സാഗരസംഗമം ഭാഗം- 35

എന്‍റെ കാര്യത്തിൽ അവൻ പുലർത്തുന്ന നിഷ്ക്കർഷത ഇപ്പോൾ ഈ ടാബ്ലെറ്റിൽ നിന്നാണല്ലോ തുടങ്ങുന്നത് എന്നോർത്തു. അവനെക്കുറിച്ചാണ് ഞാനിപ്പോൾ ഓർത്തു കൊണ്ടു കിടന്നതെന്ന് അവനറിഞ്ഞുവോ? ആദ്യം ടാബ്ലെറ്റ് വിഴുങ്ങി വെള്ളവും കുടിച്ച ശേഷം അരുൺ നീട്ടിയ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹവും, സഹതാപവും സ്ഫുരിക്കുന്ന ആ കണ്ണുകൾ എന്നെ തൊട്ടുഴിയുന്നതറിഞ്ഞു. ഇന്നിപ്പോൾ എന്നിൽ നിലനിൽക്കുന്ന ജീവ ചൈതന്യം അതിനുത്തരവാദി നീ മാത്രമാണ് അരുൺ എന്നു പറയണമെന്നു തോന്നി.

“മാഡം…. എന്താണിങ്ങനെ ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിക്കിടക്കുന്നത്? മാഡത്തിനിപ്പോൾ എങ്ങിനെയുണ്ട്? വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? വേദനയോ മറ്റോ തോന്നിയ്ക്കുന്നുണ്ടോ?”

“ഓ… ഒന്നുമില്ല അരുൺ… ഐ ആം പെർഫെക്റ്റിലി ഓകെ. പക്ഷെ കുറച്ചു ദിവസമായി നീ അടുത്തില്ലാതിരുന്നതു കൊണ്ടുള്ള ഏകാന്തത മാത്രമാണ് എന്നെ അലട്ടിക്കൊണ്ടിരുന്നത്.”

“ഓ… സോറി മാഡം. മാഡത്തിന് ഓർമ്മയില്ലാതെ മയങ്ങിക്കിടന്ന നാളുകളൊന്നിൽ എനിക്ക് പെട്ടെന്ന് കോഴിക്കോട് പോകേണ്ടി വന്നു. എന്‍റെ മുത്തശ്ശിയ്ക്ക് സുഖമില്ല എന്നറിയിച്ചിട്ട്, അമ്മയുമൊത്ത് അവിടം വരെ പോയി.”

“മുത്തശ്ശിയ്ക്കിപ്പോൾ എങ്ങിനെയുണ്ട്?”

“മുത്തശ്ശിയ്ക്കിപ്പോൾ കുഴപ്പമൊന്നുമില്ല. പ്രായാധിക്യം കൊണ്ടുള്ള ചില പ്രോബ്ലങ്ങൾ. അതെല്ലാം മാറി ഇപ്പോൾ സുഖമായിട്ടിരിക്കുന്നു.”

“മുത്തശ്ശി വളർത്തിയിരുന്ന വല്യമ്മയുടെ മക്കൾ ഇപ്പോൾ എവിടെയാണ്?”

“അവർ രണ്ടുപേരും അമേരിയ്ക്കയിലാണ്. കല്യാണം കഴിഞ്ഞ് അവിടെത്തന്നെ സ്‌ഥിര താമസമാക്കി.”

“അപ്പോൾ മുത്തശ്ശി ഒറ്റയ്ക്കാണോ താമസം?”

“അല്ല, അമ്മയുടെ ബ്രദറിന്‍റെ കൂടെയാണ്. അമ്മാവൻ കുടുംബവുമൊത്ത് തറവാട്ടിൽത്തന്നെയാണ് താമസം…”

എല്ലാം അരുന്ധതി പറഞ്ഞിട്ടുള്ളതാണല്ലോ എന്ന് അപ്പോളോർത്തു. അജ്ഞാതമായ ഏതോ പ്രേരണയാൽ ഭൂതകാലത്തിലേയ്ക്ക് ഒരു പ്രവാഹത്തിലെന്നപ്പോലെ ഊളിയിട്ടിറങ്ങുമ്പോൾ മറവിയുടെ ഒരു മാറാല വന്ന് പലപ്പോഴും വർത്തമാന കാലത്തെ എന്നിൽ നിന്നും മറയ്ക്കുകയാണല്ലോ എന്ന് ഓർത്തു പോയി. എന്‍റെ മുന്നിൽ ഇപ്പോൾ പീലിവിടർത്തിയാടുന്നത് ഭൂതകാല സ്മരണകളാണ്. വർത്തമാനകാലം ഒരു നിഴൽക്കൂത്തിലെന്നപോലെ മങ്ങിയ ചില ചിത്രങ്ങൾ മാത്രം.

ഒരുപക്ഷെ ഒരു മേജർ ഓപ്പറേഷനു ശേഷമുള്ള ശരീരത്തിന്‍റെ അസ്വാഭാവിക പ്രതികരണങ്ങളാണിവ എന്നും ഓർക്കാതിരുന്നില്ല. എന്നാൽ ചില സമയങ്ങളിൽ വർത്തമാനകാലം എന്‍റെ മുന്നിൽ പ്രകാശമാനമാകുന്നുണ്ട്. അപ്പോൾ ബോധതലങ്ങൾ എല്ലാറ്റിനോടും ശരിയായി പ്രതികരിക്കുകയും ചെയ്യുന്നു.

അത്തരമൊരു ഘട്ടത്തിലാണ് അരുൺ എന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, അപ്പോഴുള്ള എന്‍റെ പ്രതികരണങ്ങളിൽ ഭൂതകാലം വിസ്മൃതിയിലമരുകയും വർത്തമാനകാലം കൂടുതൽ ഊർജ്ജസ്വലതയോടെ പ്രകാശിക്കുകയും ചെയ്യുകയാണുണ്ടായത്. ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അരുൺ വാതിലിനടുത്തേയ്ക്ക് നടന്നു ചെന്നു.

അരുൺ ചെന്ന് വാതിൽ തുറന്നു. അൽപം കഴിഞ്ഞപ്പോൾ ഡോക്ടർ ഹേമാംബിക അങ്ങോട്ടേയ്ക്കു കടന്നു വന്നു.

ഹലോ? പ്രൊഫസർ, ഹൗ ആർ യൂ?…

ഡോക്ടർ പരിശോധിച്ച് പുഞ്ചിരിയോടെ പറഞ്ഞു. “മിസ്സിസ് മീരാ നാരായണൻ, നിങ്ങളിപ്പോൾ കുറെയൊക്കെ ബെറ്റർ ആയിട്ടുണ്ട്. അടുത്തു തന്നെ ഹോസ്പിറ്റൽ വിടാനാകുമെന്നു തോന്നുന്നു.”

“താങ്ക് യൂ… ഡോക്ടർ…” ഞാൻ പ്രതിവചിച്ചു.

“മാഡം… പക്ഷെ നിങ്ങളുടെ ബോഡി വളരെ വീക്കാണ്…” അത് ഒരു മേജർ ഓപ്പറേഷനു ശേഷമുള്ള അവസ്‌ഥയാണ്. ഇപ്പോൾ തലച്ചോറുൾപ്പെടെ എല്ലാം സാധാരണ ഗതിയിലേയ്ക്ക് മടങ്ങി വരുന്നതേയുള്ളൂ. അതിന്‍റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അൽപം ചില ഓർമ്മക്കുറവുകളും മറ്റും. ചില ഹാലൂസിനേഷൻസ് താൽക്കാലിക അൽഷിമേഴ്സ് പോലുള്ള ചില അവസ്‌ഥകൾ. പ്രെസൻസിനേക്കാൾ പാസ്റ്റ് ആയിരിക്കും ഇപ്പോൾ കൂടുതൽ ഓർമ്മയിൽ തങ്ങി നിൽക്കുക. ഈ അവസ്‌ഥയൊക്കെ ഇപ്പോൾ താത്കാലികമാണ്. എല്ലാം ശരിയാകും. ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ മാഡത്തിന് ഹോസ്പിറ്റൽ വിടാൻ പറ്റും.”

ഞാൻ വീണ്ടു നന്ദി വാക്കുകൾ ഉരുവിട്ടു. ഡോക്ടറുടെ പാദപതനം അകന്നു പോയപ്പോൾ അരുൺ പറഞ്ഞു.

“ഞാൻ പോയി മാഡത്തിന് കഴിയ്ക്കാനെന്തെങ്കിലും വാങ്ങിയിട്ടു വരാം… ഇന്ന് മമ്മിയ്ക്കും നല്ല സുഖമില്ലായിരുന്നു. അതാണ് ആഹാരവുമായി എത്താതിരുന്നത്.”

“ഓ… അതു സാരമില്ല അരുൺ.?എനിക്കിനിയിപ്പോൾ ഒന്നും വേണമെന്നില്ല. അരുൺ കഴിച്ചിട്ടു വന്നോളൂ…”

ഞാൻ അരുണിനെ നിർബന്ധിച്ച് പറഞ്ഞയച്ചു. രണ്ടാഴ്ചയോളമായി ഞാനീ ഹോസ്പിറ്റലിൽ വന്നിട്ട്. ഓപ്പറേഷനു ശേഷമുള്ള ദിനങ്ങളിൽ അരുണും, അരുന്ധതിയും എല്ലായ്പ്പോഴും ഒപ്പമുണ്ടായിരുന്നു. ദേവദൂതരെപ്പോലെ അവർ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എല്ലായ്പ്പോഴും അടുത്തു നിന്നു. ഇല്ലെങ്കിൽ ആരും തുണയില്ലാതെ ഞാനീ ഹോസ്പിറ്റൽ ബെഡിൽ ഒറ്റപ്പെട്ടു പോകുമായിരുന്നു. എല്ലായ്പ്പോഴും ദൈവകരങ്ങൾ എന്നിലേയ്ക്കു നീണ്ടുവരാറുള്ളത് ഈ രൂപത്തിലാണല്ലോ എന്നും ഓർത്തു.

“മാഡം, ഡോക്ടർ പറഞ്ഞു പതുക്കെ എഴുന്നേറ്റു നടക്കാൻ. ഞാൻ മാഡത്തെ പതുക്കെ കൈപിടിച്ച് ഈ വരാന്തയിലൂടെ നടത്താം.”

ഇഞ്ചക്ഷനെടുക്കാൻ വന്ന മലയാളി സിസ്റ്ററുടെ വാക്കുകൾ ചിന്തയിൽ നിന്നുമുണർത്തി. അല്ലെങ്കിൽ തന്നെ ഈ കിടപ്പ് എനിക്ക് മതിയായിത്തുടങ്ങിയിരിക്കുന്നു. അൽപം എഴുന്നേറ്റു നടക്കാനായെങ്കിൽ എന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട് എത്ര ദിവസമായി. ഓപ്പറേഷനു ശേഷമുള്ള അടിവയറ്റിലെ മുറിവുകൾ കരിഞ്ഞു തുടങ്ങിയിരിക്കുന്നു. വേദനയ്ക്കും നല്ല ശമനമുണ്ട്. ഇനിയും ഈ കിടപ്പിൽ നിന്നുമൊരു മോചനം ഞാനും ആഗ്രഹിച്ചതാണ്.

“മാഡം വരൂ… ഞാൻ പതുക്കെ എഴുന്നേൽപ്പിക്കാം…” സിസ്റ്ററുടെ കരങ്ങളുടെ താങ്ങിൽ പതുക്കെ എഴുന്നേറ്റിരിയ്ക്കുമ്പോൾ സന്തോഷം തോന്നി. എങ്കിലും ക്ഷീണം വിട്ടകലാതിരുന്നതിനാൽ തലയ്ക്ക് നല്ല ഭാരം തോന്നി. എഴുന്നേറ്റു നടക്കുവാൻ തീരെ ആവുകയില്ലെന്നു തോന്നിയപ്പോൾ സിസ്റ്ററിനോടു പറഞ്ഞു.

“സിസ്റ്റർ, ഇന്നിപ്പോൾ നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നല്ല ക്ഷീണം തോന്നുന്നുണ്ട്. നടന്നാൽ ചിലപ്പോൾ ഞാൻ തലകറങ്ങി വീഴും. അടുത്ത ദിവസം മുതൽ ഞാൻ നടന്നു തുടങ്ങാം.”

സിസ്റ്റർ പിന്നെ കൂടുതൽ നിർബന്ധിക്കാതെ തലയിണ ചാരി വച്ച് എന്നെ അതിൽ ഇരുത്തി.

“ശരി മാഡം… ഇന്നിപ്പോൾ ഇങ്ങനെ ഇരുന്നോളൂ. ഞാൻ ഡോക്ടറോടും പറഞ്ഞോളാം. അടുത്ത ദിവസം മുതൽ മാഡം നടന്നു തുടങ്ങുമെന്ന്. അങ്ങനെ പറഞ്ഞു സിസ്റ്റർ എന്നെ നോക്കി പുഞ്ചിരിച്ചു.

സത്യത്തിൽ ഏറെ ദിനങ്ങൾക്കു ശേഷം അങ്ങിനെ എഴുന്നേറ്റിരിയ്ക്കാൻ കഴിഞ്ഞപ്പോൾ തന്നെ വലിയ ആശ്വാസം തോന്നി. സിസ്റ്റർ കൈകളിൽ എടുത്തു തന്ന മെഡിസിൻ വായിലേയ്ക്കിട്ട് ഗ്ലാസ്സിൽ നീട്ടിയ വെള്ളവും കുടിച്ചു കഴിഞ്ഞപ്പോഴാണ് ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടത്. സിസ്റ്റർ ചെന്ന് വാതിൽ തുറന്നപ്പോൾ അത് അരുന്ധതിയായിരുന്നു. “കൺഗ്രാചുലേഷൻസ് മാഡം. ഫഹദ് സാർ എത്തിയതായറിഞ്ഞു. അരുൺ എല്ലാം ഞങ്ങളോടു പറഞ്ഞു.” അരുന്ധതി ആഹ്ലാദത്തോടെ അടുത്തെത്തിപ്പറഞ്ഞു.

“മാഡം മിടുക്കിയായിപ്പോയല്ലോ. എഴുന്നേറ്റിരിയ്ക്കാനും മറ്റും തുടങ്ങിയോ? ഫഹദ്സാർ വന്നതിന്‍റെ ചെയ്ഞ്ച് ആണോ ഇത്?” അത്യധികം ഉത്സാഹത്തോടെ അരുന്ധതി ചോദിച്ചു.

“അതെ അരുന്ധതി. എത്ര ദിവസമായി ഈ കിടപ്പു തുടങ്ങിയിട്ട്. ഇനിയും ഒന്ന് നേരെ എഴുന്നേറ്റു നടന്നാൽ മതിയായിരുന്നു.”

“മാഡം… എത്രയും പെട്ടെന്നു തന്നെ പഴയ പോലെയാകും. അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. കാരണം മാഡം ആഗ്രഹിച്ചതു പോലെ ഫഹദ്സാർ അടുത്തെത്തിയതിന്‍റെ സന്തോഷമുണ്ടല്ലോ…” അരുണിന്‍റെ ആ അമ്മയ്ക്ക് അങ്ങനെയല്ലാതെ ചിന്തിക്കാനാവുകയില്ലല്ലോ എന്നോർത്തു. ആ അമ്മയിൽ നിന്നാകാം മകനും ഇത്ര നല്ല മനസ്സ് പകർന്നു കിട്ടിയത്. അൽപ സമയത്തിനുള്ളിൽ സിസ്റ്റർ മടങ്ങിപ്പോയി. പുറത്ത് ആഹാരം കഴിയ്ക്കുവാനായി പോയിരുന്ന അരുൺ ഉച്ചയ്ക്ക് പാഴ്സലുമായി മടങ്ങി എത്തി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അരുന്ധതിയും ആഹാരവുമായാണ് എത്തിയിരിക്കുന്നത്. അരുണിന്‍റെ കൈയ്യിലെ പാഴ്സൽ കണ്ട് അരുന്ധതി പറഞ്ഞു. “ഓ… സോറി മാഡം… രാവിലെ എനിക്ക് ആഹാരവുമായി വരാൻ കഴിഞ്ഞില്ല. നല്ല തലവേദന തോന്നി. എന്നാൽ അൽപം വിശ്രമിച്ചപ്പോൾ അത് മാറി. അപ്പോൾ മാഡത്തിന് ഉച്ചയ്ക്കുള്ള ആഹാരം പാകം ചെയ്ത് ഞാനിങ്ങോട്ട് പോന്നു. അരുണിനെ അപ്പോൾ വിളിച്ചറിയിക്കാൻ കഴിഞ്ഞില്ല. അതാണിപ്പോള്‍ അബദ്ധമായത്.”

“മമ്മി… നല്ല ആളാണ്. എന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ ഈ ആഹാരം വാങ്ങുമായിരുന്നോ?” അരുൺ അമ്മയോട് പരിഭവിച്ചു.

സോറി അരുൺ… എന്‍റെ ഫോണിന് ചാർജ് ഉണ്ടായിരുന്നില്ല. അതാണ് നിന്നെ വിളിയ്ക്കാൻ പറ്റാതിരുന്നത്. ഏതായാലും സാരമില്ല. ആ ആഹാരം ഞാൻ കഴിയ്ക്കാം. തലവേദന കാരണം രാവിലെ ഞാൻ ഒന്നും കഴിച്ചിരുന്നില്ല. ഇപ്പോൾ നല്ല വിശപ്പുണ്ട്. അൽപം കഴിഞ്ഞപ്പോൾ ഫഹദ്സാറും വന്നെത്തി. പരസ്പരമുള്ള പരിചയപ്പെടുത്തൽ കഴിഞ്ഞ് അന്ന് ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അരുന്ധതി എനിയ്ക്കുള്ള ആഹാരം വിളമ്പി കൈയ്യിൽ ത്തരുകയായിരുന്നു. വളരെ ദിവസങ്ങൾക്കു ശേഷം എനിക്കെഴുന്നേറ്റിരുന്ന് സ്വയം ആഹാരം കഴിയ്ക്കാൻ കഴിഞ്ഞു. അതോടെ മനസ്സിൽ ആത്മവിശ്വാസം വിരുന്നു വന്നു. ഇനി എനിയ്ക്ക് ഉടൻ തന്നെ എഴുന്നേറ്റു നടക്കാറാകും. അതോടെ വളരെ വേഗം ഹോസ്പിറ്റൽ വിടാനും കഴിയും.

മരുന്നുകളുടേയും കുത്തിവയ്പുകളുടേയും ഈ ലോകത്തു നിന്ന് എത്രയും പെട്ടെന്ന് ഒരു മോചനം. അതുമാത്രമേ അപ്പോൾ മനസ്സിലുണ്ടായിരുന്നുള്ളൂ. പതിവുപോലെ ഫഹദ്സാർ അന്നും അരുൺ ഏർപ്പെടുത്തിയ താമസസ്ഥലത്തേയ്ക്ക് വൈകുന്നേരം മടങ്ങിപ്പോയി. അന്ന് രാത്രിയിൽ അരുന്ധതിയും അരുണും ആ മുറിയിൽ എനിക്ക് കൂട്ടു കിടന്നു.

കഴിഞ്ഞു പോയ ദിനങ്ങളിൽ മിക്കവാറും രാത്രികളിൽ അരുണോ അരുന്ധതിയോ എനിക്കൊപ്പമുണ്ടാകുമായിരുന്നു. ഏതോ അടുത്ത ബന്ധുവിനെയെന്ന പോലെ എന്നെ സംരക്ഷിച്ചു കൊണ്ട്. നന്മയുടെ മൂർത്തിമദ്ഭാവമായ ആ അമ്മയും മകനും എന്നെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തുകയായിരുന്നു.

ജീവിതത്തിന്‍റെ നടുക്കടലിൽ മുങ്ങിത്താണു തുടങ്ങിയ ഒരു ചെറു തോണിയിലെ ഏകയായ യാത്രക്കാരിയായിരുന്നു ഞാൻ. എന്നാൽ മുങ്ങിത്താഴും മുമ്പേ എന്നെ കൈപിടിച്ചു കയറ്റാൻ എന്‍റെ രക്ഷകരായെത്തുകയായിരുന്നു ആ അമ്മയും മകനും. പിന്നെ ഇപ്പോൾ ഫഹദ്സാറും. അവരോടുള്ള നന്ദി വാക്കുകൾക്കതീതമാണ്.

ഞാൻ പെറ്റു വളർത്തിയ പൊന്നുമകൾ എന്നെ ഒറ്റപ്പെടുത്തിയപ്പോൾ, ജീവിതത്തിന്‍റെ ഇരുൾ നിറഞ്ഞ വഴിത്താരയിൽ പ്രകാശത്തിന്‍റെ കൈത്തിരിനാളവുമായി അവർ മൂവരും നടന്നെത്തി. ഇന്നവർ എനിക്ക് താങ്ങും തണലുമാണ്. മുന്നോട്ടുള്ള ഓരോ അടിവയ്പിലും വഴികാട്ടികളാണ്… സഹായസന്നദ്ധരാണ്.

ഇന്നിപ്പോൾ കുരുടനു കാഴ്ച പോലെ ഞാനാ കൈകളിൽ പിടിച്ച് മുന്നോട്ടു നടന്നു തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കരങ്ങളിലെ അഭിയം അതും ഈശ്വരൻ തട്ടിത്തെറിപ്പിയ്ക്കാതിരുന്നാൽ മതിയായിരുന്നു. എന്നെ ഒറ്റയ്ക്കാക്കി പീഡിപ്പിക്കാതിരുന്നാൽ മതിയായിരുന്നു. എന്നാൽ അപ്പോൾത്തന്നെ ഈശ്വരൻ കരുണാമയനാണല്ലോ എന്നോർത്തു.

ഫഹദ്സാറുമൊത്തുള്ള ഒരു ജീവിതം വീണ്ടുമൊരിയ്ക്കൽ കൂടി സാധ്യമാകുമെന്ന് ഞാൻ വിചാരിച്ചിരുന്നതല്ല. എന്നിട്ടും ഈശ്വരൻ അദ്ദേഹത്തെ എന്‍റെ കണ്മുന്നിൽ ക്കൊണ്ടെത്തിച്ചു തന്നു.

ഫഹദ്സാറിന്‍റെ സ്നേഹം വറ്റാത്ത പാൽക്കടലാണ്. ഇത്രകാലങ്ങൾക്കു ശേഷവും അതിലെ ഉറവറ്റിയിട്ടില്ലെന്നറിയുമ്പോൾ അദ്ഭുതം തോന്നുന്നു.

ഈശ്വര സൃഷ്ടികളിൽ അപൂർവ്വമായി മാത്രം കാണുന്ന ആത്മാർത്ഥതയുടെ പ്രതിരൂപമാണദ്ദേഹം. ഒരു യഥാർതത്ഥ മനുഷ്യൻ… മനസ്സ് ചിന്തകളുടെ ലോകത്ത് വിഹരിക്കുമ്പോൾ അടുത്തെവിടെയോ ക്ലോക്കിൽ അലാറം അടിക്കുന്നതു കേട്ടു. ജനലിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ പുലരിയുടെ ആദ്യതുടിപ്പുകൾ കിഴക്കു ദിക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കണ്ടു.

(തുടരും)

ചില ബാല്യ കൗമാര വ്യഥകൾ

നേർത്ത മഞ്ഞുപാളി കണക്കെയുള്ള ജനൽക്കർട്ടൻ നീക്കി പത്താമത്തെ നിലയിൽ നിന്ന് ഗൗരിയുടെ ഗ്രാൻമാ പുറത്തേക്കു നോക്കി. താഴെ വെയിലിൽ തിളങ്ങിക്കിടക്കുന്ന റോഡിലൂടെ റിമോട്ട് കൺട്രോളിലെന്ന പോലെ അതീവ സ്പീഡിൽ നിശബ്ദമായി ഒഴുകിപ്പോകുന്ന വാഹനങ്ങൾ. അടുത്തു ചെന്നാലറിയാം ചീറിപ്പായുന്ന വാഹനങ്ങളുടെ വേഗത!

നിര തെറ്റാതെ ഓടുന്ന വാഹനങ്ങളിൽ ഗൗരിയുടെ സ്ക്കൂൾ ബസ്സ് ദൂരെ നിന്നു തന്നെ അവരുടെ കണ്ണിൽപെട്ടു. അൽപ്പ സമയത്തിനുള്ളിൽ ലിഫ്ട് തള്ളിത്തുറക്കുന്നതിന്‍റേയും കൊറിഡോർ ഒരു കൂട്ടയോട്ടത്തിന് വേദിയാക്കുന്നതിന്‍റേയും ബഹളം കേട്ടു തുടങ്ങി. വിവിധ ക്ലാസുകളിൽ പഠിക്കുന്ന പല രാജ്യക്കാരായ ഈ സംഘത്തിലെ എല്ലാവരും ആത്മ സുഹൃത്തുക്കളും ടീനേജിന്‍റെ പടിവാതിക്കൽ നിൽക്കുന്നവരുമാണ്.

അമ്മ കൈക്കുഞ്ഞിനെ എന്ന പോലെ മാറോടു ചേർത്തു പിടിച്ചിരിക്കുന്ന ഐ പാഡുമായി മാത്രമേ ഇവരെ കാണാറുള്ളൂ. വലിയ ഒരു മ്യൂസിക്ക് ഗ്രൂപ്പിന്‍റെ കണ്ണികളാണെന്ന് സ്വയം അഭിമാനിക്കുകയും യുട്യൂബിൽ സ്വന്തമായി ഒരു എംജി – മ്യൂസിക്ക് ഗ്രൂപ്പ് ഉണ്ടെന്നുമാണ് ബിഎഫ്എഫ് എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ ഗ്രൂപ്പ് പറയുന്നത്. എംജിയും ബിഎഫ്എഫുമെല്ലാം എന്താണെന്ന് ഒരു സ്റ്റഡി ക്ലാസ് വഴി ഗ്രാൻമായെ ഗൗരി ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്.

ടെക്ക്നോളജിയിൽ ഗ്രാൻമായെ ഒന്ന് അപ്ഡേറ്റ് ചെയ്യാൻ കുട്ടി ഏറെ ശ്രമിച്ചിരിക്കുന്നു. സന്ദർശന വിസയിൽ ദുബായിൽ എത്തിയ ഗ്രാൻമ പലപ്പോഴും ഇവരുടെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും അതേത്തുടർന്നുള്ള വിങ്ങിക്കരച്ചിലിനുമൊക്കെ അനേക തവണ നിശബ്ദ സാക്ഷിത്വം വഹിക്കേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിഎഫ്എഫ് ചിലപ്പോഴൊക്കെ അവരിൽ ചോദ്യ ചിഹ്നമായും അവശേഷിച്ചു.

ഓരോ പിണക്കങ്ങൾക്കുമൊടുവിൽ വിങ്ങിപ്പൊട്ടിയും ഏങ്ങലടിച്ചും തന്‍റെ വലിയ നൊമ്പരങ്ങൾ ഗ്രാൻമായുമായി ഗൗരി പങ്കുവച്ചിട്ടുമുണ്ട്. ആശ്വസിപ്പിക്കലിന് തീരെ സാധ്യതയില്ലാത്ത വിധം പരാതിക്കെട്ടുകൾ അഴിച്ചിടും. ചാക്കിൽ നിന്നൂർന്നു വീണ് തറയിലെമ്പാടും ചിതറിക്കിടക്കുന്ന നെല്ലിക്ക കണക്കെ അവയിൽ ചവിട്ടി നിന്ന് ബാലൻസ് വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടാറാണ് പതിവ്.

ഉള്ളു തുറക്കലിനും ആശ്വസിപ്പിക്കലിനുമിടയിൽ കതകിൽ മൃദുവായി തട്ടുന്ന ശബ്ദം കേൾക്കാം. ഉടൻ തന്നെ വിടർന്ന കണ്ണുകൾ കൈത്തലം കൊണ്ടു തുടച്ച് അമ്മയുടെ കണ്ണുവെട്ടിച്ച് ഗ്രാൻമായെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗൗരി പുറത്തേക്കോടും. ഇടക്കിടെ അഴിഞ്ഞു വീഴുന്ന ഓരോ കണ്ണികളും കൂട്ടിയോജിപ്പിച്ച് വീണ്ടും സുശക്‌തമായ സൗഹൃദച്ചങ്ങലയായി അവർ വീടിനു പുറത്ത് വിരാജിക്കവെയാണ് ഒരു ദിവസം അത് ഉണ്ടായത്.

ആലംബം നഷ്ടപ്പെട്ട ഒരന്യഗ്രഹ ജീവിയെ എന്നോണം മിയ എന്ന ഈജിപ്ഷ്യൻ സുന്ദരിയുടെ കൈപിടിച്ച് ഗൗരി അടുക്കളിയിലേക്ക് ഓടി… അന്നാദ്യമായി അവരുടെ പക്കൽ എപ്പോഴും നെഞ്ചോടു ചേർത്തു പിടിക്കാറുള്ള ഐപാഡ് ഉണ്ടായിരുന്നില്ല. മിയയുടെ മാതാപിതാക്കൾ അമേരിക്കൻ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്‌ഥരാണ്. കുട്ടിയോടൊപ്പം വീട്ടിൽ ബംഗ്ലാദേശ്കാരിയായ മെയ്ഡാണുള്ളത്.

അമ്മയുമായി ഏറെ നേരത്തെ വാക്ക്ത്തർക്കങ്ങൾക്കു ശേഷം മിയയുടെ കൈപിടിച്ചു കൊണ്ടു തന്നെ ഗൗരി പുറത്തേക്കു പോകുന്നതും കണ്ടു… വലിയ ഉത്തരവാദിത്വത്തിലകപ്പെട്ട പോലെ അൽപം തിരക്കിലാണെന്ന ഭാവത്തിൽ ഗ്രാൻമയെ ഒന്നു നോക്കി. എന്താണ് കാര്യമെന്ന മൗനമായ അന്വേഷണത്തിന് ചെറുവിരൽ ഉയർത്തിക്കാട്ടി “ പറയാം അച്ചൂ” എന്നു പറഞ്ഞ് വന്ന പോലെത്തന്നെ മിയയുടെ കൈപിടിച്ച് പുറത്തേക്കു പോയി. അമിതമായ സന്തോഷമോ കടുത്ത ആകാംക്ഷയോ ഒക്കെ ഗൗരിയെ പൊതിയുമ്പോഴാണ് സ്നേഹത്തോടെ അവൾ വിളിക്കാറുള്ള അച്ഛമ്മ അച്ചുവായി ലോപിക്കുക.

എന്തായാലും ഏതൊരു രഹസ്യവും അധിക സമയം മൂടിവയ്‌ക്കാൻ ഗൗരിക്കാവില്ല എന്ന് ഗ്രാൻമായ്ക്കറിയാം. വൈകുന്നേരം മറ്റു ഫ്ളാറ്റുകളിലെ കുട്ടികൾ കളിക്കാനെത്തിയപ്പോഴും ഗൗരിയും റെയ്ച്ചലും നൂറാനും ഫാത്തിമയുമൊക്കെ മിയക്ക് അകമ്പടിയായുണ്ടായിരുന്നു. കൂടെ ഏതാനും പുരുഷപ്രജകളും അവരെ പിന്തുടർന്നു.

നഴ്സറി ക്ലാസ്സുകാരായ നൗഫലും ആരിഫും ജോർജ്‌ജും മറ്റും. എന്താണ് സംഭവമെന്ന് മനസ്സിലായില്ലെങ്കിലും മറ്റുള്ള കുട്ടികൾ പറയുന്നതു കേട്ട് അവരും പുറകെ നടന്നു പറയുന്നുണ്ടായിരുന്നു.

“ഡോണ്ട് റൺ മിയ… ടേക്ക് റെസ്‌റ്റ്…” മിയ തിരിഞ്ഞു നിന്ന് അവരെ രൂക്ഷമായൊന്നു നോക്കി. കുട്ടി സംഘം ഉച്ചത്തിൽ കൂവി വിളിച്ചു കൊണ്ട് തിരിഞ്ഞോടി.

ഓരോ ദിവസവും പുതിയ പുതിയ വാർത്തകളും സംഭവവികാസങ്ങളുമായാണ് ഗൗരി സ്കൂളിൽ നിന്നെത്തുക. ക്രമേണ കഴിച്ചു മടുത്ത സ്നാക്ക്സ് പോലെ കേട്ടു പഴകിയ കഥ പോലെ ഇത്തരം സംഭവങ്ങളിൽ അവൾക്കു താൽപര്യമില്ലാതായിത്തുടങ്ങി. സ്ക്കൂൾ വിശേഷങ്ങളറിയാൻ ആകാംക്ഷ പൂണ്ട് ഒരിക്കൽ ഗ്രാൻമ ചോദിച്ചു.

“ഗൗരിയുടെ അടുത്തിരിക്കുന്ന കുട്ടിയുടെ പേരെന്താ?”

“ജോൺ സ്റ്റീവ്”

“ബോയ് ആണ് അല്ലേ?” അവരുടെ ചോദ്യത്തിന് വളരെ സത്യസന്ധമായിത്തന്നെ അവൾ മറുപടിയും നൽകി, അൽപം വിശദമായിത്തന്നെ.

