വിവാഹ സീസണാകുമ്പോഴേക്കും എന്‍റെ ഭാര്യ അനാമികയ്ക്ക് അപൂർവ്വമായ ചുറുചുറുക്ക് ഉടലെടുക്കുമായിരുന്നു. വാതിൽക്കലുള്ള ബെൽ മുഴങ്ങുമ്പോഴേക്കും അവൾ തന്‍റെ കിളിനാദത്തിൽ പറയും“ നോക്കൂന്നേ, ഒരുപക്ഷേ ആരുടെയെങ്കിലും വിവാഹക്ഷണക്കത്ത് വന്നിട്ടുണ്ടാകും.”
വിവാഹ കാർഡ് കാണുമ്പോഴേ എനിക്ക് പനി വരും. ബന്ധം പറഞ്ഞു വരുമ്പോഴേക്കും ഗിഫ്റ്റ് കൊടുക്കേണ്ട ചുമതല എനിക്കായിരിക്കാം. ഗിഫ്റ്റ് മേടിക്കുന്നതിന് ഓഫീസിൽ നിന്നും ലീവെടുക്കുന്നതിനായി പലതരത്തിലുള്ള അഭ്യാസങ്ങളും നടത്തണം. പിന്നീട് സ്‌ഥൂല ശരീരയായ പത്നിയെ സ്കൂട്ടറിൽ ഇരുത്തി ദൂരദിക്കിലുള്ള വിവാഹച്ചടങ്ങ് നടക്കുന്ന സ്‌ഥലത്തേക്ക് സുരക്ഷിതയായി കൊണ്ടു പോകുമ്പോഴേക്കും ഞാനാകെ വിയർത്തു കുളിക്കും. അപ്പോഴെല്ലാം അവൾക്ക് ഒരേയൊരു പല്ലവിയേയുള്ളൂ “നോക്കൂ ചേട്ടാ, നാളെ നമ്മുടെ കുട്ടികളും വലുതാകും. അവരുടെ വിവാഹവും നടക്കും. നമ്മൾ സാമൂഹിക പരിപാടികളിൽ പങ്കെടുത്തില്ലെങ്കിൽ പിന്നെ നമ്മുടെ കാര്യത്തിനാരു വരാനാണ്?”
എനിക്ക് അനാമികയുടെ സ്ത്രീ മനഃശാസ്ത്രം മനസ്സിലായി. വിവാഹം എന്നു പറയുന്നത് വീട്ടിലിരിക്കുന്ന ഭാര്യമാർക്ക് പുറത്തേക്കു കടക്കുവാനുള്ള ഒരു പഴുതാണ്. ബ്യൂട്ടിപാർലറിൽ പോയി തയ്യാറാക്കിയ തങ്ങളുടെ ശരീരസൗന്ദര്യം പ്രദർശിപ്പിക്കുവാൻ പറ്റിയ ഒരു സുവർണ്ണാവസരമാണത്.
“അവളുടെ കഴുത്തിലെ മാല നീ ശ്രദ്ധിച്ചോ, ഹോ അവരുടെ ഭർത്താവ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിലെ എൻജിനീയറല്ലേ?” ഇത്തരത്തിലുള്ള രഹസ്യസംസാരങ്ങളും ഇവരുടെ സംഭാഷണത്തിനു കൊഴുപ്പു കൂട്ടിയിരുന്നു.
ഒരു ദിവസം അനാമിക എന്നോടു പറഞ്ഞു “ഇന്ന് ബാങ്കിലേക്ക് വരൂ, എന്‍റെ ലോക്കറിൽ നിന്നും ജുവലറി എടുക്കണം.”
ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു, “എന്തിനാ?”
അവൾ പറഞ്ഞു “നിങ്ങൾക്കറിയില്ലേ നാളെ വന്ദനയുടെ മകന്‍റെ കല്യാണമല്ലേ. ഇത് നോക്കൂ, വെഡ്ഡിംഗ് കാർഡ്.”
എന്‍റെ അധോഗതി! ഞാൻ ഭയം നിറഞ്ഞ കണ്ണുകൾ കൊണ്ട് സ്കൂട്ടറൊന്നു നോക്കി. എനിക്ക് അതിനോട് ദയ തോന്നി. ഈ നിർജ്ജീവവസ്തു കഴിഞ്ഞ ജന്മത്തിൽ എന്തു പാപം ചെയ്‌തിട്ടാണോ ഈ ജന്മത്തിൽ ഈ ആനത്തടിച്ചിയുടെ ഭാരം ചുമക്കേണ്ടി വരുന്നത്.
എന്‍റെ അനാമികയ്ക്ക് ഇതിനെപ്പറ്റി എന്തറിയാം. അവൾക്ക് അവളുടെ സ്വർണ്ണാഭരണങ്ങളും സാരിയും പ്രദർശിപ്പിച്ച് മിസ്സിസ്സ് 2022 എന്ന പദവിയും അഭിനന്ദനവും മാത്രം കൈപ്പറ്റിയാൽ മതി.
ഞാൻ അനാമികയോടു ചോദിച്ചു “എന്‍റെ അനൂ, ഈ വിവാഹ പരിപാടികളിൽ നിനക്കെന്താ ഇത്ര താൽപര്യം?”
അവൾ നാണിച്ചു കൊണ്ടു പറഞ്ഞു “വിവാഹം സ്ത്രീകൾക്ക് പ്രത്യേക അന്തസ്സ് നൽകുന്നു. ഞങ്ങളും ഒരിക്കൽ നവവധുക്കളായിരുന്നു... ഹായ്, ആ നാളുകളെവിടെപ്പോയി. അന്ന് ഞങ്ങളുടെ നടപ്പ് നിലത്തൊന്നും ഉറച്ചിരുന്നില്ല. ഇക്കാര്യവും പറഞ്ഞ് റിസപ്ഷനിൽ ചൂടേറിയ അനേകം പലഹാരങ്ങളും കഴിക്കുന്നു. ഇപ്പോൾ നിങ്ങൾ തന്നെ പറയൂ, ബിരിയാണിയും മസാലദോശയുമെല്ലാം കഴിച്ചിട്ട് എത്രയോ ദിവസങ്ങളായി.”
ഞാനെന്തു പറയാനാ. വിവാഹാഘോഷങ്ങളുടെ തിളക്കം കൂട്ടുന്നത് സുന്ദരികളായ സ്ത്രീകൾ തന്നെയാണ്. പുരുഷന്മാർ എന്തു ചെയ്യാനാ. അവിടെ പോയി എന്തു സംസാരിക്കാനാ? സംസാരിക്കുവാൻ ഏതെങ്കിലും ഗ്രൂപ്പൂ വേണ്ടേ? ഇനി ഏതെങ്കിലും പരിചയക്കാരെ കണ്ടാലും ഷേക്ക് ഹാൻഡ് ചെയ്തും ഹായ് ഹലോ പറഞ്ഞും കുട്ടികളുടെ കാര്യം ചോദിച്ചു തീർന്നു.