ഘനീഭവിച്ച മൗനം പോലെ ഇരുട്ട് നിറഞ്ഞു. സെമിനാർ കഴിഞ്ഞ് എല്ലാവരും പോയിത്തുടങ്ങിയിരുന്നു. നിശബ്‌ദതയുടെ വൻമതിലിനു ഇരുവശവുമായി അവർ നടന്നു. ഏതോ അപരിചതരെപ്പോലെ. എവിടെയായിരുന്നു ഈ അകൽച്ചയുടെ തുടക്കം? ജീവിതത്തിന്‍റെ ഏതോ തുരുത്തിൽ വച്ചായിരുന്നു സ്വപ്‌നങ്ങൾ പിഴച്ചു തുടങ്ങിയത്. യഥാർത്ഥത്തിൽ കുറ്റം ആരുടേതായിരുന്നു? ആരാണ് അപരാധി?
ഹരി എന്നും തന്‍റേതായിരിക്കില്ലെന്ന് കവിതയ്‌ക്ക് അറിയാമായിരുന്നു. “ഈ നാലു ചുവരുകൾക്കുള്ളിൽ ഞാൻ വിവശനായിപ്പോകുന്നു കവിതാ...” ഹരി തന്നെ എപ്പോഴും പറയുമായിരുന്നു. പിന്നെ എപ്പോഴോ ഏറെ നിസ്സംഗതയോടെ കവിതയും പറഞ്ഞു.
“ഹരീ, വിരസമായിരിക്കുന്നു നമ്മുടെ ജീവിതം... ഇതല്ലല്ലോ നിന്നോടൊന്നിച്ച് ഞാൻ സ്വപ്‌നം കണ്ടത്... ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു ആ ജീവിതം ഒരിക്കലും ഉണ്ടാവില്ലെന്ന്... ഒന്നും വേണ്ടായിരുന്നു ഒന്നും.”
“വേഗം റെഡിയാകൂ” വൈകുന്നേരം കോളേജിൽ നിന്നു മടങ്ങിയെത്തിയതും ഹരി പറഞ്ഞു. “കോളേജിൽ ഇന്നൊരു സെമിനാറുണ്ട്. നമുക്ക് ഉടനെ പോകണം. നല്ല സബ്‌ജെക്‌റ്റാണ്. പുതിയ സാമൂഹിക കാലാവസ്‌ഥകളിലെ സ്‌ത്രീപുരുഷബന്ധം. ഒന്നുരണ്ട് നല്ല പ്രാസംഗികരും എത്തുന്നുണ്ട്.”
ഒരുപക്ഷേ ഈ സെമിനാർ ഗുണം ചെയ്‌തേക്കുമെന്ന് കവിതയ്‌ക്ക് തോന്നി. സംഘർഷങ്ങളുടെ നടുക്കടലിൽ നിന്ന് ജീവിതത്തിലേക്ക് ഒരു തോണി. ചക്രവ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാൻ ഒരു വഴി ഇന്നു കിട്ടാതിരിക്കില്ല.
“ചിലപ്പോൾ സുഷമയും എത്തിയേക്കും.” സ്‌കൂട്ടർ നീങ്ങിത്തുടങ്ങിയപ്പോൾ ഹരി പറഞ്ഞു.
യാത്ര പുറപ്പെടും മുമ്പ് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ പുറപ്പെടില്ലായിരുന്നു. കോളേജിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാര്യങ്ങളെല്ലാം അറിയാം. ഇനി എന്തൊക്കെയാണാവോ നടക്കുക? സുഷമയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് കവിതയ്‌ക്ക് ഇഷ്‌ടമല്ലെന്ന് ഹരിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് മുൻകൂട്ടി പറയാതിരുന്നതും.
ഒരു അപരാധബോധത്തിന്‍റെ നിഴലിലായിരുന്നു കവിത എന്നും. അവളുടെ ഇഷ്‌ടമായിരുന്നു എല്ലാം. ഹരി സുഷമയെ കാണാതിരിക്കുക, സ്‌നേഹത്തിന്‍റെ ഒരു പങ്കുപോലും നൽകാതിരിക്കുക, പക്ഷേ ഒടുവിൽ പൊലിഞ്ഞത് രണ്ടു ജീവിതങ്ങളാണ്. സുഷമയുടെയും കവിതയുടെയും.
സെമിനാർ ഇടവേളയ്‌ക്ക് പിരിഞ്ഞു. ഹാളിൽ പല ഭാഗത്തായി പല സംഘങ്ങള്‍. ചായ കുടിക്കുന്നതിനിടെ വിശേഷങ്ങൾ കൈമാറുന്നവർ... അദ്ധ്യാപകർ... വിദ്യാർത്ഥികൾ... പൂർവ്വ വിദ്യാർത്ഥികൾ...
“സുഖമാണോ ഹരി?” പാതി കടിച്ച ബിസ്‌ക്കറ്റും കൈയിൽ പിടിച്ച് സുഷമ. ഹരിയും കവിതയും ഒരുപോലെ പരിഭ്രമിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ മൗനം നടിച്ചു. ചോദിച്ചത് ഹരിയോടായിരുന്നുവെങ്കിലും കവിതയിൽ നിന്നു കൂടി സുഷമ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു. അൽപനേരം എന്തോ ആലോചനയിലാണ്ടപോലെ നിന്ന ഹരി ചായയെടുക്കാനായി പതുക്കെ വലിഞ്ഞു. അസ്വസ്‌ഥത നിറഞ്ഞ നിശബ്‌ദതകൾക്കിടയിൽ ഇപ്പോൾ കവിതയും സുഷമയും മാത്രം.
ഒരു പ്ലേറ്റിൽ മൂന്നു കപ്പ് ചായയുമായി ഹരി എത്തി. ശ്രമപ്പെട്ട് ഒരു ചിരി വരുത്തി ഇരുവരോടുമായി പറഞ്ഞു. “ചായയെടുക്കൂ.”
“സൂരജ് എന്തു പറയുന്നു?”
സുഷമയുടെ കണ്ണുകളിലേയ്‌ക്ക് പ്രയാസപ്പെട്ട് നോക്കിക്കൊണ്ട് ഹരി ചോദിച്ചു.
“സൂരജ്... അച്‌ഛനില്ലാത്ത കുട്ടികളെപ്പോലെ അവനും...” എന്തു മറുപടി പറയണമെന്നറിയാതെ ഹരി കുഴങ്ങി. കവിത ഒന്നും മിണ്ടാതെ മറ്റെവിടെയോ ശ്രദ്ധിക്കുന്ന മട്ടിൽ ചായ കുടിച്ചു. അല്ലെങ്കിൽ ഇതിൽ തനിക്കെന്തുകാര്യം? ഭാര്യയും ഭർത്താവും വിശേഷങ്ങൾ പറയുന്നിടത്ത് താൻ ആരാണ്? അവർ സംസാരിക്കട്ടെ, അത് അവരുടെ കുട്ടിയെക്കുറിച്ചുള്ള കാര്യം.