“മൂന്നു ബോയ്സും ഞാനും ഒരു ഗ്രൂപ്പായാണ് ഞങ്ങളുടെ ടേബിളിനു ചുറ്റും ഇരിക്കുക…” ഒന്നുകൂടി വ്യക്‌തമാക്കാനെന്നോണം അവൾ തുടർന്നു.

“എനിക്കതാണ് കംഫർട്ടബിൾ ആയി തോന്നുന്നത്. ഗേൾസ് വളരെ മീൻ ആണ് അച്ചൂ…” സത്യം പറയുന്നതിലെ ശുദ്ധതയും നൈർമല്യവും അവളുടെ സ്വരത്തിലും കണ്ണുകളിലുമുണ്ടായിരുന്നു.

എത്ര നിഷ്ക്കളങ്കമാണ് ബാല്യം… വളർച്ചയും അറിവും നേടുന്തോറും തെളിവെള്ളത്തിൽ കലരുന്ന മാലിന്യം പോലെ… ഗ്രാൻമായ്ക്ക് എന്തിനെന്നറിയാതെ വല്ലാത്ത നൊമ്പരമനുഭവപ്പെട്ടു.

പ്രത്യേകിച്ച് സംഭവവികാസങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ കടന്നു പോകവെയാണ് അതുണ്ടായത്. അന്നും പതിവുപോലെ ഒച്ചയും ബഹളവുമായാണ് ആ ഫ്ളോറിലെ കൊച്ചു മതേതര രാഷ്ട്രം ലിഫ്റ്റിൽ നിന്നു പുറത്തേക്കു ചാടിയത്. ഒരാരവത്തോടെ അവർ കോറിഡോർ ഒന്നാകെ കുലുക്കി മറിച്ചു. ബഹളം കേട്ട് ഗൗരിയുടെ അമ്മ വാതിൽ തുറന്ന് പുറത്തേക്കു വന്നു.

“ഇന്നലെ ഹൂദ ഇബ്രാഹിമിനു കിട്ടി, ഇന്ന് നൂറാനും കിട്ടീത്രെ… അമ്മേ” ഗൗരിയ്ക്ക് ആവേശത്താൽ ശ്വാസം മുട്ടി.

“എന്തുകിട്ടീ എന്നാ ഈ കുട്ടി പറയണത്?” ഗ്രാൻമാ ആകാംക്ഷയോടെ ചോദിച്ചു. ഗൗരിയുടെ അമ്മയും കൈമലർത്തി.

“എന്തെങ്കിലും ഗ്രെയ്സ് കാർഡാവും… അല്ലേ? ” ഇന്നലെ സ്കൂളിൽ നിന്നു വന്ന ഉടനെ ഗൗരി ബാഗിൽ നിന്ന് എന്തെല്ലാമോ കാർഡുകൾ പുറത്തെടുത്തു. അവ ഗ്രാൻമായെ ഏൽപ്പിച്ച് വിടർന്ന മുഖത്തോടെ അവൾ പറഞ്ഞു.

“ക്ലാസിൽ ബിഹേവിയറിനും നല്ല പാർട്ടിസിപ്പേഷനും എനിക്കു കിട്ടിയ ഗ്രെയ്സ് കാർഡുകളാണ്. അച്ചൂന് സന്തോഷായോ?” അവൾ നല്ലൊരു പ്രതികരണം പ്രതീക്ഷിച്ച് അവരുടെ മുഖത്തേക്കു നോക്കി.

“പിന്ന്യേ… ഗ്രാൻമായുടെ കുട്ടി മിടുക്കിയല്ലേ…” ചേർത്തു നിർത്തി നെറുകയിൽ ഉമ്മ വച്ചപ്പോൾ അവളുടെ മുഖം കാണേണ്ടതായിരുന്നു. സന്തോഷമോ അഭിമാനമോ എന്തെല്ലാമോ അവിടെ തിരതല്ലി.

“ഇന്നെന്താണാവോ കിട്ടിയിരിക്കണത്, അല്ലേ?” ഗ്രാൻമായുടെ സ്വരത്തിൽ ആകാംക്ഷ.

“ഒന്നും കിട്ടിതല്ല, അമ്മേ… പ്രായം തികഞ്ഞു എന്നതിനു പറയുന്നതാണ്… കുട്ടികളുടെ ഒരു കാര്യം…” ഗൗരിയുടെ അമ്മ പറഞ്ഞു തീരുന്നതിനു മുമ്പ് കിട്ടിയ രണ്ടു ഭാഗ്യവതികളും ഫ്ളാറ്റിനുള്ളിലേക്ക് ഇടിച്ചു കയറി വന്നു. വല്ലാത്ത ഉത്സവത്തിമിർപ്പോടെ പൊട്ടിച്ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവർ.

നൂറാൻ ഈജിപ്ഷ്യനും ഹൂദാ മുഹമ്മദ് അറബിയുമാണ്. ഇവരെ എതിരേറ്റും പിന്തുണച്ചും കൊണ്ട് പല രാജ്യക്കാരായ വേറെയും പെൺകുട്ടികൾ കൂട്ടത്തിലുണ്ട്. മഞ്ഞിൻ കണങ്ങളേറ്റ് തിളങ്ങി നിൽക്കുന്ന പൂമൊട്ടുകൾ പോലെയുള്ള നൂറാനേയും ഹൂദയേയും ആരാധനയോടെയാണ് മറ്റുള്ള കുട്ടികൾ നോക്കുന്നത്.

പെട്ടെന്ന് ഗൗരിയുടെ അമ്മക്കൊരു സംശയം… ബയോളജിക്കലായുള്ള ഒരു സംഭവം… ഇന്നലെ നൂറാനു സംഭവിച്ചു എന്നു പറയുന്നത് ഇന്നു തന്നെ ഹൂദയ്ക്ക് സംഭവിച്ചു കൂടായ്കയില്ല. എങ്കിലും എവിടെയോ ഒരു പൊരുത്തക്കേട്… എല്ലാവരും പത്തും പതിനൊന്നും വയസ്സുള്ളവർ… പകർച്ച വ്യാധിയൊന്നുമല്ലല്ലോ, ഇത്… അമ്മ സന്തോഷം പ്രകടിപ്പിക്കാത്തതിൽ ഗൗരിക്കു നിരാശയുണ്ടെന്നു തോന്നുന്നു. അവളുടെ മുഖം ഇരുണ്ടു.

“അമ്മ എന്താ ഹാപ്പി ആവാത്തത്?” അവൾ ചിണുങ്ങലോടെ ചോദിച്ചു.

“നിനക്ക് ഇതിനെപ്പറ്റിയൊക്കെ അറിയാമോ” അവൾ ഉത്തരമൊന്നും പറഞ്ഞില്ല, എന്തു മണ്ടൻ ചോദ്യം എന്ന മട്ടിൽ അമ്മയെ ഒന്നു നോക്കിയതല്ലാതെ പെട്ടെന്നു തന്നെ അവൾ വാചാലയായി.

“എന്തു മണ്ടത്തരാ അമ്മ പറയണത്? യൂ ട്യൂബിൽ നോക്കിയാൽ എല്ലാം അറിയാലോ…” കൂടുതൽ അറിവുകൾ നേരിടാതിരിക്കാനെന്നോണം അമ്മ അടുക്കളയിലേക്കു പിൻവാങ്ങി.

ഇടക്കു വച്ച് എന്തോ ഓർത്തിട്ടെന്ന വണ്ണം വീണ്ടും ഗൗരി ഗ്രാൻമായുടെ അടുത്തേക്ക് ഓടി വന്നു. അമ്മ കേൾക്കുന്നില്ല എന്നുറപ്പുവരുത്തിയശേഷം അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“അതേ… എനിക്ക് പേട്യാവ്ണ്ണ്ട്, അച്ചൂ…”

“എന്തിനാ പേടിക്കണത്? പെൺ കുട്ട്യോളായാ ഇങ്ങനൊക്കെ ഉണ്ടാവും…” അവർ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.

“അതല്ല… നൂറാനും ഹൂദയും എല്ലാവരും പറയ്വാ… ഇങ്ങനെ ഉണ്ടായാൽ മാത്രേ വുമൺ ആവുകയുള്ളൂത്രേ… ഞാൻ ഇപ്പോ ഗേളല്ലേ?”

കൂട്ടുകാർക്കു കിട്ടിയത് തനിക്ക് കിട്ടാത്തതിന്‍റെ നേരിയ മ്ലാനത അവളുടെ മുഖത്ത് പടർന്നു കിടപ്പുണ്ടായിരുന്നു. എന്താണ് ഗൗരിയോട് പറയേണ്ടതെന്നറിയാതെ മൗനം പാലിക്കുകയാണ് ഉണ്ടായത്. തന്‍റെ ഈ പ്രായത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുവാൻ തന്നെ മടിയായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ…! അവർക്ക് എല്ലാം അറിയാം.

നീണ്ട കാലത്തേക്കുള്ള വസന്തമാണ് അവർ കാത്തിരിക്കുന്നത്. ജൈവ ശാസ്ത്രപരമായ മാറ്റങ്ങൾ എത്ര നേരത്തെയാണ് പ്രകൃതി ഒരുക്കുന്നത്… സമൂഹത്തിലെ വെല്ലുവിളികളും ചൂഷണങ്ങളും കഴുകൻ കണ്ണുകളും ഇത്തിരിപ്പോന്ന ഈ കുഞ്ഞുങ്ങൾ എങ്ങനെ തിരിച്ചറിയും…

വീണ്ടും വരാന്തയിൽ ഒരു പറ്റം കൂട്ടികളുടെ ആർപ്പുവിളിയും ബഹളവും കേട്ടുതുടങ്ങി. അതിനിടയിൽ നിന്നും ഗൗരിയും റെയ്ച്ചലുമൊക്കെ ഉച്ചത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു.

“ഇറ്റ് വാസ് എ ഫെയ്ക്ക് ന്യൂസ്…” ആവേശത്തള്ളിച്ചയാൽ അടഞ്ഞു പോയ സ്വരത്തോടെ ഗൗരി വീടിനുള്ളിലേക്കു നോക്കി കൂവിയാർത്തു.

“അമ്മേ, അച്ചൂ… നൂറാൻ പറഞ്ഞത് ഫെയ്‌ക്കാണ്… പറ്റിച്ചതാണ്…” ഗൗരി ആശ്വാസത്തോടെ പുറത്തേക്കോടി.

ഗൗരിയുടെ അമ്മയും ഗ്രാൻമായും പരസ്പരം നോക്കി, എന്തു പറയണമെന്നറിയാതെ. തന്‍റെ തലമുറയിൽപ്പെട്ടവർ സ്വന്തം അമ്മയോടു പോലും പറയാൻ മടിച്ചിരുന്ന കാര്യം എത്ര വ്യക്‌തതയോടെയാണ് ഇന്നത്തെ കുട്ടികൾ പറയുന്നത്! ലജ്‌ജയോ അറപ്പോ അവരെ തൊട്ടുതീണ്ടിയിട്ടില്ല.

പുതിയ വേവലാതികളും വിഹ്വലതകളുമായി ഗൗരിയും സംഘവും വരാന്തയിൽ കൂടെ തിരക്കിട്ടു നടന്നുപോയി. രണ്ടു ദിവസം മുമ്പ് വുമൺ ആയ പെൺകുട്ടി അവളുടെ പാവയേയും കൈയിലെടുത്ത് അവരോടൊപ്പം എത്താനായി ഓടുന്നുണ്ടായിരുന്നു.

മനോഹരമായ ലോകവും അതിനുള്ളിലെ സന്തോഷവും മാത്രം കാണുന്ന ഈ കുഞ്ഞുങ്ങൾ…  അവരെ എതിർപ്പാർത്തിരിക്കുന്ന ലോകത്തിന്‍റെ വികൃതമായ മുഖവും പരുക്കൻ യാഥാർത്ഥ്യങ്ങളും തിരിച്ചറിയുമ്പോൾ പതറിപ്പോകുമല്ലോ എന്നോർത്ത് ഗ്രാൻമായുടെ നെഞ്ചു പിടഞ്ഞു.

അക്കരപ്പച്ച

ഘനീഭവിച്ച മൗനം പോലെ ഇരുട്ട് നിറഞ്ഞു. സെമിനാർ കഴിഞ്ഞ് എല്ലാവരും പോയിത്തുടങ്ങിയിരുന്നു. നിശബ്‌ദതയുടെ വൻമതിലിനു ഇരുവശവുമായി അവർ നടന്നു. ഏതോ അപരിചതരെപ്പോലെ. എവിടെയായിരുന്നു ഈ അകൽച്ചയുടെ തുടക്കം? ജീവിതത്തിന്‍റെ ഏതോ തുരുത്തിൽ വച്ചായിരുന്നു സ്വപ്‌നങ്ങൾ പിഴച്ചു തുടങ്ങിയത്. യഥാർത്ഥത്തിൽ കുറ്റം ആരുടേതായിരുന്നു? ആരാണ് അപരാധി?

ഹരി എന്നും തന്‍റേതായിരിക്കില്ലെന്ന് കവിതയ്‌ക്ക് അറിയാമായിരുന്നു. “ഈ നാലു ചുവരുകൾക്കുള്ളിൽ ഞാൻ വിവശനായിപ്പോകുന്നു കവിതാ…” ഹരി തന്നെ എപ്പോഴും പറയുമായിരുന്നു. പിന്നെ എപ്പോഴോ ഏറെ നിസ്സംഗതയോടെ കവിതയും പറഞ്ഞു.

“ഹരീ, വിരസമായിരിക്കുന്നു നമ്മുടെ ജീവിതം… ഇതല്ലല്ലോ നിന്നോടൊന്നിച്ച് ഞാൻ സ്വപ്‌നം കണ്ടത്… ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു ആ ജീവിതം ഒരിക്കലും ഉണ്ടാവില്ലെന്ന്… ഒന്നും വേണ്ടായിരുന്നു ഒന്നും.”

“വേഗം റെഡിയാകൂ” വൈകുന്നേരം കോളേജിൽ നിന്നു മടങ്ങിയെത്തിയതും ഹരി പറഞ്ഞു. “കോളേജിൽ ഇന്നൊരു സെമിനാറുണ്ട്. നമുക്ക് ഉടനെ പോകണം. നല്ല സബ്‌ജെക്‌റ്റാണ്. പുതിയ സാമൂഹിക കാലാവസ്‌ഥകളിലെ സ്‌ത്രീപുരുഷബന്ധം. ഒന്നുരണ്ട് നല്ല പ്രാസംഗികരും എത്തുന്നുണ്ട്.”

ഒരുപക്ഷേ ഈ സെമിനാർ ഗുണം ചെയ്‌തേക്കുമെന്ന് കവിതയ്‌ക്ക് തോന്നി. സംഘർഷങ്ങളുടെ നടുക്കടലിൽ നിന്ന് ജീവിതത്തിലേക്ക് ഒരു തോണി. ചക്രവ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാൻ ഒരു വഴി ഇന്നു കിട്ടാതിരിക്കില്ല.

“ചിലപ്പോൾ സുഷമയും എത്തിയേക്കും.” സ്‌കൂട്ടർ നീങ്ങിത്തുടങ്ങിയപ്പോൾ ഹരി പറഞ്ഞു.

യാത്ര പുറപ്പെടും മുമ്പ് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ പുറപ്പെടില്ലായിരുന്നു. കോളേജിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാര്യങ്ങളെല്ലാം അറിയാം. ഇനി എന്തൊക്കെയാണാവോ നടക്കുക? സുഷമയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് കവിതയ്‌ക്ക് ഇഷ്‌ടമല്ലെന്ന് ഹരിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് മുൻകൂട്ടി പറയാതിരുന്നതും.

ഒരു അപരാധബോധത്തിന്‍റെ നിഴലിലായിരുന്നു കവിത എന്നും. അവളുടെ ഇഷ്‌ടമായിരുന്നു എല്ലാം. ഹരി സുഷമയെ കാണാതിരിക്കുക, സ്‌നേഹത്തിന്‍റെ ഒരു പങ്കുപോലും നൽകാതിരിക്കുക, പക്ഷേ ഒടുവിൽ പൊലിഞ്ഞത് രണ്ടു ജീവിതങ്ങളാണ്. സുഷമയുടെയും കവിതയുടെയും.

സെമിനാർ ഇടവേളയ്‌ക്ക് പിരിഞ്ഞു. ഹാളിൽ പല ഭാഗത്തായി പല സംഘങ്ങള്‍. ചായ കുടിക്കുന്നതിനിടെ വിശേഷങ്ങൾ കൈമാറുന്നവർ… അദ്ധ്യാപകർ… വിദ്യാർത്ഥികൾ… പൂർവ്വ വിദ്യാർത്ഥികൾ…

“സുഖമാണോ ഹരി?” പാതി കടിച്ച ബിസ്‌ക്കറ്റും കൈയിൽ പിടിച്ച് സുഷമ. ഹരിയും കവിതയും ഒരുപോലെ പരിഭ്രമിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ മൗനം നടിച്ചു. ചോദിച്ചത് ഹരിയോടായിരുന്നുവെങ്കിലും കവിതയിൽ നിന്നു കൂടി സുഷമ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു. അൽപനേരം എന്തോ ആലോചനയിലാണ്ടപോലെ നിന്ന ഹരി ചായയെടുക്കാനായി പതുക്കെ വലിഞ്ഞു. അസ്വസ്‌ഥത നിറഞ്ഞ നിശബ്‌ദതകൾക്കിടയിൽ ഇപ്പോൾ കവിതയും സുഷമയും മാത്രം.

ഒരു പ്ലേറ്റിൽ മൂന്നു കപ്പ് ചായയുമായി ഹരി എത്തി. ശ്രമപ്പെട്ട് ഒരു ചിരി വരുത്തി ഇരുവരോടുമായി പറഞ്ഞു. “ചായയെടുക്കൂ.”

“സൂരജ് എന്തു പറയുന്നു?”

സുഷമയുടെ കണ്ണുകളിലേയ്‌ക്ക് പ്രയാസപ്പെട്ട് നോക്കിക്കൊണ്ട് ഹരി ചോദിച്ചു.

“സൂരജ്… അച്‌ഛനില്ലാത്ത കുട്ടികളെപ്പോലെ അവനും…” എന്തു മറുപടി പറയണമെന്നറിയാതെ ഹരി കുഴങ്ങി. കവിത ഒന്നും മിണ്ടാതെ മറ്റെവിടെയോ ശ്രദ്ധിക്കുന്ന മട്ടിൽ ചായ കുടിച്ചു. അല്ലെങ്കിൽ ഇതിൽ തനിക്കെന്തുകാര്യം? ഭാര്യയും ഭർത്താവും വിശേഷങ്ങൾ പറയുന്നിടത്ത് താൻ ആരാണ്? അവർ സംസാരിക്കട്ടെ, അത് അവരുടെ കുട്ടിയെക്കുറിച്ചുള്ള കാര്യം.

“നിങ്ങളൊന്നും കഴിച്ചില്ലല്ലോ? ചായ മാത്രം കുടിച്ചുകൊണ്ട് നിൽക്കുകയാണോ? അവരുടെ അടുത്തേക്ക് ധൃതിയിൽ നടന്നുവന്ന് ഒരു വിദ്യാർത്ഥിനി ചോദിച്ചു. ഹരിയുടെ ശിഷ്യയായിരുന്നു എം.എ വിദ്യാർത്ഥിയായ ആ കുട്ടി.

“ആദ്യം അതിഥികൾക്ക്, പിന്നെ ഞങ്ങൾക്ക്” ഹരി പറഞ്ഞു.

“എന്തൊരു സ്‌മാർട്ടാണ് ആ കുട്ടി” പെൺകുട്ടി പോയപ്പോൾ കവിത പറഞ്ഞു.

“ശരിയാണ്… മറ്റുള്ളവരുടെ കുടുംബ ജീവിതം തകർക്കാൻ ഈ മിടുക്കികൾക്ക് സമാർത്ഥ്യമേറും…” പുച്‌ഛത്തോടെ സുഷമ പറഞ്ഞു.

ഇതുപോലെ മിടുക്കിയായിരുന്നോ താനും. ഹതാശമായ ഏതു നിമിഷത്തിലാണ് എന്‍റെ മിടുക്ക് ഒരു കുടുംബജീവിതം തകർത്തത്. ആരുടെ കുറ്റമാണ് ഇതെല്ലാം? വിചാരങ്ങളിൽ സ്വയം നഷ്‌ടപ്പെട്ട് കവിത വെറുതെ നിന്നു.

നാടകം എന്നും ഹരിക്ക് ജീവനായിരുന്നു. അതുകൊണ്ട് തന്നെ നാടകക്കാരൻ എന്ന നിലയിലാണ് അയാൾ ഏറെ പ്രശസ്‌തനായതും. നഗരത്തിൽ രംഗവേദി എന്ന പേരിൽ ഒരു പുതിയ നാടക സംഘം രൂപം കൊണ്ടപ്പോൾ സംഘടകർ ആദ്യം സമീപിച്ചതും ഹരിയെയായിരുന്നു.

പിന്നെ ഹരിയുടെ സായന്തനങ്ങളിൽ നാടകം നിറഞ്ഞു നിന്നു. നഗരത്തിൽ നിന്ന് അൽപം മാറി ഒരു പഴയ ഇരുനില കെട്ടിടമായിരുന്നു നാടക സംഘത്തിന്‍റെ ഓഫീസും റിഹേഴ്‌സൽ ക്യാമ്പും.

സ്‌ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ളതായിരുന്നു ആദ്യ നാടകം. അഭിനയിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് പത്രത്തിൽ പരസ്യം നൽകി. അഞ്ചോളം പെൺകുട്ടികൾ അഭിമുഖത്തിനെത്തിയിരുന്നു. എങ്കിലും അഭിനയത്തിലും സൗന്ദര്യത്തിലും പ്രഥമ സ്‌ഥാനം കവിതയ്‌ക്കായിരുന്നു.

രണ്ടുവർഷം മുമ്പാണ് കവിത എം.എ പൂർത്തിയാക്കിയത്. ഇതുവരെ ജോലിയൊന്നും ശരിയായില്ല. വീട്ടിലിരുന്ന് മടുത്തപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നെങ്കിലും അത് തന്‍റെ മേഖലയല്ലെന്ന് മനസ്സിലാക്കി ഇടയ്‌ക്ക് വച്ച് നിർത്തി. പിന്നീട് ബാങ്ക് ടെസ്‌റ്റിനുള്ള തയ്യാറെടുപ്പിൽ മുഴുകിയെങ്കിലും ഇടയ്‌ക്കെപ്പോഴോ അതിലും താൽപര്യം കുറഞ്ഞു.

നഗരത്തിലെ ഗവൺമെന്‍റ് കോളേജിൽ അദ്ധ്യാപികയായിരുന്നു കവിതയുടെ അമ്മ. കവിത ബിഎഡിന് ചേർന്ന് തന്നെപ്പോലെ അദ്ധ്യാപികയാവണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ അദ്ധ്യാപികയാവാൻ കവിതയ്‌ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഒരു നടിയാവുകയായിരുന്നു എന്നും കവിതയുടെ ഗൂഢസ്വപ്‌നം. സൗന്ദര്യവും ആത്മവിശ്വാസവും അവൾക്ക് വേണ്ടപോലെ ഉണ്ടായിരുന്നു. പക്ഷേ എങ്ങനെയാണ് ഈ മേഖലയിലെത്തുക എന്നുമാത്രം ഒരു രൂപവുമില്ലായിരുന്നു.

നാടകത്തിലഭിനയിക്കാൻ നടിയെ ആവശ്യമുണ്ട് എന്ന പരസ്യം കവിത അമ്മയെ കാണിച്ചു. പരസ്യം വായിച്ച് അമ്മ പറഞ്ഞു. “നിനക്കെന്താ ഇപ്പോഴൊരു നാടക ഭ്രാന്ത്? ഇവരൊക്കെ എത്തരക്കാരാണെന്ന് ആർക്കറിയാം. എന്തായാലും ഇത് നിന്‍റെ ഭാവിയ്‌ക്ക് ദോഷമേ ചെയ്യൂ.”

രണ്ടു ദിവസം കവിത അമ്മയോട് പിണങ്ങിയിരുന്നു. ഒടുവിൽ അവളുടെ ഇഷ്‌ടത്തിന് അമ്മ വഴങ്ങി. നാടകത്തിൽ അഭിനയിക്കാൻ തയ്യാറാണെങ്കിൽ വീട്ടിൽ നിന്ന് അച്‌ഛന്‍റെ സമ്മതപത്രം കൊണ്ടുവരണമെന്ന് ഹരി നിർദ്ദേശിച്ചു.

“അച്‌ഛൻ മരിച്ചിട്ട് നാലുവർഷമായി. വീട്ടിൽ അമ്മ മാത്രമേയുള്ളൂ” കവിത പറഞ്ഞു.

“എങ്കിൽ അമ്മയുടെ അനുമതി വാങ്ങി വരൂ” ഹരി പറഞ്ഞു. ഹരിയുടെ മറുപടിയിൽ നീരസം തോന്നിയെങ്കിലും പുഞ്ചിരിച്ചു കൊണ്ട് കവിത ചോദിച്ചു, “നാടകത്തിൽ എനിക്ക് എന്തു വേഷമായിരിക്കും സർ?”

തുന്നിച്ചേർത്ത ഒരു കെട്ട് കടലാസ് കവിതയുടെ കൈയിൽ കൊടുത്തിട്ട് ഹരി പറഞ്ഞു. “ഇത് നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റാണ്. ഇതുകൊണ്ടുപോയി വായിച്ച് നോക്കിയിട്ട് ഇഷ്‌ടമുള്ള വേഷം തെരഞ്ഞെടുക്കാം.”

“അച്‌ഛനില്ലാത്ത കുട്ടിയാണെന്ന ഓർമ്മ വേണം” അമ്മ എപ്പോഴും പറയും. അവളുടെ വിവാഹത്തെക്കുറിച്ചായിരുന്നു എന്നും അവരുടെ ഉത്കണ്ഠ. താനൊറ്റയ്‌ക്ക് എങ്ങനെയാണ് ഇതെല്ലാം നടത്തുക? ഒരു കൈത്താങ്ങിന് ആരുണ്ട്? സ്‌ത്രീധനം എങ്ങനെ കണ്ടെത്തും. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു മനസ്സു നിറയെ. വീട്ടിലെത്തുന്ന സുഹൃത്തുക്കളോടൊക്കെ അവർ തന്‍റെ ആശങ്കകൾ നിരത്തും.

“അമ്മയെന്തിനാ എല്ലാവരുടേയും മുന്നിൽ എന്‍റെ കല്ല്യാണക്കാര്യം പറഞ്ഞ് വിലപിക്കുന്നത്? എന്നെ വെറുതെ വിട്ടേക്കൂ… എനിക്ക് ഇഷ്‌ടപ്പെട്ടയാളെ ഞാൻ തന്നെ കണ്ടെത്തിക്കൊളളാം” ഒരു ദിവസം ദേഷ്യത്തോടെ കവിത പറഞ്ഞു.

“നിനക്കെന്താ ഭ്രാന്തുണ്ടോ? നിന്‍റെ കല്ല്യാണം നീ തന്നെ നടത്തുമെന്നോ?” അമ്മ പരിഭ്രാന്തിയോടെ ചോദിച്ചു.

“അതൊക്കെ പോട്ടേ, ഇതാണ് ഞങ്ങളുടെ നാടകം, പിന്നേ… നാടകത്തിലഭിനയിക്കാൻ അമ്മയുടെ സമ്മതപത്രം വേണമെന്ന് ഹരിസാർ പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മതമില്ലാതെ അവിടെ പെൺകുട്ടികളെ എടുക്കില്ല” നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റ് അമ്മയ്‌ക്ക് നൽകിക്കൊണ്ട് കവിത പറഞ്ഞു.

“നിന്‍റെ ഹരിസാർ ആളൊരു മര്യാദക്കാരനാണെന്നാണല്ലോ തോന്നുന്നത്.” ചിരിച്ചുകൊണ്ട് അമ്മ മറുപടി നൽകി. അന്നു രാത്രി കവിത നാടകം നന്നായി വായിച്ചു മനസ്സിലാക്കി. എന്നിട്ട് അമ്മയോട് പറഞ്ഞു. “അമ്മേ, നാടകം എനിക്ക് വളരെ ഇഷ്‌ടമായി. ഇതിലെ നായികാ വേഷമാണ് എനിക്കു താൽപര്യം.”

“അതിന് നായികാ വേഷം അവർ നിനക്ക് നൽകുമോ? നീ പോയി ചായയിട്, ഞാനിതൊന്ന് നോക്കട്ടെ.”

നാടകം വായിച്ച കവിതയുടെ അമ്മ അമ്പരന്നു. ഇതിലെ നായിക ഒരു വിചിത്ര സ്വഭാവക്കാരിയാണ്. സ്വസ്‌ഥവും സ്വച്‌ഛവുമായ ഒരു കുടുംബജീവിതം തകർത്തെറിയുന്ന കാമുകി! ഒടുവിലോ അവൾക്കും നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം. എങ്ങനെയാണ് കവിതയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുക? വൈകുന്നേരം റിഹേഴ്‌സലിനെത്തിയപ്പോൾ ഹരിയുടെ കൂടെ ഒരു സ്‌ത്രീയും ഉണ്ടായിരുന്നു. “ഇതെന്‍റെ ധർമ്മ പത്നി സുഷമ” ഹരി പരിചയപ്പെടുത്തി.

“അതെന്താ സാർ, ധർമ്മ പത്നിയെന്ന് പറഞ്ഞത്. അപ്പോൾ അധർമ്മ പത്നി വേറെയുണ്ടോ?” കവിത കളിയാക്കി ചോദിച്ചു.

“ഇതിലെ ഏത് റോൾ ചെയ്യാനാണ് കവിതയ്‌ക്ക് താൽപര്യം?” സുഷമ ചോദിച്ചു.

“എനിക്കിഷ്‌ടം കാമുകിയുടെ വേഷമാണ്. അതാണ് എന്‍റെ പ്രായത്തിനു യോജിക്കുക.” കവിതയുടെ മറുപടി കേട്ട് ക്യാംപിലുണ്ടായിരുന്ന എല്ലാവരും ചിരിച്ചു.

രണ്ട് മാസത്തെ തീവ്ര പരിശീലനത്തിനുശേഷം ഒടുവിൽ നാടകത്തിന്‍റെ അരങ്ങേറ്റ ദിവസമായി. പ്രതീക്ഷകൾ കവച്ചു വയ്‌ക്കുന്ന വിധത്തിലായിരുന്ന ജനക്കൂട്ടം. ഒരേയൊരു പ്രദർശനമേ ഉദ്ദേശിച്ചിരുന്നുള്ളൂ. തിരക്ക് മാനിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കൂടി പ്രദർശനം നടത്താൻ തീരുമാനമായി. നാടകത്തിന്‍റെ വൻവിജയം ഹരിക്കും ആഹ്ലാദം നൽകി. നാടകം കാണാൻ സുഷമയും കവിതയുടെ അമ്മയുമെത്തിയിരുന്നു.

കവിതയുടെ പെരുമാറ്റം പലപ്പോഴും അതിരുവിടുന്നതായി സുഷമയ്‌ക്കു തോന്നി. ഹരിയുടെ അടുത്തുനിന്ന് മാറാതെയുള്ള കവിതയുടെ നിൽപും കളിയും ചിരിയുമെല്ലാം സുഷമയെ അസ്വസ്‌ഥയാക്കി. സുഷമ നോക്കുമ്പോഴെല്ലാം കവിത എന്തോ ഒളിക്കാൻ ശ്രമിക്കുന്നതുപൊലെയും തോന്നിയിരുന്നു.

“ഞാനൊരു കാര്യം ചോദിക്കട്ടെ?” അന്നു രാത്രി ഉറങ്ങാൻ നേരം മടിച്ചു മടിച്ച് സുഷമ ചോദിച്ചു.

“വീണ്ടും കവിതയുടെ കാര്യമാണോ? നീ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു.

“എന്തുകൊണ്ടാണെന്നറിയില്ല ഹരീ, കവിതയുടെ കാര്യത്തിൽ എനിക്കൽപം ഭയം തോന്നുന്നു” ദയനീയ ഭാവത്തിൽ സുഷമ പറഞ്ഞു.

“ഇതെല്ലാം നിന്‍റെ തോന്നലുകളാണ് സുഷമാ… കയർ കാണുമ്പോഴും പാമ്പാണെന്നു തോന്നുന്ന വെറും ഭീതി.”

സുഷമയുടെ കൈകൾ ഹരി ചേർത്തു പിടിച്ചു. അവളുടെ കൈത്തലം തീരെ തണുത്തിരുന്നു.

