സാഗരസംഗമം ഭാഗം- 20

എന്നെങ്കിലുമൊരിക്കൽ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് ഈ മമ്മി ഈ ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോൺ കൈയ്യിലെടുത്തു. അപ്പുറത്ത് അരുണായിരുന്നു. എന്‍റെ പ്രിയപ്പെട്ട വിദ്യാർത്ഥി.

“ഹലോ മാഡം, ഇത് ഞാനാണ് അരുൺ…”

ഹിന്ദിച്ചുവയുള്ള മലയാളത്തിൽ അരുണിന്‍റെ വാക്കുകൾ ഒഴുകിയെത്തി.

“എന്താ അരുൺ?” ഇടറിയ സ്വരത്തിൽ ഞാൻ മറുചോദ്യം ഉന്നയിച്ചു.

“മാഡം, ഇന്ന് ഫ്രീയാണെങ്കിൽ ഞാൻ അങ്ങോട്ടു വന്നാലോ എന്നാലോചിക്കുകയായിരുന്നു. മാഡത്തോടൊപ്പം ഒരു ദിവസം ചെലവിടാൻ ഞാനാഗ്രഹിക്കുന്നു. നമുക്ക് പുറത്തൊക്കെ ചുറ്റിക്കറങ്ങി, ഹോട്ടലിൽ നിന്നും ആഹാരമൊക്കെ കഴിച്ച്, വേണമെങ്കിൽ ഒരു സിനിമയും കണ്ട്. അങ്ങിനെയൊക്കെ ഇന്നത്തെ ദിവസം ചെലവിട്ടാലോ എന്ന് ചിന്തിച്ചു. വേണമെങ്കിൽ എന്‍റെ അമ്മയെയും കൂട്ടാം…

“അതിനെന്താ അരുൺ വന്നോളൂ… ഇന്നത്തെ ദിവസം നമുക്കിവിടത്തന്നെ ചെലവിടാം. എന്‍റെ കൈ കൊണ്ട് ഞാൻ അരുണിനും അമ്മയ്ക്കും ആഹാരമുണ്ടാക്കിത്തരാം. ഒരമ്മയെ പോലെ അരുണിന് ആഹാരം വിളമ്പിത്തന്ന് എനിക്കിന്ന് സംതൃപ്തിയടയണം.”

“ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു മാഡം… ഒരു പതിനഞ്ചു മിനിട്ട്… ഞാനുമമ്മയും അവിടെ എത്തിയിരിക്കും.

അരുണിന്‍റെ വാക്കുകൾ അതുവരെ മനസ്സിനെ മൂടിയിരുന്ന കാർമേഘപടലത്തെ അകറ്റി നിർത്തി പകരം ഹൃദയത്തിൽ സന്തോഷം നിറച്ചു. അരുണിന്‍റെ അമ്മ മലയാളിയായതു കൊണ്ടു കൂടിയാണ് ഈ അടുപ്പം. അവർ കോഴിക്കോടുകാരാണത്രെ.

പത്തു പതിനഞ്ചു മിനിറ്റിനകം അവർ എത്തിച്ചേരും. അതിനു മുമ്പ് കുളിച്ചു ഡ്രസ്സുമാറി നില്ക്കാമെന്നു കരുതി. കുളിമുറിയിലേയ്ക്കു നടന്നു. രാവിലെ മുതൽ മൂഡു ശരിയല്ലാത്തതു കൊണ്ട് ഒന്നും ചെയ്യുവാൻ തോന്നിയില്ല. ആകെ ഒരു ഒറ്റപ്പെടൽ. ആ വേദന മനസ്സിനെ അലട്ടിയപ്പോഴാണ് കൃഷ്ണമോളെ വിളിക്കാമെന്ന് കരുതിയത്. മാത്രമല്ല ആഴ്ചയിൽ ആകെ കിട്ടുന്ന ഈ ഹോളിഡേയ്സിലാണ് കോളേജ് വിട്ട് മാറ്റാരോടെങ്കിലുമൊക്കെ സമ്പർക്കത്തിലേർപ്പെടാൻ കഴിയുന്നത്. അങ്ങനെയാണ് കൃഷ്ണമോളെ ഫോണിൽ വിളിച്ച് കാണണമെന്നു പറഞ്ഞത്.

പക്ഷെ അവളുടെ പെരുമാറ്റം ഉള്ള മൂഡും കൂടി തകർത്തു കളഞ്ഞു. എന്‍റെ മനോനില തന്നെ തകിടം മറിക്കുന്ന അവളുടെ പെരുമാറ്റം ഹൃദയത്തെ കുറച്ചൊന്നുമല്ല മുറിപ്പെടുത്തിയത്. ഹൃദയ ഭിത്തിയിൽ നിന്നും ഒലിച്ചിറങ്ങിയ ചോര കണ്ണുനീരായി വാർന്നൊഴുകി കിടക്കയെ കുതിർത്തപ്പോൾ ഒട്ടൊരു ആശ്വാസം കിട്ടി. അപ്പോഴാണ് അരുണിന്‍റെ ഫോൺ കോൾ വന്നത്.

എന്നെ സന്തോഷിപ്പിക്കാനായി മാത്രം ജനിച്ച ഒരേയൊരു മകനെപ്പോലെയാണവൻ. എന്‍റെ രാഹുൽ മോന്‍റെ പകരക്കാരൻ. അവന്‍റെ ഓരോ വരവും ഹൃദയത്തിൽ ആനന്ദത്തിന്‍റെ തേൻ തുള്ളികൾ മാത്രം നിറയ്ക്കുന്നു. രാഹുൽമോനെപ്പോലെ അവന്‍റെ ഓരോ വാക്കും നോക്കും എന്‍റെ മുഖത്തെ ഇപ്പോൾ ആവരണം ചെയ്‌തിരിക്കുന്ന ദുഃഖത്തിന്‍റെ മൂടുപടത്തെ എടുത്തു മാറ്റുന്നു. പകരം സന്തോഷത്തിന്‍റെ ഒരു നേർത്ത തിരശ്ശീല കൊണ്ട് അവൻ എന്‍റെ ജീവിതത്തെ ആവരണം ചെയ്യുന്നു.

കുളി കഴിഞ്ഞ് അവന്‍റെ ബൈക്കിന്‍റെ ശബ്ദത്തിനായി കാതോർത്തു കൊണ്ട് ഞാൻ സിറ്റൗട്ടിലിരുന്നു. അലക്ഷ്യമായ കൈ കൊണ്ട് കോതിയിട്ട മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. നരേട്ടനുള്ളപ്പോൾ അണിഞ്ഞൊരുങ്ങാൻ എനിക്കെന്തു താൽപര്യമായിരുന്നു. എന്നാലിന്നിപ്പോൾ മുടി ചീകാൻ പോലും മടി തോന്നുന്നു. കുളി കഴിഞ്ഞ് വലിയ സിന്ദൂരപ്പൊട്ട് നെറ്റിയിലണിഞ്ഞ് ഒരു നേരിയ പ്രസാദക്കുറിയുമണിഞ്ഞ് ഞാനെത്തുമ്പോൾ നരേട്ടൻ പറയുമായിരുന്നു.

“ഇപ്പോൾ സാക്ഷാൽ രവിവർമ്മ ചിത്രം പോലെ തന്നെക്കണ്ടാൽ തോന്നും. മാധവിക്കുട്ടിയും മറ്റും തന്നെപ്പോലെ വലിയ സിന്ദൂരപ്പൊട്ടണിയാറുണ്ട്. അപ്പോൾ ഞാൻ പറയാറുണ്ട്.” ഞാൻ മാധവിക്കുട്ടിയുടെ ഒരു വലിയ ഫാനാണെന്ന്, നരേട്ടനറിയില്ലേ…

സ്ത്രീ ഹൃദയ വൈവിദ്ധ്യങ്ങളെ പ്രേമത്തിന്‍റെ മനോഹരമായ ആവിഷ്കാരങ്ങളെ അവർ എത്ര ഭംഗിയായി തന്‍റെ കൃതികളിൽ വർണ്ണിച്ചിരിക്കുന്നു. കാലങ്ങളായി ആളുകൾ പറയുവാൻ മടിച്ചിരുന്ന പലതും. അവർ തന്‍റെ കൃതികളിലൂടെ തുറന്നടിച്ചു. പാരമ്പര്യങ്ങളെ പുഛിച്ചു തള്ളി…

“ഞാൻ മാധവിക്കുട്ടിയെക്കുറിച്ചു പറഞ്ഞ് ആവേശം കൊള്ളുമ്പോൾ നരേട്ടൻ ഉറക്കെ ചിരിക്കും…” തന്നിലും ഒരു പുരോഗമനവാദി ഒളിഞ്ഞു കിടപ്പുണ്ടല്ലോ? മാധവിക്കുട്ടിയെപ്പോലെ പാരമ്പര്യങ്ങളെ തൂത്തെറിയാനുള്ള വ്യഗ്രത തന്നിലുമുണ്ടല്ലേ?”

നരേട്ടൻ അതു പറയുമ്പോൾ അറിയാതെ ഒരു ചൂളൽ എന്നിൽപ്പടർന്നു കയറും. നരേട്ടൻ എന്നെക്കുറിച്ച് എത്ര ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ പഴഞ്ചൻ ചിന്താഗതികളെ പുഛിച്ചു തള്ളുവാൻ പറഞ്ഞ്, ആവേശത്തോടെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. പുത്തൻ പാരമ്പര്യത്തിന്‍റെ വക്താവായിട്ടുണ്ട്. അതെല്ലാം പലപ്പോഴായി നരേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പഠിപ്പിക്കുമ്പോഴും പലപ്പോഴും പുതിയ തലമുറയിൽ ഇത്തരത്തിലുള്ള പുത്തൻ ആവേശം ഉണർത്താൻ ശ്രമിക്കാറുണ്ട്. സ്വന്തം ജീവിതത്തിലും അത് കുറെയൊക്കെ പകർത്താൻ എനിക്കു കഴിഞ്ഞിട്ടുമുണ്ട്.

ജാതി-മതവ്യവസ്‌ഥിതികൾക്കെതിരായി ആവേശം കൊണ്ടിട്ടാണല്ലോ ഞാൻ ഫഹദ്സാറിനെ വിവാഹം  കഴിച്ചത്. മാധവിക്കുട്ടിയും ഒരു മുസ്ലീമായി മതം മാറി. എല്ലാം കൊണ്ടും എന്നോട് ഏറെ സാമ്യമുള്ള ആ കഥാകാരിയെ ഞാൻ ഏറെ ബഹുമാനിക്കുന്നു. നരേട്ടനതറിയാം. അതുകൊണ്ടാണ് പലപ്പോഴും മാധവിക്കുട്ടിയുമായി എന്നെ സാമ്യപ്പെടുത്തുന്നത്.

ഇന്നിപ്പോൾ നരേട്ടന്‍റെ ആ വാക്കുകൾ… പൊട്ടിച്ചിരി… എല്ലാം കേൾക്കുവാൻ കൊതി തോന്നുന്നു. പക്ഷെ…. അദ്ദേഹമിന്നെവിടെയാണ്. അനന്തവിഹായസ്സിൽ എവിടെയോ ഇരുന്ന് അദ്ദേഹം എന്നെ വീക്ഷിക്കുന്നുണ്ടാവുമോ? എന്‍റെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്നുണ്ടാവുമോ? വാക്കുകൾക്കതീതമായ ഏതോ ലോകത്തിരുന്ന് അദ്ദേഹം നിശബ്ദം എന്നെ സ്നേഹിക്കുന്നുണ്ടാവാം…

കണ്ണുകളിൽ ഊറിക്കൂടിയ മിഴിനീരിനിടയിൽ കൂടി ഞാൻ കണ്ടു ദൂരെ നിന്നും പാഞ്ഞെത്തുന്ന ആ മോട്ടോർ ബൈക്ക്… അതിൽ നിന്നും പ്രസന്നവദനനായി ചാടിയിറങ്ങുന്ന അരുൺ കൂടെ അയാളുടെ അമ്മ. മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരിയായ വീട്ടമ്മ. അമ്പതിനോടടുത്ത് പ്രായമുള്ള അവരുടെ കണ്ണുകളിൽ എന്നോടുള്ള സഹതാപവും സ്നേഹവും നിറഞ്ഞു നിന്നു. വിഷാദമഗ്നമായ ഒരു പുഞ്ചിരിയോടെ അവരെ എതിരേൽക്കുമ്പോൾ ഹൃദയം ഏതോ സമാശ്വാസ തീരങ്ങളിൽ അഭയം തേടുകയായിരുന്നുവോ? ആ സ്നേഹ സാമീപ്യങ്ങൾ ഒരു പൂന്തെന്നൽ പോലെ എന്നെ തഴുകി തലോടുന്നതു പോലെ.

എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളിൽ തങ്ങളുടെ സാമീപ്യ സ്പർശനത്താൻ ആ അമ്മയും മകനും തൈലം പുരട്ടുകയായിരുന്നില്ലെ. ഒരിക്കലും ഉണങ്ങാത്ത മുറിവുകളിൽ ഏതോ ദിവ്യ ഔഷധി എന്ന പോലെ ഇടയ്ക്കിടയ്ക്കുള്ള അവരുടെ സന്ദർശനങ്ങൾ മനഃപൂർവ്വമായി എന്നെ സന്തോഷിപ്പിക്കുവാനുള്ള അവരുടെ പരിശ്രമങ്ങൾ… എല്ലാമെല്ലാം ഏതോ സ്നേഹ സാന്ത്വനമായി എന്നിൽ പരിണമിക്കുകയായിരുന്നു. ഒരിക്കൽ കൂടി ഹൃദയത്തിന്‍റെ വാതായനങ്ങൾ തുറന്നിട്ട് ഞാൻ അവരെ സ്വീകരിച്ചു. അപ്പോൾ എന്‍റെ കണ്ണുകളിലെ വിഷാദഛായ  എങ്ങോ പോയി മറഞ്ഞിരുന്നു. പകരം ഹൃദ്യമായ ഒരു പുഞ്ചിരി ചുണ്ടുകളിൽ തങ്ങി നിന്നു.

ഡ്രോയിംഗ് റൂമിലേയ്ക്ക് നടന്നു കൊണ്ട് ഞാൻ അവരെ ക്ഷണിച്ചു. “വരൂ… നമുക്ക് അകത്തിരുന്ന് സംസാരിക്കാം…” അകത്ത് നിരത്തിയിട്ട സെറ്റികളിലൊന്നിൽ അവരെ ഇരിക്കാൻ ക്ഷണിച്ചു കൊണ്ട് ഞാനും അടുത്തിരുന്നു. അപ്പോൾ അരുൺ ചോദിച്ചു.

“മാഡം… ഒറ്റയ്ക്കിരുന്ന് വല്ലാതെ മുഷിയുന്നുണ്ടാവുമെന്നു തോന്നി. അതാണ് അമ്മയെ വിളിച്ചു കൊണ്ട് ഞാൻ വന്നത്.”

“അതു നന്നായി അരുൺ… അരുണിനെയും അമ്മയേയും കാണുന്നതാണ് എനിക്കിപ്പോൾ ഏറ്റവും സന്തോഷം. പഴയതെല്ലാം മറക്കാൻ നിങ്ങൾ എനിക്കു പ്രേരണ നൽകുന്നു.”

എന്‍റെ വാക്കുകൾ കേട്ട് അരുണിന്‍റെ അമ്മ പറഞ്ഞു.

“അരുണിനിപ്പോൾ മാഡത്തെപ്പറ്റി പറയാനെ നേരമുള്ളൂ… അവനിപ്പോൾ എന്നെക്കാളിഷ്ടം മാഡത്തിനോടാണ്.”

“അരുൺ എനിക്ക് രാഹുലിനെ പോലെയാണ്. രാഹുലിന്‍റെ പല സ്വഭാവ വിശേഷണങ്ങളും അരുണിനുമുണ്ട്…” അറിയാതെ നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. പെട്ടെന്ന് രാഹുൽ  മനസ്സിലേയ്ക്കോടിയെത്തിയതു കൊണ്ടാകാം അരുണിന്‍റേയും കണ്ണുകളിൽ വിഷാദഛായ പടർന്നു. അവൻ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“രാഹുൽ, മാഡത്തെപ്പറ്റി പറയാത്ത ദിവസങ്ങളില്ല. അവന്‍റെ ജീവിതത്തിൽ, അവനേറ്റവുമിഷ്ടം മാഡത്തിനോടായിരുന്നു. മമ്മി ഉണ്ടാക്കുന്നതു പോലെ ലോകത്തിലൊരു മമ്മിയ്ക്കും ഇത്ര സ്വാദുള്ള ആഹാരം ഉണ്ടാക്കാനാവുകയില്ലെന്ന് അവൻ പറയാറുണ്ടായിരുന്നു. മാഡം ഹോസ്റ്റലിലേയ്ക്ക് കൊടുത്തയയ്ക്കുന്ന ഉണ്ണിയപ്പവും, അച്ചപ്പവും, മുറുക്കും മറ്റും അവൻ എനിക്ക് കൊണ്ടു തരുമായിരുന്നു. അങ്ങനെ മാഡത്തിന്‍റെ കൈപ്പുണ്യം ഞാനും ഒരുപാടറിഞ്ഞിട്ടുണ്ട്.

“ശരിയാണ്, മീര മാഡം കൊടുത്തയയ്ക്കുന്ന ആഹാരം കഴിച്ചിട്ട് ഇവൻ എന്നോടു വന്നു വഴക്കുണ്ടാക്കും. ഞാനും അതുപോലെ കേരളീയ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ പറഞ്ഞ്. പക്ഷെ കേരളത്തിൽ നിന്ന് വിട്ടു പോന്നിട്ട് വർഷങ്ങൾ പലതായില്ലെ? എനിക്കിപ്പോൾ അത്തരം ഭക്ഷണമൊന്നും ഉണ്ടാക്കാനറിയില്ല. മാത്രമല്ല ഇവന്‍റെച്ഛൻ നോർത്തിന്ത്യൻ ആയതു കൊണ്ട് ആ രീതിയിലുള്ള ഭക്ഷണമേ ഞാനിപ്പോളുണ്ടാക്കാറുള്ളൂ…”

അരുണിന്‍റെ അമ്മ അൽപം വിളറിയ ചിരിയോടെ എന്നോടു പറഞ്ഞു. അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ചിരിച്ചു കൊണ്ട് തന്നെ അവർ തുടർന്നു. “ഇന്ന് മാഡത്തിന്‍റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാണ് അവൻ വന്നിരിക്കുന്നത്. ഞാൻ പറഞ്ഞു മാഡം മാനസികമായി വിഷമിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഉപദ്രവിക്കേണ്ടെന്ന്. പക്ഷെ ഇവൻ കേൾക്കണ്ടെ?

പെട്ടെന്ന് കണ്ണുകൾ തുടച്ച് ഉൻമേഷം വീണ്ടെടുത്ത് ഞാൻ പറഞ്ഞു.

“അരുണിന് എന്‍റെ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ഇന്ന് നമുക്ക് ചെറിയ രീതിയിൽ കേരളീയ ഭക്ഷണം ഉണ്ടാക്കി കഴിക്കാം. മാത്രമല്ല രാഹുലിന്‍റെ പിറന്നാൾ ദിനം കൂടിയാണിന്ന്. അവൻ മരിച്ചു പോയെങ്കിലും നരേട്ടനുള്ളപ്പോൾ ഞങ്ങളൊരുമിച്ച് അതാഘോഷിക്കാറുണ്ടായിരുന്നു. ഇന്ന് നമുക്കൊരുമിച്ച് അതാഘോഷിക്കണം. അകലങ്ങളിലിരുന്ന് രാഹുത്ത അതുകണ്ട് സന്തോഷിക്കട്ടെ… എന്തു പറയുന്നു അരുൺ?” അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ അരുണിനെ നോക്കി.

“ഓ… ഞാനറിഞ്ഞില്ല മാഡം ഇന്ന് രാഹുലിന്‍റെ പിറന്നാളാണെന്ന് ഞാനത് മറന്നു പോയി. അവനുള്ളപ്പോൾ എത്ര ബെർത്ത് ഡേകൾ ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ഞങ്ങൾ ഫ്രണ്ട്സെല്ലാം കൂടി അന്ന് ബൈക്കിൽ അൽപം ദൂരെ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകും. എന്നിട്ട് പാട്ടും ബഹളവുമായി എന്താഘോഷമായിരുന്നു അന്നെല്ലാം. അതെല്ലാം മരിയ്ക്കാത്ത ഓർമ്മകളായി ഇന്നും മനസ്സിൽ നിലനിൽക്കുന്നു. രാഹുലിനു വേണ്ടി നമുക്കൊരിയ്ക്കൽ കൂടി അങ്ങനെ ആഘോഷിക്കണം മാഡം. ഞാൻ എന്‍റെ കുറച്ചു ഫ്രണ്ട്സിനെക്കൂടി വിളിക്കട്ടെ. അവരോടൊത്ത് നമുക്ക് വൈകുന്നേരമാകുമ്പോൾ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകാം.”

അരുൺ അൽപം ആവേശപൂർവ്വം തന്‍റെ പ്ലാൻ അവതരിപ്പിച്ചു. ആഘോഷങ്ങൾക്കൊന്നും മനസ്സ് വഴങ്ങുകയില്ലെന്നറിഞ്ഞിട്ടും ഞാനപ്പോൾ അതിനു സമ്മതിച്ചു. അന്ന് ഉച്ചയ്ക്ക് ഒരു ചെറിയ സദ്യ ഉണ്ടാക്കി ഞാനവർക്കു നൽകി. ഒരു ചെറിയ ഇലക്കീറിൽ സദ്യ വിളമ്പി വച്ച് അതിനു മുന്നിൽ വിളക്കു കൊളുത്തി രാഹുലിനായി മാറ്റി വച്ചു. അവന്‍റെ ആത്മാവ് സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന് ആ സദ്യ ആസ്വദിച്ചു കാണുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നീട് കണ്ണീരോടെ അവനു വിളമ്പി വച്ച ആഹാരം കഴിക്കുമ്പോൾ ഒരമ്മ ഹൃദയത്തിന്‍റെ പിടച്ചിൽ ഞാനറിഞ്ഞു.

തൊണ്ട കഴച്ചു പൊട്ടുന്ന വേദനയിലും ഞാനവനു വേണ്ടി അതു മുഴുവൻ കഴിച്ചു തീർത്തു. അപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അരുൺ അടുത്തു നിന്നു. അടക്കാനാവാത്ത ഹൃദയ ഭാരത്താൽ ഹൃദയം പലപ്പോഴും പൊട്ടിപ്പോകുമെന്നു തോന്നി.

പക്ഷെ അരുണിന്‍റെ കൈകൾ താങ്ങി നിന്നതു കൊണ്ടാവാം ആ ദിനങ്ങളുടെ കാഠിന്യത്തെ അതിജീവിക്കാൻ എനിക്കു കഴിഞ്ഞത്. അല്ലെങ്കിൽ നരേട്ടന്‍റെയും രാഹുലിന്‍റെയും വേർപാട് തീർത്ത അസഹ്യമായ വേദനയിൽ പിടഞ്ഞ് ഇഞ്ചിഞ്ചായി ഞാനും മരിക്കുമായിരുന്നു.

അതെ! ആ വേദനയിൽ നിന്നും എന്നെ ഉയർത്തി കൊണ്ടു വന്നത് അരുണിന്‍റെ കൈകളാണ്.

(തുടരും)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 1

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുജാതയുടെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയായിരുന്നു. ഓര്‍മ്മയില്‍ അപ്പോഴും മേല്‍ശാന്തി ശങ്കരന്‍തിരു മേനിയുടെ വാക്കുകള്‍.

പ്രസാദത്തിന്‍റെ കൂടെ ഒരു കടലാസുപൊതി അവളെ ഏല്പിച്ച ശേഷം തിരുമേനി പറഞ്ഞു. ”ശശിധരന്‍ നായര്‍ മധൂന്‍റെ പേരില്‍ ഒരു ഗണപതി ഹോമം കഴിക്കാന്‍ ഏല്പിച്ചതിന്‍റെ പ്രസാദാ. ഇന്നലെ സന്ധ്യക്ക്‌ നായരും മധൂം കൂടി തൊഴാന്‍ വന്നിരുന്നു. മൂപ്പരും മോനും കൂടി ഇന്ന് രാവിലെ യാത്ര പോവ്വാണത്രെ അതോണ്ട് ഹോമത്തിന്‍റെ പ്രസാദം വാങ്ങിക്കാന്‍ വരണുണ്ടാവില്ല്യാന്ന് ഇന്നലെ വഴിപാട്‌ ഏല്പിക്കുമ്പോള്‍ തന്നെ പറയേണ്ടായി. ഏതായാലും കുട്ടി ഇതൊന്ന് അങ്ങോട്ടെത്തിച്ചേക്കൂ.

സുജാത ഒരു നിമിഷം അത്ഭുതസ്തബ്ധയായിനിന്നു. പിന്നെ തിരുമേനിയില്‍നിന്നും പ്രസാദപ്പൊതി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് മടങ്ങി.

മധുവേട്ടന്‍ ലീവില്‍ നാട്ടില്‍ വന്നുപോയിട്ട്‌ രണ്ടുമാസമാകാന്‍ പോകുന്നതേയുള്ളു. ഇപ്പോള്‍ പെട്ടെന്നുള്ള ഈ വരവ്?

മധുവേട്ടന്‍റെ വീടും തന്‍റെ വീടും തമ്മില്‍ കാല്‍നടയായി പോകാവുന്നത്ര ദൂരമേയുള്ളൂ. അച്ഛന്‍ കഴിഞ്ഞയാഴ്ച മധുവേട്ടന്‍റെ വീട്ടിലേക്ക് പോയതുമാണ്. എന്നിട്ടും മധുവേട്ടന്‍റെ ഈ വരവിനെക്കുറിച്ച് അച്ഛനൊന്നും പറഞ്ഞ് കേട്ടില്ല. അപ്പോള്‍ ഇങ്ങനെ പെട്ടെന്ന്‍ വരാന്‍, എന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ? അതാകാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ ഇന്ന് ചെറിയച്ഛന്‍റെ കൂടെ യാത്രക്ക് പുറപ്പെടില്ലല്ലോ. ആ യാത്ര എങ്ങോട്ടാണാവോ. ഏതായാലും എല്ലാം വിചിത്രമായി തോന്നുന്നു.

വീടിന്‍റെ ഉമ്മറപ്പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അച്ഛന്‍ സുധാകരന്‍റെയും അമ്മ കുസുമത്തിന്‍റെയും സ്വരങ്ങള്‍ പതിവിലും ഉച്ചത്തില്‍ കേട്ടു. അവര്‍ തമ്മിലെന്തോ വാദപ്രതിവാദത്തിലാണെന്ന് തോന്നുന്നു.

ഭാഗിചിറ്റയുടെയും ചെറിയച്ഛന്‍റെയും മധുവേട്ടന്‍റെയും പേരുകള്‍ സംഭാഷണത്തില്‍ ഇടം പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ മധുവേട്ടന്‍റെ പെട്ടെന്നുള്ള വരവാണ് വിഷയമെന്ന് മനസ്സിലായി. പ്രഭാതസവാരിക്കിടയില്‍ ആരോ പറഞ്ഞ് അച്ഛനും ആ വാര്‍ത്ത‍ അറിഞ്ഞുകാണും.

സുജാത ചെവിയോര്‍ത്തു.

“ഞാനറിഞ്ഞത് മറ്റുള്ളവര്‍ പറഞ്ഞിട്ടല്ലേ കുസുമം? ഞാന്‍ നേരിട്ടവിടെ ചെന്ന് സത്യാവസ്ഥ അറിഞ്ഞിട്ടുപോരെ ഈ ബഹളമൊക്കെ?” സുധാകരന്‍റെ അനുനയസ്വരം.

“ഇനി കൂടുതലായി എന്തറിയാനാണ് സുധേട്ടാ. അച്ഛനും മകനും കൂടി തിരുവനന്തപുരത്തേക്ക് പോയിരിക്കുന്നത് മകന് പെണ്ണ് കാണാനാണെന്ന് നാട്ടുകാരെല്ലാം അറിഞ്ഞു കഴിഞ്ഞല്ലോ. പക്ഷെ നമ്മളറിഞ്ഞില്ലെന്നു മാത്രം.” കുസുമത്തിന്‍റെ സ്വരം ക്ഷോഭം കൊണ്ട് ഇടറി.

“നാട്ടുകാരെല്ലാം അറിഞ്ഞിട്ടൊന്നുമില്ല. മധു എത്തിയിട്ടുണ്ടെന്നറിഞ്ഞ് അയല്‍പക്കത്ത് താമസിക്കുന്ന ബാലന്‍ അവനെ കാണാന്‍ ചെന്നപ്പോള്‍ ശശിയേട്ടന്‍ ഇക്കാര്യം ഒന്ന് സൂചിപ്പിച്ചു. ഇന്ന് ബാലന്‍ എന്നെ കണ്ടപ്പോള്‍ ഈ സംഭവം എന്നോട് പറഞ്ഞു അത്രേള്ളൂ.”

“ശരി. അപ്പോഴത് സത്യം തന്നെയാണല്ലോ. മധൂം സുജാതേം കുട്ടികളായിരുന്ന കാലം മുതല്‍ക്ക് അവള് അവന്‍റെ പെണ്ണാണെന്ന് സുധേട്ടന്‍റെ പൊന്നുപെങ്ങള്‍ ആയിരം വട്ടോങ്കിലും പറഞ്ഞിട്ടില്ലേ? എന്നിട്ടിപ്പോഴെന്താ ഇങ്ങനൊരു മറവി?”

“ഭാഗി മറന്നതാവില്ല. ശശിയേട്ടന്‍റെ നിര്‍ബന്ധത്തിന് വഴങ്ങീതാവും. ശശിയേട്ടന്‍റെ മുഖത്ത് നോക്കി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാനുള്ള തന്‍റേടമൊന്നും അവള്‍ക്കില്ലാന്നറിഞ്ഞൂടെ? പാവം !”

“അതെയതെ. പഞ്ചപാവം. പക്ഷെ സുധേട്ടന്‍റെ പെങ്ങള്‍ക്ക് ഓന്തിന്‍റെ സ്വഭാവമാണെന്ന് മാത്രം.” കുസുമത്തിന്‍റെ സ്വരത്തില്‍ പരിഹാസത്തിന്‍റെ മുള്ളുകള്‍.

“നമ്മളിങ്ങനെ തര്‍ക്കിച്ചിട്ടെന്താ ഫലം കുസുമം. മധു പെട്ടന്നിവിടെ വരെ വരാനും പെണ്ണുകാണാന്‍ പോകാനുമെല്ലാം തയ്യാറായെങ്കില്‍ എന്താ അതിനര്‍ത്ഥം? അവനീ ആലോചനയില്‍ താല്പര്യമുണ്ടായിട്ടല്ലേ? അവന്‍റെ വിദ്യാഭ്യാസയോഗ്യതക്കും ഉയര്‍ന്ന ഉദ്യോഗപദവിക്കും അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ ആണ് അവന്‍ ആഗ്രഹിക്കുന്നതെങ്കിലോ? നമുക്ക് അതില്‍ ഇടപെടാന്‍ എന്താണവകാശം.?”

“നമ്മുടെ മോള്‍ക്ക്‌ എന്താണൊരു കുറവ്? പോസ്റ്റ്‌ ഗ്രജ്‍വേറ്റ്‍ അല്ലേ? കമ്പ്യുട്ടര്‍ ട്രേനിംഗിനും പോണുണ്ടല്ലോ.. കാണാനും തെറ്റില്ല.”

എല്ലാം ശരി തന്നെ. രണ്ടു വര്‍ഷമായി മധു വിദേശത്തല്ലേ. നമ്മളെക്കാളൊക്കെ ലോകം കണ്ടവനല്ലേ അവന്‍. അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നമ്മുടേതുമായി ഒത്തുപോകണമെന്നില്ലല്ലോ. പിന്നെ മറ്റൊരു കാര്യം. കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും പെണ്‍കുട്ടിയുമായി അവന്‍ അടുപ്പത്തിലാണെങ്കിലോ? ഒരുപക്ഷെ ഇത് ആ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനമാകാനും സാധ്യതയുണ്ട്. ഏതായാലും എനിക്കൊന്നേ പറയാനുള്ളൂ. നമ്മുടെ മോള്‍ക്ക്‌ ഈശ്വരന്‍ ഒരുത്തനെ നിശ്ചയിചിട്ടുണ്ടാവൂല്ലോ. അതുകൊണ്ട് തൃപ്തിപ്പെട്ട്‌ അവരുടെ ജീവിതം സന്തോഷകരമാകാന്‍ പ്രാര്‍ത്ഥിക്കാം.”

“മധൂനും ശശിയേട്ടനും മാനത്തെ മാവിന്‍റെ കൊമ്പത്താണ് നോട്ടോങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടെ. ഈ ലോകത്ത് വേറേം ചെറുപ്പക്കാരുണ്ടല്ലോ. എന്‍റെ മോള്‍ക്കും യോഗ്യനായ ഒരുത്തനെ തന്നെ കിട്ടും…. അതുറപ്പാ. എങ്കിലും.” കുസുമത്തിന്‍റെ സ്വരത്തിലപ്പോഴും എന്തോ നഷ്ടബോധം.

“ഒരെങ്കിലുമില്ല. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. മനപ്പൊരുത്തമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ കുസുമം.?

“അത് ശരിയാ. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. പിന്നീടുള്ള ജീവിതത്തില്‍ സന്തോഷോം സമാധാനോം ഒക്കെ വേണോല്ലോ.”

അമ്മയുടെ സ്വരത്തില്‍ ഇപ്പോള്‍ അല്പം പോലും ആവലാതി ഇല്ലെന്ന് സുജാത ശ്രദ്ധിച്ചു. അച്ഛന്‍റെ വിശകലനങ്ങള്‍ അമ്മയ്ക്കും സ്വീകാര്യമായെന്ന് തോന്നുന്നു

ഏതാനും നിമിഷത്തെ നിശ്ശബ്ദത

“ഞാനൊന്ന് കുളിച്ചിട്ട് വരാം “അച്ഛന്‍റെ സ്വരം

“ആട്ടെ. ഞാന്‍ അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കാം.” അമ്മയുടെ സ്നേഹശീതളമായ സ്വരം.

സുജാതയുടെ ചുണ്ടിലപ്പോള്‍ നനുത്തൊരു പുഞ്ചിരി വിരിഞ്ഞു.

അച്ഛനും അമ്മയും വീണ്ടും രഞ്ജിപ്പിലെത്തിയിരിക്കുന്നു.

അവരെപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും കാര്യത്തിന് കലമ്പല്‍ കൂട്ടിയാല്‍ തന്നെ നിമിഷങ്ങള്‍ക്കകം രണ്ടുപേരും കൂടുതല്‍ രമ്യതയിലാകും. മനപ്പൊരുത്തം എന്ന വാക്കിന് വിവാഹജീവിതത്തില്‍ എത്രയധികം പ്രസക്തിയുണ്ടെന്ന് അവളോര്‍ത്തുപോയി.

‘അന്തരീക്ഷം ശാന്ത’മായെന്ന് ഉറപ്പായപ്പോള്‍ സാധാരണത്വം അവലംബിച്ചുകൊണ്ട് സുജാത തളത്തിലേക്ക് ചെന്നു. നിവേദ്യപൊതി മേശപ്പുറത്തുവെച്ചുകൊണ്ട് അവള്‍ അറിയിച്ചു “ശശികൊച്ചച്ഛന്‍ ഏല്പിച്ചിരുന്ന ഗണപതിഹോമത്തിന്‍റെ പ്രസാദാ. എന്നെ കണ്ടപ്പോള്‍ തിരുമേനി ഒന്നിതങ്ങോട്ടെത്തിച്ചേക്കാന്‍ പറഞ്ഞ് എന്നെ ഏല്പിച്ചു. ”

“ഉം… ഉം… ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ നടത്തിയ വഴിപാടായിരിക്കും” കുസുമത്തിന്‍റെ സ്വരത്തില്‍ അമര്‍ഷം തുളുമ്പി.

“കുസുമം, എന്തിനാ വെറുതെ……..” സുധാകരന്‍റെ വാക്കുകള്‍ അര്‍ദ്ധോക്തിയില്‍ അവസാനിച്ചു. പിന്നെ വീണ്ടുവിചാരമുണ്ടായതു പോലെ അയാള്‍ തുടര്‍ന്നു. “കുളിയെല്ലാം കഴിഞ്ഞ് ഞാനൊന്നവിടെവരെ പോയിട്ട് വരാം. പ്രസാദം എല്പിക്കലുമായി, ഭാഗിയെ ഒന്ന് കാണൂം ചെയ്യാം.”

കുസുമത്തിന്‍റെ മുഖത്തപ്പോള്‍ നിസ്സംഗത മാത്രം.

“ഞാനീ വേഷമൊന്നു മാറിയിട്ട് വരാമ്മേ. എന്നിട്ട് ഞാനും സഹായിക്കാം.”

“നിനക്കിന്നു കമ്പ്യുട്ടര്‍ ക്ളാസ്സിനു പോവണ്ടേ? “

“ഇന്ന് അംബേദ്‌കര്‍ ജയന്തി ആയതുകൊണ്ട് ക്ലാസ്സില്ലമ്മേ. ”

കുസുമം എന്തോ പറയാനോങ്ങിയെങ്കിലും അടുത്ത നിമിഷം മൗനത്തിലേക്ക്‌ പിന്‍വാങ്ങി. തന്‍റെ മുഖത്ത് തിരിയുഴിയുന്ന അമ്മയുടെ കണ്ണുകളില്‍ നനവൂറിയിരുന്നോ? സുജാതക്ക് സംശയം തോന്നി.

ബെഡ്രൂമിലേക്ക് നടക്കുമ്പോള്‍ നനുത്തൊരു നൊമ്പരം അവളുടെ മനസ്സിനെയും കീഴ്പെടുത്തിയിരുന്നു. ഒരു കളിക്കൂട്ടുകാരി എന്ന നിലക്ക്‌ തന്നോടെപ്പോഴും സ്നേഹ വാത്സല്യങ്ങളോടെ മാത്രമേ മധുവേട്ടന്‍ പെരുമാറിയിട്ടുള്ളൂവെങ്കിലും തങ്ങളുടെ ബന്ധത്തിന് അതില്‍ കൂടുതല്‍ അര്‍ത്ഥതലങ്ങളൊന്നും അവകാശപ്പെടാനാ കില്ല. പക്ഷെ… ഭാഗിചിറ്റ എത്രയോ തവണ മധുവേട്ടന്‍ കേള്‍ക്കേ സ്വന്തം ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും മധുവേട്ടന്‍ മറ്റൊരു വിവാഹാലോചനക്ക് വഴിപ്പെട്ടത്‌, തന്നെ ജീവിതപങ്കാളിയാക്കാന്‍ താല്പര്യമില്ലാത്തതിനാലാണല്ലോ.

എന്നാല്‍ ഭാഗിചിറ്റയുടെ പരാമര്‍ശങ്ങള്‍ താനറിയാതെതന്നെ തന്‍റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ചിറ്റ എപ്പോഴും മാതൃസഹജമായ വാത്സല്യം പ്രകടിപ്പിക്കാറുമുണ്ട്. ചിറ്റ ചാരിതാര്‍ത്ഥ്യത്തോടെ നല്‍കിയ നിലവിളക്കുമായി മധുവേട്ടന്‍റെ വധുവായി വലത്തുകാല്‍ വെച്ച് ഭത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന ധന്യനിമിഷങ്ങള്‍ തന്‍റെ സങ്കല്പങ്ങളിലും ഇടം പിടിച്ചിരുന്നല്ലോ. ആ സൗഭാഗ്യം അന്യമാവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍…

സുധാകരന്‍റെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ട് സുജാത സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

“അച്ഛന്‍ പറഞ്ഞതിലും കാര്യമുണ്ട്. മനസ്സുകൊണ്ട് അന്യോന്യം പൊരുത്തപ്പെടാത്ത വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധതിന് സന്തുഷ്ടമായ ഒരു ഭാവി അവകാശപ്പെടാനാകില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് മധുവേട്ടന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തനിക്കതില്‍ യാതൊരു പരിഭവവുമില്ല.”

സുധാകരന്‍ മധുവിന്‍റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഭാഗീരഥി മാത്രമേ ഉണ്ടായിരുന്നുള്ളു.

പതിവുപോലെ സുധാകരനെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചിരുത്തിയ ശേഷം ഭാഗീരഥി ചോദിച്ചു “ഏട്ടന് കുടിക്കാന്‍ സംഭാരമെടുക്കട്ടെ.എന്ത് വെയിലാ പുറത്ത്.”

“ജീരകവെള്ളം മതി ഭാഗി. ഇതാ ഗണപതി ഹോമത്തിന്‍റെ പ്രസാദം. സുജാത തൊഴാന്‍ ചെന്നപ്പോള്‍ തിരുമേനി അവളെ ഏല്പിച്ചതാ.”

അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ്‌ ജീരകവെള്ളം കൊണ്ടുവന്ന് സുധാകരന് നല്‍കിയ ശേഷം ഭാഗീരഥി പറഞ്ഞു “ഇവിടത്തെ ചില വിശേഷങ്ങളൊക്കെ അറിയിക്കാന്‍ ഞാന്‍ ഏട്ടനേയും കാത്തിരിക്ക്യായിരുന്നു.”

“രാവിലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഇവിടെ അയല്‍പക്കത്തുള്ള ബാലനെ കണ്ടു. അയാള്‍ പറഞ്ഞ് ചിലതൊക്കെ അറിയൂം ചെയ്തു.”

“മധു വന്നൂന്നറിഞ്ഞ് അവനെ കാണാന്‍ ബാലനിവിടെ വന്നിരുന്നു. മധൂന്‍റെ പെട്ടെന്നുള്ള രണ്ടാം വരവിന്‍റെ കാരണം ചോദിച്ചപ്പോള്‍ മധൂന്‍റെ അച്ഛന്‍ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞിട്ടുണ്ടാവും. മധൂന് യോജിച്ച പെണ്‍കുട്ടിയെ തിരക്കി കണ്ടുപിടിക്കാന്‍ മധൂന്‍റെ അച്ഛന്‍ കമ്പ്യുട്ടറിന് മുന്നില്‍ തപസ്സു തുടങ്ങീട്ട് മാസങ്ങളായി.”

“സുജാതയുടെ കാര്യം ഞാന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും മധൂന്‍റെ വിദ്യാഭ്യാസ യോഗ്യതക്കും ഉദ്യോഗത്തിനും കിടപിടിക്കാവുന്നത്ര നിലവാരമുള്ള ഒരു പെണ്‍കുട്ടി തന്നെയാവണം അവന്‍റെ ഭാര്യയായി വരേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മധൂന്‍റെ അച്ഛന്‍.”

“അങ്ങനെയൊരു പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതത്രേ. പെണ്ണിന്‍റെ വീട്ടുകാരുമായി ഓണ്‍ലൈനില്‍ ജാതകം കൈമാറലും ഫോട്ടോ കൈമാറലും എല്ലാം എട്ടുപത്ത്‌ ദിവസംകൊണ്ട് നടന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടപ്പോള്‍ മധൂനും ഇഷ്ടമായി.”

“വിവാഹം കഴിയുന്നത്ര വേഗം നടത്തിയാല്‍ കൊള്ളാമെന്ന് പെണ്‍വീട്ടുകാര്‍ പറഞ്ഞതുകൊണ്ട് മധൂനെ ഞാന്‍ പോലുമറിയാതെ പെട്ടെന്ന് ഇങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. തിരുവനന്തപുരത്താണ് പെണ്‍കുട്ടിയുടെ വീട്. കുട്ടിയുടെ പേര് മേഘന. ജോലി ബാംഗ്ലൂരിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനീലാ.”

“പെണ്ണുകാണല്‍ ചടങ്ങ് ഇന്നുച്ചയ്ക്ക് നടത്താമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതുകൊണ്ട് ഇന്ന് അച്ഛനും മകനും കൂടി രാവിലെ ഇന്‍റര്‍സിറ്റിയില്‍ തിരുവനന്തപുരത്തേക്ക് പോയി. ചടങ്ങ് കഴിഞ്ഞ് വൈകുന്നേരത്തെ വഞ്ചിനാട് എക്സ്പ്രസ്സില്‍ മടങ്ങുമെന്നാണ് പറഞ്ഞത്.”

“അധികം ലീവില്ലാത്തതുകൊണ്ട് മധൂന് ബുധനാഴ്ച രാത്രിയിലെ ഫ്ളൈറ്റിന് തന്നെ യുകേലേക്ക് മടങ്ങൂം വേണം. എനിക്ക് ഇതിലൊന്നും തീരെ താല്പര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട്‌ മധൂന്‍റെ അച്ഛന്‍ മിനിഞ്ഞാന്നുവരെ ഈ സംഗതികളൊന്നും എന്നെ അറിയിച്ചിരുന്നില്ല. ഏട്ടനില്‍നിന്ന് ഞാനീ സംഭവങ്ങളെല്ലാം മനപ്പൂര്‍വം മറച്ചുവച്ചതാണെന്ന് കരുതരുതേ. എല്ലാം വളരെ പെട്ടെന്നായിപ്പോയി.”

“സാരമില്ല. മധൂന് ഈ ബന്ധം ഇഷ്ടപെട്ടുവെങ്കില്‍ അത് നടക്കട്ടെ.”

“എന്‍റെ പഴയൊരു വാക്ക് പാഴ്വക്കായി പോയല്ലോ, ഏട്ടനോടും കുസുമത്തിനോടും ഞാന്‍ ഇങ്ങനെയൊരു നെറികേട് ചെയ്തല്ലോ എന്നെല്ലാം ആലോചിക്കുമ്പോള്‍… മധുവും അവന്‍റെ അച്ഛന്‍റെ ആഗ്രഹത്തിന് വഴങ്ങിയപ്പോള്‍ എനിക്ക് വെറുമൊരു നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നു.”

ഭാഗീരഥിയുടെ കണ്ണുകള്‍ ഈറനാകുന്നത് ശ്രദ്ധിച്ചുകൊണ്ട് ആര്‍ദ്രതയോടെ സുധാകരന്‍ പറഞ്ഞു. “വിധിയെ തടുക്കാന്‍ ആര്‍ക്കാവും ഭാഗി, ഒന്നും സാരമില്ല. ഞങ്ങള്‍ക്കിതില്‍ ഒരു പരാതിയുമില്ല. നീയിനി അതോര്‍ത്ത് വിഷമിക്കൂം വേണ്ട.”

മേഘനയുടെ അച്ഛന്‍ മാധവ് മനോഹറും അമ്മ മാലിനി മാധവും മകളുടെ വരവും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കയാണ്‌. തിങ്കളാഴ്ച്ച രാവിലത്തെ ബാംഗ്ളൂര്‍ ഫ്ലൈറ്റിന്‍റെ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മേഘനയെ കാണാതായപ്പോള്‍ അവര്‍ പരിഭ്രാന്തരായി. എയര്‍പോര്‍ട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഫ്ലൈറ്റ് കൃത്യ സമയത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക്‌ ഒരു മണിക്കൂര്‍ ഡ്രൈവ് മതി. പക്ഷെ മേഘനയെവിടെ?

പെണ്ണുകാണല്‍ ചടങ്ങിന് ഏതാനും അടുത്ത ബന്ധുക്കളും എത്തിയിട്ടുള്ളതിനാല്‍ മാധവ് മനോഹറും മാലിനിയും ബെഡ്രൂമിന്‍റെ സ്വകാര്യതയിലേക്ക് മാറി നിന്നു കൊണ്ട് മേഘനയുടെ മൊബൈലില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ് എന്ന സന്ദേശമാണ് ലഭിച്ചത്.

“ശശിധരന്‍ നായരും മധുവും ഉച്ചക്ക് എത്തുമല്ലോ. നമ്മള്‍ അവരോട് എന്ത് സമാധാനം പറയും?” മാലിനിയുടെ സ്വരത്തില്‍ പരിഭ്രാന്തി കലര്‍ന്നിരുന്നു.

“അതാ ഞാനും ആലോചിക്കുന്നത്. ഈ വിവാഹാലോചനയുടെ എല്ലാ വിവരങ്ങളും വിശദമായി നമ്മളവളെ അറിയിച്ചിരുന്നതല്ലേ?. ഓണ്‍ലൈനില്‍ മധുന്‍റെ ഫോട്ടോയും അയച്ചുകൊടുത്തു. അതവള്‍ക്ക്‌ ഇഷ്ടപ്പെട്ടാല്‍ മധുവും അവളും തമ്മില്‍ കാണുന്ന ചടങ്ങാണ് അടുത്തതെന്ന് പറഞ്ഞപ്പോള്‍ ഈ ആലോചന അവള്‍ക്ക് ഇഷ്ടമായെന്നും ചടങ്ങ് എന്നാണെന്ന് അറിയിച്ചാല്‍ അന്ന് രാവിലത്തെ ഫ്ലൈറ്റിന് ഇങ്ങോട്ട് എത്തിക്കോളാമെന്നും അവള്‍ സമ്മതിക്കൂം ചെയ്തിരുന്നല്ലോ.”

“തിങ്കളാഴ്ചയാണ് പെണ്ണുകാണല്‍ ചടങ്ങെന്ന് പറയാന്‍ ഞാന്‍ വ്യാഴാഴ്ച വിളിച്ചപ്പോള്‍ അവള്‍ പൂനയിലായിരുന്നു. ഇന്നലെ, അതായത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബാംഗ്ലൂരിലേക്ക് പുറപ്പെടുമെന്നും ഇന്ന് രാവിലത്തെ ഫ്ളൈറ്റിന് ഇവിടെ എത്തിക്കോളാമെന്നും അവള്‍ ഉറപ്പ് തന്നതാണ്. ഒരു മീറ്റിങ്ങിലായതുകൊണ്ട് അവള്‍ പെട്ടെന്ന് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യൂം ചെയ്തു. നമ്മുടെ ഭാഗത്തു നിന്നും ഒരു ഉപേക്ഷയും ഉണ്ടായിട്ടില്ല എന്ന് തീര്‍ത്തു പറയാം. എന്നിട്ടും അവള്‍ എന്താണിങ്ങോട്ടെത്താഞ്ഞത് എന്നറിയില്ല. അവളെ വിളിച്ചിട്ട് കിട്ടുന്നുമില്ലല്ലോ.”

“അവള്‍ പൂനേന്ന് ഇന്നലെയേ ബാംഗ്ലൂരില്‍ എത്തുകയുള്ളു എന്നല്ലേ പറഞ്ഞത്?. അവളീ ചടങ്ങിന്‍റെ കാര്യം ജോലിത്തിരക്കിനിടയില്‍ വിട്ടുപോയതാണോ എന്നാണെന്‍റെ സംശയം. ഈയിടെയായി നമ്മളോട് തികച്ച് നാലുവാക്ക്‌ സംസാരിക്കാന്‍ പോലും അവള്‍ക്ക് സമയമില്ലല്ലോ.. എപ്പോഴും ടൂറും മീറ്റിങ്ങും ഒക്കെയായി തിരക്കോട് തിരക്കല്ലേ?. ശശിധരന്‍ നായരോട് നമ്മളെന്ത് സമാധാനം പറയും? മധു അവളെ പെണ്ണുകാണാന്‍ മാത്രമായി യൂകേന്ന് ഇവിടെവരെ വന്നതല്ലേ?”

“ഇനിയിപ്പോള്‍ ഒന്നേ ചെയ്യാനുള്ളു. അവളെത്താതിരുന്നതിന് വിശ്വസനീയമായൊരു കാരണം കണ്ടുപിടിക്കണം. ചടങ്ങ് മുടങ്ങിയത് മേഘനയുടെ അനാസ്ഥകൊണ്ടാണെന്ന് മധുവിന് സംശയം തോന്നിയാല്‍ ഈ വിവാഹാലോചനയും അലസി പിരിഞ്ഞേക്കാം.” മാധവ് മനോഹര്‍ അത്മഗതമെന്നപോലെ പറഞ്ഞു

“വയസ്സ് ഇരുപത്തെട്ട് കഴിഞ്ഞില്ലേ അവള്‍ക്ക്. പയ്യന്‍ ഉയര്‍ന്ന ബിരുദവും ഉദ്ദ്യോഗവും ഉള്ള ആളാവണം. കാണാന്‍ സുന്ദരനായിരിക്കണം. നല്ല ഉയരവും അതിനൊത്ത വണ്ണവും വേണം. അവള്‍ക്കങ്ങനെ കുറേ കണ്ടീഷന്‍സും ഉണ്ടല്ലോ. എത്ര കേസ് നോക്കീട്ട് ഒത്തുവന്നതാണീ ആലോചന. ഇതും നടക്കാതെ പോയാല്‍….”

“അതൊന്നും ആലോചിച്ച് വിഷമിക്കാനുള്ള സമയമല്ലിപ്പോള്‍. എത്രയും വേഗം ഈ ഊരാക്കുടുക്കീന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തിയേ മതിയാകൂ.”

ഏതാനും നിമിഷങ്ങള്‍ ചിന്താമൂകനായി ഇരുന്നശേഷം മാധവ് മനോഹര്‍ പറഞ്ഞു. ”ട്രാഫിക് ബ്ളോക്ക് കാരണം അവള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയത്തിന് എത്താന്‍ കഴിഞ്ഞില്ലെന്ന് അവളിങ്ങോട്ട് അറിയിച്ചെന്ന് പറയാം. ഇങ്ങോട്ടുള്ള മറ്റ് ഫ്ളൈറ്റുകളിലൊന്നും ടിക്കെറ്റ് കിട്ടിയില്ലെന്നും പറയാം.”

“അതൊരു നല്ല ഉപായമാണ്. ബാംഗ്ലൂരില്‍ ട്രാഫിക് ബ്ളോക്ക് സാധാരണമാണല്ലോ. എല്ലാരുമത് വിശ്വസിക്കും. മേഘന നിരപരാധി ആണെന്ന് മധൂന് തോന്നൂം ചെയ്യും. ഈ ചടങ്ങ് ഇനി എന്ന് നടത്താമെന്നും ആലോചിക്കണ്ടേ.?” മാലിനി ചോദിച്ചു

“അത് മേഘനയോടും മധൂനോടും ആലോചിച്ചിട്ട് വേണമല്ലോ. മധൂന് എന്നാണിനി ലീവ് കിട്ടുക എന്നാര്‍ക്കറിയാം.”

“കഷ്ടമായിപ്പോയി. മേഘനയെ ഒരിക്കല്‍കൂടി വിളിച്ചുനോക്കൂ. എന്താണവള്‍ ഇങ്ങോട്ട് വരാഞ്ഞതെന്ന് അറിയാമല്ലോ. അവള്‍ക്ക് അസുഖമെന്തെങ്കിലും ഉണ്ടോ എന്തോ”

“വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. തല്ക്കാലം നമുക്കീ നാണക്കേടീന്ന് തലയൂരാന്‍ നോക്കാം. ട്രാഫിക് ബ്ളോക്കില്‍ പെട്ടുപോയതിനാല്‍ അവള്‍ക്ക് സമയത്തിന് എയര്‍ പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന വിവരം എല്ലാ ബന്ധുക്കളോടും പറയാം. ശശിധരന്‍ നായരും മധുവും വരുമ്പോഴേക്കും ഈ വാര്‍ത്തയുടെ ചൂടൊന്ന് ആറൂം ചെയ്യും” മാധവ് മനോഹര്‍ നയം വ്യക്തമാക്കി.

ശശിധരന്‍ നായരും മധുമോഹനും കൃത്യസമയത്തുതന്നെ മേഘനയുടെ വീട്ടിലെത്തി.  അവളുടെ മാതാപിതാക്കളും ബന്ധുക്കളും വളരെ ആതിഥ്യമര്യാദയോടുകൂടി അവരെ സ്വാഗതം ചെയ്യുകയും സല്ക്കരിക്കുകയും ചെയ്തെങ്കിലും മേഘനയുടെ അസാന്നിദ്ധ്യം അവരെ നിരാശപ്പെടുത്തുകതന്നെ ചെയ്തു.

മേഘനയുടെ ഒരു ഫോട്ടോ മധുവിന് സമ്മാനിച്ചുകൊണ്ട് അവളെത്താതിരുന്നതിന്‍റെ കാരണമായി “ട്രാഫിക് ബ്ളോക്കിന്‍റെ കഥ” വളരെ തന്മയത്വത്തോടെ മാധവ് മനോഹര്‍ വിശദീകരിച്ചു. ഉച്ചക്ക് ഗംഭീര സദ്യയൂണും കഴിഞ്ഞ് മടങ്ങുമ്പോള്‍ മേഘനയുടെ ബന്ധുക്കളുടെ ആഭിജാത്യവും, കുലീനതയോടെയുള്ള പെരുമാറ്റവും മറ്റും ശശിധരന്‍ നായര്‍ക്കും മധുവിനും വളരെ ഹൃദ്യമായി തോന്നി. മേഘനയെ മധു ഒന്ന് നേരില്‍ കാണുക കൂടി ചെയ്‌താല്‍ വിവാഹം ഉറപ്പിക്കാമെന്ന അഭിപ്രായമായിരുന്നു ശശിധരന്‍ നായര്‍ക്ക്‌.

തിരുവനന്തപുരത്ത് വണ്ടിയിറങ്ങിയശേഷം മേഘനയുടെ വീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഡ്രസ്സ്‌ മാറാനും മറ്റും എടുത്ത ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ശശിധരന്‍ നായര്‍ തന്‍റെ ആഗ്രഹം മധുവിനോട് സൂചിപ്പിക്കുകയും ചെയ്തു.

“എന്തുകൊണ്ടും നിനക്ക് ചേരുന്ന ബന്ധമാണന്നാണ് എനിക്ക് തോന്നുന്നത്. മേഘനയുംകൂടി എത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായേനെ. ഇനിയിപ്പോള്‍ നിങ്ങള്‍ തമ്മിലൊന്ന് കാണാന്‍…അധി കം വൈകാതെ നിനക്ക് ഒരിക്കല്‍ക്കൂടി നാട്ടിലേക്ക് വരാന്‍ കഴിയോ?”

“ഉള്ള ലീവെല്ലാം തീര്‍ത്തും എടുത്തിട്ടാണ് ഞാന്‍ രണ്ട് മാസം മുന്‍പ് നാട്ടിലേക്ക് വന്നത്. ഒഴിച്ചുകൂടാനാകാത്ത ഒരത്യാവശ്യമുണ്ടെന്ന്‍ എഴുതിക്കൊടുത്തിട്ടാണ് ഇപ്രാവശ്യം ലീവ് സാങ്ഷനായത്. ഓഫീസില്‍ നല്ല തിരക്കുള്ള സമയമാണ്. ബുധനാഴ്ചത്തെ ഫ്ളൈറ്റിന് തന്നെ എനിക്ക് മടങ്ങൂം വേണം.”

“അപ്പോള്‍ പിന്നെ ഈ ചടങ്ങിന് നിന്‍റെ അടുത്ത വരവ് കാത്തിരിക്കുകയേ നിവൃത്തിയുള്ളു എന്നര്‍ത്ഥം അല്ലേ?” ശശിധരന്‍ നായരുടെ സ്വരത്തില്‍ നിരാശ നിഴലിച്ചു.

“ഞാനല്പം കിടക്കട്ടെ. നമുക്കെപ്പോഴാണ് സ്റ്റേഷനില്‍ എത്തേണ്ടത്?”

ട്രേയിനിന്‍റെ സമയം ഉറപ്പുവരുത്താന്‍ പേഴ്സില്‍നിന്ന് ടിക്കെറ്റ് പുറത്തെടുത്ത് നോക്കുന്നതിനിടയില്‍ അതില്‍ നിന്ന് മേഘനയുടെ ഫോട്ടോ നിലത്തേക്ക് വീണു. അതെടുത്ത് വീണ്ടും ഭദ്രമായി പേഴ്സിനകത്തേക്ക് വെക്കുന്നതിനിടയില്‍ മധുവിന്‍റെ കണ്ണുകള്‍ അവളുടെ മുഖശോഭയില്‍ ഒരുനിമിഷം ഉടക്കിനിന്നു. ആ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം, അവളുടെ ജീവിതത്തിലേക്ക് തന്നെ മാടി വിളിക്കുകയാണ്‌

സ്റ്റേഷനിലെത്തേണ്ട സമയം ശശിധരന്‍ നായരെ അറിയിച്ചശേഷം എന്തെല്ലാമോ തീരുമാനിച്ചുറച്ചതു പോലെ മധു സന്തതസഹചാരിയായ ലാപ്ടോപ് തുറന്നു.

(തുടരും)

അമ്മ അമ്മാവിയമ്മ

ദുബായിൽ നിന്നും പതിവു പോലെ ദീപിക അവളുടെ പപ്പയേയും മമ്മിയേയും വിളിച്ചു. ഇത്തവണ അവളുടെ സംസാരത്തിലാകെ നിറഞ്ഞ സന്തോഷവും ഉത്സാഹവും തുളുമ്പി നിന്നു.

“പപ്പാ… മമ്മി ഞാനുടൻ തന്നെ ആര്യനെ പരിചയപ്പെടുത്തി തരാം. വളരെ നല്ലവനാണ്. എന്‍റെ കൂടെ എംബിഎ ചെയ്‌ത് വരികയാ. ഞങ്ങൾ രണ്ടുപേരും നാട്ടിൽ വന്ന ശേഷം മുന്നോട്ട് ഉള്ള പ്ലാനിംഗ് ചെയ്യാമെന്നാ തീരുമാനിച്ചിരിക്കുകയാ.”

ദീപികയുടെ പപ്പ വികാസ്ജിയ്ക്ക് അത് കേട്ട് സന്തോഷം തോന്നി. “ആണോ മോളെ… എങ്കിൽ വേഗം വാ. ആര്യന്‍റെ നാടെവിടെയാ?”

“ലഖ്നൗ ആണ് പപ്പാ.”

“ങ്ഹാ കൊള്ളാം. എന്തായാലും ഇന്ത്യക്കാരനെ തന്നെയാണല്ലോ നീ നിനക്കു വേണ്ടി കണ്ടുപിടിച്ചത്, നീ വല്ല വിദേശിയേയും ഇഷ്ടപ്പെടുമോ എന്നായിരുന്നു നിന്‍റെ മമ്മിയുടെ ചിന്ത.”

പപ്പയുടെ ആവേശം നിറഞ്ഞ മറുപടി കേട്ട് ദീപിക പൊട്ടിച്ചിരിച്ചു. “മമ്മി ഇതുവരെ വിചാരിച്ചതൊക്കെ സത്യമായിട്ടുണ്ടോ പപ്പാ? ഫോൺ സ്പീക്കർ മോഡിലാണല്ലോ. എന്താ മമ്മിയൊന്നും സംസാരിക്കാത്തത്?”

“മമ്മി, ആര്യനെക്കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയായിരിക്കും.”

ഈ സമയം ദീപികയുടെ അമ്മ രാധയ്ക്കാകട്ടെ ഒന്നും സംസാരിക്കാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല. അതുകൊണ്ട് രാധ മനഃപൂർവ്വം നിശബ്ദത പാലിച്ചു. ഫോൺ സംഭാഷണം കഴിഞ്ഞ് വികാസ് ചിരിയോടെ രാധയുടെ മുഖത്തേക്ക് നോക്കി.

“എനിക്കറിയാമായിരുന്നു അവളവിടെ പഠിക്കാനൊന്നുമല്ല പോയത്. പ്രേമിച്ച് നടക്കാനാ…” രാധ വികാസിനോട് ദേഷ്യത്തോടെ പറഞ്ഞു.

“എന്താ നീ പറയുന്നത്. അവൾക്ക് അടുത്ത് തന്നെ ജോലി കിട്ടും. അവൾക്കിഷ്ടപ്പെട്ട ചെറുക്കനെ കണ്ടുപിടിച്ചതിലെന്താ തെറ്റ്? ദീപിക കാര്യഗൗരവമുള്ള കുട്ടിയാ. അവൾ ശരിയായ തീരുമാനമെ എടുക്കൂ.”

“ങ്ഹാ അതപ്പോ മനസിലാവും. അവൾക്ക് ആരുമായും ഒത്തുപോകാനാവില്ല. നയാ പൈസയുടെ ബുദ്ധിയോ മര്യാദയോ അവൾക്കില്ല. അവൾക്കു വേണ്ടി എടുത്ത എജ്യുക്കേഷൻ ലോൺ ഒരു വഴിയ്ക്ക്. കല്യാണം കഴിഞ്ഞ് അവള് പോയാൽ പിന്നെയാരത് അടയ്ക്കും? എനിക്കറിയാമായിരുന്നു ഈ പെണ്ണ് ആർക്കും ഒരു സ്വസ്ഥതയും കൊടുക്കത്തില്ലെന്ന്.” രാധ ദീപികയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

രാധയുടെ കുറ്റപ്പെടുത്തലുകളും ശകാരവാക്കുകളും കേട്ട് വികാസിന് അവരോട് ദേഷ്യം തോന്നി.

“നിനക്കെല്ലാം കാര്യങ്ങളും അറിയാമല്ലോ. അയലത്തെ പെണ്ണുങ്ങൾ പറയുന്ന കാര്യങ്ങളല്ലാതെ അതിനപ്പുറത്തായി ലോകത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി നിനക്ക് വല്ല വിവരമുണ്ടോ?”

എല്ലായ്പ്പോഴും സംഭവിക്കുന്ന പോലെ ഇരുവരുടേയും ദേഷ്യം നിർത്തില്ലാതെ തുടർന്നു. മകളുടെ വിവാഹത്തെക്കുറിച്ച് എന്തെങ്കിലും നല്ല കാര്യങ്ങൾ ആലോചിക്കണമെന്ന ആഗ്രഹത്തിലായിരുന്നു വികാസ്. ദീപികയുടെ അമ്മയും അതേപ്പറ്റി സംസാരിച്ച് കാണാൻ അയാൾ ഏറെ ആഗ്രഹിച്ചിരുന്നു. ഒടുവിൽ സഹിക്കെട്ട് വികാസ് പുറത്തു പോകാനായി ഷൂസെടുത്ത് അണിഞ്ഞു.

“ഞാൻ പുറത്ത് പോകുവാ. നീയിവിടെ ഒറ്റയ്ക്കിരുന്ന് സംസാരിച്ചോ.”

ഇതാദ്യമായിട്ടൊന്നുമല്ല നടക്കുന്നത്. എപ്പോഴും സങ്കടപ്പെട്ടിരുന്ന് ആവലാതികൾ പറയുന്ന രാധയുടെ സ്‌ഥിരം പല്ലവിയായിരുന്നു. “ഇപ്പോ കാണാം എന്താകുമെന്ന്.”

മൂത്തമകൾ പ്രിയ സ്വന്തം കുടുംബവുമൊത്ത് കാനഡയിലാണ് സ്‌ഥിര താമസമാക്കിയത്. ദീപികയാകട്ടെ തൽക്കാലം ദുബായിലുമായിരുന്നു വാസം.

ഏത് കാര്യത്തിലും മോശം സംഭവിച്ചാൽ അത് അങ്ങനെ തന്നെ സംഭവിക്കുമെന്ന് തനിക്ക് നേരത്തെ നിശ്ചയമുണ്ടായിരുന്നുവെന്ന അഭിപ്രായക്കാരിയായിരുന്നു രാധ. അത് രാഷ്ട്രീയത്തെക്കുറിച്ചായാലും മറ്റെന്ത് കാര്യത്തെക്കുറിച്ചായാലും അവർ ഇതേ അഭിപ്രായം ആവർത്തിക്കുമായിരുന്നു. ഇപ്പോൾ നടക്കുന്ന കർഷക സമരം മുൻക്കൂട്ടി കണ്ടയാളാണ് താനെന്ന് രാധ അയൽക്കാരിയോട് പറയുന്നത് വികാസ് ഒരിക്കൽ കേട്ടിരുന്നു. അന്ന് അത് കേട്ട് വികാസ് ഒരുപാട് ചിരിക്കുകയും ചെയ്‌തിരുന്നു.

അന്നത് കേട്ടപ്പോൾ വികാസ് രാധയെ പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു.

“ഇതെന്ത് സംസാരമാ രാധേ… കർഷക സമരം ഉണ്ടായത്. നീ മുൻക്കൂട്ടി കണ്ടിട്ടാണോ? അൽപ്പമൊന്ന് ആലോചിച്ച് സംസാരിക്ക്. ആൾക്കാരെ കൊണ്ട് ചിരിപ്പിക്കാതെ.”

“എനിക്കറിയാമായിരുന്നു.”

ഇത് മാത്രമല്ല രാധയുടെ സംസാരം കൊണ്ട് പലപ്പോഴും സഹപ്രവർത്തകർക്ക് മുന്നിൽ വികാസിന് നാണിക്കേണ്ടിയും വന്നിട്ടുണ്ട്. മക്കളാകട്ടെ അമ്മയുടെ വിചിത്രമായ ഈ സ്വഭാവം കാരണം സ്വന്തം കൂട്ടുകാരെ വീട്ടിൽ കൊണ്ടു വരികപ്പോലും ചെയ്യുമായിരുന്നില്ല. മുംബൈയിലുള്ള സ്വകാര്യ സ്‌ഥാപനത്തിലാണ് വികാസ് ജോലി ചെയ്‌തിരുന്നത്. നല്ല സാമ്പത്തിക സ്‌ഥിയാണെങ്കിലും രാധ വളരെ പിശുക്കിയായിരുന്നു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നിലും അവർ താൽപ്പര്യം പുലർത്തിയിരുന്നില്ല. ആർക്കും ഒരു നയാ പൈസയുടെ സഹായം നൽകുന്നതുപ്പോലും അവർക്കിഷ്ടമായിരുന്നില്ല. അവരുടെ മൊത്തത്തിലുള്ള പെരുമാറ്റത്തിൽ വീട്ടിലെപ്പോഴും അശാന്തമായ സാഹചര്യമായിരുന്നു.

ദീപികയുടെ ഫോൺ വന്നതിന്‍റെ പിറ്റേ ദിവസം തന്നെ രാധ മകളെ ഫോണിൽ വിളിച്ച് കാര്യം നേരിട്ട് ചോദിച്ചു. “ഇപ്പോ കല്യാണം കഴിച്ചാൽ ലോണിന്‍റെ കാര്യം പിന്നെയാര് നോക്കും?”

“ഞാൻ തിരിച്ചവിടെ എത്തി ജോലി ചെയ്യുമല്ലോ മമ്മി. ഞാൻ തന്നെ ലോൺ അടയ്ക്കും. ഇപ്പോ ഞങ്ങൾ നേരിട്ട് മുംബൈയിൽ വരികയാ. ഞാൻ നിങ്ങള്‍ക്ക് ആര്യനെ പരിചയപ്പെടുത്തി തരാം.”

ദീപികയുടെ മറുപടി കേട്ടിട്ട് രാധയ്ക്ക് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. അത് തിരിച്ചറിഞ്ഞിട്ടാവണം ദീപിക നിരാശയോടെ ഫോൺ കട്ട് ചെയ്തു. ദീപികയേയും ആര്യനേയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ വികാസ് മാത്രമാണ് പോയത്. അദ്ദേഹം ഓഫീസിൽ നിന്നും നേരിട്ട് എയർപ്പോർട്ടിലെത്തുകയായിരുന്നു. രാത്രി എയർപ്പോർട്ടിൽ നിന്നും വളരെ വൈകിയെത്തിയ എല്ലാവർക്കുമായി രാധ ഡിന്നർ തയ്യാറാക്കി വച്ചിരുന്നു.

ഒറ്റനോട്ടത്തിൽ തന്നെ രാധയ്ക്ക് ആര്യനെ ഇഷ്ടമായെങ്കിലും മകളോട് അവർക്ക് ഉള്ളിന്‍റെയുള്ളിൽ ദേഷ്യമായിരുന്നു. പഠിക്കാനായി വിദേശത്തയച്ചിട്ട് ഇഷ്ടപ്പെട്ട ചെറുക്കനേയും കൊണ്ട് വീട്ടിലെത്തിയെന്നായിരുന്നു അവരുടെ ദേഷ്യത്തിന് കാരണം. ആര്യനെ ഇപ്പോഴെ മരുമകനായി കണ്ട് സ്നേഹ വാത്സല്യങ്ങൾ വാരിച്ചൊരിയുന്ന വികാസിനോടും അവർക്ക് കടുത്ത ദേഷ്യം തോന്നി. ആര്യന്‍റെ പിതാവിന് ലഖ്നൗവിൽ എന്തോ വലിയ ബിസിനസാണെന്നും വലിയ ധനികരാണെന്നും വളരെ ആധുനിക ചിന്താഗതിക്കാര്‍ ആണെന്നുമൊക്കെ ദീപിക നേരത്തെ തന്നെ ഫോണിൽ വിളിച്ച് പപ്പയേയും മമ്മിയേയും അറിയിച്ചിരുന്നു.

ആര്യന് ഇളയതായി രണ്ട് സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. ആര്യനായിരുന്നു മൂത്തമകൻ. ഏറ്റവും ഇളയ സഹോദരൻ അഭയ് പഠിച്ചു കൊണ്ടിരിക്കുകയാണ്.

ആര്യന്‍റെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ ഒരു കുറവു പോലും കണ്ടുപിടിക്കാൻ ഇല്ലാതിരുന്നിട്ടും മകൾ സ്വന്തം ഇഷ്ടത്തിന് ജീവിതപങ്കാളിയെ തെരഞ്ഞെടുത്തത് അവർക്ക് വലിയ അപരാധമായാണ് തോന്നിയത്. വികാസിനാകട്ടെ ആര്യനെ ഒരുപാടിഷ്ടമായി. ആര്യനാണെങ്കിൽ ആ കുടുംബത്തിലെ അംഗമായി കഴിഞ്ഞതു പോലെയാണ് ഇടപഴകിയത്.

ഡിന്നർ കഴിച്ചു കൊണ്ടിരിക്കെ ദീപിക പറഞ്ഞു.“ മമ്മി ഞങ്ങൾ രണ്ടുപേരും നാളെ തന്നെ ഡൽഹിയ്ക്ക് പോവുകയാ. അവിടെ ആര്യന്‍റെ പപ്പയും മമ്മിയും ഞങ്ങളെ റിസീവ് ചെയ്യാൻ എയർപ്പോർട്ടിലെത്തും. എനിക്കും അവരെ പരിചയപ്പെടേണ്ടതുണ്ടല്ലോ. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരാം.”

“നീ ഞങ്ങളോട് ചോദിക്കാതെ തന്നെ കാര്യങ്ങൾ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. കുറച്ച് കഴിയുമ്പോ എല്ലാം മനസിലാവും.” രാധ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു.

രാധയുടെ പെരുമാറ്റം കണ്ട് വികാസിന് സങ്കോചം തോന്നിയെങ്കിലും അത് മറച്ചു കൊണ്ട് വികാസ് പുഞ്ചിരിയോടെ പറഞ്ഞു.

“അത് നല്ല കാര്യമാ. നിനക്ക് മോളെപ്പറ്റി അറിയാമെന്നത്. എല്ലാം മുൻക്കൂട്ടി ഊഹിക്കും, കൊള്ളാം.”

ദീപികയും മമ്മി പറഞ്ഞ മറുപടിയെ അത്ര ഗൗനിച്ചില്ല. അവളുടെ മനസ്സു മുഴുവനും പ്രണയ സ്വപ്നങ്ങളിൽ വിരാജിക്കുകയായിരുന്നു. സംസാരത്തിനിടെ അവർ പരസ്പരം പ്രണയപുരസ്സരം നോക്കുകയും ചിരിക്കുകയും ചെയ്യുന്നത് വികാസ് ആസ്വദിക്കുകയായിരുന്നു.

രാത്രിയിൽ ഒറ്റയ്ക്കായപ്പോൾ രാധ എന്തൊക്കെയോ നീരസത്തോടെ പിറുപിറുത്തു കൊണ്ടിരുന്നു. അത് കേട്ട് വികാസ് ദേഷ്യത്തോടെ പറഞ്ഞു, “നീ എന്തെങ്കിലും കാര്യത്തിൽ ഒന്ന് സന്തോഷിക്കാൻ പഠിക്ക് രാധേ. അവൻ വളരെ നല്ല ചെറുക്കനാണ്. അവൾ നല്ലൊരാളെ തന്നെയാ കണ്ടെത്തിയത്. അവനെപ്പറ്റി എല്ലാം മനസിലാക്കിയിട്ടാണ് ഇവിടെ കൊണ്ടു വന്ന് നമ്മളെ പരിചയപ്പെടുത്തിയത്.”

“നിങ്ങള് കണ്ടോ, കല്യാണം കഴിഞ്ഞ് അവൾ പശ്ചാത്തപിക്കും. അവൾക്ക് ആരുമായും ഒത്തു പോകാനാവില്ല. ഒന്നുമറിയില്ല. ഇങ്ങനെ കറങ്ങി നടക്കാനും വിശ്രമിക്കാനും മാത്രമേ അറിയത്തുള്ളൂ.” വികാസിന് അതോടെ ഒന്നു കൂടി ദേഷ്യം വന്നു.

“എന്തൊരു അമ്മയാണ് സ്വന്തം മകൾക്ക് ദോഷം വരുന്നതിനെപ്പറ്റിയാ ആലോചിക്കുന്നതല്ലേ.”

ദീപികയ്ക്ക് അമ്മയുടെ മാനസികാവസ്‌ഥയെപ്പറ്റി നന്നായി അറിയാമായിരുന്നു. അതിൽ അവളേറെ സങ്കടപ്പെട്ടെങ്കിലും ആര്യനെ അവൾ അഗാധമായി സ്നേഹിച്ചിരുന്നു.

പിറ്റേ ദിവസം ആര്യനും ദീപികയും ഡൽഹിയിലേക്ക് പുറപ്പെട്ടു. അതിനടുത്ത ദിവസം പ്രിയയുടെ ഫോൺ വന്നു. ദീപികയുടെ കാര്യത്തിൽ വലിയ സന്തോഷത്തിലായിരുന്നു അവൾ.

“ആര്യൻ നല്ല കുടുംബത്തിലെയാ. ദീപിക ഒരുപാട് അന്വേഷിച്ച ശേഷമാ ആര്യനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് തന്നെ. അത്രയും നല്ലൊരു ചെറുപ്പക്കാരനെ കണ്ടെത്താൻ നമുക്കുപോലും ആവില്ല.” രാധ കടുത്ത നിരാശയോടെ മറുപടി പറഞ്ഞു. “എനിക്കറിയാമായിരുന്നു നീയും അവളുടെ സൈഡ് പറയുമെന്ന്.”

“ഛെ, മമ്മിയ്ക്ക് എല്ലാ കാര്യവും അറിയാമല്ലോ. എന്തൊരു കഷ്ടമാ ഇത്. ഒരു കാര്യവും സമാധാനത്തോടെ സംസാരിക്കില്ല.”

തുടർന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം പ്രിയ ഫോൺ കട്ട് ചെയ്‌തു. ഡൽഹിയിൽ നിന്നും ദീപിക ആര്യന്‍റെ മാതാപിതാക്കളായ അനിലിനേയും മധുമിതയേയും തന്‍റെ മാതാപിതാക്കളെ ഫോണിലൂടെ പരിചയപ്പെടുത്തി. ഇരു മാതാപിതാക്കളും ഫോണിൽ ഏറെ നേരം സംസാരിക്കുകയും ചെയ്‌തു.

അനിലിന്‍റെയും മധുമിതയുടെയും പെരുമാറ്റവും സംസാരവും വികാസിന് ഏറെ ഇഷ്‌ടമായി. ഇരുവർക്കും തന്‍റെ മകളെ ഏറെ ഇഷ്‌ടപ്പെട്ടുവെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കാനും കഴിഞ്ഞു. അവർക്ക് എത്രയും പെട്ടെന്ന് ദീപികയെ മരുമകളാക്കണമെന്നായിരുന്നു ആഗ്രഹം. വികാസിനും അത് തന്നെയായിരുന്നു താൽപ്പര്യം. അദ്ദേഹം അവരെ ഇരുവരേയും മുംബൈയിലേക്ക് ക്ഷണിച്ചു. അനിലും കുടുംബവും വികാസിനേയും കുടുംബത്തേയും ഡൽഹിയിലേക്ക് ക്ഷണിച്ചു.

ഇരു കുടുംബങ്ങളും വിവാഹത്തെ സംബന്ധിച്ച് ചില തീരുമാനങ്ങളെടുത്തു. ദീപിക രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുംബൈയിൽ മടങ്ങിയെത്തി. അവൾ തന്‍റെ ബാഗ് തുറന്ന് ആര്യന്‍റെ കുടുംബം നൽകിയ സമ്മാനങ്ങൾ കാട്ടി, “മമ്മി, പപ്പ ഇത് കണ്ടോ. എത്ര ഗിഫ്റ്റാ എനിക്ക് അവർ തന്നതെന്ന്. പപ്പ ഭയങ്കര സന്തോഷം തോന്നുന്നു.”

രാധാ സമ്മാനപ്പൊതികളഴിച്ച് ഓരോന്നും എടുത്ത് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. അതിനുശേഷം അവർ എന്തോ ജോലി ചെയ്യുന്നതിൽ മുഴുകി.

പത്ത് ദിവസത്തിനു ശേഷം ദീപിക ദുബായിലേക്ക് മടങ്ങി. അവളുടെ കോഴ്സ് പൂർത്തിയായി കഴിഞ്ഞിരുന്നു. പുതിയൊരു ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. ആര്യനാകട്ടെ, പാനിപ്പട്ടിൽ തന്‍റെ ഫാമിലി ബിസിനസ് കാര്യങ്ങളുമായി മുന്നോട്ട് പോയി. ഇതിനിടെ അനിലും മധുമിതയും മുംബൈയിൽ ദീപികയുടെ മാതാപിതാക്കളെ സന്ദർശിക്കാനെത്തി.

സദാ സമയവും സന്തോഷചിത്തരായി കാണപ്പെട്ട അനിൽ-മധുമിത ദമ്പതികളെ കണ്ട് രാധ ആകെ അമ്പരന്നു പോയി. അവരുടെ ഹൃദ്യമായ പെരുമാറ്റവും ലാളിത്യവും വികാസിന് നന്നേ ഇഷ്ടമായി. കൂടാതെ അവർ വികാസിനും രാധയ്ക്കും നൽകാനായും കുറച്ച് ഉപഹാരങ്ങളും കൊണ്ടു വന്നിരുന്നു. രാധ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അവർ അതിന്‍റെ രുചിയെപ്പറ്റി വാനോളം പുകഴ്ത്തി.

“പക്ഷെ ദീപികയ്ക്ക് ഒന്നും ഉണ്ടാക്കാനറിയില്ല. അക്കാര്യം ഇപ്പോഴെ പറയുകയാ. ഞങ്ങൾ ഇക്കാര്യം നേരത്തെ പറഞ്ഞില്ലല്ലോയെന്ന് നിങ്ങൾ പറയരുത്.” രാധ പറഞ്ഞു.

രാധ പറഞ്ഞത് കേട്ട് മധുമിത പൊട്ടിച്ചിരിച്ചു. “അവൾ നല്ല കുട്ടിയാ. കുക്കിംഗ് അറിയില്ലെന്ന കാര്യം അവളെനോട് പറഞ്ഞിരുന്നു. വീട്ടിൽ കുക്കിംഗ് ചെയ്യാനല്ലല്ലോ ഞങ്ങൾ അവളെ കൊണ്ടു പോകുന്നത്. വീട്ടിൽ 2 കുക്ക് ഉണ്ട്. അടുക്കളയിലെ കാര്യങ്ങളിൽ ഞാൻ പോലും ഇടപ്പെടാറില്ല. മാത്രവുമല്ല ഇപ്പോഴത്തെ കുട്ടികൾ സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. അവര്‍ ഹാർഡ് വർക്ക് ചെയ്യുന്നവരാണ്. ആവശ്യം വരികയാണെങ്കിൽ അവരെല്ലാം ചെയ്‌തെന്നും വരും. രാധ നിശബ്ദയായി ഇരുന്നു.

അനിലും മധുമിതയും നല്ലൊരു സമയം ദീപികയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങി പോയത്. ദീപികയുടെ വീട്ടിൽ നിന്നും സമ്മാനങ്ങൾ നൽകിയാണ് അവരെ യാത്രയാക്കിയത്. അടുത്താഴ്ചയാണ് വികാസും രാധയും ഡൽഹിയിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിൽ പോകുന്നതിന് ദീപികയേയും കൂടെ കൂട്ടാമെന്ന് വികാസ് പറഞ്ഞ് കേട്ട് രാധയ്ക്ക് ദേഷ്യം വന്നു.

“ഇനിയൊരു പാഴ്ച്ചെലവോ? ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ.”

രാധ പറഞ്ഞത് കേട്ട് ദീപിക പറഞ്ഞു.

“മമ്മി, എനിക്ക് ആര്യൻ സർപ്രൈസായി ടിക്കറ്റ് അയച്ച് തന്നിട്ടുണ്ട്.”

“എനിക്കെന്തോ ഇതിൽ പന്തികേട് തോന്നുന്നു. വിവാഹം ഉടനടി നടത്തണമെന്ന അവരുടെ തിടുക്കം കാണുമ്പോ എന്‍റെ സംശയം ബലപ്പെടുകയാ. ഇത്രയും വലിയൊരു ഫാമിലി ദീപികയെപ്പോലെയുള്ള പെൺകുട്ടിയെ സ്വന്തമാക്കാൻ എന്തിനാ ഇത്രയും ധൃതിക്കാട്ടുന്നത്. എന്തോ കാര്യമുണ്ടല്ലോ?”

വികാസിന് രാധയുടെ സംസാരം കേട്ട് ദേഷ്യം തോന്നി. “പന്തികേട് നിന്‍റെ തലയ്ക്കാ.”

ദീപികാ നേരിട്ട് ഡൽഹിയിലെത്തി. അടുത്ത് തന്നെ വികാസും രാധയുമെത്തി. പാനിപ്പട്ടിലെ ആര്യന്‍റെ അതി വിശാലമായ വീടും പരിസരവും കണ്ട് രാധ അമ്പരന്നു പോയി. മാത്രവുമല്ല കുടുംബാംഗങ്ങളെല്ലാവരും തന്നെ വളരെ ലാളിത്യത്തോടെയാണ് പെരുമാറിയത്. എങ്കിലും എന്തിലും കുറ്റം കണ്ടുപിടിക്കുകയെന്ന ശീലം ഉപേക്ഷിക്കാൻ രാധ തയ്യാറായില്ല. ദീപികയും മധുമിതയും ഒപ്പമിരുന്ന് വിവാഹ നിശ്ചയത്തിനുള്ള ഡ്രസ്സിന്‍റെ ഡിസൈനുകളെപ്പറ്റി ഫോണിലൂടെ ഡിസൈനർക്ക് നിർദ്ദേശങ്ങൾ നൽകി.

ആര്യന്‍റെ വീട്ടുകാരുടെ പെരുമാറ്റം കണ്ടിട്ട് രാധയ്ക്ക് അതിശയം തോന്നി. ആര്യന്‍റെ ഇളയ സഹോദരൻ അഭയ് ദീപികയോട് തമാശകൾ പറയുന്നത് കേട്ട് രാധ കൗതുകത്തോടെ അവരെ നോക്കിയിരുന്നു. വികാസിനും രാധയ്ക്കുമായി വിശ്രമിക്കാനായി മധുമിത ഗസ്റ്റ് റൂം മികച്ച രീതിയിൽ സജ്ജീകരിച്ചിരുന്നു.

അനിലിന്‍റെയും മധുമിതയുടെയും വിരലിലെണ്ണാവുന്ന ഏതാനും ബന്ധുക്കളുടെയും പരിചയക്കാരുടെയും സാന്നിധ്യത്തിൽ വിവാഹ നിശ്ചയം വളരെ ലളിതമായി നടത്തി. വിവാഹ നിശ്ചയത്തിൽ പങ്കു കൊള്ളാനായി വികാസിന്‍റെയും രാധയുടെയും ഏതാനും അടുത്ത ബന്ധുക്കളും ആര്യന്‍റെ വീട്ടിലെത്തിയിരുന്നു.

വികാസ് നാട്ടു നടപ്പനുസരിച്ച് വിവാഹ നിശ്ചയം നടത്തിയതിന്‍റെ ചെലവിന്‍റെ പങ്ക് താനും കൂടി വഹിക്കാമെന്ന് ആര്യന്‍റെ അച്‌ഛനോട് പറഞ്ഞെങ്കിലും ആര്യന്‍റെ അച്‌ഛൻ ആ ആവശ്യത്തെ സ്നേഹപൂർവ്വം നിരസിച്ചു. “ഞങ്ങൾക്കൊന്നും വേണ്ട. മകൾ ഈ വീട്ടിൽ വരുന്നതിന്‍റെ സന്തോഷമാണ് ഞങ്ങൾക്കെല്ലാവർക്കും. അതിനാൽ അതൊക്കെ ഞങ്ങൾ ചെയ്‌തു കൊള്ളാം.”

ചടങ്ങ് കഴിഞ്ഞ് അതിഥികളെല്ലാവരും മടങ്ങി പോയശേഷം മുറിയിൽ തനിച്ചായ അവസരത്തിൽ രാധ വികാസിനോടായി പറഞ്ഞു. “ഇപ്പോ വലിയ മാധുര്യത്തോടെയാണ് എല്ലാവരും പെരുമാറുന്നത്. എനിക്കറിയാം കുറച്ച് കഴിയുന്നതോടെ ഇവരുടെയെല്ലാം നിറം മാറും. നിങ്ങൾ കണ്ടോ.”

തൊട്ടടുത്തായി ഇരുന്ന ദീപികയ്ക്ക് മമ്മിയുടെ സംസാര രീതി ഇഷ്ടപ്പെടാതെ ദേഷ്യ ഭാവത്തിൽ പറഞ്ഞു, “മമ്മി അങ്ങനെ സംസാരിക്കല്ലേ, അവരെല്ലാവരും എത്ര നല്ലയാൾക്കാരാണ്. അവരുടെ ബന്ധുക്കൾക്ക് വരെ എന്നെയൊരുപാടിഷ്ടമായി. എന്‍റെ ഡ്രസ്സ്, ആഭരണങ്ങളൊക്കെ ആര്യന്‍റെ മമ്മിയാണ് വാങ്ങിയത്. ഷോപ്പിംഗിന് പോയപ്പോൾ പപ്പ എനിക്ക് തന്ന കാശ് എടുക്കാൻ അവർ സമ്മതിച്ചതേയില്ല. എന്നിട്ടാണ് മമ്മി ഇങ്ങനെ.”

“നിന്നെപ്പോലെയുള്ള പെമ്പിള്ളേർ പിന്നീട് കരഞ്ഞ് ഞാൻ കണ്ടിട്ടുണ്ട്.”

മമ്മിയുടെ സംസാരം കേട്ട് ദീപികയ്ക്ക് കരച്ചിൽ വന്നു. ദീപികയുടെ കണ്ണുനിറയുന്നത് കണ്ടിട്ട് സങ്കടം സഹിക്കാനാവാതെ വികാസ് മകളെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു.

“സാരമില്ല മോളെ, കരയല്ലേ. നിനക്കറിയില്ലേ നിന്‍റെ മമ്മി വലിയ ദീർഘവീക്ഷണമുള്ളയാളാണെന്ന്.”

വികാസിനും ദീപികയ്ക്കും രാധയോട് കടുത്ത ദേഷ്യം തോന്നിയെങ്കിലും രാധ അതൊന്നും കാര്യമാക്കിയില്ല.

സ്വീകരണ മുറിയിൽ എല്ലാവരും ഇരിക്കെ മധുമിത പറഞ്ഞു “എനിക്ക് താങ്കളോട് ചില അത്യാവശ്യ കാര്യങ്ങൾ പറയാനുണ്ട്.”

അത് കേട്ടപ്പോൾ രാധ വികാസിനെ നോക്കി ആംഗ്യം കാട്ടി. “ഞാൻ പറഞ്ഞത് ശരിയായില്ലേ എന്നർത്ഥത്തിലായിരുന്നു ആ നോട്ടം. തുടർന്ന് എന്താണ് പറയാനുള്ളതെന്ന അർത്ഥത്തിൽ മധുമിതയുടെ മുഖത്തേക്ക് നോക്കി”

“പറഞ്ഞോളൂ”

“നോക്കൂ, ഞങ്ങൾക്ക് ഇവിടെ ഒന്നിനും ഒരു കുറവുമില്ല. കുഞ്ഞുങ്ങളുടെ സന്തോഷമാണ് എനിക്ക് വലുത്. എത്രയും പെട്ടെന്ന് ഈ വിവാഹം നടത്തണമെന്നാണ് എന്‍റെ ആഗ്രഹം. ഈ വീടൊന്ന് ഉണരട്ടെ. ഞങ്ങൾക്ക് പെണ്മക്കളില്ല. എന്‍റെ ഈ മകൾക്കൊപ്പം താമസിക്കാൻ എനിക്കൊരുപാട് ആഗ്രഹമുണ്ട്. ഇനി കാത്തിരിക്കാൻ വയ്യ. അതിനുള്ള ഒരുക്കങ്ങളൊക്കെ ഞാൻ ചെയ്‌തു കൊള്ളാം. ദീപിക എടുത്ത എജ്യുക്കേഷൻ ലോൺ ഞങ്ങൾ അടച്ചു തീർക്കാം. കുട്ടികൾ ചേർന്ന് ബിസിനസ് നടത്തട്ടെ. അവരുടെ സന്തോഷമല്ലേ നമുക്ക് വലുത്.”

മധുമിത പറയുന്നത് കേട്ട് വികാസിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.

“താങ്കൾ ആഗ്രഹിക്കുന്ന പോലെ നടക്കട്ടെ. ഞങ്ങൾ തയ്യാറാണ്. പിന്നെ ലോൺ അടയ്ക്കുന്ന കാര്യം അത് ഞങ്ങൾ അടച്ചോളാം. മുംബൈയിൽ ഒരു ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ദീപികയ്ക്ക് കൊടുക്കാൻ വേണ്ടിയാണ് അത് ഇൻവെസ്റ്റ് ചെയ്തത്. അത് വിറ്റിട്ട് ലോൺ അടയ്ക്കാം. ഒരു പ്രോബ്ളവും ഇല്ല.”

മധുമിത സന്തോഷമടക്കാനാവാതെ എഴുന്നേറ്റ് ചെന്ന് ദീപികയെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു.

മുംബൈയിലേക്ക് മടങ്ങവെ ദീപിക മമ്മിയോട് ചോദിച്ചു,“എങ്ങനെയുണ്ട് മമ്മി, നല്ല ആൾക്കാരല്ലേ?”

“നോക്കട്ടെ, നല്ല ആൾക്കാർ തന്നെ. അവർക്കൊപ്പം നീ എത്രമാത്രം സന്തോഷവതിയായിരിക്കുമെന്ന് അറിഞ്ഞിട്ട് പറയാം.”

ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തി കൊണ്ടിരുന്നു. ദീപിക ദുബായിലെ ജോലി രാജിവച്ച ശേഷം മുംബൈയിൽ മടങ്ങിയെത്തി. മധുമിത ദീപികയുടെ ഓരോരോ ഇഷ്ടങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തി കൊണ്ടിരുന്നു.

എന്നാലും രാധ ഓരോ കാര്യത്തിലും കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടിരുന്നു. മമ്മിയുടെ വിചിത്രമായ സംസാര രീതി ഇല്ലാതാക്കുകയെന്നത് അസാധ്യമായ കാര്യമാണെന്ന് ദീപികയ്ക്കും തോന്നി. ഇവിടെ മുംബൈയിൽ നടത്തി കൊണ്ടിരുന്ന വിവാഹ ഒരുക്കങ്ങൾ രാധയെ സംബന്ധിച്ച് വലിയ ഭാരങ്ങളായിരുന്നു. മകൾക്ക് നല്ലൊരു കുടുംബം കിട്ടുന്നതിൽ അവർക്ക് യാതൊരു സന്തോഷവും തോന്നിയില്ല. അവസരം കിട്ടുമ്പോഴൊക്കെ അവർ ആര്യന്‍റെ വീട്ടുകാരെ കുറ്റപ്പെടുത്തുന്നത് ശീലമാക്കി കഴിഞ്ഞിരുന്നു. ഇതെല്ലാം കേട്ട് ദീപിക ഉള്ളിൽ സങ്കടമൊതുക്കി നിശബ്ദത പാലിച്ചു.

വികാസ് ഇതെല്ലാം മനസിലാക്കിയിരുന്നുവെങ്കിലും വീട്ടിലെ അന്തരീക്ഷം കലുഷിതമാകാതിരിക്കാൻ രാധയോട് അയാൾ മറുത്തൊന്നും പറഞ്ഞില്ല. വിവാഹമടുത്തതോടെ കാനഡയിൽ നിന്നും ദീപികയുടെ ചേച്ചി പ്രിയയും കുടുംബവും എത്തി. അവരുടെ കുട്ടികളായ സോനുവിനും പിങ്കിക്കുമായിരുന്നു ഇളയമ്മയുടെ വിവാഹം കൂടാൻ ഏറെ താൽപര്യം. എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നുവെങ്കിലും രാധയുടെ കയ്പ് പടർത്തുന്ന സംസാരരീതി പലപ്പോഴും ആഹ്ലാദത്തെ തല്ലികെടുത്തുന്നതായിരുന്നു.

വികാസ് വിവാഹത്തിനുള്ള പണം അനിലിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്‌തു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആര്യന്‍റെ കുടുംബം ഏറ്റെടുത്തിരിക്കുകയാണല്ലോ. വിവാഹത്തിന് 4 ദിവസം മുമ്പെ തന്നെ ദീപികയും കുടുംബവും ഡൽഹിയിലെത്തി. അനിലും മധുമിതയും എയർപോർട്ടിൽ ചെന്ന് എല്ലാവരേയും സ്വീകരിച്ച് പാനിപ്പട്ടിൽ മുൻക്കൂട്ടി അറേഞ്ച് ചെയ്ത ഹോട്ടലിൽ കൂട്ടി കൊണ്ടു വന്നു.

വിവാഹം ഗംഭീരമായി നടന്നു. വിവാഹം കഴിഞ്ഞ് വികാസും കുടുംബവും മുംബൈയിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പ്രിയയും കുടുംബവും കാനഡയിലേക്കും മടങ്ങി. വികാസ് പഴയതു പോലെ ഓഫീസ് ജോലികളിൽ മുഴുകി. രാധയാകട്ടെ പഴയതു പോലെ ഓരോരോ കാര്യങ്ങൾ ചികഞ്ഞു പെറുക്കി കുറ്റപ്പെടുത്തുന്നത് തുടർന്നു കൊണ്ടിരുന്നു.

രാധ ഇടയ്ക്കിടെ ദീപികയെ ഫോൺ ചെയ്ത് ഭർതൃ വീട്ടിലെ വിശേഷങ്ങൾ ആരാഞ്ഞു കൊണ്ടിരുന്നു. എല്ലാവരെയും കുറിച്ചും നല്ലത് മാത്രമേ ദീപികയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. അപ്പോഴൊക്കെ രാധയുടെ മുഖം കറുത്തു കൊണ്ടിരുന്നു. ങ്ഹാ കുറച്ച് കഴിയുമ്പോൾ അറിയാമെന്ന് പറഞ്ഞു കൊണ്ട് അവർ സ്വയം ന്യായീകരിച്ചു.

ദീപിക ഭർതൃ കുടുംബത്തിന്‍റെ ബിസിനസ് കാര്യങ്ങൾ നോക്കി നടത്തുന്ന ജോലികളിൽ മുഴുകി. ഒരു പുതിയ ഷോറൂം കൂടി തുറക്കാനിരിക്കുകയാണ്. അതിന്‍റെ ചുമതലകളൊക്കെയും ആര്യൻ ദീപികയെയാണ് ഏൽപ്പിച്ചിരുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞ് അഭയയുടെ വിവാഹവും നടന്നു.

അപ്പോഴേക്കും രാധ മകളെ ഉപദേശിക്കാനായി മുന്നിട്ടിറങ്ങി, “മോളെ, ഇനി നീ കണ്ടോ എല്ലാവരുടെയും തനി സ്വഭാവം അറിയാം.”

ദീപിക അതിനൊന്നും മറുപടി പറയാതെ നിശബ്ദത നടിച്ചു. അഭയുടെ വിവാഹത്തിന് വികാസും രാധയും പങ്കെടുത്തിരുന്നു. മുമ്പത്തേതെന്ന പോലെ തന്നെയായിരുന്നു വികാസിനോടും രാധയോടുമുള്ള അവരുടെ പെരുമാറ്റം. അവർക്ക് ധാരാളം സമ്മാനങ്ങൾ നൽകിയാണ് മുംബൈയിലേക്ക് മടക്കിയയച്ചത്.

ദീപിക അനുജത്തി താരയുമായി വളരെ വേഗം തന്നെ അടുത്തു കഴിഞ്ഞിരുന്നു. അവർ നല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു. കറക്കവും ഷോപ്പിംഗും സിനിമ കാണലുമൊക്കെ അവർ ഒരുമിച്ചായിരുന്നു.

രാധ ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്‌ത് താരയെക്കുറിച്ച് മകളോട് ചോദിക്കുന്നത് പതിവാക്കിയിരുന്നു. അപ്പോഴൊക്കെ അവർ സ്വന്തം അഭിപ്രായമാണ് ശരിയെന്ന മട്ടിൽ മകളെ ഉപദേശിച്ചു കൊണ്ടിരുന്നു.

ഇത്രയും നാൾ മമ്മി പറഞ്ഞതൊക്കെ ക്ഷമയോടെ കേട്ടിരുന്ന ദീപികയ്ക്ക് ഇത്തവണ അതിന് കഴിഞ്ഞില്ല. ഫോൺ സ്പീക്കർ മോഡിലായിരുന്നതു കൊണ്ട് അടുത്ത് ഉണ്ടായിരുന്ന വികാസിന് എല്ലാം വ്യക്‌തമായി കേൾക്കാനാവുമായിരുന്നു.

“മമ്മി, മമ്മിയെ സംബന്ധിച്ച് എല്ലാ ബന്ധങ്ങളും അനാവശ്യങ്ങളാണെന്ന് എനിക്ക് മനസിലായി കഴിഞ്ഞിരിക്കുന്നു. മമ്മിയെ സംബന്ധിച്ച് എല്ലാം ദുരന്തമായി അവസാനിക്കാൻ പോവുന്ന കാര്യങ്ങളാണ്. സമാധാനത്തോടെ സന്തോഷത്തോടെ കഴിയുകയെന്നുള്ളത് എത്ര ഈസിയാണെന്ന കാര്യം എനിക്ക് ഈ വീട്ടിൽ വന്നപ്പാഴാ മനസിലായത്. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക… ഇതൊക്കെ മമ്മിയ്ക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ്. പക്ഷെ അതൊക്കെ ഞാനീ വീട്ടിൽ മനസിലാക്കിയ കാര്യങ്ങളാണ്. കുറച്ച് കഴിയുമ്പോൾ എല്ലാം മനസിലാവും എന്ന വാചകം ഇനിയൊരിക്കലും മമ്മി എന്നോട് പറയരുത്. എത്ര സന്തോഷമാണിവിടെ ഞാനേറെ സന്തുഷ്ടയാണ്. ഇനി മുന്നോട്ടും അങ്ങനെയായിരിക്കും. അതെനിക്കറിയാം.”

മകളടെ അപ്രതീക്ഷിതമായ മറുപടി കേട്ട് രാധയുടെ മുഖം വിളറി വെളുത്തു. ദീപിക ഇതേവരെ മമ്മിയോട് അങ്ങനെയൊന്നും സംസാരിച്ചിരുന്നില്ല. മമ്മി പറയുന്ന കാര്യങ്ങൾ കേൾക്കുക മാത്രമാണ് ചെയ്‌തിരുന്നത്. മകളുടെ വാക്കുകൾ കനത്ത പ്രഹരം പോലെയായിരുന്നു രാധയ്ക്ക്. അവർക്ക് വികാസിന്‍റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലുമുണ്ടായില്ല. രാധ ഫോൺ വച്ച ശേഷം നിശബ്ദം കസേരയിലിരുന്നു. രാധയുടെ ഭാവാദികൾ കണ്ട് വികാസ് ഉള്ളിൽ ചിരി വന്നെങ്കിലും അത് മറച്ചു പിടിക്കാനായി സ്വന്തം മുറിയിലേക്ക് പോയി.

സാഗരസംഗമം ഭാഗം- 15

നരേട്ടൻ പെട്ടെന്ന് അവന്‍റെ അടുത്തെത്തി അവനെ ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“അരുൺ… ഇനി മുതൽ നീ ഞങ്ങൾക്ക് മകനാണ്. ഞങ്ങളുടെ രാഹുൽ മോന് പ്രിയപ്പെട്ടവൻ ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്. ഞങ്ങൾക്ക് അവനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ അവൻ മുകളിലിരുന്ന് സന്തോഷിക്കട്ടെ…”

അവർ അൽപം നേരം കൂടി ആലിംഗനബദ്ധരായി നിന്നു. അങ്ങകലെ ചക്രവാള സീമയിൽ രാഹുൽ മോൻ എല്ലാം കണ്ട് പുഞ്ചിരി വിരിയിച്ചു നിൽക്കുന്നതായി തോന്നി. ഒരു ഈറൻ കാറ്റ് ഞങ്ങളെ കടന്നു പോയി. ആരുടെയോ നേർത്ത സ്പന്ദനം പോലെ.

മമ്മീ… പപ്പാ… കരയരുത്. ഞാനിവിടെത്തന്നെയുണ്ട് എന്ന് ആ കാറ്റ് ഞങ്ങളോട് മൂകമായി മന്ത്രിയ്ക്കും പോലെ തോന്നി.

അൽപം കഴിഞ്ഞ് നരേട്ടനിൽ നിന്നും വേർപെട്ട് അരുൺ പറഞ്ഞു.

“ഞാൻ ഇടയ്ക്ക് വീട്ടിൽ വരാം സാർ… എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചോളൂ. ഒരു മകനെ പോലെ ഞാൻ അടുത്തുണ്ടാകും.” ഒരു നിമിഷം നിർന്നിമേഷരായി ഞങ്ങൾ പരസ്പരം നോക്കി നിന്നു. രാഹുലിന്‍റെ സ്‌ഥാനത്ത് ഒരു മകനെക്കിട്ടിയ നിർവൃതിയോടെ.

അകലങ്ങളിൽ അപ്പോൾ സന്ധ്യാബരം തുടുത്തു തുടങ്ങിയിരുന്നു. വികാരവിവശനായ ഒരച്ഛനെപ്പോലെ സൂര്യനും ചുവന്നു തുടുത്ത് ഞങ്ങളെ നോക്കി. താഴേയ്ക്കു ഗമനം തുടർന്നു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്കു കാണുന്ന വെള്ളി മേഘക്കീറുകളും, വെള്ളിൽപ്പറവകളും ആകാശത്തിൽ അഭൗമാന്തരീക്ഷമൊരുക്കി  ഞങ്ങളെ ആഹ്ലാദഭരിതരാക്കി. ഒരു നിമിഷം ഞങ്ങൾ നിശബ്ദരായി ആ ജഗന്നിയന്താവിന്‍റെ ഗതിവിഗതികളെക്കുറിച്ച് ഓർത്തു. ഒന്നു നഷ്ടപ്പെടുമ്പോൾ മറ്റൊന്നു നൽകി നമ്മെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനാവുന്നു. ഒരിക്കൽ കൂടി അരുണിന്‍റെ ശബ്ദം ഞങ്ങളെ ഉണർത്തി.

“ഞാൻ വരാം സർ… ഇപ്പോൾ ഞങ്ങൾ പോകട്ടെ.”

“അരുൺ തീർച്ചയായും വരണം. ഞങ്ങൾ അരുണിനെ പ്രതീക്ഷിച്ചിരിക്കും.”

അവൻ കൈവീശി ബൈക്കിൽക്കയറി യാത്രയാകുന്നതു നോക്കി ഞങ്ങൾ ഒരു നിമിഷം നിർന്നിമേഷരായി നിന്നു. പിന്നെ തിരികെ കൈവീശി അവനെ യാത്രയാക്കുമ്പോൾ രാഹുലിനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ ഞങ്ങളുടെ ഹൃദയം ആനന്ദതുന്ദിലമായിത്തീർന്നു.

ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടും രണ്ടു ദിവസത്തേയ്ക്ക് അവിടെ മൂകത തളം കെട്ടി നിന്നു. രാഹുൽമോന്‍റെ ഓർമ്മകൾ എല്ലാവരും അയവിറക്കുകയാണെന്നു തോന്നി. കൃഷ്ണമോൾ, രാഹുൽമോന്‍റെ ഫോട്ടോകൾ എടുത്തു നോക്കുന്നതും, അവന്‍റെ സ്വകാര്യ ആൽബത്തിലെ ഫോട്ടോകൾ ദേവാനന്ദിനെ കാണിക്കുന്നതും കണ്ടു. ദേവാനന്ദ് താൻ അതുവരെ കാണാത്ത രാഹുലിനെ ഉറ്റുനോക്കി പറയുന്നതു കേട്ടു.

“എത്ര നിഷ്ക്കളങ്കവും സുന്ദരവുമായ മുഖം. ഈ മുഖത്തിന്നുടമ തീർച്ചയായും ഒരു നല്ല ഹൃദയത്തിനുടമയായിരിക്കും.”

“അതെ ദേവേട്ടാ… ചേട്ടൻ ഒരു നല്ല ഹൃദയത്തിനുടമയായിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു നിഷ്ക്കളങ്ക ഹൃദയത്തിന്നുടമ. ചേട്ടന് സംഗീതയോടുണ്ടായിരുന്ന പ്രേമത്തെക്കുറിച്ച് എന്നോടു പറയാറുണ്ടായിരുന്നു. മെഡിസിൻ പഠനം കഴിഞ്ഞ് അവർ ഒരുമിച്ചു ജീവിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അതേക്കുറിച്ച് പപ്പയോടും മമ്മിയോടും സംസാരിക്കാൻ എന്നെ ചട്ടം കെട്ടിയിരുന്നു. പക്ഷെ സംഗീത ഒരു മാർവാഡിയുടെ മകളാണ്. പണം പലിശയ്ക്ക് കൊടുത്ത് ആൾക്കാരെ ദ്രോഹിക്കുന്ന ഒരു മാർവാഡിയുടെ മകൾ. അത്തരമൊരു ബന്ധത്തിന് പപ്പയും മമ്മിയും സമ്മതിയ്ക്കുമോ എന്ന് ചേട്ടൻ ഭയന്നിരുന്നു. പക്ഷേ സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചു പഠിക്കുകയും, സ്നേഹിക്കുകയും ചെയ്‌ത അവർക്കു തമ്മിൽ പിരിയാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഏറെ സ്നേഹം വരുമ്പോൾ മാത്രം അവൾ രാഹുലിനെ സംബോധന ചെയ്യാറുള്ള ചേട്ടാ എന്ന വിളി ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. “ആ സംഗീത എന്നു പേരുള്ള പെൺകുട്ടി ഇന്നെവിടെയാണ്?” ദേവാനന്ദ് താൽപര്യപൂർവ്വം ചോദിക്കുന്നതു കേട്ടു.

“അവർ മെഡിസിനു പഠിക്കുകയാണ്. എംഡിയ്ക്ക്. ഇപ്പോൾ കൽക്കത്തയിലോ മറ്റോ ആണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാഹുൽ ചേട്ടനെ ഓർത്ത് കാലം കഴിയ്ക്കാനാണ് അവർക്കിഷ്ടം.”

“ഓ ഗോഡ്… എ റിയൽ ലൗ…” ദേവാനന്ദ് അതിശയം കൂറുന്നതു കേട്ടു. ആ പ്രതിവചനം എന്‍റെ മനസ്സിലും മുഴങ്ങി. അറിയാതെ മനസ്സു കേണു. ഓ… മകനെ… നിന്‍റെ മനസ്സിന്‍റെ മൃദുല അറകളിൽ നീ നിന്‍റെ പ്രേമം ഒളിച്ചുവച്ചതെന്തിനാണ്? അതൊളിച്ചു വച്ച് ആ ആത്മസംഘർഷം മുഴുവൻ പേറിയതെന്തിനാണ്? നിന്നെ ഹൃദയത്തിലേറ്റിയ നിന്‍റെ പപ്പയും മമ്മിയും നിന്നെ എതിർക്കുമെന്നു വിചാരിച്ചോ?

ഒരിയ്ക്കലുമില്ല. കാരണം പ്രേമത്തിന്‍റെ ബലിപീഠത്തിൽ സ്വയം ബലി കഴിച്ചവളാണ് നിന്‍റെ മമ്മി. ആളുന്ന അഗ്നി കുണ്ഠത്തിൽ സ്വയം ചൂടേറ്റു തപിച്ചവളാണ്. ആ കനൽ തീയിൽ വെന്തു നീറുന്ന രണ്ടാത്മാക്കളുടെ തപിക്കുന്ന വേദന എന്തെന്ന് അറിഞ്ഞവളാണ്. ഒരിക്കലും നിന്നെ എതിർക്കുമായിരുന്നില്ല ഈ മമ്മി. നിന്‍റെ പപ്പയും പ്രേമത്തിന്‍റെ ആത്മസംഘർഷങ്ങൾ മാറി നിന്നെങ്കിലും കണ്ടറിഞ്ഞവനാണ്. അതൊന്നും നിന്നെ അറിയിക്കാതിരുന്നതു കഷ്ടമായിപ്പോയി എന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. പക്ഷെ നീ ചിലതെല്ലാം കാണുകയും അറിയുകയും ചെയ്തുവെന്ന് ഞാൻ കരുതി.

ഒരു കാലത്ത് ഞങ്ങൾ ഇരുവരുടേയും മനസ്സിൽ ഊറിക്കൂടിയ ആത്മസംഘർഷങ്ങൾ നിന്നെയും ബാധിച്ചിരുന്നല്ലൊ. എന്നിട്ടും നീയതെന്തു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. നിന്‍റെ നിഷ്ക്കളങ്കമായ കൊച്ചുമനസ്സിന് അതിന്‍റെ കാരണങ്ങൾ ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ലായിരിക്കാം. പക്ഷെ പപ്പയുടേയും മമ്മിയുടേയും അകൽച്ച നിന്‍റെ മനസ്സിനെ ഒരു കാലഘട്ടത്തിൽ വളരെയേറെ വേദനിപ്പിച്ചിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതായിരിക്കാം സംഗീതയോട് നിന്നെ അടുപ്പിച്ചത്. നിന്‍റെ വേദനകൾ പങ്കുവയ്ക്കാനുള്ള അത്താണിയായിരുന്നോ അവൾ.

നിന്നെ മനസ്സിലാക്കുവാൻ ഞങ്ങൾ വൈകിപ്പോയി. മനസ്സിലാക്കിയപ്പോഴേയ്ക്കും നിന്നെ ഞങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലത്തിൽ നീ എത്തി. ഒരിക്കലും കൈയ്യെത്തിപ്പിടിക്കാനാവാത്തത്ര അകലത്തിൽ…

ഊറി വന്ന കണ്ണീർക്കണങ്ങൾ കൈ കൊണ്ട് തുടച്ചു മാറ്റി എഴുന്നേറ്റു. എത്രനേരമായി ഞാനീ സെറ്റിയിൽ വന്നിരുന്നിട്ട്. നേരം സന്ധ്യയോടടുക്കുന്നു. നരേട്ടൻ അകത്തെവിടെയോ വിശ്രമിക്കുകയാണ്. കൃഷ്ണമോളും ദേവാനന്ദും മോനേയും കൂട്ടി പാർക്കിലോ മറ്റോ പോയിരിക്കുന്നു. അവർ തിരിച്ചെത്തും മുമ്പ് വൈകിട്ടത്തെ ആഹാരമുണ്ടാക്കണം.

രണ്ടു ദിവസം കഴിഞ്ഞാൽ കോളേജിൽ പോയിത്തുടങ്ങണം. കുറെ നോട്ട്സ് പ്രിപ്പയർ ചെയ്യാനുണ്ട്. ധൃതിയിൽ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. നരേട്ടൻ ശബ്ദം താഴ്ത്തി വച്ച് ഏതോ ഹിന്ദി ഗാനം കേൾക്കുന്നു. ദുഃഖത്തിന്‍റെ ആഴത്തിൽ നിന്നും പൊന്തി വന്ന് ഹൃദയത്തെ വലയം ചെയ്യുന്ന ഒരു ഹിന്ദി ഗാനം. അതിന്‍റെ നേർത്ത കൈപ്പിടിയിൽ ഒതുങ്ങി. ആ വേദനയിൽ മുങ്ങിത്താഴ്ന്നെന്നപ്പോലെ നരേട്ടൻ കിടക്കുന്നു. ഒരിക്കലും മോചനമില്ലാത്ത ഒരു തടവറയിലെന്ന പോലെ.

അടുക്കളയിൽ ചപ്പാത്തിയും കറികളും ഉണ്ടാക്കുന്ന തിരക്കിൽ ഞാൻ മറ്റെല്ലാം മറന്നു. ആഹാരം ഉണ്ടാക്കി കാസ്സറോളിലാക്കി മേശപ്പുറത്തു വയ്ക്കുമ്പോളോർത്തു. രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങിലൊന്നായിരുന്നു ചപ്പാത്തിയും, ക്വാളിഫ്ളവർ കറിയും. അവനു വേണ്ടി ഒരു പ്ലേറ്റ് മാറ്റി വച്ചു.

ഒരുപക്ഷേ ആരും കാണാതെ ഏതോ അജ്ഞാത തീരത്തു നിന്ന് അവൻ അവന്‍റെ പ്രിയപ്പെട്ടവരെത്തേടി വന്നാലോ. ഈ മേശപ്പുറത്തു വന്നിരുന്ന് അവന്‍റെ പ്രിയപ്പെട്ട വിഭവം ആസ്വദിക്കാൻ ഒരിക്കൽ കൂടി, അവന്‍റെ പ്രിയപ്പെട്ട പപ്പയെയും മമ്മിയെയും കൃഷ്ണമോളെയും കാണാൻ ആത്മാക്കളുടെ ലോകത്തു നിന്ന് അവൻ ഇറങ്ങി വന്നാലോ. അങ്ങനെ മനസ്സ് വെറുതെ വ്യാമോഹിച്ചു.

ഒരു പക്ഷേ നഷ്ടപ്പെട്ടതിനെ തിരികെക്കിട്ടുവാനുള്ള മനസ്സിന്‍റെ തീവ്രമായ ആഗ്രഹം. അതിനു വേണ്ടിയുള്ള മനസ്സിന്‍റെ മൂഢ പ്രേരണയായിരിക്കാം അത്. എങ്കിലും അത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിക്കുവാൻ ഹൃദയം കൊതിച്ചു.

രാഹുൽ മോൻ കടന്നു പോയ ദിനങ്ങളൊന്നിൽ എവിടെ നിന്നോ പറന്നെത്തിയ ഒരു കൊച്ചു കുരുവി എന്നിലെ ശ്രദ്ധയെ പിടിച്ചു നിർത്തിയതോർത്തു. സിറ്റൗട്ടിന്‍റെ കൈവരികളിലും ചവിട്ടു പടിയിലും പിന്നെ വാതിൽപ്പടിയിലും വന്നിരുന്ന് പ്രിയപ്പെട്ട ആരേയോ പ്രതീക്ഷിച്ചെന്നപ്പോലെ പറന്നു കളിച്ചിരുന്ന ഈ കുഞ്ഞിക്കുരുവി.

ഞാനടുത്തു ചെന്നിട്ടും ഭയമേതുമില്ലാതെ എന്നെ ഉറ്റുനോക്കിയിരുന്ന ആ കുഞ്ഞിക്കിളിക്ക് രാഹുൽമോന്‍റെ ഛായയുണ്ടെന്നു തോന്നി. ഒരു പക്ഷേ രാഹുൽ മോന്‍റെ ആത്മാവ് കിളിയായി വന്നതായിരിക്കുമോ? ഞാനടുത്ത് ചെന്നിരുന്ന് അതിനെ കൈകളിലെടുത്തപ്പോൾ എന്‍റെ വാത്സല്യം പ്രതീക്ഷിച്ചെന്ന പോലെ അത് എന്‍റെ കൈകളിലൊതുങ്ങി ഇരുന്നത്.

ഒടുവിൽ വേദന സ്ഫുരിക്കുന്ന ചിലമ്പിച്ച സ്വരത്തിൽ ചിലച്ചു കൊണ്ട് അത് പറന്നകന്നത് ആത്മാക്കളുടെ ലോകത്തു നിന്നും അവൻ എന്നെ തേടിയെത്തിയതാണെന്നു തോന്നി. ഒരു നിമിഷനേരത്തേയ്ക്കെങ്കിലും എന്‍റെ വാത്സല്യം നുകരാനുള്ള അത്യുൽക്കടമായ ദാഹത്തോടെ അതിൽപ്പിന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവനുള്ള ആഹാരവും വിളമ്പി വയ്ക്കുക പതിവായി.

കോളിംഗ് ബെല്ലിൽ ശക്തിയായി വിരലമർത്തുന്നത് കേട്ടാണ് ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്. എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നപ്പോൾ ദേവാനന്ദും, കൃഷ്ണമോളും, ടുട്ടുമോനുമായിരുന്നു.

കൃഷ്ണമോളുടെ കൈയ്യിൽ നിന്നും ടുട്ടുമോനെ വാങ്ങി. അവനെ കൊഞ്ചിച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു “മമ്മീ… നാളെ രാവിലെ ഞങ്ങൾ ബാംഗ്ലൂർക്ക് തിരികെപ്പോവുകയാണ്.”

“ഇത്ര പെട്ടെന്നോ… കുറച്ചു ദിവസം കൂടി കഴിഞ്ഞ് തിരിച്ചു പോയാൽ പ്പോരേ… മോനെക്കണ്ട് ഞങ്ങളുടെ കൊതി തീർന്നില്ല…” ഞാൻ ദുഃഖത്തോടെ പറഞ്ഞു.

“അത് മമ്മീ… ഞങ്ങളുടെ ലീവ് തീർന്നു. മറ്റന്നാൾ ഞങ്ങൾക്ക് രണ്ടുപേർക്കും കമ്പനിയിൽ ജോയിൻ ചെയ്യണം.”

ഇതറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാനോർത്തു നോക്കി. രാഹുൽ മോന്‍റെ സഹപാഠിയായിരുന്നു അരുണുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെ വീണ്ടും തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇന്നിപ്പോൾ ടുട്ടുമോനായിരിക്കും ആ മനസ്സിന് അൽപം ആശ്വാസം നൽകുന്നത്. അവനും കൂടി തന്നെ വിട്ടു പോവുകയാണെന്നറിയുമ്പോൾ ദുർബ്ബല ഹൃദയനായ നരേട്ടന് അത് താങ്ങാനാവുമോ? ആശങ്കകൾ ഹൃദയത്തെ കീറി മുറിച്ച് കടന്നു പോയിക്കൊണ്ടിരുന്നു. ടുട്ടുമോനെയും കൊണ്ട് നരേട്ടന്‍റെ മുറിയിലേയ്ക്കു നടക്കുമ്പോൾ പറഞ്ഞു.

“രണ്ടുപേരും വസ്ത്രം മാറി വന്ന് ആഹാരം കഴിച്ചോളൂ… ഞാൻ മൂടി വച്ചിട്ടുണ്ട്.”

“മമ്മീ ഞങ്ങൾ പുറത്തു നിന്നും ആഹാരം കഴിച്ചു. ദേവേട്ടന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമാണിഷ്ടം. പിന്നെ മമ്മിയെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നു വിചാരിച്ചു.” അവർക്കു വേണ്ടി ഞാൻ പാടുപ്പെട്ടുണ്ടാക്കിയതെല്ലാം വെറുതെയായല്ലോ എന്ന് മനസ്സിലോർത്തു. പിന്നെപ്പറഞ്ഞു.

“ഞാനും ചപ്പാത്തിയും കോളിഫ്ളവർ കറിയുമാണുണ്ടാക്കിയത്. ദേവാനന്ദിനിഷ്ടം അതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.”

പെട്ടെന്ന് എന്‍റെ മലയാളം മനസ്സിലാക്കിയിട്ടെന്ന പോലെ ദേവാനന്ദ് ഹിന്ദിയിൽ പറഞ്ഞു.

“സോറി മമ്മീ… മമ്മീ പാടുപെട്ട് ഞങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതല്ലെ. ഞാനൽപം കഴിക്കാം…” അയാൾ അങ്ങനെ പറഞ്ഞ് മേശയുടെ സമീപമിരുന്ന് പ്ലേറ്റ് തുറന്നു വച്ചു. എന്നിട്ട് മണം പിടിച്ച് കൊണ്ട് പറഞ്ഞു.

“അരേ വാഹ് കോളിഫ്ളവർ. ഇതിന്‍റെ മണം കേൾക്കുന്നതു  തന്നെ എനിക്ക് എന്തിഷ്ടമാണെന്നോ…”

ദേവാനന്ദ് വാഷ് ബേസിന്‍റെ അടുത്തു പോയി കൈകൾ കഴുകി തിരിച്ചു വന്നു. എന്നിട്ട് ചപ്പാത്തി ഒന്നു രണ്ടെണ്ണമെടുത്ത് കോളിഫ്ളവർ  കറി കൂട്ടി കഴിക്കാൻ തുടങ്ങി. അയാൾ സ്വാദോടെ കഴിക്കുന്നതു കണ്ട് സംതൃപ്തിയോടെ ഞാൻ തിരിഞ്ഞു നടന്നു.

നരേട്ടന്‍റെ മുറിയിലെത്തി ടുട്ടുമോനെ ആ കൈകളിൽ നൽകി. നരേട്ടന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന ശോകഛവി ആ കൺതടങ്ങൾക്കു താഴെ കറുപ്പു പടർത്തിയിരുന്നു. ഹൃദയത്തിൽ തിങ്ങി വിങ്ങുന്ന വേദന നെറ്റിയിലും മുഖത്തും ചുളിവു പടർത്തിയിരിക്കുന്നു. അടക്കാനാവാത്ത വൃഥയുടെ നിഴൽപ്പാടുകൾ അദ്ദേഹത്തെ കൂടുതൽ വയസ്സനാക്കിയിരിക്കുന്നു. പക്ഷേ ടുട്ടുമോനെ കൈകളിൽ വാങ്ങുമ്പോൾ ആ മുഖം അൽപ നേരത്തേയ്ക്കെങ്കിലും പ്രകാശമാനമായി. അതിന്‍റെ സ്ഫുരണങ്ങൾ ആ ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം ചുണ്ടുകളിൽ നേർത്ത വേദനയുടെ നിഴൽപ്പാടോടെ തത്തിക്കളിച്ചു. അവനെ കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു.

“മുത്തച്ഛന്‍റെ പൊന്നു മോനെ… നീയും മുത്തച്ഛനെ വിട്ട് നിന്‍റെ അമ്മയുടെയും അച്‌ഛന്‍റെയും കൂടെ പോകുമോടാ… നീയാണ് മുത്തച്ഛനിപ്പോൾ ഏക ആശ്വാസം. നീയും കൂടി പോയാൽ മുത്തച്ഛൻ തകർന്നു പോകുമെടാ…” ആ വാക്കുകൾ ഹൃദയത്തിലെവിടെയോ തറഞ്ഞു നിന്ന് വേദനയുളവാക്കി.

നാളെ അവൻ അച്‌ഛനമ്മമാരോടൊപ്പം മടങ്ങിപ്പോവുകയാണ് എന്നറിയുമ്പോൾ നരേട്ടന്‍റെ പ്രതികരണമെന്തായിരിക്കും. അതിന്‍റെ ഉത്തരം തേടി നിമിഷനേരത്തേയ്ക്ക് ഞാനാ കട്ടിലിൽ ചലനമറ്റിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയ കഴിയുമ്പോൾ ഡോക്ടർ പറഞ്ഞിരുന്നതോർത്തു.

“കൂടുതൽ ആഘാതമൊന്നും ആ ഹൃദയത്തിനിനി താങ്ങാനാവുകയില്ല. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങൾ ജീവിതത്തിൽ ഒഴിവാക്കാൻ ശ്രമിക്കണം.”

നരേട്ടനെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്? ടുട്ടുമോനെ പിരിയാതിരിക്കാൻ അദ്ദേഹത്തിനു മുമ്പിൽ എന്തു പോംവഴിയാണ് എനിക്കു നിർദ്ദേശിക്കാനുള്ളത്?

ഒരുത്തരം തേടി ഞാൻ മുകളിലേയ്ക്കു മിഴി പായിച്ചു. അവിടെ വലകൾ നെയ്തു കൊണ്ടിരുന്ന ഒരെട്ടുകാലിയെ കണ്ടു. അതുപോലെ എന്‍റെ ഹൃദയത്തിലും വേദനയുടെ നനുത്ത വലകൾ പടർന്നു തുടങ്ങിയിരുന്നു. എട്ടുകാലിയുടെ കരങ്ങളിൽ ഇരയെ എന്നപോലെ ആ വേദനയ്ക്കിടയിലും എന്‍റെ മനസ്സ് ഒരുത്തരത്തിനായി പിടഞ്ഞു കൊണ്ടിരുന്നു നരേട്ടനെ എന്തുപറഞ്ഞു സമാധാനിപ്പിക്കും?

അന്ന് ടുട്ടുമോനെ അദ്ദേഹം കളിപ്പിക്കുന്നതും നോക്കി വേവലാതിയോടെ ഏറെ നേരം ഞാൻ കട്ടിലിലിരുന്നു.

പിന്നീടവനെ നരേട്ടന്‍റെ കൈകളിൽ നിന്നും അടർത്തി മാറ്റി, കൃഷ്ണമോളുടെ അടുത്തേയ്ക്കു കൊണ്ടു പോകുവാൻ തുടങ്ങുമ്പോൾ നരേട്ടൻ ചോദിച്ചു.

“ഇന്നവനെ എന്‍റെയടുത്ത് കിടത്തിക്കൂടെ… അവനെ കൊഞ്ചിച്ച്, കളിപ്പിച്ചിരിക്കുമ്പോൾ വലിയ മനഃസമാധാനം തോന്നുന്നു.”

“അത് നരേട്ടാ…” ഞാൻ അർദ്ധോക്തിയിൽ നിർത്തി മൂകയായി നിന്നു.

ഉം… എന്താ… തനിയ്ക്കെന്തോ പറയാനുണ്ടല്ലോ? എന്താണെങ്കിലും പറഞ്ഞോളൂ.

“നരേട്ടൻ വിഷമിക്കരുത്. നാളെ കാലത്ത് അവർ ബാംഗ്ലൂർക്ക് മടങ്ങിപ്പോവുകയാണ്. കൃഷ്ണമോളുടേയും ദേവാനന്ദിന്‍റെയും ലീവ് തീർന്നത്രെ.”

എന്‍റെ വാക്കുകൾ കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചെന്നു തോന്നി.

“ഇത്ര പെട്ടെന്നോ? കുറച്ചു ദിവസം കൂടി അവർക്കിവിടെ കഴിഞ്ഞാലെന്താ? അവരുടേയും കൂടി വീടല്ലെ ഇത്? മാത്രമല്ല ടുട്ടുമോനെ കണ്ട് കൊതി തീർന്നിട്ടില്ല. അതിനു മുമ്പ്.”

നരേട്ടൻ പൊട്ടിത്തെറിക്കുന്ന പോലെ പറഞ്ഞു. അവസാനത്തെ അത്താണിയും നഷ്ടപ്പെടുമ്പോഴുള്ള വേദന ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

“നീ അവരോട് പറയ് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാം എന്ന്. അല്ലെങ്കിൽ വേണ്ട ഞാൻ പറയാം.”

നരേട്ടൻ അങ്ങനെ പറഞ്ഞ് എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ നരേട്ടനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

“വേണ്ട നരേട്ടാ… കൃഷ്ണമോൾ നമ്മൾ പറയുന്നതൊന്നും കേട്ടുവെന്ന് വരികയില്ല. മാത്രമല്ല ചില കമ്പനികൾ അത്ര നീണ്ട അവധിയൊന്നും ആർക്കും നൽകുകയില്ല. തിരിച്ചു ചെല്ലുമ്പോൾ അവരുടെ ജോലി നഷ്ടമായാൽ നാമായിരിക്കും അതിന്‍റെ പഴി കേൾക്കേണ്ടി വരിക.”

“ഓ… അങ്ങിനെയെങ്കിൽ വേണ്ട. ഞാനായിട്ട് അവരുടെ ഭാവി നശിപ്പിക്കുന്നില്ല. അവർ മോനെ കൊണ്ടുപോയിക്കൊള്ളട്ടെ.”

നരേട്ടൻ പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു. എങ്കിലും മോനെ വിട്ടു പിരിയാനുള്ള വേദന അദ്ദേഹത്തിൽ നിറഞ്ഞു നിന്നു. അദ്ദേഹം അവനെ കൈകളിലെടുത്ത് ആ ഓമന മുഖം മുത്തങ്ങൾ കൊണ്ടു മൂടി. തന്‍റെ കണ്ണുനീരാൽ അദ്ദേഹം ആ കുഞ്ഞു മുഖത്തെ അഭിഷേകം ചെയ്‌തു. അപരീഹാര്യമായ നഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ മഞ്ഞുതുള്ളിയായിരുന്നു നരേട്ടനാ കുഞ്ഞ്.

രാഹുൽമോന്‍റെ ദർശനം സാദ്ധ്യമാക്കിയ കുരുന്നു പൈതൽ. എന്നാൽ ജീവിതത്തിൽ ഒന്നും ശാശ്വതമല്ല എന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട് ഈ കുരുന്നും അദ്ദേഹത്തെ വിട്ടുപിരിയാൻ തുടങ്ങുന്നു.

പെട്ടെന്ന് എന്തോ ഓർത്ത് നരേട്ടൻ ചോദിച്ചു.“മീരാ… ഇന്നൊരു രാത്രിയിൽ ഈ ഒരു രാത്രിയിലേയ്ക്ക് മാത്രം ടുട്ടുമോനെ എന്‍റടുത്തു കിടത്താൻ മോളാടൊന്നു പറയുമോ. അവനെ ഈ രാത്രി മുഴുവൻ ഞാൻ കണ്ടു കൊള്ളട്ടെ.”

നരേട്ടന്‍റെ ആ ആഗ്രഹം എന്‍റെ മനസ്സിലും ചലനങ്ങളുളവാക്കി. ഒരു രാത്രി കൂടി തന്‍റെ രാഹുൽ മോന്‍റെ ഛായയുള്ള പേരക്കുഞ്ഞിനെ അടുത്തു കിടത്തി ലാളിക്കുവാനുള്ള അദ്ദേഹത്തിന്‍റെ അന്ത്യമമായ മോഹം. ആ മോഹത്തെ അംഗീകരിക്കുവാൻ ഞങ്ങളുടെ മകൾക്കാവുകയില്ലെ? അവളെ കൈകളിലെടുത്തുലാളിച്ചതും ആ കൈകൾ തന്നെയല്ലെ.

ഞാൻ കൃഷ്ണമോളുടെ മുറിയിലെത്തി അവളോടുള്ള വാത്സല്യം മുഴുവൻ വാക്കുകളിലൂടെ പുറത്തെടുത്തു. എന്നിട്ട് സ്നേഹപൂർവ്വം ചോദിച്ചു.

“കൃഷ്ണമോളെ…. പപ്പ ചോദിക്കുന്നു ഇന്ന് ഒരു രാത്രിയിൽ അവനെ അദ്ദേഹത്തിന്‍റെ അടുത്ത് കിടത്തിക്കോട്ടെ എന്ന്. നാളെ നിങ്ങൾ മടങ്ങിപ്പോവുകയല്ലെ…”

ബെഡ്റൂമിലെ ടിവിയിൽ ദേവാനന്ദിനോടൊപ്പം മിഴിനട്ടിരുന്ന കൃഷ്ണമോൾ പെട്ടെന്ന് ഒരു മങ്ങിയ ചിരിയോടെ എന്നെ നോക്കി. പിന്നെ ജിജ്‌ഞാസയോടെ ചോദിച്ചു.

“പപ്പാ ഇനി അവനെ ഞങ്ങൾക്കു വിട്ടു തരികയില്ലെന്നു വരുമോ മമ്മി. പപ്പായ്ക്ക് അവനെ വിട്ടുപിരിയാൻ വലിയ വിഷമമാണല്ലോ.”

“ശരിയാണ് മോളെ. രാഹുൽ മോൻ പോയതിൽ പിന്നെ പപ്പാ ആകെ അപ്സെറ്റാണ്. അതിൽ നിന്നും ഒരു ചെറിയ മോചനം കിട്ടിയത് ടുട്ടുമോനെ കണ്ടപ്പോഴാണ്. അവനെയും ഇത്ര പെട്ടെന്ന് പിരിയുകയെന്നു വച്ചാൽ അതദ്ദേഹത്തിന് താങ്ങാനാവുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് വല്ലതും വന്നു പോകുമോ എന്നാണ് എന്‍റെ പേടി.

“എങ്കിൽ മമ്മിയും, പപ്പയും കൂടി ഈ വീടുവിറ്റ് ഞങ്ങളുടെ കൂടെപ്പോരൂ… അപ്പോൾ എപ്പോഴും ടുട്ടുമോനെ കാണാമല്ലോ…”

കൃഷ്ണമോൾ പലപ്പോഴുമെന്നതു പോലെ ആ വാക്കുകൾ വീണ്ടും ആവർത്തിച്ചത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഈ വീടുവിറ്റു പോവുകയെന്നാൽ അതു പലതരത്തിൽ ഞങ്ങളെ ബാധിക്കും. ഈ വീടും പരിസരവുമാണ് രാഹുൽമോന്‍റെ സാന്നിദ്ധ്യം എല്ലായ്പ്പോഴും ഞങ്ങളെ അനുഭവിപ്പിക്കുന്നത്. ആ ഓർമ്മകൾ നിലനിർത്തുന്നതും ഈ വീടു തന്നെ. ഇവിടം വിട്ടുപോവുകയെന്നാൽ അതു ഞങ്ങളുടെ മനസ്സിനെ വല്ലാതെ പീഡിപ്പിക്കും. ഒരു പക്ഷേ ഞങ്ങളുടെ മനോനില തന്നെ തെറ്റിയെന്നു വരും. അതിലുപരിയായി എന്‍റെ ജോലി. അതുപേക്ഷിച്ചു പോകുന്നതെങ്ങിനെ?

റിട്ടയർ ചെയ്യുവാൻ ഇനിയും രണ്ടു മൂന്നു കൊല്ലം കൂടി ബാക്കിയുണ്ട്. മാത്രമല്ല ഇപ്പോൾ ഈ ജോലിയാണ് എന്‍റെ ഏക ആശ്വാസം. ഇതെല്ലാം ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു.

“കൃഷ്ണമോൾ ഇപ്പോൾ പറഞ്ഞത് ഒട്ടും പ്രാവർത്തികമല്ല. ഇവിടുന്ന് ഞങ്ങൾ ബാംഗ്ലൂർക്ക് വരികയെന്നു വച്ചാൽ അതിന് പല തടസ്സങ്ങളുണ്ട്. ഒന്നാമത് എന്‍റെ ജോലി ഞാൻ ഉപേക്ഷിക്കേണ്ടി വരും. റിട്ടയർ ചെയ്യാൻ ഇനി ഏതാനും കൊല്ലം കൂടിയേ ഉള്ളൂ. അതുകഴിഞ്ഞ് പോരേ അതേപ്പറ്റിയൊക്കെ ആലോചിക്കാൻ.

“പക്ഷെ മമ്മി ഞാൻ പറഞ്ഞെന്നേ ഉള്ളൂ. എല്ലാം മമ്മിയുടേയും, പപ്പയുടേയും ഇഷ്ടം.” അവൾ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ ഉള്ളിൽ ആ ആഗ്രഹം കനത്തു കിടക്കുന്നുണ്ടെന്ന് അന്ന് എനിക്കു മനസ്സിലായി.

ഒരു കനൽക്കട്ട പോലെ ഉള്ളിൽ എരിയുന്ന ആ ആഗ്രഹത്തിനു പുറകേയാണ് അവളെന്ന് മനസ്സിലാക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല. ഈ വീടു വിറ്റ് ഒരു നല്ല തുക നേടുകയാണ് അവളുടെ ലക്ഷ്യം. അതിനെപ്പറ്റി അവളിപ്പോൾ തുറന്നു സംസാരിക്കാതിരുന്നത് ദേവാനന്ദ് അടുത്തുള്ളത് കൊണ്ടായിരിക്കാം. പക്ഷെ അവൾ മുഖം വീർപ്പിച്ച് മിണ്ടാതിരുന്നപ്പോൾ എനിക്കു മനസ്സിലായി. അവൾ കോപത്തിലാണെന്ന്. അതുകണ്ട് അവളെ അനുനയിപ്പിക്കാനായി ഞാൻ പറഞ്ഞു.

“നമുക്കതെപ്പറ്റിയൊക്കെ സാവധാനം ആലോചിക്കാം കൃഷ്ണമോളെ. ഇപ്പോൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ. ടുട്ടുമോനെ ഈ രാത്രി കൂടി പപ്പയുടെ അടുത്ത് കിടത്തിക്കോട്ടെ…”

അവൾ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ ദേവാനന്ദ് ഇടപെട്ടു കൊണ്ട് ഹിന്ദിയിൽ പറഞ്ഞു.

“ഹാം മാംജി. നിങ്ങൾ ഈ രാത്രി കൂടി മോനെ അടുത്തു കിടത്തിക്കോളൂ. നാളെ രാവിലെ ആറുമണിയാകുമ്പോൾ ഞങ്ങളുടെ അടുത്ത് എത്തിച്ചാൽ മതി. രാവിലെ എട്ടുമണിയ്ക്കുള്ള ട്രെയിനിന് ഞങ്ങൾക്ക് ബാംഗ്ലൂർക്ക് മടങ്ങിപ്പോകണം.”

ദേവാനന്ദ് എല്ലാം മനസ്സിലാക്കി എന്ന് എനിക്കു മനസ്സിലായി. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്‌തു. കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്ന് ഒരിക്കൽ കൂടി എനിക്കുറപ്പായി. ഇങ്ങനെ ഒരു മരുമകനെ ആണല്ലോ ഞങ്ങൾ ആഗ്രഹിച്ചത് എന്ന് ഓർത്തു പോയി. പക്ഷെ കൃഷ്ണമോൾ ശാഠ്യക്കാരിയാണ് അവളുടെ പിടിവാശിയ്ക്കു മുന്നിൽ ദേവാനന്ദ് കീഴ്വഴങ്ങിപ്പോവുകയേ ഉള്ളൂ എന്നും ഓർത്തു.

ദേവാനന്ദ് സമ്മതം അറിയിച്ചതനുസരിച്ച് ഞാൻ തിരികെ മുറിയിലേയ്ക്കു നടന്നു. നരേട്ടനെ വിവരം അറിയിച്ചപ്പോൾ ആ മുഖം സന്തോഷം കൊണ്ട് വിടർന്നു.

“മീരാ… ഈ ഒരു രാത്രി… ഈ ഒരു രാത്രി കൂടി എനിക്ക് എന്‍റെ പേരക്കുട്ടിയെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നു. അവനു വേണ്ടി എന്‍റെ ഓരോ നിമിഷവും മണിക്കൂറുകളും മാറ്റിവയ്ക്കപ്പെടുമ്പോൾ എന്‍റെ ഹൃദയത്തിൽ നിറയുന്നത് സന്തോഷത്തിന്‍റെ ഒരു അലകടലാണ്.”

നരേട്ടന്‍റെ ചുണ്ടുകൾ അങ്ങിനെ എന്നോട് മന്ത്രിക്കും പോലെ തോന്നി.

അന്ന് രാത്രിയിൽ അവൻ ഉറങ്ങുന്നതു വരെ അവനെ കളിപ്പിച്ച്, കൊഞ്ചിച്ച് നരേട്ടനിരുന്നു. പിന്നെ അവൻ ഉറങ്ങിത്തുടങ്ങിയപ്പോൾ അവനെ അരികിൽ ചേർത്തു കിടത്തി ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു. പിന്നെ ഏതോ ഹിന്ദി മൂവിയിൽ കമലഹാസൻ ശ്രീദേവിയെ ഉറക്കുന്ന താരാട്ടു മൂളി അവനെ ഉറക്കി. നരേട്ടന്‍റെ നാദമധുരിമയിൽ ഞാനും ആ താരാട്ടു കേട്ട് മെല്ലെ കണ്ണുകൾ പൂട്ടി, നരേട്ടന്‍റെ അരികിൽ ചേർന്നു കിടന്നു. സുഖ സുഷുപ്തിയിലാണ്ടു.

പിറ്റേന്ന് കാലത്ത് വാതിൽക്കൽ മുട്ടു കേട്ടാണ് ഞങ്ങൾ ഉണർന്നത്. വാതിൽ തുറന്നു നോക്കുമ്പോൾ ദേവാനന്ദും, കൃഷ്ണമോളും പുഞ്ചിരിയോടെ നിൽക്കുന്നു.

“ഞങ്ങൾക്ക് യാത്ര പുറപ്പെടാൻ സമയമായി മമ്മീ… മോനെ ഇങ്ങു തരൂ…”

കൃഷ്ണമോൾ ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ നരേട്ടൻ മോനെ കെട്ടിപ്പിടിച്ചു കിടന്ന് നല്ല ഉറക്കമാണ്. ആ സുഖ സുഷുപ്തിയിൽ നിന്ന് അവരെ ഉണർത്തുവാൻ മടി തോന്നി. എങ്കിലും ഇനിയും താമസിച്ചാൽ കൃഷ്ണമോൾക്ക് ബാംഗ്ലൂർക്കുള്ള ട്രെയിൻ ലഭിക്കാതെ വന്നാലോ എന്നാലോചിച്ച് നരേട്ടനെ കുലുക്കി വിളിച്ച് പറഞ്ഞു.

“നരേട്ടാ… ഇതാ കൃഷ്ണമോളും, ദേവാനന്ദും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. നരേട്ടൻ മോനെ അവർക്കു കൊടുക്കൂ.”

അപ്പോഴേയ്ക്കും കൃഷ്ണമോൾ നരേട്ടന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“പപ്പാ… ബാംഗ്ലൂർക്കുള്ള ട്രെയിൻ എട്ടു മണിയ്ക്കു തന്നെ വന്നെത്തും. ഞങ്ങൾ താമസിച്ചാൽ ആ ട്രെയിൻ കിട്ടുകയില്ല.”

നരേട്ടൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഓ… ഞാനോർത്തില്ല നിങ്ങൾക്കിന്ന് ബാംഗ്ലൂർക്ക് പോകേണ്ടതാണെന്ന് വൈകിക്കിടന്നതു കാരണം അറിയാതെ ഉറങ്ങിപ്പോയി. മോനെ കളിപ്പിച്ചു കൊണ്ട് കിടന്നതു കാരണം രാത്രിയിൽ അൽപം വൈകിയാണ് ഞാനുറങ്ങിയത്.”

“അതു സാരമില്ല പപ്പാ… മോനെ ചൂടുവെള്ളത്തിൽ ഒന്നു മേൽക്കഴുകിച്ചെടുക്കണം. നല്ല തണുപ്പായത് കൊണ്ട് കുളിപ്പിക്കുന്നില്ല. വേഗം തരൂ പപ്പാ…”

അവൾ വല്ലാതെ ധൃതി കൂട്ടിക്കൊണ്ട് നരേട്ടന്‍റെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ തുനിഞ്ഞു. ഒരു കമ്പിളിത്തൊപ്പിയും കമ്പിളി ഉടുപ്പും ധരിച്ച് നരേട്ടന്‍റെ തോളിൽക്കിടന്നുറങ്ങിയിരുന്ന അവനെ കൃഷ്ണമോൾ അദ്ദേഹത്തിന്‍റെ പക്കൽ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ അവനെ നൽകുമ്പോൾ നരേട്ടന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം ഉണർന്നെണീറ്റ കുഞ്ഞും ഉറക്കെ കരയാൻ തുടങ്ങി. മുത്തച്ഛന്‍റെ ഇളം ചൂടുള്ള സ്നേഹ സ്പർശത്തിൽ നിന്ന് അവനെ അടർത്തിയെടുത്തതിലുള്ള വിദ്വേഷത്തോടെ അവൻ ഉറക്കെക്കരഞ്ഞു. അപ്പോൾ കൃഷ്ണമോൾ പറഞ്ഞു.

“കണ്ടില്ലേ പപ്പയ്ക്കും, കൊച്ചുമോനും തമ്മിൽപ്പിരിയാൻ ഇപ്പോൾത്തന്നെ വലിയ വിഷമം. ഇത്ര കുറച്ചു ദിവസങ്ങൾ കൊണ്ട് നിങ്ങൾ തമ്മിൽ ഇത്രയേറെ അടുത്തു. അപ്പോൾപ്പിന്നെ കൂടുതൽ ദിവസങ്ങൾ ഞങ്ങൾ ഇവിടെ തങ്ങിയിരുന്നുവെങ്കിൽ പപ്പ പിന്നെ മോനെ ഞങ്ങൾക്ക് തന്നു വിടുകയേ ഇല്ലായിരുന്നല്ലോ…” കൃഷ്ണമോൾ അങ്ങിനെ പറഞ്ഞു കൊണ്ട് നരേട്ടനെ നോക്കി ചിരിച്ചു. അപ്പോൾ അവർ ഇത്ര പെട്ടെന്ന് തിരികെപ്പോകാനുള്ള ഒരു കാര്യം അതാണെന്നു തോന്നി. അതുകേട്ട് തൊണ്ടയിടറി കൊണ്ട് നരേട്ടൻ പറഞ്ഞു.

“ശരിയാണ് കൃഷ്ണമോളെ… ഇവനെപ്പിരിയേണ്ടി വരുമ്പോൾ എനിക്കു വലിയ വിഷമം തോന്നുന്നു. ഹൃദയത്തിന് വല്ലാത്ത ഭാരം.”

“പപ്പയും, മമ്മിയും എങ്കിൽ പിന്നെ ഞങ്ങളടെ കൂടെപ്പോരൂ… അതു മാത്രമേ ഇതിനു പരിഹാരമായുള്ളൂ പപ്പാ…”

കൃഷ്ണമോൾ അതു തന്നെ വീണ്ടും ആവർത്തിക്കുന്നതു കേട്ടപ്പോൾ ഞാനിടയിൽക്കയറി പറഞ്ഞു.

“അതിനീ വീടു വിൽക്കുകയും എന്‍റെ ജോലി ഉപേക്ഷിക്കുകയും ഒക്കെ വേണ്ടെ… അതുടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ല.”

എന്‍റെ വാക്കുകൾ കൃഷ്ണമോളെ ചൊടിപ്പിച്ചുവെന്നു തോന്നി. “എങ്കിൽ മമ്മി ഈ വീടും ജോലിയും ഉപേക്ഷിക്കാതെ കെട്ടിപ്പിടിച്ചിരുന്നോ. പപ്പായ്ക്ക് വിഷമം മൂത്ത് എന്തെങ്കിലും സംഭവിക്കുമ്പോൾ മമ്മിയ്ക്കു സമാധാനവുമല്ലോ…”

അങ്ങനെ പറഞ്ഞ് അവൾ ടുട്ടുമോനെയുമെടുത്ത് വേഗത്തിൽ അവിടെ നിന്നും നടന്നു മറഞ്ഞു. കൃഷ്ണമോൾ ഒടുവിൽ പറഞ്ഞ വാക്കുകൾ അറം പറ്റുകയായിരുന്നു വെന്ന് പിന്നീട് ഞാനറിഞ്ഞു.

അന്ന് കാലത്ത് എട്ടുമണിയോടെ മോനെയുമെടുത്ത് യാത്രയാകുമ്പോൾ നൊമ്പരം കടിച്ചിറക്കി വാതിൽക്കൽ നിന്നിരുന്ന നരേട്ടനോടു മാത്രം അവൾ യാത്ര പറഞ്ഞു. എന്നെ മനഃപൂർവ്വം അവഗണിക്കുകയാണെന്ന് മനസ്സിലായി.

(തുടരും)

പെയ്തൊഴിയാതെ…

തകർത്തു പെയ്ത മഴയുടെ ശേഷിപ്പുകൾ മരച്ചില്ലകളിൽ നിന്ന് ഉതിർന്നു വീണു കൊണ്ടിരുന്നു. റോഡിൽ കിടന്ന ചെളി വെള്ളം തെറിപ്പിച്ച് വാഹനങ്ങൾ കടന്നു പോയി. ഇതൊന്നുമറിയാതെ ജോസഫ് റോഡരുകിലിരുന്ന് കല്ലുകൾ പെറുക്കി സഞ്ചിയിലാക്കി കൊണ്ടിരുന്നു. ഒന്നിനു പുറകേ ഒന്നായി അവ സഞ്ചിയിലേയ്ക്ക് വീണു.

ചുണ്ടിലിരുന്ന ബീഡി ആവുന്നത്ര ആഞ്ഞു വലിക്കാൻ അയാൾ ശ്രമിച്ചു. പക്ഷേ മഴത്തുള്ളികൾ അത് കെടുത്തിക്കളഞ്ഞു. എങ്കിലും അറിയാതെ അയാൾ ആഞ്ഞുവലി തുടർന്നുകൊണ്ടേയിരുന്നു. ഒപ്പം കല്ലു പെറുക്കുന്നതും.

ശിരസ്സിൽ വീണ ഒരു വലിയ മഴത്തുള്ളി മുതുകിലൂടെ ഒഴുകിയിറങ്ങി താഴേക്ക് പതിച്ചു. അയാളുടെ മുഴുവൻ പാപക്കറയും താൻ ഒഴുക്കിക്കളഞ്ഞതായി ആ മഴത്തുള്ളി അഹങ്കരിച്ചു.

അടുത്ത ബസ്സറ്റോപ്പിൽ പലവിധ നിറങ്ങൾ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്‌തു. പലജാതിയിൽപ്പെട്ട പല പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. അതും ജോസഫ് അറിഞ്ഞില്ല.

അയൽ സംസ്ഥാനത്ത് നിലവിലിരുന്ന പാർട്ടിയുടെ ഭരണം പോയതും എതിർകക്ഷികൾ ഭരണം തുടങ്ങിയതും അയാൾ അറിഞ്ഞില്ല. ആണവക്കരാറിലും ആസിയാൻ കരാറിലും കേന്ദ്രം ഒപ്പു വച്ചതും ജോസഫ് അറിഞ്ഞില്ല.

കാലം കണക്കുകൂട്ടി വച്ച കല്ലുകൾ തെറ്റാതെ അയാൾ സഞ്ചിയിലാക്കുമ്പോഴും തന്‍റെ ജീവിതത്തിലെ കണക്കുകൾ തെറ്റിയതും അയാൾ അറിഞ്ഞില്ല.

അയാളുടെ മനസ്സ് നിറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ എഴുന്നേറ്റ് നിന്ന് നിറഞ്ഞ സഞ്ചി ആകാശത്തിലേയ്ക്കുയർത്തി പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ ഭൂമിയിലേയ്ക്ക് കുടഞ്ഞിടുമ്പോഴും താൻ ചെയ്യുന്നതെന്തെന്ന് അയാൾ അറിഞ്ഞിരുന്നില്ല.

ഒന്നിനു പിറകേ ഒന്നായി കല്ലുകൾ താഴേയ്ക്ക് പതിച്ചു. അവ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം ഒരാർത്തനാദം പോലെ അയാളുടെ കാതുകളിൽ മുഴങ്ങി. അയാൾ ചിരിച്ചു. ചിരി അട്ടഹാസമായി മാറി. അതിൽ വെറുപ്പും ദൈഷ്യവും സങ്കടവും എല്ലാം അടങ്ങിയിരുന്നു.

ഇരുകൈകളും ആകാശത്തിലേയ്ക്കുയർത്തി അയാൾ നിൽക്കവേ, മഴത്തുള്ളികൾ അയാളുടെ കണ്ണുകളിൽ പതിച്ചു. അത് ചാലുകളായി താഴേയ്ക്ക് ഒഴുകിയൊഴുകി ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു. പെട്ടെന്ന് എല്ലാം ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു.

പെട്ടെന്ന് എല്ലാം നിലച്ചു. അയാൾ താഴേയ്ക്ക് ഇരുന്നു. വീണ്ടും കല്ലുകൾ പെറുക്കി സഞ്ചിയിലേയ്ക്ക് ഇടാൻ തുടങ്ങി. അത് നിറയുകയും ഒഴിയുകയും ചെയ്‌തു കൊണ്ടിരുന്നു.

നേരം വൈകിയപ്പോൾ, അവസാന കല്ലും കുടഞ്ഞിട്ട് സഞ്ചിമടക്കി കക്ഷത്തിൽ വച്ച് ഒരു ബീഡി എടുത്ത് തീ കൊളുത്തി ആഞ്ഞാഞ്ഞ് വലിച്ച് പുകയൂതി വിട്ട് അയാൾ ധൃതിയിൽ കിഴക്കോട്ട് നടന്നു. പുന്നമടക്കായലായിരുന്നു ലക്ഷ്യം. കായലിൽ മുങ്ങി നിവർന്ന് മുഷിഞ്ഞു കീറിത്തുടങ്ങിയ ഷർട്ടും മുണ്ടും ധരിച്ച് വടക്കോട്ട് നടന്നു തുടങ്ങി. പൂന്തോപ്പ് പള്ളിക്കു മുന്നിലെത്തി റോഡ് മുറിച്ച് കടന്ന് കുഞ്ഞുമോന്‍റെ കടയിലെത്തി, മിഠായി ഭരണിയുടെ അടപ്പിൽ തട്ടി അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു. “ചായ…ചായ…” ചായ കുടിക്കുന്നതിനിടയിൽ അടുത്ത ചോദ്യം:

“ബീഡി തരുവോ?” അതാണ് പതിവ്. പരിചയക്കാരല്ലാത്തവരോട് ജോസ്ഫ് ഒന്നും ചോദിക്കാറില്ലായിരുന്നു.

ബീഡി ആഞ്ഞു വലിച്ച് ആരോ ഏൽപ്പിച്ചതു പോലുള്ള ജോലി മുഴുവൻ ചെയ്‌തു തീർത്ത സംതൃപ്തിയിൽ അയാൾ നടന്നു.

ആ കാലടിപ്പാടുകൾ ചെറുതായി ചെറുതായി വന്നു. തെളിഞ്ഞ ആകാശത്തിനു കീഴെ തലയെടുപ്പോടെ നിൽക്കുന്ന മരങ്ങൾ, അവയിൽ കിളികൾ കൂടു കൂട്ടിയിരുന്നു. ഒരു തുമ്പിയെ പിടിക്കാൻ ജോസഫും റോസ്മേരിയും മരങ്ങൾക്കിടയിലൂടെ പതുങ്ങി പതുങ്ങി നടന്നു. രണ്ടുപേരെയും കബളിപ്പിച്ച് ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് തുമ്പി പറന്നു നടന്നു.

കറുത്ത കൺപീലികളോടു കൂടിയ വലിയ കണ്ണുകളായിരുന്നു അവളുടേത്. പേരു പോലെ നിറമുള്ള ചുണ്ടുകളും. സ്കൂളിലും പള്ളിയിലും പോകുന്നത് ജോസഫും റോസ്മേരിയും ഒരുമിച്ചായിരുന്നു. സ്കൂളിൽ പോകാൻ അവൾ വരുമ്പോൾ മുറ്റത്തു നിൽക്കുന്ന ചാമ്പമരത്തിൽ നിന്നും റോസ് നിറത്തിലുള്ള ചാമ്പയ്ക്കാ പറിച്ച് അവൻ അവൾക്ക് കൊടുക്കുമായിരുന്നു.

ഒരു ദിവസം ചാമ്പയ്ക്കാ കിട്ടിയില്ലെങ്കിൽ അവൾ പിണങ്ങും. ചെറിയ കാര്യം മതിയായിരുന്നു അവൾക്ക് പിണങ്ങാൻ. ഇണങ്ങിയും പിണങ്ങിയും രാത്രിയും പകലും കടന്നു പോയ്ക്കൊണ്ടിരുന്നു.

നക്ഷത്രങ്ങളില്ലാത്ത ആകാശം. ഇരുട്ടിന് കട്ടി കൂടി കൂടി വന്നു. തണുത്ത കാറ്റ് ആഞ്ഞുവീശി. മരത്തിനു മുകളിലിരുന്ന കൂമൻ ചിറകടിച്ച് പറന്നു പോയി. നായ്ക്കളുടെ ഓരിയിടൽ മാത്രമായിരുന്നു ആ ഭീകര രാത്രിക്ക് കൂട്ടായിരുന്നത്.

ഇരുട്ടിന്‍റെ കരിമ്പടം മാറ്റി സൂര്യൻ പതിയെപ്പതിയെ പുറത്തേയ്ക്ക് വന്നു. എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ആൾക്കാർ ഓടിപ്പോകുന്ന ശബ്ദം കേട്ടു കൊണ്ടാണ് കണ്ണും തിരുമ്മി ജോസഫ് വീടിനു പുറത്തേയ്ക്ക് വന്നത്. റോസ്മേരിയുടെ വീടിനെ ലക്ഷ്യം വച്ച് ഓടിയവരുടെ കൂടെ ജോസഫും കൂടി.

അവളുടെ വീടിന് തൊട്ടടുത്ത പറമ്പിൽ ആൾക്കാർ വട്ടം കൂടി നിൽക്കുന്നു. അവരുടെ ഇടയിലൂടെ തിക്കിത്തിരക്കി എത്തിയ ജോസഫിന് ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ.

ദേഹം മുഴുവൻ ചോരയിൽ കുളിച്ച്, ഏതോ കാമദ്രോഹി കടിച്ചു തുപ്പിയ കരിമ്പിൻ ചണ്ടിയായി റോസ്മേരി കിടക്കുന്നു. ആ വലിയ കണ്ണുകൾ അടഞ്ഞിരുന്നില്ല. ചുണ്ടുകളിലെ നിറം മാഞ്ഞു പോയിരുന്നു. അലറിക്കരഞ്ഞു കൊണ്ട് അവൻ പിൻതിരിഞ്ഞോടി.

ഒരുപാട് കൈകൾ തന്നെപ്പിടിക്കാൻ വരുന്നതായി ജോസഫിന് തോന്നി. പെട്ടെന്ന് കല്ലുകളെടുത്ത് അവൻ തലങ്ങും വിലങ്ങും എറിയാൻ തുടങ്ങി. ഒടുവിൽ കുറേ കല്ലുകൾ വാരി നെഞ്ചോട് അടുക്കിപ്പിടിച്ചു. പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകളായിരുന്നു അതെല്ലാം. ദിവസങ്ങൾ ഏൽപ്പിക്കുന്ന മുറിവുകളുടെ ബാക്കി ഏറ്റെടുത്തു കൊണ്ട് മാസങ്ങളും വർഷങ്ങളും കടന്നു പോയി.

കാലം തെറ്റാതെ. എല്ലാം സംഹരിക്കാനുള്ള ആഗ്രഹത്തോടെ മഴ തകർത്തു പെയ്തു.

“ജില്ലാക്കോടതി പാലത്തിനരുകിലിരുന്ന് കല്ല് പെറുക്കി സഞ്ചിയിലാക്കുന്ന ആ വട്ടനുണ്ടല്ലോ- ജോസഫ് അയാൾ മരിച്ചു.”

ആരോ പറഞ്ഞതു കേട്ട് കുഞ്ഞുമോൻ ഒഴിഞ്ഞ ചായ ഗ്ലാസിലേയ്ക്കും ബീഡി പാത്രത്തിലേയ്ക്കും മാറി മാറി നോക്കി. തോരാതെ പെയ്യുന്ന മഴയിൽ പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ അപ്പോഴും കോടതിപ്പാലത്തിന് സമീപം കൂടിക്കിടക്കുന്നുണ്ടായിരുന്നു.

കെമിസ്ട്രി

ബൈ, അമ്മേ ദേ ഞാൻ പോകുവാ… പിന്നെ അമ്മേ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കും മുമ്പ് മരുന്ന് കഴിക്കാൻ മറക്കരുതെ.” പല്ലവി ഓഫീസിലേക്ക് തിരക്കിട്ടിറങ്ങും മുമ്പ് അമ്മയെ ഓർമ്മിപ്പിച്ചു.

“ഈ ടിഫിൻ കൂടി എടുക്ക്. എന്നും മറന്നു വച്ചിട്ട് ഒറ്റപ്പോക്കാ… ഓഫീസിൽ എത്തിയിട്ട് വിളിക്കണേ” ലളിതാമ്മ പിറകെ വന്നു പറഞ്ഞു.

“ഞാൻ മറന്നാലെന്താ, എന്നെ ഓർമ്മിപ്പിക്കാൻ ഈ പുന്നാരയമ്മയില്ലേ?” പല്ലവി ടിഫിൻ വാങ്ങി കൊണ്ട് അമ്മയുടെ ചുമലിൽ സ്നേഹത്തോടെ പിടിച്ചു.

അമ്മയും വാത്സല്യത്തോടെ പല്ലവിയുടെ കവിളിൽ നുള്ളി. കാന്‍റീനിൽ നിന്നും ഭക്ഷണം കഴിക്കരുതെന്ന് അമ്മ ഓർമ്മിപ്പിക്കാനും മറന്നില്ല.

“ഇല്ലമ്മേ, ഞാൻ കഴിക്കില്ല… പിന്നെ അമ്മേ വൈകിട്ട് 5 മണിക്ക് റെഡിയായിരിക്കണം. ഞാൻ വേഗം വരാൻ നോക്കാം.” പല്ലവി അമ്മയുടെ ചെവിയിൽ പിറുപിറുത്തു.

“എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം?” പല്ലവിയും അമ്മയും തമ്മിലുള്ള പതിഞ്ഞ സംസാരം കേട്ട് വിനീത് ചോദിച്ചു.

“അച്‌ഛാ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവിടെ അമ്മായിയമ്മയും മരുമകളും തമ്മിൽ എന്തോ ഗൂഢാലോചന നടക്കുകയാ.”

വിനീത് ഉച്ചത്തിൽ പറയുന്നത് കേട്ട് സ്വീകരണ മുറിയിലിരുന്ന് പത്രം വായിക്കുകയായിരുന്ന വാസുദേവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ പ്രശ്നം അങ്ങനെ വിടാൻ വിനീത് തയ്യാറായില്ല.

അയാൾ കാര്യമറിയാനായി അമ്മയുടെ പിന്നാലെ നടന്നു. സ്വകാര്യമെന്താണെന്ന് അറിയാൻ വിനീത് അമ്മയോട് ആവർത്തിച്ചാവർത്തിച്ച് അപേക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ അമ്മ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി.

“അത് ഞങ്ങൾ അമ്മയും മരുമകളും തമ്മിലുള്ള കാര്യമാണ്.” ലളിതാമ്മ കുസൃതിയോടെ വിനീതിന്‍റെ ചെവി പിടിച്ച് നുള്ളി.

അമ്മയുടെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് അറിഞ്ഞതോടെ വിനീത് ഓഫീസിലേക്ക് പുറപ്പെട്ടു. ഇരുവരും ഓഫീസിലേക്ക് പോയ ശേഷം ലളിതാമ്മ 2 കപ്പ് ചായയുമായി ചിരിച്ചു കൊണ്ട് വാസുദേവനരികിൽ ചെന്നിരുന്നു. ലളിതാമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കെ ഭാര്യയെ നോക്കി വാസുദേവൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു.

“എന്താ ഇങ്ങനെ ചിരിക്കുന്നത്? എന്തോ ഒന്ന് മനസിലൊളിപ്പിക്കുന്നുണ്ടല്ലോ…?” ലളിതാമ്മ പൊട്ടിച്ചിരിയോടെ വാസുദേവനെ നോക്കി.

“നിന്‍റെ കുട്ടിക്കളി ഇതുവരെ മാറിയില്ലല്ലോയെന്നോർത്ത് ചിരിച്ചതാ. നിങ്ങൾ തമ്മിൽ പറഞ്ഞ കാര്യം ആ പാവത്തിനോട് എന്താ പറയാതിരുന്നത്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹം… അപാരമാ… അത് കാണുന്നത് തന്നെ സന്തോഷമാണ്.” വാസുദേവൻ പറഞ്ഞത് കേട്ട് ലളിതാമ്മ ദീർഘമായി നിശ്വസിച്ചു.

“ശരിയാ, നമ്മുടെ സമൂഹത്തിലാണെങ്കിൽ പെണ്ണിനെ കെട്ടിച്ചയക്കുന്നതോടെ അവളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഭർത്താവിന്‍റെ വീട്ടിലായിരിക്കും. ഭർത്താവിന്‍റെ വീട്ടിൽ ആദ്യമായി കാലുകുത്തുന്നത് തന്നെ വലിയ പേടിയോടെയാവും. ഭർത്താവിന്‍റെ വീട്ടുകാർ തന്നെ അംഗീകരിക്കുമോ ഇല്ലയോ എന്നൊക്കെ ഓർത്ത് ആശങ്കപ്പെടും. പക്ഷേ മിക്ക വീടുകളിലും സംഭവിക്കുന്നതെന്താ, വന്ന് കയറുന്ന മരുമകളെ കൊണ്ട് അമ്മായിയമ്മ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യിക്കും. പോരാത്തതിന് കുറ്റപ്പെടുത്തലും കലഹവും. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലാത്തതു കൊണ്ടാ അങ്ങനെ സംഭവിക്കുന്നത്. അംഗീകരിക്കാനുള്ള മനസ്സും കാണിക്കണം. ഭാഗ്യത്തിന് ഞങ്ങൾ രണ്ടാൾക്കും അതുണ്ട്.”

“വീടിന്‍റെ നല്ലതിനു വേണ്ടി മരുമകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമില്ലേ? അവളുടെ അഭിപ്രായങ്ങളെ മാനിക്കേണ്ടതല്ലേ? തന്‍റെ മകനെ വീട്ടിൽ വന്ന് കയറുന്ന മരുമകൾ തട്ടിയെടുക്കുമെന്ന് എന്തു കൊണ്ടാ അമ്മായിയമ്മ ചിന്തിക്കുന്നത്? അങ്ങനെ തോന്നുവാണെങ്കിൽ മോനെ പിടിച്ച് പെണ്ണ് കെട്ടിക്കുന്നതെന്തിനാ? സാരി തുമ്പിൽ കെട്ടിയിട്ട് കൊണ്ട് നടന്നാൽ പോരെ. വിവാഹശേഷം മോൻ വല്ലതും എതിർത്ത് പറഞ്ഞാലോ… മരുമകളുടെ തലയിണ മന്ത്രമാണെന്നായിരിക്കും അമ്മായിയമ്മയുടെ കണ്ടുപിടുത്തം.” ലളിതാമ്മ വികാരധീനയായി പറഞ്ഞു കൊണ്ടിരുന്നു. അവരുടെ മുഖത്തെ ഭാവ മാറ്റം വാസുദേവൻ ശ്രദ്ധിച്ചു.

ലളിതാമ്മയുടെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് ഊറി കൂടിയ സങ്കടങ്ങളാണ് പുറത്തേക്ക് വരുന്നതെന്ന് വാസുദേവന് മനസിലായി. തന്‍റെ അമ്മയിൽ നിന്നും എന്തുമാത്രം കഷ്ടതകളാണ് ലളിത സഹിച്ചത്.

ഒരിക്കലും അമ്മ അവളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചിരുന്നില്ല. നിസ്സാര കാര്യത്തിനുപോലും അമ്മ ലളിതയെ ക്രൂരമായി ശകാരിച്ചിരുന്നു. ദേഷ്യം വന്ന് അമ്മ അടിച്ച സംഭവം വരെയുണ്ടായി. അന്നൊക്കെ ലളിത നിശബ്ദയായി തേങ്ങിക്കരഞ്ഞ്, സങ്കടങ്ങളെയൊക്കെ ഉള്ളിലൊളിപ്പിച്ച് വീട്ടിലെ മുഴുവൻ ജോലിയും ഒരു യന്ത്രം കണക്കെ ചെയ്‌തു തീർക്കും.

പക്ഷേ ഒരു കാര്യത്തിൽ മാത്രം ലളിത അമ്മയോട് പ്രതികരിക്കുമായിരുന്നു. തന്‍റെ അമ്മയേയും അച്‌ഛനേയും അമ്മായിയമ്മ അനാവശ്യമായി കുറ്റപ്പെടുത്തുമ്പോൾ ലളിതയ്ക്ക് സഹിക്കില്ല. അപ്പോഴൊക്കെ ലളിതയെ വീട്ടിൽ കൊണ്ടു വിടുമെന്ന് പറഞ്ഞ് അമ്മ ഭീഷണി മുഴക്കും. തന്‍റെ മകന് പെൺകുട്ടികളെ കിട്ടാൻ വിഷമമൊന്നും ഇല്ലെന്നും അമ്മ പറഞ്ഞ് ലളിതയെ താക്കീതും ചെയ്‌തിരുന്നു. പാവം വാസുദേവനും ഇക്കാര്യത്തിൽ നിസ്സഹാനായി ഇരിക്കാനെ കഴിഞ്ഞുള്ളൂ.

സങ്കടവും നിസ്സഹായവസ്‌ഥയും ഉള്ളിൽ കടിച്ചമർത്തുകയല്ലാതെ അമ്മയെ എതിർത്ത് ഒരക്ഷരവും പറയാൻ അദ്ദേഹത്തിനായില്ല. അഥവാ ചെറുതായി പോലും എന്തെങ്കിലും അമ്മയെ കുറ്റപ്പെടുത്തിയാൽ പെൺകോന്തൻ, നാണമില്ലാത്തവൻ എന്നിങ്ങനെയുള്ള ആക്ഷേപ പദങ്ങൾ കൊണ്ട് അമ്മ വാസുദേവന്‍റെ നാവടപ്പിച്ചിരുന്നു. അതിനും കുറ്റം മുഴുവനും ലളിതാമ്മയ്ക്കായിരുന്നു. ആ കയ്പ്പുനിറഞ്ഞ ഓർമ്മകൾ ഇന്നലെയെന്നോണം ഇരുവരുടേയും മനസ്സിലേക്ക് ഓടി വന്നു.

“നമ്മുടെ വീട്ടിൽ ഒരു മരുമകൾ കടന്നുവരികയാണെങ്കിൽ ഞാനൊരിക്കലും അമ്മായിയമ്മ ആകില്ലെന്നും വീട്ടിലെ മുഴുവൻ ഭാരങ്ങളും മരുമകളുടെ തലയിൽ കെട്ടി വച്ച് ബുദ്ധിമുട്ടിക്കില്ലെന്നും ഞാനന്നേ വിചാരിച്ചതാ. കാരണം ആ പെൺകുട്ടിയും ഏറെ പ്രതീക്ഷയോടെയായിരിക്കുമല്ലോ ഈ വീടിന്‍റെ പടി ചവിട്ടുക.”

“പക്ഷേ, നിന്‍റെ മരുമകൾ നല്ലവളല്ലായിരുന്നെങ്കിലോ? അപ്പോൾ എന്ത് ചെയ്തേനെ” വാസുദേവൻ ചെറുചിരിയോടെയാണ് ലളിതാമ്മയോട് ചോദിച്ചു.

ഭർത്താവിന്‍റെ ചോദ്യം കേട്ട് ലളി താമ്മ പൊട്ടിച്ചിരിച്ചു. “എന്‍റെ ആഗ്രഹമനുസരിച്ചുള്ള മരുമകൾ വരാതിരിക്കട്ടെയെന്നും ഞാൻ ചിന്തിച്ചിരുന്നു. എന്നാലും ഞാൻ നല്ല അമ്മയാവുമായിരുന്നു. എല്ലാ പെൺകുട്ടികളും നല്ല മരുമകളാകണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ അതിനായി അമ്മായിയമ്മമാരും സ്വന്തം ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധമുള്ളവരാകണം. അയ്യോ സംസാരിച്ച് സമയം പോയതറിഞ്ഞില്ല.” ക്ലോക്കിലേക്ക് നോക്കിയ ലളിതാമ്മ സോഫയിൽ നിന്നും ചാടിയെണീറ്റു.

“ഇന്ന് ഷോപ്പിലേക്ക് പോകുന്നില്ലേ?” ലളിതാമ്മ വാസുദേവനെ ഓർമ്മിപ്പിച്ചു.

“ഇന്ന് അവധിയെടുത്താലോ എന്ന് ആലോചിക്കുകയാണ്. തന്നെയുമല്ല ലേറ്റ് ആവുകയും ചെയ്‌തു. പൊതുവെ കസ്റ്റമേഴ്സും കുറവായിരിക്കും. ഇന്ന് സ്റ്റാഫ് കാര്യങ്ങൾ നോക്കട്ടെ” വാസുദേവൻ പറഞ്ഞു.

വാസുദേവന് സിറ്റിയിൽ സ്വന്തമായി ഒരു ടെക്സ്റ്റെയിൽ ഷോറൂം ഉണ്ട്. പണ്ടു തുടങ്ങിയുള്ള ബിസിനസ്സാണ്. അതുകൊണ്ടാണ് കുടുംബം ഈ നിലയിലായത്.

“നീയും മരുമകളും എന്താ പ്ലാൻ ചെയ്‌തിരിക്കുന്നതെന്ന് പറ?” വാസുദേവൻ ആകാംക്ഷയോടെ ലളിതാമ്മയെ നോക്കി.

വാസുദേവന്‍റെ ചോദ്യത്തിന് മുന്നിൽ ലളിതാമ്മ ആദ്യമൊന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും അയാളുടെ ആവർത്തിച്ചുള്ള ചോദ്യത്തിൽ ലളിതാമ്മയ്ക്ക് ആ രഹസ്യം പറയേണ്ടി വന്നു. “ഇന്ന് ഞങ്ങൾ രണ്ടുപേരും കൂടി ഒരു സിനിമ കാണാൻ പോകുവാ.”

“ഏത് സിനിമ?” വാസുദേവന്‍റെ കണ്ണുകൾ തിളങ്ങി.

“അതൊക്കെയുണ്ട്. ഇന്ന് നിങ്ങൾ ഇവിടെയുള്ള സ്‌ഥിതിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കേണ്ട ചുമതല നിങ്ങൾക്കാണ്.” ലളിതാമ്മ ഗൂഢമായി പുഞ്ചിരിച്ചു.

“ഓഹോ, നിങ്ങൾ അമ്മയും മോളും കൂടി സിനിമ കാണുമ്പോൾ ഞങ്ങൾ അച്ഛനും മോനും കൂടി വീട്ടിലെ കാര്യങ്ങൾ നോക്കണമല്ലേ ഇതല്ലേ പറയാൻ ആഗ്രഹിക്കുന്നത്.”

“അതെ, അങ്ങനെ തന്നെയാണ്” എന്ന് ചിരിച്ചു കൊണ്ട് ലളിതാമ്മ അടുക്കളയിലേക്ക് പോയി.

“എങ്കിൽ ശരി, ഞങ്ങൾ ഫുഡ് ഉണ്ടാക്കിക്കോളാം. പക്ഷേ ഇപ്പോ ഒരു കപ്പ് ചായ ഉണ്ടാക്കി തരാമോ” ലളിതാമ്മ പരിഭവം നടിച്ചുകൊണ്ട് ചായ തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയി.

എന്തൊക്കെയായാലും ലളിതാമ്മയും വാസുദേവനും മാതൃകാദമ്പതികളായിരുന്നു. അവർ സ്വന്തം ജീവിതത്തിൽ ഏറെ സന്തുഷ്ടരായിരുന്നു. അവരുടെ ലോകത്തേക്ക് കടന്നു വന്ന പല്ലവിയാകട്ടെ മരുമകളായിരുന്നില്ല. മകൾ തന്നെയായിരുന്നു. താനൊരു മരുമകളാണെന്ന ചിന്ത പല്ലവിയിൽ ഉണ്ടാകാത്ത വിധമായിരുന്നു അവരുടെ പെരുമാറ്റവും.

അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പല്ലവിയും ലളിതാമ്മയും തമ്മിലുള്ള ബന്ധം അദ്ഭുതമായിരുന്നു. അമ്മയും മരുമകളും തമ്മിലുള്ള ബന്ധത്തെയും അടുപ്പത്തേയും കുറിച്ച് അവരെല്ലാവരും അസൂയ കലർന്ന അഭിമാനത്തോടെയാണ് സംസാരിച്ചിരുന്നത്. ഒരുമിച്ച് സന്തോഷത്തോടെ ഇങ്ങനെ കഴിയാൻ പറ്റുമോയെന്നായിരുന്നു അവർക്ക് സംശയം. അവർ അമ്മായിയമ്മയും മരുമകളുമാണെന്ന് പെരുമാറ്റത്തിൽ നിന്നും തിരിച്ചറിയുക പോലുമില്ലായിരുന്നു.

ഒരു മൾട്ടി നാഷണൽ കമ്പനിയിലായിരുന്നു പല്ലവിയ്ക്ക് ജോലി. അവിടെ വച്ച് വിനീതുമായി പരിചയത്തിലാവുകയായിരുന്നു. ആ പരിചയം പ്രണയമായി മാറി. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ അവർ വിവാഹിതരുമായി.

കുട്ടിക്കാലം മുതൽക്കേ, പല്ലവിയ്ക്ക് അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിങ്ങനെയുള്ള വ്യക്തികൾ പേടിയുളവാക്കുന്ന കാര്യങ്ങളായിരുന്നു. അമ്മായിയമ്മയ്ക്കും മരുമകൾക്കും തമ്മിൽ ഒരിക്കലും സ്നേഹപൂർവ്വം ഇടപഴകാൻ കഴിയില്ലെന്ന ധാരണ അവളുടെ മനസിൽ പണ്ടുതൊട്ടെ അടിയുറച്ചിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്.

തന്‍റെ അമ്മയും അച്‌ഛമ്മയും പരസ്പരം കലഹിക്കുന്നതിന് അവൾ കുട്ടിക്കാലം മുതൽക്കേ സാക്ഷിയായിരുന്നു. അവർ ഒരിക്കലും പരസ്പരം സ്നേഹത്തോടെ ഇടപഴകുന്നത് അവൾ കണ്ടിരുന്നില്ല. അതുപോലെയായിരുന്നു അവൾക്കടുപ്പമുണ്ടായിരുന്ന ബന്ധുവീടുകളിലെല്ലാം. പരിസരത്തുള്ള വീടുകളിലും സ്ഥിതി ഇങ്ങനെയൊക്കെ തന്നെ.

പല്ലവിയുടെ വീട്ടിൽ അച്‌ഛമ്മയും മോശമായിരുന്നില്ല. അച്ഛമ്മ ഒരു കാര്യം പറയുമ്പോൾ അമ്മ ആയിരം തവണ അതിനെ എതിർത്തു പറയും. പിന്നെ അടുത്ത നിമിഷം എന്താ ഉണ്ടാകുന്നതെന്ന് പറയേണ്ടതുണ്ടോ…

അങ്ങനെയിരിക്കെ പല്ലവിയുടെ അച്‌ഛമ്മ എന്നന്നേക്കുമായി വിട പറഞ്ഞു. അച്‌ഛമ്മയുടെ മരണാനന്തരച്ചടങ്ങിൽ തന്‍റെയമ്മ എല്ലാവരുടെയും മുന്നിൽ കള്ളക്കണ്ണീർ ഒഴുക്കുന്നത് കണ്ട് പല്ലവിയ്ക്ക് ആശ്ചര്യം തോന്നി. തന്‍റെ അമ്മായിയമ്മയല്ല, തന്‍റെ സ്വന്തം അമ്മയാണ് മരിച്ചതെന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മയെ കണ്ടപ്പോൾ പല്ലവി അമ്പരന്നു. ആ സമയത്ത് സത്യാവസ്ഥ എല്ലാവരോടും തുറന്ന് പറയാൻ തോന്നിയിരുന്നുവെങ്കിലും അവൾ നിശബ്ദത പാലിക്കുകയായിരുന്നു.

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കലഹം കണ്ടും കേട്ടും വളർന്ന പല്ലവിയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടിരുന്നു. വിവാഹത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ അവൾക്ക് ഞെട്ടലായിരുന്നു. തന്‍റെ വരനാകാൻ പോകുന്നയാളുടെ വീട് എങ്ങനെയായിരിക്കും. ഭാവി ഭർത്താവിന്‍റെ അമ്മ തന്നോട് കലഹിക്കുമോ എന്നൊക്കെയുള്ള ആശങ്കകളായിരുന്നു അവളുടെ മനസ്സിൽ. അവളുടെ മനസ്സിൽ വിവാഹത്തെ ക്കുറിച്ച് കേൾക്കുമ്പോഴൊക്കെ ആധികൾ കടന്നുവന്നു.

തന്‍റെ മനസിലുള്ള ഈ ആശങ്കയെ പറ്റി അവൾ വിനീതിനോടും പറഞ്ഞിരുന്നു. അത് കേട്ട് വിനീത് അന്ന് കുറേനേരം ചിരിക്കുകയും ചെയ്‌തു.

“അയ്യോ ആകെ കുഴപ്പാമാ, എന്‍റെ അമ്മ ശരിക്കും ഒരു ഭീകര ജീവിയാ. ഹൊ എന്‍റെ കാര്യമൊക്കെ വീട്ടിൽ മഹാ കഷ്ടമാ… അപ്പോ ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിന്‍റെ കാര്യം പറയാനുണ്ടോ? നീ ഒന്നു കൂടി ആലോചിച്ചിട്ട് മതി കല്യാണം. പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുത്.” പല്ലവി മിഴിച്ചിരുന്നു.

“ഒന്നു പോ പെണ്ണേ, എന്‍റെയമ്മ പഴയകാലത്തെ അമ്മായിയമ്മയൊന്നുമല്ല. നിനക്ക് അമ്മയെ കണ്ട് കഴിയുമ്പോൾ മനസിലാവും.”

വിനീതിന്‍റെ മറുപടി അവളുടെ ഭയത്തെ അകറ്റിയെങ്കിലും അത് പൂർണ്ണമായും മാറിയിരുന്നില്ല. എന്നാലും അമ്മായിയമ്മയെ ചൊല്ലി ഉള്ളിലെവിടെയോ ഒരു വെറുപ്പ് ഉണ്ടായിരുന്നു. വിനീതിന്‍റെ വീട്ടിൽ കാലുകുത്തും വരെ അവളുടെ മനസ്സിൽ അമ്മായിയമ്മയ്ക്ക് ഒരിക്കലും ഒരമ്മയാകാൻ പറ്റില്ലായെന്ന ആശങ്ക മാത്രമായിരുന്നു.

പോരാത്തതിന് വിവാഹം അടുത്ത സമയങ്ങളിലൊക്കെ അമ്മായിയമ്മയോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് അമ്മ അവൾക്ക് ഉപദേശവും നൽകിയിരുന്നു.

“നോക്ക് മോളെ, അമ്മായിയമ്മയെ അമ്മയായി കരുതരുത്. അങ്ങനെയൊരു മണ്ടത്തരം നീ കാട്ടരുത്. അമ്മായിയമ്മ ഒരു ഭദ്രകാളിയായിരിക്കും. അമ്മേ അമ്മേന്ന് വിളിച്ചിട്ട് അവരെ തലയിൽ കയറ്റിയിരുത്തരുത്. ചെന്നപാടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യരുത്. പരമാവധി ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താൽ അവർ നിന്‍റെ തലയിൽ കയറില്ല. മറ്റൊന്ന് ഭർത്താവിനെ കയ്യിലൊതുക്കുകയെന്നതാ. നിന്‍റെ അറിവോടെ മാത്രമേ വിനീത് ഏത് കാര്യവും ചെയ്യാൻ പാടുള്ളൂ. ഞാൻ പറഞ്ഞതൊക്കെ മനസിലാവുന്നുണ്ടല്ലോ?”

അമ്മ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിലും മറ്റ് ചില കാര്യങ്ങൾ അവൾ തള്ളിക്കളഞ്ഞു.

ഭർതൃവീട്ടിൽ ആദ്യമായി വലത് കാൽ വച്ച് കയറിയപ്പോൾ അവൾ ലളിതാമ്മയുടെ മുഖത്തേക്ക് ആദ്യമായി സൂക്ഷിച്ച് നോക്കി. അവരുടെ തടിച്ചുരുണ്ട മുഖവും തടിച്ച ശരീര പ്രകൃതവുമൊക്കെ കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ ഭയം തോന്നി.

നിറഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അവരുടെ സംസാരം കേൾക്കുമ്പോഴൊക്കെ പല്ലവിയ്ക്ക് വിറയൽ അനുഭവപ്പെട്ടു. അപ്പോഴെ അവളുടെ മനസിൽ ഒരു വിചാരം കടന്നു കൂടി. ഇനിയുള്ള തന്‍റെ ജീവിതത്തിൽ ഒരു പാവം മരുമകൾ സഹിക്കേണ്ട എല്ലാ യാതനകളും സഹിക്കേണ്ടി വരുമെന്ന വിചാരം.

ഒരു ദിവസം തന്‍റെ അമ്മയെക്കുറിച്ചോർത്ത് പല്ലവി കരയുന്നത് കണ്ട് ലളിതാമ്മ നെഞ്ചോട് ചേർത്തു പിടിച്ച് അവളെ ആശ്വസിപ്പിച്ചു. തന്നെ സ്വന്തം അമ്മയെപ്പോലെ കരുതുകയെന്നവരുടെ സ്നേഹപൂർവ്വമായ നിർദ്ദേശം അവളുടെ മനസിന് ആശ്വാസം പകർന്നു.

“ഇവിടെ ഒരു കാര്യത്തിനും ഒരു തടസ്സവും നിയന്ത്രണവുമുണ്ടാകില്ല. ഇത് നിന്‍റെയും കൂടി വീടാണ് മോളെ. മോള് എന്‍റെ സ്വന്തം മകൾ തന്നെയാ.” ലളിതാമ്മയുടെ സ്നേഹ നിർഭരമായ വാക്കുകൾ അവളുടെ മനസിലെ സകല ആശങ്കകളേയും തൂത്തെറിഞ്ഞു. ആ വീടുമായി ഇണങ്ങിച്ചേരാനും ബന്ധുക്കളെ പരിചയപ്പെടാനും ലളിതാമ്മ അവൾക്ക് വേണ്ട അവസരങ്ങൾ ഒരുക്കി കൊടുത്തു. അവർ മരുമകളേയും കൂടി ബന്ധുവീടുകളിലും അമ്പലങ്ങളിലും പോയി.

പല്ലവിയിൽ നിന്നും എന്തെങ്കിലും തെറ്റ് പിണഞ്ഞാൽ തന്നെ ഒരമ്മയുടെ സ്നേഹ വാത്സല്യത്തോടെ അവരത് തിരുത്തിയിരുന്നു. ലളിതാമ്മ തന്നെ അവളെ പാചകകല പരിശീലിപ്പിച്ചു. അതുവരെ പല്ലവിയ്ക്ക് ഓംലറ്റ് ഉണ്ടാക്കാനും മാഗി തയ്യാറാക്കാനും കഷ്ടിച്ച് ചായയുണ്ടാക്കാനും മാത്രമേ അറിയുമായിരുന്നുള്ളൂ. പക്ഷേ അതിന്‍റെ പേരിൽ ലളിതാമ്മ അവളെ ഒരിക്കലും ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തിരുന്നില്ല. ആരെങ്കിലും കുറ്റപ്പെടുത്താൻ മുതിർന്നാൽ തന്നെ ലളിതാമ്മ അവരുടെ വായടപ്പിക്കുകയും ചെയ്‌തിരുന്നു.

ലളിതാമ്മയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും കരുതലും പല്ലവിയുടെ മനസിൽ പുതിയ ചിന്തകൾ ഉണർത്തി. ഇനി മുതൽ താൻ വിനീതിന്‍റെ അമ്മയെ സ്വന്തം അമ്മയായി മാത്രമേ കരുതുകയുള്ളൂവെന്ന് അവൾ മനസു കൊണ്ട് തീരുമാനിച്ചു.

വിനീത് തന്‍റെ മകനാണ് അതുകൊണ്ട് മകനിലുള്ള തന്‍റെ അധികാരവും അവകാശവും കഴിഞ്ഞിട്ടെയുള്ളൂ ഭാര്യയ്ക്കുള്ള അവകാശമെന്ന വിചാരം അവരുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നില്ല. ഭർത്താവിൽ തനിക്ക് മാത്രമേ അവകാശമുള്ളൂവെന്ന ചിന്തയോ പല്ലവിയിലുമുണ്ടായില്ല. എപ്പോഴെങ്കിലും മകനും മരുമകളും തമ്മിൽ കലഹമുണ്ടായാലും ലളിതാമ്മ മരുമകളുടെ പക്ഷം പിടിച്ചേ സംസാരിച്ചിരുന്നുള്ളൂ. അതിനാൽ ലളിതാമ്മയോടുള്ള സ്നേഹവും ബഹുമാനവും അവളുടെ മനസിൽ വർദ്ധിച്ചതേയുള്ളൂ. അടുക്കളയിൽ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ തന്നെ പല്ലവി അമ്മയോട് ചോദിച്ച് മനസ്സിലാക്കി അത് പൂർത്തിയാക്കും.

താൻ നല്ലൊരു മകളാണെങ്കിൽ തനിക്കെന്തുകൊണ്ട് നല്ലൊരു മരുമകളായി കൂടാ?

അമ്മയും അച്‌ഛമ്മയും എന്നും പരസ്പരം കലഹിച്ചിരുന്നു. പക്ഷേ അതിൽ അച്‌ഛമ്മ മാത്രമാണ് കുറ്റക്കാരിയെന്ന് പറയാനാവുമോ? അമ്മ വിചാരിച്ചിരുന്നുവെങ്കിൽ അമ്മായിയമ്മ മരുമകൾ ബന്ധം ഊഷ്മളമായ ഒന്നാക്കാമായിരുന്നു. പക്ഷേ അമ്മയുടെ തെറ്റായ സമീപനം ബന്ധത്തെ വഷളാക്കിയതേയുള്ളൂ. പക്ഷേ അമ്മ പറഞ്ഞ് തന്നതും കാട്ടി തന്നതുമായ യാതൊന്നും താൻ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തില്ല.

എന്‍റെ സീനിയറായ അമ്മ ജൂനിയറായ എനിക്ക് നൽകുന്ന പാഠം എന്തായിരിക്കുമെന്ന് കൃത്യമായി അറിയാമായിരുന്നു. ഭർത്താവിന്‍റെ വീട്ടിലുള്ള അംഗങ്ങളുമായും ഹൃദ്യമായതും ആഴത്തിലുള്ളതുമായ ബന്ധം സ്‌ഥാപിക്കാനാവുമെന്ന് എന്തുകൊണ്ട് പെൺകുട്ടികൾ തിരിച്ചറിയുന്നില്ല. പല്ലവിയുടെ മനസിൽ ഓരോരോ ചിന്തകൾ കടന്നു പോയികൊണ്ടിരുന്നു.

അതിനാൽ താൻ വേറിട്ട തരത്തി ലുള്ള ബന്ധം സൃഷ്ടിച്ചെടുക്കുമെന്ന് അവൾ ദൃഢനിശ്ചയമെടുത്തു. ഇനിയെന്ത് കാര്യം ചെയ്താലും വിനീതിന്‍റെ അമ്മയേയും ഒപ്പം കൂട്ടും.

പല്ലവി പതിയെ വിനീതിന്‍റെ അമ്മയെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന രീതി പഠിപ്പിച്ചു കൊടുത്തു. എന്തിന് കാർ ഡ്രൈവിംഗ് വരെ പല്ലവി അമ്മയെ പഠിപ്പിച്ചു. എല്ലാവരും ജോലിക്കായി പുറത്തു പോയി കഴിഞ്ഞാൽ വീട്ടിലിരുന്ന് അമ്മ ബോറടിക്കാൻ പാടില്ലെന്ന് പല്ലവിയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് പല്ലവി അമ്മയെ നിർബന്ധിച്ച് കൂട്ടുകാരികൾക്കൊപ്പം ഷോപ്പിംഗിനും പാർട്ടിയ്ക്കും മറ്റും അയച്ചു.

ആദ്യമൊക്കെ ലളിതാമ്മയ്ക്ക് ഇത്തരം കാര്യങ്ങൾ വിചിത്രമായി അനുഭവപ്പെട്ടെങ്കിലും പിന്നീടത് രസകരമായി തോന്നി. ലളിതാമ്മ സ്വന്തം വേഷവിതാനങ്ങളിലും ശ്രദ്ധിച്ചു തുടങ്ങി. പുതിയ സ്റ്റൈലിലുള്ള സാരി വാങ്ങി ധരിച്ചു. ഇടയ്ക്ക് സൽവാറും ചുരിദാറും ധരിച്ച് ഔട്ടിംഗിന് പോയി. നടന്ന് ശരീരഭാരം കുറച്ചു.

അമ്മയും മരുമകളും എന്നും രാവിലെ ഒരുമിച്ച് നടക്കാൻ പോകുന്നത് മറ്റുള്ളവർക്ക് പതിവുള്ള കാഴ്ചയായി. തന്‍റെ ശരീരഭാരം കുറഞ്ഞതിൽ ലളിതാമ്മയ്ക്ക് അഭിമാനവും മതിപ്പും തോന്നി. എല്ലാം പല്ലവിയുടെ ശ്രമഫലമായിരുന്നു. അതോർത്തപ്പോൾ ലളിതാമ്മയ്ക്ക് പല്ലവിയോട് വാത്സല്യം കൂടി. അല്ലായിരുന്നുവെങ്കിൽ ഈ തടിയും വച്ച് താൻ വെറുതെ ജീവിച്ചു പോകുമായിരുന്നില്ലേ..?

ലളിതാമ്മയിലുണ്ടായ മാറ്റം കണ്ട് വാസുദേവൻ ഒരിക്കൽ ചിരിയോടെ പറയുകയും ചെയ്‌തു.“ നീ കരീന കപൂറിനെ പോലെ സീറോ സൈസ് ആകുവാണോ ലളിതെ… ഇങ്ങനെ പോയാൽ നീ ചെറുപ്പക്കാരിയും ഞാൻ വയസ്സനുമാകും.”

“ഹാ സീറോ സൈസ് ആകാനാ എന്‍റെ പ്ലാൻ എന്നോട് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.” ലളിത തമാശ പറഞ്ഞു.

“ഞാനെന്തിന് അസൂയപ്പെടണം. നല്ല കാര്യമല്ലേ. നീ ആരോഗ്യത്തോടെയിരുന്നാൽ എനിക്ക് നല്ല ഭക്ഷണം കിട്ടുമല്ലോ.” വാസുദേവൻ പറഞ്ഞു.

ഇരുവരും തമ്മിലുള്ള സംഭാഷണം കേട്ട് പല്ലവിയും വിനീതും പൊട്ടിച്ചിരിച്ചു. തന്‍റെ ഈ വീട് ഒരു കൊച്ച് വലിയ സ്വർഗ്ഗമായതു പോലെ അവൾക്ക് തോന്നി. ചില ശരിയായ ചിന്തകൾ എത്ര വലിയ ശരികളിലേക്കും സമാധാനത്തിലേക്കുമാണ് നയിക്കുന്നത്. പല്ലവി അമ്മയെ കെട്ടിപ്പിടിച്ചു.

ഒറ്റയ്ക്ക് പാർക്കുന്ന ഇലകൾ

ഇത് വളരെ നല്ല ബന്ധമാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ തനു വന്ന് കഴിഞ്ഞേ ഇത് ഉറപ്പിക്കാനാവൂ. തനുവിന്‍റെ അച്‌ഛൻ ഗിരീഷ് വളരെ പ്രതീക്ഷയോടെ ഭാര്യയോട് പറഞ്ഞു.

“ഇനി അവൾ തീരുമാനിക്കട്ടെ. എത്ര നല്ല നല്ല ബന്ധങ്ങൾ വന്നതാ അവളെന്തെങ്കിലും കുറവ് കണ്ടെത്തും. കൂട്ടുകുടുംബം എന്ന് കേൾക്കുന്നതേ അവൾക്ക് കലിയാ. ഇനി അവൾ പറയുന്നതൊന്നും ഞാൻ കേൾക്കില്ല. അവളുടെ നിബന്ധനകളനുസരിച്ച് ഒത്തു വന്ന ബന്ധമാണിത്. പക്ഷേ എന്ത് പറയാനാ ചെറുക്കന്‍റെ കുടുംബം വലുതാണെന്ന് പറഞ്ഞ് അവൾ അങ്കം തുടങ്ങിയില്ലേ… എന്താ ഇപ്പോഴത്തെ ഈ പെൺകുട്ടികൾക്ക് പറ്റിയത്.” തനുവിന്‍റെ അമ്മ സുധ തെല്ല് സങ്കടത്തോടെ പറഞ്ഞു.

“ഇതൊക്കെ അവളുടെ ബെസ്റ്റ്ഫ്രണ്ടില്ലേ റിയാ അവള് കാരണമാണ്. നമ്മൾ പറയുന്നതിലും കൂട്ടുകാർ പറയുന്നതിലാണല്ലോ അവൾക്ക് കാര്യം.” ഗിരീഷ് അരിശത്തോടെ പറഞ്ഞു.

ഗിരീഷും സുധയും മകളുടെ പിടിവാശിയെ പറ്റി ആകുലതയോടെ പറഞ്ഞു കൊണ്ടിരിക്കെ തനു ഓഫീസിൽ നിന്നും മടങ്ങിയെത്തി. അച്‌ഛന്‍റെയും അമ്മയുടെയും മുഖം ഗൗരവം പൂണ്ടിരിക്കുന്നത് കണ്ട് തനു ചോദ്യഭാവത്തിൽ നോക്കി. തന്‍റെ കല്യാണ കാര്യമാണ് വിഷയം എന്ന് പിടികിട്ടിയതോടെ അവൾ പൊട്ടിച്ചിരിയോടെ പറഞ്ഞു.

“ഓ… പിന്നെയും വല്ല കല്യാണാലോചനയും വന്ന് കാണുമല്ലോ?”

തനുവിന്‍റെ തമാശ കലർത്തിയുള്ള സംസാരം കേട്ട് ഇരുവർക്കും ചിരിപൊട്ടി. നിമിഷനേരം കൊണ്ട് അന്തരീക്ഷമാകെ മാറി. അപ്പോഴേക്കും തനുവിന്‍റെ അമ്മ അടുക്കളയിൽ പോയി ചായയുമായി വന്നു.

ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഗിരീഷ് കണ്ണുകൊണ്ട് ആംഗ്യം കാട്ടിയതനുസരിച്ച് സുധ പുതിയ വിവാഹാലോചനയെ സംബന്ധിച്ചുള്ള വിഷയം എടുത്തിട്ടു.

“വളരെ നല്ല ബന്ധമായിട്ടാ ഞങ്ങൾക്ക് തോന്നിയത്. പയ്യന്‍റെ അച്‌ഛനും അമ്മയും മൂത്തമകന്‍റെ കുടുംബത്തിനുമൊപ്പം ഇവിടെയാ താമസം. ഇളയ മകന് മുംബൈയിലാ ജോലി. അവനൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ പ്രൊഡക്റ്റ് മാനേജരാ.”

“അപ്പോൾ തനിച്ച് താമസിക്കുകയാ അല്ലേ?” തനു ഒരു നിമിഷം ആലോചിച്ച ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതെ”

“അങ്ങനെയാണെങ്കിൽ ഞാൻ ഓകെ. പയ്യന്‍റെ അച്‌ഛനും അമ്മയും ഇടയ്ക്കിടയ്ക്ക് മുംബൈയിൽ വന്ന് ശല്യപ്പെടുത്താതിരുന്നാൽ മതി.” തനു വലിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു. തനുവിന്‍റെ നിസാരഭാവത്തിലുള്ള മറുപടി ഇഷ്ടപ്പെടാതെ സുധ പൊട്ടിത്തെറിച്ചു.

“നീയെന്ത് വിഡ്ഢിത്തമാണ് പറയുന്നത്? അത് അവരുടെ മകനാണ്. അവർക്ക് അവരുടെ മകനെ കാണാൻ അവിടെ ചെന്നു കൂടെ? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? എന്തൊരു ചിന്താഗതിയാ നിന്‍റേത്? കഷ്ടമാ ഇത്. നീ ഇത് എന്ത് വിചാരിച്ചാ. ഭർതൃ വീട്ടിൽ ഭർത്താവ് മാത്രമല്ല ഉള്ളത്. മറ്റ് ബന്ധുക്കളും ഉണ്ടാകും. അവരുമായും ഊഷ്മളമായ ബന്ധമുണ്ടാകണം.”

“വേണ്ടമ്മേ, എനിക്ക് അതൊക്കെ ഓർക്കുമ്പോഴെ ടെൻഷനാ, റിയ പറഞ്ഞത് എന്താണെന്ന് അറിയാമോ…”

തനു കൂട്ടുകാരിയുടെ പേര് പറയുന്നത് കേട്ടതോടെ സുധയുടെ ദേഷ്യം മൂർഛിച്ചു.

“എനിക്ക് ആ പെണ്ണ് പറഞ്ഞതൊന്നും കേൾക്കണ്ട. അവളൊറ്റ ഒരുത്തി കാരണമാ നീ ഇങ്ങനെ തലതിരിഞ്ഞു പോയത്. നമ്മുടെ കുടുംബത്തിൽ നമ്മൾ 3 പേരെയുള്ളൂ. ഒരു വലിയ കുടുംബത്തിൽ കുറേ അംഗങ്ങളുണ്ടാകും. അവരെല്ലാം ഒത്തുചേരുമ്പോൾ എന്ത് രസമായിരിക്കും.”

“കുറച്ച് ദിവസം മുമ്പ് നീ തന്നെ പറഞ്ഞതല്ലേ കുറേയംഗങ്ങളുള്ള കുടുംബം മതിയെന്ന്. എത്ര പെട്ടെന്നാ ആ പെണ്ണ് പറഞ്ഞത് കേട്ട് നീ മനസ്സ് മാറ്റിയത്. എന്‍റെ മോളെ അവൾ പറഞ്ഞ് തിരുത്തി.” സുധ പറഞ്ഞ് പറഞ്ഞ് കരച്ചിലിന്‍റെ വക്കിലെത്തി.

തനുവിനും ദേഷ്യം വന്നു. അവൾ സ്വന്തം മുറിയിൽ കയറി കതകടച്ചു. സുധയും ഗിരീഷും എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യും കൊടുത്തിരുന്നു.

തനുവിന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ് റിയ. 6 മാസം മുമ്പായിരുന്നു അവളുടെ വിവാഹം. സമ്പന്ന കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിപ്പിച്ചയച്ചത്. വലിയ കുടുംബം. റിയക്കും നല്ല ജോലിയുണ്ട്. റിയയുടെ ഓരോ വിശേഷങ്ങളും തനു സുധയോട് പറയുമായിരുന്നു.

അവധി ദിവസങ്ങളിലും ഓഫീസ് ടൈമിലുമെല്ലാം ഇരുവരും വാട്സാപ്പിൽ പരസ്പരം ചാറ്റ് ചെയ്യുന്നതു കൊണ്ട് പരസ്പരം എല്ലാ കാര്യങ്ങളും അപ്പപ്പോൾ അറിഞ്ഞിരുന്നു.

ചിലപ്പോൾ ഏറെ സമയം ഇരുവരും തമ്മിൽ ഫോൺ ചെയ്യുന്നതു വഴിയും സുധ ചില കാര്യങ്ങളൊക്കെ കേൾക്കുകയും ചെയ്യുമായിരുന്നു. അതൊക്കെ കേൾക്കുമ്പോൾ സുധയ്ക്ക് വല്ലാത്ത നിരാശ ഉള്ളിൽ തോന്നിയിരുന്നു. മിക്കപ്പോഴും ഭർതൃവീട്ടുകാരേയും ഭർത്താവിനെപ്പറ്റിയുമൊക്കെ കുറ്റം പറഞ്ഞു കൊണ്ടുള്ള കോളുകളായിരുന്നു റിയയുടേത്.

ഭർത്താവിന്‍റെ വീട്ടിലുണ്ടാകുന്ന എല്ലാ കുറ്റവും കുറവുകളും അവൾ അപ്പപ്പോൾ തനുവിനെ വിളിച്ചറിയിക്കും. അവളുടെ അടുത്ത കൂട്ടുകാരിയാണല്ലോ തനു. അതുകൊണ്ട് റിയയെപ്പറ്റി ആരെങ്കിലും കുറ്റപ്പെടുത്തി പറയുന്നത് തന്നെ അവൾക്ക് സഹിക്കുമായിരുന്നില്ല. മാത്രവുമല്ല റിയ പറയുന്ന എല്ലാ കാര്യവും തനു അമ്മയുമായും പങ്കുവച്ചിരുന്നു.

ചിലപ്പോൾ അവൾ ഓടി വന്ന് പറയും. “ഇന്ന് റിയയുടെ മൂഡ് അത്ര ശരിയല്ല. അവളുടെ ഭർത്താവ് മോണിംഗ് വാക്കിന് പോകാൻ അവളെ രാവിലെ വിളിച്ചുണർത്തിയിരിക്കുന്നു. അവൾക്കാണെങ്കിൽ നല്ല ഉറക്കവും. സ്വന്തമിഷ്ടമനുസരിച്ചു പോലും പാവത്തിന് ജീവിക്കാൻ കഴിയുന്നില്ലല്ലോ.”

മറ്റൊരു അവസരത്തിൽ മറ്റൊരു കാരണവും പറഞ്ഞാണ് തനു വന്നത്. “റിയയുടെ അമ്മായിയമ്മ ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആണമ്മേ. അതുകൊണ്ട് അവൾക്ക് ലഞ്ചിന് രുചിയോടെ ഒന്നും കഴിക്കാൻ പറ്റുന്നില്ല.” സുധ ഉടനടി മറുചോദ്യം ചോദിച്ചു.

“അവളുടെ അമ്മായിയമ്മയാണോ ലഞ്ച് തയ്യാറാക്കുന്നത്?”

“അതെ, റിയയ്ക്ക് ഓഫീസിൽ പോകേണ്ടതു കൊണ്ട് വീട്ടിലെ മുഴുവൻ ജോലിയും അവരാണ് ചെയ്യുന്നത്. ഒരു മെയിഡ് ഉണ്ടെങ്കിലും അമ്മായിയമ്മ പറയുന്നതനുസരിച്ചുള്ള ഭക്ഷണമേ അവരുണ്ടാക്കൂ.”

“അത് നല്ല കാര്യമാണ്. റിയയ്ക്ക് കുറേക്കൂടി എളുപ്പമായല്ലോ. അതിന് പരാതിപ്പെടാൻ ഒന്നുമില്ല.” സുധ നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

“എന്ത് സന്തോഷമാ അമ്മേ. ഓഫീസിൽ കൊണ്ടു പോകുന്ന ഉച്ചഭക്ഷണം അവൾക്ക് കഴിക്കാനേ തോന്നില്ല. അതവൾ ഓഫീസിൽ ആർക്കെങ്കിലും കൊടുത്ത് പുറത്ത് പോയി വേറെ ഫുഡ് കഴിക്കും.”

“ഇതിലെന്തിരിക്കുന്നു പരാതി പറയാൻ. അവളുടെ അമ്മായിയമ്മ നല്ല ഭക്ഷണമല്ലേ ഒരുക്കുന്നത്.”

അമ്മയുടെ ന്യായീകരണം കേട്ട് തനുവിന് ദേഷ്യം വന്നു. “അമ്മയ്ക്കെന്താ അവളുടെ വിഷമം മനസ്സിലാകാത്തത്?”

“കാരണം അതൊന്നും ഒരു വിഷമമേയല്ല. അനാവശ്യമായ കാര്യങ്ങൾ കേട്ട് നീ നിന്‍റെ സമയം നഷ്ടപ്പെടുത്തുകയാ.” സുധ തീർത്തു പറഞ്ഞു.

അതിനു ശേഷം രണ്ട് ദിവസം തനു പിന്നെ അതെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല. മൂന്നാമത്തെ ദിവസം അവൾ പതിവുപോലെ പറഞ്ഞു തുടങ്ങി.

“റിയയുടെ മുഴുവൻ ബന്ധുക്കളും അടുത്തടുത്താ താമസിക്കുന്നത്. എല്ലാ ദിവസവും എന്തെങ്കിലും ഫംഗ്ഷൻ അവരുടെ ആരുടെയെങ്കിലും വീട്ടിലുണ്ടാകും. മാത്രവുമല്ല എല്ലാവരും അവധി ദിവസം എന്തെങ്കിലും പ്രോഗ്രാം തയ്യാറാക്കും. പാവം റിയ ആകെ വശം കെട്ടു.”

സുധ അതിന് മറുപടിയൊന്നും പറയാതെ നിശബ്ദത പാലിച്ചു. റിയയുടെ കാര്യം കേട്ട് അവർക്ക് മടുപ്പ് തോന്നിയിരുന്നു. തനുവിന്‍റെ ചിന്താ രീതിയ്ക്ക് പാടെ മാറ്റം വന്നിരിക്കുന്നത് സുധ ശ്രദ്ധിച്ചു. ഏത് കാര്യത്തേയും സൗമ്യവും സ്നേഹവും നിറഞ്ഞ മാനസികാവസ്‌ഥയോടെ സമീപിച്ചിരുന്ന തനുവിന്‍റെ മനസ്സിലിപ്പോൾ ശുഭാപ്തി വിശ്വാസം ഒട്ടുമില്ലാതായിരിക്കുന്നു.

കുറച്ച് ദിവസങ്ങൾക്കു ശേഷം തനുവിന് വന്ന വിവാഹാലോചന ഉറപ്പിച്ചു. തനുവും രജത്തും പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു. എല്ലാം സന്തോഷപൂർവ്വം തീരുമാനിക്കപ്പെട്ടു. രജത്ത് മുംബൈയിൽ തനിച്ചായിരുന്നു താമസം. വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്നായിരുന്നു രജത്തിന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും ആഗ്രഹം. അതുകൊണ്ട് തനുവിന്‍റെയും രജത്തിന്‍റെയും വിവാഹം വളരെ വേഗം തന്നെ നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഭർത്താവ് അനുജിനെയും കൂട്ടിയാണ് റിയ എത്തിയത്.

വന്നപാടേ റിയ തനുവിനെ ചേർത്തു പിടിച്ച് അഭിനന്ദിച്ചു. “തനു നിനക്ക് ലോട്ടറി അടിച്ചിരിക്കുകയാ. എല്ലാ ബന്ധുക്കളിൽ നിന്നും അകലെ ഭർത്താവിനൊപ്പമല്ലേ താമസിക്കാൻ പോകുന്നത്. എനിക്കും ഇതുപോലെയുള്ള ഒരു ബന്ധം കിട്ടിയിരുന്നെങ്കിൽ.”

റിയയുടെ അഭിപ്രായ പ്രകടനം കേട്ട് സുധയ്ക്ക് ദേഷ്യം വന്നു. വിവാഹത്തിന് ഒരാഴ്ച കഴിഞ്ഞ് രജതും തനുവും മുംബൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. തനു ജോലി ചെയ്‌തിരുന്ന ഓഫീസിന് മുംബൈയിലും ബ്രാഞ്ചുണ്ടായിരുന്നതിനാൽ അവൾ മുംബൈ ഓഫീസിലേക്ക് മുൻകൂട്ടി ട്രാൻസ്ഫർ വാങ്ങി.

രജത്തിന്‍റെ മൂത്ത സഹോദരൻ വിജയ് ഭാര്യ രേഖയുടേയും അവരുടെ നാലും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെയും രജത്തിന്‍റെ മാതാപിതാക്കളുടേയും സ്നേഹനിർഭരമായ പെരുമാറ്റവും സാമീപ്യവും തനുവിന്‍റെ മനസ്സിനെ വല്ലാതെ മാറ്റിയിരുന്നു. എങ്കിലും അവരുടെ ഇടപെടലുകളില്ലാത്ത ഒരിടത്താണല്ലോ താനും ഭർത്താവും താമസിക്കാൻ പോകുന്നതോർത്ത് അവൾ സന്തോഷിച്ചു.

ഇടയ്ക്കിടെ ഫോണിൽ വിളിച്ച് റിയ അവളെ ഉപദേശിക്കാനും മറന്നില്ല. “നീ ഒരിക്കലും അച്‌ഛനോടും അമ്മയോടും മുംബൈയിലേക്ക് വരാൻ ക്ഷണിക്കരുത്. വന്നാൽ പിന്നെ അവർ അവിടെ തന്നെ താമസമാക്കും.” രജത്തിന്‍റെയും തനുവിന്‍റെയും മാതാപിതാക്കളും ബന്ധുക്കളും നിറഞ്ഞ സ്നേഹത്തോടെയും ആശീർവാദത്തോടെയും അവരെ എയർപോർട്ടിൽ നിന്നും യാത്രയാക്കി.

മുംബൈയിലെത്തിയ ഇരുവരും പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. രജത്തിനൊപ്പമുള്ള അവളുടെ ജീവിതം ആഹ്ലാദത്തിന്‍റേതായിരുന്നു. ഇരുവരും ഓഫീസിലേക്ക് രാവിലെ പുറപ്പെടും. വീക്കെന്‍റേൽ മാത്രമാണ് മനസ്സ് തുറന്ന് ഇരുവരും ഒന്ന് സംസാരിച്ചിരുന്നത് തന്നെ.

രാവിലെ സർവ്വന്‍റ് ലതാഭായി വന്ന് വീട്ടിലെ മുഴുവൻ ജോലിയും ചെയ്‌ത് പോകും. അടുക്കളയിലെ കാര്യം നോക്കുന്നതിനിടെ തനു ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പും നടത്തും. ഫ്ളാറ്റിൽ 2 പേർ മാത്രമായതിനാൽ ജോലിയൊന്നും അധികം ഉണ്ടായിരുന്നില്ല. പകൽ മുഴുവനുമുള്ള തളർച്ചയ്ക്കൊടുവിൽ വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തി അടുക്കളയിൽ കയറി എന്തെങ്കിലും ചെയ്യാനുള്ള മൂഡ് ഒട്ടും ഉണ്ടാവികയില്ല. തനുവിന്‍റെ ബുദ്ധിമുട്ട് കണ്ട് വൈകുന്നേരത്തേക്ക് കൂടി ഒരു മെയിഡിനെ വച്ചാലോയെന്ന് രജത്ത് തനുവിനോട് ചോദിച്ചു.

“പക്ഷേ നമ്മൾ വരുന്ന ടൈം കൃത്യമായി പറയാനാവില്ലല്ലോ. തന്നെയുമല്ല വീടിന്‍റെ താക്കോൽ ഏൽപ്പിക്കുന്നത് അത്ര സേയ്ഫുമല്ല.”

“എന്നാൽ സാരമില്ല. നമുക്ക് രണ്ടുപേർക്കും ചേർന്ന് എന്തെങ്കിലും തയ്യാറാക്കാം.” രജത്ത് അതിനും പരിഹാരം കണ്ടെത്തി. ഇതിനിടെ റിയയും തനുവും വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് തുടർന്നു കൊണ്ടിരുന്നു. തനുവിന്‍റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ അനുഭവങ്ങൾ കേട്ട് റിയ നെടുവീർപ്പിട്ടു കൊണ്ടിരുന്നു.

തനുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് 5 മാസങ്ങൾ കടന്നു പോയിരുന്നു. രജത്തിന് കമ്പനി സംബന്ധമായി പരിശീലനത്തിനായി ഒരാഴ്ചത്തേക്ക് സിംഗപ്പൂരിലേക്ക് പോകേണ്ടതായി വന്നു. തനു ഫ്ളാറ്റിൽ തനിച്ചാകുമല്ലോയെന്നോർത്ത് രജത്തിന് ആധി തോന്നി.

“തനിച്ചെങ്ങനെ കഴിയും? നമുക്ക് നാട്ടിൽ നിന്നും അച്‌ഛനേയും അമ്മയേയും വരുത്താം. അവൻ ഇതുവരേയും ഇവിടെ വന്നിട്ടില്ല.” രജത്ത് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു,

“അയ്യോ സാരമില്ല ഞാൻ തനിച്ചല്ലല്ലോ. റിയയ്ക്ക് ഇവിടെ വരണമെന്ന് വലിയ ആഗ്രഹമുണ്ട്. അവൾ വരികയാണെങ്കിൽ അച്‌ഛനേയും അമ്മയേയും നമുക്ക് പിന്നീട് രജത്ത് മടങ്ങി വന്ന ശേഷം വിളിക്കാം.” തനുവിന്‍റെ തീരുമാനത്തോട് രജത്തും യോജിച്ചു. തന്‍റെ ഇഷ്ടത്തിനനുസരിച്ച് കാര്യം സാധിച്ചെടുത്തതിൽ തനുവിന് സന്തോഷം തോന്നി.

സമയം കിട്ടിയപ്പോൾ തനു ഉടനടി ഫോൺ ചെയ്ത് റിയയെ മുംബൈയിലേക്ക് ക്ഷണിച്ചു.

“നീ വാക്ക് മാറരുത്. വന്നേ പറ്റൂ.”

“ഉറപ്പായും ഞാൻ വരും. എനിക്കും ഈ തിരക്കിൽ നിന്നും ഒന്ന് ഒഴിഞ്ഞു നിൽക്കാമല്ലോ. ഒരാഴ്ച നിന്‍റെ കൂടെ സന്തോഷത്തോടെ കഴിച്ചു കൂട്ടാമല്ലോ.”

രജത്ത് സിംഗപ്പൂരിലേക്ക് യാത്ര പുറപ്പെട്ട അന്ന് വൈകുന്നേരം തന്നെ റിയ മുംബൈയിലെത്തി. ഏറെ നാളിനു ശേഷമുള്ള കൂടിക്കാഴ്ചയായതിനാൽ ഇരുവരും പരസ്പരം കണ്ടയുടനെ ആശേഷിച്ചു.

ഇത്രയും നാളത്തെ ഇടവേളയിൽ സംഭവിച്ച വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു കൊണ്ടിരുന്നു. എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങളാണ് അവർക്കുണ്ടായിരുന്നത്. രാത്രി ഏറെ കഴിഞ്ഞു അവർ ബന്ധുക്കളെപ്പറ്റിയും കൂട്ടുകാരെപ്പറ്റിയുമുള്ള വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

പിറ്റേദിവസം തനു ഓഫീസിൽ നിന്നും അവധിയെടുത്തു. ഇരുവരും അന്ന് കുറേ കറങ്ങി നടന്നു. ഉച്ചയ്ക്ക് സിനിമ കണ്ടശേഷം കുറേ ഷോപ്പിംഗും നടത്തി. രാത്രി ഏറെ കഴിഞ്ഞാണ് അവർ ഫ്ളാറ്റിൽ മടങ്ങിയെത്തിയത്. ഏറെ നേരത്തെ ഷോപ്പിംഗും കറക്കവുമൊക്കെയായി റിയയ്ക്ക് സന്തോഷമടക്കാനായില്ല.

“ഹാവൂ… മറ്റൊരു ലോകത്തെത്തിയ പോലെയാ തോന്നുന്നത്. നീ ലക്കി തന്നെ. സ്വസ്ഥമായി കറങ്ങി നടക്കാം. ഇഷ്ടം പോലെ ഷോപ്പിംഗ് ചെയ്യാം. ഇവിടെ നിൽക്കാൻ കൊതിയാവുന്നു.”

“ഹൊ തളർന്നു. ഇനി നമുക്ക് ഉറങ്ങാം. എനിക്ക് നാളെ ഓഫീസിൽ പോകാനുള്ളതാ വൈകുന്നേരം വേഗമെത്താം. രാവിലെ മെയിഡ് വന്ന് ജോലിയൊക്കെ ചെയ്യും.” തനു കൂട്ടുകാരിയോട് ഗുഡ്നൈറ്റ് പറഞ്ഞ ശേഷം കിടന്നു.

പിറ്റേന്ന് അതിരാവിലെ ഉണർന്ന് അത്യാവശ്യം ജോലിയൊക്കെ ചെയ്‌തശേഷം തനു ഓഫീസിലേക്ക് യാത്രയായി. റിയ അപ്പോഴും ഉണർന്നിരുന്നില്ല. 11 മണിയായതോടെ റിയ തനുവിനെ ഫോണിൽ വിളിച്ചു.

“തനു ഗുഡ്മോണിംഗ്. ഞാൻ സുഖമായി ഉറങ്ങി. എഴുന്നേറ്റിട്ട് കുറച്ച് നേരമായി. എത്ര ശാന്തമാണ് നിന്‍റെ വീട്. ശല്യമുണ്ടാക്കുന്ന ഒരു ശബ്ദം പോലുമില്ല.”

അൽപസമയം ഇരുവരും ഫോണിൽ സംസാരിച്ചു. തനു നേരത്തെ തന്നെ റിയ മുംബൈയിൽ വരുന്ന വിവരം അമ്മയെ വിളിച്ചറിയിച്ചിരുന്നു.

“അവളുടെ വീട്ടുകാർ എത്ര നല്ലവരാ. ഒരാഴ്ചക്കാലം കൂട്ടുകാരിക്കൊപ്പം കഴിയാൻ മരുമകളെ അയച്ചത് കണ്ടില്ലേ. എന്നിട്ടും റിയ അവരെ സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലല്ലോ.” സുധ പരിഹാസ രൂപേണ മറുപടി പറഞ്ഞു.

റിയ കുളി കഴിഞ്ഞ ശേഷം ഭക്ഷണം കഴിച്ചു. ഏറെ നേരം ടിവിയിൽ സിനിമ കണ്ടശേഷം വീണ്ടും ഉറങ്ങി. വൈകുന്നേരമായതോടെ തനു ഓഫീസും കഴിഞ്ഞെത്തി. ഇരുവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുകയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്‌തു.

“ഇനി നീ പറയെടീ നിന്‍റെ വിശേഷങ്ങൾ” റിയ തനുവിനോടായി ചോദിച്ചു. “എന്ത് പറയാനാ ഞങ്ങൾ രാവിലെ പോയി രാത്രി മടങ്ങിയെത്തും. ആഴ്ച മുഴുവനും അങ്ങനെയായിരിക്കും. വീക്കെന്‍റിലാ ഒന്ന് റെസ്റ്റ് എടുക്കുക. ഇവിടെയാണെങ്കിൽ ആരും സംസാരിക്കാനുമില്ല. ആരും വരികയുമില്ല.”

“അവിടെയാണെങ്കിൽ വീട്ടിൽ കയറിയാലുടൻ അമ്മായിയമ്മ ചായ, പലഹാരം, രാത്രി ഭക്ഷണം എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. അതൊക്കെ ഞാൻ എടുത്തു കഴിക്കില്ലേ. അതൊക്കെ കേട്ട് മടുത്തു ഇപ്പോ വന്ന് വന്ന് അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ട്.”

തനു അൽപനേരം സ്വന്തം മനോഭാവത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമോർത്ത് വ്യസനിച്ചു. അവളുടെ മനസ്സ് ഉദാസീനമായി. റിയ പറഞ്ഞതോർത്തു കൊണ്ട് തനു ഇരുവർക്കുമുള്ള ഡിന്നർ തയ്യാറാക്കി. ഇടയ്ക്കിടെ റിയയുടെ ഫോണിലേക്ക് വിശേഷങ്ങൾ തിരക്കി കൊണ്ട് അവളുടെ ഭർത്താവും അമ്മായിയമ്മയും വിളിച്ചു കൊണ്ടിരുന്നു.

ഉറങ്ങാൻ കിടന്നപ്പോൾ ഇരുവരുടേയും മനസ്സിൽ വ്യത്യസ്തങ്ങളായ ചിന്തകൾ ഉണർന്നു. എത്ര സുന്ദരമായ ജീവിതമാണ് തനുവിന്‍റേതെന്ന് റിയയോർത്തു. സ്വസ്ഥവും ശാന്തവുമായ വീട്. ആരുടേയും ഇടപെടലുകളില്ല. ഇഷ്ടം പോലെ ജീവിക്കാം. എവിടെയെങ്കിലും പോകാം. സ്വന്തമിഷ്ടമനുസരിച്ച് എന്തും ചെയ്യാം. എത്ര സുന്ദരമായ ജീവിതമാണ്. എന്നാൽ തനുവിന്‍റെ മനസ്സിലെ ചിന്തകൾ മറ്റൊരു വിധത്തിലായിരുന്നു.

ഭർതൃവീട്ടുകാർക്കൊപ്പം കഴിയാതെ റിയയ്ക്ക് ഒറ്റയ്ക്ക് താമസിക്കാൻ ചിലപ്പോൾ സന്തോഷം തോന്നിയേക്കാം. പക്ഷേ തനിക്കോ! അതിന് കഴിയില്ല. ഏകാകികളായി ജീവിക്കുന്നതിൽ എന്ത് സന്തോഷമാണുള്ളത്?

ഇവിടെയാണെങ്കിൽ ഞങ്ങൾ രണ്ടുപേരുമൊഴിച്ചാൽ പിന്നെ ഈ ഫ്ളാറ്റിൽ കാണുന്നത് മെയിഡിനെയാണ്. അവർ കൃത്യസമയത്ത് വന്ന് യന്ത്രത്തെപ്പോലെ ഓരോന്നും ചെയ്‌ത് കൃത്യ സമയത്ത് മടങ്ങി പോകും. സ്നേഹത്തോടെയുള്ള ഒരു നോട്ടമോ, ഒരു സ്പർശനമോ വാക്കുകളോ ഇല്ല. എല്ലാവരും കീ കൊടുത്ത യന്ത്രങ്ങളെ പോലെ പാഞ്ഞ് നടന്ന് പകലന്തിയോളം എന്തൊക്കെയോ ചെയ്‌ത് വീടണയുന്നു. ഉറങ്ങുന്നു. പിറ്റേന്നും അതേ ജീവിതം ആവർത്തിക്കുന്നു.

വീട്ടിൽ ഞങ്ങൾ 3 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വലിയൊരു കുടുംബത്തിൽ മരുമകളായി എല്ലാവരുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിച്ച് ജീവിക്കാൻ എന്ത് മോഹമായിരുന്നു ആദ്യമെനിക്ക്. ഇവിടെ ഓരോ വീക്കെന്‍റിലും ഏതെങ്കിലും മാളിലോ അല്ലെങ്കിൽ തീയറ്ററിലോ പോയി സിനിമ കണ്ട് സമയം ചെലവഴിക്കും. വീട്ടിലെത്തുമ്പോഴേക്കും മനസ്സും ശരീരവും തളർന്നിരിക്കും. ആരും നമുക്ക് ഇവിടെ സ്വന്തക്കാരായില്ല. ഇത്രയും വലിയ ഒരു നഗരത്തിൽ എന്ത് സന്തോഷമാണ് ലഭിക്കുക. അതിനാണല്ലോ റിയയും കൊതിക്കുന്നത്.

ബന്ധുക്കളുടെയോ സ്വന്തക്കാരുടെയോ സ്നേഹ നിർഭരമായ സാമീപ്യമില്ലാത്ത നിർജ്ജീവമായ ഈ നഗര ജീവിതത്തെ അവൾക്കെങ്ങനെയാണ് ഉൾക്കൊള്ളാനാവുന്നത്. ഉറ്റ സുഹൃത്തുക്കളായ അവർ ജീവിതത്തെക്കുറിച്ച് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നു. പക്ഷെ തനു അന്ന് രാത്രി തന്നെ ഉറച്ച ഒരു തീരുമാനമെടുത്തു. നേരം വെളുത്താലുടൻ രജത്തിന്‍റെ വീട്ടിൽ വിളിച്ച് അമ്മയേയും അച്‌ഛനേയും മുംബൈയിലേക്ക് ക്ഷണിക്കണം. ജീവിതത്തിൽ വീണു കിട്ടുന്ന അസുലഭമായ ആഹ്ലാദ നിമിഷങ്ങൾ ആസ്വദിക്കണം. അവ നഷ്ടപ്പെടുത്തി കൂടാ… പെട്ടെന്ന് അവൾ തിരിഞ്ഞ് കിടന്ന് റിയയെ നോക്കി പുഞ്ചിരിച്ചു.

“എന്താ നീ ആലോചിക്കുന്നത്?” റിയ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“നിന്നെക്കുറിച്ച്, നീയോ?”

“നിന്നെക്കുറിച്ച്, ഒരേ മറുപടി കേട്ട് ഇരുവരും പൊട്ടിചിരിച്ചു. പക്ഷേ തനുവിന്‍റെ ചിരിയിലുണ്ടായ ആത്മനിർവൃതിയും സന്തോഷവും റിയയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നതിലപ്പുറമായിരുന്നു.

ചെമ്പ്ര

രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന്‍റെ ആലസ്യത്തിൽ നിന്നും രാജ്യം ഉണർന്ന 2013 ഫെബ്രുവരി 22 ന്‍റെ പ്രഭാതം. പതിനാറു പേർ തൽക്ഷണം കൊല്ലപ്പെട്ട ഹൈദരാബാദിലെ ഇരട്ട സ്ഫോടന വാർത്തയുമായി പുറത്തിറങ്ങിയ ദിനപ്പത്രം കയ്യിലെടുത്ത് സിറ്റൗട്ടിലിരുന്ന ഭുവന് അതിലെ തലക്കെട്ടുകൾ പോലും വായിച്ചു പൂർത്തീകരിക്കാനായില്ല. കേരളത്തിലെ മാവോയിസ്റ്റ് വേട്ടയുടെ ഫോളോ അപ് വാർത്തകൾ ഉൾപേജുകളിൽ പരതുന്നതിനിടെ ഗേറ്റിനു മുന്നിൽ വന്നു നിന്ന പോലീസ് ജീപ്പിൽ അവന് ചോദ്യം ചെയ്യലിനു വിധേയനാവാൻ വേണ്ടി ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലേക്ക് പോവേണ്ടി വന്നു. ചാർവി അപ്പോഴും ഉണർന്നിരുന്നില്ല.

ഒരു കുറ്റവാളിയേപ്പോലെ ഭുവൻ ആ പോലീസ് വാഹനത്തിൽ മുഖം കുനിച്ചിരുന്നു. ജീവിതകാലം മുഴുവനും തടവറയിൽ കഴിയേണ്ടി വന്നാൽ, അതിനും അവൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. സത്യമല്ലാതെ ഒന്നും പറയേണ്ടതില്ലെന്ന് ഭുവൻ തീരുമാനിച്ചു.

ഭുവൻ എന്തൊക്കെയാണോ ഒരു പങ്കാളിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് , അതിന് നേർ വിപരീതമായിരുന്നു ചാർവിയുടെ സ്വഭാവം. മൂന്നു വർഷത്തെ ദാമ്പത്യ ജീവിതം അവന് വല്ലാതെ മടുത്തു കഴിഞ്ഞിരുന്നു. അവരുടേത് ഒരു പ്രണയവിവാഹമായിരുന്നു എന്നതാണ് അത്ഭുതം! രണ്ടു മാസത്തെ പരിചയം മാത്രമുള്ള ചാർവി ഭുവനോട് വിവാഹാഭ്യർത്ഥന നടത്തുകയും അവൻ സമ്മതം മൂളുകയും ചെയ്തു എന്നതാണ് സത്യത്തിൽ സംഭവിച്ചത്.

ഒരു ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ജാതിയും മതവുമൊന്നും ഭുവന്‍റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ കുർബാനയും മതബോധന ക്ലാസ്സും ഒഴിവാക്കി ഞായറാഴ്ചകളിൽ മൂവീ ഹൗസിൽ മോർണിങ്ങ് ഷോ കാണാൻ പോവുന്നത് അവന്‍റെ പതിവായിരുന്നു. ചാർവിയാകട്ടെ സമ്പന്നരും പുരോഗമന ചിന്താഗതിക്കാരുമായ മുസ്ലീം ദമ്പതികളുടെ ഏക മകളായിരുന്നു. പാരമ്പര്യമായി അവൾക്കു ലഭിക്കാനിടയുള്ള സമ്പത്തു മാത്രമല്ല അവനെ പ്രലോഭിപ്പിച്ചത്, ഏതു പുരുഷന്‍റെയും മനമിളക്കുന്ന അവളുടെ സൗന്ദര്യവും മോഡേൺ വസ്ത്രധാരണ രീതികളും കൂടിയായിരുന്നു.

വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ കൊടുത്ത അന്നു രാത്രി തന്നെ ഭുവന്‍റെ വീട്ടിൽ അവരൊരുമിച്ച് താമസം തുടങ്ങി. ആദ്യ രാത്രിയിൽ അവൻ കിടപ്പു മുറിയിലേക്കെത്തുമ്പോൾ ചാർവി കിടക്കയിൽ തല ചൊറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ സൗന്ദര്യത്തിന്‍റെ ഏറ്റവും വലിയ ആകർഷണമായി അവൻ കരുതിയിരുന്ന തലമുടിയോട് ആ നിമിഷം തന്നെ അവന് വെറുപ്പു തോന്നി. നൂറുകണക്കിന് പേനുകളാണ് മുടികൾക്കിടയിൽ വസിച്ചിരുന്നത്!

ദിവസങ്ങൾ കഴിയുന്തോറും ഭുവന് അവളുമായുള്ള അകൽച്ച കൂടിക്കൂടി വന്നു. അവന് ഏറ്റവും പ്രീയപ്പെട്ട കറികളായ പോർക്കിന്‍റെയും ബീഫിന്‍റെയും മണമടിക്കുന്നതു തന്നെ ചാർവിക്ക് അസഹ്യമായിരുന്നു. എന്നാൽ ഭുവന്‍റെ മാതാപിതാക്കൾക്ക് അവൾ സ്നേഹഭാജനമായിരുന്നു. രണ്ട് ആൺമക്കൾ മാത്രമുള്ള അവർ തങ്ങളുടെ ഇളയ മകളെപ്പോലെ അവളെ ലാളിച്ചു. ആ സ്നേഹക്കടലിനു നടുവിൽ ഭുവന്‍റെ മനസ്സിലെ ഇഷ്ടക്കേട് അവൾ അറിഞ്ഞതേയില്ല.

ചാർവിയുടെ ജോലി ചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് പതിനഞ്ചു മിനിറ്റ് സ്കൂട്ടറിൽ പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഭുവനാകട്ടെ മുപ്പത്തിയഞ്ചു കിലോമീറ്റർ ദൂരെ അവൻ ജോലി ചെയ്യുന്ന ബാങ്കിലേക്കു പോവാൻ ബൈക്കും കാറും മാറിമാറി ഉപയോഗിച്ചു.

അടവു മുടക്കിയ വായ്പകളുടെ തിരിച്ചടവ് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന വിഭാഗത്തിലായിരുന്നു അപ്പോൾ അവന്‍റെ ജോലി. അവൻ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും വീട്ടിൽ പരമാവധി വൈകി മടങ്ങിയെത്താനും തുടങ്ങി.

ഒരു ഞായറാഴ്ച.

അഞ്ചു മണിക്ക് എണീക്കുന്ന ശീലം ഭുവൻ അന്നും തെറ്റിച്ചില്ല. എന്നാൽ ചാർവി അപ്പോഴും സുഖസുഷുപ്തിയിലായിരുന്നു. ഏഴുമണി കഴിയാതെ അവൾ കിടക്കയിൽ നിന്നെണീക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. അവധി ദിവസമായതിനാൽ ഇന്ന് അത് ഒൻപതു മണിയാവാനും മതി.

വീട്ടിലെ ഓഫീസ് മുറിയിൽ ചെന്ന് ലാപ്ടോപ്പ് തുറന്ന്, നെറ്റ് കണക്ടു ചെയ്ത് മെയിൽ പരിശോധിച്ചു. നഴ്സിനെ വിവാഹം കഴിച്ച് ലണ്ടനിൽ സ്ഥിര താമസമാക്കിയ അരുണേട്ടൻ അയച്ച കുറെ ഫാമിലി ഫോട്ടോകളൊഴികെ ബാക്കിയെല്ലാം ബിസിനസ് കാര്യങ്ങളാണ്.

എഫ്ബി യിൽ പുതിയൊരു സൗഹൃദാഭ്യർത്ഥനയുണ്ട്; ‘വീനസ്’!

‘ദൈവമേ, അവൾ തന്നെയായിരിക്കുമോയിത്?’ ഭുവന്‍റെ മനസ്സിൽ ഒരു നഷ്ടപ്രണയത്തിന്‍റെ അലകളിളകി.

‘അതെ, അവൾ തന്നെ.’ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഭുവന് മനസ്സിലായി.

‘വീനസ് ടെസ്സ ജോർജ്’, അതാണ് അവളുടെ മുഴുവൻ പേര്. ഹോസ്റ്റലിൽ താമസിക്കുന്നതിന്‍റെ സ്വാതന്ത്ര്യമനുഭവിച്ച് മാംഗ്ലൂരിൽ’ പി ജിക്കു പഠിക്കുന്ന നാളുകൾ… ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ രണ്ടു വർഷങ്ങൾ… അന്ന് ടാഗോർ പാർക്കിലും തണ്ണീർബാവി ബീച്ചിലും പിലിക്കുളയിലെ അരയന്നങ്ങൾ നീന്തി തുടിക്കുന്ന തടാകക്കരയിലുമൊക്കെ ഭുവന്‍റെ നിഴൽ പോലെ കൂടെയുണ്ടായിരുന്നു അവൾ! അല്ലെങ്കിൽ അവളുടെ നിഴലായി അവനുണ്ടായിരുന്നു, എപ്പോഴും.

പഠനം പൂർത്തിയാക്കി മടങ്ങിയ ശേഷം പക്ഷേ, ഭുവൻ അവളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, അവളുടെ മാതാപിതാക്കൾ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കു കുടിയേറിയ ദരിദ്ര കർഷകരായിരുന്നു.

‘അവൾ ഇപ്പോൾ എവിടെയാണ്? അവെയ്‍ലബിൾ ആണെങ്കിൽ രണ്ടു വാക്ക് ചാറ്റാമായിരുന്നു.’ പക്ഷേ അത് വീനസിന്‍റെ സമയമായിരുന്നില്ല.

ഭുവനെ അമ്പരപ്പിച്ചു കൊണ്ട് ചാർവിയാണ് ചായയുമായി എത്തിയത്. ‘എന്തേ നീയിത്ര നേരത്തേ എഴുന്നേൽക്കാൻ?’ എന്നു ചോദിച്ചു കൊണ്ട് അവൻ ലാപ് അടച്ച് ചായ വാങ്ങി. അവളുടെ മുഖത്ത് നേരിയ നീരസം.

ഭുവൻ വെറുക്കുന്ന ചാർവിയുടെ മറ്റൊരു സ്വഭാവം ഇതായിരുന്നു, ലാപ്ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ പിന്നിൽ വന്ന് നോക്കിക്കൊണ്ടു നിൽക്കും. ഒരു മനുഷ്യന്‍റെ സ്വകാര്യതയിലേക്കുള്ള അന്യായമായ കടന്നുകയറ്റം!

”ഇന്ന് ആരവിന്‍റെ വീട്ടിലെ കോക്ക്ടെയിൽ പാർട്ടി മറന്നോ?”, ചാർവി ചോദിച്ചു.

ചായ ചുണ്ടോടു ചേർക്കുകയല്ലാതെ ഭുവൻ അതിനു മറുപടി പറഞ്ഞില്ല. അവൾ നേരത്തേ എഴുന്നേറ്റതിന്‍റെ കാരണം പിടികിട്ടി.

ഒന്നര മണിക്കൂർ കാറോടിക്കണം ആരവിന്‍റെ വീട്ടിലെത്താൻ. ആരവ് ഭുവന്‍റെ സുഹൃത്താണെങ്കിലും ഇപ്പോൾ അവനും ഭാര്യ ശീതളിനും ചാർവിയുമായാണ് കൂടുതൽ അടുപ്പം. വിവാഹത്തിനു ശേഷം ചാർവി അവന്‍റെ ചങ്ങാതിമാരെപ്പോലും ഒന്നാകെ തട്ടിയെടുത്തു.

പതിനൊന്നരയ്ക്ക് അവർ ആരവിന്‍റെ വീട്ടിലെത്തി. പ്രശാന്ത്, അശോകൻ, റിയാസ്, വീണ, ശില്പ, തസ്‍ലി എല്ലാവരും അവർക്കു മുന്നേ എത്തിയിരുന്നു.

അഞ്ചു ദമ്പതികളുടെ സൗഹൃദക്കൂട്ടം. കൂട്ടുകാരുടെ ഇടയിൽ വിശേഷങ്ങളും തമാശകളും പങ്കുവെക്കുമ്പോൾ ഭുവന് ഒരു പുതുജീവൻ കിട്ടി. പഴയ കോളേജ് ദിനങ്ങൾ തിരിച്ചു വന്നതു പോലെ.

ചാർവിയാകട്ടെ ആതിഥേയയായ ശീതളിനെ സഹായിച്ചുകൊണ്ടും ഇടയ്ക്ക് കൂട്ടുകാരുടെയിടയിൽ പൊട്ടിച്ചിരിച്ചും ഒരു ചിത്രശലഭത്തെപ്പോലെ എല്ലായിടത്തും പറന്നു നടന്നു. ആരവും ശീതളും ചേർന്ന് തയ്യാറാക്കിയ ‘ബ്ലഡിമേരി’ അകത്തു ചെന്നപ്പോൾ പെണ്ണുങ്ങളുടെ ഒച്ച ഉയരാൻ തുടങ്ങി.

ആ സൗഹൃദ കൂട്ടായ്മയിൽ വെച്ചാണ് വയനാടിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ ‘ചെമ്പ്ര’ യിലേക്ക് ട്രക്കിങ്ങിനു പോവാനുള്ള തീരുമാനമുണ്ടായത്. ആവശ്യമില്ലാതെ രണ്ട് അവധി ദിനങ്ങൾ വരുന്നുണ്ടായിരുന്നു. നാൽപ്പത്തിയെട്ടു മണിക്കൂർ ദേശീയ പണിമുടക്ക്!

പ്രശാന്തിന്‍റെ ഭാര്യ വീണയുടെ വീട് വയനാട്ടിലെ മേപ്പാടിയിലായിരുന്നു.

വയനാട്ടിലെ തണുപ്പിന്‍റെയും മഞ്ഞിന്‍റെയും കാഠിന്യത്തെപ്പറ്റിയും വസ്ത്രങ്ങൾ പോലും മുറിച്ചു കളയുവാൻ തക്ക മൂർച്ചയുള്ള തെരുവപ്പുല്ലുകൾക്കിടയിലൂടെ മല കയറുന്നതിന്‍റെ സാഹസത്തേപ്പറ്റിയും വീണ വിശദമായി വിവരിച്ചെങ്കിലും ആരും പിൻതിരിയാൻ തയ്യാറായിരുന്നില്ല.

ചെമ്പ്രയുടെ മുകളിൽ ഒരു രാത്രി കഴിഞ്ഞുകൂടുവാൻ പോലും റിയാസും തസ്‍ലിയും ഒരുക്കമായിരുന്നു. യാത്രയുടെ നാൾ കുറിച്ചാണ് എല്ലാവരും പിരിഞ്ഞത്. ഫെബ്രുവരി 19ന് വൈകിട്ട് വീണയുടെ വീട്ടിൽ എല്ലാവരും ഒത്തു ചേരുക. 20ന് രാവിലെ ചെമ്പ്രയുടെ മുകളിലേക്ക്!

പാർട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അന്നു രാത്രി തന്നെ, പുതുവർഷാഘോഷത്തിനു ശേഷം ഒരു മാസത്തെ ഇടവേളയിൽ അകത്തു ചെന്ന അൽപ്പം മദ്യത്തിന്‍റെ ലഹരിയിൽ, ഭുവൻ വീനസുമായി മെസ്സഞ്ചറിലൂടെ ആശയ വിനിമയം നടത്തി.

മലകയറ്റത്തിന് ഏറെ ഉത്സാഹം കാണിച്ച അശോകനും ശില്പയും അവസാന നിമിഷം പിന്മാറി. ശില്പയുടെ കസിന്‍റെ വിവാഹ നിശ്ചയം ഉണ്ടത്രേ! എന്നാൽ പകരം വീണയുടെ ഏട്ടന്‍റെ പത്തും പതിമൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളെക്കിട്ടി.

ഇപ്പോൾ ആ പത്തംഗ സംഘം തേയിലത്തോട്ടത്തിനു നടുവിലുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഉത്സാഹത്തോടെ മല കയറുകയാണ്. മഞ്ഞുകാലം കഴിഞ്ഞുവെങ്കിലും വയനാട്ടിലെ മലനിരകൾ മഞ്ഞു മൂടി കിടക്കുകയാണ്! കുന്നിനു മുകളിലെ രഹസ്യം മഞ്ഞ് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നു തോന്നും.

തേയിലത്തോട്ടം പിന്നിട്ടപ്പോൾ വലിയ മരങ്ങളുള്ള കാട്ടിലൂടെ കുത്തനെ കയറ്റമാണ്. ദേഹത്തു തട്ടി ഇക്കിളിപ്പെടുത്തുന്ന പോതപ്പുല്ലുകൾ. ദൂരെ ഒരു ‘വാച്ച് ടവർ’ ചെറുതായി കാണാം. ഇളം വെയിലിൽ മോഹിപ്പിക്കുന്ന വയനാടിന്‍റെ പ്രകൃതി സൗന്ദര്യം. ഉരുളൻ കല്ലുകൾക്കിടയിലൂടെ നടന്ന് വള്ളി പൊട്ടിയ ചെരിപ്പ് വലിച്ചെറിഞ്ഞ് നഗ്നപാദയായാണ് ചാർവി ഇപ്പോൾ നടക്കുന്നത്. എങ്കിലും ഉത്സാഹത്തിന് കുറവൊന്നുമില്ല. ‘മലയുടെ മുകളിൽ വേഗം ചെന്ന് മേഘങ്ങളെ തൊടണം’, എന്നു പറഞ്ഞാണ് കുട്ടികളായ ആര്യയുടെയും സൂര്യയുടെയും നടത്തം!

”ഇക്കാണുന്ന മലയുടെ മുകളിലെത്തിയാൽ യാത്ര തീരുന്നില്ല. പിന്നെയും അഞ്ചു മലകൾ കയറിയാലേ ചെമ്പ്രയുടെ മുകളിലെത്തൂ.” പ്രശാന്ത് ഓർമിപ്പിച്ചു.

കുന്നിനു മുകളിൽ അൽപ്പം വിശ്രമിച്ച്, വീണ്ടും തെരുവപ്പുല്ലുകൾക്കിടയിലൂടെയുള്ള യാത്ര. കാട്ടു മൃഗങ്ങൾ വെള്ളം കുടിക്കാനെത്താറുള്ള ഒരു കലങ്ങിയ തടാകം. വീശുന്ന കാറ്റിന് വന്യമൃഗങ്ങളുടെ വിസർജ്യങ്ങളുടെ ഗന്ധം. തടാകത്തിനരികിൽ വെള്ളം വറ്റിയ ഭാഗത്തെ ചെളിയിൽ പതിഞ്ഞു കിടക്കുന്ന മൃഗങ്ങളുടെ കാലടിപ്പാടുകൾ. അതിൽ ചിലത് പുലിയുടെ കാൽപ്പാടുകളാണെന്ന് മറ്റൊരു സംഘത്തിലെ ചെറുപ്പക്കാർ പരസ്പരം പറയുന്നതു കേട്ടപ്പോൾ ചാർവി ഭീതിയോടെ ഭുവനെ നോക്കി.

രണ്ടു കുന്നുകൾ കൂടി കയറിയിറങ്ങിയപ്പോൾ വയനാട്ടിലെ ഏറ്റവും സുന്ദരമായ തടാകം ‘ഹൃദയസരസ്സ്’ കാണാൻ കഴിഞ്ഞു. രണ്ടു മലകളുടെ ഹൃദയ ഭാഗത്ത്, ഹൃദയത്തിന്‍റെ ആകൃതിയിൽ! ചുറ്റും പുൽമേട്, ഒറ്റപ്പെട്ട് നിൽക്കുന്ന മരങ്ങൾ.

ഹൃദയസരസ്സിന്‍റെ കരയിൽ വർഷങ്ങൾക്കു ശേഷം ഭുവൻ വീനസ്സിനെ കണ്ടു. ജീൻസും ടോപ്പും ഓവർകോട്ടും ധരിച്ച് ഒരു ഏകാകിയേപ്പോലെ അവൾ നീലപ്പൂങ്കുലകളാൽ നിറഞ്ഞ ഒരു മണിമരുതു മരത്തിൽ ചാരി നിൽക്കുന്നു. തടാകക്കരയിലിരുന്ന് കയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിക്കുമ്പോൾ, ‘ഒരു ഇഡ്ഡലിയുടെ കഷ്ണം പോലും വീനസ്സിനു നൽകാനാവുന്നില്ലല്ലോ’, എന്നതായിരുന്നു ഭുവനെ വേദനിപ്പിച്ചത്.

അടുത്ത മലയുടെ നടുവിൽ നിന്ന് പിൻതിരിഞ്ഞു നോക്കിയപ്പോഴാണ് ഹൃദയസരസ്സിന്‍റെ ഹൃദയാകാരവും സൗന്ദര്യവും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞത്.

കുട്ടികൾക്കു തൊട്ടു പിന്നിലായിരുന്നു ഭുവൻ. ചാർവിയാകട്ടെ ഏറ്റവും പിറകിലായിരുന്നു. പിന്നിൽ നിന്നു വന്ന് വീനസ് ശരവേഗത്തിൽ അവരുടെ സംഘത്തെ കടന്നു പോയി. അൽപ്പം കഴിഞ്ഞ് ചാർവിയുടെ ഭീതി കലർന്ന വിളി കേട്ടു.

”ഭുവീ, അവിടെയൊന്നു നിൽക്കെടാ, ഒരു കാര്യം പറയാനുണ്ട്.”

മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്ത് ഭുവൻ അവിടെത്തന്നേ നിൽപ്പായി. പ്രശാന്തും റിയാസും അനിലും വീണയും തസ്‍ലിയും ശീതളും കയറി വന്ന് അവനോടൊപ്പം ചേർന്നു. ചാർവി അപ്പോഴും പതിനഞ്ചടി താഴെയായിരുന്നു. കിതച്ചുകൊണ്ട് കയറി വന്ന അവളെ കൈ പിടിച്ചു കയറ്റിക്കൊണ്ട് ഭുവൻ ചോദിച്ചു;

”എന്താ, എന്തു പറ്റി?”

”ഇപ്പോൾ നമ്മളെ കടന്നു പോയ കറുത്ത കോട്ടിട്ട ആ പെണ്ണില്ലേ, അവൾ ഏതോ തീവ്രവാദ സംഘടനയുടെ ആളാണെന്നാണ് എനിക്കു തോന്നുന്നത്.”

പ്രശാന്തും റിയാസും ഉച്ചത്തിൽ ചിരിച്ചു. ഭുവൻ ചോദിച്ചു;

”എന്തേ, അങ്ങനെ തോന്നാൻ?”

”അവളുടെ കൈയിൽ തോക്കുണ്ട്. എന്‍റെ പിന്നിൽ കുഴലമർത്തി അവൾ ചോദിച്ചു, ‘എന്താടീ നിന്‍റെ പേര്?’ എന്ന്. പേടികൊണ്ട് എന്‍റെ ശ്വാസം നിലച്ചു പോയി. മറുപടി പറയാൻ കഴിഞ്ഞില്ല. മറ്റൊരു മതത്തിൽ പെട്ട നിന്നെ വിവാഹം കഴിച്ചതുകൊണ്ട് എന്നെ കൊല്ലുകയാണ് അവളുടെ പരിപാടി എന്നു തോന്നുന്നു. അതോ നിന്നെ കൊല്ലാനാണോ? ചിലപ്പോൾ നമ്മൾ രണ്ടു പേരേയും…”

ചാർവി ഭുവനെ കെട്ടിപ്പിടിച്ചു. കാര്യത്തിന്‍റെ ഗൗരവം എല്ലാവരെയും നിശ്ശബ്ദരാക്കി.

”എന്തായാലും ഇനി മുകളിലേക്കു പോവേണ്ട.” തസ്‍ലി പറഞ്ഞു.

”ഞാൻ നൂറിൽ വിളിച്ച് പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. പോലീസുകാർ വന്നിട്ടു മതി ഇനി മേലോട്ടോ താഴോട്ടോ.” ചാർവി ഉറപ്പിച്ചു പറഞ്ഞു.

”കൽപ്പറ്റയിൽ നിന്ന് പോലീസുകാർ ഇവിടേക്ക് എപ്പോൾ എത്താനാണ്? അതുവരെ കാത്തിരിക്കുകയെന്നു വെച്ചാൽ… മണ്ടത്തരമാണ്.” എന്നായിരുന്നു പ്രശാന്തിന്‍റെ അഭിപ്രായം.

”അതിന് ഇവൾ പറഞ്ഞത് പോലീസുകാർ മുഖവിലയ്‌ക്കെടുത്തിട്ടുണ്ടാവുമോ?” എന്നായി വീണ.

”അതൊരു പരിഷ്ക്കാരി പെണ്ണാണെന്നാണ് തോന്നുന്നത്. അവളുടെ കൈയിൽ കണ്ടത് തോക്കിന്‍റെ ആകൃതിയിലുള്ള വല്ല സിഗരറ്റ് ലൈറ്ററും ആയിരിക്കും.” റിയാസ് എല്ലാവരുടെയും പേടി തമാശ പറഞ്ഞ് മാറ്റാൻ ശ്രമിച്ചു.

ഏകദേശം അറുപതടി മുകളിൽ കുട്ടികളും അവരെ കാത്തു കുത്തിയിരിക്കുകയാണ്. ആന്‍റിയും കൂട്ടുകാരും കൂടി എന്താണാലോചിച്ചു തല പുകയ്ക്കുന്നതെന്ന് അവർക്ക് പിടി കിട്ടിയില്ല.

”എന്തായാലും ഞങ്ങൾ നാലാണുങ്ങൾ ഒരു പീറപ്പെണ്ണിനെ പേടിച്ച് പിൻതിരിയാൻ പോവുന്നില്ല. എന്തു വന്നാലും ചെമ്പ്രയുടെ മുകളിലെത്തിയിട്ടേ ഇനി മടക്കമുള്ളൂ.” ആരവ് അവസാന തീരുമാനം പ്രഖ്യാപിച്ചു.

”ചാർവീ, നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ഇനി എന്‍റെ കൈ പിടിച്ചുകൊണ്ട് നടന്നാൽ മതി. മരിക്കുന്നെങ്കിൽ നമുക്ക് ഒരുമിച്ചു മരിക്കാം.” അവളുടെ ഇടം കയ്യിൽ തന്‍റെ വലതു കൈ കോർത്തു പിടിച്ച് മുകളിലേക്കു നടക്കാൻ തുടങ്ങിക്കൊണ്ടു ഭുവൻ പറഞ്ഞു.

വയനാട്ടിലെ കൊടും തണുപ്പിനൊപ്പം മനസ്സിൽ ഭയം കൂടി നിറഞ്ഞാൽ… ! ഭുവനും ചാർവിയും മാത്രമല്ല ആ സംഘത്തിലെ എല്ലാവരും അങ്ങനെയൊരു അവസ്ഥ അനുഭവിക്കുകയായിരുന്നു. വെയിലിനു പോലും വല്ലാത്ത തണുപ്പാണ്! തലയ്ക്കു മുകളിലൂടെ കൈ നീട്ടിയാൽ പിടിക്കാമെന്നു തോന്നും വിധം വെള്ളി മേഘങ്ങൾ ഒഴുകുന്നു! ദൂരെ ഒരു കുഞ്ഞു മലയെ ചൂണ്ടി വീണ പറഞ്ഞു;

”അതാണ് അമ്പുകുത്തി മല. ചരിത്രം ഉറങ്ങുന്ന എടയ്ക്കൽ ഗുഹ അവിടെയാണ്.”

മൂത്രമൊഴിക്കാനെന്ന് ആഗ്യം കാണിച്ച് ഭുവൻ ഒരു കാട്ടു മരത്തിന്‍റെ പിന്നിലേക്കു പോയി. വീനസിന് മൊബൈലിലൂടെ മുന്നറിയിപ്പു കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. പെട്ടെന്ന് കോടമഞ്ഞിനെ കീറി മുറിച്ചുകൊണ്ടു വന്ന ഒരു ഹെലികോപ്ടറിന്‍റെ കാതടപ്പിക്കുന്ന ശബ്ദം. അവൻ ഫോൺ കട്ടാക്കി.

ഒടുവിൽ ആ പത്തംഗ സംഘം ചെമ്പ്രയുടെ മുകളിലെത്തി. എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നു ആര്യയ്ക്കും സൂര്യയ്ക്കും! മഞ്ഞു കാരണം പരസ്പരം നന്നായി കാണാൻ പോലും വയ്യ. കൈകളിലും മുഖത്തും തലയിലുമെല്ലാം മഞ്ഞിന്‍റെ നനവ്. ഇവിടുത്തെ കാറ്റിനു പോലും ഉന്മേഷം നൽകുന്ന ഒരു രുചിയുണ്ടെന്ന് ഭുവന് തോന്നി. ദൂരേക്കു നോക്കിയാൽ വയനാടിന്‍റെയും നീലഗിരിയുടെയും മാസ്മര സൗന്ദര്യം! ചുറ്റിലും മനം മയക്കുന്ന പ്രകൃതിയുടെ മനോഹാരിത.

”ഭൂമിയിലെ സ്വർഗം!” ശീതൾ വിളിച്ചു പറഞ്ഞു.

പെട്ടെന്ന് ബൂട്ടിട്ട കാലടികളുടെ കൂട്ടത്തോടെയുള്ള ശബ്ദം, പുരുഷന്മാരുടെ ഉച്ചത്തിലുള്ള തെറിവിളികൾ, മൂന്നു വെടിയൊച്ചകൾ, ഒരു പെണ്ണിന്‍റെ കരച്ചിൽ…! എന്താണു സംഭവിക്കുന്നത്? മഞ്ഞു കാരണം ഒന്നും വ്യക്തമായി കാണാൻ വയ്യ. ചാർവി ഭുവനോടു ചേർന്നു തന്നെ ഉണ്ടായിരുന്നു.

കയറ്റത്തേക്കാൾ പ്രയാസമായിരുന്നു തിരിച്ചുള്ള ഇറക്കം. വെള്ളം കുടിച്ച് ഒരു കാട്ടുചോലയ്ക്കരികിൽ വിശ്രമിക്കുമ്പോൾ ഭുവന് അശോകന്‍റെ കോൾ വന്നു.

”ചെമ്പ്രയുടെ മുകളിൽ വെച്ച് ഒരു മാവോയിസ്റ്റ് വനിതയെ പോലീസ് വെടിവെച്ചു കൊന്നുവെന്ന് ടി വി യിൽ ഫ്ലാഷ് ന്യൂസ് എഴുതി കാണിക്കുന്നു. നിങ്ങളിപ്പോൾ എവിടെയാണ്? എന്തെങ്കിലും കാണാൻ കഴിഞ്ഞോ?”

”ഞങ്ങൾ മടങ്ങുകയാണ്. വെടിയൊച്ച ഞങ്ങളും കേട്ടു. കോടമഞ്ഞു കാരണം ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.” ഭുവൻ ഫോൺ കട്ടു ചെയ്തു. പിന്നെ എല്ലാവരോടുമായി പറഞ്ഞു;

”ചെമ്പ്രയുടെ മുകളിൽ വെച്ച് പോലീസുകാർ ഒരു വനിതാ മാവോയിസ്റ്റിനെ തട്ടിയെന്ന്.”

”അതവൾ തന്നെയായിരിക്കും.” രണ്ടോ മൂന്നോ പേർ ഒന്നിച്ചാണതു പറഞ്ഞത്. ഭുവന്‍റെ ഹൃദയത്തിലെ മുറിവ് ആരും കണ്ടില്ല!

ചോദ്യം ചെയ്യലിനു ശേഷം, കഷണ്ടിയിൽ അവിടവിടെയുള്ള മുടികൾ നരച്ചിട്ടുണ്ടെങ്കിലും ചെറുപ്പം വിട്ടുമാറാത്ത പോലീസ് മേധാവി ഭുവനോട് പറഞ്ഞു;

”താങ്കൾ പറഞ്ഞതൊന്നും അവിശ്വസിക്കണമെന്ന് എനിക്കു തോന്നുന്നില്ല. പക്ഷെ നിന്‍റെ മൊഴി രേഖപ്പെടുത്തിയാൽ സ്വന്തം ഭാര്യയെ കൊല്ലാൻ ഗൂഡാലോചന നടത്തിയതിന് നിന്നെ അറസ്റ്റു ചെയ്യേണ്ടി വരും.”

ഭുവൻ നിശ്ശബ്ദത പാലിച്ചു. എന്തു വന്നാലും നേരിടാനുറച്ച് അവൻ ഇരുന്നു.

ഭുവന്‍റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിക്കാത്തപ്പോൾ ജില്ലാ പോലീസ് മേധാവി പറഞ്ഞു;

”എന്തായാലും ഞങ്ങൾ ഒരു മാവോയിസ്റ്റിനെ വെടിവെച്ചു കൊന്നിരിക്കുകയാണ്. അത് അങ്ങിനെ തന്നെ ഇരിക്കട്ടെ. തനിക്കും കുഴപ്പത്തിൽ ചാടാതെ രക്ഷപ്പെടാം. ഇനിയെങ്കിലും സ്വന്തം ഭാര്യയെ സ്നേഹിച്ചു തുടങ്ങ്. ഒരച്ഛനായിക്കഴിഞ്ഞാൽ എല്ലാം ശരിയായിക്കൊള്ളും. പോയി അതിനുള്ള പണിയെടുക്ക്. സാറിനു പോവാം.”

‘മല പോലെ വന്നത് എലി പോലെ പോയി.’ എങ്കിലും ആശ്വാസത്തോടെയല്ല ഭുവൻ ജില്ലാ പോലീസ് കാര്യാലയത്തിന്‍റെ പടികളിറങ്ങിയത്. ചാർവിയെ അഭിമുഖീകരിക്കുക എന്ന വലിയൊരു കടമ്പ മുന്നിൽ കിടക്കുന്നു.

‘കുങ്കുമപ്പൂവ്’ സീരിയൽ കഴിഞ്ഞ് കിടപ്പുമുറിയിലെത്തുന്നതു വരെ, അന്ന് ഭുവനും ചാർവിയും പരസ്പരം ഒന്നും സംസാരിച്ചില്ല. ഒടുവിൽ കിടക്കയിൽ വിഷണ്ണനായിരിക്കുന്ന ഭുവനോട് മൗനം ഭഞ്ജിച്ചുകൊണ്ട് ചാർവി പറഞ്ഞു;

”ഞാനെന്തെങ്കിലും ചോദിക്കുമെന്നോർത്ത് മനസ്സിൽ കള്ളങ്ങളൊന്നും നീ ആലോചിച്ചു കൂട്ടേണ്ട. വീനസ്സിന്‍റെ ശവപ്പെട്ടിയും ചുമന്നു കൊണ്ടാണ് നീയിപ്പോൾ നടക്കുന്നതെന്ന് എനിക്കറിയാം. അതെവിടെയെങ്കിലും കുഴിച്ചു മൂട്. അല്ലെങ്കിൽ നമ്മുടെ കിടപ്പു മുറിയും ഒരു ശവപ്പറമ്പാകും!”

ചാർവിയുടെ തലയിൽ പേനുകൾ മാത്രമല്ല ഉള്ളതെന്ന് ഭുവൻ അത്ഭുതത്തോടെ മനസ്സിലാക്കി!

സാഗരസംഗമം ഭാഗം- 13

ഫ്ളൈറ്റ് സമയത്തിനു തന്നെ എത്തിയതു കൊണ്ട് ഏറെ നേരത്തെ കാത്തിരിപ്പ് വേണ്ടി വന്നില്ല. എല്ലാവരും ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞ ഉടനെ ഞാൻ മൊബൈൽ ഓണാക്കി. വീട്ടിലെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദം കേൾക്കുവാനുള്ള മോഹമായിരുന്നു. പക്ഷേ ഫോണെടുത്തത് മായയാണ്. അല്ലെങ്കിൽത്തന്നെ അമ്മയ്ക്ക് സ്വയം ഫോണെടുക്കുവാൻ ആവുകയില്ലല്ലോ എന്ന് ഞാനോർത്തത് അപ്പോഴാണ്.

“ഹലോ ചേച്ചീ… നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ… അവിടെയെത്തിയാലുടനെ വിളിക്കണെ ചേച്ചീ…”

“മായ മോളെ… അമ്മയ്ക്കെങ്ങിനെയുണ്ട് ഇപ്പോൾ. അമ്മയുടെ കൈയ്യിൽ ഒന്നു ഫോൺ കൊടുക്കുമോ?”

“അമ്മ ആകെ അപ്സെറ്റാണ് ചേച്ചീ. ചേച്ചീ പോയിക്കഴിഞ്ഞ് അമ്മ കരച്ചിൽ തന്നെയായിരുന്നു.”

“സാരമില്ല മോളെ. ഞാൻ സംസാരിക്കാം അമ്മയോട്. അമ്മയുടെ കൈയ്യിൽ ഫോൺ കൊടുത്തോളൂ…” മായ ഫോൺ അമ്മയുടെ ചെവിയിൽ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു. അമ്മേ ഫോണിൽ ചേച്ചിയാണ്. അമ്മയോട് സംസാരിക്കണം എന്ന്.

“എവിടെ മോളെ… എന്‍റെ മീര മോളോട് എനിക്കും സംസാരിക്കണം. അവർ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ.”

“കേറിക്കഴിഞ്ഞു അമ്മേ. വേഗം സംസാരിച്ചോളൂ. അല്ലെങ്കിൽ ഇപ്പോൾ ഫോൺ ഓഫാക്കാനുള്ള അനൗൺസ്മെന്‍റ് വരും.”

അതുകേട്ടപ്പോൾ അമ്മ വേഗം സംസാരം തന്നോടായി.

“ഹലോ മീര മോളെ. നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞു അല്ലേ. നീ പോയിക്കഴിഞ്ഞ് എനിക്ക് വല്ലാത്ത ഒരു വിഷമം. ഇനി നിങ്ങളൊയൊക്കെ എനിക്കു കാണാൻ കഴിയുമോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം വന്നു.”

“അമ്മേ… അമ്മ വിഷമിക്കരുത്. അമ്മയ്ക്ക് എത്രയും വേഗം മായയോടൊപ്പം ബാംഗ്ലൂർക്ക് തിരിച്ചു പോകാൻ കഴിയും. അവൾ അമ്മയെ നല്ലവണ്ണം നോക്കിക്കോളും. ഒന്നുമില്ലെങ്കിലും അവൾ ഒരു ഡോക്ടർ അല്ലേ അമ്മേ.”

“ശരിയാണു കുഞ്ഞെ. പക്ഷേ ആരൊക്കെ നോക്കിയാലും ഒരിക്കലും എല്ലാം വിഫലമായിത്തീരും. മുകളിൽ നിന്ന് സമയമായി എന്ന അറിയിപ്പു വരുമ്പോൾ നമുക്കു കൂടെപ്പോയല്ലെ പറ്റൂ.”

“അമ്മേ… അമ്മ ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെങ്കിൽ ഞാൻ ഫോൺ വയ്ക്കുകയാണ്. അമ്മ ഒന്നും ഓർത്ത് വിഷമിക്കരുത്. മനസ്സു സന്തോഷമായിരുന്നാൽ ഒന്നും വരികയില്ല. ഇപ്പോൾ ഫോൺ ഓഫ് ചെയ്യാനുള്ള അനൗൺസ്മെന്‍റ് വന്നു കഴിഞ്ഞു. ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം.”

മൊബൈൽ ഓഫാക്കി ഹാൻഡ് ബാഗിലിടുമ്പോൾ അമ്മയെക്കുറിച്ചോർത്തു. പാവം അമ്മ… മക്കളെ ഇത്രയധികം സ്നേഹിച്ച ഒരമ്മയും കാണില്ല. പ്രത്യേകിച്ച് പെണ്മക്കളായതു കൊണ്ട് അമ്മയുടെ കരുതലും സ്നേഹവും കൂടുതലായിരുന്നു. ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ കുറെയൊക്കെ കഴിഞ്ഞത് അമ്മയുടെ ഉപദേശങ്ങൾ കൊണ്ടാണ്. ഇന്നിപ്പോൾ ആ അമ്മ തന്നെ കരുത്തെല്ലാം ചോർന്നവളായി തീർന്നിരിക്കുന്നു. മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയതു കൊണ്ടാവാം അത്. പ്രിയപ്പെട്ട എല്ലാറ്റിനേയും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും മടങ്ങിപ്പോകേണ്ടി വരുന്നതോർക്കുമ്പോൾ ആരാണ് ദുർബലരായിത്തീരുതിരിക്കുക? പെട്ടെന്ന് വേവലാതിയോടെ ഓർത്തു.

അപ്പോൾ മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയെന്നോ. അധികം താമസിയാതെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരു ലോകത്തേയ്ക്ക് യാത്ര തിരിക്കുമെന്നോ. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും കണ്ണുകൾ ഈറനണിഞ്ഞു. കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് നരേട്ടൻ ആരാഞ്ഞു.

“നീ എന്തിനാണ് കരയുന്നത്? അമ്മയെക്കുറിച്ച് ഓർത്തിട്ടാണോ?”

“അതെ നരേട്ടാ… അമ്മ ഞങ്ങളെ വിട്ടു പോകുമോ എന്ന് ഒരു പേടി. അമ്മയ്ക്കും അതുണ്ടായിത്തുടങ്ങിയിരിക്കുന്നു.”

“അങ്ങിനെ ഒന്നിനേയും ഭയപ്പെട്ടിട്ടു കാര്യമില്ല മീരാ. സംഭവിക്കാനുള്ളതു സംഭവിക്കും. ഈ ലോകത്തിൽ പലതും സംഭവിക്കുന്നത് അജ്ഞാതമായ ഏതോ ശക്തിയുടെ നിയന്ത്രണത്തിലാണ്. മനുഷ്യശക്‌തിക്ക് അതീതമായ എന്തോ ഒന്ന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ട്. മനുഷ്യന്‍റെ ജനനവും, മരണവുമെല്ലാം ആ ശക്തിയുടെ കൈകളിലാണ്. ഒരാൾ ജനിക്കുമ്പോൾത്തന്നെ അയാളുടെ മരണ സമയവും ആ ശക്തി കുറിച്ചു വച്ചിട്ടുണ്ടാകും. അതിനെ തടുക്കുവാൻ സാധാരണക്കാരായ നമുക്ക് കഴിയുകയില്ലല്ലോ…”

“അതു ശരിയാണ് നരേട്ടാ. എങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകുന്നതോർക്കുമ്പോൾ.” ആ തോളിൽ താലചായ്ച്ച് തേങ്ങിക്കരഞ്ഞ എന്നെ സമാശ്വസിപ്പിച്ച് കൊണ്ട് നരേട്ടൻ പറഞ്ഞു.

“ഒരു പക്ഷെ നാളെ ഞാനും കടന്നു പോയെന്നു വരാം. അപ്പോൾ നീയിതു പോലെ ദുർബലയാകരുത്. അന്ന് നിന്നെ ആശ്വസിപ്പിക്കുവാൻ ആരുമുണ്ടായി എന്ന് വരികയില്ല. മരണത്തെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാൻ നിനക്കു കഴിയണം. ജനിച്ചാൽ ഒരിക്കൽ നാം മരിക്കും.” നരേട്ടനെ മുഴിമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

“അരുത്… നരേട്ടൻ ഇനിയും ഇത്തരം വർത്തമാനം തുടർന്നാൽ ഞാൻ ഇവിടെ നിന്നും എഴുന്നേറ്റു പോകും. എന്നിട്ട് ദേവാനന്ദിനോട് ഇവിടെ വന്നിരിക്കാൻ പറയും.”

“ഓ… സോറി മീര….. ഇനി ഞാൻ ഒന്നും പറയുകയില്ല. ഇതെന്നല്ല നിന്നെ വേദനിപ്പിക്കുന്ന ഒന്നും. നിനക്കിപ്പോൾ ഒന്നും സഹിക്കുവാനുള്ള ത്രാണി ഇല്ലാതായിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു.”

നരേട്ടൻ ക്ഷമ യാചിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു. ആ മാറിൽ തലചായ്ച്ച് കണ്ണടച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. യാത്രാക്ഷീണം മൂലം അറിയാതെ മയക്കത്തിലാണ്ട ഞാൻ ആരോ വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതറിഞ്ഞാണ് ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടുട്ടുമോൻ നരേട്ടന്‍റെ കൈകളിലിരുന്ന് എന്നെ പിടിച്ചു വലിക്കുകയാണ്. നരേട്ടൻ അവന്‍റെ കുഞ്ഞികൈകളെ എന്‍റെ ബ്ലൗസിന്‍റെ മേൽ തുമ്പിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“വേണ്ട കുട്ടാ… അമ്മമ്മ ഉറങ്ങിക്കൊള്ളട്ടെ. ശല്യപ്പെടുത്തേണ്ട.” പെട്ടെന്ന് അവൻ ഉറക്കെക്കരയുവാൻ തുടങ്ങി. അതുകണ്ട് ഞാൻ സീറ്റിൽ നേരെയിരുന്ന് അവന്‍റെ നേരെ കൈനീട്ടി. പെട്ടെന്നവൻ സന്തോഷത്തോടെ എന്‍റെ നേർക്ക് ചാടി വീണു.

“കണ്ടില്ലേ… കള്ളക്കുട്ടൻ. അവന് നീ എടുക്കാൻ വേണ്ടിയുള്ള കള്ളത്തരമായിരുന്നു. അവനിപ്പോൾ അമ്മമ്മയെ മതി.”

അവനെ എടുത്ത് ഓമനിക്കുമ്പോൾ നരേട്ടൻ പറഞ്ഞു. “കണ്ടില്ലേ അവന് അവന്‍റെ സുന്ദരിയായ അമ്മമ്മയെ മതി. അമ്മമ്മയുടെ സൗന്ദര്യം കണ്ട് അവനും ഒരുപാട് ഇഷ്ടം തോന്നിക്കാണും. പണ്ട് ഞാൻ വീണു പോയതുപോലെ.”

നരേട്ടൻ അതു പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ ഞാൻ തടഞ്ഞു. “ശ്ശ്… നരേട്ടാ… പതുക്കെ ഇത് ഫ്ളൈറ്റാണ്. എല്ലാവരും തിരിഞ്ഞു നോക്കുന്നതു കണ്ടില്ലേ.”

പെട്ടെന്ന് നരേട്ടനും ഒന്നു വല്ലാതെയായതു പോലെ തോന്നി. പരിസരം മറന്ന് ചിരിക്കുന്ന സ്വഭാവം നരേട്ടന് പണ്ടേ ഉള്ളതാണ്. അതിനെ ഓർമ്മിപ്പിച്ചു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ ഞാൻ പറയുന്നതു കേട്ട് നരേട്ടൻ പറയാറുള്ളതിങ്ങനെയാണ്.

“ചിരി ആരോഗ്യത്തിനു നല്ലതാണ്. പ്രത്യേകിച്ചും തുറന്ന ചിരി ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.”

“എന്നാലും നരേട്ടാ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ആളുകൾ എന്തു വിചാരിക്കും. അതുകൊണ്ട് അൽപം നിയന്ത്രിച്ചോളൂ.”

ഞാൻ പറയും. ഇപ്പോൾ എന്‍റെ ഓർമ്മപ്പെടുത്തൽ കേട്ട് എന്തുകൊണ്ടോ നരേട്ടൻ മിണ്ടാതിരുന്നു. ഏതോ അജ്ഞാതമായ വേദന അദ്ദേഹത്തെ അലട്ടുന്നതായി തോന്നി. പുറമെ ചിരിച്ചു കളിച്ചാണിരിക്കുന്നതെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അദ്ദേഹം ഏതോ ആകുലതയ്ക്കടിപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി.

ഒരുപക്ഷെ എല്ലാം എന്‍റെ തോന്നലാവുമോ? മടിയിലിരുന്ന് ടുട്ടുമോൻ കളിച്ചു കൊണ്ടിരുന്നു. അവനെ കൊഞ്ചിട്ടു കൊണ്ട് എല്ലാ വേദനകളും മറക്കാൻ ഞാനും ശ്രമിച്ചു. ഇടയ്ക്ക് ജനാലയിലൂടെ നോക്കിയപ്പോൾ വെൺമേഘങ്ങൾ ഞങ്ങളെ പിന്നിട്ട് മുന്നോട്ടു കുതിയ്ക്കുകയായിരുന്നു. അവ കൈയ്യെത്തിപ്പിടിക്കാവുന്നത്ര അകലത്തിലാണെന്നു തോന്നി. അൽപം കഴിഞ്ഞപ്പോൾ ഒരു കറുത്ത മേഘം വന്ന് ആ വെൺ മേഘക്കീറുകളെ പൊതിഞ്ഞു. നേരത്തെ പ്രകാശമാനമായിരുന്ന അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടതു പോലെ ഞങ്ങളുടെ ഫ്ളൈറ്റ് ആ മേഘക്കീറുകളെ വകഞ്ഞു മാറ്റി ഒരു വലിയ ഗരുഡൻ പക്ഷിയെപ്പോലെ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

ഞാൻ അറിയാതെ ഒരു മയക്കത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരുന്നു. മയക്കത്തിൽ ഞാൻ കണ്ടു. അലറുന്ന തിരമാലകളിൽ പൊങ്ങിക്കിടന്ന് കൈകാലിട്ടടിക്കുന്ന എന്‍റെ രാഹുൽ മോൻ. അമ്മേ എന്ന അവന്‍റെ അലറിക്കരച്ചിൽ കേട്ട് നിസ്സഹായയായി കരയിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഞാൻ.

“മോനെ നീന്തൂ. സകലശക്തിയുമെടുത്ത് നീന്തി കരയ്ക്കണയാൻ നോക്കൂ.” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ അവൻ സർവ്വശക്തിയുമെടുത്ത് തുഴയാൻ ശ്രമിക്കുന്തോറും തിരമാലകൾ അവനെ ആകമാനം വിഴുങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വലിയ തിമിംഗലം അവന്‍റെ നേർക്ക് വാ പിളർന്നടുക്കുന്നതു കണ്ട് ഞാൻ അലറി വിളിച്ചു. കണ്ണുകൾ ഇറുക്കി പൂട്ടി നിന്നു. അവനെ രക്ഷിക്കാൻ മുന്നോട്ടു കുതിക്കാൻ തുടങ്ങിയ എന്നെ ആരുടെയോ കൈകൾ ശക്തിയായി പിടിച്ചു നിർത്തി. തിരിഞ്ഞു നോക്കുമ്പോൾ അത് നരേട്ടനായിരുന്നു. ബലിഷ്ഠമായ ആ കരങ്ങളിലകപ്പെട്ട ഞാൻ മുന്നോട്ടു കുതിക്കുവാനാവാതെ നിന്നു. പിന്നെ തിരയടങ്ങി ശാന്തമായപ്പോൾ രാഹുൽമോൻ അപ്രത്യക്ഷനായിരുന്നു. അപ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ഞാനാമാറിൽ കുഴഞ്ഞു വീണു. അൽപം കഴിഞ്ഞു കണ്ണുതുറന്നപ്പോൾ നരേട്ടന്‍റെ കൈകളിൽ ടുട്ടുമോനുണ്ട്. അവൻ രാഹുൽ മോനെപ്പോലെ ചിരിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോൾ അങ്ങകലെ തിരമാലകൾക്കു മോലെ ഒരു തോണി മേൽ ചിരിച്ചു കൊണ്ട് രാഹുൽ മോൻ നിൽക്കുന്നു.

“അമ്മേ, ഞാനെപ്പോഴും അരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ. അമ്മ പിന്നെ വിഷമിക്കുന്നതെന്തിനാണ്.” അങ്ങനെ പറഞ്ഞവൻ വീണ്ടും അപ്രത്യക്ഷനായി.

“രാഹുൽമോനെ… പോകല്ലെടാ” അങ്ങനെ മയക്കത്തിൽ അൽപം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ കണ്ണു തുറന്നു. അപ്പോൾ യഥാർത്ഥത്തിൽ നരേട്ടൻ ടുട്ടുമോനെ കൈകളിലേന്തി എന്നെ അമ്പരപ്പോടെ തുറിച്ചു നോക്കി അരികിലുണ്ടായിരുന്നു.

“എന്തുപറ്റി തനിക്ക്. ഉറക്കത്തിൽ താനെന്താ വിളിച്ചു പറഞ്ഞത്?”

“അത്… അത്… ഞാനൊരു സ്വപ്നം കണ്ടു നരേട്ടാ. സ്വപ്നത്തിൽ ഞാൻ രാഹുൽമോനെ കണ്ടു. തിരച്ചുഴിയിലകപ്പെട്ട് അവൻ എന്നെ നോക്കി ഉറക്കെ അലറി വിളിക്കുന്നതായി. പക്ഷേ അൽപം കഴിഞ്ഞ് അവൻ അപ്രത്യക്ഷനായി. പിന്നീടവൻ പ്രത്യക്ഷനായപ്പോൾ എന്നോടു പറഞ്ഞു. “അമ്മ ഭയപ്പെടേണ്ട. ഞാനരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ” എന്നു പറഞ്ഞ് അപ്രത്യക്ഷനായി. സ്വപ്നത്തിൽ അവൻ എന്നോടു വന്നു പറഞ്ഞത് സത്യമായിരിക്കും അല്ലെ നരേട്ടാ. നമ്മുടെ ടുട്ടുമോൻ രാഹുൽമോന്‍റെ പുനർജന്മമാണെന്ന് നമുക്കു വിശ്വസിക്കാം.”

“അതെ മീരാ. അങ്ങിനെതന്നെ വിശ്വസിച്ചോളൂ. പൂർണ്ണമായും അതാണ് സത്യം. ഇവൻ നമ്മുടെ രാഹുൽമോൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ കൈകളിലെടുത്ത് കൊഞ്ചിച്ചുലാളിക്കുമ്പോൾ ഞാനെല്ലാം മറക്കുകയാണ്. വേദനകൾ എന്നിൽ നിന്നും ഓടിയൊളിക്കുകയാണ്. ഇവനെപ്പിരിയുവാൻ എനിക്കിനി ആവുകയില്ല മീരാ. അഥവാ അങ്ങിനെ വേണ്ടി വന്നാൽ ഞാൻ മരിച്ചു പോകും.”

അതു പറയുമ്പോൾ ഞാനാ കൈയ്യിൽ മുറുകെപ്പിടിച്ചു. വിമാനത്തിൽ ചിലർ ഞങ്ങളെ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോൾ ഞാൻ കൈപിൻവലിച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു.

“ഇനിയും ദയവു ചെയ്ത് നരേട്ടനിതാവർത്തിക്കരുത്. നമ്മുടെ ടുട്ടുമോനെ ഓർത്തെങ്കിലും.” ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഞാനിത് നരേട്ടനോട് പറയുന്നതെന്ന് ഓർത്തു പോയി. എത്ര പറഞ്ഞാലും മരണത്തെപ്പറ്റി വീണ്ടും വീണ്ടും പറയുന്ന നരേട്ടനെ ഞാൻ നിറഞ്ഞ പരിഭവത്തോടെ നോക്കി.

“ശരി… ശരി… ഞാനിനി ഇങ്ങനെ ഒന്നും പറയുകയില്ല. അല്ലെങ്കിൽ തന്നെ എന്‍റെ മോൻ എന്‍റടുത്തു തന്നെ ഉണ്ടല്ലോ. പിന്നെ ഞാനെന്തിന് ഇതാവർത്തിക്കണം.” നരേട്ടനിതു പറയുമ്പോൾ ഞാൻ പുറത്തേയ്ക്കു നോക്കിയിരുന്നു. വെൺമേഘക്കീറുകൾക്കപ്പുറത്ത് ആകാശം അപ്പോഴും ഇരുണ്ടിരുന്നു. ഒരു മഴയ്ക്കുള്ള തുടക്കം പോലെ.

എന്‍റെ മനസ്സിലും ആശങ്കയുടെ കാർമേഘക്കീറുകൾ വന്നു നിറഞ്ഞു.

നരേട്ടൻ മുറുകെപ്പിടിയ്ക്കുന്ന ഈ ആശ്വാസം എത്ര നാളത്തേക്ക് ഉണ്ടാകും എന്ന് ഞാനോർത്തു നോക്കി. ഒരു പക്ഷേ ഒരാഴ്ച അതു കഴിഞ്ഞാൽ കൃഷ്ണമോളും, ദേവാനന്ദും അവനെ ഞങ്ങളുടെ അടുത്തു നിന്ന് കൊണ്ടു പോകും. അപ്പോൾ നരേട്ടൻ അതെങ്ങിനെ സഹിക്കും. അല്ലെങ്കിൽ നരേട്ടനു വേണ്ടി കൃഷ്ണമോൾക്കു മുന്നിൽ ഞാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതൊരിക്കലും എനിക്കും നരേട്ടനും അഭികാമ്യമായിരിക്കുകയില്ല. പിന്നെ എന്താണൊരു പോംവഴി?

ചിന്തകൾ കാടുകയറിയ മനസ്സുമായി ഞാൻ വിമാനത്തിൽ മൂകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ടുട്ടുമോൻ കരയാൻ തുടങ്ങി. അവനു വിശന്നിട്ടോ, അതോ ഉറക്കം വന്നിട്ടോ ആയിരിക്കാം അത്. കൃഷ്ണമോൾ തിരിഞ്ഞു നോക്കിയതല്ലാതെ അവനെ എടുക്കുവാനായി ഞങ്ങളുടെ സമീപത്തേയ്ക്ക് വന്നില്ല. കാരണം അവന്‍റെ പാൽക്കുപ്പി എന്‍റെ ഹാൻഡ് ബാഗിലുണ്ടായിരുന്നു. അതെടുത്ത് അവന് പാലു കൊടുത്തു. പിന്നീടാ കുഞ്ഞിക്കണ്ണുകൾ മെല്ലെ അടഞ്ഞു വരുന്നതു കണ്ട് ഞാനവനെ എടുത്ത് തോളിൽക്കിടത്തി മെല്ലെ പുറം തലോടിക്കൊണ്ടിരുന്നു. അപ്പോൾ എന്നിലെ മാതൃഹൃദയവും എന്തിനെന്നറിയാതെ വിങ്ങിപ്പൊട്ടാൻ തുടങ്ങിയിരുന്നു. ഊറി വന്ന കണ്ണുനീർക്കണങ്ങൾ സാരിത്തുമ്പു കൊണ്ടൊപ്പി ഞാൻ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇവനെ കൈവിടാൻ എനിക്കുമാവില്ലലോ എന്നോർത്തു കൊണ്ട്. ചൂഴുന്ന നിസ്സഹായതയിൽ മനസ്സു പിടഞ്ഞു കൊണ്ടിരുന്നു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें