്ങളെ ഉപയോഗിക്കുന്നത്. ചുകന്ന പുറം ചട്ടയുള്ള രണ്ടിഞ്ചു കനമുള്ള താടിക്കാരന്‍റെ മുഖമുള്ള പുസ്തകം അവർ വായിക്കാൻ ഇടയില്ല.

സ്നേഹവും, സന്തോഷവും സേവന മനസ്‌ഥിതി നിലനിർത്താനും തിരിച്ചറിവ് മാത്രം മതി എന്ന തിരിച്ചറിവുള്ളവർ.

തണ്ണി തൊട്ടി സോഷ്യലിസം, വിപ്ലവങ്ങളിൽ പരാജയപ്പെട്ട അയാളുടെ വിലപ്പെട്ട കാഴ്ചകളിൽ ഒന്നാണ്.

ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികളുടെ കൂട്ടം. അടുത്തുള്ള പ്രൊഫഷണൽ കോളേജിൽ പഠിക്കുന്നവർ, ഭൂരിഭാഗം പേരും മലയാളികൾ. പലപ്പോഴായി കണ്ട് അവരെ പരിചിതമായിരിക്കുന്നു. എല്ലാവരോടുമായി അയാൾ ചിരിച്ചു.

“പേർ വെച്ചാലും വെക്കാമെ പോനാലും മല്ലിവാസം…

അത് കുട്രാല സുഖവാസം…”

ബസ്സിലെ സ്റ്റീരിയോവിൽ നിന്നും തമിഴ്പാട്ട് ഒഴുകി വന്നു. സൈഡ് സീറ്റിൽ ചാരി ഇരുന്ന് അയാൾ ആ പാട്ട് സീൻ ഓർക്കുകയായിരുന്നു. കമലഹാസനും കുശ്ബുവും ഒരേ താളത്തിൽ കൈകാലുകൾ ചലിപ്പിച്ച് സീനിൽ നിറഞ്ഞാടി. കമൽഹാസൻ നാലു വേഷങ്ങൾ ഒരുമിച്ച് ചെയ്‌ത ഒരു സിനിമ ആയിരുന്നു അത്.

ആട്ടിൻ കൂട്ടങ്ങളെ മേയ്ച്ചു, വീട്ടിലേക്ക് കൂടണയുന്നവർ. സൈഡ് കമ്പി പിടിച്ചു അയാൾ ആ കാഴ്ചകൾ കണ്ണിൽ നിന്നും മറയും വരെ നോക്കി.

ബസ്സിറങ്ങി അൽപം നടന്നപ്പോൾ അയാൾ താമസസ്ഥലത്ത് എത്തി. ചെറിയ ഗേറ്റിനരികിൽ ഹൗസ് ഓണർ പാട്ടി നിൽപ്പുണ്ടായിരുന്നു. പ്രൈമറി സ്ക്കൂളിലെ ടീച്ചർ, റിട്ടയർ ആയി പത്തിരുപതു വർഷം ആയിരിക്കുന്നു.

ചുളിവുകൾ വീണ ഇരുകൈകളിലും നിറയെ കൊമ്പു വളകൾ, കാതിൽ കടുക്കൻ പോലെയുള്ള കമ്മൽ, കഴുത്തിൽ മഞ്ഞ കയർ താലി, നിറയെ പൂക്കൾ ഉള്ള കോട്ടൺ സാരി. ചിരിച്ചു കൊണ്ട് നിൽക്കുന്ന പാട്ടിയോടു കുശലം പറഞ്ഞു അയാൾ മുകളിലേക്ക് കയറാൻ നോക്കി.

“പാട്ട് യെതും പാടാമെ എങ്കെ പോകിരെ നീ…” പാട്ടി ചോദിച്ചു.

“അപ്പടിയാ… സരി, ഇപ്പൊ പടുകിറേൻ.”

“മഴൈ വരുത്… മഴൈ വരുത് കുടൈ കൊന്‍ട്‍ര വാ…

മാനെ ഒൻ മാറാപ്പിലെ ഹോയ്…

വെയിൽ വരുത്… വെയിൽ വരുത് നിഴൽ കൊൻട്‍‍ര വാ

മന്നാ ഒൻ പേരൻപിലെ…

മഴൈ പോൽ നീയേ…

പൊഴിന്താൽ തേനേ…” ദാസേട്ടനും ചിത്രയും പാടിയ ഒരു ഡ്യൂയറ്റ്.

അയാളുടെ പാട്ട് കേട്ടപ്പോൾ പാട്ടിക്ക് സന്തോഷമായി. എന്നും കാണുമ്പോൾ പാടിക്കൊടുക്കാറുള്ളതാണ്, ഇന്ന് പാട്ടി ചോദിച്ചു വാങ്ങിയിരിക്കുന്നു.

നല്ലാർക്ക്… നല്ലാ പടുകിറേൻ നീ…

എന്നെത്തെയും പോലെ ഇന്നും പാട്ടി അയാളെ അഭിനന്ദിച്ചു. രണ്ടുപേരും ചിരിച്ചു.

വീടിനു മുന്നിലെ അരിപ്പൊടി കോലങ്ങളിൽ അയാളുടെ കണ്ണുടക്കി. കാറ്റും വെയിലുമേറ്റ് അലങ്കോലമായതാണോ…!!?

പൂക്കളും അതിനെ ബന്ധിപ്പിക്കുന്ന വള്ളികളും ഒക്കെയായിരുന്നു ഇന്ന് അതിരാവിലെ പാട്ടി വരച്ച ആ കോലങ്ങളുടെ തീം.

വരച്ച പൂക്കൾക്ക് അൽപ സമയത്തിനുള്ളിൽ ജീവൻ വച്ച്, സന്തോഷത്തോടെ കളിച്ചുല്ലസിച്ചു രസിച്ചത് കൊണ്ടാകാം ആ കോലങ്ങൾ അലങ്കോലമായത്. ജീവൻ വച്ച ആ പൂക്കളായി രിക്കാം പാട്ടിയുടെ സാരിയിൽ കയറി പറ്റിപ്പിടിച്ചു ജീവനോടെ ഇരിക്കുന്നത്.

“കണ്മണി… അൻപോടെ കാതലൻ…

നാൻ എളുതും കടിതമേ…

പൊന്മണി… ഉൻ വീട്ടു സൗക്യമാ…

നാമ് ഇങ്ക് സൗഖ്യമേ…”

പാട്ട് പാടി ക്കൊണ്ട് അയാൾ പുറത്തെ ഗോവണിയിലൂടെ മുകളിലേക്ക് കയറി.

“ലാ ലാലാ…ലാ ലാ…ലാ ലാലാ…ലാ ലാ

ലാ ലാലാ…ലാ ലാ…ലാ ലാലാ…

പ്രതീക്ഷിച്ച പോലെ അയാൾ പാടിയ അതെ ഈണത്തിൽ ഒരു പെൺകുയിലിന്‍റെ എതിർപാട്ട്.

കുറച്ച് ദിവസമായി ഇത് തുടങ്ങിയിട്ട്…

മെഡിക്കൽ സ്റ്റുഡന്‍റസ് നാലഞ്ചു പേർ താമസിക്കുന്നത് രണ്ടാം നിലയിലാണ്. അവിടെ നിന്നും അയാൾ പാടുന്ന പാട്ടുകൾക്ക് എതിർ പാട്ട് കിട്ടുന്നത് ഒരു പതിവായിരിക്കുന്നു.

ആരായിരിക്കും ആ പെൺകുയിൽ…?

എന്നും രാവിലെ അവർ അഞ്ചുപേരും അണിഞ്ഞൊരുങ്ങി, ഒന്നിച്ച് വടക്ക് ഭാഗത്തെ ഗോവണി വഴി ഇറങ്ങി പോകുന്നത് കാണാറുള്ളതാണ്. അതിൽ വിടർന്ന കണ്ണുകൾ ഉള്ള സേലം കാരി സേതുലക്ഷ്മി ആയിരിക്കുമോ…?

കാണുമ്പോൾ ഒക്കെ അവളാണല്ലോ കണ്ണുകൾ കൊണ്ട് അയാൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാറുള്ളത്.

ബാഗിൽ നിന്നും അയാൾ താക്കോൽ പുറത്തെടുത്തു തന്‍റെ മുറി തുറന്നു. ഒന്നുകൂടി ആ എതിർപാട്ട് കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി.

അദ്ഭുതം എന്ന് പറയട്ടെ…

ലാ ലാലാ….ലാ ലാ…ലാ ലാലാ… ലാ ലാ…

വീണ്ടും എതിർപാട്ട് പാടി കൊണ്ട് പെൺകുയിൽ ആ ഭാഗത്തെ ഒരു ജനൽപാളി പതുക്കെ തുറന്നു.

കുയിലുകൾ പരസ്പരം കണ്ടു.

അയാൾ അന്നേ മനസ്സിലാക്കിയിരിക്കുന്നു എന്ന അർത്ഥത്തിൽ തലയാട്ടി ചിരിച്ചു കൊണ്ടിരുന്നു.

ഒരു കൈകൊണ്ട് ജനലഴികളിൽ പിടിച്ച് മറ്റേ കൈകൊണ്ടു മുടിയിഴകൾ കോതി ഒതുക്കിക്കൊണ്ട് അവളും ചിരിച്ചു.

അത് സേതുലക്ഷ്മി ആയിരുന്നു. അതെ സേലംകാരി സേതുലക്ഷ്മി.

അയാൾ വാതിലുകൾ മലർക്കെ തുറന്ന് വച്ച് സോഫയിൽ ചെന്നിരുന്നു. അവളെ നോക്കി…

കണ്ണുകൾ തമ്മിൽ സംസാരിച്ചു, കുറച്ച് നേരം അത് തുടർന്നു.

എന്നും പാടണം… എതിർ പാട്ട് പാടാൻ ഞാൻ എന്നും ഇവിടെ ഉണ്ടാകും… അവളുടെ കണ്ണുകൾ അയാളോട് പറഞ്ഞു. അൽപനേരം അത് തുടർന്നു. ഇന്ന് ഇത്രയും മതി എന്ന് പറഞ്ഞു കൊണ്ട് അവൾ ജനൽപ്പാളികൾ ചേർത്ത് അടച്ചു. അയാൾ തന്‍റെ വാതിലുകളും. രണ്ടുപേരും അപ്പോൾ ആ ഈണം മൂളിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

വസ്ത്രങ്ങൾ മാറ്റി ടൗവൽ എടുത്ത് ബാത്ത്റൂമിലേക്ക് പോകാൻ ഒരുങ്ങവെ, ഫോൺ ശബ്ദിച്ചു.

കൊച്ചിയിൽ നിന്നും ബോസ് ആണ് വിളിക്കുന്നത്.

“ഹലോ…. നമസ്കാരം”

മറുതലക്കൽ നിന്നും നമസ്കാരം കിട്ടി. ബോസ് കാര്യങ്ങൾ പറഞ്ഞു.

“ശരി…”

ഞാൻ ഇപ്പോൾ തന്നെ മെയിൽ ചെയ്യാം എന്ന് അറിയിച്ചു. ഫോൺ കട്ട് ചെയ്‌തു.

ഉടനെ ലാപ്ടോപ്പ് ഓൺ ചെയ്‌ത് മടിയിൽ വച്ചു. ഇന്നലെ മുതലുള്ള പർച്ചേസിന്‍റെയും വർക്ക് പ്രോഗ്രെസ്സിന്‍റെയും ഡീറ്റെയിൽസ് ഇംഗ്ലീഷ് അക്ഷരങ്ങൾ ആയി മാറി. ഒന്നു കൂടി വായിച്ചു ശരിയെന്നു ഉറപ്പ് വരുത്തി അയാൾ സെന്‍റ് ബട്ടണിൽ ക്ലിക്ക് ചെയ്‌തു.

സോഫയിൽ ചാഞ്ഞിരുന്നു. ചിന്തകളെ തന്‍റെ സ്വപ്നമായ ആ പ്രോജക്ടിലേക്ക് അയാൾ തിരിച്ചു വിട്ടു.

റിസപ്ഷൻ ഏരിയയോട് ചേർന്ന് വരുന്ന ലോബിയിലെ 144 സ്ക്വയർ ഫീറ്റിൽ വരുന്ന ഫൗണ്ടൻ ആണ് ആ പ്രോജക്ടിന്‍റെ പ്രധാന ആകർഷണം.

മലമുകളിൽ നിന്നും കുത്തിയൊലുച്ചു വരുന്ന ഒരു വെള്ളച്ചാട്ടം എന്ന രീതിയിൽ ആണ് അത് പ്ലാൻ ചെയ്‌തത്. ഒപ്പം കളർഫുൾ ലൈറ്റും നേരിയ സംഗീതവും. തൊട്ടടുത്തു തന്നെയാണ് വിസിറ്റേഴ്സ് ലോഞ്ച്. അതായത് അവിടെ വരുന്ന സന്ദർശകരുടെ മനസ്സിനെ ഈ കൃത്രിമ വെള്ളച്ചാട്ടം കാണിച്ചു ഒന്ന് തണുപ്പിക്കുക അല്ലെങ്കിൽ സുഖിപ്പിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.

ഇതിന്‍റെ ഭാഗമായ കൊത്തനാർ വേലയ്ക്കായ് (തേപ്പ് പണി) രണ്ടുപേർ വന്നിരുന്നു. കാളിമുത്തുവും അയാൾക്ക് സഹായത്തിനായി കൂടെ ഒരു സ്ത്രീയും. തൊട്ടടുത്തു തന്നെയുള്ള മറ്റൊരു കെട്ടിടത്തിന്‍റെ സിവിൽ വർക്കിന്‍റെ ചുമതലയുള്ള സെൽവൻ ആണ് അവരെ ഏർപ്പാടാക്കി തന്നത്.

അടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് അവർ വന്നത്. നാലഞ്ച് ദിവസത്തോളം അയാളുടെ നിർദേശ പ്രകാരം അവിടെ ജോലി ചെയ്‌തു.

മുപ്പത്തഞ്ചു വയസ്സോളം പ്രായമുള്ള ആ സ്ത്രീയുടെ പ്രത്യേകതകൾ അയാൾ ശ്രദ്ധിച്ചിരുന്നു. മുമ്പ് എങ്ങോ കണ്ട് നല്ല പരിചയമുള്ളത് പോലെ അയാൾക്ക് തോന്നി.

എണ്ണ കറുപ്പ് നിറമായിരുന്നു അവർക്ക്. ഐശ്വര്യം തുളുമ്പുന്ന മുഖം, കടഞ്ഞെടുത്തത് പോലുള്ള ശരീരം, ഭംഗിയേറെ ഉള്ള കണ്ണുകളിൽ കണ്ട തിളക്കം അയാളെ അമ്പരിപ്പിച്ചു. മീനിന്‍റെ കണ്ണുകൾ പോലെ പിടച്ചു കൊണ്ടിരുന്നു. എള്ളിൻ പൂ പോലെ നീണ്ട അവരുടെ മൂക്കിന് മാറ്റ് കൂട്ടുവാൻ തിളങ്ങുന്ന വെള്ളക്കൽ പതിച്ച മൂക്കുത്തി. നിരയൊത്ത പല്ലുകളുടെ ഭംഗി അവർ ചിരിക്കുമ്പോൾ പ്രകടമാണ്. പതിഞ്ഞ ശബ്ദത്തിൽ വിനയത്തോടെയുള്ള സംസാരം. പറഞ്ഞ പല കാര്യങ്ങളിൽ നിന്നും അവർ ദൈന്യത അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. ഇത്രയൊക്കെ ആയിട്ടും ആ സ്ത്രീയുടെ പേര് എന്താണെന്ന് ചോദിക്കാൻ അയാൾ മറന്ന് പോയിരിക്കുന്നു.

അവരെ ഇനി കാണാൻ പറ്റുമോ…!!?

ഒരാഴ്ച കഴിഞ്ഞ് ബാത്ത്റൂമിന്‍റെ അകത്തളങ്ങളിലെ പണിക്കായി വരാമെന്ന് ഉറപ്പ് നല്കിയിട്ടാണ് അവർ രണ്ടുപേരും പോയത്. അവർ വന്നില്ലെങ്കിലോ…? ഇനി അഥവാ വന്നാൽ തന്നെ കാളിമുത്തുവിന്‍റെ കൂടെ സഹായിയായി അവർ തന്നെ വരണം എന്ന് അയാൾക്ക് നിർബന്ധം പിടിക്കാൻ പറ്റുമോ. മനസ് മുഴുവൻ അവരെ കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു.

എവിടെയാണ് ഇതിനു മുമ്പ് അയാൾ ആ സ്ത്രീയെ കണ്ടത്. എവിടെയായിരിക്കും…? ആാ… അയാൾ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു. ഷവർ ഓൺ ചെയ്‌തു. തലയിലൂടെ വെള്ളം പെയ്തിറങ്ങിയപ്പോൾ ആകെ ഒരു തണുപ്പ് അനുഭവപ്പെട്ടു. ആ തണുപ്പിൽ ആരോ വന്ന് പറഞ്ഞത് പോലെ ആ സത്യം അയാൾ അറിഞ്ഞു. ആ സ്ത്രീയെ എവിടെയാണ് ഇതിനു മുമ്പ് കണ്ടത് എന്ന യാഥാർത്ഥ്യം അയാൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ശരിയാണ് അവിടെയാണ് അയാൾ അവരെ കണ്ട്, അവിടുത്തേക്ക് ഇപ്പോൾ തന്നെ പോകണം, എന്നിട്ട് ഉറപ്പു വരുത്തണം.

കുളി കഴിഞ്ഞു ഡ്രസ്സ് ചെയ്‌ത് പോകാൻ തയ്യാറായി. എങ്ങനെ പോകും? ഫോൺ എടുത്ത് താഴത്തെ നിലയിൽ താമസിക്കുന്ന ജയകുമാറിനെ വിളിച്ചു. ആവശ്യം ഉന്നയിച്ചപ്പോൾ ജയകുമാർ സമ്മതിച്ചു. ഉടൻ തന്നെ ചാടിയിറങ്ങി അവന്‍റെ “RX 100 യമഹ ബൈക്ക് സ്റ്റാർട്ട് ചെയ്‌തു. കത്തിച്ചു വിട്ടു. പെട്രോൾ കുറവാണെന്ന കാര്യം ജയകുമാർ ഓർമ്മിപ്പിച്ചിരുന്നു, തിരിച്ചു വരുമ്പോൾ നിറയ്ക്കാം. അവിടെയെത്തുമ്പോൾ വൈകിയാലോ…!!

മധുരൈ മീനാക്ഷി ക്ഷേത്രമായിരുന്നു അയാളുടെ ലക്ഷ്യം. രാജഭരണ കാലത്ത്, നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ എവിടെയോ ആണ് അയാൾ ഇതിന് മുമ്പ് ആ സ്ത്രീയെ കണ്ടത്.

ബൈക്ക് പാർക്ക് ചെയ്‌ത് ചെക്കിങ് ഏരിയയിലേക്ക് അയാൾ കടന്നു. അവിടെയുള്ള CCTV ക്ക് പോലും അയാളുടെ മുഖം പരിചിതമായിരിക്കുന്നു, കാരണം ഈ ക്ഷേത്ര നഗരിയിൽ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളുവെങ്കിലും, ക്ഷേത്ര ദർശനം അയാൾ ഒരു പതിവാക്കിയിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിലെ കരിങ്കല്ലിൽ തീർത്ത അദ്ഭുതങ്ങൾ അയാൾക്ക് എന്നും ഒരു വിസ്മയം ആയിരുന്നു. ദ്രാവിഡ വാസ്തു കലയിൽ അധിഷ്ഠിതമായ മുപ്പത്തിമൂവ്വായിരത്തോളം വരുന്ന ശില്പങ്ങളും, ആയിരം കൽ മണ്ഡപവും, കൊത്തുപണികളാൽ അലംകൃതമായ ക്ഷേത്ര ഗോപുരങ്ങളും കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്.

ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ശില്പികളുടെ അറിവും വൈദഗ്ധ്യവും ഓരോ ശില്പങ്ങളിലും പ്രകടമാണ്.

ക്ഷേത്ര ദർശനത്തിനായ് അൽപ സമയം വരിയിൽ നിൽക്കേണ്ടി വന്നു. ആളുകൾ കുറവായിരുന്നു. ശ്രീകോവിലിനു മുന്നിൽ നിന്നും അയാൾ കണ്ണടച്ച് കൈകൂപ്പി തൊഴുതു, പ്രാർത്ഥിച്ചു. പതുക്കെ കൺ തുറന്ന് കൃഷ്ണശിലയിൽ തീർത്ത ആ വിഗ്രഹത്തെ കൺ നിറച്ചു കണ്ടു. നേരത്തെ മനസ്സിലാക്കിയ ആ സത്യത്തെ അയാൾ ഒന്നു കൂടി നോക്കി ഉറപ്പിച്ചു.

അതെ… അയാൾ കണ്ടതും കണ്ടെത്തിയതും സത്യമാണ്. കറുത്ത കൃഷ്ണ ശിലയിൽ തീർത്ത ഈ വിഗ്രഹത്തിന്‍റെ മുഖവും, കാളിമുത്തുവിന്‍റെ കൂടെ സഹായിയായി വന്ന ആ സ്ത്രീയുടെ മുഖവും ഒരേ പോലെയിരിക്കുന്നു.

അതേ കണ്ണുകളും, മൂക്കും, കവിളും, ചുണ്ടുകളും, നെറ്റിത്തടവും, കഴുത്തും, ആകാരഭംഗിയും എല്ലാം ഒരേ പോലെ.

ആ സ്ത്രീയെ പോലെ രൂപസാദൃശ്യം ഉള്ള ഒരാളെ മാതൃകയാക്കി ആയിരിക്കണം അജ്ഞാതനായ ആ ശിൽപി പതിനായിരങ്ങൾ തൊഴുതു കുമ്പിടുന്ന ഈ മൂലവിഗ്രഹം പണിതിട്ടുണ്ടാവുക.

ഞാൻ എന്തൊരു ഭാഗ്യവാൻ… ജീവനോടെയുള്ള ദൈവരൂപത്തെ കാണാൻ ഭാഗ്യം ലഭിച്ചവൻ. അയാൾ സ്വയം പറഞ്ഞു. ഇതൊരു നിയോഗം ആയിരിക്കണം. ഇതുപോലെയുള്ള സത്യങ്ങൾ മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള നിയോഗം.

പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏതോ ഒരു അജ്ഞാതശക്തി ആയിരിക്കണം അയാളെ അതിനു നിയോഗിച്ചത്. ആ സമയം സമാഗതമായത് കൊണ്ടായിരിക്കാം കൊച്ചിയിൽ നിന്നും അയാളെ തന്നെ ഈ പ്രോജക്ടിനായി തെരഞ്ഞെടുത്തത്.

തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ അയാളുടെ മനസ്സ് മുഴുവൻ അയാൾ മനസ്സിലാക്കിയ ആ സത്യവും ആ സ്ത്രീയും ആയിരുന്നു. അവരെ വീണ്ടും കാണണം, അവരെക്കുറിച്ച് കൂടുതൽ അറിയണം.

എന്തായിരിക്കാം അവരുടെ പേര്?

അയാളിലെ ജിജ്ഞാസ ഉണർന്നു. പക്ഷേ ഇനിയും ഒരാഴ്ച കാത്തിരിക്കണം എന്നുള്ളത് അയാളെ തെല്ലു നിരാശനാക്കി. എങ്കിലും എത്രയും വേഗം തന്നെ അവരെ കാണാനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചു.

അയാൾ അയാൾക്ക് തന്നെ ശുഭരാത്രി നേർന്നു കൊണ്ട് നിറഞ്ഞ മനസ്സോടെ കിടന്നുറങ്ങി.

കുതിരകളുടെ കുളമ്പടി ശബ്ദങ്ങൾ, അത് നേർത്തു വരുന്നു. തലപ്പാവുകളും പ്രത്യേക വേഷവിധാനത്തോടെയും ഉള്ള രാജ കിങ്കരന്മാർ, നാലഞ്ചു പേർ. അവർ കുതിര പുറത്തു നിന്നും ചാടിയിറങ്ങി. രാജാവിന്‍റെ ദൂതുമായി വന്നവരാണ്.

പ്രധാന ശിൽപിയും സഹായികളും അവരെ എഴുന്നേറ്റ് നിന്ന് വണങ്ങി. ദൂതിന്‍റെ ചുരുൾ നിവർത്തി അവർ വിളംബരം ചെയ്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമത്തിന്‍റെ തീയതിയും വിശദീകരണങ്ങളും ആയിരുന്നു ആ വിളംബരത്തിൽ.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എല്ലാ പണികളും തീർക്കണം. പ്രധാന ശിൽപി അവരവരുടെ ഉത്തരവാദിത്വങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് തന്‍റെ സഹായികൾക്ക് നിർദ്ദേശം നൽകി.

ക്ഷേത്രത്തിനോട് ചേർന്നുള്ള ചെറിയ ചെറിയ താത്കാലിക കൂടാരങ്ങളിലാണ് ശില്പ നിർമ്മാണം നടന്നിരുന്നത്. തുണി കൊണ്ട് മേൽക്കൂര തീർത്ത ചെറുതും വലുതുമായ പല പല കൂടാരങ്ങൾ. ശില്പികളുടെയും, കുടുംബങ്ങളുടെയും താമസ സൗകര്യവും അതിനടുത്തായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

കറുത്ത കൃഷ്ണശിലയിൽ നിർമ്മിക്കുന്ന പ്രധാന ശില്പത്തിന്‍റെ പൂർത്തീകരണത്തിനായി പ്രധാന ശിൽപി അഹോരാത്രം പണിയെടുത്തു. അയാൾ നിർമ്മിക്കുന്ന ഈ ശില്പത്തിന് ദൈവ രൂപം കൈവരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഏതാണ്ട് പണിയെല്ലാം പൂർത്തിയായി, ഇനി ഈ ശില്പത്തിന് ജീവൻ നൽകുക അല്ലെങ്കിൽ ചൈതന്യം പകരുക എന്ന ജോലി കൂടി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്‌തിരുന്നത്.

തന്‍റെ പാരമ്പര്യസിദ്ധിയും, ബുദ്ധിയും, അറിവും, കഴിവുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ശില്പത്തിന് ജീവൻ പകർന്നു കഴിഞ്ഞാൽ പിന്നെ അത് തന്‍റേതല്ലാതായി മാറും എന്ന തിരിച്ചറിവ് ശില്പിയെ തെല്ല് അസ്വസ്ഥനാക്കി. നാളെ ഇതിന്‍റെ പ്രശസ്തിയും പ്രാധാന്യവും ജോലി ഏൽപ്പിക്കുന്ന രാജാവിന്‍റെ പേരിലാണ് അറിയപ്പെടുക. അത് എല്ലായിടത്തും അങ്ങനെ ആണ്. ശില്പിയുടെ പേര് എന്നും എവിടെയും അജ്ഞാതമായിരിക്കും. എങ്കിലും കർമ്മം ആണ് പ്രധാനം എന്ന വചനം അയാളെ കൂടുതൽ ഉത്സാഹിയാക്കി.

പ്രധാന ശില്പത്തിന്‍റെ മിനുക്കു പണികളിൽ വ്യാപൃതനായി സമയം പോയത് അയാൾ അറിഞ്ഞിരുന്നില്ല. സഹായികളെല്ലാം നേരത്തെ തന്നെ അവരവരുടെ കൂരകളിലേക്ക് പോയിരിക്കുന്നു. അന്നൊരു പൗർണമി ദിവസം ആയിരുന്നു. ശില്പത്തിന് ചൈതന്യം പകരാൻ തെരഞ്ഞെടുത്തത് ഈ ദിവസമാണ്.

കൂടാരത്തിനുള്ളിൽ പ്രധാന ശില്പവും പ്രധാന ശില്പിയും മാത്രം. ശില്പിയും ശില്പവും കണ്ണോടു കൺ നോക്കി. അംഗലാവണ്യത്താൻ ഉദാത്തമായ ആ ശില്പത്തിന്, തന്‍റെ പ്രിയ പ്രേയസിയുടെ മാതൃകയാണ് അയാൾ തെരഞ്ഞെടുത്തത്. തന്‍റെ പ്രിയതമയിൽ കണ്ടതും അനുഭവിച്ചതും അയാൾ കൃഷ്ണശിലയിലേക്ക് പകർത്തുകയായിരുന്നു. തന്‍റെ കൈകൾ കൊണ്ട് തൊട്ടും തലോടിയും അയാൾ അതിന്‍റെ പൂർണത ഉറപ്പ് വരുത്തി.

ഒരു കാൽപ്പെരുമാറ്റം കേട്ടു, തന്നിലേക്ക്നടന്നടുക്കുന്ന കൊലുസിന്‍റെ നേരിയ ശബ്ദം. തന്നെ കാണാത്തത് കൊണ്ട് അന്വേഷിച്ചു വന്നതായിരിക്കുമോ, അതോ തന്‍റെ കർമ്മത്തിന്‍റെ പൂർണതക്കായ് സ്വയം തിരിച്ചറിഞ്ഞു വന്നതായിരിക്കുമോ… തന്‍റെ പ്രിയതമ ഇതാ മുന്നിൽ വന്നു നിൽക്കുന്നു.

അയാൾ ആ കറുത്ത ശില്പത്തെയും കറുത്ത സുന്ദരിയായ തന്‍റെ പ്രിയതമയേയും മാറി മാറി നോക്കി. അയാൾ സംതൃപ്തനായി, പൂർണ്ണമായും തന്‍റെ പ്രിയതമയുടെ അംഗലാവണ്യങ്ങൾ ആ കൃഷ്ണ ശിലയിലേക്ക് പകർത്താൻ സാധിച്ചിരിക്കുന്നു.

സമയം ഏറെ വൈകിയിരിക്കുന്നു. ശില്പിയും, ശില്പവും തന്‍റെ പ്രിയതമയും മാത്രം. കൂടെ പ്രകൃതിയും… ഇളംകാറ്റും, ചിരിച്ചു പൊഴിയുന്ന നിലാവെളിച്ചവും.

അവൾ അയാളുടെ അടുത്ത് വന്നു, ചേർന്നിരുന്നു. കണ്ണിൽ കണ്ണിൽ നോക്കി. അയാളുടെ കൈവിരലുകൾ അവളുടെ തുടുത്ത കവിളുകളെയും ചുണ്ടുകളെയും തഴുകി. അവൾ പതുക്കെ കണ്ണുകൾ അടച്ചു. അയാളുടെ നിശ്വാസവായു അവളുടെ അധരത്തിൽ പതിഞ്ഞു, ഒപ്പം അയാളുടെ അധരവും. അവളുടെ കൈകൾ അയാളെ വരിഞ്ഞു മുറുക്കി, അവൾ ഒരു വള്ളിയായ് അയാളിൽ പടർന്നു. വിയർപ്പ് കണങ്ങൾ പൊഴിഞ്ഞു. പച്ചമരമായി കിടന്ന അവളിലേക്ക് ഒരു ചെറു കാറ്റായ് അയാൾ പടർന്നു കയറി.

മേൽക്കൂരയുടെ ദ്വാരങ്ങളിലൂടെ കടന്നു വന്ന നിലാവെളിച്ചം ഒരലങ്കാരമായി മാറി.

അയാൾ ഒരു കൊടുങ്കാറ്റായി മാറി. തന്‍റെ പൗരുഷം പ്രകൃതിയിലേക്ക് ചേരുന്ന നിമിഷം. തന്‍റെ കരുത്തു ഉരുകിയൊലിപ്പിച്ചു അയാൾ അവളിലേക്ക് ചേർത്ത് വച്ചു. ശില്പത്തിന് ജീവൻ നൽകുന്നതോടൊപ്പം അയാൾ അവരുടെ പരമ്പരക്കും ജീവൻ നൽകിയിരിക്കുന്നു. കറുത്ത കൃഷ്ണശിലയുടെ നിറമുള്ള പരമ്പര. അയാൾ ഞെട്ടിയുണർന്നു, നേരം വെളുത്തിരിക്കുന്നു.

കണ്ണുകൾ തിരുമ്മിക്കൊണ്ട് അയാൾ എഴുന്നേറ്റിരുന്നു. കണ്ട സ്വപ്നം അയാളുടെ കണ്ണിൽ നിറഞ്ഞു നിന്നു. കാണാൻ പോകുന്ന ആ സ്ത്രീയുടെ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള രൂപത്തെ അവരുടെ മുതുമുത്തശ്ശിയെ, അജ്ഞാതനായ ആ ശില്പിയെ കാണാൻ കഴിഞ്ഞിരിക്കുന്നു. എല്ലാം ജീവിതനിശ്ചയം അല്ലാണ്ടെന്ത് പറയാൻ.

പിറ്റേന്ന് സൈറ്റിലെ കാര്യങ്ങൾ പരിശോധിച്ചതിനു ശേഷം അയാൾ മേസ്തിരി കാളിമുത്തുവിനെ വിളിച്ചു… വിളിച്ചു കൊണ്ടിരുന്നു.

മൂന്നാമത്തെ വിളിയിൽ കാളിമുത്തു ഫോൺ എടുത്തു.

“രണ്ട്നാൾ കഴിച് വർലാം സർ.”

കാളിമുത്തുവിന്‍റെ മറുപടിയിൽ അയാൾ സംതൃപ്തനായി. ഒരാഴ്ച എന്നുള്ളത് രണ്ടു ദിവസമായി ചുരുങ്ങിയിരിക്കുന്നു. അയാളുടെ മുഖത്തു ചിരി പടർന്നു. ഉള്ളിൽ അറിയാതെ ഉയരുന്ന ആഹ്ലാദം.

ഈ സന്തോഷം ചായയുമായി വന്ന സുനന്ദക്കയോടും അയാൾ പങ്കുവച്ചു.

“എന്ന സർ… ഇന്നെക് റൊമ്പ ഹാപ്പി ആയിര്ക്ക്?”

ആമാ… ട്രേയിൽ നിന്നും ഒരു ചായ എടുത്ത് കൊണ്ട് അയാൾ പറഞ്ഞു.

എപ്പവുമെ ഹാപ്പി ആയിറിക്കട്ടും… സർ, സരിയ… മുറുക്കി നിറം മങ്ങിയ പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് സുനന്ദക്ക നടന്നകന്നു.

ഫോൺ ചെയ്‌തപ്പോൾ സംസാരിച്ചുറപ്പിച്ചത് പോലെ തന്നെ കാളിമുത്തുവും കൂടെ ആ സ്ത്രീയും ജോലി തുടങ്ങിയിരുന്നു. ബാത്ത്റൂമിൽ ടൈൽസ് വിരിക്കുന്ന ജോലിയാണ് അവർ ചെയ്‌തു കൊണ്ടിരിക്കുന്നത്. സിമെന്‍റ് മിശ്രിതവും ടൈൽസും സമയാസമയം കാളിമുത്തുവിന്‍റെ കൈകളിൽ എത്തിക്കുക എന്നതാണ് ആ സ്ത്രീയുടെ ഉത്തരവാദിത്തം.

ജീവനോടെയുള്ള ആ ദൈവ രൂപത്തെ അല്പം ദൂരെ മാറി നിന്നു അയാൾ ശ്രദ്ധിച്ചു. രണ്ടു ദിവസം മുമ്പ് മനസ്സിലാക്കിയ ആ സത്യത്തെ കുറിച്ച് ഇന്ന് തന്നെ അവരോട് ചോദിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചു. അവർക്കിടയിൽ നിന്നു കൊണ്ട് അവരിൽ ഒരാളായി നിർദ്ദേശങ്ങൾ നല്കുന്നതിനിടയിൽ അയാൾ ദൈവരൂപത്തോട് ചോദിച്ചു.

“അമ്മാ… ഉങ്കെ പേർ എന്നാ…?”

മീനാച്ചി… നിരയൊത്ത പല്ലുകൾക്കാട്ടി ചിരിച്ചു കൊണ്ട് അവർ പറഞ്ഞു.

“അപ്പടിയാ… കടവുൾ പേര് വച്ചിരിക്കെ… ”അയാൾക്ക് ആകാംക്ഷയായി.

“ആമാ സാർ… കടവുൾ പേര് താൻ, ആനാൽ പേരിലെ മട്ടും താൻ കടവുൾ ഇരിക്ക്… വാഴ്ക്കെയിലെ കെടയാത്.”

അവർ അവരുടെ നിസ്സഹായത തുറന്ന് പറഞ്ഞു.

രണ്ടു ദിവസം മുമ്പ് മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ അയാൾ മനസ്സിലാക്കിയ സത്യത്തെ കുറിച്ച് സാമ്യത്തെക്കുറിച്ച് അവരോട് ചോദിച്ചു.

“ആമാ സർ… തെരിയുമേ… അതിനാല താൻ എനക്ക് മീനാച്ചീന്ന് പേര് വെച്ചത്”

ആ സത്യം അവർക്ക് അറിയാമെന്നു പറഞ്ഞപ്പോൾ അയാളിലെ ജിജ്ഞാസ ഇരട്ടിച്ചു.

“ഉങ്കൾക്കു യാര് ഇന്ത പേർ വെച്ചത്?”

“യെൻ അമ്മാ താൻ… അവർ പറഞ്ഞു.”

“അപ്പൊ വന്ത് ഉങ്കളുടെ അമ്മാവുക്ക് തെരിയുമാ…?” അയാൾ ചോദിച്ചു തീരുന്നതിനു മുന്നേ തന്നെ ഉത്തരം കിട്ടി.

“തെരിയും സർ, വീട്ടിലെ യെല്ലോർക്കും തെരിയും.”

അയാളുടെ ആശ്ചര്യവും, അദ്ഭുതവും കണ്ടിട്ടായിരിക്കണം, നമ്മുടെ സംസാരം ശ്രദ്ധിച്ച കാളിമുത്തുവാണ് അവരെ കുറിച്ചുള്ള ബാക്കി കാര്യങ്ങൾ വിശദമാക്കിയത്.

അവർ ശില്പ പാരമ്പര്യത്തിൽ പെട്ട ഒരു സ്ത്രീ ആണെന്നും അവരുടെ ഈ രൂപസാദൃശ്യം കുടുംബത്തിലെ എല്ലാ സ്ത്രീകൾക്കും ഉണ്ടെന്നും, അവർ ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മ ആണെന്നും അവരുടെ ഭർത്താവ് കള്ളു കുടിയനായ ഒരു ശില്പി ആണെന്നും വീട്ടുകാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാറില്ലെന്നും, അവരെ എന്നും ഉപദ്രവിക്കാറുണ്ടെന്നും, വീട്ടുകാര്യങ്ങൾ കുട്ടികളുടെ പഠനം ഒക്കെ നടത്താൻ വേണ്ടിയാണ് അവർ ഈ ജോലിക്കായി വന്നതെന്നും, അയാളുടെ സഹായിയായി കൂടെ കൂടിയതെന്നും കാളിമുത്തു വളരെ വിശദമായി തന്നെ അയാൾക്ക് വിശദീകരിച്ചു കൊടുത്തു.

ഇതൊക്കെ കേട്ടപ്പോൾ അയാൾക്ക് മീനാക്ഷിയോട് അനുകമ്പ തോന്നി.

“ഉങ്കളുടെ അമ്മാവെ പാക്ക മുടിയുമാ? അയാൾ ചോദിച്ചു.”

“ആമാ സർ… വീട്ടുക് വാങ്കെ… അപ്പൊ പാക്കലാം…”

“ഇങ്കെ പക്കത്തിലെ ഊര് താൻ… ” മീനാക്ഷി പറഞ്ഞു.

അയാൾ മീനാക്ഷിയുടെ കുടുംബത്തെ കാണുവാൻ തീരുമാനിച്ചു. സ്‌ഥലവും പോകേണ്ടുന്ന വഴിയും ഒക്കെ കാളിമുത്തു അയാൾക്ക് പറഞ്ഞു കൊടുത്തു.

ഒരു ഞായറാഴ്ച ഉച്ചക്ക് ശേഷം അവരോട് പറഞ്ഞുറപ്പിച്ച പോലെ തന്നെ, ജയകുമാറിന്‍റെ ബൈക്കുമെടുത്ത് കാളിമുത്തു വിശദീകരിച്ചു പറഞ്ഞു തന്ന റോഡിലൂടെ അയാൾ പോയി. ഈ സ്കൂളിന്‍റെ അടുത്ത് നിന്നും ലെഫ്റ്റ് തിരിയാൻ കാളിമുത്തു പറഞ്ഞത് അയാൾ ഓർത്തു.

വീതി കുറഞ്ഞ റോഡ്, കരിങ്കൽ തൂണുകൾ നാട്ടി അതിൽ കമ്പികൾ വളച്ചു കെട്ടിയ വേലികൾ ഇരുഭാഗത്തും കാണാമായിരുന്നു. റോഡ് ചെന്നെത്തുന്നത് ഒരിടവഴിയിലേക്കാണ്. കയ്യാല കോരി കള്ളിമുള്ളുകൾ കൊണ്ട് അതിരുകൾ തിരിച്ച പറമ്പുകൾ, അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകൾ. ശരിക്കും ഗ്രാമാന്തരീക്ഷം. വളവും തിരിവുമുള്ള ഇടവഴികൾ. ഇലക്ട്രിക് പോസ്റ്റ് കഴിഞ്ഞു മൂന്നാമത്തെ വീട്. കാളിമുത്തു പറഞ്ഞത് പ്രകാരം അയാൾ മീനാക്ഷിയുടെ വീട് കണ്ടുപിടിച്ചു.

പണി പൂർത്തിയാകാത്ത ഓട് മേഞ്ഞ ഒരു ചെറിയ വീട്, പതിനായിരങ്ങൾ കുമ്പിടുന്ന ദൈവരൂപത്തിന്‍റെ വീട്. പറഞ്ഞത് പോലെ തന്നെ മീനാക്ഷി അയാൾ വരുന്നതും കാത്ത് ഉമ്മറത്തു തന്നെ നിൽപുണ്ടായിരുന്നു.

“വസതിയെല്ലാം കെടയാത് സർ… ഇത് താൻ എൻ വീട്”. മീനാക്ഷി അയാളെ സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

അവരുടെ മൂത്തമകൻ പത്തുവയസ്സുകാരൻ പയ്യനോട് അയാൾ കുശലം പറഞ്ഞു. അപ്പോഴേക്കും അമ്മ വന്നു. കാമാക്ഷിയമ്മ. അകത്തു പ്രായാധിക്യത്താൽ വയ്യാതെ കയർ കട്ടിലിൽ കിടക്കുകയായിരുന്ന പാട്ടിയെ കണ്ടു, സംസാരിച്ചു.

“പാപ്പാ എങ്കെ?” അയാൾ ചോദിച്ചു.

“ഇങ്കെ താൻ ഇരുന്തേൻ സർ…” എന്നിട്ട് നീട്ടി വിളിച്ചു.

“പാർവതി… പാർവതി സീക്രം ഇങ്‌ട്ട് വാ…”

പിങ്ക് നിറത്തിലുള്ള ഒരു പെറ്റിക്കോട് ഇട്ട ഒരു കുഞ്ഞു മീനാക്ഷി ഓടി വരുന്നു. അയാൾ സ്വപ്നത്തിൽ കണ്ട ശില്പിയുടെ പരമ്പരയിലെ ഇപ്പോഴത്തെ കണ്ണി. അയാളെ കൗതുകത്തോടെ നോക്കി, പെറ്റിക്കോട്ടിന്‍റെ തുമ്പു പിടിച്ചു അവൾ അല്പം മാറി നിന്നു. കൈയിൽ കരുതിയ സമ്മാനപ്പൊതി അയാൾ അവൾക്ക് നേരെ നീട്ടി… അവൾ മടിച്ചു മടിച്ചു നിന്നു.

“പോയ് വാങ്ങുങ്കോ…” മീനാക്ഷി പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് മടിച്ചു മടിച്ചു അടുത്തേക്ക് വന്നു.

അയാൾ കുഞ്ഞു മീനാക്ഷിയുടെ കവിളിൽ തലോടി സ്നേഹം അറിയിച്ചു.

“ഹസ്ബൻഡ് എങ്കെയിരിക്ക്?”

ഉത്തരമായി മീനാക്ഷി കൈ ചൂണ്ടിയ ഭാഗത്തേക്ക് അയാൾ നോക്കി. വീടിന് അടുത്ത് തന്നെ ഒരു ചെറിയ ഷെഡ്, ശില്പിയുടെ പണിപ്പുര.

അവിടെ വിവിധതരം ശിലകൾക്കിടയിൽ, പണിപൂർത്തിയാകാത്ത പലതരം ശില്പങ്ങൾ. അതിനിടയിൽ ഒരിടത്തായി മദ്യലഹരിയിൽ ഒരാൾ കിടന്നുറങ്ങുന്നു. ഒന്നും അറിയാതെ, പണി പൂർത്തിയാകാത്ത ഒരു ശിൽപം പോലെ.

പാട്ടി, കാമാക്ഷിയമ്മ, മീനാക്ഷി, പാർവതി… ദൈവത്തിന്‍റെ രൂപസാദൃശ്യം ഉള്ള നാല് തലമുറകളെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം അയാൾ പ്രകടിപ്പിച്ചു. ഇനിയും കുഞ്ഞു പാർവതിയിലൂടെ ഇത് തുടരുക തന്നെ ചെയ്യും. കാരണം ഇതൊരു നിയോഗം ആകാം. അയാളെ ഇവിടെ വരെ എത്തിച്ചതും ജീവിക്കുന്ന ഈ സത്യങ്ങൾ ഒക്കെ കാണിച്ചു കൊടുത്തതും ഒരു നിയോഗമാണല്ലോ.

വീണ്ടും ഒന്നുകൂടി എല്ലാവരെയും കൺനിറച്ചു കണ്ട്, ചിരിച്ച് അയാൾ തിരിച്ചു നടന്നു.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എഫക്ട്

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ ഭാര്യയോടൊപ്പം കണ്ടതിനു ശേഷം പൊതുവെ ദേഷ്യക്കാരനും അഹങ്കാരിയും ഗർവ്വും ഈഗോയും ആവശ്യത്തിലധികമുള്ള സുധിയെ അസ്വസ്ഥനും കോപാകുലനുമായിട്ടാണ് കാണപ്പെട്ടത്. ആ സിനിമയിലെ നായകന് തുല്യം ജീവിതം കൊണ്ടു നടക്കുന്ന സുധിയെ ഭാര്യ രജനിയാണ് ഈ സിനിമ കാണിച്ചു കൊടുത്തത്. അങ്ങനെയെങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ എന്ന് കരുതിയിട്ട്. പക്ഷേ സിനിമ കണ്ട ശേഷം സുധി അടിമുടി പിന്നെയും കലങ്ങി മറിഞ്ഞു.

അതിൽ പറയുന്നത് മുഴുവനും തെറ്റാണ്, സ്ത്രീകൾ അങ്ങനെയൊക്കെ തന്നെ ജീവിക്കേണ്ടവരാണ്, അങ്ങനെ ജീവിച്ചാൽ മതി എന്ന് സുധി രജനിയോട് തറപ്പിച്ചു പറഞ്ഞു. അല്ലെങ്കിലും താൻ മാത്രം ശരി എന്ന ചിന്ത വച്ചു പുലർത്തുന്ന ഒരാളായിരുന്നു സുധി. നാളെ നമ്മുടെ മോൾക്കാണ് ഈ ഗതി വന്നതെങ്കിലോ എന്ന രജനിയുടെ ചോദ്യത്തിന് നീ നിന്‍റെ കരിനാക്ക് വെച്ച് വേണ്ടാത്തതൊന്നും പറയല്ലേ എന്നൊരു താക്കീതായിരുന്നു മറുപടി. എന്തിനും ഏതിനും പുച്ഛത്തോടെ അടച്ചാക്ഷേപിക്കുക എന്നത് സുധിയുടെ ഒരു ശീലമായിരുന്നു. ഉത്തരം മുട്ടിയാലോ… കൊഞ്ഞനം കാട്ടുന്ന പ്രവണതയും.

ഈ സിനിമ കണ്ട ശേഷം ഒരിക്കൽ സുധിയും രജനിയും മോളും കൂടി ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വേസ്റ്റ് മനപ്പൂർവ്വം മേശ മേൽ പരത്തി ഇട്ടു സുധി. സുധിയേട്ടൻ എന്താ ഈ കാണിക്കുന്നേ എന്ന് രജനി ചോദിച്ചപ്പോൾ “ഇവിടെ ക്ലീനിംഗ് സ്റ്റാഫ് ഉണ്ട്. അവർക്ക് ശബളം കിട്ടുന്നതൊക്കെ ഇതിനൊക്കെ കൂടിയാണ്. പണിയെടുക്കാതെ അങ്ങനെ അവർ ശബളം വാങ്ങണ്ട.” ആ സിനിമയോടും തന്നോടും കൂടിയുള്ള പ്രതികാരമായിട്ടാണ് രജനിക്കത് തോന്നിയത്.

“പപ്പാ… യു ആർ കൾച്ചർലെസ്സ്” മകൾ പറഞ്ഞു.

“അതേടി നിന്‍റെ പപ്പ കൾച്ചർലെസ്സ് തന്നെയാ… അതുകൊണ്ടാണ് പപ്പയ്ക്ക് മമ്മിയെ കെട്ടേണ്ടി വന്നത്.” ഇതും പറഞ്ഞ് സുധി ഉറക്കെ ഉറക്കെ ചിരിച്ചു.

“അതിനും എന്തിനാ അമ്മയെ കുറ്റം പറയുന്നേ” മോള് ചോദിച്ചു.

കഴിച്ചു കഴിഞ്ഞെങ്കിൽ വേഗം എണീക്ക് എന്നൊരു താക്കീതായിരുന്നു മറുപടി. സ്വന്തം കാര്യത്തിൽ മഹാവൃത്തിക്കാരനായിരുന്നു സുധി. ഷർട്ടിലോ മുണ്ടിലോ മറ്റോ ചെറിയൊരു അഴുക്കു പറ്റിയാൽ അത് ഉടനെ മാറ്റും. വീടിനടുത്തു തന്നെയാണ് ഓഫീസ് എന്നതിനാൽ ഉച്ചയ്ക്ക് സ്വന്തം കാറിൽ ഉണ്ണാൻ വരും. ഉച്ചയ്ക്ക് ശേഷം വേറെ ഷർട്ട് ഇട്ടിട്ടാണ് പോവുക. അത്ര വൃത്തിക്കാരനും കണിശക്കാരനും അതോടൊപ്പം താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിശ്വസിക്കുന്ന പിടിവാശിക്കാരനും ആയിരുന്നു സുധി.

ഒരു ദിവസം രാവിലെ എണീറ്റ് രജനി താൻ തലേന്ന് രാത്രി കണ്ട സ്വപ്നം സുധിയോട് പറഞ്ഞു. സ്വപ്നം വേറൊന്നുമല്ല. സുധിയെ വിട്ട് രജനി വേറെ കല്യാണം കഴിക്കുന്നു. രജനിയുടെ ഇഷ്ടങ്ങൾ പറയാതെ അറിഞ്ഞു ചെയ്യുന്ന ഒരാളെ. അടുക്കളയിൽ അയാൾ അവളെ സഹായിക്കുന്നു, വസ്ത്രങ്ങൾ കഴുകി ഉണക്കുന്നു, ഇസ്തിരിയിടുന്നു, ഇടയ്ക്കിടെ വന്നു കെട്ടിപ്പിടിക്കുന്നു, ഉമ്മ വെക്കുന്നു അങ്ങനെ അങ്ങനെ വളരെ റൊമാന്‍റിക് ആയുള്ള ജീവിതം. ഇതെല്ലാം കേട്ടു കഴിഞ്ഞ ശേഷം സുധി ചോദിച്ചു.

“ബെഡ് ഷെയറിങ്ങിലും അവൻ എന്നേക്കാൾ മിടുക്കനായിരുന്നോ?”

എവിടെ നിന്നില്ലാത്ത ദേഷ്യത്തോടെ രജനി പറഞ്ഞു. “അതിന്‍റെ മുന്നിൽ നിങ്ങൾ ഒന്നുമല്ല.” അലക്കാനിട്ടിരുന്ന തുണികൾ ഓരോന്നായി അവൾ ശക്തിയിൽ അലക്കു കല്ലിൻമേൽ അടിച്ചു തിരുമ്മി. അന്ന് സുധി ചായ കുടിച്ചില്ല. ഓഫീസിൽ പോയെങ്കിലും ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വന്നില്ല. ഉച്ചയൂണിന് കാണാതായപ്പോൾ രജനി സുധിയെ ഫോണിൽ വിളിച്ചു നോക്കി. പത്ത് മിനിറ്റിനു ശേഷം സുധി വന്നു. “പോട്ടേ ഞാൻ തമാശ പറഞ്ഞതല്ലേ…” സുധി പറഞ്ഞു. അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോ പതിവിനു വിപരീതമായി സുധി പറഞ്ഞു.“രജനി…. ആ വേസ്റ്റ് ഇടാനുള്ള പാത്രം എടുത്തു കൊണ്ടു വന്നേ…”

രജനി ഞെട്ടിപ്പോയി. മാറ്റങ്ങൾ വന്നു തുടങ്ങിയോ എന്നവൾ അതിശയപ്പെട്ടു. വേറൊരു ദിവസം അന്ന് ഞായറാഴ്ച ആയിരുന്നു. രാവിലെ ചായ കുടിക്കാൻ വിളിച്ചിട്ടും സുധി വരുന്നില്ല. അവൾ ചെന്ന് നോക്കുമ്പോൾ മൊബൈലിൽ ചാറ്റിംഗിലും വോയിസ് മെസ്സേജുമാണ്, ഓഫീസ് ഗ്രൂപ്പിൽ. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത സുധി തന്‍റെ മുടന്തൻ ന്യായങ്ങൾ നിരത്തി മുന്നേറുകയാണ്.

“എനിക്ക് പണമുണ്ടെങ്കിൽ ഞാൻ എന്‍റെ ഇഷ്ടം പോലെ ജീവിക്കും. എനിക്ക് യാതൊരുവിധ സോഷ്യൽ കമ്മിറ്റ്മെന്‍റും ഇല്ല. എനിക്ക് മുകളിൽ ഞാൻ ആരെയും സ്‌ഥാപിച്ചിട്ടില്ല. എല്ലാം എല്ലാം എന്‍റെ കീഴിൽ തന്നെ.” മറുപടിയായി വന്ന വോയിസ് രജനിയും കേട്ടു.

“ഞാൻ എന്‍റെ മുകളിൽ കാണുന്നത് ഇന്ന് നമ്മൾ അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങൾക്കും കാരണക്കാരായ ശാസ്ത്രജ്ഞന്മാരെയാണ്. സുധി അവരെയും അംഗീകരിക്കുന്നില്ല എന്നാണോ. സുധിയ്ക്ക് യാതൊരുവിധ സാമൂഹിക ഉത്തരവാദിത്തവും ഇല്ലെന്നാണോ?”

തിരിച്ച് സുധിയുടെ വോയ്സ്

“അംഗീകരിക്കുന്നില്ല. ഓരോ കാലഘട്ടത്തിനും അതാവശ്യമായിരുന്നു ഈ പറഞ്ഞ കണ്ടുപിടുത്തങ്ങൾ. എന്നു വച്ച് അവരെ നമ്മുടെ മുകളിൽ സ്‌ഥാപിക്കാനോ നമുക്ക് സോഷ്യൽ കമ്മിറ്റ്മെന്‍റ് ഉണ്ടെന്ന് പറയാനോ പറ്റില്ല. നമ്മൾ ഉണ്ടാക്കുന്ന കാശു കൊണ്ട് നമ്മൾ തോന്നിയ പോലെ ജീവിക്കും. സോറി നമ്മളല്ല. ഞാൻ അതിനു സോഷ്യൽ കമ്മിറ്റ്മെന്‍റിന്‍റെ ആവശ്യം തീരെയില്ല. ലളിത ജീവിതം എന്നതു തന്നെ ഒരു തെറ്റായ പ്രവണതയാണ്.“ചേട്ടാ… ചായ”

“ഗ്രൂപ്പിലെ ചർച്ചകൾക്കിടയിൽ എന്നെ ശല്യപ്പെടുത്തരുതെന്ന് എത്ര തവണ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഒന്ന് പോയേ മുന്നീന്ന്. അവളുടെ ഒരു ചായ.”

ഗ്രൂപ്പിലെ ദേഷ്യം മുഴുവൻ സുധി രജനിയോട് തീർത്തു. ഗ്രൂപ്പിലെ ചർച്ചയിൽ തന്‍റെ സുധിയേട്ടൻ ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു എന്നവൾക്ക് മനസ്സിലായി. പത്തു പതിനഞ്ചു മിനിട്ടുകൾക്ക് ശേഷം “ആർക്കും എന്‍റത്ര വിവരമില്ല, എല്ലാവർക്കും ആശയ ദാരിദ്യ്രമാണ്, എന്‍റെ തലച്ചോറിനോട് ഏറ്റുമുട്ടി ജയിക്കാൻ അവർക്കാർക്കും പറ്റുന്നില്ല” എന്നൊക്കെ അഭിമാനത്തോടെ പറഞ്ഞ് സുധി ചായ കുടിക്കാൻ വന്നിരുന്നു. സുധിയെ വെറുപ്പിക്കേണ്ട എന്ന് കരുതി അവസാനം എല്ലാവരും സുധി പറഞ്ഞതിനെയൊക്കെ സമ്മതിച്ചു കൊടുത്തതാണ് എന്ന് രജനിക്ക് മനസ്സിലായി. താനിത് എന്നും എത്രയോ തവണ ചെയ്യുന്നതാണ് എന്നവൾ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. അതുപോലും തന്‍റെ ഭർത്താവിന് മനസ്സിലാവുന്നില്ലല്ലോ എന്നവൾ സങ്കടത്തോടെ ഓർത്തു.

അങ്ങനെ സന്തോഷത്തോടെ ചായ കുടിക്കാൻ വന്നിരുന്നപ്പോഴാണ് മേശപ്പുറത്ത് മകൾ കഴിച്ചതിന്‍റെ ബാക്കി പുട്ടും പഴവും അവൾ കഴിച്ച പാത്രത്തിൽ കാണുന്നത്. “നിനക്കിത് കളഞ്ഞിട്ട് പാത്രം കഴുകി വച്ചു കൂടെ?” സുധി അലറി. തിരിച്ച് രജനിയും അലറി.

“നിങ്ങള് വന്നിട്ട് ഒന്നിച്ചിരിക്കാം എന്ന് കരുതി. മോൾ കഴിച്ചതിന്‍റെ ബാക്കിയിൽ എനിക്കുള്ളത് എടുത്തിട്ട് ഞാൻ കഴിച്ചോളാം… എന്ന് കരുതി. പാത്രം ഞാനല്ലാതെ പിന്നാരാ ഇവിടെ കഴുകുന്നത്? സുധിയേട്ടൻ ഇന്നുവരെ അങ്ങനെ വല്ലതും ചെയ്തിട്ടുണ്ടോ?” രജനി ചോദിച്ചു.

“നിന്‍റെ സ്വപ്നത്തിലെ മറ്റവൻ വരുമെന്നായിരിക്കും ഉദ്ദേശിച്ചത്” സുധി പറഞ്ഞു.

“സ്വപ്നത്തിലാണെങ്കിലും നല്ലൊരു ജീവിതമായിരുന്നു അത്” രജനിയും വിട്ടു കൊടുത്തില്ല. സുധി പിന്നൊന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ച് വേസ്റ്റ് അതിന്‍റെ പാത്രത്തിൽ തന്നെ ഇട്ടിട്ട് മിണ്ടാതെ എണീറ്റു പോയി. രജനി ഉള്ളു നിറയെ ചിരിച്ചു. പാവം സുധിയേട്ടൻ.

ഒരു ദിവസം അലക്കിത്തേച്ച വെള്ളമുണ്ടും വെള്ള ഷർട്ടും ഇട്ട് സുധി ഒരു കല്യാണത്തിന് പോകാനൊരുങ്ങി. കൂടെ പോകണമെന്ന് രജനിക്കും മോൾക്കും തോന്നിയെങ്കിലും കാറ് വർക്ക് ഷോപ്പിലാണ്. ബസിൽ പോകുമ്പോ മോൾ ഛർദിക്കും. അവിടെ എന്നോട് തർക്കിച്ചു ജയിക്കാൻ കുറേ പേരുണ്ടാവുമെന്നും അത് നിനക്ക് ബോറടിക്കുമെന്നും സുധി മുടന്തൻ ന്യായങ്ങൾ പറഞ്ഞു. കാറ് വർക്ക്ഷോപ്പിൽ ആണെന്നത് ശരി. ബാക്കി പറഞ്ഞതിൽ അവസാനം പറഞ്ഞത് കേട്ടപ്പോൾ കല്യാണത്തിന് വരുന്നില്ല എന്ന് രജനി പറഞ്ഞു.

“ഞാൻ വരുന്നത് വരെ നീ നിന്‍റെ സ്വപ്നത്തിലെ കെട്ടിയോനുമായി സംസാരിച്ചിരിക്ക്” എന്ന് പറഞ്ഞിട്ടാണ് സുധി പോയത്. അത് രജനിക്ക് നൊന്തു.

അമ്മേ അച്‌ഛനിന്ന് ബിരിയാണി കഴിക്കും അല്ലേ എന്ന മോളുടെ ചോദ്യത്തിന് അവിടെ പച്ചക്കറി സദ്യ ആയിരിക്കും മോളേ എന്നവൾ മറുപടി പറഞ്ഞു. “നമുക്ക് ഇന്നലത്തെ ലേശം ചോറുണ്ട് അത് ചൂടാക്കി കഴിക്കാം. പിന്നെ അമ്മ മോൾക്ക് മീൻ വറുത്തു തരാം” രജനി പറഞ്ഞു.

വറുത്ത മീൻ ഉണ്ടെങ്കിൽ പിന്നെ അവൾക്ക് വേറൊന്നും വേണ്ട. കുറച്ചധികം സമയം കഴിഞ്ഞില്ല. കോളിംഗ് ബെൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് രജനി വാതിൽ തുറന്നത്. നോക്കുമ്പോൾ മുന്നിൽ സുധിയേട്ടൻ. അലക്കി തേച്ച മുണ്ടിൽ ആകെ എന്തൊക്കെയോ പറ്റിയിരിക്കുന്നു.

“നീ വേഗം ഡെറ്റോൾ എടുത്തു കൊണ്ടു വന്നേ…” എന്നു പറഞ്ഞ് സുധി പുറകിലെ കുളിമുറിയിലേക്കോടി കാര്യം എന്തെന്നറിയാതെ രജനി പുറകെയും.

“എന്താ സുധിയേട്ടാ പറ്റിയത്?” ആധിയോടെ അവൾ ചോദിച്ചു.

“ഒന്ന് മിണ്ടാതെ പോയേ” എന്നൊരു ആട്ടായിരുന്നു അതിനുള്ള മറുപടി. കുളി കഴിഞ്ഞു വസ്ത്രം മാറി സുധി സിറ്റ് ഔട്ടിൽ വന്നിരുന്നു.

“എന്തുപറ്റി?” രജനി ചോദിച്ചു. സുധി ഒന്നും മിണ്ടാതെ ഒറ്റയിരിപ്പാണ്. രജനിക്കാണെങ്കിൽ ആധി കേറിയിട്ട് എന്തു ചെയ്യണമെന്ന് അറിയുന്നുമില്ല. കുറേനേരം കഴിഞ്ഞപ്പോൾ

“ഇവിടെ ആരുമില്ലേ? സുധിയേട്ടൻ ഓക്കേ ആണല്ലോ” എന്ന് ചോദിച്ച് അപ്പുറത്തെ വീട്ടിലെ രവി വീട്ടിലേയ്ക്ക് കയറി വന്നു.

“എന്താ രവീ… സുധിയേട്ടന് എന്താ പറ്റിയത്?” രജനി പേടിയോടെ ചോദിച്ചു. രവി നിന്ന് ചിരിക്കാൻ തുടങ്ങി.

“എന്താ പറ്റിയതെന്ന് പറ രവി…” രജനി കരച്ചിലിന്‍റെ വക്കത്തെത്തി.

”ഒന്നും പറയണ്ട ചേച്ചീ… ഈ സുധിയേട്ടന്‍റെ ഒരു കാര്യം. സുധിയേട്ടൻ കേറിയ ബസിൽ ഞാനും ഉണ്ടായിരുന്നു. രാവിലെ കറിക്ക് എന്തേലും വാങ്ങാൻ മാർക്കറ്റിലോട്ട് പോകാൻ. സുധിയേട്ടന് മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഇരിക്കാൻ സീറ്റ് കിട്ടി. സൈഡിൽ. ബസിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഒരു പാവം ചെറിയ പെങ്കൊച്ച് നിക്കാൻ പറ്റാതെ തൂങ്ങി നിക്കുന്നത് കണ്ട് സുധിയേട്ടൻ അതിനെ പിടിച്ച് പുള്ളീടെ അടുത്തിരുത്താൻ നോക്കി. നടുക്കിരിക്കുന്ന ആള് അതിന് സമ്മതിച്ചില്ല. ആളൊരു തടിയനായിരുന്നു. അല്ലെങ്കിൽ തന്നെ മൂന്ന് പേർക്ക് ശരിക്കും ഇരിക്കാൻ പറ്റുന്നില്ല. അപ്പോഴാ ഒരു കൊച്ചിനേം പിടിച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറയുന്നത്. എന്നയാൾ പറഞ്ഞു. നമ്മുടെ സുധിയേട്ടൻ വിട്ടു കൊടുക്കോ… അയാളോടുള്ള വാശിയിൽ കൊച്ചിനെ പിടിച്ച് അയാളുടെയും സുധിയേട്ടന്‍റെയും നടുക്കിരുത്തി”

“എന്നിട്ട് എന്തുണ്ടായി? ഒന്ന് വേഗം പറ രവീ…” രജനി ആകെ ടെൻഷൻ അടിച്ചു കൊണ്ട് ചോദിച്ചു. മോളും ആകെ പേടിച്ചു നിക്കുകയാണ്.

“എന്നിട്ടെന്താ അയാളോട് സുധിയേട്ടൻ തട്ടിക്കയറി. ഒരു കൊച്ച് ഉറക്കം തൂങ്ങി ബുദ്ധിമുട്ടി നിക്കുന്നത് തനിക്ക് കണ്ടൂടെ… മനുഷ്യത്വം വേണമെടോ എന്നൊക്കെ പറഞ്ഞ്.”

“എന്നിട്ട് അയാൾ വല്ലതും ചെയ്തോ സുധിയേട്ടനെ? പറ… എന്നിട്ടെന്തുണ്ടായെന്ന് പറ” രജനി നിന്ന് വിറയ്ക്കുകയാണ്.

“എന്നിട്ടെന്തുണ്ടാവാൻ… കുറച്ച് കഴിഞ്ഞപ്പോൾ ആ കൊച്ച് അയാളുടെ മടിയിൽ ഛർദിച്ചു. പകുതി സുധിയേട്ടനും കൊടുത്തു. രവി ഇരുന്ന് ചിരിക്കാൻ തുടങ്ങി.

ഇത്രയും കേട്ടപ്പോൾ മോള് ഉറക്കെ പൊട്ടിച്ചിരിച്ചു.“അങ്ങനെ വേണം അച്ഛന്. ഞാൻ ഛർദിക്കും എന്ന് പറഞ്ഞ് എന്നെ കൊണ്ടു പോവാഞ്ഞതല്ലേ… അങ്ങനെ വേണം” അവൾ പറഞ്ഞു. രജനിക്കും ചിരി അടക്കാൻ പറ്റിയില്ല.

“ചേച്ചീ എന്തോരം തെറിയാ അയാൾ പറഞ്ഞത്. പലതും ഞാൻ ആദ്യമായിട്ട് കേൾക്കാ…”

“എന്നിട്ട് പിന്നെന്ത് സംഭവിച്ചു?” രജനി ചോദിച്ചു.

“ഡ്രൈവറോട് വണ്ടി നിർത്താൻ കണ്ടക്ടർ പറഞ്ഞു. എന്നിട്ട് രണ്ടു കുപ്പി വെള്ളം ബസിൽ ഉണ്ടായിരുന്നത് എടുത്ത് രണ്ടാളുടെയും ഡ്രെസ്സിൽ ഒഴിച്ചു കൊടുത്തു. ഒരു അഡ്ജസ്മെന്‍റ് കഴുകൽ. ആ കൊച്ച് രാവിലെ ഇഡ്ഡലിയും സാമ്പാറും ആണെന്ന് തോന്നുന്നു രാവിലെ കഴിച്ചത്.” രവി ചിരിക്കിടയിൽ പറഞ്ഞൊപ്പിച്ചു.

“ഇനി ഇതൊക്കെ ആരാ കഴുകേണ്ടത് ഞാൻ തന്നെയല്ലേ?” രജനി ചിരിച്ചു കൊണ്ട് ചോദിച്ചു. സുധി ഒന്നും മിണ്ടാതെ അണ്ടിപോയ അണ്ണാനെ പോലെ ഇരിക്കുകയാണ്. കുറച്ച് നേരം കൂടി തമാശ പറഞ്ഞ് രവി പോയി.

“പോട്ടേ…. സാരമില്ല. വാ ചോറുണ്ണാം. ഇന്നലത്തെ ചോറ് ചൂടാക്കിയതാണുള്ളത്.” അവൾ പറഞ്ഞു. പൊതുവേ തലേ ദിവസത്തെ ചോറ് കഴിക്കാത്ത സുധി ഒന്നും മിണ്ടാതെ രജനിക്ക് പിന്നാലെ പോയി ഊണ് കഴിച്ചു. അച്‌ഛനൊരു ബിരിയാണി നഷ്ടമായല്ലോ എന്ന് മകൾ കളിയാക്കി കൊണ്ട് പറഞ്ഞു.

അന്ന് രാത്രി മോള് ഉറങ്ങിയതിനു ശേഷം സുധി രജനിയോട് പറഞ്ഞു. “ഞാൻ ഒരിക്കലും നീ ആഗ്രഹിക്കുന്ന തരത്തിലുള്ള ഭർത്താവ് അല്ലല്ലോ?”

“അതെന്താ സുധിയേട്ടാ അങ്ങനെ ചോദിച്ചത്?”

അല്ലാ ഞാൻ ഒരു കാര്യത്തിലും നിന്നെ സഹായിക്കുന്നില്ല. എല്ലാം നീ ഒറ്റയ്ക്ക് ചെയ്യണം. നീ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടല്ലേ? ശരിക്കും പറഞ്ഞാൽ എനിക്ക് വല്ലാത്ത ഈഗോ ആണ് രജനീ. അതാണ് എന്നെ ഇന്നത്തെ മനുഷ്യനാക്കുന്നത്. എനിക്കൊരു സൈക്യാട്രിസ്റ്റിനെ കാണണം. ഈ കോംപ്ലെക്സും ഈഗോയും മാറ്റണം. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ഭർത്താവിനെ പോലെ തന്നെയാണ് ഞാനും. എനിക്കിനി അങ്ങനെ ആവണ്ട.” രജനി സുധിയെ സൂക്ഷിച്ചു നോക്കി. “സുധിയേട്ടൻ ആരെയും കാണേണ്ട. എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. സുധിയേട്ടൻ ഇങ്ങനെത്തന്നെ ആയാൽ മതി.

രണ്ടു മൂന്ന് ദിവസത്തിന് ശേഷം അന്ന് പതിവിലും വൈകിയാണ് സുധി വീട്ടിലെത്തിയത്. കൂടെ രവിയും ഉണ്ടായിരുന്നു. “കുറേ നേരമായി ഞാൻ വിളിക്കുന്നു. ഫോൺ സ്വിച്ചഡ് ഓഫ് ആണല്ലോ? എന്തുപറ്റി? എവിടെയെങ്കിലും പോയതാണെങ്കിൽ ഒന്ന് പറഞ്ഞിട്ട് പോവേണ്ട? എന്താ രവീ… അന്നത്തെപ്പോലെ വല്ല അക്കിടിയും പറ്റിയോ?” രജനി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇല്ല ചേച്ചി. ചേട്ടൻ എന്നെയും കൂട്ടി ഒരു സ്ഥലം വരെ പോയതാ… എന്‍റെ ഒരു സുഹൃത്തായ ഒരു മനഃശാസ്ത്രജ്ഞനെ കാണാൻ.”

“എന്തിനാ സുധിയേട്ടാ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട് ഇങ്ങനൊക്കെ? എന്നിട്ട് ഡോക്ടർ എന്താ പറഞ്ഞേ?” രജനി രവിയോട് ചോദിച്ചു.

“എന്ത് പറയാൻ… അവിടെ ചെന്നിട്ട് ഡോക്ടർ പറയുന്നതൊക്കെ തെറ്റാണെന്നും ഞാനാണ് ശരിയെന്നും സ്‌ഥാപിക്കാൻ ശ്രമിച്ചു. ഈ രീതിയിലാണോ ഡോക്ടർ രോഗികളെ ചികിത്സിക്കുന്നത് എന്നൊക്കെ ചോദിച്ചു.”

സത്യം പറഞ്ഞാൽ സുധിക്ക് ഒന്നും അറിയില്ല. സുധി വെറും പുറം പൂച്ച് മാത്രമാണെന്ന് ഡോക്ടർ പറഞ്ഞു. അറിവ് ഉണ്ടെന്ന് നടിക്കുന്നു എന്നല്ലാതെ ശരിക്കും സുധി ഒരു വട്ടപൂജ്യം ആണെന്ന് ഡോക്ടർ പറഞ്ഞു. അവിടെയുള്ള ഒരു കലണ്ടറിലെ ആനയെ കാണിച്ചിട്ട് ഈ ആനയെ കുറിച്ചു പോലും വ്യക്തമായ ധാരണ ഇല്ലാത്ത ആളാണ് സുധി എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഈ ആനയെന്താ ചേനത്തോട്ടത്തിലൂടെ നടന്നു വന്ന ആനയാണോ എന്ന് ഡോക്ടറോട് ചൂടായി പുച്ഛത്തിൽ ചോദിച്ചു.

പിന്നെ ആനയെന്താണെന്നും ചേനയെന്താണെന്നും എനിക്കറിയാം. നിങ്ങൾ ചേന തിന്നുമായിരിക്കും എന്നു കരുതി ഞാനും ചേന തിന്നണം എന്ന് പറയുന്നതിൽ അർത്ഥമില്ല. ചേന ഇഷ്ടമുള്ളവർ തിന്നട്ടെ എന്നെ അതിന് കിട്ടില്ല. നിങ്ങളെപ്പോലെയുള്ളവരെ തർക്കിച്ച് കീഴ്പ്പെടുത്തുക എന്നത് മാത്രമാണ് എന്‍റെ അജണ്ടയിലുള്ളത്. അതിന് സുധീ നമ്മളിപ്പോൾ ആനയെക്കുറിച്ചല്ലേ പറഞ്ഞത് ചേനയെ കുറിച്ചല്ലല്ലോ എന്ന് ഡോക്ടർ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ അതേ ആനയെ കുറിച്ച് തന്നെയാണ് നമ്മളിപ്പോൾ പറഞ്ഞു വന്നത്.

പക്ഷേ ഡോക്ടർക്ക് സംസാരിക്കാനുള്ള ആശയ ദാരിദ്യ്രം ഉണ്ടെങ്കിൽ പിന്നെ മിണ്ടരുത് എന്ന് സുധിയേട്ടൻ പറഞ്ഞു. പിന്നെ ചേച്ചീ ഡോക്ടർ, അവൻ എന്‍റെ ഒരു സുഹൃത്ത് കൂടിയാണ്. നമ്മളൊരു ഫ്രണ്ട്‍ലി വിസിറ്റിംഗിന് വന്നതല്ലേ സുധിയേട്ടാ എന്നൊക്കെ ഞാൻ പറഞ്ഞ് സമാധാനിച്ചപ്പോൾ സുധിയേട്ടൻ ഒന്നടങ്ങി. അതിന് ശേഷം ഡോക്ടർ പറയുന്നത് മുഴുവനും മിണ്ടാതിരുന്നു കേൾക്കാൻ സന്മനസ്സ് കാണിച്ചു.

ഡോക്ടർ പറഞ്ഞത് മുഴുവനും കേട്ടു കഴിഞ്ഞ് സുധിയേട്ടൻ പൊട്ടിക്കരഞ്ഞു. കുറേ നേരം ഈഗോയും എന്തൊക്കെയോ കോംപെക്സുമാണ് തന്നെ ഭരിക്കുന്നത് എന്ന അറിവ് സ്വയം ഉണ്ടെങ്കിലും അതൊന്നും അംഗീകരിക്കാൻ സുധിയേട്ടൻ തയ്യാറായിരുന്നില്ല.

മഹാന്മാരായ സാഹിത്യകാരന്മാരെയും പ്രശസ്തരായ കഴിവു തെളിയിച്ച സിനിമാ നടന്മാരെയും നടിമാരെയും ക്ലാസിക്കൽ നൃത്തം ചെയ്യുന്ന ലോകപ്രശസ്തരെയും വിവരമില്ലാത്ത തെണ്ടികൾ എന്നുവരെ സംസാരത്തിനിടയിൽ സുധിയേട്ടൻ വിശേഷിപ്പിച്ചിരുന്നു. അതൊക്കെ തന്‍റെ ഉള്ളിന്‍റെ ഉള്ളിലുള്ള അസൂയയുടെ ഭാഗമാണെന്നൊക്കെ ഇപ്പൊ സുധിയേട്ടൻ തിരിച്ചറിഞ്ഞു. ഈഗോയും കോംപ്ലക്സും മാറ്റി വച്ച, അതില്ലാത്ത പുതിയൊരു സുധിയേട്ടനാണ് ഇപ്പൊ നമ്മുടെ മുന്നിൽ നിൽക്കുന്നത്.” രവി പറഞ്ഞു തീർത്തു.

എന്തുപറയണം എന്നറിയാതെ ആകെ സ്തംഭിച്ചു തരിച്ചു നിൽക്കുകയാണ് രജനി. വലിയൊരു അപരാധിയെ പോലെ സുധിയും.“രണ്ടുപേരും ഇങ്ങനെ മിഴിച്ചു നിക്കാതെ സുധിയേട്ടന് നല്ലൊരു ചായ ഇട്ട് കൊടുക്കാൻ നോക്ക്. ഞാൻ പോണു വീട്ടിലേക്ക്” എന്ന് പറഞ്ഞ് രവി പടികളിറങ്ങി.

രജനി സുധിയെ നോക്കി നിന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായൊഴുകി. മോള് രവിയുടെ വീട്ടിൽ കളിക്കാൻ പോയത് നന്നായി. അല്ലെങ്കിൽ താൻ കരഞ്ഞാൽ അവളും കരഞ്ഞേനെ. രജനി മനസ്സിലോർത്തു.

“രവി പറഞ്ഞ പോലെ നല്ലൊരു ചായ ഇട്. എന്തെങ്കിലും എടുത്തു വെക്ക്. വിശക്കുന്നു.” സുധി പറഞ്ഞു. രജനി ചായ വെക്കാൻ അടുക്കളയിൽ കയറി. സുധി പിന്നാലെ ചെന്നു. രജനി ചായ ഇടുമ്പോൾ സുധി മേശപ്പുറത്തെ അടച്ചു വച്ച പാത്രം തുറന്നു നോക്കി. മോള് രാവിലെ കഴിച്ച പുട്ടിന്‍റെ ബാക്കി. സുധി അതിലേക്ക് ലേശം കറിയൊഴിച്ചു. “അയ്യോ ഇതൊന്നും സുധിയേട്ടൻ ചെയ്യണ്ട. ഞാൻ ചെയ്‌തോളാം. ഇങ്ങനൊന്നും വേണ്ട. ഇതിലൊന്നും എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ഞാൻ അടുക്കളയിൽ പണിയെടുക്കുമ്പോ മൊബൈലിൽ തന്നെ നോക്കിയിരിക്കാതെ എന്‍റടുത്തു വന്ന് എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരുന്നാൽ മാത്രം മതി. എനിക്കത്രയേ വേണ്ടൂ…” രജനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“ഞാൻ നേടിയതൊന്നും അറിവല്ല രജനീ…”

രജനിയെ ചേർത്തു പിടിച്ചു കൊണ്ട് സുധി പറഞ്ഞു “എന്‍റെ അഹങ്കാരം, ഈഗോ,കോംപ്ലക്സ് ആരുടെ മുന്നിലും തോൽക്കരുത് എന്ന പിടിവാശി ഇതൊക്കെയായിരുന്നു എന്‍റെ പ്രശ്നം. മനഃശാസ്ത്രത്തിൽ എവല്യൂഷൻ ഇൻ മൂഡ് എന്ന് പറയുന്ന പലതരം മാനിയകളിൽ പെടുന്ന ഒന്ന്. വിവരമില്ലായ്മ ആയിരുന്നു അതൊക്കെ എന്ന് ഞാൻ ഇപ്പൊ തിരിച്ചറിഞ്ഞു. അറിവിനേക്കാളും നമുക്ക് വേണ്ടത് തിരിച്ചറിവാണ് എന്ന് എനിക്കിപ്പോ മനസ്സിലായി. സുധി പറഞ്ഞു നിർത്തി. രജനിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. “ഇന്ന് രാത്രി വേഗം ഊണ് കഴിക്കാം. അത് കഴിഞ്ഞ് നിന്‍റെ മൊബൈലിൽ ഇപ്പോഴും ആ സിനിമയുണ്ടല്ലോ. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. അത് ഒന്നൂടെ നമുക്ക് ഒന്നിച്ചിരുന്ന് കാണാം.”

കളി കഴിഞ്ഞ് ഓടി വന്ന മകളെയും ചേർത്തു പിടിച്ച് എന്തെന്നില്ലാത്ത സന്തോഷത്തോടെ രജനി സുധിയോട് ഒന്നു കൂടി ചേർന്നു നിന്നു.

സാഗരസംഗമം – ഭാഗം 4

ഫഹദ് സാർ… ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഞാൻ നിങ്ങളെ കാത്തിരിക്കുന്നു. എന്നെങ്കിലുമൊരിയ്ക്കൽ അങ്ങ് എന്നെത്തേടി വരുമെന്ന പ്രതീക്ഷയോടെ… മനസ്സ് അറിയാതെ ഉരുവിട്ടു കൊണ്ടിരുന്നു.

മനസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാൻ നരേട്ടനുമായി ആവശ്യത്തിനും, അനാവശ്യത്തിനും കലഹിച്ചു. ഒരു പക്ഷേ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയ നരേട്ടന്‍റെ പ്രതികരണം ചിലപ്പോഴെല്ലാം മോശമായിക്കൊണ്ടിരുന്നു.

സ്വയം നിയന്ത്രിച്ചു നിർത്തിയ ആത്മനിയന്ത്രണം കൈവിട്ടകന്നതായിരിക്കാം അതിന് കാരണം. അപ്പോഴെല്ലാം നാലു കുഞ്ഞിക്കണ്ണുകൾ ഞങ്ങളെ അമ്പരന്ന് നോക്കി നിന്നു. തങ്ങളുടെ ജനനശേഷം ആദ്യമായിക്കാണുന്ന മാതാപിതാക്കളുടെ കലഹം അവരെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്.

കോളേജിലും എന്‍റെ മനസ്സിന്‍റെ പ്രക്ഷുബ്‍ധത പ്രതിഫലിച്ചു. വിദ്യാർത്ഥികൾക്കിടയിൽ സൗമ്യശീലയായ അധ്യാപികയെന്നറിയപ്പെട്ടിരുന്ന ഞാൻ, ഇടയ്ക്കെല്ലാം പൊട്ടിത്തെറിച്ചു. അതുകണ്ട് അവർ അദ്ഭുതസ്തംഭരായി. ഒടുവിൽ ക്ലാസ്സെടുക്കാൻ കഴിയാതെ ഞാൻ കോളേജിൽ നിന്നും നീണ്ട കാലത്തേയ്ക്ക് അവധിയെടുത്ത് വീട്ടിൽ കഴിഞ്ഞു കൂടി.

“മാഡം, ആപ് കോ ക്യാ ഹുവാ? ആപ് കഭി ഭീ ഇസി തരഹ് നഹി ഹൈ…” എന്നെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥികളുടെ ചോദ്യശരങ്ങൾക്കു മുന്നിൽ ഞാൻ തലകുനിച്ചു നിന്നു.

അതെ… അധ്യാപികയായ ശേഷം ആദ്യമായിട്ടായിരുന്നു ഞാൻ വല്ലാതെ പൊട്ടിത്തെറിച്ചത്. വിദ്യാർത്ഥികളുടെ മുന്നിൽ എന്നും സൗമ്യശീലയായ അധ്യാപികയായിരുന്നുവല്ലോ ഞാൻ. എന്നാൽ എന്‍റെ ജീവിതത്തിലെ താളപ്പിഴകൾ അവരൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ… അവർക്കെന്നും പ്രിയപ്പെട്ട അധ്യാപിക മാത്രമായിരുന്നു ഞാൻ.

വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ അധ്യാപിക…

ദുരന്തപൂർണ്ണമായ ഒരു ഭൂതകാലം എനിക്കുണ്ടെന്നും, ആ ഭൂതകാലത്തിലെ ദുരന്ത നായികയാണ് ഞാനെന്നും, ആ ദുരന്തം എന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അവരറിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ ഞാനോർത്തു.

ഒടുവിൽ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനത്തിനായാണ് ഞാൻ അൽപം കാലത്തേയ്ക്ക് ലീവെടുത്ത് നാട്ടിലെത്തിയത്. അമ്മയുടെ സ്നേഹസാമീപ്യത്തിൽ എല്ലാം മറക്കാൻ. കരയിൽ പിടിച്ചിട്ട പരൽമീനിനെപ്പോലെ ഉഴറുന്ന മനസ്സിന്‍റെ ഉഛ്വാസ വായുവിനു വേണ്ടിയുള്ള പിടച്ചിലിൽ നിന്നും അൽപം മുക്തി നേടാൻ. അതിനു വേണ്ടിയാണ് നരേട്ടനോടു പോലും പറയാതെ ഞാൻ ഡൽഹിയിൽ നിന്നും വണ്ടി കയറിയത്. നാട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുമ്പോൾ, എന്‍റെ തലയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു.

“മോളെ മീരാ… നിന്‍റെ ഈ ഒളിച്ചോട്ടം ഒട്ടും ശരിയായില്ല. ഇങ്ങനെയായാൽ നീ എന്തിൽ നിന്നാണോ ഓടിയോളിക്കാൻ ശ്രമിക്കുന്നത് ആ വസ്തു നിന്നെ വീണ്ടും വീണ്ടും കീഴ്പ്പെടുത്തുകയെ ഉള്ളൂ. നിന്നെ അലട്ടുന്ന ദുഃഖ ചിന്തകളിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ നീ കൂടുതൽ ധൈര്യം ആർജ്ജിക്കണം. എല്ലാം മറക്കുവാനുള്ള ശ്രമം തുടരണം. മീരാ… ഒരു കുടുംബിനിയാണെന്നുള്ള കാര്യം നീ മറന്നു പോകുന്നു. നിന്‍റെ മക്കൾ അവർ നിന്നെക്കണ്ടാണ് വളരുന്നത്. അവർക്കു വേണ്ടിയെങ്കിലും നീ ഒരു നല്ല അമ്മയായി, ഭാര്യയായി ജീവിക്കണം. പഴയതെല്ലാം നീ മറക്കണം. നരന്‍റെ സ്നേഹത്തെ അംഗീകരിയ്ക്കണം.”

അമ്മയുടെ വാക്കുകൾ എന്നിൽ ജ്വലിച്ചു കൊണ്ടിരുന്ന താപാഗ്നിയെ ഊതിക്കെടുത്തി. ഒരാഴ്ച കഴിഞ്ഞു ഞാൻ ഡൽഹിയ്ക്കു തന്നെ മടങ്ങി. പക്ഷേ നരേട്ടൻ അപ്പോഴേയ്ക്കും ഒരു കലഹപ്രിയനായി മാറിക്കഴിഞ്ഞിരുന്നു. മനോനിയന്ത്രണം വിട്ടകന്നവരെപ്പോലെ അദ്ദേഹം എന്നോട് വീണ്ടും കലഹം തുടർന്നു. എന്‍റെ ഒളിച്ചോട്ടം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു.

“നീ ആരെക്കാണാനാണ് നാട്ടിലേയ്ക്കു പോയത്? നിന്‍റെ പഴയ കാമുകനേയോ?” ഒരു സംസ്കാര ശൂന്യനെപ്പോലെ നിയന്ത്രണം വിട്ട് നരേട്ടൻ അലറി.

ഞങ്ങളുടെ ജീവിതത്തിൽ ദാമ്പത്യ കലഹങ്ങൾ നിത്യ സംഭവമായി മാറിയപ്പോൾ രാഹുലും, കൃഷ്ണയും എല്ലാം കണ്ടും കേട്ടും പരിചയിച്ചു. മൗനത്തിന്‍റെ വാത്മീകത്തിലൊളിച്ചിരുന്ന് അവർ തങ്ങളുടെതായ ലോകത്തിൽ ഒതുങ്ങിക്കൂടി. ബാല്യ-കൗമാരങ്ങളുടെ കളിചിരികൾ അവർക്കന്യമായിത്തീർന്നു. നരേട്ടനാകട്ടെ കുറേശെ മദ്യസേവയും തുടങ്ങി. പലപ്പോഴും മദ്യപിച്ചു വന്ന് നരേട്ടൻ തന്നെ കലഹങ്ങൾക്ക് തുടക്കമിട്ടു.

“പ്രേമനായിക ഏതു സ്വപ്നലോകത്താണോ വിഹരിക്കുന്നത്? ഈയുള്ളവനെ ഓർക്കുവാൻ അവിടത്തേയ്ക്ക് സമയമുണ്ടാകുമോ ആവോ?”

മദ്യലഹരിയിൽ കുഴഞ്ഞ വാക്കുകളുമായി ആടിയാടിയെത്തുന്ന നരേട്ടൻ പതിവു കാഴ്ചയായി. ഡൽഹി യൂണിവേഴ്സിറ്റിയിലെ ആ പ്രഗത്ഭനായ അധ്യാപകനിലുണ്ടായ മാറ്റങ്ങൾ പലർക്കും അംഗീകരിയ്ക്കാൻ കഴിയാതെയായി. ഞാൻ മൂലം പല ജീവിതങ്ങൾ നാശത്തിന്‍റെ പടുകുഴിയിൽ വീഴുന്നത് എനിയ്ക്കു കണ്ടു നിൽക്കേണ്ടി വന്നു. എന്‍റെ ഭർത്താവും, മക്കളുമാണെന്ന ഓർമ്മ എന്നെ തളർത്തി. അങ്ങനെ ആറേഴു വർഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ മക്കൾ വലുതാവുന്നത് ഞാനറിഞ്ഞില്ല. വളർന്നപ്പോൾ അവർ ഞങ്ങളിൽ നിന്ന് അകന്നു കൊണ്ടിരുന്നു. കൂട്ടുകാർ മാത്രമായി അവരുടെ ലോകം. പലപ്പോഴും രാത്രികാലങ്ങളിൽ വളരെ വൈകി മാത്രം അവർ വീട്ടിൽ മടങ്ങിയെത്തി. വൈകിയെത്തുന്ന രാഹുൽ മോനെക്കണ്ട് ഞാൻ ചോദ്യം ചെയ്‌തപ്പോൾ അവൻ എന്‍റെ നേരേ പൊട്ടിത്തെറിച്ചു.

“മൈൻഡ് യുവർ ഓൺ ബിസിനസ്… ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കിക്കോളാം. അല്ലെങ്കിൽ തന്നെ നിങ്ങൾക്കെന്താണ് അതിനുള്ള അർഹത? നിങ്ങൾക്ക് രണ്ടുപേർക്കും കലഹിക്കാനല്ലെ സമയമുള്ളൂ? ഞങ്ങളെ ശ്രദ്ധിക്കാൻ നിങ്ങൾക്കെവിടെ സമയം?”

ജീവിതം ആകെ മടുത്തു തുടങ്ങിയ ഒരു കൗമാരക്കാരന്‍റെ ധിക്കാരം നിറഞ്ഞ വാക്കുകളായിരുന്നു അവ. അവന്‍റെ കൊച്ചു മനസ്സ് ഞങ്ങൾക്കിടയിൽ വീർപ്പുമുട്ടിയിരുന്നത് എത്രയെന്ന് ആ വാക്കുകളിലൂടെ എനിക്കൂഹിക്കാൻ കഴിഞ്ഞു. എന്നാൽ കാര്യങ്ങൾ അപ്പോഴേയ്ക്കും എന്‍റെ നിയന്ത്രണം വിട്ട് അകന്നു പോയി കഴിഞ്ഞിരുന്നു. പരസ്പര ബന്ധമോ, അടുപ്പമോ ഇല്ലാതെ മൂന്നു നാലു ജീവിതങ്ങൾ ആ വലിയ വീട്ടിൽ മിണ്ടാട്ടമില്ലാതെ വീർപ്പുമുട്ടിക്കഴിഞ്ഞു കൂടി.

ഇതിനിടയിൽ കൃഷ്ണയും അവളുടേതായ ലോകം കണ്ടെത്തി. ഡാൻസ് ക്ലബ്ബുകളും, നൈറ്റ് പാർട്ടികളും, ഉന്നതരുടെ മക്കളുമായുള്ള സൗഹൃദങ്ങളും അവളെ വഴിതെറ്റിച്ചു കൊണ്ടിരുന്നു. ഡൽഹി എന്ന മഹാ നഗരത്തിന്‍റെ പുറം മോടിയ്ക്കകത്തെ ജീർണ്ണതയുടെ മറ്റൊരു മുഖം. അതു തങ്ങളുടെ മക്കളേയും ഗ്രസിക്കുന്നതു കണ്ടപ്പോൾ എനിക്ക് ഉണരാതിരിക്കാനായില്ല. മക്കളുടെ വഴിതെറ്റൽ നരേട്ടനും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം മദ്യപാനം നിർത്തി ഒരു നല്ല അച്ഛനാകുവാനുള്ള ശ്രമം തുടങ്ങി.

എന്നാൽ രാഹുൽ മോന്‍റെ വൈകിയെത്തുന്ന രാത്രികളിലെ അസ്വാഭാവിക ചലനങ്ങൾ നരേട്ടനിലെ അച്‌ഛനേയും എന്നിലെ അമ്മയേയും വല്ലാതെ ഞെട്ടിച്ചു. അവൻ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾക്കു ബോധ്യമായി. കുറ്റബോധം ഞങ്ങളിരുവരേയും വല്ലാതെ കാർന്നു തിന്നുവാൻ തുടങ്ങി. അതോടെ കലഹങ്ങൾക്കും സ്വാർത്ഥ ചിന്തകൾക്കും അവധി കൊടുത്ത് മക്കളുടെ കാര്യത്തിൽ ഞങ്ങൾ ജാഗരൂകരായി.

“നരേട്ടാ… നമ്മുടെ മക്കൾ നാം കാരണം നശിച്ചു കൊണ്ടിരിക്കുന്ന അവരെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമയല്ലേ നരേട്ടാ… ഞാൻ ചെയ്‌ത എല്ലാ തെറ്റുകൾക്കും മാപ്പു ചോദിക്കുന്നു.”

ആ കാലിൽ വീണ് മാപ്പപേക്ഷിക്കുമ്പോൾ നരേട്ടനും എല്ലാം ക്ഷമിക്കുവാൻ തയ്യാറായി എന്നിലെ കാമുകി അതോടെ മരിച്ചു വീണു. ഒരു പുതിയ ജീവിതത്തിന് തറക്കല്ലിടുമ്പോൾ മനസ്സ് ചക്രവാളങ്ങൾ തേടുകയായിരുന്നു. ആഘോഷങ്ങൾ ഞങ്ങളുടെ ജീവിതത്തിലും മടങ്ങി വന്നു.

സ്നേഹത്തിന്‍റെ മൃദു വചനങ്ങളുടെ നറുംപാൽ ആവോളം പകർന്നു നൽകിയപ്പോൾ മക്കൾ തങ്ങളുടെ ചീത്തക്കൂട്ടുകെട്ടുകളുപേക്ഷിച്ച് ഞങ്ങളുടെ വഴിയ്ക്ക് വന്നു. ജീവിതം വീണ്ടും ഓളങ്ങളില്ലാതെ ശാന്തമായൊഴുകുന്ന നദി പോലെയായിത്തീർന്നു.

കഴിഞ്ഞു പോയ ഭൂതകാലത്തിൽ ജീവിക്കുന്നതിനു പകരം വർത്തമാനകാലത്തിൽ ജീവിക്കുവാൻ ഞാൻ പഠിച്ചു. മക്കളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠാകുലയായ ഒരു സാധാരണ അമ്മയാകുവാൻ എനിക്കു കഴിഞ്ഞു. അക്കൊല്ലം രാഹുൽ മോന് മെഡിസിന് പ്രവേശനം കിട്ടി. അവന്‍റെ വഴിതെറ്റൽ മൂലം അവന്‍റെ പഠനവും ഇടയ്ക്ക് മോശമായിക്കൊണ്ടിരുന്നു.

അതുമൂലം എൻട്രൻസ് കിട്ടാതെ ഒന്നു രണ്ടു കൊല്ലം അവന് പാഴാകുകയും ചെയ്‌തു. എന്നാൽ പീന്നിട് സോഷ്യോളജിക്കു ചേർന്ന അവൻ അക്കൊല്ലം എൻട്രൻസ് പാസ്സായി, മെഡിസിന് അഡ്മിഷൻ നേടി.

ഇതിനിടയിൽ കൃഷ്ണയാകട്ടെ എൻജിനീയറിംഗ് ആണ് തെരഞ്ഞെടുത്തത്. മക്കൾ രണ്ടുപേരും ഉന്നതിയിലേയ്ക്കു കുതിയ്ക്കുന്നതു കണ്ട് നരേട്ടനും സന്തോഷിച്ചു. എന്നാൽ പെട്ടെന്നാണ് ആ അശനിപാതം ഞങ്ങളുടെ തലയ്ക്കുമേൽ വന്നു പതിച്ചത്. മെഡിസിന് മൂന്നാം വർഷം പഠിക്കുമ്പോൾ രാഹുൽമോന് ഒരു വയറുവേദനയിലാണ് തുടക്കം.

എല്ലാ ദിവസവും കോളേജിൽ പോയി മടങ്ങി വരുമ്പോൾ വയറുവേദന മൂലം അവൻ കട്ടിലിൽ കേറി കിടക്കുക പതിവായിരുന്നു. ആദ്യം അത് ആഹാരത്തിലെ അപാകതകളായിരിക്കും എന്നാണ് വിചാരിച്ചത്. അല്ലെങ്കിൽ ഗ്യാസിന്‍റേതാകുമെന്ന്. പലവിധ നാടൻ മരുന്നുകൾ പ്രയോഗിച്ചിട്ടും വേദന ശമിയ്ക്കാതെ വന്നപ്പോൾ അവൻ മെഡിക്കൽ കോളേജിൽ തന്‍റെ പ്രൊഫസറെ പോയിക്കണ്ടു.

അദ്ദേഹം നൽകിയ ചില മരുന്നുകൾ കഴിച്ചിട്ടും വേദന ശമിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം വിശദമായ ചില പരിശോധനകൾക്ക് വിധേയനായി. ഒടുവിൽ ആ സത്യം വെളിപ്പെട്ടു. രാഹുൽ മോന് സ്റ്റോമക്ക് ക്യാൻസർ ആണെന്ന സത്യം. അപ്പോഴേയ്ക്കും അസുഖം അതിന്‍റെ ഭീകരരൂപത്തിലെത്തിക്കഴിഞ്ഞിരുന്നു. വയറ്റിലെ എല്ലാ അവയവങ്ങളേയും ക്യാൻസർ ബാധിച്ചു കഴിഞ്ഞു.

“ഡോക്ടർ, എങ്ങിനെയെങ്കിലും എന്‍റെ മകനെ രക്ഷിക്കണം ഡോക്ടർ…” ഞാൻ ഡോക്ടറോട് കേണപേക്ഷിച്ചു.

“ഐ വിൽ ട്രൈ മൈ ബെസ്റ്റ്…”

“പ്രൊഫസർ, മീരാ നാരായണൻ ഞാൻ നിങ്ങളുടെ മകനെ രക്ഷിക്കാൻ എന്നാലാവുന്നതെല്ലാം ചെയ്യാം. അത്രമാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയുകയുള്ളൂ…” ഡോക്ടറുടെ വാക്കുകൾ എന്നിലെ മാതാവിന്‍റെ ആധി കൂട്ടിയതേയുള്ളൂ…”

.ലോകത്തിൽ എനിക്കുള്ള വിലപ്പെട്ടതെന്തു നൽകിയും രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ഞങ്ങൾ നടത്തിയത്. നരേട്ടൻ അവനു വേണ്ടി വിലപ്പെട്ട മരുന്നുകൾ വിദേശത്തു നിന്നും വരുത്തി. ഒടുവിൽ ക്യാൻസർ കിഡ്നിയെ ബാധിച്ചപ്പോൾ അവന്‍റെ കിഡ്നി രണ്ടും എടുത്തു കളയേണ്ടി വന്നു. അപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം അവനു മാച്ചു ചെയ്യുന്ന ഒരു കിഡ്നിയ്ക്കു വേണ്ടിയുള്ള അന്വേഷണമായി. ഒടുവിൽ അത് എന്‍റേതു മാത്രമാണെന്ന കണ്ടെത്തലിൽ അവന് എന്‍റെ ഒരു കിഡ്നി നൽകി അവന്‍റെ ജീവൻ രക്ഷിക്കുവാനുള്ള ശ്രമമാരംഭിച്ചു. ഒരിയ്ക്കൽ രാഹുൽ മോൻ എന്‍റെ കാലുകളിൽ വീണുപേക്ഷിച്ചു.

“മമ്മീ… പ്ലീസ് എന്നെ എങ്ങിനെയെങ്കിലും രക്ഷിക്കണം. എനിക്ക് ജീവിച്ച് മതിയായിട്ടില്ല മമ്മീ…”

“നീ വിഷമിയ്ക്കരുത് രാഹുൽ… മമ്മിയുടെ ജീവൻ നൽകിയിട്ടായാലും മമ്മി മോനെ രക്ഷിക്കും…” ഞാനവനെ മാറോടു ചേർത്തു സമാശ്വസിപ്പിച്ചു. അന്ന് എന്‍റെ കിഡ്നികളിലൊന്ന് അവനു നൽകി അവനെ തൽക്കാലത്തേയ്ക്ക് രക്ഷിക്കാൻ എനിക്കു കഴിഞ്ഞു. മരുന്നുകളുടേയും വേദന സംഹാരികളുടേയും ലോകത്തായിരുന്നുവെങ്കിലും അവനന്ന് സന്തോഷവാനായിരുന്നു.

“മമ്മീ…. എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. ഞാൻ വിചാരിച്ചത് മമ്മി സ്വന്തം കാര്യങ്ങളിലും നഷ്ടങ്ങളിലും മുഴുകി ഇപ്പോഴും ഞങ്ങളെയും പപ്പയെയും മറന്നു കഴിയുന്നുവെന്നാണ്. സോറി മമ്മീ… ഞാൻ മമ്മിയെ അതിന്‍റെ പേരിൽ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്…”

അവന്‍റെ കുറ്റസമ്മതം എന്‍റെ നെഞ്ചിനു നേർക്കുള്ള കൂരമ്പായിരുന്നു. ഭൂതകാലത്തിൽ മാത്രം സ്വയം മറന്ന് ജീവിച്ചതിനുള്ള ശിക്ഷ എന്‍റെ മകനായിട്ട് എനിക്കു നേടിത്തന്നിരിക്കുന്നു. അവന്‍റെ വാക്കുകളിലൂടെ ഞാനെത്രമാത്രം സ്വാർത്ഥയായിരുന്നുവെന്ന് അന്നാദ്യമായി ഞാനറിഞ്ഞു. പിന്നീടൊരിക്കലും സ്വന്തം ദുഃഖത്തിൽ മുഴുകി ഞാനവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.

നരേട്ടന്‍റെയും കൃഷ്ണമോളുടേയും രാഹുലിന്‍റെയും കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. എന്നാൽ കൃഷ്ണമോളാകാട്ടെ എന്നെപ്പോലെ ഒരു പ്രണയത്തിൽ കുടുങ്ങി കഴിഞ്ഞിരുന്നു. ഒരു ഉത്തരേന്ത്യക്കാരനോടാണ് അവൾക്ക് പ്രേമമെന്നറിഞ്ഞ് നരേട്ടൻ അവളെ വിലക്കി. എന്നാൽ അതിനെ തടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“അരുത് നരേട്ടാ… എന്നെപ്പോലെ അവളും മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ജീവിക്കാനിടവരരുത്. ഈ വിവാഹം നമ്മൾ നടത്തിക്കൊടുക്കണം…”

“ശരി മീരാ… നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെ… അല്ലെങ്കിൽ എന്നെപ്പോലെ ജീവിതം മുഴുവൻ വിലപിക്കാൻ വിധിക്കപ്പെട്ട മറ്റൊരാളുണ്ടാകും.” അങ്ങിനെ കൃഷ്ണമോളുടെ വിവാഹം നടന്നു. അധികം താമസിയാതെ ബാംഗ്ലൂരിൽ അവൾ വർക്കു ചെയ്യുന്ന ഐടി കമ്പനിയ്ക്കടുത്തു തന്നെ ഫ്ളാറ്റു വാങ്ങി അവളും ഭർത്താവും അവിടെ സ്‌ഥിരതാമസമാക്കി. രാഹുൽ മോൻ അസുഖബാധിതനായി കഴിഞ്ഞ ഒരു വർഷത്തോളം ഞങ്ങളുടെ ജീവിതം ആരവങ്ങളില്ലാത്ത ഉത്സവപ്പറമ്പു പോലെയാണ് കടന്നു പോയത്. എന്നാലിപ്പോൾ താനും, നരേട്ടനും രാഹുൽമോനും പരസ്പരം സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു. പെട്ടെന്നാണ് വിധി ഒരു മദയാനയെപ്പോലെ അഴിഞ്ഞാടി ഞങ്ങളെ പ്രഹരിക്കാൻ തുടങ്ങിയത്.

രാഹുൽ മോൻ അസുഖം കൂടി വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റായി. അതിനുമുമ്പ് അസുഖം കുറഞ്ഞപ്പോൾ അവൻ പഠനത്തിൽ അതിസമർത്ഥനായി മുന്നോട്ടു പോവുകയായിരുന്നു. അപ്പോൾ അവന്‍റെ സ്വപ്നങ്ങൾക്ക് ചിറകു വച്ചതു പോലെ അവൻ പഠനത്തിൽ മുഴുകി. ഒരുനാൾ അവൻ എന്നോടു പറഞ്ഞു.

“മമ്മീ… മമ്മീ നോക്കിക്കോളൂ… ഞാൻ മെഡിസിൻ സ്വർണ്ണമെഡലോടെ പാസ്സാകും. എന്നിട്ട് പാവങ്ങളുടേയും ദുഃഖിതരുടേയും നിരാലംബരുടേയും കണ്ണീരൊപ്പുന്ന ഒരു നല്ല ഡോക്ടറാകും…”

അവന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്നാൽ വിധി അടുത്ത പ്രഹരവുമായി ഞങ്ങളുടെ വീട്ടു പടിയ്ക്കൽ കാത്തുനില്ക്കുന്നത് ഞങ്ങളറിഞ്ഞില്ല. ക്യാൻസർ അവന്‍റെ വയറിനുള്ളിലെ മിക്ക അവയവങ്ങളേയും കാർന്നു തിന്നു കഴിഞ്ഞിരുന്നു.

ഒടുവിൽ ഫൈനൽ ഇയർ അവൻ മെഡിക്കൽ കോളേജിൽ വച്ച് ബോധരഹിതനായി തളർന്നു വീഴുന്നതു വരെയും ക്യാൻസർ ശക്തമായി അതിന്‍റെ ആക്രമണം തുടർന്നു. അവനെ രക്ഷിക്കുവാൻ അവന്‍റെ പ്രൊഫസന്മാരും കൂട്ടുകാരും ഞങ്ങളും നടത്തിയ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി കൊണ്ട് ഒരു നാൾ മരണം വന്ന് അവനെ കൂട്ടിക്കൊണ്ടു പോയി. ശാപമേറ്റെന്ന പോലെ ദുഃഖശിലകളായി നില കൊള്ളാനേ എനിക്കും നരേട്ടനും കഴിഞ്ഞുള്ളൂ.

അവന്‍റെ വേർപാട് തളർത്തിയ ആഘാതം നരേട്ടനേയും ഒരു രോഗിയാക്കിത്തീർക്കുകയായിരുന്നു. വിധിയുടെ ആഘാതത്തിൽ ദുർബലമായിത്തീർന്ന ഒരു ഹൃദയവുമായി നരേട്ടൻ എന്നോടൊപ്പം ജീവിച്ചു.

ഒരിക്കൽ കോളേജിൽ വച്ച് തലചുറ്റി വീണ നരേട്ടനെ ഞാനും വിദ്യാർത്ഥികളും ചേർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തു.

ഒരു ബൈപ്പാസ് ഓപ്പറേഷനു മാത്രമേ പ്രൊഫ. വിഷ്ണുനാരായണനെ രക്ഷിക്കാനാവുകയുള്ളൂ. ഡോക്ടർമാർ വിധിയെഴുതി. എന്നാൽ അപ്പോഴേയ്ക്കും സാമ്പത്തികമായി ഞങ്ങൾ ഏതാണ്ട് തകർന്നു തുടങ്ങിയിരുന്നു. രാഹുലിന്‍റെ ചികിത്സാച്ചെലവ് അത്രയ്ക്കേറെയായിരുന്നു. അവനെ എങ്ങിനെയും രക്ഷിച്ചെടുക്കുവാനുള്ള വെപ്രാളത്തിൽ പണം വാരിയെറിയുകയായിരുന്നുവല്ലോ ഞങ്ങൾ…

ഹോസ്പിറ്റലിൽ വച്ച് നരേട്ടൻ എന്നോടു പറഞ്ഞു.

“നീ എന്നെ രക്ഷിക്കുവാൻ വേണ്ടി പണം ചെലവാക്കേണ്ട. ഞാൻ മരിച്ചു പോവുകയേ ഉള്ളൂ..”

നരേട്ടൻ അങ്ങിനെ പറയരുത്. എനിക്ക് നരേട്ടനല്ലാതെ മറ്റാരാണുള്ളത്.

“ഞാൻ മരിച്ചാൽ നീ ഒറ്റയ്ക്കാകും, അങ്ങിനെ ഏകാന്തതയിൽ നീ വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നീ ഫഹദിനെ കണ്ടെത്തി അയാളെ സ്വീകരിക്കണം.”

നരേട്ടന്‍റെ വാക്കുകൾ എന്നിൽ നടുക്കമാണുളവാക്കിയത്. ഫഹദിനെ ഞാൻ മറന്നു തുടങ്ങിയിരുന്നു. പൂർണ്ണമായും മറക്കുവാൻ ശ്രമിച്ചുകൊണ്ടുമിരുന്നു.

“ഫഹദിന്‍റെ ശാപം മൂലമായിരിക്കാം നമുക്ക് നല്ലൊരു ജീവിതം കിട്ടാതിരുന്നത്. അയാളുടെ മനസ്സിപ്പോഴും നിന്നെയോർത്ത് നൊമ്പരപ്പെടുന്നുണ്ടാവാം” നരേട്ടൻ പറഞ്ഞു.

“അരുത് നരേട്ടാ… അങ്ങിനെ പറയരുത്. ഇനിയും എനിക്കതൊന്നും ഓർക്കാൻ ഇഷ്ടമില്ല. അല്ലെങ്കിൽ തന്നെ ഫഹദ്സാറിപ്പോൾ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാകും. അങ്ങിനെ ഓർക്കുന്നതാണ് എനിക്കിഷ്ടം.”

നരേട്ടന്‍റെ വായ് പൊത്തിക്കൊണ്ടു ഞാൻ പറഞ്ഞു. പക്ഷേ എന്‍റെ മനസ്സപ്പോൾ യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടാൻ വെമ്പുകയായിരുന്നു. ഞാനിപ്പോഴും ഫഹദ് സാറിനെ ആഗ്രഹിക്കുന്നു എന്ന് നരേട്ടനോട് തുറന്നു സമ്മതിക്കുന്നതെങ്ങിനെ?

എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും അറിയാതെ വെളിപ്പെട്ടു പോകുന്ന ഒരു സത്യം. നരേട്ടനും അതറിയാമായിരുന്നു. അതാണ് ആ വാക്കുകളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്.

നരേട്ടന്‍റെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തുവാൻ ഞാൻ തലപുകഞ്ഞാലോചിച്ചു. ആരോടാണ് ഒരൽപം പണം കടം ചോദിക്കുക? മായയോടും, മഞ്ജുവിനോടും നരേട്ടന്‍റെ അവസ്‌ഥ വിവരിച്ച് ഞാൻ തുറന്ന കത്തെഴുതി. വളരെക്കാലത്തിനു ശേഷം എന്‍റെ കത്തു കിട്ടിയപ്പോൾ അവർക്കും സന്തോഷമായി.

“ചേച്ചി… ചേച്ചിയുടെ അവസ്‌ഥ ഞങ്ങളെ ദുഃഖിപ്പിക്കുന്നുണ്ട്. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഞങ്ങളൊരുക്കമാണ്. പക്ഷേ ആ പണം ചേച്ചിയുടെ ആവശ്യങ്ങൾക്ക് തികഞ്ഞില്ലെന്നു വരും. എങ്കിലും ഞങ്ങളുടെ കൈയ്യിലുള്ളത് ഞങ്ങളയയ്ക്കുന്നു.” അവർ നീട്ടിയ സഹായ ഹസ്തം ആശ്വാസപ്രദമായിരുന്നുവെങ്കിലും നരേട്ടന്‍റെ ബൈപ്പാസ് ശസ്ത്രക്രിയ നടത്താനുള്ള കൂടുതൽ പണത്തിനായി എന്‍റെ നാട്ടിലുള്ള പ്രോപ്പർട്ടി വിൽക്കുവാൻ തീരുമാനിച്ച് ഞാൻ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. അപ്പോഴേയ്ക്കും അച്‌ഛൻ ഈ ലോകത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. എന്നെ കണ്ടപ്പോൾ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടു പറഞ്ഞു.

“അച്‌ഛൻ മരിക്കും മുമ്പ് നിന്നെ ഓർത്തു കരഞ്ഞു. അന്ത്യകാലത്ത് നിന്നോടു ചെയ്‌ത തെറ്റിന്‍റെ വലുപ്പം അദ്ദേഹം മനസ്സിലാക്കിയിരുന്നു കുഞ്ഞെ. നിന്നെ കാണുകയാണെങ്കിൽ നിന്നെ വേദനിപ്പിച്ചതിന് അച്‌ഛൻ മാപ്പു ചോദിച്ചതായി പറയണം എന്നു പറഞ്ഞു.”

അമ്മയുടെ വാക്കുകൾ എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കാനെ ഉപകരിച്ചുള്ളൂ. ഉള്ളിലെ പുണ്ണിൽ ആരോ കത്തികൊണ്ടു കുത്തും പോലെ…

നരേട്ടന്‍റെ വാക്കുകളും ഇപ്പോൾ അമ്മയുടെ വാക്കുകളും ഉള്ളിലെ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കി. ഫഹദ് സാറിനെ വീണ്ടും ഒരിക്കൽ കൂടി കാണുവാനുള്ള മോഹം ഉള്ളിൽ കനത്തു. പക്ഷേ അമ്മയെ സമാശ്വസിപ്പിക്കാനായി ഞാൻ പറഞ്ഞു.

“ഞാൻ പഴയതെല്ലാം ഇപ്പോൾ മറന്നു കഴിഞ്ഞു അമ്മേ… ഫഹദ്സാർ ഇപ്പോൾ എന്‍റെ മനസ്സിലില്ല. നരേട്ടനോടൊപ്പം ജീവിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ അച്‌ഛനു മാപ്പു കൊടുത്തു കഴിഞ്ഞിരുന്നു.

നരേട്ടൻ അത്ര വലിയ മനസ്സാണ് എനിക്കു പകർന്നു നൽകിയത്. അദ്ദേഹം എല്ലാമറിഞ്ഞു കൊണ്ടാണ് എന്നെ വിവാഹം ചെയ്‌തത്. എന്നിട്ടും എല്ലാം ക്ഷമിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇടയ്ക്കു പലപ്പോഴും ഫഹദ് സാറിന്‍റെ ഓർമ്മയിൽ, നരേട്ടനെ വേദനിപ്പിച്ചിട്ടുള്ളത് ഞാനാണമ്മേ…”

“എന്‍റെ കുഞ്ഞെ… ആ ഫഹദ്സാർ ഒരു ഭ്രാന്തനെപ്പോലെ നിന്നെത്തേടി അലയുകയാണെന്ന് ഇടയ്ക്കാരോ പറഞ്ഞു കേട്ടു. നിന്നെ അന്വേഷിച്ചയാൾ ഡൽഹിയിലുമെത്തിയത്രേ…”

അദ്ദേഹത്തിനെ ഞാൻ കണ്ടു എന്നു പറയുവാൻ ഭാവിച്ചുവെങ്കിലും പിന്നെ അതു വേണ്ടെന്നു വച്ചു. ആ കൂടിക്കാഴ്ചയാണല്ലോ ഒരിയ്ക്കൽ എന്‍റെ മനസ്സു തകർത്തത്. അത് ഒരിക്കൽ എന്‍റെ നരേട്ടന്‍റേയും മക്കളുടേയും തകർച്ച കൂടിയായി. അതിൽ നിന്നും ഉയിർത്തേഴുന്നേറ്റ ഞാൻ ഇനി ഒരിക്കലും അതൊന്നും ഓർക്കുകയില്ലെന്ന് ശപഥം ചെയ്‌തതാണ്. രാഹുലിനും അതൊന്നും ഇഷ്ടമില്ലായിരുന്നുവല്ലോ.

ഒടുവിൽ അവനും എന്നെ വേദനിപ്പിച്ചു കൊണ്ട് കടന്നു പോയി. ഇന്നിപ്പോൾ നരേട്ടനും എന്നെ വിട്ടകലാൻ തുടങ്ങുന്നു. ഇന്നോർക്കുമ്പോൾ നരേട്ടൻ പറഞ്ഞതു പോലെ എന്നെ ഓർത്തു വേദനിച്ച ആ ഹൃദയത്തിന്‍റെ ശാപം, എന്നെയും കുടുംബത്തെയും പിന്തുടരുകയായിരുന്നുവോ?