“നാടകത്തിലേതു പോലെ സംസാരിക്കാതിരിക്കൂ ഹരീ. കയറിനെ പാമ്പായി ഏതു സ്‌ത്രീയാണ് തെറ്റിദ്ധരിക്കുക? പാമ്പിനെ പാമ്പായി തിരിച്ചറിയാൻ സ്‌ത്രീക്ക് കഴിയും. അഞ്ച് പെൺകുട്ടികളില്ലേ നാടകത്തിൽ. പക്ഷേ കവിതയെക്കുറിച്ച് മാത്രമല്ലേ ഞാൻ ആശങ്കപ്പെട്ടുള്ളൂ.” ഒരു വേവലാതി സുഷമയുടെ മുഖത്ത് നിറഞ്ഞു നിന്നു.

“അവൾ കൂടുതൽ സുന്ദരിയായതു കൊണ്ടാണോ നിന്‍റെ ഈ വേവലാതി? അവൾ നന്നായി അഭിനയിക്കുന്നതോ അവളുടെ തുറന്ന പെരുമാറ്റമോ അതോ…”

“അവളൊരു യുവതിയാണു ഹരീ…” സുഷമ കരയാൻ തുടങ്ങി.

“നീ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിച്ച് സ്വയം വ്യാകുലപ്പെടുന്നത്?” പതിഞ്ഞ സ്വരത്തിൽ ഹരി ചോദിച്ചു.

“ഭയം തോന്നുന്നു ഹരീ… എനിക്കെല്ലാം നഷ്‌ടപ്പെടുമെന്ന്.” സുഷമ വിതുമ്പാൻ തുടങ്ങി.

“നിന്നെപ്പോലെ ശുദ്ധഗതിക്കാരിയായ ഒരു പെണ്ണിനെ വേറെ എവിടെ നിന്നാണ് എനിക്ക് കിട്ടുക? എപ്പോഴും എന്‍റെ വിചാരം മാത്രമുള്ള എന്‍റെ ഭാര്യ. എന്‍റെ മകന്‍റെ പ്രിയപ്പെട്ട അമ്മ…” സുഷമയുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് ഹരി സമാധാനിപ്പിച്ചു.

“സ്‌ത്രീക്കും പുരുഷനും ഇടയിൽ ഒരേയൊരു ബന്ധമുള്ളോ സുഷമാ? കവിത നല്ല പെൺകുട്ടിയാണ്. ആരും ഇഷ്‌ടപ്പെട്ടു പോകും. ഇഷ്‌ടപ്പെടുന്നതെല്ലാം സ്വന്തമാക്കണമെന്ന് നമ്മളാഗ്രഹിക്കാറില്ലല്ലോ. തിരശീലയിലെ സുന്ദരിമാർ എത്രയോ പേരുടെ ഉറക്കം കെടുത്തുന്നു. അവരെ സ്വന്തമാക്കാൻ ആരെങ്കിലും തുനിയാറുണ്ടോ? വെറുതെയെന്തിനാണീ ചിന്തകൾ?”

“അതുപോലെയല്ലല്ലോ ഇത്. കവിതയ്‌ക്ക് ഹരിയേയും ഹരിയ്‌ക്ക് കവിതയേയും നേരിട്ട് അറിയാമല്ലോ? ശരിക്കും എനിക്ക് പേടി തോന്നുന്നു ഹരീ.”

“ഇങ്ങനെ ഭയപ്പെടാൻ മാത്രം എന്താണ് നീ കണ്ടത്?”

“എന്നെ പറ്റിക്കണ്ട, നിങ്ങൾക്ക് അവളെ ഇഷ്‌ടമാണെങ്കിൽ അത് തുറന്നു പറഞ്ഞോളൂ, ഞാനും എന്‍റെ മോനും…”

“ആവശ്യത്തിലേറെയായി, വിഷയം അവസാനിപ്പിച്ച് കിടന്നുറങ്ങാൻ നോക്ക്. പുതിയ നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റ് തയ്യാറാക്കാനുണ്ട്. അതിന്‍റെ വർക്ക് നാളെ തുടങ്ങുകയാണ്.”

“അതിലും കവിതയായിരിക്കുമോ നായിക?”

“അവൾ തയ്യാറാണെങ്കിൽ..”

കവിതയുടെ ജന്മദിനമായിരുന്നു അന്ന്. അപ്രതീക്ഷിതമായി ഹരി പൂച്ചെണ്ടുമായി വീട്ടിലെത്തിയപ്പോൾ കവിതയ്‌ക്ക് തന്നെത്തന്നെ വിശ്വസിക്കാനായില്ല. അടക്കാനാവാത്ത സന്തോഷത്തിൽ അവൾ ത്രസിച്ചു. ഹരി സംസാരിച്ചിരിക്കുമ്പോൾ കവിത കണ്ണെടുക്കാതെ അയാളെത്തന്നെ നോക്കിയിരുന്നു. തിരിച്ചു പോകാൻ നേരം ഗേറ്റു വരെ കവിതയും കൂടെ വന്നു. ഒരു നിമിഷം എന്തോ ഓർത്തിട്ടെന്ന പോലെ ഹരി നിന്നു. എന്തോ പറയാൻ തുടങ്ങിയെങ്കിലും പാതിയിൽ നിർത്തി കവിതയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് നിന്നു.

“സാരമില്ല. എല്ലാ കാര്യങ്ങളും ഒറ്റയടിയ്‌ക്ക് പറയണമെന്നില്ല… പറയാതെ തന്നെ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്.” നാണം കലർന്ന മുഖത്തോടെ കവിത അകത്തേയ്‌ക്ക് പോയി.

പുതിയ നാടകം കാണാൻ സുഷമയോടൊപ്പം സൂരജും എത്തിയിരുന്നു. നാടകത്തിന് ശേഷം ഹരി സൂരജിനെ കവിതയ്‌ക്ക് പരിചയപ്പെടുത്തി. കവിത വാത്സല്യത്തോടെ കൈപിടിച്ചപ്പോൾ സൂരജ് അസ്വസ്‌ഥതയോടെ കുതറിമാറി.

അന്ന് രാത്രി സുഷമ ഹരിയോട് പറഞ്ഞു. “ഹരീ, കവിത അൽപം ഓവറാകുന്നുണ്ട്. അൽപം നിയന്ത്രിക്കുന്നത് നല്ലതാ.”

“അവളുടെ പ്രതിഭയ്‌ക്ക് മുന്നിൽ നിനക്ക് തോന്നുന്ന അസൂയയാണ് ഇതെല്ലാം.” ഹരിയുടെ സ്വരത്തിൽ പ്രകടമായ ഈർഷ്യയുണ്ടായിരുന്നു.

“നിങ്ങൾ എന്താണ് പറയുന്നത്, ഇന്നലെ വന്ന പെണ്ണിനോട് ഞാൻ മത്സരിക്കുന്നെന്നോ?” സുഷമയ്‌ക്ക് നിയന്ത്രിക്കാനായില്ല.

“വേണമെന്ന് വച്ചാലും നിനക്കവളോട് മത്സരിക്കാനാവില്ല സുഷമ… നീ വെറും ബി.എ. തേഡ് ക്ലാസ്… അവൾ പോസ്‌റ്റ് ഗ്രാജുവേറ്റ്, അതും ഒന്നാം ക്ലാസ്സിൽ. മാത്രമല്ല ഒന്നാന്തരം അഭിനേത്രിയും. നീ ലോകം കാണാത്ത വീട്ടമ്മ, അവളോ..?”

സുഷമ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു. “മതി ഹരീ… എന്‍റെ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയിരിക്കുന്നു. നാണമില്ലേ നിങ്ങൾക്ക്?”

“വേണ്ടി വന്നാൽ ഞാനവളെ കെട്ടുകയും ചെയ്യും” മുഖത്തടിച്ചപോലെ ഹരി പറഞ്ഞു. അപ്രതീക്ഷിതമായ മറുപടിയിൽ അവൾ ഒരു നിമിഷം തകർന്നു പോയി.

“അപ്പോൾ ഞാൻ…? നമ്മുടെ മോൻ…?”

“അത് നിന്‍റെ കാര്യം. എന്നെ അനുസരിക്കാമെങ്കിൽ മാത്രം എന്‍റെ കൂടെ കഴിഞ്ഞാൽ മതി.”

വാക്കുകൾക്ക് കൂരമ്പിന്‍റെ മൂർച്ചയായിരുന്നു. താൻ നിരായുധയാണെന്ന് സുഷമ തിരിച്ചറിഞ്ഞു.

“നിങ്ങൾക്കറിയാം, ഈ ലോകത്ത് നിങ്ങളല്ലാതെ മറ്റാരും എനിക്കില്ലെന്ന്. അച്‌ഛനും അമ്മയും എന്നെ വിട്ടുപോയി. ഞാൻ നിസ്സഹായയാണെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്.”

“അല്ല അതുകൊണ്ടല്ല, എനിക്ക് മടുത്തിരിക്കുന്നു. നിന്നോടൊപ്പം ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നു തന്നെ എനിക്ക് അനുഭവപ്പെടുന്നില്ല. നീ പറഞ്ഞതു ശരിയാണ്. കവിത എന്നെ എല്ലാ അർത്ഥത്തിലും അദ്‌ഭുതപ്പെടുത്തുകയാണ്.” കാര്യങ്ങൾ എല്ലായിടത്തും സംസാര വിഷയമായി. കോളേജിൽ… ബന്ധുക്കൾക്കിടയിൽ… എല്ലാം.

ഒരു ദിവസം സ്‌ഥലത്തെ പ്രമുഖ രാഷ്‌ട്രീയ നേതാവായ കേശവപ്പണിക്കർ ഹരിയെ വിളിപ്പിച്ചു. അച്ചടിച്ച ഒരു കടലാസ് കൈയിൽ കൊടുത്തിട്ട് പറഞ്ഞു. “ഇതെന്‍റെ ആത്മകഥയുടെ ആദ്യഭാഗമാണ്. ഇതു വായിച്ചിട്ട് ആവശ്യമായ തിരുത്തലുകൾ ചെയ്‌ത് തരണം.” ആദ്യം മുഷിച്ചിൽ തോന്നിയെങ്കിലും അയാളെ പിണക്കാനാവില്ലെന്ന് ഹരിക്കറിയാമായിരുന്നു.

“തന്നെക്കുറിച്ച് എന്തൊക്കെയാണെടോ കേൾക്കുന്നത്?” കേശവപ്പണിക്കരുടെ അപ്രതീക്ഷിതമായ ചോദ്യം ഹരിയെ അസ്വസ്‌ഥനാക്കി.

ഹരി എല്ലാ വിവരവും അയാളോട് പറഞ്ഞു. “സർ എന്നെ സഹായിക്കണം. എനിക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് കോളേജ് മാനേജ്‌മെന്‍റ്.”

“അതേക്കുറിച്ച് താൻ ഭയക്കണ്ട, ഞാൻ അവരുമായി സംസാരിക്കാം” പണിക്കർ ഉറപ്പുകൊടുത്തു.

“സർ ഒരുപകാരം കൂടി ചെയ്യണം. നമ്മുടെ യൂണിവേഴ്സിറ്റി കോളേജിൽ ഒരു അദ്ധ്യാപികയുടെ ഒഴിവുണ്ട്. കവിത ഇംഗ്ലീഷ് സാഹിത്യത്തിൽ പോസ്‌റ്റ് ഗ്രാജുവേറ്റാണ്. ഇപ്പോൾ ബിഎഡും പൂർത്തിയാക്കിയിട്ടുണ്ട്. സാറൊന്ന് ശുപാർശ ചെയ്യണം.”

“എന്തിനാണ് ഇത്തരമൊരു ചെറിയ കാര്യത്തിനായി അയാളെ കാണാൻ പോയത്?” കാര്യമറിഞ്ഞ് കവിത രോഷം കൊണ്ടു.

ഒരു പ്രമുഖ സിനിമാ സംവിധായകൻ കവിതയുടെ വീട്ടിൽ വന്ന് അവളെ തന്‍റെ പുതിയ സിനിമയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു.

“എനിക്ക് അദ്ധ്യാപികയാകേണ്ട. പുതിയ സിനിമയിൽ നായികാ വേഷമാണ് എനിക്ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.”

വല്ലാത്ത ഭാവത്തോടെ കവിത പറഞ്ഞു. “നീ എന്തു വിഡ്‌ഢിത്തമാണ് പറയുന്നത്. ജോലി വേണ്ടെന്നു വയ്‌ക്കുകയോ? എന്നിട്ട് അവർ പറയുന്നതു കേട്ട്… അവരെയൊന്നും അതിരു കടന്ന് വിശ്വസിക്കാനാവില്ല കവിതാ” ഹരി പരിഭ്രമത്തോടെ പറഞ്ഞു.

തന്‍റെ വാക്കുകൾ കവിത വില വയ്‌ക്കുന്നില്ലെന്ന് അവളുടെ ഭാവത്തിൽ നിന്നു തന്നെ ഹരി മനസ്സിലാക്കി. പിന്നെ ആലോചിച്ചു. അല്ലെങ്കിലും കവിതയെ തടയാൻ താനാരാണ്? കൂടെ ജീവിക്കുന്നുവെന്നല്ലാതെ തനിക്കെന്ത് അധികാരം?

കവിതയുടെ അമ്മയുമായി ഹരി ഇക്കാര്യം സംസാരിച്ചു. അമ്മ തന്നെ അവളെ തടയണം. ഇത് തീർച്ചയായും നാശത്തിന്‍റെ വഴിയാണ്.

“ഹരി പറയുന്നത് സത്യമായിരിക്കാം. പക്ഷേ അവളെ അനുസരിപ്പിക്കാൻ ഒരിക്കലും എനിക്കായിട്ടില്ല. ഹരിയെപ്പോലെ വിവാഹിതനും ഒരു കുട്ടിയുടെ അച്‌ഛനുമായ ഒരാളെ തെരഞ്ഞെടുക്കുമ്പോൾ തന്നെ ഞാനവളെ വിലക്കിയിരുന്നു. അന്ന് പ്രേമത്തിന്‍റെ ലഹരിയിൽ അവൾ ഒന്നും ഓർത്തില്ല. വിവാഹിതനായ ഒരാളുടെ കൂടെ ജീവിക്കുന്നത് ദുഷ്‌പേരേ വരുത്തി വയ്‌ക്കൂവെന്ന് നൂറുവട്ടം പറഞ്ഞു. നിയമപരമായ യാതൊരു അവകാശവുമില്ല, ഒരു വെപ്പാട്ടിയുടെ സ്‌ഥാനമല്ലാതെ. പക്ഷേ അവൾ കേട്ടില്ല. നിങ്ങളുടെ സ്‌നേഹം അവളുടെ തലയ്‌ക്ക് പിടിച്ചിരുന്നു.

“പിന്നെ കുറേനാൾ അമ്മയാകണമെന്ന ഭ്രാന്തായിരുന്നു അവൾക്ക്. നിങ്ങളുടെ കുഞ്ഞിന്‍റെ അമ്മയായാൽ പിന്നെ നിങ്ങൾ അവളെ ഉപേക്ഷിക്കില്ലെന്നായിരുന്നു അവളുടെ സങ്കൽപം. എങ്ങനെയാണ് അതിൽ നിന്ന് അവളെ പിന്തിരിപ്പിച്ചതെന്ന് എനിക്കേ അറിയൂ.”

ഹരിയ്‌ക്ക് അസ്വസ്‌ഥത തോന്നി. എവിടെയൊക്കെയോ പിഴച്ചുപോയോ? യഥാർഥത്തിൽ കവിതയ്‌ക്ക് എന്താണ് നൽകിയത്. സ്‌നേഹ സമ്പന്നയായ ഭാര്യയ്‌ക്കും കുഞ്ഞിനും എന്തു നൽകി? അവരെ ഉപേക്ഷിച്ച് എന്തിന് ഇവളിലേയ്‌ക്ക് ആകർഷിക്കപ്പെട്ടു?? ഇപ്പോൾ അവളാകട്ടെ പുതിയ വഴി തെരഞ്ഞെടുക്കുന്നു. എല്ലാം കൈവിട്ടുപോകുന്നതുപോലെ അയാൾക്ക് തോന്നി.

“ഇതാ നോക്കൂ” ഒരു കടലാസ് കവിത ഹരിയ്‌ക്കു നേരെ നീട്ടി. “എന്നെ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ലെറ്ററാണ്. ഞാൻ ചെന്നൈയിലേക്ക് പോകാൻ തീരുമാനിച്ചു” കവിത ഹരിയോട് പറഞ്ഞു.

താൻ തീരെ ദുർബലനായിപ്പോകുന്നതായി ഹരിയ്‌ക്ക് തോന്നി. അഭിശപ്‌തമായ അനിവാര്യതപോലെ കവിത തന്‍റെ കൈകളിൽ നിന്ന് വഴുതിപ്പോകുന്നതുപോലെ ഹരിക്ക് അനുഭവപ്പെട്ടു.

പിന്നെ ഹരിക്ക് തന്നോടുതന്നെ ദേഷ്യം തോന്നി. തന്നെപ്പോലൊരാൾ എന്തിന് ഇത്രയും അപമാനം സഹിക്കണം. ഇത്രയും ദുർബലനാകണം. എത്രയെത്ര വ്യത്യസ്‌ത കഥാപാത്രങ്ങൾക്ക് താൻ ജന്മം നൽകിയിട്ടുണ്ട്. എന്നിട്ടിപ്പോൾ രംഗവേദിയിലെ ദുരന്ത കഥാപാത്രത്തെപ്പോലെ…

“എന്തുപറ്റി നിങ്ങൾക്ക്?? ആകെ ഒരു മൂഡോഫ്?” കവിത ഹരിയോട് ചേർന്ന് നിന്ന് ചോദിച്ചു.

എന്താണ് അവളോട് പറയുക? ഹരി ആലോചിച്ചു. ആദ്യം കവിതയോട് വലിയ ആകർഷണമൊന്നും തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോഴാകട്ടെ അവളില്ലാതെ ജീവിക്കാനേ വയ്യെന്നായിരിക്കുന്നു.

“സത്യം പറയൂ കവിതാ, നീ എന്‍റേതു മാത്രമല്ലേ? നിനക്കുവേണ്ടിയാണ്

ഞാനെല്ലാം ത്യജിച്ചത്.”

“അതിന്‍റെ കാരണം മറ്റൊന്നുമല്ല. ഞാൻ നിങ്ങളുടെ ഭാര്യയേക്കാൾ ചെറുപ്പമായിരുന്നു.” ഒരു മടിയും കൂടാതെ കവിത പറഞ്ഞു.

“സത്യമാണ്, പക്ഷേ നീയില്ലാതെ…” ചിലമ്പിച്ച സ്വരത്തിൽ ഹരി പറഞ്ഞു.

“മുമ്പ് എനിക്കും തോന്നിയിരുന്നു നിങ്ങളില്ലാതെ ജീവിക്കാനാവില്ലെന്ന്, ഇപ്പോഴില്ല.” ലാഘവത്തോടെയാണ് കവിത പറഞ്ഞത്.

ഹരിയ്‌ക്ക് കവിതയെ നോക്കാൻ തന്നെ ഭയം തോന്നി. “ആവശ്യം ശരീരത്തിന്‍റേതു മാത്രമല്ലല്ലോ മനസ്സിന്‍റേയും കൂടിയല്ലേ?”

“അതു നിങ്ങൾ എഴുത്തുകാരുടെ ഭാഷ. ശരീരമില്ലാതെ മനസ്സിന് നിലനിൽപില്ലെന്നാണ് എന്‍റെ വിശ്വാസം.” കവിതയുടെ സ്വരം ദൃഢമായി.

സംഭാഷണം തുടരുന്നതിൽ അർഥമില്ലെന്ന് ഹരിക്ക് തോന്നി. അയാൾ പതുക്കെ മുറിവിട്ട് പുറത്തിറങ്ങി. സെമിനാർ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ രണ്ടുപേരും നിശബ്‌ദരായിരുന്നു. ഇരമ്പുന്ന കടലായിരുന്നു ഉള്ളിൽ നിറയെ.

“ചായയെടുക്കാം” വീട്ടിലെത്തിയ ഉടനെ കവിത പറഞ്ഞു.

“എനിക്ക് നിന്നോടൽപം സംസാരിക്കാനുണ്ട്” ഹരി മറുപടിയായി പറഞ്ഞു.

പക്ഷേ തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്കു പോയി. തന്‍റെ കണ്ണുകൾ നിറയുന്നതായി ഹരിയ്‌ക്ക് തോന്നി.അൽപം കഴിഞ്ഞ് തന്‍റെ മുറിയിൽ നിന്നും പുറത്തുവന്ന് കവിത പറഞ്ഞു.

“നാളെത്തന്നെ പുറപ്പെടണം, സംവിധായകൻ വിളിച്ചിരുന്നു.”

“അപ്പോൾ പോകാനാണോ നിന്‍റെ തീരുമാനം?”

“പിന്നെ, എനിക്കെന്‍റെ കരിയർ ശ്രദ്ധിക്കണ്ടെ? ഇവിടെയിരുന്നാൽ?എങ്ങനെ നടക്കും. നിങ്ങളാണെങ്കിൽ?

ഇപ്പോഴും സുഷമയെ കാണാറില്ലേ? അവർക്ക് ചെലവിന് കൊടുക്കുന്നില്ലെ? എനിക്കുവേണ്ടി അവരുമായുള്ള ബന്ധം പൂർണ്ണമായി ഒഴിവാക്കിയിട്ടൊന്നുമില്ലല്ലോ?” കവിത വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായിരുന്നില്ല.

“നിയമത്തിന്‍റെ വഴികൾ നിനക്കറിയില്ലേ?” ഹരി വീണ്ടും ദുർബലനായി.

“നിങ്ങളോടെനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് ഞാനിവിടം വിടുമ്പോൾ നിങ്ങൾക്കും എന്‍റെ കൂടെ വരാം” കവിത പറഞ്ഞു.

“അപ്പോഴെന്‍റെ ജോലി?”

“നിങ്ങൾക്കുവേണ്ടി ഞാനെന്തെല്ലാം ത്യജിച്ചു. എനിക്കായി ജോലി പോലും ഒഴിവാക്കാൻ നിങ്ങളൊരുക്കമല്ല?”

“അപ്പോൾ സുഷമയ്‌ക്കും മോനും ചെലവിന് കൊടുക്കാൻ ഞാനെന്തു ചെയ്യും?”

“അതെനിക്കറിയണ്ട, അത് നിങ്ങളുടെ മാത്രം കാര്യം.”

ധൃതിയിൽ മുറിയിൽ കയറി കവിത വാതിൽ വലിച്ചടച്ചു. ഹരി പതുക്കെ പുറത്തിറങ്ങി.

ഇടവഴിയിൽ ഒരു പൂവ്

എല്ലാവരും അമ്പരന്നു നിൽക്കുകയാണ്. അവൻ അമ്മയോട് ഇങ്ങനെ തട്ടിക്കയറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. “ഡോക്‌ടർ ചെറിയാൻ ഇവിടെ വരുന്നത് എനിക്ക് ഇഷ്‌ടമല്ല. എന്തിനാ അയാളെ വീട്ടിലേയ്‌ക്ക് ക്ഷണിക്കുന്നത്?” ലിജു ജോൺ പൊട്ടിത്തെറിച്ചു.

“മോനേ, അദ്ദേഹം നിന്നോട് വളരെ സ്‌നേഹത്തോടെയാണല്ലോ പെരുമാറുന്നേ… പിന്നെ എന്തിനാ നീ ഡോക്‌ടറെ ഇങ്ങനെ വെറുക്കുന്നേ?” നിഷാ തന്‍റെ മകനോട് ഇടറിയ സ്വരത്തിൽ പറഞ്ഞു.

“ഡോക്‌ടറുടെ സ്‌നേഹം വെറും പ്രകടനം മാത്രമാണ്. അതുകൊണ്ടു തന്നെ അയാള് കാണിക്കുന്ന ആത്മാർത്ഥത എനിക്കിഷ്‌ടമല്ല.” ലിജുവിന് കലിയടങ്ങിയിരുന്നില്ല.

“നിന്‍റെ ചിന്ത ശരിയല്ല, ഞാനും ലിസി വല്യമ്മച്ചിയും അങ്ങനെ വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. നീ കുറേ കൂടി പക്വത കാണിക്കണം. വീട്ടിൽ വരുന്നവരെ ബഹുമാനിക്കാൻ പഠിക്കണം.” അവർക്ക് മകനോട് തർക്കിക്കേണ്ടി വന്നതിൽ വിഷമമുണ്ടായിരുന്നു. പക്ഷേ ഡോക്‌ടറോടുള്ള സ്‌നേഹവും ബഹുമാനവും കാരണം അവർക്ക് പ്രതികരിക്കാതിരിക്കാനായില്ല.

“വീട്ടിൽ വരുന്നവരെ ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല. പക്ഷേ ഡോക്‌ടറുടെ കാര്യം വേറെയാണ്. എനിക്ക് അയാളെ ഇഷ്‌ടമല്ല.”

“അദ്ദേഹത്തോട് എന്താണ് നിനക്കിത്ര ദേഷ്യം? അദ്ദേഹം എന്ത് ചെയ്‌തൂന്നാ?” നിഷ വികാരാധീനയായി.

“എന്‍റെ പപ്പയുടെ സ്‌നേഹം കൈക്കലാക്കുക എന്നതാണ് അയാളുടെ മനസ്സിലിരുപ്പ്. അത് എനിക്ക് സഹിക്കാനൊക്കില്ല. അംഗീകരിക്കാനും” അവന്‍റെ മുഖം ചുവന്നു.

“മമ്മി എന്‍റെ സുഖവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ ബന്ധത്തിൽ നിന്നും പിന്മാറണം. ഇനി ഡോക്‌ടറെ കൂടിയേ തീരൂ എന്നാണെങ്കിൽ ഈ മകനെയങ്ങു മറന്നോ… എന്‍റെ പപ്പയുടെ സ്‌ഥാനത്ത് എനിക്ക് അയാളെ സങ്കൽപിക്കാനാവില്ല.” ഒരു വെടിക്കെട്ടപകടം നടന്ന അന്തരീക്ഷം പോലെ നിശ്ശബ്‌ദമായിപ്പോയി ആ വീട്.

അവരുടെ കണ്ണു നിറഞ്ഞു. ലിജു മമ്മിയെ അവഗണിച്ചുകൊണ്ട് പുറത്തേയ്‌ക്ക് ഇറങ്ങിപ്പോയി. ബൈക്കിന്‍റെ ശബ്‌ദം നേർത്തു നേർത്ത് അകന്നു പോയി.

ബന്ധങ്ങൾ എത്ര വേഗമാണ് അകന്നു പോകുന്നത്. ലിജു വീട്ടിൽ നിന്നിറങ്ങി പോകുന്നതു കണ്ട് അവന്‍റെ വല്യമ്മച്ചി നിഷയെ ആശ്വസിപ്പിച്ചു. നിഷയ്‌ക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെയെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവരാണ്. ലിജുവിന്‍റെ പെരുമാറ്റം അവരെയും വിഷമിപ്പിച്ചിരുന്നു.

നിഷ ചേച്ചി ലിസിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. രക്‌തബന്ധവും സ്‌നേഹബന്ധവും നൽകുന്ന വേദന അവരുടെ ജീവിതത്തെ വല്ലാതെ തളർത്തിയിരുന്നു. ഒന്നും തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്‌ഥ. ഞാൻ ഇത്രയും കാലം ജീവിച്ചത് അവന്‍റെ സന്തോഷത്തിനായിരുന്നില്ലേ. “അവന്‍റെ വളർച്ച കാണാനായിരുന്നില്ലേ… എന്നിട്ടും കേട്ടില്ലേ ചേച്ചി അവനെന്നെ തള്ളിപ്പറഞ്ഞത്..” അവർ കുട്ടികളെപ്പോലെ ഓരോന്നും പറഞ്ഞ് തേങ്ങിക്കൊണ്ടിരുന്നു.

ഈ ചെറുക്കനെ എനിക്ക് പിടി കിട്ടുന്നില്ല. അവനിതെന്തിനാ കുടുംബത്തിലെ സമാധാനം കളയുന്ന രീതിയിൽ പെരുമാറുന്നതെന്ന് മനസ്സിലാവുന്നില്ല. എന്താണവന് ഡോക്‌ടറോടിത്ര ദേഷ്യം? ലിസി  വിചാരിച്ചു.

“മറ്റെന്നാൾ ഡോക്‌ടറെ ഡിന്നറിന്നു ക്ഷണിച്ചിട്ടുണ്ട്. ലിജു അന്നേരം രംഗം വഷളാക്കിയാൽ പിന്നെ എന്‍റെ വാക്കിനെന്താണൊരു വില? അദ്ദേഹം അപമാനിതനായാൽ പിന്നെ ഞാനുണ്ടാവില്ല.” നിഷയുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പുറത്തു വന്നു. ചേച്ചി അതിന് മറുപടിയൊന്നും പറയാതെ അവളെ തലോടുക മാത്രം ചെയ്‌തു.

ഡോക്‌ടർക്ക് നിഷയെ പരിചയപ്പെടുത്തിക്കൊടുത്തതും ലിസിയായിരുന്നു. ഭർത്താവിന്‍റെ മരണശേഷമുള്ള നിഷയുടെ ഒറ്റപ്പെടൽ ഒന്നു മാറട്ടെ എന്നു കരുതിത്തന്നെയാണ് ലിസി അവരെ തമ്മിലടുപ്പിച്ചത്. ഡോക്‌ടർക്കും നിഷയെ സ്വന്തമാക്കണമെന്ന് ആദ്യം കണ്ടപ്പോൾത്തന്നെ തോന്നി. അയാൾ ആ കാര്യം ലിസിയോട് പറയുകയും ചെയ്‌തു. കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടുമ്പോഴല്ലെ ഒരു ജീവിതം മണക്കുക. ലിസി അത്തരമൊരു പ്രകൃതി നിയമത്തിന് നിമിത്തമായി എന്നു മാത്രം. പക്ഷേ ലിജു ജോൺ… മമ്മി മറ്റൊരാളുടേതാവുന്നത് അവന് സങ്കൽപിക്കാൻ പോലുമാവില്ല.

ലിജു മോന് 12 വയസ്സുള്ളപ്പോഴാണ് അവന്‍റെ പപ്പ മരണപ്പെട്ടത്. ഒരു റോഡപകടം.. ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങൾ കാറ്റിൽപ്പറത്തിയ ആ കറുത്ത വൈകുന്നേരത്തിനു ശേഷം ജീവിതം പിന്നെയും മുന്നോട്ടുപോയി. നിഷയ്‌ക്ക് സർക്കാർ ജോലിയുണ്ടായിരുന്നു. നല്ല പോസ്‌റ്റ്. ജീവിതത്തിൽ വലിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ നിഷ ഭർത്താവിന്‍റെ ഓർമ്മകളിൽ ജീവിച്ചു. മകനു വേണ്ടി.. അവന് നല്ല വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും നൽകാനായി നിഷ തന്‍റെ ജീവിതസുഖങ്ങൾ മാറ്റിവച്ചു.

ലിജു കോളേജിൽ പോയിത്തുടങ്ങി. ഇപ്പോൾ അവന് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. വീട്ടിൽ വൈകിയെത്തുന്നു. മമ്മിയോട് മിണ്ടാൻ പോലും അവന് സമയമില്ല. മമ്മിയുടെ ഒറ്റപ്പെടൽ അവൻ അറിയുന്നില്ല.

ഡോക്‌ടർ ചെറിയാന്‍റെ ഭാര്യ മൂന്നു വർഷങ്ങൾക്കുമുമ്പാണ് മരണപ്പെട്ടത്. ക്യാൻസറായിരുന്നു, ഡോക്‌ടറുടെ രണ്ടു പെൺമക്കളും ഹോസ്‌റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഡോക്‌ടർ ഇടയ്‌ക്കിടയ്‌ക്ക് അവരെ കാണാൻ പോകാറുണ്ട്. നിഷയെപ്പോലെ തന്നെ മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനായിരുന്നു ഡോ. ചെറിയാനും.

നിഷ ഡോക്‌ടർക്ക് ഫോൺ ചെയ്യാറുണ്ട്. അവർ പുറത്തുവച്ച് കണ്ടുമുട്ടാറുണ്ട്. പ്രണയം പങ്കിടുന്ന നിമിഷങ്ങൾ… അവരുടെ ജീവിതത്തിന്‍റെ ശ്യൂനതയിലേക്ക് സ്‌നേഹം ഒഴുകി വന്നപ്പോൾ രണ്ടുപേർക്കും അത് നിരസിക്കാനായില്ല. ആദ്യമൊക്കെ ലിജുവിന് ഡോ. ചെറിയാനെ ഇഷ്‌ടമായിരുന്നു. അവൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഡോക്‌ടർ ചെറിയാൻ മമ്മിയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച വിവരം അവനറിഞ്ഞത് രണ്ടുമാസം മുമ്പാണ്. അവന്‍റെ മനസ്സിൽ ഉണ്ടായിരുന്ന ഡോക്‌ടറുടെ വിഗ്രഹം അന്ന് ഉടഞ്ഞു. അവന് അവരുടെ സ്‌നേഹം അംഗീകരിക്കാനായില്ല. വെറുപ്പ്.. പിന്നെ പക… ഇനിയൊരിക്കലും ഡോക്‌ടറെ കാണരുതെന്ന് അവൻ മമ്മിയെ വിലക്കി. ആ ബന്ധം ശരിയാവില്ലെന്ന് അവൻ കൂടെക്കൂടെ ഒച്ചവച്ചു.

അവനെ പറഞ്ഞു മനസ്സിലാക്കാൻ ലിസി വല്യമ്മച്ചി കിണഞ്ഞു ശ്രമിച്ചു. പക്ഷേ, എന്തു ഫലം! അവന്‍റെ മാനസികാവസ്‌ഥ മറ്റൊന്നായിരുന്നു. മമ്മിയുടെ സ്‌നേഹം മറ്റൊരാൾ ഷെയർ ചെയ്യുന്നത് സഹിക്കാനാവുമായിരുന്നില്ല അവന്. വീട്ടിൽ ഇതേച്ചൊല്ലി കലഹം പതിവായി, സ്‌നേഹബന്ധങ്ങൾ പൊട്ടിച്ചിതറാൻ സ്‌നേഹം തന്നെ കാരണമാകുന്നത് എത്ര വിചിത്രമാണ്!

ലിജു നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല. നിഷയെ ഇതെല്ലാം ഏറെ വേദനിപ്പിച്ചിരുന്നു. അവന്‍റെ ആരോഗ്യം ദിവസം ചെല്ലുന്തോറും മോശമായി. ഡ്രസ്സിംഗിൽ പോലും ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു.

മകന്‍റെ ഭാവി.. നിഷയ്‌ക്ക് അതാണ് ആധി. മമ്മിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ലിജു ജീവിതത്തിൽ ഇന്നേവരെ കടന്നുപോയിട്ടില്ലാത്ത ഒരു മാനസികാവസ്‌ഥയിലായിരുന്നു. ആ അവസ്‌ഥയിൽ പുറത്ത് നടക്കുന്നതൊന്നും അവനറിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഹൃദയഹാരിയായ ഒരു വിളി അവനെ പിടിച്ചു നിർത്തുകതന്നെ ചെയ്‌തു. തന്നെ ലിജൂ എന്ന് മധുരമായി നീട്ടി വിളിച്ചത് ആരാണ്? അവൻ തിരിഞ്ഞു നോക്കി.

സുന്ദരിയായ ശിൽപാ കല്ലുങ്കൽ! സഹപാഠി. ലിജുവിന്‍റെ ഫ്‌ളാറ്റിന്‍റെ എതിർവശമുള്ള റോഡ് ക്രോസ് ചെയ്‌താൽ കാണുന്ന ഫ്‌ളാറ്റിലാണ് താമസം. ഇങ്ങോട്ട് മാറിയത് അടുത്ത ദിവസങ്ങളിലാണ്. പാഠ പുസ്‌തകത്തിന്‍റെ സംശയങ്ങൾ അവൾ പലപ്പോഴും ലിജുവിനോടാണ് ചോദിക്കാറുള്ളത്. ഇനി അതിനു കൂടുതൽ സൗകര്യമായി. രണ്ടാളും അടുത്തടുത്താണല്ലോ താമസിക്കുന്നത്. അവൾ വായാടിയാണ്. ഓരോന്ന് ലിജുവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു. അവന് ഒന്നും പറയേണ്ടി വന്നില്ല. അതിനുള്ള മൂഡും ഉണ്ടായിരുന്നില്ല. എങ്കിലും ഐസ്‌ക്രീം കഴിച്ചാണ് അന്ന് ഇരുവരും പിരിഞ്ഞത്. ഒരു ദിവസം ശിൽപ പറഞ്ഞു. “എനിക്ക് രസതന്ത്രത്തിൽ ചില സംശയങ്ങളുണ്ട്. അതൊന്ന് തീർത്തു തരണം.”

“ഇന്ന് പറ്റില്ല, നാളെ വരാം. അടുത്ത ദിവസം ലിജു ശിൽപയുടെ ഫ്‌ളാറ്റിലെത്തി. ഇതായിരുന്നു തുടക്കം. ലിജു അവളുടെ ഫ്‌ളാറ്റിൽ പോകുന്നത് പതിവാക്കി. അവന്‍റെ മനസ്സിൽ ശിൽപയുടെ സാന്നിധ്യം കുളിരു നിറച്ചു. വീട്ടിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്നുള്ള ആശ്വാസമായി അവൻ ശിൽപയുടെ സാന്നിധ്യത്തെ കാണാൻ തുടങ്ങി.

ശിൽപയുടെ അച്‌ഛനും അമ്മയും സർക്കാർ ജോലിക്കാരായിരുന്നു. ഉച്ചയ്‌ക്ക് ശിൽപയുടെ അനുജൻ വീട്ടിലുണ്ടാവും. അവൻ എപ്പോഴും കമ്പ്യൂട്ടറിന്‍റെ മുന്നിലാണ്. പഠനവും കളിയുമായി അവൻ ആർക്കും ശല്യമില്ലാതെ കഴിഞ്ഞു കൂടും. ആ മുറിയിൽ ഇരുന്നു തന്നെയാണ് ലിജു ശിൽപയ്‌ക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കാറ്. ഒരു ദിവസം ലിജുവിന്‍റെ ഉറക്കെയുള്ള പഠിപ്പിക്കലിൽ ദേഷ്യപ്പെട്ട് ശിൽപയുടെ അനിയൻ മുറിവിട്ടുപോയി.

ഇപ്പോൾ അവർ മാത്രമായി. രണ്ടു ഹൃദയങ്ങൾ കാതോർത്തിരിക്കുമ്പോഴാണല്ലോ ദൈവം പണി പറ്റിക്കുക. അതുതന്നെ സംഭവിച്ചു. ഇരുവർക്കും ഒരു നിമിഷം പോലും കാണാതിരിക്കാനാകുന്നില്ല. എപ്പോഴും സംസാരിച്ചിരിക്കാൻ തോന്നുന്ന അവസ്‌ഥ. പഠനത്തിന്‍റെ ഏകാഗ്രത കുറഞ്ഞു. ഹൃദയം പ്രണയഭരിതമായി. ഒരു മുറിയിൽ ഇരു ഹൃദയങ്ങൾ സ്വപ്‌നങ്ങൾ നെയ്‌തു.

“ശിൽപാ, ഇനി ഒരു പത്തു മിനിട്ട് ബ്രേക്ക്. എന്തോ ഒരു മൂഡ് കിട്ടുന്നില്ല പറഞ്ഞു തരാൻ.” അവൻ പുസ്‌തകം മടക്കി വച്ചു.

“അതിനെന്താ ഞാൻ ഒരു ചായ ഇട്ടു തരാം. അപ്പോഴേക്കും ഒന്നു റിലാക്‌സ് ചെയ്യ്.” ശിൽപ അടുക്കളയിലേക്ക് നടന്നു പോകുന്നത് ലിജു നോക്കി നിന്നു.

എന്തൊരു ഭംഗിയാണവളുടെ നടത്തത്തിന്! അവൻ മിഴിയെടുക്കാതെ അവളുടെ അഴകളവ് നോക്കി നിന്നു. അടുക്കളയിൽ പാത്രങ്ങൾ കലപില കൂട്ടുന്ന ശബ്‌ദം. ലിജു അടുക്കളയിലേയ്‌ക്ക് നടന്നു. അവളുടെ കാൽപാദം തൊട്ട അതേ പ്രതലത്തിൽ കാൽവച്ച് ലിജു അവളുടെ അടുത്തെത്തി.

“ചായ ആയോ?”

അവൾ പഞ്ചസാര ഇട്ടശേഷം ഒരു കപ്പ് ചായ ലിജുവിന് നീട്ടി. “ഇനി മധുരം വേണോ?”

“ചായയിൽ വേണ്ട.” ലിജു ഒരു കാമുകനായി. അവൾ ഒരു നുള്ളു പഞ്ചസാരയെടുത്ത് അവന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു.

“നിനക്ക് എന്നെ ഇഷ്‌ടമാണോ?” ലിജു ചോദിച്ചു.

“എനിക്ക് ഇയാളുടെ സ്‌നേഹം ഇഷ്‌ടമാണ്. പക്ഷേ, കോപം ഇഷ്‌ടമല്ല.”

ഇരുവരും ചിരിച്ചു. അന്ന് അവരുടെ ചായ സൽക്കാരം അവസാനിച്ചത് ഒരു ദീർഘ ചുംബനത്തിലാണ്.

ജീവിതത്തിലെ ആദ്യ ചുംബനത്തിന്‍റെ ബലത്തിൽ അവർ വേർപിരിയാൻ കഴിയാത്ത വിധം പ്രണയത്തിലായി. സുന്ദരിയായ ശിൽപയുടെ സ്‌നേഹം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ലിജു വളരെ തരളിതനായിരുന്നു. രണ്ടു ദിവസത്തിനു ശേഷം അതിഥിയായി വീട്ടിലെത്തിയ ഡോക്‌ടറോട് ലിജു ദേഷ്യമൊന്നും പ്രകടിപ്പിച്ചില്ല. അന്നു വൈകുന്നേരം വീട്ടിലെത്തിയതു മുതൽ അവൻ വിമുഖനായിരുന്നു. മുറിയടച്ച് ഒരേ ഇരുപ്പ്.

മമ്മിയോടും വല്യമ്മച്ചിയോടും വഴക്കിനൊന്നും അവൻ മുതിർന്നില്ല. ഡോക്‌ടർ വീട്ടിൽ വന്നതറിഞ്ഞിട്ടും അവൻ അടുത്തേയ്‌ക്കു വന്നില്ല. മുറിയിൽ തന്നെ എന്തൊക്കെയോ ആലോചിച്ചു കിടന്നു. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചത് ഡോക്‌ടർക്കൊപ്പമായിരുന്നു. പക്ഷേ, ലിജു മാത്രം ഭക്ഷണം കഴിക്കാൻ വന്നില്ല. മകന് നല്ല സുഖമില്ലെന്നു പറഞ്ഞ് നിഷ ഒഴിഞ്ഞു മാറി. ഡോക്‌ടർക്ക് അവനെ  കാണണമെന്നുണ്ടായിരുന്നുവെങ്കിലും നിഷ വിലക്കി.

“ലിജുവിന് എന്നെ ഇഷ്‌ടമല്ലെന്ന് എനിക്കറിയാം. ഞാൻ ഇവിടെ വരുന്നതും നിഷയെ കാണുന്നതും അവന് വെറുപ്പാണ്. ഇപ്പോൾ എന്നെ ഒഴിവാക്കാൻ അവൻ മുറിയിൽ അടച്ചിരിപ്പാണ്. പക്ഷേ, നാളെ നമ്മുടെ കല്യാണം കഴിഞ്ഞാൽ അവൻ എന്തു ചെയ്യും?” ഡോക്‌ടർ തന്‍റെ ആശങ്ക പ്രകടിപ്പിച്ചു.

“നിങ്ങൾ കല്യാണ തീയതി ഉറപ്പിച്ചോളൂ. തുടക്കത്തിൽ അവൻ എന്‍റെയൊപ്പം നിന്നോട്ടെ. പിന്നെ സാവധാനം ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.” ചേച്ചി ഇങ്ങനെ പറഞ്ഞെങ്കിലും നിഷയുടെ ആധി കൂടിയതേയുള്ളൂ.

“ഞാനവന്‍റെ ഭാവിയെക്കുറിച്ച് ബോധവാനാണ്. പക്ഷേ അവൻ എന്നെ മനസ്സിലാക്കുന്നില്ല. ഇനി.. അവനെ ഹോസ്‌റ്റലിൽ ചേർത്താൽ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകുമോ നിഷാ?” ഡോക്‌ടർ അഭിപ്രായം ആരാഞ്ഞു.

“വേണ്ട, ഈ അവസ്‌ഥയിൽ അവനെ ഹോസ്‌റ്റലിലാക്കണ്ട. അവനാകെ തകർന്നു പോകും. ഞാൻ വിവാഹം കഴിക്കുന്നതാണ് അവന്‍റെ പ്രശ്നം. വീടു വിട്ടു താമസിക്കേണ്ടി വരുകയും ചെയ്‌താൽ അവന്‍റെ ഭാവി തന്നെ അപകടത്തിലാവും.” നിഷയുടെ കണ്ണുകൾ നിറഞ്ഞു.

“ഇനി എന്താ ചെയ്യുക?” ഡോക്‌ടർക്കും ഒരുത്തരം കണ്ടെത്താനായില്ല.

ഡിന്നറിനു ശേഷം ഡോക്‌ടർ ഇറങ്ങി. നിഷയും ചേച്ചിയും ആശങ്കയിലായിരുന്നു. ഈ കുട്ടിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? പ്രായത്തിന്‍റെ വാശിയെ സ്‌നേഹ ബുദ്ധികൊണ്ട് ഉപദേശിച്ചാൽ മാറ്റിയെടുക്കാനാവില്ലല്ലോ എന്ന് വല്യമ്മച്ചി സങ്കടപ്പെട്ടു. വീട്ടിലേയ്‌ക്ക് ഡ്രൈവ് ചെയ്‌തു പോകുമ്പോൾ ഡോക്‌ടറുടെ മനസ്സും ആകെ കലുഷമായിരുന്നു.

ശിൽപയോടെപ്പം സമയം ചെലവിടുമ്പോൾ ലിജു വളരെ സന്തുഷ്‌ടനായിരുന്നു. സ്വന്തം വീട്ടിലിരിക്കുമ്പോഴാണ് അവന് സ്വയം വെറുപ്പ് തോന്നുക. അവൾ അടുത്തുണ്ടാവുമ്പോൾ അവൻ തന്‍റെ ജീവിതത്തെ ഏറെ സ്‌നേഹിക്കുന്നു. മമ്മി തന്നെക്കുറിച്ച് ചിന്തിക്കുന്നേയില്ലല്ലോ. ഡോക്‌ടറുമായുള്ള ബന്ധം മമ്മിയുടെ സ്വാർത്ഥതയിൽ നിന്നുണ്ടായതാണെന്ന് അവൻ വിശ്വസിച്ചു. തന്‍റെ പപ്പയോടുള്ള വിശ്വാസ വഞ്ചനയാണ് മമ്മി കാണിക്കു ന്നതെന്ന തോന്നലായിരുന്നു ലിജുവിന്.

ഡോക്‌ടർ ജീവിതത്തിലേയ്‌ക്ക് വന്നാൽ തന്‍റെ ഒറ്റപ്പെടൽ മാറുമെന്ന ചിന്തയായിരുന്നു നിഷയുടേത്. പക്ഷേ, മകനെ പിണക്കിക്കൊണ്ട് അവർക്കതിന് സാധിക്കുമായിരുന്നില്ല, തന്‍റെ ഭാവിയേക്കാൾ വലുത് മകന്‍റെ ഭാവിയാണെന്ന് അവർ വിശ്വസിച്ചു. മകനെ സങ്കടപ്പെടുത്തിയിട്ടുള്ള യാതൊരു സന്തോഷവും തനിക്കു വേണ്ടെന്ന് നിഷ തീരുമാനിച്ചു. ഡോക്‌ടറുടെ ഹൃദയത്തിൽ നിന്ന് ഞാൻ അകലുകയാണെന്ന് നിഷയ്‌ക്കു തോന്നി.

ഒരു ദിവസം നിഷയുടെ കൂട്ടുകാരി അഖില ഫ്‌ളാറ്റിൽ വന്നു. എന്തോ ഗൗരവമായ കാര്യം പറയാനാണ് അവർ വന്നത്. ചായ കുടിച്ചതിനു ശേഷം മടിച്ച് മടിച്ച് പറഞ്ഞു തുടങ്ങി.

“നിഷേ, ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം തോന്നരുത്. എന്‍റെ ഫ്‌ളാറ്റിനടുത്തു താമസിക്കുന്ന ശിൽപയുമായി നിന്‍റെ മോൻ അടുപ്പത്തിലാണ്, അവൻ എപ്പോഴും അവളുടെ ഫ്‌ളാറ്റിൽ വരാറുണ്ട്. ആദ്യം എനിക്കും സംശയമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, ഞാനിപ്പോൾ ഇതു നിന്നോട് പറഞ്ഞില്ലെങ്കിൽ പിന്നെ കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം?” അവർ സ്വയം പറഞ്ഞു.

തന്‍റെ മകനിതെന്തുപറ്റിയെന്ന് നിഷ സങ്കടപ്പെട്ടു. എന്തു നല്ല സ്വഭാവമായിരുന്നു അവന്. എന്നോടുള്ള വാശി തീർക്കാനാണോ അവനി കുഴപ്പങ്ങളിൽ ചെന്നു ചാടുന്നത്. എന്നോട് എന്തിനാണിങ്ങനെ പ്രതിഷേധിക്കുന്നത്. ഞാൻ അവന്‍റെ മമ്മിയല്ലേ… അന്നും ലിജു വളരെ വൈകിയാണ് വീട്ടിൽ വന്നത്. നിഷ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മമ്മി വീട്ടിൽ ഒറ്റയ്‌ക്കാണെന്ന ചിന്തയൊന്നും ലിജുവിനുണ്ടായിരുന്നില്ല. അവൻ നിഷേധിയുടെ സ്വഭാവം കാട്ടിത്തുടങ്ങിയിരുന്നു.

ലിജു കോളേജ് വിട്ടാൽ നേരെ പോകുന്നത് ശിൽപയുടെ ഫ്‌ളാറ്റിലേക്കാണ്. പക്ഷേ അവന്‍റെ മമ്മി വിചാരിച്ചത് അവൻ വീട്ടിലേക്ക് വരുന്നത് കോളേജിൽ നിന്നാണെന്നായിരുന്നു. ഈ കാര്യം പറഞ്ഞ് നിഷ അഖിലയുമായി തർക്കിക്കുക വരെ ചെയ്‌തു.

“അവൻ ക്ലാസ്സ് കട്ടു ചെയ്‌തും ശിൽപയുടെ ഫ്‌ളാറ്റിൽ എത്താറുണ്ട്. നിനക്ക് വിശ്വാസമായില്ലെങ്കിൽ നാളെ എന്‍റെ വീട്ടിൽ വന്നാൽ മതി. കാര്യങ്ങൾ നേരിട്ട് ബോധ്യമാകുമല്ലോ?” അഖില പറഞ്ഞു.

നിഷ അന്നു രാത്രി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു. ഞെട്ടലോടെയാണ് ലിജുവിന്‍റെ വല്യമ്മച്ചി ഇതു കേട്ടത്. ഈ പയ്യനിതെന്തുപറ്റി? എല്ലാവരുടേയും സ്വപ്‌നമായിരുന്നു അവന്‍റെ നല്ല ജീവിതം. അത് സ്വയം ഇല്ലാതാക്കുന്നു!

അടുത്ത ദിവസം രാവിലെ തന്നെ വല്യമ്മച്ചി വീട്ടിലെത്തി. അഖില പറഞ്ഞ കാര്യങ്ങളെല്ലാം നിഷ ചേച്ചിയോട് വിശദമായി പറഞ്ഞു.

“നീ പ്രശ്നമാക്കണ്ട, എല്ലാം നമുക്ക് പരിഹരിക്കാം.” അവർ നിഷയെ ആശ്വസിപ്പിച്ചു.

“അഖില പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ. എന്തായാലും അവൻ പോകുന്നതും വരുന്നതും ഞാൻ നിരീക്ഷിച്ചോളാം. ഇപ്പോൾ അവനോട് ഒന്നും ചോദിക്കണ്ട.” ചേച്ചി നിഷയെ ഉപദേശിച്ചു.

അടുത്ത ദിവസങ്ങളിൽ ലിജു ക്ലാസ്സ് കട്ട് ചെയ്‌ത് ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് വല്യമ്മച്ചി കാണുന്നുണ്ടായിരുന്നു. ലിജു പതിവു പോലെ ക്ലാസ് വിട്ടെത്തുന്ന സമയത്തുതന്നെ വീട്ടിലെത്തി. നിഷ അവന്‍റെ വരവും കാത്തിരിക്കുകയായിരുന്നു.

“നിന്‍റെ പഠിത്തമൊക്കെ എങ്ങനെ നടക്കുന്നു ലിജു?” വല്യമ്മച്ചി ഔപചാരികമായി സംസാരിക്കുന്നതു കേട്ട് അവന് ആശ്ചര്യമായി.

“നന്നായി നടക്കുന്നു വല്യമ്മച്ചി.”

“നീയേതായാലും ശരിക്കും ക്ഷീണിച്ചിട്ടുണ്ട്. പഠന ഭാരം കൂടിയതുകൊണ്ടായിരിക്കും” വല്യമ്മച്ചി പറഞ്ഞു.

“ശരിയാണ് വല്യമ്മച്ചി. ഇന്ന് എല്ലാ അവറും ക്ലാസ്സുണ്ടായിരുന്നു.”

“ഇന്ന് എത്ര നേരം ക്ലാസ്സുണ്ടായിരുന്നു?”

“നാലുമണിയ്‌ക്കാണ് ലാസ്‌റ്റ് ക്ലാസ്സ് കഴിഞ്ഞത്” ലിജു കള്ളം പറഞ്ഞു.

ഇതുകേട്ടപ്പോൾ നിഷ പൊട്ടിത്തെറിച്ചു. “നാണമില്ലേടാ നിനക്കിങ്ങനെ കള്ളം പറയാൻ. നീ ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് ഞങ്ങൾ കണ്ടതാണ്. നീ ഇടയ്‌ക്കിടയ്‌ക്ക് അവിടെ പോകുന്നത് ഒളിച്ചു വയ്‌ക്കുന്നതെന്തിനാ?”

ലിജു ഉത്തരമൊന്നും പറയാതെ കലി തുള്ളി.

“കാര്യങ്ങൾ അറിഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ പറയാം.” ലിജുവിന്‍റെ ശബ്‌ദം ഉച്ചത്തിലായി. “ഞാൻ ശിൽപയെ പഠിപ്പിക്കാനാണ് അവിടെ പോകുന്നത്. അത് പറയാതിരുന്നത് നിങ്ങൾ അതിന് തടസ്സം നിൽക്കുമെന്നുള്ളതുകൊണ്ടാണ്. നിങ്ങളുടെ ഇടുങ്ങിയ മനസ്സ് എനിക്കറിയാം.” അവൻ ഒരു അന്യയോടെന്നപോലെ മമ്മിയോട് കയർത്തു.

“അവിടെ ആരുമില്ലാത്തപ്പോൾ നീ അവളുടെ വീട്ടിൽ പോകുന്നത് ഞാൻ സമ്മതിക്കില്ല. ഇപ്പോൾ തന്നെ നാട്ടിൽ എല്ലാം പാട്ടായല്ലോ.”

“നിങ്ങൾ രണ്ടാളും വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ. അവൾ എന്‍റെ നല്ല സുഹൃത്താണ്. അവളുടെ പഠന സംബന്ധമായ സംശയങ്ങൾ പറഞ്ഞു കൊടുക്കാൻ ഞാനവിടെ പോകുന്നത് സത്യമാണ്. നാട്ടുകാരുടെ വായ അടപ്പിക്കാൻ എനിക്കാവില്ല.” അവൻ സൗമ്യനായി.

“അവളുടെ വലയിൽപ്പെട്ട് നിന്‍റെ പഠനം ഉഴപ്പുകയേയൂള്ളൂ.”

“എന്‍റെ പഠനം ഉഴപ്പുകയൊന്നുമില്ല മമ്മി” ലിജു ശാന്തനായി മമ്മിയെ നോക്കി.

“നീയിനി അവളെ കാണരുത്” മമ്മി ശാസിച്ചു.

“എങ്കിൽ ഇനി ഞാൻ ആരേയും കാണുന്നില്ല” അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.

“എന്‍റെ ജീവിതം എന്താകണമെന്ന് ഞാൻ തീരുമാനിച്ചോളാം” അവൻ ദേഷ്യത്തോടെ അകത്തു കയറി വാതിലടച്ചു.

വല്യമ്മച്ചി എത്ര വിളിച്ചിട്ടും അവൻ വാതിൽ തുറന്നില്ല. അപമാനിതയായതുപോലെ നിഷ സോഫയിൽ ഇരുന്നു.

“നീ ഇങ്ങനെ കരഞ്ഞിരിക്കാതെ ഞാൻ ലിജുവുമായി സംസാരിക്കട്ടെ” അവർ നിഷയോടു പറഞ്ഞു.

വല്യമ്മച്ചി ലിജുവിനെ അനുനയിപ്പിച്ച് സംസാരിച്ചു തുടങ്ങി. “മോനേ, ഞാൻ നിന്നെ ഉപദേശിക്കുകയാണെന്ന് വിചാരിക്കരുത്. നിന്‍റെ നല്ല ഭാവിക്കുവേണ്ടിയാണ് മമ്മി കഷ്‌ടപ്പെടുന്നതു മുഴുവൻ. അത് മോൻ മനസ്സിലാക്കണം. അല്ലാതെ ദേഷ്യമുണ്ടായിട്ടല്ല. മമ്മിക്ക് മോനല്ലാതെ ആരാണുള്ളത്?”

“വല്യമ്മച്ചി, പെൺകുട്ടികളുമായി സൗഹൃദത്തിലാവുന്നത് തെറ്റൊന്നുമല്ല. മമ്മി വെറുതെ ഓരോന്ന് സങ്കൽപിച്ച് സംഗതി വഷളാക്കാതിരുന്നാൽ മതി.”

“എന്താ, നിനക്ക് ശിൽപയെ ഇഷ്‌ടമല്ലേ?” ലിജു തല താഴ്‌ത്തിയിരുന്നു. ശിൽപയോടുള്ള അവന്‍റെ ഇഷ്‌ടം ആ മൗനത്തിലൂടെ വല്യമ്മച്ചിക്ക് മനസ്സിലായി. അവർ അവന്‍റെ കൈപിടിച്ച് സംസാരിച്ചു തുടങ്ങി. “നിനക്ക് ശിൽപയോട് തോന്നുന്ന ഇഷ്‌ടം തന്നെയല്ലേ നിന്‍റെ മമ്മിയ്‌ക്ക് ഡോക്‌ടറോട് തോന്നുന്ന സ്‌നേഹവും, മാത്രമല്ല അത് നിന്‍റെ ഭാവിയോർത്തു കൊണ്ടുള്ളതാണ് താനും. നാളെ നിന്‍റെ ഉപരിപഠനത്തിനും മറ്റും ഡോക്‌ടർ സഹായിക്കുകയും ചെയ്യും. അമ്മയുടെ ഒറ്റപ്പെടൽ എന്താണ് നീ മനസ്സിലാക്കാത്തത്?

വല്യമ്മച്ചിയുടെ വാക്കുകൾ അവന്‍റെ ഹൃദയത്തിൽ തട്ടി. “വല്യമ്മച്ചി തന്നെ പറയൂ, ഞനെന്താണ് ചെയ്യേണ്ടത്” അവൻ വിതുമ്പിപ്പോയി.

“മോൻ നല്ല കുട്ടിയാകണം. മമ്മിയ്‌ക്കും മോനും വേണ്ടി.”

അടുത്ത ദിവസം ഡോക്‌ടർ വന്നപ്പോൾ വാതിൽ തുറന്ന് കൊടുത്തത് ലിജുവാണ്. വാത്സല്യപൂർവ്വം ഡോക്‌ടർ അന്ന് അവനോട് ഏറെ നേരം സംസാരിച്ചു. പിറ്റേന്ന് ശിൽപയുടെ പിറന്നാളായിരുന്നു. ഡോക്‌ടറും മമ്മിയും വല്യമ്മച്ചിയും സമ്മാനപ്പൊതിയുമായാണ് ലിജുവിനൊപ്പം ശിൽപയുടെ വീട്ടിലെത്തിയത്.

ലിജു ശിൽപയോടു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ബാക്കിയുള്ള ജീവിതം സുന്ദരമായി ജീവിച്ചു തീർക്കാനുള്ള ഉറപ്പുള്ള ഒരു പാലം ആ സന്ധ്യയിൽ അവർ പണിതു.

പാർട്ടി കഴിഞ്ഞ് ഡോക്‌ടറുടെ കാറിൽ മടങ്ങുമ്പോൾ ലിജു മമ്മിയുടെ തോളിൽ ചാരി. എല്ലാം ശുഭമായി അവസാനിച്ചതിൽ സന്തോഷിച്ച് വല്യമ്മച്ചി കാറ്റിനോട് കഥ പറഞ്ഞിരുന്നു.

വഴിവക്കിലെ ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ കാർ ഓടിക്കുന്ന ഡോക്‌ടറെ നോക്കിയിരുന്നപ്പോൾ തന്‍റെ പപ്പ കാറോടിക്കുന്നതുപോലെ ലിജുവിന് തോന്നി.

സാഗരസംഗമം ഭാഗം- 34

ആ ദിനം പ്രസാദാത്മകമായിരുന്നു. ജനലിലൂടെ അങ്ങകലെ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന നോക്കി കിടക്കുകയായിരുന്ന ഞാൻ. അപ്പോൾ വർഷങ്ങൾക്കു മുമ്പുള്ള വിഷുക്കാലങ്ങൾ ഓർമ്മ വന്നു. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ അച്‌ഛനോടുമമ്മയോടുമൊപ്പം ആഘോഷിച്ചിരുന്ന വിഷുദിനം ഒരു മധുരസ്മരണയായി കണ്മുന്നിൽ തെളിഞ്ഞു വന്നു. വിഷുദിനത്തിൽ അച്‌ഛനുമമ്മയും നൽകിയിരുന്ന കൈനീട്ടങ്ങൾ…

ഒറ്റ വെള്ളിനാണയത്തുട്ടുകളാണെങ്കിൽ പോലും അതിലൂറി നിന്ന സ്നേഹവാത്സല്യങ്ങൾ… പിന്നെ എല്ലാ വിഷുക്കാലത്തും അച്‌ഛൻ സമ്മാനിച്ചിരുന്ന പുതുവസ്ത്രങ്ങളും, ആഭരണങ്ങളും. അവ പരസ്പരം മാറി മാറിയണിഞ്ഞ് സഹോദര സ്നേഹം ഞങ്ങൾ പ്രകടമാക്കിയിരുന്നു.

ഒരു വിഷുക്കാലത്ത് മാലപ്പടക്കം കത്തി വസ്ത്രത്തിൽ തീ പടർന്ന് മായയുടെ ശരീരത്തിൽ പൊള്ളലേറ്റത്. വസ്ത്രത്തിൽ തീ പടരുന്നതു കണ്ട് ഞങ്ങളെല്ലാം കൂട്ടമായി നിലവിളിച്ചത്. പിന്നെ മനഃസാന്നിധ്യത്തോടെ വെള്ളം കോരിയൊഴിച്ച് അച്‌ഛൻ അവളെ രക്ഷിച്ചത്. എല്ലാമെല്ലാം ഓർമ്മയിൽ തെളിഞ്ഞു വന്നു. പിന്നെ വിഷുക്കാലത്ത് അമ്മയുണ്ടാക്കുന്ന പാൽക്കഞ്ഞിയുടേയും പഴം നുറുക്കരിഞ്ഞിട്ട കുവനൂറിന്‍റേയും സ്വാദ്, ഇന്നും നാവിൽ തങ്ങിനിൽപ്പുണ്ട്.

ഓർമ്മകളുടെ വെള്ളിത്തേരിലേറി യാത്ര തുടർന്നപ്പോൾ ഇടയ്ക്കു വച്ച് ഭംഗം നേരിട്ടത് അരുണിന്‍റെ വാക്കുകളിലൂടെയായിരുന്നു.

“ഇന്ന് വിഷുവാണ് സാർ… വീട്ടിൽ വിഷുക്കണി വയ്ക്കുന്ന പതിവ് മമ്മിയ്ക്കുണ്ട്. പിന്നെ ചെറിയ സദ്യയും മമ്മിയുണ്ടാക്കും. ഇപ്പോൾ മമ്മി എന്നെക്കാണാനാഗ്രഹിക്കുന്നുണ്ടാവും സാർ… ഞാൻ പൊയ്ക്കോട്ടെ…”

“ഓ… അതു ഞാൻ അറിഞ്ഞില്ല അരുൺ. ഇന്നെല്ലാം കൊണ്ടും ഒരു നല്ല ദിനമാണല്ലോ… വിഷ് യു എ ഹാപ്പി വിഷു…”

ഫഹദ് സാർ ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു. ഒന്നും പറയാനാകാതെ മറ്റേതോ ലോകത്തിലെന്ന പോലെ കിടക്കുകയായിരുന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

“വിഷ് യൂ ദ സെയിം. ഈ വിഷുപ്പുലരിയിൽ നിങ്ങൾക്ക് ഒരു നല്ല ജീവിതം ഞാനാശംസിക്കുന്നു. ഞാൻ ആഘോഷിച്ചിട്ടുള്ളതിൽ ഏറ്റവും സന്തോഷകരമായ ഉത്സവദിനം എനിക്കിന്നാണ്. വരുമ്പോൾ ഞാൻ പായസം കൊണ്ടു വരാം. ഞാൻ പോകട്ടെ മാഡം. ഇനിയിപ്പോൾ എന്‍റെ ആവശ്യം മാഡത്തിനില്ലല്ലോ. മാഡം ആഗ്രഹിച്ച വ്യക്‌തി മുന്നിലെത്തിക്കഴിഞ്ഞല്ലോ. ഈ ദിനത്തിൽ മാഡത്തിന് കിട്ടിയ കൈനീട്ടമാണിദ്ദേഹം…

അരുണിന്‍റെ വാക്കുകൾ കേട്ട് ഹർഷ പുളകിതയായി കിടക്കുമ്പോൾ ഫഹദ് സാർ ചോദിക്കുന്നതു കേട്ടു. “അരുണാണ് അതിനുത്തരവാദി. അതായത് ഇപ്പോൾ ഇവിടെ മകൻ അമ്മയ്ക്കാണ് കൈനീട്ടം നൽകിയിരിക്കുന്നത്. അതിനു പകരമായി അമ്മ മകനെന്താണ് നൽകുന്നത്.

അതിനുത്തരമായി ഞാൻ അരുണിനെ അരികിൽ വിളിച്ച് ആ നെറ്റിയിൽ ഒരു മുത്തം നൽകിക്കൊണ്ടു പറഞ്ഞു. “ഇതാണെന്‍റെ കൈനീട്ടം.”

“ശരിയാണ് മാഡം… ഈ സ്നേഹമാണ് എന്‍റെ വിലതീരാത്ത കൈനീട്ടം…”

അരുൺ എന്‍റെ കൈകൾ ചേർത്തണച്ച് പ്രതിവചിച്ചു ഊറി വന്ന സന്തോഷാശ്രുക്കൾ തുടച്ച് ഒരിക്കല്‍ കൂടി ആശംസകൾ അറിയിച്ചു കൊണ്ട് അരുൺ നടന്നകന്നു.

“ഒരു മാതാപിതാക്കൾക്കും ഇത്ര നല്ല മകനെ ലഭിച്ചു കാണുകയില്ല. ഹി ഈസ് റിയലി എ ജെം…” ഫഹദ് സാർ നടന്നകലുന്ന അരുണിനെ നോക്കി പറഞ്ഞു.

“ശരിയാണ് ഫഹദ് സാർ അരുണിനെ പ്രസവിച്ച അരുന്ധതി എത്ര ഭാഗ്യവതിയാണെന്നു ഞാനോർത്തു പോകുന്നു. ഇന്നിപ്പോൾ അവൻ മൂലം ഞാനും ഭാഗ്യവതിയാണ്. കാരണം എന്‍റെ വയറ്റിൽ പിറക്കാതെ പോയ മകനാണവനെനിയ്ക്കിന്ന്. എന്‍റെ രാഹുൽമോനുണ്ടായിരുന്നെങ്കിൽ എനിക്കു നൽകുമായിരുന്ന ശ്രദ്ധയും സ്നേഹവും അവൻ എനിക്ക് നൽകുന്നുണ്ട്. ഒരുപക്ഷെ രാഹുൽ മോനെക്കാളേറെ… എന്നെ അവൻ പരിഗണിയ്ക്കുന്നു.”

“ശരിയാണ് മീരാ… അതോർക്കുമ്പോൾ ദൈവത്തോടെനിക്ക് കടപ്പാട് തോന്നുന്നു. കാരണം ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോകുമായിരുന്ന നിന്നെ ദൈവം കൈവെടിഞ്ഞില്ലല്ലോ…”

“ദൈവം വലിയവനാണ് ഫഹദ് സാർ. ഒരു സന്ദർഭത്തിലും അദ്ദേഹം നമ്മെ കൈവെടിയുകയില്ല. പിന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. അതിന് ദൈവം ഉത്തരവാദിയല്ല.”

“ഒരു കാലത്ത് ഞാനും ദൈവത്തെ വെറുത്തിരുന്നു മീരാ. നീയെന്നെ കൈയൊഴിഞ്ഞു പോയപ്പോൾ എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപ്പോൾ, ദൈവത്തിലുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീടെനിക്ക് മനസ്സിലായി ദൈവം മറ്റേതെങ്കിലും ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് നമ്മെ പീഡിപ്പിക്കുന്നതെന്ന്. പീഡനങ്ങളിലൂടെ ദൈവം നമ്മെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത് മീരാ… ആത്മപീഡ നൽകി അദ്ദേഹം നമ്മെ ഉരുക്കിവാർത്തെടുക്കുന്നു. ഒരു നല്ല മനുഷ്യനാകാൻ സഹായിക്കുന്നു.”

“ശരിയാണ് ഫഹദ് സാർ… ആത്മപീഡയിലൂടെ ഉരുകി ഉരുകി അങ്ങ് ഒരു തികഞ്ഞ മനുഷ്യനായിത്തീർന്നിരിക്കുന്നു. ദൈവം നൽകുന്ന സന്ദേശം അങ്ങ് പൂർണ്ണമായി ഉൾക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ മറ്റാർക്കും കഴിയാത്തതു പോലെ. എന്‍റെ വാക്കുകൾ കേട്ട് ഭൂതകാലത്തിലേയ്ക്ക് മിഴിനട്ട് ഫഹദ് സാർ പറഞ്ഞു.

“അന്ന് നരനെ വിവാഹം കഴിച്ച് നീപോയെന്ന് ഞാനറിഞ്ഞത് ജയിലിൽ നിന്നിറങ്ങിയ ശേഷമായിരുന്നു. അതെനിക്ക് ഷോക്കായിരുന്നു മീരാ… നീയൊരിക്കലും അങ്ങിനെ പ്രവർത്തിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എങ്ങിനെയും നീ അച്‌ഛനെ എതിർത്ത് പിടിച്ചു നിൽക്കുമെന്നു തന്നെ ഞാൻ കരുതി. പക്ഷെ നീ നഷ്ടപ്പെട്ടുവെന്നറിഞ്ഞതോടെ എന്‍റെ മനസ്സിന്‍റെ സമനിലതെറ്റി. ഞാൻ മദ്യം സേവിയ്ക്കാനും, ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിയാനും തുടങ്ങി. അതോടെ കോളേജിൽ നിന്നും ഞാൻ പുറത്തായി. നിന്നെ അന്വേഷിച്ച് ഞാൻ അലഞ്ഞു തിരിയാത്തിടമില്ല. ഒടുവിൽ നീ ഡൽഹിയിലുണ്ടെന്നറിഞ്ഞ് ഞാൻ രൂപം മാറി അവിടെയുമെത്തി നിന്നെ ഒരിക്കൽ ഞാൻ കണ്ടുവെങ്കിലും നീയെനിയ്ക്കപ്പോൾ സ്വന്തമല്ലെന്ന തിരിച്ചറിവിൽ ഞാൻ മടങ്ങിപ്പോന്നു. നീ സന്തോഷവതിയാണെങ്കിൽ നിന്നെ ഒരു തരത്തിലും വേദനിപ്പിയ്ക്കരുതെന്നും ഞാൻ കരുതി.”

ഫഹദ് സാറിന്‍റെ വാക്കുകൾ പ്രകമ്പനം കൊള്ളുന്ന മനസ്സോടെ ഞാൻ കേട്ടിരുന്നു. പിന്നെ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.

“ഞാനും ഒന്നു രണ്ടു തവണ അങ്ങയെ കണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ… അതെന്നെ വല്ലാതെ ഉലച്ചു. ഞങ്ങളുടെ കുടുംബ ജീവിതം തന്നെ അതുതാറുമാറാക്കി. ആറേഴു വർഷം അങ്ങയെ ഓർത്ത് ഒരു ഭ്രാന്തിയെപ്പോലെ ഞാനും ജീവിച്ചു.”

“ഓ… അതു ഞാനറിഞ്ഞില്ല മീരാ… നിന്‍റെ ജീവിതത്തിൽ ഒരു കോളിളക്കമുണ്ടാക്കരുതെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതാണ് ഞാൻ ഇത്രകാലവും നിന്നിൽ നിന്നും അകന്നു കഴിഞ്ഞത്. എന്നാൽ ഓരോ നിമിഷവും നിനക്കുവേണ്ടി തുടിക്കുന്ന ഹൃദയവുമായാണ് ഞാൻ കഴിഞ്ഞത്. നീയില്ലാതെ എനിക്ക് ജീവിയ്ക്കാനാകുമായിരുന്നില്ല മീരാ…” അദ്ദേഹം എന്‍റെ കരങ്ങളെടുത്ത് സ്വന്തം കരങ്ങളിൽ വച്ചു കൊണ്ടു പറഞ്ഞു.

എന്‍റെ കണ്ണുകളിൽ നിന്നും മിഴി നീർച്ചാലുകൾ അരുവിയായി ഒഴുകിക്കൊണ്ടിരുന്നു. ഫഹദ് സാറിന്‍റെ ഓരോ വാക്കുകളും എന്‍റെ ഹൃദയത്തിൽ തറച്ച കല്ലുകളായിരുന്നു. ആ കല്ലുകൾ വന്നു പതിച്ച്, ആഴത്തിൽ മുറിവുകളായപ്പോൾ അതിൽ നിന്നും വാർന്നൊഴുകിയ രക്‌തം കണ്ണുനീർക്കണികകളായി അദ്ദേഹത്തിന്‍റെ പാദത്തിൽ വീണു കൊണ്ടിരുന്നു.

“ഞാൻ പാപിയാണ് ഫഹദ് സാർ… അങ്ങയുടെ ആത്മാർത്ഥ സ്നേഹത്തെ തിരിച്ചറിയാതെ അങ്ങനെ ഉപേക്ഷിച്ചു പോയ മഹാപാപി. ജീവിതകാലം മുഴുവൻ അങ്ങയ്ക്ക് ആത്മപീഡ നൽകി നരകിപ്പിച്ച മഹാപാപി…”

ഞാൻ ഉറക്കെ ഏങ്ങലടിച്ചു കരയുന്നതു കണ്ടപ്പോൾ ഫഹദ് സാർ ആകെ വിഷമത്തിലായി. അദ്ദേഹം എന്‍റെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

“ഒരിയ്ക്കലും നീ തെറ്റുകാരിയല്ല മീരാ… അതു ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ… നീയോ, നരനോ, നിന്‍റെ അച്‌ഛനോ ആരും ഇതിൽ തെറ്റുകാരല്ല. എല്ലാം എന്‍റെ വിധിയായിരുന്നു കുട്ടീ… നിന്നെ നേടുവാൻ എനിക്കു ഭാഗ്യമുണ്ടായിരുന്നില്ല. എന്നാലിന്നിപ്പോൾ ആ ഭാഗ്യം എന്നെ തേടിയെത്തിയിരിക്കുന്നു. ഇത്രകാലവും ഞാനന്വേഷിച്ച നിധി എനിക്കു വീണ്ടും കിട്ടിയിരിക്കുന്നു. ഞാനിന്നിപ്പോൾ ലോകത്തിൽ വച്ചേറ്റവും വലിയ ഭാഗ്യവാനാണ്. നിന്‍റെ സ്നേഹം എനിക്കു തിരിച്ചു കിട്ടിയല്ലോ… അതുമതി എനിക്ക്…”

അദ്ദേഹം എന്‍റെ കൈകളെടുത്ത് നെഞ്ചോടു ചേർത്തമർത്തി. പിന്നെ ആ കൈകളിൽ ചുംബിച്ചു. എന്‍റെ മിഴികളിൽ നിന്നടർന്നു വീണു കൊണ്ടിരുന്ന കണ്ണുനീർത്തുള്ളികളെ തന്‍റെ കൈ കൊണ്ട് തുടച്ചു നീക്കിക്കൊണ്ടു പറഞ്ഞു.

“ഇനി താൻ കരയരുത്… ഇനിയുള്ള കാലം മുഴുവൻ താൻ സന്തോഷവതിയായി ജീവിക്കുന്നതു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതു കാണുവാൻ തന്നോടൊപ്പം ഞാനെന്നുമുണ്ടാകും.”

ആ വാക്കുകൾ ഹൃദയത്തിൽ ഒരായിരം ആലിപ്പഴങ്ങൾ വീണുടഞ്ഞ പ്രതീതി നൽകി. ഏതോ ഉയർന്ന പ്രതലത്തിൽ നിന്നും പ്രവഹിക്കുന്ന കുളിർ ജലം പോലെ അത് ഹൃദയത്തിൽ ഒരിയ്ക്കലും അണയാതെ കത്തിക്കൊണ്ടിരുന്ന അഗ്നിയെ തൊട്ടു തലോടി ഒഴുകി കൊണ്ടിരുന്നു.

ഇനി എന്നും ഫഹദ് സാർ എന്നോടൊപ്പമുണ്ടാകും. ആ ഓർമ്മ തന്നെ മനസ്സിനെ കുളിരണിയിച്ചു. അൽപം കഴിഞ്ഞ് ഫഹദ് സാർ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് പറഞ്ഞു.

“ഞാൻ തനിക്കൊരു വിഷുക്കൈനീട്ടം കൊണ്ടു വന്നിട്ടുണ്ട് ആ കൈയ്യൊന്നു നീട്ടിയാൽ തരാം…” അതെന്താണെന്നുള്ള ജിജ്ഞായയോടെ കൈകൾ നീട്ടുമ്പോൾ ഒരു സ്വർണ്ണ വള പുറത്തെടുത്ത് അദ്ദേഹം പറഞ്ഞു.

“ഇത് ഉമ്മ തനിക്കായി സൂക്ഷിച്ചിരുന്നതാണ്. മരണ സമയത്ത് എന്‍റെ കൈയ്യിൽ തന്നു കൊണ്ടു പറഞ്ഞു തന്നെക്കണ്ടെത്തിയാൽ ഇതു തന്‍റെ കൈയ്യിൽ അണിയിക്കണമെന്ന്…”

വല്ലാതെ തുടിയ്ക്കുന്ന ഹൃദയത്തോടെ കൈകൾ നീട്ടുമ്പോൾ, അത് എന്‍റെ കൈകളിൽ അണിയിച്ചു കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു.

“ഇപ്പോൾ ഉമ്മ പരലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും. ഞാൻ എന്നെങ്കിലും തന്നെക്കണ്ടെത്തുമെന്നും, കൂടിച്ചേരുമെന്നും ഉമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു.”

അപ്പോൾ ആഹ്ലാദത്തിന്‍റെ ഒരു വേലിയേറ്റം മനസ്സിലുണ്ടായി. ശുദ്ധഹൃദയയായ ആ ഉമ്മ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന് തെളിവാണല്ലോ ഇത്. ആ ഉമ്മയുടെ സ്നേഹം ജീവിതകാലം മുഴുവൻ നുകരാൻ ഞാനെത്ര മാത്രം അഭിലഷിച്ചിരുന്നു എന്നും ഓർത്തു. ഉച്ചയ്ക്ക് കാന്‍റീനിലെ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുമ്പോഴും ഫഹദ് സാർ പഴയകാല സ്മരണകൾ പലതും അയവിറക്കി.

ഹൃദയത്തിൽ തിരമാലകളുടെ വേലിയേറ്റവും, ഇറക്കവും സൃഷ്ടിച്ചു കൊണ്ട് ആ വാക്കുകൾ എന്നിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ആ ദിവസം അവസാനിയ്ക്കാതിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു. രാത്രിയിൽ അരുൺ വന്നെത്തി. വിഷു ദിനത്തിലെ പായസം ഞങ്ങൾക്കിരുവർക്കും നൽകിക്കൊണ്ടു പറഞ്ഞു. “മമ്മിയ്ക്കും, ഡാഡിയ്ക്കും നിങ്ങളുടെ ഒത്തുചേരൽ അറിഞ്ഞ് ഒരുപാട് സന്തോഷമായി. നിങ്ങൾ ഇരുവരേയും ഡാഡിയുടേയും മമ്മിയുടേയും ആശംസകൾ അറിയിക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു അരുന്ധതിയെ രണ്ടു ദിവസമായി ഇങ്ങോട്ടു കാണാറില്ലല്ലോ…”

മമ്മിയ്ക്ക് ഡാഡിയോടൊത്ത് ഒരു ഫംഗ്ഷന് പോകണമായിരുന്നു. അതാണ് വരാതിരുന്നത്. നാളെ വൈകുന്നേരം മമ്മിയെത്തും.

“അരുന്ധതിയെ എന്നും കാണുന്നതായതുകൊണ്ട് ഈ ദിനങ്ങളിൽ കാണാതിരുന്നപ്പോൾ അൽപം വിഷമം തോന്നി. അതുകൊണ്ടാണ് ചോദിച്ചത്” ഞാൻ പറഞ്ഞു.

മമ്മിയ്ക്കും ഇപ്പോൾ മാഡത്തിനെ കാണാതിരിയ്ക്കാനാവില്ല. മാഡത്തിനെ മമ്മി സ്വന്തം സഹോദരിയെപ്പോലെയാണ് കാണുന്നത്. അതുകൊണ്ട് മമ്മി നാളെത്തന്നെ വരും. അങ്ങനെ പറഞ്ഞു കൊണ്ട് അരുൺ യാത്ര പറഞ്ഞിറങ്ങി. കൂടെ ഫഹദ് സാറും അരുണിനോടൊപ്പം പുറത്തേയ്ക്കിറങ്ങി.

അപ്പോൾ അരുൺ ചോദിച്ചു. “സാർ ഇന്നിവിടെയല്ലെ കിടക്കുന്നത്. നിങ്ങൾ ഇരുവരേയും ഡിസ്റ്റർബ് ചെയ്യേണ്ട എന്നു കരുതിയാണ് ഞാൻ പോകാനൊരുങ്ങിയത്.”

“ഏയ് അതു വേണ്ട അരുൺ… ഹോസ്പിറ്റൽ സ്റ്റാഫിന് ഞാൻ അപരിചിതനാണ്. പെട്ടെന്ന് ഞാനിവിടെ താമസിക്കുകയെന്നു വച്ചാൽ ഹോസ്പിറ്റലിലെല്ലാവർക്കും സംശയം തോന്നും. അതുകൊണ്ട് അരുൺ ഇവിടെ കിടന്നോളൂ… ഞാൻ ഹോട്ടലിലേയ്ക്കു പൊയ്ക്കോളാം….”

അരുണിനും അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നി. പെട്ടെന്ന് ഒരാൾ വന്ന് മാഡത്തിന്‍റെ ഭർത്താവാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കണമെന്നില്ല. ഇവിടെ ആർക്കും മാഡത്തിന്‍റെ പഴയ കഥകൾ അറിയുകയുമില്ല. അതുകൊണ്ട് മാഡത്തിനു കൂട്ടുകിടക്കാൻ ഞാൻ തന്നെ മതിയെന്ന് അരുൺ തീരുമാനിച്ചു.

അൽപം കഴിഞ്ഞ് ഫഹദ് സാർ എന്നോടും, അരുണിനോടും യാത്ര പറഞ്ഞിറങ്ങി. അദ്ദേഹം താൻ താമസിയ്ക്കുന്ന ഹോട്ടലിലേയ്ക്കു പോയി. അതിനുമുമ്പ് അരുൺ അദ്ദേഹത്തിന് സ്വന്തം വീട്ടിൽ താമസസൗകര്യം ഏർപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം സ്നേഹപൂർവ്വം ആ ക്ഷണത്തെ നിരസിക്കുകയാണുണ്ടാത്.

അതിനെത്തുടർന്ന് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ അദ്ദേഹത്തിന് അരുൺ താമസസൗകര്യം ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അരുൺ നിന്നോടെത്ര നന്ദി പറഞ്ഞാലാണു മതിയാവുക? മനസ്സുരുവിട്ടു. പതിവു പോലെ അടുത്തു തന്നെ ഒരു സോഫയിൽ കിടന്ന് അരുൺ അപ്പോൾ കൂർക്കം വലിച്ചുത്തുടങ്ങിയിരുന്നു.

ഫഹദ് സാർ പോയശേഷം ഉറക്കം വരാതെ കിടന്ന ആ രാത്രിയിൽ ഫഹദ് സാറിനോടൊപ്പമുള്ള ഞങ്ങളുടെ കോളേജ് ദിനങ്ങളിലേയ്ക്കും, വിവാഹത്തിലേയ്ക്കും മനസ്സ് നീണ്ടു ചെന്നു. അതുപോലെ നരേട്ടൻ, കൃഷ്ണമോൾ, ടുട്ടുമോൻ, ദേവാനന്ദ് എന്നിവരിലേയ്ക്കും ഹൃദയം വീണ്ടും തന്‍റെ ജീവിതസൗധത്തിന്‍റെ പടവുകളിറങ്ങിച്ചെന്നു.

ഭൂതകാലത്തിന്‍റെ ഇരുളും വെളിച്ചവും മാറി മാറിത്തെളിഞ്ഞ കാലത്തിന്‍റെ ആ ഗുഹാഗഹ്വരതകളിലൂടെ വീണ്ടും ഒരു യാത്ര… കാലത്തിന്‍റെ കൈ പിടിച്ച് പുറകോട്ട് സഞ്ചരിക്കവേ തിക്തവും, മധുരവുമായ ഓരോ ഓർമ്മകളേയും താലോലിച്ച് അന്ന് ഞാൻ ഉറങ്ങാതെ, മിഴിനീരൊഴുക്കി കിടന്നു.

ഏറ്റവും ഒടുവിൽ എന്‍റെ ദൃഷ്ടികൾ എന്‍റെ സമീപമുറങ്ങുന്ന അരുണിലേയ്ക്കു നീണ്ടു ചെന്നു. കൂട്ടിൽ നിന്നും ചിറകറ്റുപോയ, ഈ വലിയ ലോകത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ ഒരു പെൺ പക്ഷിയുടെ തന്‍റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അനുസ്മരണകളിലൂടെയുള്ള ആ യാത്രയിൽ, ആ ഒറ്റപ്പെടലിൽ നിന്നും എന്നെ രക്ഷിച്ച് ഒരു സാന്ത്വന- സ്പർശമായെത്തിയ അരുണിനെക്കുറിച്ച് ഏറെ വികാരഭരിതയായി ഞാൻ ഓർത്തു.

അരുൺ… എന്‍റെ ഏകാന്തതയുടെ തുരുത്തിൽ എനിക്കഭയവും, തുണയും നൽകി സാന്ത്വനമായെത്തിയ ഒരിളം പക്ഷി. എന്‍റെ രാഹുലിന്‍റെ പ്രിയ കളിത്തോഴനും, സഹപാഠിയുമായ അവനിന്ന് എനിക്കും പ്രിയപുത്രനായി മാറിയിരിക്കുന്നു. എന്‍റെ മാനസപുത്രൻ…

അവനില്ലായിരുന്നുവെങ്കിൽ ഈ വലിയ ലോകത്തിൽ ഒറ്റപ്പെട്ട ഒരു വേഴാമ്പലിനെപ്പോലെ ഞാൻ അലയേണ്ടി വരുമായിരുന്നു. സ്നേഹത്തിന്‍റെ ഒരിറ്റു ദാഹജലം തേടി…

കേവലം നൈമിഷിക മാത്ര കൊണ്ട് ഊഷരമാക്കപ്പെട്ട എന്‍റെ ജീവിത- മരുഭൂവിൽ ഒരു മരുപ്പച്ചപ്പോലെ അവൻ കുളിർനീർ നൽകി. വറ്റി വരണ്ടു പോകുമായിരുന്ന ഉഷ്ണഭൂവിനെ കുളിരണിയിച്ചു കൊണ്ട് ഒരു കുളിരരുവിയായി അവൻ പരന്നൊഴുകി.

അരുന്ധതി എന്ന മഹാമനസ്ക്കയായ അമ്മ എനിക്കു ദാനമായി നല്‌കിയ ദത്തു പുത്രനാണിവൻ… കരിന്തിരി കത്തിയണയാൻ തുടങ്ങിയ ഈ നാളത്തിൽ ജീവന്‍റെ അവസാന ശ്വാസം ഊതിത്തെളിച്ചത് അരുണാണ്.

ഒരു പുതു ജീവിതത്തിന്‍റെ പുലരിയിലേക്ക് എന്‍റെ മിഴികളെ വലിച്ചു തുറന്നത്. അരുണില്ലായിരുന്നുവെങ്കിൽ ഇന്നു ഞാനുണ്ടാകുമായിരുന്നില്ല. ജീവിത നൈരാശ്യത്തിന്‍റെ പടുകുഴിയിൽ വീണ് ആരുമറിയാതെ അണഞ്ഞു പോകുമായിരുന്ന ഒരു ജീവനാളത്തിലേയ്ക്കാണ് അവൻ പുത്ര സ്നേഹത്തിന്‍റെ അഗ്നി പകർന്നത്. ആ ദീപം അൽപമെങ്കിലും ആളിക്കത്തിയിട്ടുണ്ടെങ്കിൽ, ഭൂതകാലത്തിന്‍റെ സുഗന്ധപൂരിതമായ വഴിത്താരയിൽ നിന്നും ഊർജ്‌ജം ഉൾക്കൊണ്ട് കത്തിജ്വലിച്ചെങ്കിൽ അതിനുത്തരവാദി അരുൺ മാത്രമാണ്.

ഇന്നിപ്പോൾ ഫഹദ് സാറിനേയും അവൻ എന്‍റെ കണ്മുന്നിലെത്തിച്ചിരിക്കുന്നു. അതെല്ലാം വീണ്ടും ഓർത്ത് കണ്ണുകൾ ഇറുകെ പൂട്ടിക്കിടന്നു.

“മാഡം… ഉറങ്ങുകയാണോ?” ആ ചോദ്യം എന്നെ ചിന്തകളുടെ ലോകത്തിൽ നിന്നും കൈപിടിച്ച് തിരികെക്കൊണ്ടു വന്നു. കണ്ണുതുറന്നു നോക്കുമ്പോൾ അരുൺ ചിരിച്ചു കൊണ്ടു നിൽക്കുന്നു.

“അല്ല മാഡം… നേരം പുലർന്നു. എങ്കിലും ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോളൂ… പക്ഷെ അതിനു മുമ്പ് ഗ്യാസിനുള്ള ഈ ടാബ്‌ലെറ്റ് കഴിച്ചോളൂ… അതിനുശേഷം ഈ ബ്രെഡും, ചായയും.”

(തുടരും)

ഉത്തര കരയാറില്ല ഭാഗം- 3

ഡോക്‌ടറുടെ കാബിനു മുന്നിൽ കാത്തിരിക്കുമ്പോൾ ഉത്തരയുടെ മനസ്സ് അവ്യക്‌തമായ ഏതൊക്കെയോ പാതകളിലൂടെ സ്വയം സഞ്ചരിച്ചുകൊണ്ടിരുന്നു. ഡോക്‌ടർ ഓപ്പറേഷൻ മുറിയിലേക്ക് എന്തോ അത്യാവശ്യത്തിന് പോയിട്ട് വന്നിട്ടില്ല. ഇന്ത്യാക്കാരനാണ് ഈ ഡോക്‌ടർ എന്ന് ഉറപ്പായി.

“പേരു കേട്ടിട്ട് മലയാളിയാണെന്ന് തന്നെ തോന്നുന്നു.” ഉഷ പറഞ്ഞു.

ഉത്തര അൽപം സംശയിച്ചു. അത് അദ്ദേഹമാണോ? ഏയ് ആ പേര് ഉള്ള വേറെയും ഡോക്‌ടർമാർ ഉണ്ടാകാം. ഒ.പിയിൽ ഡോക്‌ടറെ കാണവേ, ഉത്തരയുടെ ആശങ്ക അടിസ്‌ഥാനരഹിതമല്ലെന്ന് വ്യക്‌തമായി. 20 വർഷങ്ങൾക്കു ശേഷം കാണുമ്പോഴും തിരിച്ചറിയാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. തടി ഇരട്ടിയായി. തലയിൽ കഷണ്ടി കയറി.

ശേഖർ ദാസിന്‍റെ ചിത്രം ഇപ്പോഴും തന്‍റെ ബാഗിലുണ്ട്. ഏകാന്തത കൂർത്ത മുള്ളായി ഹൃദയത്തെ മുറിക്കുമ്പോൾ ഉത്തര ആ ചിത്രമെടുത്തു നോക്കും. അടരാൻ വെമ്പുന്ന ഒരു തുള്ളി കണ്ണീർ കൺകോണിൽ വന്നു മടങ്ങും. വിവാഹ നിശ്ചയ ദിവസത്തിൽ ഇരുവരും ഒന്നിച്ചെടുത്ത ചിത്രം. അത് ആരും കാണാതെ ഉത്തര തന്‍റെ കൈവശം സൂക്ഷിച്ചു ഇക്കാലമത്രയും.

ശേഖർ അമേരിക്കയിലെവിടെയോ ആണെന്ന് അന്ന് അച്‌ഛൻ പറഞ്ഞ അറിവു മാത്രമേയുള്ളൂ. അദ്ദേഹം ഒരു വിദേശ വനിതയെ വിവാഹം ചെയ്‌തെന്ന വാർത്തയും അന്ന് കേട്ടിരുന്നു.

ഡോക്‌ടർ ശേഖർ ദാസ് ഉത്തരയുടെ കാലു പരിശോധിച്ചു. “ഓപ്പറേഷൻ ചെയ്‌ത രീതി ശരിയല്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വീണ്ടും അസ്‌ഥി വേർപെടുത്തിയ ശേഷം കൂട്ടിച്ചേർത്താലേ ഇനി ശരിക്കും നടക്കാനാവൂ.”

“അതിനു ഭാരിച്ച ചെലവ് വരില്ലേ ഡോക്‌ടർ?” ഉത്തരയുടെ ആദ്യപ്രതികരണം അവളറിയാതെ പുറത്തു ചാടി.

“ഡോക്‌ടർ, വീണ്ടും ഓപ്പറേഷൻ നടത്താൻ പണമില്ല. അതുകൊണ്ട് ഇന്ത്യയിൽ പോയ ശേഷം ചികിത്സിക്കാമെന്ന് കരുതുന്നു.” ഉഷ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“പണച്ചെലവിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. ചികിത്സ എന്‍റെ ക്ലിനിക്കിൽ ചെയ്യാം. നമ്മൾ ഒരു നാട്ടുകാരല്ലേ. ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിന് എന്ത് വിലയാണ് ഉള്ളത്?”

ഡോക്‌ടർ ശേഖർ ദാസിന്‍റെ മറുപടി കേട്ടപ്പോൾ ഉഷയ്‌ക്കും ദിലീപിനും വലിയ ആശ്വാസമായി.

“ഡോക്‌ടർ, എങ്ങനെ നന്ദി പറയണമെന്നറിയില്ല.”

“നാളെ ഞാൻ ന്യൂയോർക്കിലേക്ക് പോകും. ഇവരെയും കൂടെ കൊണ്ടുപോകാം. ഓപ്പറേഷൻ കഴിഞ്ഞാൽ അൽപം വിശ്രമം ആവശ്യമാണ്. അതിനു ശേഷം ഇന്ത്യയിലേക്ക് പോകാം. എന്തു പറയുന്നു?”

ന്യൂയോർക്കിലെ ക്ലിനിക്കിൽ ഓപ്പറേഷനു ശേഷം ഉത്തരയ്‌ക്ക് ആശുപത്രി വിടേണ്ട സമയമായി. “ഇനി എന്താണു പരിപാടി? ന്യൂജേഴ്‌സിയിലെ ബന്ധുവിന്‍റെ അടുത്തേക്കു മടങ്ങുകയാണോ?” ഒരു നിമിഷം നിശബ്‌ദയായി നിന്ന ശേഷമാണ് ഉത്തര മറുപടി പറഞ്ഞത്.

“വേറെന്തു ചെയ്യാനാണ്? ഇവിടെ മറ്റാരേയും എനിക്കറിയില്ലല്ലോ…?”

“എന്നെ അന്യനായി കാണുന്നില്ലെങ്കിൽ അൽപ ദിവസം എന്‍റെ വീട്ടിൽ നിൽക്കൂ.”

“ങ്ങേ, താങ്കളുടെ വീട്ടിലോ? അവിടെ ഭാര്യയും കുടുംബവുമുണ്ടാകില്ലേ?” ഉത്തര അവിശ്വസനീയതയോടെ ചോദിച്ചു.

“ഹാ… ഞാൻ അവിടെ ഒറ്റയ്‌ക്കല്ലേ.. യഥാർത്ഥത്തിൽ ഉത്തരയെ അങ്ങോട്ട് വിളിച്ചതിനു പിന്നിൽ ഒരു സ്വാർത്ഥ ലക്ഷ്യം കൂടി ഉണ്ട്. എനിക്ക് നല്ല സൗത്ത് ഇന്ത്യൻ ഡിഷുകൾ കഴിക്കാൻ കൊതിയുണ്ട്. ഉത്തരയ്‌ക്കത് അറിയാമല്ലോ?”

എന്തുകൊണ്ടാണ് അദ്ദേഹം ഒറ്റയ്ക്കാണെന്ന് പറഞ്ഞത്? ഭാര്യ എങ്ങോട്ടു പോയി? തന്നെ ഇനിയും മനസ്സിലായിട്ടില്ലെന്നോ? പക്ഷേ സംശയങ്ങൾ ദുരീകരിക്കാൻ നിവൃത്തിയില്ല. ഇതുവരെ തന്നെ തിരിച്ചറിഞ്ഞതായി തോന്നുന്നില്ല.

ഡോ. ശേഖർ ദാസിന്‍റെ വീട്. അവിടെ ചെന്നപ്പോൾ സ്വന്തം താവളത്തിലെത്തിയപോലെ തോന്നി ഉത്തരയ്‌ക്ക്. പെട്ടെന്ന് അവൾക്ക് ഒരു സിനിമാഗാനം ഓർമ്മ വന്നു.

സുഖമൊരു ബിന്ദു, ദു:ഖമൊരു ബിന്ദു, ബിന്ദുവിൽ നിന്ന് ബിന്ദുവിലേക്കൊരു പെൻഡുലമാടുന്നു… ഇത് ജീവിതം…

ശേഖർ ദാസിനൊപ്പം ജീവിക്കേണ്ടവളായിരുന്നു താൻ. എന്നിട്ടോ? രണ്ടു മാസം എത്രവേഗം കടന്നുപോയി. ഈ ദിനങ്ങളത്രയും ശേഖറിന്‍റെ വീട് ഉത്തരയുടെ വീട് തന്നെയായി. അദ്ദേഹം വളരെ ശ്രദ്ധയോടെ ചികിത്സ നടത്തിയതിനാൽ ഉത്തരയുടെ കാലിന്‍റെ പരിക്ക് മാറി, നടക്കാമെന്നായി. ഇതിനിടയിലാണ് അതു സംഭവിച്ചത്. ശേഖറിന്‍റെ പ്രൊപ്പോസൽ!

ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ നിമിങ്ങളിലൂടെയാണ് താനിപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടുമാസത്തെ ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ ശേഖർ ദാസിന് തന്നോട് പ്രണയം തോന്നിയതും അവൾക്കദ്‌ഭുതമായി. ഏതൊരാളുടെ ചിത്രം നോക്കി താൻ 20 വർഷം ജീവിച്ചുവോ, അതേ വ്യക്‌തി ഇപ്പോൾ തനിക്കരികിൽ, കയ്യെത്തും ദൂരത്തുണ്ട്. ഇത്രയും വലിയ ലോകത്ത് കേവലം ഒരു വ്യക്‌തിയെയാണ് സ്വന്തം എന്ന പേരിൽ കണക്കാക്കുന്നത്. ഇത് ജന്മാന്തരമായി നിശ്ചയിക്കപ്പെട്ട ഒരു ബന്ധമാകുമോ? അല്ലെങ്കിൽ നീണ്ട കാലയളവിനു ശേഷം ഇങ്ങനെ കണ്ടുമുട്ടുമോ? വീണ്ടും ആളറിയാതെ അദ്ദേഹം പ്രൊപ്പോസ് ചെയ്യുമോ?

തനിക്കതിന് നൂറുവട്ടം സമ്മതമാണല്ലോ എന്ന് ഉത്തരയുടെ മനസ്സ് പറഞ്ഞു. ഈ അവസരവും താൻ നിഷേധിച്ചിട്ട് ഇനി ജീവിതത്തിൽ എന്തു ചെയ്യാനാണ്?

സമയം രാത്രി 8 മണിയായിരിക്കുന്നു. ഘടികാരസൂചിയുടെ താളം പോലും ശ്രദ്ധിക്കാതെ ദ്രുതവേഗം കടന്നുപോയ ദിനങ്ങൾ.

ആശുപത്രിയിലെ തിരക്കൊഴിയുമ്പോൾ രാത്രി 10 മണിയാകും. മുറിയിലെ കിടക്കവിരികൾ മാറ്റി ഭംഗിയുള്ളവ വിരിച്ചിട്ടു. ഭക്ഷണം പാചകം ചെയ്‌ത ശേഷം എല്ലാം ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചു.

ഉത്തര ക്ലോക്കിലേക്ക് വീണ്ടും കണ്ണോടിച്ചു. 10 മണിയാകാറായി. ഡോക്‌ടറുടെ കാർ ഗേറ്റ് കടന്നു വരുന്ന ശബ്‌ദം. വാതിൽ തുറന്ന ഉടനേ ശേഖർ ദാസ് കസേരയിൽ ഇരുന്നു.

വസ്‌ത്രം മാറാൻ പോലും ശ്രമിക്കാതെ അദ്ദേഹം പറഞ്ഞു. “ഇന്ന് വലിയ തിരക്കായിരുന്നു. 3 ഓപ്പറേഷനുണ്ടായിരുന്നു.”

എത്ര കർമ്മനിരതനാണ്. അവൾ അടുക്കളയിലേക്ക് പോയി ഒരു കപ്പ് കാപ്പിയുമായി മടങ്ങി വന്നു.

“ഓ… താങ്ക് യൂ..”

കാപ്പി കുടിക്കുന്നതിനിടെ ഡോക്‌ടർ അവളെ സൂക്ഷ്‌മമായി നോക്കി. ഉത്തര ലേശം പരിഭ്രമത്തോടെ ചോദിച്ചു.

“എന്താ ഇങ്ങനെ നോക്കുന്നത്?”

“ഇന്ന് നിനക്കെന്തോ ഒരു പ്രത്യേകത തോന്നുന്നു… ഭംഗി അൽപം കൂടിയിട്ടുണ്ട്. എന്താ രഹസ്യം?”

ഉത്തര ജാള്യതയോടെ അയാളെ നോക്കി. അവളുടെ മനസ്സ് പെരുമ്പറ കൊട്ടുകയാണ്. എങ്കിലും അവൾ സഹജമായ പുഞ്ചിരിയോടെ ഇത്രയും പറഞ്ഞൊപ്പിച്ചു.

“ആ രഹസ്യം അങ്ങേയ്‌ക്കറിയാമല്ലോ?”

ഞാൻ നിന്നോട് ഇന്നലെ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. യെസ് ഓർ നോ?”

“യെസ്…” ഉത്തര മന്ത്രിക്കും പോലെ ഉരുവിട്ടു.

“ഉത്തര, ഞാനിന്ന് വളരെ സന്തോഷവാനാണ്. നീ നിരാകരിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതല്ലേ ഞാൻ ഈ മോതിരം വാങ്ങിയത്…”

ശേഖർ ദാസ് പോക്കറ്റിൽ സൂക്ഷിച്ച ചെറിയ ഡബ്ബ തുറന്ന് ഒരു വജ്രമോതിരം അവളുടെ വിരലിൽ അണിയിച്ചു.

“ഇനി നിനക്ക് ഒരു സർപ്രൈസ് കൂടി കാണിച്ചു തരാം” ശേഖർദാസ് അവൾക്കു നേരെ ഒരു കവർ നീട്ടി. അവൾ സ്‌തംഭിച്ചുപോയി. താൻ ബാഗിൽ സൂക്ഷിച്ച വിവാഹ ഫോട്ടോ…!

“ങ്ങേ… ഈ ചിത്രം ഡോക്‌ടർക്കെങ്ങനെ കിട്ടി?”

“നീ സൂക്ഷിച്ചതു പോലെ ഞാനും ഫോട്ടോ സൂക്ഷിച്ചിരുന്നെടോ. ഓർമ്മകളിൽ താൻ എന്നും ഉണ്ടാവണമെന്ന് കരുതി.”

ഉത്തര അമ്പരന്നു. അപ്പോൾ ഡോക്‌ടർക്ക് തന്നെ മനസ്സിലായിരിക്കുന്നു!

“പിന്നല്ലാതെ, അപരിചിതർക്ക് സൗജന്യ ചികിത്സ കൊടുക്കുന്ന സ്വഭാവം എനിക്കില്ല കേട്ടോ. ആശുപത്രിയിൽ നിന്നെ ആദ്യം കണ്ട നിമിഷം തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.”

“എന്നിട്ട് ഇത്രയും ദിവസം ഇതെല്ലാം കൗശലത്തോടെ മറച്ചുവച്ചു.”

“നിന്‍റെ സ്‌ഥിതി എന്താണെന്ന് എനിക്കറിയില്ലല്ലോ? വിവാഹിതയായോ, സുഖമായി ജീവിക്കുന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ കാബിനിലേക്ക് നീ കയറി വന്ന നിമിഷം… ഇപ്പോഴും എന്‍റെ കൺമുന്നിലുണ്ട്. സംസാരത്തിനിടയിൽ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് വ്യക്‌തമായി, അപ്പോൾ തന്നെ തീരുമാനിച്ചതാണ് ഇനി നിന്നെ കൈവിടില്ലെന്ന്. അതുകൊണ്ടാണ് ന്യൂയോർക്കിലേക്കും, തുടർന്ന് എന്‍റെ വീട്ടിലേക്കും ഞാൻ ക്ഷണിച്ചത്. നിനക്കെന്നോട് പിണക്കമോ, വെറുപ്പോ ഇല്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു.”

ഉത്തരയുടെ കണ്ണുകൾ നിറഞ്ഞു.

ഇത്ര വലിയൊരു ഭാഗ്യം തന്നെ കാത്തിരിക്കുമെന്ന് അവൾ ഒരിക്കലും കരുതിയില്ലല്ലോ. ശേഖർ ദാസ് അവളെ അരികിൽ പിടിച്ചിരുത്തി. വിറയ്‌ക്കുന്ന കൈത്തലങ്ങൾ സ്വന്തം കൈകൾക്കുള്ളിലാക്കി.

“അച്ഛനെ അനുസരിച്ചപ്പോൾ, എന്തു വലിയ തെറ്റാണ് നിന്നോട് ചെയ്‌തത്. പഠിപ്പിച്ചതിനു ചെലവായ പണത്തിന്‍റെ കണക്കു പറഞ്ഞ് അച്‌ഛനെന്നെ വിഷമിപ്പിക്കുകയായിരുന്നു. അച്‌ഛന്‍റെ പണക്കൊതി തീർക്കാനും നിന്നെ മറക്കാനും ആണ് ഇവിടെ വന്നത്. നാൻസിയെ വിവാഹം ചെയ്‌തതും അച്‌ഛനോടുള്ള പക പോക്കലായിരുന്നു.”

“നമ്മൾ ഒരുമിച്ചു ചേരാനുള്ളവരാണ്. അതുകൊണ്ടാണ് അന്യനാട്ടിൽ വച്ച് പിന്നെയും നിന്നെ കണ്ടുമുട്ടിയത്. ”

“ഉത്തര, നമ്മൾ ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞതൊക്കെ മറന്നും പൊറുത്തും നമുക്ക് ശിഷ്‌ട ജീവിതം കഴിഞ്ഞു കൂടാം. നാളെ നമുക്ക് രജിസ്‌റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്‌റ്റർ ചെയ്യാം. വിവാഹത്തിനായി ചിലതു വാങ്ങാനുണ്ട്. സാരിയും താലിയുമൊക്കെ.”

“താലി എന്‍റെ കൈവശമുണ്ട്.”

“അതെങ്ങനെ?”

“അന്ന് അങ്ങ് അണിയിച്ച താലി ഇപ്പോഴും എന്‍റെ കൈവശമുണ്ട്.”

“സത്യം…? അപ്പോൾ വിവാഹച്ചടങ്ങിന്‍റെ ആവശ്യം പോലുമില്ലല്ലോ…” ശേഖർ ദാസ് പൊട്ടിച്ചിരിച്ചു. അതുകേട്ട് ഉത്തര മന്ദഹസിച്ചു. അവളുടെ മനസ്സും ശരീരവും ആനന്ദാതിരേകത്താൽ വിറകൊണ്ടു. അവളുടെ കൺകോണിൽ നിറഞ്ഞു വന്ന ആനന്ദ ബാഷ്‌പം ശേഖർദാസ് ഒരു ചുംബനത്താൽ ഹൃദയത്തിലേറ്റി. ഇല്ല, ഉത്തര കരയാറില്ല…

(അവസാനിച്ചു)

ഉത്തര കരയാറില്ല ഭാഗം- 2

അമേരിക്കയിലെ ന്യൂജേഴ്‌സിയിലേക്ക് ഒരു വർഷത്തേക്ക് പോകാൻ അവസരം. നാട്ടിലെ ബോറടി അസഹനീയമായതിനാൽ ഉത്തര രണ്ടാമതൊന്ന് ആലോചിച്ചില്ല. പോകുന്നത് മൂത്തചേട്ടൻ സുധീറിന്‍റെ മകൾ ഉഷയുടെ അടുത്തേക്കാണ്. അവൾ ഗർഭണിയായതിനാൽ ഒരു സഹായം എന്ന നിലയിലാണ് ഉത്തരയെ അങ്ങോട്ട് വിളിപ്പിച്ചത്. ഗർഭം സ്‌ഥിരീകരിച്ചതോടെ തന്നെ ഉഷ സുധീറിനെ വിളിച്ച് ശുപാർശ ചെയ്‌തിരുന്നു.

“പപ്പാ, ചിറ്റയെ ഇങ്ങോട്ട് അയക്കണം. വീട്ടിലെ കാര്യങ്ങൾ അല്ലെങ്കിൽ അവതാളത്തിലാകും. ചിറ്റയുണ്ടെങ്കിൽ പിന്നെ എനിക്കൊരു കാര്യത്തിലും പേടി വേണ്ടല്ലോ.”

പറയുന്നത് അങ്ങനെയൊക്കെയാണെങ്കിലും യഥാർത്ഥ കാരണം മറ്റൊന്നാണ്. അമേരിക്കയിൽ ഒരു ബേബി സിറ്ററെയോ, വേലക്കാരിയേയോ കിട്ടണമെങ്കിൽ കിട്ടുന്ന ശമ്പളത്തിന്‍റെ മുക്കാലും ചെലവഴിക്കേണ്ടി വരും. അതും മണിക്കൂറുകളുടെ സേവനം മാത്രം. അതു വച്ചു നോക്കുമ്പോൾ ഉത്തരയുടെ യാത്രാച്ചെലവ് എത്രയോ തുച്‌ഛം!

ഉത്തരയെ നാട്ടിൽ നിന്ന് ന്യൂജേഴ്‌സിയിലെത്തിക്കണം. അത്രയേ വേണ്ടൂ. അവർ അവിടെയെത്തിയാൽ മുഴുവൻ സമയവും വീട്ടിലുണ്ടാകും. വീട്ടിലെ കാര്യങ്ങൾ സുഖമായി നടത്താം. കുഞ്ഞിനെ നോക്കാനും പ്രയാസമില്ല.

പ്രസവിച്ചിട്ടില്ലെങ്കിലും ഉത്തരയ്‌ക്ക് കുഞ്ഞുങ്ങളെ പരിചരിക്കാൻ അറിയാം. അത്യാവശ്യം പ്രസവശുശ്രൂഷകളും മനസ്സിലാക്കി വച്ചിട്ടുണ്ട്. അമ്മയുണ്ടായിരുന്ന സമയത്ത് സഹോദരന്മാരുടെ ഭാര്യമാരുടെ പ്രസവശുശ്രൂഷയ്‌ക്ക് അമ്മ പോകുമ്പോൾ ഉത്തരയേയും കൂട്ടുമായിരുന്നു. കുഞ്ഞിനെ എടുക്കാനും ഭക്ഷണം കൊടുക്കാനുമൊക്കെ അപ്പോഴേ അവൾ മനസ്സിലാക്കി. കുറച്ചുമാസം മുമ്പ് ഇളയ ചേട്ടന്‍റെ മകൾക്കു കുഞ്ഞുണ്ടായപ്പോൾ ആശുപത്രിയിൽ നിന്നത് ഉത്തരയാണ്. ഇത്തവണ മൂത്ത ആങ്ങളയുടെ മകളുടെ ഊഴം.

അമേരിക്കയിലേക്ക് പോകാൻ പറഞ്ഞാൽ ഉത്തര അക്കാര്യത്തിൽ എതിരൊന്നും പറയില്ലെന്ന് സുധീറിന് അറിയാം. എങ്കിലും പെങ്ങൾ അവിടെ ചെന്ന് എന്തെങ്കിലും അസുഖം ഉണ്ടായാൽ മക്കൾ കഷ്‌ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ സുധീർ ഉഷയ്‌ക്ക് ഒരു മുന്നറിയിപ്പ് നൽകാതിരുന്നില്ല.

“അവൾ വരും, പക്ഷേ കുറച്ചു ദിവസമായി അവൾക്ക് കഴുത്തുവേദന ഉണ്ട്. കഴിയുമെങ്കിൽ ഒരു മെഡിക്കൽ ഇൻഷുറൻസ് ചിറ്റയുടെ പേരിൽ എടുത്തു വച്ചോ. അവിടെ ചികിത്സയ്‌ക്ക് വലിയ ചെലവല്ലേ.”

“അതൊക്കെ ചെയ്‌തോളാം പപ്പാ, ഉടനെ ചിറ്റയെ ഇങ്ങോട്ടയച്ചാൽ മതി.” പാസ്പോർട്ട് എടുക്കാനുള്ള താമസമേ ഉണ്ടായിരുന്നുള്ളൂ. അതും 15 ദിവസം. എത്രയും വേഗം സുധീർ എല്ലാം ശരിയാക്കി.

ഉത്തരയ്ക്ക് ഈ യാത്ര സന്തോഷമായിരുന്നു. അച്ചിലിട്ട കാളയെപ്പോലെ ഒരേ ദിശയിൽ ചുറ്റാൻ തുടങ്ങിയത് ഒന്നും രണ്ടും നാളല്ല, 20 വർഷം. ചിരപരിചിതമായ, വിരസമായ ചുറ്റുപാടുകളിൽ നിന്നും ഒരു മോചനം ഇടയ്ക്കൊക്കെ ഉത്തര ആഗ്രഹിച്ചിരുന്നു.

അമേരിക്കയിൽ ചെല്ലാൻ ഉഷ വിളിച്ചപ്പോൾ രണ്ടാമതൊന്നും ആലോചിക്കാത്തത് അതു കൊണ്ടാണ്. വിമാനയാത്ര പോലും ചെയ്യുന്നത് ഇതാദ്യം. ഉത്തരയുടേതെന്നു പറയാൻ ഒരു പെട്ടി മാത്രം. എന്നാൽ ചേട്ടൻ മകൾക്ക് കൊടുത്തുവിടുന്ന സാധനങ്ങളും ഭക്ഷണസാമഗ്രികളുമൊക്കെയായി വലിയ ലഗേജ് വേറെ.

ഉത്തരയെ കൂട്ടിക്കൊണ്ടുപോകാൻ ഉഷയും ഭർത്താവ് ദിലീപും എയർപോർട്ടിലെത്തിയിരുന്നു. ഈ സമയം കൊടുംശൈത്യമാണ് അമേരിക്കയിൽ. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് അതിശൈത്യത്തിന്‍റെ കാഠിന്യം ശരിക്കുമറിഞ്ഞത്. ഉത്തരയുടെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടെന്നോണം ഉഷ ചിരിച്ചു.

“ചിറ്റേ, ഈ തണുപ്പ് കണ്ട് പേടിക്കേണ്ട. വീട് എയർകണ്ടീഷൻഡ് ആണ്. പുറത്തിറങ്ങുമ്പോൾ കാറിൽ ഹീറ്ററുണ്ട്. ഷോപ്പിംഗ് മാളുകളിലെ തണുപ്പ് കുറയ്‌ക്കാൻ ഉള്ള സംവിധാനങ്ങളുണ്ട്. ആകെ ശ്രദ്ധിക്കേണ്ടത് വീട്ടിൽ നിന്ന് പുറത്ത് നടക്കുമ്പോൾ മാത്രം. വീണുകിടക്കുന്ന മഞ്ഞുകട്ടകളിൽ തട്ടി വീഴാതെ നോക്കണം. അത്രയേയുള്ളൂ.”

അമേരിക്കയിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ഇവിടം. 9 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴും. മഞ്ഞുവീഴ്‌ച പതിവുകാര്യമാണ്. ഈ സമയത്ത് മുൻകരുതൽ ആവശ്യമാണെന്നുമാത്രം. പുറത്തെ തണുപ്പിൽ നിന്ന് കാറിലേക്കു കയറുമ്പോൾ ഉത്തരയ്‌ക്ക് വളരെ ആശ്വാസം തോന്നി. കാറിൽ ഇളംചൂടുണ്ടായിരുന്നു. പുറത്തെ കാഴ്‌ചകൾ അതിമനോഹരമായിരുന്നു. വീതിയുള്ള പാതയ്ക്കിരുപുറവും ഉള്ള മരങ്ങളിൽ നീലനിറത്തിലുള്ള പഴങ്ങൾ.

സ്‌ട്രോബറിയും ആപ്പിളും ബ്ലൂബെറിയുമെല്ലാമാണ് ഇവിടത്തെ പ്രധാന

കൃഷിയെന്ന് ഉഷ മുമ്പ് പറഞ്ഞത് അവളോർത്തു. സമ്മർ സീസണിലാണത്രേ ന്യൂജേഴ്‌സി അതിസുന്ദരമാകുക. പച്ചയും ഓറഞ്ചും നീലയും സ്വർണ്ണനിറവും എല്ലാം ചേർത്ത് പ്രകൃതി ഒരുക്കുന്ന വർണ്ണക്കാഴ്‌ചകളുടെ കാലം. അതൊക്കെ കാണാൻ പറ്റുമോ? വീട്ടിൽ നിന്ന് ഉത്തരയെ ഇടയ്‌ക്കൊക്കെ പുറത്തുകൊണ്ടുപോകണമെന്ന് ചേട്ടൻ ഉഷയോട് ഫോണിൽ പറയുന്നത് താൻ കേട്ടതാണല്ലോ… ഉത്തര ഇങ്ങനെ പലതും ആലോചിച്ചിരിക്കേ ഉഷ, ഉത്തരയുടെ കഴുത്തിൽ കൈ ചുറ്റി സ്‌നേഹത്തോടെ കവിളിൽ മുത്തമിട്ടു. “ചിറ്റ വന്നതോടെ എന്‍റെ ടെൻഷനെല്ലാം പോയി… സമാധാനത്തോടെ ജോലിക്കു പോകാം… എന്‍റെ കുഞ്ഞും സുരക്ഷിതനായിരിക്കും…”

“സുരക്ഷിതനോ? നീയിപ്പോഴെ തീരുമാനിച്ചോ ആൺകുട്ടിയാണെന്ന്.” ഉത്തര അവളെ കളിയാക്കി.

“അതൊക്കെ എനിക്കറിയാം ചിറ്റേ. അല്ലെങ്കിൽ ചിറ്റ നോക്കിക്കോ…”

വീട്ടിലെത്തിയപ്പോൾ ഉഷ അവളെ കിടപ്പുമുറിയിലേക്കാണ് ആദ്യം കൂട്ടിക്കൊണ്ടുപോയത്. ഉഷ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്‌തിട്ടുണ്ട്. ഉത്തരയ്‌ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും വേണ്ടി ഒരു മുറി തന്നെ മാറ്റി വച്ചിരിക്കുന്നു. രാത്രി കുഞ്ഞുണർന്നാൽ കുപ്പിപ്പാൽ നൽകേണ്ട ഡ്യൂട്ടി ഉത്തരയ്‌ക്കായിരിക്കും.

“ഇനി ഒരു കാര്യം കൂടിയുണ്ട് ചിറ്റേ, രാവിലെ റോക്കിയെ പുറത്തു കൊണ്ടുപോകണം. എനിക്ക് രാവിലെ എഴുന്നേൽക്കാൻ മടിയാണെന്ന് ചിറ്റയ്‌ക്കറിയാല്ലോ.”

“റോക്കി! അതാരാ?”

“ഉം… റോക്കി നമ്മുടെ പുതിയ അതിഥി. ഒരു പട്ടിക്കുട്ടി. ഇന്നലെ ദിലീപ് വാങ്ങിക്കൊണ്ടു വന്നതാ.”

“കുഞ്ഞുപിറക്കാനിരിക്കുന്ന വീട്ടിൽ പട്ടിയെ വളർത്തുന്നത് ബുദ്ധിമുട്ടാവില്ലേ,” ഉത്തര സംശയം മറച്ചുവച്ചില്ല.

“ഏയ്, അതൊന്നും കുഴപ്പമില്ല. വീട്ടിൽ എപ്പോഴും ആളുണ്ടാവുമല്ലോ.”

ഉഷയ്‌ക്ക് അതിലൊന്നും വലിയ വിശ്വാസമില്ല. അമേരിക്കയിലെ ജീവിതവുമായി ഉത്തര പൊരുത്തപ്പെട്ടു. മാസങ്ങൾക്കകം ഉഷ ഒരു ആൺകുട്ടിക്ക് ജന്മം നൽകി.

പ്രസവത്തിന് രണ്ടുദിവസം മുമ്പ് ഉഷയുടെ അച്ഛനും അമ്മയും ന്യൂജേഴ്സിയിൽ എത്തിയിരുന്നു. പ്രസവം കഴിഞ്ഞ് രണ്ടു ദിവസത്തിനകം അവർ മടങ്ങുകയും ചെയ്തു. ഉത്തരയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവർക്കും. വീട്ടുകാര്യങ്ങൾ നോക്കിയും കുഞ്ഞിനെ പരിചരിച്ചും ഉത്തരയുടെ ദിനരാത്രങ്ങൾ കടന്നുപോയി.

നാട്ടിലാണെങ്കിൽ ഒരു കൈ സഹായിക്കാൻ ആരെങ്കിലുമുണ്ടാകും. ഇങ്ങ് ദൂരെ ഭാഷ പോലും മനസ്സിലാകാത്ത ഒരു നാട്ടിൽ ആര് സഹായിക്കാനാണ്. പകലു മുഴുവൻ വിശ്രമമില്ലാത്ത ജോലി കഴിഞ്ഞാൽ രാത്രിയിൽ ഒന്നു കിടന്നാൽ മതിയെന്നാകും. ഇടയ്‌ക്ക് കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കാൻ എഴുന്നേൽക്കുകയും വേണം.

രാവിലെ കുഞ്ഞിന് പാൽ തയ്യാറാക്കുമ്പോഴേക്കും റോക്കി കൂ കൂ… എന്ന് സിഗ്നൽ തരും. അവന് പുറത്തു പോകാൻ സമയമായി എന്നാണ്.  “ങ്ങും… നിനക്കു പോവണം അല്ലേ, ദാ വരുന്നു…”

ഉത്തര, പട്ടിക്കുട്ടിയോട് തമാശയായി പറഞ്ഞു. അവൻ അതുമനസ്സിലാക്കിയിട്ടെന്നോണം മിണ്ടാതെ കാത്തിരുന്നു. അടുക്കള ജോലി ഒതുക്കി ഉത്തര ഒരു ഷാൾ എടുത്ത് പുതച്ചിട്ട് റോക്കിയെ ചങ്ങലയിലാക്കി പുറത്തേക്കിറങ്ങി.

ഉഷ ഇതുവരെ എഴുന്നേറ്റിട്ടില്ല. അവൾ എഴുന്നേൽക്കുമ്പോഴേക്കും തിരിച്ചെത്തണം. തലേന്ന് രാത്രി കനത്ത ഹിമവാതം ഉണ്ടായിട്ടുണ്ട്. വീടിന്‍റെ പടികളിൽ നിറയെ മഞ്ഞ്. അത് ഉറച്ച് കിടക്കുകയാണ്. ധൃതിയിൽ പടിയിൽ കാലെടുത്തു വച്ചപ്പോൾ ഉത്തര തെന്നി വീണു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാലിന് ഭയങ്കര വേദന. മഞ്ഞിൽ വീണു കിടക്കുന്നതിനാൽ ശരീരമാകെ മരവിച്ചുതുടങ്ങി. ഉത്തര ഉറക്കെ നിലവിളിച്ചു. കടുത്ത തണുപ്പ് ശരീരത്തിൽ ഭീതിദമായ വേദനയായി അരിച്ചു കയറി.

കരച്ചിൽ കേട്ട് ഉഷ വാതിൽ തുറന്നു.

“അല്ലാ ഇതെന്തുപറ്റി ചിറ്റേ, എങ്ങനെ വീണു, മഞ്ഞിനു പുറത്തു ചവിട്ടുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ.”

ഉഷയും ദിലീപും കൂടി ഉത്തരയെ പിടിച്ചെഴുന്നേൽപ്പിച്ചു. കാൽ അനക്കാൻ വയ്യെന്ന് കണ്ടപ്പോൾ അവർ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാലിലെ അസ്‌ഥി പൊട്ടിയിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. ചികിത്സയ്ക്കും ഓപ്പറേഷനും കൂടി പതിനായിരം ഡോളർ ചെലവാകും. ഇക്കാര്യമറിഞ്ഞപ്പോൾ ഉത്തര ആകെ വിരണ്ടു പോയി. ചേട്ടൻ പോരുമ്പോൾ തന്നെ മുന്നറിയിപ്പ് തന്നിരുന്നതാണ്, ഇവിടെ കനത്ത ചെലവ് ആണ് ചികിത്സയ്‌ക്ക് എന്ന്.

“ഉഷാ, നീ എനിക്ക് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരുന്നോ?” പക്ഷേ ദിലീപ് അക്കാര്യം മറന്നുപോയിരുന്നു.

“ശ്ശൊ, ഇനി എന്തു ചെയ്യും. ആശുപത്രി ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തും.” ദിലീപ് പല ആശുപത്രികളിലും വിളിച്ചു ചോദിച്ചു. ഒരു ആശുപത്രിയിൽ 3000 ഡോളറിന് ചികിത്സ ചെയ്യുമെന്നറിഞ്ഞപ്പോൾ ഉത്തരയെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ ഓപ്പറേഷൻ നടത്തി. കാൽ പ്ലാസ്‌റ്ററിട്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

ഒരു മാസത്തിനുശേഷം പ്ലാസ്‌റ്റർ ഊരാൻ ഉഷയാണ് ഉത്തരയെ ആശുപത്രിയിൽ കൊണ്ടുപോയത്. പ്ലാസ്‌റ്റർ വെട്ടി, നടക്കാൻ ശ്രമിച്ചപ്പോൾ ഉത്തരയ്‌ക്ക് കഴിയുന്നില്ലായിരുന്നു. കാൽ അനങ്ങുന്നില്ല. അവൾ പെട്ടെന്ന് കസേരയിൽ പിടിച്ചതു കൊണ്ട് വീണില്ല. ഡോക്‌ടർ കാൽ വിശദമായി പരിശോധിച്ചു.

“കാലിന്‍റെ അസ്‌ഥി ശരിയായ രീതിയിലല്ല യോജിച്ചതെന്നു തോന്നുന്നു. നടക്കാൻ കഴിയുന്നില്ലെങ്കിൽ ഊന്നുവടി ഉപയോഗിച്ച് ശ്രമിച്ചു നോക്കൂ.”

അതുകേട്ടപ്പോൾ ഉത്തരയ്‌ക്ക് അതിയായ സങ്കടം തോന്നി. ഓടിച്ചാടി നടന്നു ജോലി ചെയ്‌തിരുന്ന തനിക്കിനി ഊന്നു വടി ഇല്ലാതെ നടക്കാനാവില്ലെന്നോ? ശിഷ്‌ടകാലം എങ്ങനെ ജീവിക്കും? ഉത്തരയുടെ കണ്ണുനിറഞ്ഞു. അല്‌പം കഴിഞ്ഞപ്പോൾ ഒരു നഴ്‌സ് വന്നു വിളിച്ചു.

“മാഡം, ഒ.പിയിലേക്ക് വരൂ. ന്യൂയോർക്കിലെ ഒരു വിസിറ്റിംഗ് ഡോക്‌ടർ ഇന്ന് ഒ.പിയിലുണ്ട്. അദ്ദേഹത്തെ കണ്ടാൽ ഇനി എന്തു ചികിത്സ ചെയ്യണമെന്നറിയാൻ കഴിഞ്ഞേക്കും.”

“ഏതു ഡോക്‌ടർ?”

“ഡോ. ശേഖർ ദാസ്. വരൂ, വീൽചെയറിൽ അവിടെയെത്തിക്കാം.” നഴ്‌സ് ഉത്തരയെ വീൽചെയറിലിരുത്തി.

ഡോ. ശേഖർ ദാസ്. ആ പേര് കേട്ടപ്പോൾ ഉത്തരയുടെ ഹൃദയം വല്ലാതെ മിടിച്ചു.

(തുടരും)

സാഗരസംഗമം ഭാഗം- 33

അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കിൽ… ഇടനാഴിയിൽ ഒരു കാലൊച്ച… കല തിരിച്ചു നോക്കുമ്പോൾ ഒരിക്കൽ… ഒരിക്കൽ മാത്രം വാതിൽക്കൽ മിന്നൽ പോലെ കണ്ട ആ മുഖം.

എവിടെയോ കണ്ടു മറന്നതു പോലെ… മനസ്സിന്‍റെ കോണിലെവിടെയോ ഒളിമങ്ങാതെ തെളിഞ്ഞു നിന്ന ആ മുഖം മറനീക്കി പുറത്തു വരുന്നതു പോലെ.

ആ നീണ്ടു വളർന്ന താടിയും കണ്ണുകളിലെ നോട്ടത്തിന്‍റെ തീവ്രതയും ഏതോ ഭൂതകാലത്തിലേയ്ക്ക് മനസ്സിനെ വീണ്ടും നയിക്കുന്നു. ഇരുളും, വെളിച്ചവും മാറി മാറിത്തെളിയുന്ന വെള്ളിത്തിരയിലെന്ന പോലെ മനസ്സിൽ തെളിഞ്ഞ കഴിഞ്ഞ കാല ചിത്രങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തി.

ഒടുവിൽ അബോധത്തിന്‍റെ മഞ്ഞുമലകൾക്കപ്പുറത്തു നിന്ന് ബോധത്തിന്‍റെ നനുത്ത സൂര്യവെളിച്ചം മനസ്സിനെ തഴുകിയെത്തി.

നീണ്ട നിദ്ര വിട്ടുണരുമ്പോൾ കണ്മുന്നിൽ ആ മുഖമെത്തിച്ച് ഡോക്ടറുടെ വാക്കുകൾ… “നിങ്ങൾക്ക് കിഡ്നി ദാനം ചെയ്തത് ഇദ്ദേഹമാണ്…” അവിശ്വസനീയതയോടെ ആ രൂപത്തെ ഉറ്റുനോക്കുമ്പോൾ, പ്രാകൃത രൂപിയെങ്കിലും, തിരിച്ചറിവിന്‍റെ ആനന്ദ ലബ്ധിയിൽ മതിമറന്ന എന്‍റെ അരികിൽ ഫഹദ് സാറിരുന്നു. മനസ്സിലെ കിളിക്കൂട്ടിൽ കലപില കൂട്ടിയ പക്ഷിക്കുഞ്ഞുങ്ങൾ ഹർഷാരവത്തോടെ പറന്നുയർന്നു.

ജീവിതം വഴിമുട്ടിയെന്നു തോന്നിയ സന്ദർഭങ്ങളിലെല്ലാം ഒരിയ്ക്കൽ കൂടി കാണാനാഗ്രഹിച്ച ആ മുഖം..ഒരു ത്യാഗിവര്യന്‍റേതു പോലെ അനുഭവ തീവ്രതയാർന്ന ആ മുഖം, എന്‍റെ നേരെ നീണ്ടു വന്നു.

എന്‍റെ മുഖം ആ കൈക്കുമ്പിളിലെടുത്ത് വശ്യമനോഹരമായ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.

“ഞാനാണാ ഡോണർ… നിനക്ക് കിഡ്നി ദാനം നൽകിയത് ഞാനാണ്. ഞാൻ ഭാഗ്യവാനാണ് മീരാ… ഈ മുഖം ഒരിക്കൽ കൂടി എനിക്ക് കൈകളിലൊതുക്കുവാനായല്ലോ…”

ഫഹദ് സാറിന്‍റെ കൈകളിൽ മുറുകെപ്പിടിച്ച് ഞാൻ പറഞ്ഞു.

“ഈ കൈകളെനിക്ക് എന്നും അഭയവും ആനന്ദവുമാണ്. ഇനി മുന്നോട്ടുള്ള പാതയിൽ ഈ കൈകളെനിയ്ക്ക് താങ്ങായി ഉണ്ടാകണം.”

“പക്ഷെ മീരാ… നീയിന്ന് മറ്റൊരാളുടെ ഭാര്യയാണ്. എനിയ്ക്കെങ്ങനെ നിന്നെ സ്വന്തമാക്കാനാവും? എല്ലായ്പ്പോഴും നിഴൽ പോലെ നിന്നോടൊപ്പം സഞ്ചരിയ്ക്കുമ്പോഴും നിന്നിൽ നിന്നും ഞാനകന്നു നിന്നത് നീ മറ്റൊരാളുടെ ഭാര്യയാണെന്നുള്ള തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്. ആ നീയിന്ന് നിന്‍റെ ജീവിതത്തിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്?”

ഒരു ജന്മം മുഴുവൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ കേൾക്കുമ്പോഴും, അത് കേൾക്കുവാൻ ഞാനർഹനാണോ എന്നു സംശയിക്കുന്നതു പോലെ ഫഹദ് സാർ എന്നെ നോക്കി. ആ നോട്ടത്തിന്‍റെ അർത്ഥം ഉൾക്കൊണ്ടിട്ടെന്ന പോലെ ഞാൻ പറഞ്ഞു.

“ജീവിതത്തിലുടനീളം എനിക്ക് തിരിച്ചു നൽകാനാകാത്തത്ര സ്നേഹം നൽകിയ നരേട്ടൻ ഇന്ന് വളരെ അകലെയാണ് സാർ… എന്നെ ഒറ്റപ്പെടുത്തി അദ്ദേഹം അകലേയ്ക്കു മാഞ്ഞു പോയി. ഇന്ന് ഒരു തുണയില്ലാതെ ഞാൻ അലയുകയാണ്. പക്ഷെ ഫഹദ് സാർ…”

ഞാൻ പാതിയിൽ നിർത്തി ഒരു കൗമാരക്കാരിയുടെ വിഹ്വലതയോടെ ഫഹദ് സാറിനെ ഉറ്റുനോക്കി.

“എന്താ താൻ നിർത്തിക്കളഞ്ഞത്?” ഫഹദ് സാറിന്‍റെ ചോദ്യം കേട്ട് അൽപം സങ്കോചത്തോടെ ഞാനന്വേഷിച്ചു.

“എനിക്കറിയാം അങ്ങ് വിവാഹിതനാണെന്ന്… പക്ഷെ അങ്ങയുടെ ഭാര്യ?… അവരിന്നെവിടെയാണ്?….”

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു. എന്‍റെ ചോദ്യം കേട്ട് ഫഹദ് സാർ ഉറക്കെ പൊട്ടിച്ചിരിച്ചു എന്നിട്ടു പറഞ്ഞു.

“എന്‍റെ വിവാഹം അതൊരു പ്രഹസനമായിരുന്നു മീരാ… ഉമ്മയ്ക്കു വേണ്ടി അന്ന് ഞാൻ വിവാഹം കഴിച്ചുവെങ്കിലും തന്നെ മറക്കാനെനിക്ക് കഴിഞ്ഞില്ല. അതു മനസ്സിലാക്കിയപ്പോൾ അവൾ എന്നെ വിട്ടു പോയി. കേവലം ഒരു വർഷം മാത്രം നീണ്ട ദാമ്പത്യബന്ധം. ഞങ്ങളുടെ ഡൈവോഴ്സ് കഴിഞ്ഞിട്ടിപ്പോൾ ഇരുപത്തിനാല് വർഷമാകുന്നു. അവളിപ്പോൾ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.

“അങ്ങയ്ക്ക് മക്കൾ…” അർദ്ധോക്തിയിൽ നിർത്തിയ എന്‍റെ ചോദ്യം കേട്ട് അദ്ദേഹം വീണ്ടും ചിരിച്ചു.

“അങ്ങനെ മക്കളുണ്ടായിരുന്നുവെങ്കിൽ അവൾ എന്നെ വിട്ട് പോകുമായിരുന്നില്ലല്ലോ… അതെ മീരാ… നിന്നെയല്ലാതെ മറ്റൊരാളെ എനിക്ക് ഭാര്യയായി കാണാൻ കഴിയുകയില്ലായിരുന്നു. വിവാഹശേഷം ഒരു വർഷത്തെ ദാമ്പത്യം അവളെ ശ്വാസം മുട്ടിച്ചപ്പോൾ അവൾ എന്നെ വിട്ടു പോയി….”

അദ്ദേഹം നീണ്ടു വളർന്ന താടിയുഴിഞ്ഞ് എന്നെ നോക്കി. ഒരു യോഗിയെപ്പോലെ അനുഭവ പക്വതയാർന്ന ആ മുഖം തേജസ്സോടെ കത്തിജ്വലിക്കുന്നത് ഞാൻ കണ്ടു. പ്രേമത്തിനു വേണ്ടി സ്വയം ഉരുകിത്തീർന്ന ഒരു ത്യാഗിവര്യൻ… നീണ്ട തപസ്യയിലൂടെ ലൗകികതയിൽ നിന്നും ആലൗകികതയുടെ തലങ്ങളിലേയ്ക്കുയർന്ന ഒരാത്മത്യാഗി…

അങ്ങനെയാണ് ഫഹദ് സാറിനെ എനിയ്ക്കപ്പോൾ തോന്നിയത്.

അറിയാതെ ഒരു കുറ്റബോധം എന്നിൽ നിറഞ്ഞു. “അല്പകാലത്തേയ്ക്ക് അങ്ങയെ മറന്ന് ഞാൻ ജീവിച്ചുവല്ലോ… കുടുംബ ജീവിതത്തിലെ ആഹ്ലാദാരവങ്ങളിൽ സ്വയം മറന്ന്… അല്പദിവസത്തേയ്ക്കെങ്കിലും അങ്ങെന്‍റെ ഭർത്താവായിരുന്നതു പോലും ഞാൻ വിസ്മരിച്ചു ജീവിക്കേണ്ടി വന്നു. അതിനുള്ള ശിക്ഷയും എനിക്കു കിട്ടിക്കഴിഞ്ഞു. കുടുംബ ജീവിതത്തിൽ ഒരിക്കൽ പ്രിയപ്പെട്ടതായി കരുതിയിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഫഹദ് സാർ, അങ്ങും നരേട്ടനും തമ്മിലുള്ള അന്തരം ഞാനിന്നു മനസ്സിലാക്കുന്നു. നരേട്ടൻ സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി അങ്ങയെ ദ്രോഹിച്ചിട്ടാണെങ്കിലും എന്നെ നേടുകയായിരുന്നു. എന്നാൽ അങ്ങാകട്ടെ അർഹതയുണ്ടായിട്ടും നരേട്ടനെ ദ്രോഹിക്കാതെ ഞങ്ങളിൽ നിന്നും അകന്നു നിന്നു. എനിക്കുവേണ്ടി മനസ്സിൽ ഒരു പ്രേമകുടീരം തീർത്ത്, ആത്മത്യാഗിയുടെ ജീവിതം നയിച്ചു. നിസ്വാർത്ഥ പ്രേമം യഥാർത്ഥത്തിൽ ഏതെന്ന് ഞാനിന്നു മനസ്സിലാക്കുന്നു ഫഹദ് സാർ….”

കണ്ണീർക്കടലിലൂടെ ഞാനാകണ്ണുകളിലേയ്ക്കു നോക്കി മാപ്പിരന്നു.

“അരുത് മീരാ… താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല. പലപ്പോഴും മനുഷ്യ ജീവിതം ഇങ്ങനെയൊക്കെയാണ്. ഒഴുക്കുള്ള പുഴയിൽ പൊങ്ങിക്കിടക്കുന്ന പൊങ്ങു തടി പോലെ അത് ഓളങ്ങളിൽ തട്ടി ഒഴുകിപ്പോകും അല്ലെങ്കിൽ ആ പൊങ്ങുതടിയ്ക്ക് അങ്ങിനെ നീന്തിയെ തീരൂ… ഒഴുക്കിനെ പ്രതിരോധിക്കാൻ അതിനാലാവുകയില്ല. താൻ കേവലം ഒരു സ്ത്രീ മാത്രമാണ്.

ഒഴുക്കിനൊത്ത് നീന്താൻ മാത്രം വിധിയ്ക്കപ്പെട്ടവൾ. പുരുഷനെപ്പോലെ പ്രതിബന്ധങ്ങളെ ചെറുത്തു നിൽക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞെന്നു വരികയില്ല. തന്‍റെ ജീവിതത്തിൽ സംഭവിച്ചതൊന്നും തന്‍റെ തെറ്റു കൊണ്ടല്ല. എല്ലാം വിധിയുടെ വിളയാട്ടമായിരുന്നു. അതെനിക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു തന്നെ തന്നോടൊ നരനോടൊ എനിക്ക് വെറുപ്പുമില്ല. മാത്രമല്ല നരൻ തന്നെ അത്രയേറെ സ്നേഹിച്ചതു കൊണ്ടാണ് തന്നെ നേടുവാൻ അത്രയേറെ വ്യാമോഹിച്ചതും, അതിനുവേണ്ടി പ്രവർത്തിച്ചതും. സ്വാർത്ഥപൂർണ്ണമായ ആ പ്രേമത്തിനു വേണ്ടി അദ്ദേഹം ചെയ്‌ത തെറ്റുകളോർത്ത് ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കുകയും ചെയ്‌തു. അതുതന്നെയാണ് അദ്ദേഹം നേടിയ ശിക്ഷ. ഇനിയും നമ്മൾ അദ്ദേഹത്തെ ശിക്ഷിക്കുകയോ വെറുക്കുകയോ ചെയ്യരുത്. മാത്രമല്ല ജീവിതാന്ത്യം വരെ അദ്ദേഹം തന്നെ ജീവനുതുല്യം സ്നേഹിച്ചു സംരക്ഷിക്കുകയും ചെയ്‌തു. ഒരു സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീര… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീരാ… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യരാണ്. അതുകൊണ്ടു തന്നെ ആരും ആരേയും വെറുക്കേണ്ട ആവശ്യമില്ല…” ഫഹദ് സാർ പറഞ്ഞു നിർത്തി.

“അല്ല… ഫഹദ് സാർ… അങ്ങ് സാധാരണ മനുഷ്യനല്ല. അങ്ങ് ദൈവതുല്യനാണ്.” എന്ന് പറയണമെന്നു തോന്നി. അദ്ദേഹത്തിന്‍റെ വാക്കുകൾ മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്ന അഗ്നിയിൽ കുളിർമഴയായി പെയ്തിറങ്ങി. അല്പനേരത്തേയ്ക്ക് നരേട്ടനോടു തോന്നിയ വെറുപ്പും അതോടെ അലിഞ്ഞില്ലാതെയായി.

ഞങ്ങളുടെ കൂടിച്ചേരൽ മറ്റു ചിലരിലും ആഹ്ലാദത്തിന്‍റെ അനുരണനങ്ങളുളവാക്കി. കോളേജിലെ സഹപ്രവർത്തകർ, വിദ്യാർത്ഥികൾ അവർ വാർത്തയറിഞ്ഞ് ഹോസ്പിറ്റലിലെത്തി അഭിനന്ദനമറിയിച്ചു. ഫഹദ് സാർ എന്‍റെ ആദ്യ കാമുകനും, ഭർത്താവുമാണെന്ന് അരുൺ അവരോടെല്ലാം പറഞ്ഞിരുന്നു. മറ്റൊരാൾ അരുണായിരുന്നു. ഞങ്ങളെ അലോസരപ്പെടുത്താതെ അകലെ മാറിനിന്ന് അവൻ ആനന്ദക്കണ്ണീരൊഴുക്കി.

ദീർഘനാളായി അകന്നു നിന്ന മാതാപിതാക്കളുടെ കൂടിച്ചേരൽ പോലെ, ഒരു പുത്രന്‍റെ വേപഥുവോടെ അവൻ ഞങ്ങളുടെ സമാഗമത്തെ ആനന്ദഭരിതമായിക്കണ്ടു. അപ്പോൾ ഞാൻ അവനെ അടുത്തു വിളിച്ച് ഫഹദ് സാറിനോട് പറഞ്ഞു.

“ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം നഷ്ടമായ എനിക്കിന് ആശയും, ആശ്വാസവും അരുണാണ്. രാഹുൽ മോന്‍റെ സ്‌ഥാനം അവൻ സ്വയം കൈയ്യടക്കുകയായിരുന്നു.”

“എനിക്കറിയാം മീര… ഞാനിപ്പോൾ നിന്‍റെ സമീപം എത്തി നിൽക്കുന്നതിനു കാരണം അരുണാണ്… അത് നീയറിയാൻ അല്പം വൈകിപ്പോയെന്നു മാത്രം.”

ആ സത്യത്തെ ഉൾക്കൊള്ളാനാരാതെ ഞാൻ പകച്ചു നിന്നു. അപ്പോൾ ഫഹദ് സാർ എല്ലാം വിവരിച്ചു. അരുൺ പത്രത്തിൽ നല്കിയ കിഡ്നി ഡോണറെത്തേടിയുള്ള പരസ്യത്തിൽ എന്‍റെ മേൽവിലാസം കണ്ട് അദ്ദേഹം അപേക്ഷിച്ചതും, അരുൺ അതിനു മറുപടിയായി അദ്ദേഹത്തെ അന്വേഷിച്ച് കണ്ണൂരിലെത്തിയതുമായ കഥ…

അരുണിൽ നിന്നും നിന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കി ഞാനിങ്ങോട്ടു പുറപ്പെടുകയായിരുന്നു. സത്യത്തിൽ നമ്മുടെ ഈ പുനഃസമാഗമത്തിനു കാരണക്കാരൻ അരുണാണ്. മീരാ… അവന്‍റെ മുൻക്കൂട്ടിയുള്ള പ്ലാനും, പദ്ധതിയുമാണ് എന്നെ നിന്‍റെ അടുത്ത് എത്തിച്ചത്.

ആ വാക്കുകളെ അവിശ്വസനീയതയോടെ ഉൾക്കൊള്ളുമ്പോൾ മനസ്സു മന്ത്രിച്ചു. യഥാർത്ഥ പുത്ര സ്നേഹം എന്തെന്ന് ഞാനിന്നറിയുന്നു മകനെ… എന്‍റെ വയറ്റിൽ പിറക്കാതെ പോയ നിന്നോടുള്ള  കടപ്പാടുകൾ പൂർത്തീകരിയ്ക്കുവാൻ ഇനിയുമെത്ര ജന്മം ഞാൻ നിന്‍റെ മാതാവായി പിറവിയെടുക്കണം?

(തുടരും)

ഉത്തര കരയാറില്ല ഭാഗം- 1

സിൽവർ നിറത്തിലുള്ള ആ ചെറിയ കാർ ഗേറ്റു കടന്ന് റോഡിലെ തിരക്കിൽ മറയും വരെ ഉത്തര കണ്ണെടുത്തില്ല. അവളുടെ കാതിൽ ശേഖർ ദാസ് പറഞ്ഞ വാക്കുകൾ അപ്പോഴും നിറഞ്ഞുനിന്നു.

“എനിയ്‌ക്ക് നാളേയ്‌ക്കകം മറുപടി ലഭിക്കണം.”

അങ്ങനെ പെട്ടെന്ന് മറുപടി പറയാവുന്ന ഒരു ചോദ്യമല്ലല്ലോ ശേഖർ ചോദിച്ചത്. ജീവിതത്തിൽ ഇനി ഇങ്ങനെ ഒരു ചോദ്യത്തെ നേരിടേണ്ടി വരുമെന്ന് താൻ കരുതിയിരുന്നേയില്ലല്ലോ. എന്നിട്ടും അതു സംഭവിച്ചു.

വിവാഹത്തിന് സമ്മതമാണോ? ഇതാണ് ശേഖറിന്‍റെ ചോദ്യം.

ഇതിന് അതെയെന്നോ അല്ലെന്നോ മറുപടി നൽകാം. അതിലേതുവേണം എന്ന സന്ദേഹത്തിൽ കഴമ്പില്ല. തന്‍റെ മനം ആഗ്രഹിച്ച ഒരു ചോദ്യവും അതിന്‍റെ ഉത്തരവും. പക്ഷേ, മറ്റുള്ളവരുടെ പ്രതികരണം, പ്രത്യേകിച്ച് വീട്ടുകാരുടെ… അതാണ് ഉത്തരയെ ആശങ്കപ്പെടുത്തുന്നത്. ഉത്തര വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത കേട്ടാൽ ആരാണ് അന്തം വിടാത്തത്.

ഈ പ്രായത്തിൽ ഉത്തരയ്‌ക്ക് എന്തിന്‍റെ കേടാണ് എന്നു ചോദിക്കാത്തവർ വിരളമായിരിക്കും. വയസ് 40 കഴിഞ്ഞു. ഇനി ആണോ കെട്ടി, കുഞ്ഞുകുട്ടിപരാധീനക്കാരിയാകാൻ പോകുന്നത്? ആരാണാവോ ആ നിർഭാഗ്യവാൻ… അയാൾ ശരിക്കും കല്ല്യാണം കഴിക്കാനാണോ വിളിക്കുന്നത്? അല്ലേ, വീട്ടുവേലക്കാരികൾക്കൊക്കെ എന്താ ഒരു ഡിമാന്‍റ്? അപ്പോ പിന്നെ ഇതു സൂത്രമല്ലേ… ഉണ്ണുണ്ണിയമ്മാവൻ നെഞ്ചു തടവി പറയുന്നത് ഉത്തരയ്‌ക്ക് കൺമുന്നിൽ തെളിഞ്ഞുവന്നു.

യഥാർത്ഥത്തിൽ ശേഖർ തന്നെ സ്‌നേഹിക്കുന്നുണ്ടോ? സൗന്ദര്യത്തിൽ ആകൃഷ്‌ടനായി വന്നുവെന്നു കരുതാൻ താൻ അത്ര വലിയ സുന്ദരിയൊന്നുമല്ല. എങ്കിലും ആകർഷകത്വം ഉള്ള മുഖമാണ് തന്‍റേതെന്ന് പണ്ട് കൂട്ടുകാർ പറയാറുണ്ട്. യൗവ്വനം നശിക്കാത്ത ശരീരവുമായി ഒറ്റയ്‌ക്കുള്ള ജീവിതം പലവിധ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയി. ആരുടേയും കണ്ണുകൾ തന്നിൽ പതിയരുത് എന്ന് ഉത്തര ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.

നിറപ്പകിട്ടുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഭംഗിയായ വസ്‌ത്രധാരണം വരെ വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നിട്ടും ശേഖർ തന്നെ എങ്ങനെ ശ്രദ്ധിച്ചു…? തന്നേക്കാൾ പ്രായം കുറഞ്ഞ സുന്ദരികളെ അയാൾക്ക് ഒരു പ്രയാസവുമില്ലാതെ കിട്ടുമെന്നിരിക്കേ, എന്താണ് ശേഖർ തന്നിൽ കണ്ടത്?

“എനിക്ക് ഉത്തരയെ വിവാഹം ചെയ്‌താൽ കൊള്ളാമെന്നുണ്ട്, താൻ എന്തു പറയുന്നു?” ഒരു മുഖവുരയും?ഇ ല്ലാതെയുള്ള ആ ചോദ്യം. സത്യം പറഞ്ഞാൽ മതിമറന്നു സന്തോഷിച്ച നിമിഷങ്ങളായിരുന്നില്ലേ അത്.

“കൊള്ളാം, താങ്കൾ ചുമ്മാ കളിയാക്കുകയാണല്ലേ, എത്രയോ പെൺകുട്ടികൾ നിങ്ങൾക്കു മുന്നിൽ ക്യൂ നിൽക്കുന്നു. അപ്പോഴാണോ… ഈ ഞാൻ?”

“ഉത്തര പറഞ്ഞതു ശരിയാ, ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്‌ക്കും എന്ന പോലെയാണ് എന്‍റെ അവസ്‌ഥ. എന്‍റേത് ആദ്യവിവാഹമല്ല. ആദ്യമായി ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയെക്കുറിച്ചോർക്കുമ്പോൾ അതുപോലൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ പറ്റുന്നില്ല.”

ശേഖർ പറഞ്ഞുതുടങ്ങി, തന്‍റെ പൂർവ്വ വിവാഹത്തിന്‍റെ കഥ.

ശേഖർ ആദ്യം ജോലി ചെയ്‌ത ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു നാൻസി. പരിചയമില്ലാത്ത നഗരവും ജനങ്ങളും. ഇതിനിടയിൽ നാൻസി നീട്ടിയ സൗഹൃദ ഹസ്‌തം വലിയ ആശ്വാസമായിരുന്നു. പിന്നീടെപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി. അങ്ങനെ ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു.

വിവാഹശേഷം ആദ്യത്തെ മൂന്നാലു വർഷം ഒരു പ്രശ്നവുമില്ലായിരുന്നു. പിന്നെപ്പിന്നെ അവളാകെ ചെയ്‌ഞ്ച് ആയി. സദാസമയം ടിവി കാണും അല്ലെങ്കിൽ പുറത്തു കറങ്ങും, എന്നെയോ മകളെയോ ശ്രദ്ധിക്കാറില്ല. അതു ചോദ്യം ചെയ്‌തപ്പോൾ അവൾ വിവാഹമോചനത്തിനു തയ്യാറായി. ഒപ്പം മകളേയും കൂട്ടി. പിന്നീട് അവൾ മറ്റൊരു വിവാഹവും ചെയ്‌തു. ഇത്രയും കാലം വിവാഹം വേണ്ടെന്ന് കരുതി. പക്ഷേ ജീവിതത്തിന്‍റെ സായന്തനത്തിലെത്തുമ്പോൾ തീർച്ചയായും ഒരു കൂട്ടുവേണമെന്ന ചിന്ത ഇപ്പോൾ ശക്‌തമായിരിക്കുന്നു.” ശേഖറിങ്ങനെ പലതും പറഞ്ഞു.

“പക്ഷേ ശേഖറിനറിയാമോ എനിക്കെത്ര വയസായി എന്ന്?”

“42. ശരിയല്ലേ, അതിനെന്താണ് കുഴപ്പം. പ്രണയം തോന്നിയാൽ പ്രായം ഒരു ഘടകമാണോ? ഈ പ്രായത്തിലുള്ള എത്രയോ സ്‌ത്രീകൾ ഉത്സാഹവതികളായി കുടുംബജീവിതം നയിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം സമയമുണ്ട്, ആലോചിക്കൂ…” ആ ചോദ്യമാണ് ഉത്തരയെ കുഴക്കുന്നത്.

ഉത്തര ജനാലയിലൂടെ പുറത്തേക്ക് മിഴി നീട്ടി. അവൾക്കപ്പോൾ തന്‍റെ കുട്ടിക്കാലം ഓർമ്മ വന്നു. കൂട്ടുകുടുംബത്തിന്‍റെ തിരക്കുകളിലും രസങ്ങളിലും അസ്വാരസ്യങ്ങളിലും കുടുങ്ങിയ ബാല്യം. സത്യം പറഞ്ഞാൽ മറ്റൊരു ജന്മമാണ് ആ കാലം എന്നുതോന്നും. ബാല്യം കൗമാരം കടന്ന് യൗവ്വനത്തിലേക്ക് കാലൂന്നിയതുപോലും അറിഞ്ഞില്ല താൻ.

അവിചാരിതമായി ഒരു ദിനം വീട്ടിൽ വന്ന അതിഥികളാണ് തനിക്കു വിവാഹപ്രായമായിരിക്കുന്നു എന്ന തോന്നൽ പോലും അന്ന് ഉണ്ടാക്കിയത്. ചെക്കനെക്കുറിച്ച് യാതൊരു സ്വപ്‌നവുമില്ലായിരുന്നു. എല്ലാം വളരെ പെട്ടെന്ന് തീരുമാനിച്ചുറപ്പിച്ചു. വീട്ടിൽ എപ്പോഴും അതിഥികൾ, പലഹാരങ്ങളുടേയും പൂക്കളുടേയും കൊതിപ്പിക്കുന്ന ഗന്ധം. വിവാഹച്ചടങ്ങുകൾക്ക് മുന്നോടിയായി വീടൊരുങ്ങുമ്പോൾ അതെല്ലാം ഒരു സ്വപ്‌നം എന്നപോലെ കണ്ടാസ്വദിച്ചു നിന്നതല്ലേ താൻ. വാദ്യ ഘോഷങ്ങളിൽ മുങ്ങിയ കല്ല്യാണച്ചടങ്ങുകൾക്കൊടുവിൽ വരന്‍റെ ഗൃഹത്തിലേക്കുള്ള യാത്രയ്‌ക്കുള്ള മുഹൂർത്തമായി. അപ്പോഴാണ് ഭർതൃപിതാവ് തന്‍റെ അച്‌ഛനോടക്കാര്യം ചോദിച്ചത്.

“നിങ്ങൾ തരാമെന്നു പറഞ്ഞ തുക തന്നില്ലല്ലോ! അതങ്ങു കിട്ടിയാൽ ഞങ്ങൾക്കു പോകാമായിരുന്നു. സമയത്തിനു വീട്ടിൽ കയറാനുള്ളതാണേ…”

“തരാമെന്നു പറഞ്ഞ പണം? ആര് പറഞ്ഞു? എനിക്കൊന്നും മനസ്സിലായില്ല.” അച്‌ഛൻ ആശങ്കയോടെ ചോദിക്കുന്നത് ഇന്നലെയെന്നപോലെ കാതിലലയ്‌ക്കുന്നു!

“ഓഹോ, അപ്പോൾ നിങ്ങൾ നാടകം കളിക്കുകയാണല്ലേ? നിശ്ചയത്തിന്‍റെയന്ന് എന്താ പറഞ്ഞേ, 10 ലക്ഷം വരെ ചെലവാക്കാമെന്നല്ലേ?” ചെറുക്കൻ വീട്ടുകാരുടെ മട്ടും മാതിരിയും മാറുന്നത് ഉൾക്കിടിലത്തോടെ കണ്ടുനിന്നു.

“ചെലവാക്കാമെന്നു പറഞ്ഞാൽ അത് നിങ്ങൾക്ക് തരാമെന്ന വാക്കാണോ? ഞാൻ സ്‌ത്രീധനം നൽകുന്നതിനെക്കുറിച്ചല്ല പറഞ്ഞത്.” അച്‌ഛന്‍റെ മറുപടി അവർക്ക് ഒട്ടും ദഹിച്ചില്ലെന്ന് വ്യക്‌തമായി.

“നിങ്ങൾ തന്ന വാക്കുപാലിക്കണം. 10 ലക്ഷം കിട്ടാതെ പറ്റില്ല. അങ്ങനെ സമ്മതിച്ചതുകൊണ്ടാണല്ലോ ഈ കല്ല്യാണം നടത്താൻ തീരുമാനിച്ചത് തന്നെ.”

“ചേട്ടാ, നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചു എന്നതിൽ സങ്കടമുണ്ട്. ക്ഷമിക്കൂ.” കാര്യങ്ങൾ ശരിയായ വഴിക്കല്ല നീങ്ങുന്നതെന്ന് ബോധ്യമായപ്പോൾ അച്‌ഛൻ ക്ഷമയാചിച്ച് പ്രശ്നം ഒതുക്കാൻ ശ്രമിച്ചു. പക്ഷേ ഭർതൃപിതാവും അമ്മാവനും കാർക്കശ്യം വിടാൻ ഒരുക്കമല്ലായിരുന്നു. ഇതൊന്നും എന്‍റെ റോളല്ല എന്ന മട്ടിൽ കല്ല്യാണച്ചെറുക്കൻ ദൂരെമാറി നിന്ന് കൂട്ടുകാരോട് സംസാരിക്കുന്നു.

“ഞങ്ങടെ പയ്യൻ ഡോക്‌ടറാണെന്ന ഓർമ്മ വേണം. 50 ലക്ഷം വരെ തരാൻ തയ്യാറുള്ളവർ ക്യൂ നിൽക്കുമ്പോഴാ, നിങ്ങളുടെ മോളെ ഇഷ്‌ടപ്പെട്ടെന്ന് അവൻ പറഞ്ഞത്. ങാ.. അവന്‍റെ ഇഷ്‌ടമല്ലേ എതിരു നിൽക്കണ്ട എന്നു കരുതി. അതിപ്പോ ഇത്ര വലിയ ചതി ആവുമെന്ന് നിനച്ചില്ല.”

“എന്തായാലും ശരി… ഇത്രയും വലിയ തുക നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല, പെട്ടെന്ന് സംഘടിപ്പിക്കാവുന്ന തുകയല്ലല്ലോ നിങ്ങൾ ചോദിക്കുന്നത്. ഈ കല്ല്യാണച്ചെലവ് തന്നെ വളരെ കഷ്‌ടപ്പെട്ടാ കണ്ടെത്തിയത്. ഇനിയും താങ്ങാനുള്ള ശേഷി ഇപ്പോഴില്ല.”

അച്‌ഛൻ താഴ്‌ന്ന സ്വരത്തിൽ പറയുന്നത് ഞാൻ തല കുനിച്ചുനിന്ന് കേൾക്കുന്നുണ്ടായിരുന്നു.

“കൊള്ളാം! കാശിനു പാങ്ങില്ലായിരുന്നേൽ കൊക്കിലൊതുങ്ങിയത് കൊത്തിയാ പോരായിരുന്നോ?” അയാൾ പുച്‌ഛത്തോടെ അച്‌ഛനെ നോക്കുന്നു.

“അനർത്ഥം പറയാതെ ചേട്ടാ, എത്രയും വേഗം ഞാൻ പണം എത്തിച്ചു തരാം. പക്ഷേ ഇപ്പോൾ ഈ പ്രശ്നം വിട്.”

“ഓ… എന്നാൽ തന്‍റെ മോളെ അപ്പോൾ ഞങ്ങൾ കൊണ്ടുപൊയ്‌ക്കോളാം, എന്താ?”

ഇത്രയുമായപ്പോൾ തന്‍റെ മൂന്നു സഹോദരന്മാർക്ക് ഇടപെടേണ്ടി വന്നു.

“നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല…”

“എന്തുകൊണ്ട് പറ്റില്ലാന്നാ…? വാടാ നമുക്ക് പോകാം…” അയാൾ മുരണ്ടുകൊണ്ട് തന്‍റെ കൂട്ടരെ ക്ഷണിച്ചു.

“നിങ്ങളുടെ മകൻ ഞങ്ങളുടെ സഹോദരിയെ വിവാഹം ചെയ്‌തു കഴിഞ്ഞിരിക്കുന്നു. അപ്പോൾ അവൾ നിയമപ്രകാരം അവന്‍റെ ഭാര്യയാണ്.”

“അക്കാര്യത്തിൽ ഞങ്ങളും എതിർപ്പ് പറഞ്ഞില്ലല്ലോ, പക്ഷേ കിട്ടാനുള്ളത് കിട്ടിയേ പറ്റൂ” ചെറുക്കന്‍റെ അച്‌ഛൻ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായിരുന്നില്ല.

“ഹേ മിസ്‌റ്റർ, സ്‌ത്രീധനം വാങ്ങുന്നത് കുറ്റകരമാണെന്ന് നിങ്ങൾക്ക് അറിയില്ലേ. കൂടുതൽ കലഹിച്ചാൽ ഞങ്ങൾ പോലീസിനെ വിളിക്കും.”

“എടാ, പോലീസ് എന്നുപറഞ്ഞു വിരട്ടാതെ… ഞങ്ങൾക്ക് നിങ്ങടെ പൈസയും വേണ്ട, നിങ്ങടെ പെണ്ണിനേം വേണ്ട… അത്ര തന്നെ. ഇവന് ഒരു പെണ്ണിനെ കിട്ടാനാണോ വിഷമം., നല്ല കാര്യമായി…!”

“ശരി നിങ്ങൾക്കിഷ്‌ടമുള്ളത് ചെയ്‌തോളൂ, ഇവൾ ഞങ്ങളുടെ കൂടപ്പിറപ്പാണ്. ഇവളെ പോറ്റാനുള്ള വക ഞങ്ങൾക്കിപ്പോഴുമുണ്ട്.”

“ആയിക്കോട്ടെ… നിങ്ങടെ പെങ്ങളെ നിങ്ങളു തന്നെയങ്ങ് സംരക്ഷിച്ചാട്ടേ…”

ഭർതൃവീട്ടുകാരുടേയും ആങ്ങളമാരുടേയും വാഗ്വാദത്തിനിടയിൽ അച്‌ഛനും അമ്മയും നിസ്സഹായരായി. ചെറുക്കൻ വീട്ടുകാർ തിരക്കിട്ട് ഇറങ്ങിപ്പോകുന്നതു കണ്ടപ്പോൾ അമ്മ വിലപിച്ചു.

“മക്കളേ, എന്താണിതൊക്കെ, പെൺകുട്ടിയുടെ കല്ല്യാണം കഴിഞ്ഞില്ലേ, ഇനി അവളെ ചെറുക്കന്‍റെ കൂടെ എങ്ങനെയെങ്കിലും വിടണം.”

“അമ്മ വിഷമിക്കാതെ, ഈ പണക്കൊതിയന്മാരുടെ വീട്ടിലേക്ക് നമ്മുടെ കുട്ടിയെ വിടാതിരിക്കുകയാണ് ഭേദം. ഇപ്പോഴെങ്കിലും ഇവരുടെ തനിസ്വരൂപം മനസിലായത് നന്നായി.”

“പക്ഷേ പെണ്ണിന്‍റെ ഭാവിയെക്കുറിച്ച് നിങ്ങൾ ആലോചിച്ചോ? വിവാഹിത എന്ന പേരുവീണില്ലേ. ഇനി നല്ലൊരു ബന്ധം കിട്ട്വോ. അവളെ എങ്ങനെയെങ്കിലും ചെറുക്കന്‍റെ കൂടെ വിടണം” അമ്മ കരഞ്ഞു.

“ഇത്തരം ഭീഷണിയിൽ ഭയന്ന് പണം കൊടുത്ത് നമ്മളവളെ അയച്ചാലും ജീവിതം സുഖകരമാവുമെന്ന് ഒരു ഉറപ്പുമില്ല അമ്മേ, ഇപ്പോൾ അവൾ നമ്മോടൊപ്പം ജീവനോടെ ഉണ്ടെന്ന് ആശ്വസിക്കാം. അല്ലെങ്കിൽ ചിലപ്പോൾ…”

“പക്ഷേ ചെറുക്കൻ വീട്ടുകാര് പറഞ്ഞത് കേട്ടില്ലേ, അവരു വേറെ കെട്ടും എന്ന്..”

“ആവട്ടെ നമുക്കും ആ വഴി നോക്കാം.”

പക്ഷേ അങ്ങനെയൊക്കെ പറയുന്നത് പോലെ കാര്യങ്ങൾ നടത്തുക അത്ര എളുപ്പമല്ലെന്ന് അനുഭവങ്ങൾ തെളിയിച്ചു. കാര്യത്തോടടുത്തപ്പോൾ എല്ലാം കീഴ്‌മേൽ മറിഞ്ഞു. കല്ല്യാണാലോചനയുമായി വന്നവരൊക്കെ ധനമോഹികളോ രണ്ടാംകെട്ടുകാരോ ആയിരുന്നു. ഒരൊറ്റ ചെക്കനേയും ഉത്തരയ്‌ക്കും ഇഷ്‌ടമായില്ല. 30 വയസ്സു കഴിഞ്ഞതോടെ കല്ല്യാണാലോചനകളുടെ ഒഴുക്കും നിലച്ച മട്ടായി.

“നിങ്ങൾ ഈ വീട് വിറ്റിട്ടായാലും പെണ്ണിനെ ഇറക്കി വിട്…” അമ്മയ്‌ക്ക് എപ്പോഴും ഈ പല്ലവി മാത്രം. യൗവനം പിന്നിട്ട മകൾ വീട്ടിൽ അവിവാഹിതയായി കഴിയുന്നത് ഓർത്താൽ ഏത് അമ്മയാണ് വിഷമിക്കാതിരിക്കുക?

ഭാര്യയുടെ സങ്കടവും നിർബന്ധവും സഹിക്കാനാവാതെ ഉത്തരയുടെ അച്‌ഛൻ ചെറുക്കൻ വീട്ടുകാരെ വീണ്ടും പോയി കണ്ടുനോക്കി. ചെറുക്കൻ വിവാഹിതനായിട്ടില്ല. പക്ഷേ അവൻ വിദേശത്താണത്രേ. നാട്ടിലേക്ക് മടങ്ങാൻ താല്‌പര്യമില്ല. അതുകൊണ്ട് പെൺകൊച്ചിന്‍റെ ഭാവിയെ കരുതി അവളെ വേറെ കെട്ടിക്കുകയാണ് ഉത്തമം. ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല. അവരുടെ സംഭാഷണത്തിന്‍റെ ചുരുക്കം അതായിരുന്നു. അതോടെ അവശേഷിച്ച ആശയും അസ്‌തമിച്ചു. ആ നിരാശയിൽ അച്‌ഛൻ രോഗബാധിതനായി. താമസിയാതെ അദ്ദേഹത്തിന്‍റെ വേർപാടും സംഭവിച്ചു.

അമ്മയും താനും വീട്ടിൽ ഒറ്റപ്പെട്ടപ്പോൾ മൂത്ത ചേട്ടനാണ് അവർക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റാൻ ആവശ്യപ്പെട്ടത്. സുധീറേട്ടന് റെയിൽവേയിലാണ് ജോലി. അവിടെ സ്വന്തമായ വീടുണ്ട്. നല്ല നിലയിലാണ് സുധീറിന്‍റെ ജീവിതം. മുംബൈയിൽ വീട്ടിലെ ജോലികൾ അമ്മ ഏറ്റെടുത്തു. രണ്ടുപേരും ജോലിക്കു പോയാൽ പിന്നെ കുട്ടികളെ നോക്കുന്ന ജോലി ഉത്തരയ്‌ക്കുമായി.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഇളയ സഹോദരന്‍റെ വിളി വന്നു. അമ്മ കൂടെ ചെല്ലണം. ഭാര്യയുടെ പ്രസവമടുത്തു. അവളുടെ അമ്മ നേരത്തേ മരിച്ചു. അപ്പോൾ പിന്നെ അമ്മയുടെ സ്‌ഥാനത്തു നിന്ന് കാര്യങ്ങൾചെയ്യേണ്ടത് വേറെ ആരാണ്? അമ്മയ്‌ക്കും സന്തോഷമായിരുന്നു. അങ്ങനെ ഉത്തരയും അമ്മയോടൊപ്പം പോയി.

ഇപ്പോൾ അവളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്. മാറി മാറി മൂന്നു സഹോദരങ്ങൾക്കു വേണ്ടി പാദസേവ ചെയ്യുക. രണ്ടു വർഷം കൂടി കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ ഉത്തര ജീവിക്കുകയാണ്. ആഗ്രഹങ്ങളും ആവശ്യങ്ങളും പരിമിതമായ ജീവിതം. മറ്റുള്ളവർക്കു വേണ്ടി ഉരുകി വെളിച്ചം പരത്തുന്ന മെഴുകുതിരി പോലെ. ആൾക്കൂട്ടത്തിലെ ഏകാകിയെപ്പോലെ അവൾ മൂകമായി, ചുറ്റുമുള്ള നിറക്കാഴ്‌ച്ചകൾ അവളെ ആകർഷിച്ചതുമില്ല. വല്ലപ്പോഴും നിറയുന്ന മിഴികൾ തനിക്കും മനസ്സുണ്ടെന്ന തോന്നൽ അവളിലുണ്ടാക്കി.

(തുടരും)

അകലേയ്ക്ക് ഒഴുകുന്ന പുഴ

ഷോപ്പിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് സുമിതയ്ക്ക് ദാഹം തോന്നിയത്. ഷോപ്പിംഗ് മാളിനു പുറത്തുള്ള കോഫി ഷോപ്പിലേക്ക് അവൾ നടന്നു. വലിയ തിരക്കില്ലാത്ത ഷോപ്പ്. അവിടെ ഇരുന്ന് സ്വസ്ഥമായി ഒരു കോഫിയും സാൻവിച്ചും കഴിക്കാം. കുട്ടികൾ രാത്രിയേ വീട്ടിലെത്തൂ. അവർ പിക്നിക്കിന് പോയിരിക്കുകയാണല്ലോ. വീട്ടിൽ ഓടിയെത്തിയിട്ട് കാര്യമില്ല. സുമിത കോഫി ഷോപ്പിലെ രണ്ട് സീറ്റുള്ള ടേബിളിനരികിൽ ഇരുന്നു.

ശശാങ്ക് എപ്പോഴാണോ ഇന്നും വീട്ടിലെത്തുക. അവൾ ആലോചനയോടെ വാച്ചിലേക്ക് നോക്കി. സമയം 3 മണി ആയതേ ഉള്ളൂ.

വീട്ടിൽ തന്നെയാണ് സുമിതയുടെ ലോകം. ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അവളുടെ ദിവസങ്ങളെല്ലാം. ദിനചര്യകൾ പോലും അങ്ങനെയാണ്. ഇതിനിടയിൽ അപൂർവ്വമായി വീണുകിട്ടുന്ന ഇതു പോലുള്ള ദിനങ്ങൾ.

അവൾ ഷോപ്പിൽ കോഫി ഓർഡർ ചെയ്തതേയുള്ളൂ. ഫോൺ റിംഗ് ചെയ്യുന്നു. ശശാങ്കാണ്.

“നീ എവിടെയാ?” കക്ഷി തിരക്കിലാണെന്ന് ശബ്ദം കേട്ടാൽ അറിയാം.

“ഞാൻ പുറത്തു തന്നെ. ഇപ്പോൾ വീട്ടിൽ എത്തും.”

“ശരി, നീ നാലു മണിക്ക് വീട്ടിൽ എത്തണം. രാമദാസ് വരും. ഒരു ഫയൽ അവിടെ മേശപ്പുറത്തിരുപ്പുണ്ട്. അത് എടുത്ത് കൊടുത്തുവിടണം.” ഇത്രയും പറഞ്ഞിട്ട് അയാൾ ഫോൺ കട്ട് ചെയ്‌തു.

എന്തെങ്കിലും ഒരു സ്നേഹവാക്ക് പറഞ്ഞിട്ട് വയ്‌ക്കാമല്ലോ ശശാങ്കിന്? ഇതെന്തു സ്വഭാവമാണിത്? സുമിത അൽപം ഈർഷ്യയോടെ മനസ്സിലോർത്തു. ജോലിത്തിരക്കു കൂടിയാൽ പിന്നെ ഭാര്യയോട് സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാൻ പറ്റില്ലെന്നാണോ?

വിവാഹത്തിന്‍റെ ആദ്യനാളുകളിൽ കാമുകനെപ്പോലെ തന്നെ ചുറ്റിപ്പറ്റി സദാ നടക്കാൻ കൊതിച്ചിരുന്ന ശശാങ്കിനെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്. കാലം മുന്നേറുമ്പോൾ, ജീവിത പ്രാരബ്ധദമേറുമ്പോൾ മനസ്സിലെ പ്രണയഭാവങ്ങളും അസ്തമിക്കുമെന്നാണോ? ആവി പറക്കുന്ന കോഫിയും വെജ് സാൻവിച്ചും മുന്നിൽ വന്നു. അതു കണ്ടപ്പോൾ ശശാങ്കിനോടുള്ള നീരസം വഴിമാറി. നല്ല വിശപ്പും ദാഹവും തോന്നിയതിനാൽ ഭക്ഷണം കണ്ടപ്പോൾ മനസ്സിലെ മൂഡ് ഓഫ് പെട്ടെന്ന് പോയ് മറഞ്ഞു.

കോഫി ഒന്നു സിപ്പ് ചെയ്‌തതേയുള്ളൂ. അപ്പോഴാണ് പരിചിതമായ ഒരു സ്വരം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ അദ്ഭുതപ്പെട്ടുപോയി.

മധ്യവയസ്സ്കനായ ഒരു പുരുഷനൊപ്പം ഇരിക്കുന്ന ആ സ്ത്രീ…? അത് മാൻവി ആണല്ലോ.

അവളെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മനസ്സിൽ നിറഞ്ഞു. കോളേജിലെ കൂട്ടുകാരിയെന്നു പറയാൻ പറ്റില്ല. എങ്കിലും ക്ലാസ് മേറ്റ് ആയിരുന്നല്ലോ. മാത്രമല്ല കോളേജിൽ ഫേയ്മസ് ആയിരുന്നു മാൻവി. അവളെ കണ്ടപ്പോൾ ഓർമ്മകൾ ഒരു നിമിഷം പിന്നാക്കമോടി. ഞാൻ അന്നറിയുന്ന മാൻവി സ്വാതന്ത്യ്ര പ്രേമിയായിരുന്നു. സ്വാതന്ത്യ്രം എന്നാൽ തനിക്കിഷ്ടമുള്ള പോലെ ജീവിക്കാനുള്ള താൽപര്യമാണ് മുന്നിൽ നിന്നത്. കൂട്ടുകൂടിയും തിന്നും മദിച്ചും പ്രേമിച്ചും അവൾ ജീവിതം ആസ്വദിക്കാൻ തുടങ്ങിയതാണ്. ഒരു ടെൻഷനുമില്ലാതെ പഠനം മാത്രമായി നടന്ന ആ കാലം എന്തു രസമായിരുന്നു.

പഠിക്കാനും കൂട്ടുകൂടി നടക്കാനുമുള്ള അവസരങ്ങൾ ധാരാളം. രണ്ടും താൻ പ്രയോജനപ്പെടുത്തിയിരുന്നു. മാൻവിയാകട്ടെ ജീവിതം ആഘോഷിക്കാൻ ഉള്ളത് മാത്രം എന്ന ചിന്തയിലായിരുന്നു. പഠനത്തിന് അവൾ ഒരു പ്രാധാന്യവും കൊടുത്തില്ല.

ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോകുന്നതും ആൺകുട്ടികൾക്കൊപ്പം ചെറിയ ട്രിപ്പുകൾ പോകുന്നതും ഒക്കെ അവളുടെ ഇഷ്‌ട വിനോദമായിരുന്നു. അതിനോട് പക്ഷേ തനിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു.

തന്‍റെ അയൽവക്കത്തെ വില്ലയിൽ തന്നെയായിരുന്നു മാൻവിയുടെ താമസം. ഇടയ്ക്കൊക്കെ അവിടെ ചെല്ലാറുണ്ട്. അവൾ ഒരിക്കലും പഠിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ചെല്ലുമ്പോഴൊക്കെ അവൾ ഫേസ്പാക്ക് ഇട്ട് പാട്ട് കേട്ട് ഇരിക്കുകയാവും.

“പരീക്ഷ അടുത്തു. നീ ഫേസ്പാക്കും ഇട്ട്, പാട്ടും കേട്ട് ഇരുന്നോ?”അവളെ ചൊടിപ്പിക്കാനായി ഇങ്ങനെ താൻ പറയാറുണ്ട്. പക്ഷേ അവൾക്കുണ്ടോ മാറ്റം.

“എന്‍റെ പെണ്ണേ, ഇതാണ് നീയും ഞാനും തമ്മിലുള്ള വ്യത്യാസം.” അവൾ ഉറക്കെ ചിരിച്ച് എന്‍റെ താടിയിൽ നുള്ളി കൊണ്ട് ഫേസ്പാക്ക് ഇടുന്ന പ്രവൃത്തിയിൽ വ്യാപൃതയാവും.

“നീ കോളേജിൽ പോകുന്നത് പഠിക്കാനായിരിക്കും. എന്നാൽ ഞാൻ പോകുന്നത് ആൺപിള്ളേരെ വളയ്ക്കാനാ. അപ്പോ പിന്നെ സൗന്ദര്യത്തിൽ ശ്രദ്ധിക്കാതിരിക്കാൻ പറ്റ്വോ?”

അവളുടെ ഈ വക സംഭാഷണം കേൾക്കുമ്പോൾ അന്ന് അതിശയവും വെറുപ്പും തോന്നിയിട്ടുണ്ട്. താൻ ലൈബ്രറിയിൽ വായിക്കാനോ നോട്ട് എഴുതാനോ പോകുമ്പോൾ അവൾ കാന്‍റീനിൽ പോകും.

കാലം അതിവേഗം മുന്നോട്ട് കടന്നുപോയിക്കൊണ്ടിരുന്നു. ഇതിനിടയിൽ മാൻവി നിരവധി പ്രണയങ്ങളിൽ കയറുകയും ഇറങ്ങുകയും ചെയ്‌തു കൊണ്ടിരുന്നു. ഒരു നദി പോലെ ഒഴുകിയ അവളെ ആർക്കും തടഞ്ഞു നിർത്താനായില്ല എന്നു പറയുകയാവും ശരി. തന്‍റെ ഓർമ്മയിൽ മാൻവിയുടെ ലാസ്റ്റ് ബോയ്ഫ്രണ്ട് ഒരു വൻ പണച്ചാക്ക് ആയിരുന്നു.

അയാളെ ശരിക്കും ചുറ്റിവരിഞ്ഞ് അവൾ പണമൂറ്റി. കൂട്ടുകാർക്കും കിട്ടി അതിന്‍റെ വിഹിതം. സിനിമ കാണാൻ പോകുമ്പോൾ പോലും അവൾ കൂട്ടുകാർക്കു വേണ്ടിയും ടിക്കറ്റ് എടുപ്പിക്കും. അയാളുടെ കാർ തന്‍റെയും കൂട്ടുകാരുടെയും യാത്രാവശ്യങ്ങൾക്കായി യഥേഷ്ടം ഉപയോഗിക്കാനും മടിയില്ലായിരുന്നു. അങ്ങനെ അവർ കൂട്ടുകാർക്കും പ്രിയങ്കരിയായി. അങ്ങനെയങ്ങനെ കോളേജുകാലം പൂർത്തിയായി. അവരവർ അവരവരുടെ വഴികളിലേക്ക് തിരിച്ചു പോയി. എങ്കിലും മാൻവിയുടെ പ്രണയകഥകൾ പിന്നെയും കുറെക്കാലം കേട്ടു കൊണ്ടിരുന്നു.

പിന്നെ ഇക്കഴിഞ്ഞ വർഷങ്ങളത്രയും കടന്നു പോയപ്പോൾ മാൻവിയെ കുറിച്ച് താൻ ഓർമ്മിച്ചതേയില്ല. ഇപ്പോൾ അപ്രതീക്ഷിതമായി മാൻവിയെ കണ്ടപ്പോൾ പഴയ കൂട്ടുകാരെയൊക്കെ കണ്ടുമുട്ടാൻ കഴിഞ്ഞേക്കുമെന്ന ആഗ്രഹം ഉടലെടുത്തിരിക്കുന്നു. കുറച്ചു നാളായി അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. ഈ നഗരത്തിലും പരിസരപ്രദേശത്തുമൊക്കെ ഏതെങ്കിലും കൂട്ടുകാരികൾ ഒക്കെ ഉണ്ടാകുമെന്ന തോന്നൽ ഇടയ്ക്കു വന്നിരുന്നു.

സുമിത ചിന്തയിൽ നിന്ന് ഉണർന്നു. അവൾ അദ്ഭുതത്തോടെ മാൻവിയെ നോക്കി ചിരിച്ചു. അറിയാതെ തന്നെ അവളുടെ കണ്ണുകൾ മാൻവിക്കൊപ്പമുണ്ടായിരുന്ന പുരുഷനിലേക്കും നീണ്ടു. അപ്പോൾ അയാൾ പുറത്തേക്കു പോകാൻ ഒരുങ്ങുകയാണെന്നു തോന്നി. മാൻവി സുമിതയുടെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു.

“ഹലോ സുമി, നീ എന്താ ഇവിടെ?

“ഞാൻ ഷോപ്പിംഗിന് വന്നതാണ്.”

“കൊള്ളാം… ഈർക്കിലി പോലിരുന്ന നീ ഇത്രയും വണ്ണം വച്ചതെങ്ങനെ?

സുമിത ചിരിച്ചു കൊണ്ട് ചോദിച്ചു.

“രണ്ടു പിള്ളേരായില്ലേ. അപ്പോ ഇങ്ങനെ ആയി.

“എന്താ നിന്‍റെ വിശേഷങ്ങൾ?”

“ഞാനോ ഞാൻ ഇപ്പോഴും പറന്നു നടക്കുവല്ലേ. സെറ്റിൽ ആയിട്ടില്ല.”

സുമിതയ്ക്ക് അതു വിശ്വസിക്കാനായില്ല. “നീ ഇതുവരെ വിവാഹം കഴിച്ചില്ലേ?”

“ഓഹ്… നീ ആ വാക്ക് പറയല്ലേ. അതൊരു വിവാഹം ആയിരുന്നില്ല, ഒരു ഊരാക്കുടുക്ക് ആയിരുന്നു.” മാൻവിയുടെ മുഖത്ത് കാർമേഘം ഉരുണ്ടുകൂടി.

“അതെന്തുപറ്റി?” മാൻവിയുടെ മുഖത്തെ പരവശത കണ്ടപ്പോൾ സുമിത അമ്പരന്നു.

“വിവാഹത്തിനു മുമ്പ് വിവേക് വലിയ വലിയ വാചകങ്ങൾ പറയുമായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അതൊക്കെ വിഴുങ്ങി. നിനക്കറിയാലോ എനിക്ക് സ്വതന്ത്ര ജീവിതമാണ് കൂടുതൽ ഇഷ്‌ടമെന്ന്! ക്ലബിൽ പോയി ചീട്ടുകളിക്കും, ജയിക്കും, തോൽക്കും. ഇതെനിക്ക് ഒഴിവാക്കാൻ പറ്റുന്ന ശീലമല്ല. പക്ഷേ വിവേക് അതിനെ എതിർത്തു. അവരുടെ ബിസിനസ് മോശമാണെന്നും ഇപ്പോൾ തോന്ന്യാസച്ചെലവ് പാടില്ലെന്നും പറഞ്ഞ് എന്നെ നിയന്ത്രിക്കാൻ തുടങ്ങി. എനിക്ക് ക്ലബ്ബിൽ പോകാനും ബ്യൂട്ടിപാർലറിൽ പോകാനും പറ്റാതെ വന്നാൽ പിന്നെ എനിക്ക് സഹിക്കുമോ?”

മാൻവി മേശപ്പുറത്തിരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു. അത് കുടിച്ചപ്പോൾ മാൻവി അൽപം നോർമൽ ആയതുപോലെ തോന്നി.

“ഇത്തരം നിയന്ത്രണം ദിനംപ്രതി കൂടി വന്നു. സഹിക്കാൻ വയ്യാണ്ടായപ്പോൾ ഞാൻ എന്‍റെ വക്കീൽ ഫ്രണ്ടിനെ കൊണ്ട് കേസ് കൊടുത്തു. 50 ലക്ഷം രൂപ നഷ്ടപരിഹാരത്തോടെ വിവാഹമോചനം വേണം.”

എനിക്ക് വല്ലപ്പോഴും ചീട്ട് കളിക്കാനും പാർലറിൽ പോകാനും പണം തന്നാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇനി അയാൾ അനുഭവിക്കട്ടെ. പിശുക്കല്ലേ, കോടതി കയറി ഇറങ്ങുമ്പോൾ എല്ലാം പഠിച്ചോളും… ഏതായിരുന്നു ഭേദം? നീ പറ…” കുടിലമായ ചിരിയോടെ മാൻവി അതു ചോദിച്ചപ്പോൾ സുമിത വല്ലാതായിപ്പോയി. അവൾക്ക് ഇതൊക്കെ കേട്ടപ്പോൾ ഞെട്ടലാണ് തോന്നിയത്. മാൻവിക്ക് ഒരു കൂസലും ഇല്ലല്ലോ… ഇതൊക്കെ പറയുന്നത് വിജയഗാഥ പറയുന്നതു പോലെയല്ലേ.

“മാൻവി ക്ലബ്ബിൽ പോകുന്നത് തെറ്റായ കാര്യമൊന്നുമല്ല, പക്ഷേ വീട്ടിലെ സാമ്പത്തികം താറുമാറാകുമെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടതല്ലേ. ഭാര്യ അനാവശ്യമായി ചെലവഴിച്ചാൽ ഭർത്താവ് ഇടപെടുന്നത് തെറ്റാണോ?” സുമിത അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

“വേണ്ട!” മാൻവി കൈ ഉയർത്തി. “എന്നോട് സംസാരിക്കുന്നവരെല്ലാം നിന്നെപ്പോലെ ഉപദേശം തരാറുണ്ട്. പക്ഷേ എന്‍റെ ജീവിതത്തിലെ നല്ലതും ചീത്തയും എന്‍റെ മാത്രം നിയമമാണ്. എന്‍റെ അമ്മയ്ക്കു പോലും എന്‍റെ മനസ്സ് മനസ്സിലാവുന്നില്ല. പിന്നെ ആർക്കാണ് അതു പിടികിട്ടുക? സ്ത്രീ സമത്വവും ശാക്‌തീകരണവും ഒക്കെ പ്രസംഗിക്കും. പക്ഷേ അത് നടപ്പാക്കാൻ ആർക്കും താൽപര്യമില്ല. ഇനി അങ്ങനെ ഏതെങ്കിലും സ്ത്രീ ശ്രമിച്ചാലോ, അവളെ കുടുംബത്തിന്‍റെ പേര് പറഞ്ഞ് വെട്ടിലാക്കും.”

മാൻവിയുടെ രോഷം സങ്കടത്തിലേക്ക് വഴിമാറി. സുമിത അതെല്ലാം നിശ്ശബ്ദമായി നോക്കിയിരുന്നു.

അമ്മ പറഞ്ഞത് മനസ്സിലാവാത്ത പെണ്ണിന്, തന്‍റെ വാക്കുകൾ എങ്ങനെ മനസ്സിലാവാനാണ്? ഈ സംഭാഷണം എങ്ങനെയും ഒഴിവാക്കണം. സുമിത ഒരു കാപ്പി കൂടി ഓർഡർ ചെയ്തു. അതു കുടിച്ചപ്പോൾ സുമിത മറ്റൊരു കാര്യത്തിലേക്ക് കടന്നു.

“എന്‍റെ കൂടെ വന്ന ആളെ കണ്ടില്ലേ? അതാണ് അഡ്വ. നകുൽ. അറിയപ്പെടുന്ന വക്കീലാ…” എന്‍റെ പ്രയാസം ഞാൻ നകുലിനോട് പറഞ്ഞപ്പോൾ അവൻ എന്നെ സഹായിക്കാമെന്നേറ്റു.

“ഭർത്താവിന്‍റെ മേൽക്കോയ്മ അംഗീകരിക്കേണ്ട കാര്യമില്ല, നീ ധൈര്യമായിരിക്കൂ, കുത്തിയൊലിച്ചൊഴുകാൻ ആഗ്രഹിക്കുന്ന നിന്നെ ഒന്നും തടസ്സപ്പെടുത്തില്ല എന്നാണ് നകുൽ എന്നോട് പറഞ്ഞത്.”

വിവാഹമോചനക്കേസിൽ വിവേകിനെ കുടുക്കാൻ പല തന്ത്രങ്ങളും നകുൽ പ്ലാൻ ചെയ്‌തിട്ടുണ്ട്. പരമാവധി തുക ഒപ്പിക്കണം. അതിനു പുറമെ സ്ത്രീധനത്തിന്‍റെ പേരിലുള്ള കേസും ഫയൽ ചെയ്‌തിട്ടുണ്ട്.

ക്ലബിൽ പോകുന്നതിന് ഏറ്റവും എതിർപ്പ് കാണിച്ചത് അമ്മായിയമ്മയാണ്. അവരെയും പ്രതി ചേർത്താണ് കേസ്. ഇതോടെ അവർ എന്‍റെ കാൽക്കൽ വീഴും മാൻവിയുടെ സംസാരും കേട്ടപ്പോൾ  സുമിതയ്ക്ക് പ്രയാസമാണ് തോന്നിയത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ കേസും നൂലാമാലയുമായി നടക്കാനുള്ള ഈ മാനസികാവസ്‌ഥ ഭയങ്കരം തന്നെ. ഇതേക്കുറിച്ച് ഒന്നും തിരിച്ചു പറയാൻ സുമിതയ്ക്ക് തോന്നിയില്ല.

“ശരി, മാൻവി, ഞാൻ പോകട്ടെ, കുട്ടികൾ മടങ്ങിയെത്താറായിരിക്കുന്നു.” സത്യം അതല്ലെങ്കിലും അങ്ങനെ പറയാനാണ് സുമിതയ്ക്ക് തോന്നിയത്.

“ഓകെ… ഞാൻ ബ്യൂട്ടിപാർറിൽ പോകുന്നു. രാത്രി ഡിന്നറിനു പോകണം. നകുലിനൊപ്പം നഗരത്തിലെ ഫൈവ് സ്‌റ്റാർ ഹോട്ടലിലാണ് പാർട്ടി. റൂമും ബുക്ക് ചെയ്‌തു. എന്തെങ്കിലുമൊക്കെ നേടാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടി വരുമല്ലോ… നിനക്ക് മനസ്സിലായി കാണുമല്ലോ…” ഇതു കൂടി കേട്ടതോടെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയായി സുമിതയ്ക്ക്.

“നാളെ കഴിഞ്ഞ് ഞാൻ ഫ്രീയാണ്. നിന്‍റെ നമ്പർ താ… വീട്ടിൽ വരാം.” മാൻവിയുടെ വാക്കുകൾ വെള്ളിടി പോലെയാണ് സുമിതയ്ക്ക് തോന്നിയത്.

“ഓഹ്… എന്‍റെ ഫോൺ നഷ്ടപ്പെട്ടു പോയി. അത് ഇപ്പോൾ ബ്ലോക്ക് ചെയ്തേക്കുവാ. പുതിയ നമ്പർ എടുത്തിട്ട് ഞാൻ അറിയിക്കാം.”

സുമിത അവളോട് ബൈ പറയാൻ പോലും നിൽക്കാതെ പുറത്തേക്കു നടന്നു. ഇങ്ങനെയൊരു സുഹൃത്തിനെ തനിക്ക് വേണ്ട. ഇവരെപ്പോലുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയാണ് ഉചിതം. സ്വന്തം കാര്യം നടത്താൻ വേണ്ടി ഉറ്റവരെപ്പോലും കെണിയിലാക്കുന്നവരെ എങ്ങനെ വിശ്വസിക്കും.

വഴിയിൽ കാത്തു കിടക്കുന്ന ഓട്ടോയിൽ കയറിയപ്പോഴാണ് സുമിതയ്ക്ക് ആശ്വാസമായത്. അവൾ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ട് ആശ്വാസത്തോടെ ചാരിയിരുന്നു. അപ്പോൾ എത്രയും വേഗം വീട്ടിലെത്താൻ അവളുടെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें