മറൈൻഡ്രൈവിലെ കാറ്റ് ഭാഗം- 3

ഉള്ളിൽ ഉരുകി നിറയുന്ന സങ്കടം കണ്ണിലൂടെ അരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ നന്ദന ആർക്കും മുഖം കൊടുക്കാതെ ബാത്ത്റൂമിലേയ്ക്ക് നടന്നു.

അരുൺ വിവാഹിതനായി മടങ്ങി വന്നിരിക്കുന്നു. താനുമായുള്ള വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാമെന്ന് പറഞ്ഞുപോയ ആൾ… എത്ര വലിയ വിശ്വാസവഞ്ചനയാണ് തന്നോട് ചെയ്തത്. പത്ത് മിനിട്ട് മുമ്പ് ഓഫീസിലുണ്ടയ ആ സംസാരം ഒരു സ്ഫോടനമായി കാതിൽ മുഴങ്ങുന്നുണ്ട്.

അരുണിനെ മനസ്സിലാക്കാൻ തനിക്ക് കഴിയാത്തതാണോ? വെറും അഭിനയമായിരുന്നോ, ആ സ്നേഹവും. മുഖം നന്നായി കുഴുകിത്തുടച്ച് നന്ദന സീറ്റിൽ വന്നിരുന്നു. ഓഫീസിൽ മറ്റാർക്കുമറിയില്ല അവരുടെ ബന്ധം. അതുകൊണ്ട് അപകടകരമായ നോട്ടങ്ങളെ നേരിടേണ്ടി വന്നില്ല നന്ദനയ്ക്ക്. പക്ഷേ അവളുടെ ചേതനാശൂന്യമായ കണ്ണുകളെ നേരിടാൻ കഴിയാതെ അന്നു മുഴുവൻ അരുൺദേവ് ക്യാബിനിൽ തന്നെ കഴിച്ചുകൂട്ടി.

ഈ അവസ്ഥയിൽ നന്ദനയ്ക്കും അയാളെ ഫേസ് ചെയ്യാൻ പ്രയാസം തോന്നി. “ഒരു വാക്ക് എന്നോട് പറഞ്ഞാൽ മതിയായിരുന്നല്ലോ… നിന്നെ വിവാഹം ചെയ്യാൻ കഴിയില്ല എന്ന്…” അത് താൻ അംഗീകരിക്കുമായിരുന്നു. ഇത്രയുമൊക്കെയെത്തിയിട്ട് ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ തീരുമാനിക്കാൻ എന്താണുണ്ടായത്? ആ ചോദ്യം തുടരെത്തുടരെ അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.

വൈകിട്ട് ഒരാഴ്ചത്തെ അവധിയെഴുതിക്കൊടുക്കാൻ ചെന്നപ്പോൾ റോഷൻ സാർ ചോദ്യഭാവത്തിൽ നോക്കി. പെട്ടെന്ന് മനസ്സിൽ തോന്നിയ കള്ളം പറഞ്ഞ് തടിതപ്പി.

“അമ്മയ്ക്ക് സുഖമില്ല.” അവൾക്കപ്പോൾ കള്ളം പറഞ്ഞതിൽ തെല്ലും കുറ്റബോധം തോന്നിയില്ല. മനസ്സിൽ ഒരു വികാരവും തോന്നാത്ത പോലെ.

ഹോസ്റ്റലിലെത്തി മുറിയിൽ വാതിലടച്ച് കിടന്നു. കരയാൻപോലും തോന്നുന്നില്ല. ഒരു ശൂന്യതാബോധം മാത്രം ചിന്തിയിലും നിഴലിട്ടു.

അരുൺ വിവാഹിതനായി. ഇനി അയാൾ മറ്റൊരു പെണ്ണിന്‍റെ സ്വന്തമാണ്. നമുക്ക് സ്വന്തമാക്കാനാവാത്ത ഒരു വസ്തുവിനെക്കുറിച്ചോർത്ത് ദുഖിക്കുന്നതെന്തിന്? എവിടെയോ വായിച്ച ഈ വാചകം അവൾക്കപ്പോൾ ഓർമ്മ വന്നു.

വ്യർത്ഥമായ പ്രണയത്തെക്കുറിച്ചോർത്ത് ജന്മം പാഴാക്കരുത്. മനസ്സ് കഠിനമായി അവളെ ഉപദേശിക്കാൻ തുടങ്ങി. ഇത്തരം ഒരു പ്രശ്നത്തിൽ തളരാനോ? ഇതിലും വലിയ സങ്കീർണ്ണതകളിലൂടെ ജീവിച്ചവളല്ലേ താൻ. നന്ദന ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു കണ്ണുകൾ തുടച്ചു.

ഒരാഴ്ചത്തെ അവധിക്കു ശേഷം ഓഫീസിലെത്തുമ്പോൾ അവൾക്ക് ആരെയും നേരിടാൻ ഒരു വിഷമവും തോന്നിയില്ല. വർദ്ധിച്ച അതമവിശ്വസത്തടെ ആയിരുന്നു നന്ദനയുടെ പെരുമാറ്റം.

ഒരു ഭീരുവിനെ സ്നേഹിച്ചതിന്  ഇത്രയും വേദനയോക്കെ സഹിച്ചാൽ പോരേ…? അവൾ എപ്പോഴും അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നു. അരുൺദേവ് ക്യാബിനിലുണ്ടായിരുന്നു. ഫയൽ ഒപ്പിടുവിക്കാൻ അവിടെ ചെന്നപ്പോൾ അവൾ അയാളെ ശ്രദ്ധിച്ചു. നാളുകളായി ഏതോ ദീനം ബാധിച്ചപോലെയാണ് ഭാവം. എല്ലാം അഭിനയമാണ്. നന്ദനയ്ക്ക് വെറുപ്പു തോന്നി. അയാൾ അവളുടെ കണ്ണുകളിൽ നോക്കാതെ ഫയൽ വാങ്ങി ഒപ്പിട്ട് തിരിച്ചു കൊടുത്തു.

ഡിപ്പാർട്ടുമെന്‍റൽ പരീക്ഷ ആദ്യ പ്രാവശ്യം തന്നെ ജയിച്ചതിനാൽ ആദ്യത്തെ പ്രമോൻ ലിസ്റ്റിൽ നന്ദനയുടെ പേരും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഓർഡർ വരും. മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ നൽകിയിരുന്നെങ്കിൽ… ഇന്ന് മാനേജരോട് സംസാരിച്ചു നോക്കണം. അവൾ ക്യാബിനിലേയ്ക്ക് കടന്ന് ബാഗ് വയ്ക്കാൻ മേശ വലിപ്പ് തുറന്നു. പരിചയമുള്ള കൈയക്ഷരത്തിലെ ഒരു കുറിപ്പ്. അവൾ അതെടുത്ത് വായിച്ചു.

‘ഞാൻ തെറ്റു ചെയ്തു. എന്നോട് വെറുപ്പാണെന്നറിയാം. എങ്കിലും എന്‍റെ പ്രവൃത്തിയെ ഞാൻ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ല. നീ തരുന്ന എന്തു ശിക്ഷയും ഞാൻ സ്വീകരിക്കും.’ അരുൺ.

കുറിപ്പ് വായിച്ചപ്പോൾ അവൾക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. ദേഷ്യം സങ്കടത്തിലേയ്ക്ക് വഴിമാറാൻ അൽപനേരമേ വേണ്ടൂ… അവൾ ആ കുറിപ്പ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിഞ്ഞു.

അരുണിന്‍റെ കുറ്റസമ്മതം. അതിന് ഞാനെന്തിന് മറുപടി നൽകണം.? തന്‍റെ സാന്നിദ്ധ്യമാണ് ഇപ്പോൾ അരുണിന്‍റെ പ്രശ്നം. അതുകൊണ്ടാണീ കുറ്റസമ്മതം. ഇനി കൂടുതൽ ഇടപെടലിന് അവസരം കൊടുത്തുകൂടാ.

ഓഫീസിൽ വളരെ തിരക്കുണ്ടായിരുന്നു. എന്നിട്ടും അന്യതാബോധം അവളെ വല്ലാതെയലട്ടി. രക്ഷപെടണം, ഉടൻ എങ്ങോട്ടെങ്കിലും.

സ്ഥലം മാറ്റത്തിനുള്ള കത്ത് റെഡിയാക്കി നന്ദന തിരക്കിട്ട് മേലധികാരിക്ക് സമർപ്പിച്ചു. കൂടെ രണ്ടാഴ്ചത്തെ ലീവും. പതിവു കള്ളം വീണ്ടും ആവർത്തിച്ചു. അമ്മയ്ക്ക് സുഖമില്ല. ഇപ്രാവശ്യം അവൾക്ക് തെല്ല് ആത്മനിന്ദ തോന്നാതിരുന്നില്ല.

ഹോസ്റ്റലിൽ ചെന്നപ്പോൾ മേട്രന് എന്നാണ് പോകുന്നതെന്നറിയണം. പുതിയ ആളെ പ്രവേശിപ്പിക്കാനാണ്.

“ലീവെടുത്തിട്ട് കുട്ടി വീട്ടിൽ പോകുന്നില്ലേ…” അവർ ചോദിച്ചു. നന്ദന ഇല്ല എന്നർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.

വീട്….

അവിടേയ്ക്ക് എങ്ങനെ പോകും? അമ്മയുടെ ഭയവിഹ്വലമായ മുഖം കാണാനോ? ആ ചോദ്യങ്ങളെ നേരിടാനോ? അരുണിനെക്കുറിച്ച് ചോദിച്ചാൽ എന്തുപറയും?

അന്ന് അരുൺ വീട്ടിൽ വന്നപ്പോൾ ഇളയപ്പൻ വീട്ടിൽ ഇല്ലായിരുന്നു. ആ സമയം അമ്മ തിരഞ്ഞെടുത്തതാണ്. ഭാര്യയുടെ ആദ്യഭർത്താവിലെ മകളോട് ഒട്ടും ദാക്ഷിണ്യമില്ല അയാൾക്ക്. വിവാഹമോചനും നേടി അച്ഛനും അമ്മയും രണ്ടു ജീവിതം തെരഞ്ഞെടുത്തപ്പോൾ ഒറ്റപ്പെട്ടു പോയത് താനാണ്.

അമ്മ ഓഫീസിലെ സഹപ്രവർത്തകനെ വിവാഹം ചെയ്തു. അദ്ദേഹത്തിന് ആദ്യഭാര്യയിൽ ഒരു മകളുണ്ട്. കവിത. അതുകൊണ്ട് ഇളയപ്പന് തന്നെ ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരു ഭാരം എന്നാണ് എപ്പോഴും തന്നെക്കുറിച്ച് പറയുക. കേട്ടുകേട്ടു മടുത്തപ്പോൾ ഒരിക്കൽ തിരിച്ചു മറുപടി പറഞ്ഞുപോയി. അന്ന് അയാൾ ദേഷ്യത്തിൽ പിടിച്ചു തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ച് മുറിഞ്ഞു. അതു കണ്ടിട്ട് അമ്മ കരഞ്ഞതല്ലാതെ എന്‍റെ പക്ഷം പിടിച്ച് ഒന്നു സംസാരിക്കാൻ പോലും തയ്യാറായില്ല. ആ സംഭവത്തിനു ശേഷം വീട്ടിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.

എങ്ങനെയും വീട്ടിൽ നിന്ന് രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. വാശിയോടെ പഠിച്ചതിനാൽ ബാങ്ക് ടെസ്റ്റ് പാസായി. മനസ്സ് ആശിച്ചതുപോലെ കാര്യങ്ങൾ നടന്നു. ജോലി ശരിയായി ജയ്പൂരിൽ നിന്ന് പോസ്റ്റിംഗ് ഓർഡർ വന്നതിന്‍റെ പിറ്റേന്ന് വീട്ടിൽ നിന്നിറങ്ങിയതാണ്. വല്ലപ്പോഴും അമ്മയെ പോയി കാണുന്നതൊഴിച്ചാൽ ആ വീടുമായി യാതൊരു ബന്ധവുമില്ല. അമ്മയ്ക്ക് തന്‍റെ ഒപ്പം വരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവർക്ക് ഇളയപ്പനെ ഭയമായിരുന്നു. സ്വന്തം അമ്മ മറ്റൊരാളുടെ പത്നിയായാൽ പിന്നെ എന്തു ബന്ധം.

“അവൾക്ക് വരുമാനമുണ്ടല്ലോ, പിന്നെ ഹോസ്റ്റലിൽ നിൽക്കുന്നതിലെന്താ?” ജോലി കിട്ടിയപ്പോൾ ഇളയപ്പന്‍റെ പ്രതികരണം അങ്ങനെയായിരുന്നു. എന്തായാലും ആർക്കും ബാധ്യതയാവാതെ ഹോസ്റ്റലിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. ജയ്പൂരിൽ തരക്കേടില്ലാത്ത അക്കോമഡേഷൻ ലഭിക്കുന്ന ഹോസ്റ്റലുകളുണ്ട്.

ബാങ്ക് ജോലിയോടെ പണവും പോസിഷനും കൈവന്നു. പക്ഷേ സ്നേഹം അനുഭവിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സിലേക്ക് അരുൺ കുടിയേറിപ്പാർത്തത് താൻ പോലുമറിയാതെ. എന്നിട്ടും ജീവിത്തിൽ മറ്റൊരു ഗ്രഹണം കൂടി സമ്മാനിക്കാനേ അരുണിന് കഴിഞ്ഞുള്ളൂ.

ഇത്രയുമോക്കെ സഹിച്ചു. ഇനിയും പരീക്ഷണത്തിനായി ജയ്പൂരിൽ നിൽക്കണോ? ഒരു മാറ്റം ആവശ്യമാണ്. അങ്ങനെയാണ് ഈ നഗരത്തിൽ, കൊച്ചിയിൽ വന്നുപെട്ടത്…

ജയ്പൂരിനെ കുറിച്ചുള്ള ഓർമ്മകൾ പോലും തേടാത്തത്ര അകലത്തേക്ക് ഒരു മാറ്റം. ജനലഴികളിൽ മുഖം ചേർത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി. പുറത്ത് മഴ ശക്തിയായി പെയ്യുന്നു. അവൾ കിടക്കയിലേയ്ക്ക് ചെന്നു വീണു.

മോളേ… എട്ടു മണിയായി. എഴുന്നേൽക്കുന്നില്ലേ… സുമതിയാന്‍റി കുലുക്കി വിളിച്ചപ്പോഴാണ് അവൾ കണ്ണു തുറന്നത്.

രാത്രി ഏറെ വൈകി ഉറങ്ങാൻ. ആലോചിച്ചും കരഞ്ഞും എപ്പോഴോ മയങ്ങി. കരഞ്ഞു വീങ്ങിയ കണ്ണുകളും വീർത്ത മുഖവും കണ്ട് സുമതിയാന്‍റി അമ്പരന്നു.

“എന്താ മോളേ… സുഖമില്ലേ… ?”

അവർ തലമുടിയിൽ തലോടി ചോദിച്ചപ്പോൾ അവൾക്ക് അമ്മയെ ഓർമ്മ വന്നു. വല്ലാത്തൊരു തേങ്ങൽ അവളെയാകെ ഉലച്ചു. സുമതിയമ്മയ്ക്കു പരിഭ്രമമായി. അവർ നിർബന്ധപൂർവ്വം അതിലേറെ സ്നേഹത്തോടെ കാരണം തിരക്കിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോയി.

അമ്മയെപ്പോലെ സ്നേഹിക്കുന്ന സുമയിയാന്‍റിക്കു മിന്നിൽ ഒന്നും ഒളിക്കാൻ നന്ദനയ്ക്കു കഴിഞ്ഞില്ല. അവൾ എല്ലാം തുറന്നു പറഞ്ഞു. അരുണുമായുള്ള പ്രശ്നങ്ങൾ ഒഴികെ.

“നമ്മൾ രണ്ടുപേരും തുല്യദുഖിതരാണ് മോളേ… നിനക്ക് അമ്മയുടെ സ്നേഹം നിഷേധിക്കപ്പെട്ടിരിക്കുന്നു. എനിക്ക് എന്‍റെ മകളെയും നഷ്ടമായി. അപ്പോൾ ഇനി മുതൽ നീ എന്‍റെ മോളും ഞാൻ നിന്‍റെ അമ്മയുമാകും. ആവില്ലേ…?”

നന്ദനയുടെ കണ്ണ് നിറഞ്ഞു. അവൾ സുമതിയാന്‍റിയുടെ മടിയിൽ തലവച്ച് കരച്ചിലടക്കി. സുമതിയമ്മ അവളെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ച് ചായ നൽകി. ഓഫീസിൽ പോകാൻ നേരം ലഞ്ച്ബോക്സ് എടുത്ത് പൊതിഞ്ഞ് ബാഗിൽ വച്ചുകൊടുത്തു.

സുമതിയമ്മയ്ക്ക് സ്വന്തം മകളെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു. ബന്ധങ്ങളുടെ ദിശ മാറാൻ നിമിഷങ്ങൾ മതി. അതോർത്തപ്പോൾ അവൾക്ക് കൗതുകം തോന്നി. സന്തോഷങ്ങളുടെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഓഫീസിലും വീട്ടിലും അവൾക്ക് ജീവിതം സുഖകരമായി തോന്നി. ഇതിനിടയിലും അരുണിനെക്കുറിച്ചുള്ള ഓർമ്മകൾ അവളെ ഇടയ്ക്കിടെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. സുമതിയാന്‍റിയ്ക്ക് അക്കാര്യം അറിയില്ലാത്തതിനാൽ അവൾ ആ വേദന ഒളിച്ചുവയ്ക്കാൻ പാടുപെട്ടു.

ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. കുങ്കുമസൂര്യന്‍റെ തുടുപ്പ് സന്ദർശകരുടെ മുഖങ്ങളിലും തിളക്കമേറ്റുന്നു. സന്ധ്യാസമയത്ത് മറൈൻഡ്രൈവിൽ എന്തു തിരക്കാണ്. സുമതിയാന്‍റിക്കൊപ്പം. ഷോപ്പിങ്ങിനിറങ്ങിയതാണ്. അൽപനേരം മറൈൻഡ്രൈവിലിരുന്ന് കാറ്റു കൊള്ളുന്നത്. അവർക്ക് വലിയ ഇഷ്ടമാണ്. അതറിയാവുന്നതിനാൽ അവൾ അവരെ അങ്ങോട്ടു കൂട്ടികൊണ്ടുപോയി. പ്രണയ ജോഡികൾ നിറഞ്ഞ മറൈൻഡ്രൈവിലെ സായാഹ്നം ജയ്പൂരിലെ സന്ധ്യകളെ ഓർമ്മിപ്പിച്ചു. അരുണുമൊരുമിച്ച് ചെലവിട്ട നിമിഷങ്ങളും സൂര്യന്‍റെ ചുവപ്പുരാശി പടർന്ന മുഖത്തേക്ക് വീണ ചുരുളൻ മുടിയിഴകൾ ഒതുക്കി ലേശം ലജ്ജയോടെ ചിരിക്കുന്ന അരുണിന്‍റെ രൂപവും എല്ലാം അവളുടെ ഹൃദയത്തെ തപിപ്പിച്ചു. അതോടൊപ്പം അമ്മയെക്കുറിച്ചുള്ള വേവലാതികളും.

ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു മഹാദ്ഭുതം കാത്തിരിപ്പുണ്ടായിരുന്നു. ജയ്പൂരിൽ നിന്ന് ഇളയപ്പൻ വിളിച്ചിരുന്നത്രേ… കവിതയുടെ കല്യാണമാണ്, അക്കാര്യം പറയാൻ കൂടിയായിരിക്കും. ഫോണെടുത്തത് ശേഖരൻമാഷാണ്. അദ്ദേഹവുമായി ഇളയപ്പൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

“നന്ദൂ… ഇവിടെവാ…” ശേഖരൻമാഷ് വിളിച്ചപ്പോൾ മാത്രം അവൾ ഫോൺ അറ്റൻഡ് ചെയ്തു. അങ്ങേത്തലയ്ക്കൽ ഇളയപ്പന്‍റെ ശബ്ദം.

“മോളേ…” പതിവില്ലാത്ത സ്നേഹമുണ്ട് ആ ശബ്ദത്തിൽ “കവിതയുടെ കല്യാണം ക്ഷണിക്കാൻ ഞങ്ങളങ്ങോട്ട് വരുന്നുണ്ട്.” ഇളയപ്പൻ അൽപനേരം സംസാരിച്ച ശേഷം ഫോൺ അമ്മയ്ക്ക് കൊടുത്തു.

“നീ വരില്ലേ..”

“ഞാൻ വരുന്നില്ല അമ്മേ. പക്ഷേ എന്‍റെ എല്ലാ അഭിനന്ദനങ്ങളും അവൾക്കുണ്ടാവും.”

അമ്മ നിർബന്ധിച്ചില്ല. പകരം സുമതിയാന്‍റിക്ക് കൊടുക്കാൻ മാത്രം പറഞ്ഞു. അവർ തമ്മിൽ ഒത്തിരി നേരം സംസാരിച്ചു.

എന്തായിരിക്കും ഇത്രയേറെ സംസാരിക്കാൻ… സംശയം തോന്നിയെങ്കിലും ചോദിച്ചില്ല. ആന്‍റി ഒന്നും പറഞ്ഞുമില്ല.

