കുതിരകൾ പായുന്ന വീഥി

വികാസ്… നിങ്ങളുടെ പ്രൊപ്പോസൽ എന്തായി, ക്ലയിന്‍റിന് ഇഷ്ടമായോ, ചുറ്റിപ്പറ്റി നടന്നിട്ട് സംഗതി വല്ലതും നടക്കുമോ?”

“നീ പേടിക്കാതെ എന്‍റെ ഭാര്യേ, ഇന്ന് ആ ഡീൽ ഞാനുറപ്പിക്കും.” വികാസ് നിശയെ നോക്കി പുഞ്ചിരിച്ചു.

“ഗുഡ്, അപ്പോ ഞാൻ ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ച് വീട്ടിലെത്തിക്കോളാം.”

“ആരുടെ കൂടെ പോകും?”

“ആരെങ്കിലുമുണ്ടാവുമെന്നേ. യു ടേക്ക് കെയർ ഓഫ് യുവർ ക്ലയിന്‍റ് സർ. ഞാൻ പോവുകയാണ്.” ഭർത്താവിനെ സ്നേഹത്തോടെ ചുംബിച്ചിട്ട്, നിശ ആവേശത്തോടെ ക്ലബ് ലക്ഷ്യമാക്കി നടന്നു.

രാജീവ് മേനോൻ ക്ലബ്ബിന്‍റെ കവാടത്തിനരികിൽ അവളെയും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു.

“അപ്പോ വിക്കിയെ പറഞ്ഞു വിട്ടുവല്ലേ.” രാജീവ് ചിരിച്ചു കൊണ്ട് നിശയോട് ചോദിച്ചു. അതു ചോദിക്കുമ്പോൾ വല്ലാത്ത തിളക്കമായിരുന്നു അയാളുടെ കണ്ണുകൾക്ക്.

“വികാസ് ബിസിയാണ്.” നിശ നിസ്സാരമായി പറഞ്ഞു.

“അപ്പോൾ വീട്ടിലേക്ക് എങ്ങനെ പോകും?”

“ലിഫ്റ്റ് കിട്ടുമല്ലോ.”

“ആ ഭാഗ്യം എനിക്കുണ്ടാവുമോ? ഞാൻ വീട്ടിൽ കൊണ്ട് വിടാം.”

“കൊതിപ്പിക്കാതെ, ഇവിടെ എന്നെക്കാൾ സുന്ദരികളായവർ ഉള്ളപ്പോൾ എന്‍റെ കൂടെ വന്ന് സമയം കളയണോ?” നിശ രാജീവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി.

“നിശേ… ഇവിടെയുള്ള പെൺകുട്ടികളേക്കാൾ സുന്ദരിയല്ലേ നീ. നിന്‍റെ വശ്യതയ്ക്കു മുന്നിൽ ഞാൻ തോറ്റ് പോകും.” രാജീവിന്‍റെ നോട്ടത്തിൽ നിശ ആകെ ചൂളിപ്പോയി. അയാളുടെ അടുത്ത് നിന്നാൽ ആരും പിടിവിട്ട് പോകും.

“കള്ളം പറയാതെ രാജീവ്, ഞാനൊരു 17 വയസ്സുകാരിയുടെ അമ്മയാണ്. ഇവിടെ പാറിക്കളിക്കുന്ന പൂമ്പാറ്റകളെക്കാൾ കിഴവിയാണ് ഞാൻ.”

“ഞാൻ സത്യമാണ് പറഞ്ഞത് നിശാ…” ഇതും പറഞ്ഞ് അയാൾ നിശയുടെ കൈ പിടിച്ച് കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു.

അയാൾ സ്പർശിച്ചപ്പോൾ ഒരു മിന്നൽപ്പിണർ നെഞ്ചിലൂടെ കടന്നു പോയതായി നിശയ്ക്കു തോന്നി. തളർന്നു പോയ തന്നെ അയാൾ വലിച്ചു കൊണ്ടു പോവുകയാണോ?

കുറച്ചു ദിവസമായി നിശയുമായി ഫ്ളർട്ട് ചെയ്യാൻ ചുറ്റിപ്പറ്റി നടക്കുകയായിരുന്നു രാജീവ്. അയാളുടെ സൗന്ദര്യത്തിനും വാചകമടിക്കും നിശ കീഴടങ്ങിപ്പോയി. ആരായാലും അതേ സംഭവിക്കൂ. അത്രയും മാസ്മരികതയാണയാൾക്ക്. ഇന്ന് രാജീവിന്‍റെ കൂടെ കുറച്ച് സമയം ചെലവഴിക്കണമെന്ന് നിശയും ആഗ്രഹിച്ചിരുന്നു. അതിനാൽ തലവേദന ഭാവിച്ച് വികാസിനെ ഒഴിവാക്കിയാണ് നിശ ക്ലബ്ബിൽ എത്തിയത്.

നിശ പറഞ്ഞതനുസരിച്ച് രാജീവ് കാർ ഹൈവേയിലേക്ക് എടുത്തു. ഒരു ലോംഗ് ഡ്രൈവിനായി നിശ ആഗ്രഹിച്ചു. അയാളും.

കറങ്ങി തിരിച്ചുവരുമ്പോൾ അവർ ഭക്ഷണവും കഴിച്ചു. വണ്ടി നിശയുടെ വീട്ടിൽ വന്നു നിന്നു. അപ്പോൾ സമയം 12 മണി കഴിഞ്ഞിരുന്നു.

“താങ്ക്സ് ഫോർ ദ ലിഫ്റ്റ്, രാജീവ്.” നിശ രാജീവിന് കൈ കൊടുത്തു.

രാജീവ് കൈ പിടിച്ച് അവളെ അയാളിലേക്ക് അടുപ്പിച്ചു. അവൾക്ക് തടുക്കാനാവുന്നതിനു മുമ്പേ അയാൾ അവളുടെ കവിളിൽ ചുംബിച്ചു.

“വീട്ടിൽ വിട്ടതിന്‍റെ ഫീസും നീ വാങ്ങിയല്ലോ.” നിശ പരിഭവം അഭിനയിച്ചു.

“ഇത് ഫീസൊന്നുമല്ല, നന്ദിയാണ്.” രാജീവ് നുണക്കുഴി കാട്ടി ചിരിച്ചു.

“എന്തിനുള്ള നന്ദി?”

“എന്‍റെ ഈ രാത്രി ധന്യമാക്കിയതിന്.”

“വാക്കുകൾ കൊണ്ട് ആളുകളെ പാട്ടിലാക്കാൻ രാജീവിനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.” നിശ കാറിന്‍റെ ഡോർ തുറന്ന് പുറത്തിറങ്ങി.

രാജീവും പുറത്തിറങ്ങി ഡോർ അടച്ചപ്പോൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി സ്വല്പം ഭീതിയോടെ നിശ ചോദിച്ചു.

“എന്താ… എന്‍റെ കൂടെ വീട്ടിൽ കയറാനാണോ പരിപാടി?”

“അതെ ഡാർലിംഗ്” രാജീവ് ചിരിച്ചു. “വല്ലാതെ ദാഹിക്കുന്നു.”

“ഞാൻ നിങ്ങളെ വീട്ടിൽ കയറ്റില്ല. കാരണം വലിയ അപകടകാരിയാണ് നിങ്ങൾ. എന്തെങ്കിലും അലമ്പുണ്ടാക്കിയാൽ എന്‍റെ മകൾ കാണും.”

“ഞാനൊരു ജന്‍റിൽ മാനാണ്, എന്നെ വിശ്വസിക്കാം.”

നിശ ഗേറ്റ് തുറന്നു. പിന്നിൽ നടക്കുമ്പോൾ രാജീവിന്‍റെ കണ്ണുകൾ നിശയുടെ അഴകളവ് ആസ്വദിക്കുകയായിരുന്നു.

നിശ വന്നപ്പോൾ തന്നെ ശ്രദ്ധിച്ചത് മകൾ ശിഖയുടെ മുറിയാണ്. അവിടെ ലൈറ്റ് അണഞ്ഞിരുന്നു. മകൾ ഉറങ്ങിക്കാണുമെന്ന് നിശ കരുതി. അവിടെ വെളിച്ചം ഉണ്ടായിരുന്നെങ്കിൽ നിശ രാജീവിനെ അകത്തേക്ക് കയറ്റുമായിരുന്നില്ല.

ശിഖ ഉറങ്ങിയിരുന്നില്ല. അമ്മ വന്നത് അവളറിഞ്ഞിരുന്നു. എന്തൊക്കെയോ ചിന്തകൾ കാരണം അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാജീവിന്‍റെ കാർ വന്ന് നിന്നത് ജാലകത്തിലൂടെ അവൾ കണ്ടിരുന്നു. രാജീവ് അമ്മയോട് ശൃംഗരിക്കുന്നതും അവൾ കണ്ടിരിക്കുന്നു.

ഡ്രോയിംഗ് റൂമിലിരുന്ന് രണ്ടാളും അടക്കിപ്പിടിച്ച് സംസാരിക്കുന്നത് ശിഖ മുറിയിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു. അമ്മ മുറിയിലേക്ക് വന്നപ്പോൾ അവൾ കണ്ണടച്ച് ഉറക്കം നടിച്ചു കിടന്നു. അമ്മ മുറിക്ക് പുറത്ത് പോയപ്പോൾ അവൾ എഴുന്നേറ്റ് വാതിലിനടുത്ത് വന്ന് നിന്നു. അവൾ അവരെ ഒളിഞ്ഞു നോക്കി. ഡ്രോയിംഗ് ഹാളിന്‍റെ വലിയ ഭാഗം അവൾക്ക് ദൃശ്യമായി.

അമ്മ അടുക്കളയിലേക്ക് നടന്നപ്പോൾ, പിന്നാലെ ചെന്ന രാജീവ് അമ്മയെ കൈയിലെടുത്ത് മുന്നോട്ട് നടന്നു. അമ്മയുടെ എതിർപ്പുകൾ അയാൾ ആസ്വദിക്കുകയാണെന്ന് തോന്നും.

ശിഖയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. അവൾ കണ്ണടച്ച് കിടന്നുറങ്ങാൻ ശ്രമിച്ചു. പക്ഷേ ബെഡ്റൂമിൽ നിന്നുള്ള ശീൽക്കാരങ്ങൾ അവളെ കൂടുതൽ അസ്വസ്ഥതപ്പെടുത്തി.

പതുങ്ങിപ്പതുങ്ങി പപ്പയുടെ ബെഡിറൂമിനരികിലെത്തിയ അവൾ കീ ഹോളിലൂടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. എല്ലാറ്റിനും അമ്മ മുൻകൈയെടുക്കുന്നു.

അവൾ വേഗം സ്വന്തം മുറിയിൽ കയറി വാതിലടച്ചു. അവൾക്ക് ഒന്നു കുളിക്കണമെന്നു തോന്നി. ഫാനിട്ടിട്ടും അവൾ വിയർത്തു കൊണ്ടേയിരുന്നു. കുതിരകൾ ചീറിപ്പായുന്ന ഒരു വീഥിയിൽ അകപ്പെട്ടതു പോലെ ശിഖയ്ക്കു തോന്നി.

അടുത്ത ദിവസം ഞായറാഴ്ചയായിരുന്നു. ശിഖ 10 മണിക്ക് ട്യൂഷനു പോകാനിറങ്ങി. അമ്മയും അച്‌ഛനും ഉറക്കമുണർന്ന് എഴുന്നേറ്റിരുന്നില്ല. അവൾ കടലാസിൽ ഒരു കുറിപ്പെഴുതി ടേബിളിൽ വച്ചു.

“ഞാൻ ട്യൂഷൻ കഴിഞ്ഞ് ഒരു സുഹൃത്തിന്‍റെ വീട്ടിൽ ബർത്ത്ഡേ പാർട്ടിക്ക് പോകും. വരാൻ വൈകും.” അവൾ ഒരു ഗ്ലാസ് ജ്യൂസ് കഴിച്ച് ഗ്ലാസ് മേശമേൽ വച്ചു. കുറിപ്പ് പാറിപ്പോകരുതല്ലോ. കൂടുതലൊന്നും ആലോചിക്കാതെ അവൾ സുമന് ഫോൺ ചെയ്‌തു. അവൻ ബൈക്കുമായി പാഞ്ഞെത്തി. അവൾ അവന്‍റെ പിറകിൽ ഇരുന്നു.

“എനിക്ക് ഡോ. സുമയുടെ അടുത്ത് 12 മണിക്ക് അപ്പോയിന്‍റ്മെന്‍റ് ഉണ്ട്.” സുമൻ പറഞ്ഞു. “നിനക്ക് ഇത്ര അർജൻസി എന്താണ്?”

“മെഡിക്കൽ റപ്പാണെന്നു കരുതി ഞായറാഴ്ചയും ജോലി ചെയ്യണോ?” ശിഖ മുഖം വീർപ്പിച്ചു.

“ശരി, ശരി… ഒരു തർക്കത്തിന് ഞാനില്ല.” അവൻ പറഞ്ഞു.

“എങ്കിൽ വണ്ടി നിന്‍റെ ഫ്ളാറ്റിലേക്ക് വിട്ടോ.”

സുമൻ അമ്പരന്ന് പോയി. മുമ്പ് എത്ര വിളിച്ചിട്ടും വരാത്തവളാണ്. ഇന്ന് എന്തുപറ്റി?

അവൾ തന്‍റെ ബോയ്ഫ്രണ്ടിനെ ചേർത്ത് പിടിച്ചു. സുമന്‍റെ അമ്മയും പപ്പയും സ്‌ഥലത്തില്ല. അവർ യുഎസിൽ ചേച്ചിയുടെ അടുത്ത് പോയിരിക്കുകയാണ്. ഒരു മാസത്തെ സുഖവാസത്തിന്. ശിഖയ്ക്ക് അതറിയാം. സുമൻ ശിഖയുടെ മനസ്സ് വായിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഫ്ളാറ്റിലെത്തിയതും ശിഖ സുമന് ഒരു ചായ ഇട്ട് കൊടുത്തു. നല്ല റൊമാന്‍റിക് മൂഡിലായിരുന്നു രണ്ടാളും. സുമൻ ശിഖയെ ചുംബിക്കാനടുത്തു. അവനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ തന്‍റെ പ്രണയം സമർപ്പിച്ചു. തലേന്ന് രാത്രിയിലെ ദൃശ്യങ്ങളായിരുന്നു ശിഖയുടെ മനസ്സ് മുഴുവൻ. ഒരു വാശി പോലെയാണ് അവൾ തന്‍റെ ശരീരവും മനസ്സും സുമനുമായി പങ്കിട്ടത്.

സുമൻ തെല്ല് പേടിച്ചു പോയിരുന്നു. ആദ്യമായിട്ടാണിങ്ങനെ ഒരു അനുഭവം. ശിഖ അമർത്തി ചുംബിക്കുമ്പോഴെല്ലാം ശ്വാസമെടുക്കാൻ അവൻ പ്രയാസപ്പെട്ടു. ഭ്രാന്തിളകിയതു പോലെയായിരുന്നു ശിഖയുടെ പെരുമാറ്റം. ഒറ്റരാത്രി കൊണ്ട് അവളാകെ മാറിപ്പോയിരുന്നു.

“നീയിങ്ങനെ സ്നേഹിച്ചാൽ ഞാൻ ചത്തുപോകും.” സുമൻ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ശിഖ ഏറെ നേരം ശബ്ദമുണ്ടാക്കാതെ കിടന്നു കരഞ്ഞു. അവൾ ഉറങ്ങുകയാണെന്നാണ് സുമനും കരുതിയത്. ക്ഷീണം കാരണം അവനും വൈകാതെ ഉറങ്ങിപ്പോയി.

ശിഖ ഉണർന്നപ്പോഴും സുമൻ നല്ല ഉറക്കമായിരുന്നു. അവൾ ജനലിനരികിൽ ചെന്ന് പുറത്തെ തെരുവിലേക്ക് വെറുതെ നോക്കി നിന്നു.

“സ്നേഹം എന്താണ്? ഭർത്താവിന്‍റെ കൈകൾ ദുർബലമാണെന്ന് തോന്നുമ്പോൾ ഭാര്യ മറ്റൊരു സുരക്ഷിത കരവലയത്തിൽ കിടന്നുറങ്ങുന്നതാണോ അത്.” അമ്മയെ കുറ്റപ്പെടുത്തിയ മനസ്സ് ചിലപ്പോഴൊക്കെ അമ്മയുടെ ചെയ്തികളെ ന്യായീകരിക്കാനും ധീരത കാട്ടി.

“എന്തായാലും ഞാൻ പൂർണ്ണമായി അറിഞ്ഞ ഒരു പുരുഷനെയേ വിവാഹം കഴിക്കൂ.” അവൾ തീർച്ചപ്പെടുത്തി. അമ്മയെപ്പോലെയാവാൻ എന്‍റെ ജീവിതത്തെ ഞാൻ വിട്ട് കൊടുക്കില്ല.

വസന്തം വിരുന്നെത്തിയ ഒരു പ്രഭാതത്തിലാണ് ശിഖ ആ കാര്യം അറിയുന്നത്. അവൾ സുമന്‍റെ ബൈക്കിൽ കയറി നഴ്സിംഗ് ഹോമിലെത്തി.

“ഓപ്പറേഷനുള്ള കാശെല്ലാം റെഡിയാണല്ലോ അല്ലേ?” സുമൻ അവളോട് ചോദിച്ചു.

“എല്ലാം. ഞാൻ ഇന്നലെ എടിഎമ്മിൽ നിന്ന് എടുത്തിട്ടുണ്ട്.”

ഡോക്ടർക്ക് കൈക്കൂലി കൊടുത്താണ് അവർ അബോർഷൻ ചെയ്തത്. ആദ്യം ഡോക്ടർ സമ്മതിച്ചില്ലായിരുന്നു. പിന്നെ സുമൻ ഏതോ സീനിയർ ഡോക്ടറെ വിളിച്ച് സ്വാധീനിക്കുകയായിരുന്നു.

“ഈ മരുന്നു വില്പനക്കാരും ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ ഡോക്ടർമാർക്ക് പണിയാവുമല്ലോ.” ഡോക്ടർ ഒരു വഷളൻ ചിരി ചിരിച്ചു. സുമൻ വല്ലാതായി.

ശിഖയെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയപ്പോഴാണ് സുമൻ ശരിക്കും വിറച്ചു പോയത്. പിന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ശിഖയെ വാടിയ പൂപോലെ കണ്ടപ്പോൾ സുമൻ തകർന്നു പോയിരുന്നു.

“ഇവളെ ഇങ്ങനെ ഒരിക്കൽ പോലും ഇതിനു മുമ്പ് കണ്ടിട്ടില്ല.” വാർഡിലെ റെസ്റ്റിനു ശേഷം വൈകുന്നേരം സുമന്‍റെ ബൈക്കിലിരുന്നു തന്നെയാണ് ശിഖ വീട്ടിലേക്ക് പോയത്.

കോളിംഗ് ബെൽ അടിച്ചപ്പോൾ ജോലിക്കാരിയാണ് വാതിൽ തുറന്നത്. എന്തോ അസുഖം ബാധിച്ചവളെപ്പോലെ അവർക്ക് തോന്നിയെങ്കിലും ശിഖയോട് ഒന്നും ചോദിക്കാനുള്ള ധൈര്യം അവർക്കുണ്ടായില്ല.

ശിഖ മുറിയിൽ പോയിക്കിടന്നു. മരുന്നിന്‍റെ ഇഫക്ട് മാറിയപ്പോൾ അവൾക്ക് വയറ് വേദനിക്കാൻ തുടങ്ങി. അസഹ്യമായ വേദന, ഒറ്റപ്പെടലിന്‍റെയും സ്നേഹരാഹിത്യത്തിന്‍റെയും പെയിൻ കൂടി അവളുടെ ഹൃദയത്തെ കാർന്ന് തിന്നിരുന്നു, അന്നേരം.

ഏറെ വൈകിയാണ് അമ്മ വീട്ടിലെത്തിയത്. “എന്തുപറ്റി മോളേ, വല്ലാതെ ക്ഷീണമുണ്ടല്ലോ.” പുതച്ചു മൂടി കിടന്ന ശിഖയെ ഉണർത്തി അമ്മ ചോദിച്ചു.

“ഏയ് ഒന്നുമില്ല അമ്മേ, നല്ല വയറുവേദന.”

“ഓ, വല്ല ഫുഡ് ഇൻഫെക്ഷനുമാണോ? ഇന്നലെ നീ പാർട്ടിക്ക് കഴിച്ചത് പറ്റിയിട്ടുണ്ടാവില്ല.” നിശ പറഞ്ഞു.

ശിഖ ഒന്നും മിണ്ടാതെ കിടന്നു.

“ഡോക്ടറെ വിളിക്കണോ?” അമ്മ അവളെ തലോടാൻ കൈ നീട്ടിയപ്പോൾ അവൾ കൈ തടുത്തു കൊണ്ട് പതുക്കെ പറഞ്ഞു. “വേണ്ട, എനിക്കൊന്നുമില്ല.”

അമ്മയ്ക്ക് ക്ലബ്ബിലെ വാർഷികത്തിനു പോകാനുള്ള തിരക്കുണ്ടായിരുന്നെന്ന് അവൾ മനസ്സിലാക്കിയിരുന്നു. മകളുടെ അടുത്ത് നിൽക്കണമെന്ന് ആഗ്രഹിച്ചെങ്കിലും വാർഷിക ജനറൽ ബോർഡ് മീറ്റിംഗിൽ തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്ന ചടങ്ങിന് പോകാതിരിക്കാൻ നിശയ്ക്ക് കഴിഞ്ഞില്ല. രണ്ടാമതൊന്ന് ആലോചിക്കാതെ അവൾ അവിടെ നിന്ന് ഇറങ്ങി. ജോലിക്കാരിയോട് തനിക്ക് ഭക്ഷണം എടുത്തു വയ്ക്കണമെന്ന് പറയാനുള്ള ഔദാര്യം അമ്മയ്ക്കുണ്ടായല്ലോ എന്ന് ശിഖ ആശ്വസിച്ചു.

“ടേക്ക് കെയർ” അമ്മ ചമഞ്ഞിറങ്ങിപ്പോയി.

ശിഖയ്ക്ക് വയറുവേദന കലശലായി. ബാഗിൽ നിന്ന് ഗുളികകൾ എടുത്ത് കഴിച്ച അവൾ ഉറങ്ങാൻ ശ്രമിച്ചു.

“എല്ലാം ഒരു വാശിക്ക് ചെയ്തതാണ്. അതിന് ഇത്രമാത്രം തീ തിന്നണമെന്ന് കരുതിയിരുന്നില്ല.” ശിഖ കരഞ്ഞു കൊണ്ടേയിരുന്നു. ജീവിതത്തെക്കുറിച്ചുള്ള മറ്റെന്തെല്ലാമോ ചിന്തകൾ മനസ്സിനെ അലട്ടി തുടങ്ങിയപ്പോൾ വയറിന്‍റെ വേദന അവൾ അറിഞ്ഞതേയില്ല.

രാത്രി ഏറെ വൈകിയപ്പോൾ മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവൾ മയക്കമുണർന്നത്. അവൾ പിന്നെയും ഏറെ നേരം അവിടെത്തന്നെ കിടന്നു. ഒറ്റയ്ക്ക് മുറിയിലെ അരണ്ട വെളിച്ചം കണ്ട് നേരിയ ഭയം തോന്നിയപ്പോൾ അവൾ വാതിൽ തുറന്ന് നോക്കി. ഡൈനിംഗ് റൂമിൽ നിന്ന് ഛർദ്ദിലിന്‍റെ മണം അവളെ കൂടുതൽ അസ്വസ്ഥയാക്കി. അച്‌ഛൻ സോഫയിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കുത്തഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു.

മുന്നോട്ട് കാലെടുത്തു വയ്ക്കാൻ ആഗ്രഹിച്ചെങ്കിലും മിന്നൽ പോലെ ഒരു വേദന അവളുടെ അടിവയറ്റിൽ നിന്ന് കാലിലേയ്ക്കും പിന്നെ കാലിൽ നിന്ന് തിരിഞ്ഞ് വയറ്റിലേക്കും പാഞ്ഞു കയറി. രാത്രി ക്ലോക്കിൽ സമയം രണ്ട് മുഴങ്ങി. അമ്മ വരുന്നത് കാത്തു നിൽക്കാതെ അവൾ മുറിയിൽ കയറി വാതിലടച്ചു.

Story: നഗര കാന്താര

ഇരുട്ടിന്‍റെ കനത്ത മറ നീക്കി എപ്പോഴാണവൾ മുന്നിൽ പ്രത്യക്ഷയായതെന്നറിയില്ല. ഏറെ വൈകി ബാറിൽ നിന്നുമിറങ്ങി ലോഡ്ജിലേക്കുള്ള മടക്കത്തിടുക്കത്തിലായിരുന്നു ഞാൻ. സന്ധ്യയുടെ മയക്കത്തിനും, രാത്രിയുടെ ഘനത്വത്തിനുമിടയിലുള്ള കുറച്ചു മണിക്കൂറുകൾ നഗരത്തിലെ ഇടറോഡുകൾക്ക് ശൂന്യതയിലാണ്ടു കിടക്കാനുള്ള സമയമാണ്.

രാവു കനക്കുമ്പോൾ നഗരം പതിയെ നിശബ്ദതയുടെ കരിമ്പടമെടുത്ത് പുതയ്ക്കും. അന്നേരമാണ് നഗരത്തിലെ ഇടവഴികൾ ചെറിയ അനക്കങ്ങളോടെ സജീവമാകാൻ തുടങ്ങുന്നത്. അത്തരമൊരിടറോഡിൽക്കൂടി അങ്ങിങ്ങു കത്തിക്കൊണ്ടിരുന്ന വഴി വിളക്കുകളുടെ അരണ്ട വെളിച്ചത്തിലൂടെ തപ്പിത്തടഞ്ഞു നടക്കവെയാണ് എങ്ങുനിന്നോ അവൾ വെളിപ്പെട്ടത്.

അവളുടെ പിറകേ രക്ഷാധികാരിയെപ്പോലെ അവളുടെ പിൻഭാഗം മണത്തു കൊണ്ട് ഒരു മുട്ടാളൻ കൂടി പ്രത്യക്ഷനായതു കണ്ട് എന്‍റെ ആകാംക്ഷ കനത്തു. കറുത്ത് കൊഴുത്ത് ബലിഷ്ഠകായനായി കാണപ്പെട്ട അവന്‍റെ കഴുത്തിൽ സിംഹത്തിന്‍റെ ജഡ പോലെ രോമങ്ങൾ ഇടതുർന്നു കിടന്നിരുന്നു. തീഷ്ണമായിരുന്ന കണ്ണുകളിലിരുന്ന് ആഭാസകാമത്തിന്‍റെ ഒരുചൂട്ട്കറ്റ പുകയുന്നുണ്ടായിരുന്നു.

അവളാകട്ടെ മെലിഞ്ഞുണങ്ങിയ ഒരു പേക്കോലത്തെ അനുസ്മരിപ്പിച്ചു. ഏതോ മാറാരോഗം വന്നൊഴിഞ്ഞു പോയതുപോലെ അവളുടെ ശരീരം രോമമെല്ലാം കൊഴിഞ്ഞ് വല്ലാതെ മിനുസപ്പെട്ടു കിടന്നു. ആ ഉടലിൽ നഗരവിളക്കിന്‍റെ അരണ്ട രശ്മികൾ പതിക്കുമ്പോൾ മിന്നാമ്മിനുങ്ങിന്‍റെ കുറേ നുറുങ്ങുവെട്ടങ്ങൾ അവൾ ശരീരത്തിൽ രഹസ്യമായി സൂക്ഷിക്കുന്നതായി തോന്നി.

അമിതസുരതത്തിന്‍റെ ശേഷിപ്പു പോലെ വാലിനു പിറകിൽ വ്രണങ്ങൾ തിണർത്തു കിടന്നു. രക്തവർണ്ണത്തിൽ, പുറത്തേക്കുന്തിയനിലയിൽ ഗുഹ്യഭാഗത്തു കാണപ്പെട്ട മാംസ പിണ്ഡം അറപ്പുളവാക്കുന്നൊരു മനപ്പെരട്ടുണ്ടാക്കി.

ബലവാനായ അവളുടെ സുഹൃത്ത് ആ പഴുത്ത മാംസളതയിൽ ചിറിയുരുമ്മുമ്പോഴൊക്കെ ദൈന്യത പേറുന്നൊരു നിലവിളി അവളിൽ നിന്നുയർന്നു. അപ്പോഴെല്ലാം വിറയാർന്ന തന്‍റെ കാലുകൾ പ്രയാസപ്പെട്ട് ചലിപ്പിച്ചുകൊണ്ട് അവന്‍റെ സമീപത്തു നിന്ന് ഓടിയകലാൻ അവൾ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. അവനാകട്ടെ തന്‍റെ മുൻ കാലുകളുയർത്തി അവളുടെ ഉടലിനെ തന്നിലേക്കടുപ്പിക്കാൻ തിടുക്കപ്പെട്ടു.

അധികനേരം ആ ദൈന്യത കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. മുഖം ഇരുട്ടിലേക്ക് തിരിച്ച് മന്ദഗതിയിൽ അവരുടെ പിറകേയാത്ര തുടർന്നു. അന്ധകാരം തിങ്ങിയ ഏതോ ഇടവഴിയിലേക്കവർ അപ്രത്യക്ഷരാവുംവരെ.

ഇടയ്ക്കിടെ അവളുടെ ദീനരോദനശകലങ്ങളും കാമോൽക്കടമായ അവന്‍റെ മുരൾച്ചകളുടെ തുണ്ടു ശബ്ദങ്ങളും അകലത്തായി വിട്ടു വിട്ടു കേട്ടുകൊണ്ടിരുന്നു. വഴിയരികിലെ അടഞ്ഞുകിടന്ന തട്ടുകടയുടെ ചായ്പ്പിലേക്കു കയറി. അതായിരുന്നു ലക്ഷ്യവും. മനസ്സിന്‍റെ തികട്ടലുകൾ അമർത്താനുള്ള വ്യഗ്രത കലശ്ശലായിരുന്നു.

പോക്കറ്റിലുണ്ടായിരുന്ന ബോട്ടിലിലെ ശേഷിപ്പിലേക്ക് കടയ്ക്കു പിന്നിലെ പൈപ്പിന്‍റെ ടാപ്പു തുറന്ന് സൂഷ്മതയോടെ ജലം പകർന്ന് വായിലേക്കു കമിഴ്ത്തുമ്പോൾ ചായ്പിന്‍റെ പിന്നാമ്പുറത്ത് രണ്ടു നിഴലുകൾ ചലിച്ചു. ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ ശ്രദ്ധിച്ചു.

“കൂത്തിച്ചീമ്മോളെ പണം ഞാൻ പിന്നെത്തന്നോളാമെന്നു പറഞ്ഞില്ലേ ടീ….” പുരുഷശബ്ദം അടക്കംചൊല്ലുന്നു.

“പറ്റില്ലെന്നു പറഞ്ഞില്ലേ… ഇന്നു കായി മുഴുവൻ തന്നിട്ടുള്ള കൊഞ്ചല് മതി, ഇന്നാളു നീ തരാനൊള്ളതു ഞാൻ വിട്ടു … ഇന്നതു പറ്റില്ല.” സ്ത്രീയുടെ അലോസരപ്പെട്ട മറുപടി.

“ശാന്തേ ഇന്നത്തേക്കു നീ ഒന്നു ക്ഷമിക്ക് പൊന്നേ… ഞാമ്പറഞ്ഞില്ലെ ബാക്കിയൊള്ള പണം ഞാൻ തന്നിരിക്കും.” പുരുഷ സ്വരം അനുനയനത്തിന്‍റെ വഴിയിലേക്കു നീങ്ങി.

“ഛീ… വിടെടാ ഇടുപ്പീന്ന് കയ്യെട് … കായിതാ ആദ്യം, പിന്നെ മതി എല്ലാം …എരപ്പെ”. അവളുടെ പൊട്ടിത്തെറിയുടെ നുറുങ്ങുകൾ ചെടികൾക്കിടയിൽ വീണു ചിതറി.

‘ശാന്ത’… ആ പേര്? ഇരുട്ടിലേക്കു സൂക്ഷിച്ചു നോക്കി. വ്യക്തമായി ഒന്നും കണ്ടു കൂടാ. ദൂരെ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ നിന്നും തെന്നി വന്ന ഒളിവെട്ടത്തിൽ ആ മുഖം മിന്നായം പോലെ ഒറ്റത്തവണ കണ്ടു. അതേ ശാന്ത… അവൾ തന്നെയാണോ അത്?

വർഷങ്ങൾക്കു മുമ്പ് ഇതുപോലുള്ളൊരു നിഗൂഢ രാത്രിയിൽ… താലൂക്കാശുപത്രിക്കു പിന്നിലെ മരക്കൂട്ടങ്ങൾക്കു നടുവിൽ… മലയിറങ്ങി നഗരത്തിൽ ജോലി അന്വേഷിച്ചു നടന്ന കാലം മുന്നിലേക്കോടിയെത്തി.

പരമശിവം ലോഡ്ജിലെ പപ്പേട്ടന്‍റെ തണലിൽ മാനസികമായും, കായികമായും അനാഥപ്പെട്ടു കഴിഞ്ഞു വന്ന ആ ദിവസങ്ങളിലെ ഒരു രാത്രി… അന്നത്തെ കുടമുല്ലപ്പൂക്കളുടെ തീഷ്ണമായ മണം വില കുറഞ്ഞ ലിപ്സ്റ്റിക്കിന്‍റെ കവർപ്പ്… ദുർഗന്ധം വമിക്കുന്ന ഓടയിൽ നിന്നും പുളഞ്ഞിറങ്ങി വന്നൊരു തേരട്ടയെപ്പോലെ അതൊക്കെ വീണ്ടുമൊരിക്കൽക്കൂടി ഓർമ്മകളിലേക്ക് പുളഞ്ഞു.

ഇവിടെ ഈ… ഒളിവെട്ടത്തിൽ ഒരിക്കൽ മാത്രം കണ്ട ആ മുഖം അവളുടേതു തന്നെയായിരുന്നോ എന്ന് ഇപ്പോഴും ഉറപ്പില്ല. അതങ്ങിനെയാണല്ലൊ.

നഗരത്തിലെ ശാന്തമാർക്കെല്ലാം എന്നും ഒരേ മുഖങ്ങളല്ലേ…. എപ്പോഴും നിർവികാരത മാത്രം തങ്ങിനിൽക്കുന്ന വരണ്ട മരുഭൂമി പോലുള്ള…!

കാക്കി ഷർട്ടു ധരിച്ചിരുന്നവൻ ആരെന്നറിയില്ല. ഏതെങ്കിലും ട്രക്ക് ഡ്രൈവറാകാം അതുമല്ലെങ്കിൽ രാത്രിപ്പണി ചെയ്യുന്ന ഏതോ ഓട്ടോക്കാരൻ.വിലപേശലിന്‍റെ സംഭാഷണങ്ങൾ മുറുകുന്നത് ജുഗുപ്സയോടെ കേട്ടിരുന്നു. അവസാനം എന്നത്തേയും പോലെ അതൊരു സമവായത്തിലെത്തുകയും ചെയ്തു.

ചായ്പ്പിനു പിന്നിലെ ചെടികൾക്കിടയിൽ തിടുക്കപ്പെട്ടൊരു ചലനമുണ്ടായി. ക്രമാനുഗതമായി ഉയർന്നു പൊങ്ങിയ നിശ്വാസങ്ങൾക്ക് മേൽ സർപ്പങ്ങളുടെ സീൽക്കാരശ്രുതി പടം പൊഴിച്ചാടി. നക്ഷത്രങ്ങൾ കള്ളച്ചിരിയോടെ ചായ്പ്പിനു പിന്നിലേക്ക് ഒളിനോട്ടം നടത്തി. തുറിച്ചിറങ്ങിയ കണ്ണുകൾ ഇരുളിലേക്ക് തിരനോട്ടമിടുമ്പോൾ സിരകളിൽ പതഞ്ഞു പൊന്തിയത് വിഭ്രാന്തിയോ അതോ മദ്യത്തിന്‍റെ താൽക്കാലിക ആവേശമോ…?

ആവേശത്തിരത്തള്ളലിലെപ്പൊഴോ അവളുടെ ഒച്ചയുയർന്നു കേട്ടു ”ഒന്നു പതുക്കെ… എന്തൊരാക്രാന്തമാടാ, ഇത്… വെളുക്കാനിനീം നേരണ്ടല്ലൊ?”

തെല്ലൊരു തളർച്ചയോടെ ചായ്പ്പിൽ നിന്നിറങ്ങി നടന്നു. ലോഡ്ജിലേക്ക് ദൂരമിനിയും താണ്ടാനുണ്ട്.

മുകളിൽ സ്വഛമായിക്കിടന്നിരുന്ന തെളിമാനം തുറന്നിട്ടൊരു ശരണാലയം പോലെ ഒഴിഞ്ഞുകിടന്നു. അവിടെ രണ്ടു മേഘത്തുണ്ടുകൾ മാത്രം ബാക്കി നിന്നു. അവയ്ക്കൊരു രാക്ഷസന്‍റേയും, കുട്ടിയുടേയും രൂപമായിരുന്നു. രാക്ഷസനെക്കണ്ട് ഭയന്നോടുന്ന കുട്ടി….. രാക്ഷസന്‍റെ കയ്യിലെ വെട്ടിത്തിളങ്ങുന്ന വാൾമുനക്ക് ഒരു രാജ്യത്തെത്തന്നെ വെട്ടിയരിയാനുള്ള കരുത്തുണ്ടെന്ന് തോന്നി.

നടന്ന് നടന്ന് ആശുപത്രിക്ക് പിന്നിലെത്തിയതറിഞ്ഞില്ല. അവിടെ മരക്കൂട്ടങ്ങളിലെവിടേയോ നിന്ന് നേരത്തേ കേട്ട കൊടിച്ചിപ്പട്ടിയുടെ വിലാപം’ ബൗയീ… ബൗയീ… ‘എന്ന് വീണ്ടുമുയർന്നുകേട്ടു. ഒടുവിലത് ഒരു മരണവിളി പോലെ ദാരുണമായൊരു ഞരക്കത്തിലവസാനിച്ചു.

ആകാശത്ത് നേരത്തേ ഉണ്ടായിരുന്ന മേഘത്തുണ്ട് ഇപ്പോൾ കാൺമാനില്ല. ഭയന്നോടിയ ആ കുട്ടി രാക്ഷസന്‍റെ വാളിനിരയായിക്കാണുമോ? അതോ… നീലവിഹായസ്സിന്‍റെ ഏതെങ്കിലുമൊരു കോണിലേക്കവൻ രക്ഷപ്പെട്ടിരിക്കുമോ?

ലോഡ്ജിൽ തിരിച്ചെത്തുമ്പോഴേക്കും രാത്രി അർദ്ധയാമം പിന്നിട്ടിരുന്നു. നേരത്തേ ഉണർന്നെണീറ്റ ഏതോ പക്ഷിയുടെ ചിലമ്പിച്ച പാട്ടു കേട്ടു. രാത്രി മുഴുവൻ കത്തി നിന്നതിന്‍റെ ക്ഷീണത്താൽ സുരക്ഷാ വിളക്കുകൾ അരണ്ട പ്രകാശം മാത്രം പരത്തി. ഊർജ്ജം നഷ്ടപ്പെട്ടവനെപ്പോലെ കിടക്കയിലേക്ക് ചായുമ്പോൾ മടുപ്പിന്‍റെ ഒരു ദിവസം കൂടി അരച്ചു തീർത്തൊരാലസ്യം മനസ്സിനെ ചൂഴ്ന്നു നിന്നു.

“അണ്ണാ… എളുന്നേറ്റുക്കാറുങ്കോ, എന്നാ തൂക്കമാ ഇത്… മദ്ധ്യാന്നമായാച്ച്…” ലോഡ്ജിലെ ജോലിക്കാരൻ പയ്യൻ മുത്തുച്ചാമിയുടെ വിളി കേട്ടാണ് ഞെട്ടി ഉണർന്നത്.

പീള കെട്ടിയ കണ്ണുകൾ വിടർത്തി നോക്കുമ്പോൾ മഞ്ഞപ്പല്ലുകൾ കാട്ടി അഴുക്കു പുരണ്ടൊരു ചിരിയുമായി അവൻ മുന്നിൽ നിൽക്കുന്നു.

“എന്നതാടാ കാലത്തേ കെടന്നലറണത്” ഉറക്കം മുറിഞ്ഞ ദേഷ്യം അവന്‍റെ മുഖത്തേക്ക് തുപ്പിക്കൊണ്ട് എഴുന്നേറ്റിരുന്നു.

”അണ്ണനറിഞ്ഞില്ലേ ഒരു കൊല നടന്നാച്ച് ഇങ്കെ… ഒരു പൊണ്ണുടെ അരുംകൊലൈ!” മലയാളവും, തമിഴും ഇടകലർത്തി അതു പറയുമ്പോളവന്‍റെ മുഖത്ത് ഭയത്തിന്‍റെ പകർന്നാട്ടം.

“എവിടെ, ആര്, ആരെ കൊന്നുവെന്നാ നീ പറേണത്?” സംഭ്രമത്തോടെ ചോദിച്ചു.

“അങ്കെ ഹോസ്പിറ്റൽ റോഡിലുള്ള നമ്മ ചെല്ലേണ്ണന്‍റെ തട്ടില്ലയാ, അതുക്കു പിന്നാടി ഒരു പൊണ്ണുടെ ബോഡി കിടച്ചിരുക്ക്… നാൻ പോയി പാത്താച്ച്… പോലീസൊക്കെ വന്നിട്ടിരിക്കാങ്കെ…”

അവന്‍റെ വർണ്ണന കേട്ട് തരിച്ചിരിക്കുമ്പോൾ തലേന്ന് രാത്രിയിലത്തെ സംഭവങ്ങൾ തിരശ്ശീലയിലെന്നവണ്ണം ഒരു നിഴൽപ്പടം പോലെ മുന്നിൽ വിരിഞ്ഞിറങ്ങി.

ബോധം അബോധത്തിലേക്ക് മലക്കം മറിയുന്നുവോ? മുന്നിലൊരു തിറയാട്ടത്തിന്‍റെ ചിത്രം തെളിഞ്ഞു. ചലിക്കുന്ന തിറക്കോലങ്ങൾ മുറിയിലേക്കുള്ള പടവുകൾ കയറിവരുന്നതിന്‍റെ ചിലമ്പൊലി ശബ്ദം… അത് അടുത്തടുത്തു വരുന്നു.

മുത്തുച്ചാമിയിലേക്ക് ആശ്രയത്തിനെന്നോണം കണ്ണുകൾ പരതി. ഒരു നിഴലായിപ്പോലും അവനവിടെയില്ലെന്ന സത്യം അറിയുമ്പോൾ ഉള്ളിൽ നിന്നും ആന്തലോടെ ഒരു പ്രാർത്ഥന പുറപ്പെട്ടു. വിറക്കുന്ന കാലടികളോടെ എഴുന്നേറ്റ് ചെന്ന് വാതിൽ കൊട്ടിയടച്ചു. കണ്ണുകൾ ഇറുക്കിയടച്ച്… യോഗനിദ്രയിലെന്ന പോലെ കിടക്കയിലിരുന്നു. പുറത്ത് വെയിൽ കനത്തുകൊണ്ടിരുന്നു.

Story: വൺ… ടൂ… ത്രീ….

ഇരുപത്തിയഞ്ച് വർഷം നീണ്ടു നിന്ന സന്തുഷ്ട വൈവാഹിക ജീവിത വിജയത്തിന്‍റെ രഹസ്യമാരാഞ്ഞപ്പോൾ ഒരാൾ ഇപ്രകാരം മൊഴിഞ്ഞു… “ഹണിമൂൺ.”

“ഏ… അതെങ്ങനെ?” കൂടിയിരുന്നവരിൽ ഒരാൾ എഴുന്നേറ്റു നിന്നു ചോദിച്ചു.

ഭർതൃപദവി അലങ്കരിക്കുന്ന മഹാൻ ഒരു കഥ പറഞ്ഞു തുങ്ങി. “ഹണിമൂൺ നാളുകളിൽ ദമ്പതികൾ കൊടൈക്കനാലിൽ എത്തിയപ്പോൾ ഭാര്യയ്ക്ക് കുതിരസവാരി ചെയ്യണമെന്ന് വലിയ മോഹം. പത്തു കാശു പോയാലെന്താ താൻ രക്ഷപ്പെടുമല്ലോ എന്ന ചിന്തയോടെ ഭർത്താവ് കുതിരക്കാരനരികിലെത്തി. ഭാര്യ വലിയ ഉത്സാഹത്തോടെ കുതിരപ്പുറത്തു കയറിയിരുന്നു. സ്ത്രീ വിരോധിയായ കുതിരയ്ക്ക് ഇതൊട്ടും ഇഷ്ടമായില്ല. കുതിരയൊന്നു കുലുങ്ങി. ഭാര്യ “ധ്ടും” എന്ന ശബ്ദത്തോടെ നിലംപതിച്ചു. ഭർത്താവ് അവളെ ഒരു കണക്കിനു പിടിച്ചെഴുന്നേല്പിച്ചു. ഇനി കുതിരപ്പുറത്തു കയറേണ്ടെന്ന് വിലക്കുകയും ചെയ്തു. ഭാര്യ രൗദ്രഭാവത്തിൽ പറഞ്ഞു, “വൺ”

രണ്ടാമതും കുതിരപ്പുറത്തു കയറാൻ ശ്രമിക്കുന്നതിനിടയിൽ കുതിര അവളെ കുടഞ്ഞു വീഴ്ത്തി. ഭാര്യ പറഞ്ഞു, “ടൂ”

മൂന്നാം തവണയും ഇതാവർത്തിച്ചപ്പോൾ ”ത്രീ” എന്നുറക്കെ പറഞ്ഞു കൊണ്ട് അവൾ ഹാന്‍റ്ഗിൽ നിന്നും തോക്കെടുത്ത് “ഡിഷ്യും…ഡിഷ്യും…” കുതിരയുടെ കഥ കഴിഞ്ഞു.

ഭർത്താവ് ശരിക്കും ഭയന്നു.“ങേ… നീ എന്തിനാ കുതിരയെ കൊന്നത് നിനക്ക് കുതിരപ്പുറത്ത് ഇരിക്കാനറിയാത്തതിന് പാവം കുതിരയെന്തു പിഴച്ചു?”

ഭാര്യ ഭർത്താവിനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു “വൺ…”

അതിനുശേഷം അവളെക്കൊണ്ട് ടൂ, ത്രീ പറയിക്കാതിരിക്കാൻ ഭർത്താവ് ഒരു അവസരമൊരുക്കി കൊടുത്തതുമില്ല.

ഇതെനിക്ക് ഭാര്യ പറഞ്ഞു തന്ന നുറുങ്ങു കഥയാണ്. കുതിരപ്പുറത്തു കയറിയ സ്ത്രീ മറ്റാരുമല്ലായിരുന്നു. സൗഭാഗ്യമെന്നോ, ദൗർഭാഗ്യമെന്നോ പറയട്ടെ, അതെന്‍റെ അമ്മായിയമ്മയായിരുന്നു. ഒരിക്കലും ഉന്നം പിഴയ്ക്കാത്ത ആ സ്ത്രീയുടെ മകളോടു കടുപ്പിച്ചെന്തെങ്കിലും പറയാൻ പിന്നെ ആർക്കെങ്കിലും ധൈര്യം കാണുമോ?

ഞങ്ങൾ പുതിയൊരു കോളനിയിൽ താമസം തുടങ്ങിയ നാളുകൾ, കുറച്ച് ഏറെ ദിവസം ഞങ്ങൾക്കൊപ്പം തങ്ങാനെത്തിയതായിരുന്നു അമ്മായിയമ്മ. വാടക വീടിന് മുന്നിൽ വീട്ടുടമ ചെറിയൊരു സ്വിമ്മിങ്ങ് പൂളും ഒരുക്കിയിരുന്നു. ഇതിൽ വെള്ള തീരെ കുറവായിരുന്നുവെന്നു മാത്രമല്ല ശരിക്കും മെയിന്‍റയിൻ ചെയ്യാത്തതിനാൽ ഉപയോഗിക്കാവുന്ന പരുവത്തിലുമായിരുന്നില്ല.

ഒരു ഞായറാഴ്ച, സിറ്റ്ഔട്ടിലിരുന്നു പത്രം വായിക്കുന്ന എന്‍റെ അരികിലേയ്ക്ക് ഭാര്യ അമ്മയേയും കൂട്ടിയെത്തി.

“ദേ, എനിക്കൊരു കാര്യം പറയണമെന്നുണ്ടായിരുന്നു.”

“പറഞ്ഞോളൂ…” വായിച്ചു കൊണ്ടിരുന്ന പത്രം ഞാൻ പതിയെ മടക്കി വച്ചു.

“എനിക്ക് നീന്തൽ മത്സരത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ട്.” രണ്ടോ, മൂന്നോ ദിവസം പഴക്കമുള്ള ഒരു ന്യൂസ് പേപ്പർ എന്‍റെ മുന്നിലേക്കു നീട്ടി. നീന്തൽ മത്സരത്തിന്‍റെ പരസ്യമായിരുന്നു അതിൽ. വിജയിക്ക് ഒരുലക്ഷം രൂപയാണ് സമ്മാനം.

“ഒരു കിലോമീറ്റർ ദൈർഘ്യമുള്ള നീന്തൽ? അതത്ര ചെറിയ കാര്യമാണോ? കാര്യമായ പ്രാക്ടീസ് തന്നെ വേണ്ടിവരും.” ഞാൻ ഉപദേശിച്ചു.

“മോനേ… ടെൻഷനടിക്കേണ്ട. ദാ, ആ മുന്നിൽ കാണുന്ന സ്വിമ്മിംഗ് പൂളിൽ ഞങ്ങൾ പ്രാക്ടീസ് ചെയ്തു കൊള്ളാം.” അമ്മായിയമ്മ പറഞ്ഞു.

“അതിന് സ്വിമ്മിംഗ് പൂളിൽ വെള്ളം വേണ്ടേ?” ഭയമുണ്ടെങ്കിലും ചോദിക്കാതിരിക്കുന്നതെങ്ങനെ…

“പിന്നെ നീയെന്തിനാ…” ഒരു കൂസലും കൂടാതെ അമ്മായിയമ്മ മൊഴിഞ്ഞു.

“അതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും?” എന്‍റെ ശബ്ദമൊന്നിടറി.

“ഒന്ന് ഫോൺ കറക്കി ടാങ്കറിൽ അല്പം വെള്ളം കൊണ്ടു വന്ന് നിറയ്ക്കാൻ പറഞ്ഞാൽ പോരേ… നിനക്കും നീന്തലൊക്കെ പഠിച്ച് ഫിറ്റ ആവാമല്ലോ. നിന്‍റെ ഇപ്പോഴത്തെ?അവസ്‌ഥയൊന്നു നോക്കിക്കേ…”

അമ്മായിയമ്മ ക്യാപ്സൂൾ പരുവത്തിൽ ഓരോ ഉപദേശങ്ങൾ ലോഞ്ച് ചെയ്യാൻ തുടങ്ങി.

“ശരി…” ഞാൻ പതിയെ തലകുലുക്കി.

“ദേ…” ഭാര്യയുടെ വിളികേട്ട് ഞാനവളെ നോക്കി.

“പിന്നെ, സ്പോർട്സ് ബസാറിൽ നിന്നും സ്വിമ്മിംഗ് കോസ്റ്റ്യൂംസ് കൊണ്ടുവരാൻ മറക്കണ്ട.” ഭാര്യ ഓർമ്മിപ്പിച്ചു.

“ശരി” ഞാൻ തലകുലുക്കി.

“രണ്ടു ജോഡി കൊണ്ടുവരണം.”

“അതെന്തിനാ?”

“ഒന്നെനിക്കും, ഒന്ന് മമ്മിക്കും.”

“ഏ…” ഞാൻ ആശ്ചര്യത്തോടെ അമ്മായിയമ്മയെ നോക്കി. അമ്മായിയമ്മ ചെറിയൊരു ചമ്മലോടെ പറഞ്ഞു, “എങ്ങനെ വന്നാലും ഈ സമ്മാനം കൈവിട്ടു പോകരുതല്ലോ?”

“ഉവ്വ്…” ഞെട്ടൽ വിട്ടുമാറും മുമ്പ് മറ്റൊരു ഭൂകമ്പം.

“ദേ… നിങ്ങൾക്കുമൊന്നു വാങ്ങിക്കോ… നീന്തൽ പഠിക്കാമല്ലോ?”

“തീർച്ചയായും” വൺ, ടൂ, ത്രീ ഓർത്തപ്പോൾ അമ്മയുടെയും മകളുടെയും വാക്ക് തെറ്റിക്കാൻ തോന്നിയില്ല.

അടുത്ത ദിവസം തന്നെ ടാങ്കറിൽ വെള്ളമടിക്കാൻ ഓർഡർ നൽകി. അകത്ത് അരങ്ങേറുന്ന സർക്കസ് ആരും കാണാതിരിക്കാനായി സ്വിമ്മിംഗ് പൂളിനും ചുറ്റും വലിയൊരു മറയുണ്ടാക്കി.

ഒരു ഞായറാഴ്ച

“മോനേ, നീന്തൽ പഠിക്കാം.” അമ്മായിയമ്മ പറഞ്ഞു.

“എനിക്ക് നീന്താനറിയില്ല.” ഭയം കാരണം എന്‍റെ ശബ്ദം ശരിക്കും പുറത്തു വന്നില്ല.

“അതു സാരമില്ല. ഞങ്ങൾ രണ്ടുപേരും കൂടി നിന്നെ നീന്തൽ പഠിപ്പിക്കാം.”

ഈഗോ കാരണം ഞാൻ വേഗം ചെന്ന് നീന്തൽ വസ്ത്രമണിഞ്ഞ് വന്നു. ഭാര്യയും അവളുടെ മമ്മിയും നീന്തൽ തിയറി ക്ലാസ് ചർച്ചയിലായിരുന്നു. നീന്തൽ ളത്തിനരികിലുള്ള പടവിൽ കാൽ തെന്നി ധ്ടും… ശബ്ദത്തോടെ ഞാൻ താഴെ വീണു. അവർ കണ്ടു കാണില്ലെന്നു കരുതി മടങ്ങാനൊരുങ്ങവേ…

“ഏ… നീ ഇതെങ്ങോട്ടാ…”

“നീന്തലൊക്കെ പഠിച്ചിട്ട് വെള്ളത്തിലിറങ്ങാം.” ഞാൻ വിക്കി വിക്കി പറഞ്ഞു.

“പക്ഷേ വെള്ളത്തിലിറങ്ങാതെങ്ങനെയാ നീന്തൽ പഠിക്കുന്നത്?” മുള്ളുകൾ പോലെ ചോദ്യശരങ്ങൾ എന്നെ കുത്തി തുളയ്ക്കാൻ തുടങ്ങി.

“വേണ്ട, ഞാൻ ബാത്ത്റൂമിൽ പഠിച്ചോളാം…” ഞാനകത്തേക്കു നടന്നു.

മമ്മിയുടെയും മകളുടെയും പൊട്ടിച്ചിരി വ്യക്തമായി കേൾക്കാമായിരുന്നു.വൺ… ടൂ… ത്രീ… വേണ്ട. ഞാൻ ദേഷ്യം ഉള്ളിൽ കടിച്ചമർത്തി.

പത്തുപന്ത്രണ്ടു ദിവസം കടന്നു പോയി.

“നാളെയാണ് മത്സരം. ഓഫീസിൽ നേരത്തെ തന്നെ ലീവ് പറഞ്ഞോളൂ…”

“ശരി”

“നിങ്ങളുടെ സാമീപ്യം… അതെനിക്ക് കൂടുതൽ കരുത്തു പകരും.” ഭാര്യ പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.

ഞാൻ പിറ്റേന്ന് അവധിയെടുത്തു. ഇനി ഒരു ലക്ഷം രൂപയെങ്ങാനും സമ്മാനമടിച്ചാൽ പകുതി പണം കൊണ്ടു ഞാൻ കടം തീർക്കും. ബാക്കി എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഞാൻ തല പുകഞ്ഞു ചിന്തിക്കുവാൻ തുടങ്ങി.

ഞങ്ങൾ മത്സരവേദിയിലെത്തി. ഭാര്യ പേര് രജിസ്റ്റർ ചെയ്തു.

കണ്ണഞ്ചിക്കും വണ്ണം വലിയൊരു നീന്തൽ ഡാം തന്നെയായിരുന്നു അത്. ഒരറ്റം മുതൽ മറ്റേയറ്റം വരെ 3-4 കി.മീ. കുറവ് വരില്ല. കാണികളും പത്രക്കാരുമായി വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു.

ഭാര്യയ്ക്ക് ധൈര്യം നൽകുന്നതിനായി ഒരു വഞ്ചിയിൽ എനിക്ക് പിന്തുരരേണ്ടി വന്നു. സംഘാടകർ തന്നെ സഹായത്തിന് വഞ്ചിക്കാരനെ നൽകി. സ്വിമ്മിംഗ് കോസ്റ്റ്യൂമൊക്കെയിട്ട് ഭാര്യയും തയ്യാറായി നിന്നു. സ്റ്റാർട്ട് സൂചന കിട്ടിയതും ഭാര്യ വെള്ളത്തിലേക്കെടുത്തു ചാടി. പിന്നാലെ വഞ്ചിയിൽ ഞാനും. ഭയങ്കര ബഹളം. പെട്ടെന്ന് ആവേശം വന്ന പോലെ ഞാനും ഉറക്കെ ഓരോന്നു പറഞ്ഞ് അവളെ പ്രോത്സാഹിപ്പിക്കുവാൻ തുടങ്ങി. മറ്റ് മത്സരാർത്ഥികൾക്കും അവരുടെ പങ്കാളികൾ ധൈര്യം നൽകുന്നുണ്ടായിരുന്നു.

നീന്തി തളർന്ന ചിലർ വഞ്ചികളിൽ കയറാൻ തുടങ്ങിയിരുന്നു. മത്സരാർത്ഥികൾ കുറഞ്ഞു വരുന്നതു കണ്ട് എന്‍റെ സന്തോഷം ഇരട്ടിച്ചു. കൈകാലുകൾ ഇളക്കി ഞാൻ ഭാര്യയ്ക്ക് സകല പ്രോത്സാഹനവും നൽകിക്കൊണ്ടിരുന്നു.

പിന്നെയൊന്നും എനിക്ക് ഓർമ്മയില്ല. നടന്നതൊക്കെ സംഘാടകർ പറഞ്ഞാണ് ഞാനറിഞ്ഞത്.

“നിങ്ങൾ വീണതും, നിങ്ങളുടെ അമ്മായിയമ്മ സ്വന്തം ജീവനു പോലും വില നൽകാതെ വെള്ളത്തിലേക്കെടുത്തു ചാടി. വെള്ളത്തിൽ നിന്നു വലിച്ചെടുത്ത് വഞ്ചിയിലെത്തിച്ചു. അവരില്ലായിരുന്നെങ്കിൽ കാണാമായിരുന്നു.”

ഞാൻ അമ്മായിയമ്മയെ തുറിച്ചു നോക്കി. ഭാര്യയാകട്ടെ കൈയിൽ വിജയിക്കുള്ള ഷീൽഡുമായി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

Story: അരികിലുണ്ടൊരു താരകം

മെയിൽ ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നു നിഖിൽ. മൂത്ത സഹോദരൻ അഖിൽ ഏറെ നാളുകൾക്കു ശേഷം വിവാഹത്തിനു സമ്മതം മൂളിയതോടെ സൂന്ദരിയും സുശീലയും സദ്ഗുണസമ്പന്നയുമായ വധുവിനായുള്ള തിരച്ചിലിലായിരുന്നു അമ്മ ദേവികയും നിഖിലും. വിദ്യാഭ്യാസം, പ്രായം, കുടുംബമഹിമ എല്ലാം ഒത്തിണങ്ങിയ ഒരാളാവണം മരുമകളെന്ന് ദേവികയ്ക്ക് നിർബന്ധമുണ്ടായിരുന്നു.

അഖിൽ മുംബൈയിൽ നിന്നും ഐഐടി എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി ഐഐഎമ്മിൽ നിന്നും എംബിഎയും കരസ്ഥമാക്കിയിരുന്നു. പഠനം പൂർത്തിയാക്കിയ ഉടനെ തന്നെ പ്രശസ്തമായ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഒരു ലക്ഷം മാസവരുമാനമുള്ള ഒരു ഉദ്യോഗവും കിട്ടി.

ആകർഷകമായ വ്യക്തിത്വം. ഭവ്യമായ പെരുമാറ്റം, ഗൗരവം വിട്ടു മാറാത്ത മുഖഭാവം… ഒറ്റനോട്ടത്തിൽ തന്നെ അഖിലിനെ ആർക്കും ഇഷ്ടമാവും. നിഖിൽ ഇന്‍റർനെറ്റിലെ ഒരു മാട്രിമോണിയൽ ഏജൻസിയിൽ അഖിലിന്‍റെ പേരും രജിസ്റ്റർ ചെയ്‌തു. വിദ്യാസമ്പന്നരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും ധാരാളം വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു.

ഭാവി മരുമകളെക്കുറിച്ച് ദേവിക വലിയ സങ്കല്പങ്ങൾ വച്ചു പുലർത്തിയിരുന്നു. മരുമകളെക്കുറിച്ച് സുഹൃത്തുക്കളോടു പറയുമ്പോൾ ദേവികയ്ക്ക് നൂറു നാവായിരിക്കും. “എന്‍റെ മരുമകൾ അതീവ സൂന്ദരിയും സർവ്വഗുണസമ്പന്നയുമായിരിക്കും. എന്‍റെ മകനും ഒട്ടും മോശക്കാരനല്ലല്ലോ…” ദേവിക പറയും.

“ദേവികചേച്ചീ, കാലം മഹാമോശമാണ്. നോക്കിയും കണ്ടുമൊക്കെ മരുമകളെ സെലക്ട് ചെയ്‌താൽ മതി. വെറുതെ സൗന്ദര്യം കണ്ട് സമ്മതം മൂളല്ലേ! സ്വല്പമൊരു തൊലിവെളുപ്പുണ്ടെങ്കിൽ ഭൂലോകസുന്ദരിയെന്നാണ് ചിലരുടെയൊക്കെ ഭാവം. ഇത്തരക്കാർക്ക് മറ്റുള്ളവരെ ബഹുമാനിക്കാനോ നന്നായി പെരുമാറാനോ പോലുമറിയില്ല.” കൂട്ടുകാരികളിൽ ചിലർ ഏഷണി പറയും.

“നിങ്ങളാരും വിഷമിക്കേണ്ട, പത്തിൽ പത്തും പൊരുത്തമുള്ള പെൺകുട്ടിയെ കൊണ്ടേ അഖിലിനെ വിവാഹം കഴിപ്പിക്കൂ…

പിന്നെ സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒരു തരത്തിലുള്ള കോംപ്രമൈസിനും ഞാൻ തയ്യാറല്ല. ഇല്ലെങ്കിൽ നോക്കിക്കോ… ശരിക്കും ഒരു രാജകുമാരിയെ പോലെയിരിക്കും അവൾ.” പലപ്പോഴും കൂട്ടുകാരികളുടെ കുത്തിനോവിക്കുന്ന സംസാരത്തിനുള്ള മറുപടിയായി ദേവിക പറയും.

അപ്രതീക്ഷിതമായി ഇത്തരം കമന്‍റുകൾ കേൾക്കേണ്ടി വരുമ്പോൾ കൂട്ടുകാരി നിരുപമ ദേവികയുടെ ഭാഗം ന്യായീകരിച്ചു സംസാരിക്കും, “ദേവിക പറയുന്നതിലും കാര്യമില്ലാതില്ല. 75,000 രൂപയല്ലേ അഖിലിന്‍റെ മാസവരുമാനം. പോരാത്തതിനു സുന്ദരനും. സൽഗുണസമ്പന്നയായ ഒരു സുന്ദരി അവനു വേണ്ടി ഈ ഭൂമുഖത്ത് ജനിച്ചു കാണും. ദേവീ, നീ ഇതൊന്നും അത്ര കാര്യമാക്കിയെടുക്കേണ്ട. ഈ ലോകത്ത് നല്ല ആളുകളുമുണ്ട്. നിന്‍റെ നല്ല മനസ്സിന് അനിയോജ്യയായ നല്ലൊരു മരുമകളെത്തന്നെ നിനക്ക് കണ്ടെത്താനാകും.”

പിറ്റേന്ന് ഭർത്താവ് ചന്ദ്രശേഖറിനും മകൻ നിഖിലിനുമുള്ള ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ച ശേഷം ദേവിക സ്വസ്ഥമായി കമ്പ്യൂട്ടറിനു മുന്നിൽ വന്നിരുന്നു. നെറ്റിൽ മാട്രിമോണിയൽ കോളം ചെക്ക് ചെയ്യുന്നതിനിടയിൽ ദേവികയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.

“മോനേ, നിഖിൽ… വേഗം വാ… ദാ നോക്കിയേ… ഈ പെൺകുട്ടി എന്തുകൊണ്ടും നിന്‍റെ ചേട്ടന് അനുയോജ്യയായിരിക്കും. നല്ല ഐശ്വര്യമുള്ള മുഖം. ഐഐടി ചെന്നൈയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പാസായതാണ്. ഐഐഎം അഹമ്മദാബാദിൽ നിന്നും എംബിഎ പഠനവും പൂർത്തിയാക്കി ഒരു കമ്പനിയിലെ ജനറൽ മാനേജരും ലക്ചററുമാണ് പാരന്‍റ്സ്നല്ല കുടുംബ പശ്ചാത്തലം. എല്ലാം കൊണ്ടും നമ്മുടെ അഖിലിന് ചേരുമെന്ന് എന്‍റെ മനസ്സു പറയുന്നു. ഇനി ഈ പെൺകുട്ടിയുടെ സ്വഭാവം അഖിലുമായി ചേർന്നു പോകുമോ എന്നു മാത്രമേ അറിയാനുള്ളൂ…” ദേവിക ഒരു നെടുവീർപ്പോടെ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും മുഖമുയർത്തി.

തന്‍റെ ആറ് ആഴ്ചകളോളം കമ്പ്യൂട്ടറിൽ തിരഞ്ഞു കൊണ്ടിരുന്ന ഭാവി മരുമകളുടെ ഫോട്ടോ കാണാൻ ചന്ദ്രശേഖറിനും തിടുക്കമായി. “നീ പറഞ്ഞത് അക്ഷരം പ്രതി ശരിയാ. ഐശ്വര്യമുള്ള മുഖം. നമുക്ക് ഇന്നു തന്നെ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കാം. ഫാമിലി ബാക്ക്ഗ്രൗണ്ടും മറ്റു കാര്യങ്ങളും അറിയണമല്ലോ?”

“ങാ! നിങ്ങൾ പറയുന്നതിലും കാര്യമുണ്ട്. എല്ലാം ശരിയായി വരുന്നെങ്കിൽ പിന്നെ ഈ കുട്ടി തന്നെ മതി നമ്മുടെ അഖിലിന്. ഇളയച്ഛന്‍റെ മകൾ ആശയുടെ നാട്ടുകാരിയാണ് പെൺകുട്ടി. ഞാനുടനെ ആശയെ ഫോൺ വിളിച്ചറിയിക്കാം. വീടും, ചുറ്റുപാടുമൊക്കെ അന്വേഷിക്കണമല്ലോ?”

ദേവിക ഉടനെ ആശയെ ഫോൺ വിളിച്ച് വിവരം ധരിപ്പിച്ചു. പെൺകുട്ടിയുടെ പേരും, മേൽവിലാസവും മറ്റുവിവരങ്ങളും നൽകി.

മേഘ്ന ദാമോദരൻ എന്നാണ് പെൺകുട്ടിയുടെ പേര്. നല്ല സ്വഭാവം. പഠനക്കാലത്ത് പ്രണയമോ മറ്റു യാതൊരു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല.

ചന്ദ്രശേഖർ ഉടനെ തന്നെ ദാമോദരനെ വിളിച്ച് സംസാരിച്ചു. അടുത്ത ദിവസം ഒരു ത്രീസ്റ്റാർ ഹോട്ടലിൽ കൂടിക്കാഴ്ച നടത്താമെന്ന് അവർ തീരുമാനിച്ചു. കുട്ടിത്തം തുളുമ്പുന്ന മേഘ്നയുടെ മുഖം ഏവർക്കും ബോധിച്ചു. സ്വപ്നം കണ്ട കുട്ടിയെ നേരിൽ കാണുന്ന സന്തോഷമായിരുന്നു ദേവികയുടെ മുഖത്ത്. എന്തുവന്നാലും ഇവൾ തന്നെ തന്‍റെ മരുമകൾ. ദേവിക തീരുമാനിച്ചുറപ്പിച്ചു.

എന്നാൽ മേഘ്നയുമായി സംസാരിച്ചപ്പോൾ താൻ പ്രതീക്ഷിച്ച സന്തോഷവും സംതൃപ്തിയും അനുഭവപ്പെട്ടില്ല. ബുദ്ധിയും ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞു തുളുമ്പുന്ന വ്യക്‌തിത്വമാണ് മേഘ്നയുടേതെന്നും ജോലിയോടു തികഞ്ഞ ആത്മാർത്ഥതയുണ്ടെന്നും അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി. അഖിലിനോട് കരിയർ, ഔദ്യോഗിക കാര്യങ്ങൾ എന്നിവയെക്കുറിച്ചാണ് മേഘ്ന അധികവും സംസാരിച്ചതും. കഴിഞ്ഞ ആറ് മാസമായി താനൊരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്തു വരികയാണെന്നും തന്‍റെ ജോലിയിൽ തൃപ്തി തോന്നി കമ്പനി തനിക്ക് അടിക്കടി മൂന്നു പ്രമോഷൻ അനുവദിച്ചിവെന്നും ഉന്നത സ്ഥാനമാനങ്ങളെക്കുറിച്ചും മേഘ്ന അഭിമാനത്തോടെ സംസാരിച്ചു. അടുത്ത മാസം സ്പെഷ്യൽ ട്രെയിനിങ്ങിനായി കമ്പനി തന്നെ കാനഡയിലേക്ക് അയക്കുമെന്നും മേഘ്ന സൂചിപ്പിച്ചു.

അഖിലിന്‍റെ ഇഷ്ടാനിഷ്ടങ്ങൾ, ഹോബീസ്, കരിയർ, ജീവിതത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ… മേഘ്ന ഗൗരവത്തോടെ തന്നെ ചോദിച്ചു മനസ്സിലാക്കി. യാതൊരു മടിയും കൂടാതെ അഖിൽ തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു.

ഇരുവരുടേയും ചിന്താഗതി, അഭിരുചി, ഇഷ്ടാനിഷ്ടങ്ങൾ, ജീവിത സാഹചര്യങ്ങൾ എല്ലാം ഏറെ പൊരുത്തമുണ്ട്. മേഘ്നയുടെ ചുറുചുറുക്കും പെരുമാറ്റവും അഖിലിനും, അഖിലിന്‍റെ സ്മാർട്ട്നെസ് മേഘ്നയ്ക്കും ഇഷ്ടമായി.

സംസാരത്തിനിടയിൽ വിവാഹത്തിനു താൻ എതിരല്ലെന്നും രണ്ടുമൂന്നു വർഷത്തേക്ക് ജോലി രാജി വയ്ക്കാൻ തന്നെ നിർബന്ധിക്കരുതെന്നും മേഘ്ന അറിയിച്ചു. ഇക്കാര്യം വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം അഖിലിനായിരിക്കും. മേഘ്ന സൂചിപ്പിച്ചു.

“ജോലി രാജി വയ്ക്കില്ലെന്നോ… അപ്പോപ്പിന്നെ നിങ്ങൾ രണ്ടിടത്തായി താമസിക്കേണ്ടി വരില്ലേ. എന്നാൽ പിന്നെ വിവാഹം വേണ്ടിയിരുന്നില്ല. വേണ്ട, വേണ്ട നമുക്ക് ഈ വിവാഹാലോചന വേണ്ട. മേഘ്നയേക്കാൾ സുന്ദരികൾ ഈ ലോകത്തു വേറെയും കാണും.” നിരാശാഭാവം പുറത്തു കാട്ടാതെ ദേവിക പറഞ്ഞു.

“മമ്മീ, ഞാൻ മേഘ്നയെ മാത്രമേ വിവാഹം കഴിക്കൂ. എനിക്കവളുടെ നിബന്ധന സമ്മതവുമാണ്. ഇക്കാലത്ത് നല്ലൊരു ജോലി കിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. വെറും ആറ് മാസത്തിനുള്ളിൽ മൂന്ന് പ്രമോഷനല്ലേ മേഘ്നയ്ക്ക് തരപ്പെട്ടത്. ഈയൊരവസ്‌ഥയിൽ ജോലി വേണ്ടെന്നു വയ്ക്കുന്നതു മണ്ടത്തരമല്ലേ. എന്‍റെ മനസ്സിനിണങ്ങിയ… അല്ല, ഞാനാഗ്രഹിച്ച പെൺകുട്ടിയാണ് മേഘ്ന. അഭിപ്രായങ്ങൾ തുറന്നു പറയുന്ന സ്ട്രെയ്റ്റ് ഫോർവേഡായ പെൺകുട്ടി. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്നവളാണവൾ. ഇരുപത്തിയഞ്ചു വയസ്സേ ആയിട്ടുള്ളൂ. പത്തുലക്ഷം രൂപയാണ് വാർഷിക വരുമാനം. എനിക്ക് ഇരുപത്തിയെട്ടു വയസ്സായി. 7 ലക്ഷം രൂപയുടെ വാർഷിക പാക്കേജേ ലഭിക്കുന്നുള്ളൂ. ആറ് മാസത്തിനുള്ളിൽ വിദേശത്തു പോകാൻ അവസരം ലഭിക്കുന്നത് അത്ര നിസ്സാര കാര്യമാണോ? ഇന്നു തന്നെ ദാമോദർ അങ്കിളിനെ വിളിച്ച് എന്‍റെ സമ്മതം അറിയിക്കണം.”

“മോനേ, നീ പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്കറിയാം. പക്ഷേ 2-3 വർഷത്തേയ്ക്ക് ജോലി രാജി വയ്ക്കുന്നില്ലെന്നു മേഘ്ന പറഞ്ഞതോ? അതാണെനിക്ക് മനസ്സിലാവാത്തത്. അവൾ മുംബൈയിലും നീ ദില്ലിയിലും. ദില്ലിയിൽ തന്നെയുള്ള ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയിൽ അവൾക്കും ജോലിക്ക് ശ്രമിച്ചു കൂടേ? മിടുക്കിയായിതിനാൽ ആ കമ്പനിയിലും പ്രൊമോഷൻ പെട്ടെന്ന് ശരിപ്പെടുത്താനാവും. പക്ഷേ വേണ്ട. എന്തോ എനിക്ക് ഈ ബന്ധം ശരിയാവുമെന്നു തോന്നുന്നില്ല. മോനേ, വിവാഹത്തിനു ശേഷം വേവ്വേറെ സ്‌ഥലങ്ങളിൽ താമസിക്കുക. കഷ്ടം തന്നെ… അല്ല, ഇങ്ങനെ മാറിത്താമസിക്കാനായിരുന്നുവെങ്കിൽ വിവാഹം കഴിക്കേണ്ട കാര്യമില്ലായിരുന്നല്ലോ? വേണ്ട… വേണ്ട… അറിഞ്ഞു കൊണ്ട് നീ ഒരു പൊല്ലാപ്പും തലയിലേറ്റി വയ്ക്കണ്ട. കല്യാണത്തിനു മുമ്പ് തന്നെ വിചിത്രമായി നിബന്ധനകൾ… അപ്പോൾ കല്യാണം കഴിഞ്ഞാൽ നിന്നെ വരച്ച വരയിൽ നിർത്തിലെന്ന് എന്താ ഉറപ്പ്…” ദേവിക പിറുപിറുത്തു.

“മമ്മീ, എനിക്ക് മേഘ്നയെ ഇഷ്ടമാണ്. മേഘ്ന ഇന്നലെ ഒരുപാടു കാര്യങ്ങൾ എന്നോടു തുറന്നു പറഞ്ഞിരുന്നു. ആരേയും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ക്യാരക്റ്ററല്ല എന്‍റേതെന്ന് മമ്മിക്ക് അറിയാമല്ലോ? മമ്മീ പ്ലീസ്, ഇക്കാര്യത്തിൽ തടസ്സം നിൽക്കരുത്. നീരസം കലർന്ന സ്വരത്തിൽ അഖിൽ പറഞ്ഞു.

“ആഹാ! ഇതപ്പോ നീയാണോ അവനാണോ കല്യാണം കഴിക്കാൻ പോകുന്നത്? അവന് ഇഷ്ടമാണെങ്കിൽ പിന്നെ നീ എന്തിനാ എതിർക്കുന്നത്? മോനേ, നീ വിഷമിക്കണ്ട. മിസ്‌റ്റർ ദാമോദരന്‍റെ ഫോണിലേക്ക് വിളിച്ച് ഞാൻ തന്നെ പറയാം.” ചന്ദ്രശേഖർ മകനെ ആശ്വസിപ്പിച്ചു.

ചെറിയൊരു അനിഷ്ടത്തോടെയാണെങ്കിലും ദേവികയ്ക്ക് അവരുടെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നു. തൊട്ടടുത്ത മാസം തന്നെ വിവാഹം കെങ്കേമമായി നടന്നു. തങ്ങളുടെ മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താനായ സന്തോഷത്തിലായിരുന്നു അഖിലും മേഘ്നയും. ഹണിമൂൺ കാലം മഞ്ഞു മൂടിയ മനോഹരമായ കാശ്മീർ താഴ്വരകളിൽ ചെലവഴിച്ചാണ് അവർ മടങ്ങിയത്.

“അറേഞ്ച്ഡ് മാര്യേജിന് എതിരായിരുന്നു ഞാൻ. പരിചയമുള്ള ആളെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നതായിരുന്നു ആഗ്രഹം. ലൗ മാര്യേജിനോടായിരുന്നു താല്പര്യം. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…” മേഘ്ന ഈ പ്രണയഗാനമാലപിച്ചപ്പോൾ അഖിൽ മറുപടി ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി.

ഹണിമൂണിനു ശേഷം ഇരുവീടുകളിലും ഓരോ ആഴ്ച ചെലവഴിച്ചു. ഇരുവരും വിവാഹാവശ്യത്തിനായി ഒരു മാസത്തോളം ലീവ് എടുത്തിരുന്നു. കണ്ണടച്ചു തുറക്കും വേഗത്തിൽ ഒരു മാസം കടന്നു പോയി. പിറ്റേന്നു മേഘ്നയ്ക്ക് മുംബൈയിലേക്കും അഖിലിന് ദില്ലിയിലേക്കും മടങ്ങേണ്ടിയിരുന്നു.

അത്താഴത്തിന് ശേഷം മേഘ്ന അഖിലിന് അരികിൽ വന്നിരുന്നു. പിറ്റേന്ന് പിരിയേണ്ടി വരുമല്ലോ എന്ന ചിന്ത ഇരുവരിലും വല്ലാത്ത ഒരു മനോവ്യഥയുളവാക്കി. എയർപോർട്ടിൽ എത്തിയപ്പോഴേക്കും മേഘ്നയുടെ കണ്ണു നിറഞ്ഞു തുളുമ്പാൻ തുടങ്ങി. “മേഘ്ന… ഇനി മുംബൈയ്ക്ക് പോകേണ്ട.” അഖിൽ ഒരു തവണയെങ്കിലും തന്നെ സ്നേഹത്തോടെ മടക്കി വിളിച്ചിരുന്നെങ്കിലെന്ന് കൊതിക്കുകയായിരുന്നു അവൾ.

മുംബൈയിൽ എത്തിയിട്ടും അമൂല്യമായതെന്തോ തനിക്കു നഷ്ടപ്പെട്ടുവെന്നതു പോലെ മേഘ്നയുടെ മനസ്സിന് കനം കൂടി. ഓഫീസ് തിരക്കുകൾ കഴിഞ്ഞ് ഫ്ളാറ്റിലെത്തിയാൽ ഇരുവരും മണിക്കൂറുകളോളം ഫോണിനു മുന്നിലായിരിക്കും. ഏറെ സെൻസിറ്റീവ് സ്വഭാവമായിരുന്നു ഇരുവരുടേതും. ഈയൊരു അകൽച്ച അവർക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

സമയം ആർക്കും വേണ്ടി കാത്തുനിൽക്കാറില്ല. സമയത്തിന് അതിന്‍റേതായ ഒരു ഗതിയുണ്ട്. ഒരൊഴുക്കുണ്ട്. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നു പോയത്. ഇക്കാലയളവിനിടയിൽ ഒപ്പം ചെലവഴിച്ചത് ചുരുക്കം ദിവസങ്ങൾ മാത്രം. ഇതിനിടയിൽ ജോലി രാജിവച്ച് ദില്ലിയിലേക്കു വരാൻ അഖിൽ ഒരിക്കൽ പോലും മേഘ്നയോട് ആവശ്യപ്പെട്ടുമില്ല. ഇപ്രകാരം ചെയ്താൽ താൻ വാക്കു പാലിക്കാത്തവനാണെന്ന് മേഘ്ന കരുതില്ലേ എന്ന പരിഭവമായിരുന്നു അഖിലിന്.

വിരഹത്തിന്‍റെ നാളുകൾ തള്ളി നീക്കുകയായിരുന്നു ഇരുവരും. മേഘ്നയ്ക്കും ജീവിതം വിരസമായി തോന്നിത്തുടങ്ങിയിരുന്നു. മുംബൈയിലെ ഫ്ളാറ്റിലെ തനിച്ചുള്ള ജീവിതം അവളിൽ മടുപ്പ് ഉളവാക്കി. ജോലി… ഉത്തരവാദിത്തങ്ങൾ… മേഘ്ന ആകെ തളർന്നു പോയി.

നാൾ കടന്നു പോകുന്തോറും മേഘ്നയിലെ മുറുമുറുപ്പും പരിഭവവും ഏറി വന്നു. പലപ്പോഴും ഓഫീസിലെ കീഴ്ജീവനക്കാരെ അകാരണമായി ശകാരിക്കാൻ തുടങ്ങി. ചുരുങ്ങിയ നാളുകൾക്കുള്ളിൽ അഖിലിനോടു തോന്നിയ വൈകാരിക അടുപ്പം ജീവിതം യന്ത്രതുല്യമെന്നു തോന്നിച്ചു. ജോലിയോടു തോന്നിയ ഇഷ്ടവും താല്പര്യവും നാൾക്കുനാൾ കുറഞ്ഞു വന്നു. ഓഫീസ് ജോലിയും ഉത്തരവാദിത്തങ്ങളും വലിയൊരു ഭാരമായി അവൾക്കു തോന്നിത്തുടങ്ങി.

ഓഫീസിൽ സീനിയർ പോസ്റ്റിലെ രഞ്ജനയുമായി നല്ല സൗഹൃദത്തിലായിരുന്നു മേഘ്ന. പലപ്പോഴും തന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ, കുടുംബപ്രശ്നങ്ങൾ, വിഷമതകൾ ഒക്കെ രഞ്ജനയുമായി പങ്കുവയ്ക്കുമായിരുന്നു. ഒരു ദിവസം മേഘ്ന സഹപ്രവർത്തകയോട് ഉച്ചത്തിൽ സംസാരിക്കുന്നത് കണ്ടാണ് രഞ്ജന ഓഫീസിലെത്തിയത്. മേഘ്നയുടെ വിചിത്രമായ പെരുമാറ്റത്തിന് പിന്നിലുള്ള കാരണം രഞ്ജനയ്ക്ക് മനസ്സിലായി.

പിറ്റേ ആഴ്ചയായിരുന്നു മേഘ്നയുടേയും അഖിലിന്‍റേയും വിവാഹ വാർഷികം. ഒരു വർഷക്കാലയളവിനിടയിൽ മേഘ്നയെ കാണാൻ അഖിൽ ഒന്നോ രണ്ടോ തവണ മുംബൈയിൽ എത്തിയിരുന്നു. മേഘ്ന തനിച്ച് ദില്ലിയാത്ര ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ ഔദ്യോഗിക തിരക്കുകൾ കാരണം തനിക്ക് അടുത്ത ആഴ്ച മുംബൈയിൽ എത്താൻ സാധിക്കില്ലെന്ന് നീരസത്തോടെ അഖിൽ അറിയിച്ചു. “മേഘ്നാ… വിവാഹവാർഷികത്തിന് മുംബൈയിലേക്കു വരാൻ സാധിക്കില്ല. നീ ഇത്തവണ ദില്ലിയിലേക്ക് വരാമോ?”

“ആഹ്… തീർച്ചയായും… ഞാൻ ഈയിടെയായി വല്ലാതെ അസ്വസ്ഥയാവുന്നുണ്ട്, ദേഷ്യപ്പെടുന്നു എന്നൊക്കെ രഞ്ജന മാഡം എന്നോടു പറഞ്ഞിരുന്നു. അല്ലെങ്കിൽ തന്നെ അവധിയെടുത്ത് കുറച്ചു ദിവസം അങ്ങോട്ടു വരാനിരിക്കുവായിരുന്നു. ഞാൻ ഇന്നു തന്നെ ലീവ് ആപ്ലിക്കേഷൻ കൊടുക്കാൻ പോകുവാ…” മേഘ്നയ്ക്ക് സന്തോഷമടക്കാനായില്ല.

“അല്ല, ഈ ചരിത്ര സംഭവം എങ്ങനെ ആഘോഷിക്കാനാ ഉദ്ദേശിക്കുന്നത്? ഒരു അടിപൊളി പാർട്ടി… അതോ എന്നെയും സഹിച്ച്…” അഖിൽ തമാശ സ്വരത്തിൽ പറഞ്ഞു.

“വേണ്ട അഖിൽ… പാർട്ടിയും ബഹളവുമൊന്നും വേണ്ട. ഞാനും നിങ്ങളും മാത്രം… ദില്ലിയിലുള്ള ഏതെങ്കിലും ഒരു നല്ല ഹോട്ടലിൽ… നമ്മളും നമ്മുടെ ആ പഴയ നാളുകളും ഓർമ്മകളും മാത്രം മതി…” മേഘ്ന പ്രണയാതുരയായി.

“പഴയ ഓർമ്മകളോ… അതിന് ഓർക്കാനും മാത്രമുള്ള റിലേഷനായിരുന്നോ നമ്മുടേത്. നീ മുംബൈയിലും ഞാൻ ദില്ലിയിലും.” അഖിൽ പറഞ്ഞതിന്‍റെ പൊരുൾ മേഘ്നയ്ക്ക് മനസ്സിലായി. കരിയറിന്‍റെ വളർച്ചയിൽ രണ്ടുപേരും സന്തുഷ്ടരായിരുന്നുവെങ്കിൽ വ്യക്‌തിപരമായി ഇരുവരും അസംതൃപ്തരായിരുന്നു. ജീവിതം ഞാണിന്മേൽ കളി പോലെ തോന്നി മേഘ്നയ്ക്ക്. പക്ഷേ ഈ ഒരവസ്ഥയിൽ ജോലി രാജിവച്ച് അഖിലിനോടൊപ്പം ദില്ലിയിലേക്ക് പോവുകയേ നിവൃത്തിയുള്ള. ഇത്രയും കനത്ത ശബളം ഒരുപക്ഷേ ദില്ലിയിൽ കിട്ടിയെന്നു വരില്ല. ഒരു തീരുമാനത്തിലെത്താനാകാതെ മേഘ്ന അസ്വസ്ഥയായി.

ഈ പ്രശ്നത്തിന് ഒരു ഉത്തരം കണ്ടെത്താൻ ഒരുപക്ഷേ രഞ്ജനയ്ക്ക് സാധിച്ചേക്കും. മേഘ്ന രഞ്ജനയുടെ വീട്ടിലേക്ക് തിരിച്ചു. അപ്രതീക്ഷിതമായി മേഘ്നയെ കണ്ട് രഞ്ജനയ്ക്ക് ആശ്ചര്യം തോന്നി. “ആഹ്! മേഘ്ന… വാ… ഞാനിപ്പോൾ നിന്നെക്കുറിച്ച് ആലോചിച്ചേയുള്ളൂ. പറയൂ… സുഖമാണോ? മുംബൈയിലെ ലൈഫ് മടുത്തോ?”

“രഞ്ജന മാഡം… ഞാനാകെ കൺഫ്യൂസ്ഡ് ആണ്. ഞാനിവിടേയും അഖിൽ അവിടേയും… ശരിയാവുന്നില്ല. ഓഫീസിൽ ഒരു ജോലിയും ആത്മാർത്ഥതയോടെ ചെയ്യാൻ പറ്റുന്നില്ല. അഖിലിൽ നിന്നും ഞാൻ മാറി തമാസിക്കുന്നത് നീതിയുക്തമാണോ? ഇത്രയും അധികം ശമ്പളം ഒരുപക്ഷേ എനിക്ക് ദില്ലിയിൽ കിട്ടിയെന്നു വരുമോ?” മേഘ്ന ചിന്താമഗ്നയായി.

“മേഘ്ന പറയുന്നതിലും കാര്യമുണ്ട്. ഇത്രയും ശമ്പളം ഒരുപക്ഷേ ലഭിച്ചുവെന്ന് വരില്ല. പക്ഷെ… പണം കൊണ്ടുമാത്രം സന്തോഷവും ആത്മസംതൃപ്തിയും കിട്ടിയെന്നു വരില്ല.”

“എന്‍റെ അഭിപ്രായം ഞാൻ തുറന്നു പറയാം. ആത്മസമർപ്പണവും ക്ഷമയുമാണ് ദാമ്പത്യത്തെ സുദൃഢമാക്കുക. മിടുക്കനും വിവേകശാലിയും സ്നേഹസമ്പന്നനുമായ ഭർത്താവാണ് അഖിൽ എന്ന് മേഘ്ന തന്നെ പറഞ്ഞിട്ടുണ്ടല്ലോ? മേഘ്നയുടെ ഇഷ്ടാനിഷ്ടങ്ങൾ നന്നായി അറിയുമെന്നതിനാലാണ് ജോലി രാജിവയ്ക്കാൻ നിന്നെ നിർബന്ധിക്കാത്തതും. പക്ഷേ ഈ ജീവിതത്തിൽ നിങ്ങൾ ഇരുവരും അസന്തുഷ്ടരാണ്. ദില്ലിയിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് ഒരു കുറവുമില്ല. ഒരുപക്ഷേ, ശമ്പളത്തിൽ 10-20 ലക്ഷം രൂപ കുറഞ്ഞേക്കാം. പക്ഷേ, ഒന്നിച്ചു ജീവിക്കാൻ സാധിക്കുമല്ലോ? നിങ്ങൾ ഇങ്ങനെ വെവ്വേറെ ഇടങ്ങളിൽ താമസിക്കുന്നതു കൊണ്ടാണ് ഓഫീസ് ജോലികളിൽ ശരിക്കും ശ്രദ്ധിക്കാൻ പറ്റാത്തത്. ജോലിയിലും സാറ്റിസ്ഫൈഡ് അല്ലെങ്കിൽ പിന്നെ…”

“രഞ്ജന മാഡം, ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. ഇത്രയും നേരം മനസ്സിൽ തീ പോലെ എരിഞ്ഞിരുന്ന പ്രശ്നങ്ങൾക്ക് ഉത്തരം കിട്ടിയല്ലോ? ഒരു മാസത്തെ നോട്ടീസ് നൽകി ഞാനുടനെ രാജിക്കത്ത് സമർപ്പിക്കുന്നുണ്ട്. വിവാഹവാർഷികത്തിന് എന്‍റെ രാജിക്കത്താണ് ഞാൻ അഖിലിന് സമ്മാനമായി നൽകാൻ പോകുന്നത്.

“ഗുഡ്… വെരിഗുഡ് മേഘ്നാ. നീ ബുദ്ധിശാലിയാണ്. നിനക്ക് നല്ല വിവേകവുമുണ്ട്. നീ എത്ര പെട്ടെന്നാണ് യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ട് തീരുമാനമെടുത്തത്. ഭാവിയിലും പക്വമായ തീരുമാനമെടുക്കാൻ മേഘ്നയ്ക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” രഞ്ജന ഉപദേശിച്ചു.

രണ്ട് ദിവസത്തിനു ശേഷമായിരുന്നു അവരുടെ വിവാഹ വാർഷികം മേഘ്ന രാജിക്കത്ത് എഴുതി വച്ചു. ഇത്രയും നല്ലൊരു ജോലി വേണ്ടെന്നു വയ്ക്കുന്നത് ഉചിതമാണോ? മേഘ്നയുടെ മനസ്സിൽ സംഘർഷങ്ങൾ മുള പൊട്ടാൻ തുടങ്ങി. എന്നാൽ രാജിക്കത്ത് എഴുതിയ ശേഷം അവൾക്ക് വല്ലാത്തൊരു ആശ്വാസം അനുഭവപ്പെട്ടു. ഇനി എനിക്ക് അഖിലിനൊപ്പം താമസിക്കാമല്ലോ… മേഘ്ന ഹർഷപുളകിതയായി.

അഖിൽ ദില്ലി എയർപോർട്ടിൽ മേഘ്നയെ റിസീവ് ചെയ്യാൻ എത്തിയിരുന്നു. അഖിലിനെ കണ്ടപ്പോൾ മേഘ്നയുടെ സന്തോഷത്തിനതിരില്ലായിരുന്നു. തന്‍റെ തീരുമാനം ഉചിതമായെന്നവൾക്കു തോന്നി.

വിവാഹ വാർഷിക ദിവസം അഖിലിന്‍റെ കരങ്ങളിൽ ഒതുങ്ങി നിന്ന മേഘ്ന അയാളുടെ കണ്ണുകളിലേക്ക് പ്രണയപരവശയായി നോക്കി.

“അഖിൽ, ഈ വിവാഹ വാർഷികത്തിന് ഞാൻ അഖിലിന് അവിസ്മരണീയമായ സമ്മാനം നൽകാൻ പോവുകയാണ്. അഖിലിന് സന്തോഷമാവും എന്ന് എനിക്കുറപ്പുണ്ട്.” മേഘ്ന കൈ വിടുവിക്കുവാൻ ശ്രമിച്ചുവെങ്കിലും അഖിൽ മേഘ്നയെ തന്നോടു ചേർത്തു പിടിച്ചു.

“വേണ്ട, വേണ്ട… നീ ഇന്നു മുഴുവനും എന്നോട് ഇങ്ങനെ ചേർന്നു നിന്നാൽ മതി. സമ്മാനമൊക്കെ പിന്നെ തന്നാൽ മതി. അത്രയ്ക്ക് നിർബന്ധമാണെങ്കിൽ എന്താണെന്ന് പറയ്… പിന്നെ ഞാനുമൊരു ഗിഫ്റ്റ് തരുന്നുണ്ട്. അതു കാണുമ്പോൾ നീ സന്തോഷം കൊണ്ട് തുള്ളിച്ചാടും. പക്ഷേ അലമാരയിലാണ് വച്ചിരിക്കുന്നത്. ഒരു മിനിറ്റ്…” അഖിൽ എഴുന്നേറ്റു.

“വേണ്ട, വേണ്ട… സ്വന്തം കാര്യം വന്നപ്പോൾ എന്തൊരു ഉത്സാഹമാ.” മേഘ്ന അഖിലിനെ മുറുകെ പിടിച്ചു. “പരസ്പരം നൽകാൻ പോകുന്ന ഉപഹാരങ്ങൾ എന്തൊക്കെയാണെന്ന് ചെവിയിൽ മന്ത്രിക്കാം.”

“സമ്മതിച്ചു…” അഖിൽ സ്നേഹത്തോടെ മേഘ്നയുടെ കണ്ണുകളിലേക്ക് നോക്കി.“ആദ്യം നീ തന്നെ സർപ്രൈസ് ഗിഫ്റ്റ് എന്താണെന്നു പറയൂ.” അഖിൽ പറഞ്ഞു.

“എന്നാൽ കേട്ടോളൂ… ഞാൻ ജോലി രാജി വയ്ക്കാൻ തീരുമാനിച്ചു. അഖിലിൽ നിന്നകന്നൊരു ജീവിതം എനിക്കിനി ചിന്തിക്കാനാവില്ല.” മേഘ്നയുടെ ശബ്ദമിടറി.

“ഏ…? ജോലി രാജി വെച്ചെന്നോ… വേണ്ട… വേണ്ട… നീ ഈ ജോലി രാജിവയ്ക്കണ്ട. നിനക്ക് ഈ ജോലി എത്രത്തോളം പ്രധാനമാണെന്ന് എനിക്കറിയാം. ഞാൻ മുംബൈയിലേക്ക് ട്രാൻസ്ഫർ ശരിയാക്കിയിട്ടുണ്ട്. ഞാൻ ആലോചിച്ചിട്ട് ഈ ഒരൊറ്റ പോംവഴിയേയുള്ളൂ…” അഖിലിന്‍റെ മുഖത്ത് ഒരു കള്ളച്ചിരി നിറഞ്ഞു. ട്രാൻസ്ഫർ ശരിയാക്കിയിട്ടുണ്ടെന്നു കേട്ട് മേഘ്ന സന്തോഷം കൊണ്ട് തുള്ളിച്ചാടി.

“സത്യമാണോ? അപ്പോ എനിക്ക് ഈ ജോലി രാജി വയ്ക്കേണ്ടി വരില്ലേ… യു ആർ റിയലി ഗ്രേറ്റ് അഖിൽ… ഈ ജോലി എന്നും എന്‍റെ സ്വപ്നമായിരുന്നു. പക്ഷേ അഖിലിനോടൊപ്പം താമസിക്കാനായി ഞാൻ പ്രിയ ജോലി പോലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഐ ലൗ യു അഖിൽ… ഐ റിയലി…” ഈ ഒരു അസുലഭ നിമിഷത്തിൽ മേഘ്ന തന്നെത്തന്നെ മറന്നു.

മറൈൻഡ്രൈവിലെ കാറ്റ്- അവസാന ഭാഗം

“അരുൺ എവിടെയാണെന്ന് തിരക്കാൻ നീ പിന്നീട് കൂട്ടാക്കിയില്ലല്ലോ നന്ദനാ…”

സുമതിയാന്‍റി അൽപം പരിഭവത്തോടെ പറഞ്ഞപ്പോൾ നന്ദന അകലേക്ക് നോക്കിയിരുന്നു. ആ സമയം നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. സുമതിയമ്മ സാരിത്തലപ്പ് തലയിലൂടെ ചുറ്റി മെല്ലെ എഴുന്നേറ്റു.

“നമുക്ക് പോയാലോ… അവരുടെ പർച്ചേസിംഗ് കഴിഞ്ഞുകാണും.”

അതൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലായിരുന്നില്ല നന്ദന. നിശ്ചേതനമായ ആ ഇരുപ്പ് കണ്ടപ്പോൾ സുമതിയമ്മയ്ക്ക് വിഷമം തോന്നി. അവർ അവൾക്കു സമീപം ചേർന്നിരുന്നു.

“മോളേ ഞാൻ കുറ്റപ്പെടുത്തിയതല്ല. നിന്‍റെ പ്രയാസം എനിക്ക് മനസ്സിലാവുന്നുണ്ട്. എങ്കിലും അരുൺ എത്രമാത്രം ദുഖിച്ചുകാണുമെന്ന് നീയും അറിയണം.” അവർ തുടർന്നു.

“നിന്‍റെയടുത്ത് ഇല്ലെങ്കിലും ഓരോ നിമിഷവും അവൻ നിന്നോടു കൂടെയുണ്ടായിരുന്നു. ജയ്പൂർ ഉപേക്ഷിച്ച് നീ കൊച്ചിക്കു വന്ന ശേഷം അരുൺ നിന്‍റെ വീട്ടിൽ ചെന്നിരുന്നു. ഒരു മകനെപ്പോലെ അവർക്കു വേണ്ട സഹായങ്ങളും ചെയ്തു കൊണ്ടിരുന്നു. ഇപ്പോഴും അതേ, നിന്നോട് ഇതൊക്കെ പറയാൻ അമ്മ ശ്രമിച്ചുവെങ്കിലും അരുണിന്‍റെ പേര് കേൾക്കുന്നതു തന്നെ നിനക്ക് വെറുപ്പായിരുന്നില്ലേ…”

സുമതിയമ്മ അൽപനേരം നിശബ്ദയായി. അപ്പോൾ അവരുടെ മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ നന്ദനയ്ക്ക് കഴിഞ്ഞില്ല. സന്ധ്യ ഇരുട്ടിന് വഴിമാറിക്കൊണ്ടിരിക്കുമ്പോൾ മറൈൻഡ്രൈവിൽ ആരുടേയും മുഖം വ്യക്തമായി കാണാനാകുമായിരുന്നില്ല. അടുത്തു തന്നെയുള്ള മരച്ചുവട്ടിലിരുന്ന കമിതാക്കൾ ഒന്നുകൂടി ചേർന്നിരുന്നു.

“നിന്‍റെ അമ്മയിൽ നിന്നാണ് നന്ദന ഞങ്ങൾക്കൊപ്പമുണ്ടെന്ന് അവനറിഞ്ഞത്. സത്യം പറഞ്ഞാൽ അത് അവന് വലിയ ആശ്വാസമായിരുന്നു. നീ ഇപ്പോൾ ഒന്നും അറിയണ്ട എന്ന് അവൻ തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. മോൾക്കോർമ്മയില്ലേ നിന്‍റെ പിറന്നാളിന് ഞാൻ വെളുത്ത പൂക്കൾ സമ്മാനിച്ചത്… അത് അവൻ തന്നയച്ചതായിരുന്നു..”

നന്ദന ഞെട്ടിപ്പോയി. അപ്പോൾ അരുൺ അന്നും ഇന്നും തന്നെ സ്നേഹിക്കുന്നുണ്ട്…

പ്രഥമപ്രേമം ഒരു തപസ്യപോലെ കൊണ്ടു നടക്കുകയായിരുന്നല്ലോ താൻ. അരുണിന്‍റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയാതെ. പക്ഷേ അരുണും തന്നെ അത്രയും തീവ്രമായി തന്നെ സ്നേഹിക്കുന്നുണ്ട്, ഇപ്പോഴും… നന്ദനയുടെ ഹൃദയം സന്തോഷവും സന്താപവും കൊണ്ട് ആർദ്രമായി.

“ആന്‍റീ… അരുണിനെന്നെ വിളിക്കാമായിരുന്നല്ലോ. എന്നിട്ടും….”

അവൾ ഇതു പറഞ്ഞപ്പോൾ സമതിയമ്മ നന്ദനയുടെ കൈകൾ ചേർത്തു പിടിച്ചു. “മോളേ, ഇടയ്ക്ക് അവൻ കൊച്ചിയിൽ വരാറുണ്ടായിരുന്നു. ദൂരെ മാറി നിന്ന് കണ്ടിട്ടു പോകും. ഇടയ്ക്ക് വീട്ടിലേക്കു ഫോൺ വിളിക്കും, നിന്‍റെ ശബ്ദം കേൾക്കാൻ മാത്രം.”

അവൾക്ക് അരുണിനെ ഉടൻ കാണണമെന്ന് തോന്നി. പക്ഷേ എങ്ങനെ അഭിമുഖീകരിക്കും? നന്ദന മെല്ലെ എഴുന്നേറ്റു. സുമതിയാന്‍റിയുടെ തോളിൽ പിടിച്ച് വാക്‌വേയിലൂടെ നടക്കുമ്പോൾ ഹൃദയത്തിൽ നിന്ന് ഒരു ഭാരം പറന്നുപോകുന്നുത് അവളറിഞ്ഞു…

ഷോപ്പിംഗ് കഴിഞ്ഞ് കുറേ ബാഗുകളുമായി അരുണും രഞ്ജിത്തും മടങ്ങി വന്നു.

“നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം?” രഞ്ജിത് പറഞ്ഞപ്പോൾ സുമതിയാന്‍റിയും ശരിവച്ചു.

“അതുശരിയാ… ഇന്ന് എന്‍റെ മോൻ വന്ന ദിവസമല്ലേ…. ആഘോഷിക്കാതെങ്ങനെ?”

ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അരുൺ നന്ദനയെ നോക്കി പുഞ്ചിരിച്ചു. അവളുടെ ഭാവമാറ്റം അവൻ മനസ്സിലാക്കിയിരുന്നു. ആന്‍റി പറഞ്ഞിട്ടുണ്ടാവും കാര്യങ്ങൾ. ആ കൺകോണുകളിലെ തിളക്കം കണ്ണുനീരിന്‍റെയോ സന്തോഷത്തിന്‍റെയോ..? എന്തായാലും വെറുപ്പിന്‍റെയും അവജ്ഞയുടെയും സൂചനകൾ ആ മുഖത്തില്ല.

കാറിൽ വീട്ടിലേക്കു മടങ്ങുമ്പോൾ അരുൺ നന്ദനയുടെ സമീപമാണിരുന്നത്. ഇരുട്ടിൽ ആരും കാണാതെ അവൻ അവളുടെ കൈവിരലുകളിൽ കൈകോർത്തു. അവൾ കൈ പിൻവലിച്ചില്ല. ഊറിവന്ന കണ്ണീർ ആരും കാണാതെ അവൾ ഒപ്പിക്കളഞ്ഞു.

രഞ്ജിത് യുഎസിലായിരുന്നപ്പോൾ സുമതിയാന്‍റിക്കും ശേഖരൻ മാഷിനും വേണ്ടി ഒരു മകന്‍റെ സ്ഥാനത്തു നിന്ന് വേണ്ടതെല്ലാം ചെയ്തത് അരുൺ ആണ്.

“ജോലി സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടു പോകണമെന്ന് അരുണിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇവിടം വിട്ട് എങ്ങോട്ടും പോവാൻ ഈ പഴയ മനസ്സുകൾക്ക് കഴിയുമായിരുന്നില്ല കുട്ടീ…” ഒരിക്കൽ ശേഖരൻ മാഷ് പറഞ്ഞതോർത്തു. തന്‍റെ എല്ലാമായിരുന്ന അരുണിനെക്കുറിച്ചാണ് അവർ പറയുന്നതെന്ന് അന്ന് തനിക്കറിയില്ലായിരുന്നു.

വീട്ടിലെത്തിയപ്പോൾ സുമതിയാന്‍റി അരുണിനുള്ള കിടപ്പുമുറിയൊക്കെ ശരിയാക്കിയ ശേഷം നന്ദനയുടെ അടുത്തേക്ക് എത്തി. വീണ്ടും അരുണിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.

“മോളേ, നീ ഞങ്ങളുടെ കൂടെയുണ്ടെന്നറിഞ്ഞപ്പോൾ അവനെന്താശ്വാസമായി എന്നോ? രണ്ടു മാസത്തിലൊരിക്കൽ അവൻ ഇവിടെ വരുമായിരുന്നു. കഴിഞ്ഞ നാലുവർഷം അതിനവൻ ശ്രമിച്ചില്ല. കാരണം മോൾക്കറിയാമല്ലോ… നീ ഇവിടുള്ളതുകൊണ്ട് അവന് വരാൻ ഭയമായിരുന്നു.”

ഈ സമയം ശേഖരൻ മാഷും രഞ്ജിത്തും നന്ദനയുടെ മുറിയിലേക്കു വന്നു.

“മോളേ, അരുണിനെക്കുറിച്ചുള്ള തെറ്റിധാരണകൾ മാറിയില്ലേ…” ശേഖരൻ മാഷ് സ്നേഹപൂർവ്വം തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.

“നന്ദനേച്ചീ, എന്‍റെ ഏട്ടൻ പാവമാണ്. അദ്ദേഹം ഇത്രയും കാലം എല്ലാം നിശ്ശബ്ദം സഹിച്ചു. ചേച്ചിയും. ഇനി എല്ലാം അവസാനിപ്പിക്കാൻ സമയമായി.”

നന്ദന എന്തു പറയണമെന്നറിയാതെ വിഷമിച്ചു നിന്നു. രഞ്ജിത് പുറത്തേക്കു പോയി അരുണിനെ വിളിച്ചുകൊണ്ടുവന്നു.

“അരുണേട്ടാ, നിങ്ങൾ സംസാരിക്ക്… അതാ ശരി…”

സുമതിയാന്‍റിയും മാഷും ചിരിയോടെ മുറിക്കു പുറത്തേക്കിറങ്ങി

അരുണിനെ കണ്ടതോടെ നന്ദനയ്ക്ക് കരച്ചിൽ വന്നു. ഇത്രയും കാലം സ്നേഹം, വെറുപ്പ്, വിരഹം എല്ലാം നിറഞ്ഞ മനസ്സിന്‍റെ അടക്കിപിടിച്ച സഞ്ചാരത്തിന് ഒരയവു വന്നിരിക്കുന്നു. അയാൾ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

“കരയാതെ നന്ദൂ…”

“അരുൺ ഇത്രയും കാലം എന്തുകൊണ്ട് എല്ലാം ഒളിച്ചുവച്ചു? ഒരു സൂചനയെങ്കിലും തരാമായിരുന്നു. കഴിഞ്ഞ നാലു വർഷവും ഞാൻ നിങ്ങളെ മനസ്സിൽ കുറ്റപ്പെടുത്താത്ത ഒരു ദിനം പോലും ഉണ്ടായില്ല. എന്തിനാണ് എന്നെ ഇത്രയും അവഗണിച്ചത്… പറയൂ…” അവൾ വേദന നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.

“ഞാനെന്താ പറയുക നന്ദൂ… ആ സമയം എന്‍റെ ജീവിതം ആകെ പ്രതിസന്ധിയിലായിരുന്നു. എന്താ ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയും ഇല്ലാത്ത അവസ്ഥ. ഒരു നിമിഷം കൊണ്ടല്ലേ എല്ലാ സ്വപ്നവും തകർന്നത്. ഇത്രയും നാൾ ജീവിച്ചുവെന്നത് നേരാണ്. പക്ഷേ മനസ്സുകൊണ്ട് മരിച്ചതുപോലെയായിരുന്നു നന്ദൂ…”

“സീമയെ വിവാഹം ചെയ്യാൻ അങ്കിൾ ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു. അവൾക്കു വേണ്ടി എല്ലാം മറക്കാൻ ഞാൻ ശ്രമിച്ചുവരുമ്പോൾ മരണം അവളേയും കവർന്നെടുത്തു…” അരുൺ മെല്ലെ കട്ടിലിലേക്ക് ഇരുന്നു.

“നിന്‍റെ ഈ മുഖം എന്‍റെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ഞാൻ ഒരുപാട് ശ്രമിച്ചു നന്ദൂ… പക്ഷേ… ഓർമ്മകൾ പൂർവ്വാധികം ശക്തിയായി. രാത്രികളിൽ എനിക്ക് ഉറക്കമില്ലാതായി. ഇനിയും വയ്യ ഈ വീർപ്പുമുട്ടൽ…” അരുൺ ഇടറിയ സ്വരത്തിൽ പറഞ്ഞു.

“നിന്നോട് തെറ്റു ചെയ്തുവെന്ന തോന്നൽ എന്നെ ഇപ്പോഴും വലയ്ക്കുന്നു നന്ദൂ. നീയെന്നോട് ക്ഷമിക്കില്ലേ…” അയാൾ ലജ്ജവിട്ട് കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരയാൻ തുടങ്ങി.

“നിങ്ങൾ എന്നെത്തേടി വന്നില്ലേ അരുൺ, ഇതുമതി. എനിക്കു സന്തോഷമായി. ഇനി ദുഖിക്കാനെന്തിരിക്കുന്നു. സാരമില്ല. കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം. ” നന്ദന അയാളുടെ ശിരസ്സിൽ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.

അടുത്തദിവസം രാവിലെ സുമതിയാന്‍റിയും മാഷും രഞ്ജിത്തും കൂടി മുറിയിലേക്കു വന്നപ്പോൾ നന്ദന ഉറക്കമുണർത്തതേയുണ്ടായിരുന്നുള്ളൂ. അവരുടെ കൂടെ മറ്റ് ചിലരെകൂടി കണ്ട് നന്ദന അദ്ഭുതപ്പെട്ടു.

അച്ഛനും അമ്മയും… എല്ലാവരും ഒരുമിച്ച്… അവൾ സംഭ്രമത്തോടെ നോക്കി. സന്തോഷത്തോടെയാണ് അവരുടെ വരവ്.

“നന്ദൂ… ഇവർ വന്നത് നിങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാനാണ്…” ചായ കുടിക്കാനിരുന്നപ്പോൾ സുമതിയാന്‍റി ചിരിച്ചുകൊണ്ട് പറഞ്ഞു.

അച്ഛനമ്മമാർ വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചർച്ചയിലേക്ക് ഗൗരവത്തോടെ കടന്നപ്പോൾ അരുൺ മെല്ലെ നന്ദനയുടെ അടുത്തേക്ക് വന്നു. ഒരു കടലാസ് നന്ദനയ്ക്ക് കൊടുത്തിട്ട് അയാൾ വേഗം പുറത്തേക്കു നടന്നു.

അവൾക്ക് ചിരിപൊട്ടി വീണ്ടും കുറിപ്പ്… “നന്ദൂ, ഒന്നു പുറത്തേക്കു വരൂ. നമുക്ക് മറൈൻഡ്രൈവിൽ പോയി അൽപം കാറ്റുകൊള്ളാം.” നിന്‍റെ അരുൺ.

വേഗം തയ്യാറായി പുറത്തേക്ക് നടക്കുമ്പോഴും നന്ദനയ്ക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“കല്യാണം കഴിഞ്ഞാലും തുടരുമോ ഈ കുറിപ്പെഴുത്ത്?”

എല്ലാം കണ്ട് മാറി നിന്ന് ചിരിച്ചുകൊണ്ട് രഞ്ജിത് ചോദിച്ചപ്പോൾ അരുൺ ചിരിച്ചു. ലജ്ജ കലർന്ന പഴയ ആ ചിരി.

(അവസാനിച്ചു)

Story: നിറം മങ്ങിയ മഴവില്ല്

വർഷ അന്നും ക്ലബ്ബിലെത്താൻ വൈകിയിരുന്നു. വട്ടം കൂടി ചീട്ടുകളിക്കലും ഏഷണിയും പൊങ്ങച്ചം പറച്ചിലുമൊക്കെയായി പതിവുകാരായ സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു. വർഷയെ കണ്ട് മിസിസ്സ് ജോളിൻ ചിരിച്ചു. “ഇന്നും വൈകിയല്ലേ…? ആഴ്ചയിൽ ഒരൊറ്റ ദിവസം ക്ലബ്ബിൽ വന്നാൽ മതിയല്ലോ വർഷാ പുതിയ എക്സ്ക്യൂസ് എന്താ?”

“കൃത്യസമയത്തു തന്നെ വരണമെന്നുണ്ട്. പറ്റണ്ടേ? വീട്ടുജോലിയൊക്കെ ഒതുക്കുമ്പോഴേക്കും രണ്ട് മണിയാവും. റെഡിയാവാൻ 10 മിനിറ്റു സമയമെടുക്കും. പിന്നെ ഇവിടം വരെയെത്താൻ ഒരു ഇരുപതു മിനിറ്റും.” വർഷ തന്‍റെ ഭാഗം ന്യായീകരിച്ചു.

മിസ്സിസ്സ് ജോളിൻ ക്ലബ്ബിന്‍റെ അധ്യക്ഷയായതിനാൽ ഈയൊരു ന്യായീകരണം ആവശ്യമായിരുന്നു താനും. അധ്യക്ഷ മാത്രമല്ല കളക്ടറുടെ ഭാര്യ കൂടിയാണ് ജോളിൻ. വർഷയും ഒരു സർക്കാർ ഉദ്യോഗസ്‌ഥന്‍റെ ഭാര്യയാണെന്നതിനാൽ ഇതുപോലുള്ള സാഹചര്യങ്ങളിൽ അതൃപ്തിയും അനിഷ്ടവുമൊക്കെ മാറ്റി വച്ച് വളരെ ഭവ്യതയോടെ പെരുമാറേണ്ടി വരാറുണ്ട്. അതാതു ജില്ലകളിലെ ഉദ്യോഗസ്‌ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കളക്ടറല്ലേ എഴുതുന്നത്.

വർഷ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഭാര്യ മിസിസ്സ് നീലാംബരിയുടെ അടുത്തു ചെന്നിരുന്നു.

“വർഷേ, നീയെന്തിനാണ് ഈ അനാവശ്യ ടെൻഷനൊക്കെ തലയിലേറ്റി നടക്കുന്നത്?”

വർഷ ആശ്ചര്യ ഭാവത്തോടെ അവരെ നോക്കി.

“എന്താ, ഞാൻ പറഞ്ഞതു തെറ്റാണോ? നിങ്ങളുടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിൽ ജോലിക്കാർക്കാണോ പഞ്ഞം. മിസ്റ്റർ സൂരജിനോടു പറഞ്ഞ് വീട്ടിൽ ഒന്നുരണ്ട് ജോലിക്കാരെ വച്ചാൽ പോരെ. പിന്നെ വിഷമവും കഷ്ടപ്പാടുമൊന്നും വേണ്ടല്ലോ?”

“അതൊക്കെ എന്‍റെ പുള്ളിക്കാരനെ കണ്ടു പഠിക്കണം. ഒരുപറ്റം സെർവന്‍റ്സ് അല്ലേ വീട്ടിലുള്ളത്.” മിസിസ്സ് ചിത്രാംഗദ ഗമ ഒട്ടും കുറയ്ക്കാതെ പറഞ്ഞു.

ഒട്ടനവധി പെർഫ്യൂം ബോട്ടിലുകൾ നിലത്തു വീണെന്നു തോന്നിക്കും വിധം പെട്ടെന്ന് ആ അന്തരീക്ഷമാകെ സുഗന്ധഭരിതമായി ഇളം റോസ് നിറത്തിലുള്ള സാരി, മാച്ചിംഗ് സാന്‍റൽസ്, പേഴ്സ്, വജ്ര മൂക്കുത്തി, ബ്രോഡ് നെക്ക്ലെസ്സ്… മിസിസ്സ് കീർത്തന ഹാളിലേക്ക് പ്രവേശിച്ചു.

“കീർത്തന മാഡം ഇന്നെന്താ ലേറ്റായത്? സാധാരണ മാഡമാണല്ലോ ആദ്യമെത്താറുള്ളത്.”

കീർത്തന മുഖത്ത് തെല്ലൊരു ക്ഷീണം വരുത്തി വർഷയ്ക്ക് മുന്നിലുള്ള സോഫയിൽ അമർന്നിരുന്നു.

“ഞങ്ങൾ ഖജൂരാഹോ വരെ പോയിരുന്നു. ഇന്ന് 12 മണിക്കാ മടങ്ങി വന്നത്. കുളിച്ചു ഫ്രഷായി ഭക്ഷണമൊക്കെ കഴിഞ്ഞപ്പോൾ നേരം വൈകി.”

അതുവരെ മിണ്ടാതിരുന്ന മിസിസ്സ് സുനന്ദിനി പുച്ഛഭാവത്തോടെ വർഷയെ നോക്കി. “വർഷാ, 10 മിനിറ്റിനുള്ളിൽ തയ്യാറാവുകയോ, അദ്ഭുതം തന്നെ…”

“എനിക്ക് ചെറുതായൊന്നു റെഡിയാവാൻ തന്നെ 2 മണിക്കൂർ വേണ്ടിവരും. പുറത്തിറങ്ങി നടക്കാനുള്ളതല്ലേ, അപ്പേ അല്പസ്വല്പം സ്റ്റൈൽ വേണ്ടേ. പിന്നെ സമയം വേണ്ടുവോളമുണ്ട്. അതുകൊണ്ട്…” ഒരു ക്ലോസപ്പ് പുഞ്ചിരിയോടെ സൂസനാണ് മറുപടി നൽകിയത്.

അതിനിടയിൽ അധ്യക്ഷ മിസിസ്സ് ജോളിൻ നിർണ്ണായകമായ ഡയലോഗിലൂടെ സംഭാഷണത്തിന് ഒരു വിരാമമിടുവിച്ചു.

“മിസ് സൂസൻ പറഞ്ഞതും ശരിയാ. രണ്ടു മണിക്കൂറിൽ കുറഞ്ഞ മേക്കപ്പോ…” തെല്ലൊരു പുച്ഛത്തോടെയാണ് അവർ വർഷയെ നോക്കിയത്.

“ഏതാണ്ട് ഇത്രയൊക്കെ സമയം എനിക്കും വേണ്ടി വരാറുണ്ട്. അതൊക്കെയിരിക്കട്ടെ നമുക്ക് കാർഡ് കളിക്കാം.” മിസിസ്സ് ജോളിൻ ക്ലബ്ബ് ബോയിയോടു ചീട്ടു കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങൾ കേട്ടും കേൾക്കാതെയും വർഷ മൗനം പാലിച്ചു. കളിക്കിടയിൽ സാരികളെക്കുറിച്ചുള്ള ചർച്ചയും തകൃതിയായി നടന്നു. സാരികളുടെ ലേറ്റസ്റ്റ് ട്രെന്‍റ്സ്, ഡിസൈനുകൾ, ഇംപോർട്ടസ് സാരീസ്… കമന്‍റ്സിന് ഒട്ടും കുറവില്ലായിരുന്നു. എന്നിരുന്നാലും മിസിസ്സ് ജോളിന്‍റെ അഭിപ്രായം അന്തിമമായിരുന്നു.

രാത്രി ജോലിയൊക്കെ ഒതുക്കി കുട്ടികളെ ഹോംവർക്ക് ചെയ്യാൻ സഹായിച്ച് വർഷ മുറിയിലെത്തി. സൂരജ് ഒരു നോവൽ വായിക്കുകയായിരുന്നു.

“ഞാൻ ക്ലബ്ബിലെ അംഗത്വം വേണ്ടെന്നു വയ്ക്കാൻ പോവുകയാ.”

“ഇതെന്താ പെട്ടെന്നിങ്ങനെയൊരു തീരുമാനം?” സൂരജ് മാസികയിൽ നിന്നും മുഖമുയർത്തി.

“എനിക്കവിടെ തീരെ പിടിക്കുന്നില്ല.”

“വർഷാ… ഓന്തിന്‍റേതു പോലെയാണ് നിന്‍റെ സ്വഭാവം. എപ്പോ നിറം മാറുമെന്നു പറയാൻ പറ്റില്ല. പരിചയമില്ലാത്ത സ്‌ഥലമാണ്, നേരം പോകുന്നില്ല എന്നൊക്കെ പറഞ്ഞതു കൊണ്ടല്ലേ നിന്നെ ക്ലബ്ബിൽ ചേർത്തത്. ധാരാളം ആളുകളുമായി പരിചയപ്പെടാനും സാധിക്കും. ക്ലബ്ബ് അല്ലേ… അപ്പോ വലിയ വലിയ ഉദ്യോഗസ്‌ഥരുടെ ഭാര്യമാരൊക്കെ വരും.”

“അതുകൊണ്ടാ ഞാൻ പോകുന്നില്ലെന്നു പറഞ്ഞത്” വർഷ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“വെറുതെ അതുമിതും പറഞ്ഞ് നേരം കളയണ്ട പറയാനുള്ളതെന്താണെന്ന് നേരാംവണ്ണം തുറന്നു പറയ്… നീ ഇത്രമാത്രം ടെൻഷനടിക്കാനെന്തിരിക്കുന്നു? നീയും ഒരു ഓഫീസറുടെ ഭാര്യയല്ലേ?”

“ആഹ്, സത്യസന്ധനായ ഒരു ഓഫീസറുടെ ഭാര്യയായതു കാരണം വില കൂടിയ സാരികളോ, നല്ല പെർഫ്യൂമോ ഒന്നും എന്‍റെ പക്കൽ ഇല്ലല്ലോ. ഒരു കൈ സഹായത്തിന് ജോലിക്കാരുമില്ല. പത്രാസ്സു കാണിക്കാനും പറയാനും മാത്രം എന്താണ് എനിക്കുള്ളത്?”

വർഷയുടെ പരിഭവം കേട്ട് സൂരജ് പൊട്ടിച്ചിരിച്ചു. “അപ്പോ അതാണ് കാര്യം അല്ലേ? നിന്‍റെ എല്ലാ വിഷമവും ഞാനുടൻ തീർത്തു തരാം.”

എന്താവും സൂരജിന്‍റെ അടുത്ത നീക്കം. വർഷ ആശ്ചര്യഭാവേന സൂരജിനെ നോക്കി.

“വേണ്ടത്ര സൗന്ദര്യവർദ്ധക വസ്തുക്കളൊന്നുമില്ലെന്നതല്ലേ നിന്‍റെ വിഷമം. കുറെ ചായം പൂശിയെന്നു കരുതി സുന്ദരിയാവണമെന്നില്ല. നിന്‍റെ കാര്യം തന്നെ നോക്ക്… ആഭരണങ്ങൾ അധികമിട്ടിട്ടില്ല. വലിയ മേക്കപ്പൊന്നുമില്ല. എന്നിട്ടും വർഷാ, നീ സുന്ദരിയല്ലേ…”

വർഷ മറുപടി പറയാനൊരുങ്ങുന്നതു കണ്ട് സൂരജ് അവളുടെ വാ പൊത്തിപ്പിടിച്ചു. “ഇനി അടുത്ത പ്രശ്നം… ജോലിക്ക് ആളില്ലെന്നല്ലേ പരാതി. നിന്നെപ്പോലെ നല്ല ചുറുചുറുക്കും മിടുക്കുമുള്ള ഭാര്യയുണ്ടെങ്കിൽ പ്രത്യേകിച്ച് ജോലിക്കാർ വേണോ? ഒരു പാവം ഭർത്താവും രണ്ട് പാവം കുട്ടികളുമല്ലേയുള്ളൂ. മൂന്നുപേരുടെ കാര്യം നോക്കിയാൽ പോരേ. അപ്പോ അതിന് നീ തന്നെ ധാരാളം.” സൂരജ് അവൾക്കരികിൽ വന്നിരുന്നു.

ഭർത്താവിന്‍റെ തമാശ വർഷയ്ക്ക് ഒട്ടും ഇഷ്ടമായില്ല. “ഇനിയും വെറുതെ സോപ്പിട്ട് എന്നെ പറ്റിക്കാൻ നോക്കണ്ട. കുറച്ചു കൂടുന്നുണ്ട്. നിങ്ങളുടെ വാക്ക് വിശ്വസിക്കാൻ മാത്രം ഞാൻ മണ്ടിയല്ല.” അവൾ മുഖം കനപ്പിച്ചു പറഞ്ഞു.

വർഷയുടെ മുഖത്ത് ദേഷ്യവും വിഷാദവും ഇരച്ചു കയറുന്നു. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ സൂരജ് അല്പസമയം മിണ്ടാതിരുന്നു. വർഷയുടെ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് സൂരജ് തുടർന്നു, “വർഷാ, ഇതുവരെ നിന്‍റെ ഒരാഗ്രഹവും സാധിച്ചു തരാൻ എനിക്ക് സാധിച്ചിട്ടില്ല. ആ ഒരു വിഷമം എന്നെ അലട്ടുന്നുണ്ട്, സോറി.” സൂരജിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“ഇനി മുതൽ ശമ്പളം നിന്നെ ഏല്പിക്കാം. നിനക്ക് ഇഷ്ടമുള്ളതു പോലെ ചെലവഴിക്കാം. വില കൂടിയ ഡ്രസ്സ് വാങ്ങുകയോ, സെർവന്‍റ്സിനെ വയ്ക്കുകയോ, ഭാവിയിലേക്ക് പണം കരുതി വയ്ക്കുകയോ എന്തുമാവാം. അരുതെന്നു പറഞ്ഞ് ഞാൻ ഇന്നേവരെ എന്തെങ്കിലുമൊരു കാര്യത്തിനു തടസ്സം നിന്നിട്ടുണ്ടോ? ഇനിയൊട്ടുണ്ടാവുകയുമില്ല. ഇതിലുമധികം സഹായം ചെയ്യാൻ എനിക്ക് കെല്പില്ല. പണം വെറുതെ ഒഴുക്കി കളയാനുള്ളതല്ലെന്ന മുതിർന്നവരുടെ വാക്ക് ഞാൻ മാനിക്കുന്നു. പണം വാരിക്കോരി ചെലവഴിക്കരുതെന്ന അഭിപ്രായമാണെനിക്ക് ഡിപ്പാർട്ട്മെന്‍റിൽ ഉന്നത ഉദ്യോഗമായതിനാൽ സെർവന്‍റ്സിനെ കിട്ടുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടില്ലെന്നത് വാസ്തവം തന്നെ. പക്ഷേ ഓഫീസ് ജോലികൾ ചെയ്യാൻ മാത്രമാണ് ഞാനവരെ ഏല്പിക്കാറുള്ളത്. ഉത്തരവാദിത്തമുള്ള സ്‌ഥാനമാനങ്ങളുടെ ദുരുപയോഗവും ചൂഷണവും. എനിക്ക് താല്പര്യമില്ല.”

“ഇനി തീരുമാനം നിന്‍റേതാണ്. ജീവിതത്തിന്‍റെ അമൂല്യ നിമിഷങ്ങൾ വൃഥാ പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

സൂരജിന്‍റെ മനസ്സിലെ അസ്വസ്ഥത വർഷ മനസ്സിലാക്കി. വർഷയ്ക്ക് കുറ്റബോധം തോന്നി. തന്‍റെ ഭർത്താവ് കുടുംബത്തെ എത്രമാത്രം സ്നേഹിക്കുന്നു. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നു.

ഓ! ഞാനിത് എന്തിനുള്ള പുറപ്പാടായിരുന്നു. സ്വർത്ഥ താല്പര്യത്തിനു വേണ്ടി ഭർത്താവിനെ പതനത്തിലേക്ക് നയിക്കുകയായിരുന്നില്ലേ. തന്‍റെ സ്വാർത്ഥതയ്ക്ക് വേണ്ടി സൂരജ് തന്‍റെ ആദർശങ്ങളെ ബലി കഴിച്ചില്ലല്ലോ. ഓരോന്നും ആലോചിക്കുന്നതിനിടയിൽ സൂരജിന്‍റെ ശബ്ദം കേട്ട് അവൾ ഞെട്ടി. “വർഷാ, എന്നോടു ദേഷ്യമാണോ? നാളെ ഓഫീസിൽ നിന്നും മടങ്ങി വരുമ്പോൾ പണം നിന്നെ ഏല്പിക്കാം. പിന്നെ നിനക്കിഷ്ടമുള്ള പോലെ ചെലവഴിക്കാമല്ലോ…”

“വേണ്ട സൂരജ്, എനിക്കൊന്നും വേണ്ട. നിങ്ങളും മക്കളും മടങ്ങുന്ന ഈ കൊച്ചു കുടുംബത്തോടൊപ്പം ഞാനെന്നും സന്തുഷ്ടയാണ്. ഞാനെന്തൊരു വിഡ്ഢിയാ. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇതുവരെ തർക്കിക്കുകയായിരുന്നില്ലേ?”

വർഷ സംസാരം തുടർന്നു, “സത്യത്തിൽ ആ പോഷ് പെണ്ണുങ്ങളുടെയിടയിൽ ഞാൻ മാത്രം പലപ്പോഴും ഒറ്റപ്പെടുന്നതു പോലെ. മനസ്സ് കോംപ്ലക്സ് കൊണ്ടു നിറയും. അതുകൊണ്ടാ ഇനി മുതൽ ക്ലബ്ബിൽ പോകുന്നില്ലെന്നു പറഞ്ഞത്. പക്ഷെ അത് ഇത്രത്തോളമാവുമെന്ന് ഞാനൊരിക്കലും കരുതിയില്ല.”

വർഷയുടെ ഏറ്റുപറച്ചിൽ കേട്ട് സൂരജിന് ആശ്വാസം തോന്നി. ജീവിതത്തിലെ ഒരു ദുർഘടം പിടിച്ച ഘട്ടം തരണം ചെയ്തുവെന്നോണം സൂരജിന്‍റെ മുഖത്ത് സന്തോഷം അലതല്ലി.

“ഓ, അപ്പോ അതാണ് കാര്യം. നീ എന്നെ പരീക്ഷിക്കുകയായിരുന്നുവല്ലേ?”

വർഷയ്ക്ക് മറുപടി പറയുന്നതിന് അവസരം കൊടുക്കാതെ സൂരജ് തുടർന്നു. “നിനക്ക് ഈ ഇൻഫീരിയോരിറ്റി കോംപ്ലക്സൊക്കെ എന്നാണുണ്ടായത്? അനീതിക്കും കൈക്കൂലിക്കുമെതിരെ നീ എന്നും ശക്തമായി പ്രതികരിക്കുമായിരുന്നല്ലോ? തികഞ്ഞ ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ എത്ര വലിയ പ്രൗഢി കണ്ടാലും മനസ്സ് പതറുകയില്ല.”

സൂരജിന്‍റെ വാക്കുകൾ വർഷയിൽ മനം മാറ്റമുണ്ടാക്കി. വർഷ തികഞ്ഞ മനോബലത്തോടെ ക്ലബ്ബിൽ പോകാൻ തുടങ്ങി. അവിടത്തെ സാഹചര്യങ്ങളുമായി ഒത്തു പോകാൻ പഠിച്ചു. എന്നാൽ ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ക്ലബ്ബിൽ പോകേണ്ടെന്ന് വർഷ തീരുമാനിച്ചു.

വർഷ ആവശ്യപ്പെട്ടതനുസരിച്ച് സൂരജ് ഒരു തയ്യൽ മെഷീൻ വാങ്ങി. വർഷ തയ്യലും മറ്റുമായി വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. സമയം വേണ്ട രീതിയിൽ വിനിയോഗിക്കുവാനും വരുമാനം വർദ്ധിക്കുവാനും തുടങ്ങി.

ഒരു ദിവസം മിസിസ്സ് ജോളിനും മിസിസ്സ് നീലാംബരിയും വർഷയുടെ വീട്ടിലെത്തി.

“ക്ലബ്ബിലെ ന്യൂ ഇയർ ഡിന്നർ പാർട്ടി നാളെയാണ് വരണം.”

വർഷ ആദ്യം ചിരിയിൽ മറുപടി ഒതുക്കി. “അതിന് ഞാനിപ്പോൾ ക്ലബ്ബിലെ മെംബർ പോലുമല്ലല്ലോ?”

“അതു കാര്യമാക്കേണ്ട. പണ്ട് ക്ലബ്ബ് മെംബറായിരുന്നില്ലേ? ഇപ്പോഴെന്താ ക്ലബ്ബിലേക്ക് വരാത്തത്? ഓഹോ, ഇപ്പോ തയ്യലും എംബ്രോയ്ഡറിയുമൊക്കെ ചെയ്യുന്നുണ്ടോ? ഭർത്താവിൽ നിന്നും കാലണ കിട്ടാത്ത പെണ്ണുങ്ങളാണ് ഈ ജോലിയൊക്കെ ചെയ്യുക. സത്യത്തിൽ സൂരജിനെ തരം താഴ്ത്തുന്ന കാര്യമല്ലേയിത്? വർഷാ, നീ ശരിക്കുമെന്നാലോചിച്ചു നോക്ക്…” വെറുപ്പും പുച്ഛവും അവരുടെ സംസാരത്തിൽ തുളുമ്പി നിന്നു.

ആ വാക്കുകൾ വർഷയിൽ അമർഷം നിറച്ചെങ്കിലും ദേഷ്യം ഒട്ടും പുറത്തു കാട്ടാതെ ചിരിച്ചു കൊണ്ട് വർഷ അവരുടെ ക്ഷണം നിരസിച്ചു. അവർ മടങ്ങിയ ശേഷവും വർഷ ഏറെ നേരം ആലോചിച്ചിരുന്നു. വീട്ടിലെ വരുമാനം കൂട്ടാൻ നല്ലൊരു കൈത്തൊഴിലല്ലേ തയ്യൽ. താൻ അനാവശ്യമായി സമയം പാഴാക്കാതെ നല്ലൊരു കാര്യത്തിനല്ലേ വിനിയോഗിക്കുന്നത്. അതെങ്ങനെയാ ഭർത്താവിന് കളങ്കം വരുത്തുക. കുറേ ആഭരണങ്ങളും പട്ടുസാരിയുമുടുത്ത് ക്ലബ്ബിൽ പോയിട്ടാണോ ഭർത്താവിന്‍റെ അന്തസ്സു കാട്ടേണ്ടത്?

അതിനിടെ മിസ്റ്റർ റോണിക്ക് ചെന്നൈയിലേക്ക് ട്രാൻസ്ഫറായി. അവർ യാത്രയാവുന്നതിനു മുമ്പ് മിസിസ്സ് ജോളിനെ ചെന്നു കാണണം. വർഷ തീർച്ചയാക്കി. ക്ലബ്ബ് മെംബേഴ്സ് ഒട്ടുമിക്കവരും നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. പാർട്ടി തിരക്കിനു ശേഷം വർഷ മിസിസ്സ് ജോളിന്‍റെ അരികിലെത്തി.

“ചെന്നൈയിൽ വരുമ്പോൾ വീട്ടിലേക്ക് വരണം.”

വർഷയുടെ അമ്മാവൻ ചെന്നൈയിലാണ് താമസിക്കുന്നതെന്ന് മിസിസ്സ് ജോളിന് അറിയാമായിരുന്നു.

“വരാം.” മടങ്ങുന്നതിനു മുമ്പായി വർഷ അവർക്ക് വാക്കു നൽകി.

രണ്ടു വർഷത്തിനു ശേഷം അമ്മാവന്‍റെ മകളുടെ വിവാഹാവശ്യത്തിനായി അവർ ചെന്നൈയിലെത്തി. വിവാഹത്തിരക്കുകൾ കഴിഞ്ഞതോടെ മിസിസ്സ് ജോളിനെ കാണണമെന്ന് വർഷ വാശിപ്പിടിച്ചു. മുമ്പ് നൽകിയ അഡ്രസ്സ് കൃത്യമല്ലാത്തതിനാൽ രണ്ടുമൂന്നു ദിവസം തിരച്ചിൽ തുടർന്നു. മടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ, സൂരജ് ഒരു കണക്കിന് അവരുടെ താമസസ്ഥലം കണ്ടുപിടിച്ചു. ധാരാളം ഊടുവഴികളിലൂടെ നീങ്ങി ഓട്ടോ ഒരു ചേരിപ്രദേശത്ത് നിന്നു. അവിടത്തെ ജീർണ്ണിച്ച പൊട്ടിപ്പൊളിഞ്ഞ വീടുകൾ കണ്ട് വർഷ അന്ധാളിച്ചു.

“സൂരജ്, ഇതു തന്നെയാണോ സ്ഥലം. അഡ്രസ്സൊക്കെ കറക്ട് അല്ലേ?”

“ഇതു തന്നെയാ സ്‌ഥലം. ഞാൻ രണ്ടുദിവസം മുമ്പ് ഇവിടെ വന്നതാ?” സൂരജിന്‍റെ ശബ്ദമിടറി. വർഷയ്ക്ക് ദേഷ്യം തോന്നി. രണ്ടു ദിവസം മുമ്പ് വന്നയാളാണോ അറിയില്ലെന്നു നുണ പറഞ്ഞത്.

“നീയിങ്ങനെ തുറിച്ചു നോക്കണ്ട. എന്‍റെ പുറകെ വന്നാൽ മാത്രം മതി.”

ഇടുങ്ങിയ വഴികൾ താണ്ടി ഒടുവിൽ  അവർ ഇടിഞ്ഞുവീഴാറായ ഒരു വീടിനരികിലെത്തി. സൂരജ് പതിയെ വാതിലിൽ മുട്ടി.

“അല്ല, ഇതെന്തു തമാശയാ? നോക്കൂ ഇതു തന്നെയാണോ അവരുടെ വീട്? മിസിസ്സ് ജോളിൻ ഗവൺമെന്‍റ് ബംഗ്ലാവ് വേണ്ടെന്ന് വച്ച് എന്നുമുതലാ ഇങ്ങോട്ട് താമസം മാറ്റിയത്?”

“മിണ്ടരുത്.” സൂരജ് ആംഗ്യഭാഷയിൽ പറഞ്ഞു. അപ്പോഴേക്കും മിസിസ്സ് ജോളിൻ വാതിൽ തുറന്നു പുറത്തേക്കു വന്നു. വർഷയെ കണ്ട് മിസിസ്സ് ജോളിൻ ആദ്യമൊന്നു ഞെട്ടി.

“അകത്തേക്കു വരൂ…”

മിസിസ്സ് ജോളിനെ കണ്ട് വർഷ സ്തംഭിച്ചു നിന്നു. ഇതൊക്കെ വാസ്തവമാണെന്ന് തിരിച്ചറിയാൻ വർഷയ്ക്ക് സ്വല്പം സമയം വേണ്ടിവന്നു.

“ഞാനിപ്പോ വരാം. നിങ്ങൾ അകത്തിരുന്ന് സംസാരിക്ക്.” സൂരജ് പുറത്തേക്കിറങ്ങി നടന്നു.

ഔപചാരികമായി ഒന്നോ രണ്ടോ വാക്കുകൾ സംസാരിച്ച് മിസിസ്സ് ജോളിൻ അകത്തേക്കു പോയി. സ്വപ്നമോ, യാഥാർത്ഥ്യമോ? എന്‍റെ കണ്ണുകൾക്ക് തെറ്റുപറ്റിയതാവുമോ? ഒരു കാലത്ത് ഇംപോർട്ടഡ് പെർഫ്യൂമിന്‍റെ സുഗന്ധം, ക്ലബ്ബിൽ മിസിസ്സ് ജോളിന്‍റെ സാന്നിധ്യമറിയിച്ചിരുന്നു. ലേറ്റസ്റ്റ് സാരികളേയും ട്രെന്‍റിനെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു. പുതിയ ജ്വല്ലറി, സാരി, ഫർണിച്ചർ ഷോപ്പുകളെക്കുറിച്ച് അറിയണമെങ്കിൽ മിസിസ്സ് ജോളിനോടു ചോദിച്ചാൽ മതിയാവും. കുത്തുവാക്കു പറയാനും മിസിസ്സ് ജോളിൻ ഒട്ടും പിന്നിലല്ലായിരുന്നു. അതേ മിസിസ്സ് ജോളിനാണോ ഇത്?

കീറിപ്പറിഞ്ഞ സാധാരണ സാരിയുടുത്ത്. മേക്കപ്പ് എന്നു പറയാൻ നെറ്റിയിൽ ഒരു ചുവന്ന പൊട്ടുമാത്രം. ആഭരണമെന്നു പറയാൻ നാലഞ്ചു കുപ്പിവള, കൈകളിലും.

ചായഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്ന ശബ്ദം കേട്ട് ചിന്താമഗ്നയായിരുന്ന വർഷയുടെ ശ്രദ്ധ തിരിഞ്ഞു. മുളകുപൊടിയും വിയർപ്പും കലർന്ന ഗന്ധമായിരുന്നു അവരുടേത്. വർഷയ്ക്ക് താനേതോ മാന്ത്രികലോകത്ത് വന്നെത്തിയപോലെ തോന്നി. മിസിസ്സ് ജോളിനെ പോലൊരു ധനിക-ദരിദ്രയായതിനു പിന്നിലുള്ള രഹസ്യമറിയാനായി വർഷയുടെ മനസ്സ് വെമ്പൽ കൊണ്ടു. സത്യാവസ്‌ഥ ചോദിച്ചറിയണമെന്നുണ്ടായിരുന്നു വർഷയ്ക്ക്. മനസ്സിൽ തിളച്ചു മറിയുന്ന ചോദ്യങ്ങൾ അറിയാതെ അവളുടെ നാവിൻ തുമ്പിൽ വന്നു, “ഇതെന്തുപറ്റി? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ?”

ദുഃഖമടക്കാനാവാതെ മിസിസ്സ് ജോളിന്‍റെ കണ്ണ് നിറഞ്ഞു. “എന്തു പറയാനാ വർഷാ? കഷ്ടകാലത്തിനിടയിൽ കല്ലുമഴയും എന്നു പറഞ്ഞതു പോലെയായിരുന്നു ഞങ്ങളുടെ അവസ്‌ഥ. ഇവിടെ വന്ന് ഒരു മാസമായപ്പോഴേക്കും അദ്ദേഹത്തെക്കുറിച്ച് ആരോ പരാതി ൽകി. ഇക്കാലത്ത് കൈക്കൂലി വാങ്ങാത്തവരുണ്ടോ? ഹരിശ്ചന്ദ്രനെപ്പോലെ നൂറുശതമാനം സത്യസന്ധതയുള്ളവർ കാണുമോ? ഞങ്ങൾ സുഖമായി ജീവിക്കുന്നതു കണ്ട് ആർക്കൊക്കെയോ അസൂയ തോന്നിക്കാണും.”

മിസിസ്സ് ജോളിൻ കുറ്റബോധത്തോടെ നിലത്തു നോക്കിയാണ് സംസാരിച്ചത്. “കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഒരു ദിവസം പോലീസ് വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. അദ്ദേഹമിപ്പോൾ ജയിലിലാണ്. ഞങ്ങളുടെ വീടും സ്വത്തുമൊക്കെ പണയത്തിലും. ബന്ധുക്കളുടെ ഒരു വിവരവുമില്ല.” മിസിസ്സ് ജോളിന്‍റെ തൊണ്ട ഇടറി.

വർഷ സശ്രദ്ധം എല്ലാം കേട്ടുകൊണ്ടിരുന്നു. അവരെ എങ്ങനെ ആശ്വസിപ്പിക്കണം? വർഷ വിഷമിച്ചു.

കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം മിസിസ്സ് ജോളിൻ ദയനീയമായി വർഷയെ നോക്കി. “സമ്പത്ത് ഉള്ള കാലത്ത് കൂടെ നടന്നവരെയൊന്നും ഇപ്പോ കാണാനേയില്ല. പരിചയക്കാരെന്നു പറയാനും മാത്രം ദാ… ഇപ്പോൾ നിങ്ങൾ മാത്രം….”

അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന സൂരജ് ചോദിച്ചു, “നിങ്ങൾക്ക് തയ്യൽ അറിയാമോ?”

“ഉവ്വ്… അറിയാം.”

“എന്നാൽ പിന്നെ ഒരു തയ്യൽ മെഷീൻ വാങ്ങിക്കൂടേ? നിങ്ങൾക്ക് ഈ അവസ്‌ഥയിൽ ഒരു സഹായമാവും. വെറുതെ സമയം പാഴാക്കേണ്ട.”

ഇതുകേട്ട് മിസിസ്സ് ജോളിൻ ശരിക്കും ഞെട്ടി. മുമ്പ് വർഷയുടെ വീട്ടിൽ തയ്യൽ മെഷീൻ കണ്ട് താൻ എന്തുമാത്രം പരിഹസിച്ചതാണ്. മിസിസ്സ് ജോളിന്‍റെ മുഖം വാടുന്നതു കണ്ട് വർഷ അവരെ സമാധാനിപ്പിച്ചു.

“ഞാൻ പറഞ്ഞത് തെറ്റായ അർത്ഥത്തിലെടുക്കരുത്. പരിശ്രമവും സ്വന്തമായി തൊഴിൽ ചെയ്യുന്നതും നല്ലതാണ്. അധ്വാനിക്കുന്നതിലൂടെ മനുഷ്യൻ അധഃപതിക്കുകയല്ല മറിച്ച് ഉയരങ്ങൾ കീഴടക്കുകയാണ് ചെയ്യുന്നത്.” സൂരജ് പറഞ്ഞു.

അപരാധബോധം കാരണം മിസിസ്സ് ജോളിൻ മുഖമുയർത്തി അവരെ നോക്കിയതു പോലുമില്ല. ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അവർ പഠിച്ചിരുന്നു.

“ഞാൻ നാളെത്തന്നെ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ചെറിയ തവണകളായി പണമടച്ച് ഉടനെ ഒരു തയ്യൽ മെഷീൻ വാങ്ങണം. എന്‍റെ മക്കളുടെ ഭാവി… അതുമാത്രമാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.” ജോളിൻ മുഖം തുടച്ചു.

മടങ്ങുന്നതിനു മുമ്പായി സൂരജ് ഒരു കവർ മിസിസ്സ് ജോളിന്‍റെ കൈകളിൽ ഏല്പിച്ചു.

“ദയവായി ഇതു വാങ്ങണം. നിങ്ങളുടെ ഭർത്താവ് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ആ സൗഹൃദത്തിന്‍റെ പേരിൽ ഇത്രയുമെങ്കിലും ചെയ്യേണ്ടത് എന്‍റെ കർത്തവ്യമല്ലേ. ഒരു തയ്യൽ മെഷീൻ വാങ്ങാനുള്ള മുഴുവൻ പണവും ഇതിലുണ്ട്. നിങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളെ അറിയിക്കാൻ മടിക്കരുത്.” പിന്നെ അധികനേരം അവരവിടെ നിന്നില്ല.

വർഷയും സൂരജും വൃത്തിഹീനമായ ആ ഇടുങ്ങിയ തെരുവിലൂടെ ദ്രുതഗതിയിൽ നടന്നു. “പാവം… അവരുടെ കാര്യം കഷ്ടം തന്നെ. അവർക്കിങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല.” വർഷയുടെ ഞെട്ടൽ മാറിയിരുന്നില്ല.

“ഈ ലോകം വളരെ വലിയതാണ് വർഷാ. പലതരക്കാരുണ്ട് ഇവിടെ. കൂടുതൽ സെന്‍റിമെന്‍റലാവണ്ട. മനുഷ്യത്വത്തിന്‍റെ പേരിൽ നമുക്കാവും വിധം നാം ചെയ്തിട്ടുണ്ട്.” സൂരജിന്‍റെ നടത്തത്തിന് വേഗത കൂടി.

സ്വപ്നവും യാഥാർത്ഥ്യവും തിരിച്ചറിയാനായാൽ ജീവിതം മഴവില്ലു പോലെ മനോഹരമായിത്തീരും. നഗരത്തിരക്കിലൂടെ കാർ വേഗം കണ്ടെത്താൻ ശ്രമിക്കുമ്പോഴും വർഷ ഭർത്താവിനോട് ചേർന്നിരുന്നു.

Story: മരുമോളും അമ്മായിയമ്മയും

മരുമോളോടുള്ള എന്‍റെ ശ്രദ്ധ കണ്ട് സമപ്രായക്കാരായ കൂട്ടുകാരികൾക്ക് എന്നോട് അസൂയയായിരുന്നു. അമ്മായിയമ്മയും മരുമോളും ലോകത്തെവിടെയെങ്കിലും രമ്യതയിൽ കഴിയുന്നുണ്ടോ? ഞങ്ങളുടെ സൗഹാർദ്ദം കണ്ട് അവർക്ക് അസൂയ സഹിക്കാൻ പറ്റുന്നില്ല. കിറ്റി പാർട്ടിയിലും ക്ലബിലും മറ്റും ഞങ്ങളുടെ ഊഷ്മള ബന്ധം ചർച്ച ചെയ്യപ്പെട്ടു. ഞങ്ങൾക്കും അതുപോലൊരു മരുമോളെ കിട്ടിയിരുന്നെങ്കിൽ എന്നവർ ദീർഘനിശ്വാസമുതിർത്തു.

“ഷീലചേച്ചിക്ക് മരുമോളെ കിട്ടിയിട്ട് അഞ്ചുവർഷം കഴിയുന്നു. അവർ തമ്മിൽ ഇന്നേവരെ തമാശയ്ക്കെങ്കിലും ഒന്നു വഴക്കിട്ടിട്ടുണ്ടോ? അവർ പരസ്പരം കുറ്റം പറയുന്നതു കേൾക്കാൻ കാതുകൂർപ്പിച്ചിരിക്കുകയാണ് ഞങ്ങൾ.” ഇതായിരുന്നു അവരുടെ മനസ്സിലിരിപ്പ്.

“ഷീലചേച്ചി മകൾ മരുമകൾ സീരിയൽ മാത്രമേ കാണുന്നുള്ളോ? അമ്മായിയമ്മമാരെ കരിവാരിതേയ്ക്കുന്ന എത്രയോ സീരിയലുകൾ വേറെയുണ്ട്? രാവിലെ അപ്പമുണ്ടാക്കണോ പുട്ടുണ്ടാക്കണോ ഗേറ്റിനു സമീപം മഞ്ഞറോസ് നടണോ ചുവപ്പ് റോസ് നടണോ എന്നതു പോലും തീരുമാനിക്കുന്നത് അമ്മായിയമ്മമാരാണെന്നാ സീരിയലുകൾ പറയുന്നത്.” ഇങ്ങനെ പോകുന്നു ഊർമിളയുടെ പരാതി.

“നേരാ, എപ്പോഴും ടീവിം വെച്ചോണ്ടിരുന്നിട്ടും അവർ തമ്മിൽ വഴക്കിടാത്തത് അതിശയമാണ്. അമ്മായിയമ്മ മൂകയും മരുമകൾ ബധിരയുമാണോന്നാ സംശയം.” നിർമ്മല പറഞ്ഞു.

“നിമ്മി പറഞ്ഞതു ശരിയാ. അമ്മായിയമ്മയെയും മരുമോളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നതു തന്നെ ജീവിതകാലം മുഴുവൻ പരസ്പരം വഴക്കിടാനല്ലേ? ഒരുറയിൽ രണ്ട് വാള് കേറുമോ?” ബാലചന്ദ്രൻ നിമ്മിയെ പിന്താങ്ങി.

ചേച്ചി ഷോപ്പിംഗിനിറങ്ങിയതാണോ? സൂപ്പർ മാർക്കറ്റിൽ വച്ചു കണ്ടപ്പോൾ കമല എന്നോട് അന്വേഷിച്ചു.

“ഷോപ്പിംഗിനു പോകാനൊക്കെ എന്‍റെ മരുമോള് സംഗീതയില്ലേ, സാധനങ്ങൾ വാങ്ങുന്ന തലവേദന നമ്മളെന്തിനാ സഹിക്കുന്നത്?”

“നമ്മടെ കാലത്ത് മാർക്കറ്റ് എവിടെയാന്നുപോലും അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ ഇന്നത്തെ ലോകം പുരോഗമനവാദികളായ മരുമക്കൾക്കുള്ളതാണ്. ടീവി പരസ്യം കണ്ടിട്ടല്ലേ അവർ സാധനങ്ങൾ നിശ്ചയിക്കുന്നത്?”

“എന്‍റെ മരുമോള് സംഗീത ഇക്കാര്യത്തിൽ വല്ലാത്ത വാശിക്കാരിയാണ്. അവൾക്ക് പുതിയ പുതിയ സാധനങ്ങൾ വിപണിയിലിറങ്ങുന്നതു വാങ്ങാനാണ് അവൻ സമ്പാദിക്കുന്നതു തന്നെ. അതുകൊണ്ടു തന്നെ, ഞങ്ങളുടെ കോളനി മുഴുവൻ അവൾ ചർച്ചാവിഷയമാണ്.” മരുമകളെ ഞാൻ പുകഴ്ത്തിയപ്പോൾ നെഞ്ചിലൂടെ പാമ്പിഴയുന്ന പോലെയുള്ള മുഖഭാവമായിരുന്നു കമലയ്ക്ക്.

“മരുമോളുമായി രമ്യതയിൽ പോകാനുള്ള ഫോർമുല എനിക്കറിയാം. അതുകൊണ്ട് മറ്റ് അമ്മായിയമ്മമാരെപ്പോലെ അവളുടെ കാര്യോം ആലോചിച്ചോണ്ട് നടക്കേണ്ട ഗതികേട് എനിക്കില്ല. അവൾ എന്തു പറയുന്നോ അതുപോലെ ഞാൻ ചെയ്യും. അവൾ ഇരിക്കാൻ പറഞ്ഞാൽ ഞാനിരിക്കും. എഴുന്നേൽക്കാൻ പറഞ്ഞാൽ എഴുന്നേൽക്കും. പിന്നെന്തിനാ ടെൻഷൻ? മരുമോൾക്ക് ഇടിക്കാനുള്ള ഒരു ഉരലുപോലെ അങ്ങ് കിടന്നു കൊടുക്കുക.” ഞാൻ തുടർന്നു.

“ചേച്ചി പറഞ്ഞത് സത്യമാ. മാലോകർക്ക് മുഴുവൻ അറിയാവുന്ന കാര്യമാ മരുമക്കൾ അഴുക്ക് സാധനങ്ങളാണെന്ന്. എങ്കിലും കുറ്റം പറയുമ്പോൾ അവര് അമ്മായിയമ്മമാരെയും കല്ലെറിയും. ബുദ്ധിയുള്ള അമ്മായിയമ്മമാര് മരുമക്കടെ സേവ ചെയ്യും.” കമല അവളുടെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു.

“ഞാൻ സംഗീത ഉണരും മുമ്പു തന്നെ മുറ്റമടിച്ച് മുറിയുടെ അകമെല്ലാം തൂത്തുവാരി വൃത്തിയാക്കും. തുണി അലക്കും. അതുകൊണ്ടെന്താ, എനിക്ക് മുട്ടുവേദനയില്ല. ഒരു ജലദോഷം പോലും വരികേയില്ല. മരുമോൾക്ക് എത്ര വിശ്രമം കിട്ടുന്നോ അമ്മായിയമ്മമാർക്ക് അത്രയും മനഃസമാധാനം കിട്ടും. അമ്മായിയമ്മ സാരിത്തുമ്പിൽ താക്കോൽക്കൂട്ടവും കെട്ടിയിട്ട് അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്നൊക്കെ മരുമക്കളെ ഭരിക്കുന്ന കാലമൊക്കെ പോയില്ലേ?”

“ഇപ്പോഴത്തെ മരുമക്കൾക്ക് ബാങ്കിൽ എടിഎം അക്കൗണ്ട് കാണും. എപ്പോഴും അലമാരയുടെ താക്കോൽ ചോദിച്ച് അവൾ അമ്മായിയമ്മയെ ബുദ്ധിമുട്ടിക്കില്ല. പൈസയ്ക്ക് ആവശ്യം വരുമ്പോൾ ടൂവീലറുമെടുത്ത് നേരെ എടിഎം സെന്‍ററിൽ പോയാൽ മതീല്ലോ? അവർക്ക് ക്രഡിറ്റ് കാർഡിന്‍റെയും ബാങ്ക് ലോക്കറിന്‍റെയുമൊക്കെ മഹത്വവുമറിയാം. അമ്മായിയമ്മയുടെ കയ്യിൽ നിന്ന് കാര്യങ്ങൾ കൈവിട്ടുപോയി. അതുകൊണ്ട് മരുമക്കള് പറയുന്നത് കേൾക്കുന്നതാണ് ബുദ്ധി, കാലമതാണ്” ഞാനെന്‍റെ അനുഭവം പറഞ്ഞു.

കമലയും മനസ്സു തുറന്നു.“എല്ലാ അമ്മായിയമ്മമാർക്കും ഒരേ കഥ തന്നെയാണ് പറയാനുള്ളതെന്ന് തോന്നുന്നു. എന്‍റെ വീട്ടിലെ രാമായണവും ഇതുതന്നെ. മരുമകൾ, അമ്മേ രാവിലത്തേയ്ക്ക് എന്താ ഉണ്ടാക്കേണ്ടത് എന്നു ചോദിക്കാറില്ല. അമ്മായിയമ്മയ്ക്ക് അധികാരത്തോടെ അച്‌ഛന് ഇടിയപ്പവും കടലയും ബാക്കിയുള്ളവർക്ക് ചപ്പാത്തിയും മതി എന്നു പറയാനും കഴിയില്ല. കാലമതാണ്.”

“ഇന്നു രാവിലെ തന്നെ എന്‍റെ മരുമോൾ പറയുകയാണ് ദിവസോം പുട്ടും ഇഡ്ഢലിയുമൊക്കെ കഴിച്ച് അവൾ മടുത്തെന്ന്. അവൾക്ക് ഹോട്ടലീന്ന് ഫ്രൈഡ് റൈസും ചില്ലിചിക്കനും മതിയത്രേ ബ്രേക്ക്ഫാസ്റ്റിന്. ഞാനത് വാങ്ങിക്കൊടുക്കണം പോലും. ഞാനെന്തു പറയാനാ? പോയി വാങ്ങിക്കൊടുത്തു. അങ്ങനെയാ മരുമക്കള്.”

എനിക്കു തോന്നുന്നത് അമ്മായിയമ്മമാർക്ക് റബർസ്റ്റാമ്പിന്‍റെ വിലയേ ഉള്ളൂവെന്നാണ്. മരുമോള് ചൂണ്ടിക്കാട്ടുന്നിടത്ത് പതിക്കുക. അങ്ങനെ മൂളുന്ന അമ്മായിയമ്മമാർക്ക് വയസ്സാകുമ്പോൾ സുഖമായി മരുമക്കൾടെ ഒപ്പം കഴിയാം. വാശിക്കാരായ മരുമക്കളെ കിട്ടുന്ന അമ്മായിയമ്മമാർക്കുണ്ടാകുന്ന ഏകലാഭം അവർക്ക് ത്യാഗത്തിനും സമർപ്പണത്തിനുമുള്ള മനസ്സുണ്ടെന്ന് സ്വയം മനസ്സിലാക്കാൻ പറ്റുമെന്നുള്ളതാണ്. സമർപ്പണമുള്ളിടത്ത് ശാന്തിയും ശാന്തിയുള്ളിടത്ത് സമാധാനവും ഉണ്ടാകുന്നു. വീട്ടിലൊരു മരുമോളുണ്ടെങ്കിൽ സമാധാനം തേടി വേറെങ്ങും പോകേണ്ടതില്ല.

പഴമക്കാർ പറയാറുണ്ട്. ചെന്നിയിലെ മുടി നരക്കുമ്പോൾ തന്നെ സ്‌ഥാനമൊഴിഞ്ഞ് സന്ന്യസിക്കണമെന്ന്. മരുമോൾ വീട്ടിൽ വന്നു കേറുമ്പോൾത്തന്നെ അമ്മായിയമ്മയ്ക്ക് ഇത് ചെയ്യാവുന്നതാണ്.“ങ്ഹാ! മോളേ, ശരിയാണ്” എന്നീ മൂന്നു വാക്കുകൾ അമ്മായിയമ്മയ്ക്ക് അതിരില്ലാത്ത സമാധാനവും അലൗകികമായ സുഖവും പ്രദാനം ചെയ്യും.

വിശേഷാവസരങ്ങളിൽ മരുമക്കളെ തീരെ വില കുറച്ച് കാണരുത്. നാലാള് കൂടുന്നിടത്തു വച്ചു തന്നെ അവർ പൂരപ്പാട്ട് പാടി അമ്മായിയമ്മയെ ഉടലോടെ സ്വർഗ്ഗത്തിലെത്തിക്കും.

മരുമോൾ ഇരിക്കാൻ പറഞ്ഞാലുടൻ ഇരിക്കുന്നതുമൂലം സമാധാനമാണെനിക്ക് ലഭിക്കുന്നത്. എല്ലാ അമ്മായിയമ്മമാരും ഈ രീതി പിന്തുടരണമെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാൻ ഉപദേശിക്കുന്നു.

മറൈൻഡ്രൈവിലെ കാറ്റ് ഭാഗം- 5

പരിഭ്രമം നിയന്ത്രിക്കാൻ ആവുന്നത്ര ശ്രമിച്ചു നന്ദന. അങ്കിളും ആന്‍റിയും അറിയാത്ത കഥയിലെ നായകൻ. ഇയാളെന്തിന് ഈ വീട്ടിൽ വന്നു? അവളുടെ മനസ്സ് വായിക്കും പോലെ അരുൺ കണ്ണിമയ്ക്കാതെ അവളെ നോക്കി നിന്നു. കൂടെക്കൂടെ അടയുന്ന കണ്ണുകളിൽ ലേശം ലജ്ജയും വേദനയും ഇപ്പോഴുമുണ്ട്. അതിലുപരി കാത്തുകാത്തിരുന്ന് കണ്ടതിന്‍റെ വിസ്മയവുംയ

ഇയാൾക്ക് ഇനി എന്താണ് വേണ്ടത്? ഇത്രയൊക്കെ പ്രയാസങ്ങൾ ഉമ്ടായിയ അതുപോരെന്ന് കരുതിയിട്ടോ ഈ വരവ്…. പക്ഷേ താൻ ഇവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു… ഇനി അമ്മയെങ്ങാനും…

അവൾ ആലോചിച്ചു നിന്നു. വാതിൽ തുറന്നു വച്ച നിലയിൽ ഇരുവരും നിൽക്കാൻ തുടങ്ങിയിട്ട് അൽപനേരമായി.

“എക്സ്ക്യൂസ്മി! വാതിൽക്കൽ നിന്ന് അകത്തേക്ക് കയറിയാൽ ഈ സാധനങ്ങൾ വയ്ക്കാമായിരുന്നു.” രഞ്ജിത് പകുതി തമാസയും പകുതി കാര്യവുമായി പിന്നിൽ നിന്നു പറഞ്ഞപ്പോൾ അരുൺ പുഞ്ചിരിച്ചു. പക്ഷേ നന്ദന ജാള്യതയോടെ പിന്നോട്ട് മാറി.

ശബ്ദം കേട്ട് സുമതിയമ്മ അടുക്കളയിൽ നിന്നോടിയെത്തി. “അരുൺ വന്നോ… ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.” അവർ അരുണിന്‍റെ കൈകൾ ചേർത്ത് പിടിച്ചു.

“എത്ര കാലമായി നിന്നെ കണ്ടിട്ട്, നിനക്ക് ഒരിക്കലെങ്കിലും ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ മോനേ…”

“അങ്ങനെ പറയല്ലേ അമ്മേ, നിങ്ങളുടെ സ്നേഹവും ഓർമ്മകളുമൊക്കെയല്ലേ എന്‍റെ ജീവിതം.”

അരുൺ ആ പറഞ്ഞത് തന്നേയും കൂടി ഉദ്ദേശിച്ചാണെന്ന് നന്ദനയ്ക്ക് തോന്നി. നോട്ടം പിൻവലിക്കാതെയാണ് സംസാരം. എന്താണ് ഇതിന്‍റെയൊക്കെ അർത്ഥം?

അവൾ അമ്പരന്നു നിൽക്കേ ശേഖരൻ മാഷ് അരുണിനെ മുന്നോട്ട് പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.

“മോളേ, ഞങ്ങൾ പറയാറുള്ള അരുൺ ഇതാണ്, നിനക്ക് മനസ്സിലായില്ലേ…”

ശേഖരൻ മാഷ് അഭിമാനത്തോടെ പറയുന്നതു കേട്ട് നന്ദന കണ്ണുകളിൽ കഴിയുന്നത്ര അവജ്ഞ നിറച്ച് അയാളുടെ നേരെ നോക്കി. തനിനിറം തനിയ്ക്കല്ലേ അറിയൂ… പാവം അങ്കിൾ… അവൾ വിചാരിച്ചു.

രഞ്ജിത്തും സുമതിയാന്‍റിയും ശേഖരൻ മാഷും അയാളെ സന്തോഷം കൊണ്ടു മൂടുന്നു. ഒറ്റപ്പെട്ടതുപോലെ തോന്നി അവൾക്ക്. അവൾ വേഗം മുറിയിലേക്കു നടന്നു.

അരുൺ കുളിക്കാൻ കയറിയെന്നു മനസ്സിലായപ്പോൾ നന്ദന അടുക്കളയിലേക്കു ചെന്നു. എങ്ങനെ ചോദിക്കും ആന്‍റിയോട്? തന്‍റെ സംശയം അരുണും ഈ കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അയാൾ എന്തിന് ഇവിടെ വന്നു?

നന്ദനയെ കണ്ട് ആന്‍റി ചിരിച്ചു. അവളുടെ മനസ്സ് അറിഞ്ഞതു പോലെ ആന്‍റി ചോദിച്ചു, “നന്ദൂ, നിനക്ക് അരുണിനെക്കുറിച്ചറിയണം, അതല്ലേ കാര്യം?” അപ്രതീക്ഷിതമായിരുന്നു ആന്‍റിയുടെ പ്രതികരണം. “അരുൺ വന്നത് നിന്നെ കാണാനാണ്.”

നന്ദന ഞെട്ടി. അരുതാത്തത് കേട്ടതുപോലെ അവളുടെ മുഖം ചുവന്നു.

“പക്ഷേ… അരുൺ…” അവൾക്ക് പൂർത്തിയാക്കാനായില്ല.

“ഹാ… മോളേ… നിനക്ക് അരുണിനെ ഇനിയും മനസ്സിലായില്ല. അവൻ ഒരു മാണിക്യമാണ് കുട്ടീ…” അവർ പഴയ കാര്യങ്ങൾ ഓർത്ത് അൽപനേരം നിശ്ശബ്ദയായി. എന്നിട്ട് പറഞ്ഞു “വൈകിട്ട് നമുക്ക് പുറത്ത് പോകാം. അപ്പോൾ പറയാം എല്ലാം.”

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു ആന്‍റി. ഒഴിഞ്ഞു നിൽക്കാൻ വയ്യാത്തതുകൊണ്ട് നന്ദനയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു.

“ആന്‍റിക്ക് എന്താവും പറയാനുള്ളത്. അരുൺ തന്നെ കാണാനാണ് ഇവിടെ വന്നതത്രേ… എങ്കിൽ… ” അവളുടെ ചിന്തകൾ കടിഞ്ഞാണില്ലാതെ പാഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ അരുൺ ചോദിച്ചു. “നന്ദനയ്ക്ക് കൊച്ചി ഇഷ്ടമായോ?”

അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.

അപ്പോൾ സുമതിയന്‍റി പറഞ്ഞു, “വൈകിട്ട് നമുക്കെല്ലാവർക്കും പുറത്തു പോകാം. അരുണിന് അൽപം ഷോപ്പിംഗ് ഉണ്ട്. പിന്നെ കാറ്റുകൊള്ളുകയുമാവാം. എന്തൊരു ചൂടാണിപ്പോൾ…”

വൈകിട്ട് കാറിൽ എല്ലാവരുമായി സിറ്റിയിലേക്ക് വന്നു. രഞ്ജിത്തും അരുണും ഷോപ്പിംഗിന് മെൻസ് ഷോപ്പിൽ കയറി, കൂടെ മാഷും. ഈ സമയം സുമതിയാന്‍റി പറഞ്ഞു, “ഞങ്ങൾ മറൈൻ ഡ്രൈവിൽ ഉണ്ടാവും. ഷോപ്പിംഗ് കഴിഞ്ഞ് അങ്ങോട്ട് വാ…”

വൈകിട്ടായാലും ചൂടിന് ഒരുകുറവുമില്ല. എങ്കിലും നല്ല കാറ്റുണ്ടായിരുന്നതിനാൽ ആശ്വാസം തോന്നി. തിരക്കൊഴിഞ്ഞ ഒരു ബെഞ്ചിൽ ആന്‍റി ഇരുന്നു. നന്ദന എതിർവശത്തെ ഭിത്തിയിൽ ചാരിയിരുന്നു.

“മോളേ… ഞാൻ ചില കാര്യങ്ങൾ നിന്നോട് പറയണമെന്ന് കരുതിയിട്ട് കുറച്ചു ദിവസമായി. അരുണിനെ കുറിച്ചുള്ള നിന്‍റെ തെറ്റിധാരണകൾ മാറ്റാൻ സമയമായി.” മുഖവുരയില്ലാതെ സുമതിയാന്‍റി പറഞ്ഞുതുടങ്ങി.

“അരുണിന്‍റെ അച്ഛനും അമ്മയും ഒരു ആക്സിഡന്‍റിൽ മരിച്ചുപോയി എന്ന് നിനക്ക് അറിയാമല്ലോ. ആ സമയത്ത് അവന് നാല് വയസ്സ് കാണും. അന്ന് ഞങ്ങൾ ചെന്നൈയിലായിരുന്നു. അരുണിന്‍റെ അച്ഛൻ വെങ്കിടാചലവും ഞങ്ങളും അടുത്തടുത്ത ഫ്ലാറ്റിലാണ് താമസം. വെങ്കിടിയുടെ സഹപ്രവർത്തകനായിരുന്നു ഹരിഹരൻ. അയാളുമായി അരുണിന്‍റെ അച്ഛന് നല്ല സൗഹൃദമുണ്ടായിരുന്നു. വെങ്കിടിയുടെ മരണശേഷം ഹരിഹരൻ കുട്ടിയെ മകനായി വളർത്തി. അവന് അവർ വേണ്ടതെല്ലാം നൽകി. സ്നേഹം, ബന്ധുക്കൾ, ഉന്നത വിദ്യാഭ്യാസം, അങ്ങനെയെല്ലാം…”

ഒന്നു നിർത്തിയശേഷം സുമതിയാന്‍റി തുടർന്നു, “ഹാ… കുറച്ചു വർഷം മുമ്പ് ഹരിഹരൻ മരിച്ചു. അർബുദമായിരുന്നു.”

നന്ദന ചോദ്യഭാവത്തിൽ നോക്കി. “ അപ്പോൾ അരുൺ പോയ ശേഷമാണ് മരണം സംഭവിച്ചതെന്നോ?”

“അതേ മോളേ… ഹരിഹരന് അസുഖമുണ്ടെന്നറിഞ്ഞത് വളരെ വൈകിയാണ്. അയാളുടെ ഒരേയൊരു മകൾ സീമ അനാഥയാകുമായിരുന്നു. അതുണ്ടാകാതെ സഹായിച്ചത് അരുണാണ്.”

നന്ദനയ്ക്ക് കാര്യങ്ങൾ മെല്ലെ മനസ്സിലായിത്തുടങ്ങി. “ പക്ഷേ ആന്‍റി എങ്ങനെ എന്നെക്കുറിച്ചറിഞ്ഞു?” അവൾ ചോദിച്ചു.

“ഹരിഹരന് സുഖമില്ലാതെ ആശുപത്രിക്കിടക്കിലായിരുന്നപ്പോൾ ശേഖരൻ മാഷും അരുണുമാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തിയത്. മകളെക്കുറിച്ചായിരുന്നു ഹരിഹന്‍റെ ഏറ്റവും വലിയ ദുഖം. സീമയെ എത്രയും വേഗം വിവാഹം കഴിപ്പിക്കണം. അതിന് അരുണിനെയാണ് അദ്ദേഹം വരനായി കണ്ടു വച്ചത്. അവർ ഒരിക്കലും പിരിയരുതെന്ന് അദ്ദേഹം ആശിച്ചു. പക്ഷേ… വിവാഹക്കാര്യമറിഞ്ഞ് അരുൺ അമ്പരന്നു. അവൻ ദുഖിതനായി ശേഖരൻ മാഷിനോട് മനസ്സ് തുറന്നു. അങ്ങനെയാണ് ഞങ്ങൾ നിന്നെക്കുറിച്ചറിയുന്നത്. പക്ഷേ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാൻ കാത്തു നിൽക്കാതെ ഹരിഹരൻ യാത്ര പറയുന്ന ഘട്ടമെത്തിയപ്പോൾ സീമയെ വിവാഹം ചെയ്യാൻ അരുൺ നിർബന്ധിതനായി.

ഹരിഹന്‍റെ ആഗ്രഹത്തിന് എങ്ങനെ എതിരു നിൽക്കാനാണ് ആ പാവം. ആ ജീവിതം പോലും അദ്ദേഹം നൽകിയ ദാനമാണ്. മരണക്കിടക്കയിൽ ആ മനുഷ്യൻ മകൾക്കു വേണ്ടി യാചിക്കുന്നു. സ്വന്തം ആഗ്രഹങ്ങൾ ഒളിച്ചുവച്ച് പുതിയൊരു നാടകം ആടുകയാല്ലാതെ എന്തു ചെയ്യാൻ… അതുവരെ സീമയെ തന്‍റെ സഹോദരീ സ്ഥാനത്താണ് അരുൺ കണ്ടിരുന്നത്. പക്ഷേ അവൾ അങ്ങനെയല്ലായിരുന്നു. അതറിഞ്ഞതോടെ ഞങ്ങളും നിരാശരായി.

വിവാഹത്തിൽ നിന്നൊഴിയാൻ അവളുടെ സഹായം തേടാമെന്ന ചിന്തയും അതോടെ അസ്തമിച്ചു. ഹരിഹരന്‍റെ ഭാര്യ അഞ്ചു വർഷം മുമ്പ് മരിച്ചിരുന്നു. തികച്ചും അനാഥയായ ആ പെൺകുട്ടിയെക്കുറിച്ചോർത്തപ്പോൾ ഞങ്ങൾക്ക് എന്തു ചെയ്യണമെന്നറിയാതെയായി. എന്നിട്ടും അരുണിന്‍റെ വിഷമം കണ്ട് രണ്ടും കൽപിച്ച് ഹരിഹരനോടോ സീമയോടോ നിന്‍റെ കാര്യം പറയാൻ ശേഖരൻ മാഷ് തയ്യാറായി.”

പക്ഷേ അരുൺ തടഞ്ഞു “വേണ്ട അങ്കിൾ… അദ്ദേഹം നൽകിയ ജീവിതത്തിന് സ്വന്തം ജീവിതം കൊണ്ട് തന്നെ പ്രതിഫലം നൽകേണ്ടേ ഞാൻ?”

“അവൻ ചോദിച്ചത് അങ്ങനെയാണ്. ഹരിഹരന്‍റെ മരണത്തിന് മുമ്പു തന്നെ അരുൺ സീമയെ വിവാഹം ചെയ്തു. പിന്നീട് അവന്‍റെ ജീവിതം അവളെ സന്തോഷിപ്പിക്കാൻ മാത്രമായിരുന്നു. മാതാപിതാക്കളില്ലാത്തതിന്‍റെ കുറവ് അവൾക്കുണ്ടാകരുതെന്ന് അരുൺ അതിയായി ആഗ്രഹിച്ചു.

സങ്കടമുണ്ടായിരുന്നു അവന്. പക്ഷേ അതിന്‍റെ പേരിൽ സീമയോടുള്ള സ്നേഹം കുറയരുതെന്ന് അവൻ ചിന്തിച്ചു. പക്ഷേ വിധിയുടെ ക്രൂരത തുടർന്നു കൊണ്ടേയിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു മാസം കഴിഞ്ഞപ്പോഴാണ് ആ ദുരന്തം.

ഒരു ദിവസം വൈകിട്ട് മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്നു സീമ. എതിരെ വന്ന ട്രക്കാണ് മരണദൂതനായത്. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സംഭവസ്ഥലത്ത് വച്ചു തന്നെ അവൾ മരണമടഞ്ഞു. ജീവിതത്തിൽ അവൻ വീണ്ടും ഏകനായി. കഴിഞ്ഞ കുറേ നാളുകളായി നീറിനീറിക്കഴിയുകയായിരുന്നു അരുൺ.”

നന്ദന മരവിച്ചിരുന്നു. ഇത്രയും വലിയ ട്രാജഡിയാണ് ആ ജീവിതമെന്ന് തനിക്കറിയില്ലായിരുന്നു. അറിയാൻ താൻ ശ്രമിച്ചുമില്ല. അരുണിനോട് എത്ര ക്രൂരമായിട്ടാണ് താൻ പെരുമാറിയത് എന്നോർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

(തുടരും)

മറൈൻഡ്രൈവിലെ കാറ്റ് ഭാഗം- 4

ബാങ്കിലേയ്ക്ക് പോകാൻ റെഡിയായി പുറത്തേക്കിറങ്ങുമ്പോഴാണ് സുമതിയാന്‍റിയുടെ കാര്യമോർത്തത്. ഇന്ന് ആന്‍റിയെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചതേയുള്ളൂ, ഒരു പിടി വെളുത്ത റോസാപ്പൂക്കളുമായി അതിലും വെണ്മയുള്ള ചിരിയോടെയാണ് അവരുടെ വരവ്. പൂക്കൾ നന്ദനയ്ക്ക് നേരെ നീട്ടി അവർ ജന്മദിനാശംസകൾ നേർന്നു.

നന്ദന ശരിക്കും ഞെട്ടിപ്പോയി. തന്‍റെ ബെർത്ത്ഡേയാണെന്ന് ആന്‍റി ഓർമ്മിച്ചുവച്ചിരിക്കുന്നു. അതിലേറെ അവളെ അമ്പരിപ്പിച്ചത് ആ വെളുത്ത റോസാപ്പുക്കളാണ്. അരുണിന് മാത്രമറിയാവുന്ന തന്‍റെ ഇഷ്ടം! അതെങ്ങനെ ആന്‍റി അറിഞ്ഞു?

എന്‍റെ അമ്പരപ്പ് ചിരിയോടെ നോക്കി നിൽക്കുകയാണ് ആന്‍റി. “മോളേ… നിനക്ക് വെളുത്ത റോസാപ്പൂക്കൾ ഇഷ്ടമാണെന്ന് അമ്മയാണ് പറഞ്ഞത്.”

അവൾ സ്നേഹത്തോടെ സുമതിയാന്‍റിയുടെ ചുമലിൽ വട്ടം പിടിച്ചു എന്നിട്ട് കൈകളിൽ ചുംബിച്ചു.

ഓഫീസിലേക്കു പോകാൻ നേരം പതിവുപോലെ അവർ ഗേറ്റുവരെ വന്നു. അനുകമ്പയും വാത്സല്യവും നിറഞ്ഞ മുഖത്ത് നിഗൂഢമായ ചിരിയുടെ സ്പന്ദനം. എല്ലാം തന്‍റെ തോന്നലാവും… നന്ദന അക്കാര്യം അപ്പോഴേ വിട്ടു.

വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ നല്ല റവ പായസം ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു സുമതിയാന്‍റി. രണ്ട് കപ്പ് പായസവുമായി നന്ദന ശേഖരൻ മാഷിന്‍റെ അടുത്തേക്ക് ചെന്നു.

മാഷ് ഇപ്പോൾ നല്ല സന്തോഷത്തിലാണ്. സ്കൂളിൽ നിറയെ കുട്ടികളായി. മൂന്ന് വർഷം മുമ്പ് രണ്ടുപേർക്കു മാത്രമായി തുടങ്ങിയ സൗജന്യ പഠനകേന്ദ്രം, ഇന്ന് 152 കുട്ടികളുണ്ട്.

സ്കൂളിലെ പഠിപ്പിക്കലും മറ്റുമൊക്കെ മാഷിനു തന്നെ കൈകാര്യം ചെയ്യാൻ പ്രയാസമായിരിക്കുന്നു. കുട്ടികൾക്ക് രണ്ടു നേരത്തെ ഭക്ഷണം കൊടുക്കാൻ മൂന്ന് ആയമാരുണ്ട്. ഇനി രണ്ട് ടീച്ചേഴ്സ് കൂടി വേണം.

മാഷ് ഇതേക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോഴാണ് ഫോൺബെൽ മുഴങ്ങിയത്. ചുറുചുറുക്കോടെ എഴുന്നേറ്റ് ഫോൺ അറ്റന്‍റ് ചെയ്ത അങ്കിൾ പെട്ടെന്ന് നിശബ്ദനായി. അങ്ങേത്തലയ്ക്കൽ നിന്നുള്ള പ്രതികരണം അദ്ദേഹത്തെ പ്രകോപിച്ചിട്ടെന്നപോലെ റിസീവർ താഴെക്കെറിഞ്ഞു. എന്നിട്ട് അമർത്തിച്ചവിട്ടി കസേരയിൽ വന്നിരുന്നു.

ഇതെല്ലാം കണ്ടപ്പോൾ നന്ദനയും സുമതിയാന്‍റിയും പരിഭ്രമിച്ചു.

“സുമം… ഇങ്ങോട്ട് വിളിക്കരുതെന്ന് നീ അവനോട് പറഞ്ഞിട്ടില്ലേ…”

ആ ദേഷ്യം കണ്ടപ്പോഴേ സുമതിയമ്മയ്ക്ക് തോന്നിയിരുന്നു രഞ്ജിത്താവും ഫോണിലെന്ന്. നന്ദന ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവർ മെല്ലെപ്പറഞ്ഞു “രഞ്ജിത്താണ് മോളേ…”

“പത്തു വർഷം മുമ്പ് നമ്മെ ഉപേക്ഷിച്ചു പോയവനല്ലേ… മോൾ മരിച്ചിട്ടുകൂടി തിരിഞ്ഞു നോക്കാത്തവൻ. അവനെ എനിക്ക് വേണ്ട. തോന്നുമ്പോൾ കറി വരാനും ഇറങ്ങാനും ഇത് സത്രമാണെന്ന് അവൻ കരുതിയോ…”

ശേഖരൻ മാഷിന്‍റെ ക്ഷോഭം അടങ്ങിയിട്ടില്ല. “ഞാൻ മരിച്ചാൽ അവനെന്‍റെ ചിതയ്ക്കുപോലും തീ വയ്ക്കണ്ട. എന്‍റെ ഈ മക്കൾ ചെയ്തോളും…” സ്കൂളിനു നേരെ കൈ ചൂണ്ടി അദ്ദേഹം തുടർന്നു.

സുമതിയമ്മ ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്‍റെ ക്ഷോഭം അതിഭയങ്കരമായ സങ്കടത്തിൽ നിന്നാണെന്ന് അവർക്കറിയാം. അവർ അദ്ദേഹത്തെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി. ടെൻഷൻ കുറയ്ക്കാനും ഉറങ്ങാനുമുള്ള ഗുളിക ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതെടുത്തു കൊടുത്തു. 10 മിനിട്ടിനകം ഉറക്കമാവുകയും ചെയ്തു.

ഒരു കൊച്ചുകുഞ്ഞിന്‍റെ വാശി മുഖത്ത് നിറച്ച് അദ്ദേഹം ഉറങ്ങുന്നത് അവർ നിറമിഴികളോടെ അൽപനേരം നോക്കി നിന്നു.

“മക്കൾ തെറ്റ് ചെയ്താൽ അച്ഛനമ്മമാർ ക്ഷമിക്കണം.” അവരുടെ നിലപാട് അതാണ്. നന്ദന സുമതിയമ്മയെ ആശ്വസിപ്പിച്ചു. “ എല്ലാം ശരിയാവും ആന്‍റീ, നോക്ക്… അങ്കിൾ രഞ്ജിത്തിനെ സ്വീകരിക്കും. എനിക്കുറപ്പാണ്.”

പിറ്റേന്ന് അവധിയായിരുന്നു. രാവിലെ ശേഖരൻമാഷ് അൽപം വൈകിയാണ് ഉണർന്നത്. അദ്ദേഹം പൂമുഖത്തെ കസേരയിൽ ഇരിക്കുന്നതു കണ്ട് നന്ദന ചായയുമായി അടുത്തേക്ക് ചെന്നു. അവൾ പതിവുപോലെ നിലത്തിരുന്ന് പത്രം കൈയിലെടുത്ത് മറിച്ചു നോക്കി. പക്ഷേ ഒളികണ്ണിട്ട് മാഷിന്‍റെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു ലക്ഷ്യം.

മനസ്സ് ഇപ്പോഴും ശാന്തമല്ലെന്ന് തെളിയിക്കുന്നുണ്ടായിരുന്നു ആ മുഖം. നന്ദന മുഖവരയൊന്നുമില്ലാതെ ചോദിച്ചു. “മാപ്പ് നൽകിക്കൂടേ..”

ആദ്യം കേട്ടതായി ഭാവിച്ചില്ലെങ്കിലും അൽപസമയത്തിനുശേഷം ആദ്ദേഹം ദൈന്യതയാർന്ന മിഴികളോടെ അവളെ നോക്കി. മകൻ തിരിച്ചുവരണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടെന്ന് ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു.

ആ സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.

ശേഖരൻ മാഷ് സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുക ആയായിരുന്നു. അപ്പോഴാണ് അടുത്ത മഹാസംഭവം. രഞ്ജിത്ത് വീട്ടിലേയ്ക്ക് മടങ്ങി വന്നു. പത്തു വർഷം മുമ്പ് വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോയ മകൻ, ന്യൂയോർക്കിലായിരുന്നു ഭാര്യയും കുട്ടികളുമായി. സുമതിയമ്മയ്ക്ക് മകനെ സ്വീകരിക്കാതിരിക്കാനായില്ല. അവർ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആന്‍റി നന്ദനയെ ഉടനെ ഫോണിൽ വിളിച്ചു.

“മോളേ, വേഗം വരുമോ… അത്യാവശ്യമുണ്ട്…”

“എന്താ ആന്‍റീ…”

“അത്… രഞ്ജിത് വന്നിട്ടുണ്ട്. എനിക്കാകെ ഭയമാകുന്നു… മാഷ്….”

സംഗതിയുടെ ഗൗരവം മനസ്സിലായി നന്ദനയ്ക്ക്. അവൾ ഹാഫ്ഡേ ലീവ് എഴുതി വീട്ടിൽ വരുമ്പോൾ രഞ്ജിത് വീടിനു പുറത്ത് സിറ്റൗട്ടിൽ ഇരിക്കുകയാണ്. ലഗേജുകളുണ്ട്.

ശേഖരൻ മാഷ് അറിഞ്ഞു, മകന്‍റെ വരവ്. അച്ഛനെ കണ്ട് അയാൾ കാൽക്കൽ വീണ് മാപ്പു ചോദിച്ചു.

“എന്നെ ശിക്ഷിച്ചോളൂ… പക്ഷേ ഇങ്ങനെ അവഗണിക്കല്ലേ അച്ഛാ…” അയാൾ ഖിന്നതയോടെ വിതുമ്പി. മാഷ് ശില കണക്കേ നിന്നതേയുള്ളൂ.

“ഞാൻ സ്വാർത്ഥനായി ജീവിക്കുകയായിരുന്നു ഇതുവരെ. അതിന്‍റെ ശിക്ഷ ഞാൻ അനുഭവിക്കുന്നു. എന്‍റെ കൂട്ടുകാർ എന്നെ ചതിച്ചു. ഭാര്യയും മക്കളും ഉപേക്ഷിച്ചു. ശരിക്കും ഞാനരൊനാഥനായി….” അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

“ഇനി എനിക്കവിടെ കഴിയാൻ ഇഷ്ടമല്ല. ഞാൻ ഇവിടെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കും. എനിക്ക് സ്വയം തിരുത്താൻ ഒരവസരം തരൂ…” രഞ്ജിത് കെഞ്ചി.

ഇത്രയും നേരം നിശ്സബ്ദനായി രോഷമടക്കി നിന്ന നിന്ന ശേഖരൻ മാഷ് പൊട്ടിത്തെറിച്ചു.

“നിനക്ക് മാപ്പ് തരുന്നതെന്തിനാ… ഇത്രയും കാലം ഞങ്ങൾ ജീവിച്ചോ മരിച്ചോ എന്ന് ചിന്തിച്ചിരുന്നോ നീ. പെങ്ങൾ മരിച്ചിട്ടും തിരിഞ്ഞു നോക്കാത്തവൻ” മാഷിന്‍റെ മുഖത്ത് വെറുപ്പും സങ്കടവും തിങ്ങി.

“ഇപ്പോ എല്ലാത്തിനും തുണയായി ഒരു പെൺകുട്ടി ഇവിടുണ്ട്. ജീവിതം തോറ്റുകൊടുക്കാനുള്ളതല്ല എന്ന് ഇവൾ ഞങ്ങളെ മനസ്സിലാക്കിച്ചു. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോഴേ ജീവിതം ജീവിതമാക്കൂ.”

മാഷ് വാത്സല്യപൂർവ്വം നന്ദനയുടെ ശിരസിൽ കൈവച്ചു. അദ്ദേഹം അൽപം ശാന്തനായി എന്ന് നന്ദനയ്ക്ക് തോന്നി.

“നിന്‍റെ ഏട്ടൻ ഞങ്ങളെ നോക്കിയില്ലായിരുന്നെങ്കിൽ ഈ ജീവിതം എന്നേ അവസാനിപ്പിച്ചേനേ… ദത്തുപുത്രനായിട്ടും അവൻ ഞങ്ങളെ സ്നേഹിച്ചു. ഒരു മകൻ സ്നേഹിക്കുന്നതിലുപരി. അവൻ ഫോൺ വിളിച്ച് നിന്‍റെ കാര്യം പറഞ്ഞതുകൊണ്ടു മാത്രം നിന്നെ ഇവിടെ കയറ്റുന്നു. അല്ലെങ്കിൽ പടിക്ക് പുറത്താ നിന്‍റെ സ്ഥാനം.”

മാഷ് ക്ഷമിച്ചെന്നറിഞ്ഞപ്പോൾ സുമതിയമ്മ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. നന്ദനയ്ക്കും സന്തോഷമായി. താൻ കാണാത്ത ആ വളർത്തുമകനോട് അവൾക്ക് ആദരവ് തോന്നി.

രാത്രിയിൽ സുമതിയമ്മ കുറേനേരം നന്ദനയുടെ മുറിയിൽ വന്നിരുന്നു. രഞ്ജിത്തിന്‍റെ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞതൊക്കെ കേട്ടിരുന്നു. പക്ഷേ വളർത്തു മകനെക്കുറിച്ച് ചോദിച്ചപ്പോൾ സുമതിയാന്‍റി വിഷയം മാറ്റി. അക്കാര്യം വെളിപ്പെടുത്താൻ അവർക്കിഷ്ടമില്ലെന്നു മനസ്സിലായപ്പോൾ അവൾ കൂടതലൊന്നും സംസാരിച്ചില്ല.

രഞ്ജിത് നല്ല മനുഷ്യനാണെന്ന് നന്ദനയ്ക്ക് തോന്നി. പിറ്റേന്ന് ശേഖരൻ മാഷ് സ്കൂളിൽ പഠിപ്പിക്കുമ്പോൾ രഞ്ജിത് ആയമാർക്കൊപ്പം ഭക്ഷണം വിളമ്പാൻ തയ്യാറായി. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ച സാഫല്യത്തോടെയായിരുന്നു അയാളുടെ പെരുമാറ്റം.

വീണ്ടും ഒരു ഞായർ കൂടി കടന്നെത്തി. സുമതിയമ്മ അടുക്കളയിൽ തിരക്കുപിടിച്ച് ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കുന്നു.

നന്ദന ഉറക്കമുണർന്ന് ഡ്രോയിംഗ് റൂമിലെത്തുമ്പോൾ ശേഖരൻ മാഷ് ഉന്മേഷവാനായി അങ്ങോട്ടുമിങ്ങും നടക്കുന്നു. മുഖം നിറയെ ആകാംഷ. ഇടയ്ക്കിടെ ക്ലോക്കിൽ നോക്കുന്നുണ്ട്.

നന്ദന അദ്ഭുതത്തോടെ എല്ലാം നോക്കി നിന്നു. എന്തു മാറ്റമാണ് എല്ലാവർക്കും. ഈ സമയം സുമതിയാന്‍റി ചെറിയ ചിരിയോടെ അവളെ കടന്നുപോയി. അപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത്.

“മോൾ പോയി നോക്കൂ…” മാഷ് പറഞ്ഞപ്പോൾ നന്ദന വേഗം വാതിൽ തുറന്നു. അവൾ ഞെട്ടിത്തരിച്ചു. അരുൺ…

(തുടരും)

മറൈൻഡ്രൈവിലെ കാറ്റ് ഭാഗം- 3

ഉള്ളിൽ ഉരുകി നിറയുന്ന സങ്കടം കണ്ണിലൂടെ അരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ നന്ദന ആർക്കും മുഖം കൊടുക്കാതെ ബാത്ത്റൂമിലേയ്ക്ക് നടന്നു.

അരുൺ വിവാഹിതനായി മടങ്ങി വന്നിരിക്കുന്നു. താനുമായുള്ള വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാമെന്ന് പറഞ്ഞുപോയ ആൾ… എത്ര വലിയ വിശ്വാസവഞ്ചനയാണ് തന്നോട് ചെയ്തത്. പത്ത് മിനിട്ട് മുമ്പ് ഓഫീസിലുണ്ടയ ആ സംസാരം ഒരു സ്ഫോടനമായി കാതിൽ മുഴങ്ങുന്നുണ്ട്.

അരുണിനെ മനസ്സിലാക്കാൻ തനിക്ക് കഴിയാത്തതാണോ? വെറും അഭിനയമായിരുന്നോ, ആ സ്നേഹവും. മുഖം നന്നായി കുഴുകിത്തുടച്ച് നന്ദന സീറ്റിൽ വന്നിരുന്നു. ഓഫീസിൽ മറ്റാർക്കുമറിയില്ല അവരുടെ ബന്ധം. അതുകൊണ്ട് അപകടകരമായ നോട്ടങ്ങളെ നേരിടേണ്ടി വന്നില്ല നന്ദനയ്ക്ക്. പക്ഷേ അവളുടെ ചേതനാശൂന്യമായ കണ്ണുകളെ നേരിടാൻ കഴിയാതെ അന്നു മുഴുവൻ അരുൺദേവ് ക്യാബിനിൽ തന്നെ കഴിച്ചുകൂട്ടി.

ഈ അവസ്ഥയിൽ നന്ദനയ്ക്കും അയാളെ ഫേസ് ചെയ്യാൻ പ്രയാസം തോന്നി. “ഒരു വാക്ക് എന്നോട് പറഞ്ഞാൽ മതിയായിരുന്നല്ലോ… നിന്നെ വിവാഹം ചെയ്യാൻ കഴിയില്ല എന്ന്…” അത് താൻ അംഗീകരിക്കുമായിരുന്നു. ഇത്രയുമൊക്കെയെത്തിയിട്ട് ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ തീരുമാനിക്കാൻ എന്താണുണ്ടായത്? ആ ചോദ്യം തുടരെത്തുടരെ അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.

വൈകിട്ട് ഒരാഴ്ചത്തെ അവധിയെഴുതിക്കൊടുക്കാൻ ചെന്നപ്പോൾ റോഷൻ സാർ ചോദ്യഭാവത്തിൽ നോക്കി. പെട്ടെന്ന് മനസ്സിൽ തോന്നിയ കള്ളം പറഞ്ഞ് തടിതപ്പി.

“അമ്മയ്ക്ക് സുഖമില്ല.” അവൾക്കപ്പോൾ കള്ളം പറഞ്ഞതിൽ തെല്ലും കുറ്റബോധം തോന്നിയില്ല. മനസ്സിൽ ഒരു വികാരവും തോന്നാത്ത പോലെ.

ഹോസ്റ്റലിലെത്തി മുറിയിൽ വാതിലടച്ച് കിടന്നു. കരയാൻപോലും തോന്നുന്നില്ല. ഒരു ശൂന്യതാബോധം മാത്രം ചിന്തിയിലും നിഴലിട്ടു.

അരുൺ വിവാഹിതനായി. ഇനി അയാൾ മറ്റൊരു പെണ്ണിന്‍റെ സ്വന്തമാണ്. നമുക്ക് സ്വന്തമാക്കാനാവാത്ത ഒരു വസ്തുവിനെക്കുറിച്ചോർത്ത് ദുഖിക്കുന്നതെന്തിന്? എവിടെയോ വായിച്ച ഈ വാചകം അവൾക്കപ്പോൾ ഓർമ്മ വന്നു.

വ്യർത്ഥമായ പ്രണയത്തെക്കുറിച്ചോർത്ത് ജന്മം പാഴാക്കരുത്. മനസ്സ് കഠിനമായി അവളെ ഉപദേശിക്കാൻ തുടങ്ങി. ഇത്തരം ഒരു പ്രശ്നത്തിൽ തളരാനോ? ഇതിലും വലിയ സങ്കീർണ്ണതകളിലൂടെ ജീവിച്ചവളല്ലേ താൻ. നന്ദന ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു കണ്ണുകൾ തുടച്ചു.

ഒരാഴ്ചത്തെ അവധിക്കു ശേഷം ഓഫീസിലെത്തുമ്പോൾ അവൾക്ക് ആരെയും നേരിടാൻ ഒരു വിഷമവും തോന്നിയില്ല. വർദ്ധിച്ച അതമവിശ്വസത്തടെ ആയിരുന്നു നന്ദനയുടെ പെരുമാറ്റം.

ഒരു ഭീരുവിനെ സ്നേഹിച്ചതിന്  ഇത്രയും വേദനയോക്കെ സഹിച്ചാൽ പോരേ…? അവൾ എപ്പോഴും അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നു. അരുൺദേവ് ക്യാബിനിലുണ്ടായിരുന്നു. ഫയൽ ഒപ്പിടുവിക്കാൻ അവിടെ ചെന്നപ്പോൾ അവൾ അയാളെ ശ്രദ്ധിച്ചു. നാളുകളായി ഏതോ ദീനം ബാധിച്ചപോലെയാണ് ഭാവം. എല്ലാം അഭിനയമാണ്. നന്ദനയ്ക്ക് വെറുപ്പു തോന്നി. അയാൾ അവളുടെ കണ്ണുകളിൽ നോക്കാതെ ഫയൽ വാങ്ങി ഒപ്പിട്ട് തിരിച്ചു കൊടുത്തു.

ഡിപ്പാർട്ടുമെന്‍റൽ പരീക്ഷ ആദ്യ പ്രാവശ്യം തന്നെ ജയിച്ചതിനാൽ ആദ്യത്തെ പ്രമോൻ ലിസ്റ്റിൽ നന്ദനയുടെ പേരും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഓർഡർ വരും. മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ നൽകിയിരുന്നെങ്കിൽ… ഇന്ന് മാനേജരോട് സംസാരിച്ചു നോക്കണം. അവൾ ക്യാബിനിലേയ്ക്ക് കടന്ന് ബാഗ് വയ്ക്കാൻ മേശ വലിപ്പ് തുറന്നു. പരിചയമുള്ള കൈയക്ഷരത്തിലെ ഒരു കുറിപ്പ്. അവൾ അതെടുത്ത് വായിച്ചു.

‘ഞാൻ തെറ്റു ചെയ്തു. എന്നോട് വെറുപ്പാണെന്നറിയാം. എങ്കിലും എന്‍റെ പ്രവൃത്തിയെ ഞാൻ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ല. നീ തരുന്ന എന്തു ശിക്ഷയും ഞാൻ സ്വീകരിക്കും.’ അരുൺ.

കുറിപ്പ് വായിച്ചപ്പോൾ അവൾക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. ദേഷ്യം സങ്കടത്തിലേയ്ക്ക് വഴിമാറാൻ അൽപനേരമേ വേണ്ടൂ… അവൾ ആ കുറിപ്പ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിഞ്ഞു.

അരുണിന്‍റെ കുറ്റസമ്മതം. അതിന് ഞാനെന്തിന് മറുപടി നൽകണം.? തന്‍റെ സാന്നിദ്ധ്യമാണ് ഇപ്പോൾ അരുണിന്‍റെ പ്രശ്നം. അതുകൊണ്ടാണീ കുറ്റസമ്മതം. ഇനി കൂടുതൽ ഇടപെടലിന് അവസരം കൊടുത്തുകൂടാ.

ഓഫീസിൽ വളരെ തിരക്കുണ്ടായിരുന്നു. എന്നിട്ടും അന്യതാബോധം അവളെ വല്ലാതെയലട്ടി. രക്ഷപെടണം, ഉടൻ എങ്ങോട്ടെങ്കിലും.

സ്ഥലം മാറ്റത്തിനുള്ള കത്ത് റെഡിയാക്കി നന്ദന തിരക്കിട്ട് മേലധികാരിക്ക് സമർപ്പിച്ചു. കൂടെ രണ്ടാഴ്ചത്തെ ലീവും. പതിവു കള്ളം വീണ്ടും ആവർത്തിച്ചു. അമ്മയ്ക്ക് സുഖമില്ല. ഇപ്രാവശ്യം അവൾക്ക് തെല്ല് ആത്മനിന്ദ തോന്നാതിരുന്നില്ല.

ഹോസ്റ്റലിൽ ചെന്നപ്പോൾ മേട്രന് എന്നാണ് പോകുന്നതെന്നറിയണം. പുതിയ ആളെ പ്രവേശിപ്പിക്കാനാണ്.

“ലീവെടുത്തിട്ട് കുട്ടി വീട്ടിൽ പോകുന്നില്ലേ…” അവർ ചോദിച്ചു. നന്ദന ഇല്ല എന്നർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.

വീട്….

അവിടേയ്ക്ക് എങ്ങനെ പോകും? അമ്മയുടെ ഭയവിഹ്വലമായ മുഖം കാണാനോ? ആ ചോദ്യങ്ങളെ നേരിടാനോ? അരുണിനെക്കുറിച്ച് ചോദിച്ചാൽ എന്തുപറയും?

അന്ന് അരുൺ വീട്ടിൽ വന്നപ്പോൾ ഇളയപ്പൻ വീട്ടിൽ ഇല്ലായിരുന്നു. ആ സമയം അമ്മ തിരഞ്ഞെടുത്തതാണ്. ഭാര്യയുടെ ആദ്യഭർത്താവിലെ മകളോട് ഒട്ടും ദാക്ഷിണ്യമില്ല അയാൾക്ക്. വിവാഹമോചനും നേടി അച്ഛനും അമ്മയും രണ്ടു ജീവിതം തെരഞ്ഞെടുത്തപ്പോൾ ഒറ്റപ്പെട്ടു പോയത് താനാണ്.

അമ്മ ഓഫീസിലെ സഹപ്രവർത്തകനെ വിവാഹം ചെയ്തു. അദ്ദേഹത്തിന് ആദ്യഭാര്യയിൽ ഒരു മകളുണ്ട്. കവിത. അതുകൊണ്ട് ഇളയപ്പന് തന്നെ ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരു ഭാരം എന്നാണ് എപ്പോഴും തന്നെക്കുറിച്ച് പറയുക. കേട്ടുകേട്ടു മടുത്തപ്പോൾ ഒരിക്കൽ തിരിച്ചു മറുപടി പറഞ്ഞുപോയി. അന്ന് അയാൾ ദേഷ്യത്തിൽ പിടിച്ചു തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ച് മുറിഞ്ഞു. അതു കണ്ടിട്ട് അമ്മ കരഞ്ഞതല്ലാതെ എന്‍റെ പക്ഷം പിടിച്ച് ഒന്നു സംസാരിക്കാൻ പോലും തയ്യാറായില്ല. ആ സംഭവത്തിനു ശേഷം വീട്ടിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.

എങ്ങനെയും വീട്ടിൽ നിന്ന് രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. വാശിയോടെ പഠിച്ചതിനാൽ ബാങ്ക് ടെസ്റ്റ് പാസായി. മനസ്സ് ആശിച്ചതുപോലെ കാര്യങ്ങൾ നടന്നു. ജോലി ശരിയായി ജയ്പൂരിൽ നിന്ന് പോസ്റ്റിംഗ് ഓർഡർ വന്നതിന്‍റെ പിറ്റേന്ന് വീട്ടിൽ നിന്നിറങ്ങിയതാണ്. വല്ലപ്പോഴും അമ്മയെ പോയി കാണുന്നതൊഴിച്ചാൽ ആ വീടുമായി യാതൊരു ബന്ധവുമില്ല. അമ്മയ്ക്ക് തന്‍റെ ഒപ്പം വരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവർക്ക് ഇളയപ്പനെ ഭയമായിരുന്നു. സ്വന്തം അമ്മ മറ്റൊരാളുടെ പത്നിയായാൽ പിന്നെ എന്തു ബന്ധം.

“അവൾക്ക് വരുമാനമുണ്ടല്ലോ, പിന്നെ ഹോസ്റ്റലിൽ നിൽക്കുന്നതിലെന്താ?” ജോലി കിട്ടിയപ്പോൾ ഇളയപ്പന്‍റെ പ്രതികരണം അങ്ങനെയായിരുന്നു. എന്തായാലും ആർക്കും ബാധ്യതയാവാതെ ഹോസ്റ്റലിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. ജയ്പൂരിൽ തരക്കേടില്ലാത്ത അക്കോമഡേഷൻ ലഭിക്കുന്ന ഹോസ്റ്റലുകളുണ്ട്.

ബാങ്ക് ജോലിയോടെ പണവും പോസിഷനും കൈവന്നു. പക്ഷേ സ്നേഹം അനുഭവിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സിലേക്ക് അരുൺ കുടിയേറിപ്പാർത്തത് താൻ പോലുമറിയാതെ. എന്നിട്ടും ജീവിത്തിൽ മറ്റൊരു ഗ്രഹണം കൂടി സമ്മാനിക്കാനേ അരുണിന് കഴിഞ്ഞുള്ളൂ.

ഇത്രയുമോക്കെ സഹിച്ചു. ഇനിയും പരീക്ഷണത്തിനായി ജയ്പൂരിൽ നിൽക്കണോ? ഒരു മാറ്റം ആവശ്യമാണ്. അങ്ങനെയാണ് ഈ നഗരത്തിൽ, കൊച്ചിയിൽ വന്നുപെട്ടത്…

ജയ്പൂരിനെ കുറിച്ചുള്ള ഓർമ്മകൾ പോലും തേടാത്തത്ര അകലത്തേക്ക് ഒരു മാറ്റം. ജനലഴികളിൽ മുഖം ചേർത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി. പുറത്ത് മഴ ശക്തിയായി പെയ്യുന്നു. അവൾ കിടക്കയിലേയ്ക്ക് ചെന്നു വീണു.

മോളേ… എട്ടു മണിയായി. എഴുന്നേൽക്കുന്നില്ലേ… സുമതിയാന്‍റി കുലുക്കി വിളിച്ചപ്പോഴാണ് അവൾ കണ്ണു തുറന്നത്.

രാത്രി ഏറെ വൈകി ഉറങ്ങാൻ. ആലോചിച്ചും കരഞ്ഞും എപ്പോഴോ മയങ്ങി. കരഞ്ഞു വീങ്ങിയ കണ്ണുകളും വീർത്ത മുഖവും കണ്ട് സുമതിയാന്‍റി അമ്പരന്നു.

“എന്താ മോളേ… സുഖമില്ലേ… ?”

അവർ തലമുടിയിൽ തലോടി ചോദിച്ചപ്പോൾ അവൾക്ക് അമ്മയെ ഓർമ്മ വന്നു. വല്ലാത്തൊരു തേങ്ങൽ അവളെയാകെ ഉലച്ചു. സുമതിയമ്മയ്ക്കു പരിഭ്രമമായി. അവർ നിർബന്ധപൂർവ്വം അതിലേറെ സ്നേഹത്തോടെ കാരണം തിരക്കിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോയി.

അമ്മയെപ്പോലെ സ്നേഹിക്കുന്ന സുമയിയാന്‍റിക്കു മിന്നിൽ ഒന്നും ഒളിക്കാൻ നന്ദനയ്ക്കു കഴിഞ്ഞില്ല. അവൾ എല്ലാം തുറന്നു പറഞ്ഞു. അരുണുമായുള്ള പ്രശ്നങ്ങൾ ഒഴികെ.

“നമ്മൾ രണ്ടുപേരും തുല്യദുഖിതരാണ് മോളേ… നിനക്ക് അമ്മയുടെ സ്നേഹം നിഷേധിക്കപ്പെട്ടിരിക്കുന്നു. എനിക്ക് എന്‍റെ മകളെയും നഷ്ടമായി. അപ്പോൾ ഇനി മുതൽ നീ എന്‍റെ മോളും ഞാൻ നിന്‍റെ അമ്മയുമാകും. ആവില്ലേ…?”

നന്ദനയുടെ കണ്ണ് നിറഞ്ഞു. അവൾ സുമതിയാന്‍റിയുടെ മടിയിൽ തലവച്ച് കരച്ചിലടക്കി. സുമതിയമ്മ അവളെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ച് ചായ നൽകി. ഓഫീസിൽ പോകാൻ നേരം ലഞ്ച്ബോക്സ് എടുത്ത് പൊതിഞ്ഞ് ബാഗിൽ വച്ചുകൊടുത്തു.

സുമതിയമ്മയ്ക്ക് സ്വന്തം മകളെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു. ബന്ധങ്ങളുടെ ദിശ മാറാൻ നിമിഷങ്ങൾ മതി. അതോർത്തപ്പോൾ അവൾക്ക് കൗതുകം തോന്നി. സന്തോഷങ്ങളുടെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഓഫീസിലും വീട്ടിലും അവൾക്ക് ജീവിതം സുഖകരമായി തോന്നി. ഇതിനിടയിലും അരുണിനെക്കുറിച്ചുള്ള ഓർമ്മകൾ അവളെ ഇടയ്ക്കിടെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. സുമതിയാന്‍റിയ്ക്ക് അക്കാര്യം അറിയില്ലാത്തതിനാൽ അവൾ ആ വേദന ഒളിച്ചുവയ്ക്കാൻ പാടുപെട്ടു.

ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. കുങ്കുമസൂര്യന്‍റെ തുടുപ്പ് സന്ദർശകരുടെ മുഖങ്ങളിലും തിളക്കമേറ്റുന്നു. സന്ധ്യാസമയത്ത് മറൈൻഡ്രൈവിൽ എന്തു തിരക്കാണ്. സുമതിയാന്‍റിക്കൊപ്പം. ഷോപ്പിങ്ങിനിറങ്ങിയതാണ്. അൽപനേരം മറൈൻഡ്രൈവിലിരുന്ന് കാറ്റു കൊള്ളുന്നത്. അവർക്ക് വലിയ ഇഷ്ടമാണ്. അതറിയാവുന്നതിനാൽ അവൾ അവരെ അങ്ങോട്ടു കൂട്ടികൊണ്ടുപോയി. പ്രണയ ജോഡികൾ നിറഞ്ഞ മറൈൻഡ്രൈവിലെ സായാഹ്നം ജയ്പൂരിലെ സന്ധ്യകളെ ഓർമ്മിപ്പിച്ചു. അരുണുമൊരുമിച്ച് ചെലവിട്ട നിമിഷങ്ങളും സൂര്യന്‍റെ ചുവപ്പുരാശി പടർന്ന മുഖത്തേക്ക് വീണ ചുരുളൻ മുടിയിഴകൾ ഒതുക്കി ലേശം ലജ്ജയോടെ ചിരിക്കുന്ന അരുണിന്‍റെ രൂപവും എല്ലാം അവളുടെ ഹൃദയത്തെ തപിപ്പിച്ചു. അതോടൊപ്പം അമ്മയെക്കുറിച്ചുള്ള വേവലാതികളും.

ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു മഹാദ്ഭുതം കാത്തിരിപ്പുണ്ടായിരുന്നു. ജയ്പൂരിൽ നിന്ന് ഇളയപ്പൻ വിളിച്ചിരുന്നത്രേ… കവിതയുടെ കല്യാണമാണ്, അക്കാര്യം പറയാൻ കൂടിയായിരിക്കും. ഫോണെടുത്തത് ശേഖരൻമാഷാണ്. അദ്ദേഹവുമായി ഇളയപ്പൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

“നന്ദൂ… ഇവിടെവാ…” ശേഖരൻമാഷ് വിളിച്ചപ്പോൾ മാത്രം അവൾ ഫോൺ അറ്റൻഡ് ചെയ്തു. അങ്ങേത്തലയ്ക്കൽ ഇളയപ്പന്‍റെ ശബ്ദം.

“മോളേ…” പതിവില്ലാത്ത സ്നേഹമുണ്ട് ആ ശബ്ദത്തിൽ “കവിതയുടെ കല്യാണം ക്ഷണിക്കാൻ ഞങ്ങളങ്ങോട്ട് വരുന്നുണ്ട്.” ഇളയപ്പൻ അൽപനേരം സംസാരിച്ച ശേഷം ഫോൺ അമ്മയ്ക്ക് കൊടുത്തു.

“നീ വരില്ലേ..”

“ഞാൻ വരുന്നില്ല അമ്മേ. പക്ഷേ എന്‍റെ എല്ലാ അഭിനന്ദനങ്ങളും അവൾക്കുണ്ടാവും.”

അമ്മ നിർബന്ധിച്ചില്ല. പകരം സുമതിയാന്‍റിക്ക് കൊടുക്കാൻ മാത്രം പറഞ്ഞു. അവർ തമ്മിൽ ഒത്തിരി നേരം സംസാരിച്ചു.

എന്തായിരിക്കും ഇത്രയേറെ സംസാരിക്കാൻ… സംശയം തോന്നിയെങ്കിലും ചോദിച്ചില്ല. ആന്‍റി ഒന്നും പറഞ്ഞുമില്ല.

എന്തായാലും ഇളയപ്പന് വലിയ മാറ്റം വന്നിട്ടുണ്ട്. അമ്മയുടെ കാര്യമോർത്തപ്പോൾ ആശ്വാസം തോന്നി. ഇപ്പോൾ എന്നെക്കുറിച്ചുള്ള സങ്കടങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമായിക്കാണും.

“മോളേ… അമ്മ ഞായറാഴ്ച വരും. ഞങ്ങളെ കല്യാണം നേരിട്ടു ക്ഷണിക്കാൻ….” ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ സുമതിയാന്‍റി പറഞ്ഞു.

നന്ദനയ്ക്ക് അദ്ഭുതം തോന്നി. അവരുടെ ബന്ധങ്ങൾക്ക് സൗഹൃദത്തിന്‍റെ നിറം വയ്ക്കുന്നുണ്ടെന്ന് നന്ദനയ്ക്ക് മനസ്സിലായി.

ഞായറാഴ്ചയാവാൻ കാത്തിരിക്കുകയായിരുന്നു ശേഖരൻമാഷും സുമതിയാന്‍റിയും. അതിഥികളെ സ്വികരിക്കാൻ അവർ വളരെയധികം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

നാല് വർഷങ്ങളായി നന്ദന കൊച്ചിയിൽ വന്നിട്ട്. ജയ്പൂരിൽ നിന്ന് ഇതാദ്യമായാണ് ഇളയപ്പനും അമ്മയും തന്നെ കാണാനെത്തിയത്. നന്ദനയ്ക്ക് ആഹ്ളാദവും പിരിമുറുക്കവും തോന്നി.

“നിനക്ക് ജയ്പൂരിലേയ്ക്ക് വരാൻ ഒട്ടും ആഗ്രഹമില്ലേ…” അമ്മ അവളെ തനിച്ചു കിട്ടിയപ്പോൾ ചോദിച്ചു.

സുന്ദരമായ ആ നാട് കാണാൻ തനിക്ക് മോഹമുണ്ടെന്ന് അവൾ പറഞ്ഞില്ല. നിശ്ശബ്ദമായി പുസ്തകങ്ങൾ അടുക്കി വച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ ജയ്പൂരിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അരുണിന്‍റെ പേര് പരാമർശിച്ചപ്പോൾ നന്ദന ഞെട്ടി. അവൾ അതിയായ ദേഷ്യത്തോടെ മുറിയിൽ നിന്ന് പുറത്തേക്ക് കടക്കാനൊരുങ്ങി. അപ്പോൾ വാതിൽക്കൽ സുമതിയാന്‍റി ചായയുമായി നിൽപ്പുണ്ടായിരുന്നു.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें