മൊബൈലിൽ തുരുതുരാ മെസേജുകൾ വരുന്നത് കണ്ട് സൗമ്യ മൊബൈൽ എടുത്ത് നോക്കി. അവളുടെ അക്കൗണ്ടിൽ നിന്നും 15,000 രൂപ വിവേക് പിൻവലിച്ചതിന്‍റെ സന്ദേശങ്ങളാണവ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. സൗമ്യയുടെ സമ്പാദ്യത്തിന് മേലുള്ള അധികാരവും അവകാശവും തനിക്കാണെന്ന് വിവേക് കരുതിയിരുന്നു.

സൗമ്യ ഇന്നും ആ ദിവസത്തെ പഴിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളിൽ സ്നേഹാധിക്യത്താൽ എല്ലാം മറന്ന് തന്‍റെ ഡബിറ്റ് കാർഡ് വിവേകിന് സമർപ്പിക്കുകയാണ് ഉണ്ടായത്.

വിവാഹത്തിന് മുമ്പെ ഇരുവർക്കും പരസ്പരം പരിചയമുണ്ടായിരുന്നു. അതുകൊണ്ട് ഒരുമിച്ച് ഒരു കുഞ്ഞ് ജീവിതം തുടങ്ങാമെന്നവർ തീരുമാനിക്കുകയായിരുന്നു. വീട്ടുകാർ അതിന് പച്ചക്കൊടി വീശിയതോടെ കാര്യങ്ങളെല്ലാം അവർക്ക് അനുകൂലവുമായി.

പ്രണയത്തിൽ മുങ്ങി താഴ്ന്നു പോയ സൗമ്യ ഭാര്യയുടെ കടമ നിർവഹിക്കുന്നതിനിടെ തന്‍റെ സാമ്പത്തികാധികാരത്തിന്‍റെ ചുക്കാൻ ഭർത്താവിനെ വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു. മുമ്പ് സ്ത്രീ സ്വാതന്ത്യ്രത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിച്ചിരുന്ന ആളായിരുന്നു സൗമ്യ.

തുടക്കത്തിൽ ഭർത്താവിന്‍റെ ഈ പെരുമാറ്റത്തിൽ അവൾക്ക് അപാകതയൊന്നും തോന്നിയിരുന്നില്ലെങ്കിലും വിവാഹ ശേഷം ഒരിക്കൽ സ്വന്തം വീട്ടിലേക്ക് വിരുന്ന് പോകാനായി ഭർത്താവിനോട് അവൾ കുറച്ച് പണമാവശ്യപ്പെടുകയുണ്ടായി.

“വിവേക് എനിക്ക് കുറച്ച് കാശ് വേണം. വീട്ടിലുള്ളവർക്ക് ഗിഫ്റ്റ് വാങ്ങാനാണ്.” അവളുടെ ചോദ്യം കേട്ട് വിവേക് ചിരിച്ചു.

“എന്തിനാണ്, അവർക്ക് നന്ദിയറിയിക്കാനാണോ. പെണ്മക്കൾ അങ്ങനെയൊന്നും കൊടുക്കേണ്ട കാര്യമില്ല.”

“എനിക്കും എന്‍റേതായ ചെലവുകളുണ്ടാവുമല്ലോ.” സൗമ്യ പറഞ്ഞു.

“വിവാഹത്തിന് മുമ്പ് അച്‌ഛന്‍റെയും അമ്മയുടെയും മുന്നിൽ ഞാൻ കൈനീട്ടിയിട്ടില്ല. ഇപ്പോൾ അതിന്‍റെയാവശ്യവുമില്ല.”

അവളുടെ മറുപടി കേട്ട് എന്തോ വലിയ ഉപകാരം ചെയ്യുന്ന മട്ടിൽ വിവേക് അവൾക്ക് അയ്യായിരം രൂപ കൊടുത്തു. വിവേകിന് താൻ ഡെബിറ്റ് കാർഡ് നൽകിയത് വലിയൊരു അപരാധമായി പോയിയെന്ന് അവൾക്കന്ന് ആദ്യമായി തോന്നി.

എന്നാൽ സ്വന്തം വീട്ടിലെത്തിയ സൗമ്യ അവിടുത്തെ സന്തോഷത്തിനിടയിൽ എല്ലാം മറന്നു. അച്‌ഛന്‍റെ വാത്സല്യഭാജനമായിരുന്നു സൗമ്യ. അതുകൊണ്ട് ഭർതൃ വീട്ടിലേക്ക് മടങ്ങിയ അവളുടെ പേഴ്സ് നിറയെ അച്‌ഛൻ പണം നൽകിയാണ് അവളെ മടക്കി അയച്ചത്. ഇത് എന്നും തുടർന്നു കൊണ്ടിരുന്നു. പിന്നീടൊരിക്കൽ പാർലറിൽ പോകേണ്ട ആവശ്യത്തിനും സൗമ്യയ്ക്ക് ഭർത്താവിന് മുന്നിൽ കൈ നീട്ടേണ്ടി വന്നു. അന്ന് വിവേക് വളരെ പാടുപ്പെട്ടാണ് സൗമ്യയ്ക്ക് ആയിരം രൂപ കൊടുത്തത്.

ആയിരം രൂപ കണ്ട് അവൾ പുഞ്ചിരിയോടെ പറഞ്ഞു. “ഇതുകൊണ്ട് ഒന്നും നടക്കില്ല.”

“ഫേഷ്യലിന് 1000 രൂപയിൽ കൂടുതൽ വരും. പിന്നെ വാക്സിംഗ്, ഐബ്രോസ്, ബ്ലീച്ച് ഒക്കെ ചെയ്യണം. മുടി ഹൈലൈറ്റ് ചെയ്യാനുമുണ്ട്.”

ഇതിന് മറുപടിയായി വിവേക് എന്തെങ്കിലും പറയും മുമ്പെ വിവേകിന്‍റെ അമ്മ മാലതിയമ്മ ഇടപെട്ടു,

“സൗമ്യ, നിനക്കെന്തിനാ ഇത്രയും പണം. നീ അല്ലെങ്കിലും സുന്ദരിയല്ലേ. പാർലറിൽ പോയി ഉള്ള സൗന്ദര്യം കൂടി കളയണോ.”

അമ്മയുടെ പ്രതികരണത്തിൽ സന്തോഷം തോന്നിയിട്ടാവണം വിവേക് ചിരിയോടെ പറഞ്ഞു. “ഐബ്രോസ് ചെയ്‌താൽ മതി, വേണമെങ്കിൽ മുടി കുറച്ച് ട്രിം ചെയ്തോ. ബാക്കി കാശ് നിന്‍റെ കയ്യിലിരുന്നോട്ടെ.”

അപ്പോഴത്തെ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ സൗമ്യ പകച്ചു നിന്നു. അവൾ ഒന്നും പറയാതെ പാർലറിൽ പോയി അൽപസ്വല്പം മിനുക്കു പണികൾ നടത്തിയശേഷം മാർക്കറ്റിൽ പോയി. മാർക്കറ്റിലെ ഒരു കടയിൽ മനോഹരമായ കുറച്ച് കുർത്തകൾ കിടക്കുന്നത് കണ്ട് അവൾ ആ കടയിലേക്ക് കയറി ചെന്നു. അവിടെ ഡിസ്പ്ലേ ചെയ്‌തിരുന്ന കുർത്തകളിലൊന്നിൽ അവളുടെ കണ്ണുടക്കി. ചുവന്ന പൂക്കൾ ഉള്ള ഗ്രേ കുർത്ത, കുർത്തയ്ക്കൊപ്പം ചുവന്ന പൂക്കൾ ഉള്ള പലാസോയും ചുവപ്പും ഗ്രേയും കലർന്ന ദുപ്പട്ടയും… അവൾ പ്രതീക്ഷയോടെ അതിന്‍റെ റേറ്റ് നോക്കി 1500 രൂപ ടാഗിൽ എഴുതിയിരിക്കുന്നത് കണ്ട് അവളുടെ മനസിൽ നിരാശ പടർന്നു.

വീട്ടിൽ മടങ്ങിയെത്തിയ സൗമ്യ താൻ ഷോപ്പിൽ കണ്ട കുർത്തയെപ്പറ്റി വിവേകിനോട് പറഞ്ഞു. അവൾ പറഞ്ഞവസാനിക്കും മുമ്പെ വിവേകിന്‍റെ ഒച്ചയുയർന്നു.

“നീന്‍റെയീ ധൂർത്ത് തടയാനാണ് ഞാൻ നിന്‍റെ ഡെബിറ്റ് കാർഡ് വാങ്ങി വച്ചത്.”

“മോളെ, വിവാഹശേഷം നിന്‍റേതെന്നോ എന്‍റേതെന്നോ എന്നൊന്നുമില്ല. എനിക്കുള്ള എല്ലാ സാരിയും നിനക്കുള്ളതാ. ഓഫീസിൽ പോകുമ്പോൾ ഓരോന്ന് മാറിയുടുക്കാം.” മാലതിയമ്മ പുഞ്ചിരിയോടെ സൗമ്യഭാവത്തിൽ പറഞ്ഞു.

മാലതിയമ്മയുടെ സംസാരം കേട്ട് നീരസം തോന്നിയ സൗമ്യ നിശബ്ദയായിരുന്നു. ഇത്രയും തിളക്കവും ഡിസൈനുകളുമുള്ള സാരി താനെങ്ങനെയാണ് ധരിക്കുക.

ഒരിക്കൽ അവൾ തന്‍റെ ഡെബിറ്റ് കാർഡിന്‍റെ കാര്യം മാലതിയമ്മയോട് പറഞ്ഞിരുന്നതുമാണ്. അന്നവർ അതിനെ സാമാന്യവത്ക്കരിച്ച് പറയുകയാണ് ഉണ്ടായത്. “സൗമ്യ, അവൻ അത് ദുരുപയോഗം ചെയ്യുമോ? നിനക്കിവിടെ എന്തിന്‍റെ കുറവാണ്?”

“അമ്മേ, എന്‍റെ സ്വാതന്ത്യ്രത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്.”

“നിന്‍റെ ഈ ധൂർത്തു കൊണ്ടാ അവനത് വാങ്ങിവച്ചത്” മാലതിയമ്മ അൽപം പരുഷമായി പറഞ്ഞു.

ഇത്തരത്തിലുള്ള മറുപടി കേട്ട് തെറ്റ് തന്‍റെ ഭാഗത്താണെന്നും വിവേകാണ് ശരിയെന്നും അവൾക്ക് തോന്നി തുടങ്ങി. എന്നാൽ എല്ലാ കാര്യത്തിനും എന്നും വിവേകിന് മുന്നിൽ കൈനീട്ടുന്നത് അവളിഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്‍റെ ഡെബിറ്റ് കാർഡ് തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ എപ്പോഴത്തേയും പോലെ അയാൾ പറഞ്ഞു.

“ഞാൻ തെറ്റാണ് ചെയ്യുന്നതെങ്കിൽ നിന്‍റെ അച്‌ഛനും അമ്മയും അതിന് സമ്മതിക്കുമോ?”

എന്നാൽ അടിമയെപ്പോലെയുള്ള തന്‍റെ ജീവിതത്തോട് സൗമ്യയ്ക്ക് നീരസം തോന്നി തുടങ്ങിയിരുന്നു.

ഇന്ന് ശനിയാഴ്ച. ഹാഫ് ഡേയാണ്. തന്‍റെ ടീമിനൊപ്പം ഷോപ്പിംഗിനും മറ്റും പോകാനായി അവൾ മനസിൽ തീരുമാനമെടുത്തു.

“നീയും വരുന്നുണ്ടല്ലോ?” സഹപ്രവർത്തകയായ ജയന്തി സൗമ്യയോട് ചോദിച്ചു.

“ങ്ഹാ വരുന്നുണ്ട്. പക്ഷെ എന്‍റെ പേഴ്സ് വീട്ടിൽ വച്ച് മറന്നു പോയി.” സൗമ്യ ജയന്തിയോട് കളവ് പറഞ്ഞു.

“അതിനെന്താ, എന്‍റെ കാർഡ് സ്വൈപ്പ് ചെയ്യാം.” ജയന്തി ചിരിച്ചു കൊണ്ട് പറഞ്ഞു. അന്നവർ കുറെയേറെ ആഹ്ലാദിച്ചു. ഔട്ടിംഗിന് ഉണ്ടാകുന്ന ചെലവ് എല്ലാവരും തുല്യമായി പങ്കുവയ്ക്കുന്നതായിരുന്നു അവരുടെ പതിവ്. സൗമ്യയുടെ ഭാഗത്തുനിന്നും ഭക്ഷണവും മറ്റ് ചെലവുകളെല്ലാം കൂടി രണ്ടായിരം രൂപയും, ഡ്രസ്സിന് വേറെ രണ്ടായിരം രൂപ കൂടി ചെലവു വന്നു.

പുറത്തെ ഔട്ടിംഗ് കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തിയ അവളുടെ മനസ്സു മുഴുവനും ഉണ്ടായ ചെലവുകളെക്കുറിച്ചുള്ള ചിന്തയായിരുന്നു.

സൗമ്യയുടെ കയ്യിലിരിക്കുന്ന പാക്കറ്റുകൾ കണ്ട് വിവേക് നെറ്റി ചുളിച്ചു.

“നമ്മൾ ഇപ്പോൾ വിവാഹിതരാണ്. വീടിന്‍റെ ഉത്തരവാദിത്തം നമ്മുടെ കയ്യിലാണ്. എന്നിട്ടാണോ ഈ അനാവശ്യ ചെലവുകൾ വരുത്തി വയ്ക്കുന്നത്.”

“ജയന്തിയുടെ കയ്യിൽ നിന്നും വാങ്ങിയാണ് ഞാനിതിന് പേയ്മെന്‍റ് നടത്തിയത്. മൊത്തം നാലായിരം രൂപയായി.”

വിവേകിന് അവളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. “എന്താണിത്ര ആവശ്യം ജയന്തിയ്ക്ക് മുന്നും പിന്നും ആലോചിക്കാനൊന്നുമില്ല. അവൾക്ക് ഇങ്ങനെ ഫ്രീ ബേഡായി പാറി നടന്ന് പുതിയ ഇരയെ കുടുക്കാം.”

ജയന്തിയെക്കുറിച്ച് ഇത്തരത്തിൽ മോശമായി പറഞ്ഞത് കേട്ട് സൗമ്യയ്ക്ക് അയാളോട് നീരസം തോന്നി.

തിങ്കളാഴ്ച ദിവസം സൗമ്യ ജയന്തിയെ കാണാതിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ പണം എങ്ങനെ മടക്കി നൽകുമെന്ന ചിന്ത അവളെ അലോസരപ്പെടുത്തി.

സൗമ്യ പിന്നീടെന്നും ജയന്തിയ്ക്ക് കൊടുക്കാനുള്ള പണം വിവേകിനോട് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പണം നൽകാതിരിക്കാൻ അയാൾ വളരെ നീണ്ട് പ്രസംഗം തന്നെ നടത്തി കൊണ്ടിരുന്നു. പക്ഷെ ഇന്ന് സ്വന്തം ആവശ്യങ്ങൾക്കായി തന്‍റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും വിവേക് പണം പിൻവലിച്ചത് കണ്ട് അവൾക്ക് കടുത്ത ദേഷ്യം തോന്നി. ഒടുവിൽ ഗത്യന്തരമില്ലാതായതോടെ സൗമ്യ എല്ലാ കാര്യവും ജയന്തിയോട് തുറന്നു പറഞ്ഞു, “നീയെന്തിനാ ഇത്രമാത്രം സഹിക്കുന്നത്. ഇന്ന് നമുക്ക് ബാങ്കിൽ പോയി പുതിയ ഡെബിറ്റ് കാർഡിന് അപ്ലൈ ചെയ്യാം.”

“പക്ഷെ അത് ശരിയാണോ,” സൗമ്യ ആശങ്കയോടെ ജയന്തിയെ നോക്കി.

“ഇവിടെ ശരിയുടെയും തെറ്റിന്‍റെയും കാര്യമില്ല. മറിച്ച് നിന്‍റെ മൗലിക അവകാശമാണത്.” ജയന്തി പറഞ്ഞു. സൗമ്യ ജയന്തിക്കൊപ്പം ബാങ്കിൽ പോയി പുതിയ ഡെബിറ്റ് കാർഡിനുള്ള ആപ്ലിക്കേഷൻ നൽകി.

പിറ്റേ ദിവസം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ സൗമ്യയോട് വിവേക് ദേഷ്യത്തോടെ പറഞ്ഞു, “എന്താ നീ നിന്‍റെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തോ?”

“അതെ ചെയ്തു. ഞാൻ സമ്പാദിക്കുന്നത് എനിക്ക് ഇഷ്ടമുള്ളതു പോലെ ചെലവഴിക്കണം.” സൗമ്യ തെല്ലും കൂസാതെ പറഞ്ഞു.

“നിനക്കിവിടെ എന്താ കുറവുള്ളത്? ഇതുപോലെ തന്നിഷ്ടം നടക്കുന്ന പെൺകുട്ടിയെ വേണ്ടായെന്ന് ഞാനിവനോട് പറഞ്ഞതാ” മാലതിയമ്മ ഇടയ്ക്ക് കയറി പറഞ്ഞു.

“സൗമ്യ ഞാനെന്‍റെ കുടുംബത്തിനെ ഒരുവിധത്തിൽ പറഞ്ഞാ ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്. അപ്പോൾ നിനക്ക് എന്നെയൊട്ടും വിശ്വാസമില്ല അല്ലെ?” വിവേക് സങ്കടഭാവത്തിൽ പറഞ്ഞു.

“സ്വന്തം ഡെബിറ്റ് കാർഡ് തന്നാൽ മാത്രമേ വിശ്വാസം വരൂ എങ്കിൽ വിവേക് നീ നിന്‍റെ ഡെബിറ്റ് കാർഡ് എനിക്ക് തന്നോ. ഞാൻ എന്‍റെ ഡെബിറ്റ് കാർഡ് നിനക്ക് തരാം.” സൗമ്യ പറഞ്ഞു.

അവൾ വിവേകിനെ ഒരു നിമിഷം നോക്കി നിന്ന ശേഷം അകത്തു പോയി. ആ സംഭവത്തിനുശേഷം ഭർതൃവീട്ടിലുള്ളവരാരും അവളോട് സംസാരിക്കാതെയായി. സൗമ്യയുടെ വീട്ടുകാർക്കും സൗമ്യ ചെയ്തത് വലിയൊരു തെറ്റായി തോന്നി.

ഭർതൃവീട്ടിലുള്ളവരുടെ അവഗണനയും നിസ്സഹകരണവും സഹിക്കാനാവാതെ വന്നതോടെ അവൾ ജയന്തിയുടെ ഫ്ളാറ്റിലേക്ക് താമസം മാറി. 35 കാരിയായ ജയന്തി വിവാഹമോചിതയായിരുന്നു. സ്വന്തം ആദർശങ്ങൾക്കനുസരിച്ച് ജീവിക്കാനായിരുന്നു അവൾക്കിഷ്ടം.

ഇതിനോടകം സൗമ്യയ്ക്ക് പുതിയ ഡെബിറ്റ് കാർഡ് കിട്ടി. കാർഡ് കിട്ടിയയുടനെ അവൾ ജയന്തിയുടെ പണം മടക്കി നൽകി. അതിനുശേഷം അവൾ ജയന്തിയേയും കൂട്ടി പുറത്ത് ഡിന്നർ കഴിക്കാൻ പോയി.

വിവേക് തന്‍റെയൊരു ക്ലൈൻറുമായി മീറ്റിംഗ് നടത്തികൊണ്ടിരുന്ന ഹോട്ടലിലേക്കാണ് ജയന്തിയും സൗമ്യയും കടന്നു ചെന്നത്. സൗമ്യ ജയന്തിക്കൊപ്പം നടന്ന് വരുന്നത് കണ്ട് വിവേകിന് അവളോട് ദേഷ്യം തോന്നി. അയാൾ അവളുടെ അടുത്ത് വന്ന് സൗമ്യയോട് കയർത്തു സംസാരിച്ചു.

“ഇങ്ങനെ കറങ്ങി നടക്കാനാണല്ലേ നിനക്ക് കാർഡ് വേണ്ടിയിരുന്നത്. ഇനിയും സമയമുണ്ട്. വേണമെങ്കിൽ തെറ്റ് തിരുത്തി വീട്ടിൽ വരാം. ഇല്ലെങ്കിൽ ജയന്തിയുടെ കാറ്റഗറിയിൽ ഉൾപ്പെടും.”

സൗമ്യ അതെല്ലാം നിശബ്ദം കേട്ടു നിന്നു. അയാൾ പോയശേഷം സൗമ്യ സങ്കടം സഹിക്കാതെ അടക്കി പിടിച്ച് കരയാൻ തുടങ്ങി. കാര്യം മനസിലാക്കിയ ജയന്തി അവളെ ആശ്വസിപ്പിച്ചു. “തിരിച്ച് ചെന്നാൽ നിനക്ക് ആ അടിമ ജീവിതം നയിക്കേണ്ടി വരില്ലെന്ന് ഉറപ്പുണ്ടോ? അങ്ങനെ ആണെങ്കിൽ ഒന്നും ആലോചിക്കണ്ട മടങ്ങി പോയ്ക്കോളൂ.”

സൗമ്യ കരച്ചിലടക്കികൊണ്ട് പറഞ്ഞു. “ഞാൻ വിവേകിനെ ഇങ്ങനെയായിരുന്നില്ല കരുതിയിരുന്നത്. പക്ഷെ…”

സൗമ്യയെ ആദ്യം അയാൾ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയും നോക്കിയെങ്കിലും അവളുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അയാൾ അടവ് മാറ്റി നോക്കി. അയാൾ സ്നേഹം നടിച്ചു കൊണ്ട് അവളുടെ മനസ് മാറ്റാൻ നോക്കി. എന്നിട്ടും അവൾ ഒരിഞ്ച് മാറാൻ തയ്യാറായില്ല.

ഒരു ഡെബിറ്റ് കാർഡിന്‍റെ പേരിൽ സ്വന്തം ജീവിതം തുലച്ചു കളയാൻ വിവേകിനും ആഗ്രഹമുണ്ടായിരുന്നില്ല. സൗമ്യയുടെ ഏത് കാര്യവും ഒരു സാധാരണക്കാരനെപ്പോലെ തന്‍റെയവകാശമായി അയാൾ കരുതുകയാണുണ്ടായത്. എന്നാൽ അങ്ങനെ ചെയ്തതിലൂടെ അവളുടെ മൗലികാവകാശത്തെ ഹനിക്കുകയാണ് ഉണ്ടായതെന്ന കാര്യം അയാൾ മറന്നു പോവുകയായിരുന്നു.

വിവേക് അന്ന് രാത്രി തന്നെ സൗമ്യയെ ഫോണിൽ വിളിച്ച് ഡിന്നറിന് വരാൻ ആവശ്യപ്പെട്ടു. സൗമ്യ ഹോട്ടലിൽ എത്തുന്നതിന് മുമ്പെ തന്നെ വിവേക് അവിടെ എത്തി അവളെ കാത്തിരിക്കുകയായിരുന്നു.

അവളെ കണ്ടമാത്രയിൽ അയാൾ തെല്ലൊരു സങ്കോചത്തോടെ പറഞ്ഞു. “സൗമ്യ, എന്നോട് ക്ഷമിക്കണം. വിവാഹം കഴിഞ്ഞപ്പോൾ ഞാൻ കൂടുതൽ സ്വാതന്ത്യ്രമെടുത്തു. നീയന്ന് നിന്‍റെ ഡെബിറ്റ് കാർഡ് എന്നെ ഏൽപ്പിച്ചപ്പോൾ നിന്‍റെ ജീവിതം മുഴുവനും എന്‍റെ രീതിയനുസരിച്ച് മതിയെന്ന് കരുതി നിയന്ത്രിക്കുകയായിരുന്നു. ഞാൻ ചെയ്തത് വലിയ തെറ്റാണ്. മറ്റൊരാളുടെ സമ്പാദ്യത്തെ ഞാൻ സ്വന്തമിഷ്ടമനുസരിച്ച് വിനിയോഗിക്കുകയായിരുന്നു. എന്‍റെ തെറ്റ് എനിക്ക് ബോധ്യമായി.”

“ഇതിന് നന്ദി പറയേണ്ടത് ജയന്തിയോടാണ്. സ്വന്തം അധികാരവും അവകാശവും എന്താണെന്ന് അവളാണ് എന്നെ പഠിപ്പിച്ചത്. അല്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നത് ശീലമാക്കുമായിരുന്നു.”

അപ്പോഴേക്കും വെയ്റ്റർ ബില്ലും കൊണ്ട് വന്നു. വിവേക് ചിരിയോടെ പറഞ്ഞു, “ഇന്ന് മാഡം ബിൽ ചെയ്യും.” സൗമ്യ ചെറുപുഞ്ചിരിയോടെ ഡെബിറ്റ് കാർഡ് എടുത്ത് സ്വൈപ്പ് ചെയ്തു.

और कहानियां पढ़ने के लिए क्लिक करें...