എന്തായാലും ഇളയപ്പന് വലിയ മാറ്റം വന്നിട്ടുണ്ട്. അമ്മയുടെ കാര്യമോർത്തപ്പോൾ ആശ്വാസം തോന്നി. ഇപ്പോൾ എന്നെക്കുറിച്ചുള്ള സങ്കടങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമായിക്കാണും.

“മോളേ… അമ്മ ഞായറാഴ്ച വരും. ഞങ്ങളെ കല്യാണം നേരിട്ടു ക്ഷണിക്കാൻ….” ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ സുമതിയാന്‍റി പറഞ്ഞു.

നന്ദനയ്ക്ക് അദ്ഭുതം തോന്നി. അവരുടെ ബന്ധങ്ങൾക്ക് സൗഹൃദത്തിന്‍റെ നിറം വയ്ക്കുന്നുണ്ടെന്ന് നന്ദനയ്ക്ക് മനസ്സിലായി.

ഞായറാഴ്ചയാവാൻ കാത്തിരിക്കുകയായിരുന്നു ശേഖരൻമാഷും സുമതിയാന്‍റിയും. അതിഥികളെ സ്വികരിക്കാൻ അവർ വളരെയധികം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

നാല് വർഷങ്ങളായി നന്ദന കൊച്ചിയിൽ വന്നിട്ട്. ജയ്പൂരിൽ നിന്ന് ഇതാദ്യമായാണ് ഇളയപ്പനും അമ്മയും തന്നെ കാണാനെത്തിയത്. നന്ദനയ്ക്ക് ആഹ്ളാദവും പിരിമുറുക്കവും തോന്നി.

“നിനക്ക് ജയ്പൂരിലേയ്ക്ക് വരാൻ ഒട്ടും ആഗ്രഹമില്ലേ…” അമ്മ അവളെ തനിച്ചു കിട്ടിയപ്പോൾ ചോദിച്ചു.

സുന്ദരമായ ആ നാട് കാണാൻ തനിക്ക് മോഹമുണ്ടെന്ന് അവൾ പറഞ്ഞില്ല. നിശ്ശബ്ദമായി പുസ്തകങ്ങൾ അടുക്കി വച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ ജയ്പൂരിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അരുണിന്‍റെ പേര് പരാമർശിച്ചപ്പോൾ നന്ദന ഞെട്ടി. അവൾ അതിയായ ദേഷ്യത്തോടെ മുറിയിൽ നിന്ന് പുറത്തേക്ക് കടക്കാനൊരുങ്ങി. അപ്പോൾ വാതിൽക്കൽ സുമതിയാന്‍റി ചായയുമായി നിൽപ്പുണ്ടായിരുന്നു.

(തുടരും)

Story: പൂർണ്ണവിരാമം

ആരാ ഇത്ര വെളുപ്പിന്? രമേഷ് ഒന്ന് നോക്കൂന്നേ, ആരാണെന്ന്? എനിക്ക് ഉറക്കം വന്നിട്ട് വയ്യാ, കോളിംഗ് ബെൽ നിർത്താതെ അടിക്കുന്നതു കേട്ട് മായ ഭർത്താവിനോടു പറഞ്ഞു.

“അയ്യോ ഇതാര് റീനയോ?” വാതിൽ തുറന്ന രമേഷ് പാമ്പിന്‍റെ മേൽ അറിയാതെ ചവിട്ടിയതു പോലെ ഞെട്ടി. റീനയുടെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. “അകത്തേക്കു വരൂ റീനാ, ഞാനിപ്പോൾ മായയെ വിളിക്കാം.” രമേഷ് പരിഭ്രമത്തോടെ പറഞ്ഞു.

“ആരാ രമേഷ്?” എന്നു ചോദിച്ച് മായ തിരിഞ്ഞു കിടന്നു. “നിന്‍റെ ആത്മമിത്രം റീന വന്നിട്ടുണ്ട്. ചെന്നു നോക്ക്, രാവിലെ തന്നെ ഞെട്ടാനുള്ള വകുപ്പ് കിട്ടും.”

“റീനയോ? അതും ഇത്ര രാവിലെ?” മായ ചാടിയെഴുന്നേറ്റു.

“നിനക്കെന്തു പറ്റിയെടീ?”

പൊട്ടിക്കരച്ചിലായിരുന്നു മറുപടി. “നീ ഇതു നോക്ക്. നീ എന്നോടു പറയാറില്ലേ ഭർത്താവിനോടൊപ്പം അഡ്ജസ്റ്റ് ചെയ്ത് പോകണമെന്ന്. അയാളെന്നെ നിർദ്ദയം തല്ലിച്ചതച്ചതു കണ്ടില്ലേ? ഞാനവിടെ നിന്ന് ഓടിപ്പോന്നില്ലായിരുന്നെങ്കിൽ അയാളെന്നെ കൊന്നേനേ. ഇനിയും എനിക്കിത് സഹിക്കാൻ വയ്യ മായേ.” അവൾ കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചു.

മായ രക്തം മുഴുവൻ തുടച്ചു മാറ്റി. മുറിവിന് നല്ല ആഴമുണ്ട്. “ഇങ്ങനെ തല്ലിച്ചതയ്ക്കാനും മാത്രം എന്താ ശരിക്കും സംഭവിച്ചത്?” മായ ചോദിച്ചു.

“ജോണിക്ക് അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ദേഷ്യം വന്നാൽ പിന്നെ എന്തും ചെയ്യും. നീ നോക്കിക്കോ, ഇങ്ങനെ പോയാൽ എന്‍റെ മരണം അയാളുടെ കൈ കൊണ്ടു തന്നെയായിരിക്കും.”

“എന്താ സംഭവിച്ചതെന്നു പറയൂ.”

“ഒന്നുമില്ലെടീ, ഞാൻ രാത്രിയിൽ പാലെടുത്ത് ഫ്രിഡ്ജിൽ വയ്ക്കാൻ മറന്നു. രാവിലെ ജോണിയെഴുന്നേറ്റ് അടുക്കളയിൽ ചെന്നപ്പോൾ അതവിടെ ഇരിക്കുന്നതു കണ്ടു. അങ്ങനെ തുടങ്ങിയ വഴക്കാണ്.”

“ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ, ഇത്തരം സന്ദർഭങ്ങളിൽ മിണ്ടാതിരിക്കണമെന്ന്? രണ്ടും കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദം കേൾക്കൂ.” മായ നിരാശയോടെ പറഞ്ഞു.

“ഞാനും ഒരു മനുഷ്യസ്ത്രീയല്ലേ, സഹിക്കുന്നതിനും ഒരു പരിധിയില്ലേ?”

“ശരി, ശരി നീ വിശ്രമിക്ക്. ഞാൻ വേഗം പ്രാതലിനെന്തെങ്കിലും ഉണ്ടാക്കാം. എനിക്ക് ഓഫീസിൽ പോകാനുള്ളതാ. പിള്ളേർക്കിന്ന് പരീക്ഷ തുടങ്ങുകയാണ്.” ക്ലോക്കിൽ നോക്കിക്കൊണ്ട് മായ എഴുന്നേറ്റു.

“നീ ഇന്നെന്നെ ഇട്ടിട്ടു പോകല്ലേ മായേ, നീ ഇല്ലാത്തപ്പോൾ ജോണി വന്നാലെന്താ ചെയ്ക?”

“ഇന്നെനിക്ക് ലീവ് കിട്ടില്ലടീ. ഒത്തിരി തിരക്കുണ്ട്. തന്നെയുമല്ല, നീ വീട്ടിലേക്ക് തിരിച്ചു പോയേ പറ്റൂ.”

“നീ എല്ലാ പ്രാവശ്യവും എന്നെയിങ്ങനെ സമാധാനിപ്പിച്ച് വീട്ടിൽ വിടും. ഇത്തവണ ഞാൻ പോവില്ല. നീ എന്‍റെ അച്‌ഛനൊന്ന് ഫോൺ ചെയ്താൽ മതി, എന്നെ വന്ന് കൂട്ടീട്ട് പൊയ്ക്കോളും.”

രമേഷിനുള്ള ചായയുമായി മായ ചെന്നപ്പോൾ അയാൾ അർത്ഥം വച്ചു ചിരിച്ചു. “ഞാനെന്തു ചെയ്യാനാണ്, രമേഷ് തന്നെ പറയ്. ഈയൊരവസ്ഥയിൽ അവൾ വീട്ടിൽ കയറി വരുമ്പോൾ ഇറക്കി വിടുന്നതെങ്ങനെയാ?”

“അയ്യോ! നീയങ്ങനെ മഹാപരാധമൊന്നും ചെയ്യേണ്ട. നിന്‍റേം കൂടി വീടാണിത്. നിന്‍റെ പ്രിയ കൂട്ടുകാരിയാണ്. പക്ഷേ അവളുടെ പ്രശ്നങ്ങൾക്കെല്ലാം നീ തന്നെ പരിഹാരമുണ്ടാക്കണമെന്നത് ഇത്തിരി കടന്ന കയ്യല്ലേ? അവളുടെ ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കാൻ നമ്മളെത്ര ശ്രമിച്ചതാ?”

“അങ്ങനെ പറഞ്ഞാൽ മനസ്സിലാവുന്നയാളായാൽ പിന്നെ എന്തെങ്കിലും കുഴപ്പമുണ്ടാവുമായിരുന്നോ?”

“ഏതായാലും നമ്മുടെ വീട്ടിൽ ഇത്തരം നാടകങ്ങൾ അരങ്ങേറുന്നതിനോട് എനിക്ക് യോജിപ്പില്ല. കുഞ്ഞുങ്ങൾ വളരുന്ന വീടാണിത്.” രമേഷ് തന്‍റെ അന്തിമ തീരുമാനം അറിയിച്ചു.

“ഞാൻ നിങ്ങളുടെ കാല് പിടിക്കാം. ഇങ്ങനെ കിടന്ന് ഒച്ചയെടുക്കാതെ. റീന കേട്ടാൽ എന്തു വിചാരിക്കും?”

“നീ കണ്ണുതുറന്ന് നോക്കടീ. എല്ലാവരും പ്രശ്നങ്ങൾ സ്വയമാണ് സോൾവ് ചെയ്യുന്നത്. എത്ര ക്രൂരമായാണ് ജോൺസൺ റീനയെ തല്ലിയത്. ശരിക്കും പോലീസിൽ പരാതിപ്പെടേണ്ടതല്ലേ? അച്‌ഛനമ്മമാരെ അറിയിച്ച് ആ വഴി നീങ്ങാൻ അവളോട് പറയ്. ഇപ്പോ നീ ഇവിടില്ലായിരുന്നെങ്കിൽ ആരുടെ തോളിൽ തലവച്ച് കരയുമായിരുന്നി പ്രിയ സ്നേഹിത?” രമേഷിന്‍റെ രോഷം തീർന്നില്ല.

ഓഫീസിൽ പോകുന്ന വഴിക്ക് മായ റീനയെക്കുറിച്ച് മാത്രമാണ് ഓർത്തു കൊണ്ടിരുന്നത്. വിവാഹം കഴിഞ്ഞ് റീന ഭർത്താവിനോടൊപ്പം മായയുടെ ഹൗസിംഗ് കോളനിയിൽ തന്നെ താമസിക്കാനെത്തിയപ്പോൾ എത്ര സന്തോഷിച്ചതാണ്?

മൂന്നു ദിവസം കഴിഞ്ഞു. ജോൺസൺ റീനയെ വിളിക്കുകയോ കൊണ്ടുപോകുവാൻ വരികയോ ചെയ്‌തില്ല. റീനയൊട്ട് പോകാൻ ഉത്സാഹം കാണിച്ചതുമില്ല. രമേഷിനും മായയ്ക്കുമിടയിൽ ഉരസലുകൾ ഉണ്ടാകുവാൻ ഇതു കാരണമായി. കുട്ടികളും ആകെ വിഷമിച്ചു.

“ഞാൻ റീനയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്.” രമേഷ് പറഞ്ഞു.

“എന്തായിത് രമേഷ്? റീനയോട് ചോദിക്കാതെയാണോ ഓരോന്ന് ചെയ്യുന്നത്?” മായയ്ക്ക് പേടിയായി.

“പിന്നേ അവളോട് ചോദിച്ചിട്ട് വേണ്ടേ, എനിക്കെന്തെങ്കിലും ചെയ്യാൻ? കെട്ടിയോനുമായി വഴക്കിട്ട് ഇവിടെയെത്തീട്ട് മൂന്നു ദിവസമായി. അവൻ സുഖിച്ചു വീട്ടിലിരുപ്പാണ്. എനിക്കിതിൽ കൂടുതൽ സഹിക്കാനാവില്ല.”

“എന്നോടൊന്ന് ആലോചിക്കാമായിരുന്നില്ലേ? ഈ വീട്ടിൽ എനിക്കും ചില അധികാരങ്ങളൊക്കെയുണ്ട്.”

“അതു ശരി, എങ്കിൽ ഞാൻ അധികാരം ഉപയോഗിച്ച് എന്‍റെ കൂട്ടുകാരൻ ഗോപിയെ ഇവിടെ കൊണ്ടു വന്നു താമസിപ്പിക്കട്ടെ?” രമേഷ് ആക്ഷേപ സ്വരത്തിൽ ചോദിച്ചു.

“ആ മുഴുക്കുടിയൻ ഗോപിയെയോ?”

“അവനെത്തന്നെ.”

“ഞാനവനെ ഈ പടിക്കകത്തു കയറ്റില്ല.”

“അതെന്താ ഇവിടെ എനിക്ക് അധികാരമൊന്നുമില്ലേ?” രമേഷ് പുഞ്ചിരിച്ചു.

“നീ പറയുന്നതു മനസ്സിലാക്ക് മായേ, റീന അവളുടെ വീട്ടിൽ നിന്നും തീക്കൊള്ളിയുമായി വന്ന് നമ്മുടെ വീടിന് തീയിടാൻ നോക്കുകയാ. ചെന്ന് നോക്ക്, നിന്‍റെ പുന്നാര കൂട്ടുകാരി കുട്ടികളുടെ കൂടെയിരുന്ന് ടിവി കാണുകയാണ്. നീ രാപകലില്ലാതെ കിടന്നു കഷ്ടപ്പെടുന്നതു കണ്ടാലും അവൾ എന്തെങ്കിലും കൈ സഹായം ചെയ്യാറുണ്ടോ?

“അവളെ വെറുതെ വിട്ടേക്ക്. താമസിയാതെ തിരിച്ചു പൊയ്ക്കോളും.” മായ അടുക്കളയിലേക്ക് പോയി. റീന ടി.വി. കാണുന്നതിൽ തന്നെ മുഴുകി. അവൾക്കുള്ള ഭക്ഷണം അവിടെ കൊണ്ടു കൊടുത്ത ശേഷം രമേഷും മായയും കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ കോളിംഗ് ബെൽ ശബ്ദിച്ചു. മായ കതകു തുറന്ന് അതിഥിയെ അകത്തേക്ക് ക്ഷണിച്ചു. “ക്ഷമിക്കണം, ആരാണെന്ന് എനിക്കങ്ങോട്ട്…”

“പറയാം, അതിനു മുമ്പ് റീനചേച്ചിയെ ഒന്നു വിളിക്കാമോ?” വന്ന സ്ത്രീ പറഞ്ഞു.

“അയ്യോ, ജ്യോതിയായിരുന്നോ? ജോൺസന്‍റെ പെങ്ങൾ? അകത്തേക്കു വാ. റീന ഇവിടുണ്ട്. ടി.വി. കാണുകയാണ്.” മായയ്ക്ക് സന്തോഷമായി.

“റീനാ, ഇതാരാണെന്ന് നോക്കിയേ!”

“ഓ! നീയായിരുന്നോ? ഞാൻ ചത്തോ അതോ ജീവൻ ബാക്കിയുണ്ടോയെന്നറിയാൻ പൊന്നാങ്ങള അയച്ചതായിരിക്കും.” റീന വെറുപ്പോടെ മുഖം തിരിച്ചു.

“ഇതെന്താ ചേച്ചീ, ഇങ്ങനെ പറയുന്നത് ഞാൻ ചേച്ചിയെ കൂട്ടിക്കൊണ്ടു പോകുവാൻ വന്നതാ. ദേഷ്യം വന്നാൽ വീട്ടിൽ നിന്നിറങ്ങിപ്പോകുകയാണോ വേണ്ടത്?”

“എന്നെ കൊണ്ടു പോകുവാൻ നീ വന്നതെന്തിനാ, നിന്‍റെ പുന്നാര ആങ്ങളയില്ലേ അവിടെ, അയാളല്ലോ നിന്നെ ഇങ്ങോട്ടയച്ചത്?”

“ജ്യോതി പറയുന്നത് ശരിയല്ലേ റീനേ, ദേഷ്യം മനുഷ്യർക്ക് നന്നല്ല.” മായ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.

“ജ്യോതീ, നിന്‍റെ ഇച്ചായനോട് ചെന്ന് പറഞ്ഞേക്ക്, റീന ഈ വീട് വിട്ടിറങ്ങുന്ന പ്രശ്നമേയില്ലെന്ന്. ഞാനിനി എന്‍റെ വീട്ടിലേയ്ക്കാ പോകുന്നത്. നിന്‍റെ ഇച്ചായൻ എന്നെ തല്ലിച്ചതച്ചത് നോക്ക്,” റീന നെറ്റിയിലെ മുറിവ് തടവിക്കൊണ്ടു പറഞ്ഞു.

“ഇച്ചായനിപ്പോ നല്ല വിഷമം ഉണ്ട്. ചേച്ചിയെ പിടിച്ചു തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ചതാണെന്നാ ഇച്ചായൻ പറഞ്ഞത്.”

“ഭിത്തിയിലിടിച്ചതല്ല. എന്‍റെ തല പിടിച്ച് ഇടിപ്പിച്ചതാ.” അവൾ ആക്രോശിച്ചു.

“ചേച്ചീ വരുന്നില്ലെങ്കിൽ പിന്നെ, ഞാനിറങ്ങുകയാണ്. ഇനിയും തീരുമാനിക്കാൻ സമയമുണ്ട്.”

“ജ്യോതീ, ചായ കുടിച്ചിട്ട് പോകാം.” മായ പറഞ്ഞു.

“പിന്നീടാവട്ടെ മായേച്ചി. ഞാൻ വലിയ കാര്യത്തോടെ റീനചേച്ചിയെ കൊണ്ടു പോകാൻ വന്നതാ.” അവൾ നിരാശയായി ഇറങ്ങിപ്പോയി. ഇതൊക്കെ കണ്ട് രമേഷിന്‍റെ രോഷം വർദ്ധിച്ചിരുന്നു.

അടുത്ത ദിവസം രാവിലെ റീനയുടെ മാതാപിതാക്കളെത്തി. “മോളേ, നീയിങ്ങനെ തുടങ്ങാതെ. ജോണിയുടെ അടുത്തേക്ക് തിരിച്ചു ചെല്ല്. എന്‍റെ മോളെ വെറുതെ തല്ലിച്ചതച്ചതെന്തിനാണെന്ന് അവനോട് ഞാൻ ചോദിക്കുന്നുണ്ട്.” അമ്മ അവളെ സന്തോഷിപ്പിക്കാനെന്നോണം പറഞ്ഞു.

“ഞാനെവിടേയും പോകുന്നില്ലമ്മച്ചീ. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാനീ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി എല്ലാം അവസാനിപ്പിച്ചോളാം. എന്നെ വീട്ടിൽ കൊണ്ടുപോകില്ലെങ്കിൽ അതങ്ങു നേരെ പറഞ്ഞാൽ പോരേ?” അവൾ നാടകീയമായി പറഞ്ഞതുകേട്ട് രമേഷും മായയും ഒരുപോലെ സ്തംഭിച്ചു.

“ശരി, ഞങ്ങളിനി ഒന്നും പറയുന്നില്ല. അവിടെ ചെന്ന് നിന്‍റെ സാധനങ്ങളൊക്കെ തിരിച്ചെടുത്തോളൂ. പോകാം.”

“എനിക്കവരുടെ ഒന്നും വേണ്ട. എനിക്ക് പഠിപ്പും വിവരവും സ്വന്തം കാലിൽ നിൽക്കുവാനുള്ള കഴിവും ഉണ്ട്. നിങ്ങളെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കത്തില്ല.” റീനയുടെ വാക്കുകളിൽ ധിക്കാരച്ചുവയായിരുന്നു.

മായയ്ക്കും റീനയുടെ വാക്കുകൾ അസഹനീയമായി തോന്നി. അവൾക്ക് സ്വന്തം കാര്യം മാത്രമാണ് നോട്ടം. സ്വന്തം കുടുംബത്തിനും കൂട്ടുകാരിയുടെ കുടുംബത്തിനും സമാധാനം നഷ്ടപ്പെട്ടിട്ടും അവൾക്കൊരു കുലുക്കവുമില്ല.

റീനയും മാതാപിതാക്കളും ഇറങ്ങാൻ തുടങ്ങിയപ്പോൾ ജ്യോതിയും ഭർത്താവും അവരുടെ ചില ബന്ധുക്കളും അവിടെയെത്തി.

“ഇനിയെന്താ വേണ്ടത്?” റീന പുച്ഛത്തോടെ ചോദിച്ചു.