അമ്മ തുടർന്നു പറഞ്ഞു കൊണ്ടിരുന്നു. “അയാൾ പിന്നീട് നാട്ടിൽ തിരിച്ചെത്തിയെന്നും ആരൊക്കെയോ കൂടി ചികിത്സിച്ച് അസുഖം മാറ്റിയെന്നു, ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വേറെ വിവാഹം കഴിച്ചെന്നുമൊക്കെ കേട്ടു.”

അമ്മയുടെ തുടർന്നുള്ള വാക്കുകൾ കേൾക്കാൻ ഞാൻ അശക്തയായിരുന്നു. അപ്പോൾ ഫഹദ് സാർ മറ്റൊരു വിവാഹം കഴിച്ചെന്നോ? ആ അറിവ് എനിക്കു പുതിയതായിരുന്നു. അങ്ങിനെ അദ്ദേഹം എന്നെ മറന്നു കാണുമോ?

മനസ്സിനുള്ളിൽ അറിയാതെ രൂപം കൊണ്ട പിടച്ചിൽ അവൾ അമ്മ കാണാതെ മറച്ചു വച്ചു. പക്ഷേ അടുത്ത നിമിഷം സ്വയം സമാശ്വസിച്ചു. അദ്ദേഹം ഭ്രാന്തനായി അലഞ്ഞു തിരിയുന്നു എന്നു കേൾക്കുന്നതിനെക്കാൾ നല്ലത് ഈ വാർത്തയാണല്ലോ.

അദ്ദേഹം എന്നെ മറന്ന് സന്തോഷമായിരിക്കട്ടെ. അല്ലെങ്കിൽ തന്നെ ശാപം കിട്ടിയതു പോലെ ഈ ജന്മം ജീവിച്ചു തീരാൻ വിധിക്കപ്പെട്ട ഞാൻ, ആ ഓർമ്മകളിൽ പോലും ഉണ്ടാവാൻ പാടില്ല. എന്‍റെ നിഴൽ പോലും ആ ജീവിതത്തെ തകർത്തു കളയും.

മിഴികളിൽ ഉരുണ്ടു കൂടിയ കണ്ണീർക്കണങ്ങൾ അമ്മ കാണാതെ തുടച്ചു കൊണ്ട് പറഞ്ഞു.

“അമ്മേ ഞാനിപ്പോൾ വന്നത് നരേട്ടന്‍റെ ജീവൻ രക്ഷിക്കാനുള്ള അൽപം പണത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന് ഒരു ബൈപ്പാസ് വേണ്ടി വന്നേക്കും. അതിനുവേണ്ടി എന്‍റെ പേരിൽ ഇവിടെയുള്ള പ്രോപ്പർട്ടി വിൽക്കുവാനാണ് ഞാൻ വന്നത്.

“അച്‌ഛൻ നിങ്ങളുടെ ഓരോരുത്തരുടേയും പേരിൽ എല്ലാ സ്വത്തുക്കളും എഴുതിവച്ചിട്ടാണ് മരിച്ചത്. ആയ കാലത്ത് അദ്ദേഹം ധാരാളം സമ്പാദിച്ചു. അതുകൊണ്ട് പണത്തിന് ഒരു കുറവും ഉണ്ടായില്ല. പക്ഷേ മനഃസമാധാനം അതുമാത്രം അദ്ദേഹത്തിന് ലഭിച്ചില്ല. നിന്നോടു ചെയ്‌ത തെറ്റുകളോർത്ത് പശ്ചാത്തപിക്കാനേ അദ്ദേഹത്തിന് നേരമുണ്ടായിരുന്നുള്ളൂ.”

അമ്മ അതു പറഞ്ഞു കരയാൻ തുടങ്ങി.“ അതുകഴിഞ്ഞ് മഞ്ജുവിനും മായയ്ക്കും അവർക്കിഷ്ടപ്പെട്ടവരെത്തന്നെ അച്‌ഛൻ വിവാഹം കഴിച്ചു കൊടുത്തു. ഇന്നിപ്പോൾ അവരെല്ലാം സുഖമായി കഴിയുന്നു.” കരച്ചിലിനിടയിൽ അമ്മ പറഞ്ഞു നിർത്തി. അപ്പോൾ ഞാൻ ചിന്തിയ്ക്കുകയായിരുന്നു.

വളരെക്കാലമായി വീട്ടിലെ വിശേഷങ്ങൾ ഞാൻ അറിയാറില്ലായിരുന്നു. അച്‌ഛൻ മരിച്ചപ്പോൾ പോലും വരാൻ കഴിഞ്ഞില്ല. അന്നൊക്കെ ഫഹദ്സാറിനെ ഒരു ഭ്രാന്തനെപ്പോലെ കണ്ട് തകർന്ന മനസ്സുമായി ഞാൻ കഴിയുകയായിരുന്നുവല്ലോ.

മഞ്ജുവിന്‍റേയും മായയുടെയും കല്യാണത്തിനും എനിക്കെത്താൻ കഴിഞ്ഞില്ല. അതിനുശേഷം രാഹുൽമോന്‍റെ മരണവും നീണ്ടകാലത്തേയ്ക്ക് എന്നെ എല്ലാവരിൽ നിന്നുമകറ്റി നിർത്തി.

“മഞ്ജുവും മായയും ഇപ്പോൾ എങ്ങിനെയിരിക്കുന്നു അമ്മേ? പ്രസവം കഴിഞ്ഞ് അവർ രണ്ടുപേരും തടിവച്ചോ?” ഞാൻ താൽപ്പര്യപൂർവ്വം അന്വേഷിച്ചു.

“വിവാഹം കഴിഞ്ഞ് രണ്ടുപേർക്കും ഈ രണ്ടു കുട്ടികൾ വീതം ഉണ്ടായതുമെല്ലാം അവർ എനിക്കെഴുതിയിരുന്നു. ആ കുട്ടികളും ഇപ്പോൾ മുതിർന്നു കാണുമല്ലോ.” ഞാൻ താൽപര്യപൂർവ്വം അന്വേഷിച്ചു.

എന്‍റെ ചോദ്യം കേട്ട് അമ്മ പരിഭവത്തോടെ പറഞ്ഞു തുടങ്ങി. “അവരുടെ കല്യാണത്തിന് നിന്നെ വിളിച്ചിട്ട് വന്നില്ലല്ലോ. അതാണ് അച്ഛനെ കൂടുതൽ അലട്ടിയത്. നീ അച്ഛനോട് ക്ഷമിച്ചിട്ടില്ലെന്ന് അച്‌ഛൻ കരുതി. അവരുടെ വിവാഹം കഴിഞ്ഞയുടൻ തന്നെ അദ്ദേഹം കിടപ്പിലുമായി.”

അമ്മ കണ്ണുനീർ വാർത്തു കൊണ്ടിരുന്നു. ഞാൻ കാരണം എന്‍റെ അച്‌ഛൻ. അമ്മയുടെ വാക്കുകളിൽ കുറ്റപ്പെടുത്തലിന്‍റെ സ്വരമുണ്ടായിരുന്നു. അച്‌ഛന്‍റെ മരണത്തിനുത്തരവാദി ഞാനാണെന്ന അർത്ഥത്തിൽ അന്നത്തെ അപ്പോഴത്തെ അവസ്‌ഥയെക്കുറിച്ച് അമ്മയെ അറിയിക്കണമെന്നു തോന്നി.

“ഞാൻ …ഞാൻ മനഃപൂർവ്വമല്ല അമ്മേ വരാതിരുന്നത്. ഫഹദ്സാറിനെ ഞാൻ ഡൽഹിയിൽ വച്ച് കണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ. അതോടെ എന്‍റെ മനോനില തെറ്റിയെന്നു പറയാം. ഞാനും ഭ്രാന്തിന്‍റെ വക്കത്തെത്തിയിരുന്നു. പിന്നീടെന്നും നരേട്ടനുമായി സ്വരച്ചേർച്ചയില്ലാത്ത ദിനങ്ങളായിരുന്നു.

ഭ്രാന്തെടുത്ത എന്‍റെ മനസ്സ് എല്ലാറ്റിനോടും കലഹിച്ചു കൊണ്ടിരുന്നു. കുട്ടികളെപ്പോലും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ആ അവസ്‌ഥയിൽ ഞാനെങ്ങനെ നാട്ടിൽ വന്ന് ഒരു വിവാഹത്തിൽ പങ്കുകൊള്ളുമമ്മേ… അതിനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല ഞാൻ. അതു കൊണ്ടാണ് വരാതിരുന്നത്. അല്ലാതെ അച്‌ഛനെ വെറുത്തിട്ടല്ല.

ഒടുവിൽ പറഞ്ഞത് ഒരു കളവായിരുന്നുവെന്ന് എനിക്കു തന്നെ അറിയാമായിരുന്നു. സത്യത്തിൽ ആ ദിനങ്ങളിൽ അച്‌ഛനെ ഞാൻ കഠിനമായി വെറുക്കുകയായിരുന്നു. എല്ലാത്തിനും കാരണക്കാരൻ അച്ഛനായിരുന്നുവല്ലോ. ഒടുവിൽ അമ്മ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു.

“എനിക്കറിയാം മീരമോളെ നിന്‍റെ മാനസിക പ്രയാസങ്ങൾ എന്തായിരുന്നുവെന്ന്. ഒരിക്കൽ നീ അതറിയ്ക്കാൻ എന്‍റെടുത്ത് വന്നിരുന്നല്ലോ. ഒരു തരത്തിൽ പറഞ്ഞാൽ നിന്‍റെ അച്‌ഛൻ നിന്നോട് കഠിനമായ തെറ്റാണ് ചെയ്‌തത്. ഫഹദ്സാറിനൊടൊപ്പം ഒളിച്ചോടിപ്പോയ നിന്നെ അങ്ങിനെതന്നെ ജീവിക്കാൻ വിടണമായിരുന്നു. പക്ഷേ നിന്‍റെ ഭാവിയോർത്ത് നിന്‍റെ അച്‌ഛൻ ഉൽകണ്ഠാകുലനായിരുന്നു. അതാണദ്ദേഹം അന്നങ്ങിനെയൊക്കെ ചെയ്‌തത്.”

“ശരിയാണമ്മേ, എന്‍റെ അച്‌ഛൻ തെറ്റുകാരനല്ലായിരുന്നുവെന്ന് എനിക്കിപ്പോളറിയാം. മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് ഉൽകണ്ഠാകുലനാകുന്ന ഏതൊരച്ഛനും ചെയ്യുന്നതേ എന്‍റെയച്ഛനും ചെയ്‌തുള്ളൂ. അതു മനസ്സിലാക്കാൻ എനിക്കും രാഹുലും കൃഷ്ണയും വളരേണ്ടി വന്നു. അവർ തെറ്റു ചെയ്‌തപ്പോൾ, അവരെ തിരുത്താൻ ശ്രമിച്ചപ്പോഴൊക്കെ എന്‍റെ അച്‌ഛനെ ഞാൻ മനസ്സിൽ കണ്ടു.”

അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. എന്‍റെ പ്രോപ്പർട്ടി വിറ്റു കിട്ടിയ പണവുമായി ഞാൻ മടങ്ങി പോരുമ്പോൾ അമ്മയെക്കൂടെ കൂട്ടിയിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്‌ഥ പിടിക്കാതെ അധികനാൾ കഴിയും മുമ്പ് അമ്മ കേരളത്തിലേയ്ക്ക് തിരിച്ചു പോന്നു.

എന്‍റേയും നരേട്ടന്‍റെയും  ദുഃഖനിമഗ്നമായ മാനസികാവസ്‌ഥ കണ്ടു നിൽക്കാനാവില്ലെന്ന് അമ്മ ഇടയ്ക്കു പറയുകയും ചെയ്‌തിരുന്നു. പിന്നെ ബാംഗ്ലൂരിൽ മഞ്ജുവിന്‍റേയും മായയുടെയും കൂടെയാണ് അമ്മ എന്ന് ഞാനറിഞ്ഞു.

ഡൽഹിയിൽ തിരിച്ചെത്തിയ ഉടനെ നരേട്ടന്‍റെ ബൈപ്പാസ് ഓപ്പറേഷനു വേണ്ടുന്ന ഏർപ്പാടുകൾ ഞാൻ ചെയ്‌തു. എന്നാൽ നരേട്ടൻ അപ്പോഴേയ്ക്കു മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നു. രാഹുൽ മോന്‍റെ വേർപാട് അദ്ദേഹത്തെ ആകെ തളർത്തിയിരുന്നു. ഇടയ്ക്കെല്ലാം രാഹുൽ മോനെ ഓർത്ത് അദ്ദേഹം വിങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.

“എന്‍റെ മോൻ… എന്‍റെ മോൻ എത്ര മിടുക്കനായിരുന്നുവെന്ന് നിനക്കറിയുമോ മീരാ. അവൻ വലിയൊരു ഡോക്ടറായിത്തീർന്നേനെ.” അദ്ദേഹം എന്‍റെ മുമ്പിൽ പലപ്പോഴും വിങ്ങിപ്പൊട്ടി.

“അവൻ നിന്നെയും എന്നേയും വളരെയേറെ സ്നേഹിച്ചിരുന്നു. പാവം എന്‍റെ കുട്ടി. പലപ്പോഴും ആ സ്നേഹം തിരിച്ചു കിട്ടാതെ അവൻ വല്ലാതെ വീർപ്പുമുട്ടിയിരുന്നു. നമ്മൾ… നമ്മൾ അവനോട് വല്ലാത്ത തെറ്റാണ് ചെയ്‌തു കൊണ്ടിരുന്നത് മീരാ. ഒരു പക്ഷേ അവനെ രോഗിയാക്കിത്തീർത്തതും ആ വീർപ്പുമുട്ടലായിരിക്കാം.”

നരേട്ടന്‍റെ വാക്കുകൾ എന്നെയും കരയിച്ചു. ഒരമ്മയെന്ന നിലയിൽ താനവനോട് വലിയ തെറ്റാണ് ചെയ്‌തു കൊണ്ടിരുന്നത്. അച്‌ഛനമ്മമാരുടെ സ്നേഹം കിട്ടാതെ അവഗണിക്കപ്പെട്ട അവന്‍റെ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിച്ചിരിക്കാം. നരേട്ടനും താനും പിന്നീടാ തെറ്റുകൾ തിരുത്തിയെങ്കിലും അപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു. ഞങ്ങളുടെ സ്നേഹം ആവോളം നുകരാൻ കഴിയാതെ അവന് ജീവിതത്തിൽ നിന്നു തന്നെ പടിയിറങ്ങിപ്പോകേണ്ടി വന്നു.

മാപ്പ്… മകനെ മാപ്പ്… എന്‍റേയും, നരേട്ടന്‍റെയും മനസ്സുകൾ അവനോട് മാപ്പപേക്ഷിച്ചു കൊണ്ടിരുന്നു.

അതുകേട്ട് ദൂരെ ഏതോ ലോകത്ത് ഒരു മാലാഖയെപ്പോലെ അവൻ ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടാവും. അവന്‍റെ കൊച്ചുമനസ്സ് ഞങ്ങളോട് ക്ഷമിച്ചിരിക്കാം. ഞാൻ വിചാരിച്ചു.

നരേട്ടന്‍റെ ബൈപ്പാസിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഡോക്ടർ അതു എന്നെ അറിയിച്ചത്.

“ഹി ഈസ് സോ വീക്ക് ഇൻ മെന്‍റലി ആന്‍റ് ഫിസിക്കലി മിസ്സിസ് മീരാ നാരായണൻ അതുകൊണ്ട് ഈ ഓപ്പറേഷൻ ഇപ്പോൾ നടത്തുന്നത് എത്രത്തോളം വിജയപ്രദമാകുമെന്നനിക്കറിയില്ല. നിങ്ങൾ അദ്ദേഹത്തെ മാനസികമായി അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തണം. അത്തരം ഓർമ്മകൾ ഉണരാതെ നോക്കണം.”

ഡോക്ടറുടെ വാക്കുകൾ ഞാൻ ഗൗരവപൂർവ്വം എടുത്തു. അദ്ദേഹത്തിന്‍റെ സ്‌ഥിതി എത്രത്തോളം സീരിയസാണെന്ന് ഡോക്ടർ എന്നെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. അതിനെത്തുടർന്ന് രാഹുൽമോന്‍റെ ചിന്ത അദ്ദേഹത്തിൽ ഉണരുമ്പോഴെല്ലാം ഞാനതിനെ ആട്ടിയകറ്റുന്ന രീതിയിൽ മറ്റു വല്ലതും പറഞ്ഞു കൊണ്ടിരുന്നു.

അദ്ദേഹത്തിന്‍റെ ചിന്തയെ വഴിതിരിച്ചു വിടുന്ന രീതിയിൽ തമാശകൾ പറഞ്ഞും, നല്ല നല്ല പാട്ടുകൾ പാടിയും ആദ്ധ്യാത്മിക കഥകൾ വായിച്ചും അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യ കാര്യങ്ങളിൽ  കൂടുതൽ ശ്രദ്ധിച്ചു.

എന്‍റെ സ്നേഹവും കരുതലും ആ ഹൃദയത്തെ സ്പർശിച്ചു. അതദ്ദേഹത്തിന്‍റെ ആരോഗ്യ നില ഉയർത്തി. ഒരുപക്ഷേ എന്‍റെ ഈ സ്നേഹ പരിലാളനകൾക്കു വേണ്ടിയാണല്ലോ അദ്ദേഹം ഇത്രകാലവും കാത്തിരുന്നത് എന്ന് ഞാനോർത്തു.

എന്‍റെ ഹൃദയം മുഴുവനായി അദ്ദേഹത്തിന്‍റെ മുന്നിൽ സമർപ്പിക്കപ്പെടുന്നതിനു വേണ്ടി ഇത്രകാലവും അദ്ദേഹം തപസ്സു ചെയ്യുകയായിരുന്നവല്ലോ. എന്‍റെ സ്നേഹം അപൂർണ്ണമാണെന്ന തോന്നൽ പലപ്പോഴും അദ്ദേഹത്തെ നിരാശനാക്കിയിരുന്നു.

ജീവിതത്തോടുള്ള വിരക്‌തിയായി അതു മാറുകയും ചെയ്‌തു. ഒരു പക്ഷേ മരണത്തെ പുൽകുവാനുള്ള ആഗ്രഹമായി അതു വളർന്നു കഴിഞ്ഞിരുന്നുവോ?. ജീവിതത്തിന് അർത്ഥം നൽകുന്നതെന്താണ്? കരുണയോ, സ്നേഹമോ, ത്യാഗമോ ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്.

ഒരു പക്ഷേ ഇതു മൂന്നും കൂടിച്ചേർന്നാലേ ജീവിതം പൂർണ്ണമാവുകയുള്ളൂ എന്നു തോന്നി. സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ മൂർത്തീകരണമാണ് ഫഹദ് സാർ. എന്നിട്ടും ആ ജീവിതമെന്തേ അപൂർണ്ണമായിത്തുടരുന്നു തന്‍റെ സുഖസന്തോഷങ്ങൾക്കു വേണ്ടി അദ്ദേഹം സ്വയം മറഞ്ഞു നിൽക്കുകയായിരുന്നില്ലേ?

എന്‍റെ മുന്നിൽ സ്വയം വെളിപ്പെട്ടു കൊണ്ട് അദ്ദേഹത്തിന് എന്‍റെ സ്നേഹം വീണ്ടെടുക്കാമായിരുന്നു. എന്നിട്ടും അദ്ദേഹം ഭ്രാന്തഭിനയിച്ച് എന്‍റെ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

അതുപോലെ നരേട്ടൻ ത്യാഗിയായ മനുഷ്യനെപ്പോലെ സ്വന്തം സുഖദുഃഖങ്ങളെ ബലി കഴിച്ചു കൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഉള്ളിന്‍റെ ഉള്ളിൽ ആത്മാവിൽ പിടച്ചിൽ…..

(തുടരും)

അമളി

വൈകുന്നേരം 6 മണിയായി. സിറ്റിയിലെ ഹൊറിസോൺ പാർക്കിലൂടെ ഉലാത്തുകയായിരുന്നു കാവേരി. പാർക്കിൽ വയസ്സായവരും ചെറുപ്പക്കാരുമായ ധാരാളം സ്ത്രീകളും പുരുഷന്മാരുമുണ്ട്. കൊച്ചു കുട്ടികളെ പാർക്കിൽ കളിപ്പിക്കാനായി എത്തിയ ചെറുപ്പക്കാരികളായ അമ്മമാരുമുണ്ട്. അവർ അവിടുത്തെ പതിവ് സന്ദർശകരാണ്.

പാർക്കിൽ ഓടിചാടി കളിച്ചു നടക്കുന്ന കുട്ടികളെ നോക്കി കൊണ്ട് തന്‍റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സ്വപ്നം കൊണ്ട് കാവേരി പാർക്കിലൂടെ സാവധാനം നടന്നു.

എതിർവശത്തു നിന്നു വരുന്ന സഹദേവനെ കണ്ട് അവൾ പിറുപിറുത്തു. “ഹൊ… കെളവൻ വരുന്നു” അവൾ അയാളെ മന:പൂർവ്വം അവഗണിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

എന്നാൽ സഹദേവൻ ഒരു നാണമില്ലാത്ത മനുഷ്യനായിരുന്നു. അയാൾ അവളെ അടിമുടി നോക്കി ഒരു വിടനെപോലെ പുഞ്ചിരിച്ചു.

“സുഖമല്ലേ?”

65 വയസ്സുള്ള അയാളുടെ പ്രായം പരിഗണിച്ചു കൊണ്ട് കാവേരി തലയാട്ടി. സുഖമായിരിക്കുന്നു.” എന്നിട്ട് അവൾ വേഗത്തിൽ മുന്നോട്ട് നടന്നു.

ഈ പാർക്കിൽ എത്ര തവണ ചുറ്റിയടിക്കുന്നോ അത്രയും തവണ സഹദേവനെ കാണേണ്ടി വരുന്നത് ഓർത്ത് അവൾ അസ്വസ്‌ഥതപ്പെട്ടു. ഓരോ തവണയും അയാൾ പറയുന്ന വളിച്ച കമന്‍റുകൾ കേൾക്കേണ്ടിയും വരും.

സഹദേവൻ അടുത്ത കൂട്ടുകാരി റീനയുടെ അമ്മായിയച്ഛനായിരുന്നു. പാർക്കിൽ വരുന്ന സ്ത്രീകളോടും പെൺകുട്ടികളോടും അയാൾ വൃത്തികെട്ട കമന്‍റുകൾ പറയുന്നത് സർവ്വസാധാരണമായിരുന്നു. ചുരുക്കി പറഞ്ഞാൽ ആ മേഖലയിലെ വൃത്തികെട്ട മനുഷ്യൻ എന്ന പരിവേഷമായിരുന്നു സഹദേവന്.

ഭാര്യയും ഏകമകൻ വിനീതും മരുമകൾ റീനയ്‌ക്കും 10 വയസുകാരൻ കൊച്ചു മകനുമൊപ്പമാണ് സഹദേവൻ താമസിച്ചിരുന്നത്. രാവിലേയും വൈകുന്നേരവും അയാൾ പാർക്കിൽ മുടങ്ങാതെ നടക്കാൻ വരുമായിരുന്നു.

ആ സമയത്ത് പാർക്കിൽ വരുന്ന സ്ത്രീകൾക്ക് അയാൾ പറയുന്ന വൃത്തികെട്ട കമൻറുകൾ കേൾക്കേണ്ടി വരും.

അടുത്ത റൗണ്ടിൽ കാവേരിക്ക് അഭിമുഖമായെത്തിയ സഹദേവൻ അവളെ നോക്കി ചിരിച്ചു. “റോസ് നിറത്തിലുള്ള ചുരിദാറിൽ സുന്ദരിയായിരിക്കുന്നുവല്ലോ.” അയാളുടെ അഭിപ്രായ പ്രകടനം കേട്ട് കാവേരി മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു. മനസ്സിൽ കത്തുന്ന ദേഷ്യമുണ്ടായെങ്കിലും അവൾ കടിച്ചമർത്തി. മുന്നോട്ട് നടന്നു.

അടുത്ത റൗണ്ട് എത്തിയപ്പോഴും അയാൾ അവളെ നോക്കി വെളുക്കെ ചിരിച്ചു. “എത്ര മാസമായി? എന്നാണ് ഡെലിവറി?” ഇത്തവണ കാവേരി അയാളെ തുറിച്ചു നോക്കി.

“അങ്കിളിന് അത് അറിഞ്ഞിട്ട് എന്തുവേണം.”

“ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കണം. വെണ്ണയും പാലുമൊക്കെ കഴിച്ചാൽ കുഞ്ഞിന് നല്ല വെളുപ്പുനിറം ഉണ്ടാകും.” അയാൾ വക്രതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

കാവേരിക്ക് കടുത്ത ദേഷ്യം വന്നു. “നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിച്ചാൽ മതി. എനിക്ക് കാര്യങ്ങൾ പറഞ്ഞ് തരാൻ എന്‍റെ വീട്ടിൽ ആളുണ്ട്.”

“എന്തിനാ ദേഷ്യപ്പെടുന്നത്? ഈ കോളനിയിലുള്ളവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നത് തെറ്റാണോ?” അയാൾ ഗൂഡമായി ചിരിച്ചു.

“നിങ്ങൾക്ക് നാണമില്ലേ. ഞാൻ റീനയോട് കാര്യങ്ങൾ പറയാം.” കാവേരിയും വിട്ടു കൊടുക്കാൻ തയ്യാറായില്ല.

“പറഞ്ഞോളൂ. എനിക്ക് ആരേയും പേടിയില്ല.” എന്നു പറഞ്ഞുകൊണ്ട് സഹദേവൻ ഒരു കുടിലമായ ചിരിയോടെ മുന്നോട്ട് കടന്നു പോയി. അപ്പോഴേക്കും കാവേരിയുടെ കൂട്ടുകാരി അനുപമ നടക്കാനായി പാർക്കിലെത്തിയിരുന്നു. ഇതെല്ലാം കണ്ടു കൊണ്ടായിരുന്നു അനുപമയുടെ വരവ്. കാവേരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നത് കണ്ട് അനുപമ അവളെ ആശ്വസിപ്പിച്ചു.

“കണ്ടില്ലേ അയാളുടെ ധൈര്യം. ഞാനിത് വിട്ടാൻ പോകുന്നില്ല. റീനയോട് കാര്യങ്ങൾ പറയണം.” കാവേരി കിതപ്പോടെ പറഞ്ഞു.

“നീ ദേഷ്യപ്പെടാതെ. ഇക്കാര്യം അൽപം ഗൗരവത്തോടെ ചിന്തിക്കണം. അയാളുടെ പഞ്ചാരയടി അവസാനിപ്പിച്ചേ പറ്റൂ. ഇന്നലെ അയാൾ എന്നോട് പറഞ്ഞതെന്താണെന്ന് അറിയാമോ കഴിഞ്ഞയാഴ്ച എന്താ വരാതിരുന്നതെന്ന് ഞാനില്ലാത്തതുകൊണ്ട് അയാൾക്ക് നടക്കാൻ സുഖം തോന്നിയില്ലത്രേ.” കാവേരി ദേഷ്യത്തോടെ പറഞ്ഞു.

“ഞാനിന്ന് തന്നെ റീനയെ കണ്ട് കാര്യങ്ങൾ പറയുന്നുണ്ട്. പാവം അവളെങ്ങനെ ഇയാളെ സഹിക്കുന്നു. അങ്ങേരുടെ ഭാര്യയുടെ കാര്യം കഷ്ടം തന്നെ. അങ്ങേരെ എങ്ങനെ ഇത്രയും വർഷം സഹിച്ചു കാണും.”

റീനയുമായി നല്ല അടുപ്പമായിരുന്നു ഇരുവർക്കും. പിറ്റേ ദിവസം തന്നെ കാവേരി റീനയെ കാണാൻ വീട്ടിൽ ചെന്നു. “റീന, വളരെ പ്രയാസപ്പെട്ടാണ് ഇക്കാര്യം പറയുന്നത്. നിന്‍റെ അമ്മായിയച്‌ഛൻ കാരണം ഞങ്ങൾക്ക് വഴി നടക്കാൻ വയ്യാ. ഇന്ന് ഞാൻ ക്ഷമിച്ചു. ഇനി അങ്ങനെയാകില്ല. നീ എന്‍റെ കൂട്ടുകാരിയായതുകൊണ്ടാ എനിക്ക് നിന്‍റെ അമ്മായിയച്ഛന്‍റെ മുഖത്ത് നോക്കി ഒന്നും പറയാനാവാത്തത്.”

റീന സങ്കോചത്തോടെ കാവേരിയെ നോക്കി. സ്വയം അപമാനിതയായതു പോലെ റീനയ്‌ക്ക് തോന്നി. എന്ത് പറയാനാണ് ഇക്കാര്യങ്ങളെല്ലാം തന്നെ അറിയാവുന്നത് തന്നെയാണ്. പക്ഷേ എന്തെങ്കിലും പറഞ്ഞേ തീരൂ.

“ഇക്കാര്യം ഞാൻ വിനീതിനോട് പറയാം. എത്രനാൾ ഇതൊക്കെ സഹിക്കും. എനിക്ക് ഓർക്കുമ്പോൾ നാണം തോന്നുന്നു. കാവേരി. നീ വിഷമിക്കണ്ട. ഞാൻ വേണ്ടത് ചെയ്യാം.” കാവേരി കുറച്ച് നേരം മറ്റ് വിശേഷങ്ങൾ പറഞ്ഞശേഷം മടങ്ങിപോയി.

വിനീത് ഓഫീസിൽ നിന്ന് എത്തിയയുടൻ റീന അയാളെ കാര്യങ്ങൾ ധരിപ്പിച്ചു.

“വിനീത്, എനിക്ക് ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ട്. ചുറ്റുമുള്ള എന്‍റെ ഫ്രണ്ട്സ് അച്ഛനെക്കുറിച്ച് എന്തെല്ലാമാണ് പറയുന്നത്. അമ്മയെപ്പറ്റി എനിക്കൊരു പരാതിയുമില്ല. പാവം അമ്മ, ഇതെല്ലാം അകത്തിരുന്ന് കേട്ടിട്ടുണ്ടാവും. അമ്മയുടെ മുഖം കാണുമ്പോൾ ഒന്നും പറയാനും തോന്നില്ല. ഇന്നലെ അനിത വന്ന് കുറേ കാര്യങ്ങൾ പറഞ്ഞു. ഭർത്താവ് ബിസിനസ് ടൂറിന് പോകുമ്പോൾ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് അച്ഛൻ അവളോട് ചോദിച്ചുവത്രേ. അച്ഛന് അതൊക്കെ പറയാൻ പറ്റിയ കാര്യമാണോ.”

റീന പറയുന്നത് കേട്ട് വിനീത് തല കുനിച്ചിരുന്നു. ഇതെല്ലാം കേട്ടുകൊണ്ട് ദേവകി അവർക്കരികിൽ വന്നു.

“മക്കളെ നിങ്ങൾ വിഷമിക്കണ്ട. ഈ പ്രശ്നത്തിന് ഞാൻ പരിഹാരം കണ്ടോളാം. വിനീത് നമ്മൾ വാടകയ്‌ക്ക് കൊടുത്ത ഫ്ളാറ്റ് എത്രയും വേഗം ഒഴിപ്പിക്കണം. ഞങ്ങൾ അങ്ങോട്ട് താമസം മാറ്റാം.” വേണ്ടമ്മേ, നിങ്ങൾ ഒറ്റയ്‌ക്ക് താമസിക്കാൻ ഞാൻ സമ്മതിക്കില്ല.”

“ഒറ്റയ്ക്കാവുന്നതെങ്ങനെ. തൊട്ടടുത്തു തന്നെയല്ലേ. പിന്നെന്താ” ദേവകിയമ്മ മകനെ ആശ്വസിപ്പിച്ചു.

അന്ന് രാത്രിയിൽ എല്ലാവരും പതിവില്ലത്തെ നിശബ്ദതമായിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് സഹദേവൻ കാര്യം തിരക്കി.

“എന്താകാര്യം? എന്താ ആരുമൊന്നും മിണ്ടാത്തത്. മോൻ ഉറങ്ങിയോ?”

“ങ്ഹും. ഉറങ്ങി,” വിനീത് ഗൗരവ ഭാവത്തിൽ പറഞ്ഞു.” അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.

“എന്താ”

“അച്ഛനെപ്പറ്റി പലരും പലതും വന്ന് പറയുന്നുണ്ട്. റീനയ്‌ക്ക് അത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അച്ഛൻ നമ്മുടെ ഫ്ളാറ്റിലേക്ക് താമസം മാറ്റുന്നതാ നല്ലത്. അച്ഛന് വേണ്ടതൊക്കെ ഞാൻ ചെയ്‌ത് തരാം.” അച്ഛനോട് ആദ്യമായാണ് ഇത്തരത്തിൽ സംസാരിക്കേണ്ടി വരുന്നത്. അതോർത്തപ്പോൾ വിനീതിന്‍റെ സ്വരമിടറി. അച്ഛന്‍റെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ സ്വന്തം പ്ലെയ്റ്റിലേക്ക് നോക്കിയിരുന്നു.

എന്നാൽ സഹദേവനാകട്ടെ നിസാരമട്ടിലാണ് പ്രശ്നത്തെ കണ്ടത്.

“നല്ല കാര്യം. ഒരു പ്രശ്നവുമില്ല. മാത്രവുമില്ല. മാത്രവുമല്ല എനിക്കതാണ് ഇഷ്ടവും.” സഹദേവന്‍റെ അലക്ഷ്യഭാവത്തോടെയുള്ള മറുപടി കേട്ട് എല്ലാവരും മുഖത്തോട് മുഖം നോക്കിയിരുന്നു.

യാതൊരു ലജ്‌ജയോ പശ്ചാത്താപമോ ആ മുഖത്തില്ല. ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“ആ വാടകക്കാരെ ഒഴിപ്പിക്ക്.”

ദേവകിയമ്മ ഉള്ളിന്‍റെയുള്ളിൽ വേദനിച്ചു. തന്‍റെ ജീവിതകാലം മുഴുവനും ഈ മനുഷ്യൻ കാരണം സങ്കടപ്പെടേണ്ടി വന്നതോർത്ത് അവർ നെടുവീർപ്പിട്ടു. ഇപ്പോഴിതാ അച്ഛന്‍റെ ഈ സ്വഭാവംമൂലം മക്കൾക്ക് തലയുയർത്തി നടക്കാനാവാത്ത അവസ്‌ഥ വന്നിരിക്കുകയാണ്. തൊട്ട് അപ്പുറത്തെ ഫ്ളാറ്റാണെങ്കിലും ഈ മനുഷ്യൻ കാരണം മക്കളെ വിട്ട് കഴിയുന്നതോർത്ത് ദേവകിയമ്മ ഉള്ളിന്‍റെയുള്ളിൽ തേങ്ങി മനസ്സിൽ വല്ലാത്ത ഭാരം പോലെ… അന്ന് രാത്രി ദേവകിയമ്മക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത മട്ടിൽ സഹദേവൻ രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ചെയ്‌തു. വീട്ടിനകത്തെ കനത്ത നിശബ്ദത അയാൾ തെല്ലും വകവച്ചില്ല.

“വിനീത് വാടകക്കാരോട് നീ സംസാരിച്ചില്ലേ?” അയാൾ തിടുക്കപ്പെട്ട് വിനീതിനോട് കാര്യം തിരക്കി.

“പക്ഷേ അമ്മ അടുത്തില്ലാതെ അച്ഛൻ തനിച്ച്…”

“എനിക്കൊരു പ്രയാസവുമില്ല. ഞാൻ സ്വസ്ഥമായി കഴിയും.” അയാൾ തെല്ലും കൂസാതെ മറുപടി പറഞ്ഞു.

വിനീതിന് അച്ഛനോട് കടുത്ത ദേഷ്യം തോന്നി. പക്ഷേ നിശബ്ദത പാലിച്ചു. റീനയാകട്ടെ അമ്മായിയച്ഛനോട് സംസാരിക്കുന്നത് തന്നെ ഒഴിവാക്കിയിരുന്നു. കുറച്ച് ദിവസങ്ങൾക്കുശേഷം സഹദേവൻ സ്വന്തം ഫ്ളാറ്റിലേക്ക് താമസം മാറ്റി. റീന അതിൽ ഏറെ ആശ്വാസം കൊണ്ടു. പക്ഷേ അത് അസ്ഥാനത്തായിരുന്നു. സഹദേവൻ തന്‍റെ ശീലം ഒഴിവാക്കിയാലല്ലേ സ്വന്തം കുടുംബാംഗങ്ങൾക്കും ആശ്വാസം കൊള്ളാനാവൂ.

സഹദേവനിപ്പോൾ യാതൊരു വിലക്കുകളുമില്ല. അയാൾക്ക് യഥേഷ്ടം പാറിപറക്കാം. അയാൾക്കിഷ്ടമുള്ളതുപോലെ സ്ത്രീകളുമായി സല്ലപിക്കാം. ഫ്ളാറ്റിൽ ജോലി ചെയ്യാൻ റീന അയച്ച വേലക്കാരിയെപ്പോലും അയാൾ വെറുതെവിട്ടില്ല. ഗത്യന്തരമില്ലാതെ റീനയുടെ ഫ്ളാറ്റിലേക്ക് മടങ്ങിയെത്തിയ വേലക്കാരി പറഞ്ഞ വിവരം കേട്ട് റീന ലജ്‌ജിച്ച് തലതാഴ്ത്തി നിന്നു.

അതോടെ പരാതി പറഞ്ഞ് വരുന്നവരോട് തന്‍റെ കുടുംബത്തിന് അമ്മായിയച്ഛനുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി.

ഒരു ദിവസം രൂപയുടെ വീട്ടിൽ കൂട്ടുകാരികൾ ഒത്തു ചേർന്നു. റീനയെ കണ്ട ഉടനെ ആശ കാര്യം തിരക്കി. “റീന, ഈയിടെ അമ്മായിയച്ഛനെ പാർക്കിലെങ്ങും കാണുന്നില്ലല്ലോ?”

“അറിയില്ല, വിനീത് ഇടയ്‌ക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. എനിക്ക് അങ്ങേരെക്കുറിച്ച് ഒന്നും അറിയണ്ട.”

“ഭക്ഷണമെങ്ങനെയാ തന്നെയുണ്ടാക്കുന്നേ?”

“ഇല്ല, ഏതോ ലതയെന്ന പേരുള്ള സ്ത്രീ വരുന്നുണ്ട്. അവരായിരിക്കും ഉണ്ടാക്കുക.”

റീനയുടെ മറുപടി കേട്ട് രേഖ ഞെട്ടി തരിച്ചിരുന്നു.

“ലതയോ? അയ്യോ ആ സ്ത്രീയോ അവർ നല്ല ഒന്നാന്തരം കള്ളിയാണ്. പണത്തിനുവേണ്ടി എന്തും ചെയ്യും. മാത്രവുമല്ല അവരെക്കുറിച്ച് മോശമായ അഭിപ്രായമാണുള്ളത്.”

“അങ്ങനെയാണെങ്കിൽ അവർ പറ്റിയ സ്‌ഥലത്ത് തന്നെയാ എത്തിയിരിക്കുന്നത്. അമ്മായിയച്‌ഛന് നല്ല കമ്പനിയാ കിട്ടിയത്.” ആശ പരിഹാസത്തോടെ പറഞ്ഞു. അതു കേട്ട് എല്ലാവരും ആർത്ത് ചിരിച്ചു.

സഹദേവൻ പാർക്കിൽ വളരെക്കുറച്ച് മാത്രമേ വരാറുള്ളൂവെന്ന കാര്യം പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു. അഥവാ വന്നാൽ തന്നെ വേഗം നടന്നിട്ട് പോവുകയും ചെയ്‌തു. പിന്നീടാണ് റീനയുടെ കൂട്ടുകാരിയായ അജ്ഞുവിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

സഹദേവന്‍റെ ഫ്ളാറ്റിന് തൊട്ട് എതിർവശത്തുള്ള ഫ്ളാറ്റിൽ പുതിയ താമസക്കാരായി എത്തിയ ദമ്പതികളുമായി സഹദേവൻ അടുത്ത ചങ്ങാത്തത്തിലായിയെന്ന്. അവർക്കൊപ്പമായിരുന്നു അയാൾ പിന്നീട് പാർക്കിൽ നടക്കാൻ എത്തിയിരുന്നത്.

രമയും സുധീറുമെന്നായിരുന്നു അവരുടെ പേര്. സുധീർ ബിസിനസ്കാരനായതിനാൽ മിക്കപ്പോഴും ടൂറിലായിരിക്കും. അതുകൊണ്ട് അയാൾ ഫ്ളാറ്റിൽ വളരെ കുറച്ച് മാത്രമേ എത്തിയിരുന്നുള്ളൂ.

രമയുടെ സ്വഭാവവും പെരുമാറ്റവും ഫ്ളാറ്റിലെ താമസക്കാരെ ഏറെ ആകർഷിച്ചു. അവർ എല്ലാവരുമായി പെട്ടെന്ന് അടുത്തു. ഏകദേശം അമ്പത്തിഅഞ്ചിനോടടുത്ത പ്രായമുണ്ട്. പക്ഷേ ആ പ്രായത്തെ വെല്ലുന്ന ആകർഷണീയതയും സൗന്ദര്യവുമായിരുന്നു അവർക്ക്.

“ആന്‍റി സഹദേവൻ അങ്കിളിനെ എന്നാണ് പരിചയപ്പെട്ടത്.” എന്ന് ഒരിക്കൽ അജ്‌ഞു ചോദിക്കുകവരെ ചെയ്‌തു.

“ഇവിടെ വന്നശേഷമാ മോളെ”

“അങ്കിൾ എങ്ങനെയുണ്ട്,” കാവേരിയും ചോദിച്ചു.

“വളരെ നല്ലവനാണ്.” രമ പറഞ്ഞു.

ആന്‍റി പറയുന്നത് കേട്ട് ആശ ഞെട്ടി തരിച്ചിരുന്നു. “അങ്കിൾ നല്ലവനാണെന്നോ?”

“അതെ, എന്താ മോളെ?” രമ സംശയഭാവത്തിൽ മുഖമുയർത്തി.

“ഏയ് ഒന്നുമില്ല, വെറുതെ ചോദിച്ചതാ.” കാവേരി വിഷയം മാറ്റാനായി പറഞ്ഞു. അതിനുശേഷം ആശ റീനയെ ആന്‍റിക്ക് പരിചയപ്പെടുത്തികൊടുത്തു.“ ആന്‍റി ഇത് റീന അങ്കിളിന്‍റെ മരുമകളാ.”

“ങ്ഹാ, എനിക്കറിയാം സഹദേവൻ ചേട്ടൻ പറഞ്ഞിരുന്നു.”  രമയുടെ ഹൃദ്യമായ മറുപടി എല്ലാവരുടേയും മനസ്സിനെ ആകർഷിച്ചു.

“ആന്‍റിയുടെ ഫാമിലിയൊക്കെ?” ആശ ഏറെ ജിജ്‌ഞാസയോടെ ചോദിച്ചു.

“ഞാനും ഭർത്താവും ഇവിടെയാണ് ഒരു മകളുണ്ട് അവൾ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ഫോറിനിലാണ്. വല്ലപ്പോഴും വരും. ഞാൻ പോകട്ടെ. വീട്ടിൽ കുറച്ച് ജോലിയുണ്ട്. നാളെ കാണാം” എന്ന് പറഞ്ഞുകൊണ്ട് അവർ തിടുക്കപ്പെട്ട് ഫ്ളാറ്റിലേക്ക് നടന്നു.

ഉള്ളിന്‍റെയുള്ളിൽ രമ ചിരിച്ചു. പാവം പെൺകുട്ടികൾ എന്നെ ഉപദേശിക്കാൻ വന്നതായിരുന്നു. സഹദേവനെ എത്രമാത്രം നന്നായി അറിയാമെന്ന കാര്യം ഈ പെമ്പിള്ളേർക്ക് അറിയാമോ?

രമയുടെ ഭർത്താവ് ഫ്ളാറ്റിലുള്ളപ്പോൾ രാവിലെ തന്നെ ഓഫീസിലേക്ക് പോകുമെന്ന് സഹദേവന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അയാൾ പോയശേഷം മാത്രമേ സഹദേവന് രമയെ കാണാൻ പോയിരുന്നുള്ളൂ.

സഹദേവനെ അവർ ഹൃദ്യമായി സ്വാഗതം ചെയ്‌തു. എപ്പോൾ ചെന്നാലും അയാൾക്ക് ഭക്ഷണം കൊടുക്കാതെ അവർ വിടുമായിരുന്നില്ല. പതിയെ പതിയെ രമ അയാളുടെ വിശ്വാസമാർജ്‌ജിച്ചു കൊണ്ടിരുന്നു. അയാളും പതിയെ അവരിൽ അമിതമായ സ്വാതന്ത്യ്രം കാട്ടി തുടങ്ങി.

രമ അയാളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ചെറിയ ചെറിയ സ്വാതന്ത്യ്രങ്ങൾ അനുവദിച്ചു കൊടുത്തിരുന്നു. അയാളടെ മുഴുവൻ ശ്രദ്ധയും രമയിൽ മാത്രമായി ഒതുങ്ങി. ദിവസത്തിൽ ഏറിയ പങ്കും സഹദേവനും രമക്കൊപ്പം ചെലവഴിച്ചു.

സഹദേവനുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നതും തുണിയലക്കിയിരുന്നതും ചിന്നമ്മ എന്ന വേലക്കാരിയായിരുന്നു. എന്നാൽ സ്വന്തം വീട്ടിലെ ജോലികളൊക്കെ രമ സ്വയം ചെയ്‌തു പോന്നു. ലതയുടെ ഭർത്താവിനേയും അയാൾ ഇടയ്ക്കിടയ്ക്ക് കാണാൻ മറന്നില്ല.

ഒരിക്കൽ അയാൾ രമയുമായി ശാരീരിക ബന്ധം പുലർത്തുക വരെ ചെയ്‌തു. ആദ്യമൊക്കെ ചെറിയ എതിർപ്പുകൾ പ്രകടിപ്പിച്ചെങ്കിലും അയാളുടെ ഇംഗീതങ്ങൾക്ക് രമ വഴങ്ങി കൊടുത്തു. അതോടെ സഹദേവൻ അവരുടെ അടിമയായി കഴിഞ്ഞു. അവർ ആവശ്യപ്പെടുന്നതെന്തും അയാൾ യഥേഷ്ടം നൽകി.

മുറി വൃത്തിയാക്കുന്നതിനിടെ വേലക്കാരി ചിന്നമ്മു അയാളുടെ കിടപ്പുമുറിയിൽ നിന്നും സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്‌ത്രങ്ങളും ഹെയർപിന്നുകളും കണ്ടെത്തി. കിടപ്പു മുറിയിലെ കണ്ടെത്തലുകൾ ചിന്നമ്മുവിന് ലോട്ടറിയടിച്ചതുപോലെയായിരുന്നു.

അവരത് അപ്പപ്പോൾ മറ്റ് ഫ്ളാറ്റുകളിലെ വീട്ടമ്മമാരെ ധരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ചിന്നമ്മുവിൽ നിന്നു രഹസ്യം മനസ്സിലാക്കിയ ആശ ഇക്കാര്യം മറ്റ് കൂട്ടുകാരികളേയും അറിയിച്ചു. അതോടെ എല്ലാവരുടേയും ചർച്ചാവിഷയമായി രമ മാറി കഴിഞ്ഞിരുന്നു.

ഒരിക്കൽ ആശ ഇതേപ്പറ്റി രമയോട് സൂചിപ്പിക്കുകവരെ ഉണ്ടായി.

“എന്താ ഈ പറയുന്നത്. എന്നോട് അദ്ദേഹം മോശമായി ഒന്നും പ്രവർത്തിച്ചിട്ടില്ല.” രമ ഞെട്ടൽ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

അവരുടെ മറുപടി കേട്ട് ആശ എന്ത് പറയണമെന്നറിയാതെ തരിച്ചിരുന്നു. മാത്രവുമല്ല രമ സഹദേവന്‍റെ പെരുമാറ്റത്തെ പുകഴ്ത്തുക വരെ ചെയ്‌തത്തോടെ എല്ലാവരും അന്ധാളിച്ചു പോയി.

ഒരിക്കൽ രമ ഇതേപ്പറ്റി സഹദേവനോട് സൂചിപ്പിക്കുക വരെ ചെയ്‌തു.

“ചേട്ടനെപ്പറ്റി ആര് എന്ത് പറഞ്ഞാലും ഞാനത് കാര്യമാക്കില്ല. എനിക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. രമ പറയുന്നത് കേട്ട് സഹദേവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അയാൾ രമയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

“എന്തു പറ്റി? എന്തോ സങ്കടമുള്ളതുപോലെ?”

“ഇല്ല, ഒന്നുമില്ല”

“അല്ല എന്തോ ഉണ്ട്.”

“എന്‍റെ അനിയത്തിക്ക് സുഖമില്ല. അവളൊരു കാൻസർ പേഷ്യന്‍റാണ്. കുറച്ച് പണമാവശ്യമുണ്ടായിരുന്നു. സുധീറിന്‍റെ കൈവശം പണം കുറവാണ്. ഞാൻ സ്വർണ്ണം പണയം വയ്‌ക്കാൻ പോവുകയായിരുന്നു.” രമ സങ്കടഭാവത്തിൽ പറഞ്ഞു.

സഹദേവൻ ഒരു നിമിഷം ആലോചിച്ചശേഷം രമയെ ആശ്വസിപ്പിച്ചു. “പണം ഞാൻ സംഘടിപ്പിച്ചു തരാം.

“അയ്യോ അതൊന്നും വേണ്ട. ഞാൻ ചേട്ടനിൽ നിന്നും ഒന്നും വാങ്ങില്ല.”

“അല്ല രമേ… നീ ഒന്നും പറയണ്ട. ദേവകിയുടെ കുറച്ച് സ്വർണ്ണം എന്‍റെ കൈവശമുണ്ട്. ഞാനത് തരാം.” എന്ന് പറഞ്ഞുകൊണ്ട് സഹദേവൻ അകത്തു പോയി സ്വർണ്ണമെടുത്തു കൊണ്ടു വന്ന് രമയെ ഏൽപിച്ചു.

“ചേട്ടൻ എത്ര നല്ലവനാ. ഞാനിത് എത്രയും വേഗം മടക്കിതരും.” രമ സ്നേഹം നടിച്ചു കൊണ്ട് പറഞ്ഞു.

സഹദേവൻ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. നല്ലൊരു പോസറ്റിൽ നിന്നും വിരമിച്ചതിനാൽ നല്ല പെൻഷനുണ്ടായിരുന്നു. ഫ്ളാറ്റ് സ്വന്തം പേരിലായതിനാൽ മറ്റ് ചെലവുകളൊന്നും സഹദേവന് ഉണ്ടായിരുന്നില്ല.

ആരോഗ്യവും ഭക്ഷണകാര്യങ്ങളും നന്നായി ശ്രദ്ധിച്ചിരുന്നതിനാൽ നല്ല ആരോഗ്യവാനുമായിരുന്നു അയാൾ. കയ്യിൽ നിറയെ പണമുണ്ടായിരുന്നതിനാൽ തനിക്കിഷ്ടമുള്ള രീതിയിൽ ചെലവഴിക്കാം എന്ന ധാരണയായിരുന്നു അയാൾക്ക്. സ്നേഹിക്കാൻ രമയെ പോലെയുള്ള സ്ത്രീയും ഉള്ളതിനാൽ അയാൾ പൂർണ്ണമായും സന്തോഷവാനുമായിരുന്നു.

പിന്നീട് 2-3 ദിവസത്തേക്ക് രമ സഹദേവനെ കാണാൻ എത്തിയില്ല. രമയെ കാണാതായത്തോടെ അസ്വസ്ഥനായി. അയാൾ പലവട്ടം രമയുടെ ഫ്ളാറ്റിന് മുന്നിൽ ചെന്നു നോക്കി. പക്ഷേ വാതിൽ ലോക്കായിരുന്നു.

മൊബൈലിൽ വിളിച്ചിട്ടും മൊബൈൽ സ്വിച്ചോഫ്. അതോടെ അയാൾ കൂടുതൽ അസ്വസ്ഥനായി. അവരില്ലാതെ ജീവിക്കാൻ പോലും കഴിയാത്ത അവസ്‌ഥ. കുറച്ച് ദിവസങ്ങൾക്കുശേഷം രമയും സുധീറും ഫ്ളാറ്റിൽ മടങ്ങിയെത്തി. ഒരിക്കൽ സമയം കിട്ടിയപ്പോൾ രമ സഹദേവനെ കാണാൻ ഫ്ളാറ്റിലെത്തി. രമയെ കണ്ടയുടനെ സഹദേവൻ ഓരോ വിശേഷങ്ങൾ തിരക്കി.

“എവിടെ പോയതായിരുന്നു? എന്ത് പറ്റി?”

“അവിചാരിതമായി പോകേണ്ടി വന്നു.” രമ പറഞ്ഞു.

“ഒന്ന് ഫോണിൽ വിളിച്ച് പറയാമായിരുന്നു.” അയാൾ പരിഭവപ്പെട്ടു. രമ മൗനം പാലിച്ചു.

“എന്താ പറ്റിയത്?”

“സുധീറിന്‍റെ ബിസിനസ് നഷ്‌ടത്തിലാ. വലിയൊരു കടം വീട്ടാനുള്ള തുകയ്‌ക്ക് ഓടി നടക്കുകയായിരുന്നു. ബന്ധുക്കളെ പലരേയും കണ്ടു. എല്ലാം വിറ്റുപെറുക്കി എവിടെയെങ്കിലും പോയാലോയെന്ന് ആലോചിക്കുകയാണ്.”

“ഞാൻ നിന്നെ എവിടേയും പോകാൻ സമ്മതിക്കില്ല. എത്ര തുകയാണ് വേണ്ടത്?”

“കുറച്ച് ഞങ്ങൾ സംഘടിപ്പിച്ചു. ഒരു 5 ലക്ഷം കൂടി വേണം. പക്ഷേ അത് ഞാൻ ചേട്ടനിൽ നിന്നും വാങ്ങില്ല.”

“എനിക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ട്. ഞാനത് പിൻവലിക്കാം. പിന്നെ ദേവകിയുടെ കുറച്ച് സ്വർണ്ണവും ഉണ്ട്. എല്ലാംക്കൂടി ചേർത്താൽ നല്ലൊരു തുകയാക്കും.” സഹദേവൻ രമയെ ആശ്വസിപ്പിച്ചു.

രമ അയാളെ ഇറുകെ പുണർന്നു. “നിങ്ങൾ എത്ര നല്ല മനുഷ്യനാ. പക്ഷേ ആരും അത് മനസ്സിലാക്കുന്നില്ലല്ലോ. ഞാൻ ഈ പണം എത്രയും വേഗം മടക്കി തരാം.”

സഹദേവൻ ഉള്ളിന്‍റെയുള്ളിൽ പുഞ്ചിരിച്ചു. അവർ എങ്ങും പോകാതിരിക്കുമല്ലോ. തന്‍റെ ആഗ്രഹങ്ങൾക്കനുസരിച്ച് അവർക്കൊപ്പം സമയം ചെലവഴിക്കാമല്ലോ എന്നോർത്തായിരുന്നു അയാൾ ചിരിച്ചത്.

പിറ്റേന്ന് രമ വന്നില്ല. ഒരു പക്ഷേ വീട്ടിൽ ഉണ്ടായിരിക്കും. അതു കൊണ്ടാവാം രമ വരാത്തത് അയാൾ ഓർത്തു. അങ്ങനെ ഒരാഴ്ച കടന്നു പോയി. സഹദേവൻ അസ്വസ്ഥനായി. അയാൾ പലവട്ടം അവരുടെ ഫ്‌ളാറ്റിന് മുന്നിൽ ചെന്നു നോക്കി. പക്ഷേ അവിടെ ആരെങ്കിലും ഉള്ളതിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നുപോയി. ഒടുവിൽ ഒരു മാസമായി.

സഹദേവൻ ഫ്ളാറ്റിന്‍റെ ഓഫീസിൽ ചെന്ന് അന്വേഷിച്ചു.

“അയ്യോ സാറെ അവർ പോയല്ലോ. താക്കോൽ തന്നിട്ടാ പോയത്. സാധനങ്ങളെല്ലാം കൊണ്ടു പോയി.

“സാധനങ്ങളോ?”

“അത് അവർ നേരത്തെ കുറച്ച് കൊണ്ടു പോയിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടായിരുന്നോ സാറേ?”

“ഇല്ല… വെറുതെ ചോദിച്ചതാ” എന്നു പറഞ്ഞുകൊണ്ട് അയാൾ തളർന്ന കാലടികളോടെ ഫ്‌ളാറ്റിന് മുന്നിലുള്ള പൂന്തോട്ടത്തിലെ ബെഞ്ചിൽ പോയിരുന്നു. അയാളുടെ ശരീരം വിയർത്തു കുളിച്ചു. നെഞ്ചിടിപ്പിന്‍റെ താളം തെറ്റിയതുപോലെ ഇത്രയും വലിയൊരു ചതി. സഹദേവൻ തനിച്ചിരിക്കുന്നത് കണ്ട് വിനീത് ഓടി വന്നു.

“എന്തു പറ്റി അച്ഛാ?” അച്ഛന്‍റെ തളർന്നുള്ള  ഇരിപ്പ് കണ്ടിട്ട് വിനീതിന് അലിവു തോന്നി.

സഹദേവന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മോനെ ചതിപറ്റി. ഞാൻ എന്‍റെ സമ്പാദ്യമത്രയും എടുത്ത് അവർക്ക് കൊടുത്തു. ഒടുവിൽ…” വിനീത് അയാളെ ചുമലിൽ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.

“വേണ്ടച്ഛാ ഒന്നും പറയണ്ടാ. ഇതൊക്കെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ അച്ഛനിത്ര വിഢ്‌ഡിയായി പോയല്ലോ.” വിനീത് അച്ഛനേയും കൂട്ടി സ്വന്തം ഫ്ളാറ്റിലേക്ക് നടന്നു. അന്നാദ്യമായി അയാൾ മനസു തുറന്ന് കരഞ്ഞുകൊണ്ടേയിരുന്നു. അത് പശ്ചാത്തപത്തിന്‍റെ കണ്ണീരായിരുന്നു.

വില്‍ യു മാരി മീ… അവസാനഭാഗം

ബെല്ല പതിവായി കിടക്കാറുള്ള സോഫയുടെ അരികു പറ്റിയാണ് ജയപാൽ ഇരുന്നിരുന്നത്. ഈ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകൾ ആയെന്ന് സുജാതയ്ക്ക് തോന്നി. അടുത്തു ചെന്ന് സുജാത തോളത്തു കൈ വച്ചു. മുഖമുയർത്തി നോക്കിയതും അയാളുടെ കണ്ണുകൾ ഈറനായി. “ബെല്ല ഇനി വരില്ല സുജ, 13 വർഷമായി എന്‍റെ കൂടെ ഊണിലും ഉറക്കത്തിലും അവൾ ഉണ്ടായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”

ജയപാൽ ഒരു കുഞ്ഞിനെ പോലെ വിതുമ്പി. സുജാത അയാളുടെ മുടിയിൽ കൈവിരലുകൾ ഓടിച്ചു. ജയപാലിനെ കേവലം വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ പറ്റുന്ന അവസ്‌ഥ അല്ല അതെന്ന് സുജയ്ക്ക് തോന്നി. അതിനാൽ അവൾ നിശബ്ദയായിരുന്നു.

അപ്പോഴാണ് അഖിൽ അങ്ങോട്ടു വന്നത്. “ഇനി ആന്‍റി പപ്പയെ പറഞ്ഞ് മനസ്സിലാക്ക്. ഇങ്ങനെ കരഞ്ഞ് വിഷമിച്ചിരുന്നിട്ടെന്താ കാര്യം. ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചിട്ടില്ല. അറിയാലോ, പ്രഷർ ഉള്ള ആളാ…!”

ഇത്രയും പറഞ്ഞ് അഖിൽ അടുക്കളയിലേക്ക് പോയി രണ്ട് കപ്പ് ചായയുമായി തിരികെ വന്നു. സുജാത ഒരു കപ്പ് ചായ എടുത്ത് ജയപാലിന്‍റെ കയ്യിൽ പിടിപ്പിച്ചു. മറ്റേ കപ്പ് അവളും എടുത്തു.

“കുടിക്ക്, ഞാനും രാവിലെ ഒന്നും കുടിച്ചില്ല…” സുജാത ഇങ്ങനെ പറഞ്ഞപ്പോൾ ജയപാൽ മനസില്ലാമനസോടെ ചായ ചുണ്ടോടു ചേർത്തു.

“ആന്‍റി, ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ പോകും. അപ്പോൾ പപ്പ തനിച്ചാവുമല്ലോ എന്നോർത്താണ് വിഷമം. നേരത്തെ ബെല്ല ഉള്ളതിനാൽ ഒട്ടും വിഷമം തോന്നാറില്ല. സത്യം പറഞ്ഞാൽ മനുഷ്യരേക്കാൾ പപ്പ സ്നേഹിച്ചത് ബെല്ലയെ ആയിരുന്നു.” അഖിൽ തീർത്തും ഹതാശനായ മട്ടിൽ തന്‍റെ വിഷമം സുജാതയോട് അവതരിപ്പിച്ചു.

“അപ്പു, നീ ഒട്ടും വിഷമിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ.” സുജാത രണ്ടുപേരെയും ആശ്വസിപ്പിച്ചു. “ആന്‍റി ഉള്ളതാണ് ആകെ ഉള്ള ആശ്വാസം.” അഖിൽ സുജാതയെ നോക്കി തുടർന്നു.

“പക്ഷേ കഴിഞ്ഞ 15 വർഷമായി പപ്പയുടെ ഏകാന്ത ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയത് ബെല്ലയായിരുന്നല്ലോ.”

സുജാതയ്ക്ക് എത്ര നേരം ജയപാലിനെ ശ്രദ്ധിക്കാൻ കഴിയും? അതാണ് അഖിലിന്‍റെ ആശങ്ക. ഈ സാഹചര്യത്തിൽ ജയപാലിനെ ഒറ്റയ്ക്ക് ആ വീട്ടിൽ താമസിക്കാൻ വിടുന്നതിനോട് സുജാതയ്ക്കും യോജിപ്പുണ്ടായില്ല. തന്‍റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നാലോ എന്ന് അവൾ ചിന്തിച്ചു. ഇക്കാര്യം കൂട്ടുകാരി മീരയോട് പങ്കു വച്ചപ്പോൾ അവൾ തന്‍റെ ഭയം മറച്ചു വച്ചില്ല.

“നീ നല്ലതു പോലെ ആലോചിച്ചിട്ടു മതി ഇത്തരം തീരുമാനങ്ങളൊക്കെയെടുക്കാൻ. നാട്ടുകാരുടെ കണ്ണിൽ അതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. നീ വിചാരിക്കും പോലെ സിംപിൾ അല്ല ഇത്”  മീര മുന്നറിയിപ്പു നൽകി.

“യെസ്… എനിക്കതറിയാം, പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഈ അവസ്‌ഥയിൽ ജയപാലിനെ അവിടെ തനിച്ചാക്കാൻ വയ്യ. ഞാൻ അഖിലിനെ വിളിച്ചു സംസാരിക്കട്ടെ.”

പിറ്റേന്നു തന്നെ സുജാത അഖിലിനെ വിളിച്ച് ജയപാലിനെ തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. അപ്പുവിന് അതിൽപരം സന്തോഷം മറ്റൊന്നുമുണ്ടായിരുന്നില്ല.

ജയപാലിന് സുജാതയുടെ വീട്ടിൽ താമസിക്കാൻ ഇഷ്ടമായിരുന്നെങ്കിലും, മീര പറഞ്ഞതു പോലെ നാട്ടുകാർ എന്തെങ്കിലും പറയുമോ, എന്ന പേടി ഉണ്ട്. ആ ഭയം സുജാതയെ കരുതി മാത്രമാണെന്ന് അവൾക്കും അറിയാം. പക്ഷേ അവളുടെ നിർബന്ധത്തിനു വഴങ്ങി ജയപാൽ താമസം മാറി. സുജാതയുടെ സാമീപ്യവും, കൃത്യസമയത്തുള്ള ദിനചര്യകളും, കൂടിയായപ്പോൾ ഒരാഴ്ചക്കകം ജയപാൽ പഴയ ആരോഗ്യസ്‌ഥിതിയിലേക്ക് എത്തി. മാനസികമായും ശാരീരികമായും ആരോഗ്യം കൈ വന്നു. ഇതിനിടെ സുജാതയുടെ മകൾ ഗോപികയുടെ ഫോൺ കോൾ വന്നു. അവളുടെ ഭർത്താവ് രാഹുൽ ഓഫീസ് ആവശ്യത്തിനായി ഒരാഴ്ച ഇന്തോറിനു വരുന്നു. അതിനാൽ അവളും കൂടെ വരുന്നുണ്ടെത്രേ. ആ സമയം അമ്മയ്ക്കൊപ്പം രണ്ട് ദിവസം നിൽക്കാനാണ് പ്ലാൻ. സുജാത ധർമ്മ സങ്കടത്തിലായി.

ജയപാലിനോട് തിരിച്ചു പോകാൻ പറയാനും വയ്യ. ഗോപികയോട് ഇപ്പോൾ വീട്ടിലേക്ക് വരണ്ട എന്നു പറയാനും നിർവാഹമില്ല. അവൾ ഊരാക്കുടുക്കിൽ പെട്ട പോലെയായി. ആരോട് എന്തു പറയാനാണ്. എന്തായാലും വരുന്നിടത്തു വച്ചു കാണാം. എന്തും വരുന്ന മുറയ്ക്ക് കൈകാര്യം ചെയ്യാം. എന്നു മാത്രം സുജാത തീരുമാനിച്ചു.

പക്ഷേ സുജാതയുടെ ഉള്ളിലെ വിചാരങ്ങൾ അവളുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചത് ജയപാലിന് മനസ്സിലായി. അയാൾ കാരണം തിരക്കിയെങ്കിലും അവൾ ഒഴിഞ്ഞു മാറി. എന്നാൽ സത്യം പറയാൻ നിർബന്ധിച്ചപ്പോൾ സുജാതയ്ക്ക് തുറന്നു പറയാതെ നിർവാഹമില്ലാതെ വന്നു. അതുകേട്ടപ്പോൾ ജയപാൽ പുഞ്ചിരിയോടെ സ്നേഹത്തോടെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“എനിക്ക് ഏറ്റവും സഹായം ആവശ്യമുള്ള സമയത്തല്ലേ നീ എന്നെ ഹെൽപ്പ് ചെയ്‌തത്. ഇപ്പോൾ ഞാൻ ഓക്കെയാണല്ലോ. ഇനി ഞാൻ എല്ലാം സ്വയം ശ്രദ്ധിക്കാം. അത് നിനക്ക് ഞാൻ തരുന്ന വാക്ക് ആണ്. നീ സമാധാനമായിരിക്കൂ. ഞാൻ വീട്ടിൽ പോകാം. കുട്ടികൾ വന്നു പോകട്ടെ.”

“പക്ഷേ എന്തായാലും നമ്മുടെ കാര്യം അവരോട് പറയേണ്ടതല്ലേ എന്നാൽ പിന്നെ അത്രയും നേരത്തെ ആവാലോ.” സുജാതയുടെ ചിന്ത അങ്ങനെയായിരുന്നു. പക്ഷേ ജയപാൽ അതു സമ്മതിച്ചില്ല.

“ഇപ്പോൾ അതൊന്നും പറയേണ്ട. എല്ലാത്തിനും അതിന്‍റെ സമയമുണ്ട്. നമുക്ക് അപ്പോൾ പറയാം.”

അങ്ങനെ ആ പ്രശ്നം തൽക്കാലം പരിഹരിക്കപ്പെട്ടു. ജയപാൽ സ്വന്തം വീട്ടിലേക്ക് പോയി. ബുധനാഴ്ച രാവിലെ തന്നെ ഗോപികയും ഭർത്താവ് രാഹുലും വീട്ടിൽ എത്തി. ആറുമാസമായി മകളെ കണ്ടിട്ട്. രണ്ടുപേരും കെട്ടിപ്പിടിച്ചു പരസ്പരം ഉമ്മ വച്ചു.

“മമ്മീ, എങ്ങനെയുണ്ട്? ഹൗ വാസ് യുവർ ട്രിപ്പ്? എൻജോയ്.”

“പിന്നെ, അടിപൊളി! ആയിരുന്നു.”

“ആഹാ, ഫോട്ടോ ഇല്ലേ?”

ഉണ്ടല്ലോ, നീ ആദ്യം ഫ്രെഷ് ആവൂ, എന്നിട്ട് ചായ കുടിച്ചു കൊണ്ട് ഫോട്ടോയൊക്കെ കാണാം എന്താ?”

രാഹുൽ അകത്തേക്കു കടന്നു വന്ന് സുജാതയുടെ കാൽതൊട്ടു വന്ദിച്ചു കസേരയിലിരുന്നു.

“മമ്മി, സുഖമല്ലേ?”

“അതേ, മോനേ… ഹാപ്പി.”

“സുജാത ചായയും പ്രഭാത ഭക്ഷണവും ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചു.

മമ്മി, മൊബൈലിൽ ഇല്ലേ ഫോട്ടോസ്?” ഗോപിക വീണ്ടും ജിജ്ഞാസയോടെ ചോദിച്ചു.

“ഉണ്ട്, ഇതാ… നോക്കൂ.”

സുജാത തന്‍റെ മൊബൈൽ ഫോൺ ഗോപികയ്ക്കു നേരെ നീട്ടി. ഗോപികയും രാഹുലും ഫോട്ടോ നോക്കിക്കൊണ്ടിരുന്നു.

“മമ്മി, ഇതാരാണ്? മുമ്പ് കണ്ടിട്ടില്ലല്ലോ”

ഗോപികയുടെ ചോദ്യം കേട്ടപ്പോഴെ സുജാതയ്ക്ക് സംഗതി പിടികിട്ടി. ജയപാലിനെ കുറിച്ചാണ് ചോദ്യം.

“അദ്ദേഹം ഇവിടെ അടുത്ത ഫ്ളാറ്റിൽ താമസിക്കുന്നു ജയപാൽ. ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം യാത്രയിൽ പങ്കു ചേർന്നിരുന്നു.”

ഗോപികയ്ക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ രാഹുൽ എന്തോ ആവശ്യപ്പെട്ടതു കൊണ്ട് ചോദിക്കാൻ വന്നത് ഒഴിവാക്കി അവൾ അതെടുക്കാൻ അടുക്കളയിൽ പോയി. പക്ഷേ ഗോപികയുടെ മുഖത്ത് കണ്ട് നൂറു ചോദ്യങ്ങളെ സുജാതയുടെ കണ്ണുകൾ തിരിച്ചറിഞ്ഞു.

രാത്രിയിൽ ഗോപിക അമ്മയ്ക്കൊപ്പമാണ് ഉറങ്ങാൻ കിടന്നത്. സുജാത അവളുടെ മുടിയിഴകൾ സ്നേഹപൂർവ്വം വിരലോടിച്ചു കൊണ്ടിരുന്നു. ഗോപികയോട് ജയപാലിനെ കുറിച്ച് പറയാൻ പറ്റിയ സമയം ഇതാണെന്നു തോന്നിയെങ്കിലും അവൾക്ക് അപ്പോൾ അത് അവതരിപ്പിക്കാനുള്ള ധൈര്യം ഉണ്ടായില്ല. ഗോപുവിന് ഇഷ്‌ടമായില്ലെങ്കിലോ… ഉറങ്ങും മുമ്പ് ഒരു പ്രശ്നം ഉണ്ടാക്കണ്ട.

രാവിലെ സുജാത നടന്ന് തിരിച്ചുവരുമ്പോൾ ഒപ്പം ജയപാലും ഉണ്ടായിരുന്നു. വീട്ടിലെത്തുമ്പോൾ ഗോപിക ചായ ഉണ്ടാക്കുകയാണ്. അപ്പോഴും സുജാതയുടെ മനസ്സിൽ അവളോട് എങ്ങനെ പറയണം എന്ന ചിന്ത തിങ്ങി നിറഞ്ഞു. ഒരേയൊരു മകൾ. അവളുടെ സമ്മതവും സന്തോഷവും ഈ ബന്ധത്തിനുണ്ടായില്ലെങ്കിൽ പിന്നെ രാഹുൽ ഓഫീസ് ആവശ്യത്തിനായി രാവിലെ തന്നെ പുറത്തേക്കു പോയിരുന്നു. രാവിലെ തന്നെ മമ്മിയ്ക്കൊപ്പം ജയപാലിനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ആശ്ചര്യഭാവം മിന്നിമറഞ്ഞു.

“ഇതാണ് എന്‍റെ രാജകുമാരി! ഗോപൂട്ടി ”മോളെ ഇത് ജയപാൽ അങ്കിൾ. ഇന്നലെ പറഞ്ഞില്ലേ, ഗോവ ട്രിപ്പ് പോയത്.” സുജാത പരസ്പരം പരിചയപ്പെടുത്തി.

“ഓഹ്… ഗുഡ്മോണിംഗ് അങ്കിൾ.”

അവളുടെ സ്വരത്തിൽ വലിയ ആവേശമൊന്നും ഇല്ലെന്ന് സുജാതയ്ക്കു മനസിലായി. മമ്മിയും അങ്കിളും തമ്മിൽ ഇത്രയും തുറന്ന പെരുമാറ്റം അവൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. ജയപാൽ കുറച്ചുനേരം അവിടെ ഇരുന്ന ശേഷം വീട്ടിലേക്ക് മടങ്ങി. അയാൾ ഗോപികയോട് വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയതെങ്കിലും അവളുടെ പെരുമാറ്റം അത്ര സുഖകരമായിരുന്നില്ല.

ഉച്ചയ്ക്കു ഊണൊക്കെ കഴിഞ്ഞ് അമ്മയും മകളും തനിച്ചായ സമയത്ത് സുജാത അവളോട് സംസാരിക്കാൻ തീരുമാനിച്ചു.

“മോളെ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”

“പറയൂ, മമ്മി” അവളുടെ സ്വരം തണുത്തുറഞ്ഞിരുന്നു.

“മോളേ, പപ്പ പോയശേഷം ഞാൻ ഏകാന്തമായ ജീവിതത്തിലാണ്. നിന്‍റെ വിവാഹം കൂടി കഴിഞ്ഞതോടെ അത് ഇരട്ടിയായി.” സുജാത, നിസ്സംഗ ഭാവത്തോടെ പറഞ്ഞു.

“എനിക്കറിയാം മമ്മി, അതുകൊണ്ടല്ലേ ഞാൻ മമ്മിയോട് യാത്ര പോകാനും, സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കുചേരാനുമൊക്കെ നിർബന്ധിക്കുന്നത്.” ഗോപിക പുഞ്ചിരിയോടെ അമ്മയെ ചേർത്തു പിടിച്ചു.

“കുറച്ചു നാളുകളായി ഞാനും ജയപാലും നല്ല സുഹൃത്തുക്കളാണ്. ഗോവയിൽ ട്രിപ്പ് പോയിട്ട് വന്നശേഷം ആ ബന്ധം കൂടുതൽ ശക്തമായി. പരസ്പരം നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് എന്നതാണ് ഞങ്ങൾക്കിടയിലെ പ്ലസ്പോയിന്‍റ്. ഈ സന്തോഷം എന്നും കൂടെ ഉണ്ടാവാൻ എനിക്കാഗ്രഹമുണ്ട്. അദ്ദേഹത്തിനൊപ്പം ഇനിയുള്ള കാലം ജീവിച്ചാലോ എന്ന ചിന്ത. നിനക്ക് എന്താണ് അഭിപ്രായം.”

സുജാത വളരെ സ്പഷ്ടമായി തന്‍റെ മനസ്സ് മകൾക്കു മുന്നിൽ തുറന്നു വച്ചു. അവൾക്ക് മകളുടെ അഭിപ്രായം അറിയണമായിരുന്നു.

“മമ്മീ എന്താണീ പറയുന്നത്? കാലം ഒരുപാട് മുന്നേറിയെന്നതൊക്കെ ശരിയാണ്. മമ്മി ആരുമായും കൂട്ടുകൂടുന്നതിലും എനിക്ക് സന്തോഷം മാത്രം. പക്ഷേ ജയപാൽ അങ്കിളും മമ്മിയും തമ്മിൽ ഒട്ടും മാച്ച് അല്ല. ഒരു ബംഗാളിയാണ്. പിന്നെ, നിങ്ങൾ തമ്മിൽ കാഴ്ചയിലും പ്രായത്തിലും വലിയ അന്തരം ഉണ്ട്. ഇനി രാഹുലും വീട്ടുകാരും ഇത് അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് എനിക്ക് അറിയില്ല.” ഒട്ടൊരു മുൻവിധിയോടെയും ഈർഷ്യയോടെയും ഉള്ള ഗോപികയുടെ പ്രതികരണം കണ്ടപ്പോൾ സുജാതയ്ക്ക് കൂടുതൽ വിശദീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“കാഴ്ചയിലും പ്രായത്തിലും ഉള്ള അന്തരമൊക്കെ നോക്കി നമുക്ക് ഒരാളെ കണ്ടുപിടിക്കാനും ഇഷ്ടപ്പെടാനും പറ്റുന്ന സമയമാണോ മോളെ എനിക്ക്? മാത്രമല്ല എനിക്കങ്ങനെ ഒരു അന്തരം ഞങ്ങൾക്കിടയിൽ ഫീൽ ചെയ്തതുമില്ല.” ഇക്കാര്യത്തിൽ നിനക്ക് എന്തു ഫീൽ ചെയ്യുന്നു എന്നതാണ് എനിക്ക് ശ്രദ്ധിക്കാനുള്ളൂ. അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹത്തിനൊപ്പം ഞാൻ സന്തോഷവതിയായിരിക്കും. അത്രയുമേ എനിക്ക് പറയാൻ ഉള്ളൂ.”

”എന്തോ! എനിക്ക് ഈ ബന്ധം അത്ര നല്ലതാണെന്ന് തോന്നുന്നില്ല.” ഗോപിക തന്‍റെ അസന്തുഷ്ടി പ്രകടിപ്പിച്ചു. അവൾക്ക് തന്‍റെ അമ്മ എന്നും തന്‍റെ മാത്രം ആയിരിക്കണം എന്ന ആഗ്രഹമാണ്. അതിനിടയിൽ മറ്റൊരാൾ വരുന്നത് അവൾക്ക് അസഹ്യമായ കാര്യമായിരുന്നു.

ഗോപിക പിന്നെയൊന്നും സംസാരിച്ചുമില്ല. വൈകീട്ട് അവൾ സുജാതയോട് പിണങ്ങി മീരാന്‍റിയുടെ വീട്ടിലേക്ക് പോയി. മീരയും അറിഞ്ഞാണോ ഈ ബന്ധം എന്ന് അവൾക്ക് അറിയണമായിരുന്നു. മുമ്പും അമ്മയ്ക്കും മകൾക്കുമിടയിൽ ഉണ്ടാകാറുള്ള സൗന്ദര്യപ്പിണക്കങ്ങളിൽ മീര തന്നെയാണ് ഇടപെടാറുണ്ടായിരുന്നത്.

ഗോപിക വീട്ടിലേക്ക് വരുന്നതു കണ്ട് മീര ആഹ്ലാദത്തോടെ അവളെ സ്വീകരിച്ചു. പക്ഷേ ഗോപികയുടെ കണ്ണുകളിൽ കണ്ട വിഷാദഭാവം മീരയ്ക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. അവളുമായി കുറച്ചുനേരം സംസാരിച്ചപ്പോൾ കാര്യങ്ങളുടെ കിടപ്പ് മീര മനസ്സിലാക്കി.

അവൾ ഗോപിക അറിയാതെ, സുജാതയെ വിളിച്ച് മകൾ തന്‍റെ അടുത്തുണ്ടെന്ന് പറയുകയും ചെയ്‌തു. രാഹുലിനെയും ഫോൺ ചെയ്ത് വൈകിട്ട് തന്‍റെ വീട്ടിലേയ്ക്ക് വരാൻ മീര ആവശ്യപ്പെട്ടു. രാഹുൽ 7 മണിയോടെ മീരയുടെ വീട്ടിലെത്തി. ഗോപികയുടെ ഉദാസീനമായ മുഖഭാവം കണ്ടപ്പോൾ രാഹുൽ അമ്പരന്നു.

“എന്തുപറ്റി ഗോപു, നീന്‍റെ മുഖം എന്താ വാടിയിരിക്കുന്നത്?”

“ഇരിക്കൂ, രാഹുൽ ഞാൻ എല്ലാം പറയാം.” മീര അതിനു മറുപടിയുമായി രാഹുലിന്‍റെ അടുത്തേക്കു വന്നു.

മീര ചായയും പലഹാരവും എടുത്തു കൊണ്ടു വന്നു രാഹുലിന് കൊടുത്ത ശേഷം സംഭവങ്ങളെ കുറിച്ച് മീര വിശദീകരിച്ചു.

“എനിക്ക് ജയപാലിനെ നന്നായിട്ടറിയാം. അദ്ദേഹം സുജാതയ്ക്ക് നല്ല മാച്ചാണ്. അവളുടെ സെലക്ഷൻ ഒട്ടും തെറ്റിയിട്ടില്ല.” മീര പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രാഹുൽ, ഗോപികയുടെ മുഖത്തേക്കു നോക്കി, ഇതിലെന്താണ് ഇത്ര അസ്വസ്ഥയാകാൻ എന്ന ചോദ്യം ആ മുഖഭാവത്തിലുണ്ട്.

“എനിക്ക് മമ്മി വിവാഹം കഴിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. ഞാൻ പോയശേഷം മമ്മി ഏകാകിയാണെന്ന് എനിക്കറിയും. അദ്ദേഹം എന്‍റെ മമ്മിയ്ക്ക് ചേരില്ല എന്നു തോന്നിയിട്ടാണ്.”

അതുകേട്ടപ്പോൾ രാഹുൽ പൊട്ടിച്ചിരിച്ചു. “നിന്‍റെ മമ്മി എന്താ കുഞ്ഞാണോ? നീ പറയുന്ന കേട്ടാൽ തോന്നും നീയാണ് മമ്മിയുടെ അമ്മ എന്ന്. അവർക്ക് നമ്മേക്കാൾ അറിവുണ്ട്. ആളുകളെ മനസ്സിലാക്കാനുള്ള കഴിവുമുണ്ട്. നമ്മൾക്ക് മുഴുവൻ സമയം മമ്മിയ്ക്കൊപ്പം ചെലവിടാൻ കഴിയില്ല എന്നും നിനക്കറിയാം. അപ്പോൾ പിന്നെ മമ്മിക്കിഷ്ടപ്പെട്ട ഒരാളെ മമ്മി തെരഞ്ഞെടുക്കുമ്പോൾ നമ്മൾ അതിനെ പിന്തുണയ്ക്കുകയല്ല വേണ്ടത്? പ്രായം, ദേശം ഒന്നും നാം കണക്കിലെടുക്കേണ്ട. നമുക്ക് ആദ്യം ജയപാൽ അങ്കിളിനെ കാണാം. എന്നിട്ടു മതി.” രാഹുൽ ഇത്രയും പറഞ്ഞപ്പോൾ ഗോപിക നിശബ്ദയായി.

പുറമേയ്ക്ക് ശാന്തയായെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അവൾക്ക് അത്ര സന്തോഷം ഇല്ല എന്ന് രാഹുലിന് വ്യക്‌തമായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ മുഴങ്ങി.

“അമ്മയായിരിക്കും… ഞാൻ പറയാതെയാണ് പോന്നത്” ഗോപിക എഴുന്നേറ്റു.

“നീ ഇരിക്കൂ ഞാൻ നോക്കട്ടെ” മീര എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ അഖിൽ മുന്നിൽ.

“വരൂ, വരൂ ഞാൻ അപ്പുവിനെ പ്രതീക്ഷിക്കുകയായിരുന്നു.” തൊട്ടു പിന്നാലെ മീരയുടെ ഭർത്താവും അവിടെ എത്തിച്ചേർന്നു.

“സുജ എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ്. ഗോപുവിന്‍റെ പപ്പ വേർപിരിഞ്ഞ ശേഷം അവൾ തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. ഞാൻ കൂട്ടുകാരിയായി ഉണ്ടെങ്കിലും എനിക്ക് ആ കുറവോ ശൂന്യതയോ നികത്താൻ കഴിയില്ല. സുജ നേരിട്ട പ്രതിസന്ധികൾ, ദു:ഖങ്ങൾ എല്ലാം എനിക്കറിയാം. അതിൽ നിന്നൊക്കെ അവൾ ഉയർത്തെഴുന്നേറ്റവളാണ്. രാജ് പോയശേഷം ഇത്രയേറെ സ്വാധീനിച്ച ഒരാൾ ജീവിതത്തിലുണ്ടായിട്ടില്ല.

ജയപാലിൽ ഞാൻ കാണുന്നത് ആ പ്രത്യേകതയാണ്. അദ്ദേഹം ഏകാന്ത ജീവിതത്തിലാണ്. രണ്ടുപേർക്കും ഇതൊരു അവസരമാണ്. ജീവിതത്തിൽ എന്ന് എനിക്ക് തോന്നുന്നു” മീര തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞു.

“ഒരു ബന്ധത്തിന്‍റെ അടിസ്ഥാനം പരസ്പരപ്രണയവും സമർപ്പണവും വിശ്വാസവുമാണ്.

സുജാതയ്ക്കും ജയപാലിനും പരസ്പരം അതുണ്ടെന്നാണ് എന്‍റെ വിശ്വാസം. അഖിലിനെ ഞാൻ ഇവിടേയ്ക്ക് വിളിപ്പിച്ചതാണ്. കുട്ടികൾ ചേർന്ന് അച്ഛനമ്മമാരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കട്ടെ. സ്വന്തം വിവാഹ കാര്യത്തെക്കുറിച്ച് ഒരു അച്ഛനും അമ്മയ്ക്കും മക്കളോട് പറയാൻ മടിയുണ്ടാകും. ഈ പ്രായത്തിൽ വിവാഹമോ എന്ന് സമൂഹം നെറ്റിചുളിക്കും. ഇതൊക്കെ ആവുമ്പോൾ അവരുടെ മോഹം അവരിൽ തന്നെ ഇല്ലാതാകാനാണ് സാദ്ധ്യത.

മീര തുടർന്നു പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ രാഹുൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. “സത്യം ആന്‍റി, ഇതു പറഞ്ഞത് വളരെ നന്നായി. മമ്മിയ്ക്ക് ഈ കൂട്ട് എന്തായാലും ആവശ്യമാണ്. നല്ലതാണ്.”

”സത്യം പറയാല്ലോ… എന്‍റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് മീരാന്‍റി ഇപ്പോൾ പറഞ്ഞത്. അത്രയും ഇഷ്ടമാണ് എനിക്ക് രണ്ടുപേരെയും. എന്‍റെ പപ്പയുടെ ജീവിതത്തിലേക്ക് വളരെ മുന്നേ എത്തേണ്ടതായിരുന്നു സുജാന്‍റി” അഖിൽ വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ ഗോപികയുടെ എതിർപ്പുകൾ അലിഞ്ഞുപോയി. അവൾ അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാനും ഒരു ചെറിയ പാർട്ടി നടത്താനും അന്നുതന്നെ അവർ തീരുമാനമെടുത്തു.

അതേസമയം സുജാത ഇതൊന്നുമറിയാതെ കടുത്ത മനോവ്യഥയിലായിരുന്നു. ഒരേയൊരു മകൾ. അവൾക്ക് ഇഷ്ടമില്ലാത്ത?ഒരു കാര്യം ചെയ്തിട്ട് എന്തു സന്തോഷമാണ് തന്‍റെ ജീവിതത്തിൽ കിട്ടാൻ പോകുന്നത്. ജയപാലിനൊട് തനിക്ക് തോന്നിയ ഇഷ്ടം മാറ്റിവയ്ക്കാം. പക്ഷേ ആ മനുഷ്യനെ വേദനിപ്പിക്കേണ്ടി വരുന്നതിലാണ് ദു:ഖം.

രാത്രി 11 മണിയായിട്ടും കുട്ടികൾ വന്നില്ലല്ലോ. അവൾ മിക്കവാറും മീരയുടെ അടുത്തുണ്ടാകും. തന്നോട് ദേഷ്യം വരുമ്പോൾ അവൾ പോകറുള്ളത് അങ്ങോട്ടാണല്ലോ. മീരയെ വിളിക്കാൻ നമ്പർ ഡയൽ ചെയ്യുമ്പോളാണ് കോളിംഗ് ബെൽ കേട്ടത്. അവൾ വേഗം സേഫ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. കുട്ടികളാണ്. സുജാത വാതിൽ തുറന്നു.

രാഹുലിനും ഗാപികയ്ക്കും ഒപ്പം അഖിലിനേയും കണ്ടപ്പോൾ സുജാത ആശ്ചര്യപ്പെട്ടു. ഇരുട്ടിൽ നിന്ന് ഒരാൾ കൂടി വെളിച്ചത്തിലേക്ക് കടന്നുവന്നു. ജയപാൽ! അവൾ സ്തബ്ധയായി. രാഹുൽ സുജാതയെ കയ്യിൽ പിടിച്ച് സോഫയിലിരുത്തി.

ഒട്ടും വൈകിയില്ല. “മമ്മി, നിങ്ങൾ രണ്ടാൾക്കപ്പം ഇഷ്ടമാണേൽ പിന്നെ ഇനി ഒട്ടും സമയം കളയാനില്ല. എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം.” അന്തരീക്ഷം ലഘൂകരിക്കാൻ രാഹുൽ ഇങ്ങനെ പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“അതേ ആന്‍റി, ഞാൻ ഇതാ എന്‍റെ പപ്പയെയും കൂട്ടി വന്നത് അന്‍റിയെ പെണ്ണുകാണാൻ തന്നെയാ” അഖിലും പൊട്ടിച്ചിരിച്ചു. സുജാത ആകെ വിളറി നാണിച്ചുപോയി. അവർ സങ്കോചത്തോടെ മകളെ നോക്കി. ഗോപു അമ്മയെ കെട്ടിപ്പിടിച്ചു.

“മമ്മി, ഈ സ്നേഹം മറ്റാർക്കും വീതിച്ചു പോകുന്നത് ഇഷ്ടമല്ലാത്തുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞുപോയതാ. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി. ഈ ബന്ധം കൊണ്ട് എനിക്ക് ഒരു പപ്പയേയും സഹോദരനേയും കൂടി കിട്ടുകയാണെന്ന്. ആം സോ ഹാപ്പി” അവൾ ജയപാലിന്‍റെയും സുജാതയുടെയും കൈകളിൽ ചേർത്തുപിടിച്ചു. ആഹ്ലാദഭരിതമായ ആ അന്തരീക്ഷത്തിൽ ജയപാൽ പെട്ടെന്ന് സുജാതയ്ക്ക് മുന്നിൽ മുട്ടുകുത്തി.

“വിൽ യൂ മാരി മീ?” സുജാത ലജ്‌ജയോടെ ജയപാലിന്‍റെ നീട്ടിയ കൈകൾ ചേർത്തുപിടിച്ച് സമ്മതം മൂളി. അർദ്ധരാത്രിയിൽ ആ വീട്ടിലെ പൊട്ടിച്ചിരികൾ നിലാവിനൊപ്പം പുറത്തേക്ക് ഒഴുകിയെത്തി.

(അവസാനിച്ചു)

ജലപ്പരപ്പിലെ കുമിളകൾ

വലിയൊരു കൊടുങ്കാറ്റിനും പേമാരിക്കും ശേഷം ക്രമേണ അന്തരീക്ഷം ശാന്തമാകാൻ തുടങ്ങിയിരിക്കുന്നു. ഇടിമുഴക്കങ്ങളും ഗർജ്ജനങ്ങളും വിടർന്ന രണ്ടു കുഞ്ഞു കണ്ണുകളിൽ ഭയത്തിന്‍റെ അലകൾ നിറച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഇപ്പോൾ മുറിയിലാകെ കനം തൂങ്ങുന്ന നിശബ്ദത മാത്രം…

സൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ദതയെ അൽപമെങ്കിലും പോറലേൽപ്പിക്കുന്നത് അടക്കിയിട്ടും അടങ്ങാതെ പുറത്തേക്കു തെറിച്ചു വീഴുന്ന നീലിമയുടെ തേങ്ങലുകൾ മാത്രമാണ്… പാവം കുട്ടി. കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന അവളുടെ ഭീതി നിറഞ്ഞ കുഞ്ഞുമുഖം തറയിൽ ചടഞ്ഞിരിക്കുന്ന തനിക്കും കാണാം.

ഓർക്കുന്തോറും രമേശിനോടുള്ള കോപം അനുനിമിഷം പൊങ്ങിവരുന്ന ഭയാനകമായ ജലപ്പരപ്പുപോലെ തന്നിൽ നിറഞ്ഞു കവിഞ്ഞ് ചുറ്റുപാടുകളെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ സങ്കടമല്ല അനുഭവപ്പെടുന്നത്. സർവ്വവും നശിപ്പിച്ച് ചാമ്പലാക്കാനുള്ള വ്യഗ്രതയാണ്. അങ്ങനെയെങ്കിലും രമേശിനോട് പ്രതികാരം ചെയ്യണം.

ആ വിങ്ങുന്ന കുഞ്ഞുമനസ്സിനെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാനാവുക. ഒന്നുമറിയാത്ത പ്രായത്തിൽ മനസ്സിനേൽക്കുന്ന ആഘാതങ്ങൾ അവളെ എത്ര തകർത്തിട്ടുണ്ടാകും. അത്തരം കാര്യങ്ങളൊന്നും രമേശിനറിയാത്തതല്ലല്ലോ. ആരോടാണ് ഈ പക? വാശി? മദ്യം ബുദ്ധിയെ കീഴടക്കുകയും അതിനടിമപ്പെടുകയും ചെയ്യുന്ന ഒരവസ്‌ഥയിലെത്തിയിരിക്കുന്നു രമേശ്.

സത്യത്തിൽ ഇന്നെന്താണ് രമേശിനെ ഇത്രയധികം പ്രകോപിപ്പിച്ചത്? എത്ര ആലോചിച്ചിട്ടും വ്യക്‌തമായ ഒരു കാരണം കണ്ടുപിടിക്കാൻ മായയ്ക്ക് കഴിഞ്ഞില്ല. എന്നത്തേയും പോലെത്തന്നെ ഈയിടെയായി രമേശ് ഒന്നിനും കാരണം തേടാറില്ലല്ലോ.

ഒരു ചെറിയ തുമ്പു കണ്ടെത്തി അതിൽ പിടിച്ച് കത്തിക്കയറുകയാണ് പതിവ്. അതിൽ എരിഞ്ഞു ചാമ്പലാവുന്ന ഒരു കുഞ്ഞുമുഖവും തകർന്ന മനസ്സും ഒന്നും രമേശിന്‍റെ കാഴ്ചയിലോ മനസ്സിലോ പെടാറുമില്ല. മരത്തിന്‍റെ നിർവ്വികാരത മാത്രമാണ് ഈയിടെയായി രമേശിന്.

ഇന്നെന്താണ് ഉണ്ടായത്? വീണ്ടും ചിന്ത കറങ്ങിത്തിരിഞ്ഞ് ആ ചോദ്യത്തിൽത്തന്നെ തിരിച്ചെത്തി. കാരണങ്ങളോ ഉത്തരങ്ങളോ കണ്ടെത്താനാവാത്ത സമസ്യ കുടഞ്ഞ് കളഞ്ഞ് മായ എഴുന്നേറ്റു. ഇരുട്ട് വീടിനകത്തേക്കു കടന്നു വരാൻ തുടങ്ങിയിരുന്നു.

ഇപ്പോൾ നീലിമയുടെ തേങ്ങൽ കേൾക്കാനില്ല. കട്ടിലിനടിയിലേക്ക് കുനിഞ്ഞു നോക്കി. പാവം കുട്ടി. കൈവിരൽ വായിൽ വച്ച് തളർന്ന് ഉറങ്ങുകയാണ്. ഇടയ്ക്കിടെ പുറത്തേക്കു തെറിച്ചു വീഴുന്ന തേങ്ങൽ ഉള്ളിൽ തന്നെ അമരുന്നത് നെഞ്ചിന്‍റെ ഉയർച്ച താഴ്ചകൾക്കിടയിൽ വ്യക്‌തമായി കാണാം.

കലാപങ്ങൾക്കൊടുവിൽ ഷർട്ടെടുത്തിട്ട് രമേശ് പുറത്തേക്കു പോകുന്നതു കണ്ടിരുന്നു. വീണ്ടും മനസ്സും വാക്കുകളും ചാർജജ് ചെയ്‌ത് വരാനാകും. കണ്ണീർ തോരാതെ പെയ്യുന്ന വീടായിക്കഴിഞ്ഞിരിക്കുന്നു ഈ വീടിപ്പോൾ. നീലിമയുടെ കളിചിരികൾ പോലും വളരെ അപൂർവ്വമാണ്. കേട്ടു പരിചയിച്ച കഥകളിലെ രാക്ഷസൻ മനുഷ്യരൂപം പൂണ്ട് വന്നതാണ് ഇപ്പോൾ അവളുടെ അച്‌ഛൻ സങ്കൽപ്പം.

ഓരോ വഴക്കിനു ശേഷവും കാരണം കണ്ടെത്താൻ ശ്രമിച്ച് സ്വയം പരാജയം ഏറ്റുവാങ്ങാറാണ് പതിവ്. താണുകൊടുക്കൽ തന്‍റെ ബലഹീനതയായാണ് രമേശ് കാണുന്നത്.

കുടുംബമെന്ന കണ്ണി അറ്റുപോകാതെ നിലനിർത്താനുള്ള വിട്ടുവീഴ്ച്ചയായി കാണുന്നതേയില്ല. തന്‍റെ കുഞ്ഞിന് അവളുടെ അച്‌ഛൻ വേണമെന്നുള്ളതു കൊണ്ട് വിട്ടുവീഴ്ചക്കു തയ്യാറായേ പറ്റൂ… താനെങ്കിലും… മുറിച്ചു മാറ്റാൻ എളുപ്പമാണ്. ആ മുറിപ്പാടിലെ നൊമ്പരവും വിങ്ങലും വളർച്ചയുടെ ഓരോ ഘട്ടത്തിലും നീലിമയെ വല്ലാതെ തളർത്തും. താൻ കരുത്താർജ്ജിച്ചേ പറ്റൂ…

“നീലൂ… എഴുന്നേറ്റു വരൂ… ” എത്ര വിളിച്ചിട്ടും അവൾ തലപൊക്കി നോക്കുകയോ വിളി കേൾക്കുകയോ ചെയ്‌തില്ല. മായ തറയിൽ കുനിഞ്ഞിരുന്ന് കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി. കണ്ണീർ വാർന്നുണങ്ങിയ പാട് കവിളത്തു കാണാം. ചുണ്ടുകൾക്കിടയിൽ ഇരിക്കുന്ന കൈ വിരലിലൂടെ ഉമിനീർ ഇറങ്ങി കവിളത്ത് പടർന്നു കിടക്കുന്നുണ്ട്.

എന്തോ കണ്ട് ഭയന്നിട്ടെന്നോണം കുട്ടി ചാടി എഴുന്നേറ്റിരുന്നു. കണ്ണുകൾ ഉരുട്ടി മിഴിച്ച് അവൾ തന്നെത്തന്നെ നോക്കുകയായിരുന്നു ഭയം വിട്ടുമാറിയിട്ടില്ലാത്ത മുഖത്തോടെ… പെട്ടെന്ന് തന്‍റെ മടിയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്ന് അവൾ പോലുമറിയാതെ ഉറക്കത്തിലേക്ക് ആണ്ടുപോവുകയും ചെയ്‌തു. സുരക്ഷിതമായ ഇടത്തെന്ന പോലെ ശാന്തമായി ശ്വാസോച്ഛ്വാസം ചെയ്യുന്നത് അവളുടെ നെഞ്ചത്തിരിക്കുന്ന തന്‍റെ കൈകൾക്ക് അനുഭവവേദ്യമാകുന്നുണ്ട്.

ഇന്ന് വൈകുന്നേരം എന്താണുണ്ടായത്? ഒരു വലിയ പൊട്ടിത്തെറിയിലെത്താൻ മാത്രം സംഭവ വികാസങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കാര്യങ്ങൾക്കു വേണ്ടി കാരണങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇപ്പോൾ രമേശിന്‍റെ രീതി.

എല്ലാം ശാന്തമാണല്ലോ എന്ന ആശ്വാസത്തിൽ ഇരിക്കവെയാണ് അതുണ്ടായത്. എത്ര പെട്ടെന്നാണ് ആരോപണങ്ങളും തർക്കങ്ങളും ശരം കണക്കെ ചീറിപ്പായാൻ തുടങ്ങിയത്. മിണ്ടുന്നതു തന്നെ മണ്ടത്തരമായോ അപകടകരമായോ തീർന്നേക്കാവുന്ന സംഭവങ്ങളാണ് ഈയിടെയായി തനിക്കും രമേശിനുമിടയിൽ. തങ്ങളുടെ കൊച്ചു കുടുംബത്തിൽ നിന്നും ഈയിടെയായി രമേശ് വല്ലാതെ അകന്നു കഴിഞ്ഞിരിക്കുന്നു.

പുതിയ സൗഹൃദങ്ങളും മദ്യപാനവും രമേശിനെ മറ്റൊരു മനുഷ്യനാക്കിയിരിക്കുന്നു. താനും മോളും രമേശിന്‍റെ നല്ല ഓർമ്മകളിൽ നിന്ന് പോലും പുറം തള്ളപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. ഈയിടെയായി വീട്ടിലേക്കുള്ള വരവു തന്നെ അപൂർവ്വമാണ്. ഓഫീസ് ടൂർ, മീറ്റിംഗ്, പൊതു പ്രവർത്തനം അങ്ങനെ വീട്ടിൽ നിന്നകന്നു നിൽക്കാൻ കാരണങ്ങൾ ഏറെ പറയാനുമുണ്ട്.

ഇത്തവണ രമേശ് പോയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. പണ്ടൊക്കെ എവിടെപ്പോയാലും എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് മോളെ വിളിക്കാറുള്ള ആളാണ്. ഇത്തവണ അഞ്ചോ ആറോ ദിവസം കൂടുമ്പോൾ ഒന്നു വിളിച്ചെങ്കിലായി.

“അച്‌ഛനെന്താ വരാത്തെ അമ്മേ?” രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്നും നീലിമ ചോദിക്കുന്നതിന് വിശ്വസനീയമായ എന്തെങ്കിലും ഉത്തരങ്ങൾ കണ്ടെത്തി അവളെ നിശബ്ദയാക്കുന്നതിൽ താനും വിജയിക്കാറുണ്ട്. എങ്കിലും ഈയിടെയായി തന്‍റെ മറുപടികൾ അവൾക്ക് സ്വീകാര്യമല്ലാതായി തുടങ്ങിയിരിക്കുന്നു.

“അച്‌ഛൻ ടൂറിന് പോയിരിക്കുകയല്ലേ? നാളെയോ മറ്റന്നാളോ വരും…” ഉത്തരം നീലിമക്ക് തൃപ്തികരമായില്ല എന്നു തോന്നുന്നു. ചെരിഞ്ഞു കിടന്ന് ഒരു കാൽ തന്‍റെ ശരീരത്തിലേക്കെടുത്തിട്ടു കൊണ്ട് അവൾ തുടർന്നു.

“എന്താ അച്‌ഛൻ ടൂർ പോകുമ്പോൾ നമ്മളെ കൊണ്ടു പോകാത്തത്? എന്‍റെ ക്ലാസിലെ ഉത്തരയും അവളുടെ അച്‌ഛനും അമ്മയും ഒക്കെ ഒരുമിച്ചാ ടൂറു പോവ്വാ… .നല്ല രസാത്രെ… ” ആവേശത്താൽ അവളുടെ സ്വരം ഉച്ചസ്‌ഥായി ലായി.

“നമ്മക്കും അച്‌ഛന്‍റെ കൂടെ പോകാം, അമ്മേ… എന്നിട്ട് വെള്ളത്തിലൊക്കെ എറങ്ങി കളിക്കാം…” ഉത്തരയിൽ നിന്നു പകർന്നു കിട്ടിയ ടൂറിന്‍റെ രസങ്ങൾ അവളുടെ ഉള്ളിൽ ബാക്കി കിടക്കുന്നുണ്ട്.

“ഉത്തരാ പറയ്വാ… ഏതോ ഒരു സ്‌ഥലത്ത് പാറയിൽ തട്ടിച്ചിതറി ഒഴുകി വരുന്ന പുഴയുണ്ടത്രെ… അവളുടെ അച്‌ഛനും അമ്മയും അവളെ കൂട്ടി ആ വെള്ളത്തിൽ ഇറങ്ങി കളിക്കുകയും കുളിക്കുകയും എല്ലാം ചെയ്യുമത്രെ. അമ്മേ…” അവളുടെ കണ്ണുകളിൽ ആയിരം നക്ഷത്രത്തിളക്കം… സ്വരത്തിൽ ആവേശം.

“അച്‌ഛൻ വന്നാൽ അമ്മ പറയണംട്ടോ… നമ്മക്കും പോണംന്ന്… ”പുറത്തേക്കു തെറിച്ചു വീഴുന്ന വാക്കുകളിൽ വല്ലാത്ത ആവേശം. എത്ര പെട്ടെന്നാണ് കുട്ടികൾക്ക് സ്വയം പകർന്നാടാൻ കഴിയുന്നത്. മായയുടെ തലക്കുള്ളിൽ കഴിഞ്ഞാഴ്ച രമേശ് വന്നപ്പോഴുണ്ടായ വാഗ്‍വാദങ്ങളും അട്ടഹാസങ്ങളും പ്രകമ്പനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. നീലിമ ഈയിടെയായി അച്‌ഛന്‍റെ അടുത്തേക്കധികം പോകാറില്ല.

ഭീതി നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കാറാണ് പതിവ്. ആ കുഞ്ഞുമനസ്സിന് താങ്ങാവുന്നതിലുമധികം ഭയമുളവാകുമ്പോൾ മേശക്കടിയിലോ കട്ടിലിനടിയിലോ അവൾ കമിഴ്ന്ന് കിടക്കും. സ്‌ഥലകാല ബോധങ്ങൾ മറന്ന് ക്രമേണ അവൾ ഉറങ്ങിപ്പോകും. ചുണ്ടുകൾക്കിടയിലെ തള്ളവിരലിലാണ് സർവ്വ ആലംബവും എന്ന പോൽ കണ്ണുകൾ പാതി തുറന്ന് ഉറങ്ങിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.

ഇന്നെന്താണ് ഉണ്ടായത്? ഓർത്തെടുക്കാൻ ശ്രമിക്കവെ അടുക്കും ചിട്ടയുമില്ലാതെ ഒട്ടേറെ സംഭവങ്ങൾ മനസ്സിലൂടെ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് മലീമസമാക്കിയ സായാഹ്നമായിരുന്നു അത്. അഞ്ചുവയസ്സുകാരിയുടെ കുഞ്ഞുമനസ്സിനെ അതു കീറി മുറിപ്പെടുത്തുമെന്ന് ആലോചിക്കാനുള്ള വിവേകം നഷ്ടപ്പെട്ട അച്‌ഛനമ്മമാരായിക്കഴിഞ്ഞിരുന്നല്ലോ ഞങ്ങൾ.

എത്രയോ സമയമായി ഈ ഇരിപ്പു തുടരുകയായിരുന്നു എന്ന് അപ്പോഴാണ് മായ ഓർത്തത്. കണ്ണു തുറന്നു നോക്കുമ്പോൾ മുറിയിലാകെ ഇരുട്ടു പടർന്നു കഴിഞ്ഞിരുന്നു. നീലിമയുടെ നേരിയ കൂർക്കം വലിയും ഇടയ്ക്കിടെ പൊന്തിയ തേങ്ങലും ദുഃഖ സാന്ദ്രമായ സന്ധ്യയെ കൂടുതൽ ഇരുണ്ടതാക്കി.

ഇനി ചില തീരുമാനങ്ങളെടുത്തേ പറ്റൂ… തന്‍റെ കുഞ്ഞിനൊരു ജീവിതം വേണം. അച്‌ഛനമ്മമാരുടെ വാശിയേറിയ മത്സരത്തിനിടയിൽ അവളെ വിസ്മരിക്കാനാവില്ല. അച്‌ഛനുമമ്മയും വഴക്കിടുമോ എന്നു ഭയന്ന് അവധി ദിവസങ്ങളിൽ കൂട്ടുകാരോടൊപ്പം പുറത്തു പോയി കളിക്കാൻ പോലും നീലിമ സമ്മതിക്കാറില്ല. പോയാൽ തന്നെ ഇടയ്ക്കിടെ ഓടി വന്ന് ഒന്നെത്തി നോക്കി പോകും. എപ്പോഴും ഒരു വേവലാതി കലർന്ന പെരുമാറ്റമാണ് ഈയിടെയായി നീലിമ കാണിക്കുന്നത്.

“സാറാടേം അബൂന്‍റേയും പപ്പയും മമ്മയുമൊന്നും വഴക്കടിക്കാറേയില്ലത്രേ. എന്താ എന്‍റെ അച്‌ഛനും അമ്മയും മാത്രം ഇങ്ങനെ…?” ഒരു ദിവസം അവൾ ചോദിക്കുക തന്നെ ചെയ്‌തു.

“വേണ്ടാത്ത കാര്യങ്ങൾ അന്വേഷിക്കാതെ കടന്നു പോകുന്നുണ്ടോ എന്‍റെ മുമ്പിൽ നിന്ന്…” കുറച്ച് ഉറക്കെത്തന്നെയാണ് പറഞ്ഞത്. അവളുടെ വിടർന്ന കണ്ണുകളിൽ ഭയം നിഴലിച്ചു. അമ്മയും എന്താ ഇങ്ങനെ എന്ന അവിശ്വസനീയമായ ഭാവമായിരുന്നു അപ്പോൾ അവളുടെ മുഖത്ത്.

കാറും കോളും നിറഞ്ഞ ജീവിതം ഇഴഞ്ഞു നീങ്ങുന്നതിനിടെ ഒരു ദിവസമാണ് അതുണ്ടായത്. ആഴ്ചകൾക്കു ശേഷമാണ് അന്ന് രമേശ് വീട്ടിലെത്തിയത്. എവിടെയായിരുന്നെന്നും എന്തുകൊണ്ടിത്ര ദിവസം ഒന്നുവിളിക്കുക പോലും ചെയ്‌തില്ലെന്നുമുള്ള തർക്കങ്ങളും കുറ്റപ്പെടുത്തലുകളും ചീറിപ്പാഞ്ഞ് അന്യോന്യം ചെളി വാരി എറിഞ്ഞ ഒരു സായാഹ്നം…

“ഈ വീട് വിൽക്കാൻ പോവുകയാണ്. മോളേയും കൂട്ടി നീ നിന്‍റെ വീട്ടിലേയ്ക്ക് പോയ്ക്കോ…” മുഖത്തു നോക്കാതെയാണ് രമേശ് പറഞ്ഞത്.

“ഞാൻ നിങ്ങളുടെ കൂടെ സ്വയം ഇറങ്ങി വന്നതൊന്നുമല്ല. അച്‌ഛനമ്മമാർ തീരുമാനിച്ചുറപ്പിച്ച് നടത്തിയ വിവാഹമാണ്. നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ അന്തസ്സായി എന്‍റെ വീട്ടിൽ കൊണ്ടു പോയാക്കണം. എനിക്കും ഈ ജീവിതം മതിയായി…” ഇത്രയും രമേശ് പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു.

ശൂന്യമായ മനസ്സുമായി നിർവ്വചിക്കാനാവാത്ത ശാന്തതയോടെ മായയും അവിടെത്തന്നെ ഇരുന്നു. രണ്ടുപേർക്കുമിടയിൽ ഒരു ശ്വാസത്തിന്‍റെ അകലം മാത്രം…

ഇനിയും ഒരു തീരുമാനമെടുക്കാൻ വൈകി കൂടാ. മായ ചിന്തിച്ചു. തനിക്കു വേണ്ടി വാദിക്കാനോ സംസാരിക്കാനോ ആരുമില്ല. വയസ്സായ അമ്മ മാത്രമേയുള്ളൂ. അവർ ഇതൊന്നും അറിയാനിടവരരുത്.

കരടിയുടെ കെട്ടിപ്പിടുത്തം പോലുള്ള ഈ ദാമ്പത്യം കൊണ്ട് താൻ എന്തു നേടി? കുടഞ്ഞുകളയാനോ പിടിവിടുവിക്കാനോ ആവാതെ എത്രകാലം ഇങ്ങനെ കഴിയാനാകും? തന്‍റെ കുഞ്ഞിനെങ്കിലും നല്ലൊരു ജീവിതം ഉണ്ടാക്കി എടുക്കണം. അതിനു വേണ്ടി എന്തു ചെയ്യാനാകുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇനിയുള്ള കാലം തനിയെ ജീവിക്കാനാണെങ്കിൽ അതിനും താൻ തയ്യാറാണ്. തീരുമാനമെടുക്കാൻ വൈകി കൂടാ. പരസ്പരസ്നേഹവും സത്യസന്ധതയുമാണ് ഏതൊരു വിവാഹവും അരക്കിട്ടുറപ്പിക്കുന്നത്. കുറഞ്ഞ പക്ഷം അതൊക്കെ ഉണ്ടെന്ന ഒരു തോന്നലെങ്കിലും അന്യോന്യം ഉണ്ടാക്കി എടുത്താലേ ദാമ്പത്യം പോകൂ. ഇവിടെ ഞങ്ങൾക്കിടയിൽ അതൊന്നുമില്ലെന്ന് എന്നേ പരസ്പരം തിരിച്ചറിഞ്ഞതാണ്.

പലതവണയായി അന്യോന്യം വാരി എറിഞ്ഞ കടുത്ത വാക്കുകൾ വൃത്തിയുള്ള ഭിത്തിയിൽ കോറിയിട്ട വികൃതമായ ചിത്രങ്ങൾ പോലെ മനസ്സിൽ ആഴ്ന്നു കിടപ്പുണ്ട് ഇന്നും…

ഇനി വയ്യ. ഇതിവിടെ അവസാനിപ്പിച്ചേ പറ്റൂ. ഏറെ നേരത്തെ പുനർ ചിന്തകൾക്കും കൂട്ടിക്കിഴിക്കലുകൾക്കും ഒടുവിൽ ഒരു ഉറച്ച തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു.

പിറ്റേന്ന് മോളേയും കൂട്ടി നിർവ്വികാരമായ മനസ്സോടെ വീട്ടിലെത്തുമ്പോൾ അമ്മ പൂജാമുറിയിലായിരുന്നു. ആകാശത്തും അന്തിത്തിരി കൊളുത്തിക്കഴിഞ്ഞിരുന്നു.

ഇപ്പോൾ ഈ ഒരു തീരുമാനമെടുത്തില്ലെങ്കിൽ നാളെ തന്‍റെ മകൾ പോലും തന്നോടു തിരിച്ചു ചോദിക്കും, പേരിനു മാത്രമായി ഒരച്‌ഛൻ! എന്താവശ്യത്തിന്? താൻ കരുത്താർജ്ജിച്ചേ പറ്റൂ.

ഭർത്താവുണ്ടായിട്ടും ഏകാകിനിയായി കഴിയുന്ന മകളെ ഓർത്ത് അമ്മ കണ്ണീർ വാർത്തു. അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകൾ മതിയാവില്ല എന്നറിയാവുന്നതു കൊണ്ട് താൻ നിശബ്ദയായി കാര്യങ്ങൾ ചെയ്യുകയും കരുത്താർജ്ജിക്കുകയും ചെയ്‌തു. വിധവയായ അമ്മയും ഭർത്താവിനാൽ തിരസ്കൃതയായ ഭാര്യയും അച്‌ഛൻ എന്ന സങ്കൽപ്പം ഉള്ളിൽ സൂക്ഷിക്കുന്ന മകളും അടങ്ങുന്ന ഇടമായി മാറി ഞങ്ങളുടെ വീട്.

ആരുടേയും കനിവിനു വേണ്ടി യാചിക്കേണ്ടവളല്ല സ്ത്രീ. അമ്മയുടെയും അച്‌ഛന്‍റേയും ഉത്തരവാദിത്വം തന്നിലൂടെ നിറവേറ്റപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവ് തന്നെ കരുത്തുള്ളവളാക്കിയിരിക്കുന്നു. അമ്മയ്ക്ക് തന്‍റേയും മോളുടേയും തിരിച്ചു വരവ് വലിയ പ്രഹരമേറ്റ പോലെയായി.

ടീച്ചറായിരുന്ന അമ്മയുടെ പെൻഷനും മൂന്നുനാലുപേർക്ക് ജീവിച്ചു പോകാനുള്ള കൃഷിയുമാണ് ആകെയുള്ള സമ്പാദ്യം. സ്വന്തം കാലിൽ നിൽക്കാൻ തക്കവണ്ണമുള്ള ഒരു ജോലി ഉണ്ടെന്നതു കൊണ്ടു കൂടിയാകാം ഇത്തരമൊരു പറിച്ചുനടലിന് തനിക്കു ധൈര്യം കിട്ടിയത്.

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു ഇപ്പോൾ… ! അന്ന് സർവ്വം സഹയായി രമേശിനൊടൊപ്പം കഴിഞ്ഞിരുന്നെങ്കിൽ തന്‍റെ മകൾ ഇത്ര കരുത്താർജ്ജിക്കുമായിരുന്നില്ല. സ്നേഹത്തിനു പകരം അപമാനവും ആക്ഷേപവും സഹിച്ച് ഒന്നിന് കൊള്ളാത്തവളായിത്തീരുമായിരുന്നു. മകളെ തന്നോടൊപ്പം വിട്ടു കിട്ടാൻ വേണ്ടി രമേശ് പല തന്ത്രങ്ങളും നടത്തിയിരുന്നു. ഉത്തരവാദിത്തമില്ലാത്ത അച്‌ഛനോടൊപ്പം പോകാൻ നീലിമ തയ്യാറായില്ല. അച്‌ഛന്‍റെ സാമീപ്യം ഭയമുളവാക്കുന്ന അനുഭവമായിരുന്നല്ലോ അവൾക്കെന്നും.

ഇതിനിടെ രമേശിന്‍റെ അമ്മയും തനിക്ക് എതിരെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിരുന്നു. മകനുമായി പിണങ്ങി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിൽ കഴിയുന്ന മരുമകൾക്ക് അഹങ്കാരത്തിനു പുറമെ മറ്റു പല ആരോപണങ്ങളും അവർ ഉന്നയിച്ചു കൊണ്ടിരുന്നു. കഥകൾ കേൾക്കാൻ എക്കാലത്തും കാതോർത്തിരിക്കുന്ന സമൂഹം അതേറ്റുപാടി ആസ്വദിച്ചു. കുളിക്കാതെ ഈറൻ ചുമക്കേണ്ടി വരുന്നതിൽ തളരാതെ വാശിയുൾക്കൊണ്ട് മുമ്പോട്ടു പോകാനുള്ള വഴികൾ മായയും കണ്ടെത്തി.

ഒരു ഞായറാഴ്ച മകളേയും കൊണ്ട് രമേശിന്‍റെ വീട്ടിലെത്തിയ മായയെ കണ്ട് അമ്മയിഅമ്മ ഉറഞ്ഞുതുള്ളി. അവൾക്കുമേൽ എന്നും ഒരു സംരക്ഷണവലയം സൃഷ്ടിച്ചിരുന്ന അച്‌ഛൻ പതിവുപോലെ അവളെ നോക്കി പുഞ്ചിരിച്ചു.

നീലിമയെ വിളിച്ച് ചേർത്തു നിർത്തി മൂർദ്ധാവിൽ തടവുമ്പോൾ ആ വൃദ്ധ നയനങ്ങൾ നിറഞ്ഞു കവിയാൻ തുടങ്ങിയിരുന്നു. തന്‍റെ മിഴികളുമായി ഇടയുമ്പോഴൊക്കെ സാന്ത്വനത്തിന്‍റെ ചെറുപുഞ്ചിരി അച്ഛന്‍റെ മുഖത്തു തിളങ്ങി. മകനെ ഉപേക്ഷിച്ചു നടക്കുന്ന മരുമകളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ അടുക്കളയിൽ നിന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.

“ഭർത്താവിനെ വേണ്ടാത്തവർക്ക് എന്തിനാണ് ഭർത്താവിന്‍റെ വീടും വീട്ടുകാരും…?” ഈ ചോദ്യം പല തവണ വിവിധ രൂപത്തിൽ അവർ ചോദിച്ചു കൊണ്ടിരുന്നു.

“എന്‍റെ മകളുടെ അച്‌ഛനാണ് അമ്മയുടെ മകൻ.” മായയുടെ സ്വരം ഒരിട ഒന്നിടറിയെങ്കിലും അവൾ ഉറച്ച സ്വരത്തിൽ ആവശ്യം വ്യക്‌തമാക്കി.

“ഞങ്ങൾ രണ്ടുപേർക്കും പരസ്പരം വേണ്ട. എങ്കിലും നീലിമയ്ക്ക് അവളുടെ അച്‌ഛനെ വേണം… ” ചൂണ്ടിക്കാണിക്കാനെങ്കിലും…” ഒന്നും മനസ്സിലാകാത്ത പോലെ അമ്മ തുറിച്ചു നോക്കി നിന്നതേയുള്ളൂ.

അമ്മയുടെ പുറകിൽ നിന്ന് തന്‍റെ മുഖത്തു പതിയുന്ന അച്‌ഛന്‍റെ കണ്ണുകളിലെ സാന്ത്വനം പ്രോത്സാഹജനകമായിരുന്നു. പേടിക്കണ്ട, ഞാൻ കൂടെയുണ്ട് എന്ന ഭാവം. അമ്മ അറിയാതെ അച്‌ഛൻ ഫോൺ ചെയ്യുമ്പോൾ നിന്‍റെ കൂടെ ഞാനുണ്ട് മോളേ എന്നൊരു ആശ്വസിപ്പിക്കൽ അനുഭവപ്പെടാറുണ്ട്. അതാണ് തനിക്ക് കരുത്തേകുന്നത്. ഞാൻ പറഞ്ഞാലൊന്നും അവൾ കേൾക്കില്ല മോളെ എന്നൊരു കുറ്റസമ്മതവും അച്‌ഛൻ ഇടയ്ക്കിടെ നടത്തുന്നതു കേൾക്കാം.

പെട്ടിയുമെടുത്ത് മകളുടെ കൈ പിടിച്ച് തന്‍റെ മുറിയിലേക്കു നടക്കുമ്പോൾ അവൾ തിരിഞ്ഞു നിന്ന് ഒന്നു കൂടി ഉറപ്പു കൊടുത്തു.

“ഇവിടെ ഞാൻ താമസിക്കുന്നു എന്നു വച്ച് എനിക്ക് അമ്മയുടെ മകനെ വേണ്ട… നീലിമയ്ക്ക് വേണ്ടി മാത്രമാണ് ഇങ്ങനെയൊരു തീരുമാനം… ”

രമേശ് മദ്രാസിലാണ് ഇടക്കു വല്ലപ്പോഴുമേ നാട്ടിലെത്താറുള്ളൂ. അമ്മയിൽ നിന്ന് വിവരമറിഞ്ഞാൽ ഫോണിൽ കൂടെ ഉണ്ടാകാവുന്ന പ്രത്യാക്രമണങ്ങൾ നേരിടാനുള്ള ഒരുക്കങ്ങൾ താൻ സ്വയം എടുത്തു കഴിഞ്ഞിരുന്നു.

മാനസികമായ തയ്യാറെടുപ്പുകൾ. വേണമെങ്കിൽ എനിക്ക് എന്‍റെ വീട്ടിലേക്ക് തിരിച്ചു പോകാമായിരുന്നു. ഇതിലും ദാരുണമായൊരു അവസ്ഥയിലേക്ക് എടുത്തെറിയലാകും അത്. വിധവയായ തന്‍റെ അമ്മയ്ക്ക് സ്വന്ത ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞു വരുന്ന മകളും കുട്ടിയും താങ്ങാനാവാത്ത ഭാരമായിരിക്കും. മാനസികമായും സാമ്പത്തികമായും.

നീലിമ അപ്പൂപ്പനുമായി സ്ക്കൂൾ വിശേഷങ്ങൾ കൈമാറുകയാണ്. അച്ഛൻ അവളുടെ തലയിൽ തടവികൊണ്ട് നല്ല ശ്രോതാവായി കൗതുകത്തോടെ നോക്കി ഇരിക്കുന്നു. തന്‍റേയും രമേശിന്‍റെയും മുറി വീട്ടിലെ ഉപയോഗശൂന്യമായ പഴയ പാത്രങ്ങളും കെട്ടിവെച്ച ദിനപത്രങ്ങളും മറ്റുമായി ഒരു സ്റ്റോർ മുറിയായി കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ജീവിതം പോലെത്തന്നെ മുറിയിലാകെ ജീർണ്ണതയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു.

കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ വന്ന ആദ്യ ദിവസം മുതലുള്ള സംഭവങ്ങൾ ഫ്ളാഷ് ബാക്കിലെന്നോണം മനസ്സിന്‍റെ സ്ക്രീനിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പിടിച്ചു നിർത്താൻ കഴിയാത്തവണ്ണം ഓഫീസ് ടൂറുകളും യാത്രകളും മീറ്റിംഗുകളുമായി രമേശ് കുടുംബത്തിൽ നിന്നും ഏറെ അകലെയായിരുന്നു എന്നും. പുതിയ മേച്ചിൽ പുറങ്ങളും കൂട്ടുകാരും കൂട്ടിനുമുണ്ടായിരുന്നല്ലോ. കുടുംബം അസ്വസ്ഥത മാത്രമുള്ള ഇടമായി മാറാൻ… !

ഇല്ല തന്‍റെ മകൾ വളർന്ന് സ്വന്തം കാലിൽ നിൽക്കാനാവുന്നതുവരെ അവൾക്കൊരച്ഛന്‍റെ മേൽവിലാസം വേണം. എല്ലാം മനസ്സിലുറപ്പിച്ച് വ്യക്തമായ രൂപരേഖ ഉണ്ടാക്കിയിട്ടാണ് വന്നിട്ടുള്ളത്. കണ്ണീരിന് തടയിട്ട് പ്രവൃത്തിയിൽ ശ്രദ്ധിക്കുക എന്ന ഏക വഴിയേ തന്‍റെ മുമ്പിലുള്ളൂ. കരഞ്ഞ് ജീവിതം തുലയ്ക്കുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞിരിക്കുന്നു.

അവൾ മുറി വൃത്തിയാക്കി പെട്ടിയിൽ നിന്ന് തന്‍റേയും നീലിമയുടെയും വസ്ത്രങ്ങൾ, പുസ്തകങ്ങൾ എല്ലാം പുറത്തെടുത്തു വച്ചു. ഏതാനും മണിക്കൂറുകൾ കൊണ്ട് ആ മുറി തന്‍റേയും നീലിമയുടേയും മാനോഹരമായ വാസസ്ഥലമാക്കി മാറ്റാൻ കഴിഞ്ഞു.

അമ്മ വാതിക്കൽ വന്ന് അകത്തേക്ക് എത്തി നോക്കുന്നത് കണ്ടു.

“നീ ഇതെന്തു ഭാവിച്ചാ…? അവനോടൊരു വാക്കു ചോദിക്കാതെ…” അമ്മ വാക്കുകൾക്കായി തപ്പുകയാണ്. രോഷത്തോടെ സംസാരിച്ച് കൂടുതൽ പ്രകോപിപ്പിക്കണ്ട എന്നു കരുതിയാവും സ്വരത്തിന് ഇത്ര മയം.

“അമ്മ പേടിക്കണ്ട. നിങ്ങൾക്കൊരു ഭാരമാവില്ല ഞങ്ങൾ. മകൾക്കൊരു അച്‌ഛനും എനിക്ക് സമൂഹത്തിൽ തല ഉയർത്തി നടക്കാൻ ഭർത്താവിന്‍റെ മേൽവിലാസവും വേണം. അതു മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ… ആഗ്രഹിക്കുന്നുള്ളൂ…”

അച്‌ഛന്‍റെ കണ്ണുകൾ അഭിനന്ദന സൂചകമായി തന്നിൽ പതിയുന്നുണ്ട്. ഈ വീട്ടിൽ എന്നും അച്‌ഛൻ തനിക്കു നൽകി പോന്നിട്ടുള്ള കരുതൽ ഓർമ്മയുടെ നിലാവായി തന്നെ പൊതിഞ്ഞു. അമ്മ കനത്ത മുഖത്തോടെ ഒന്നു നോക്കിയ ശേഷം അടുക്കളയിലേക്കു നടന്നു.

ഒരു കുടുംബ കലഹം കൂടി ഈ ചേരിതിരിവിനോടൊപ്പം വേണ്ടെന്നു കരുതി ആവാം. അച്‌ഛൻ ഇതിലൊന്നും പ്രത്യക്ഷമായി ഇടപെടാതിരുന്നത്. എങ്കിലും ഓരോ തവണയും തന്‍റെ നോട്ടവുമായി ഇടയുമ്പോൾ സാന്ത്വനത്തിന്‍റെ ശാന്തതയും കണ്ണുകളിൽ പാരാവാരം പോലെ കിടക്കുന്ന സ്നേഹവും തനിക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. മൗനം വാക്കുകളേക്കാൾ ഏറെ വാചാലമാകുന്ന നിമിഷങ്ങൾ.

വൈകുന്നേരം ടൗണിൽ പോയി സ്റ്റൗവും അത്യാവശ്യ സാധനങ്ങളും വാങ്ങിക്കൊണ്ടുവന്നു. അടുക്കളയോടു ചേർന്നുള്ള വരാന്തയിൽ ഒരു കൊച്ച് അടുക്കള രൂപം കൊണ്ടു.

രാവിലെ നീലിമയെ ഒരുക്കി സ്ക്കൂളിലാക്കി താൻ ജോലിക്കു പോകുന്ന രീതി ഇപ്പോൾ വളരെ ആയാസരഹിതമായി കഴിഞ്ഞിരിക്കുന്നു. വൈകുന്നേരം അച്‌ഛൻ മോളെ സ്ക്കൂളിൽ നിന്ന് കൊണ്ടുവരും. രമേശിന്‍റെ അമ്മയെ അവൾക്ക് ഭയമായിരുന്നു. ഇതിനിടെ രണ്ടുമൂന്നു തവണ രമേശ് വീട്ടിൽ വന്നിരുന്നു.

അച്‌ഛനോടും അമ്മയോടും ഒപ്പം കഴിഞ്ഞ് തിരികെ പോകും. തന്നോടൊ മോളോടോ മിണ്ടാനൊ കാണാനൊ ശ്രമിക്കാറില്ല. പേടിയുളവാക്കുന്ന ഒരാളെ കാണുന്ന പോലെയാണ് ഇപ്പോൾ നീലിമ അച്‌ഛനെ നോക്കി കാണുന്നത്.

രാവിലെ കുളി കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നു വരുമ്പോൾ തീരെ പ്രതീക്ഷിക്കാതെയാണ് താൻ രമേശിന്‍റെ മുമ്പിൽ എത്തപ്പെട്ടത്. ഏതോ നികൃഷ്ട വസ്തുവിനെ എന്ന പോലെ ഒന്നു നോക്കി രമേശ് നടന്നകലുന്നത് കണ്ണീർ മറച്ച കാഴ്ചയിലൂടെ നോക്കി നിന്നു. ഉള്ളിൽ എന്തൊക്കെയോ പൊട്ടിത്തകരുന്ന നൊമ്പരത്തോടെ നനവു നിറഞ്ഞ ഒരിളം കാറ്റ് തന്നെ തഴുകി കടന്നു പോയത് മായ അറിഞ്ഞു.

ഇല്ല… താൻ തോറ്റു കൊടുക്കില്ല. ഇവിടെ തളർന്നു പോയാൽ തകരുന്നത് തന്‍റെ കുഞ്ഞിന്‍റെ ഭാവിയാകും. തകർന്ന ദാമ്പത്യത്തിന്‍റെ ബാക്കി പത്രമായി അവൾ വളർന്നാൽ ക്ഷതമേറ്റു പിടഞ്ഞ് വികൃതമായ മനസ്സിനുടമയാകാനേ അതുപകരിക്കൂ. നിലനിൽക്കേണ്ടവയെല്ലാം നിലനിൽക്കും.

വീണും ഊർന്നും പോകേണ്ടവ പോകട്ടെ. ഇപ്പോൾത്തന്നെ നീലിമയുടെ മനസ്സിനേറ്റിട്ടുള്ള ക്ഷതം അവളെ അന്തർമുഖയാക്കിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ലോകത്ത് ഒരാളും അവനവനു വേണ്ടി മാത്രം ജീവിക്കുന്നില്ല. അങ്ങനെ ജീവിക്കാനും സാധിക്കില്ല എന്നത് ലോകസത്യം മാത്രമാണ്.

അച്‌ഛനമ്മമാർക്കു വേണ്ടി, ഭാര്യക്കുവേണ്ടി, മകൾക്കു വേണ്ടി അങ്ങനെ നമ്മുടെയൊക്കെ ജീവിതം എല്ലായ്പ്പോഴും മറ്റൊരു ജീവിതത്തെ പരിപോഷിപ്പിക്കാൻ വേണ്ടി നിയുക്തമായിട്ടുള്ളതാണ്. അപ്പോഴാണ് ജീവിതം സാത്വികമാകുന്നത്. എന്നാൽ എല്ലാവരുമുള്ള അക്ഷരത്തെറ്റുകളായി ഇതു പോലുള്ള ചിലവീടുകളും കണ്ടേക്കാം.

ഇപ്പോൾ തനിക്കെന്ന പോലെ തന്നെ നീലിമയ്ക്കും എല്ലാം ഉൾക്കൊള്ളാനാവുന്നുണ്ട്. അതിർത്തി കാക്കുന്ന ജവാന്മാരെപ്പോലെ ഇടയ്ക്കിടെ സംശയദൃഷ്ടിയോടെയുള്ള നോട്ടവും ചില കുഞ്ഞു കുഞ്ഞു ക്രമസമാധാനത്തകർച്ചയും ഉണ്ടാകാറുണ്ടെങ്കിലും വീട്ടിലെ അന്തരീക്ഷം ശാന്തമായിരുന്നു. വല്ലപ്പോഴും രമേശ് വന്നാൽ തന്നെ അയാളുടെ അതിർത്തിക്കപ്പുറം നോക്കാറില്ല. എങ്കിലും തന്‍റെ കുഞ്ഞിന്‍റെ രക്ഷാധികാരിയായി ആ വീട്ടിലൊരു മുറിയിൽ അവളുടെ അച്‌ഛൻ ഉണ്ടെന്നത് തനിക്ക് വളരെ ആശ്വാസവും സുരക്ഷിതത്വവും നൽകിയിരുന്നു.

——————————————————————————————-

വർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിയകലുന്നത്. ഇപ്പോൾ നീലിമ തന്‍റേടവും താൻ പോരിമയുമുള്ള മുതിർന്ന പെൺകുട്ടിയായിരിക്കുന്നു. ഈയിടെയായി രമേശ് അവളെ ഫോണിൽ വിളിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ടത്രേ! താൻ എത്ര അകറ്റി നിർത്തിയാലും അച്‌ഛനും മകളും എന്ന രക്ത ബന്ധം… അതിന്‍റെ പ്രതിപ്രവർത്തനം സംഭവിക്കാതിരിക്കില്ല.

രമേശാണ് കുടുംബം ഉപേക്ഷിച്ചു പോയത്. മകൾക്കു വേണ്ടി മാത്രമാണ് ഇത്രയും കാലം ബന്ധം വേർപ്പെടുത്താതെ താൻ ജീവിച്ചത്. അവൾക്ക് അച്‌ഛനെ തള്ളാനും കൊള്ളാനും സ്നേഹിക്കാനും വെറുക്കാനും പൂർണ്ണ സ്വാതന്ത്യ്രമുണ്ട്.

താൻ വാശി കാണിച്ചാൽ അതേറെ തളർത്തുക നീലിമയെയാണ്. അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരമ്മയുടെ സന്തോഷവും നിരവൃതിയും അറിയാൻ തനിക്കായിട്ടുണ്ട്. രമേശിന് അവയൊക്കെ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത നഷ്ടങ്ങളായിത്തന്നെ നില കൊള്ളും. പകരം വെക്കാനില്ലാത്ത കഴിഞ്ഞ കാലങ്ങൾ പറഞ്ഞ് മാപ്പു ചോദിക്കുമായിരിക്കും. തിരിച്ചു പിടിക്കാനാവാത്ത എത്ര എത്ര മുഹൂർത്തങ്ങൾ. അവയൊക്കെ നഷ്ടം തന്നെയല്ലേ…

——————————————————————————————-

ഇപ്പോൾ വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. രമേശിന്‍റെ അച്‌ഛൻ മരിച്ചപ്പോഴാണ് താൻ ശരിക്കും അനാഥയായത്. ഒട്ടിച്ചു വച്ചിട്ടും വേരുപിടിക്കാത്ത കമ്പ് പോലെ രമേശിന്‍റെ വീട്ടിൽ താനും മോളും അന്യരായിത്തന്നെ നിലകൊണ്ടു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തന്‍റെ തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് ബോധ്യമാവുന്നുണ്ട്. തന്‍റെ മകൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കാനായല്ലോ. ഇനി അവളുടെ ജീവിതം… അതവൾക്കു തെരഞ്ഞെടുക്കാം. അച്‌ഛനമ്മമാരുടെ ആഗ്രഹ പൂർത്തീകരണത്തിനുള്ളതല്ല മക്കളുടെ ജീവിതം. അവർക്കും ഇഷ്‌ടാനാഷ്ടങ്ങളുണ്ടാവാം. ശരിതെറ്റുകൾ തിരിച്ചറിയാനുള്ള കഴിവും ബുദ്ധിയും അവർക്കുമുണ്ട്.

തീരെ പ്രതീക്ഷിക്കാതെയാണ് ഒരുനാൾ രമേശിന്‍റെ ഫോൺ വന്നത്. വർഷങ്ങൾക്കു മുമ്പ് നേരിട്ടും ഫോണിലൂടെയും കേട്ടു പരിചയിച്ച ക്രൂരത നിറഞ്ഞ ശബ്ദമല്ല… മറിച്ച് കുറ്റബോധമോ… ലജ്ജയോ… ആത്മവിശ്വാസമില്ലായ്കയോ… വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല… ചിതറിത്തെറിച്ച വാക്കുകൾ മനസ്സിലെ വിടെയൊക്കെയോ ഉടക്കി.

“കഴിഞ്ഞതെല്ലാം മറന്നു കൂടേ…” വർഷങ്ങൾക്കു മുമ്പ് ഈ ഒരു ചോദ്യത്തിനു വേണ്ടി എത്ര ആഗ്രഹിച്ചതാണ്… കാത്തിരുന്നതാണ്. ഇപ്പോൾ തന്‍റെ മനസ്സ് നിർവ്വികാരമാണ്. ശക്തനല്ലാത്ത എതിരാളിയോട് യുദ്ധം ചെയ്‌ത് വിജയം നേടിയിട്ടെന്തു കാര്യം?

എന്താണ് പറയേണ്ടതെന്നറിയാതെ രണ്ടു അപരിചിതരെ പോലെ ഫോൺ കൈയ്യിൽ പിടിച്ച്… തമ്മിൽ തല്ലുന്ന ഹൃദയമിടുപ്പോടെ നിശബ്ദമായി നിൽക്കാനെ കഴിഞ്ഞുള്ളൂ. തൊട്ടടുത്ത് മകൾ വീർപ്പടക്കി നിൽക്കുന്നുണ്ട്.

തന്‍റെ മുഖഭാവവും മൗനവും പെയ്തൊഴിയുന്ന കണ്ണീരും കണ്ടാവാം അവൾക്കെന്തൊക്കെയോ മനസ്സിലായിട്ടുണ്ട്. മാത്രവുമല്ല ഇപ്പോൾ അവൾ അച്‌ഛനുമായി ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ടെന്ന് തനിക്കറിയാവുന്നതാണ്. അതുവഴി രക്‌തം രക്‌തത്തെ തിരിച്ചറിഞ്ഞിട്ടെന്ന വണ്ണം സ്നേഹത്തിന്‍റെ സ്നിഗ്ദ്ധത ഉടലെടുത്തിട്ടുണ്ടാകാം. ശരിക്കും തെറ്റിനുമിടക്കുള്ള രണ്ടിലേക്കും ചായുന്ന ഒരു മുക്കൂട്ടുകവലയിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോൾ തന്‍റെ മനസ്സ്. വേണോ വേണ്ടയോ എന്ന തീരുമാനം തന്‍റെതു മാത്രം…

മകൾ ശ്വാസമടക്കി തൊട്ടടുത്തു നിൽക്കുന്നു. ഏറെ പ്രതീക്ഷ നിറഞ്ഞ അവളുടെ മനസ്സ് തനിക്ക് വായിച്ചെടുക്കാം. ഒരു സ്ത്രീ തകർന്നു പോകുന്നതും കരുത്താർജ്ജിക്കുന്നതും അവൾ കഠിനമായി പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്. രണ്ടുതരത്തിൽ അത്തരം ചുറ്റുപാടുകളോടു പ്രതികരിക്കാം.

കരഞ്ഞും സ്വയം വിധിയെ പഴിച്ചും കാലം കഴിക്കുക. അല്ലെങ്കിൽ ചുടലയിൽ നിന്നുയർന്നു എണീറ്റ് വന്നാലെന്ന വണ്ണം കരുത്താർജ്ജിച്ച് പ്രതികൂല സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കി എടുത്ത് മുന്നേറുക. രണ്ടാമത്തേതാണ് താനിഷ്ടപ്പെടുന്നത്. ഏതു പ്രതികൂലാവസ്‌ഥയിലും ഒരു വൻസാധ്യത ഒളിഞ്ഞിരിപ്പുണ്ടാവും. അതു കണ്ടെത്തി മുന്നേറുക.

ചിന്തയിലാണ്ടിരിക്കുന്ന തന്‍റെ അടുത്ത് മകൾ വന്നിരുന്നു. കഴുത്തിലൂടെ കൈയിട്ട് തന്നെ ചേർത്തു പിടിച്ചു. അവളുടെ കൈകൾ കരുത്താർജ്ജിച്ചിരിക്കുന്നു.

“അമ്മയുടെ ഇഷ്‌ടം പോലെ തീരുമാനമെടുക്കാം… കഴിഞ്ഞ കുറേയേറെ വർഷങ്ങൾ കണ്ണീർ വറ്റിയ കരുത്തയായ സ്ത്രീയായി അമ്മ എന്നെ സംരക്ഷിച്ചു. ഒരിക്കൽ പോലും അച്‌ഛനെ കുറിച്ച് അമ്മ മോശമായി ഒന്നും എന്നോടു പറഞ്ഞിട്ടില്ല…” മനസ്സിലുള്ളത് എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയാതെ അവൾ പരുങ്ങുകയാണ്.

പ്രായപൂർത്തിയായ പെൺകുട്ടിയാണ് നീലിമ. അവളുടെ അഭിപ്രായങ്ങൾ പറയാനുള്ള വിവരവും സ്വാതന്ത്യ്രവും അവൾക്കുണ്ട്. ആകാംക്ഷയോടെ അവളുടെ മുഖത്തേക്കു നോക്കിയിരുന്നു. എന്താണ് പറഞ്ഞുവരുന്നത് എന്നു കേൾക്കാനുള്ള വ്യഗ്രതയോടെ.

“അമ്മ അച്‌ഛനോടൊപ്പം പോകാൻ തയ്യാറാകണം. തന്‍റെ മുഖത്തേക്കു തന്നെ നോക്കി അവൾ തുടർന്നു. തിരിച്ചു പിടിക്കാനാവാത്ത എന്‍റെ ബാല്യകൗമാര ചിന്തകളിൽ അച്‌ഛനമ്മമാരോടൊപ്പം കഴിഞ്ഞ നല്ല ഓർമ്മകളില്ല. എങ്കിലും…” എന്തുപറയണമെന്നറിയാതെ അവൾ നിശബ്ദയായി.

“അച്‌ഛനമ്മമാരോടൊത്തുള്ള ജീവിതത്തിന്‍റെ സുരക്ഷിതത്വം… സന്തോഷം… എല്ലാം എനിക്കന്യമായിരുന്നില്ലേ… ഇനിയെങ്കിലും….” അവളുടെ ശബ്ദം ഇടറി…

“ഇനിയെങ്കിലും ഒന്നിച്ചു കഴിഞ്ഞു കൂടെ?” പറഞ്ഞു തുടങ്ങിയത് അവസാനിപ്പിക്കണമല്ലോ എന്ന മട്ടിൽ അവൾ ധൃതിപ്പെട്ട് പറഞ്ഞു നിർത്തി.

“തീരുമാനമെടുക്കേണ്ടത് അമ്മയാണ്…” പുറത്തേക്കു നടക്കവേ ഒരു നിമിഷം തിരിഞ്ഞു നിന്ന് അവൾ തുടർന്നു. “ഒരു നിശ്ബദ ചിത്രം കണക്കെ ഇതുവരെ എത്തിച്ച ജീവിതത്തിന്‍റെ ബാക്കിയും അമ്മക്കു തന്നെ എഴുതാ…” അവൾ പുറത്തേക്കു പോകുമ്പോൾ നോക്കി നിന്നു. എന്തൊരു ചടുലമായ നീക്കങ്ങൾ… സംശയമോ പേടിയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തമായ തീരുമാനങ്ങൾ!! അവൾ തന്നേക്കാൾ വളർന്നിരിക്കുന്നു.

“ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോൾ കുടുംബം ഉപേക്ഷിക്കുകയല്ല വേണ്ടത്…” അതിനെ നേരിട്ട് മുന്നേറുകയാണ് വേണ്ടത്…” നീലിമയുടെ സ്വരത്തിന് വല്ലാത്ത ദൃഢത…

താനും അതു തന്നെയല്ലേ ചെയ്തത്…? തന്‍റെ വഴി ശരി മാത്രമായിരുന്നു എന്ന ധാരണയെയാണ് മകൾ വർഷങ്ങൾക്കു ശേഷം ചോദ്യം ചെയ്തിരിക്കുന്നത്.

നീലിമ വളർന്നിരിക്കുന്നു. അച്‌ഛനമ്മമാരെ ചോദ്യം ചെയ്യാനുള്ള പക്വത ആർജ്ജിച്ചിരിക്കുന്നു. തിരുത്തി വരയ്ക്കാൻ പറ്റാത്ത ചിത്രമാണ് ജീവിതം. എത്ര കഴുകിക്കളഞ്ഞാലും പോകാത്ത കറ പോലെ പഴയകാല ഓർമ്മകൾ വ്യക്തതയോടെ മനസ്സിൽ തെളിഞ്ഞു വരുന്നു. ഇന്നലെ കഴിഞ്ഞ പോലെ…

ഇന്നലെയുടെ ഏടുകൾ തീർത്തും നശിപ്പിച്ചേ പറ്റൂ. ഇന്നിന്‍റെ പുതുജീവൻ ഉൾക്കൊള്ളാൻ തെറ്റുകൾക്കെല്ലാം കണ്ണീരിന്‍റെ നനവും ചോരയുടെ ഗന്ധവുമുണ്ടെന്ന് ആരാണ് പറഞ്ഞത്…!!

പെട്ടെന്ന് ചിന്തകളിൽ നിന്നും മായ ഞെട്ടി ഉണർന്നു. മനസ്സിന് വല്ലാത്തൊരു ലാഘവത്വം അനുഭവപ്പെടുന്നുണ്ട്. പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ കഴിയാത്ത ഒരവസ്ഥ… മനസ്സ് വെള്ളക്കടലാസ് പോലെ ശൂന്യം. ഇവിടെ നിന്ന് എല്ലാം ആദ്യം തുടങ്ങാം… തുടങ്ങണം.

മായ ഫോണിനടുത്തേുക്കു നടന്നു. അപ്പോൾ കിഴക്ക് പുലരി പൊട്ടി വിടരുന്നതേ ഉണ്ടായിരുന്നുള്ളൂ… പ്രഭാതം ഏറ്റവും സുന്ദരമായി പിറന്നത് ഇന്നാണെന്ന് മായയ്ക്ക് തോന്നി.

വില്‍ യു മാരി മീ… ഭാഗം 2

സുജാത മടിയൊന്നുമില്ലാതെ അകത്തേക്കു കടന്നു. ജയപാൽ എന്തോ പറയാൻ ശ്രമിക്കുന്നു ണ്ടായിരുന്നു. പക്ഷേ അയാൾ അദ്ഭുതസ്തബ്ധനായി തന്നെ നിൽക്കുകയാണ്. സുജാത തന്‍റെ വീട് കണ്ടുപിടിച്ച് വരുമെന്ന് അയാൾ ഒട്ടും പ്രതീക്ഷിച്ചില്ല. അയാളുടെ വൈക്ലബ്യത്തിന്‍റെ കാരണം ഉടനെ തന്നെ സുജാതയ്ക്കു മുന്നിൽ അഖിലിന്‍റെ രൂപത്തിൽ പ്രത്യക്ഷമായി. ജയപാലിന്‍റെ മകനാണ് അഖിൽ. അയാൾ അകത്തു നിന്ന് പുഞ്ചിരിയോടെ ലിവിംഗ് റൂമിലേക്കു വന്നു സുജാതയെ അഭിവാദ്യം ചെയ്‌തു.

“ഗുഡ് ഈവനിംഗ് ആന്‍റി.”

“ഗുഡ് ഈവനിംഗ്” സുജാത അതിശയത്തോടെ അഖിലിനെയും ജയപാലിനെയും നോക്കി. എന്നോടെന്താണ് അപ്പു വന്നിട്ട് പറയാത്തേ എന്ന മുഖഭാവം അവളുടെ മുഖത്തുണ്ടായിരുന്നു. അതറിഞ്ഞിട്ടെന്ന പോലെ ജയപാൽ പറഞ്ഞു. “അപ്പു ഇന്നു രാവിലെ എത്തി.”

“ആന്‍റി ഞാൻ ഇന്നലെ വീട്ടിലെത്തി, അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. ഇന്ന് രാവിലെ ഞാൻ ഇവിടെയും.” അപ്പു എന്ന അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ജയപാലിന്‍റെ അതേ പെരുമാറ്റ രീതികൾ. ശരിക്കും അച്‌ഛന്‍റെ മകൻ തന്നെ. സുജാത മനസ്സിലോർത്തു. കൗതുകത്തോടെ അഖിലിനെ നോക്കി.

ജയപാൽ അകത്തേക്കു പോയ സന്ദർഭത്തിൽ അഖിൽ സുജാതയെ നോക്കി ഹൃദ്യമായി ചിരിച്ചു.

“ആന്‍റി, അച്‌ഛൻ എന്നോട് നിങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.” സുജാത ഒട്ടൊരു ഞെട്ടലോടെ അഖിലിന്‍റെ കണ്ണുകളിലേക്ക് നോക്കി. ജയപാലും ഭാര്യയും ഡിവോഴ്സ് ചെയ്‌തിട്ട് വർഷങ്ങളായി. മകൻ അമ്മയുടെ കൂടെയാണ്. നിയമപരമായ നടപടിയാണല്ലോ. എന്നാൽ 18 വയസ്സിനു ശേഷം അവൻ രണ്ടുപേർക്കുമൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട് എന്ന് ജയപാൽ പറഞ്ഞ് സുജാതയ്ക്കറിയാം.

“ഒരു സമ്പന്നനായ അച്‌ഛന്‍റെ ഒറ്റപുത്രി എന്ന പദവി എന്‍റെ അമ്മയ്ക്ക് വളരെ ദോഷം ചെയ്‌തു. ഈഗോയുടെ പ്രതിരൂപമായി അമ്മ ജീവിക്കുന്നതു കാണുമ്പോൾ ഏറ്റവും വേദനിക്കുന്നത് ഞാനാണ്. അമ്മയുടെ ഈഗോയുടെ ഇരയാണ് അച്‌ഛൻ. അവർക്ക് വേദനിക്കാതിരിക്കാനാണ് അച്‌ഛൻ തന്‍റെ വ്യക്‌തിത്വം പോലും അടിയറവുവച്ചത്. അമ്മയുടെ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റമില്ല.” അഖിൽ ദുഃഖത്തോടെ പറയാൻ തുടങ്ങി.

ആദ്യമായി കാണുന്ന ഒരാളോട് ചിരപരിചിതമെന്നോണമുള്ള അഖിലിന്‍റെ സംസാരം, സുജാതയെ അമ്പരപ്പെടുത്തി. എന്നാൽ ആ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴി മാറാൻ ഒട്ടും സമയം വേണ്ടി വന്നില്ല.

“അച്ഛൻ ആരോടും അത്ര വേഗം അടുക്കുന്ന ആൾ അല്ല. പക്ഷേ ആന്‍റിയെ കണ്ടതും പരിചയപ്പെട്ടതും ഗോവ യാത്രയ്ക്കു പ്ലാൻ ചെയ്യുന്നതിനെക്കുറിച്ചും അച്‌ഛൻ എന്നോടു പറഞ്ഞു. ഇവിടത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം. അച്‌ഛനെ എങ്ങനെയും യാത്രയ്ക്കു കൂടെ കൂട്ടൂ. ആ മനസ്സ് സന്തോഷം എന്തെന്ന് അനുഭവിച്ചിട്ടേയില്ല എന്ന് എനിക്കറിയാം.”

അഖിൽ ആവേശത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ കണ്ട നനവ് ഹൃദയത്തിൽ നിന്നൂറിയതാണെന്ന് സുജാത അറിഞ്ഞു.

“അപ്പു, അക്കാര്യം ഞാനേറ്റു.”

സുജാത തന്‍റെ പതിവു ശൈലിയിൽ ചിരിച്ചു.

ആ ചിരിക്കിടയിലും സുജാതയുടെ കണ്ണിനു മുന്നിൽ ജയപാലിന്‍റെ കണ്ണുകളിലെ വിഷാദഭാവം തെളിഞ്ഞു വന്നു. എന്താണ് അതിന്‍റെ കാരണം എന്ന് അവർ തിരിച്ചറിഞ്ഞു. എത്ര സ്നേഹം കൊടുത്തിട്ടും അവജ്ഞ മാത്രം തിരികെ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരാൾ. ഇതുപോലൊരു സ്നേഹനിധിയായ വ്യക്‌തിയോട് ഇങ്ങനെയൊക്കെ പെരുമാറാൻ അവർക്കെങ്ങനെ കഴിഞ്ഞു? ഇതിനിടെ ജയപാൽ ആവി പറക്കുന്ന ചായയും സുജാതയ്ക്കിഷ്ടപ്പെട്ട പഴം പൊരിയുമായെത്തി. അവൾ സന്തോഷപൂർവ്വം അത് വാങ്ങി.

“നാളെ രാവിലെ 11 മണിക്ക് നമുക്ക് മാളിൽ പോകാം. കുറച്ച് ഡ്രസ് വാങ്ങണം.” ചായ ഊതി കുടിച്ച് സുജാത പറഞ്ഞു.

“ആർക്കാണ് ഡ്രസ്. എനിക്ക് ആവശ്യത്തിന് ഇവിടെയുണ്ട്.” ജയപാൽ അമ്പരപ്പോടെ നോക്കി.

“അതൊക്കെ അവിടെയിരിക്കട്ടെ, നമുക്ക് ചില ഡ്രസുകൾ വാങ്ങണം. ഒരു മേക്കോവർ നടത്തണം.”

സുജാത, കുസൃതിച്ചിരിയോടെ അഖിലിനെ നോക്കി.

“ശരിയാ…അത് വേണം” അഖിലും സുജാതയെ പിന്താങ്ങി.

“ബെല്ലയെക്കുറിച്ചും ചിന്ത വേണ്ട. അവളുടെ കാര്യം ഞാനേറ്റു.”

ജയപാൽ അക്കാര്യം പറയും മുന്നേ അഖിൽ അതിലും ഒരു പരിഹാരം കണ്ടെത്തി.

അത്രയും പറഞ്ഞിട്ട് വിജയഭാവത്തിൽ അഖിൽ ജയപാലിനെ ഇടം കണ്ണിട്ട് നോക്കി.

പിറ്റേന്ന് രാവിലെ തന്നെ രണ്ടുപേരും ഷോപ്പിംഗിനായി നഗരത്തിലേക്കിറങ്ങി. സുജാത, രണ്ടുപേർക്കും യാത്രയ്ക്കായുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്തു. കൂട്ടത്തിൽ ജയപാലിന് ചേരുന്ന ജീൻസും കുർത്തിയും എല്ലാം എടുക്കാനും അവൾ മറന്നില്ല. ഡ്രസ് എടുത്തു കഴിഞ്ഞപ്പോഴെക്കും രണ്ടുപേർക്കും നല്ല വിശപ്പു തോന്നി. റസ്റ്ററന്‍റിൽ കയറി വയറു നിറയെ കഴിച്ച് പുറത്തേക്കിറങ്ങി.

വീട്ടിലേക്ക് ബസിനു പോയാലോ എന്ന് സുജാതയ്ക്ക് ഒരു തോന്നൽ. പലപ്പോഴും കാർ വിളിച്ചാണ് പോകുന്നത്. ഇങ്ങനെ ഒരു അവസരത്തിൽ ബസിൽ പോകുന്നതിനെ കുറിച്ചോർത്തപ്പോൾ അവൾക്ക് ഒരു രസം തോന്നി. ബസ് സ്റ്റോപ്പിൽ ധാരാളം സ്ക്കൂൾ കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ബസ് നിറയെ കുട്ടികളുമായി കടന്നു പോയി. തൊട്ടുപിന്നാലെ വന്ന ബസിൽ അത്ര തിരക്കില്ലായിരുന്നു.

അവർ രണ്ടുപേരും ആ ബസിൽ കയറി. സുജാതയുടെ കയ്യിലെ കൂടുകളും മറ്റും കണ്ടിട്ട് ഒരു യുവാവ് അവൾക്ക് തന്‍റെ സീറ്റ് ഒഴിഞ്ഞു കൊടുത്തു.

“താങ്ക് യു” അവൾ ആ സീറ്റിൽ ഇരുന്നു. ജയപാൽ അവൾക്കടുത്തു തന്നെ സീറ്റിൽ പിടിച്ചു നിന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് നിറയെ ആളുകൾ കയറി. ജയപാൽ സീറ്റിൽ ചാരി നിന്നതിനാൽ സുജാതയ്ക്ക് കൂടുതൽ തിക്കും തിരക്കും അനുഭവിക്കേണ്ടി വന്നില്ല. അയാൾ അങ്ങനെ നിൽക്കവെ, തനിക്ക് വലിയൊരു സുരക്ഷിതത്വം അനുഭവപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു.

വൈകിട്ട് 6 മണിയോടെ രണ്ടുപേരും വീട്ടിലെത്തി. സുജാതയെ വീടു വരെ അനുഗമിച്ച ശേഷം ജയപാൽ സ്വന്തം വീട്ടിലേക്ക് മടങ്ങി. അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നിരുന്നു.

അടുത്ത ശനിയാഴ്ച ഗോവ പോവുകയാണ്. അതിന്‍റെ തയ്യാറെടുപ്പുകൾ എല്ലാം സുജാത പൂർത്തിയാക്കി. ഇതിനിടയിലാണ് മകൾ വിളിച്ചത്. “ഹായ് അമ്മ എന്തുണ്ട് അവിടെ? എന്ന ചോദ്യം കേട്ടപ്പോൾ സുജാത ഒന്ന് ആലോചിച്ചു. ഗോവയ്ക്കു പോകുന്ന കാര്യം പറയണം, പക്ഷേ ജയപാൽ ഉണ്ടെന്നു പറയണോ?”

അടുത്ത നിമിഷം അവൾ വേണ്ടെന്നു വച്ചു. ഇപ്പോൾ ഒന്നും പറയണ്ട.

“എല്ലാം ശരിയാക്കുന്നു” അടുത്ത ശനിയാഴ്ച പോകും.”

“മീരാന്‍റി ഉണ്ടോ കൂടെ?”

“ഉണ്ട്”

ഒരുപാടു നേരം പല കാര്യങ്ങൾ സംസാരിച്ച ശേഷം അവൾ ഫോൺ വച്ചു. പക്ഷേ ജയപാലിനെക്കുറിച്ച് സുജാത മൗനം പാലിച്ചു.

ഗോവ യാത്രയ്ക്ക് 12 പേരാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഒരു മിനി ലക്ഷ്വറി വാനിലാണ് യാത്ര.

സുജാതയുടെ വീടിനു മുന്നിൽ 7 മണിക്ക് ബസ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജയപാലും അവിടെ നിന്ന് കയറാനാണ് പ്ലാൻ.

കൃത്യം 7 മണിക്കു തന്നെ ജയപാൽ സുജാതയുടെ വീട്ടിലെത്തി. പുതിയ ഡ്രസിൽ അതീവ സുന്ദരനായിരിക്കുന്നു ജയപാൽ.

“അടിപൊളി! നല്ല ചേർച്ചയുണ്ട് ഈ ഡ്രസ്!” സുജാത അയാളെ ചിരിയോടെ കോംപ്ലിമെന്‍റ് ചെയ്‌തു. ഓഫ് വൈറ്റ് ടീഷർട്ടിലും ബ്ലൂ ജീൻസിലും അയാൾക്ക് പകുതി വയസ്സ് കുറഞ്ഞതു പോലെ!

“ഓൾ ക്രെഡിറ്റ് ഗോസ് റ്റു യു” ജയപാൽ പുഞ്ചിരിച്ചു.

ബസ് പത്തു മിനിറ്റിനകം സ്‌ഥലത്തെത്തി. സുജാത എല്ലാവരേയും ജയപാലിന് പരിചയപ്പെടുത്തി. കുറച്ച് സമയത്തിനകം സുജാതയുടെ സുഹൃത്തുക്കളുമായി ജയപാൽ നല്ല കമ്പനിയായി. യാത്രയിലുടനീളം അവർ രണ്ടുപേരും പരസ്പരം വളരെയേറെ കെയർ ചെയ്‌തു കൊണ്ടിരുന്നു. യഥാർത്ഥത്തിൽ സുജാത ആ യാത്രയിൽ പുതിയൊരു ജയപാലിനെയാണ് ദർശിച്ചത്.

ജയപാൽ വളരെ ശാന്ത നാണെന്നാണ് അതുവരെ സുജാത കരുതിയിരുന്നത്. എന്നാൽ ഒരുപാട് നർമ്മ ബോധമുള്ള ഊർജ്വസ്വലനായ മറ്റൊരു ജയപാൽ അയാളിൽ നിന്നു ഉണർന്നു വന്നു. സുജാത പതിവിലും സന്തോഷവതിയായി. അവളിലെ മാറ്റം മീരയും ശ്രദ്ധിച്ചു. രണ്ടുപേരുടെയും സന്തോഷം നിറഞ്ഞ ഇടപെടൽ ആ യാത്രയിലുട നീളം സഹയാത്രികർക്കും വലിയ ആവേശമാണ് നൽകിയത്.

ഒരു ആഴ്ചയോളം നീണ്ട വിനോദയാത്ര സുജാതയെ ഒരുപാട് ഉന്മേഷവതിയാക്കി. മാത്രമല്ല, ജയപാലുമായി ഗാഢമായ ആത്മബന്ധം ഉടലെടുക്കുകയും ചെയ്‌തു. യാത്ര കഴിഞ്ഞു വന്നശേഷം രണ്ടുപേരും ദിവസവും ഫോണിൽ സംസാരിക്കുന്നതും ശീലമായി.

വീട്ടിലെ ജോലികൾ ചെയ്യുന്ന സമയമൊഴികെ, ബാക്കി വേളകളിലൊക്കെ ഫോണിലൂടെയോ നേരിട്ടോ അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു. രാജ് വേർപിരിഞ്ഞതിനുശേഷം ഇത്രയും സന്തോഷഭരിതമായ ദിനങ്ങൾ സുജാത അനുഭവിച്ചിട്ടേയില്ല. ദിവസങ്ങൾ ശരവേഗം കടന്നു പോവുകയായിരുന്നു. ഇതിനിടയിൽ ഒരു പുലരിയിൽ പതിവു നടത്തത്തിന് ജയപാൽ എത്തിച്ചേർന്നില്ല. സുജാത കുറച്ചു കാത്തുവെങ്കിലും ആളെ കണ്ടില്ല.

“എന്തെങ്കിലും തിരക്കിലായി കാണും, മോൻ വീട്ടിലുള്ളതല്ലേ.” സുജാത സ്വയം വിശ്വസിപ്പിക്കാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. എന്തായാലും ഒന്നു ഫോൺ ചെയ്യാമല്ലോ. അതും ഉണ്ടായില്ലല്ലോ. അവൾ തിരിച്ചു വീട്ടിലേക്ക് നടന്നു. ഫോൺ ചെയ്‌തു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവൾ അന്നത്തെ നടത്തത്തിനു ശേഷം വീട്ടിലെത്തി അത്യാവശ്യ ജോലികളൊക്കെ ചെയ്‌ത ശേഷം ജയപാലിന്‍റെ വീട്ടിലേക്ക് നടന്നു. വീടിനു മുന്നിൽ എത്തിയപ്പോൾ അവിടെ അടിച്ചു വാരാൻ വരുന്ന സ്ത്രീ മുറ്റത്തു നിൽപ്പുണ്ട്.

“ജയപാൽ ഇല്ലേ?”

“ഉണ്ടല്ലോ, അകത്തുണ്ട്.”

“അസുഖം വല്ലതും? ഇന്നു പുറത്തേക്ക് കണ്ടില്ല.”

സുജാത അവരോട് അന്വേഷിച്ചു. “സാറിന് കുഴപ്പമൊന്നുമില്ല. ഇന്നലെ ഇവിടത്തെ നായ് ചത്തു പോയി.” അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

“എന്താ പറഞ്ഞേ, എന്തു പറ്റി ബെല്ലയ്ക്ക്?”

സുജാത വിശ്വാസം വരാതെ എടുത്തു ചോദിച്ചു. ഇന്നലെയും താൻ അവളെ കണ്ടതാണല്ലോ.

“വൈകുന്നേരമായപ്പോ എവിടെന്നോ ഒരു പാമ്പ് ഇഴഞ്ഞു വന്നു. അതിനെ നായ് എടുത്തു കടിച്ചു കുടഞ്ഞു. പക്ഷേ പാമ്പിന്‍റെ കടിയേറ്റു. ആശുപത്രിയിൽ കൊണ്ടുപോയി, കാര്യമുണ്ടായില്ല.”

“ഓഹ്! ബെല്ല!”

സുജാത വീടിനകത്തേക്കു ഓടിച്ചെന്നു. ലിവിംഗ് റൂമിലെ സോഫയിൽ ദുഃഖിതനായി ജയപാൽ ഇരിക്കുന്നുണ്ടായിരുന്നു. സുജാതയെ കണ്ടപ്പോൾ കൊച്ചു കുഞ്ഞിനെപ്പോലെ ജയപാൽ വിതുമ്പി.

(തുടരും)

വില്‍ യു മാരി മീ… ഭാഗം 1

സുജാതയ്ക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൾ ഒട്ടും മറച്ചു വയ്ക്കാതെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. മീരയ്ക്കും ചിരി വരുന്നുണ്ടെങ്കിലും പരിസരബോധം വന്നതു കൊണ്ട് കടിച്ചുപിടിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയവരെല്ലാം സുജാതയുടെ ചിരി കണ്ട് ഒരുതരം നോട്ടം നോക്കുന്നുണ്ട്. ചിലരുടെ മുഖത്ത് എന്തോ അദ്ഭുതം ദർശിച്ച ഭാവമാണ്. ഇതെല്ലാം ശ്രദ്ധിച്ചതു കൊണ്ടാണ് മീര ചിരി ഒതുക്കിയത്.

സുജാതയ്ക്ക് 50 വയസ്സ് ആയിട്ടുണ്ട്. പക്ഷേ സുജാതയുടെ സ്റ്റൈലും, ജീവിതത്തോടുള്ള കാഴ്ചപ്പാടും അവരുടെ സമപ്രായക്കാരേക്കാൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാവണം ഏത് ആൾക്കൂട്ടത്തിലും, എത്ര ചെറുപ്പക്കാർക്കിടയിലും ഈ പ്രായത്തിലും താരമാണ് സുജാത.

സത്യത്തിൽ ഈ കൊച്ചു വെളുപ്പാൻ കാലത്തും സംഭവിച്ചത് അതൊക്കെ തന്നെയാണ്. സുജാതയിൽ നിന്ന് ശ്രദ്ധ മാറ്റാൻ പെട്ടെന്നാർക്കും കഴിയില്ല.

യഥാർത്ഥത്തിൽ ഒരു കൊച്ചു മുംബൈ ആണ് രാജേന്ദ്രനഗർ എന്നു പറയാം. ഗോപുർ ഭാഗത്തു നിന്ന് രാജേന്ദ്രനഗറിലേക്ക് പോകുന്ന റിംഗ് റോഡിൽ പ്രഭാത സവാരി ചെയ്യാനെത്തുന്നവരുടെ തിരക്കാണ്. ആ പരിസരത്തുള്ള ഐഡിയൽ ഹൗസിംഗ് കോളനിയിൽ നിന്നുള്ള വരാണ് അവിടെ നടക്കാൻ വരുന്നവരിൽ ഭൂരിഭാഗവും. രാവിലെയും രാത്രിയും ആ ഭാഗത്തെ മനോഹരമായ വീതിയേറിയ റോഡുകളിൽ നടക്കാനും, സൊറ പറഞ്ഞിരിക്കാനും വരുന്നവരുടെ തിരക്കാണ്.

ആ കോളനിയിലാണ് സുജാതയുടെ താമസം. ഭർത്താവ് പട്ടാളത്തിൽ നിന്ന് വിരമിച്ച കേണൽ രാജ്കുമാർ. അദ്ദേഹം രണ്ട് വർഷം മുമ്പ് മരണമടഞ്ഞു. ഒരു റോഡപകടത്തിലാണ് അന്ത്യം സംഭവിച്ചത്. വളരെ ഊർജസ്വലനായ സാഹസികത ഇഷ്‌ടപ്പെടുന്ന വ്യക്‌തിയായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിതം ഒരു ആഘോഷമാക്കി തന്നെയാണ് സുജാത ജിവിച്ചിരുന്നത്.

അവിചാരിതമായി രാജ് വേർപിരിഞ്ഞുവെങ്കിലും യാഥാർത്ഥ്യം സ്വീകരിച്ച് തന്‍റെ ജീവിതം വഴി തിരിച്ചു വിടാനുള്ള ആർജവം സുജാതയ്ക്കുണ്ടായിരുന്നു. രാജിനെപ്പോലൊരു വ്യക്‌തിയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം, അതാണ്.

എപ്പോഴും ചിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു വ്യക്‌തിയുടെ ഓർമ്മയിൽ മറ്റൊരാൾ കരഞ്ഞു ജീവിക്കുന്നതു കൊണ്ടെന്തു കാര്യം. അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സ്മരണാജ്ഞലി സന്തോഷമായി ജീവിതം തുടരുകയാണ്. സുജാത അങ്ങനെയാണ് വിശ്വസിച്ചിരുന്നത്.

6 മാസം മുമ്പാണ് ഒരേയൊരു മകൾ ഗോപികയുടെ വിവാഹം വളരെ ആർഭാടത്തോടെ നടത്തിയത്. അവൾ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. കൂടെ ജോലി ചെയ്യുന്ന സമീർ ആണ് വിവാഹം ചെയ്തത്. അവർ പൂനെയിലാണ് താമസം.

ചിട്ടയായ ജീവിതരീതികളും, ഭക്ഷണശീലവും വ്യായാമവും സുജാതയ്ക്ക് 50ലും 30ന്‍റെ ഊർജസ്വലത നൽകി. 50 പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് അവളെ കണ്ടാൽ ആരും പറഞ്ഞു പോകും.

ആ ദിവസം മീരയ്ക്ക് പ്രഭാത സവാരിയ്ക്ക് എത്താൻ കഴിഞ്ഞില്ല. അന്ന് സുജാത പതിവുപോലെ വ്യായാമത്തിനായി രാവിലെ തന്നെ പുറത്തിറങ്ങി. പതിവു നടത്തം ഒരു കാരണവശാലും മുടക്കാൻ ഇഷ്‌ടമില്ല സുജാതയ്ക്ക്. തനിച്ചായതിനാൽ സാധാരണയിലും വേഗതയിൽ അവൾ നടക്കാൻ തുടങ്ങി. രണ്ടു കിലോമീറ്റർ ആണ് നടക്കാറുള്ളത്. ഇന്നും ഏകദേശം അത് പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി.

അപ്രതീക്ഷിതമായാണ് അതു സംഭവിച്ചത്. സമീപത്തെ മതിൽ എടുത്തു ചാടി ഒരു നായ സുജാതയുടെ ദേഹത്തേക്ക് ശക്‌തിയായി വന്നിടിച്ചു. പെട്ടെന്നുള്ള വരവായതിനാൽ സുജാത റോഡിൽ തട്ടിത്തടഞ്ഞു വീണു പോയി. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല, പിന്നാലെ വന്ന സ്ത്രീ സുജാതയെ പിടിച്ചെഴുന്നേൽപിച്ചു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല സുജാതയ്ക്ക്. അപ്പോഴാണ് മധ്യവയസു തോന്നുന്ന ഒരു മനുഷ്യൻ ആ നായയെ ചങ്ങലയിൽ പിടിച്ച് അടുത്തേക്ക് വന്നത്.

“സോറി മാഡം” അയാൾ അങ്ങേയറ്റം വ്യസനത്തോടെ സുജാതയോടെ ക്ഷമ ചോദിച്ചു.

“ബെല്ല ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ കരുതിയില്ല. സാധാരണ വളരെ ശാന്തയായിട്ടാണ് എന്‍റെ കൂടെ നടക്കാൻ ഇറങ്ങാറ്. ഒന്ന് ഞാൻ കൂട് തുറന്നപ്പോഴേ അവൾ എടുത്തുചാടി ഓടി… എന്തെങ്കിലും പറ്റിയോ മാഡം?”

“ഏയ്… സാരമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല.” ഡ്രസ്സിൽ പറ്റിപ്പിടിച്ച ചെളി കൈ കൊണ്ടു തുടച്ച് സുജാത പുഞ്ചിരിയോടെ പ്രതികരിച്ചു.

“മാഡം… ഇതാ ഈ ടവൽ കൊണ്ട് തുടച്ചോളൂ.” അയാൾ തന്‍റെ പോക്കറ്റിൽനിന്ന് തൂവാല എടുത്ത് അവൾക്കു നേരെ നീട്ടി. അവൾ അത് വാങ്ങി ചെളിയും പൊടിയും തുടച്ചു.

നടക്കാനിറങ്ങുമ്പോഴൊക്കെ അയാളെ സുജാത കാണാറുണ്ട്. മിക്കവാറും വെള്ള ടീഷർട്ടും, കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. ദിവസവും കാണാറുണ്ടെങ്കിലും ഇന്നാണ് ആദ്യമായി സംസാരിക്കാനിടയായത്. സുജാത ടവൽ തിരികെ നൽകി കൊണ്ട് അയാൾക്കൊപ്പം മുന്നോട്ടു നടക്കാൻ തുടങ്ങി.

“എന്‍റെ പേര് ജയപാൽ! മാഡത്തിന്‍റെ?” അയാൾ ജിജ്ഞാസയോടെ അവളെ നോക്കി.

“ഞാൻ സുജാത.”

പിന്നീട് അയാൾ ആ നായ്ക്കുട്ടിയെ സ്നേഹശാസനയോടെ കൂടെ നടത്തി സുജാതയെ വീടു വരെ അനുഗമിച്ചു. വീടിനടുത്തെത്തിയപ്പോൾ സുജാത അയാൾക്ക് ബൈ പറഞ്ഞു കൊണ്ട് ഗേറ്റു തുറക്കാനായി താക്കോൽ എടുത്തു.

“ഓക്കെ ബൈ, വിൽ സി യു” ഗേറ്റ് തുറക്കവേ, പിന്നിൽ നിന്ന് ജയപാലിന്‍റെ എക്സ്ക്യൂസ് മീ കേട്ട് അവൾ പിന്തിരിഞ്ഞു നോക്കി.

“ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?”

ആ ചോദ്യവും മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ സുജാതയ്ക്ക് ചിരി വന്നു. “പിന്നെന്താ… തീർച്ചയായും വരൂ.” അവൾ വാതിൽ തുറന്ന് അകത്തേക്ക് നടന്നു കൊണ്ട് ക്ഷണിച്ചു. ബെല്ലയെ ഗേറ്റിൽ കെട്ടിയിട്ട് ജയപാൽ അകത്തേക്ക് വന്നു. അപ്പോഴെക്കും സുജാത വെള്ളമെടുത്തെത്തി. അയാൾ വെള്ളം വാങ്ങിക്കുടിച്ചിട്ട് സ്വീകരണമുറിയിലെ കൗതുകമുള്ള അലങ്കാരങ്ങളിൽ ശ്രദ്ധിച്ചു.

“ഇരിക്കൂ” അവൾ വെള്ളം കൊണ്ടു വന്ന ട്രേ മേശപ്പുറത്തു വച്ച് ജയപാലിനോട് ആതിഥ്യ മര്യാദ കാണിച്ചു.

“താങ്ക്സ്… നടന്നിട്ടും, ബെല്ലയുടെ പിന്നാലെ ഓടിയിട്ടുമാവും, വല്ലാത്ത ദാഹം തോന്നി.” അയാൾ വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു.

“ശരി, ഞാനിറങ്ങട്ടെ, ഇവിടെ വേറെയാരുമില്ലേ, യുവർ ഹസ്, കിഡ്സ്?” അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് ഔപചാരികമായി ചോദിച്ചു.

“എന്‍റെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ഒരു മകൾ ഉണ്ട്. വിവാഹിതയാണ്.”

“ഓഹ്… ഞാൻ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കൂ. അറിവില്ലാതെ ചോദിച്ചു പോയതാണ്.”

“ഇതിൽ മാപ്പ് ചോദിക്കാൻ എന്താണുള്ളത്. സംഭവിക്കേണ്ടത് സംഭവിച്ചല്ലോ. അതിൽ ഇനി ഫീൽ ചെയ്യേണ്ടതില്ലല്ലോ.” ഇത്രയും സംസാരിച്ചപ്പോൾ തിരിച്ചു ചോദിക്കാതിരിക്കാൻ സുജാതയ്ക്കും കഴിഞ്ഞില്ല. ജയപാൽ വിവാഹമോചിതനാണ്. ഭാര്യയായിരുന്ന സ്ത്രീ ഇപ്പോൾ താമസിക്കുന്നത് അന്നപൂർണ്ണ കോളനിയിലാണ്. ഒരു മകനുണ്ട്. അവൻ പഠിക്കുകയാണ്. വിദേശത്താണ്.

ജയപാൽ മടങ്ങിയതിനു ശേഷം സുജാത കുറച്ചുനേരം ആ സംഭവങ്ങളെക്കുറിച്ചും ജയപാലിനെ കുറിച്ചും ആലോചിച്ചിരുന്നു. വളരെ ശാന്തവും സൗമ്യവുമായ പ്രകൃതം. അയാളുടെ കണ്ണുകളിൽ വിഷാദം തളം കെട്ടി നിൽക്കുന്നുണ്ട്. എല്ലാവർക്കും ഉണ്ട് ഒളിച്ചു വച്ച സങ്കടങ്ങൾ. അത് പലർക്കും പല രീതിയിലാണല്ലോ അനുഭവപ്പെടുക. സുജാത താമസിയാതെ തന്‍റെ ദൈനംദിന കാര്യങ്ങളിലേക്ക് കടന്നു. മടി പിടിച്ചിരിക്കുന്ന ശീലം ഇല്ലാ ത്തതിനാൽ വീട്ടിലെ കാര്യങ്ങൾ വളരെ വേഗം അവൾ ചെയ്‌തു തീർത്തു.

സുഖമില്ലാത്തതിനാൽ മീര പിറ്റേന്നും ഉണ്ടായിരുന്നില്ല. നടക്കാനായി തനിച്ച് രാവിലെ റിംഗ് റോഡിലെത്തിയപ്പോൾ തലേ ദിവസത്തെ സംഭവം സുജാത ഓർമ്മിച്ചു. അവളുടെ കണ്ണുകൾ നടക്കാനിറങ്ങിയവർക്കിടയിൽ ആകാംക്ഷയോടെ പരതുന്നുണ്ടായിരുന്നു.

നീല ഷർട്ടും കറുത്ത ട്രാക്ക്സ്യൂട്ടും ധരിച്ച് ജയപാൽ അൽപം അകലെ നടക്കുന്നത് അവൾ കണ്ടുപിടുച്ചു. അവൾ വേഗത്തിൽ നടന്ന് അയാൾക്കൊപ്പമെത്തി. “ഗുഡ്മോണിംഗ് ജയപാൽ സർ”

“വെരി ഗുഡ്മോണിംഗ്”

“ഇന്ന് ബെല്ല ഇല്ലേ?” സുജാത കുസൃതി ചിരിയോടെ ചോദിച്ചു.

“ഹ…ഹ… അവളെ നേരത്തെ പുറത്തിറക്കി തിരിച്ചു കൊണ്ടു പോയി കൂട്ടിലാക്കി. ഇന്നലെ ചില്ലറ പണിയാണോ അവൾ തന്നത്?”

“അങ്ങനെയൊന്നും ചെയ്യേണ്ട. അവൾ എന്നെ ഇടിച്ചപ്പോൾ ഞാൻ ബാലൻസ് തെറ്റിപ്പോയതല്ലേ. അല്ലാതെ എനിക്ക് പേടിയൊന്നുമില്ല” സുജാത ചിരിച്ചു.

“കൂട്ടുകാരിയെ കണ്ടില്ലല്ലോ? എന്തുപറ്റി?” സുജാത ഒന്നു അമ്പരന്നു. അപ്പോൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നോ നേരത്തെ! “അവൾ വന്നില്ല. സുഖമില്ല. നാളെ മുതൽ വരുമായിരിക്കും.”

സുജാത ഒന്നു നിർത്തിയിട്ട് വീണ്ടും ചോദിച്ചു.

“ഞാൻ കൂട്ടുകാരിയുടെ കൂടെയാണ് വരുന്നതെന്ന് എങ്ങനെ മനസ്സിലായി?”

“നിങ്ങൾ രണ്ടാളും കൂടി നടക്കു ന്നത് ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, സിമ്പിൾ!”

“പക്ഷേ ഞാൻ താങ്കളെ ആദ്യമായിട്ടാണ് ഇന്നലെ കണ്ടത്.” സുജാത?അയാളുടെ ഭംഗിയുള്ള തായ്‍ലെന്‍റ് മെയ്ഡ് ഷൂ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും കൂടി നടക്കുമ്പോൾ ചുറ്റും ഉള്ളവരെ ശ്രദ്ധിക്കാറു പോലുമില്ല.”

“സോറി, ഞാൻ അങ്ങനെയാണ്. കിട്ടുന്ന സമയം അടിച്ചു പൊളിച്ചു ചിരിച്ചു ജീവിക്കാനാണ് ഇഷ്‌ടം. ഈ പ്രായത്തിൽ ഈ ആറ്റിറ്റ്യൂഡ് ചിലപ്പോൾ ഒരു കുറവായിട്ട് തോന്നാം. പക്ഷേ എനിക്ക് അങ്ങനെ പ്രായത്തിന്‍റെ മേൽ സീരിയസ്നസിന്‍റെ മൂടുപടം ഇട്ട് നടക്കാൻ അറിയില്ല.”

“അയ്യോ, ഞാൻ പറഞ്ഞത് മോശം സെൻസിലല്ല. ഞാൻ ശ്രദ്ധിച്ച കാര്യം പറഞ്ഞുവെന്നേയുള്ളൂ. എന്നോട് ക്ഷമിക്കൂ.” ജയപാൽ നേർത്ത ചമ്മലോടെ ചിരിച്ചു.

“ഹഹ… നമ്മളിങ്ങനെ പരസ്പരം സോറി പറഞ്ഞു കളിക്കുകയാണല്ലോ.” സുജാത ചിരി അമർത്താൻ ശ്രമിച്ചുവെങ്കിലും അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.

തുടർന്നുള്ള മൂന്നു ദിവസങ്ങളിലും മീര നടക്കാൻ വന്നില്ല. ആ ദിവസങ്ങളിൽ ജയപാലിനൊപ്പമാണ് സുജാത നടന്നത്. രണ്ടുപേരും നല്ല ചങ്ങാതിമാരാവുകയും ചെയ്‌തു.

സുജാത ഒരു കിലുക്കാംപെട്ടിയാണെങ്കിൽ ജയപാൽ കാര്യമാത്രമായി സംസാരിക്കുന്ന ശാന്തപ്രകൃതനായിരുന്നു. എങ്കിലും രണ്ടുപേരുടെയും സൗഹൃദത്തിന് അതൊന്നും തടസമായതേയില്ല.

ഒരാഴ്ചയ്ക്കു ശേഷം മീര മടങ്ങി വന്നപ്പോൾ സുജാത, ജയപാലിനെ അവൾക്കു പരിചയപ്പെടുത്തി. മൂവരും കൂടി പ്രഭാത സവാരി നടത്തിയെങ്കിലും മൂന്നുപേർക്കും എന്തോ ഒരു അസ്വഭാവികത തോന്നുകയും ചെയ്തു. അന്ന് നടത്തം കഴിഞ്ഞ് മീര സുജാതയുടെ വീട്ടിലേക്ക് വന്നു. സുജാത ചായ ഉണ്ടാക്കാൻ തുടങ്ങവേ മീര കിച്ചൻ സ്ലാബിൽ ഇരുന്നു.

“സുജു, ആക്വച്ലി എന്താ ഇവിടെ സംഭവിച്ചത്?”

“എന്ത്? എന്തു സംഭവിച്ചു?” സുജാത അതിശയത്തോടെ മീരയെ നോക്കി.

“ഓഹോ! നീ ചുമ്മാ കളിക്കല്ലേ! കണ്ണടച്ച് പാൽ കട്ടു കുടിക്കുമ്പോൾ പൂച്ച യുടെ ചിന്ത ആരും കാണുന്നില്ല എന്നാ”

“അതുശരി, നീ ജയപാലിന്‍റെ കാര്യമാണോ പറഞ്ഞത്? ഹീ ഈസ് മൈ ഫ്രണ്ട്. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്ക് ഇഷ്‌ടമാ… ഇപ്പോൾ നിനക്ക് സമാധാനമായില്ലേ?” സുജാത പൊട്ടിച്ചിരിയോടെ ചോദിച്ചു.

“ഇല്ല, എനിക്ക് സമാധാനമായില്ല. എന്‍റെ പ്രശ്നം ഇവിടന്ന് തുടങ്ങുന്നേയുള്ളൂ. ഇനി എന്തായിത്തീരും എന്ന് എനിക്ക് കൺഫ്യൂഷനുണ്ട്.” മീര തലയ്ക്ക് കൈ കൊടുത്ത് ചിരി അമർത്തി.

“ഹും… എനിക്കറിയില്ല. ആ കക്ഷിയെ എനിക്കെന്തോ ഇഷ്‌ടപ്പെട്ടു. സാധാരണ ആളുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന എന്തോ ഒരിത് ആൾക്കുണ്ട്.”

“പിന്നെ മുന്നോട്ടുള്ള കാര്യം, അതൊക്കെ വരുന്നേടത്തു വച്ചു കാണാം. നീ അതൊന്നും ഓർത്തു വിഷമിക്കണ്ട. ജീവിതമല്ലേ, അതങ്ങ് ഒഴുകിക്കൊണ്ടിരിക്കും.”

സുജാത തന്‍റെ മനസ്സിലൊന്നും ഒളിക്കാതെ തുറന്നു പറഞ്ഞു.

“കാര്യമൊക്കെ ശരി, നിന്‍റെ ഫിലോസഫിയും കൊള്ളാം. സൂക്ഷിച്ചും കണ്ടും നിന്നാൽ നിനക്കു നല്ലത്.”

മീരയ്ക്ക് സുജാതയുടെ നിസ്സാര ഭാവം ഒട്ടും ഇഷ്‌ടമായില്ല. എന്തു പറഞ്ഞാലും അവളിങ്ങനെയാണ്. യാതൊരു കുലുക്കവുമില്ല.

“ഡോണ്ട് വറി ടീ, സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു കേട്ടിട്ടില്ലേ, നാം കണ്ടുമുട്ടുന്ന ഓരോ വ്യക്‌തിയ്ക്കും എന്തെങ്കിലും നിയോഗം നമ്മുടെ ലൈഫിലുണ്ടാകും. അത്രേം കരുതിയാ മതി.”

മീര ചായ കുടിച്ചു പിരിഞ്ഞ ശേഷ മാണ് സുജാത ശരിക്കും ആലോചിക്കാൻ തുടങ്ങിയത്. മീര പറഞ്ഞതിൽ ഒരു സത്യമില്ലേ, തനിക്ക് അയാളോട് സത്യത്തിൽ എന്തോ ഒരു താൽപര്യം ഇല്ലേ? അതുവെറും കൗതുകമാണോ? സൗഹൃദത്തിനപ്പുറം ഒരു ആകർഷണം തോന്നിത്തുടങ്ങിയോ?

രാജ് വിട്ടുപിരിഞ്ഞതിനു ശേഷം ഇങ്ങനെ ഒരു ആളോട് ആദ്യമായിട്ടാണ് ഇഷ്‌ടം തോന്നുന്നത്. ബന്ധുമിത്രാദികളുടെയെല്ലാം ശരിയായ മുഖം മനസ്സിലാക്കാനുള്ള കാലയളവു കൂടിയായിരുന്നു ഈ രണ്ടു വർഷം. പണം തന്നെയാണ് ബന്ധത്തേക്കാൾ വലുതെന്ന അനുഭവങ്ങൾ പലരിൽ നിന്നും ഉണ്ടായി. മകൾ ഗോപികയും അവളുടെ ഭർത്താവും പിന്നെ മീരയും മാത്രമാണ് തനിക്ക് വിശ്വസിക്കാൻ തോന്നുന്ന ഉറ്റവർ. ബാക്കി എല്ലാവരും ആടിന്‍റെ തോലിട്ട ചെന്നായ്ക്കളെ പോലെയാണ്. ഗോപിക, വിവാഹിതയായി സ്വന്തം ജീവിതം തുടങ്ങിയ ശേഷം കടുത്ത ഏകാന്തത തനിക്ക് തോന്നിയിട്ടുണ്ട്. ഇതിനിടയിൽ മീരയാണ് അപ്പോഴും ഇപ്പോഴും ആശ്വാസം. സോഷ്യൽ ലൈഫിൽ ഒരുപാടു പേർ വന്നു പോകുന്നു. പക്ഷേ മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ എന്തിനു ഒരു സിനിമ കാണാൻ പോകാൻ മനസ്സിനിണങ്ങിയ ഒരു കൂട്ട് ഇല്ല.

ജയപാലിന്‍റെ കണ്ണുകൾ ആ മനസ്സിന്‍റെ അകത്തു നിന്ന് നോക്കുന്ന പോലെ വ്യക്‌തമായി കാണാം. മനസ്സിന്‍റെ ജാലകമാണ് കണ്ണുകൾ എന്നുപറയുന്നത് വെറുതെയല്ല. ജയപാലിനെ കണ്ടുമുട്ടിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഒരാഴ്ചയ്ക്കിടയിൽ ജയപാൽ സംസാരിച്ച കാര്യങ്ങൾ പോലും, അയാളെ പോലെ തന്നെ അവളുടെ മനസ്സിൽ പതിഞ്ഞു പോയി. അടുത്ത ദിവസങ്ങളിൽ മീരക്കൊപ്പം നടക്കാനിറങ്ങുമ്പോൾ, ചിരിയിലും ചെറിയൊരു കുശലാന്വേഷണത്തിലും ഒതുക്കി തന്‍റെ സൗഹൃദത്തെ ഒളിപ്പിക്കാൻ സുജാത ശ്രമിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കുടുംബത്തോടൊപ്പം ഗോവയ്ക്ക് പോകാൻ മീര തീരുമാനിച്ചു.

“നീ തനിച്ചാവുമല്ലോ സുജു, ഞങ്ങൾക്കൊപ്പം വരൂ.” അന്ന് നടക്കാനിറങ്ങിയപ്പോൾ മീര അവളെ ഓർമ്മിപ്പിച്ചു.

“ഞാനില്ല മീര, നിങ്ങളെല്ലാം ഭർത്താക്കന്മാരുടെയും മക്കളുടെയും കൂടെ നടക്കുമ്പോൾ ഞാൻ തനിച്ചായി പോകില്ലേ. അതിലും ഭേദം ഇവിടെ തന്നെ ഇരിക്കുന്നതാ.” സുജാതയ്ക്ക് താൽപര്യം തോന്നിയില്ല. അവൾക്ക് യാത്ര ഒഴിവാക്കാനായിരുന്നു ഇഷ്ടം.

“എന്നാൽ നീ ഒരു കാര്യം ചെയ്യൂ. നിന്‍റെ ഫ്രണ്ടിനോട് ചോദിക്ക്. കൂടെ പോരുന്നോ എന്ന്.” മീര പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

“അതു കൊള്ളാമല്ലോ. നല്ല ഐഡിയ. ഞാനങ്ങനെ ഒരു കാര്യം ചിന്തിച്ചതേയില്ല.” സുജാത ചിരിച്ചു.

“ശരി നമുക്ക് നോക്കാം.”

രാജ് ഉള്ള സമയത്ത് വർഷത്തിൽ രണ്ടുപ്രാവശ്യം വിനോദയാത്ര പോകുന്നത് പതിവായിരുന്നു. പിന്നീട് യാത്രകളെ കുറിച്ചോ പിക്നിക്കിനോ കുറിച്ചോ കാര്യമായി ചിന്തിച്ചിട്ടില്ല. പോകേണ്ട എന്നു തീരുമാനമൊന്നുമില്ല. പക്ഷേ പോകാൻ പറ്റിയൊരു കൂട്ടോ, മനസ്സോ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു ആഗ്രഹം തോന്നുന്നു. ഗോവയ്ക്ക് മീരയുടെ കൂടെ പോകുമ്പോൾ ജയപാലിനെയും വിളിച്ചാലോ… മറ്റൊന്നും ആലോചിക്കാൻ മെനക്കെടാതെ സുജാത, അയാളെ ഫോണിൽ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ജയപാലിന് മടി.

“അയ്യോ സുജ, ഞാൻ തന്‍റെ ഫ്രണ്ട്സിന്‍റെ കൂടെ വന്നാൽ ശരിയാവുമോ? അവരൊന്നും എന്നെ അറിയില്ല. പിന്നെ ഞാനും അറിയില്ല. മാത്രമോ, ഇവിടെ ബെല്ലയുടെ കാര്യം ആരു നോക്കും?” അയാൾ തന്‍റെ പ്രയാസം തുറന്നു പറഞ്ഞു.

“ഓഹോ… വരാതിരിക്കാൻ ഓരോ ഒഴിവു പറയുവാണോ? എന്‍റെ കൂട്ടുകാർക്കൊപ്പം കൂടാൻ ഒരു പ്രയാസവും ഉണ്ടാകില്ല. അതു ഞാൻ ഉറപ്പു തരാം. ബെല്ലയെ ഒരു ഹോസ്റ്റലിൽ ഏൽപിക്കൂ.” അത്രയും പറഞ്ഞിട്ട് അവൾ ഫോൺ വച്ചു. അന്നു വൈകിട്ട് ആളുകളോട് ചോദിച്ച് മനസ്സിലാക്കി, ജയപാലിന്‍റെ വീട്ടിൽ അവൾ എത്തി. കോളിംഗ് ബെൽ അടിച്ചു. ഡോർബെൽ കേട്ട് വാതിൽ തുറന്ന ജയപാൽ അക്ഷരാർത്ഥത്തിൽ ഞെട്ടി പ്പോയി.

“ആഹാ… സുജയോ… അതിശയമായിരിക്കുന്നല്ലോ.”

“എനിക്ക് അകത്തേക്ക് വരാമോ?” സൂജാത ജയപാലിനോട് അനുവാദം ചോദിച്ചു.

സുജാതയെ കണ്ട് അന്തംവിട്ടുപോയ ജയപാൽ വാതിക്കൽ തന്നെ നിൽക്കുകയായിരുന്നു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें