“അരുൺ എവിടെയാണെന്ന് തിരക്കാൻ നീ പിന്നീട് കൂട്ടാക്കിയില്ലല്ലോ നന്ദനാ...”

സുമതിയാന്‍റി അൽപം പരിഭവത്തോടെ പറഞ്ഞപ്പോൾ നന്ദന അകലേക്ക് നോക്കിയിരുന്നു. ആ സമയം നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. സുമതിയമ്മ സാരിത്തലപ്പ് തലയിലൂടെ ചുറ്റി മെല്ലെ എഴുന്നേറ്റു.

“നമുക്ക് പോയാലോ... അവരുടെ പർച്ചേസിംഗ് കഴിഞ്ഞുകാണും.”

അതൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലായിരുന്നില്ല നന്ദന. നിശ്ചേതനമായ ആ ഇരുപ്പ് കണ്ടപ്പോൾ സുമതിയമ്മയ്ക്ക് വിഷമം തോന്നി. അവർ അവൾക്കു സമീപം ചേർന്നിരുന്നു.

“മോളേ ഞാൻ കുറ്റപ്പെടുത്തിയതല്ല. നിന്‍റെ പ്രയാസം എനിക്ക് മനസ്സിലാവുന്നുണ്ട്. എങ്കിലും അരുൺ എത്രമാത്രം ദുഖിച്ചുകാണുമെന്ന് നീയും അറിയണം.” അവർ തുടർന്നു.

“നിന്‍റെയടുത്ത് ഇല്ലെങ്കിലും ഓരോ നിമിഷവും അവൻ നിന്നോടു കൂടെയുണ്ടായിരുന്നു. ജയ്പൂർ ഉപേക്ഷിച്ച് നീ കൊച്ചിക്കു വന്ന ശേഷം അരുൺ നിന്‍റെ വീട്ടിൽ ചെന്നിരുന്നു. ഒരു മകനെപ്പോലെ അവർക്കു വേണ്ട സഹായങ്ങളും ചെയ്തു കൊണ്ടിരുന്നു. ഇപ്പോഴും അതേ, നിന്നോട് ഇതൊക്കെ പറയാൻ അമ്മ ശ്രമിച്ചുവെങ്കിലും അരുണിന്‍റെ പേര് കേൾക്കുന്നതു തന്നെ നിനക്ക് വെറുപ്പായിരുന്നില്ലേ...”

സുമതിയമ്മ അൽപനേരം നിശബ്ദയായി. അപ്പോൾ അവരുടെ മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ നന്ദനയ്ക്ക് കഴിഞ്ഞില്ല. സന്ധ്യ ഇരുട്ടിന് വഴിമാറിക്കൊണ്ടിരിക്കുമ്പോൾ മറൈൻഡ്രൈവിൽ ആരുടേയും മുഖം വ്യക്തമായി കാണാനാകുമായിരുന്നില്ല. അടുത്തു തന്നെയുള്ള മരച്ചുവട്ടിലിരുന്ന കമിതാക്കൾ ഒന്നുകൂടി ചേർന്നിരുന്നു.

“നിന്‍റെ അമ്മയിൽ നിന്നാണ് നന്ദന ഞങ്ങൾക്കൊപ്പമുണ്ടെന്ന് അവനറിഞ്ഞത്. സത്യം പറഞ്ഞാൽ അത് അവന് വലിയ ആശ്വാസമായിരുന്നു. നീ ഇപ്പോൾ ഒന്നും അറിയണ്ട എന്ന് അവൻ തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. മോൾക്കോർമ്മയില്ലേ നിന്‍റെ പിറന്നാളിന് ഞാൻ വെളുത്ത പൂക്കൾ സമ്മാനിച്ചത്... അത് അവൻ തന്നയച്ചതായിരുന്നു..”

നന്ദന ഞെട്ടിപ്പോയി. അപ്പോൾ അരുൺ അന്നും ഇന്നും തന്നെ സ്നേഹിക്കുന്നുണ്ട്...

പ്രഥമപ്രേമം ഒരു തപസ്യപോലെ കൊണ്ടു നടക്കുകയായിരുന്നല്ലോ താൻ. അരുണിന്‍റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയാതെ. പക്ഷേ അരുണും തന്നെ അത്രയും തീവ്രമായി തന്നെ സ്നേഹിക്കുന്നുണ്ട്, ഇപ്പോഴും... നന്ദനയുടെ ഹൃദയം സന്തോഷവും സന്താപവും കൊണ്ട് ആർദ്രമായി.

“ആന്‍റീ... അരുണിനെന്നെ വിളിക്കാമായിരുന്നല്ലോ. എന്നിട്ടും....”

അവൾ ഇതു പറഞ്ഞപ്പോൾ സമതിയമ്മ നന്ദനയുടെ കൈകൾ ചേർത്തു പിടിച്ചു. “മോളേ, ഇടയ്ക്ക് അവൻ കൊച്ചിയിൽ വരാറുണ്ടായിരുന്നു. ദൂരെ മാറി നിന്ന് കണ്ടിട്ടു പോകും. ഇടയ്ക്ക് വീട്ടിലേക്കു ഫോൺ വിളിക്കും, നിന്‍റെ ശബ്ദം കേൾക്കാൻ മാത്രം.”

അവൾക്ക് അരുണിനെ ഉടൻ കാണണമെന്ന് തോന്നി. പക്ഷേ എങ്ങനെ അഭിമുഖീകരിക്കും? നന്ദന മെല്ലെ എഴുന്നേറ്റു. സുമതിയാന്‍റിയുടെ തോളിൽ പിടിച്ച് വാക്‌വേയിലൂടെ നടക്കുമ്പോൾ ഹൃദയത്തിൽ നിന്ന് ഒരു ഭാരം പറന്നുപോകുന്നുത് അവളറിഞ്ഞു...

ഷോപ്പിംഗ് കഴിഞ്ഞ് കുറേ ബാഗുകളുമായി അരുണും രഞ്ജിത്തും മടങ്ങി വന്നു.

“നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം?” രഞ്ജിത് പറഞ്ഞപ്പോൾ സുമതിയാന്‍റിയും ശരിവച്ചു.

“അതുശരിയാ... ഇന്ന് എന്‍റെ മോൻ വന്ന ദിവസമല്ലേ.... ആഘോഷിക്കാതെങ്ങനെ?”

ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അരുൺ നന്ദനയെ നോക്കി പുഞ്ചിരിച്ചു. അവളുടെ ഭാവമാറ്റം അവൻ മനസ്സിലാക്കിയിരുന്നു. ആന്‍റി പറഞ്ഞിട്ടുണ്ടാവും കാര്യങ്ങൾ. ആ കൺകോണുകളിലെ തിളക്കം കണ്ണുനീരിന്‍റെയോ സന്തോഷത്തിന്‍റെയോ..? എന്തായാലും വെറുപ്പിന്‍റെയും അവജ്ഞയുടെയും സൂചനകൾ ആ മുഖത്തില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...