“എന്‍റെ ഇച്ചായൻ ഒരു വക്കീൽ നോട്ടീസ് ചേച്ചിക്കു തരാനായി തന്നു വിട്ടിട്ടുണ്ട്. ചേച്ചി അതിലൊരു ഒപ്പിടണം. എന്നെന്നേയ്ക്കുമായി പോവുകയാണെങ്കിൽ ഈ ബന്ധമിങ്ങനെ തുടരുന്നതിൽ അർത്ഥമില്ലല്ലോ?” ജ്യോതി പേപ്പറുകൾ അവളുടെ നേർക്ക് നീട്ടി. “ഞാൻ പറഞ്ഞില്ലേ, ജോണിക്ക് വിവാഹമോചനമാണ് താല്പര്യമെന്ന്. തിരിച്ചു സ്വന്തം വീട്ടിലേക്കു പോവാൻ എന്നോടു പറഞ്ഞതിവളാ, ഈ മായ! ഇവൾ ഭർത്താവിനോട് പറഞ്ഞ് എന്‍റെ അച്ഛനമ്മമാരെ വരുത്തിച്ചു. ഇവരാ ഇതിനുത്തരവാദികൾ,” അവൾ പുലമ്പി കരയാൻ തുടങ്ങി.

“ഇതു നല്ല കഥ! ഞാനങ്ങനെ സ്വപ്നത്തിൽ കൂടി കരുതിയിട്ടില്ല.” മായ ഇതുകേട്ട് നടുങ്ങി.

“നീ അങ്ങനിപ്പോ പുണ്യാളത്തി ചമയണ്ട. കഴിഞ്ഞ ദിവസം ജ്യോതി ഇവിടെ വന്നപ്പോൾ, ചായ കുടിച്ചിട്ട് പോയാൽപ്പോരേ എന്നു ചോദിച്ച് നീ അവളെ മയക്കാൻ നോക്കിയില്ലേടീ?” റീനയ്ക്ക് സമനില തെറ്റിയിരുന്നു.

“ഇനിയതൊക്കെ പറഞ്ഞിട്ടെന്തിനാ? ഇതിലൊന്ന് ഒപ്പിട്ടാൽ മാത്രം മതി. ഇഷ്ടമല്ലാത്ത ബന്ധത്തിൽ നിന്നും എന്നെന്നേയ്ക്കുമായി മോചനം ലഭിക്കും.” ജ്യോതി വീണ്ടും പറഞ്ഞു.

“ഇപ്പോത്തന്നെ ഇടാം ഒപ്പ്.” പല്ലുഞെരിച്ചുകൊണ്ട് റീന ആ പേപ്പറുകളെല്ലാം വലിച്ചു കീറി.

“നിന്‍റെ ഇച്ചായന്‍റെ അഹങ്കാരം തീർക്കാൻ നല്ലൊരു പാഠം പഠിപ്പിക്കുന്നുണ്ട് ഞാൻ. ജോണിയത് ജീവിതകാലം മുഴുവൻ ഓർത്തിരിക്കും.” അവൾ വെളിച്ചപ്പാട് കണക്കെ ഇറങ്ങിപ്പോയി. പിറകെ ജ്യോതിയും ബാക്കിയുള്ളവരും. വാതിൽ അടച്ചശേഷം മായ കട്ടിലിലേയ്ക്ക് വീണു കരഞ്ഞു. രമേഷ് ചിരിച്ചു കൊണ്ട് അടുത്തു വന്ന് അവളെ പതിയെ തലോടി.

മറൈൻഡ്രൈവിലെ കാറ്റ് ഭാഗം- 2

മിസ് നന്ദന, വൗച്ചേഴ്സ് വേഗം എന്‍റർ ചെയ്ത് കസ്റ്റമേഴ്സിന് പേമെന്‍റ്

നൽകിയേക്കൂ… അരുൺദേവ്

മേശപ്പുറത്തിരുന്ന കുറിപ്പ് വായിച്ച് നന്ദന ഞെട്ടി. അരുൺ സാർ എപ്പോഴായിരിക്കും ഈ കുറിപ്പ് ഇവിടെ വച്ചിരിക്കുക. താൻ ഇപ്പോൾ താഴേക്ക് പോയതേ ഉള്ളൂ. അവിടെ അഞ്ചു മിനിട്ട് നിന്നു കാണും. അതിനിടയിലെപ്പോഴോ ആണ് ഇത് സംഭവിച്ചത്. മോശം, നാണക്കേടായി. അദ്ദേഹം തന്നെപറ്റി എന്തു കരുതിയിട്ടുണ്ടാവും. സീറ്റിലിരിക്കാതെ കറങ്ങി നടക്കുകയാണെന്നോ? കഴിഞ്ഞ ആഴ്ചയിലും രണ്ടു പ്രാവശ്യം ഇങ്ങനെ ഉണ്ടായി. അന്നും മേശപ്പുറത്ത് അദ്ദേഹത്തിന്‍റ കുറിപ്പുണ്ടായിരുന്നു.

എല്ലാറ്റിനും കാരണം കളക്ഷൻ ഡിപ്പാർട്ടുമെന്‍റിലെ റിമയും നിധിയുമാണ്. വേഗം വന്നാൽ അദ്ഭുതം കാണിച്ചു തരാം എന്നു പറഞ്ഞ് നിർബന്ധിച്ചപ്പോൾ പോകേണ്ടി വന്നു. താഴെ ചെന്നപ്പോൾ പ്രശസ്തനായ ഒരു തമിഴ്നടൻ. അയാളെ കാണിച്ചു തരാണ് അവർ തന്നെ വിളിച്ചത്.

എന്തായാലും ഓഫീസ് ടൈമിൽ സീറ്റിൽ നിന്ന് മാറിക്കൂടായിരുന്നു. അവൾക്ക് അൽപം അമർഷം തോന്നി. ഉച്ചയോടെ എല്ലാ വൗച്ചറും റെഡിയാക്കി നൽകണം.

കഴിഞ്ഞ മാസം ബാംഗൂരിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന ഫിനാൻ ഓഫീസറാണ് അരുൺദേവ്. ശാന്തൻ, സൗമ്യൻ. ശാഠ്യം ആമുഖത്തിന് ഇണങ്ങുകയേയില്ലെന്നു തോന്നും. അതുകൊണ്ട് എല്ലാ സ്റാറഫിനും വലിയ കാര്യമാണ് അദ്ദേഹത്തെ. മലയാളം സംസാരിക്കുമെങ്കിലും തമിഴ്നാട് സ്വദേശിയാണ്.

വർക്കുകൾ തിരക്കിട്ട് ചെയ്യുന്നതിനിടയിൽ രണ്ടുപ്രാവശ്യം അദ്ദേഹം ക്യാബിനിൽ നിന്ന് പുറത്തേക്ക് വന്നു. നന്ദന ചെറിയ ചമ്മ,ോടെ പാളി നോക്കി. അപ്പോൾ സുന്ദരമായ ഒരു ചിരിയോടെ അദ്ദേഹം കടന്നുപോയി.

ഒരാഴ്ചയായി അരുൺസാർ തന്നെ ക്യാബിനിലേക്ക് വിളിക്കാറില്ല, നന്ദന ഓർത്തു. എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ തന്‍റെ സീറ്റിലേക്ക് വരും. എന്നിട്ട് അത് ചെയ്ത് തീരും വരെ അവിടെ നിൽക്കും. ആ സമയത്തൊക്കെ ഭയങ്കര ടെൻഷനാണ് നന്ദനയ്ക്ക്. ഇടയ്ക്കിടെ അദ്ദേഹം തന്നെ നോക്കുന്നുണ്ടോ? ചുണ്ടിന്‍റെ കോണിൽ സദാ ഒളിപ്പിച്ച മന്ദഹാസം കണ്ണുകളിലും പടർന്നിട്ടുണ്ടോ… നന്ദന സങ്കോചത്തോടെ നോട്ടം പിൻവലിച്ചു.

താൻ സീറ്റിലില്ലാത്ത അവസ്ഥ ഇനി ഉണ്ടാവില്ല. അരുൺദേവ് സാറിന് ഇനി കുറിപ്പ് വയ്ക്കേണ്ടി വരികയുമില്ല, നന്ദന മനസ്സിലുറപ്പിച്ചു. പക്ഷേ തന്നിലേക്കു നീളുന്ന അയാളുടെ നോട്ടങ്ങളെ അവഗണിക്കാൻ അവൾക്ക് കഴിയാതായി.

മനസ്സിലെ സംഭ്രമം നെഞ്ചിടിപ്പിന്‍റെ താളെ തെറ്റിക്കുന്നത് നന്ദന അറിഞ്ഞു. ‘ഇപ്പോൾ താനും പ്രതീക്ഷിക്കാൻ തുടങ്ങിയോ ആ നോട്ടവും പുഞ്ചിരിയും…’

‘വേണ്ട ഒന്നും വേണ്ട, മോഹങ്ങളൊന്നും…’ അവൾ മനസ്സിനെ ശാസിച്ചു. ഇനി അയാളെ നോക്കില്ല. ഓഫീസിൽ വന്നാൽ ജോലി പൂർത്തിയാക്കി മടങ്ങുക. മറ്റൊരാൾ തന്നെ നോക്കുന്നുണ്ടോ ഇല്ലയോ എന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ല… നന്ദന ഉറപ്പിച്ചു.

പിറ്റേന്നു മുതൽ നന്ദന അരുണിനെ അവഗണിക്കാൻ തുടങ്ങി. ഇങ്ങോട്ട് പുഞ്ചിരിച്ചാൽ പോലും ശ്രദ്ധിക്കാത്ത ഭാവത്തിലിരിക്കും. കഴിയുന്നതും മുന്നിൽ വരാതിരിക്കാനും നേർക്കുനേർ വന്നാൽ കണ്ണുകൾ കൂട്ടിമുട്ടാതിരിക്കാനും അവൾ പാടുപെട്ടു.

രാവിലെ ഓഫീസിലെത്തി സീറ്റിൽ വന്നിരിക്കുമ്പോഴാണ് മേശപ്പുറത്ത് ഒരു കത്ത് കണ്ടത്. അരുൺസാറിന്‍റേതാണ്…. കുറിപ്പെടുത്ത് വായിക്കുമ്പോൾ അവളുടെ കൈ വിറച്ചു.

“ഈ ക്രൂരത എനിക്കിഷ്ടമല്ല. എന്നെ നോക്കുന്നതിൽ നിന്നുപോലും നിന്നെ വിലക്കുന്ന ഘടകമെന്താണ്? അത്രയ്ക്കും നന്ദ്യമാണെ എന്‍റെ ദർശനം? ഈ കത്ത് വായിച്ച ശേഷം മനോഹരമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനമായി തരിക. അല്ലെങ്കിൽ ഇവിടെ എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കു തന്നെ നിശ്ചയമില്ല…

സ്വന്തം അരുൺദേവ്”

കത്ത് വായിച്ച് സ്തംഭിച്ചു നിന്നു പോയി. മുഖമുയർത്തുമ്പോൾ തൊട്ടു മുന്നിൽ പുഞ്ചിരിയോടെ അരുൺ. അവളുടെ ചുണ്ടുകൾക്ക് ആ പുഞഅചിരിക്ക് മറുപടി നൽകാതിരിക്കാനായില്ല. അരികിലാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷം അരുൺഎതിർവശത്തെ സീറ്റിലിരുന്നു. ഒരു അവസരം കാത്തിരിക്കുകയായിരുന്നു അദ്ദേഹമെന്ന് നന്ദനയ്ക്ക് മനസ്സിലായി.

“ഇനിയും വേണോ അഭിനയം… നന്ദനാ തുറന്നു പറയട്ടെ, ഫസ്റ്റ് ലവ് എന്ന് കേട്ടിട്ടില്ലേ. ആ അവസ്ഥയിലാ ഞാൻ. തന്നെ ആദ്യം കണ്ട നിമിഷം മുതൽ ഒരിഷ്ടം… അതാ ഞാൻ ഇടയ്ക്കിടെ വന്ന് ഒരെ ജോലി ഏല്പിക്കുന്നത്. നീ ഒന്നും പറയണ്ട. വെറുതെ എന്നെ നോക്കി പുഞ്ചിരിച്ചാൽ മാത്രം മതി… പ്ലീസ്…”

കണ്ണുകളിലേയ്ക്ക് ആഴത്തിൽ നോക്കിയിട്ട് അരുൺ കാബിനിലേയ്ക്ക് നടന്നു. വതിൽക്കൽ ചെന്നിട്ട് സമ്മതം ചോദിക്കുപോലെ അയാൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. അപ്പോൾ നന്ദന നാണത്തിലുലഞ്ഞ പൂമരമായി.

പ്രണയം തലയ്ക്കു പിടിച്ച ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വൈകുന്നേരങ്ങളിൽ ഒരുമിച്ചുള്ള നടത്തം. അപ്പോൾ മാത്രമാണ് അൽപസമയം തനിച്ചു കിട്ടുക. വൈകിട്ടത്തെ ഗെറ്റ്ടുഗതറിനു വേണ്ടി അരുൺ കുറിപ്പെഴുതി കൊടുക്കും. അവളുടെ പ്രണയലോകത്ത് കുറിപ്പുകൾ വർണ്ണത്തുമ്പികളായി പാറിനടന്നു. പാർക്ക്സെന്‍ററിലെ കഫെയിൽ ചൂടുചായ നുണഞ്ഞിരിക്കുകയായിരുന്നു, അപ്പോഴാണ് അരുൺ അവിചാരിതമായി ഇങ്ങനെ പറഞ്ഞത്. “നിന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും കഴിയാൻ പറ്റുന്നില്ല നന്ദൂ…”

അതുകേട്ട് നന്ദന കളിയാക്കി. “അങ്ങനെയെങ്കിൽ എന്നെ ഉടൻ കല്യാണം കഴിച്ചോ… ചിലപ്പോൾ കസ്തൂരിമാമ്പഴത്തിന്‍റെ കഥയായാലോ…” പക്ഷേ അവളുടെ തമാശ അയാൾക്ക് രസിച്ചില്ല.

“നന്ദൂ… തമാശ മതിയാക്ക്…” അയാൾ ചായ കുടി മതിയാക്കി എഴുന്നേറ്റു.

“ഹൊ, ഇത്രയും സില്ലിയാണോ അരുൺ…”

അവൾ പിന്നാലെ ഓടിയിട്ടും അയാൾ ഗൗനിച്ചില്ല. പിണങ്ങി വേഗം നടക്കുന്ന അരുണിനെ ആദ്യമായി കാണുംപോലെ അവൾ നോക്കി നിന്നു. വെള്ള ഷർട്ടും കറുത്ത പാന്‍റും വെള്ള ഷർട്ടും… പോക്കറ്റിൽ കൈയിട്ട് ധൃതിയിൽ നടക്കുന്നതു കാണാൻ തന്നെയുണ്ട് സ്റ്റൈൽ. ഹോസ്റ്റലിനു മുന്നിൽ കൊണ്ടു വിട്ടപ്പോഴും അയാളുടെ മുഖം തെളിഞ്ഞു കണ്ടില്ല. അതുകണ്ടപ്പോൾ നന്ദനയ്ക്ക് ഹൃദയം നുറുങ്ങി. ഇത്രയും മുതിർന്നിട്ടും കുട്ടികളുടെ സ്വഭാവം… തന്നെ അത്രയും സ്നേഹിക്കുന്നുണ്ടല്ലോ…

“ഇനി ഞാൻ അങ്ങനെയൊന്നും സംസാരിക്കില്ല.” അവൾ സത്യം ചെയ്ത് പറഞ്ഞു.

അന്ന് ഞായറാഴ്ച അരുൺ വീട്ടിൽ വരാമെന്ന് പറഞ്ഞ ദിവസം. “അമ്മയെ കണ്ട് വിവാഹക്കാര്യം ഉടൻ സംസാരിക്കണം.” അയാൾ പറഞ്ഞപ്പോൾ ഉള്ളിലെ സന്തോഷം മറച്ചുവച്ചില്ല നന്ദന. അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. അച്ഛന്‍റെ മലയാളി സുഹൃത്ത് പിന്നീട് അരുണിനെ മകനായിത്തന്നെ വളർത്തുകയായിരുന്നു. “അദ്ദേഹത്തിന്‍റെ സഹായം കൊണ്ട് മാത്രമാണ് ഞാൻ ഈ പൊസിഷനിലെത്തിയത്.”

അരുണിന്‍റെ തുറന്നു പറച്ചിൽ അമ്മയ്ക്ക് നന്നേ ബോധിച്ചു. സംതൃപ്തിയോടെ അവർ അവന്‍റെ തലയിൽ തലോടി. തിരിച്ചിറങ്ങാനൊരുങ്ങുമ്പോഴാണ് അരുണിന്‍റെ ചോദ്യം.

“അമ്മേ, നന്ദനയെ എനിക്ക് തന്നേക്കുമോ…”

അമ്മ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നോ എന്തോ? അവരുടെ കണ്ണുകളിൽ സന്തോഷത്തിന്‍റെ നനവ് പടർന്നു.

“ഞാൻ അടുത്തയാഴ്ച അങ്കിളിനെ കാണാൻ പോകുന്നുണ്ട്. അപ്പോൾ വിവാഹക്കാര്യം സംസാരിക്കും.”

പിറ്റേന്ന് രാവിലെ നന്ദന ബാങ്കിലെത്തുമ്പോൾ അരുൺ പരിഭ്രാന്തനായി കാത്തു നിൽക്കുന്നു. അയാളെക്കണ്ട് നന്ദന വേഗം അടുത്തേക്കു ചെന്നു.

“നന്ദൂ… അങ്കിളിന് സുഖമില്ല. എനിക്ക് ഉടൻ നാട്ടിൽ പോകണം.” പതിവില്ലാത്ത പതർച്ച ശബ്ദത്തിലുണ്ട്.

“ധൈര്യമായിട്ട് പോയിവരൂ… ഒന്നും സംഭവിക്കില്ല.” നന്ദന അയാളെ ആശ്വസിപ്പിച്ചു.

ആദ്യമായിട്ടാണ് ഇങ്ങനെ മാറി നിൽക്കേണ്ടി വരുന്നത്. നന്ദനയ്ക്ക് തൊണ്ടയിൽ കരച്ചിൽ കുരുങ്ങി. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ അവൾ അയാളെ യാത്രയാക്കി.

“ഞാൻ ഉടനെ വരാം.” അരുൺ അവളുടെ കവിളിൽ മെല്ലെ തട്ടി.

മൊബൈലിൽ വിളിച്ചിട്ട് സ്വിച്ച് ഓഫാണ്, എത്ര പ്രാവശ്യമായി വിളിക്കുന്നു. അരുൺ എന്താവും ഇങ്ങോട്ടും വിളിക്കാത്തത്, നന്ദന അസ്വസ്ഥയായി. ഓഫീസിൽ ഒരു വർക്കും നേരെചൊവ്വേ ചെയ്യാൻ കഴിഞ്ഞില്ല.

അരുൺ നാട്ടിൽ പോയിട്ട് ഒരു മാസമായിരിക്കുന്നു. ഓരോ ദിവസവും കടുത്ത ഭാരത്തോടെ കൊഴിഞ്ഞു പോകുകയാണ്. അമ്മയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി നൽകാനാവാതെ എത്ര ദിവസം ഒഴിയും…

രാവിലെ ഉദാസീനയായി ഓഫീസിലെത്തിയതാണ് നന്ദന. സീറ്റിലിരിക്കാൻ തുടങ്ങവേ അരുണിന്‍റെ ക്യാബിനിലേക്ക് അറിയാതെ നോക്കി. അവൾ അന്തം വിട്ടു. അദ്ദേഹം അകത്തുണ്ട്. ഓടിച്ചെല്ലണമെന്ന് തോന്നി, പക്ഷേ… സങ്കടവും സന്തോഷവും കൊണ്ട് അവളുടെ തല പെരുത്തു വന്നു.

‘ഒന്ന് വിളിച്ചില്ലല്ലോ, വരുമെന്ന കാര്യത്തിന്… ഓ… എന്നെ സർപ്രൈസ് ചെയ്യിക്കാനാവും. വരട്ടെ… എന്നെ എന്തൊക്കെ പറഞ്ഞ് ടെഷനടിപ്പിക്കാറുള്ളതാ…’ നന്ദന ഓർത്തു.

കുറേ കാത്തിരുന്നിട്ടും പ്രതീക്ഷിച്ച ആ വിളി ഉണ്ടയില്ല. ഉച്ചയ്ക്ക് അദ്ദേഹം പുറത്തേക്കിറങ്ങിയപ്പോൾ സുഹൃത്തുക്കൾ ചുറ്റും കൂടി

“ഹലോ… അരുൺ, മിണ്ടാതെ കാര്യം സാധിച്ചല്ലേ… എന്നാ ചിലവ് പറയൂ…”

സീനിയർ ഓഫീസർമാരായ ശിവദാസും പ്രവീണും അയാളെ വളഞ്ഞു.

“അരുൺ സാറേ, സീമചേച്ചിയെ ഒന്നു കാണണമല്ലോ… എന്നു കൊണ്ടു വരും…” റിസപ്ഷനിലെ സുനിത പതിവ് കൊഞ്ചലോടെ ചോദിക്കുന്നു.

നന്ദനയ്ക്ക് ഒന്നും മനസ്സിലായില്ല. ഉള്ളിൽ തിങ്ങുന്ന കരച്ചിൽ അടക്കാൻ പാടുപെട്ട് അവൾ തല കുമ്പിട്ടിരുന്നു.

(തുടരും)

Short Story: ഒരു പ്രണയ ദിനത്തിൽ

 

“പോസ്റ്റ്”

കേട്ടതും ചിന്നു മോൾ ദിവ്യയുടെ മടിയിൽ നിന്നും ചാടിയിറങ്ങി വാതിൽക്കലേക്കോടി.

ദിവ്യ കത്തു പൊട്ടിച്ചു വായിച്ചപ്പോൾ ചിന്നു അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു. അമ്മയുടെ മുഖത്ത് കാണുന്ന സന്തോഷം കുഞ്ഞിന്‍റെ മുഖത്തും വ്യാപിച്ചു.

രാത്രി നല്ല നിലാവ്, ഉറങ്ങുന്ന ചിന്നുവിന്‍റെ അടുത്തു നിന്ന് ദിവ്യ മെല്ലെ എഴുന്നേറ്റ് ജനലിനടുത്ത് വന്നിരുന്നു.

ദീപു അയ്യാൾ ആരാണ്? അറിയില്ല. എങ്കിലും അയ്യാളുടെ കത്തുകൾ തന്നെ പ്രണയ ലോകത്തേക്ക് ഉയർത്തുന്നു. ദൃഢമായ പ്രണയം ആ കത്തുകളിൽ തുളുമ്പിയിരുന്നു. മറുപടി എഴുതാൻ അഡ്രസ്സ് തന്നിരുന്നില്ല. പക്ഷേ തന്‍റെ വിവരങ്ങൾ എല്ലാം അയ്യാൾ അറിയുന്നു!!!

വിശ്വന്‍റെ മരണ ശേഷം പിഞ്ചുകുഞ്ഞിനോടൊപ്പം ജീവിതത്തിൽ തനിച്ചായ തനിയ്ക്ക് ഒരു ഔഷധം തന്നെയാണാ കത്തുകൾ. വിശ്വന്‍റെ മരണ ശേഷം തിരിച്ച് സ്വന്തം വീട്ടിലേക്ക് പോവാനാവുമായിരുന്നില്ല. സ്വന്തമായി ഒരു വീടും കൂട്ടുകാരുടെ സഹായത്തോടെ ഒരു ജോലിയും ഉണ്ടായി എന്നതൊരു ദൈവ കൃപ.

ദീപുവിന്‍റെ പ്രണയം അവളുടെ ഹൃദയം കവർന്നു തുടങ്ങിയപ്പോൾ അഡ്രസ് അറിയാതെ മറുപടി എങ്ങിനെ എഴുതും എന്നറിയാതവൾ പലപ്പോഴും വിങ്ങിപ്പൊട്ടി. ഒരിക്കൽ കൂട്ടുകാരി ലതികയോട് അവൾ തന്‍റെ സങ്കടം പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

“നീ നന്നായി എഴുതുമല്ലോ – എഴുതൂ….. നീ ദീപുവിനോടുള്ള പ്രണയം മുഖപുസ്തകത്തിലും വാരികകളിലും എഴുതൂ”

“ഞാനോ” അവൾ അവിശ്വാസത്തോടെ ചോദിച്ചു.

“അതേ അതയ്യാൾ വായിക്കും ഉറപ്പ്”

അവൾക്ക് ആദ്യമൊന്നും ധൈര്യമില്ലായിരുന്നു. പക്ഷേ പതിയെ അവളിലെ ജ്വലിക്കുന്ന പ്രണയം അവളെ അറിയപ്പെടുന്ന എഴുത്തുകാരിയാക്കി. ദീപുവിന്‍റെ കത്തുകളിൽ നിന്നും അയാൾ ആ പ്രണയം ഉൾക്കൊള്ളുന്നതായവൾ മനസ്സിലാക്കി.

വർഷങ്ങൾ കടന്നു. ഒരു ദിവസം അവൾക്കൊരു സ്ത്രീയുടെ കത്തു കിട്ടി. ഞാൻ നിർമ്മല ദീപുവിന്‍റെ സഹോദരി. ദീപുവിന്‌ നിങ്ങളെ ഒന്നു കാണണമെന്നുണ്ട്. വിരോധമില്ലെങ്കിൽ ഒന്നു വരൂ….

അവൾക്ക് വളരെ സന്തോഷമായി. കത്തിൽ പറഞ്ഞ പ്രകാരം അവൾ ഒരു വീടിന്‍റെ മുന്നിലെത്തി. അന്നൊരു പ്രണയ ദിനമായിരുന്നു. ഈ ദിനം തിരഞ്ഞെടുത്തത് യാദൃച്ഛികമാണല്ലോ എന്നവളോർത്തു.

മുറ്റത്ത് നിറയെ മുല്ലകൾ പൂത്ത മണം. കോളിംഗ് ബെൽ അമർത്തി. വാതിൽ തുറന്നത് നിർമ്മല ആയിരിക്കാമെന്നവൾ ഊഹിച്ചു. അവളെ നിർന്നിമേഷം നോക്കി നിർമ്മല പുഞ്ചിരിച്ചു.

“ദിവ്യ വരൂ”

അവൾ ദിവ്യയെ ദീപുവിന്‍റെ മുറിയിലേക്കാനയിച്ചു ദിവ്യയുടെ ഹൃദയം പിടയ്ക്കാൻ തുടങ്ങി. എത്ര നാളായി അദ്ദേഹത്തെ ഒരു നോക്കു കാണണം എന്നാഗ്രഹിക്കുന്നു.

അകത്തെ കട്ടിലിൽ ദീപു കിടന്നിരുന്നു. അടുത്തുള്ള മേശയിൽ നിറയെ മരുന്നുകൾ. ദിവ്യ അമ്പരപ്പോടെ നിർമ്മലയെ നോക്കി.

കഴിഞ്ഞ മാസം പെട്ടെന്ന് തളർന്നു വീണു. എഴുന്നേറ്റ് നടക്കാനാവില്ല. അവൾ അവിശ്വാസത്തോടെ ദീപുവിനെ നോക്കി. അവളെത്തന്നെ പുഞ്ചിരിയോടെ നോക്കി കിടക്കുകയായിരുന്നു ദീപു

“നിങ്ങൾ സംസാരിക്കു”

നിർമ്മല മുറി വിട്ടു പോയി.

ദീപുവിന്‍റെ കണ്ണുകൾ ആ ക്ഷീണിച്ച അവസ്ഥയിലും നന്നായി തിളങ്ങുന്നു. ആ തിളക്കം, അതിലെ പ്രണയം അവളിൽ കോരിത്തരിപ്പുണ്ടാക്കി.

“എന്നെ എങ്ങിനെ അറിയാം? എനിക്ക് കണ്ട് പരിചയമില്ല.”

“ഞാൻ വിശ്വന്‍റെ സുഹൃത്താണ്. പക്ഷേ എനിക്ക് നിങ്ങളെ ഒരിക്കലും വന്നു കാണാൻ പറ്റിയിട്ടില്ല.” അവൾ അയ്യാളെ നോക്കിയിരുന്നു.

“ജീവിതത്തിൽ ചില ഉത്തരവാദിത്വങ്ങൾ എനിയ്ക്കുണ്ടായിരുന്നു. നിന്നെ എനിക്കെന്‍റെ കൂടെ കൂട്ടാൻ പറ്റിയില്ല. എന്നോട് ക്ഷമിക്കൂ.” അയ്യാൾ ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി.

ഉത്തരവാദിത്വങ്ങൾ എന്തായിരുന്നെന്ന് അവൾ ചോദിച്ചില്ല. അയ്യാൾ പറഞ്ഞുമില്ല.

എല്ലാ ചോദ്യോത്തരങ്ങൾക്കുമപ്പുറം മൗനമായി പ്രണയത്തിന്‍റെ ഭാഷയിൽ മറ്റെല്ലാം മറന്നവർ, യുഗങ്ങളോളം ഒന്നിച്ചു കഴിഞ്ഞവരെപ്പോലെ സംവദിച്ചു കൊണ്ടിരുന്നു.

Story: ഡെബിറ്റ് കാർഡ്

മൊബൈലിൽ തുരുതുരാ മെസേജുകൾ വരുന്നത് കണ്ട് സൗമ്യ മൊബൈൽ എടുത്ത് നോക്കി. അവളുടെ അക്കൗണ്ടിൽ നിന്നും 15,000 രൂപ വിവേക് പിൻവലിച്ചതിന്‍റെ സന്ദേശങ്ങളാണവ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. സൗമ്യയുടെ സമ്പാദ്യത്തിന് മേലുള്ള അധികാരവും അവകാശവും തനിക്കാണെന്ന് വിവേക് കരുതിയിരുന്നു.

സൗമ്യ ഇന്നും ആ ദിവസത്തെ പഴിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളിൽ സ്നേഹാധിക്യത്താൽ എല്ലാം മറന്ന് തന്‍റെ ഡബിറ്റ് കാർഡ് വിവേകിന് സമർപ്പിക്കുകയാണ് ഉണ്ടായത്.

വിവാഹത്തിന് മുമ്പെ ഇരുവർക്കും പരസ്പരം പരിചയമുണ്ടായിരുന്നു. അതുകൊണ്ട് ഒരുമിച്ച് ഒരു കുഞ്ഞ് ജീവിതം തുടങ്ങാമെന്നവർ തീരുമാനിക്കുകയായിരുന്നു. വീട്ടുകാർ അതിന് പച്ചക്കൊടി വീശിയതോടെ കാര്യങ്ങളെല്ലാം അവർക്ക് അനുകൂലവുമായി.

പ്രണയത്തിൽ മുങ്ങി താഴ്ന്നു പോയ സൗമ്യ ഭാര്യയുടെ കടമ നിർവഹിക്കുന്നതിനിടെ തന്‍റെ സാമ്പത്തികാധികാരത്തിന്‍റെ ചുക്കാൻ ഭർത്താവിനെ വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു. മുമ്പ് സ്ത്രീ സ്വാതന്ത്യ്രത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിച്ചിരുന്ന ആളായിരുന്നു സൗമ്യ.

തുടക്കത്തിൽ ഭർത്താവിന്‍റെ ഈ പെരുമാറ്റത്തിൽ അവൾക്ക് അപാകതയൊന്നും തോന്നിയിരുന്നില്ലെങ്കിലും വിവാഹ ശേഷം ഒരിക്കൽ സ്വന്തം വീട്ടിലേക്ക് വിരുന്ന് പോകാനായി ഭർത്താവിനോട് അവൾ കുറച്ച് പണമാവശ്യപ്പെടുകയുണ്ടായി.

“വിവേക് എനിക്ക് കുറച്ച് കാശ് വേണം. വീട്ടിലുള്ളവർക്ക് ഗിഫ്റ്റ് വാങ്ങാനാണ്.” അവളുടെ ചോദ്യം കേട്ട് വിവേക് ചിരിച്ചു.

“എന്തിനാണ്, അവർക്ക് നന്ദിയറിയിക്കാനാണോ. പെണ്മക്കൾ അങ്ങനെയൊന്നും കൊടുക്കേണ്ട കാര്യമില്ല.”

“എനിക്കും എന്‍റേതായ ചെലവുകളുണ്ടാവുമല്ലോ.” സൗമ്യ പറഞ്ഞു.

“വിവാഹത്തിന് മുമ്പ് അച്‌ഛന്‍റെയും അമ്മയുടെയും മുന്നിൽ ഞാൻ കൈനീട്ടിയിട്ടില്ല. ഇപ്പോൾ അതിന്‍റെയാവശ്യവുമില്ല.”

അവളുടെ മറുപടി കേട്ട് എന്തോ വലിയ ഉപകാരം ചെയ്യുന്ന മട്ടിൽ വിവേക് അവൾക്ക് അയ്യായിരം രൂപ കൊടുത്തു. വിവേകിന് താൻ ഡെബിറ്റ് കാർഡ് നൽകിയത് വലിയൊരു അപരാധമായി പോയിയെന്ന് അവൾക്കന്ന് ആദ്യമായി തോന്നി.

എന്നാൽ സ്വന്തം വീട്ടിലെത്തിയ സൗമ്യ അവിടുത്തെ സന്തോഷത്തിനിടയിൽ എല്ലാം മറന്നു. അച്‌ഛന്‍റെ വാത്സല്യഭാജനമായിരുന്നു സൗമ്യ. അതുകൊണ്ട് ഭർതൃ വീട്ടിലേക്ക് മടങ്ങിയ അവളുടെ പേഴ്സ് നിറയെ അച്‌ഛൻ പണം നൽകിയാണ് അവളെ മടക്കി അയച്ചത്. ഇത് എന്നും തുടർന്നു കൊണ്ടിരുന്നു. പിന്നീടൊരിക്കൽ പാർലറിൽ പോകേണ്ട ആവശ്യത്തിനും സൗമ്യയ്ക്ക് ഭർത്താവിന് മുന്നിൽ കൈ നീട്ടേണ്ടി വന്നു. അന്ന് വിവേക് വളരെ പാടുപ്പെട്ടാണ് സൗമ്യയ്ക്ക് ആയിരം രൂപ കൊടുത്തത്.

ആയിരം രൂപ കണ്ട് അവൾ പുഞ്ചിരിയോടെ പറഞ്ഞു. “ഇതുകൊണ്ട് ഒന്നും നടക്കില്ല.”

“ഫേഷ്യലിന് 1000 രൂപയിൽ കൂടുതൽ വരും. പിന്നെ വാക്സിംഗ്, ഐബ്രോസ്, ബ്ലീച്ച് ഒക്കെ ചെയ്യണം. മുടി ഹൈലൈറ്റ് ചെയ്യാനുമുണ്ട്.”

ഇതിന് മറുപടിയായി വിവേക് എന്തെങ്കിലും പറയും മുമ്പെ വിവേകിന്‍റെ അമ്മ മാലതിയമ്മ ഇടപെട്ടു,

“സൗമ്യ, നിനക്കെന്തിനാ ഇത്രയും പണം. നീ അല്ലെങ്കിലും സുന്ദരിയല്ലേ. പാർലറിൽ പോയി ഉള്ള സൗന്ദര്യം കൂടി കളയണോ.”

അമ്മയുടെ പ്രതികരണത്തിൽ സന്തോഷം തോന്നിയിട്ടാവണം വിവേക് ചിരിയോടെ പറഞ്ഞു. “ഐബ്രോസ് ചെയ്‌താൽ മതി, വേണമെങ്കിൽ മുടി കുറച്ച് ട്രിം ചെയ്തോ. ബാക്കി കാശ് നിന്‍റെ കയ്യിലിരുന്നോട്ടെ.”

അപ്പോഴത്തെ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ സൗമ്യ പകച്ചു നിന്നു. അവൾ ഒന്നും പറയാതെ പാർലറിൽ പോയി അൽപസ്വല്പം മിനുക്കു പണികൾ നടത്തിയശേഷം മാർക്കറ്റിൽ പോയി. മാർക്കറ്റിലെ ഒരു കടയിൽ മനോഹരമായ കുറച്ച് കുർത്തകൾ കിടക്കുന്നത് കണ്ട് അവൾ ആ കടയിലേക്ക് കയറി ചെന്നു. അവിടെ ഡിസ്പ്ലേ ചെയ്‌തിരുന്ന കുർത്തകളിലൊന്നിൽ അവളുടെ കണ്ണുടക്കി. ചുവന്ന പൂക്കൾ ഉള്ള ഗ്രേ കുർത്ത, കുർത്തയ്ക്കൊപ്പം ചുവന്ന പൂക്കൾ ഉള്ള പലാസോയും ചുവപ്പും ഗ്രേയും കലർന്ന ദുപ്പട്ടയും… അവൾ പ്രതീക്ഷയോടെ അതിന്‍റെ റേറ്റ് നോക്കി 1500 രൂപ ടാഗിൽ എഴുതിയിരിക്കുന്നത് കണ്ട് അവളുടെ മനസിൽ നിരാശ പടർന്നു.

വീട്ടിൽ മടങ്ങിയെത്തിയ സൗമ്യ താൻ ഷോപ്പിൽ കണ്ട കുർത്തയെപ്പറ്റി വിവേകിനോട് പറഞ്ഞു. അവൾ പറഞ്ഞവസാനിക്കും മുമ്പെ വിവേകിന്‍റെ ഒച്ചയുയർന്നു.

“നീന്‍റെയീ ധൂർത്ത് തടയാനാണ് ഞാൻ നിന്‍റെ ഡെബിറ്റ് കാർഡ് വാങ്ങി വച്ചത്.”

“മോളെ, വിവാഹശേഷം നിന്‍റേതെന്നോ എന്‍റേതെന്നോ എന്നൊന്നുമില്ല. എനിക്കുള്ള എല്ലാ സാരിയും നിനക്കുള്ളതാ. ഓഫീസിൽ പോകുമ്പോൾ ഓരോന്ന് മാറിയുടുക്കാം.” മാലതിയമ്മ പുഞ്ചിരിയോടെ സൗമ്യഭാവത്തിൽ പറഞ്ഞു.

മാലതിയമ്മയുടെ സംസാരം കേട്ട് നീരസം തോന്നിയ സൗമ്യ നിശബ്ദയായിരുന്നു. ഇത്രയും തിളക്കവും ഡിസൈനുകളുമുള്ള സാരി താനെങ്ങനെയാണ് ധരിക്കുക.

ഒരിക്കൽ അവൾ തന്‍റെ ഡെബിറ്റ് കാർഡിന്‍റെ കാര്യം മാലതിയമ്മയോട് പറഞ്ഞിരുന്നതുമാണ്. അന്നവർ അതിനെ സാമാന്യവത്ക്കരിച്ച് പറയുകയാണ് ഉണ്ടായത്. “സൗമ്യ, അവൻ അത് ദുരുപയോഗം ചെയ്യുമോ? നിനക്കിവിടെ എന്തിന്‍റെ കുറവാണ്?”

“അമ്മേ, എന്‍റെ സ്വാതന്ത്യ്രത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്.”

“നിന്‍റെ ഈ ധൂർത്തു കൊണ്ടാ അവനത് വാങ്ങിവച്ചത്” മാലതിയമ്മ അൽപം പരുഷമായി പറഞ്ഞു.

ഇത്തരത്തിലുള്ള മറുപടി കേട്ട് തെറ്റ് തന്‍റെ ഭാഗത്താണെന്നും വിവേകാണ് ശരിയെന്നും അവൾക്ക് തോന്നി തുടങ്ങി. എന്നാൽ എല്ലാ കാര്യത്തിനും എന്നും വിവേകിന് മുന്നിൽ കൈനീട്ടുന്നത് അവളിഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്‍റെ ഡെബിറ്റ് കാർഡ് തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ എപ്പോഴത്തേയും പോലെ അയാൾ പറഞ്ഞു.

“ഞാൻ തെറ്റാണ് ചെയ്യുന്നതെങ്കിൽ നിന്‍റെ അച്‌ഛനും അമ്മയും അതിന് സമ്മതിക്കുമോ?”

എന്നാൽ അടിമയെപ്പോലെയുള്ള തന്‍റെ ജീവിതത്തോട് സൗമ്യയ്ക്ക് നീരസം തോന്നി തുടങ്ങിയിരുന്നു.

ഇന്ന് ശനിയാഴ്ച. ഹാഫ് ഡേയാണ്. തന്‍റെ ടീമിനൊപ്പം ഷോപ്പിംഗിനും മറ്റും പോകാനായി അവൾ മനസിൽ തീരുമാനമെടുത്തു.

“നീയും വരുന്നുണ്ടല്ലോ?” സഹപ്രവർത്തകയായ ജയന്തി സൗമ്യയോട് ചോദിച്ചു.

“ങ്ഹാ വരുന്നുണ്ട്. പക്ഷെ എന്‍റെ പേഴ്സ് വീട്ടിൽ വച്ച് മറന്നു പോയി.” സൗമ്യ ജയന്തിയോട് കളവ് പറഞ്ഞു.

“അതിനെന്താ, എന്‍റെ കാർഡ് സ്വൈപ്പ് ചെയ്യാം.” ജയന്തി ചിരിച്ചു കൊണ്ട് പറഞ്ഞു. അന്നവർ കുറെയേറെ ആഹ്ലാദിച്ചു. ഔട്ടിംഗിന് ഉണ്ടാകുന്ന ചെലവ് എല്ലാവരും തുല്യമായി പങ്കുവയ്ക്കുന്നതായിരുന്നു അവരുടെ പതിവ്. സൗമ്യയുടെ ഭാഗത്തുനിന്നും ഭക്ഷണവും മറ്റ് ചെലവുകളെല്ലാം കൂടി രണ്ടായിരം രൂപയും, ഡ്രസ്സിന് വേറെ രണ്ടായിരം രൂപ കൂടി ചെലവു വന്നു.

പുറത്തെ ഔട്ടിംഗ് കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തിയ അവളുടെ മനസ്സു മുഴുവനും ഉണ്ടായ ചെലവുകളെക്കുറിച്ചുള്ള ചിന്തയായിരുന്നു.

സൗമ്യയുടെ കയ്യിലിരിക്കുന്ന പാക്കറ്റുകൾ കണ്ട് വിവേക് നെറ്റി ചുളിച്ചു.

“നമ്മൾ ഇപ്പോൾ വിവാഹിതരാണ്. വീടിന്‍റെ ഉത്തരവാദിത്തം നമ്മുടെ കയ്യിലാണ്. എന്നിട്ടാണോ ഈ അനാവശ്യ ചെലവുകൾ വരുത്തി വയ്ക്കുന്നത്.”

“ജയന്തിയുടെ കയ്യിൽ നിന്നും വാങ്ങിയാണ് ഞാനിതിന് പേയ്മെന്‍റ് നടത്തിയത്. മൊത്തം നാലായിരം രൂപയായി.”

വിവേകിന് അവളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. “എന്താണിത്ര ആവശ്യം ജയന്തിയ്ക്ക് മുന്നും പിന്നും ആലോചിക്കാനൊന്നുമില്ല. അവൾക്ക് ഇങ്ങനെ ഫ്രീ ബേഡായി പാറി നടന്ന് പുതിയ ഇരയെ കുടുക്കാം.”

ജയന്തിയെക്കുറിച്ച് ഇത്തരത്തിൽ മോശമായി പറഞ്ഞത് കേട്ട് സൗമ്യയ്ക്ക് അയാളോട് നീരസം തോന്നി.

തിങ്കളാഴ്ച ദിവസം സൗമ്യ ജയന്തിയെ കാണാതിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ പണം എങ്ങനെ മടക്കി നൽകുമെന്ന ചിന്ത അവളെ അലോസരപ്പെടുത്തി.

സൗമ്യ പിന്നീടെന്നും ജയന്തിയ്ക്ക് കൊടുക്കാനുള്ള പണം വിവേകിനോട് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പണം നൽകാതിരിക്കാൻ അയാൾ വളരെ നീണ്ട് പ്രസംഗം തന്നെ നടത്തി കൊണ്ടിരുന്നു. പക്ഷെ ഇന്ന് സ്വന്തം ആവശ്യങ്ങൾക്കായി തന്‍റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും വിവേക് പണം പിൻവലിച്ചത് കണ്ട് അവൾക്ക് കടുത്ത ദേഷ്യം തോന്നി. ഒടുവിൽ ഗത്യന്തരമില്ലാതായതോടെ സൗമ്യ എല്ലാ കാര്യവും ജയന്തിയോട് തുറന്നു പറഞ്ഞു, “നീയെന്തിനാ ഇത്രമാത്രം സഹിക്കുന്നത്. ഇന്ന് നമുക്ക് ബാങ്കിൽ പോയി പുതിയ ഡെബിറ്റ് കാർഡിന് അപ്ലൈ ചെയ്യാം.”

“പക്ഷെ അത് ശരിയാണോ,” സൗമ്യ ആശങ്കയോടെ ജയന്തിയെ നോക്കി.

“ഇവിടെ ശരിയുടെയും തെറ്റിന്‍റെയും കാര്യമില്ല. മറിച്ച് നിന്‍റെ മൗലിക അവകാശമാണത്.” ജയന്തി പറഞ്ഞു. സൗമ്യ ജയന്തിക്കൊപ്പം ബാങ്കിൽ പോയി പുതിയ ഡെബിറ്റ് കാർഡിനുള്ള ആപ്ലിക്കേഷൻ നൽകി.

പിറ്റേ ദിവസം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ സൗമ്യയോട് വിവേക് ദേഷ്യത്തോടെ പറഞ്ഞു, “എന്താ നീ നിന്‍റെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തോ?”

“അതെ ചെയ്തു. ഞാൻ സമ്പാദിക്കുന്നത് എനിക്ക് ഇഷ്ടമുള്ളതു പോലെ ചെലവഴിക്കണം.” സൗമ്യ തെല്ലും കൂസാതെ പറഞ്ഞു.

“നിനക്കിവിടെ എന്താ കുറവുള്ളത്? ഇതുപോലെ തന്നിഷ്ടം നടക്കുന്ന പെൺകുട്ടിയെ വേണ്ടായെന്ന് ഞാനിവനോട് പറഞ്ഞതാ” മാലതിയമ്മ ഇടയ്ക്ക് കയറി പറഞ്ഞു.

“സൗമ്യ ഞാനെന്‍റെ കുടുംബത്തിനെ ഒരുവിധത്തിൽ പറഞ്ഞാ ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്. അപ്പോൾ നിനക്ക് എന്നെയൊട്ടും വിശ്വാസമില്ല അല്ലെ?” വിവേക് സങ്കടഭാവത്തിൽ പറഞ്ഞു.

“സ്വന്തം ഡെബിറ്റ് കാർഡ് തന്നാൽ മാത്രമേ വിശ്വാസം വരൂ എങ്കിൽ വിവേക് നീ നിന്‍റെ ഡെബിറ്റ് കാർഡ് എനിക്ക് തന്നോ. ഞാൻ എന്‍റെ ഡെബിറ്റ് കാർഡ് നിനക്ക് തരാം.” സൗമ്യ പറഞ്ഞു.

അവൾ വിവേകിനെ ഒരു നിമിഷം നോക്കി നിന്ന ശേഷം അകത്തു പോയി. ആ സംഭവത്തിനുശേഷം ഭർതൃവീട്ടിലുള്ളവരാരും അവളോട് സംസാരിക്കാതെയായി. സൗമ്യയുടെ വീട്ടുകാർക്കും സൗമ്യ ചെയ്തത് വലിയൊരു തെറ്റായി തോന്നി.

ഭർതൃവീട്ടിലുള്ളവരുടെ അവഗണനയും നിസ്സഹകരണവും സഹിക്കാനാവാതെ വന്നതോടെ അവൾ ജയന്തിയുടെ ഫ്ളാറ്റിലേക്ക് താമസം മാറി. 35 കാരിയായ ജയന്തി വിവാഹമോചിതയായിരുന്നു. സ്വന്തം ആദർശങ്ങൾക്കനുസരിച്ച് ജീവിക്കാനായിരുന്നു അവൾക്കിഷ്ടം.

ഇതിനോടകം സൗമ്യയ്ക്ക് പുതിയ ഡെബിറ്റ് കാർഡ് കിട്ടി. കാർഡ് കിട്ടിയയുടനെ അവൾ ജയന്തിയുടെ പണം മടക്കി നൽകി. അതിനുശേഷം അവൾ ജയന്തിയേയും കൂട്ടി പുറത്ത് ഡിന്നർ കഴിക്കാൻ പോയി.

വിവേക് തന്‍റെയൊരു ക്ലൈൻറുമായി മീറ്റിംഗ് നടത്തികൊണ്ടിരുന്ന ഹോട്ടലിലേക്കാണ് ജയന്തിയും സൗമ്യയും കടന്നു ചെന്നത്. സൗമ്യ ജയന്തിക്കൊപ്പം നടന്ന് വരുന്നത് കണ്ട് വിവേകിന് അവളോട് ദേഷ്യം തോന്നി. അയാൾ അവളുടെ അടുത്ത് വന്ന് സൗമ്യയോട് കയർത്തു സംസാരിച്ചു.

“ഇങ്ങനെ കറങ്ങി നടക്കാനാണല്ലേ നിനക്ക് കാർഡ് വേണ്ടിയിരുന്നത്. ഇനിയും സമയമുണ്ട്. വേണമെങ്കിൽ തെറ്റ് തിരുത്തി വീട്ടിൽ വരാം. ഇല്ലെങ്കിൽ ജയന്തിയുടെ കാറ്റഗറിയിൽ ഉൾപ്പെടും.”

സൗമ്യ അതെല്ലാം നിശബ്ദം കേട്ടു നിന്നു. അയാൾ പോയശേഷം സൗമ്യ സങ്കടം സഹിക്കാതെ അടക്കി പിടിച്ച് കരയാൻ തുടങ്ങി. കാര്യം മനസിലാക്കിയ ജയന്തി അവളെ ആശ്വസിപ്പിച്ചു. “തിരിച്ച് ചെന്നാൽ നിനക്ക് ആ അടിമ ജീവിതം നയിക്കേണ്ടി വരില്ലെന്ന് ഉറപ്പുണ്ടോ? അങ്ങനെ ആണെങ്കിൽ ഒന്നും ആലോചിക്കണ്ട മടങ്ങി പോയ്ക്കോളൂ.”

സൗമ്യ കരച്ചിലടക്കികൊണ്ട് പറഞ്ഞു. “ഞാൻ വിവേകിനെ ഇങ്ങനെയായിരുന്നില്ല കരുതിയിരുന്നത്. പക്ഷെ…”

സൗമ്യയെ ആദ്യം അയാൾ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയും നോക്കിയെങ്കിലും അവളുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അയാൾ അടവ് മാറ്റി നോക്കി. അയാൾ സ്നേഹം നടിച്ചു കൊണ്ട് അവളുടെ മനസ് മാറ്റാൻ നോക്കി. എന്നിട്ടും അവൾ ഒരിഞ്ച് മാറാൻ തയ്യാറായില്ല.

ഒരു ഡെബിറ്റ് കാർഡിന്‍റെ പേരിൽ സ്വന്തം ജീവിതം തുലച്ചു കളയാൻ വിവേകിനും ആഗ്രഹമുണ്ടായിരുന്നില്ല. സൗമ്യയുടെ ഏത് കാര്യവും ഒരു സാധാരണക്കാരനെപ്പോലെ തന്‍റെയവകാശമായി അയാൾ കരുതുകയാണുണ്ടായത്. എന്നാൽ അങ്ങനെ ചെയ്തതിലൂടെ അവളുടെ മൗലികാവകാശത്തെ ഹനിക്കുകയാണ് ഉണ്ടായതെന്ന കാര്യം അയാൾ മറന്നു പോവുകയായിരുന്നു.

വിവേക് അന്ന് രാത്രി തന്നെ സൗമ്യയെ ഫോണിൽ വിളിച്ച് ഡിന്നറിന് വരാൻ ആവശ്യപ്പെട്ടു. സൗമ്യ ഹോട്ടലിൽ എത്തുന്നതിന് മുമ്പെ തന്നെ വിവേക് അവിടെ എത്തി അവളെ കാത്തിരിക്കുകയായിരുന്നു.

അവളെ കണ്ടമാത്രയിൽ അയാൾ തെല്ലൊരു സങ്കോചത്തോടെ പറഞ്ഞു. “സൗമ്യ, എന്നോട് ക്ഷമിക്കണം. വിവാഹം കഴിഞ്ഞപ്പോൾ ഞാൻ കൂടുതൽ സ്വാതന്ത്യ്രമെടുത്തു. നീയന്ന് നിന്‍റെ ഡെബിറ്റ് കാർഡ് എന്നെ ഏൽപ്പിച്ചപ്പോൾ നിന്‍റെ ജീവിതം മുഴുവനും എന്‍റെ രീതിയനുസരിച്ച് മതിയെന്ന് കരുതി നിയന്ത്രിക്കുകയായിരുന്നു. ഞാൻ ചെയ്തത് വലിയ തെറ്റാണ്. മറ്റൊരാളുടെ സമ്പാദ്യത്തെ ഞാൻ സ്വന്തമിഷ്ടമനുസരിച്ച് വിനിയോഗിക്കുകയായിരുന്നു. എന്‍റെ തെറ്റ് എനിക്ക് ബോധ്യമായി.”

“ഇതിന് നന്ദി പറയേണ്ടത് ജയന്തിയോടാണ്. സ്വന്തം അധികാരവും അവകാശവും എന്താണെന്ന് അവളാണ് എന്നെ പഠിപ്പിച്ചത്. അല്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നത് ശീലമാക്കുമായിരുന്നു.”

അപ്പോഴേക്കും വെയ്റ്റർ ബില്ലും കൊണ്ട് വന്നു. വിവേക് ചിരിയോടെ പറഞ്ഞു, “ഇന്ന് മാഡം ബിൽ ചെയ്യും.” സൗമ്യ ചെറുപുഞ്ചിരിയോടെ ഡെബിറ്റ് കാർഡ് എടുത്ത് സ്വൈപ്പ് ചെയ്തു.

മറൈൻഡ്രൈവിലെ കാറ്റ്- നോവൽ ആരംഭിക്കുന്നു

“ഫ്രണ്ട്സ് പ്ലീസ് വെൽകം മിസ് നന്ദനാ വർമ്മ”. കോണ്‍ഫ്രൻസ് ഹോളിൽ ഒത്തു കൂടിയ സഹപ്രവർത്തകരോട് മാനേജർ മുഹമ്മദ് റോഷൻ പറഞ്ഞു. ബാങ്കിന്‍റെ കൊച്ചി ശാഖിലേക്ക് സ്ഥലം മാറ്റം കിട്ടിയ ശേഷം ആദ്യത്തെ വർക്കിംഗ് ഡേയാണിന്ന്. നന്ദന മന്ദഹാസത്തോടെ എഴുന്നേറ്റ് കൈകൂപ്പി.

ലക്നൗവിലേക്ക് സ്ഥലം മാറിപ്പോകുന്ന ശർമ്മാജിയുടെ സെന്‍റേഓഫും തനിക്കുള്ള വെൽക്കം പാർട്ടിയും ഒരുമിച്ച്.

മാനേജരുടെ ബുദ്ധിയായിരിക്കുമോ? ശർമ്മാജി പോകുന്നതിൽ ഒത്തിരി പേർക്ക് വിഷമമുണ്ടെന്ന് തോന്നി.

വളരെക്കുറച്ച് വാക്കുകളിൽ ചടങ്ങുകൾ ഒതുക്കി എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളിൽ തിരിച്ചെത്തി. ശനിയാഴ്ചയാണ്. ഉച്ചവരെയേ ഓഫീസുള്ളൂ. അതുകൊണ്ടാവും ഇത്ര ധൃതി. നന്ദന ഓർത്തു. 9.30 ന് ചേർന്ന മീറ്റിംഗ് 20 മിനിട്ട് മാത്രം നീണ്ടു. ആശ്വാസം.

ജയ്പൂരിൽ നിന്ന് ഈ ശാഖയിലെക്കുള്ള മാറ്റം താൻ ആഗ്രഹിച്ചു നേടിയതാണ്. പുതിയ സ്ഥലം, അന്തരീക്ഷം, അപരിചിത മുഖങ്ങൾ, തിളച്ചുമറിയുന്ന ഈ നഗരം തന്നെ ശ്വാസം മുട്ടിക്കുന്നുണ്ട്.

പുറത്തേക്ക് നോക്കിയപ്പോൾ ജയ്പൂരിലെ വീഥികളെക്കുറിച്ചോർത്തു പോയി. അവിടെ തന്‍റെ സീറ്റിന് എതിർ വശത്താണ് ജനാല. ഓർമ്മകൾ കറുത്ത മേഘങ്ങളായി ഇടിയും മിന്നലും പടർത്താൻ തുടങ്ങിയിരിക്കുന്നു.

ഗുഡ്മോർണിംഗ് മാഡം.

ഫയലുമായി ഓഫീസ് ബോയ് മുന്നിൽ വന്നു നിന്നു വിളിച്ചു. ഞെട്ടിപ്പോയി. ജാള്യത കാട്ടാതിരിക്കാൻ പണിപ്പെടുമ്പോൾ അയാൾ ചിരിയോടെ ഫയലുകൾ മേശപ്പുറത്ത് വച്ചു.

മാഡം, മാനേജർ വിളിക്കുന്നു.

ശർമ്മാജി കൈകാര്യം ചെയ്ത ഫയലുകളാണ്. ഇനി ഇതെല്ലാം നന്ദനയുടെ ചുമതലയിലാണ്. നോക്കി മനസ്സിലാക്കിയശേഷം തിങ്കളാഴ്ച മുതൽ വർക്ക് പിക്കപ്പ് ചെയ്തോളൂ.

ബ്രാഞ്ചിന്‍റെ ചുമതലയുള്ള റോഷൻ സർ നല്ല സഹകരണമുള്ള സൗമ്യനായ വ്യക്തിയാണെന്ന് നേരത്തേ കേട്ടിരുന്നു. എല്ലാം വ്യക്തമായി പറഞ്ഞും ചോദിച്ചും മനസ്സിലാക്കിയ ശേഷം ഉച്ചയോടെ ബാങ്കിൽ നിന്നിറങ്ങി. പരിചയമില്ലാത്ത വഴികൾ. ബസ് സ്റ്റോപ്പ് ബാങ്കിന് മുന്നിൽത്തന്നെയായത് നന്നായി. ക്രോസ് ചെയ്യണമെന്നേയുള്ളൂ.

വാറ്റിലയിലുള്ള കൂട്ടുകീരി ഹോമയുടെ വീട്ടിൽ രണ്ടുദിവസമായി കഴിയുന്നു. അവൾക്ക് വിഷമമുണ്ടകില്ല തന്നെ അക്കോമഡേറ്റ് ചെയ്യാൻ. പക്ഷേ ഒരു മാസം കഴിയുമ്പോൾ അവളുടെ ഭർത്താവ് നാട്ടിലെത്തും. അപ്പോഴും അവിടെ തുടരുന്നത് ശരിയല്ല.

വീട്ടിലെത്തുമ്പോൾ ഹേമ വന്നിട്ടുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ പത്രമെടുത്ത് മറിച്ചുനോക്കി. ക്ലാസിഫൈഡിലെ പേയിംഗ് ഗസ്റ്റ് കോളമാണ് രണ്ടുദിവസാമായി നോട്ടം. ഇന്നത്തെ പേജിൽ ഒരു പരസ്യം നോക്കിയപ്പോൾ ഒരു സുമതിയമ്മയാണ് ഫോണെടുത്തത്. വാർദ്ധക്യത്തിലെത്തിയ ദമ്പതികൾ താമസിക്കുന്ന വീടാണ്, പെണ്‍കുട്ടികളെയാണ് പേയിംഗ് ഗസ്റ്റായി പ്രിഫർ ചെയ്യുന്നത്.

വൈകിട്ട് വന്നാൽ കാണാൻ പറ്റുമോ

പിന്നെന്താ വന്നോളൂ. അവർ വഴി പറഞഅഞു കൊടുത്തു.

ബാങ്കിലേക്കുള്ള വഴിലെവിടെയോ ആണ് ആ വീടെന്ന് ലൊക്കേഷൻ പറയുമ്പോൾ മനസ്സിലായി. ഓട്ടോയിൽ പോയതിനാൽ വീട് കണ്ടെത്താൻ പ്രയാസമുണ്ടായില്ല. രണ്ടുനില വീട്. മുകളിലെ നിലയിലാണ് സുമതിയമ്മയും ഭർത്താവ് ശേഖർമാഷും താമസിക്കുന്നത്. റിട്ടയേർഡ് അധ്യാപകനാണ് ശേഖർമാഷ്. താഴത്തെ നില ഫ്രീയാണ്. വാടകക്കാര്യത്തിൽ വലിയ കടുംപിടുത്തമൊന്നുമില്ല.

വീട്ടിൽ കഴിയാൻ കൊള്ളാവുന്ന പെങ്കൊച്ചായിരിക്കണം. ശേഖർമാഷിന്‍റെ ഡിമാന്‍റ് ഇത്രയേയുള്ളൂ. പെരുമാറ്റം കൊണ്ട് ഇരുകൂട്ടർക്കും പരസ്പരം ഇഷ്ടമായി. റെപ്യൂട്ടഡായ ഒരു ബാങ്കിന്‍റെ അസിസ്റ്റന്‍റ് മാനേജരല്ലേ നന്ദന. അവർക്ക് ഇഷ്ടക്കേചിന് യാതൊരു വഴിയുമില്ല.

കുട്ടി നാളെത്തന്നെ വന്നോളൂ. ടോക്കണ്‍ ആയി 500 രൂപ കൊടുക്കുമ്പോൾ ശേഖർമാഷ് പറഞ്ഞു.

നാളെ ഞായറാഴ്ചയാണ്, മാറാൻ പറ്റിയ സമയം. സാധനങ്ങളൊക്കെ ഹേമയുടെ വീട്ടിൽ നിന്ന് കൊണ്ടുപോകാം.പിന്നെ പുതിയ വീടുമായി ഒന്നഡ്ജസ്റ്റ് ചെയ്യണം. അതിനൊരല്പം സമയം കിട്ടും.

സൗത്ത്ജംഗ്ഷനിലെ ഷോപ്പിൽ നിന്ന് അത്യാവശ്യം വേണ്ട സാമഗ്രികൾ വാങ്ങി. രണ്ട് ബക്കറ്റ്, വാഷിംഗ് പൗഡർ, സോപ്പ് ഇങ്ങനെ ചില്ലറ സാധനങ്ങൾ. ഭക്ഷണക്കാര്യം പിന്നീട് തീരുമാനിക്കാം.

തിങ്കളാഴ്ച ഓഫീസിലെത്തിയപ്പോൾ തുറക്കുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ, കസ്റ്റമേഴ്സ് പുറത്ത് ക്യൂവായിക്കഴിഞ്ഞിരുന്നു. രണ്ടുദിവസം അവധിയായിട്ടാവും നല്ല തിരക്ക്. ഫയലുകളുമായി പരിചയപ്പെട്ടു വരുന്നതേയുള്ളൂ. അൽപം സ്ലോ ആയി, എങ്കിലും തെറ്റില്ലാതെ ചെയ്യാൻ കഴിഞ്ഞു. നഗരത്തിലെ കാലാവസ്ഥ പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല വൈകിട്ടായപ്പോഴേക്കും തലവേദന തുടങ്ങി.

എങ്ങനെയോ മുറിയിലെത്തി കണ്ണടച്ചു കിടന്നു. വെളിച്ചത്തിലേക്ക് നോക്കാൻ പോലും കഴിയുന്നില്ല. അവിചാരിതമായി തണുത്ത സ്പർശം നെറ്റിയിൽ അനുഭവപ്പെട്ടു, ഞെട്ടി കണ്ണുതുറന്നപ്പോൾ സുമതിയാന്‍റി, കൈയിൽ ചായയും പലഹാരവും.

ചായ വാങ്ങിക്കുടിച്ചപ്പോൾ അൽപ്പം ആശ്വാസം തോന്നി. അവർ കാണിച്ച സ്നേഹം ഒരു സാന്ത്വനമായി അകം കുളിർപ്പിക്കുന്നു.

എങ്ങനയുണ്ട് മോളേ പുതിയ നാടും ഓഫീസും.

കാണാൻ ചന്തമുണ്ട്. ഞാനിതുവരെ ഈ നഗരം ശരിക്കും കണ്ടില്ലല്ലോ ആന്‍റീ.

ഇവിടുത്തെ ആളുകൾ നല്ലവരാ. മോളെപ്പോലെ. ആന്‍റി കട്ടിലിലരുന്ന് മുടിയിലും നെറ്റിയിലും തലോടി.

നഗരത്തിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഷോപ്പിംഗ് സെന്‍ററുകളെക്കുറിച്ചും വരെ സുമതിയാന്‍റി വിശദമായി പറഞ്ഞു.

ഇതിനിടയിലെപ്പോഴോ ആണ് നന്ദന അവരുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചത്. അതുകേട്ടതോടെ അവരുടെ മുഖം വിളറി. അൽപനേരം നിശ്ശബ്ദമായ ശേഷം അവർ പറഞ്ഞു.

ഞാനും ഭർത്താവും ഇവിടെ തനിച്ചാണ്.. ഒരു മോനുണ്ട്, അവൻ കാനഡയിൽ സെറ്റിൽഡാണ്. ഞങ്ങഴെക്കുറിച്ച് യാതൊരു ചിന്തയുമില്ല. പിന്നെ ഒരു മോളുണ്ടായിരുന്നു, അവളായിരുന്നു ഞങ്ങളുടെ ആശ്വാസവും സന്തോഷവും. കോളേജീന്ന് ടൂർ പോയതാ.. ഒരാക്സിഡന്‍റ്.. എല്ലാം കഴിഞ്ഞു…

സുമതിയാന്‍റി കരഞ്ഞപ്പോൾ നന്ദന വിഷ്ണയായി വേണ്ടായിരുന്നു… ഒന്നും ചോദിക്കേണ്ടായിരുന്നു.

അവൾ മെല്ലെ ചെന്ന് അവരുടെ കൈ ചേർത്തു പിടിച്ചു. ഇത്രയും ദുഖിതരായ മതാപിതാക്കളെ ഉപേക്ഷിച്ച് മകൻ പോയന്തു കഷ്ടമാണ്. ബന്ധങ്ങളെക്കാൾ വലുതാണെ ആളുകൾക്ക് പണം. എല്ലാം വലിച്ചറിഞ്ഞ് നാടുവിട്ടു പോകുവാൻ പ്രേരിപ്പിക്കുന്ന ഘടകമെന്താവും? സമ്പത്തുമാത്രം ആവാൻ തരമില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വളർത്തി വലുതാക്കാൻ അമ്മയും അച്ഛനും പെടുന്ന പാട് എത്ര വലുതാണ്. എന്നിട്ട് ജീവിതത്തിന്‍റെ സായന്തനങ്ങളിൽ അവർ തനിച്ചാകുന്നു. മൂടൂന്ന ഇരുളിൽ അൽപം വെളിച്ചം ഇവർക്ക് പ്രതീക്ഷിക്കാമോ?

“ പുത്രങാഗ്യം എനിക്ക് അശേഷമില്ല കുട്ടീ. ഈ ദുഖത്തിനിടയിൽ മോന്‍റെ പേരുപോലും കേൾക്കാൻ അദ്ദേഹത്തിനിഷ്ടമല്ല. ഹൃദ്രോഗിയാണ്. ഒരു മനപ്രായാസോം പാടില്ലാത്തതാ….”

ഞാനറിയാതെ എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒതുക്കാൻ ശ്രമിച്ചിട്ടും സങ്കടം കണ്ണീരായി പെയ്തുകൊണ്ടിരുന്നു. ആ സമയം സുമതിയാന്‍റിയോട് വല്ലാത്ത സ്നേഹം തോന്നി ഒരമ്മയോടെന്നപോലെ.

ശേഖർമാഷ് പൊതുവേ അന്തർമുഖനാണ്. ആരോടും കാര്യമായി സംസാരിക്കാത്ത പ്രകൃതം. വായനയാണ് സദാസമയം. നിരാശാഭരിതമായ ജീവിതം എങ്ങനെയെങ്കിലും തള്ളിനീക്കണമെന്നേയുള്ളൂ അദ്ദേഹത്തിന്. നഗരത്തിലെ പ്രശസ്തമായ കോളേജിൽ അധ്യാപകനായിരുന്നു, അഞ്ചു വർഷം മുമ്പ് റിട്ടയറായി.

ഓഫീസിൽ നിന്നും വന്നശേഷം നന്ദന ദിവസവും അരമണിക്കൂർ അദ്ദേഹത്തിന്‍രെ കൂടെ കൂടും. പുസ്തകങ്ങളെ ചുറ്റിപറ്റിയാണ് അവൾ സംസാരം തുടങ്ങി വച്ചത്. ഇപ്പോൾ മറ്റുകാര്യങ്ങളും സംസാരിക്കാൻ അദ്ദേഹം താൽപര്യം കാട്ടിത്തുടങ്ങിയിരിക്കുന്നു.

കണ്ണടച്ചുതുറക്കും മുമ്പ് ഒരാഴ്ച കടന്നു. വീണുകിട്ടിയ അവധി ദിനത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു. അപ്പോഴാണ് ഒരു ഐഡിയ മനസ്സിലുദിച്ചത്. സുമതിയാന്‍റിയേയും മാഷിനേയും ഔട്ടിംഗിന് കൊണ്ടുപോയാലോ… നിർബന്ധിച്ചപ്പോൾ ഇരുവരും വന്നു. മറൈൻഡ്രൈവിലെ ഭംഗിയുള്ള പാതകളിലൂടെ നടക്കുമ്പോൾ സുമതിയാന്‍റിയും മാശും വളരെ റിലാക്സ്ഡ് ആയി തോന്നി. ഇലഞ്ഞിയും വാകയും തണൽ വിരിച്ച ഇരിപ്പിടങ്ങളിലിരിക്കുമ്പോൾ വാക്കുകളേക്കാൾ അർത്ഥമുള്ള സ്നേഹത്തിന്‍റെ നിറവായി മൗനം അവർക്കിടയിൽ പാറി നടന്നു.

അതൊരു തുടക്കമായിരുന്നു. നഷ്ടപ്പെട്ട ഉത്സാഹം ആ വൃദ്ധദമ്പതികളിൽ തിരിച്ചെത്തുന്നത് ആശ്വാസത്തോടെ നന്ദന മനസ്സിലാക്കുന്നുണ്ടായിരുന്നു. മാഷിനെ ഒരു ജോലിയിൽ എൻഗേജ്ഡ് ആക്കണം. അവളുടെ ചിന്തകൾ അതേക്കുറിച്ചായിരുന്നു. ഈ ദിനങ്ങളിലൊരിക്കൽ അവൾ മാഷിനു മുന്നിൽ അക്കാര്യം അവതരിപ്പിച്ചു.

“മാഷേ, ഇങ്ങനെ വെറുതേ ഇരുന്ന് മുഷിയണോ? ഞാൻ ഒരു സജഷൻ പറയട്ടെ?”

വായനക്കിടെ നന്ദനയുടെ ചോദ്യം കേട്ട് മാഷ് തലയുയർത്തി.

“മാഷിന് അനാഥക്കുട്ടികളെ പഠിപ്പിച്ചു കൂടേ, ഇവിടെ ഇഷ്ടംപോലെ സ്ഥലം ഉണ്ടല്ലോ.”

മാഷ് അതിശയത്തോടെ അവളെ നോക്കി. അദ്ദേഹം അവളുടെ ശിരസ്സിൽ തലോടി കണ്ണടച്ചിരുന്നു. ഒന്നും മിണ്ടിയില്ലെങ്കിലും അദ്ദേഹം ആ നിർദ്ദേശം സ്വീകരിച്ചുവെന്ന് നന്ദനയ്ക്ക് ഉറപ്പായിരുന്നു..

“മാഷിന് സമയം പാഴാക്കാതെ നോക്കാം. അതോടൊപ്പം കുറേ പാവം കുഞ്ഞുങ്ങൾക്ക് ഉപകാരമാവില്ലേ?”

ആ വലിയ വീട്ടിൽ ധാരാളം സ്ഥലമുണ്ട്. ഇവിടെത്തന്നെ പഠനകേന്ദ്രം തുടങ്ങാവുന്നതേയുള്ളൂ. സുമതിയാന്‍റിക്കും സന്തോഷമായി.

ആദ്യമോക്കെ രണ്ടുംമൂന്നും കുട്ടികൾ മാത്രമേ വന്നുള്ളൂ. രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ മാറി. തൊട്ടടുത്തുള്ള അനാഥാശ്രമത്തിലെ കുട്ടികളും പഠിക്കാൻ വന്നുതുടങ്ങി. ഇപ്പൾ ആ വീട്ടിൽ എപ്പോളും കുട്ടികളുടെ കളിചിരികൾ… ബഹളങ്ങൾ…

മാളിന് വലി. തിരക്കായി. ഇപ്പോൾ വായനയ്ക്കു സമയമില്ലെന്നായി പരാതി.

അങ്ങനെ നന്ദനയുടെ മുന്നിലൂടെ രാപകലുകളായി കടന്നുപോയത് നീണ്ട നാലുവർഷങ്ങളാണ്. ആ വീട്ടിൽ ആരുമത് അറിഞ്ഞില്ലെന്ന് തോന്നി.

മാർച്ച് മാസം.

അവസാനത്തെ ആഴ്ചയാണ്. ബാങ്കിൽ ഭയങ്കര തിരക്ക്. ഓവർടൈം ചെയ്താലും ജോലി ബാക്കി. ഇന്ന് ആനുവൽ ക്ലോസിംഗായിരുന്നു. പണിയൊതുക്കി വീട്ടിൽ വന്നപ്പോൾ രാത്രി 9.30.

മാഷും ആന്‍റിയും ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അതൊരു പതിവായി. നന്ദന വരാതെ അത്താഴം കഴിക്കില്ല. എത്ര പറഞ്ഞാലും കേൾക്കില്ലെന്നായിട്ടുണ്ട്.

നല്ല വിശപ്പും ക്ഷീണവും. അവൾ ഭക്ഷണം കഴിച്ച് മുറിയിലെത്തി. ഉറങ്ങാൻ കിടന്നെങ്കിലും അരുണിനെക്കുറിച്ചുള്ള ഓർമ്മകൾ നെഞ്ചകം പൊള്ളിച്ചു.

ജയപൂർ ബ്രാഞ്ചിൽ നിന്ന് ഒരു കസ്റ്റമറിനു വേണ്ടി വിളി വന്നതോടെയാണ് അവളുടെ ഓർമ്മയിലേയ്ക്ക് അരുൺ കടിഞ്ഞാണില്ലാതെ കടന്നുവന്നത്.

ക്രമാതീതമായി ഉയരുന്ന ഹൃദയമിടിപ്പിനെ അവഗണിക്കാൻ ആവതും ശ്രമിച്ചു. ഫാനിന്‍റെ കാറ്റിനും ഉഷ്ണം ശമിപ്പിക്കാനായില്ലെന്ന് തോന്നിയപ്പോൾ അവൾ എഴുന്നേറ്റ് ജനാല തുറന്നു.

നേർത്ത കാറ്റുണ്ട്. പുറത്ത് വേനൽമളയ്ക്കുള്ള പുറപ്പാടാണെന്ന് തോന്നുന്നു. പെയ്യാൻ തുടിക്കുന്ന കണ്ണുകളെ തടയാതെ അവൾ ജനലഴികളിൽ മുഖം ചേർത്തു.

എന്തിനായിരുന്നു ഈ ഒളിച്ചോട്ടം?

(തുടരും)

ഇങ്ങനെയും ഒരു ഭാര്യയോ?

വിവാഹ സീസണാകുമ്പോഴേക്കും എന്‍റെ ഭാര്യ അനാമികയ്ക്ക് അപൂർവ്വമായ ചുറുചുറുക്ക് ഉടലെടുക്കുമായിരുന്നു. വാതിൽക്കലുള്ള ബെൽ മുഴങ്ങുമ്പോഴേക്കും അവൾ തന്‍റെ കിളിനാദത്തിൽ പറയും“ നോക്കൂന്നേ, ഒരുപക്ഷേ ആരുടെയെങ്കിലും വിവാഹക്ഷണക്കത്ത് വന്നിട്ടുണ്ടാകും.”

വിവാഹ കാർഡ് കാണുമ്പോഴേ എനിക്ക് പനി വരും. ബന്ധം പറഞ്ഞു വരുമ്പോഴേക്കും ഗിഫ്റ്റ് കൊടുക്കേണ്ട ചുമതല എനിക്കായിരിക്കാം. ഗിഫ്റ്റ് മേടിക്കുന്നതിന് ഓഫീസിൽ നിന്നും ലീവെടുക്കുന്നതിനായി പലതരത്തിലുള്ള അഭ്യാസങ്ങളും നടത്തണം. പിന്നീട് സ്‌ഥൂല ശരീരയായ പത്നിയെ സ്കൂട്ടറിൽ ഇരുത്തി ദൂരദിക്കിലുള്ള വിവാഹച്ചടങ്ങ് നടക്കുന്ന സ്‌ഥലത്തേക്ക് സുരക്ഷിതയായി കൊണ്ടു പോകുമ്പോഴേക്കും ഞാനാകെ വിയർത്തു കുളിക്കും. അപ്പോഴെല്ലാം അവൾക്ക് ഒരേയൊരു പല്ലവിയേയുള്ളൂ “നോക്കൂ ചേട്ടാ, നാളെ നമ്മുടെ കുട്ടികളും വലുതാകും. അവരുടെ വിവാഹവും നടക്കും. നമ്മൾ സാമൂഹിക പരിപാടികളിൽ പങ്കെടുത്തില്ലെങ്കിൽ പിന്നെ നമ്മുടെ കാര്യത്തിനാരു വരാനാണ്?”

എനിക്ക് അനാമികയുടെ സ്ത്രീ മനഃശാസ്ത്രം മനസ്സിലായി. വിവാഹം എന്നു പറയുന്നത് വീട്ടിലിരിക്കുന്ന ഭാര്യമാർക്ക് പുറത്തേക്കു കടക്കുവാനുള്ള ഒരു പഴുതാണ്. ബ്യൂട്ടിപാർലറിൽ പോയി തയ്യാറാക്കിയ തങ്ങളുടെ ശരീരസൗന്ദര്യം പ്രദർശിപ്പിക്കുവാൻ പറ്റിയ ഒരു സുവർണ്ണാവസരമാണത്.

“അവളുടെ കഴുത്തിലെ മാല നീ ശ്രദ്ധിച്ചോ, ഹോ അവരുടെ ഭർത്താവ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിലെ എൻജിനീയറല്ലേ?” ഇത്തരത്തിലുള്ള രഹസ്യസംസാരങ്ങളും ഇവരുടെ സംഭാഷണത്തിനു കൊഴുപ്പു കൂട്ടിയിരുന്നു.

ഒരു ദിവസം അനാമിക എന്നോടു പറഞ്ഞു “ഇന്ന് ബാങ്കിലേക്ക് വരൂ, എന്‍റെ ലോക്കറിൽ നിന്നും ജുവലറി എടുക്കണം.”

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു, “എന്തിനാ?”

അവൾ പറഞ്ഞു “നിങ്ങൾക്കറിയില്ലേ നാളെ വന്ദനയുടെ മകന്‍റെ കല്യാണമല്ലേ. ഇത് നോക്കൂ, വെഡ്ഡിംഗ് കാർഡ്.”

എന്‍റെ അധോഗതി! ഞാൻ ഭയം നിറഞ്ഞ കണ്ണുകൾ കൊണ്ട് സ്കൂട്ടറൊന്നു നോക്കി. എനിക്ക് അതിനോട് ദയ തോന്നി. ഈ നിർജ്ജീവവസ്തു കഴിഞ്ഞ ജന്മത്തിൽ എന്തു പാപം ചെയ്‌തിട്ടാണോ ഈ ജന്മത്തിൽ ഈ ആനത്തടിച്ചിയുടെ ഭാരം ചുമക്കേണ്ടി വരുന്നത്.

എന്‍റെ അനാമികയ്ക്ക് ഇതിനെപ്പറ്റി എന്തറിയാം. അവൾക്ക് അവളുടെ സ്വർണ്ണാഭരണങ്ങളും സാരിയും പ്രദർശിപ്പിച്ച് മിസ്സിസ്സ് 2022 എന്ന പദവിയും അഭിനന്ദനവും മാത്രം കൈപ്പറ്റിയാൽ മതി.

ഞാൻ അനാമികയോടു ചോദിച്ചു “എന്‍റെ അനൂ, ഈ വിവാഹ പരിപാടികളിൽ നിനക്കെന്താ ഇത്ര താൽപര്യം?”

അവൾ നാണിച്ചു കൊണ്ടു പറഞ്ഞു “വിവാഹം സ്ത്രീകൾക്ക് പ്രത്യേക അന്തസ്സ് നൽകുന്നു. ഞങ്ങളും ഒരിക്കൽ നവവധുക്കളായിരുന്നു… ഹായ്, ആ നാളുകളെവിടെപ്പോയി. അന്ന് ഞങ്ങളുടെ നടപ്പ് നിലത്തൊന്നും ഉറച്ചിരുന്നില്ല. ഇക്കാര്യവും പറഞ്ഞ് റിസപ്ഷനിൽ ചൂടേറിയ അനേകം പലഹാരങ്ങളും കഴിക്കുന്നു. ഇപ്പോൾ നിങ്ങൾ തന്നെ പറയൂ, ബിരിയാണിയും മസാലദോശയുമെല്ലാം കഴിച്ചിട്ട് എത്രയോ ദിവസങ്ങളായി.”

ഞാനെന്തു പറയാനാ. വിവാഹാഘോഷങ്ങളുടെ തിളക്കം കൂട്ടുന്നത് സുന്ദരികളായ സ്ത്രീകൾ തന്നെയാണ്. പുരുഷന്മാർ എന്തു ചെയ്യാനാ. അവിടെ പോയി എന്തു സംസാരിക്കാനാ? സംസാരിക്കുവാൻ ഏതെങ്കിലും ഗ്രൂപ്പൂ വേണ്ടേ? ഇനി ഏതെങ്കിലും പരിചയക്കാരെ കണ്ടാലും ഷേക്ക് ഹാൻഡ് ചെയ്തും ഹായ് ഹലോ പറഞ്ഞും കുട്ടികളുടെ കാര്യം ചോദിച്ചു തീർന്നു.

വന്ദനയുടെ മകന്‍റെ വിവാഹക്ഷണക്കത്ത് അനാമിക ഒരായിരം പ്രാവശ്യം തിരിച്ചും മറിച്ചും നോക്കി, കലണ്ടർ നോക്കി നിശ്ചയിക്കുകയായിരുന്നു. എന്നായിരിക്കും കൈകൊടുക്കൽ, മുഹൂർത്തം, റിസപ്ഷൻ. പിന്നെ വീണ്ടും വീണ്ടും എനിക്ക് നിർദ്ദേശം നൽകിക്കൊണ്ടിരുന്നു. “നല്ല വലിയ ഗിഫ്റ്റ് കൊണ്ടുവരണം.”

ഞാൻ തലകുലുക്കി പറഞ്ഞു “ശരി”

ആ ദിവസം അനാമികയുടെ ഒരുക്കം കണ്ട് അവളാണോ മണവാട്ടി എന്നു തോന്നിപ്പോയി. വില കൂടിയ സിൽക്കിന്‍റെ നീലസാരി, പുതിയ ചെരുപ്പ്, തലമുടിയിൽ വാസനയുള്ള മുല്ലപ്പൂവിന്‍റെ ഹാരവും ചുണ്ടുകളിൽ ലിപ്സ്റ്റിക്കും.

ഞാൻ ഇടയ്ക്ക് മഹാറാണി അനാമികയെയും ദയാപൂർവ്വം എന്‍റെ സ്കൂട്ടറിനേയും മാറിമാറി നോക്കി. അഗർബത്തി കത്തിച്ച് സ്കൂട്ടറിന് ആതി ഉഴിഞ്ഞ് ഞാൻ പറഞ്ഞു “സഹോദരാ, വഴിയിൽ എന്‍റെ മാനം കാക്കണേ, റോഡിലെ കുഴികളെ ധൈര്യപൂർവ്വം തരണം ചെയ്യണേ.”

സ്കൂട്ടറിന് ഒരുപക്ഷെ എന്നോട് സഹതാപം തോന്നിക്കാണും. അത് ഞങ്ങളെ അപകടവും പരിക്കുകളും കൂടാതെ വിവാഹമണ്ഡപം വരെ എത്തിച്ചു.

ഞാൻ നോക്കുമ്പോൾ സ്ത്രീകൾ ഗ്രൂപ്പു ഗ്രൂപ്പായി നിന്നു സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ ബഹളം കാരണം പുരോഹിതന്‍റെ മന്ത്രോച്ചാരണത്തിന്‍റെ നേർത്ത സ്വരം മാത്രമേ കേൾക്കാമായിരുന്നുള്ളൂ. ആർക്കും വിവാഹത്തിൽ ഒരു താൽപര്യവുമില്ലായിരുന്നു.

പുരുഷന്മാർ കസേരകളിലിരിക്കുന്നതു കണ്ടാൽ കല്ലുകൊണ്ടുള്ള പ്രതിമകളുടെ പ്രദർശനമാണോ എന്ന് തോന്നിപ്പോകും. ആളുകൾ യന്ത്രം കണക്കെ വധൂവരന്മാരെ ആശംസിച്ചു കൊണ്ടും ഉപഹാരം നൽകിക്കൊണ്ടുമിരുന്നു.

അനാമിക പതുക്കെ എന്‍റെ ചെവിയിൽ മന്ത്രിച്ചു “തിരക്കു കാണുന്നില്ലേ, പെട്ടെന്ന് തന്നെ പ്ലേറ്റ് ചാടിപ്പിടിക്കൂ, എന്നിട്ട് ഡിന്നർ കഴിക്കാൻ തുടങ്ങൂ.” ബുഫേ സിസ്റ്റമായതിനാൽ ആളുകൾ ചാടി വീഴുകയാണ്. അവസാനമാകുമ്പോഴേക്കും ഉണക്കച്ചോറ് മാത്രമേ കിട്ടുകയുള്ളൂ എന്നും പറഞ്ഞ് അവൾ എന്‍റെ കൈപിടിച്ചു വലിച്ച് പന്തൽ വരെ കൊണ്ടുപോയി എന്നെക്കൊണ്ട് പ്ലേറ്റ് പിടിപ്പിച്ചു.

ഉന്തും തള്ളും കഴിഞ്ഞ് തന്‍റെ പ്ലേറ്റിൽ മിഠായി, ഉപ്പിലിട്ടത്, ബിരിയാണി, സാലഡ്, ഗോബി മുൻചൂരിയൻ എന്നിവ എത്രത്തോളമിടാൻ പറ്റുമോ അത്രയും കുത്തി നിറച്ചു കൊണ്ടുവന്ന് ആ ഗോസിപ്പുകാരോടൊപ്പം അനാമിക രാത്രിഭക്ഷണത്തിന്‍റെ  ആനന്ദം നുകർന്നു കൊണ്ടിരുന്നു.

ഞാൻ അപരിചിതനെപ്പോലെ കൈയിൽ കാലി പ്ലേറ്റുമായി ഭക്ഷണം കഴിക്കുന്നവരുടെ ചക്രവ്യൂഹത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അസഫലമായ പ്രയത്നത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.

അനാമികയാകട്ടെ ഓരോ വിഭവവും എക്സ്ക്യൂസ് മീ എന്നു പറഞ്ഞ് ശേഖരിക്കുകയായിരുന്നു. അവൾ മാറി മാറി ഓരോ സ്റ്റോളുകളിലേയ്ക്കും പാഞ്ഞു നടന്നു. ഡിന്നർ എന്നത് ഒരു കലയാണെന്നും എന്‍റെ ജീവിത പങ്കാളി വിവാഹ ക്ഷണക്കത്തുകൾ ഇത്ര വ്യാകുലതയോടെ പ്രതീക്ഷിക്കുന്നതെന്തിനെന്നും ഇപ്പോളെനിക്കു മനസ്സിലായി. പന്തൽ പതുക്കെ കാലിയായിത്തുടങ്ങി.

ഞാൻ എന്‍റെ സ്കൂട്ടർ സ്റ്റാർട്ടു ചെയ്തു. പിറകിലത്തെ സീറ്റിലിരുന്നു കൊണ്ട് അനു ചോദിച്ചു “നിങ്ങളൊന്നും കഴിച്ചല്ലേ?”

ഞാൻ പറഞ്ഞു “ഇല്ല”

സ്കൂട്ടർ കുറച്ചുദൂരം ഓടിയശേഷം ഇളകാൻ തുടങ്ങി “എന്താ എന്തുണ്ടായി?” അനു ചോദിച്ചു

“ഞാൻ ഭയപ്പെട്ടിരുന്നത് സംഭവിച്ചു. ടയർ പഞ്ചറായി.”

രാത്രി ഒരുപാട് വൈകിയിരുന്നതു കൊണ്ട് സ്കൂട്ടർ റിപ്പയർ സെന്‍റർ അടച്ചിരുന്നു. ഒരു വിധത്തിൽ സ്കൂട്ടർ ഉന്തിത്തള്ളി വീട്ടിൽ എത്തിച്ചു. അനാമിക നടന്നു നടന്നു ക്ഷീണിച്ചിരുന്നു. എന്‍റെ സ്‌ഥിതി അതിലും മോശം. വീടുതുറന്നു നോക്കിയപ്പോൾ മറ്റൊരു വിവാഹക്ഷണക്കത്ത് ആരോ ഇട്ട് പോയിരിക്കുന്നതായി കണ്ടു.

അനാമിക ദുഃഖിതയായി പറഞ്ഞു “നാളെ ഓഫീസിൽ നിന്നും പോരുന്ന വഴി 500 രൂപ മണിയോർഡറായി അയയ്ക്കണം. എന്നിട്ട് പ്രത്യേകം എഴുതണം. ഞങ്ങൾക്ക് വരാൻ പറ്റില്ല എന്ന്” ഇതും പറഞ്ഞ് അവൾ കിടക്കയിൽ ചെന്നു വീണു.

Story: പ്രതീകം

ആകാശത്തിനും മേഘത്തിനും താഴെയായി പൂത്തുലഞ്ഞു നിൽക്കുന്ന വാകമരം. അതിനു താഴെ തണൽ പറ്റി ഞാനും ഒരുപറ്റം ആളുകളും. എല്ലാവരും പല സ്ഥലങ്ങളിലേയ്ക്ക് പുറപ്പെടുന്ന ബസ്സിനു വേണ്ടി കാത്തു നിൽക്കുന്നു. പരസ്പരം അറിയില്ലെങ്കിലും അനാവശ്യ ചർച്ചകൾ നടത്തുന്നു, ചിലർ കളിതമാശകൾ പറയുന്നു ചിലർ ചിന്താമഗ്നരായി നിൽക്കുന്നു.

സൂര്യൻ ആരോടൊക്കെയോ ഉള്ള പ്രതികാരം പോലെ കത്തിയമരുന്നു. അസഹ്യമായ ചൂട്… വെയ്റ്റിംഗ് ഷെഡിൽ കയറി ഇരിക്കാൻ പറ്റില്ല. പലതരം പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തിഹീനം ആക്കിയിരിക്കുന്നു. ഒന്ന് ഇരിക്കാൻ പോലും സ്ഥലമില്ല. ആകെ മുറുക്കി തുപ്പി ചുവപ്പിച്ച് വച്ചിരിക്കുന്നു.

വൃത്തി എന്നത് അവനവന്‍റെ വസ്ത്രത്തിലും സൗന്ദര്യത്തിലും മാത്രമായി ഒതുക്കിയിരിക്കുന്നു, ഞാനുൾപ്പടെയുള്ള സകല മലയാളികളും.

എനിക്ക് ലജ്ജ തോന്നി. എന്‍റെ മാത്രമല്ല, പലരുടെയും തലകൾ താഴ്ന്നു പോകുന്നു ലജ്ജ കൊണ്ട് പലപ്പോഴായി. ഒന്നിനോടും പ്രതികരിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി അതിനു മുകളിൽ വെളുത്ത ചിരി തേച്ച് നടക്കുന്നു നമ്മൾ.

“ശാർ…” ആ വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി.

“ശാപ്പിട്ടിട്ട് രണ്ട് നാളാച്ച് ശാർ, എന്തെങ്കിലും കൊടുങ്കയ്യാ…”

ഞാൻ അയാളെ ആകെ ഒന്നു നോക്കി. നല്ല കറുത്തു തടിച്ച ഒരു വയറൻ തവളയെപ്പോലെ തോന്നി. വെയിലത്തു നടന്നു വന്നത് ഒഴിച്ചാൽ അവശതകൾ തോന്നാത്ത ഒരു വയറൻ. എനിക്ക് അയാളോട് പുച്ഛവും ദേഷ്യവും തോന്നി.

“ദൂരെ പോ… എന്‍റെ കൈയിൽ ഒന്നുമില്ല.” അയാൾ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടുന്നത് ഞാൻ നോക്കി നിന്നു.

പാവം, ചിലപ്പോൾ വിശന്നിട്ട് ആയിരിക്കും. അയാൾക്ക് വയറുണ്ടെന്നു കരുതി വിശക്കാതിരിക്കില്ലല്ലോ.

കൊന്ത്രപ്പല്ലന്‍റെ മരണവും കുടവയറന്‍റ വിശപ്പും ആരും അറിയില്ല എന്ന് പറയുന്നതിലെ ശരിയെപ്പറ്റി ഞാൻ ഓർത്തു.

അയാൾ എത്ര ആരോഗ്യവാൻ ആയിരുന്നാലും അയാൾക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു. ഒന്നുമില്ലങ്കിലും എന്‍റെ മുമ്പിൽ കൈ നീട്ടിയതല്ലേ… എനിക്ക് വളരെ കുറ്റബോധം തോന്നി.

എന്‍റെ കണ്ണുകൾ അയാളെ തിരഞ്ഞു. അയാളെ അവിടെയെങ്ങും കാണുന്നില്ല. അയാൾ അടുത്ത ആൾക്കൂട്ടത്തെ തിരഞ്ഞ് പോയി കാണും എന്ന് ഞാൻ എന്നെ തന്നെ വിശ്വസപ്പിക്കാൻ ശ്രമിച്ചു.

എന്നിലെ നന്മകൾ എനിക്ക് കൈമോശം വന്ന് തുടങ്ങിയിരിക്കുന്നു. ഞാൻ വേറെ ഏതോ മനുഷ്യൻ ആയി മാറാൻ തുടങ്ങിയിരിക്കുന്നു.

പഠിക്കുന്ന കാലത്ത് അനീതികൾക്ക് എതിരെ ശബ്ദം ഉയർത്താൻ തോന്നിയിരുന്നു. പലപ്പോഴും പലതിനും ഇറങ്ങി തിരിച്ചിട്ടുമുണ്ട്…

പക്ഷേ, എല്ലായ്പ്പോഴും എന്നിലെ ഭീരു എന്നെ പുറകോട്ടു വലിച്ചു നിർത്തി. ഭാര്യ, മക്കൾ, കുടുംബം എന്നിവയിലേക്ക് ഇന്ന് ഞാൻ ലോപിച്ചിരിക്കുന്നു. എന്‍റെ വീടിന്‍റെ ജനലും വാതിലും ഞാൻ തന്നെ അടച്ചു.

കൂടെ എന്‍റെ മനസ്സും കണ്ണും കാതും. എല്ലാം സഹിച്ച് ഒന്നിനോടും പ്രതിബദ്ധത ഇല്ലാതെ പ്രതികരിക്കാതെ സെന്‍റിമെൻസില്ലാതെ ഞാൻ മാറിയിരിക്കുന്നു, ഈ കാലഘട്ടത്തിന്‍റെ പ്രതീകം…

എനിക്ക് പോകാനുള്ള ബസ്സ് വന്നു. ഞാൻ അതിൽ കയറി, ഇനി യാത്ര. ഇനിയും ദൂരം ഒരുപാട് താണ്ടാനുണ്ട്.

Story: ആ നല്ല ദിവസം

“നോക്കൂ, നിങ്ങൾക്കെന്താണ് ഗിഫ്റ്റായിട്ടു വേണ്ടത്?” അടുക്കളയിൽ നിന്നും ശ്രീമതിയുടെ സ്നേഹമസൃണമായ ശബ്ദം കേട്ട് ഞാൻ ഞെട്ടി. ഇത്രയും സ്നേഹം പതിവില്ലാത്തതാണ്.

ടിവിയിൽ ബ്രേക്കിംഗ് ന്യൂസ് കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഉച്ചത്തിൽ സംസാരിക്കുകയും തീക്ഷ്ണ വിമർശനങ്ങൾ ചൊരിയുകയും ചെയ്യുന്ന ശ്രീമതിയാണോ ഇത്. ഞാൻ ടിവി ഓഫ് ചെയ്‌ത് അത്ഭുതത്തോടെ ശ്രീമതിയെത്തന്നെ നോക്കിയിരുന്നു.

“എന്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത്? നിങ്ങൾക്ക് എന്താണ് ഇഷ്ടമെന്ന് ചോദിച്ചതല്ലേയുള്ളൂ.” ശ്രീമതിയുടെ സ്നേഹം എന്നെ ശരിക്കും ചിന്താക്കുഴപ്പത്തിലാക്കി.

“ഇതെന്താ, ഇന്ന് സൂര്യൻ പടിഞ്ഞാറാണോ ഉദിച്ചത്?” ഗിഫ്റ്റ് വാങ്ങൽ തന്‍റെ ജന്മാവകാശമാണെന്ന മട്ടായിരുന്നു ശ്രീമതിക്ക്. എന്ത് ഉദ്ദേശ്യത്തോടെയാവും ഇവൾ സമ്മാനം നൽകാൻ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയോടെ ഞാൻ തിരക്കി.

“അല്ല… ഈ ഗിഫ്റ്റ് തരുന്നതിന് വല്ല പ്രത്യേക കാരണവും. എന്‍റെ ജന്മദിനം (അത് കൃത്യമായി എനിക്കു പോലും ഓർമ്മയില്ല) കഴിഞ്ഞ മാസമായിരുന്നുവല്ലോ? പിന്നെ ഇപ്പോ…”

“വീട്ടിൽ സുഖവും സമാധാനവും വേണം. അതെന്നും ഇതുപോലെ നിലനിൽക്കണം. അതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം.”

അവൾ ചോദ്യം ആവർത്തിച്ച് ശല്യം ചെയ്യാൻ തുടങ്ങിയതോടെ തടിതപ്പാനെന്നോണം ഞാൻ പറഞ്ഞു.

“പ്ലീസ്… ദയവായി പറയൂ.” ശ്രീമതിയുടെ ദീർഘിപ്പിച്ച അഭ്യർത്ഥന.

“ചൊവ്വാഗ്രഹത്തിൽ നിന്നും വന്ന വിചിത്ര ജീവിയെപ്പോലെയാണ് പലപ്പോഴും നിങ്ങളുടെ പെരുമാറ്റം. നിങ്ങൾ ഇരുപത്തിനാലു മണിക്കൂറും ടിവിയുടെ മുന്നിലാണല്ലോ? എന്നിട്ടും ഒന്നും മനസ്സിലായില്ലേ? അടുത്ത ആഴ്ച ഫാദേഴ്സ് ഡേയാണെന്ന് ടിവിയിൽ ഒരു നൂറുവട്ടമെങ്കിലും കാണിച്ചു കാണും. ഫാദേഴ്സ് ഡേയുടെ ഇംപോർട്ടൻസ് എന്താണെന്ന് കുട്ടികളും മനസ്സിലാക്കട്ടെ. ഇനി നിങ്ങൾ പറഞ്ഞ ശാന്തിയുടെയും സമാധാനത്തിന്‍റേയും കാര്യം തന്നെയെടുക്കാം. വീട്ടിലെ പ്രശ്നങ്ങൾക്ക് ആരാണ് കാരണക്കാരൻ, നിങ്ങളല്ലേ?”

ഇതൊക്കെ കേട്ട് എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. അശാന്തിയുടെ ദേവത എന്നെ കുറ്റപ്പെടുത്തുന്നു. എന്‍റെ ഇംപോർട്ടൻസ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. കുട്ടികളുണ്ടായ ശേഷം അവർ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ക്രെഡിറ്റൊക്കെ അവൾക്കും കുറ്റങ്ങൾ എന്നിലും ആരോപിക്കും. ഇന്നിപ്പോൾ ഇതിനു വിപരീതമായി ഫാദേഴ്സ് ഡേ എന്നൊക്കെ പറയാനും മാത്രം ഇവൾക്ക് എന്തു മാറ്റമാണോ ഉണ്ടായത്?

“പിന്നേ, ഗിഫ്റ്റൊക്കെ പിള്ളേരു വാങ്ങിച്ചോളും. ഞാനവരെ സഹായിക്കുന്നുവെന്നു മാത്രം. കുറച്ചു കാശ് വേണ്ടി വരും. അതുസാരമില്ല, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തന്നാൽ മതി.”

കോഴിയമ്മ അപ്പം ചുട്ട കഥ പോലെ എല്ലാം ചുറ്റിത്തിരിഞ്ഞ് എന്‍റെ തലയിലായി. കീശ കാലിയാകുമെന്നുറപ്പ്. കുടുംബത്തിൽ ശാന്തിയും സമാധാനവും വേണമെന്ന് ഗർവ്വോടെ ആവശ്യപ്പെട്ടും പോയി.

“മോനേ ബോണി, വേഗം തയ്യറാക്.” ബോൾ കണക്കെ തടിച്ച് ഉരുണ്ട മകനോടായി ശ്രീമതി പറഞ്ഞു.

“ദാ വരുന്നു മമ്മീ.” വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന ബോണിക്കുട്ടൻ മുകൾ നിലയിൽ നിന്ന് അലറി പറഞ്ഞു.

ഔട്ടിങ്ങിനു പോകുന്നുവെന്നറിഞ്ഞ് ഇളയ മകൾ ബിജിയും എളുപ്പം തയ്യാറായി വന്നു.

“നമ്മുടെ ആ നെയ്ബർ അഞ്ജുവില്ലേ… അവൾ പറയുകയാ, കഴിഞ്ഞ തവണ കുട്ടികൾ അവരുടെ ഡാഡിക്ക് ഇംപോർട്ടഡ് ഷേവിംഗ് കിറ്റാണ് ഗിഫ്റ്റായി കൊടുത്തതെന്ന്. പിന്നെ മിസിസ്സ് വർമ്മ ഇത്തവണ ഫാദേഴ്സ് ഡേയ്ക്ക് ഒരു അടിപൊളി പാർട്ടി തന്നെ സംഘടിപ്പിക്കുന്നുണ്ടെന്ന്.” ശ്രീമതിയുടെ ഫാദേഴ്സ് ഡേ ഭ്രമത്തിനു പിന്നിലുള്ള രഹസ്യം ചുരുളഴിഞ്ഞു വീണു.

ആഹാ… അപ്പോൾ അതാണ് സംഗതിയല്ലേ. ഇതുവരെ ഫാദേഴ്സ് ഡേയെന്ന പേരിൽ പണപ്പിരിവ് നടത്താത്ത ഇവൾ ഈ വർഷം മുതൽ ഫാദേഴ്സ് ഡേയെന്ന് മുറവിളി കൂട്ടുന്നത് ഇതിനായിരുന്നല്ലേ? അല്ലെങ്കിൽ തന്നെ പണ്ടേ ആടിനെ പട്ടിയാക്കാനും പട്ടിയെ ആനയാക്കാനും സമർത്ഥരാണ് കോളനി നിവാസികൾ.

നാളിതുവരെ ഫാദേഴ്സ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്ഷിപ്പ് ഡേ ഒന്നും എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മുത്തശ്ശിക്ക് അവരുടെ ജന്മദിനം പോലും ഓർമ്മയില്ല. വൃശ്ചികമാസത്തിലെ പൗർണ്ണമി കഴിഞ്ഞ് 4 ദിവസത്തിനു ശേഷമായിരുന്നു നിന്‍റെ ജനനമെന്ന് അമ്മ പറഞ്ഞ കാര്യം മുത്തശ്ശി എപ്പോഴും പറയാറുണ്ടായിരുന്നു. ഗ്ലോബലൈസേഷന്‍റെ ഈ യുഗത്തിൽ പടിഞ്ഞാറൻ കാറ്റിനൊപ്പം പറന്നെത്തിയതാവും ഈ ഡേയ്സ്.

വർഷത്തിൽ കുറഞ്ഞത് ഒരു ദിനമെങ്കിലും അച്‌ഛന്മാർക്കായി മാറ്റി വച്ചിട്ടുണ്ടല്ലോ? ഭാഗ്യം, എനിക്ക് തെല്ലൊരു ആശ്വാസം തോന്നി. നല്ല ബ്രാന്‍റഡ് ഷർട്ട് അണിഞ്ഞ അച്‌ഛനാണെന്ന അഭിമാനത്തോടെ ഞെളിഞ്ഞു നിൽക്കുമ്പോൾ മകന്‍റെയൊരു ചോദ്യം “പപ്പാ, ഫാദേഴ്സ് ഡേയ്ക്ക് പപ്പ, വല്യ പപ്പയ്ക്ക് എന്താ ഗിഫ്റ്റായി കൊടുത്തത്?”

ബലൂണിലെ കാറ്റു പോയപോലെ എന്‍റെ മുഖം വാടിത്തളർന്നു. മനസ്സ് വല്ലാതെ വേദനിച്ചു. 12 വയസ്സുകാരന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനുള്ള മറുപടി എന്‍റെ പക്കലില്ലായിരുന്നു. മൗനജാഥയിലെ അണികളെ പോലെയാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.

അപ്പോഴാണ് നാട്ടിൻപുറത്തു താമസിക്കുന്ന അച്ഛനെക്കുറിച്ച് എനിക്ക് ഓർമ്മ വന്നത്. ഞാനും ഒരു മകനാണല്ലോ. ഒന്നോ രണ്ടോ മാസത്തിനിടയിൽ വീട്ടിലൊന്നു വിളിച്ചാലായി. മക്കൾക്ക് നൽകുന്ന ഉപദേശങ്ങൾ മുതിർന്നവർ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാറുണ്ടോ?

അങ്ങനെയെങ്കിൽ നാട്ടിൻ പുറത്തുള്ള എന്‍റെ അച്‌ഛനു വേണ്ടിയും ഫാദേഴ്സ് ഡേ ആഘോഷിക്കേണ്ടേ? അയൽക്കാരി അഞ്ജു അവരുടെ ഇൻലോസുമായി അത്ര രസത്തിലല്ല. വേറൊരുത്തിയുണ്ട്, അമ്മായിയമ്മ വരുന്നുവെന്നു കേൾക്കേണ്ട താമസം, ബാഗുമെടുത്ത് സ്‌ഥലം കാലിയാക്കും. സ്വന്തം അച്‌ഛനമ്മമാരെ തിരിഞ്ഞു നോക്കാത്തവർ തങ്ങളെ മക്കൾ നോക്കണമെന്ന് പ്രതീക്ഷ പുലർത്തുന്നതു ശരിയാണോ?

തദവസരത്തിൽ വല്യമ്മ പറഞ്ഞ ഒരു കഥ ഞാനോർത്തു പോയി. ഒരാൾ തന്‍റെ വൃദ്ധനായ അച്‌ഛന് പഴകിച്ചളുങ്ങിയ ഒരു പാത്രത്തിൽ കഞ്ഞിയൊഴിച്ചു കൊടുത്ത ശേഷം തിരിച്ചു പോരുകയായിരുന്നു. അപ്പോൾ കൂടെയുണ്ടായിരുന്ന അയാളുടെ മകൻ ചോദിച്ചു “അച്ഛാ, ഈ പാത്രം സൂക്ഷിച്ചു വയ്ക്കണം അല്ലേ?”

അച്‌ഛൻ: “ഏ… അതെന്തിനാ?”

മകൻ: “അച്‌ഛൻ വയസ്സാവുമ്പോഴും ഈ പാത്രം തന്നെ മതിയല്ലോ.”

അയാൾക്ക് തന്‍റെ തെറ്റു ബോധ്യമായി. അയാൾ അന്നു മുതൽ അച്‌ഛനെ നന്നായി പരിചരിച്ചു.

സംസ്കാരത്തിനും പാരമ്പര്യങ്ങൾക്കും പ്രാമുഖ്യം നൽകുന്ന നാടാണിത്. പാശ്ചാത്യനാടുകളിൽ കുടുംബമെന്നാൽ ഭാര്യയും മക്കളും മാത്രമായിരിക്കും. എന്നാൽ അച്ഛനെയും അമ്മയെയും കൂടി ഉൾക്കൊള്ളിക്കുന്ന സംസ്കാരമാണ് നമ്മുടേത്. ആഴ്ചയിലൊരിക്കലെങ്കിലും നാട്ടിൽ പോകാൻ സാധിച്ചെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്.

ശൂന്യമായ മനസ്സോടെ ഞാൻ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ മുമ്പെങ്ങുമില്ലാത്ത ഒച്ചപ്പാട്. കുട്ടികൾ ഓടി നടന്ന് ബഹളം വയ്ക്കുന്നു. നാട്ടിൽ നിന്നും അച്ഛൻ വന്നതു കണ്ട് എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അച്‌ഛൻ മുമ്പത്തേക്കാൾ ക്ഷീണിതനായിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് അച്‌ഛന്‍റെ കാൽ തൊട്ട് വന്ദിച്ചു. അപ്രതീക്ഷിതമായുള്ള ഈ കൂടിക്കാഴ്ചയാണ് ശരിക്കുമുള്ള ഫാദേഴ്സ് ഡേ സമ്മാനം.

ശ്രീമതിയുടെ ഒളികണ്ണ് നോട്ടവും മൃദുമന്ദഹാസവും കണ്ടപ്പോൾ ഇതൊക്കെ പുള്ളിക്കാരി ഒപ്പിച്ചതാണെന്ന് എനിക്കു മനസ്സിലായി.

“നിങ്ങളുടെ മനസ്സ്, അതെനിക്ക് നന്നായറിയാം.” ശ്രീമതി ചിരിച്ചു. കുട്ടികൾ മുത്തച്ഛനരികിലിരുന്നു കളിക്കുവാൻ തുടങ്ങി.

Story: മറ്റൊരു വഴി

മകളെ സ്കൂളിലേക്ക് ഒരുക്കി വിട്ടശേഷം നളിനി വേഗം തയ്യാറാവാൻ തുടങ്ങി. സാരി നല്ലവണ്ണം ഉടുത്ത ശേഷം അവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് ലിപ്സ്റ്റിക്ക് അണിഞ്ഞു. കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ നളിനി അങ്ങനെയാണ്. ധൃതി പിടിച്ച് ഒരുങ്ങിയാലും നല്ല ചേലാണ് കാണാൻ.

ഒരുങ്ങുന്നതിനിടയിൽ അമ്മ പിന്നിൽ വന്ന് നിന്നത് നളിനി ശ്രദ്ധിച്ചിരുന്നില്ല. അവൾ മുഖത്ത് ചായം തേക്കുന്നത് അമ്മ നിസ്സംഗതയോടെ നോക്കി നിന്നു. അമ്മയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ നളിനി തിരിഞ്ഞു നോക്കി ചിരിച്ചു. അവളുടെ ആത്മവിശ്വാസവും മനസ്സിന്‍റെ ശാന്തതയും കണ്ട് അമ്മയ്ക്ക് വല്ലാതായി.

മോളിന് വിവാഹമോചനം നേടാൻ കോടതിയിലേക്ക് പോവുകയാണ്. അമ്മയുടെ മനസ്സ് നളിനിയുടെ ഭാവിയോർത്തു പിടഞ്ഞു. കുറച്ച് വർഷങ്ങളായി കോടതിയിൽ കേസ് നടക്കുകയായിരുന്നു. ഇന്നാണ് വിധി. ഒമ്പതു വർഷങ്ങൾക്കു മുമ്പ് നളിനി സ്വന്തമിഷ്ടപ്രകാരം കൂട്ടിയിണക്കിയ ബന്ധമാണ്. ഇന്ന് സ്വന്തമിഷ്ടപ്രകാരം അവൾ തന്നെ അത് പൊട്ടിക്കുന്നു. അവൾ എന്നേക്കുമായി സ്വതന്ത്രയാവുകയാണ്.

ദുഃഖകരമായ കാര്യം ഭർത്താവിനെ വിട്ടു പിരിയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് പീഡനമാണ്. നളിനിയുടെ അമ്മ സാവിത്രി രാത്രി തീരെ ഉറങ്ങിയിരുന്നില്ല. മകളുടെ ഭാവി എന്താകും എന്ന ആശങ്കയിലായിരുന്നു അവർ. ഇപ്പോൾ നളിനിയുടെ ഭാവം കണ്ടപ്പോഴും അമ്മയുടെ ഞെട്ടൽ മാറുന്നില്ല. എത്ര ശാന്തയാണവൾ! കല്യാണനാളിൽ പോലും അവളെയിത്ര സന്തോഷവതിയായി അമ്മ കണ്ടിട്ടില്ല. ഒന്നര വർഷം മുമ്പ് കുഞ്ഞുമോളുടെ കൈയും പിടിച്ച് നളിനി പടി കടന്ന് വന്നതും വളരെ സന്തോഷത്തോടെ ആയിരുന്നു. വരുന്നതിന്‍റെ രണ്ട് ദിവസം മുമ്പാണ് നളിനി അമ്മയെ വിളിച്ചു പറഞ്ഞത് “അമ്മേ ഞാൻ അവിടേക്ക് വരുന്നു.”

അന്ന് സാവിത്രിക്ക് നല്ല സന്തോഷമായി. എത്ര കാലമായി മകളെ കണ്ടിട്ട്. അവളിവിടെ വന്നാൽ കുറച്ചു ദിവസം പിടിച്ചു നിർത്തിയിട്ടേ പോകാൻ സമ്മതിക്കുകയുള്ളൂ. ആ അമ്മ ആഗ്രഹിച്ചിരുന്നു.

പക്ഷേ മരുകമൻ വസന്തിനെ കൂടാതെ നളിനി കയറി വന്നപ്പോൾ അമ്മ ആകെ ഞെട്ടിപ്പോയി.

അന്ന് ഉണ്ടാക്കിവച്ച പലഹാരങ്ങൾ… എല്ലാ ഒരുക്കങ്ങളുടെയും സന്തോഷം ഒറ്റ രാത്രികൊണ്ട് തന്നെ ഇല്ലാതായി. മകൾക്ക് ഭർത്താവില്ലാതാവുന്നത് ഏത് അമ്മയ്ക്കാണ് സഹിക്കാനാവുക? ഭർത്താവിനെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് വന്നതാണെന്ന് യാതൊരു കൂസലുമില്ലാതെ നളിനി പറഞ്ഞപ്പോൾ ആ അമ്മ തളർന്നു പോയി.

“മോളേ നീ ചെയ്തത് ഒട്ടും ശരിയായില്ല. ഒന്നുകൂടി ആലോചിച്ച് തീരുമാനമെടുത്താൽ മതി.” സാവിത്രി വളരെ സങ്കടത്തോടെയാണ് മകളെ ഉപദേശിച്ചത്.

“ഇല്ല അമ്മേ, എനിക്കിനി അയാളുമായി ഒരുതരത്തിലും പൊരുത്തപ്പെടാനാവില്ല. ഇത് അത്ര പെട്ടെന്നൊന്നും ശരിയാവില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ സഹിക്കുന്നത് ലോകത്ത് ഒരു സ്ത്രീയും അനുഭവിക്കാത്ത കാര്യങ്ങളാണ്. എനിക്കിനി അയാളുടെ കൂടെ കഴിയാനാവില്ല. മറ്റൊരു സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ട്. എനിക്കത് സഹിക്കാനാവില്ല അമ്മേ.”

നളിനിയുടെ തൊണ്ട ഇടറിയോ… അമ്മ തകർന്നു പോയിരുന്നു.

“ഞാൻ മോളെ ഓർത്താണ് ഇത്രയും കാലം സഹിച്ചത്. ഇനി എനിക്ക് വയ്യ.”

“അയാൾ അവളെയും കൊണ്ട് വീട്ടിൽ വരാൻ തുടങ്ങിയപ്പോഴാണ് അമ്മേ എന്‍റെ എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയത്. ഞാനുമൊരു സ്ത്രീയല്ലേ… ഈ ചതി എനിക്ക് പൊറുക്കാനാവില്ല. എന്‍റെ മകൾ ഒരിക്കലും അയാളെ കണ്ട് പഠിക്കരുത്. അവളുടെ ഭാവി ഓർത്ത് മാത്രമാണ് ഞാനിന്ന് ജീവിക്കുന്നത്. അല്ലെങ്കിൽ… ഞാനെന്നേ അവസാനിപ്പിക്കുമായിരുന്നു.”

ജീവിക്കാനുള്ള വാശി ഉള്ളിലുള്ളതു കൊണ്ടാവണം അധികം കണ്ണുനീർ അവളിൽ നിന്നുണ്ടായില്ല. സാവിത്രി പക്ഷേ എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിക്കരയുകയായിരുന്നു. മകളെ ആശ്വസിപ്പിക്കുമ്പോൾ… തളർന്നു പോയിരുന്നു.

“ഏഴു വയസ്സുള്ള മോളെക്കുറിച്ച് അവൻ ഓർത്തില്ലല്ലോ മോളേ” സാവിത്രി അടുത്തുള്ള തൂണിൽ ബലം കൊടുത്തു നിന്നു.

“അങ്ങനെയുള്ള ഒരു വീട്ടിൽ ഞാനെങ്ങനെയാണ് എന്‍റെ മോളെ നല്ല രീതിയിൽ വളർത്തുക” നളിനിയുടെ ചോദ്യം ന്യായമായിരുന്നു.

“പക്ഷേ മോളെ… ഭർത്താവില്ലാതെ മകളെ വളർത്തിക്കൊണ്ട് വരികയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തിന്‍റെ ആയിരം ചോദ്യങ്ങൾക്ക് നാം ഉത്തരം പറയേണ്ടി വരും. പാവം കുട്ടികളാണ് എല്ലാം സഹിക്കേണ്ടി വരുന്നത്.” അമ്മ നളിനിയോട് ചേർന്നിരുന്നു.

വല്ലാത്ത ആത്മവിശ്വാസത്തോടെയാണ് നളിനി അമ്മയോട് സംസാരിച്ചത്. “എല്ലാ ഞാൻ നോക്കിക്കോളാം അമ്മേ. തലതെറിച്ച തന്ത ഉള്ളതിനേക്കാൾ ഭേദം തന്തയില്ലാതിരിക്കുന്നതാണ് എന്‍റെ കുട്ടിക്ക്. ഞാനവളെ നല്ല കുട്ടിയായി വളർത്തും. ഇനി ഞാനിവിടെ കഴിയുന്നതിൽ അമ്മയ്ക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ പറയണം. ഞാൻ ട്രാൻസ്ഫറിനായി അപേക്ഷിച്ചിട്ടുണ്ട്. അതിനാൽ കമ്പനി വക കോർട്ടേഴ്സ് ലഭിക്കും. ഞാൻ അധികം വൈകാതെ അങ്ങോട്ട് മാറിക്കോളാം.”

“നീയിത് എന്തെല്ലാമാണ് പറയുന്നത് മോളേ. ഞാനിവിടെ ഒറ്റക്കല്ലേ. നീ വന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. നിന്‍റെ ആങ്ങളയും ഭാര്യയും വിദേശത്തെ ജോലി ഉപേക്ഷിച്ച് അടുത്ത കാലത്തൊന്നും വരുന്ന കാര്യം?അവർക്ക് തന്നെ ഉറപ്പില്ല. നീ വന്നതിൽ പിന്നെ എന്‍റെ ഒറ്റപ്പെടൽ മാറിയില്ലേ. നിന്‍റെ അച്‌ഛൻ പോയതിൽ പിന്നെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു.”

“അമ്മേ, നമ്മൾ എല്ലാവരും ഒറ്റയ്ക്കാണ്. ചിലർ കുറച്ചധികം ഒറ്റയ്ക്കാണെന്നു മാത്രം.”

നിയമപരമായി വേർപിരിയുന്ന ദിവസം ചമഞ്ഞൊരുങ്ങിയിറങ്ങിയ നളിനിയുടെ മനസ്സ് സാവിത്രിക്ക് ഒട്ടും പിടികിട്ടിയില്ല. സാമ്പത്തിക സുരക്ഷിതത്വം ഇക്കാലത്തെ പെൺകുട്ടികളെ സ്വയം തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നു. മുമ്പ് അങ്ങനെ ആയിരുന്നില്ല. തന്‍റെ എല്ലാ ആവശ്യങ്ങൾക്കും ആണിനെ ആശ്രയിക്കണം. ഒരു ചാന്ത്പൊട്ട് വാങ്ങാൻ പോലും… അമ്മ പഴയ കാലം ഓർത്തു. കാലം മാറിപ്പോയിരിക്കുന്നു. ക്ഷമിക്കാനും കാത്തിരുന്ന് നേരെയാക്കാനും ആർക്കും നേരമില്ലാതായിരിക്കുന്നു. അമ്മ നെടുവീർപ്പിട്ടു.

ധൃതിയിൽ വീട്ടിൽ നിന്നിറങ്ങി പോകാനൊരുങ്ങിയ നളിനിയോട് അമ്മ രണ്ടും കല്പിച്ച് ചോദിച്ചു, “മോളേ… എല്ലാം അവസാനിപ്പിക്കാൻ മാത്രം നീ വെറുത്തു തുടങ്ങിയോ എല്ലാം. ഒന്നുകൂടി ആലോചിച്ചിട്ടു പോരേ… മോൾക്ക് അച്‌ഛനില്ലാതാവില്ലേ…”

“ഒരവസരം കൂടി നൽകി എന്‍റെ ജീവിതം ബലി കൊടുക്കാൻ ഞാനാഗ്രഹിക്കുന്നില്ല അമ്മേ” യാതൊരു ഭാവമാറ്റവും കൂടാതെയാണ് നളിനി ഇത് പറഞ്ഞത്.

“കാലം ഉണക്കാത്ത മുറിവുകളുണ്ടോ നളിനീ…” അമ്മ ഇടറിക്കൊണ്ട് പറഞ്ഞു.

“മൂന്ന് വർഷം ഞാൻ എല്ലാം സഹിച്ചിരുന്നില്ലേ? നിങ്ങളോട് ഞാൻ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. എല്ലാം എന്നെ ബാധിക്കുന്ന പ്രശ്നങ്ങളായിരുന്നു. അതുകൊണ്ട് ഞാൻ അത് ചേട്ടനോടു പോലും പങ്കുവച്ചില്ല. ഇപ്പോൾ ഞാൻ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് എന്‍റെ കുഞ്ഞിനെയെങ്കിലും എനിക്ക് രക്ഷിക്കണം. ചെറിയ ജീവിതമേ ഉള്ളൂ. അത് ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം എനിക്ക്. ഏതെങ്കിലും പുരുഷന് എറിഞ്ഞ് ഉടച്ച് കളയാനുള്ളതല്ല എന്‍റെ ലൈഫ്.”

മകൾ എത്രമാത്രമാണ് വളർന്നു പോയത്. വലിയ വലിയ കാര്യങ്ങളാണ് വായയിൽ വരുന്നത്. ഇനിയും മകളെ ഉപദേശിക്കുന്നതിൽ കാര്യമില്ലെന്ന് സാവിത്രിക്ക് തോന്നി.

സാവിത്രി ഓർത്തു.

നളിനിയുടെ അച്‌ഛനും ഇങ്ങനെയായിരുന്നു. പക്ഷേ സമനില കൈവിടാതെ താൻ അതെല്ലാം നേരെയാക്കിയത് മുത്തശ്ശിയുടെ ഉപദേശം സ്വീകരിച്ചതിനാലാണ്. നളിനിയുടെ അച്‌ഛന് ഒരു സഹപ്രവർത്തകയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. അന്ന് താൻ ഇതുപോലെ എല്ലാം ഇട്ടെറിഞ്ഞ് പോന്നിരുന്നെങ്കിൽ… ഇല്ല, താൻ അന്നതു ചെയ്‌തില്ല. പകയോടെയല്ലാതെ വളരെ സ്നേഹമായാണ് ഭർത്താവുമായി സംസാരിച്ചത്. സ്നേഹം കൊടുത്ത് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മുത്തശ്ശി പറഞ്ഞതു പോലെ. കാരണം തനിക്ക് അദ്ദേഹത്തെ വേണമായിരുന്നു. തന്‍റെ രണ്ട് കുട്ടികൾക്ക് വേണമായിരുന്നു. സമൂഹത്തിന് യാതൊരു സംശയവും നൽകാതെയാണ് എല്ലാം താനന്ന് കൈകാര്യം ചെയ്തത്. പക്ഷേ പുതിയ തലമുറ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവക്കാരാണ്. നശിക്കാനും നശിപ്പിക്കാനും മാത്രമേ അവർക്കറിയൂ… സഹിക്കാൻ അവർക്കറിയില്ല. ക്ഷമിക്കാനും…

പഴയ കാര്യങ്ങൾ ഓർത്ത് സാവിത്രി വാതിലടച്ചു കരഞ്ഞു.

“എനിക്ക് കേൾക്കണ്ട അമ്മയുടെ സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകൾ…” ഒരിക്കൽ സങ്കടം പറഞ്ഞപ്പോൾ ഉപദേശിക്കുകയാണെന്നു കരുതി നളിനി ഒച്ച വച്ചത് സാവിത്രിയോർത്തു.

“ഇല്ല, അവളുടെ തീരുമാനം ഉറച്ചതാണ്. മാനസികമായി വേർപെട്ടത്?ഇനി തുന്നിച്ചേർക്കാനാവില്ല. അങ്ങനെ വിളക്കിച്ചേർക്കപ്പെടണമെങ്കിൽ ഇരുവർക്കും വലിയ ഹൃദയമുണ്ടായിരിക്കണം. നളിനിമോൾക്കതിനാവില്ല.” സാവിത്രി കണ്ണ് തുടച്ച് വാതിൽ തുറന്നു. നമ്മുടെ സ്വഭാവമാണ് നമ്മുടെ വിധി. സാവിത്രി പുറത്തെ വെയിലിലേക്ക് നോക്കി ആരേയോ കാത്തിരിക്കുന്നതു പോലെ ഇരുന്ന് മയങ്ങിപ്പോയി. വൈകുന്നേരം മകൾ വന്ന് കാൽതൊട്ടപ്പോഴാണ് സാവിത്രി ഉണർന്നത്.

“അമ്മേ അനുഗ്രഹിക്കണം.”

ഈ ഭൂമിയിലെ നിസ്സഹായരായ പെണ്ണുങ്ങളുടെ കരച്ചിൽ സാവിത്രിയിലൂടെ പുറത്തു വന്നു.

നളിനി അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തു. പുതിയ കാലത്തെ കരുത്തുള്ള സ്ത്രീയുടെ മുത്തം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें