ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുജാതയുടെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയായിരുന്നു. ഓര്‍മ്മയില്‍ അപ്പോഴും മേല്‍ശാന്തി ശങ്കരന്‍തിരു മേനിയുടെ വാക്കുകള്‍.
പ്രസാദത്തിന്‍റെ കൂടെ ഒരു കടലാസുപൊതി അവളെ ഏല്പിച്ച ശേഷം തിരുമേനി പറഞ്ഞു. ”ശശിധരന്‍ നായര്‍ മധൂന്‍റെ പേരില്‍ ഒരു ഗണപതി ഹോമം കഴിക്കാന്‍ ഏല്പിച്ചതിന്‍റെ പ്രസാദാ. ഇന്നലെ സന്ധ്യക്ക് നായരും മധൂം കൂടി തൊഴാന്‍ വന്നിരുന്നു. മൂപ്പരും മോനും കൂടി ഇന്ന് രാവിലെ യാത്ര പോവ്വാണത്രെ അതോണ്ട് ഹോമത്തിന്‍റെ പ്രസാദം വാങ്ങിക്കാന്‍ വരണുണ്ടാവില്ല്യാന്ന് ഇന്നലെ വഴിപാട് ഏല്പിക്കുമ്പോള്‍ തന്നെ പറയേണ്ടായി. ഏതായാലും കുട്ടി ഇതൊന്ന് അങ്ങോട്ടെത്തിച്ചേക്കൂ.
സുജാത ഒരു നിമിഷം അത്ഭുതസ്തബ്ധയായിനിന്നു. പിന്നെ തിരുമേനിയില്‍നിന്നും പ്രസാദപ്പൊതി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് മടങ്ങി.
മധുവേട്ടന്‍ ലീവില്‍ നാട്ടില്‍ വന്നുപോയിട്ട് രണ്ടുമാസമാകാന്‍ പോകുന്നതേയുള്ളു. ഇപ്പോള്‍ പെട്ടെന്നുള്ള ഈ വരവ്?
മധുവേട്ടന്‍റെ വീടും തന്‍റെ വീടും തമ്മില്‍ കാല്‍നടയായി പോകാവുന്നത്ര ദൂരമേയുള്ളൂ. അച്ഛന്‍ കഴിഞ്ഞയാഴ്ച മധുവേട്ടന്‍റെ വീട്ടിലേക്ക് പോയതുമാണ്. എന്നിട്ടും മധുവേട്ടന്‍റെ ഈ വരവിനെക്കുറിച്ച് അച്ഛനൊന്നും പറഞ്ഞ് കേട്ടില്ല. അപ്പോള്‍ ഇങ്ങനെ പെട്ടെന്ന്‍ വരാന്‍, എന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ? അതാകാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ ഇന്ന് ചെറിയച്ഛന്‍റെ കൂടെ യാത്രക്ക് പുറപ്പെടില്ലല്ലോ. ആ യാത്ര എങ്ങോട്ടാണാവോ. ഏതായാലും എല്ലാം വിചിത്രമായി തോന്നുന്നു.
വീടിന്‍റെ ഉമ്മറപ്പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അച്ഛന്‍ സുധാകരന്‍റെയും അമ്മ കുസുമത്തിന്‍റെയും സ്വരങ്ങള്‍ പതിവിലും ഉച്ചത്തില്‍ കേട്ടു. അവര്‍ തമ്മിലെന്തോ വാദപ്രതിവാദത്തിലാണെന്ന് തോന്നുന്നു.
ഭാഗിചിറ്റയുടെയും ചെറിയച്ഛന്‍റെയും മധുവേട്ടന്‍റെയും പേരുകള്‍ സംഭാഷണത്തില്‍ ഇടം പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ മധുവേട്ടന്‍റെ പെട്ടെന്നുള്ള വരവാണ് വിഷയമെന്ന് മനസ്സിലായി. പ്രഭാതസവാരിക്കിടയില്‍ ആരോ പറഞ്ഞ് അച്ഛനും ആ വാര്‍ത്ത അറിഞ്ഞുകാണും.
സുജാത ചെവിയോര്‍ത്തു.
“ഞാനറിഞ്ഞത് മറ്റുള്ളവര്‍ പറഞ്ഞിട്ടല്ലേ കുസുമം? ഞാന്‍ നേരിട്ടവിടെ ചെന്ന് സത്യാവസ്ഥ അറിഞ്ഞിട്ടുപോരെ ഈ ബഹളമൊക്കെ?” സുധാകരന്‍റെ അനുനയസ്വരം.
“ഇനി കൂടുതലായി എന്തറിയാനാണ് സുധേട്ടാ. അച്ഛനും മകനും കൂടി തിരുവനന്തപുരത്തേക്ക് പോയിരിക്കുന്നത് മകന് പെണ്ണ് കാണാനാണെന്ന് നാട്ടുകാരെല്ലാം അറിഞ്ഞു കഴിഞ്ഞല്ലോ. പക്ഷെ നമ്മളറിഞ്ഞില്ലെന്നു മാത്രം.” കുസുമത്തിന്‍റെ സ്വരം ക്ഷോഭം കൊണ്ട് ഇടറി.
“നാട്ടുകാരെല്ലാം അറിഞ്ഞിട്ടൊന്നുമില്ല. മധു എത്തിയിട്ടുണ്ടെന്നറിഞ്ഞ് അയല്‍പക്കത്ത് താമസിക്കുന്ന ബാലന്‍ അവനെ കാണാന്‍ ചെന്നപ്പോള്‍ ശശിയേട്ടന്‍ ഇക്കാര്യം ഒന്ന് സൂചിപ്പിച്ചു. ഇന്ന് ബാലന്‍ എന്നെ കണ്ടപ്പോള്‍ ഈ സംഭവം എന്നോട് പറഞ്ഞു അത്രേള്ളൂ.”
“ശരി. അപ്പോഴത് സത്യം തന്നെയാണല്ലോ. മധൂം സുജാതേം കുട്ടികളായിരുന്ന കാലം മുതല്‍ക്ക് അവള് അവന്‍റെ പെണ്ണാണെന്ന് സുധേട്ടന്‍റെ പൊന്നുപെങ്ങള്‍ ആയിരം വട്ടോങ്കിലും പറഞ്ഞിട്ടില്ലേ? എന്നിട്ടിപ്പോഴെന്താ ഇങ്ങനൊരു മറവി?”
“ഭാഗി മറന്നതാവില്ല. ശശിയേട്ടന്‍റെ നിര്‍ബന്ധത്തിന് വഴങ്ങീതാവും. ശശിയേട്ടന്‍റെ മുഖത്ത് നോക്കി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാനുള്ള തന്‍റേടമൊന്നും അവള്‍ക്കില്ലാന്നറിഞ്ഞൂടെ? പാവം !”
“അതെയതെ. പഞ്ചപാവം. പക്ഷെ സുധേട്ടന്‍റെ പെങ്ങള്‍ക്ക് ഓന്തിന്‍റെ സ്വഭാവമാണെന്ന് മാത്രം.” കുസുമത്തിന്‍റെ സ്വരത്തില്‍ പരിഹാസത്തിന്‍റെ മുള്ളുകള്‍.